അറേബ്യയുമായുള്ള ബന്ധം
കേരളക്കരക്ക് അറേബ്യയുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍പോലും കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ലഭ്യമാണ്. അറബികളുടെ കപ്പല്‍യാത്രക്ക് ക്രി.മു. 5,000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍നിന്നു തെളിഞ്ഞിട്ടുണ്ട്.
കേരളത്തിലേക്കുള്ള കച്ചവടമാര്‍ഗം അറബികളുടെ ആധിപത്യത്തിലായിരുന്ന ഘട്ടവുമുണ്ടായിരുന്നു. യമനിലെ ഏദന്‍ തുറമുഖത്തുവച്ചാണ് ഇന്ത്യന്‍ കച്ചവടക്കാരും അറബികളും ചരക്കുകള്‍ കൈമാറിയിരുന്നത്. ഈ കച്ചവടമാര്‍ഗത്തെപ്പറ്റി പൗരാണിക ചരിത്രകാരനായ പ്ലിനി (ക്രി. 23-79) വിവരിക്കുന്നതിങ്ങനെയാണ്: ''ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചരക്കുകള്‍ കോപ്പ്ടസ്സിലേക്ക് കടത്തുന്നു. കോപ്പ്ടസ്സില്‍നിന്നു അറേബ്യന്‍ ഉള്‍ക്കടല്‍ തുറമുഖമായ ബര്‍ണിക്കയിലേക്ക് 12 ദിവസത്തെ യാത്രയുണ്ട്. മധ്യവേനലാവുമ്പോഴേക്ക് കപ്പലുകള്‍ ബെര്‍ണിക്കയില്‍നിന്ന് യാത്ര തുടരും. ഓക്കിലെസ്സില്‍ (ഗെല്ലാ) എത്താന്‍ 30 ദിവസം വേണം. ഫെലിക്‌സ് തീരത്തുള്ള കാനെ (റാസഫര്‍തക്) അഴിമുഖത്തെത്താന്‍ അത്രതന്നെ ദൂരമുണ്ട്. അവിടെനിന്ന് 40 ദിവസത്തെ യാത്രകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രമായ മുസിരിസ്സിലേക്ക് പോകുന്നു.'' മുസിരിസ്സ് കൊടുങ്ങല്ലൂരാണ്. കേരളത്തിലെ നഗരങ്ങളില്‍ അക്കാലത്ത് അറബികളുടെ കപ്പലുകള്‍ വന്നിരുന്നതായി മാര്‍ക്കോപോളോയും വിവരിക്കുന്നുണ്ട് (ഉദ്ധരണം: പി.കെ മുഹമ്മദ് കുഞ്ഞി -മുസ്‌ലിമിങ്ങളും കേരള സംസ്‌കാരവും).
കേരളത്തിലെ ഉല്‍പന്നങ്ങള്‍ അറബികള്‍ വഴിയാണ് അക്കാലത്ത് യൂറോപ്പില്‍ എത്തിയിരുന്നത്. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴി എത്തുന്ന ചരക്കുകള്‍ യമന്‍, ഹിജാസ് എന്നീ രാജ്യങ്ങളിലൂടെ ഒട്ടകപ്പുറത്ത് സിറിയയിലെ തദ്മുരിലും ഈജിപ്തിലെ അലക്‌സാണ്ട്രിയയിലും എത്തിക്കും. യൂറോപ്പിലെ കച്ചവടക്കാര്‍ അവിടെനിന്നാണ് ചുക്കും കുരുമുളകും ഏലവും മറ്റും വാങ്ങിയിരുന്നത്. കേരളവും ഗ്രീസും റോമും തമ്മില്‍ നടന്നിരുന്ന വ്യാപാരത്തിന്റെ പ്രധാന കണ്ണി അറേബ്യയിലെ ളഫാര്‍ തുറമുഖമായിരുന്നു. പെരിയാറിലൂടെ സ്വര്‍ണവുമായി കൊടുങ്ങല്ലൂരില്‍ വന്നിരുന്ന യവനരെപ്പറ്റി സംഘകാല തമിഴ് സാഹിത്യ കൃതിയായ അകം 149-ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. യവനര്‍ എന്നറിയപ്പെട്ടിരുന്നത് അറബികളാണെന്നാണ് ദ്രാവിഡ ഭാഷകളെപ്പറ്റി ഗവേഷണം നടത്തിയ ബിഷപ് റോബര്‍ട്ട് കാള്‍ഡ്‌വെല്ലി(1814-1891)ന്റെ അഭിപ്രായം. അതുവഴിയാവണം ജോനകര്‍ എന്ന പേര്‍ മുസ്‌ലിംകള്‍ക്ക് കിട്ടിയത്.
ഇസ്‌ലാമിനു മുമ്പ് അറബികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ പടിഞ്ഞാറന്‍ തീരത്തുടനീളം ഉണ്ടായിരുന്നതായി ഫദ്‌ലുല്ലാ ഫരീദി ബോംബെ പ്രസിഡന്‍സി ഗസറ്റിയറി(1896)ല്‍ വിവരിച്ചിട്ടുണ്ട്. കാറ്റിന്റെ ഗതി കിഴക്കോട്ട് തിരിയുന്ന ജൂലായ്, ആഗസ്ത് മാസങ്ങളില്‍ കേരളത്തിലേക്ക് പുറപ്പെട്ട്, മാസങ്ങളോളം കേരളത്തില്‍ താമസിച്ച് ജനുവരിയിലോ ഫെബ്രുവരിയിലോ മടങ്ങിപ്പോവുകയായിരുന്നു പതിവ്. വിദേശികള്‍, വിശേഷിച്ചും അറബികള്‍, വാണിജ്യപരമായ പങ്ക് നിവര്‍ത്തിച്ചിരുന്നതുകൊണ്ടാണ് കേരളത്തിലെ ചാതുര്‍വര്‍ണ്യത്തില്‍ വൈശ്യരെന്ന ഘടകത്തിനു പ്രാബല്യം സിദ്ധിക്കാതെ പോയതെന്ന നിഗമനം ശ്രദ്ധേയമാണ്. അറബികള്‍ക്ക് സ്വദേശി സ്ത്രീകളില്‍ ജനിച്ച സന്താനങ്ങളെ കപ്പല്‍ജോലിക്ക് നിയമിച്ചിരുന്നു. അവര്‍ ഖലാസി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'കറുത്തതും വെളുത്തതുമായ മാതാപിതാക്കള്‍ക്കുണ്ടായ സന്താനം' എന്നാണ് ഖലാസി എന്നതിന്റെ അര്‍ഥം. അറബികളെ വളരെ ബഹുമാനത്തോടെയാണ് മലയാളികള്‍ പരിഗണിച്ചിരുന്നത്. അവര്‍ വിവാഹംചെയ്ത് പാര്‍പ്പാക്കിയപ്പോള്‍ നാട്ടുകാരുടെ മണവാളന്മാ(മാപ്പിള)രായിത്തീര്‍ന്നു എന്നാണ് ലൂയിസ് മൂറിന്റെ നിഗമനം.
അറബികള്‍ക്ക് കേരളത്തിലെ ഉല്‍പന്നങ്ങള്‍ പരിചിതമായിരുന്നു എന്നു തെളിയിക്കുന്ന എത്രയോ ഉദാഹരണങ്ങളുണ്ട്. കഅ്ബുബ്‌നു സുഹൈര്‍ നബിയുടെ സന്നിധിയില്‍ ആലപിച്ച കവിത പ്രശസ്തമാണല്ലോ. നബി തന്റെ അങ്കവസ്ത്രം(ബുര്‍ദഃ) കഅ്ബിന് സമ്മാനമായി നല്‍കി. അങ്കവസ്ത്രത്തിന്റെ ഖസ്വീദഃ എന്ന പേരില്‍ അറിയപ്പെട്ട ആ കവിതയില്‍ 'മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലൂലൂ' എന്നുണ്ട്. പ്രവാചകനെ, ശില്‍പചാതുരിയോടെ കടഞ്ഞെടുത്ത, ഉറയില്‍നിന്നൂരിയ ഇന്ത്യന്‍ ഖഡ്ഗത്തോട് ഉപമിക്കുകയാണ്. ചുടുമണല്‍ക്കാറ്റിനെ തടുത്തിരുന്ന സമൂം മലയെ അറബികള്‍ ഹിന്ദ് എന്നാണ് വിളിച്ചിരുന്നത്. ഖുറൈശി പ്രമുഖനായ അബൂസുഫ്‌യാന്റെ പത്‌നിയുടെയും നബിയുടെ ആദ്യപത്‌നി ഖദീജഃയുടെ മുന്‍ വിവാഹത്തിലുണ്ടായ പുത്രിയുടെയും പേര് 'ഹിന്ദ്' എന്നായിരുന്നു. ജാഹിലി കവി ഇംറുഉല്‍ ഖൈസ്, ചിതറിക്കിടന്നിരുന്ന മാന്‍കാഷ്ഠത്തെ തന്റെ ഒരു കവിതയില്‍ ഉണങ്ങിയ കുരുമുളകിനോട് ഉപമിച്ചതായി കാണാം.
