കോഴിക്കോട് താലൂക്കില്‍ താമരശ്ശേരി കേന്ദ്രീകരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ പ്രമുഖനായിരുന്നു പുത്തൂര് പാലക്കാംതൊടി അബൂബക്ര്‍ മുസ്‌ലിയാര്‍. അദ്ധ്യാപന രംഗത്തും ആദ്ധ്യാത്മിക മേഖലയിലും നിറഞ്ഞുനിന്ന അദ്ദേഹം ബ്രിട്ടീഷ് മുന്നേറ്റത്തെ, നാടിനെതിരെയുള്ള ഏറ്റവും വലിയ ചൂഷണമായി മനസ്സിലാക്കുകയും അതിനെതിരെ സമരനിരയൊരുക്കുകയും ചെയ്തു. 1921 ല്‍ ഏറനാട്-വള്ളുവനാട് മേഖലകളില്‍ ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ കോഴിക്കോട് ഭാഗങ്ങളില്‍ ഈ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നത് അബൂബക്ക്ര്‍ മുസ്‌ലിയാരാണ്. തികഞ്ഞ രാജ്യ സ്‌നേഹിയായിരുന്ന അദ്ദേഹമാണ് ഈ ഭാഗത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചിരുന്നത്.
മമ്പുറം തങ്ങന്മാര്‍ക്കും വെളിയങ്കോട് ഉമര്‍ ഖാസിയടക്കമുള്ള പണ്ഡിതവര്യന്മാര്‍ക്കും ശേഷം, കേരളക്കരയിലെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലെ ഉലമാ സാന്നിദ്ധ്യത്തിന്റെ വ്യക്തമായ നിദര്‍ശനമാണ് അബൂബക്ര്‍ മുസ്‌ലിയാര്‍. അനവധി മഹല്ലത്തുകളുടെ ഖാസിയും മുദരിസും ആധ്യാത്മിക ധാരകളുടെ നായകനുമായിരിക്കെയാണ് അദ്ദേഹം ബ്രിട്ടീഷുകാരന്റെ അവകാശ നിഷേധത്തിനെതിരെ പോരാടുകയും ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കുകയും ചെയ്തത്. അന്തമാന്‍ ചീഫ് കമ്മീഷ്ണറായിരുന്ന ലഫ്:കേണല്‍ എച് സി ബേഡന്‍ . ഹിച്ചകോക്കും കെ.എന്‍. പണിക്കരും എം. ഗംഗാധരനും എസ്.എഫ്. ഡയ്‌ലും മറ്റു പ്രാദേശിക ചരിത്രകാരന്മാരുമെല്ലാം ഇദ്ദേഹത്തെക്കുറിച്ച് ധാരാളം റഫറന്‍സുകള്‍ നല്‍കുന്നുണ്ട്.
