കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം

കാസിം ഇരിക്കൂര്‍  

കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം എവിടെ നിന്നാണ് ആരംഭിക്കേണ്ടത് എന്ന ചോദ്യം ഇതുവരെ ചരിത്രകാരന്മാരുടെ മുന്നില്‍ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രമല്ല രാഷ്ട്രീയ വിചാരധാരയുടെ ചരിത്രം. ഒരു സമൂഹമെന്ന നിലയില്‍ പ്രാദേശികമോ ദേശീയമോ അന്തര്‍ദേശീയമോ ആയ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഉരുത്തിരിയുമ്പോഴാണ് അവിടെ രാഷ്ട്രീയം നാമ്പെടുക്കുന്നത്. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടുതന്നെ മുസ്‌ലിം സമൂഹം ജീവിച്ചിരുന്ന കേരളക്കരയില്‍ മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത് പോര്‍ട്ടുഗീസുകാരുടെ ആഗമനം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ (1583) ആയിരിക്കണം രാഷ്ട്രീയ സംബന്ധിയായ പ്രഥമ ചരിത്ര പ്രമാണം. 1498ല്‍ പറങ്കികള്‍ കോഴിക്കോടിനടുത്ത് പന്തലായനിയില്‍ കപ്പലിറങ്ങിയതോടെ വാണിജ്യ-സാമൂഹിക തുറകളില്‍ തുടക്കം കുറിക്കുന്ന അതിക്രമങ്ങളുടെയും അതുവഴി മുസ്‌ലിം സമൂഹം അഭിമുഖീകരിക്കേണ്ടി വരുന്ന നാശനഷ്ടങ്ങളുടെയും വ്യക്തമായ ചിത്രം ശൈഖ് മഖ്ദൂം വരച്ചുകാട്ടുണ്ട്. മലബാറും അറബ്‌രാജ്യങ്ങളും നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന വാണിജ്യപരവും സാംസ്‌കാരികവുമായ ആദാനപ്രദാനങ്ങളുടെ നാഭീനാള ബന്ധം മുറിച്ചുമാറ്റാനുള്ള പോര്‍ച്ചുഗീസ് കോളനിശക്തികളുടെ ഹീന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനു കേരളീയരെ ഉണര്‍ത്തിയും തനിക്ക് സ്വാധീനമുള്ള രാജാക്കന്മാരെ അണിചേര്‍ത്തും അദ്ദേഹം നടത്തിയ യുദ്ധാഹ്വാനം ചിന്താപരമായ അരുണോദയത്തിന് നാന്ദികുറിച്ചു. മുസ്‌ലിം രാഷ്ട്രീയ വിചാരഗതിയുടെ പ്രതിരോധ മാനം ഉരുത്തിരിയുന്ന ഈ ഘട്ടത്തെക്കുറിച്ച് ചരിത്രകാരനായ സ്റ്റീഫന്‍ ഫെഡ്രറിക് ഡെയ്ല്‍ നിരീക്ഷിക്കുന്നത് കാണുക. ''പറങ്കികളുടെ കൊള്ളയും കൊള്ളിവെപ്പും ക്രമാതീതമായി വര്‍ധിച്ചു. ഇത് മുസല്‍മാനെ സ്വന്തം സ്വത്വത്തെ കുറിച്ചു ബോധവാനാക്കുവാനും മലയാളി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് സ്വന്തം ശക്തി സംഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാനും കാരണമാക്കി. പറങ്കികളുടെ സുഗന്ധദ്രവ്യങ്ങള്‍ക്കുവേണ്ടിയുളള യുദ്ധങ്ങള്‍ മുസല്‍മാനെതിരായുള്ള കുരിശു യുദ്ധങ്ങളായിട്ടാണ് അവര്‍ നടത്തിയിരുന്നത്. ഇതിനോടുള്ള പ്രതികരണം ആയിരുന്നു മുസല്‍മാന്റെ ഈ മനഃസ്ഥിതി''. (Stephen Frederick Dale, The Mappilas of Malabar 1498-1922, Islamic Society on the South Asian Frontier, Oxfor University Press, New York,1980, പേജ് 64).
1921ലെ ഖിലാഫത്ത് യുദ്ധങ്ങള്‍ വരെയുള്ള മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം വിദേശ കോളനി ശക്തികളെ ചെറുത്തുതോല്‍പിച്ച്, സ്വന്തം അസ്തിത്വം നിലനിര്‍ത്താനുള്ള ഒരു ജനതയുടെ അത്യപൂര്‍വ്വമായ അതിജീവന തന്ത്രത്തിന്റേതാണ്. ആ ചെറുത്തുനില്‍പ് പോരാട്ടത്തിനു അവര്‍ക്ക് ഇന്ധനമായി വര്‍ത്തിച്ചതും പ്രതിസന്ധികളെ അതിജീവിക്കാനുള്ള രാസത്വരകമായി മാറിയതും മതാധ്യാപനങ്ങളും ദൈവമാര്‍ഗത്തിലുള്ള യുദ്ധത്തിനു (ജിഹാദ്) ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യവുമാണ്. ഇത് ഒരു മലബാര്‍ പ്രതിഭാസമായിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 18-ാം നൂറ്റാണ്ടുമുതല്‍ ബ്രിട്ടീഷ് ശക്തികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോഴും അതിനുപിന്നില്‍ വര്‍ത്തിച്ച മുഖ്യ ഇന്ധനം മതാവേശമായിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമായി വിശേഷിപ്പിക്കുന്ന, രാജ്യവ്യാപക ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മുസ്‌ലിംകള്‍ എന്തുകൊണ്ട് ഇത്ര വ്യാപകമായി ഭരണവിരുദ്ധമായി എന്ന് പഠിക്കാന്‍ നിയുക്തനായ സിവില്‍ ഉദ്യോഗസ്ഥന്‍ ഡബ്യൂ.ഡബ്യൂ ഹണ്ടറിന്റെ മുന്നില്‍ വൈസ്രോയി മായോ പ്രഭു വെച്ച ചോദ്യമിതായിരുന്നു: 'Are the Indian Musalmans bound by their Religion to rebel against the Queen? (The Indian Musalmans-W.W.Hunter) രാജ്ഞിക്കെതിരെ കലാപം നടത്താന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ മതപരമായി ബാധ്യസ്ഥരാണോ എന്ന ചോദ്യത്തിനു ചരിത്രകാരനായ കെ.എം.പണിക്കര്‍  നല്‍കുന്ന ഉത്തരമിതാണ്. 'കൊളോണിയല്‍ ഭരണകൂടത്തിന്റെ സാംസ്‌കാരിക പ്രത്യയശാസ്ത്ര കടന്നുകയറ്റവും ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും മതസേവനം ജീവിത വൃത്തിയാക്കിയ ഉലമാക്കളിലും മറ്റും അസംതൃപ്തിയുളവാക്കി. ബാഹ്യസ്വാധീനങ്ങളെ നേരിടാന്‍ സ്വന്തം മതവും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് മുസ്‌ലിം മതപണ്ഡിതര്‍ കരുതി. ഈ പശ്ചാത്തലത്തില്‍ അവരുടെ മത ബോധനങ്ങള്‍ക്ക് ബ്രിട്ടീഷ് വിരുദ്ധതയുടെ  മുഖം ലഭിച്ചത് സ്വാഭാവികമാണെന്നുകാണാം. മാപ്പിളകര്‍ഷകരുടെ പ്രത്യയശാസ്ത്രലോകം അവര്‍ക്കിടയിലുള്ള പാരമ്പര്യബുദ്ധിജീവികളുടെ പ്രബോധനങ്ങളുടെയും ശാസനകളുടെയും നിയന്ത്രിത പരിധിക്കുള്ളിലായി. മാപ്പിളകര്‍ഷകര്‍ അവരുടെ സാമൂഹിക മുന്നേറ്റങ്ങള്‍ക്കുള്ള ഊര്‍ജം സംഭരിച്ചത് ഈ ആശയലോകത്തുനിന്നാണ'.
പറങ്കികള്‍ക്കെതിരെ നായര്‍പട നയിച്ച യുദ്ധങ്ങളെ സൈനുദ്ദീന്‍ മഖ്ദൂം വാനോളം പുകഴ്ത്തുന്നുണ്ട്. കോഴിക്കോട്ടെ ഖാസിമുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് (മരണം 1616) 'ഫത്ഹുല്‍ മുബീന്‍' (വ്യക്തമായ വിജയം) എന്ന പ്രശസ്തമായ ഒരു ഗ്രന്ഥം തന്നെ രചിച്ചത് സാമൂതിരി രാജാവും നായര്‍ പടയാളികളും മുസ്‌ലിം പോരാളികളും ചേര്‍ന്നു ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ട അക്രമിച്ചു തകര്‍ത്തതിന്റെ വിജയം ആഘോഷിക്കാനാണ്. ആ ആഘോഷം ഉള്‍വഹിക്കുന്ന ചോദനകളെ സ്പര്‍ശിച്ചുകൊണ്ട് ചരിത്രകാരന്‍ എം.ഗംഗാധരന്‍ മുന്നോട്ടുവെക്കുന്ന പ്രസക്തമായൊരു നിരീക്ഷണമിതാണ്: 'ഒരു നാടിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വിദേശത്തു നിന്നു ലഭിക്കാവുന്ന വമ്പന്‍മാരുടെ സഹായത്തേക്കാള്‍ വിശ്വസിക്കാവുന്നതും ഉറപ്പിക്കാവുന്നതും ആ നാട്ടിലുള്ളവരുടെ യോജിപ്പില്‍നിന്നുണ്ടാവുന്ന വീര്യത്തെയാണ് എന്ന സൂചന കാവ്യത്തിലുള്ളത് കാണാതിരുന്നുകൂടാ. ഇത് വാസ്തവത്തില്‍ യഥാര്‍ത്ഥ മതേതര വീക്ഷണത്തെ ശക്തിപ്പെടുത്തുന്നതും ഇന്നും പ്രസക്തിയുള്ളതുമായ പാഠമാണെന്നതില്‍ സംശയമില്ല. (മാപ്പിള പഠനങ്ങള്‍-എം ഗംഗാധരന്‍ പേജ് 37). തങ്ങള്‍ ജീവിക്കുന്ന സവിശേഷമായ ജീവിത പരിസരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, തന്നെയാണ് കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചിന്ത തുടക്കം മുതല്‍ക്കേ വികാസം പ്രാപിച്ചതെന്ന് ചുരുക്കം.