കേരളവും അറേബ്യയും തമ്മില്‍ പൗരാണിക കാലത്തേ ഉണ്ടായിരുന്ന നിത്യ സമ്പര്‍ക്കത്തിനുള്ള തെളിവുകളാണ് ഇതെല്ലാം.
ഇസ്‌ലാം കേരളത്തില്‍
അറേബ്യന്‍ അര്‍ധദ്വീപില്‍ ഇസ്‌ലാം ഉദയം ചെയ്ത് ഏറെക്കഴിയുന്നതിന് മുമ്പ് തന്നെ അതിന്റെ പ്രകാശം ലോകത്തിന്റെ വിദൂര ദിക്കുകളില്‍ പോലും ചെന്നെത്തി. സമതലങ്ങളും പീഠഭൂമികളും സമുദ്രങ്ങളും പിന്നിട്ട് കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്റെ ദിവ്യ പ്രഭപരന്നു.
കേരളത്തില്‍ ഇസ്‌ലാംമതം ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ (ക്രിസ്ത്വബ്ദം 7-ാം നൂറ്റാണ്ട്) തന്നെ പ്രചരിച്ചിട്ടുണ്ടെന്നാണ് ചരിത്രാന്വേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇസ്‌ലാമിന്റെ ആദ്യകാല പ്രചാരകരുടെ വിശുദ്ധ പാദങ്ങളാല്‍ ഈ നാട് ധന്യമായിരുന്നു എന്ന് നിഷ്പക്ഷ ബുദ്ധ്യാ പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക സന്ദേശ പ്രചാരണത്തിന് തീര്‍ത്തും വ്യത്യസ്തമായ രണ്ട് വശങ്ങളുണ്ട്. സ്വതന്ത്രവും ഭിന്നമായ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നവയുമാണ് അവ രണ്ടും. ഇസ്‌ലാം ഒരു പ്രബോധനവും ചിന്തയും എന്ന നിലയില്‍ അതിന്റെ പ്രബോധകര്‍, ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണതിലൊന്ന്. യുക്ത്യാധിഷ്ഠിതമായ സദുപദേശവും മാര്‍ഗദര്‍ശനവും ഉന്നതമായ ജീവിത മാതൃകകളുമാണതിന് അവര്‍ അവലംബമാക്കിയിട്ടുള്ളത്. കേരളത്തിലെ ഇസ്‌ലാമിന്റെ പ്രചാരം അതില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തെ വശമാകട്ടെ, ജേതാക്കളായി ഇന്ത്യയില്‍ പ്രവേശിച്ച മുസ്‌ലിം സേനാനായകരുടെയും ഭരണ സംസ്ഥാപകരുടെയും വിജയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രത്തില്‍ ആഴമേറിയ സ്വാധീനമുണ്ടാക്കിയത് ഒന്നാമത്തെ വശമാണെന്ന് കാണാം.
കേരളത്തില്‍ ഇസ്‌ലാമിന്റെ സന്ദേശം വ്യാപിപ്പിച്ചതിനുള്ള ശ്രേഷ്ഠത, അറബികളും തദ്ദേശീയരുമായ പ്രബോധകര്‍ക്കുള്ളതാണെന്നതില്‍ സംശയമില്ല. ഇസ്‌ലാമിക സന്ദേശത്തിന്റെ ചൈതന്യമുള്‍ക്കൊണ്ട അവര്‍, തങ്ങള്‍ ചെന്നെത്തിയ ഇടങ്ങളിലെല്ലാം അതിന്റെ പ്രബോധനത്തിനായി അത്യധ്വാനം ചെയ്തു. വ്യക്തിപരമായ ഇത്തരം നീക്കങ്ങള്‍, ഇന്ത്യയിലെ ഇസ്‌ലാമിന്റെ ഒന്നാമത്തെ സൈനിക വിജയത്തിന് മുമ്പുതന്നെ ആരംഭിച്ചിരുന്നു. അറേബ്യയില്‍ ഇസ്‌ലാമിന്റെ പ്രഭപരന്ന ഘട്ടത്തില്‍ തന്നെ ഇന്ത്യയില്‍ അതിന് വളക്കൂറുള്ള മണ്ണുള്ളതായി അവര്‍ കണ്ടു. അങ്ങനെ അവര്‍ ദിവ്യസന്ദേശമിവിടെ എത്തിച്ചു. സ്വസ്ഥവും സമാധാന നിര്‍ഭരവുമായ അന്തരീക്ഷത്തില്‍ ഇസ്‌ലാം അതിന്റെ സദ്ഫലങ്ങള്‍ ഈ മണ്ണില്‍ വിളയിച്ചു.
കടന്നു വന്ന വഴി
ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ മുഖ്യമായും മൂന്നുവഴികളിലൂടെയാണ് ഇസ്‌ലാം ഇന്ത്യയില്‍ പ്രവേശിച്ചത്. അവയിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു അറേബ്യന്‍ സമുദ്രം അതിരിടുന്ന ഇന്ത്യയുടെ പശ്ചിമതീരപ്രദേശങ്ങളിലൂടെയുള്ള വരവ്. അതായിരുന്നല്ലോ പുരാതനകാലം മുതല്‍ക്കേ അറബി വ്യാപാരികളും സഞ്ചാരികളും തീര്‍ഥാടകരും സിലോണ്‍, ചൈന, ജാവ തുടങ്ങിയ വിദൂര പൗരസ്ത്യ ദേശങ്ങളിലേക്കുള്ള യാത്രാമധ്യേ തങ്ങളുടെ ഇടത്താവളമായി സ്വീകരിച്ചിരുന്നത്.
സിന്ധും അനുബന്ധ ഭൂപ്രദേശങ്ങളുമുള്‍പ്പെടുന്ന ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ തീരദേശങ്ങളാണ് ഇസ്‌ലാം കടന്നുവന്ന രണ്ടാമത്തെ വഴി.
മൂന്നാമത്തേത് അഫ്ഗാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ചെന്നവസാനിക്കുന്ന ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ളതാണ്.
ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്ന വിവിധ മാര്‍ഗങ്ങളെ വിശകലനം ചെയ്ത ചരിത്രകാരന്മാരുടെ അനവധാനതയെക്കുറിച്ച് ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ് എഴുതുന്നു: ''ഇവയില്‍ ഒടുവിലത്തെ രണ്ടുവഴികളെപ്പറ്റി ഗ്രന്ഥകാരന്മാരും ലേഖകരും എന്നല്ല, പൗരാണികരും ആധുനികരുമായ മിക്ക ചരിത്രകാരന്മാരും വളരെയേറെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒന്നാമത് സൂചിപ്പിച്ച മാര്‍ഗമാകട്ടെ- അതിനെ സംബന്ധിച്ച പരാമര്‍ശം പലരും പാടെ അവഗണിച്ചിരിക്കുന്നു. ചിലര്‍ നേരിയ സൂചനമാത്രം നല്‍കി മതിയാക്കിയതായി കാണാം. എന്നാല്‍ പ്രസ്തുത മാര്‍ഗമാണ് ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ പ്രവേശനത്തില്‍ വമ്പിച്ച സ്വാധീനവും അഗാധമായ പ്രതിഫലനവും ഉണ്ടാക്കിത്തീര്‍ത്തത് എന്നോര്‍ക്കണം. ഏറ്റവും പുരാതനമായ മാര്‍ഗവും ഇതുതന്നെ!''
പൗരാണിക കാലം മുതല്‍ക്കേ അറേബ്യന്‍ ഉപദ്വീപും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ പശ്ചിമതീരപ്രദേശങ്ങളും തമ്മിലുള്ള ബന്ധം അറബിക്കടലിന്റെ ഇരുഭാഗങ്ങളിലൂടെയും ശക്തിപ്രാപിച്ചിരുന്നു. അറേബ്യന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ കച്ചവടക്കാര്‍ ചെന്നെത്തിയ പോലെ കച്ചവട ഉദ്ദേശ്യാര്‍ഥം ഇന്ത്യന്‍ തീരങ്ങളിലേക്കുവന്ന അറബി സംഘങ്ങള്‍ക്കുമിവിടെ കാലുറപ്പിക്കാന്‍ ഈ ബന്ധം സഹായിച്ചിരുന്നു. ഹിജ്‌റ വര്‍ഷം ഏഴിനും എട്ടിനുമിടയ്ക്കുള്ള കാലയളവില്‍ മുഹമ്മദ് നബി അറേബ്യന്‍ ഉപദ്വീപിന്റെ അകത്തും പുറത്തുമുള്ള വിവിധ രാജാക്കന്മാരെയും ഗോത്രനായകന്മാരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശവുമായി ദൂതന്മാരെ നിയോഗിച്ചിരുന്നു. പ്രവാചകന്റെ കത്തുകളുമായി ദൗത്യവാഹക സംഘങ്ങള്‍ നീങ്ങിയപ്പോള്‍ പ്രബോധനം അറേബ്യയുടെ കിഴക്കും തെക്കും അതിരുകള്‍ പിന്നിട്ടുകൊണ്ട് അനറബികള്‍ക്കിടയില്‍ പോലും വ്യാപിക്കാന്‍ തുടങ്ങി. നടേപറഞ്ഞ ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ അധിവസിച്ചിരുന്നവരും പ്രവാചകന്‍ തിരുമേനി(സ)യുടെ സംബോധിതരില്‍ ഉള്‍പ്പെട്ടിരുന്നു. അവരിലധികവും ആ പുതിയ ക്ഷണത്തിന് പ്രത്യുത്തരം നല്‍കി.
ഡോക്ടര്‍ ആലുവായ് രേഖപ്പെടുത്തുന്നു: ''മറ്റൊരുവശത്ത് ഇങ്ങനെയും ഒരു ന്യായമുണ്ട്: ഇന്ത്യന്‍ തുറമുഖങ്ങളിലും കച്ചവടസ്ഥലങ്ങളിലും വന്നുപോയിരുന്ന മുസ്‌ലിമായ അറബി വ്യാപാരി, താന്‍ പരിചയപ്പെട്ട പുതിയ മതത്തെപ്പറ്റി തന്റെ കൂട്ടുകാര്‍ക്കിടയില്‍ സംസാരിക്കുക വളരെ സ്വാഭാവികമായിരുന്നു. എന്നല്ല, അവരിലധികപേരും പുതിയ ദീനിന്റെ പ്രചാരണം തദ്ദേശീയരില്‍ വ്യാപിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇത്തരുണത്തില്‍ ചില ഇന്ത്യന്‍ ഭരണാധികാരികളെങ്കിലും, പുതിയ പ്രവാചകനെ സംബന്ധിച്ചും അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ചും കേട്ടപ്പോള്‍, അദ്ദേഹത്തെ നേരില്‍ കാണാനും പ്രവാചകാധ്യാപനങ്ങള്‍ ഗ്രഹിക്കാനും താല്‍പര്യം പ്രകടിപ്പിച്ചു എന്ന് ചരിത്രം സൂചിപ്പിക്കുമ്പോള്‍ നാമെന്തിനത് അവിശ്വസിക്കണം?''
ഈ വിഷയത്തില്‍ ചില ചരിത്രകാന്മാര്‍ ഉറപ്പിച്ചു പറഞ്ഞ ന്യായം ഇതാണ്: പ്രവാചകനുമായി ഇക്കൂട്ടര്‍ക്കു ബന്ധപ്പെടാനുള്ള ചരിത്രപരവും സ്വാഭാവികവുമായ സാധ്യതകള്‍ നിലവിലിരിക്കെ അവയെ നാം തള്ളിക്കളയുന്നത് കരണീയമല്ല. അതായത് മുഹമ്മദ് നബി കത്ത് കൊടുത്തയച്ചവരുടെ കൂട്ടത്തില്‍ നിരവധി ഏഷ്യനാഫ്രിക്കന്‍ ഭരണാധികാരികളുണ്ടായിരുന്നു. അവയില്‍ ഒരു കത്ത് അറേബ്യന്‍ അര്‍ധ ദ്വീപിന് അഭിമുഖമായി അറബിക്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന മലബാറിലെ ഭരണാധികാരിക്കും ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അന്ന് ചേരമാന്‍ പെരുമാളായിരുന്നു(കൊടുങ്ങല്ലൂര്‍) ഇവിടെ ഭരണം നടത്തിയിരുന്നത്. അദ്ദേഹം നബിയെ കാണാനായി അറേബ്യയിലേക്കു പോവുകയും ചെയ്തു. ഇത് പ്രവാചകന്റെ 57-ാം വയസ്സിലായിരുന്നു എന്ന് പറയപ്പെടുന്നു.
ഈ വിവരണത്തില്‍നിന്ന് കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രം അതിന്റെ വഴിയില്‍ 14 നൂറ്റാണ്ട് പിന്നിട്ടു എന്നാണ് നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നത്.
കാലഗണന പ്രകാരം കേരളതീരത്തുകൂടിയുള്ള ഇസ്‌ലാമിന്റെ പ്രവേശമാണ് ആദ്യം നടന്നത്. ഇതിനെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കേരളോല്‍പത്തിയും തുഹ്ഫത്തുല്‍ മുജാഹിദീനും ഭിന്ന വീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ഈ അഭിപ്രായഭേദം ചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രവാചകന്റെ കാലത്തുതന്നെ കേരളക്കരയില്‍ ഇസ്‌ലാം പ്രചരിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍പോന്ന തെളിവുകള്‍ ലഭ്യമാണ്. ചരിത്രകാരന്മാരില്‍ നിരവധി പേര്‍ ഈ വീക്ഷണത്തിന് അടിവരയിടുന്നു. പ്രസിദ്ധ ചരിത്രകാരനായ മുഹമ്മദ് ഖാസിം ഫിരിശ്ത, ചരിത്ര ഗവേഷകന്മാരായിരുന്ന ഡോ. ബര്‍ണല്‍, കേസരി എ. ബാലകൃഷ്ണപിള്ള, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും എന്ന വിഷയത്തില്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് ഗവേഷക ബിരുദം നേടിയ ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു.
പി.എ സെയ്തുമുഹമ്മദ് എഴുതുന്നു: 'ചരിത്രത്തില്‍ നിരത്തിക്കാണിക്കുന്ന കാല നിര്‍ണയങ്ങളിലും ദേശീയ സംഭവങ്ങളിലും വൈരുദ്ധ്യമുള്ളതുകൊണ്ട് പ്രവാചകന്റെ കാലത്തുതന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചിരുന്നുവോ എന്ന് സംശയിക്കുകയാണ് ചില ചരിത്രക്കാരന്മാര്‍. പക്ഷേ, വലിയ സംശയത്തിനിട നല്‍കാത്തവിധം വ്യക്തമാകുന്ന ഇസ്‌ലാമികാഗമനകാലത്തെ ചരിത്ര പശ്ചാത്തലം ഏഴാം നൂറ്റാണ്ടില്‍ തന്നെ തെളിഞ്ഞുകാണാം.''
'അറേബ്യയുടെ മണലാരണ്യത്തില്‍ ഒരു പുത്തന്‍ സന്മാര്‍ഗ നീതിയുടെ പ്രകാശം കണ്ടുതുടങ്ങിയതോടെ ഈജിപ്തിന്റെയും അയല്‍ രാജ്യങ്ങളുടെയും മനോഗുഹകളില്‍ അതിന്റെ പ്രകാശ വീചികള്‍ ചൈതന്യം വിതറി. അറേബ്യയില്‍ തന്നെ ബിംബാരാധനയിലും മറ്റും ആമഗ്നരായിരുന്ന ഗോത്രങ്ങള്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും സമുദായ പ്രമുഖന്മാര്‍ ഇസ്‌ലാം മതത്തിന്റെ മഹത്തായ സന്ദേശവാഹകരായി വിദേശങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു.