വ്യക്തിയും കാലവും
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുസ്‌ലിയാര്‍ 1874 ല്‍ കൊടുവള്ളിക്കടുത്ത കരുവമ്പൊയിലില്‍ ജനിച്ചു. പിതാവ് പാലക്കാംതൊടി കുഞ്ഞിരായിന്‍ ഹാജി. പ്രാഥമിക മത പഠനത്തിനു ശേഷം പൊന്നാനിയില്‍ പോയി ഉപരിപഠനം നടത്തി. ശേഷം, കുറച്ചു കാലം വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിച്ചു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു അവിടത്തെ ഉസ്താദുമാര്‍. പിന്നീട്, വെല്ലൂര്‍ ബാഖിയാത്തില്‍ പോയി ബിരുദം നേടി. ബാഖിയാത്ത് സ്ഥാപകന്‍ ശാഹ് അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ അവിടെ അധ്യാപകരായി സേവനം ചെയ്തിരുന്ന കാലമായിരുന്നു അത്. പഠനാനന്തരം താമരശ്ശേരിയിലെ ഒരു പള്ളിയില്‍ മുദരിസായി പ്രവര്‍ത്തിച്ചു. കൊടുവള്ളിയിലും പരിസരങ്ങളിലുമായി വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുത്തൂര്‍ പുതിയോത്ത് പള്ളിയെ കേന്ദ്രീകരിച്ചാണ് അബൂബക്ര്‍ മുസ്‌ലിയാര്‍ തന്റെ മത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. അവസാന കാലങ്ങളില്‍ അവിടത്തെ ഖഥീബും ഖാസിയും മുദരിസുമായിരുന്നു അദ്ദേഹം. പ്രഗല്‍ഭരായ അനവധി പണ്ഡിതന്മാര്‍ അദ്ദേഹത്തിനു കീഴില്‍ പഠിച്ചിരുന്നു. കൂടാതെ, കരുവമ്പൊയില്‍, തലപ്പെരുമണ്ണ, വെണ്ണക്കോട്, കൊടിയത്തൂര്‍, ഓമശ്ശേരി, കളരാന്തിരി, കൊടുവള്ളി, താമരശ്ശേരി, കൂടത്തായി, പുതുപ്പാടി തുടങ്ങി കിഴക്കന്‍ കോഴിക്കോടിന്റെ വലിയൊരു ഭാഗത്തിന്റെ ഖാസികൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലും ആശീര്‍വാദത്തിലുമാണ് ഇവിടുത്തെ ഓരോ കാര്യവും മുന്നോട്ടുപോയിരുന്നത്. അക്കാലത്ത് ഉത്തരകേരളത്തില്‍ ജീവിച്ചിരുന്ന വലിയ സൂഫികൂടിയായിരുന്നു അദ്ദേഹം. ഈ ഭാഗങ്ങളിലൊരിക്കല്‍ ക്ഷാമം പിടിപെട്ടപ്പോള്‍ അദ്ദേഹം കരുവമ്പൊയില്‍ വയലില്‍ ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടുകയും മഴയെ തേടുന്ന നിസ്‌കാരം നിര്‍വഹിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തപ്പോള്‍ മഴ പെയ്ത സംഭവം പഴമക്കാര്‍ക്കിടയില്‍ ഇന്നും പ്രസിദ്ധമാണ്.
ഖിലാഫത്ത് നേതൃത്വത്തില്‍
ശക്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അബൂബക്ര്‍ മുസ്‌ലിയാര്‍. ശൗക്കത്തലിയുടെയും ഗാന്ധിജിയുടെയും നേതൃത്വത്തില്‍ നാടുനീളെ ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍ വരികയും അവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്തപ്പോള്‍ മലബാറില്‍ അദ്ദേഹവും അതിന്റെ സജീവ പ്രവര്‍ത്തകനായി മാറി. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഖിലാഫത്ത് കമ്മിറ്റികള്‍ രൂപവല്‍കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന 1921 കാലത്ത് കോഴിക്കോട് മേഖലയുടെ ഖിലാഫത്ത് കമ്മിറ്റി അംഗമായിരുന്നു. കൂടാതെ, പുത്തൂര്‍ ഖിലാഫത്ത് കമ്മിറ്റിയിലും പ്രധാന പദവിയിലുണ്ടായിരുന്നു. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ഈ ഭാഗങ്ങളിലെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. ജന്മി മുന്നേറ്റത്തെ വകവെക്കാതെ അവകാശ നിഷേധത്തിനെതിരെ ശക്തമായൊരു പടയണിയൊരുക്കി സമരമുഖത്ത് ഉറച്ചുനിന്നു.
