മാപ്പിളമാരും കേരള സമൂഹ നിര്‍മിതിയും

ഷാജിത നിറമരുതൂര്‍   (റിസര്‍ച്ച് സ്‌കോളര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി)

റബികളായ മുസ്‌ലിംകളുടെ ആഗമനത്തോടുകൂടിയാണ് മുസ്‌ലിം സംസ്‌കാരം കേരളത്തില്‍ ഉണ്ടായത്. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ കേരളത്തില്‍ മാപ്പിളമാര്‍ ഉണ്ടായിട്ടുണ്ട്. പുരാതന കാലം മുതല്‍ക്ക് തന്നെ കച്ചവടബന്ധം പ്രോല്‍സാഹിപ്പിക്കുക എന്നത്  നാട്ടുകാരുടെയും നാടുവാഴിയുടെയും ലക്ഷ്യമാണ്. അറേബ്യയില്‍നിന്നുള്ള കച്ചവടക്കാര്‍ തുറമുഖങ്ങളില്‍ താമസിക്കുകയും നാട്ടുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകയും സന്താനങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. അറബി ബന്ധങ്ങളിലൂടെ വന്നവരാണ് മാപ്പിളമാര്‍. അറബിസംസ്‌കാരവും കേരളീയ ജീവിതരീതികളും സംയുക്തമായി കൂടിച്ചേര്‍ന്നവരാണ് മാപ്പിളമാര്‍. 


മാപ്പിള എന്ന പദ ഉത്ഭവം
    മാപ്പിള എന്ന പദത്തിന്റെ ഉല്‍പത്തിയെകുറിച്ച് ചരിത്രകാരന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. ശംസുല്ലാ ഖാദിരിയുടെ പ്രാചീന മലബാറില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1.    'മ' എന്നും 'പിള്ള' എന്നുമുള്ള രണ്ട് പദങ്ങളുടെ സമാസമാണ് മാപ്പിള. ഇതിന്റെ അര്‍ത്ഥം 'മാതാവിന്റെ മകന്‍' ആണെന്ന് ഡോ: വില്‍സന്‍ പറയുന്നു. മലബാറില്‍ വന്നിരുന്ന അറബികളും സഞ്ചാരികളും വ്യാപാരികളും ഇവിടെയുള്ള സ്ത്രീകളെ വിവാഹം ചെയ്യുകയും അവര്‍ പോകുമ്പോള്‍ വിവാഹ മോചനം നല്‍കുകയുമാണ് പതിവ്. അതുകൊണ്ട് അവരുടെ സന്താനങ്ങളെ മാതാവുമായി ബന്ധപ്പെടുത്തി മാപ്പിള (മാതാവിന്റെ മകന്‍) എന്ന് വിളിക്കാന്‍ തുടങ്ങി.

2.    മദ്രാസ് ഗ്ലോസറില്‍ എഴുതിയരിക്കുന്നത് 'മ' മലയാള ഭാഷയിലെ പദമാണ്. 'മഹാ' എന്ന സംസ്‌കൃത പദത്തിന്റെ തത്ഭവമാണ്. 'മഹത്തായത്' എന്നാണ് അര്‍ത്ഥം. മുസല്‍മാന്മാര്‍ ഇവിടെ വന്നപ്പോള്‍ ഇവിടെയുള്ള ആളുകള്‍ ബഹുമാനിക്കുകയും അവരുടെ സന്താനങ്ങളെ മാപ്പിള അതായത് 'മഹാന്റെ മകന്‍' എന്ന് വിളിക്കുകയും ചെയ്തു.
3.    അറബിഭാഷയുടെ പ്രസിദ്ധമായ നിഘണ്ടു നിര്‍മാതാവായ ബാഡ്ജര്‍ പറയുന്നത് മാപ്പിള എന്നത് മാഫലാഹ് എന്ന അറബി പദത്തിന്റെ തല്‍ഭവമാണെന്നാണ്. കൃഷിക്കാരന്‍ എന്നാണ് 'ഫലാഹ്' എന്ന പദത്തിന്റെ അര്‍ത്ഥം. മലബാറിലെ മുസല്‍മാന്മാര്‍ വ്യാപാരികളായതുകൊണ്ട് അവര്‍ക്ക് കൃഷിയുമായി വലിയ ബന്ധമില്ല. അതുകൊണ്ട് മാഫലാഹ് (കര്‍ഷകേതരന്‍) എന്ന പേരില്‍ അറിയപ്പെട്ടു.

