കേരള ചരിത്രത്തെ ഏറ്റവും സ്വാധീനിച്ചിരുന്ന കാര്‍ഷിക ഉല്‍പന്നമായിരുന്നു കുരുമുളക്. കുരുമുളകിന്റെ ജന്മനാട് ബ്രസീലാണെന്നും, ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമാണെന്നും അഭിപ്രായമുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അറബികളും റോമക്കാരും കുരുമുളക് തേടിയെത്തിയത് കേരളത്തിലേക്കായിരുന്നു. കുരുമുളക് തേടി ഇന്ത്യയിലേക്കുള്ള യാത്രക്കിടയിലായിരുന്നു കൊളമ്പസും സംഘവും യാദൃശ്ചികമായി അമേരിക്കയിലെത്തിയത്. അപ്പോഴും യൂറോപ്യര്‍ കുരുമുളക് അന്വേഷിച്ചു ബ്രസീലിലേക്ക് പോയിരുന്നില്ല.
ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിലെ റോമന്‍ ചരിത്രകാരനായിരുന്ന പ്ലീനി എഴുതി, ''റോമിലെ സ്ത്രീകള്‍ക്ക് കുരമുളകിനോടുള്ള കമ്പം കൂടിയതിനാല്‍ റോമിലെ സ്വര്‍ണ നാണയങ്ങള്‍ 'കുരുമുളക് നാട്ടി'ലേക്ക് ഒഴുകുന്നു. കൂടുതലും നല്ലതും ആയ കുരുമുളക് ലഭിക്കുന്നത് 'കോട്ടോനാര' (കോട്ടയം) യിലാണ്. പുരാതനമായ കോട്ടയം നാട് ഇപ്പോഴത്തെ തലശ്ശേരി താലൂക്കും വയനാടും ഉള്‍പ്പെട്ടതായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി താലൂക്ക്, കോട്ടയം താലൂക്ക് എന്നായിരുന്നു അറിയപ്പെട്ടുരുന്നത്. മുന്‍കാലത്ത് കോട്ടയം നാടിന്റെ ആസ്ഥാനം തലശ്ശേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്തിരുന്നു. 'കോട്ടയം' ആയിരുന്നു പഴശ്ശി കേരള വര്‍മയുടെ ആസ്ഥാനം. അദ്ദേഹത്തിന്റെ പൂര്‍വ്വികരായിരുന്ന കോട്ടയം രാജാക്കന്മാരും, ഇപ്പോള്‍ അറിയപ്പെടുന്നില്ലെങ്കിലും കോട്ടയത്തങ്ങാടിക്കു സമീപത്തായി പത്ത് ഏക്കറിലധികം വിസ്തീര്‍ണമുള്ള കോട്ടയം ചിറയും, അതിനുതൊട്ടായി കോട്ടയം കോവിലത്തിന്റെ അല്‍പം അവശേഷിപ്പുകളും കാണാനുണ്ട്. ഇതിനുസമീപത്തുള്ള ഒരു കുന്നിന്‍ പ്രദേശത്തു നിന്നായിരുന്നു 1851-ല്‍ ബി.സി.ഒന്നാം നൂറ്റാലേയും എ.ഡി.ഒന്നാം നൂറ്റാണ്ടിലേയും റോമന്‍ സ്വര്‍ണനാണയങ്ങളുടെ അഞ്ചാള്‍ ചുമക്കത്തക്ക നിധി ലഭിച്ചത്. പ്ലീനി രേഖപ്പെടുത്തിയിരുന്നത് പോലെ കുരുമുളകിനുവേണ്ടി റോമില്‍നിന്നൊഴുകിയ നാണയങ്ങളായിരുന്നു അവ. അവയില്‍ കുറേ നാണയങ്ങള്‍ തിരുവിതാംകൂര്‍ രാജാവിന്റെയും അക്കാലത്തെ തിരുവിതാംകൂര്‍ റസിഡന്റായിരുന്ന ജനറല്‍ മുള്ളരുടേയും അധീനത്തിലായിരുന്നതായി പ്രശസ്ത പുരാവസ്തു ഗവേഷകനായിരുന്ന എം.ജെ.വാള്‍ഹൗസ് രേഖപ്പെടുത്തിയിട്ടുണ്ട്.
1505-ല്‍ കണ്ണൂരിലുണ്ടായിരുന്ന പോര്‍ത്തുഗീസ് ചരിത്രകാരന്‍ ദുറാത്തെ ബര്‍ബോസ ഈ പ്രദേശത്തെപറ്റി വിവരിച്ചതിങ്ങനെയാണ് ''അഞ്ചരക്കണ്ടിപുഴ ധര്‍മ്മടം അഴിമുഖം ചേരുന്നിടത്തുനിന്നു പന്ത്രണ്ടുമൈല്‍ മുകളിലോട്ടു സഞ്ചരിച്ചാല്‍ മുസ്‌ലിംകളുടെ സമ്പന്ന കമ്പോള നഗരമുണ്ട് (കോട്ടയത്തങ്ങാടി), അവിടെ വിരുത നഗര്‍ സാമ്രാജ്യത്തിലെ കച്ചവടക്കാര്‍ കാര വഴിവന്നു കച്ചവടം നടത്തുന്നു. അവിടെ നിന്നും പടിഞ്ഞാറോട്ടു വന്നാല്‍ മുസ്‌ലിംകളുടെ മറ്റൊരു കമ്പോളനഗരമുണ്ട്, തിരുവങ്ങാട് (തിരുവങ്ങാട് അംശമാണ് തലശ്ശേരി). അവിടെ കടല്‍ക്കച്ചവടം നടക്കുന്നു. അവിടെ നിന്നു നാലു മൈല്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ ഒരു പുഴയുടെ തീരത്ത് മറ്റൊരു മുസ്‌ലിം കമ്പോള നഗരം -മയ്യഴി (മാഹി). അവിടെ കപ്പല്‍ ഉടമകളായ മുസ്‌ലിംകള്‍ ഉണ്ട്.
225 വര്‍ഷങ്ങള്‍ക്കുശേഷം 1736-ല്‍ തലശ്ശേരിയില്‍ ഉണ്ടായിരുന്ന ഈസ്റ്റിന്ത്യാ കമ്പനി മേധാവി സ്റ്റീഫന്‍ലോ മേലധികാരിക്കെഴുതി. തലശ്ശേരി കമ്പോളത്തിലെ മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് ഇപ്പോള്‍ വാങ്ങിയ ഇരുന്നൂറു കണ്ടി കുരുമുളകടക്കം ഞങ്ങളുടെ വാങ്ങല്‍ മൂവായിരത്തി ഒരുനൂറ്റി ഏഴ് കണ്ടി കുരുമുളകാണ്. കുരുമുളക് വാങ്ങാനായി മുപ്പതിനായിരം ഡോളറുമായി (നാണയം) ഫ്രഞ്ച് കപ്പല്‍ മാഹിയില്‍ എത്തിയതും എണ്ണൂറ് കണ്ടി കുരുമുളക് കോഴിക്കോട്ടേക്കായി ഇവിടെ നിന്നും ശേഖരിച്ചതും കാരണം മുളകിന് വില വര്‍ദ്ധിച്ചത് ഞങ്ങളുടെ വാങ്ങലിനെ പ്രയാസപ്പെടുത്തുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്തായിരുന്നു ''ആലപ്പി കാക്ക'' മലഞ്ചരക്കു കച്ചവടത്തിനായി കണ്ണൂരിനു സമീപത്തെ ചൊവ്വയില്‍ നിന്നും തലശ്ശേരിയിലെത്തിയത് ഡച്ചുക്കാരും, ഫ്രഞ്ചുകാരും, അറബികളും, ബ്രിട്ടീഷുകാരും ഇവിടെ കുരുമുളകിനായി മത്സരിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. തലശ്ശേരിയില്‍ ഉണ്ടായിരുന്ന പാരമ്പര്യ മലഞ്ചരക്കു കച്ചവടക്കാരുടെ എതിര്‍പ്പുകള്‍ ആലപ്പിക്കാര്‍ക്ക് നേരിടേണ്ടിവന്നു. അദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിക്ക് കുരുമുളക് നല്‍കികൊണ്ട് പുതിയ കച്ചവട തന്ത്രത്തില്‍ ഏര്‍പ്പെട്ടു. കുരുമുളക് ശരിക്കും ഉണക്കി പാറ്റി വലിയ അരിപ്പകളില്‍ ഇട്ട് ചെറുതും വലുതുമാക്കി തരംതിരിച്ചു വലിയ മണി കുരുമുളക് കൂടുതല്‍ വിലയ്ക്ക് ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കി. കമ്പനിയത് യൂറോപ്പിലും അമേരിക്കയിലും 'ടലിച്ചറി ബോള്‍ഡ് പെപ്പര്‍' എന്ന പേരില്‍ പ്രശസ്തമാക്കി.
1799 -ല്‍ ടിപ്പുസുല്‍ത്താന്റെ പതനം വരെ ഈസ്റ്റിന്ത്യാ കമ്പനി തലശ്ശേരിയില്‍ മത്സരിച്ചും, പ്രയാസപ്പെട്ടുമായിരുന്നു കുരുമുളക് വാങ്ങിയിരുന്നത്. 1792 -ല്‍ യുദ്ധത്തില്‍ അറക്കല്‍ ബീബിയും 1798-ല്‍ ടിപ്പുസുല്‍ത്താനും പരാജയപ്പെട്ടതോടെ കമ്പനിക്കു ലഭിച്ചിരുന്ന സ്വര്‍ണ-വെള്ളി ശേഖരം ഉപയോഗപ്പെടുത്തി, 1800-കളുടെ തുടക്കത്തില്‍ തലശ്ശേരി കോട്ടയില്‍ നാണയങ്ങള്‍ അടിക്കാനുള്ള 'കമ്മട്ടം' സ്ഥാപിച്ചു. അതോടെ മലബാറിലെ സാമ്പത്തികാധികാരവും കുരുമുളക് വ്യാപാരത്തിന്റെ നിയന്ത്രണവും കമ്പനിക്കായി.
1857 - ല്‍ വിക്‌ടോറിയ റാണി കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണാധികാരം ഏറ്റെടുത്തതോടെ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്നു തലശ്ശേരി മലഞ്ചരക്ക് വിപണിയില്‍ ബ്രിട്ടീഷ് സ്ഥാപനങ്ങളായിരുന്നു. പീഴസ് ലസ്സി, വോള്‍ക്കാര്‍ട്ട് ബ്രദേഴ്‌സ്, ആപ്‌സിന്‍ വാള്‍ എന്നിവയായിരുന്നു അവ. 1887-ലെ തലശ്ശേരി കമ്പോളത്തെ വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തീട്ടുണ്ട്. തലശ്ശേരിയിലേയും തൊട്ടടുത്ത മാഹിയിലേയും കയറ്റുമതി കൊച്ചിയിലേതിനേക്കാളും കൂടുതലായിരുന്നു. ഇപ്പോള്‍ തലശ്ശേരിയില്‍ ഒരു ടണ്‍ കുരുമുളകിന്റെ കച്ചവടം പോലും നടക്കുന്നില്ലെങ്കിലും, ലോക വിപണിയില്‍ ഏറ്റവും മുന്തിയ കുരുമുളകായി അറിയപ്പെടുന്നത് ടി.ജി.ഇ.ബി യാണ് ടെലിച്ചേരി ഗ്രാംബ്ള്‍ഡ് എക്‌സ്ട്രാ ബോള്‍ഡ് ഇന്ത്യ ഗവര്‍മെന്റ് കയറ്റുമതിക്ക് ഏറ്റവും മുന്തിയ ഇനത്തിന് നല്‍കുന്ന 'അഗ്മാര്‍ക്ക്' ലേബിളും ടി.ജി.ഇ.ബി ക്കാണ്.
നൂറ്റാണ്ടുകളുടെ പ്രതാപം നിലനിന്നു പോന്ന തലശ്ശേരി കുരുമുളക് കമ്പോളത്തിന്റെ പതനം ഉണ്ടായത് പത്തുവര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം വരെ തലശ്ശേരിയില്‍ കേയിമാരടക്കുമുള്ള മുസ്‌ലിം കച്ചവടക്കാരുടെ ഉടമസ്ഥതയില്‍ 'അറുപതാം കമ്പനി' എന്ന പേരില്‍ ധാരാളം പായികപ്പല്‍ ഉണ്ടായിരുന്ന ഒരു സ്ഥാപനം ഉണ്ടായിരുന്നു. മലബാര്‍ ഡെപ്യൂട്ടി കലക്ടറായി റിട്ടയര്‍ ചെയ്ത ഖാന്‍ ബഹദൂര്‍ പി.എ അമ്മു സാഹിബ് 1939-വരെ അതിന്റെ മാനേജറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ ജര്‍മനിയുടെ പ്രശസ്തമായിരുന്ന 'എംഡര്‍' എന്ന യുദ്ധക്കപ്പല്‍ പ്രധാനമായും അക്രമിച്ചിരുന്നത് ബ്രിട്ടീഷ് കൊടിയുമായി ഹിന്ദു മഹാസമുദ്രത്തിലൂടെയും അറബികടലിലൂടെയും സഞ്ചരിച്ചിരുന്ന ചരക്കു കപ്പലുകളെയായിരുന്നു. ബര്‍മയില്‍ നിന്നും തായ്‌ലണ്ടില്‍ നിന്നും അരിയുമായി തലശ്ശേരിയിലേക്കു പുറപ്പെട്ടിരുന്ന കപ്പലുകളും തലശ്ശേരിയില്‍ നിന്നും മലഞ്ചരക്കുമായി പുറപ്പെട്ട കപ്പലുകളും നശിപ്പിക്കപ്പെട്ടു. യുദ്ധം കഴിഞ്ഞു അധികം താമസിയാതെ ഇന്ത്യ സ്വതന്ത്രമായി അതോടെ തലശ്ശേരി കമ്പോളത്തില്‍ സജീവമായിരുന്ന ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. വിഭജനത്തിന് മുന്‍പ് തലശ്ശേരിയില്‍ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും മലഞ്ചരക്കുകള്‍ അയക്കുകയും മറ്റു പലചരക്കുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്ന കച്ച് സേട്ടുമാര്‍ ചിലര്‍ പാക്കിസ്ഥാനിലേക്കും മറ്റ് ചിലര്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും സ്ഥലം മാറി.
വയനാട്, കുടക് പ്രദേശത്തെ കുരുമുളക് വിളകള്‍ വീണ്ടും തലശ്ശേരി കുരുമുളക് കമ്പോളത്തെ സജീവമാക്കുമെന്ന പ്രതീക്ഷയോടെ കച്ചവടത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ ശ്രമിച്ചിരുന്ന തലശ്ശേരിക്കാരായ വ്യാപാരികള്‍ക്ക് 'കൂനിന്‍മേല്‍ക്കുരു' എന്ന പോലെ, മദ്രാസ് ഗവണ്‍മെന്റില്‍നിന്നു അപ്രതീക്ഷിതമായ പ്രഹരമേറ്റു. 1952-ല്‍ മദ്രാസ് ഗവണ്‍മെന്റ് കുരുമുളകിന് മൂന്ന് വര്‍ഷത്തെ പര്‍ച്ചേസ് ടാക്‌സ് മുന്‍പ്രാബല്യത്തോടെ ചുമത്തി. പ്രദേശത്തുകാരായ പ്രധാന കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്നു കുരുമുളകു വാങ്ങി സംസ്‌കരിച്ചു, ബ്രിട്ടീഷ് കയറ്റുമതിക്കാര്‍ക്കു വിറ്റവരായിരുന്നു. പലര്‍ക്കും ചുമത്തപ്പെട്ട നികുതി അവരുടെ ആസ്തിയേക്കാള്‍ കൂടുതലായിരുന്നു. മദ്രാസ് സ്റ്റെയ്റ്റില്‍ പെടാത്ത ബി.സ്റ്റയിറ്റ് ആയിരുന്ന കൊച്ചിക്ക് ആ നികുതി ബാധകമായിരുന്നില്ല. അതേ തുടര്‍ന്നു വടക്കു നിന്നുള്ള കുരുമുളക് കൊച്ചിയിലേക്കൊഴുകി.
കുരുമുളക് കയറ്റുമതി ഗുജറാത്തികളുടേയും മാര്‍വാടികളുടേയും നിയന്ത്രണത്തിലായി. 'അഗ്മാര്‍ക്ക്' കേന്ദ്ര ഓഫീസ് നാഗ്പൂരിലായത് അവര്‍ക്ക് കൂടുതല്‍ സൗകര്യമായി. പില്‍കാലത്ത് ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്കയച്ച കുരുമുളക് തിരിച്ചയച്ചതായി വാര്‍ത്തവന്നു. കുരുമുളകില്‍ പക്ഷി കാഷ്ഠവും പൊടിയും കലര്‍ന്നതും ഉണക്കകുറവ് കാരണത്താല്‍ പൂപ്പല്‍ ബാധിച്ചതുമായിരുന്നു കാരണം.
തലശ്ശേരിയുടെ പരിസരപ്രദേശങ്ങളായ ധര്‍മ്മടത്തു നിന്നും എരഞ്ഞോളിയില്‍ നിന്നും സ്ത്രീകള്‍, കുരുമുളക് ഉണക്കുവാനും, പാറ്റാനും അരിപ്പയിലിട്ടു വേര്‍തിരിക്കുവാനുമായി പാണ്ടിക ശാലകളിലേക്കു വരുന്നത് 1940-കളില്‍ സാധാരണ കാഴ്ചയായിരുന്നു. തലശ്ശേരി തീരത്ത് ഇന്നും കാണുന്ന പുരാതന പാണ്ടികശാലകള്‍ ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്ന വമ്പിച്ച വ്യാപാരങ്ങളുടെ ബാക്കിപത്രമാണ്.