യമനിലെയും ഹദറമൗത്തിലെയും തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഹിജ്‌റയുടെ ആരംഭത്തില്‍ തന്നെ ഇസ്‌ലാം മതാവലംബികളായിത്തീര്‍ന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പ്രവാചകന്‍ തിരുമേനി മുആദ്ബ്‌നു ജബലിനെ ഇസ്‌ലാമിക പ്രബോധനത്തിനായി യമനിലേക്ക് നിയോഗിച്ച സംഭവം സുവിദിതമാണല്ലോ. യമന്‍ തീരങ്ങളുടെ നേരെ അഭിമുഖമായാണ് കേരളത്തിന്റെ തീരപ്രദേശങ്ങള്‍ ഉള്ളത്. പ്രസ്തുത തീരങ്ങളിലെ വന്‍കിടതുറമുഖങ്ങളുമായി ശതാബ്ദങ്ങള്‍ക്ക് മുമ്പേ കേരളത്തിന് കച്ചവട ബന്ധമുണ്ടായിരുന്ന എന്ന് റോമന്‍ ചരിത്രകാരന്മാര്‍ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. വാണിജ്യവര്‍ഗത്തിന്റെ പ്രയാണത്തോടൊപ്പമാണ് ഇസ്‌ലാം മതത്തിന് പ്രചാരണവും ലഭിച്ചത്. കടല്‍ക്കച്ചവടത്തില്‍ ഗണനാര്‍ഹമായ സ്ഥാനം കരസ്ഥമാക്കിയ അക്കാലത്തെ വ്യാപാരികള്‍ യൂറോപ്പിലും ഏഷ്യയുടെ പ്രധാന ഭാഗങ്ങളിലും എത്തിയിരുന്നു. അവരുടെ കപ്പലുകള്‍ പേര്‍ഷ്യ, ഗാഖില, സിന്ധ്, കൊങ്കണം, മലബാര്‍, മഅ്ബര്‍ (പാണ്ടി), സിലോണ്‍, ഈജിപ്ത്, സാജിബ്, ജോവി, ചൈന, മാചൈന മുതലായ രാജ്യങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. അവര്‍ വ്യാപാരാര്‍ഥം ഏതെല്ലാം സ്ഥലങ്ങളില്‍ പോയിരുന്നുവോ അവിടെയെല്ലാം ഇസ്‌ലാം മതത്തിന്റെ സന്ദേശം എത്തിച്ചു. അങ്ങനെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമിന്റെ ശബ്ദം ഇന്ത്യ കടന്ന് സിലോണ്‍ വരെയെത്തി.'
പെരുമാളുടെ മതം മാറ്റം
അറബി വ്യാപാരികള്‍ ഇങ്ങനെ കേരളതീരം വഴി സിലോണിലേക്ക് പോകുന്നതിനിടയിലാണ് ഒരിക്കല്‍ കൊടുങ്ങല്ലൂരിറങ്ങി കേരള ചക്രവര്‍ത്തിയായ ചേരമാന്‍ പെരുമാളെ കാണുന്നതും തുടര്‍ന്നദ്ദേഹം നബിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും. കേരള ചരിത്രത്തില്‍ വളരെയധികം ആശയകുഴപ്പം സൃഷ്ടിച്ചിട്ടുള്ള ആ സംഭവം, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ ബഅ്ദി അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ എന്ന ഗ്രന്ഥത്തില്‍ വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം, ഹിജ്‌റ മൂന്നാം ശതകത്തിലാണ്(ക്രി. 822) ഈ സംഭവം നടന്നിരിക്കാന്‍ ഇടയുള്ളത് എന്ന് നേരിയ ശങ്കയോടെ അഭിപ്രായപ്പെടുന്നു. സയ്യിദ് സുലൈമാന്‍ നദ്‌വിയെപ്പോലുള്ള ചരിത്രകാരന്മാര്‍ നബിയുടെ കാലത്ത് ഇത്തരം ഒരു സംഭവം നടന്നിരിക്കാനുള്ള സാധ്യതയെ നിഷേധിക്കുന്നവരാണ്. അതിനവര്‍ പറയുന്ന ന്യായം, ഖുര്‍ആനിലോ ഹദീസിലോ ഇതിനെ സംബന്ധിച്ച ഒരു പരാമര്‍ശവുമില്ല എന്നതത്രെ. എന്നാല്‍, ഒരു സംഗതിയെ സംബന്ധിച്ച പരാമര്‍ശമില്ലായ്മ അതിന്റെ സംഭവ്യതയെ നിഷേധിക്കാന്‍ കാരണമാവുന്നില്ല എന്ന് ഡോ. ആലുവായ് അദ്ദേഹത്തിന് മറുപടി പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. മാത്രമല്ല, ചരിത്രപരമായും സ്വാഭാവികമായും ഇങ്ങനെയൊരു സംഭവം നടന്നിരിക്കാന്‍ ഏറെ സാധ്യതകള്‍ ഉണ്ടായിരിക്കെ അതിനെ നിഷേധിക്കുന്നവര്‍ക്ക് ശക്തമായ പിന്‍ബലമുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പി.എ സെയ്തുമുഹമ്മദ് എഴുതുന്നു: 'ചേരമാന്‍ പെരുമാള്‍ അറേബ്യയില്‍ പോയെന്നും ഇല്ലെന്നും വാദിക്കുന്നവര്‍ ധാരാളമുണ്ട്. ചരിത്രകാരന്മാരില്‍ ഒരു വിഭാഗം ചേരമാന്റെ കാലനിര്‍ണയത്തിലാണ് സംശയാസ്പദങ്ങളായ രേഖകള്‍ ഉദ്ധരിക്കുന്നത്. ചേരമാന്‍ കൈലാസത്തിലേക്കാണ് പോയതെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളവരും ചരിത്രകാരന്മാരിലുണ്ട്. മനുഷ്യനായി ജനിച്ച ആ ഭരണാധിപനെ ഐതിഹാസികമായ അബദ്ധങ്ങളോടുകൂടി കൈലാസത്തിലേക്കുയര്‍ത്തുന്നവരോട് സഹതപിക്കുകയേ തരമുള്ളൂ. ഒരു പെരുമാള്‍ അറേബ്യയില്‍ പോയെന്ന് നിഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകും.'
പെരുമാളുടെ മതംമാറ്റം 12-ാം നൂറ്റാണ്ടിലാവാമെന്നും ഏഴാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആവില്ലെന്നുമാണ് ഡോ. എം.ജി.എസ് നാരായണന്റെ പക്ഷം. പെരുമാള്‍ രാജ്യംപകുത്തു നല്‍കിയിട്ടുണ്ടെങ്കില്‍ അത് 1102-ന് മുമ്പല്ലെന്നാണ് മറ്റൊരുപക്ഷം(ഇളംകുളം കുഞ്ഞന്‍പിള്ള- ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍).
കോഴിക്കോട്ടെ ബ്രിട്ടീഷ് കളക്ടര്‍ ഇന്നസ് സൂചിപ്പിക്കുന്നത് പോലെ മുഹമ്മദീയനായി മതം മാറിയ പെരുമാള്‍ വാഴ്ച ഒഴിഞ്ഞതോടെ അവസാനിച്ച ഒരു രാജവംശം കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്നുവെന്നും അത് മിക്കവാറും ഒമ്പതാം നൂറ്റാണ്ടിലാണെന്നുമാണ് മറ്റൊരഭിപ്രായം. (താരാചന്ദ്: ഇന്‍ഫ്‌ളുവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍). അതെന്തായാലും ക്രി. 216 മുതല്‍ 825 വരെയുള്ള പെരുമാക്കന്മാരുടെ പേരുവിവരപ്പട്ടിക കാണിച്ച്, മുഹമ്മദ് നബിയുടെ കാലത്ത് പെരുമാള്‍ പോയിരിക്കാനിടയില്ലെന്ന് വാദിക്കാനാവില്ലെന്ന് തീര്‍ച്ച. (ശൂരനാട് കുഞ്ഞന്‍പിള്ള- പ്രാചീന കേരളം)
പ്രസിദ്ധ ചരിത്രഗവേഷകനായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ള ചേരമാന്‍ പെരുമാള്‍ അറേബ്യാ പര്യടനം നടത്തിയിരുന്നു എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. ക്രി. 628-ല്‍ ആഫ്രിക്കയിലെ എല്ലാ രാജാക്കന്മാര്‍ക്കും പ്രവാചകന്‍ എഴുത്തയക്കുകയുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കേരളത്തിലെ ചേരമാന്‍ പെരുമാളിനും എഴുത്തുണ്ടായിരുന്നു. പെരുമാള്‍ അഥവാ ശങ്കവര്‍മന്‍ (621-640). അറേബ്യക്ക് കേരളവുമായി വളരെ മുമ്പുമുതല്‍ വ്യാപാരബന്ധമുണ്ടായിരുന്നു. ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ 57-ാമത്തെ വയസ്സില്‍ നബിയുമായി കണ്ടിരുന്നുവെന്നുള്ളതിന് അടിസ്ഥാനമായിരുന്നു ആ എഴുത്ത്. മാപ്പിളമാരുടെ പ്രകീര്‍ത്തനത്തിന് അതാണ് അടിസ്ഥാനമായിട്ടുള്ളത്.
പ്രവാചകന്റെ കാലത്ത് തന്നെയാണ് കേരള രാജാവിന്റെ ഇസ്‌ലാംമത പ്രവേശം നടന്നതെന്ന് പ്രസിദ്ധ ചരിത്രകാരനായ ഫിരിശ്ത(താരീഖ് ഫിരിശ്ത, വാള്യം രണ്ട് പുറം: 370) പറയുന്നു.
''പെരുമാള്‍ എന്നര്‍ഥം വരുന്ന ശക്രൂതിഫര്‍മാള്‍' (ചക്രവര്‍ത്തി പെരുമാള്‍) ഒരു രാജാവ് ഇസ്‌ലാംമതം സ്വീകരിച്ച് അറേബ്യയില്‍ പോയതായി വ്യക്തമാക്കുന്ന മറ്റൊരുരേഖ ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസ്തുത മതംമാറ്റത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോ. ബര്‍ണലിന്റെ നിഗമനം ശരിയാണെങ്കില്‍ ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ സമകാലീനനാണെന്ന് തെളിയുന്നതാണ്.(Journal Royal Asiatic Society, 1912)
ചേരമാന്റെ അറേബ്യായാത്ര പ്രവാചകന്റെ കാലത്താണ് നടന്നത് എന്നതിനെ നിഷേധിക്കുന്ന ചരിത്രകാരന്മാരെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു. സയ്യിദ് സുലൈമാന്‍ നദ്‌വിക്കു പുറമെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ അഭിപ്രായം മുന്‍നിര്‍ത്തി സര്‍. തോമസ് ആണ്‍ണാള്‍ഡും അതിന്റെ സംഭവ്യതയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും മലബാര്‍ തീരത്ത് നൂറ്റാണ്ടുകളോളം നീണ്ടുനിന്ന സമാധാനപരമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ഒന്നാന്തരം തെളിവ് നല്‍കുന്നുണ്ട് ഈ സൂചനകള്‍ എന്നതില്‍ അദ്ദേഹത്തിന് സംശയമില്ല.
പെരുമാക്കന്മാരുടെ വംശചരിത്രം ഇന്നും അജ്ഞാതമാണ്. 200-ല്‍പരം ശിലാലിഖിതങ്ങള്‍ പരിശോധിച്ച സുന്ദര്‍രാജും പ്രഫ. കില്‍ഹോണും ചേരമാന്‍ പെരുമാളുടെ കാലഗണനക്ക് ഉതകുന്നതൊന്നും കണ്ടുകിട്ടിയിട്ടില്ലെന്ന് എപ്പിഗ്രാഫിയാ ഇന്‍ഡിക്കാ (വാല്യം 4)യില്‍ എഴുതിയിട്ടുണ്ട്.
ഏതായാലും കേരളത്തിലെ ഒരു രാജാവ് ഇസ്‌ലാം മതത്തോടുള്ള ആദരവ് നിമിത്തം മക്കത്ത് പോയി എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അത് സാമൂതിരിയാണെന്നും കോലത്തിരിയാണെന്നുമൊക്കെ അഭിപ്രായമുണ്ട്. സാമൂതിരിക്കും കോലത്തിരിക്കും പൊതുവായുള്ള ഒരു പൂര്‍വികനുമായി മതംമാറ്റക്കഥയെ ബന്ധിപ്പിക്കലാവും യുക്തി.
ആദ്യകാല മുസ്‌ലിംകള്‍
കേരളത്തിന്റെ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള ചരിത്രം അവ്യക്തമാണെങ്കിലും ഇസ്‌ലാം മതത്തിന് ആരംഭത്തില്‍തന്നെ അനുയായികളുണ്ടാവുന്ന സാഹചര്യം ഇവിടെ നിലനിന്നിരുന്നു എന്ന് തീര്‍ത്തു പറയാം. അറബികളുമായി ബന്ധമുള്ള ഒരു സമൂഹത്തിന്റെ സാന്നിധ്യം അതിന് തെളിവാണ്. ക്രി. 847-ലെ സിറിയന്‍-ക്രിസ്ത്യന്‍ ചേപ്പേടില്‍ കാണുന്ന സാക്ഷിപ്പട്ടികയിലെ കൂഫീലിപിയും ഇബ്‌റാഹിം മകന്‍ മൈമൂന്‍, മാനി മകന്‍ മഹ്മൂദ്, ആലി മകന്‍ സ്വുല്‍ഹ് തുടങ്ങിയ പേരുകളും ഇതിനുദാഹരണമാണ്. (പി.കെ മുഹമ്മദ് കുഞ്ഞി- മുസ്‌ലിമിങ്ങളും കേരള സംസ്‌കാരവും)
പെരുമാളുടെ മക്കായാത്രക്കുശേഷമാണ് കേരളത്തില്‍ മുസ്‌ലിംകള്‍ ഉണ്ടായതെന്നാണ് പൊതുവെയുള്ള അനുമാനം. പക്ഷേ, പെരുമാള്‍ പുറപ്പെടുമ്പോള്‍ ഖാദിയെ നിയമിക്കാനും മക്കത്തേക്ക് കപ്പലോടിക്കാനും മാമാങ്കവേല പാലിപ്പാനുമുള്ള അവകാശം കുന്നലക്കോനു നല്‍കിയതായി ദി സമോറിയന്‍സ് ഓഫ് കാലിക്കറ്റ്(പുറം 61) പോലെയുള്ള ചരിത്രകൃതികളില്‍ തെളിഞ്ഞു കിടപ്പുണ്ട്. പെരുമാളുടെ മതംമാറ്റത്തിന് മുമ്പുതന്നെ ഇവിടെ മുഹമ്മദീയരുണ്ടായിരുന്നു എന്നാണല്ലോ ഇത് കുറിക്കുന്നത്.
അറേബ്യയും കേരളവും തമ്മില്‍ ചരിത്രാതീതകാലത്തേ ഉണ്ടായിരുന്ന ബന്ധത്തിന്റെ ഫലമായി മുഹമ്മദ് നബിയുടെ ആഗമന കാലത്തുതന്നെ ഇസ്‌ലാമിന് കേരളത്തിലും അനുയായികളുണ്ടായി എന്ന് അനുമാനിക്കാനാണ് ന്യായം. അറബികള്‍ക്ക് കോളനികളുണ്ടായിരുന്നതിനാല്‍ പുതിയ മതത്തിന് വേരുപിടിക്കാന്‍ വളക്കൂറുള്ള മണ്ണ് ലഭിക്കുകയും ചെയ്തു.
പ്രാദേശിക മതങ്ങളും ആചാരങ്ങളുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലും കൂടാതെ മുസ്‌ലിം പ്രബോധകര്‍ക്ക് കേരളത്തില്‍ തങ്ങളുടെ ദൗത്യം തുടരാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, തദ്ദേശീയരായ ഹിന്ദുഭരണാധികാരികള്‍ക്കിടയില്‍ അവര്‍ക്ക് പ്രത്യേക ആദരവും ബഹുമാനവും ലഭിച്ചിരുന്നു. ഈ പ്രബോധകര്‍ക്കും പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവര്‍ക്കും പള്ളിപണിയാനും മതപാഠശാലകള്‍ നിര്‍മിക്കാനും വേണ്ട സൗകര്യങ്ങളും അവര്‍ ചെയ്തുകൊടുത്തിരുന്നു. രക്തച്ചൊരിച്ചിലോ വര്‍ഗീയമോ വിഭാഗീയമോ ആയ ഏറ്റുമുട്ടലോ കൂടാതെയുള്ള ഈ പ്രബോധനം കേരളത്തില്‍ സമാധാനപരമായി മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഉത്തരേന്ത്യയിലേക്കുള്ള മുസ്‌ലിം ആഗമനമുണ്ടാകുന്നത്.
എന്നാല്‍ അവിടത്തെ കലുഷിതമായ കാലഘട്ടത്തിലും ദക്ഷിണേന്ത്യയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. 16-ാം നൂറ്റാണ്ടില്‍ കേരളത്തിലെ ഹിന്ദുഭരണാധികാരികള്‍ മുസ്‌ലിംകളോട് പുലര്‍ത്തിയിരുന്ന ആദരവും ബഹുമാനവും സഹായ സഹകരണങ്ങളും ചരിത്രകാരനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അനുസ്മരിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്ന മൂന്നുവഴികളില്‍ ആദ്യത്തേതിന്റെ പ്രാധാന്യവും സ്വാധീനവുമാണ് ഈ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നത്.
പെരുമാളിനുശേഷം
പെരുമാളുടെ മക്കാ യാത്രക്ക് ശേഷമാണ് മാലികുബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ 44 പേരടങ്ങുന്ന സംഘം ധര്‍മടത്ത് കപ്പലിറങ്ങിയത്. അവരില്‍ 20 പേരെങ്കിലും ഖുര്‍ആന്‍ മനഃപാഠമാക്കിയവരായിരുന്നു. ധര്‍മടത്തെ ഭരണാധികാരി അതിഥികളെ സ്വാഗതംചെയ്തു. ആരാധനക്കും മതപ്രചാരണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്തു.
ഇസ്‌ലാംമതം രൂഢമൂലമാക്കിയ സല്‍സ്വഭാവമാകുന്ന സുഗന്ധച്ചെടിയുടെ പരിമളം അന്യസമുദായക്കാര്‍ക്കും രാജാക്കന്മാര്‍ക്കും ആകര്‍ഷകമായിത്തോന്നിയതുകൊണ്ട് ആദ്യം മലയാളത്തില്‍ വന്ന ചെറുസംഘം മുഖേന മുസ്‌ലിംകള്‍ക്ക് ഉത്തരോത്തരം അഭിവൃദ്ധി ഉണ്ടായി എന്നാണ് ഇതേക്കുറിച്ച് തുഹ്ഫതുല്‍ മുജാഹിദീനില്‍ കാണുന്ന വിവരണം.
ഇസ്‌ലാംമതത്തിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവ സന്ദേശവും അറബി സംഘത്തിന്റെ വിനയവും ഭക്തിയും ലളിതമായ ജീവിതവും കേരളീയരെ ആകര്‍ഷിച്ചു. അവര്‍ ഉയര്‍ത്തിപ്പിടിച്ച സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം അസമത്വങ്ങള്‍ കൊടികുത്തിവാണിരുന്ന കേരളീയ സമൂഹത്തിന് പുതിയ അനുഭവമായിരുന്നു. മാലികുബ്‌നു ദീനാറിനോടൊപ്പം പെരുമാളുടെ മരുമകന്‍ കോഹിനൂര്‍ രാജകുമാരനുമുണ്ടായിരുന്നു എന്ന് രിഹ്‌ലതുല്‍ മുലൂകില്‍ കാണുന്നു. തിരുവിതാംകൂര്‍ റാണിയുടെ മകന്‍ കോഹിനൂര്‍ രാജകുമാരനാണ് പെരുമാളെ അനുഗമിച്ചിരുന്നതെന്നും അതല്ല, ധര്‍മടത്തെ ശ്രീദേവിയുടെ മകന്‍ മഹാബലിയാണ് പോയിരുന്നതെന്നും രണ്ടഭിപ്രായമുണ്ട്. മഹാബലിയാണ് മുഹമ്മദ് അലിയായ ശേഷം അറക്കല്‍ രാജവംശസ്ഥാപകനായിത്തീര്‍ന്നത് എന്നാണ് അനുമാനം. ചാലിയത്തുകാരായ ഹാജി മുസ്താമുദ്ക്കാദ്, ഹാജി നീലി നിഷാദ്, അഹ്മദ് ഖ്വാജ, ഹാജി സാദിബാദ് ഹസന്‍ ഖ്വാജ എന്നിവരും മാലികുബ്‌നു ദീനാറിന്റെ സംഘത്തിലുണ്ടായിരുന്നു. ധര്‍മടത്തുനിന്ന് അവര്‍ കൊടുങ്ങല്ലൂരിലേക്ക് പോയി. അവിടത്തെ ഭരണാധികാരി മുസ്‌ലിംകള്‍ക്ക് മതപ്രചാരണത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു.
മാലികുബ്‌നു ദീനാര്‍, ശറഫുബ്‌നു മാലിക്, ഹബീബുബ്‌നു മാലിക്, അദ്ദേഹത്തിന്റെ ഭാര്യ ഖുമരിയ്യഃ, അവരുടെ മക്കളും അനുഗാമികളും ഒക്കെ കപ്പലിറങ്ങിയത് കൊടുങ്ങല്ലൂരിലാണെന്നാണ് തുഹ്ഫതുല്‍ മുജാഹിദീന്‍ സാക്ഷ്യപ്പെടുത്തുന്നത്. പെരുമാള്‍ കൊടുത്തയച്ച കത്ത് കൊടുങ്ങല്ലൂരിലെ ഭരണാധികാരിയെ ഏല്‍പിച്ചു. പെരുമാളുടെ കത്തുമായി വന്നത് മര്‍വാന്‍ എന്ന പാര്‍സി വ്യാപാരിയാണെന്നും അഭിപ്രായമുണ്ട്. മാലികുബ്‌നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ താമസമുറപ്പിച്ചു. മറ്റു സ്ഥലങ്ങളില്‍ മതപ്രചാരണം നടത്താനും പള്ളികള്‍ നിര്‍മിക്കാനും മാലികുബ്‌നു ഹബീബിനെ നിയോഗിച്ചു. ഹബീബുബ്‌നു മാലികും ഭാര്യ ഖുമരിയ്യഃയും മക്കളില്‍ ചിലരും തെക്കന്‍ കൊല്ലത്തേക്ക് പോയി. കൊല്ലം(തെക്കന്‍), കൊടുങ്ങല്ലൂര്‍, ചാലിയം, പന്തലായിനി, ധര്‍മടം, ശ്രീകണ്ഠാപുരം, ഏഴിമല, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലെ പള്ളികള്‍ ഇവര്‍ പണിയിച്ചതാണെന്ന് തുഹ്ഫഃയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രിഹ് ലതുല്‍ മുലൂകില്‍ പള്ളികളെയും അവയുടെ ഖാദിമാരെയും ഇങ്ങനെ പരിചയപ്പെടുത്തുന്നു: ചാലിയം പള്ളി: ജഅ്ഫറുബ്‌നു സുലൈമാന്‍; കൊല്ലം: അബ്ദുല്ലാഹിബ്‌നു ദീനാര്‍; ചോമ്പാല്‍: ജഅ്ഫറുബ്‌നു മാലിക്; മാഹി, പെരിങ്ങാടി, തലശ്ശേരി: ഹബീബുബ്‌നു മാലിക്; ധര്‍മടം: ഹസനുബ്‌നു മാലിക്; ഏഴിമല, പഴയങ്ങാടി: അബ്ദുല്ലാഹിബ്‌നു മാലിക്; കാസര്‍കോട്, ഉള്ളാള്‍: ജഅ്ഫറുബ്‌നു മാലിക്; മംഗലാപുരം: ഹമീദുബ്‌നു മാലിക്; താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി: അലിയ്യുബ്‌നു ജലീല്‍; പൊന്നാനി, പുതുപൊന്നാനി: അബ്ദുല്‍ മജീദിബ്‌നു മാലിക്; ചാവക്കാട്: സുബൈറുബ്‌നു ഹാരിഥഃ; കൊച്ചി, പള്ളുരുത്തി, ചിറ്റൂര്‍: അഹ്മദ്; ആലപ്പുഴ: മിസിയഖ്; കൊല്ലം: അസീം; തിരുവനന്തപുരം: ബുറായിസത്ത്; പൂവാര്‍ പട്ടണം: സുബൈര്‍; തേങ്ങാപട്ടണം, കൊളച്ചല്‍: ഉബൈദഃ; കാവില്‍ പട്ടണം: ആസ്വിം.
ഇങ്ങനെ മാലികുബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ വന്ന പ്രബോധക സംഘമാണ് കേരളത്തില്‍ ആദ്യമായി ഇസ്‌ലാമിന് അടിത്തറ പാകിയത്. അതിന്‌ശേഷം, ഇസ്‌ലാം നാടിന്റെ നാനാഭാഗങ്ങളിലും വ്യാപിക്കാന്‍ തുടങ്ങി. പലഭാഗങ്ങളില്‍നിന്നും മുസ്‌ലിം കച്ചവട സംഘം ഇവിടെ വന്നുകൊണ്ടിരുന്നു. ഇപ്രകാരം കോഴിക്കോട്, വെളിയങ്കോട്, തിരൂരങ്ങാടി, താനൂര്‍, പൊന്നാനി, പരപ്പനങ്ങാടി, പറവണ്ണ, കക്കാട്, തിക്കോടി, കണ്ണൂര്‍, എടക്കാട്, പഴയങ്ങാടി, മയ്യഴി, ചെമ്മലോട്, വളപട്ടണം, നാദാപുരം, കൊച്ചി, വൈപ്പ്, പള്ളിപ്പുറം എന്നിവിടങ്ങളും പരിസരങ്ങളും മുസ്‌ലിം താമസംകൊണ്ട് വികസിക്കുകയും മുസ്‌ലിം കച്ചവടക്കാരാല്‍ അഭിവൃദ്ധിപ്പെടുകയുമുണ്ടായി. (തുഹ്ഫതുല്‍ മുജാഹിദീന്‍ പരിഭാഷ പേ: 87)
കച്ചവടാവശ്യാര്‍ഥം വന്ന അറബികള്‍ നേരത്തേ തീരപ്രദേശങ്ങളില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് വിദേശികളായ മതപ്രചാരകര്‍ക്ക് ഇത്ര വ്യാപകമായ ജനപിന്തുണ ലഭിച്ചതെന്ന് അനുമാനിക്കാവുന്നതാണ്. അറബികളും പേര്‍ഷ്യക്കാരുമായ കച്ചവടക്കാര്‍ പടിഞ്ഞാറന്‍ തീരങ്ങളില്‍ നാട്ടുകാരായ സ്ത്രീകളെ വിവാഹം ചെയ്ത് പാര്‍പ്പാക്കിയിരുന്നുവെന്ന് ഡോ. താരാചന്ദ് ഇന്‍ഫ്‌ളുവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചറില്‍ സമര്‍ഥിച്ചിട്ടുണ്ട്. അറബികളുടെ സാന്നിധ്യം നാട്ടുകാര്‍ക്കും നാടുവാഴികള്‍ക്കും മാടമ്പിമാര്‍ക്കും ഒരുപോലെ ആവശ്യമായിരുന്നു. അറബികളുടെ ശിക്ഷണത്തില്‍ നാവികസേന സജ്ജമാക്കുന്നതിന്, ഓരോ മുക്കുവകുടുംബത്തില്‍നിന്നും ഒന്നോ രണ്ടോ പേര്‍ മുസ്‌ലിമാകണമെന്ന് സാമൂതിരി നിര്‍ദേശിച്ചിരുന്നതായി കള്‍ച്ചറല്‍ സിമ്പിയോസിസ് പോലെയുള്ള ഗവേഷണ ഗ്രന്ഥങ്ങളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്: ''പടിഞ്ഞാറന്‍ കൊര്‍ദോവ മുതല്‍ കിഴക്കന്‍ ഏഷ്യയിലെ മലാക്ക വരെയുള്ള മുസ്‌ലിം ശക്തികളുടെ ശൃംഖലയിലെ ഒരു സജീവ കണ്ണിയായിരുന്നു അക്കാലത്ത് സാമൂതിരി.''