എന്നാല്‍, പാശ്ചാത്യ അധിനിവേശ ശക്തികള്‍ അവര്‍ക്ക് മുന്നില്‍ നിരത്തിയ വെല്ലുവിളികള്‍ മറ്റൊരു സമൂഹവും അഭിമുഖീകരിക്കാത്തതായിരുന്നു. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രഥമ ജനകീയ സമരമായിരുന്നു 1697ല്‍ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കോട്ട പ്രതിരോധിച്ചുകൊണ്ട് നായര്‍ മാടമ്പിമാരും മുസ്‌ലിം വ്യാപാരികളും ഏകോപിച്ചു നടത്തിയ പ്രതിരോധം. ഇതാകട്ടെ വരാനിരിക്കുന്ന പോരാട്ടപരമ്പരകളുടെ പ്രോദ്ഘാടനമായിരുന്നു. കുരിശുയുദ്ധത്തിന്റെ ഓര്‍മകളും നെടുനാള്‍ നീണ്ടുനിന്ന പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങളുടെ അനുഭവങ്ങളും കൊണ്ടാവാം തുടക്കം മുതല്‍ മുസ്‌ലിംകളെ കൊടിയ ശത്രുക്കളായാണ് ബ്രിട്ടീഷുകാര്‍ കണ്ടിരുന്നത്. നാടുവാഴി-ജന്മിമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കുടിയാന്മാരും കര്‍ഷകരുമായ പാവപ്പെട്ട മുസ്‌ലിംകളുടെ നീതി നിഷേധിക്കുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിച്ചു. എല്ലാറ്റിനുമുപരി തങ്ങള്‍ക്കെതിരെ തീഷ്ണ വെല്ലുവിളി ഉയര്‍ത്തിയ മൈസൂര്‍ രാജാക്കന്മാരായ ഹൈദരലിയുടെയും ടിപ്പുസുല്‍ത്താന്റെയും ആള്‍ക്കാര്‍ എന്ന മനോഗതി ശത്രുതക്ക് ആക്കം കൂട്ടി. മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രത്തെ ബ്രിട്ടീഷ് ആധിപത്യം എങ്ങനെ മാറ്റിയെഴുതി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് കാണുക. 'മൈസൂര്‍ ഭരണത്തെ മുസ്‌ലിംകള്‍ അനുകൂലിച്ചിരുന്നതിനാലും ആലിരാജയുടെ നേതൃത്വത്തില്‍ മലബാറിലെ മുസ്‌ലിംകള്‍ ഇംഗ്ലീഷുകാര്‍ക്കെതിരായി മൈസൂര്‍ പക്ഷത്തു നിന്ന് പടപൊരുതിയവരായിരുന്നതിനാലും ഇംഗ്ലീഷ് ഭരണത്തിന്റെ ഉദ്ഘാടനം തന്നെ മാപ്പിള സമുദായത്തെ തകര്‍ക്കാനുള്ള വെമ്പലോടെയായിരുന്നു. പറങ്കികള്‍ പരസ്യ പ്രഖ്യാപനത്തോടുകൂടിയാണ് മുസ്‌ലിംകളെ നശിപ്പിക്കുവാനുള്ള നീചവൃത്തികള്‍ ചെയ്തിരുന്നതെങ്കില്‍ അതേ നയം, കൂടുതല്‍ ഫലവത്തായി തന്ത്ര പൂര്‍വ്വം പ്രാവര്‍ത്തികമാക്കുകയാണ് ഇംഗ്ലീഷുകാര്‍ ഇന്ത്യയിലുടനീളം അനുവര്‍ത്തിച്ചത്. കേരളത്തില്‍ അവര്‍ നേരിട്ട് ഈ പ്രവൃത്തി ചെയ്യുന്നതിനു പകരം മൈസൂര്‍ ഭരണാധിപന്മാരുടെ കാലത്ത് സ്ഥാന ഭ്രഷ്ടരാക്കപ്പെട്ടിരുന്ന നാടുവാഴികളേയും ഇടപ്രഭുക്കന്മാരേയും അവരവരുടെ പൂര്‍വസ്ഥാനങ്ങളില്‍ പുനഃപ്രതിഷ്ഠ നടത്തി അവരെ ഉപകരണങ്ങളാക്കി തങ്ങളുടെ ലക്ഷ്യം വിജയകരമാക്കുകയാണുണ്ടായത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പറങ്കികളാവട്ടെ, ലന്തക്കാരാവട്ടെ, ഇംഗ്ലീഷുകാരാവട്ടെ, എല്ലാവരും തന്നെ തങ്ങളെ നശിപ്പിക്കുന്നതില്‍ അതീവ നിര്‍ബന്ധക്കാരായിരുന്നു എന്നതാണനുഭവം. യൂറോപ്പില്‍ പയറ്റി പരാജയപ്പെട്ട കുരിശുയുദ്ധത്തിന്റെ തുടര്‍ക്കഥയാണല്ലോ പറങ്കികള്‍ ചെന്നുപെട്ട സ്ഥലങ്ങളിലൊക്കെ ആവര്‍ത്തിച്ചത്. അതേ ദുരന്ത നാടകം തന്നെയാണ് ബ്രിട്ടീഷുകാരും പയറ്റിയത്. രണ്ടും തമ്മിലുള്ള വ്യത്യാസം പറങ്കികളുടേത് പരസ്യ പ്രഖ്യാപനത്തോടുകൂടിയതായിരുന്നുവെങ്കില്‍  ഇംഗ്ലീഷുകാരുടേത് വളരെ ഗോപ്യമായിട്ടായിരുന്നുവെന്നുമാത്രം. ഇവിടെ പഴയ നാടുവാഴികളെയും മാടമ്പിമാരെയുമാണ് മുസ്‌ലിംകളെ അടിച്ചമര്‍ത്തുവാന്‍ ഉപകരണങ്ങളാക്കിയത്. ഈ അവിവിഹിത സമ്പര്‍ക്കം മൂലം ഉണ്ടായേക്കാവുന്ന പ്രയാസം മനസ്സിലാക്കിയ മുസ്‌ലിംകള്‍ അന്നുമുതല്‍ ആരംഭിച്ച ഇംഗ്ലീഷു വിരുദ്ധ പ്രസ്ഥാനം നിരവധി ഏറ്റുമുട്ടലുകള്‍ക്കിടവരുത്തി. (കേരള മുസ്‌ലിം ചരിത്രം, സ്ഥിതിവിവര കണക്ക് ഡയറക്ടറി വാള്യം ഒന്ന് പേജ് 331).
    ഭൂമിയുടെമേലുള്ള കൈവശാവകാശത്തിനു വേണ്ടിയായിരുന്നു മാപ്പിളമാര്‍ ആദ്യമായി പ്രക്ഷോഭങ്ങളിലേര്‍പ്പെടുന്നത്. 19-ാം നൂറ്റാണ്ടിലുടനീളം മുസ്‌ലിം കര്‍ഷകരും കൃഷിത്തൊഴിലാളികളും ബ്രിട്ടീഷുകാരുടെ അനുഗ്രഹാശിസ്സുകളോടെ ജന്മിമാരുടെ പലവിധ ചൂഷണങ്ങള്‍ക്കും ഇരകളാവേണ്ടിവന്നപ്പോള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ബ്രിട്ടീഷ് 'റയ്ത്ത്‌വാരി' സമ്പ്രദായം ജന്മികളെ കുടിയാന്മാരായി പരിഗണിക്കാന്‍ പോന്നതായിരുന്നു. നികുതി പിരിക്കുന്ന വിഷയത്തില്‍ കാട്ടിയ അനീതിയും മുസ്‌ലിംകളുടെമേല്‍ മാത്രം അടിച്ചേല്‍പ്പിച്ച 'പുരുഷാന്തരം' പോലുള്ള ചൂഷണവുമൊക്കെ വ്യാപകമായ അതൃപ്തിക്ക് വഴിയൊരുക്കി. കമ്പനിഭരണത്തിന്റെ ക്രൂരതക്കെതിരെ തുറന്ന പോരാട്ടമല്ലാതെ മാര്‍ഗമില്ലെന്ന് കണ്ടപ്പോഴാണ് ഉണ്ണിമൂസയുടെയും ചെമ്പന്‍ പോക്കറിന്റെയും അത്തന്‍ കുരിക്കളുടെയുമൊക്കെ ധീരനേതൃത്വത്തില്‍ പ്രക്ഷോഭ പഥം ജ്വലിപ്പിക്കുന്നത്. 1792 മുതല്‍ 1921 വരെ ചെറുതും വലുതുമായ 83 ലഹളകള്‍ നടന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ഇത്തരം ജനകീയ പ്രക്ഷോഭങ്ങളെ സൈന്യത്തെ ഉപയോഗിച്ചു ചോരയില്‍ മുക്കിയാണ് കമ്പനി ഭരണകൂടം നേരിട്ടത്. എന്നാല്‍ ശക്തമായ ആത്മീയ നേതൃത്വം പോരാട്ടവീര്യം അണയാതെ സൂക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മമ്പുറം സയ്യിദ് അലവി തങ്ങള്‍, അവരുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാദി തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ ബ്രിട്ടീഷ്‌കാരുടെ നയനിലപാടുകളിലെ വര്‍ഗീയ-വിഭാഗീയ ചിന്താഗതികളെ യഥാവിധി തിരിച്ചറിഞ്ഞ് സാമാന്യജനത്തിന് രണാങ്കണത്തില്‍ പോരാടാന്‍ ആവേശവും ആത്മധൈര്യവും പകര്‍ന്നത് പ്രക്ഷോഭത്തിന് മതകീയ ഭാവം നല്‍കാന്‍ കാരണമായത് സ്വാഭാവികം. ജന്മിമാരുടെ താല്‍പര്യ സംരക്ഷണത്തിനായി പാട്ടവും നികുതിയും ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ നികുതി നിഷേധം എന്ന ആശയത്തിലൂടെ കമ്പനി ഭരണത്തിന്റെ ക്രൂരതയെ നേരിടാന്‍ ഉമര്‍ഖാദി ആഹ്വാനം ചെയ്തു. മഹാത്മഗാന്ധി നികുതി നിഷേധം സമരായുധമായി എടുക്കുന്നതിന്റെ ഒരു നൂറ്റാണ്ട് മുമ്പാണിതെന്ന് ഓര്‍ക്കണം. എന്നാല്‍, എല്ലാവിധ സമരങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ടപ്പോള്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടിവന്നു. കര്‍ഷകരും സാധാരണ തൊഴിലാളികളും ഈ വിധം ഭരണകൂട വിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെട്ട ചരിത്രം രാജ്യത്ത് കൂടുതലായി കാണാന്‍ സാധ്യമല്ല. പാശ്ചാത്യ അധിനിവേശ ശക്തികളോടും അവരുടെ പ്രതിനിധാനങ്ങളോടുമുള്ള കടുത്ത എതിര്‍പ്പ് സാംസ്‌കാരിക സ്വത്വം കാത്തുസൂക്ഷിക്കുന്നതില്‍ മാപ്പിളമാരെ ജാഗ്രവത്താക്കി നിറുത്തിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍നിന്നും പടിഞ്ഞാറന്‍ വേഷഭൂഷാദികളില്‍ നിന്ന് വരെ അകറ്റി നിറുത്തിയത് സ്വാഭാവികം.
    മലബാര്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച, അഗാധതലത്തില്‍ സ്പര്‍ശിക്കപ്പെട്ട സംഭവം 1921ലെ ഖിലാഫത്ത് വിപ്ലവമെന്നും മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നുമൊക്കെ, വ്യാഖ്യാതാക്കളുടെ നിഗമനങ്ങള്‍ക്കൊത്തു വിശേഷിപ്പിക്കപ്പെടുന്ന രക്ത പങ്കിലമായ പോരാട്ടപരമ്പരയാണ്. ഒമ്പതുമാസം നീണ്ടുനിന്ന, പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്ന ആ സംഭവങ്ങള്‍ക്കുശേഷമാണ് കേരള മുസ്‌ലിംകള്‍ മാറിച്ചിന്തിക്കാനും കൂടുതല്‍ ഉല്‍ബുദ്ധത പ്രകടമാക്കാനും തുടങ്ങിയതെന്ന് കാണാം. മഹാത്മാഗാന്ധിയുടെ പൂര്‍ണ അനുഗ്രാശിസുകളോടെ തുടങ്ങിവെച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രതിദ്ധ്വനി ആത്മീയ നേതൃത്വത്തിനു കീഴില്‍ നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല. അധിനിവേശ ശക്തികള്‍ക്കെതിരെ തുടക്കം മുതല്‍ രണാങ്കണത്തില്‍ ഇറങ്ങിത്തിരിച്ച മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ഉസ്മാനിയ്യ ഖിലാഫത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിക്കുക എന്നത് ആവേശകരമായ അനുഭവമായിരുന്നു. മൗലാനാ മുഹമ്മദലിയുടെയും സഹോദരന്‍ ശൗക്കത്തലിയുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം ഖിലാഫത്ത് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയപ്പോള്‍ കേരളത്തിലും അനുരണനങ്ങള്‍ സൃഷ്ടിച്ചു. 1920 ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഖിലാഫത്ത് സമ്മേളനത്തില്‍ 25000ല്‍ അധികം പേര്‍ പങ്കെടുത്തതായി ആധികാരിക രേഖകള്‍ പറയതുന്നു. ഗാന്ധിജിയുടെയും ശൗക്കത്തലിയുടെയും സാന്നിധ്യം സമ്മേളനം വന്‍ വിജയമാക്കി. ഗാന്ധിജിയുടെ പ്രസംഗം 'ദി ഹിന്ദുപത്രം' റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: 'ഏഴുകോടി മുസല്‍മാന്‍മാരോട് ബ്രിട്ടീഷ് ഭരണകൂടം അനീതി കാണിച്ചു. തുര്‍ക്കിയിലെ ഖലീഫ, മുഹമ്മദ് നബിയുടെ അനന്തരവകാശിയാണ്. ലോകത്തിലെ എല്ലാ മുസ്‌ലിംകളുടെയും മതപരവും ആത്മീയവുമായ നേതാവാണദ്ദേഹം. എന്നിട്ടും ഖിലാഫത്ത് നിര്‍ത്തലാക്കാന്‍ മുസല്‍മാന്‍മാരുടെ വിശ്വാസത്തിനെതിരായി ചെയ്ത ഒരനീതിയാണ്. അതിനാല്‍ , ബ്രിട്ടീഷ്‌ സര്‍ക്കാരുമായി നിസ്സഹരിക്കേണ്ടത് എല്ലാ മുസ്‌ലിംകളുടെയും കര്‍ത്തവ്യമാണ്. തങ്ങളുടെ സഹോദരങ്ങളായ മുസല്‍മാന്മാരോട് ഹിന്ദുക്കള്‍ തോളോട് തോള്‍ചേര്‍ന്നു ഖിലാഫത്ത് പ്രസ്ഥാനത്തെ വിജയിപ്പിക്കണം. ഖിലാഫത്തു പ്രസ്ഥാനം നിസ്സഹകരണം കൊണ്ടുമാത്രം ഫലപ്രദമാകുന്നില്ലെങ്കില്‍ മുസല്‍മാന്‍മാര്‍ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന മുസ്‌ലിംകളുടെ കടപ്പാടുകള്‍ക്കനുസൃതം ഇസ്‌ലാമിനെ സംരക്ഷിക്കുവാന്‍ ഭരണകൂടത്തോട് സമരം ചെയ്യണം (ദി ഹിന്ദു -1920, ആഗസ്റ്റ് 19).
മഹാത്മഗാന്ധി ആഹ്വാനം ചെയ്തതിനേക്കാള്‍ ആവേശത്തില്‍ മുസ്‌ലിംകള്‍ സമരത്തിനിറങ്ങി. ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൈകോര്‍ത്തുകൊണ്ടുള്ള ആവേശഭരിതമായ മുന്നേറ്റം നാടാകെ മതമൈത്രിയുടെ പുത്തന്‍ അരുണോദയങ്ങള്‍ സൃഷ്ടിച്ചു. കേരള ഖിലാഫത്ത് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് കുഞ്ഞിക്കോയ തങ്ങളായിരുന്നു. ഹസ്സന്‍കോയ മൊല്ല, മേലക്കണ്ടി മൊയ്തീന്‍ എന്നിവരായിരുന്നു സെക്രട്ടറിമാര്‍, യു.ഗോപാല മേനോനായിരുന്നു ജോ.സെക്രട്ടറി. സ്വാതന്ത്ര്യ സമരത്തിന്റെ പടഹധ്വനി കേട്ട് അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ പഠനം പാതിവഴിക്കു ഉപേക്ഷിച്ചിറങ്ങിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടര്‍ന്ന് കാര്യദര്‍ശി പദം ഏറ്റെടുത്തു. കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഇ.മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, എം.പി.നാരായണ മേനോന്‍, കെ.പി.കേശവമേനോന്‍, കെ.മാധവന്‍ നായര്‍, മോഴിക്കുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമ്മേളനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ഹിന്ദു-മുസ്‌ലിം ഐക്യവും മുന്നേറ്റവും കണ്ട് ഹാലിളകിയ ബ്രിട്ടീഷ് ഭരണകൂടവും അവരുടെ സില്‍ബന്തികളും ഇരുസമുദായങ്ങള്‍ക്കിടയിലും വൈരം വളര്‍ത്താനും സമരമാര്‍ഗത്തില്‍ കടമ്പകള്‍ കൊണ്ടിടാനും കുല്‍സിത മാര്‍ഗങ്ങള്‍ പുറത്തെടുത്തു. പ്രമുഖ ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസ്സന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ നിരോധനാജ്ഞ കൊണ്ടാണ് അദ്ദേഹത്തിന്റെ സ്വീകരണം തകര്‍ക്കാന്‍ ശ്രമിച്ചത്. മഞ്ചേരിയിലും ഒറ്റപ്പാലത്തും നടന്ന കോണ്‍ഗ്രസ്-ഖിലാഫത്ത് സമ്മേളനങ്ങള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ എഴുതിചേര്‍ത്തു. അതോടെ ക്ഷുഭിതരും പ്രകോപിതരുമായ കോളനിവാഴ്ച്ചക്കാര്‍ കരിനിയമങ്ങളും ഉരുക്കുമുഷ്ടിയും ഉപയോഗിച്ചു പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി. ഖിലാഫത്ത് സമ്മേളനങ്ങള്‍ ജന്മിമാര്‍ക്കെതിരായ പുതിയ ഉണര്‍വും കുടിയാന്‍മാരുടെ ഐക്യബോധം ഉള്‍വഹിക്കുന്ന കൂട്ടായ്മയുമായി വളര്‍ന്നത് ബ്രിട്ടീഷ് സര്‍ക്കാരിനെയും അവരുടെ പിണിയാളുകളായ ജന്മിമാരെയും പരിഭ്രാന്തരാക്കി. ഇവിടുന്നങ്ങോട്ടാണ് വെടിവെപ്പുകളും കൂട്ടമരണങ്ങളും അരങ്ങേറുന്നത്. ഏറനാടിന്റെയും വള്ളുവനാടിന്റെയും ഗ്രാമാന്തരങ്ങളെപ്പോലും ചോരയില്‍ മുക്കിയ അടിച്ചമര്‍ത്തലുകള്‍ മാസങ്ങളോളം നീണ്ടുനിന്നപ്പോള്‍ അതിന്റെ ഗതി മാറിമറിയുകയും വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടം വിജയിക്കുകയും ചെയ്തു. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം തന്നെ നടന്നുവെന്ന് സംഭവപരമ്പരകളുടെ സൂക്ഷ്മ പഠനങ്ങള്‍ സമര്‍ഥിക്കുന്നു. മുസ്‌ലിം നേതാക്കളില്‍ ഭൂരിഭാഗവും കൊല്ലപ്പെടുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തതോടെ, കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം പ്രക്ഷോഭത്തെ തള്ളിപ്പറയുന്നതും നാം കണ്ടു. എന്തുതന്നെയായാലും, 1921ലെ ബ്രിട്ടീഷ് വിരുദ്ധ, ഖിലാഫത്ത് പ്രക്ഷോഭങ്ങള്‍ കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ദശാസന്ധിയാണ്. ഈ കാലഘട്ടത്തിന്റെ അനുഭവങ്ങളും പാഠങ്ങളുമാണ് പിന്നീടുള്ള പ്രയാണത്തിന്റെ ദിശ നിര്‍ണയിച്ചതും പുതിയ ചിന്തകള്‍ക്ക് തീ കൊളുത്തുന്നതും.

പുനര്‍വിചിന്തനങ്ങളും
രാഷ്ട്രീയ മുന്നേറ്റങ്ങളും

1921ലെ തിക്താനുഭവങ്ങള്‍ കടുത്ത നൈരാശ്യവും അന്ധാളിപ്പുമാണ് കൈമാറിയതെങ്കിലും അന്തരീക്ഷം അല്‍പം തെളിഞ്ഞതോടെ ശേഷിക്കുന്ന നേതാക്കള്‍ സമൂഹമധ്യത്തിലേക്ക് വിണ്ടും ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഖിലാഫത്ത് പ്രക്ഷോഭത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും തുര്‍ക്കിക്കെതിരായ പാശ്ചാത്യ ശക്തികളുടെ നീക്കങ്ങളെയും മനസ്സിലാക്കാന്‍ സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിലെ നേതാക്കള്‍ക്ക് അവസരം ലഭിക്കുകയുണ്ടായി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഗതിയും ആഗോള സംഭവ വികാസങ്ങളും പലരെയും പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചു. 1924ല്‍ ഖിലാഫത്ത് പ്രസ്ഥാനം അസ്തമിച്ചപ്പോള്‍ സന്ദിഗ്ധഘട്ടത്തില്‍ കോണ്‍ഗ്രസ് തങ്ങളെ കൈവിട്ടു എന്ന ധാരണ ആ പാര്‍ട്ടിയില്‍നിന്ന് അകലാന്‍ പല മുസ്‌ലിംകളെയും പ്രേരിപ്പിച്ചു. ബ്രിട്ടീഷ് ശക്തികളോട് സദാ പോരാടി ഊര്‍ജം വ്യയം ചെയ്യുന്നത് ബുദ്ധിപൂര്‍വമാണോ എന്ന് ചിലരെങ്കിലും പുനരാലോചിക്കാന്‍ തുടങ്ങി. അതോടൊപ്പം, മതനവീകരണ, പരിഷ്‌കരണ ചിന്താധാരകളുടെ കടന്നുവരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ചെറിയൊരു വിഭാഗമെങ്കിലും കാണിച്ച ആഭിമുഖ്യവും കാറ്റ് മാറ്റി വീശാന്‍ വഴിയൊരുക്കി. രാഷ്ട്രീയ വിഷയങ്ങളില്‍ മുസ്‌ലിംകളും താല്‍പര്യം കാണിച്ചുതുടങ്ങി. ഇ.മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും  1924ല്‍ സ്ഥാപിതമായ 'അല്‍ അമീനിലൂടെ' ആ താല്‍പര്യം വളര്‍ത്തുകയും മാറിച്ചിന്തിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. (കോണ്‍ഗ്രസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാതൃഭൂമി സ്ഥാപിതമാവുന്നത് 1923 മാര്‍ച്ചിലാണ്). 1928ല്‍ രൂപീകൃതമായ 'യംഗ് മുസ്‌ലിം അസോസിയേഷന്‍, മുസ്‌ലിം കൂട്ടായ്മയുടെ ദിശയിലെ ആദ്യകാല്‍വെപ്പായിരുന്നു. ഇത്തരം കൂട്ടായ്മകള്‍ ഒരുമിച്ചു ഒരു വേദിയില്‍ സംഗമിച്ചപ്പോള്‍ 1930ല്‍ 'മുസ്‌ലിം മജ്‌ലിസ്' എന്ന കുറച്ചുകൂടി വിശാലമായ സംഘടനയുണ്ടായി. സാമുദായിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മജ്‌ലിസ് കോണ്‍ഗ്രസ് ആശയക്കാരുടെ വേദിയും മുസ്‌ലിം ലീഗിന്റെ കടന്നുവരവിനെ ചെറുക്കാനുള്ള ഉപാധിയുമായിരുന്നു.
1885ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 1910നു ശേഷമാണെന്ന് കാണാം. 1903ല്‍ സേലം സി.വി.രാഘവാചാരിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ മുസ്‌ലിം പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് തിരുത്തിക്കുറിച്ച് കോണ്‍ഗ്രസ് സമ്മേളനം നടക്കുന്നത് 1921, ഏപ്രില്‍ 23നു ഒറ്റപ്പാലത്തുവെച്ചാണ്. ഹിന്ദുക്കളും മുസ്‌ലിംകളും ഇതുപോലെ ഒത്തൊരുമിച്ച് സംഗമിച്ച മറ്റൊരു വേദി മുമ്പ് നടന്നിരുന്നില്ല. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ കൂടിയായ്മയും ഖിലാഫത്തുമാണ് മുഖ്യ ചര്‍ച്ചാവിഷയമായത്.

1906ല്‍ രൂപീകൃതമായ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്മലബാറില്‍ ഒരു ഘടകം ഉണ്ടാകുന്നത് മൂന്നുപതിറ്റാണ്ടിനുശേഷമാണ്. എന്നാല്‍ 1916 കാലഘട്ടത്തില്‍ തന്നെ മദിരാശി പ്രസിഡന്‍സിയില്‍ മുസ്‌ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനക്ഷമമായിരുന്നു. യാക്കൂബ് ഹസ്സന്‍ സേട്ട്, നവാബ് ഗുലാം അഹമ്മദ് കലാമി, ജമാല്‍ മുഹമ്മദ് സാഹിബ് തുടങ്ങിയവരായിരുന്നു നേതൃനിരയിലുണ്ടായിരുന്നത്. അക്കാലത്ത് മദിരാശിയില്‍ നിയമ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്ന തലശ്ശേരിക്കാരനായ ബി.പോക്കര്‍ സാഹിബാണ് ലീഗ് രാഷ്ട്രീയവുമായി ആദ്യമായി ബന്ധപ്പെടുന്ന പ്രമുഖ കേരളീയന്‍. ലീഗ് രാഷ്ട്രീയത്തിന്റെ അനുരണനങ്ങള്‍ മലബാറില്‍ പല നിലക്കും പ്രകടമാവുകയും വലിയൊരു വിഭാഗം ആ രാഷ്ട്രീയ വിചാരധാരയോട് ആഭിമുഖ്യം കാട്ടുകയും ചെയ്തിരുന്നു. 1923ല്‍ പ്രത്യേക പ്രാതിനിധ്യ നിയമമനുസരിച്ച് മദിരാശി നിയമ നിര്‍മാണ സഭയിലേക്ക് കെ.ഉപ്പിസാഹിബും ടി.എം.മൊയ്തുവും മല്‍സരിച്ചു ജയിക്കുകയുണ്ടായി. ഉപ്പി സാഹിബ് 1926ല്‍ വീണ്ടും മദിരാശി അസംബ്ലിയിലേക്കും 1930ല്‍ കേന്ദ്രനിയമനിര്‍മാണ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് ആ കാലഘട്ടത്തിലെ രാഷ്ട്രീയ ആവേശമാണ് കാണിക്കുന്നത്. ബി.പോക്കര്‍ സാഹിബ് 1930-36 കാലങ്ങളില്‍ നിയമസഭാംഗമായിരുന്നു. മലബാറിലെ മാപ്പിളമാരെ ആക്രമണോത്സുക, അപരിഷ്‌കൃത വിഭാഗമായി ചിത്രീകരിച്ചു ക്രൂശിക്കാനായി കോളനിശക്തികള്‍ കൊണ്ടുവന്ന 'മാപ്പിള ഔട്ടേറേജ്യസ് ആക്ടിനെതിരെ' ധീരമായ പോരാട്ടം നടത്താന്‍ അദ്ദേഹം ഊര്‍ജവും സമയവും വിനിയോഗിച്ചു. മലബാറില്‍ ലീഗ് രാഷ്ട്രീയത്തിന് പിന്നില്‍ ചാലകശക്തിയായി വര്‍ത്തിച്ചത് കെ.എം.സീതിസാഹിബായിരുന്നു. 1922 മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1928ലും 31 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചുകൊച്ചി അസംബ്ലിയിലെത്തി. 1934ല്‍ അദ്ദേഹം അഭിഭാഷകവൃത്തി തലശ്ശേരിയിലേക്ക് പറിച്ചുനടന്നതോടെയാണ് മുസ്‌ലിം സമുദായ നേതൃത്വം ഏറ്റെടുക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ദേശീയ നേതാക്കളില്‍ പലരും കേരളം സന്ദര്‍ശിച്ചതും വന്‍ സദസ്സുകളെ അഭിസംബോധന ചെയ്തതും പുതിയ ഉണര്‍വുകള്‍ക്ക് കാരണമായി. മുഹമ്മദലി ജിന്നയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമമുണ്ടായിരുന്നുവെങ്കിലും അസുഖം മൂലം അദ്ദേഹം മദിരാശിയില്‍നിന്ന് തിരിച്ചുപോയതിനാല്‍ ആ ആഗ്രഹം സഫലമായില്ല. അതേസമയം, ലീഗ് ദേശീയ നേതാക്കളായ നവാബ് ബഹാദൂര്‍ യാര്‍ ജംഗ്, നവാബ് ലിയാഖത്തലിഖാന്‍, മഹമൂദാബാദ്  രാജ, നവാബ് സിദ്ദീഖ് അലിഖാന്‍, ഖാസി ഈസ, യൂസുഫ് ഹാറൂണ്‍ തുടങ്ങിയവര്‍ കോഴിക്കോട്ടും തലശ്ശേരിയിലുമൊക്കെ വന്നുപ്രസംഗിച്ചത് മുസ്‌ലിംകളില്‍ പുതിയ രാഷ്ട്രീയ ഉണര്‍വുണ്ടാക്കി. കോഴിക്കോട് നടന്ന യോഗത്തില്‍ ടിക്കറ്റ് വെച്ചാണ് ശ്രോതാക്കള്‍ക്ക് സമ്മേളന സ്ഥലത്തേക്ക് പ്രവേശനം നല്‍കിയതെന്ന് ആ യോഗത്തില്‍ വളണ്ടിയറായിരുന്ന, യശശ്ശരീരനായ ബി. വി.അബ്ദുല്ലക്കോയ മുസ്‌ലിംലീഗ് ഡോക്യൂമെന്ററിക്കായി (ഗ്രീന്‍ ട്രാക്ക്) നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്.

    ഇംഗ്ലീഷ് വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ള നേതാക്കള്‍ ദേശീയ നേതാക്കളുമായി നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി. 1934ല്‍ സെന്‍ട്രല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സത്താര്‍ സേട്ട് മുഹമ്മദലി ജിന്നയുമായും നവാബ് സാദാലിയാഖത്തലിയുമായും അടുക്കുകയും ലീഗ് പ്രവര്‍ത്തക കൗണ്‍സിലില്‍ അംഗത്വം നേടുകയുമുണ്ടായി.
    1937ല്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആദ്യമായി ജില്ലാ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗിന് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാവുന്നത്. സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ അലി രാജ പ്രസിഡണ്ടും സത്താര്‍ സേട്ട് ജനറല്‍ സെക്രട്ടറിയും സീതി സാഹിബ് ജോ.സെക്രട്ടറിയും സി.പി.മമ്മുക്കേയി ട്രഷററുമായ ഈ കമ്മിറ്റിയാണ് കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ ആദ്യ നേതൃസമിതി. 1934 മാര്‍ച്ച് 26നു ചന്ദ്രിക എന്ന പ്രതിവാര പത്രം തലശ്ശേരിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയത് പുതിയ ഉണര്‍വിന്റെ ഭാഗമായിരുന്നു. മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിങ് കമ്പനി ഉണ്ടാക്കി അതേറ്റെടുത്തതും 1938 മുതല്‍ ദിനപത്രമായി വളര്‍ന്നതും മുസ്‌ലിം രാഷ്ട്രീയപ്രയാണത്തിന് വലിയ മുതല്‍കൂട്ടായി. 1937ല്‍ കണ്ണൂര്‍ അറക്കല്‍ കോമ്പൗണ്ടില്‍ സംഘടിപ്പിക്കപ്പെട്ട മുസ്‌ലിംലീഗ് സമ്മേളനം മലബാറില്‍ പാര്‍ട്ടി ഒരു അജയ്യ ശക്തിയാണെന്ന് തെളിയിച്ചു. മൂന്നുവര്‍ഷത്തിനു ശേഷം, 1940ല്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ അവിഭക്ത ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ഫസലുല്‍ ഹഖ് പങ്കെടുത്തത് ലീഗണികളില്‍ വലിയ ആവേശം പകര്‍ന്നു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയ ഘട്ടത്തില്‍നിന്ന് പാര്‍ട്ടിയിലേക്ക് മുസ്‌ലിംകള്‍ ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ 'ദേശീയ മുസ്‌ലിംകളുടെ' ഭാഗത്തുനിന്ന് ശ്രമങ്ങളാരംഭിച്ചിരുന്നു. 1934ല്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് പശ്ചിമതീര മുസ്‌ലിം മണ്ഡലത്തില്‍ മുസ്‌ലിം മജ്‌ലിസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും മുസ്‌ലിം ലീഗ് സാരഥി സത്താര്‍ സേട്ടുവും തമ്മിലായിരുന്നു മല്‍സരം. ഇ.മൊയ്തുമൗലവിയുടെ നേതൃത്വത്തില്‍ 'പുരോഗമന വിഭാഗം' കിണഞ്ഞു ശ്രമിച്ചിട്ടും സത്താര്‍ സേട്ട് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ദിശ എങ്ങോട്ടാണെന്ന മുന്നറിയിപ്പായിരുന്നു. 1937-39 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് ഭരണം കൈയാളിയപ്പോള്‍ മുസ്‌ലിം ന്യൂനപക്ഷം അനുഭവിക്കേണ്ടിവന്ന അവശതകളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പീര്‍പ്പൂര്‍ രാജാവ് കേരളത്തില്‍ വന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ തൃപ്തികരമായ ചിത്രമല്ല ലഭിച്ചത്. ഭാവിയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ മുസ്‌ലിംകള്‍ അനുഭവിക്കാന്‍ പോകുന്ന പരാധീനതകളുടെ സാമ്പിളാവും ഇതെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. അതുകൊണ്ട് തന്നെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചപ്പോള്‍ മോചനദിനം കൊണ്ടാടാനുള്ള മുഹമ്മദലി ജിന്നയുടെ ആഹ്വാനത്തിനു കേരളത്തിലും നല്ല പ്രതികരണമുണ്ടായി. എന്നാല്‍ രണ്ടാം ലോകയുദ്ധങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് സന്നാഹങ്ങളോട് മുസ്‌ലിം നേതൃത്വം സഹകരിച്ചില്ല. മലബാര്‍ ജില്ല മുസ്‌ലിം ലീഗ് അധ്യക്ഷനായ അബ്ദുറഹ്മാന്‍ അലി രാജയെ യുദ്ധസന്നാഹ കമ്മിറ്റിയില്‍ അംഗമാക്കിയപ്പോള്‍ ബ്രിട്ടീഷുരകാരുടെ മുഖത്തുനോക്കി അദ്ദേഹമത് നിരസിച്ചു. 25000 രൂപയുടെ മാലിഖാന്‍ നഷ്ടപ്പെടുന്ന ഭീഷണിപോലും അദ്ദേഹത്തിന്റെ മുന്നില്‍ വിലപ്പോയില്ല. മദ്രാസ് ഗവര്‍ണര്‍ സര്‍ ആര്‍ഥര്‍ഹോപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീതിസാഹിബ് പ്രസംഗിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചോപ്പോള്‍ അദ്ദേഹം വഴങ്ങിയില്ല.
സത്താര്‍ സേട്ട്, കെ.എം സീതിസാഹിബ്, കോട്ടാല്‍ ഉപ്പി സാഹിബ്, ബി.പോക്കര്‍ സാഹിബ്, സി.കെ.പി മമ്മുക്കേയി, എ.കെ.കാദര്‍കുട്ടി തുടങ്ങിയവരായിരുന്നു പ്രാരംഭദശയില്‍ ലീഗിന് താങ്ങും തണലുമായി വര്‍ത്തിച്ചത്. മലബാറിലെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ലീഗിന് പിന്നില്‍ അണിനിരന്നപ്പോള്‍ കൊച്ചി, തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ കോണ്‍ഗ്രസിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1945ലെ തെരഞ്ഞെടുപ്പില്‍ മലബാറിലെ സംവരണ സീറ്റ് ലീഗ് തൂത്തുവാരി. 46ല്‍ സത്താര്‍ സേട്ടുവും ബി.പോക്കര്‍ സാഹിബും ഭരണഘടനാനിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1946ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍വേന്ത്യാ മുസ്‌ലിം ലീഗ് കാര്യദര്‍ശിയും സെന്‍ട്രല്‍ അസംബ്ലിയിലെ പാര്‍ട്ടി ലീഡറുമായ നവാബ് സാദാലിയാഖത്ത് അലിഖാന്‍ കേരളത്തില്‍ വന്നു വിവിധ പട്ടണങ്ങളില്‍ പ്രസംഗിച്ചത് മുസ്‌ലിം ലീഗണികള്‍ക്ക് ഉല്‍സാഹം പകര്‍ന്നു. പാകിസ്ഥാന്റെ സാക്ഷാത്കരണത്തിന് വേണ്ടി എന്തുത്യാഗവും ചെയ്യാന്‍ തയ്യാറാണെന്ന് സത്യപ്രതിജ്ഞ ചെയ്ത ലീഗ് യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിക്കുകയുണ്ടായി.

വിഭജനവും
രാഷ്ട്രീയ പരീക്ഷണങ്ങളും 


1921ലെ മലബാര്‍ കലാപത്തിന്റെ പ്രഹരങ്ങളില്‍ നിന്ന് മെല്ലെ മെല്ലെ മോചിതരായ കേരള മുസ്‌ലിംകള്‍, ജനാധിപത്യ മാര്‍ഗത്തിലൂടെ പിച്ചവെച്ചു നടന്നു നീങ്ങുന്നതിനിടയിലാണ് രാജ്യത്തിന്റെ വിഭജനം അരങ്ങേറുന്നത്. വിഭജനാനന്തരം ഇന്ത്യയിലെ മുസ്‌ലിംകളെ പൊതുവെ ബാധിച്ച അരക്ഷിതാവസ്ഥയും അന്യവത്കരണവും കേരളത്തിലെ മുസ്‌ലിംകളെയും പിടികൂടി. രാജ്യം വിഭജിക്കപ്പെടാന്‍ ഉത്തരവാദികളായ പാര്‍ട്ടിയുടെ ആള്‍ക്കാര്‍ എന്ന മുദ്രകുത്തി ലീഗുകാരെ നാനാഭാഗത്തുനിന്നും കല്ലെറിയാന്‍ തുടങ്ങി. എ.കെ.കാദര്‍ കുട്ടി, പി.പി ഉമ്മര്‍കോയ തുടങ്ങിയ പ്രമുഖര്‍ ലീഗുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ കാട്ടിയ ആവേശം നേതാക്കളെ വിഷമവൃത്തത്തിലാക്കി. അതുവരെ പാര്‍ട്ടിയെ നയിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സത്താര്‍ സേട്ട് ഖാഈദെ അഅ്‌സമിന്റെ 'പുണ്യഭൂമിയിലേക്ക്' പലായനം ചെയ്തു. എല്ലാവരാലും വെറുക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒരു ജനതക്ക് മുന്നോട്ട് ചലിക്കാന്‍ ദിശാബോധമോ കൈപിടിച്ചുനടത്താന്‍ നേതൃത്വമോ ഉണ്ടായിരുന്നില്ല. പാകിസ്ഥാന്റെ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റ മുഹമ്മദലി ജിന്ന 1947 ഡിസംബര്‍ 19നു നല്‍കിയ പ്രസ് ഇന്റര്‍വ്യൂവില്‍ പറയാനുണ്ടായിരുന്നത് ഇത്രമാത്രമായിരുന്നു: 'Muslims in India should be free to frame their own lindependent policy'ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടേതായ നയം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന്. മുസ്‌ലിംകളുടെ ഓരോ ചലനവും സൂക്ഷ്മ ഗ്രാഹിണി വെച്ച് പരിശോധിക്കുകയും ഓരോ കാല്‍വെപ്പും സംശയദൃഷ്ടിയോടെ നോക്കിക്കാണുകയും ചെയ്ത ആ ദശാസന്ധിയില്‍ നേതാക്കളുടെ രാജ്യസ്‌നേഹം പരസ്യമായി ചോദ്യം ചെയ്യപ്പെട്ടു. ഹൈദരാബാദ് നൈസാമിന് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പോലീസ് ആക്ഷന്റെ പേരില്‍ കേരളത്തില്‍ പ്രമുഖ മുസ്‌ലിം നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വിചിത്രമായൊരവസ്ഥ. കേരളത്തിലെ മുസ്‌ലിംകളുടെ അന്നത്തെ ദയനീയ സ്ഥിതി റോളാണ്ട് മില്ലര്‍ വിവരിക്കുന്നതിങ്ങനെ:

'As the Community entered the middle og the twentieth century it appeared to be in a relatively hopeless position. Politically beaten, economically backward, intellectually moribund, and religiously medieval, there seemed to be no adequate base for contending with the modern forces it would encounter. It seemed clear-if anyone cared to consider the matter at all - that the Mappilas could be written off for the foreseeable future as a positive factor in Indian society and Indian Islam. (Mappila Muslims of Kerala as study in Islamic trends Roland E.Miller പേജ്: 157)

അങ്ങനെ എല്ലാവരാലും എഴുതിത്തള്ളേണ്ടി വരുമായിരുന്ന സന്ദിഗ്ധ ഘട്ടത്തില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ ഒരു നേതാവ് രംഗത്തു വന്നിടത്തുനിന്നാണ് കഴിഞ്ഞ ആറര പതിറ്റാണ്ടിന്റെ മുസ്‌ലിം ചരിത്രം രൂപപ്പെടുന്നത്. ഖാഈദെ മില്ലത്ത് എന്ന് അനുയായികള്‍ സ്‌നേഹാഭിവാദനം ചെയ്യാറുള്ള മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഏറ്റെടുത്ത ചരിത്ര ദൗത്യമാണ് മുസ്‌ലിംകളുടെ ഭാഗധേയം മാറ്റിക്കുറിച്ചത്. മാറിയ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടിലും മുസ്‌ലിംകള്‍ക്ക് അവരുടേതായ ഒരു രാഷ്ട്രീയ വേദി ആവശ്യമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തു. ഇന്ന് കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി വളരുകയും എല്ലാവരാലും എഴുതിത്തള്ളേണ്ടിവരുമെന്ന് റോളണ്ട്മില്ലര്‍ പ്രവചിച്ച സമൂഹം ഇതര സമുദായങ്ങള്‍ക്കൊപ്പം തല ഉയര്‍ത്തി നില്‍ക്കുന്ന അവസ്ഥയിലേക്ക് ആനയിക്കപ്പെട്ടതും കഴിഞ്ഞ അരനൂറ്റാണ്ടിലെ മുസ്‌ലിം രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഫലമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും വിജയം കാണാത്ത പരീക്ഷണം.

