മലബാര്‍ മുസ്‌ലിംകളുടെ മലേഷ്യയിലേക്കുള്ള കുടിയേറ്റം

കൊച്ചന്നൂര്‍ കുഞ്ഞിമുഹമ്മദ്‌  

ത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമാണ് കേരളത്തില്‍ നിന്ന് പ്രത്യേകിച്ച് മലബാറില്‍ നിന്ന് മുസ്‌ലിംകളുടെ മലയ ഉപദ്വീപിലേക്കുള്ള (ഇപ്പോള്‍ മലേഷ്യ) കുടിയേറ്റം ഉണ്ടായിട്ടുള്ളത്. കേരളവും തെക്ക് കിഴക്കേഷ്യന്‍ നാടുകളും തമ്മില്‍ പഴയകാലം മുതല്‍ തന്നെ കച്ചവട ബന്ധമുണ്ടായിരുന്നു. തെക്കെ ഇന്ത്യയിലെ പല്ലവ, ചോള രാജാക്കന്മാരുടെ കാലത്തു തന്നെ മലയായിലെ പൈനാക്ക്, കെടാ എന്നീ രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ട്. തെക്കെ ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ അടയാളങ്ങള്‍ ഇന്നും മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഭാഷയുടെ ലിപി അറബിയാണെങ്കിലും സംസ്‌കൃതം, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പദങ്ങള്‍ ധാരാളം മലായ് ഭാഷയില്‍ ഉണ്ട്.
ക്രിസ്താബ്ദം 1014-1047 കാലഘട്ടങ്ങളില്‍ തമിഴ്‌നാട് തഞ്ചാവൂര്‍ ആസ്ഥാനമായി ഭരിച്ചിരുന്ന രാജേന്ദ്ര ചോള എന്ന രാജാവ് എ.ഡി 1025ല്‍ കെയാ രാജവംശത്തെ ആക്രമിച്ചു കീഴടക്കിയതായും അറബികള്‍ക്കുണ്ടായിരുന്ന വ്യാപാര കുത്തക പിടിച്ചെടുത്തതായും എഴുതപ്പെട്ടിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ തെക്കെ ഇന്ത്യയിലെ മുസ്‌ലിംകള്‍ മലാക്കയില്‍ (മലേഷ്യയിലെ ഒരു തുറമുഖം) വ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ചിരുന്നു. അക്കാലഘട്ടത്തില്‍ തന്നെ പോര്‍ച്ചുഗീസ് ഗവര്‍ണ്ണറായിരുന്ന അല്‍ഫോണ്‍സോ ആല്‍ ബുക്കര്‍ക്ക് 800 പോര്‍ച്ചുഗീസ് പടയാളികളും 600 മലബാരി പടയാളികളുമായി (മലബാര്‍ ഭാഗത്തെ മുസ്‌ലിംകള്‍ മലബാരികള്‍ എന്നാണ് അന്നും ഇന്നും അറിയപ്പെടുന്നത്) 19 കപ്പലുകളില്‍ കൊച്ചിയില്‍ നിന്നും പോയി മലാക്ക പിടിച്ചെടുത്തതായും എഴുതപ്പെട്ടിട്ടുണ്ട്. 