4.    പുതിയ അന്വേഷകരുടെ അഭിപ്രായം ഈ പദത്തിന്റെ ഉറവിടം 'മാര്‍പ്പിള്ള' ആണെന്നാണ്. അതിന്റെ അര്‍ത്ഥം 'സാങ്കല്‍പ്പിക പുത്രന്‍' എന്നാണ്. വടക്കെ ഇന്ത്യയില്‍ രാജാവിന്റെ മകന്‍ എന്നര്‍ത്ഥം വരുന്ന രാജ്പിത്, രവിഥാര്‍ എന്ന പദങ്ങള്‍ ചില വിഭാഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത് പോലെ ഈ പദവും ഉപയോഗിക്കപ്പെട്ടു. തമിഴ്ഭാഷക്കാര്‍ ആദ്യകാലത്ത് സ്ഥാനങ്ങളുടെ പദവി പ്രകടിപ്പിക്കുന്നതിനായി പല ജനവിഭാഗത്തോടും ചേര്‍ത്ത് പല പദങ്ങളും ഉപയോഗിച്ചിരുന്നു. ഉദാ: ഉണ്ണി, മൂത്തത്, നായനാര്‍, തമ്പുരാന്‍, തമ്പി, തങ്കച്ചി എന്നിങ്ങനെ. മാപ്പിളയും അതുപോലെയുള്ള പദമാണ് (ഇന്ത്യന്‍ ആന്റിക്വയറില്‍ മാപ്പിളരും അതുപോലെയുള്ളതാണ്).

5.    മാര്‍ എന്ന പദത്തിന് സുറിയാനിയില്‍ നാഥന്‍, കര്‍ത്താവ് എന്നെല്ലാമാണ്. ആ പദം ബഹുമാന സൂചകമായി ക്രൈസ്തവ നാമങ്ങളോടും സ്ഥാനപ്പേരിനോടും കൂടി ഉപയോഗിക്കുക പതിവാണ്. ഉദാ: മാര്‍ത്തോമ, മാര്‍പ്പാപ്പ
6.    പോര്‍ച്ചുഗീസ് സഞ്ചാരിയായ ബര്‍ബോസ എഴുതിയ സഞ്ചാര ചരിത്ര ഗ്രന്ഥത്തില്‍ പലസ്ഥലത്തും മുസ്ലിംകളെ പറ്റി മൂര്‍ മാപ്പിള എന്ന് പറഞ്ഞിരികുന്നു.
മഹത്തായ സംസ്‌കാര  മാപ്പിള പാരമ്പര്യംഎന്ന ഗ്രന്ഥത്തില്‍ മാപ്പിളയെ പറ്റി നിര്‍വ്വചിക്കുന്ന അഭിപ്രായങ്ങള്‍:
1.    പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായിരുന്ന ലൂയിസ് മൂര്‍ പറയുന്നത് 'മാപ്പിള'യുടെ അര്‍ത്ഥം മണവാളനെന്നോ, ജാമാതാവെന്നോ ആണ്. അറബികള്‍ ഇവിടെ വന്ന് വിവാഹം ചെയ്തപ്പോള്‍ നാട്ടുകാരുടെ മണവാളന്‍മാരായിത്തീര്‍ന്നു, അവരെ 'മാപ്പിള' എന്ന് വിളിക്കാനും തുടങ്ങി. ഇന്നും മാപ്പിള മുസ്ലിംകള്‍ വരന് 'മാപ്പിള' എന്ന പേര്‍ പറയാറുണ്ട്.
2.    ഇന്ത്യന്‍ ആന്റിക്വറിയില്‍ മാപ്പിളയുടെ അര്‍ത്ഥം ജാമാതാവെന്നാണ്.
3.    'മലബാര്‍ മാന്വലില്‍' ലോഗന്‍ രേഖപ്പെടുത്തിയത് 'മാ' എന്ന ശബ്ദം മുഹമ്മദില്‍ നിന്നുള്ളതായിരിക്കാം എന്നും മുഹമ്മദ് എന്നതുകൊണ്ട് പുതു മുസ്ലിംകളാണെന്നുമാണെന്നുമാണ് വിവക്ഷ . അതുകൊണ്ട് മുസ്ലിംകളുടെ സന്താനങ്ങള്‍ ഇന്നാട്ടില്‍ മാപ്പിള എന്ന് വിളിക്കപ്പെട്ടു.