ജയില്‍ വാസം
താന്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായിട്ടുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം അനുയായികളോടൊപ്പം താമരശ്ശേരിക്കടുത്ത കിഴക്കന്‍ മലകളില്‍ അഭയം തേടി. കുറേകാലം മലമടക്കുകളില്‍ ഒളിവില്‍ കഴിഞ്ഞു. അന്വേഷണം അവിടെയുമെത്തിയപ്പോള്‍ അവിടെനിന്നും രക്ഷപ്പെടുകയും ഒറ്റുകൊടുക്കപ്പെട്ടതിനെ തുടര്‍ന്ന് വെല്ലൂരിലേക്കുള്ള വഴിമധ്യേ ട്രെയിനില്‍വെച്ച് പിടിക്കപ്പെടുകയുമായിരുന്നു. ശേഷം, പട്ടാളം അദ്ദേഹത്തെ വെല്ലൂര്‍ ജയിലിലടച്ചു. 1922 ആഗസ്റ്റ് ഒമ്പതിനു അദ്ദേഹം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റ് ഹിച്‌കോക്കിന്റെ റെക്കോഡ്‌സുകളില്‍ കാണാവുന്നതാണ്. അദ്ദേഹം പിടിക്കപ്പെട്ടതിന്റെ പശ്ചാത്തലവും അദ്ദേഹത്തിന്റെ നിരപരാധിത്വവും ആദര്‍ശവും അതില്‍നിന്നും ശരിക്കും മനസ്സിലാക്കാം. ഈ സ്റ്റേറ്റ്‌മെന്റിനുള്ള പ്രതികരണം 1922 ഡിസംബര്‍ ഏഴ് വ്യാഴാഴ്ച അന്നത്തെ സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജ് ജി.എച്ഛ്.ബി. ജാക്‌സണ്‍ പുറത്തുവിട്ടതായി കാണാം. കേസ് നമ്പര്‍ 32 ആയി പരിചയപ്പെടുത്തുന്ന ഈ വിധിയില്‍ അദ്ദേഹത്തെയും കൂട്ടാളികളെയും മരിക്കുന്നതുവരെ തൂക്കിലേറ്റാനാണ് നിര്‍ദ്ദേശിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ക്കു ശേഷം 1923 ന്റെ തുടക്കത്തില്‍ അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. ഹിജ്‌റ 1341 റമളാന്‍ നാലിനായിരുന്നു ഇത്. ഒരു പണ്ഡിതന്‍ എന്ന നിലക്ക് ജയിലില്‍വെച്ചുതന്നെ ചില പരിഗണന ലഭിച്ചിരുന്നതിനാല്‍ 'കുറ്റവാളികളെ' മറമാടുന്നിടത്തില്‍നിന്നും മാറി, വെല്ലൂര്‍ പള്ളിയോട് ചേര്‍ന്ന് അദ്ദേഹം മറമാടപ്പെട്ടു.
വെല്ലൂരിലെ ജയിലില്‍ കഴിഞ്ഞുകൂടുമ്പോള്‍ പുതിയോത്തെ വീട്ടിലെ തന്റെ ഭാര്യയുടെയും കുട്ടികളുടെയും സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് അദ്ദേഹം രണ്ടു കത്തുകള്‍ എഴുതിയിരുന്നു. ജയിലുകളിലെ വര്‍ത്തമാനങ്ങള്‍ സവിശദം തുറന്നുപറയുന്ന ഇവ ഇന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ സൂക്ഷിച്ചിരിപ്പുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതകളുടെ ഭീകരമുഖം തുറന്നുകാണിക്കുന്നതാണ് അറബി മലയാളത്തിലെഴുതിയ ഈ കത്തുകള്‍. ഇതിലൊന്ന് തൂക്കിലേറ്റപ്പെടുന്നതിന്റെ ഒരാഴ്ച മുമ്പെഴുതിയതും രണ്ടാമത്തേത് തൂക്കിലേറ്റപ്പെടുന്നതിന്റെ തലേ ദിവസമെഴുതിയതുമാണ്. അവ യഥാക്രമം ഇങ്ങനെ വായിക്കാം:
സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് എഴുതിയ ആദ്യ കത്ത്:
''ഹംദ്, സ്വലാത്ത്, സലാം എന്നിവക്കു ശേഷം...
എന്റെ മകന്‍ ഇബ്‌റാഹീം കുട്ടിയും വീടര്‍ പെണ്ണിനും അമ്മായിക്കും ഞങ്ങളുടെ താല്‍പര്യക്കാര്‍ എല്ലാവര്‍ക്കും മൗലവി അബൂബക്ര്‍ വളരെ സലാം. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു.
ഞങ്ങളുടെ മൂന്നാം അപ്പീല്‍ ഇന്നുവരെ വന്നിട്ടില്ല. അത് വന്നാല്‍ നാലാം അപ്പീല്‍ പോലെ ഒന്നുകൂടി എഴുതാനുണ്ട്. അതിന്റെയും മറ്റും വിവരം പിറകെ അറിയിക്കാന്‍ ഉടയവന്‍ കൃപ ചെയ്യട്ടെ, ആമീന്‍.
കുഞ്ഞാലി ഹാജി ശനിയാഴ്ച അയച്ച കത്ത് തിങ്കളാഴ്ച ഇവിടെ കിട്ടി. വിവരം അറിഞ്ഞു. നീ പത്ത് കിത്താബാണ് ഓതിവരുന്നതെന്ന് എഴുതിക്കണ്ടതല്ലാതെ എവിടെനിന്നാണ് ഓതിവരുന്നത്, ആരാണ് പഠിപ്പ് എന്നും അറിയുന്നില്ല. അതുകൊണ്ട്, ആ വിവരത്തിനും നിങ്ങളെ എല്ലാ വര്‍ത്തമാനത്തിനും ഒരു മറുപടിയുംകൂടി അയച്ച്തന്നാല്‍ നന്നായിരന്നു.
ഞങ്ങള്‍ ഇങ്ങനെ ആയതുകൊണ്ട് നിങ്ങള്‍ മുഷിക്കേണ്ട. റബ്ബ് വെച്ച അജല്‍ എത്തുമ്പോള്‍ എവിടെ ആയാലും മൗത്ത് ലാസിമാണല്ലോ. ഇവിടെ ഈ ജയിലില്‍ ഖിലാഫത്ത് വകയായി തൂക്കപ്പെടുന്ന ഓരോരുത്തരെ മറ അടക്കേണ്ടതിന്നും മറ്റും ഈ രാജ്യക്കാരായ മുസ്‌ലിംകള്‍ പിരിച്ചുകൂട്ടിയ അനവധി ഉറുപ്പികയില്‍ ഇരുപത്തിയഞ്ച് ഉറുപ്പിക ഓരോരുത്തര്‍ക്ക് ചെലവ് ചെയ്ത് വളരെ ആരമ്പത്തിലും ബഹുമാനത്തിലും മറചെയ്യപ്പെടുന്നു എന്നു മാത്രമല്ല, നല്ല ഉലമാക്കന്മാരും മുതഅല്ലിമീങ്ങളും സ്വാലിഹീങ്ങളും സിയാറത്ത് ചെയ്യുക, അത് കൊണ്ടും അവസാനം റഫീഖുല്‍ അഅ്‌ലാനെ ചോദിച്ച റബ്ബിന്റെ ഉമ്മത്ത്മാരാല്‍ ആക്കിത്തന്നത്‌കൊണ്ടും ഖബറിലെ താമസം കുറക്കാന്‍ ഇത്ര ആയുസ്സ് നീട്ടി തന്നത്‌കൊണ്ടും മുമ്പ് മഴയെ തേടിയ വര്‍ത്തമാനം ഇവിടെ ശ്രുതിപ്പെട്ടതിനാല്‍ ഇവിടെയുള്ള ജെഫ് വാഡര്‍ മുതലായവര്‍ക്ക് കുറച്ച് ഇഅ്തിഖാദ് ഉണ്ടായത് കൊണ്ടും നേറ്റിയില്‍ കുറയാതെ വല്ലതും സാധിക്കാനും മതി. ഇങ്ങനെ ഉടയവന്‍ ചെയ്തതുകൊണ്ട് സന്തോഷപ്പെടുന്നു.