    ഇന്ത്യയും പാകിസ്ഥാനും രണ്ടുരാജ്യങ്ങളായി പിരിഞ്ഞതോടെ മുസ്‌ലിംലീഗിന്റെ ഭാവിയെ കുറിച്ച് ആലോചിക്കാന്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന എച്ച്.എസ് സുഹ്‌റവര്‍ദി കൊല്‍ക്കത്തയില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു കൂട്ടുകയുണ്ടായി. ലീഗ് പിരിച്ചുവിട്ട് മുസ്‌ലിംകള്‍ക്കായി പുതിയൊരു രാഷ്ട്രീയ വേദി രൂപീകരിക്കണമെന്ന് സുഹ്‌റവര്‍ദി അടക്കമുള്ളവര്‍ വാദിച്ചു. എന്നാല്‍, മദിരാശി പ്രവിശ്യയില്‍ നിന്ന് പങ്കെടുത്ത മുഹമ്മദ് ഇസ്മാഈല്‍ സാഹിബും കെ.എം സീതിസാഹിബും ആ നിര്‍ദേശത്തെ എതിര്‍ത്തു. മുസ്‌ലിംലീഗ് കൗണ്‍സില്‍ ഉടന്‍ വിളിച്ചുകൂട്ടാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കി കണ്‍വെന്‍ഷന്‍ പിരിച്ചുവിടേണ്ടിവന്നു. 1947 ഡിസംബര്‍ 13 നു കറാച്ചിയില്‍ ഗവര്‍ണര്‍ ജനറലിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിംലീഗ് ഓള്‍ ഇന്ത്യാ വര്‍ക്കിങ് കമ്മിറ്റി രാജ്യം രണ്ടായതോടെ ലീഗും രണ്ടാവാന്‍ തീരുമാനിച്ചു. പിറ്റേന്നു ചേര്‍ന്ന 250 അംഗങ്ങള്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗത്തില്‍ വേര്‍പിരിയലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മുസ്‌ലിംലീഗ് ഇന്ത്യാ ഘടകത്തിന്റെ കണ്‍വീനറായി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ തെരഞ്ഞെടുത്തു. മഹാത്മാ ഗാന്ധിജിയുടെ വധം സൃഷ്ടിച്ച സംഘര്‍ഷം ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയും ഭീതിയും പരത്തിയ ഒരന്തരീക്ഷത്തില്‍ 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളിലാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി കൂടിയിരിക്കുന്നത്. ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് കൗണ്‍സില്‍ യോഗമായിരുന്നിട്ടും കേവലം മുപ്പത് അംഗങ്ങളേ സംബന്ധിച്ചുള്ളു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ ഊന്നല്‍ ഏത് ലക്ഷ്യത്തിലായിരിക്കണം എന്ന കാര്യത്തില്‍ ആഴത്തിലുള്ള വാദപ്രതിവാദങ്ങള്‍ നടന്നു. എല്ലാറ്റിനുമൊടുവില്‍ രാഷ്ട്രീയേതര കാര്യങ്ങളില്‍ (സാംസ്‌കാരിക, വിദ്യാഭ്യാസ, സാമൂഹിക വിഷയങ്ങളില്‍) ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്ന പുതിയൊരു ലീഗിന് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ്, രൂപം നല്‍കാന്‍ യോഗം തീരുമാനിക്കുകയും മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.

കേരളത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും കെ.എം സീതിസാഹിബ് ജന.സെക്രട്ടറിയുമായ പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഇടവേളക്ക് ശേഷം മുസ്‌ലിംലീഗ് വീണ്ടും സജീവമായി കര്‍മപഥത്തിലേക്കിറങ്ങി. സ്വാതന്ത്ര ഇന്ത്യയില്‍ വീണ്ടും 'മുസ്‌ലിം ലീഗ്' സിന്ദാബാദ് വിളികേള്‍ക്കാന്‍ തുടങ്ങി. തലശ്ശേരിയിലും വടകരയിലും കോഴിക്കോട്ടും വന്‍സമ്മേളനങ്ങള്‍ നടന്നു. 1952ല്‍ പുതിയ ഭരണഘടന അനുസരിച്ച് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അഞ്ചു മുസ്‌ലിംലീഗ് അംഗങ്ങള്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഒരു ജൈത്ര യാത്രയുടെ തുടക്കമായിരുന്നു. സഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രജാപാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും മന്ത്രിസഭ രൂപീകരിക്കാന്‍ ലീഗിന്റെ പിന്തുണ തേടിയപ്പോള്‍ പാര്‍ട്ടി നേതൃത്വം വളരെ കരുതലോടെയാണ് പ്രതികരിച്ചത്. രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണക്കാന്‍ തീരുമാനിച്ചത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ടു. 1956ല്‍ ഐക്യ കേരളം പിറന്നതോടെ ബാഫഖി തങ്ങള്‍ പ്രസിഡന്റും സീതിസാഹിബ് ജന.സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. അതിനുശേഷമാണ് തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 1957ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് എട്ടു അംഗങ്ങളെ വിജയിപ്പിക്കാനായി. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ കോണ്‍ഗ്രസും ക്രിസ്ത്യന്‍ മത നേതൃത്വവും വിമോചന സമരം ആരംഭിച്ചപ്പോള്‍ മുസ്‌ലിം ലീഗും പ്രക്ഷോഭ രംഗത്ത് സജീവമായത് ഭാവിയില്‍ അത് രാഷ്ട്രീയമായി ഗുണം ചെയ്യും എന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍, ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ട ശൂന്യതയില്‍ കോണ്‍ഗ്രസ് പി.എസ്.പി ലീഗ് സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ലീഗിന് മന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കെ.എം.സീതി സാഹിബിന് സ്പീക്കര്‍ സ്ഥാനെ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1961 ഏപ്രില്‍ 17നു സീതി സാഹിബിന്റെ വിയോഗത്തോടെ വന്ന ഒഴിവില്‍ സി.എച്ച് മുഹമ്മദ് കോയ സ്പീക്കറായെങ്കിലും അദ്ദേഹത്തോട് പാര്‍ട്ടി സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് രണ്ടുപാര്‍ട്ടികളും തമ്മിലുള്ള ശത്രുതയുടെ കാലഘട്ടം അവസാനിച്ചിട്ടില്ല എന്ന് സമര്‍ഥിക്കുകയായിരുന്നു.

മുസ്‌ലിം ലീഗിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സം നിന്നത് കോണ്‍ഗ്രസിന്റെ അസ്പൃശ്യതാ നിലപാടായിരുന്നു. മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാമരാജുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിട്ടും കേരളത്തില്‍ ലീഗിനെ കോണ്‍ഗ്രസ് മുന്നണിയില്‍ എടുക്കാന്‍ വിശാല മനസ്‌കത കാട്ടിയില്ല. ലീഗുമായുള്ള ചങ്ങാത്തം ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നഷ്ടപ്പെടുത്താന്‍ കാരണമാവും എന്ന കണക്കുക്കൂട്ടലില്‍ എന്നും ആ പാര്‍ട്ടിയെ തീണ്ടാപാടകലെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചു. അതേസമയം, തുടക്കം മുതല്‍ക്കേ കമ്യൂണിസ്റ്റ് പാര്‍ട്ടി ലീഗുമായി ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, 'നിരീശ്വരവാദികളും നിര്‍മതന്മാരുമായ' കമ്യൂണിസ്റ്റുകളുമായി സഖ്യം കൂടുന്നത് മതനിഷ്ഠയുള്ള കേരളീയ മുസ്‌ലിംകള്‍ ഒരുതരത്തിലും അനുകൂലിക്കില്ല എന്ന നേതാക്കളുടെ കാഴ്ചപ്പാടും ആഗോള തലത്തിലെ സംഭവവികാസങ്ങളും ആ സാധ്യതകളെ പല ഘട്ടങ്ങളിലായി തള്ളിക്കളയുകയായിരുന്നു. അതേസമയം, മുസ്‌ലിംകളിലെ ചെറിയൊരു വിഭാഗത്തിന്റെയെങ്കിലും പിന്തുണ ആവശ്യമാണെന്ന ചിന്ത ലീഗിതര മുസ്‌ലിം കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പലതവണ ശ്രമിച്ചു. ആദ്യപരീക്ഷണമായ പ്രോഗ്രസീവ് മുസ്‌ലിംലീഗ് 1957ല്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. പുറം പച്ചയാണെങ്കിലും അകം ചുവന്ന ആ വേദിക്ക് നേതൃത്വം കൊടുത്തത് പി.എം. ഇടശ്ശേരി മൗലവിയും പി.എം.എ തങ്ങളുമായിരുന്നു.

അറുപതുകളിലുടനീളം കോണ്‍ഗ്രസും ലീഗും എതിര്‍ചേരികളില്‍ നിന്നു ഏറ്റുമുട്ടിയപ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം കൊടികുത്തിവാണു. ലീഗുമായി 'അടവുനയം' സ്വീകരിക്കാന്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരുന്നു അപ്പോഴെല്ലാം. 1960ല്‍ 11 എം.എല്‍.എമാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ മുസ്‌ലിംലീഗിന് 65ല്‍ ഉം 11ഉം 67ല്‍ 14ഉം അംഗങ്ങളെ തെരഞ്ഞെടുത്തയക്കാന്‍ സാധിച്ചു. ലീഗിന് അധികാരത്തില്‍ പങ്കാളിത്തം കിട്ടുന്നത് 1967ലാണ്. അതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യോജിച്ചുകൊണ്ട്. ചരിത്രത്തിലാദ്യമായി മുസ്‌ലിംലീഗിന് രണ്ടു മന്ത്രിമാരുണ്ടായി. സി.എച്ച് മുഹമ്മദ് കോയയും അഹമ്മദ് കുട്ടി കുരിക്കളും. പിന്നീട് ലീഗിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1979 ഒക്‌ടോബര്‍ 12നു ഏതാനും ദിവസത്തേക്കെങ്കിലും സി.എച്ച് മുഖ്യമന്ത്രി പദവി അലങ്കരിച്ചു.
രണ്ടാം ഇ.എം.എസ് മന്ത്രി സഭയുടെ തകര്‍ച്ചയോടെ വീണ്ടും സംജാതമായ രാഷ്ട്രീയാനിശ്ചിതത്വം മുസ്‌ലിം ലീഗിനോടുള്ള നയം മാറ്റാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ബാഫഖിതങ്ങളുടെ മുന്‍കൈയോടെ 1970ല്‍ ഐക്യജനാധിപത്യ മുന്നണി രൂപവത്കരിക്കപ്പെടുന്നതും സി.അച്ചുതമോനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കുന്നതും. യു.ഡി.എഫിന്റെ രൂപവത്കരണം ഇടതുപക്ഷത്തിന്നേറ്റ കനത്ത ആഘാതമായിരുന്നു.അതുകൊണ്ടുതന്നെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ സി.പി.എം പല തന്ത്രങ്ങളും പ്രയോഗിച്ചു. പ്രതിസന്ധികളെ അതിജീവിച്ചു അധികാരത്തിലെത്തിയ ലീഗിനകത്ത് നേതാക്കള്‍ തമ്മില്‍ വ്യക്തി വൈരാഗ്യവും പടലപിണക്കവും പ്രത്യക്ഷപ്പെട്ടു. ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയുണ്ടാക്കി മുസ്‌ലിം ലീഗിനെ രണ്ടായി പിളര്‍ത്തി. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെയും അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും വിയോഗത്തിനു ശേഷം ഏതാനും അഭിപ്രായഭിന്നതയാണ് എം.കെ.ഹാജി, സി.കെ.പി ചെറിയ മമ്മുക്കേയി, സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍, മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജി, പി.എം അബൂബക്കര്‍ തുടങ്ങിയവരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗില്‍ നിന്ന് അകറ്റിയത്. പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിനോടുള്ള നയപരമായ വിയോജിപ്പ് പ്രകടമാക്കാന്‍ ചില ദാരുണ സംഭവങ്ങളുണ്ടായി. തലശ്ശേരി താലൂക്കിലെ സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന പാനൂരിലെ മാവിലോട് മഹ്മൂദിന്റെ നടുക്കിയ കൊലക്കുപിന്നില്‍ കോണ്‍ഗ്രസ് നേതാവ് പി.ആര്‍.കുറിപ്പിന്റെ ആള്‍ക്കാരാണ് എന്ന് പലരും ആരോപിച്ചു. കെ.കരുണാകരനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മാവിലോട്ടിന്റെ ഘാതകരെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാണിച്ചപ്പോള്‍, ആഭ്യന്തര വകുപ്പില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് നീതി കിട്ടുന്നില്ല എന്ന് സി.കെ.പി ചെറിയ മമ്മുക്കേയി പരസ്യമായി പരാതിപ്പെട്ടു. അന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ കേയി സാഹിബിനെ പോലുള്ള ഒരാളുടെ ഭാഗത്തുനിന്ന് ഘടകകക്ഷിയിലെ ഒരു മന്ത്രിക്കെതിരെ പരാതി ഉയരുക എന്നുവെച്ചാല്‍ വലിയ സംഭവമായിരുന്നു. മുസ്‌ലിം ലീഗ് അത്രയൊക്കെ നീതി പ്രതീക്ഷിച്ചാല്‍ മതി എന്ന് അന്നത്തെ ഡി.സി.സി പ്രസിഡന്റ് എന്‍.രാമകൃഷ്ണന്റെ പ്രസ്താവനകൂടി വന്നതോടെ ലീഗിനകത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചു. പാര്‍ട്ടിയിലെ പുതിയ ചേരിതിരിവിനിടയില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ നിശ്ചയിച്ച സംസ്ഥാന സമ്മേളനം മാറ്റിവെക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പക്ഷേ, അകന്നു നില്‍ക്കുന്ന നേതാക്കളുമായി അടുപ്പമുള്ള യൂത്ത് ലീഗ് സമ്മേളനവുമായി മുന്നോട്ടുപോയി. ഒരു ഘട്ടത്തില്‍ ചന്ദ്രിക ദിനപത്രം ഈ വിഭാഗത്തിന്റെ വരുതിയിലായിരുന്നു. എന്നാല്‍ അനുരജ്ഞന ശ്രമങ്ങളെല്ലാം ഫലപ്രദമല്ലാതായപ്പോള്‍ 1974 മേയ് ആദ്യവാരം ലീഗ് പിളരുകയും അഖിലേന്ത്യാ ലീഗ് എന്ന പുതിയ പാര്‍ട്ടി പിറക്കുകയും ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് മുസ്‌ലിം ലീഗ് ഭരണത്തിലിരിക്കെ ഈ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം അറസ്റ്റിലായിട്ടും 'ലീഗ് ടൈംസ്' എന്ന പാര്‍ട്ടി മുഖപത്രം പ്രസിദ്ധീകരിക്കാന്‍ സാധിച്ചു. കെ.കെ മുഹമ്മദ് ആയിരുന്നു എഡിറ്റര്‍.
1977ലെയും 1980ലെയും തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോള്‍ ആറ് സീറ്റുവരെ അഖിലേന്ത്യാ ലീഗിന് നേടാന്‍ കഴിഞ്ഞു. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ പി.എം.അബൂബക്കര്‍ മന്ത്രിയായി. നിയമസഭയില്‍ ലീഗ് പ്രതിനിധികളുടെ അംഗസംഖ്യ മൊത്തം 19 വരെ എത്തി. എന്നിട്ടും രണ്ടു ചേരികളില്‍ അണിനിരന്നു ലീഗുകാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് സമുദായം ഇഷ്ടപ്പെട്ടില്ല. സമുദായ ഐക്യത്തിനായുള്ള കാഹളം പല ഭാഗത്തുനിന്നും മുഴങ്ങി. എ.കെ.കാദര്‍ കുട്ടിയെപോലുള്ള മാധ്യസ്ഥര്‍ ഇരുലീഗ് നേതാക്കളെയും രഹസ്യമായി കണ്ടു യോജിപ്പിന്റെ സാധ്യത ആരാഞ്ഞു. അതിനിടയിലാണ്, 1984ലെ പ്രമാദമായ ഷാബാനുബീഗം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശരീഅത്ത് വിവാദം കൊഴുക്കുന്നത്. ശരീഅത്ത് സംരക്ഷിക്കുന്ന കാര്യത്തില്‍ എല്ലാതരം വിഭാഗീയതകളും മറന്ന് സമുദായം ഏകശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അതിന്റെ ആചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും സുപ്രീംകോടതി വിധിക്ക് അനുകൂലമായിരുന്നു. മുസ്‌ലിം സ്ത്രീകളുടെ സംരക്ഷകരായി രംഗപ്രവേശം ചെയ്തവരുടെ കടുത്ത ശരീഅത്ത് വിരുദ്ധത തുറന്നുകാട്ടിയപ്പോള്‍ അഖിലേന്ത്യാലീഗ് നേതൃത്വം പുനര്‍വിചിന്തനത്തിന് തയ്യാറായി. 1975 ജൂലൈ 15നു കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തിന്റെ ആഹ്വാനമിതായിരുന്നു: 'ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മുസ്‌ലിം   സമുദായത്തിന്റെ ഐക്യം മുന്‍നിര്‍ത്തി ഇരുലീഗുകളുടെയും നിരുപാധികമായ യോജിപ്പ് അനിവാര്യമാണെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് കേരള സംസ്ഥാന കൗണ്‍സിലിന്റെ ഈ യോഗത്തിനു ബോധ്യമുള്ളതിനാല്‍ ഇരു സംഘടനകളും കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗം ആഹ്വാനം ചെയ്യുന്നു''. ശരീഅത്തിനെതിരെ ഭീഷണി ഉയര്‍ന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇരു മുസ്‌ലിം ലീഗുകാരും യോജിക്കണമെന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പ്രമേയം സന്തോഷകരവും സ്വാഗതാര്‍ഹവുമാണെന്ന് അഖിലേന്ത്യാ ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.ബാവഹാജി, ജന.സെക്രട്ടറി സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍, ട്രഷറര്‍ സി.കെ.പി മമ്മുക്കേയി, നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.എം.അബൂബക്കര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞതോടെ ഐക്യത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നു. ജൂലൈ 21നു അഖിലേന്ത്യാ ലീഗ് മുന്നണിവിട്ടു. ആഗസ്റ്റ് നാലിനു ഇരു ലീഗുകളുടെയും ഐക്യം യാഥാര്‍ഥ്യമായി.