രാജകുടുംബത്തില്‍നിന്നുപോലും മതപരിവര്‍ത്തനം നടക്കുന്നതിന് ഈ സൗഹൃദം കളമൊരുക്കി. കുളക്കടവില്‍ ഒരു അറബിയെ ആദരിച്ചിരുത്തി, കുളിച്ചുകയറുന്ന ഏതു സ്ത്രീയെ സ്പര്‍ശിച്ചാലും അവളെ അറബിക്ക് ദാനമായി കൊടുക്കാമെന്ന് പരപ്പനങ്ങാടിയിലെ നാടുവാഴി വാഗ്ദാനം ചെയ്തതായി ഒരു കഥയുണ്ട്. അറബി സ്പര്‍ശിച്ചത് കോവിലകവുമായി ബന്ധപ്പെട്ട ഒരു സ്ത്രീയെ ആയിപ്പോയി. അവരുടെ ദാമ്പത്യബന്ധത്തില്‍ പിറന്നവരാണത്രെ പരപ്പനങ്ങാടിയിലെ നഹ കുടുംബത്തിന്റെ പൂര്‍വികര്‍. വെട്ടത്ത് രാജാവിന്റെ കുലഗുരുവായിരുന്ന കല്‍പകഞ്ചേരി തമ്പ്രാക്കളുടെ വിജാതീയ വിവാഹത്തിലുണ്ടായ കൃഷ്ണനും ഗോവിന്ദനുമാണ് കല്‍പകഞ്ചേരിയിലെ മുസ്‌ലിം മൂപ്പന്‍മാരുടെ പൂര്‍വികന്മാര്‍ എന്നാണ് മറ്റൊരു വിശ്വാസം. മുസ്‌ലിംകളുടെ കൂട്ടപ്രാര്‍ഥനയില്‍ ആകൃഷ്ടരായ അവര്‍ മതംമാറാന്‍ അനുവാദം ചോദിച്ചു എന്നാണ് പറയപ്പെടുന്നത്. രാജാവ് തന്നെ വേണ്ടത്ര സ്വത്ത് നല്‍കി അവരെ കുടിയിരുത്തുകയും ചെയ്തു.
കേരളത്തില്‍ ജാതിവ്യത്യാസവും ഉച്ചനീചത്വവും കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നു അത്. മതംമാറിയവര്‍ക്ക് അയിത്തമോ ഭ്രഷ്‌ടോ ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം ഉയര്‍ത്തിക്കാണിച്ചു. സ്വാഭാവികമായും മേല്‍ജാതിക്കാരില്‍നിന്നും കീഴ്ജാതിക്കാരില്‍നിന്നും മതപരിവര്‍ത്തനം ഉണ്ടാകാന്‍ അത് കാരണമായി. 'കോട്ടക്കലോമന കുഞ്ഞാലിക്ക് തിയ്യരും നായരും ഒന്നുപോലെ' എന്ന നാടന്‍ പാട്ടിന്റെ വരികളില്‍ ഇസ്‌ലാം ഉയര്‍ത്തിയ സാഹോദര്യത്തിന്റെ സന്ദേശമാണ് പ്രതിധ്വനിക്കുന്നത്. (പി.കെ. മുഹമ്മദ് കുഞ്ഞി -മുസ്‌ലിമിങ്ങളും കേരള സംസ്‌കാരവും)
ദക്ഷിണ കേരളത്തില്‍
ക്രി. 822-ല്‍ കടല്‍ കയറി നശിച്ച കൊല്ലം പട്ടണം മിര്‍സാ പീര്‍ എന്ന പാര്‍സി വ്യാപാരിയാണു പുനരുദ്ധരിച്ചതെന്നും അതിന്റെ സ്മരണക്കാണ് കൊല്ലവര്‍ഷമെന്നും ഒരു ഐതിഹ്യമുണ്ട്. മര്‍വാന്‍ ഷാ എന്ന പേര്‍ഷ്യന്‍ കപ്പലോട്ടക്കാരന്‍ ഭാര്യയോടും മകനോടും കൂടി കൊല്ലത്ത് വന്നതായി പറയപ്പെടുന്നു. കൊല്ലത്ത് മുസ്‌ലിം കച്ചവടക്കാരുടെ കോളനിയുണ്ടെന്നും അവരില്‍ പ്രധാനി അലാഉദ്ദീന്‍ എന്നു പേരായ ഒരു ഇറാഖുകാരനാണെന്നും ഖ്വാജാ മുഹദ്ദസ് എന്ന കച്ചവടക്കാരന്‍ നിര്‍മിച്ച മനോഹരമായ പള്ളി അവിടെയുണ്ടെന്നും ഇബ്‌നു ബത്ത്വൂത്വഃയുടെ യാത്രാവിവരണത്തില്‍ കാണാം.
കൊളച്ചലും പുരാതന മുസ്‌ലിം കേന്ദ്രമായിരുന്നു. ശിലാനിര്‍മിതമായ കൊളച്ചല്‍ പള്ളിയുടെ തൂണില്‍ 'യാ ഫത്താഹ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി മുതല്‍ കൊല്ലം വരെ തീരപ്രദേശങ്ങളില്‍ കൊളച്ചലില്‍നിന്നു കുടിയേറിയ മുസ്‌ലിംകളെ കാണാം. നാലുവശവും റോഡുകളാല്‍ വലയംചെയ്യപ്പെട്ട സ്ഥലത്താണ് മുസ്‌ലിം വീടുകള്‍. കച്ചവടത്തെ നിയന്ത്രിച്ചിരുന്നവരുടെ പാര്‍പ്പിടകേന്ദ്രമായതുകൊണ്ടാവാം പണ്ടകശാലപ്പുറമെന്നാണ് മുസ്‌ലിംകള്‍ താമസിക്കുന്ന മേഖല അറിയപ്പെടുന്നത്. വെങ്കലപ്പാത്ര വ്യാപാരത്തിലും സ്റ്റേഷനറി കച്ചവടത്തിലുമാണ് അവര്‍ പേരെടുത്തത്. കൃഷിസ്ഥലം നികത്തി കടകളും വീടും കെട്ടാന്‍ തിരുവിതാംകൂര്‍ രാജാവും ദിവാന്‍ജിയും അവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു. ഉത്തര മലബാറുകാര്‍ക്കും ഈ മേഖലയുമായി ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ്, തലശ്ശേരിയിലെ കേയിമാര്‍ക്ക് ഇവിടെ ഉണ്ടായിരുന്ന ഭൂസ്വത്തുക്കള്‍.
തേങ്ങാപട്ടണം, ആളൂര്‍, കോട്ടാര്‍, തക്കല എന്നിവിടങ്ങളിലും ആദ്യകാലത്തു തന്നെ മുസ്‌ലിംകളുണ്ടായിരുന്നു. തക്കലയിലെ മുസ്‌ലിം നെയ്ത്തുകാരെ തിരുവിതാംകൂര്‍ രാജാവാണ് ഇവിടെ പാര്‍പ്പിച്ചത്. തിരുവിതാംകൂറിലും മുസ്‌ലിം കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചത് മഹാരാജാവാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളുമുണ്ട്. മിസ്റ്റിക് കവിയും സിദ്ധനുമായിരുന്ന പീര്‍ മുഹമ്മദിനെ കരമൊഴിവാക്കിയ ഭൂമി നല്‍കിയാണ് രാജാവ് കുടിയിരുത്തിയത്.
