പത്തൊമ്പതാം നൂറ്റാണ്ടിലും അതിനുശേഷം 1921 വരെയും മലബാറില്‍ ജന്മിത്വ-ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെയുള്ള കലാപങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, മട്ടന്നൂര്‍, കുളത്തൂര്‍, നിലമ്പൂര്‍, കല്‍പകഞ്ചേരി, പുല്ലങ്കോട്, ഒഴൂര്‍, മഞ്ചേരി തുടങ്ങി ഒരുപാട് സ്ഥലങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ആലി മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് ഹാജി, എന്‍.പി. നാരായണന്‍, ചെമ്പ്രശ്ശേരി തങ്ങള്‍, കട്ടിലശ്ശേരി മുസ്‌ലിയാര്‍, ആത്തന്‍കുരിക്കള്‍ തുടങ്ങി ഒരുപാട് വ്യക്തികള്‍ ഇത്തരം കലാപത്തിന് നേതൃത്വം കൊടുക്കുകയുണ്ടായി. എല്ലാവരിലും ജന്മികളില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്ന ബോധമാണ് നിറഞ്ഞുനിന്നിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപങ്ങള്‍
പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ കലാപങ്ങള്‍ ഏറെയും നടന്നത് ഏറനാട്ടിലും വള്ളുവനാട്ടിലുമാണ്. വിദ്യാഭ്യാസത്തിലും കാര്‍ഷികാഭിവൃദ്ധിയിലും താരതമ്യേന പിന്നോക്കമായിരുന്ന ഈ രണ്ടു താലൂക്കുകളിലാണ് ജില്ലയിലെ മാപ്പിള ജനസംഖ്യയുടെ 37 ശതമാനം വസിച്ചിരുന്നത്. ഏറനാട്ടില്‍ 60 ശതമാനവും വള്ളുവനാട്ടില്‍ 35 ശതമാനവും ആയിരുന്നു മാപ്പിളമാര്‍. ഏറനാട്ടുതാലൂക്കിന്റെ വിസ്തീര്‍ണമായ 618496 ഏക്കറില്‍ 189923 ഏക്കര്‍ മാത്രമെ കൃഷിയോഗ്യമായി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളത് തരിശുനിലങ്ങള്‍ ആയിരുന്നു. ഭൂമി നഷ്ടമായിത്തീര്‍ന്നവര്‍ കൊടിയ ദാരിദ്ര്യത്തിലും കൈവശമുള്ളവര്‍ ഏതു നിമിഷവും ഭൂമി നഷ്ടപ്പെട്ടേക്കും എന്നുള്ള ഭയത്തോടെയുമാണ് കഴിഞ്ഞത്.
1852 ല്‍ മാപ്പിള കലാപങ്ങളെ അന്വേഷിക്കാന്‍ നിയുക്തനായ ടി.എല്‍. സ്‌ട്രേഞ്ജ് ഇതിനു തുടക്കമായി കണ്ടത് പന്തല്ലൂരിലെ ഹിന്ദു ജ്യോത്സ്യനെ കുത്തിക്കൊന്നതും മൂന്നുപേരെ പരിക്കേല്‍പ്പിച്ചതുമാണ്. 1836 നും 1840 നും ഇടയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ വളരെ കുറച്ച് കലാപകാരികളെ ഉള്‍പ്പെട്ടിരുന്നുള്ളൂ. ഇക്കാലത്തുനടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന അഞ്ചുകലാപങ്ങളെ പറ്റിയുള്ള വിശദമായ ഔദ്യോഗിക രേഖകള്‍ ലഭ്യമല്ല. ഇതില്‍ കൊല്ലപ്പെട്ട ആറു ഹിന്ദുക്കളില്‍ രണ്ടുപേര്‍ ജന്മിമാരായിരുന്നു.