4.    ചരിത്രകാരന്‍ എഴുതുന്നത് മാ എന്നതിന്റെ അര്‍ത്ഥം മാതാവ് എന്നാണ്. പിള്ളയെന്നാല്‍ കുട്ടി എന്നും. അറബികള്‍ ഈ നാട്ടുകാരായ സ്ത്രീകളെ വിവാഹം ചെയ്തു. അതുകൊണ്ട് സന്താനങ്ങള്‍ പിതാവിന് പകരം മാതാവുമായി ബന്ധിക്കപ്പെട്ടു.
5.    മാപ്പിളയെന്നത് 'മഅ്ബറിന്റെ വികൃതരൂപമാണ്.' 'മഅ്ബര്‍' എന്ന പദത്തിന് 'കടവ്' എന്നാണര്‍ത്ഥം. അറബികള്‍ ഇവിടെ സമുദ്രമാര്‍ഗ്ഗം വന്നത് നിമിത്തം അവര്‍ക്ക് മഅ്ബര്‍ എന്ന പേര്‍ വന്നു. അതിന്റെ തത്ഭവമാണ് മാപ്പിള- ബ്രൗണ്‍.
6.    പര്‍സിയാജീസ് എന്ന ചരിത്രകാരന്‍ എഴുതിയത് മാപ്പിളയെന്ന പദം 'മഫ്‌ലഹ്' എന്ന അറബിപദത്തിന്റെ വികൃതരൂപമാണ്. 'മഫ്‌ലഹ്' ഫല്ലാഹില്‍നിന്നുള്ളതാണ്. കര്‍ഷകന്‍ എന്നാണര്‍ത്ഥം. അറബികള്‍ ഇവിടെ വന്നപ്പോള്‍ സ്വീകരിച്ച തൊഴില്‍ കൃഷിയായിരുന്നു. അവര്‍ക്ക് മഫ്‌ലഹ് എന്ന പേര്‍ പറയപ്പെട്ടു. മഫ്‌ലഹ് ലോപിച്ചു 'മാപ്പിള' എന്നായിത്തീരുന്നു.
ഹിജ്‌റ 9-ാം നൂറ്റാണ്ടില്‍ മലബാറിലെ മുസ്ലിംകള്‍ ഏറെക്കുറെ ഈ പേര് കൊണ്ട് വിളിക്കപ്പെട്ടിരുന്നു. ഈ പദം മലബാര്‍ മുസ്‌ലിംകളെ സംബന്ധിച്ച് അദ്യമായി ഉപയോഗിച്ചത് ശ്രീരംഗപട്ടണത്തുകാരനായ മീര്‍ഹുസൈന്‍ അലിയുടെ 'നിശാനെ ഹൈദരീ' എന്ന ഗ്രന്ഥത്തിലാണെന്നാണ് ശംസുല്ലാ ഖാദിരി 'പ്രാചീന മലബാര്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്.
അറബി ബന്ധങ്ങളിലൂടെ വന്ന മാപ്പിളമാര്‍ ആദ്യം മുസ്‌ലിംകളായിരുന്നില്ലെങ്കിലും പ്രവാചക പ്രബോധനം കേട്ടറിഞ്ഞതോടെ ഇവരും പിന്നീട് നാട്ടുകാരും ഇസ്ലാം സ്വീകരിച്ചു. മലബാറിലുള്ള ആചാരങ്ങളും ജീവിതരീതികളും ഇസ്ലാമിക മാതൃകയില്‍ പരിവര്‍ത്തിപ്പിച്ച് തങ്ങളുടെതായ ഒരിസ്‌ലാമിക സംസ്‌കാരം മാപ്പിളമാര്‍ വളര്‍ത്തിയെടുത്തു എന്നതാണ് കേരളത്തിലെ ഇസ്ലാമിക സംസ്‌കൃതിയുടെ അടിസ്ഥാനം. ബ്രാഹ്മണരും ഭൂപ്രഭുക്കന്മാരും ഒന്നിച്ച് നിന്ന് ഭൂരിപക്ഷ ജനതയെ ജാതിചിന്തയുടെ പേരില്‍ അടിമകളാക്കിയിരുന്ന കാലത്താണ് ഇസ്ലാം മാനുഷിക പ്രഖ്യാപനവുമായി നാടിനെ സമീപിക്കുന്നത്. ബ്രാഹ്മണന്റെ പീഡനങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉപായമായാണ് പലരും ഇസ്ലാമികാശ്ലേഷണത്തെ കണ്ടത്. പ്രധാനമായും സാമൂഹിക കാരണങ്ങള്‍ കൊണ്ടാണ് പലരും ഇസ്ലാം മതത്തിലേക്ക് കടന്നുവന്നത്. താണജാതിക്കാര്‍ മുസ്ലിം വിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള മഹാവ്യക്തികളുടെ അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യാറുണ്ട്.
   