കൊല്ലത്തുനിന്നാവണം ഇസ്‌ലാംമതം തെക്കന്‍ കേരളത്തിലേക്ക് വ്യാപിച്ചത്. താമ്രപണ്ണി നദിയുടെ തീരപ്രദേശമായ തേങ്ങാപട്ടണം പോലുള്ള തീരപ്രദേശങ്ങളുമായി അറബികള്‍ മുമ്പേ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അഞ്ചുവണ്ണത്താന്മാര്‍ എന്നറിയപ്പെടുന്ന നെയ്ത്തുകാരുടെ പൂര്‍വികര്‍ അറേബ്യയില്‍ നിന്നു വന്നവരാവണമെന്ന് തമിഴ് ചരിത്രകാരനായ ഗോവിന്ദപ്പിള്ള സമര്‍ഥിച്ചിട്ടുണ്ട്. മാമാങ്കത്തിനാവശ്യമായ പട്ടുതുണി നിര്‍മിക്കുന്നതിന് അഞ്ചു കുടുംബങ്ങളെയും അവരുടെ ആശ്രിതരെയും കൊണ്ടു വന്നത് സാമൂതിരിയാണ്. ഇവരുടെ പൂര്‍വികരും അഞ്ചുവണ്ണത്താന്മാരെപ്പോലെ അറബികളുമായി ബന്ധമുള്ളവരാണെന്ന് അനുമാനിക്കാം. അറബ് സമ്പര്‍ക്കമുണ്ടായിരുന്ന കോഴിക്കോട്ടും കണ്ണൂരുമാണ് കൈത്തറി വ്യവസായം അഭിവൃദ്ധിപ്പെട്ടത്.
ഇപ്രകാരം ഇസ്‌ലാംമത സന്ദേശപ്രചാരണത്തിന്റെ ആദ്യകാലങ്ങളില്‍തന്നെ കേരളത്തിന്റെ പൊതുജീവിതത്തില്‍ മുസ്‌ലിംകള്‍ എണ്ണപ്പെട്ട ഒരു ശക്തിയായിമാറി. സമുദ്രവ്യാപാരം അക്കാലത്ത് ഏറക്കുറെ അവരുടെ കുത്തകയായിരുന്നു. ഉള്‍നാടന്‍ മുസ്‌ലിംകള്‍ കാര്‍ഷികവൃത്തിയിലും മുന്നിട്ടുനിന്നു. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട ചരിത്രകഥകള്‍ മുസ്‌ലിംകളുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. അധിനിവേശത്തിലൂടെയോ ആക്രമണത്തിലൂടെയോ അല്ലാതെ, തികച്ചും തദ്ദേശീയമായ ഒരു മുസ്‌ലിം രാജവംശം- അറക്കല്‍ രാജവംശം- കേരളത്തില്‍ ഉയര്‍ന്നുവന്നു എന്നതും പൊതുജീവിതത്തിലെ മുസ്‌ലിം സ്വാധീനത്തെ ചൂണ്ടിക്കാണിക്കുന്നു. അക്കാലത്ത് മറ്റു നാട്ടുരാജാക്കന്മാരുടെ ഉദ്യോഗസ്ഥരിലും സൈന്യത്തിലും മുസ്‌ലിംകള്‍ക്ക് നല്ല പ്രാതിനിധ്യമുണ്ടായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മെച്ചപ്പെട്ട സമൂഹമായിരുന്നു അന്ന് കേരളത്തിലെ മുസ്‌ലിംകള്‍.
സര്‍ദാര്‍ കെ.എം പണിക്കര്‍ തന്റെ History of Keralaയില്‍ (പേ. 8,9)രേഖപ്പെടുത്തുന്നു: ''മതപരിവര്‍ത്തനം മൂലവും അറബികളുടെ കുടിപ്പാര്‍പ്പില്‍ക്കൂടെയും വളരെ നേരത്തെ തന്നെ കേരളത്തില്‍ ഇസ്‌ലാം പ്രചരിക്കാന്‍ തുടങ്ങി. ഉത്തരമമലബാറിലെ പന്തലായനി കൊല്ലത്തുനിന്നും ലഭിച്ച ഹി. 166-ലെ ഒരു രേഖ ഇതിന് തെളിവ് നല്‍കുന്നു. കൊച്ചി രാജ്യചരിത്രകാരനായ അച്യുതമേനോനെ ഉദ്ധരിച്ച് ടി. മുഹമ്മദ് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്:
'ഒമ്പതാം നൂറ്റാണ്ടില്‍ യഹൂദരും മുഹമ്മദീയരും കലഹത്തില്‍ ഏര്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ സംഭവിച്ചതുപോലെ കൊല്ലത്തും യുദ്ധം കൊടുമ്പിരിക്കൊണ്ടു. മുസ്‌ലിം വ്യാപാര കേന്ദ്രങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും അവരുടെ സ്വാധീന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ അവര്‍ ക്ഷുഭിതരായി ചെറുത്തുനിന്നു.'' (Cochin state Manual, ജ. 43)
ജൂതന്മാരുടെ ആക്രമണത്തെ പരാജയപ്പെടുത്താന്‍ മാത്രം ഒമ്പതാം ശതകത്തില്‍ ഇവിടെ മുസ്‌ലിംകള്‍ ശക്തി പ്രാപിച്ചിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. എങ്കില്‍ അവരുടെ കുടിയേറ്റം, അക്കാലത്തിനും എത്രയോ മുമ്പുതന്നെ ആരംഭിച്ചിരിക്കണമെന്ന് തീര്‍ച്ചയാണ്.
''ജൂതന്മാരുമായുണ്ടായ ഈ സംഘട്ടനത്തില്‍, അറബികളാണ് ജയിച്ചതെന്ന് യഹൂദ ചരിത്രകാരനായ വൈറ്റ് ഹൗസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേരള മുസ്‌ലിം ചരിത്രത്തില്‍ (പേ. 85) പി.എ സെയ്തുമുഹമ്മദ് പറയുന്നു. ചുരുക്കത്തില്‍ ക്രി. ഏഴും എട്ടും നൂറ്റാണ്ടുകളില്‍തന്നെ കേരളത്തില്‍ ഇസ്‌ലാം ശക്തി പ്രാപിച്ചിരുന്നുവെന്നതിന് ശക്തമായ തെളിവായി ഇതിനെ കണക്കാക്കാം.
1. മസ്ഊദ് ആലം നദ്‌വി-താരീഖുദ്ദഅ്‌വതില്‍ ഇസ്‌ലാമിയ്യതി ഫില്‍ ഹിന്ദ്
2. ഡോ. മുഹ്‌യിദ്ദീന്‍ ആലുവായി- അദ്ദഅ്‌വതുല്‍ ഇസ്‌ലാമിയ്യതു വ തത്വവ്വുറുഹാ ഫീ ശിബ്ഹില്‍ ഖാര്‍റതില്‍ ഹിന്ദിയ്യ:
3. സര്‍, തോമസ് ആര്‍നാള്‍ഡ്(വിവ. കലീം)- ഇസ്‌ലാം പ്രബോധനവും പ്രചാരണവും, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്- 12
4. പി.എ. സെയ്തു മുഹമ്മദ്- കേരള മുസ്‌ലിം ചരിത്രം, അല്‍ഹുദാ ബുക്സ്റ്റാള്‍, കോഴിക്കോട്
5. ഡോ. സി.കെ. കരീം- കേരള മുസ്‌ലിം ചരിത്രം, സ്ഥിതിവിവരക്കണക്ക്, ഡയറക്ടറി(വാല്യം: ഒന്ന്)
6. ടി. മുഹമ്മദ്- മാപ്പിള സമുദായം: ചരിത്രം, സംസ്‌കാരം, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്-12
7. പി.കെ. മുഹമ്മദ് കുഞ്ഞി- മുസ്‌ലിമിങ്ങളും കേരളസംസ്‌കാരവും, കേരള സാഹിത്യ അക്കാദമി. തൃശൂര്‍-1
8. ടി. കെ അബ്ദുല്ല(ചീഫ് എഡിറ്റര്‍)- ഇസ്‌ലാമിക വിജ്ഞാനകോശം, വാല്യം: 8, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്- 12
9. എ.എ. ഹലീം - ഇസ്‌ലാം ഇന്ത്യയിലേക്ക് (ലേഖനം), യുവസരണി, ഇന്ത്യന്‍ മുസ്‌ലിംകള്‍ സപ്ലിമെന്റ്, 1992 ഒക്‌ടോബര്‍.