ഒരു സമൂഹത്തിന്റെ അതിജീവനത്തിനും ആരോഗ്യപൂര്‍ണ്ണമായ നിലനില്‍പിനും ആവശ്യമായ മൂന്ന് അടിസ്ഥാന മൂലധനങ്ങള്‍ ഇവയാണ്.
1. രാഷ്ട്രീയ മൂലധനം
2. സാമ്പത്തിക മൂലധനം
3. സാംസ്‌കാരിക മൂലധനം
ഇവയില്‍ ഏതാണ് ആദ്യം ഉണ്ടാവേണ്ടത്, ഏതാണ് ഏറ്റവും പ്രധാനം തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാക്കും വിധം മൂന്നും പ്രധാനവും പരസ്പരം ബന്ധിതവുമാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ മൂലധനം ഒരു സമൂഹത്തിന് നേടിക്കൊടുക്കുന്ന പ്രധാന ഏജന്‍സിയാണ് രാഷ്ട്രീയ പ്പാര്‍ട്ടികള്‍.
ഈ നിലക്ക് നോക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധാനത്തെയും രാഷ്ട്രീയ മൂലധനത്തിലെ അവരുടെ പങ്കാളിത്തത്തെയുമാണ് അവര്‍ക്കിടയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനിധീകരിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതു മുതല്‍ കേരളത്തിലെ മുസ്‌ലിം സമൂഹം അവരുടെതായ രാഷ്ട്രീയ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളത്തില്‍ ഈ റോള്‍ പ്രധാനമായും നിര്‍വഹിച്ചു പോന്നത്.
കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പങ്ക് അവകാശപ്പെടുന്നതാണ് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം. ഒരു മതേതര, ജനാധിപത്യ, ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക്, അതും പ്രധാനമായും മുസ്‌ലിം പുരുഷന്‍മാര്‍ക്ക് അംഗത്വം നല്‍കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി, പേരില്‍ തന്നെ മുസ്‌ലിം എന്ന മത സമുദായ നാമം സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ അംഗീകാരം നേടിയെടുക്കുകയും ഭരണത്തില്‍ പങ്കാളിയാവുകയും ചെയ്തുവെന്നത് സുപ്രധാനമായ കാര്യമാണ്. സാര്‍വദേശീയ തലത്തില്‍ ആലോചിക്കുമ്പോള്‍, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ മറ്റു സമൂഹങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ വളരെ വിരളമാണെന്ന് കാണാന്‍ കഴിയും. ശ്രീലങ്കന്‍ രാഷ്ട്രീയത്തിലും ഭരണകൂടത്തിലും സജീവ പങ്കാളിത്തമുള്ള ശ്രീലങ്കന്‍ മുസ്‌ലിം കോണ്‍ഗ്രസ് ആയിരിക്കും ശ്രദ്ധേയമായ ഒരു അപവാദം. മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തം സജീവമായ മറ്റൊരു മുസ്‌ലിം ന്യൂനപക്ഷ സമൂഹം ദക്ഷിണാഫ്രിക്കയിലേതാണ്. പക്ഷേ, അവിടെയും മുസ്‌ലിം പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടിയിലൂടെയല്ല മുസ്‌ലിം സമൂഹം അവരുടെ രാഷ്ട്രീയ ഭാഗധേയം നിര്‍വഹിക്കുന്നത്. മറിച്ച്, മുഖ്യധാരാ/മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടാണ്. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ന്യൂനപക്ഷ മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ അപൂര്‍വമായ മാതൃകകളിലൊന്നാണ് കേരളത്തിലെ മുസ്‌ലിം ലീഗ് എന്ന് കാണാന്‍ കഴിയും.
കേരളത്തിലെ മുസ്‌ലിംകളുടെ സാമ്പത്തിക, സാമൂഹിക അഭിവൃദ്ധി മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പങ്കാളിത്തം കൊണ്ടുണ്ടായതാണ് എന്ന വാദം മുസ്‌ലിം ലീഗ് പൊതുവെ ഉന്നയിക്കാറുണ്ട്. അങ്ങിനെയല്ല, കേരളത്തിലെ മുസ്‌ലിംകളുടെ സവിശേഷമായ സാമൂഹിക, സാമ്പത്തിക പദവിയാണ് മുസ്‌ലിം ലീഗിനെ സാധ്യമാക്കിയതും നിലനിര്‍ത്തുന്നതെന്നും അതിനെ വിമര്‍ശിക്കുന്നവര്‍ വാദിക്കും. കേരളത്തിന് പുറത്ത്, അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിള്‍നാട് എന്നീ സംസ്ഥാനങ്ങളില്‍ മുമ്പ് മുസ്‌ലിം ലീഗിന് മന്ത്രിസഭാ/നിയമസഭാ പ്രാതിനിധ്യമുണ്ടായിരുന്നു. ദീര്‍ഘനാളത്തെ പാര്‍ലമെന്റിലെ സാന്നിധ്യവും കേരളത്തിലെ മന്ത്രിസഭാ പ്രാതിനിധ്യവുമുണ്ടായിട്ടും കേരളത്തിന് പുറത്തെ ആ ശക്തി ലീഗിന് നിലനിര്‍ത്താന്‍ സാധിച്ചില്ല എന്നു മാത്രമല്ല, അത് ക്ഷയിച്ച് ഏതാണ്ട് ഇല്ലാതാവുകയും ചെയ്തു. മന്ത്രിസഭാ പ്രാതിനിധ്യമുണ്ടായിരുന്ന ബാംഗാളടക്കം കേരളത്തിന് പുറത്തുള്ള ലീഗിന്റെ ശക്തിയില്‍ ആ പാര്‍ട്ടിക്കുപോലും ഇന്ന് വലിയ അവകാശവാദങ്ങളില്ല. തമിഴ്‌നാട്ടില്‍ മാത്രമാണ് പേരിനെങ്കിലും ഒരു രാഷ്ട്രീയ സാന്നിധ്യമായി അത് നിലനില്‍ക്കുന്നത്. അതായത്, ലീഗിന്റെ രാഷ്ട്രീയ വിജയങ്ങള്‍ മുസ്‌ലിംകള്‍ക്കെന്നല്ല, ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു തന്നെ, തങ്ങളുടെ രാഷ്ട്രീയ മൂലധനം വികസിപ്പിക്കുന്നതില്‍ സഹായകരമായില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. കേരളത്തിലെ അതിന്റെ വിജയം, കേരള മുസ്‌ലിംകളുടെ സവിശേഷമായ ശക്തിയുടെ ബലത്തിലാണ്, എന്ന വിമര്‍ശനത്തെയാണ് ഇത് അടിവരയിടുന്നത്. അല്‍പംകൂടി ദീര്‍ഘമായും ആഴത്തിലും നടക്കേണ്ട സംവാദമാണത്. അതെന്തുതന്നെയായാലും കേരളത്തില്‍ മുസ്ലിംലീഗ് സവിശേഷമായൊരു രാഷ്ട്രീയ സാന്നിധ്യമാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ മൂലധനത്തിന്റെ നല്ലൊരു പങ്കും അവരാണ് പ്രതിനിധീകരിക്കുന്നത്.
രാഷ്ട്രീയ, അധികാര പങ്കാളിത്തം ഒരു സമൂഹത്തിന്റെ ഭൗതിക ആവശ്യങ്ങളുമായാണ് പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത്. അതായത്, ഭൗതികമായ ആവശ്യങ്ങളും അഭിലാഷങ്ങളുമുള്ള ഒരു തലമുറ സമൂഹത്തിലുണ്ടാവുമ്പോഴേ ആ സമൂഹത്തില്‍ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയുള്ളൂ. ആദിവാസികള്‍ക്കിടയില്‍ നിന്ന് ശക്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിവരാത്തത്, ശക്തമായ ഭൗതികാഭിലാഷങ്ങള്‍, അല്ലെങ്കില്‍ സ്വാര്‍ഥലക്ഷ്യങ്ങള്‍ അവര്‍ക്കില്ല എന്നതുകൊണ്ടാണ്. പൊതുവെ, മധ്യ വര്‍ഗവും ഉപരി മധ്യ വര്‍ഗവുമാണ് ഇത്തരം അഭിലാഷങ്ങള്‍ പങ്കുവെക്കുന്നത്. വളരെ ശക്തമായ ഒരു മധ്യ വര്‍ഗം കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ട് എന്നുള്ളത് കൊണ്ടാണ് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം സജീവമായി സാധ്യമാകുന്നത്. ഈ മധ്യ വര്‍ഗത്തെ സൃഷ്ടിക്കുന്നതില്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പങ്കാളിത്തവും പങ്കുവഹിച്ചിട്ടുണ്ട് എന്നതാണ് കാര്യം. അതായത്, മുസ്‌ലിം ലീഗിന്റെ ശക്തിയും ദൗര്‍ബല്യവും ഒരേ സമയം ഈ മധ്യ വര്‍ഗമാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, മധ്യ വര്‍ഗത്തിന്റെ ബലത്തിലും അഭിലാഷങ്ങളുടെ പുറത്തുമാണ് ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം നിലനില്‍ക്കുന്നത്. ഇതേ മധ്യ വര്‍ഗത്തിന്റെ അഭിലാഷങ്ങളെ യഥോചിതം ഉയര്‍ത്തിപ്പിടിക്കുന്നതിലുള്ള പരാജയങ്ങളാണ് അത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരമൊരു ശക്തമായ മധ്യ വര്‍ഗത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നിടത്താണ് കേരളത്തിന് പുറത്തെ ലീഗ് നിഷ്‌ക്രമിച്ചത്.
പുതിയ മധ്യ വര്‍ഗം രൂപപ്പെടുകയും അവരുടെ അഭിലാഷങ്ങളും ആശയ പരിസരങ്ങളും വികസിക്കുകയും ചെയ്തപ്പോള്‍ അതിനനുസരിച്ച് ഉയരാന്‍ കഴിയാത്തതാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി. അതിങ്ങനെ വിശദീകരിക്കാം. സര്‍ക്കാര്‍ ചെലവില്‍ അറബിഭാഷ ഒന്നാംക്ലാസ് മുതല്‍തന്നെ പഠിക്കാന്‍ അവസരമുള്ള ലോകത്തെ അപൂര്‍വം ന്യൂനപക്ഷ മുസ്‌ലിം സമൂഹമായിരിക്കും കേരളത്തിലേത്. തുര്‍ക്കി പോലുള്ള മുസ്‌ലിം രാജ്യങ്ങളില്‍ പോലും മുസ്‌ലിംകള്‍ക്ക് സാധ്യമല്ലാതിരുന്ന നേട്ടമാണിത്. തങ്ങളുടെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയെടുക്കാന്‍ ഇത്തരം നടപടികള്‍ ലീഗിനെ സഹായിക്കുകയും അവരുടെ പ്രിയപ്പെട്ട പ്രസ്ഥാനമായി മാറാന്‍ ലീഗിനെ അത് സഹായിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ലീഗ് ചെയ്ത മറ്റു കാര്യങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ അതിന് ആധികാരികത നല്‍കി. അതേസമയം, മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ വളര്‍ച്ച വര്‍ധിക്കുന്ന മുറക്ക്, അതായത്, അവരുടെ സാംസ്‌കാരിക മൂലധനം വര്‍ധിക്കുന്ന മുറക്ക്, അവരുടെ ആശയ പരിസരങ്ങളും അഭിലാഷങ്ങളുടെ ലോകവും വികസിക്കാന്‍ തുടങ്ങി. മലബാറിലെ ചെറുലോകത്തിന് അപ്പുറം ആഗോള മുസ്‌ലിം സമൂഹവുമായി വൈകാരികബന്ധം സ്ഥാപിക്കുന്നതില്‍ സ്വന്തം വായനാലോകവും മാധ്യമ സംരംഭങ്ങളും അവരെ സഹായിച്ചു. അങ്ങിനെ ഫലസ്തീനിലും ഇറാഖിലുമൊക്കെ എന്തു സംഭവിക്കുന്നു; അയോധ്യയില്‍ എന്തു നടക്കുന്നു; ഭാഗല്‍പൂരില്‍ നടന്നതെന്ത് തുടങ്ങിയ കാര്യങ്ങള്‍ അവര്‍ അറിയാന്‍ തുടങ്ങി. ദേശീയവും സാര്‍വദേശീയവുമായ അത്തരമൊരു പ്രശ്‌നങ്ങളോട് വൈകാരികമായ ബന്ധം സ്ഥാപിച്ച പുതു തലമുറ മധ്യവര്‍ഗം, അത്തരം പ്രശ്‌നങ്ങളില്‍ രാഷ്ട്രീയമായി ശരിയായ നിലപാടുകളെടുത്തു കൊണ്ടിരുന്നു. എന്നാല്‍, അവരുടെ ബോധനിലവാരത്തെയും രാഷ്ട്രീയ, ആശയ വളര്‍ച്ചയെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ മുസ്‌ലിം ലീഗ് പല കാരണങ്ങളാല്‍ പരാജയപ്പെട്ടു. കയ്യിലുള്ള അധികാരം നിലനിര്‍ത്തുക എന്നതായിരുന്നു അതിലെ പ്രധാനപ്പെട്ട ഒരു കാരണം. പുതിയ സാഹചര്യങ്ങളെയും രാഷ്ട്രീയത്തെയും വിലയിരുത്തുന്നതിലെ പരാജയമായിരുന്നു മറ്റൊന്ന്.
അധികാര രാഷ്ട്രീയം, ഒരു സമൂഹത്തിന്റെ ഭൗതിക ആവശ്യങ്ങളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെന്ന് നേരത്തെ പറഞ്ഞു. പക്ഷേ, മുസ്‌ലിം ലീഗ് ഇസ്‌ലാം എന്ന പ്രത്യയശാസ്ത്രത്തിന്റെ പരിസരത്ത് നിലകൊള്ളുന്ന പാര്‍ട്ടിയാകയാല്‍ കേവലമായ ഭൗതികനേട്ടം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തിന് ചുറ്റും മാത്രം കറങ്ങാന്‍ അതിന് കഴിയില്ല. നിഷ്‌കൃഷ്ടമായ നൈതികതയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ദാര്‍ശനിക കരുത്ത്. അതിനാല്‍, നൈതികമായ നിരവധി ചോദ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടേ ലീഗിന് മുന്നോട്ട് പോവാന്‍ കഴിയുമായിരുന്നുള്ളൂ. വിദ്യാസമ്പന്നരും വായനാതല്‍പരരുമായ പുതിയ ലോകങ്ങളുമായി ബന്ധം സ്ഥാപിച്ചവരുമായ പുതു തലമുറ മുസ്‌ലിം സമൂഹത്തില്‍ വളര്‍ന്നു വന്നതോടെ ഈ നൈതിക രാഷ്ട്രീയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ക്കിടയില്‍ വളര്‍ന്നു വന്നു. സ്വത്വ രാഷ്ട്രീയം, സംവരണം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, നവലിബറല്‍ സാമ്പത്തിക ക്രമവും ആഗോള സാമ്രാജ്യത്വവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം അഭിപ്രായവും നിലപാടുമുള്ള തലമുറയോട് പഴയ കോളെജുകളുടെയും സ്‌കൂളുകളുടെയും കാര്യം മാത്രം പറഞ്ഞു നില്‍ക്കാന്‍ സാധ്യമായിരുന്നില്ല. അതായത്, പുതിയ ആശയ പരിസരത്ത് നില്‍ക്കുന്ന തലമുറയെ അഭിമുഖീകരിക്കുന്നതിലെ ആശയക്കുഴപ്പങ്ങളാണ് മുസ്‌ലിം ലീഗ് നേരിടുന്ന മറ്റൊരു വെല്ലുവിളി. അത്തരമൊരു തലമുറ രൂപപ്പെടുന്നതില്‍ ഭൗതിക സന്നാഹങ്ങളൊരുക്കുന്നതില്‍ മുസ്‌ലിം ലീഗിനും പങ്കുണ്ട് എന്നതാണ് അതിലെ കൗതുകം.
ആശയപരവും ഭൗതികവുമായ ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുസ്‌ലിംകളുടെ മുന്‍കയ്യില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തൊണ്ണൂറുകള്‍ക്ക് ശേഷം രൂപപ്പെടുന്നത്. ഇന്ത്യന്‍ നാഷനല്‍ ലീഗ്, പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപപ്പെടാനിടയായ കാരണങ്ങളാണ് മേല്‍ വിവരിച്ചത്. അതായത്, മുസ്‌ലിം ലീഗ് തന്നെയാണ് പരോക്ഷാര്‍ഥത്തില്‍ ഈ രാഷ്ട്രീയ പാര്‍ട്ടികളെയും സാധ്യമാക്കിയത്. പുതിയ രാഷ്ട്രീയ പാര്‍ട്ടികളുടെ രംഗപ്രവേശത്തോടെ അതിന്റെ ആഘാതങ്ങളും സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ ലീഗിന് സാധ്യമല്ലാത്ത അവസ്ഥ വന്നു ചേര്‍ന്നു. ലീഗിന്റെ അജണ്ടയെയും രാഷ്ട്രീയ ഉള്ളടക്കത്തെയും ഗുണപരമായി സ്വാധീനിക്കുന്നതില്‍ അത് പങ്കു വഹിച്ചു. ഫലസ്തീനില്‍ ബോംബ് പൊട്ടുമ്പോള്‍ യൂത്ത് ലീഗിന് കോഴിക്കോട്ട് റാലി സംഘടിപ്പിക്കേണ്ടി വരുന്നതും പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ലീഗ് തന്നെ മുന്നിട്ടിറങ്ങുന്നതുമെല്ലാം അതിന്റെ ലക്ഷണങ്ങളാണ്. ചുരുക്കത്തില്‍ മുസ്‌ലിം ലീഗും പിന്നീട് രൂപപ്പെട്ട പുതിയ മുസ്‌ലിം രാഷ്ട്രീയ രൂപങ്ങളുമെല്ലാം കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് ഗുണപരമായ നേട്ടങ്ങളാണ് ഉണ്ടാക്കിക്കൊടുത്തത്.
മുസ്ലിംകളുടെ ഭൗതികമായ പുരോഗതി എന്ന ലക്ഷ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥ പുതിയ സാഹചര്യം ലീഗിന് മേല്‍ സൃഷ്ടിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളാവട്ടെ ഒരു സമുദായമെന്ന നിലക്കുള്ള മുസ്‌ലിംകളുടെ സ്വത്വ വെല്ലുവിളികളെ കൂടുതല്‍ ജാഗ്രതയോടെ അഭിമുഖീകരിക്കുന്നു. ഇസ്ലാമിന്റെ നൈതിക രാഷ്ട്രീയം എന്ന, കൂടുതല്‍ വിസ്തൃതമായ ദാര്‍ശനിക പ്രതലത്തിലാണ് വെല്‍ഫയര്‍ പാര്‍ട്ടി സ്വയം സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള സംവാദങ്ങളും മത്സരവും മുസ്‌ലിം രാഷ്ട്രീയത്തെ ആന്തരികമായി കൂടുതല്‍ സമ്പന്നമാക്കുകയും കരുത്തുറ്റതാക്കുകയും ചെയ്യും.