മുസ്‌ലിം മതമൈത്രി 
മുസ്‌ലിം സംസ്‌കാരത്തിന്റെ പുരോഗതിക്ക് സാമൂതിരി വളരെയധികം സഹായിച്ചിട്ടുണ്ട്. കുറ്റിച്ചിറയിലെ മുച്ചുന്തിപ്പള്ളിയിലെ വട്ടെഴുത്ത് ലിഖിതത്തില്‍ പള്ളിക്ക് സാമൂതിരി നല്‍കിയ സാമ്പത്തിക സഹായത്തെകുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുസ്‌ലിംകളും സാമൂതിരിയും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നു. ദേശത്തിന് വേണ്ടി പോരാടിയ കുഞ്ഞാലിമരക്കാരാണ് മതമൈത്രി കാത്തു സൂക്ഷിച്ച ധീരദേശാഭിമാനികള്‍. കടലില്‍ ധീരതയുട വീരഗാഥകള്‍ രചിച്ച കുഞ്ഞാലിമാരെ പറ്റി വടക്കന്‍ പാട്ടുകളിലും പരാമര്‍ശമുണ്ട്. കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ എന്നാണ് പാട്ടിലെ സൂചന. നാട്ടിലെ പടയിലും പൊയ്ത്തിലുമുള്ള നാട്ടു പ്രമാണികളോടൊപ്പം മരയ്ക്കാര്‍ ഉണ്ടായിരുന്നു.

കോട്ടയ്ക്കലോമനകുഞ്ഞാലിയ്ക്ക്
നായരും തിയ്യരും ഭേദമില്ല”

എന്ന വരികള്‍ കുഞ്ഞാലിമാരുടെ സമഭാവനയെ കുറിച്ചുള്ള നാടന്‍പാട്ടാണ്. കുഞ്ഞാലി നാലാമന്റെ സൈന്യത്തില്‍ മുസ്‌ലിംകളും നായന്മാരും തിയ്യരും ദളിതരും  ഉണ്ടായിരുന്നു. നാടോടിക്കഥകളിലും കുഞ്ഞാലിമാരെക്കുറിച്ച് പരാമര്‍ശമുണ്ട്.


സുല്‍ത്താന്മാര്‍
കേരളത്തില്‍ വ്യക്തിമുദ്ര പതിച്ചവരാണ് ഹൈദരലിയും ടിപ്പുസുല്‍ത്താനും. നീതിനിര്‍വ്വഹണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന മര്‍ദ്ദനമുറകള്‍ക്ക് കര്‍ക്കശമായ സ്വഭാവമുണ്ടെങ്കിലും മതസൗഹാര്‍ദ്ദം അവരുടെ പ്രത്യേകതയാണ്. അധഃപതനത്തിലേക്ക് വീഴുന്ന മുസ്ലിം സമുദായം പിന്നീട് രക്ഷതേടുന്നത് ഹൈദരലിയോടാണ്. അന്നത്തെ അവരുടെ സ്ഥിതി ദയനീയമായിരുന്നു. സാമൂതിരിമാരോട് മാപ്പിളമാരോടുള്ള മര്‍ദനങ്ങള്‍ അവസാനിപ്പിക്കാനും അക്രമികളെ ശിക്ഷിക്കാനും ഹൈദരലി അറിയിച്ചു. മുസ്ലിങ്ങളെ രക്ഷിക്കാനായിരുന്നു ഹൈദരലി ശത്രുക്കളോട് ഏറ്റുമുട്ടിയത്. 18-ാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തില്‍ ആഭ്യന്തരകലാപങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയ കാലമായിരുന്നു. ഹൈദരലി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ ഹൈദരലി മരിക്കുകയും പിന്നീട് മകന്‍ ടിപ്പുസുല്‍ത്താന്‍ അധികാരമേല്‍ക്കുകയും ചെയ്തു. 'ഇംഗ്ലീഷുകാരോട് യുദ്ധം ചെയ്തുവെന്ന് ഇന്ത്യാ ചരിത്രത്തില്‍ ഒരു യോദ്ധാവിനേ അഭിമാനിക്കാന്‍ വകയുള്ളു, ആ യോദ്ധാവാണ് ടിപ്പുല്‍ത്താന്‍' എന്നാണ് പി.കെ ബാലകൃഷ്ണന്‍ ‘ടിപ്പുസുല്‍ത്താന്‍’ എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. 

   
മുസ്‌ലിം നവോത്ഥാനം
    മതവും സമൂഹവും തമ്മില്‍ വളരെയധികം ബന്ധമുള്ളത് കൊണ്ടുതന്നെ മതത്തെ മുന്‍ നിര്‍ത്തിക്കൊണ്ടാണ് പരിഷ്‌കരണ ശ്രമങ്ങള്‍ നടത്തിയിരുന്നത്. മതത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എതിര്‍ക്കണമെന്ന് നേതാക്കന്മാര്‍ വിശ്വസിച്ചു. 19- 20 നൂറ്റാണ്ടുകളിലായി കേരളത്തിലെ വിവിധ സമുദായങ്ങളിലും മതനവീകരണ പ്രസ്ഥാനം ഉടലെടുത്തു. ഹിന്ദുമതത്തിലും ഇസ്ലാം മതത്തിലും പരിഷ്‌ക്കരണങ്ങള്‍ വന്നു. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വി.ടി ഭട്ടതിരിപ്പാട്, മക്തി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ചിലരാണ്. 

കേരളത്തിലുണ്ടായ നവോത്ഥാന പരിഷ്‌ക്കരണങ്ങളില്‍ പ്രധാനമായും സമുദായ പരിഷ്‌ക്കരണവും വിദ്യാഭ്യാസ മുന്നേറ്റവും ലക്ഷ്യമിട്ടിട്ടുള്ളതാണ്. മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനങ്ങളും വ്യക്തികളും സജീവമാകുന്നതിനു മുമ്പുള്ള അവസ്ഥ 2002 ലെ മുജാഹിദ് സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിച്ച സുവനീറില്‍ അബ്ദുറഹിമാന്‍ ഇരിവേറ്റി രേഖപ്പെടുത്തിയതിങ്ങനെയാണ്. 'ഏകദേശം 100 വര്‍ഷം മുമ്പ് മുസ്‌ലിംകളുടെ സ്ഥിതി ദയനീയമായിരുന്നു. ഏലസ്സെഴുതാനും പിഞ്ഞാണത്തിലെഴുതി കലക്കികുടിക്കാനുമായിരുന്നു ഖുര്‍ആന്‍ കൂടുതലും ഉപയോഗിച്ചിരുന്നത്. നിര്‍ബന്ധ അനുഷ്ഠാനങ്ങളായ നമസ്‌കാരം, നോമ്പ് എന്നിവ അനുഷ്ഠിക്കുന്നത് വിരളമായിരുന്നു. സകാത്ത്‌ ഉണ്ടായിരുന്നില്ല. പ്രതാപവും പ്രമാണിത്തവും വെളിപ്പെടുത്താനുമായി ചിലര്‍ ഹജ്ജിന് പോയി ഹാജിമാരായി. റാത്തീബ്, മൗലൂദ്, കൊടികൂത്ത് നേര്‍ച്ചകള്‍, എഴുന്നള്ളത്തുകള്‍ തുടങ്ങിയവയായിരുന്നു മതാചാരങ്ങള്‍. രോഗങ്ങള്‍ പിശാചുമൂലമാണെന്ന് വിശ്വസിച്ചു. വിദ്യാഭ്യാസം ഇല്ലാത്ത അവരുടെ ചികിത്സാമുറകളായിരുന്നു മന്ത്രം, ഏലസ്സ്, ഐക്കല്ല്, നൂല്, ഹോമം, ഉഴിഞ്ഞിടല്‍ തുടങ്ങിയവ. മതവിദ്യാഭ്യാസം ഓത്തുപള്ളികളിലും പള്ളിദര്‍സുകളിലുമായി ഒതുങ്ങിയിരുന്നു. പള്ളിദര്‍സ്സുകളിലൂടെ പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ വിരളമായിരുന്നു. ഉള്ളവര്‍ തന്നെ മതത്തിന് പുറത്ത് നില്‍ക്കാനുമാണ് ശ്രമിച്ചത്. 