18 നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പോര്‍ച്ചുഗീസുകാര്‍ മലബാരികളെയെല്ലാം തന്ത്രപ്രധാന ഭാഗങ്ങളില്‍ നിന്നും ഒഴിവാക്കിയെങ്കിലും അവരിലധികവും മലാക്കയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. പൊതുവെ മലയാളി സാന്നിധ്യം 15-ാം നൂറ്റാണ്ടു മുതല്‍ക്കേ തെക്ക് കിഴക്കേഷ്യ മേഖലയിലുണ്ട്. മലയായുടെ വടക്കന്‍ മേഖലയിലെ പെനാജ്, കെടാ എന്നീ സ്ഥലങ്ങളില്‍ എത്തിപ്പെട്ട മലബാരി മുസ്‌ലിംകളും തമിഴ് മുസ്‌ലിംകളും തമ്മില്‍ വ്യാപാര ശൃംഖലകള്‍ തന്നെ നിലവില്‍ വരികയുണ്ടായി. കാരണം പോര്‍ച്ചുഗീസുകാരാല്‍ ആട്ടിയോടിക്കപ്പെട്ട മലബാരികള്‍ കടയനെല്ലൂര്‍ സ്ഥിതി ചെയ്യുന്ന തിരുനെല്‍വേലി എന്ന സ്ഥലത്തേക്ക് രക്ഷപ്പെടുകയും അവിടത്തെ മുസ്‌ലിംകളുമായുള്ള ബന്ധം പിന്നീട് പൈനാക്കിലെ മലബാരികളും ചോളിയ മുസ്‌ലിംകളും തമ്മിലുള്ള വ്യാപാരം ബന്ധം ശക്തിപ്പെടുവാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ മുഹമ്മദ് മരിക്കാര്‍ നൂര്‍ദ്ദീന്‍ എന്ന തമിഴ് മുസ്‌ലിം പെനാക്കളില്‍ എത്തിച്ചേര്‍ന്നതായും അവിടെ ഒരു വിദ്യാലയം സ്ഥാപിച്ചതായും ചരിത്രമുണ്ട്. വിദ്യാലയത്തില്‍ ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി, മലായ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം അറബി മലയാളവും പഠിപ്പിച്ചിരുന്നതായി രേഖകള്‍ പറയുന്നു. മലബാരികള്‍ക്കുണ്ടായിരുന്ന സ്വാധീനവും അവരുടെ സാന്നിധ്യവും ഇതില്‍ നിന്ന് ഊഹിക്കാവുന്നതാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷമാണ് മലബാര്‍ ഭാഗത്തുനിന്നും തിരുകൊച്ചി പ്രദേശങ്ങളില്‍ നിന്നും വ്യാപകമായ കുടിയേറ്റം ഉണ്ടായിട്ടുള്ളത്. തൊഴില്‍ സാധ്യതകളന്വേഷിച്ചായിരുന്നു അധികവും. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മലബാര്‍ ലഹളയെത്തുടര്‍ന്ന് നിരവധി പേര്‍ കുടുംബസമേതം മലയായിലേക്ക് കുടിയേറുകയുണ്ടായി. അങ്ങിനെ കുടുംബസമേതം സ്ഥിരവാസമുറപ്പിച്ച നിരവധി സ്ഥലങ്ങള്‍ മലേഷ്യയില്‍ കാണാന്‍ സാധിക്കും. മലബാര്‍ ഗ്രാമം എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. മലബാര്‍ ഭാഗത്ത് നിന്ന് വന്ന മുസ്‌ലിംകളെ മലബാരി എന്നും അല്ലാത്തവരെ മലയാളി എന്നും തദ്ദേശിയര്‍ വിളിച്ചിരുന്നു. അവരിലധികവും തെക്കന്‍ സംസ്ഥാനങ്ങളായ സെല്ലാജൂര്‍, ജോഹോര്‍, വടക്കുഭാഗത്തെ കൊളന്താന്‍, കെടാ എന്നിവിടങ്ങളിലുമാണ്. ബ്രിട്ടീഷ് അധീനത്തിലുള്ള റബ്ബര്‍ എസ്റ്റേറ്റുകളില്‍ തൊഴിലാളികളായി ജോലി ചെയ്യുന്ന തമിഴരോടൊപ്പം മലയാളികളുമുണ്ട്.