1841 ഏപ്രില്‍ 5 ന് വള്ളുവനാട്ടെ പള്ളിപ്പുറം ഗ്രാമത്തിലുണ്ടായ കലാപത്തിനും അതേ വര്‍ഷം നവംബര്‍ 14ന് മണ്ണൂര്‍ ഗ്രാമത്തിലുണ്ടായ കലാപത്തിന് കാരണമായത് കര്‍ഷക ഭൂവുടമ തര്‍ക്കങ്ങളായിരുന്നു. ആദ്യത്തേതില്‍ കുഞ്ഞോലന്‍ എന്ന കുടിയാനെ മേല്‍ചാര്‍ത്ത് നടത്തി പുറത്താക്കിയതിനു പ്രതികാരമായി തന്റെ ജന്മി പെരുമ്പള്ളി നമ്പൂതിരിയെ കൊന്നു എന്നതായിരുന്നു കേസ്. കൊലയ്ക്ക് സഹായികളായി ഇയാളുടെ രണ്ടുമക്കള്‍ക്കു പുറമെ ആറ് അയല്‍വാസികളും ഉള്‍പ്പെട്ടിരുന്നു. കുഞ്ഞോലനോട് ജന്മി കടുത്ത അനീതി കാട്ടുകയുണ്ടായി എന്നു വിശ്വസിച്ചിരുന്നതുകൊണ്ടാണ് അടിയാളന്മാരായവര്‍ സഹായത്തിനെത്തിയത്.
1841 ലെ പള്ളിപ്പുറം കലാപം
1841 ല്‍ മങ്കട പള്ളിപ്പുറത്ത് ഉണ്ടായ ലഹളയില്‍ അവിടത്തെ (മങ്കട പള്ളിപ്പുറം) ഒരു നമ്പൂതിരിയെയും ജന്മിയായ പെരുമ്പള്ളി നമ്പൂതിരിയെയും മററും ലഹളക്കാര്‍ കൊല്ലുകയും നമ്പൂതിരിയുടെ ആശ്രിതന്മരായ ചില ഹിന്ദുക്കളുടെ പുര ചുട്ടുനശിപ്പിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ നമ്പൂതിരിയുടെ ഇല്ലത്ത് താമസമുറപ്പിക്കുകയും അവിടെ വെച്ചു പട്ടാളക്കാര്‍ അവരെ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഈ ലഹളക്കാരില്‍ പ്രധാനി കുഞ്ഞോലന്‍ ആയിരുന്നു. കുഞ്ഞോലന്റെ കൈവശമുണ്ടായിരുന്ന ഒരു പറമ്പ് ജന്മി മേല്‍കാണം കൊടുത്ത് മേല്‍ച്ചാര്‍ത്തുകാരന്‍ ഒഴിപ്പിച്ചത് നിമിത്തമായിരുന്നു ഈ വിരുദ്ധ സമരമുണ്ടായത്1.
ഇതില്‍ നന്നും ജന്മിയുടെ ദ്രോഹമാണ് മാപ്പിള കുടിയാനെ കലാപത്തിന് പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്. ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ കാണുന്ന കാരണം മറ്റെന്തോ ആയിരിക്കും. 1841 ല്‍ തന്നെ നടന്ന മറ്റൊരു സംഭവത്തിന്റെ കാരണമായി പറയപ്പെടുന്നത് സമാനമായ ഒന്നാണ്.
കുളത്തൂര്‍ കലാപം
1851 ല്‍ കുളത്തൂര്‍ വെച്ച് ഒരു കലാപമുണ്ടായി. മലപ്പുറത്തിനു ഏതാനും മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു നാടാണ് കുളത്തൂര്‍. ജന്മിയായ ഒരു വാരിയര്‍ പള്ളികെട്ടുന്ന കാര്യത്തില്‍ മാപ്പിളമാര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് കുളത്തൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ കലാപത്തില്‍ ഏതാനും ഹിന്ദുക്കളും പള്ളി കെട്ടുന്നതില്‍ തടസ്സം നിന്ന ജന്മിയായ വാര്യരും വധിക്കപ്പെട്ടു.
ലഹളക്കാര്‍ വാരിയത്തെത്തി സ്ത്രീകളോടും കുട്ടികളോടും വീടുവിട്ടുപോകാന്‍ പറഞ്ഞു. അവരും വാരിയരുടെ രണ്ടു അനന്തരന്മാരും രക്ഷപ്പെട്ടു. മൂപ്പില്‍ വാരിയര്‍ക്കു 72 വയസ്സു പ്രായമായിരുന്നു. അയാള്‍ ഒരു മുറിയില്‍ അടിച്ചിരിപ്പായി. അപ്പോഴേക്ക് അവിടത്തുകാരായ ചില ഹിന്ദുക്കള്‍ ആ പ്രദേശത്തുകാരായ മാപ്പിളമാരെ ശരണം പ്രാപിച്ചു. പക്ഷെ ഈ വന്നവരില്‍ തന്നെ ചിലര്‍ ലഹളക്കാരോടുചേര്‍ന്നു വാരിയരെ ഉപദ്രവിക്കാന്‍ കൂടുകയാണുണ്ടായത്. വാരിയര്‍ ചെറുപ്പം മുതല്‍ക്കു തന്നെ വളര്‍ത്തികൊണ്ടുവന്ന ഒരു മാപ്പിളയായിരുന്നു അയാള്‍ ഒളിച്ചിരുന്ന സ്ഥലം ലഹളക്കാര്‍ക്ക് കാണിച്ചുകൊടുത്തതും ലഹളക്കാര്‍ പോയെന്ന് ഉപായം പറഞ്ഞ് വാരിയരെ പുറത്ത് വരുത്തി അടുത്തുള്ള പാടത്ത് കൊണ്ടുപോയി വെട്ടി കൊലപ്പെടുത്തുകയും ചെയ്തു.
മട്ടന്നൂര്‍ കലാപം
വടക്കേ മലബാറിലുണ്ടായ ഏക കലാപമായ മട്ടന്നൂര്‍ കലാപത്തിനും വസ്തുതര്‍ക്കങ്ങളാണ് വഴിയൊരുക്കിയത്. കല്ലാറ്റിന്‍ കുടുംബാംഗമായ ബ്രാഹ്മണ ജന്മിയുടെ കുടിയാന്മാരായ തയ്യില്‍ കുടുംബങ്ങളില്‍ പെട്ട ഒമ്പതു കുടിയാന്മാരാണ് ഇതില്‍ ആദ്യം പങ്കുകൊണ്ടത്. കുരുമുളക് തോകച്ചവടവും പണവായ്പയും ഒപ്പം നടത്തിയിരുന്ന കല്ലാറ്റിലെ ഈ ബ്രാഹ്മണനായിരുന്നു ദേശത്തെഒരു പ്രധാന ജന്മി. മുപ്പതോളം മാപ്പിള കുടിയാന്മാര്‍ ഇയാളുടെ കീഴിലുണ്ടായിരുന്നു. ഇടയ്ക്കിടെ പാട്ടം വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന നികുതി ഈടാക്കുകയും ചെയ്തിരുന്ന ജന്മി ഒട്ടും ജനസമ്മതിയില്ലാത്ത ഒരു ചൂഷകനായിരുന്നു. ചൂരിയോട്ട് കുടുംബക്കാര്‍ ഇയാളോട് അമിതമായി കടപ്പെട്ടിരുന്നപ്പോള്‍ തയ്യില്‍കാര്‍ ഇയാളില്‍നിന്നും കോടതി വഴി ഒരു കുടിയൊഴിപ്പിക്കല്‍ കേസിനെ നേരിടുന്നുണ്ടായിരുന്നു.
ഗ്രാമത്തിലെ വസ്തുക്കളുടെ മേല്‍ ജന്മി നിയന്ത്രണം സ്ഥാപിച്ചിരുന്നത് ഇവിടെയുള്ള ധനിക മാപ്പിളമാരുടെ താല്‍പര്യത്തിനു ഹാനികരമായി. പ്രത്യേകിച്ചും ഭൂസ്വത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കൊറ്റാലെ കുടുംബത്തിന് ഈ ഗ്രാമത്തില്‍ കൊറ്റാലെക്കാര്‍ ഭൂമി സ്വന്തമാക്കുന്നത് പലയവസരങ്ങളിലും നിയമനടപടികള്‍ വഴി ജന്മി തടുത്തിരുന്നു. എങ്കിലും ജന്മിയോട് എതിര്‍ത്തുനില്‍ക്കാന്‍ അവരോട് വിരുദ്ധമായി പോരാടാന്‍ ധനശേഷിയുള്ളവര്‍ ഇവരായിരുന്നു. തങ്ങളുടെ മര്‍ദ്ദകരായ ജന്മിമാരെ കടിഞ്ഞാണിടുന്നതിനുള്ള ഒരു സഹായകേന്ദ്രമായി മാപ്പിള കുടിയാന്മാര്‍ ഇവരെ കരുതി. ഇത് കൊറ്റാലക്കാര്‍ക്ക് മാപ്പിളമാരുടെ ഇടയില്‍ നല്ല സ്വാധീനം ഉണ്ടാക്കി കൊടുത്തു. ഇക്കാരണത്താല്‍ കര്‍ഷകരുടെ അസംതൃപ്തിയില്‍ നിന്ന് മുതലെടുത്ത് നിയമപരമായി തങ്ങള്‍ക്ക് നേടാന്‍ കഴിയാത്തതിനെ നേടിയെടുക്കാമെന്ന് ഇവര്‍ കരുതിക്കാണും.