ദേശീയ വിചാരധാരയെ
സമീകരിച്ച കാലഘട്ടം


എണ്‍പതുകളുടെ രണ്ടാം പാദം ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇരച്ചു കയറ്റവും കോണ്‍ഗ്രസിന്റെ അതിനോടുള്ള നിലപാടുകളുടെ ദൗര്‍ബല്യങ്ങളും കൊണ്ടാണ്. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെടുന്നതോടെ രാജീവ് ഗാന്ധിയുടെ കൈകളിലേക്ക് ഭരണം കൈമാറ്റം ചെയ്യപ്പെട്ടു. ആ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. 404 അംഗങ്ങളാണ് കോണ്‍ഗ്രസ് ബാനറില്‍ ലോക്‌സഭയിലെത്തുന്നത്. എന്നാല്‍ ഇന്ദിരയുടെ തിരോധാനം സൃഷ്ടിച്ച വിടവ് കൈയടക്കാന്‍ പല ശക്തികളും പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി. സ്വാതന്ത്ര്യ ലബ്ധി തൊട്ട് ഒതുങ്ങിക്കഴിഞ്ഞിരുന്ന ആര്‍.എസ്.എസ്, ബി.ജെ.പി, വിശ്വഹിന്ദു പരിഷത് തുടങ്ങിയ പോഷക ഘടകങ്ങളിലൂടെ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ ഇടപെടാനുള്ള ശ്രമം തുടങ്ങി. ഷാബാനുബീഗം കേസിന്റെ വിധിയില്‍ പ്രകോപിതരായ മുസ്‌ലിംകളെ ആശ്വസിപ്പിക്കുന്നതിനു രാജീവ് സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്‌ലിം  വനിതാ സംരക്ഷണ നിയമം കടുത്ത മുസ്‌ലിം പ്രീണനം ആണെന്ന് ഉയര്‍ത്തിക്കാട്ടിയാണ് ഭൂരിപക്ഷ സമുദായത്തിനിടയില്‍ വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടത്. ആ നടപടിയോടുള്ള പ്രതികരണമെന്നോണം അയോധ്യയില്‍ രാമക്ഷേത്രം വിട്ടുതരണമെന്നാവശ്യപ്പെട്ട് സന്ന്യാസിമാരെയും മറ്റും പങ്കെടുപ്പിച്ച്‌കൊണ്ട് സംഘപരിവാര്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന് തുടക്കമിട്ടു. ശക്തമായ വര്‍ഗീയധ്രുവീകരണമായിരുന്നു ഫലം. ഇതുകണ്ട് അന്ധാളിച്ച രാജീവ് സര്‍ക്കാര്‍ ഭൂരിപക്ഷ പ്രീണനത്തിനായി ചില തന്ത്രങ്ങള്‍ പുറത്തെടുത്തു. അതിന്റെ ഭാഗമായി 1949 തൊട്ട് പൂട്ടിക്കിടന്ന ബാബരിയുടെ കവാടങ്ങള്‍ ഹിന്ദുക്കള്‍ക്ക് പൂജക്കായി വിട്ടുകൊടുക്കുന്നതിന് നിയമപരമായ അനുമതി നേടിയെടുത്തു. അങ്ങനെ ബാബരിസമുച്ചയത്തില്‍ ഹിന്ദുക്കള്‍ ആരാധനതുടങ്ങി. പ്രക്ഷോഭവുമായി മുന്നോട്ടു പോവാന്‍ ഹിന്ദുത്വശക്തികള്‍ക്ക് ഇത് കൂടുതല്‍ ആവേശം പകര്‍ന്നു. 1988ല്‍ പാലംപൂരില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയസമിതി പാര്‍ട്ടിയുടെ അജണ്ടയില്‍ അയോധ്യ  ഉള്‍പ്പെടുത്തി. സന്ന്യാസിമാര്‍ തുടങ്ങിവെച്ച പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു വി.എച്ച്.പി, ബജ്‌റംഗദള്‍ തുടങ്ങിയ സംഘ്പരിവാര്‍ സംഘടകള്‍ സജീവമായി രംഗത്തുവന്നതോടെ കൂടുതല്‍ വര്‍ഗീയ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് രാമക്ഷേത്രത്തിനുള്ള 'ശിലാന്യാസത്തിന് പദ്ധതി തയ്യാറാക്കുന്നത്. തര്‍ക്കസ്ഥലത്ത് ശിലാന്യാസം പാടില്ല എന്ന് സുപ്രീംകോടതി ആജ്ഞാപിച്ചിട്ടും അന്നത്തെ ആഭ്യന്തരമന്ത്രി ബൂട്ടാസിങ്ങിന്റെ നേതൃത്വത്തില്‍ അതിനു ഒത്താശചെയ്തുകൊടുത്തു.
ഈ വക സംഭവ വികാസങ്ങളും ഹിന്ദുത്വശക്തികളുടെ മുന്നേറ്റവും മുസ്‌ലിംകളില്‍ കടുത്ത ആശങ്ക പരത്തി. രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മയും വര്‍ഗീയ പ്രീണനനിലപാടുകളുമാണ് ആര്‍.എസ്.എസിനും പോഷകഘടകങ്ങള്‍ക്കും നിയമം കൈയിലെടുക്കാനും ന്യൂനപക്ഷവിരുദ്ധ അജണ്ടകളുമായി മുന്നോട്ടുപോവാനും ധൈര്യം പകരുന്നതെന്ന് മുസ്‌ലിം നേതൃത്വം പൊതുവെ വിലയിരുത്താന്‍ തുടങ്ങി. ബാബരി മസ്ജിദ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ആക്ഷന്‍ കമ്മിറ്റിയും മജ്‌ലിസെ മുശാവറയുമൊക്കെ ദേശീയ ചലനങ്ങളില്‍ സജീവമായ കാലഘട്ടം. കോണ്‍ഗ്രസിന്റെ നയനിലപാടുകളിലെ പാളിച്ചകള്‍ മുസ്‌ലിം  നേതൃത്വത്തിന്റെ നിശിത വിമര്‍ശനത്തിന് പാത്രീഭവിച്ചപ്പോള്‍ അത് സ്വാഭാവികമായും കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിടവ് സൃഷ്ടിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിനെതിരെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് രംഗത്തുവരുന്നത് ഈ ഘട്ടത്തിലാണ്. എന്നാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ ഭാഗമായി അധികാരം കൈയാളുന്ന മുസ്‌ലിം ലീഗിന് സേട്ടിന്റെ ഈ നിലപാടിനോട് പൂര്‍ണമായി യോജിക്കാന്‍ സാധിച്ചില്ല. 1992 ഡിസംബര്‍ ആറിന് ബാബരിമസ്ജിദ് കര്‍സേവകര്‍ നിശ്ശേഷം തകര്‍ത്തതോടെ ഹിന്ദുത്വശക്തികള്‍ക്കൊപ്പം അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവും പ്രതികൂട്ടില്‍ കയറ്റപ്പെട്ടു. സേട്ട് റാവുവിനെതിരെ പൊട്ടിത്തെറിച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തിന് അത് രസിച്ചില്ല. അതോടെ പാര്‍ട്ടി സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് സഖ്യം വിച്ഛേദിക്കണമെന്ന് സേട്ട് ശക്തമായി വാദിച്ചു. ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സേട്ടിനെ പുറത്താക്കുന്നതിലേക്കാണ് അത് കലാശിച്ചത്. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പോടുകളോട് യോജിക്കുന്നവര്‍ ചേര്‍ന്ന ഖാഈദെമില്ലത്ത് കള്‍ച്ചറല്‍ ഫോറം എന്ന വേദിക്ക് രൂപം നല്‍കി. വേദി സംസ്ഥാനത്തുടനീളം സേട്ടിന് സ്വീകരണങ്ങള്‍ നല്‍കി പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് അടിത്തറപാകാന്‍ ശ്രമം തുടങ്ങി. എല്ലാറ്റിനുമൊടുവില്‍ 1994 ഏപ്രില്‍ 23നു സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടി ദല്‍ഹിയില്‍ രൂപമെടുത്തു. സേട്ട് പ്രസിഡന്റും തമിഴ്‌നാട്ടില്‍നിന്നുള്ള എം.എ.ലത്തീഫ് സെക്രട്ടറിയുമായുള്ള പാര്‍ട്ടിക്ക് കേരളത്തില്‍ സി.കെ.പി ചെറിയ മമ്മുക്കേയി പ്രസിഡന്റും പി.എം അബൂബക്കര്‍, യു.എ ബീരാന്‍ ജന.സെക്രട്ടറിയും നാലകത്ത് ബീരാന്‍ ഹാജി (നിലമ്പൂര്‍) ട്രഷററുമായ കമ്മിറ്റി നിലവില്‍വന്നു. അതോടെ, ഐ.എല്‍.എല്‍ കേരള ചരിത്രത്തിലെ പുതിയ പേരായി ഇടതുചേരിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
അതിനു ഒരു വര്‍ഷം മുമ്പ് തന്നെ അബ്ദുന്നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നിലവില്‍ വന്നിരുന്നു. ഇസ്‌ലാമിക് സേവ സംഘ് (ഐ.എസ്.എസ്) എന്ന പേരില്‍ 1989 കാലത്ത് കരുനാഗപ്പള്ളി കേന്ദ്രീകരിച്ചു തുടങ്ങിയ വേദിയാണ് ഐ.എസ്.എസ് ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതോടെ ആര്‍.എസ്.എസിനെ നിരോധിച്ച കൂട്ടത്തില്‍ ഐ.എ.എസ്.എസിനെയും നിരോധിക്കുകയുണ്ടായി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ തന്റെ അനുയായികളെ പി.ഡി.പി എന്ന രാഷ്ട്രീയ വേദി രൂപീകരിച്ചു ചില പരീക്ഷണങ്ങള്‍ നടത്താനാണ് മഅ്ദനി ശ്രമിച്ചത്. സംസ്ഥാന, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് സാന്നിധ്യം അറിയിക്കാന്‍ സാധിച്ചുവെങ്കിലും കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനി പത്തുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്നപ്പോള്‍ പാര്‍ട്ടിക്ക് കൂടുതലായി മുന്നോട്ടുപോവാന്‍ സാധിച്ചില്ല. അതിനിടയിലാണ് കോഴിക്കോട് കേന്ദ്രമായി നാഷണല്‍ ഡെമോക്രാറ്റിക്ക് ഫ്രണ്ട് എന്ന പേരില്‍ പുതിയൊരു കൂട്ടായ്മ രൂപപ്പെടുന്നത്. സന്നദ്ധ സംഘടനയായാണ് പുറമെ അറിയപ്പെട്ടതെങ്കിലും ആത്യന്തികചിന്താഗതിയാണ് അതിനെ നിയന്ത്രിക്കുന്നതെന്ന പരാതി വ്യാപകമായപ്പോള്‍ അവര്‍ തന്നെ പേരുമാറ്റി പോപ്പുലര്‍ ഫ്രണ്ടായി. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയവേദിക്ക് പിന്നീട് രൂപം നല്‍കി. ഏറ്റവുമൊടുവിലായി കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി.
ഒരുവേള കേരള മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയം പറയാനും പയറ്റാനും മുസ്‌ലിം ലീഗ് എന്ന ഒരുവേദി മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇന്ന് അരഡസനോളം വേദികളുണ്ട്. ഇതില്‍ അധികാരം കൈയാളാനും പാര്‍ലമെന്ററി ജനാധിപത്യ ഭൂമികയില്‍ സജീവമായി ഇടപെടാനും മുസ്‌ലിംലീഗിന് മാത്രമേ ഇതുവരെ അവസരം കൈവന്നിട്ടുള്ളു. ദേശീയ തലത്തില്‍ മുസ്‌ലിംലീഗ് ഇന്ന് നാമമാത്രമായി മാറിയെങ്കിലും കേരളം മാത്രമാണ് അതിനെ ജീവനോടെ നിലനിര്‍ത്തുന്നത്. കേരളീയ സമൂഹത്തില്‍ കടന്നുവന്ന പുതിയ ചിന്താഗതികളും ആശയഗതികളും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ മാറ്റിയെഴുതാന്‍ തുടങ്ങിയിട്ടുണ്ട്. സചേതനമായ ഒരു മുസ്‌ലിം സമൂഹം എന്ന നിലയില്‍ നവമാധ്യമങ്ങളുടെ അനല്‍പമായ സ്വാധീനം കൊച്ചുകേരളത്തിന്റെ പരിമിതമായ ഭൂമേഖലക്കപ്പുറത്തെ സംഭവ വികാസങ്ങള്‍ അവരുടെ ആശയ മണ്ഡലത്തെ സ്വാധീനിക്കുന്നുണ്ട്. ആശയ തലത്തിലെ ഇത്തരത്തിലുള്ള മാറ്റങ്ങളാവാം വരുംനാളുകളില്‍ അവരുടെ രാഷ്ട്രീയ ദിശാബോധത്തെ നിര്‍ണയിക്കുന്നത്.