അതുകൊണ്ട് നിങ്ങളെല്ലാരും എന്റെ ഈമാന്‍ സലാമത്താവാനും മൗത്ത് എളുപ്പമാവാനും റമളാന്‍ വെള്ളിയാഴ്ച ആയിക്കിട്ടാനും തേടണം. ശേഷം, പിറകെ, കിത്താബിന്റെയും മറ്റുള്ള മുതലിന്റെയും കാര്യത്തില്‍ ഇതോടുകൂടി എഴുതുന്ന കത്തില്‍ പറയുംപ്രകാരം ആക്കണം. ഞമ്മളെ എല്ലാവരെയും റബ്ബ് രണ്ടു വീട്ടിലും നന്നാക്കട്ടെ, ആമീന്‍.
പഠിപ്പില്‍ ഉപേക്ഷകൂടാതെ ഉല്‍സാഹിക്കണം. എന്റെ പിറകെ നീയും ഉമ്മയും എനിക്കുവേണ്ടി ഓരോ ജുസ്അ് ദിവസം മറക്കാതെ ഓതി എനിക്കു ഹദ്‌യ ചെയ്യുമെന്ന് വിചാരിക്കുന്നു. എളാപ്പാന്റെ വക ഓതിവരുന്ന ഒരു ജുസ്അ് വിടാതെ നിമിര്‍ത്തിക്കണം. കുഞ്ഞിരായിന്‍ സലാം പറഞ്ഞിരിക്കുന്നു.
ഞങ്ങളെ മൂന്നാം അപ്പീല്‍ ഇന്നലെ ജുമുഅന്റെ മുമ്പു വന്നു. നാലാമത്തെത് ഇതാ പോയിരിക്കുന്നു. ഉടനെ വരുമെന്ന് വിചാരിക്കുന്നു. വന്നാല്‍ വിവരം എഴുതാന്‍ ഉതക്കം ചെയ്യട്ടെ, ആമീന്‍.
ഇന്ന് മാസം ശഅബാന്‍ 26 ശനി. എല്ലാവര്‍ക്കും സലാമും വിവരവും എന്റെ മേലില്‍ പറഞ്ഞവര്‍ക്ക്.''
അബൂബക്ര്‍ മുസ്‌ലിയാര്‍ മരണപ്പെടുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം എഴുതി അയച്ച കത്തിന്റെ പൂര്‍ണ രൂപം:
ഹംദ്, സ്വലാത്ത്, സലാം എന്നിവക്കു ശേഷം...
ഇന്ന് ഹിജ്‌റ 1341 റമളാന്‍ 3 യൗമുല്‍ ജുമുഅ. ഞങ്ങളെ നാലാമത്തെതും സ്ഥിരമായി ഇതാ വന്നിരിക്കുന്നു. അതുകൊണ്ട് ഇവന്റെ വിധി ഉടയവന്റെ കുറിയോടടുത്താല്‍ നാളെ നോമ്പ് മുറിക്കാന്‍ ഹള്‌റത്തില്‍ ആവണമെന്ന് വിചാരിക്കുന്നു. അവന്റെ ശഹീദന്മാരെ കൂട്ടത്തില്‍ നമ്മളെ അവന്‍ ആക്കിത്തരട്ടെ, ആമീന്‍.