   
സ്ത്രീശാക്തീകരണം
മുസ്‌ലീം സ്ത്രീകള്‍ പണ്ടുതൊട്ടേ മതപഠനത്തിന് ഓത്തുപള്ളിയില്‍ പോകാറുണ്ട്. അറബി മലയാളം അറിഞ്ഞിരുന്ന ഇവര്‍ പാട്ടുകളും ബൈത്തുകളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. മതാധ്യാപനരംഗത്ത് ഓത്തുപള്ളികള്‍ നടത്തിയിരുന്നു. പാട്ടുകാരികളും ഈ സമുദായത്തില്‍ നിന്നുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളാണ് മുസ്ലിം മഹിള (1925), നിസാഉല്‍ ഇസ്ലാം എന്നിവ. പാത്തുമ്മക്കുട്ടി മദിനിയ്യയുടെ 'ഇസ്ലാമും സ്ത്രീകളും’ എന്ന ലേഖനത്തില്‍ ഇസ്‌ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനവും അവരുടെ സാമൂഹിക പങ്കാളിത്തത്തെക്കുറിച്ചും വിശദീകരിക്കുന്നു. സമുദായപരിഷ്‌കരണങ്ങള്‍ നടന്നിരുന്ന കാലത്ത് കേരളത്തിലെ മുസ്‌ലിം സ്ത്രീകളും പങ്കാളികളായിരുന്നു. 1950-60 കാലഘട്ടങ്ങളില്‍ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികകളായ അന്‍സാരി, അല്‍മനാര്‍, മുസ്ലിം റിവ്യൂ തുടങ്ങിയവയില്‍ ലേഖനം എഴുതിയവരില്‍ ഏറെക്കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നു. സ്ത്രീകളെ സമുദ്ധരിക്കുന്നതിനായി സ്ത്രീകളില്‍നിന്നും വന്ന പ്രതിഭയാണ് ഹലീമബീവി. സ്ത്രീകളെ സമുദ്ധരിക്കാതെ സമുദായം പുരോഗമിക്കുകയില്ല എന്നാണ് ഹലീമബീവി അടിവരയിടുന്നത്. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസം കൊണ്ട് ഗാര്‍ഹികജീവിതം ഉത്തമമാക്കുകയും പൊതു ജീവിതത്തില്‍ ഇടം നേടിയെടുക്കുകയും സമുദായത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉന്നമനത്തില്‍ പങ്കാളികളാവുകയും വേണം എന്നതാണ് ഹലീമ ബീവിയെ പോലുള്ളവര്‍ അര്‍ത്ഥമാക്കുന്നത്.

സ്ത്രീകളുടെ ഉന്നമനം, വിദ്യാഭ്യാസം, ഉദ്യോഗം എന്നിവക്ക് ഹലീമാബീവി, പി.ജി കദീജ, മൈതീന്‍ബീവി തുടങ്ങിയവര്‍ പ്രാധാന്യം കൊടുത്തു. ഹലീമാബീവിയെപോലുള്ളവര്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം തന്നെ സ്ത്രീവിദ്യാഭ്യാസം നിഷേധിച്ചിരുന്ന പുരുഷ നേതാക്കളെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ ഫലമായിക്കൊണ്ട് വിദ്യാഭ്യാസ-സാമൂഹ്യബന്ധത്തില്‍ കേരളമുസ്ലിംകള്‍ക്കിടയില്‍ മാറ്റങ്ങളുണ്ടായി. പെരുമ്പാവൂര്‍, കായംകുളം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വനിതാസമ്മേളനങ്ങള്‍ നടന്നു. കേരളത്തില്‍ ധാരാളം അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥകളും രാഷ്ട്രീയ സാഹിത്യരംഗങ്ങളിലും സ്ത്രീകള്‍ ഉണ്ടായി. ഹലീമാബീവി 1938 ല്‍ മുസ്ലിം വനിത എന്ന പേരില്‍ മാസിക തുടങ്ങി. അതിന്റെ പ്രിന്ററും പബ്ലിഷറും എഡിറ്ററും എല്ലാം ഹലീമാബീവിയായിരുന്നു. 1946 ല്‍ ഹലീമബീവി എഡിറ്ററായിക്കൊണ്ട് രചിച്ച ദിനപ്പത്രമായിരുന്നു ഭാരതചന്ദ്രിക. മറ്റൊരു പ്രസിദ്ധീകരണമാണ് ആധുനികവനിത. ഇതെല്ലാം സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ട് നിര്‍ത്തിവെക്കേണ്ടിവന്നു.

author image
AUTHOR: ഷാജിത നിറമരുതൂര്‍
   (റിസര്‍ച്ച് സ്‌കോളര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി)