മമ്പുറം സയ്യിദ് അലവി തങ്ങള്‍

ഷിഹാബുദ്ദീന്‍ ടി.കെ   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

കൊളോണിയല്‍ ഭരണകൂടത്തിന്റെ സാംസ്‌കാരിക കടന്നുകയറ്റവും ക്രിസ്തു മത പ്രബോധനത്തിന്റെ മറവില്‍ നിന്ന് കൊണ്ടുള്ള അധിനിവേശങ്ങളുടെ സജീവതയും മുസ്‌ലിം വിരുദ്ധ ചിന്തകളുടെ കടന്നുകയറ്റവും കൊളോണിയല്‍ ശക്തികളുടെ കൊള്ളയടിയും ഒരു ഭാഗത്ത് ശക്തമായപ്പോള്‍ ജാതിവ്യവസ്ഥയുടെയും നാട്ടുരാജാക്കന്മാരുടെയും കീഴില്‍ ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകരുടെ പട്ടിണിയും പരിവട്ടവും മറ്റൊരുഭാഗത്തും നീറിപ്പിടിച്ചു നില്‍ക്കെയാണ് ഇസ്‌ലാമിന്റെ വിമോചന പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള സയ്യിദ് അലവി തങ്ങളുടെ ആഗമനം.

ജനനവും വളര്‍ച്ചയും
ഹിജ്‌റ 1166 (എഡി.1783) ഹദര്‍മൗതിലെ തരീം എന്ന പട്ടണത്തിലാണ് അലവിതങ്ങളുടെ ജനനം. മുഹമ്മദ്ബ്‌നു സഹ്ല്‍ മൗലദ്ദവീല പിതാവും ഫാത്വിമ ജിഫ്രി മാതാവുമാണ്. തികഞ്ഞ മതപാണ്ഡിത്യവും ദീനിബോധവും ഔദാര്യശീലവുമുള്ളവരായിരുന്നു മാതാപിതാക്കള്‍. സയ്യിദ് കുടുംബത്തില്‍ ജനിച്ച അദ്ദേഹം പ്രവാചകപുത്രിയുടെ പുത്രപരമ്പരയില്‍ പെട്ടതായി കണക്കാക്കപ്പെടുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ മാതാവും പിതാവും ഇഹലോകവാസം വെടിഞ്ഞു. ശേഷം പരിപാലനവും പ്രാഥമിക വിദ്യാഭ്യാസവും നല്‍കിയത് പിതൃസഹോദരി 'സയ്യിദ ഹാമിദ' ബീവിയാണ്. എട്ടാമത്തെ വയസ്സായപ്പോഴേക്കും ഖുര്‍ആന്‍ മനപാഠമാക്കിയ സയ്യിദ് അലവി തങ്ങള്‍ അതേ പ്രായത്തില്‍ തന്നെ അറബി ഭാഷയും സ്വായത്തമാക്കി. തുടര്‍ പഠനം സ്വന്തം നാടായ തരീമില്‍ അറിയപ്പെട്ട ഒരു പണ്ഡിതന്റെ അടുക്കല്‍വെച്ചായിരുന്നു. 17 വയസ്സാകുമ്പോഴേക്കും തങ്ങള്‍ ദീനി വിദ്യാഭ്യാസത്തില്‍ അവഗാഹം നേടിയിരുന്നു.
ഹിജ്‌റ 1183 റമദാന്‍ 19 -ല്‍ പതിനേഴാം വയസ്സില്‍ തന്റെ മാതുലന്റെയും മാതുല പുത്രന്റെയും ക്ഷണം സ്വീകരിച്ച് യമനിലെ അല്‍മുതല്ലാ തുറമുഖത്ത് നിന്നും ഒരു ചരക്കുകപ്പലില്‍ കോഴിക്കോട്ടെത്തി. സയ്യിദ് അവര്‍കള്‍ക്ക് രണ്ടു വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ മാതുലനായ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ കേരളത്തില്‍ എത്തുകയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തിരുന്നു. അദ്ദേഹം കേരളത്തില്‍ എത്തിയപ്പോഴേക്കും സയ്യിദ് ജിഫ്രി തങ്ങള്‍ മൃതിയടഞ്ഞിരുന്നു. അനന്തരം മാതുലപുത്രന്‍ അദ്ദേഹത്തെ മമ്പുറത്തെത്തിച്ചു. തങ്ങളുടെ ആഗമനം നാടിന്റെ ആത്മീയ ബോധത്തേയും പോരാട്ടവീര്യത്തെയും ഉണര്‍ത്തി. തങ്ങളുടെ സാന്നിധ്യം അടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചപ്പോള്‍ പൊതുജനശ്രദ്ധ മമ്പുറത്തേക്ക് ആകര്‍ഷിച്ചു.

ആത്മീയതയും പോരാട്ടവും
സ്വാഭാവികമായും രണ്ട് തരത്തിലുള്ള ജനങ്ങളെയാണ് തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നതെന്ന് ചരിത്ര പണ്ഡിതര്‍ സൂചിപ്പിക്കുന്നു. ഒന്ന്: മതപരമായ വീര്യം നഷ്ടപ്പെടുകയും ജന്മികളുടെ ചൂഷണത്തിന് വിധേയമാകുകയും ചെയ്ത മുസ്‌ലിംകള്‍. രണ്ടാമത്തേത് കൊടികുത്തിവാഴുന്ന ജാതീയവ്യവസ്ഥക്ക് ഇരയായ ഹൈന്ദവ സുഹൃത്തുക്കള്‍. ഈ രണ്ട് വിഭാഗത്തെയും ചിന്തയോടും ഉള്‍കാഴ്ചയോടും കൂടി നേരിട്ടതോടെ മുസ്‌ലിംകളുടെ സംഖ്യ വര്‍ധിക്കാന്‍ തുടങ്ങി. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അസന്തുലനം നിറഞ്ഞ നാട്ടില്‍ ഇസ്‌ലാമിന്റെ മഹാദൗത്യവുമായി എഴുന്നേറ്റ് നില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നീതിയുടെ പക്ഷം നിന്ന് സംസാരിക്കാനും മുതലാളിമാരുടെ മുമ്പില്‍ തന്റേടത്തോടെ സംസാരിക്കാനും കഴിഞ്ഞത് ജനമനസ്സില്‍ തങ്ങള്‍ക്ക് വീരപുരുഷ സ്ഥാനം നേടിക്കൊടുത്തു. ആ കാലഘട്ടത്തില്‍ ജനങ്ങള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം ജന്മിത്ത വ്യവസ്ഥയായിരുന്നു. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ പ്രസ്തുത വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രബോധനം എളുപ്പം വേരോടുകയും ചെയ്തു. കര്‍ഷകരായിരുന്നു മതം മാറുന്നതില്‍ അധികവും. അക്കാലത്ത് തീരപ്രദേശങ്ങളിലായിരുന്നു ഇസ്‌ലാമിന്റെ വ്യാപനം ശക്തമായി ഉണ്ടായിരുന്നത്. എന്നാല്‍ ഉള്‍പ്രദേശങ്ങളിലേക്ക് ഇസ്ലാമിനെ എത്തിക്കുക എന്നതില്‍ മമ്പുറം തങ്ങള്‍ ശ്രദ്ധ ചെലുത്തിയതായികാണാം. തങ്ങളെ കാണാനും ഇസ്‌ലാം മതം സ്വീകരിക്കാനും ദിനംപ്രതി ആളുകള്‍ എത്തി തുടങ്ങി. തീരദേശങ്ങളേക്കാള്‍ ഉള്‍പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ ശോചനീയമായിരുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യം ജനജീവിതത്തെ താറുമാറാക്കി. ഒരു രക്ഷകനെ കിട്ടിയ കണക്കെ തങ്ങളെ അവര്‍ സ്വീകരിക്കുകയായിരുന്നു. സഹനത്തിന്റെയും സമാധാനത്തിന്റെയും  ചെറുത്ത് നില്‍പ്പിന്റെയും മാര്‍ഗത്തിലൂടെ ബ്രിട്ടീഷുകാരെ നേരിടാനുള്ള ആഹ്വാനം നല്‍കിയിരുന്നത് ഹല്‍ഖകളിലൂടെയും ഖുതുബകളിലൂടെയുമായിരുന്നു.
അലവി തങ്ങള്‍ പരമ്പരാഗത സൂഫി ശൈലിയില്‍ നിന്ന് വ്യതിരിക്തമായി ആരാധനാവേളകളില്‍ ആരാധനയും മറ്റു സമയങ്ങളില്‍ പൊതുപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. യാത്രകള്‍  തങ്ങളുടെ പതിവായിരുന്നു. യാത്രയില്‍ ജനങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ആരാധനാലയങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് പള്ളികള്‍ നിര്‍മിച്ച് കൊടുക്കുകയും ചെയ്തു. ഈ പള്ളികളൊക്കെ തന്നെയും പിന്നീട് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരങ്ങളുടെ കേന്ദ്രമായിരുന്നുവെന്ന് ചരിത്രം പറയുന്നു.
ഇതര മതസ്ഥര്‍ക്കിടയില്‍
മമ്പുറം തങ്ങളുടെ ജീവിതവും പ്രബോധനവും മുസ്‌ലിംകള്‍ എന്നപോലെ തന്നെ ഹൈന്ദവര്‍ക്കിടയിലും കാര്യമായ സ്വാധീനം ചെലുത്തി. ഇതര മതസ്ഥരെ സന്ദര്‍ശിക്കുകയും അവരെ തങ്ങളിലേക്ക് ചേര്‍ത്തുപിടിക്കുകയും അവരുടെ ജീവിതപ്രശ്‌നങ്ങളില്‍ പരിഹാരം കാണുകയും ചെയ്തു അദ്ദേഹം. അതോടെ അക്കാലത്ത് അവര്‍ തങ്ങളുടെ അടുത്തു വരികയും അനുഗ്രഹം വാങ്ങുകയും സുപ്രധാന വിഷയങ്ങളില്‍ പരിഹാരം തേടുകയും ചെയ്യുന്നത് പതിവായി.  തന്റെ പല ഉന്നത തസ്തികകളിലും കാര്യസ്ഥന്മാരായി ഹൈന്ദവസുഹൃത്തുക്കളെയാണ് തങ്ങള്‍ നിശ്ചയിച്ചിരുന്നത്. കെ.എന്‍ പണിക്കര്‍ വിശദീകരിക്കുന്നത് ഇങ്ങനെ ''ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് (വിശുദ്ധസമരം) നടത്തുന്നതിന് തങ്ങള്‍ ആഹ്വാനം ചെയ്‌തെങ്കിലും ഇതര മതവിഭാഗങ്ങളോട് ഇദ്ദേഹം അസഹിഷ്ണുവായിരുന്നെന്ന് ഇത് കാണിക്കുന്നില്ല. ഹൈന്ദവരുടെ ഇടയില്‍ ധാരാളം സുഹൃത്തുക്കളും ആരാധകരും ഉള്ളയാളായിരുന്ന ഇദ്ദേഹം മതഭ്രാന്തനായ അറബിയാണെന്നുള്ള ഔദ്യോഗികവീക്ഷണം സത്യത്തിന് നിരക്കുന്നതായി തോന്നുന്നില്ല. ഹൈന്ദവരോട് ഇദ്ദേഹത്തിന് വിരോധമുണ്ടായി കാണിക്കുന്ന ഒരു തെളിവും ഇല്ല. ഇതിനുവിരുദ്ധമായി തന്റെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതിന് ഹൈന്ദവരെ നിയമിക്കുന്നതില്‍ അദ്ദേഹം വിമുഖനല്ലായിരുന്നുവെന്ന് കാണുന്നുമുണ്ട്.  ഇദ്ദേഹത്തിന്റെ കാര്യസ്ഥന്‍ ഒരു ഹിന്ദുവായിരുന്നുതാനും. (മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ).
എന്നാല്‍ തങ്ങളുടെ സ്വാധീനം സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് ഊര്‍ജ്ജവും ശക്തിയുമാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ തങ്ങളെ പലതരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. മുസ്‌ലിം സമുദായത്തിന്റെ മൊത്തം പിന്തുണ നേടാനും കലാപങ്ങള്‍ നിര്‍ത്തിവെക്കാനും പല വിലപിടിപ്പുളള സമ്മാനങ്ങളും ബ്രിട്ടീഷുകാര്‍ തങ്ങളുടെ മുമ്പില്‍ കാണിക്ക വെച്ചു. അവ നിരസിച്ച തങ്ങളെ വെള്ളക്കാര്‍ മതഭ്രാന്തനായി ചിത്രീകരിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ഇത്തരത്തിലുള്ള നുണപ്രചാരണങ്ങളെ ന്യായീകരിക്കുന്നവരായിരുന്നു പിന്നീട് കേരളചരിത്രം എഴുതിയവരില്‍ പലരും. പക്ഷേ, ബ്രിട്ടീഷുകാരുമായുള്ള പലയുദ്ധങ്ങളിലും അമുസ്‌ലിംകള്‍ അക്രമിക്കപ്പെടുന്നുവെന്ന് കാണാം. ബ്രിട്ടീഷുകാര്‍ സ്വാധീനം ചെലുത്തി വശീകരിച്ചുവെച്ച ഹൈന്ദവരെ സമരക്കാര്‍ക്കെതിരെ നിരത്തിയതാണ്അതിനു കാരണം. സമരക്കാരില്‍ സിംഹഭാഗവും മുസ്‌ലിംകളായത് കൊണ്ട് സ്വാഭാവികമായും നേരിടേണ്ടിവരുന്നത് ബ്രിട്ടീഷുകാര്‍ മുന്‍നിര്‍ത്തിയ ഈ ഹൈന്ദവരോടായിരുന്നു. കെ.എന്‍ പണിക്കര്‍ പറയുന്നത് ഇങ്ങനെ: ''കലാപകാരികള്‍ ആകെ കൊല ചെയ്ത 83 പേരില്‍ 42 പേര്‍ ജന്മിമാരും അവരുടെ കുടുംബങ്ങളും വേലക്കാരും അതിഥികളുമായിരുന്നപ്പോള്‍ 11 പേര്‍ ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളുമായിരുന്നു. ശേഷിച്ചവരില്‍ 10 കീഴ് ജാതിക്കാരും 5 മാപ്പിളമാരും ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമുള്‍പ്പെടുന്നു. ബാക്കിയുള്ള 14 പേര്‍ ആരെല്ലാമാണെന്നതിന് തെളിവില്ല. കീഴ്ജാതിക്കാരായി കണക്കാക്കിയ പലരും ജന്മികളുടെ വേലക്കാരികളോ സഹായികളോ ആവാന്‍ സാധ്യതയുണ്ട്. നാട്ടുകാരുടെ അരിശം മുഖ്യമായും ജന്മിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരായിരുന്നുവെന്നത് വളരെ സ്പഷ്ടം. ഇതില്‍ പലതിലും ജന്മിമാരെ മാത്രമേ ശത്രുക്കളായി കണ്ടിട്ടുള്ളൂ. (മലബാര്‍കലാപം പ്രബുദ്ധതക്കും രാജവാഴ്ചക്കുമെതിരെ) കെ.എന്‍.പണിക്കര്‍ സൂചിപ്പിക്കുന്നത് പോലെ മാപ്പിള സമരങ്ങള്‍ ബ്രിട്ടീഷ്‌മേധാവിമാരോടോ ജന്മിമാരോടോ ആയിരുന്നു. എന്നാല്‍ ബ്രിട്ടീഷുക്കാരുടെ  കൂടെനിന്നു പോരാടിയ ഹൈന്ദവരെ ബ്രിട്ടീഷ് പോരാളികള്‍ എന്നല്ലാതെ ഹൈന്ദവ സുഹൃത്തുക്കള്‍ എന്ന പരിഗണന നല്‍കാന്‍ കഴിയില്ല. ബ്രിട്ടീഷുകാരുടെ കൂടെ നിന്നവരെ ഹൈന്ദവ സുഹൃത്തുക്കള്‍ എന്ന രീതിയില്‍ നോക്കി കാണുമ്പോഴാണ് ചരിത്രകാരന്മാരില്‍ പലര്‍ക്കും തെറ്റുപറ്റിയത്.

ക്രിസ്തീയ മതവിശ്വാസികളുടെ കടന്നുവരവ് തങ്ങളെ പ്രകോപിപ്പിക്കാന്‍ ഇടയാക്കിയെന്ന് ചരിത്രകാരന്മാര്‍  ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അതിനു കാരണം ഒരിക്കലും ക്രൈസ്തവതയോടുള്ള വിരോധമല്ല. പ്രത്യുത മതത്തിന്റെ പിന്നില്‍ നിന്ന് ബ്രിട്ടീഷുകാര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കുതന്ത്രങ്ങളാണ്.
സ്വാതന്ത്ര്യ സമര പോരാട്ടം
പോരാളികളെ വൈകാരിക ആവേശം നല്‍കി പോരാട്ടത്തിലേക്ക് പറത്തിവിടുക എന്ന ദൗത്യമായിരുന്നു തങ്ങളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം. തന്റെ ശിഷ്യന്മാരായ ഉണ്ണിമൂസ, അത്തന്‍കുരിക്കള്‍, ചെമ്പന്‍ പോക്കര്‍ തുടങ്ങിയവര്‍ക്കും പോരാട്ടവീര്യം പകര്‍ന്ന് വിട്ടത് തങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി ചെറുത്ത് നില്‍ക്കാന്‍ ഇവര്‍ക്ക് സാധിച്ചു. പലരീതിയിലും കലാപങ്ങളെ ഇല്ലായ്മ ചെയ്യാനും മുസ്‌ലിംകളെ ഒന്നടങ്കം നശിപ്പിക്കാനുമുള്ള ബ്രിട്ടീഷുകാരുടെ ഒളിയജണ്ടകളെ തിരിച്ചറിയുകയും ശക്തമായ ചെറുത്ത നില്‍പ്പുകള്‍ നടത്തുകയും ചെയ്തു. ബ്രിട്ടീഷ് മോധാവികളുടെ മുഖ്യ അജണ്ട ഈ നേതാക്കളെ ഉന്മൂലനം ചെയ്യലായിരുന്നു. കാരണം ഇവരുടെ പോരാട്ടവീര്യം ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയാത്തതായിരുന്നു. പോരാളികളെ വെറുതെവിടില്ലെന്നുറച്ച സൈന്യം അവരെ പലഘട്ടങ്ങളിലായി ആയുധങ്ങള്‍ക്കിരയാക്കി. മാപ്പിളമാരോടുള്ള പകതീര്‍ക്കാനും മാപ്പിളമാര്‍ക്ക് ഒരു പാഠമാകാനും വേണ്ടി ചെമ്പന്‍പോക്കരുടെ മൃതദേഹം വിരൂപമാക്കുകയും അലവിതങ്ങളുടെ പള്ളിയുടെ അടുത്തുള്ള ഒരു മരത്തില്‍ കെട്ടിതൂക്കുകയും ചെയ്തു. ഇത് മലബാറിലെ മുസ്‌ലിംകളുടെ മനസ്സിനെ വ്യസനിപ്പിച്ച ഒന്നായിരുന്നു. ഇവരുടെ മയ്യിത്ത് സംസ്‌കരണത്തിന് സയ്യിദ് തന്നെയാണ് നേതൃത്വം നല്‍കിയത്. ഈ സംഭവം മമ്പുറം തങ്ങളെ പ്രകോപിപ്പിക്കാന്‍ ഇടയാക്കി. ഈ സമരപോരാളികളുടെ പോരാട്ടവീര്യത്തില്‍ സയ്യിദവര്‍കളുടെ സ്വാധീനം തിരിച്ചറിഞ്ഞ ബ്രിട്ടീഷുക്കാര്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മുസ്‌ലിം പോരാളികളുടെ മരണവും തങ്ങളവര്‍കളുടെ അറസ്റ്റ് മുസ്‌ലിംകളിലുണ്ടാകുന്ന ആവേശവും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അലവി തങ്ങളെ വെറുതെ വിടുകയായിരുന്നു.
ഡോ. സി.കെ. കരീം പറയുന്നതിങ്ങനെ: ''ഉണ്ണിമൂസ മൂപ്പന്‍ അത്തന്‍കുരിക്കള്‍, ചെമ്പന്‍പോക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രക്തരൂഷിത ഇംഗ്ലീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ അവര്‍ക്ക് ഉത്തേജനവും ഉപദേശവും സയ്യിദവര്‍കള്‍ നല്‍കി എന്നാണ് ബ്രിട്ടീഷുകാര്‍ വിശ്വസിച്ചിരുന്നത്. ഇവരില്‍ അത്തന്‍കുരിക്കള്‍ തിരൂരങ്ങാടിയില്‍ ചെന്ന് തങ്ങളെ സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1801-1802 വര്‍ഷങ്ങളില്‍ തന്നെ സയ്യിദ് അലവി തങ്ങളെക്കൂടി അറസ്റ്റ് ചെയ്യാന്‍ ആലോചന നടന്നിരുന്നു. മലബാറിലെ തെക്കും വടക്കും മാപ്പിള നേതാക്കളുടെയും പഴശ്ശിരാജയുടെയും സംഘടിത ശക്തികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സന്ദിഗ്ധ ഘട്ടത്തില്‍ ലോകാദരണീയനായ അലവി തങ്ങളെ കൂടി അറസ്റ്റ് ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ആലോചിച്ച് തല്‍ക്കാലം അനങ്ങാതിരിക്കുകയായിരുന്നു അധികാരികള്‍''.
അത്തന്‍കുരിക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ കുരിക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തീരുമാനിച്ചു. അതില്‍ ക്ഷുഭിതനായ കുരിക്കളുടെ മകന്‍ മുഹമ്മദ്‌കോയ ശക്തമായി രംഗത്തിറങ്ങുകയും മാപ്പിളപോരാളികളെ സംഘടിപ്പിച്ച് തങ്ങളവര്‍കളെ കാണാനെത്തുകയും ചെയ്തു. തങ്ങള്‍ എല്ലാവിധ പിന്തുണയും പകര്‍ന്ന് കൊടുക്കുകയായിരുന്നു. മഞ്ചേരിയില്‍ നടന്ന കലാപത്തിന്റെ ഫലമായി മുസ്‌ലിംകളുടെ ആവേശത്തിന്റെ ഉറവിടം മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയും ചെയ്തു. അനിസ്‌ലാമിക വ്യവസ്ഥയെ വഴിപ്പെടുന്നത് ദൈവികമല്ലെന്നു മനസ്സിലാക്കിയ തങ്ങള്‍ സ്വമേധയാ ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കില്ലെന്നും വേണമെങ്കില്‍ ബലംപ്രയോഗിച്ച് അധീനപ്പെടുത്താമെന്നും പറഞ്ഞു. തങ്ങളുടെ ആത്മീയ വീര്യത്തിന്റേയും ചങ്കൂറ്റത്തിന്റേയും മുന്നില്‍ പകച്ചുനിന്ന ബ്രിട്ടീഷുകാര്‍ക്ക് തങ്ങളെ വീണ്ടും വെറുതെ വിടേണ്ടിവന്നു. തങ്ങളുടെ പോരാട്ടത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്കെതിരെ മുഴുവന്‍ മുസ്‌ലിംകളും ഒരുമിച്ച് നില്‍ക്കണമെന്നും ശത്രുവിന്റെ പക്ഷത്ത് നില്‍ക്കുന്നവന്‍ ഇസ്‌ലാമിന്റെ പക്ഷത്തല്ലെന്നും പ്രഖ്യാപിക്കുന്ന  സൈഫുന്‍ ബത്താര്‍ എന്ന കൃതി എഴുതുകയുണ്ടായി.
 ''അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും ഒഴിവാക്കി സത്യവിരോധികളെ ആശ്രയിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള മൂര്‍ച്ചയുള്ള വാള്‍'' എന്നതാണ് ഈ ഗ്രന്ഥത്തിന്റെ തലക്കെട്ടിന്റെ മുഴുവന്‍ പേര്. കൃതിയുടെ മുഖവാചകത്തില്‍ നിന്ന് തന്നെ ശത്രുക്കളായ ബ്രിട്ടീഷുക്കാരോടുള്ള ഇസ്‌ലാമിന്റെ സമീപനം എന്താണെന്ന് സുവിദിതമാക്കുന്നു. ഈയൊരപകടം മനസ്സിലാക്കിയ ബ്രിട്ടീഷുക്കാര്‍ പുസ്തകം നിരോധിച്ചു. എന്നാല്‍ ഈ പുസ്തകം തങ്ങളുടെ മകനായ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ തുര്‍ക്കിയിലോ ഈജിപ്തിലോ പ്രസിദ്ധീകരിച്ചു.  സയ്യിദവര്‍കളുടെ പോരാട്ടത്തിന്റെ മൂന്നാമത്തെ ഘട്ടം തങ്ങളുടെ സാന്നിധ്യമറിയിച്ചുള്ള സമരങ്ങളായിരുന്നു. അതില്‍പെട്ട പ്രശസ്തമായ പോരാട്ടമായിരുന്നു മുട്ടിച്ചിറ കലാപവും ചേരൂര്‍ കലാപവും. മുട്ടിച്ചിറ കലാപത്തില്‍ തങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉള്ളതായി ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ടെങ്കിലും പ്രശസ്തമായ ചിലര്‍ തങ്ങളുടെ പങ്കാളിത്തം ഇല്ല എന്നും നോക്കികാണുന്നുണ്ട്. ഏതായാലും മറ്റെല്ലാ കലാപങ്ങളേക്കാളും തങ്ങളുടെ ആശിര്‍വാദവും പരിശ്രമവും ഈ കലാപത്തിനുണ്ടായിരുന്നെന്ന് ഏകാഭിപ്രായമുണ്ട്. ഒരു പള്ളിയുമായി ബന്ധപ്പെട്ട് തോട്ടശ്ശേരി പണിക്കരുടെ വാദങ്ങള്‍ക്ക് കൂട്ടുനിന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്തായിരുന്നു ഈ കലാപം. ഈ കലാപം ബ്രിട്ടീഷുകാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മാപ്പിളമാരുടെ ഭാഗത്തു നിന്ന് പതിനൊന്ന് പേര്‍ രക്തസാക്ഷിയായ ഈ സംഭവം സയ്യിദവര്‍കളെ  വീണ്ടുമൊരു പോരാട്ടത്തിലേക്ക് നയിക്കുകയായിരുന്നു.
തങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു കലാപമായിരുന്നു ചേരൂര്‍ കലാപം. ആ കലാപത്തില്‍ ഏറ്റ കാലിലെ മുറിവാണ് തങ്ങളുടെ മരണരോഗത്തിന് കാരണം എന്ന് വിലയിരുത്തുന്നുണ്ട്. തങ്ങളുടെ പോരാട്ട മുറ എന്ന നിലക്ക് അക്കാലത്ത് മുമ്പില്ലാത്തവിധം പോരാളികള്‍ ചെറിയ ചെറിയ സംഘങ്ങളായി ഉരുവപ്പെടുകയും പരിശീലനങ്ങള്‍ നടത്തുകയും ചെയ്തു.  മൂന്ന് അമുസ്‌ലിം പുരുഷന്മാരും മൂന്ന് സ്ത്രീകളും ഇസ്‌ലാം മതം സ്വീകരിച്ചു. വെന്നിയൂരിലെ ജന്മിയായ കപ്രാട്ട് കൃഷ്ണപ്പണിക്കരുടെ വയലില്‍ ജോലി ചെയ്ത ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി മാനഭംഗപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചുവെന്നതാണ് കലാപത്തിന്റെ കാരണമായി പറയുന്നത്. അതില്‍ കുപിതരായ മുസ്‌ലിംകള്‍ ജന്മിയോട് പകരം ചോദിക്കുവാന്‍ തീരുമാനിക്കുകയും അദ്ദേഹത്തെ കൊലചെയ്യുകയും ചെയ്തു. തുടര്‍ന്നുണ്ടായ പോരാട്ടമാണ് ചേരൂര്‍ കലാപം എന്ന പേരിലറിയപ്പെടുന്നത്. പ്രസ്തുത കലാപത്തില്‍ വെള്ളപ്പട്ടാളം മുസ്‌ലിംകളുടെ ചെറുത്ത് നില്‍പ്പ് ഭയന്ന് പിന്തിരിഞ്ഞോടുകയായിരുന്നു. ഈ യുദ്ധത്തില്‍ തങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഈ പോരാട്ടത്തിന്റെ മറ്റൊരുഘട്ടത്തില്‍ പങ്കെടുത്ത ഏഴ് പേരും രക്തസാക്ഷികളാവുകയും തങ്ങളുടെ കാലില്‍ വെടിയേല്‍ക്കുകയും ചെയ്തു. ഇതിന് ശേഷം വീരയോദ്ധാവിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ നോക്കിയെങ്കിലും തങ്ങളുടെ പ്രായാധിക്യവും ജനങ്ങളുടെ സ്വാധീനവും ഭയന്ന് വെറുതെ വിടുകയായിരുന്നു. വാര്‍ധക്യാവസ്ഥയിലേറ്റ മുറിവ് തങ്ങളുടെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. മലബാറിലെ പല വൈദ്യരും തങ്ങളെ മമ്പുറത്ത് വന്ന് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ 1844-ല്‍ മാപ്പിളസമൂഹത്തിന്റെ ആത്മീയ പോരാട്ട വീര്യം മണ്‍മറഞ്ഞു. അദ്ദേഹത്തെ മമ്പുറം പള്ളിയുടെ സമീപത്ത് തന്നെ മറവുചെയ്തു.

Reference

1. മലബാര്‍ കലാപം : പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ- കെ. എന്‍. പണിക്കര്‍
2. കേരള മുസ്‌ലിംകള്‍ : പോരാട്ടത്തിന്റെ ചരിത്രം - ഡോ. ബഹാഉദ്ദീന്‍
3. കേരള മുസ്‌ലിം ഡയറക്ടറി- സി.കെ.കരീം
4. മമ്പുറം തങ്ങള്‍: ജീവിതം, ആത്മീയത, പോരാട്ടം - മഹ്മൂദ് പനങ്ങാങ്ങര
5. മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍

author image
AUTHOR: ഷിഹാബുദ്ദീന്‍ ടി.കെ
   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)