ഇവിടെ തൂക്കപ്പെടുന്ന ശഹീദന്മാരെ മറചെയ്യപ്പെടുന്ന വലിയ ജുമുഅ പള്ളിക്കല്‍ അവസ്ഥ പോലെ അടക്കപ്പെടുന്നതില്‍ ഇവര്‍ക്ക് കെട്ടിനു പുറമെയും എനിക്ക് പള്ളിയോട് ചേര്‍ന്ന കെട്ടിന്റെ ഉള്ളിലും ഖബര്‍ ശരിയാക്കിയിരിക്കുന്നുവെന്നും നാളെ അടക്കം ചെയ്തിട്ടേ അങ്ങാടി തുറക്കപ്പെടൂ എന്നും രണ്ടു മദ്‌റസന്റെ അഹ്‌ലുകാരും കൂടുന്നതാണെന്നും ഒരു മൈലീസ് ദൂരം വരെ പെരുവാല്യക്കാരെ പെരുപ്പത്താല്‍ അന്യര്‍ക്ക് നടക്കാന്‍ നിവൃത്തി ഇല്ലാത്ത വിധം ആള് കൂടാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നും മൂന്നു ദിവസം ഉലമാഅ്, സുലഹാഅ് കൂടി ഖബറുങ്ങല്‍ ഖത്തം ഓത്ത് ഉണ്ടെന്നും മറ്റും അറിയിക്കപ്പെടുന്നതുകൊണ്ട് പ്രത്യേകം ആശ്രയിക്കുന്നില്ല. ഉടയവന്‍ ഈമാന്‍ കൊണ്ട് ബഹുമാനിച്ച ഈ നാളിന്റെ ബര്‍ക്കത്തുകൊണ്ട് റഹ്മത്തിന്റെ വാതില്‍ തുറന്ന് ഇവരെ ശഹാദത്തിന്‍ ഖബൂല്‍ ചെയ്ത് കേസ് സാക്ഷികളെ സഹായം സിദ്ധിക്കാതെ സങ്കടം തീര്‍ത്ത്, സന്തോഷം സിദ്ധിപ്പിക്കാന്‍ ആശിക്കുന്നു.
ലഅല്ല റഹ്മത്ത റബ്ബീ ഹീന യഖ്‌സിമുഹാ...
തഅ്തീ അലാ ഹസ്ബില്‍ ഇസ്‌യാനി ഫില്‍ ഖിസമീ...
അന്‍തല്‍ അലീമു വ ഖദ് വജ്ജഹ്ത്തു മിന്‍ അമലീ...
ഇലാ റജാഇക്ക വജ്ഹന്‍ സാഇലന്‍ വബദാ...
വ ലിര്‍റജാഇ സവാബുന്‍ അന്‍ത തഅ്‌ലമുഹു...
ഫജ്അല്‍ സവാബീ ദവാമ സ്സിത്‌രി ലീ അബദാ...
ഇതില്‍ പെരുത്ത് തങ്ങന്മാരും ഖവാസ്സ്വുല്‍ ഖവാസ്സ്വും ഉണ്ടുപോലെ. സ്ഥിരമായി പാര്‍ക്കാന്‍ പോവേണ്ടിടത്തുനിന്ന് കത്ത് അയക്കാന്‍ കൂടാത്തതുകൊണ്ട് എന്നേക്കും ദുആക്ക് കൊതിച്ച് ഇതിയില്‍ ചുരുക്കുന്നു. ഉടയവന്‍ ലോഗ്യക്കാരായിട്ട് നാളെ ഞമ്മളെയെല്ലാവരെയും ഒരുമിച്ചുകൂട്ടിത്തരട്ടെ, ആമീന്‍.
യത്തീമുകള്‍ക്ക് കൃഫ ചെയ്യുന്ന ബാപ്പാരെപ്പോലെയും ബായക്കാടച്ചികള്‍ക്ക് കൃഫ ചെയ്യുന്ന മാപ്പിളമാരെ പോലെയും നിങ്ങളെ ഞങ്ങള്‍ കരുതുന്നു. അല്ലാഹു ഉദക്കം ചെയ്യട്ടെ, ആമീന്‍.
പേരും വിവരവും എഴുതാന്‍ സമയം കുറഞ്ഞതുകൊണ്ട് ഖാസ്സ്വായിട്ടും ആമ്മായിട്ടും നിങ്ങള്‍ക്കെല്ലാവര്‍ക്കും, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു. കുഞ്ഞിരായിന്‍ നിങ്ങള്‍ക്ക് സലാം.
അല്ലാഹുമ്മഗ്ഫിര്‍ ലീ വലി വാലിദയ്യ വലി ജമീഇല്‍ മുഅ്മിനീന വല്‍ മുഅ്മിനാത്ത്.
അല്ലാഹുമ്മഫ്അല്‍ ബീ വ ബിഹിം ആജിലന്‍ വ ആജിലന്‍ ഫിദ്ദീനി വദ്ദുന്‍യാ വല്‍ ആഖിറത്തി മാ അന്‍ത ലഹു അഹ്‌ലുന്‍. വലാ തഫ്അല്‍ ബിനാ യാ മൗലാനാ മാ നഹ്‌നു ലഹു അഹ്‌ലുന്‍. ഇന്നക്ക ഗഫൂറുന്‍ അലീമുന്‍ ജവാദുന്‍ കരീമുന്‍ റഊഫുന്‍ റഹീം.
ഈ രണ്ടു ദിക്‌റിനെ സുബ്ഹിന്റെ പിറകെ ചട്ടമാക്കുന്നത് നല്ലതാണ്. ഹിജ്‌റ 1291 ശഅ്ബാന്‍ 22 നാണ് എന്റെ പിറവിയെന്ന് ഉമ്മ ബാപ്പ പറയുന്നത് കേട്ടിരുന്നു. ആമീന്‍.
പുത്തൂര്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റും കോഴിക്കോട് താലൂക്കിലെ അധിനിവേശവിരുദ്ധ സമരത്തിന്റെ നായകനുമായ അബൂബക്ര്‍ മുസ്‌ലിയാര്‍ കേരളമുസ്‌ലിം അധിനിവേശ വിരുദ്ധ ചരിത്രത്തില്‍ ഏറെ പുറത്തുവരാതെ പോയ ഒരു അദ്ധ്യായമാണ്. ഡോ. സി.കെ. കരീം കേരളമുസ്‌ലിം ഡയറക്ടറിയില്‍ ചെറിയ വിവരണം നല്‍കുന്നുണ്ടെങ്കിലും അത് വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലായെന്നതാണ് വസ്തുത. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ആലി മുസ്‌ലിയാരോടും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയോടും കൂടെ ചേര്‍ന്നു അദ്ദേഹം നടത്തിയ മുന്നേറ്റങ്ങള്‍ തീര്‍ച്ചയായും പുറത്തുവരേണ്ടതാണ്. ഈ രണ്ടു കത്തുകള്‍ അതിലേക്കുള്ള ചൂണ്ടുപലകകളാണ്.
1. R.H. Hitchcock- Peasant Revolt in Malabar: A history of the Malabar Rebellion, 192, Usha Publication, New Delhi, 1983
2. K.N. Panikkar- Against Lord and State; Religion and Peasant Uprisings in Malabar 1836-1921
3. S.F. Dale- Islamic Society on the South Asian Frontier: The Mappilas of Malabar 1498-1922-
4. Judith M. Brown- Gandhi’s Rise to Power: Indian Politics 1915-1922, Cambridge Press, 1972
5. K.N. Panikkar (editor)- Peasant Protests and Revolts in Malabar, Indian council of History, New Delhi, 1990
6. സി. ഗോപാലന്‍ നായര്‍- മാപ്പിള കലാപം, 1921
7. കെ. മാധവന്‍ നായര്‍- മാപ്പിള കലാപം, മാതൃഭൂമി
8. കെ.കെ. കരീം- വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കലിമ ബുക്‌സ്, കോഴിക്കോട്, 1992
9. കെ.ടി. മുഹമ്മദ്- 1921 ലെ മലബാര്‍ ലഹള (ചരിത്ര കാവ്യം)