കല്ലാറ്റില്‍ ജന്മിയുടെ കുടിയാന്മാരെ ഹിംസ വഴി സങ്കടപരിഹാരം നേടുന്നതിന് തയ്യാറാക്കാന്‍ കൊറ്റാല കുടുംബം സജീവ താല്‍പര്യം കാട്ടി. കലാപസംഘത്തിലെ അംഗങ്ങളായ ഒമ്പതുപേര്‍ 1851 നവംബറില്‍ മമ്പുറം പള്ളിയിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മട്ടന്നൂരില്‍ നിന്ന് 90 മൈല്‍ ദൂരത്തേക്കുള്ള ഈ യാത്രയുടെ ചെലവ് വഹിച്ചത് കൊറ്റാലയായിരുന്നു. എന്തുതന്നെയായാലും കല്ലാറ്റില്‍ ജന്മിയെ വകവരുത്താനുള്ള പദ്ധതി ഇവര്‍ തിരൂരങ്ങാടിയിലേക്കു തിരിക്കുന്നതിനുമുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. നബിയുടെ ജന്മദിനമായ 1852 ജനുവരി 4 ന് കലാപകാരികള്‍ വലോട് പള്ളിയില്‍ ചെന്ന് പ്രാര്‍ത്ഥനകളും മൗലീദും നടത്തി അടുത്ത ദിവസം രാവിലെ തോക്കുകളും കത്തികളുമായി ഇവര്‍ കല്ലാറ്റിലേക്ക് പോയി. ഈ നിശ്ചിത ദിവസം തെരെഞ്ഞെടുക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് മതാഘോഷമെന്ന സംശയം കൂടാതെ കൂട്ടംകൂടി നടത്തുന്നതിന് കഴിയും. രണ്ട് മാപ്പിളമാര്‍ അധികമായി പള്ളിയിലെത്തുന്ന ദിവസമായിരുന്നു അന്ന്. തുടക്കത്തില്‍ ഇവര്‍ ഒന്‍പത് പേര്‍ മാത്രമായിരുന്നുവെങ്കിലും ജന്മിയുടെ മതില്‍ക്കെട്ടു തകര്‍ത്ത് വീടാക്രമിച്ചപ്പോള്‍ ഇരുനൂറു പേരുണ്ടായിരുന്നു.
തുടക്കത്തില്‍ ആസൂത്രണം ചെയ്ത പദ്ധതിയില്‍ കല്ലാറ്റില്‍ ജന്മിയെ കൊല്ലുക എന്ന ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിലും പുതിയ അംഗങ്ങളുടെ കടന്നുവരവ് പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തി.
മേലാറ്റൂര്‍ ലഹള
1880 ല്‍ മാപ്പിളമാരില്‍ ഏതാനുംപേര്‍ ലഹളക്കൊരുങ്ങി പുറപ്പെട്ടു. മേലാറ്റൂരിലുള്ള രണ്ട് പ്രധാന ജന്മികളായ അപ്പദുരപ്പട്ടരെയും കൃഷ്ണപിഷാരടിയെയും കയ്യേറ്റം ചെയ്യുകയായിരുന്നു അവരുടെ ഉദ്ദേശ്യലക്ഷ്യം. പക്ഷെ കൊല്ലുവാന്‍ ചെന്ന ആളെ പിഷാരടിയുടെ കാവല്‍ക്കാരന്‍ വെടിവെച്ചുകൊന്നു.
ഈ സംഭവത്തിനുശേഷം അന്ന് മദ്രാസ് ഗവര്‍ണറായിരുന്ന ബക്കിംഗാം പ്രഭുവിനു ഒരു വാറോല കിട്ടി മലബാറിലെ കൃഷിക്കാരുടെ സങ്കടങ്ങളും പരാതികളും അതില്‍ സവിസ്തരം പ്രസ്താവിച്ചിരുന്നു. മാപ്പിളമാരുടെ മതഭ്രാന്തും കുറ്റവാസനയും മാത്രമാണ് ലഹളക്കു മുഖ്യകാരണമെന്നും അല്ലാതെ ജന്മിമാരുടെ ഉപദ്രവമല്ലെന്നുമാണ് സ്‌ട്രേഞ്ജ് റിപ്പോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. അതു ശുദ്ധ അബദ്ധമാണെന്നും കൃഷിക്കാരുടെ മേല്‍ ജന്മികള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രയാസങ്ങള്‍ തന്നെയാണ് ലഹളക്ക് സാക്ഷാല്‍ ഹേതുവായത്.
പില്‍ക്കാല കലാപങ്ങള്‍
ഇത്തരം കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാരുപയോഗിച്ച കര്‍ശന മാര്‍ഗങ്ങള്‍ പത്തിരുപത് കൊല്ലത്തേക്ക് ശാന്തി വരുത്തിയെങ്കിലും നാട്ടിന്‍പുറങ്ങളില്‍ നിലനിന്ന ജീവിത സാഹചര്യങ്ങള്‍ ഇത് ഏറെനാള്‍ തടുക്കുന്നതിനു സഹായിച്ചില്ല. 1870 നും 1900 നും ഇടയില്‍ മാപ്പിളമാരുടെ മൂന്നു സായുധ കലാപങ്ങള്‍കൂടി ഉണ്ടായി. മുമ്പത്തെപ്പോലെ ഇവയിലും ഭൂമിക്കുമേലുള്ള തര്‍ക്കങ്ങള്‍ സംഘട്ടനത്തിന് മൂലകാരണമായപ്പോള്‍ മതം പ്രത്യയശാസ്ത്രപരമായ പങ്കുവഹിച്ചു. 1873 ലെയും 1896 ലെയും കലാപങ്ങളില്‍ ഈ ഘടകങ്ങളുടെ സ്വാധീനം വളരെ വലുതാണ്.
ഒരു പള്ളിപ്പറമ്പിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് 1873 ലെ കലാപത്തിലെത്തിച്ചത്. കാരമ്പനായരെന്ന ധനികനായ ജന്മിയില്‍ നിന്നും കാണമായി എടുത്ത വസ്തുവില്‍ തുടക്കല്‍ ഗ്രാമത്തിന്റെ അധികാരിയായിരുന്ന നെല്ലാമ കുഞ്ഞാമന്‍ ഒരു പള്ളിയുണ്ടാക്കി. കുടിയൊഴിപ്പിക്കലിനെ തടുക്കാനായി മാപ്പിളമാര്‍ പലപ്പോഴും പയറ്റിയ തന്ത്രം തന്നെ ഈ അധികാരിയും ഉപയോഗിച്ചു. ജന്മി ഇതിനെ എതിര്‍ത്തെങ്കിലും മാപ്പിളമാരുടെ ആക്രമണത്തെ ഭയന്ന് നിയമനടപടിക്ക് തുനിഞ്ഞില്ല. അധികാരിക്കു തടയിടാനായി പകരം ജന്മി തന്റെ ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെ സഹായത്തോടെ ഹിന്ദുമത വികാരങ്ങളെ ഉണര്‍ത്തിവിട്ടു. ഈ പ്രദേശത്ത് വസൂരി പടര്‍ന്നുപിടിച്ചത് ദേവതയുടെ അപ്രീതിയാലാണെന്നും പള്ളി തകര്‍ക്കുന്നതില്‍ പങ്കുചേരാന്‍ മറ്റുളളവര്‍ക്ക് ഭയമാണെന്നുണ്ടെങ്കില്‍ താന്‍ തന്നെ അത് നിര്‍വ്വഹിക്കാമെന്നും കൂട്ടി ചേര്‍ത്തു. ഇതിന്‍ ഫലമായി പള്ളി തകര്‍ക്കുമെന്ന പൊതുജനാഭിപ്രായം കലാപം ഉണ്ടാക്കുന്നതിന് മുഖ്യകാരണമായി. ഭൂമി നഷ്ടപ്പെടുന്ന അധികാരികളുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ചെയ്ത ഗൂഢാലോചനകളാണ് ഇതില്‍ മുഖ്യ പങ്കുവഹിച്ചത്. ജന്മി ചെയ്തപോലെ ഇയാളും മതവികാരങ്ങളെ ഉണര്‍ത്തിവിട്ടു.
അര നൂറ്റാണ്ടിനിടയില്‍ മലബാറില്‍ പലയിടത്തുമായി പൊട്ടിപുറപ്പെട്ട അനവധി കര്‍ഷക കലാപങ്ങളുടെ പരമകാഷ്ഠയാണു 1921 ലെ മഹത്തായ കര്‍ഷക കലാപം. കാര്‍ഷിക അസ്വാസ്ഥ്യതയുടെ തീജ്ജ്വാലയാല്‍ തെക്കേ മലബാറിലെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു. വന്‍ കര്‍ഷക ജനാവലികള്‍ക്കിടയില്‍ ആഴമേറിയ ചലനങ്ങളുണ്ടായി ദിവസങ്ങള്‍ പിന്നിടുന്തോറും കൃഷിക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ നിഷ്‌കര്‍ഷിക്കാനും വിപ്ലവകരമായ നിലപാട് നല്ലതോതില്‍ സ്പഷ്ടമാക്കാനും തുടങ്ങി. 1920 ല്‍ മഞ്ചേരിയിലൊരു കര്‍ഷക സമ്മേളനം കൃഷിക്കാരുടെ ആവശ്യങ്ങളെ പിന്താങ്ങുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു. മലബാറില്‍ പലയിടത്തും കൃഷിക്കാരുടെ ജന്മി വിരുദ്ധ സംഘങ്ങള്‍ രൂപപ്പെട്ടു.
മാപ്പിള കര്‍ഷക കലാപകാരികള്‍ ഒരിക്കലും ഹിന്ദു വിരുദ്ധരായിരുന്നില്ല. അവര്‍ കടുത്ത ജന്മി വിരുദ്ധരും ഗവണ്‍മെന്റ് വിരുദ്ധരുമായിരുന്നു. ഒളിവിലുള്ള കലാപകാരികളുടെ നീക്കങ്ങളും മറ്റു വിവരങ്ങളും പോലീസിനു ഒറ്റികൊടുത്ത് ചില ഹിന്ദുക്കള്‍ ഗവര്‍മെന്റിനെ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് മാപ്പിള കര്‍ഷക കലാപകാരികള്‍ അത്തരം ഹൈന്ദവ ഗൃഹങ്ങള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയത്.
ജന്മിമാര്‍ ഒന്നടങ്കം കൃഷിക്കാര്‍ക്കെതിരെ സര്‍ക്കാരിനെ പിന്തുണച്ചു മലബാറിലെ ഏറ്റവും സമ്പന്ന ജന്മിയും വന്‍കിട ജന്മിയും ആയിരുന്ന വാഴിയോട്ട് മന, നിലമ്പൂര്‍ രാജ, ഊര്‍പ്പുളശ്ശേരിമന തുടങ്ങിയവരും കര്‍ഷക കലാപകാരികള്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് പൂര്‍ണ്ണമായും അണിനിരന്നു. മാപ്പിളമാര്‍ കലാപത്തില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വളരെ ശക്തമായി ജന്മികള്‍ക്കെതിരെ നടന്ന ഒരു കലാപമായിരുന്നു കര്‍ഷക കലാപം3.
മണ്ണാര്‍ക്കാട് കലാപം
മണ്ണാര്‍ക്കാട് എന്ന ചെറുപട്ടണം വള്ളുവനാട്ടിലെ മരക്കച്ചവടത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. പാലക്കാടുമായി ഈ പട്ടണത്തിന് നിരത്തുമായി ബന്ധമുണ്ടായിരുന്നു. ഈ പ്രദേശത്ത് ഹിന്ദുക്കളായിരുന്നു കൂടുതല്‍. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരായിരുന്നു ആ ഭാഗങ്ങളിലെ ഏറ്റവും ശക്തനായ ജന്മിയും ചുറ്റുപാടുമുള്ള കാടുകളില്‍ വലിയൊരു പങ്കിന്റെ ഉടമയും. എന്നാലും ആ പ്രദേശത്ത് മര വ്യവസായത്തില്‍ ഒരുപാട് മാപ്പിളമാരും ഉണ്ടായിരുന്നു.
മണ്ണാര്‍ക്കാട്ടെ ലഹളയെക്കുറിച്ച് ഹിച്ചിക്കോക്ക് രണ്ട് ഘട്ടങ്ങളായി വിഭജിക്കുന്നു. ഹിന്ദുക്കളുടെയും മുസ്‌ലിമുകളുടെയും ലഹളകളാണ് ഈ ഘട്ടങ്ങള്‍. ഹിന്ദുക്കള്‍ നടത്തിയ ലഹളക്ക് പിന്നില്‍ ഇളയനായരായിരുന്നു. മണ്ണാര്‍ക്കാട്ടെ ഇളയനായര്‍ മൂപ്പില്‍ നായരുടെ ജന്മി കുടുംബത്തിലെ ഇളമുറക്കാരനായിരുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ ഒരു നേതാവുമായിരുന്നു. ചെമ്പ്രശ്ശേരി തങ്ങളുടെ ആള്‍ക്കാരാണെന്ന് പറയപ്പെടുന്ന ഒരു സംഘം രജിസ്ട്രാരുടെ ഓഫീസ് കൊള്ളനടത്തുകയും കേടുപാട് വരുത്തുകയും ചെയ്തു. ഈ അവസ്ഥയെ ചെറുക്കേണ്ടത് മലബാര്‍ ജനതക്ക് അനിവാര്യമായിരുന്നു. ആലി മുസ്‌ലിയാരും കേശവമേനോനും ഒക്കെ ഇതിന് നേതൃത്വം കൊടുത്തു. 4
ചെര്‍പ്പുളശ്ശേരി കലാപം
വള്ളുവനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമായിരുന്നു ചെര്‍പ്പുളശ്ശേരി. ചെര്‍പ്പുളശ്ശേരി അംശദേശങ്ങള്‍ ഹിന്ദുക്കള്‍ക്കായിരുന്നു ഭൂരിപക്ഷം. ഹിന്ദുക്കളുടെ നേതൃത്വത്തിലാണ് പ്രധാനമായും ചെര്‍പ്പുളശ്ശേരിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജന്മി കുടുംബാംഗമായ കോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടായിരുന്നു നേതാവ്. ക്ഷേത്ര പരിസരത്ത് 1921 അഗസ്റ്റ് 21 ന് ബാലഗംഗാധര തിലകന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമാചരിക്കാന്‍ ഒരു യോഗം ചേര്‍ന്നു. മുസ്‌ലിംങ്ങള്‍ ഇതിനെ എതിര്‍ത്തു. യോഗം വിളിച്ചത് ജന്മി കുടുംബത്തിലെ അംഗമാണ് എന്നതായിരുന്നു കാരണം.
ആഗസ്റ്റ് 22 ന് ചെര്‍പ്പുളശ്ശേരിയിലും ലഹളയുടെ വര്‍ത്തമാനം കേട്ടു. അതത്ര ഗൗരവപൂര്‍വ്വം കണക്കിലെടുത്തില്ല. വൈകാതെ ഒരു കൂട്ടം മാപ്പിളമാര്‍ തൂതപ്പുഴ കടന്നു അവിടെയെത്തി. അവര്‍ അവിടത്തെ ഓവുപാലം പൊളിച്ചു ചെര്‍പ്പുളശ്ശേരിയിലാകമാനം തകര്‍ത്ത് ആരുടെയും വാക്കുകള്‍ വകവെക്കാതെ ലഹളയുണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ ജീവപര്യന്തം നാടുകടത്താന്‍ തീരുമാനിക്കുകയും ഉണ്ടായി. അയാള്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ കുറച്ചുകാലം സെക്രട്ടറി കേശവന്‍നായര്‍ ജയിലില്‍ കിടക്കേണ്ടിവന്നു. തകര്‍ന്ന മനുഷ്യനായാണ് കേശവന്‍നായര്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വന്നത്. കുറഞ്ഞ കാലത്തിനുശേഷം മരിക്കുകയും ചെയ്തു5.
ഉപസംഹാരം
പത്തൊമ്പതാം ശതകത്തിലുടനീളം മാപ്പിള കര്‍ഷകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ പ്രാദേശികവും താല്‍ക്കാലികവുമായ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഒന്നോ രണ്ടോ ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ഈ പ്രക്ഷോഭങ്ങള്‍ക്ക് ആ പ്രദേശത്തെ ജന്മിമാരോടുള്ള പകവീട്ടുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുപതാം ശതകത്തിലുണ്ടായ രാഷ്ട്രീയ മുന്നേറ്റങ്ങളായ കുടിയായ്മ സമരം, ഖിലാഫത്ത് പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം എന്നിവ മാപ്പിള കര്‍ഷകരെ ഫ്യൂഡല്‍ വിരുദ്ധവും സാമ്രാജ്യ വിരുദ്ധവുമായ സമരത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് ഇവ സഹായിച്ചു. ഖിലാഫത്ത്-കുടിയായ്മ പ്രസ്ഥാനങ്ങളുടെ ഉത്ഭവവും കോണ്‍ഗ്രസ്സ് ഇവയ്ക്കു കൊടുത്ത പിന്തുണയും കോണ്‍ഗ്രസ്സില്‍ ജന്മിമാര്‍ ഒറ്റപ്പെടുന്നതിനു മാത്രമല്ല മാപ്പിള കര്‍ഷകരില്‍ ജന്മി വിരുദ്ധ മനോഭാവം വളരുന്നതിനും സഹായകരമായി ജന്മികളെ മാത്രമെ മുഖ്യ ശത്രുക്കളായികണ്ടുള്ളൂ. ഇവരോടുള്ളു കലാപങ്ങളൊന്നും തന്നെ വര്‍ഗീയ കലാപമായിരുന്നില്ല. ഹിന്ദു ജന്മിമാരും റവന്യൂ ഉദ്യോഗസ്ഥരുമാണ് പ്രധാനമായും കലാപകാരികളുടെ ഇരകളായതെങ്കിലും ആക്രമണങ്ങള്‍ പൊതുവില്‍ ഹൈന്ദവര്‍ക്കെതിരെ ആയിരുന്നില്ല. ഹൈന്ദവര്‍ക്കോ അവരുടെ സ്വത്തുക്കള്‍ക്കോ എതിരെ വിവേചനപരമല്ലാതെ ആക്രമണങ്ങള്‍ നടക്കുകയുണ്ടായില്ല. തികച്ചും ഇവര്‍ ജന്മിത്ത വിരുദ്ധ മനോഭാവമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. ചില കലാപങ്ങളിലെങ്കിലും കലാപകാരികള്‍ക്കുവേണമെങ്കില്‍ ഹൈന്ദവ ഭവനങ്ങള്‍ ആക്രമിക്കുകയും അനേകം ഹിന്ദുക്കളായ ആളുകളെ കൊല്ലുകയും ചെയ്യാമായിരുന്നു. പക്ഷെ ഉന്നംവെച്ച വ്യക്തികളെയല്ലാതെ ആക്രമിക്കുകയുണ്ടായില്ല. മഞ്ചേരി, മലപ്പുറം, ഒഴൂര്, പാണ്ടിക്കാട് കലാപങ്ങളില്‍ ഇത്തരം അവസരങ്ങള്‍ ഉണ്ടായതായി രേഖകളില്‍ കാണാം. ഈയവസരത്തിലാണ് മഞ്ചേരി ക്ഷേത്രത്തില്‍ സന്നിഹിതനായിരുന്ന 100 ബ്രാഹ്മണരെ സുരക്ഷിതരായി മടങ്ങുവാന്‍ അനുവദിച്ചു. 1896, 1898, 1815, 1919 തുടങ്ങിയ വര്‍ഷങ്ങളിലുണ്ടായ കലാപങ്ങളിലൊന്നും തന്നെ വര്‍ഗ്ഗീയ മനോഭാവം കാണാന്‍ കഴിയില്ല.
കലാപകാരികളെ ഉത്തേജിപ്പിച്ചത് മതഭ്രാന്തല്ലായിരുന്നുവെന്ന് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഘടന നിരീക്ഷിച്ചാല്‍ ബോധ്യമാവും. ജന്മിമാരുടെ മര്‍ദ്ദനങ്ങളെ വെല്ലുവിളിക്കാന്‍ കരുത്തേകുന്ന പാരമ്പര്യമായി അവ ഇവരുടെ ബോധ മണ്ഡലത്തില്‍ നിലകൊണ്ടു. ഓരോ കലാപത്തിലും പങ്കെടുത്തവരുടെ ത്യാഗത്തെ മഹത്വപ്പെടുത്തുന്ന വീരഗാഥകള്‍ കലാപങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇത്തരം പാട്ടുകള്‍ ജന്മിത്വ വിരുദ്ധ സമീപനങ്ങള്‍ക്ക് മുഖ്യകാരണമായി. പ്രക്ഷോഭങ്ങള്‍ക്ക് കാല്‍പനികവും ആദര്‍ശാത്മകവുമായ നിറം കൊടുക്കുക വഴി ഇത്തരം വീരഗാഥകള്‍ ജന്മിത്വ ഫ്യൂഡല്‍ വിരുദ്ധ മനോഭാവത്തെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.
1. മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ - കെ.എന്‍. പണിക്കര്‍
2. മലബാര്‍ കലാപം - എം.ഗംഗാധരന്‍
3. 1921- കര്‍ഷക ലഹള-സൗമേന്ദ്രനാഥ ടാഗോര്‍
4. മലബാര്‍ കലാപം - കെ. മാധവന്‍നായര്‍
5. മാപ്പിള സമുദായം ചരിത്രം സംസ്‌കാരം - ടി. മുഹമ്മദ്
6. കേരള മുസ്‌ലിം ചരിത്രം സ്ഥിതി വിവരക്കണക്ക് - ഡയറക്ടറി വാള്യം മൂന്ന്.