മലബാര്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും കച്ചവട രംഗത്താണ് ഉള്ളത്. തദ്ദേശീയരായ മുസ്‌ലിംകളുമായി ഇടപഴകി ജീവിക്കാന്‍ മലബാര്‍ മുസ്‌ലിംകള്‍ക്ക് പ്രയാസമുണ്ടായില്ല. കാരണം തദ്ദേശീയരായ ജനങ്ങള്‍ മുഴുവന്‍ മുസ്‌ലിംകളും ശാഫി മദ്ഹബുകാരുമായിരുന്നു. ഇന്നും മലേഷ്യന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക മതം ഇസ്‌ലാമും മദ്ഹബ് ശാഫിഇയുമാണ്. മലബാറില്‍ നിന്നെത്തിയ മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം തദ്ദേശീയരായ മുസ്‌ലിംകളില്‍ നിന്ന് വിവാഹം കഴിച്ചു അവിടത്തെ പൗരത്വം സ്വീകരിച്ചു സ്ഥിരതാമസമാക്കിയവരാണ്. അങ്ങിനെ സ്ഥിര താമസമാക്കി പൗരത്വം സ്വീകരിച്ചവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് ആനുകൂല്യങ്ങളും ഉയര്‍ന്ന ജോലികളും ലഭിക്കുന്നുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 25 ശതമാനത്തോളം വരുന്ന ചൈനക്കാര്‍ക്കും 15 ശതമാനത്തോളം വരുന്ന ഇന്ത്യക്കാര്‍ക്കും പൗരത്വം കൊടുക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമായി. പൗരത്വം സ്വീകരിച്ച വിദേശികള്‍ നാട്ടുകാരെപ്പോലെ തന്നെ തുല്യ ആനുകൂല്യങ്ങളെ ചോദ്യം ചെയ്യരുതെന്നും ഭരണഘടന നിര്‍ദ്ദേശിക്കുന്നു.
1953ല്‍ തന്നെ പുതിയ കുടിയേറ്റം നിരോധിച്ചിരുന്നു. അതുകൊണ്ടു പഴയ മലബാരി സാന്നിധ്യം ഇന്നില്ല. പക്ഷേ പൗരത്വം സ്വീകരിച്ചു കുടുംബ സമേതം താമസിക്കുന്നവരുടെ പുതിയ തലമുറയാണ് ഇന്നുള്ളത്. അവരാകട്ടെ മലായ് സംസ്‌കൃതിയില്‍ ലയിച്ചു ചേര്‍ന്നവരുമാണ്.
സാംസ്‌കാരിക രംഗത്തും സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കാന്‍ മലബാര്‍ മുസ്‌ലിംകള്‍ക്കു സാധിച്ചിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്ത്, കേരള സമാജം എന്നിങ്ങനെയുള്ള സംഘങ്ങള്‍ പല സ്ഥലങ്ങളിലും സ്ഥാപിക്കുകയുണ്ടായി. പ്രധാനപ്പെട്ടത് കോലാലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലാജ്കൂര്‍ കേരള മുസ്‌ലിം ജമാഅത്ത് ആണ്. കൂടാതെ സറമ്പാന്റ്, പാഹാങ്ങ്, പെനാങ്ങ് എന്നീ സ്ഥലങ്ങളിലും കേരള മുസ്‌ലിം കൂട്ടായ്മകള്‍ ഉണ്ട്. മലയാളികള്‍ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങളില്‍ കേരള സമാജങ്ങളും നിലവിലുണ്ട്. അങ്ങിനെയുള്ള 15 ഓളം സമാജങ്ങള്‍ ചേര്‍ന്ന് ആള്‍ മലേഷ്യ മലയാളി അസോസിയേഷന്‍ എന്ന വേദി 1972 ല്‍ രൂപം കൊള്ളുകയുണ്ടായി.
മലബാറില്‍ നിന്ന് എത്തിയവര്‍ കെട്ടിട നിര്‍മാണ രംഗത്തും പ്രശസ്തിയാര്‍ജ്ജിച്ചു. പ്രശസ്ത കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന ഇസ്‌കന്തര്‍ എന്ന മലബാരി മലായ് സ്ത്രീയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മക്കളിലൊരാളായ മുഹമ്മദ് മലേഷ്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു.