വയനാട് മുസ്ലിം (കുടിയേറ്റ) ചരിത്രത്തിനൊരാമുഖം

ഡോ. അസീസ് തരുവണ   (അസി. പ്രൊഫസര്‍, ഫറൂഖ് കോളേജ്‌)

യനാട്ടിലെ മുസ്ലിം കുടിയേറ്റത്തിന് എത്ര നൂറ്റാണ്ട് പഴക്കമുണ്ടാവാം? എവിടെ നിന്നും ആരായിരിക്കാം ആദ്യത്തെ കുടിയേറ്റക്കാരന്‍? ഖണ്ഡിതമായ ഉത്തരമില്ലാത്ത ചോദ്യങ്ങളാണിവ. ചില കൃതികളിലെ രണ്ടോ മൂന്നോ പുറങ്ങളില്‍ ഒതുങ്ങുന്ന പരാമര്‍ശങ്ങള്‍ ഒഴികെ ആധികാരികഗ്രന്ഥങ്ങളോ അക്കാദമിക് പഠനങ്ങളോ ഈ മേഖലയില്‍ ഉണ്ടായിട്ടില്ല. മുസ്ലിംകള്‍ക്ക് മാത്രമല്ല, വയനാട്ടിലെ ഗോത്ര വിഭാഗങ്ങള്‍ക്കടക്കം പല ജാതി-മത വിഭാഗങ്ങള്‍ക്കും തങ്ങളുടെ കുടിയേറ്റത്തെ കുറിച്ചും കുടിയേറ്റത്തിന്റെ ആരംഭ നാളുകളിലെ അവസ്ഥയെപ്പറ്റിയും പ്രതിപാദിക്കുന്ന ലിഖിത ചരിത്രമില്ല. എന്തിനധികം, വയനാടിനെ കുറിച്ചും ഈ ഭൂപ്രദേശത്തിന്റെ ഭൂതകാലത്തെപറ്റിയുമുള്ള ആഴമാര്‍ന്ന ഗവേഷണ പഠനങ്ങള്‍ പോലും ഇനിയും നടക്കേണ്ടതായിട്ടുണ്ട്.

ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അധീനതയിലുള്ള പ്രദേശത്തേയും, അവിടുത്തെ ജനതദികളെയും പറ്റി കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മലബാര്‍ മാന്വല്‍, നീലഗിരി ജില്ലാ മാന്വല്‍, മലബാര്‍ ഗസറ്റിയര്‍ ഇവയെല്ലാം അത്തരത്തില്‍ ഉണ്ടായ രേഖകളാണ്. മിത്തും ചരിത്രവും ഇടകലര്‍ന്ന, അതിശയോക്തികളും നിംനോക്തികളും എമ്പാടുമുള്ള അത്തരം രേഖകളാണ് വയനാട് ചരിത്രം നര്‍മ്മിച്ചവരെല്ലാം ആധികാരിക ദത്ത (data)ങ്ങള്‍ എന്ന നിലക്ക് അവലംബിച്ചിട്ടുള്ളത്. അതിനാല്‍ ചരിത്രവും മിത്തും ഇടകലര്‍ന്നു പോവുന്ന അവസ്ഥ അറിഞ്ഞോ അറിയാതെയോ ചെറിയ തോതിലെങ്കിലും അവയില്‍ സംഭവിച്ചതായി കാണാം. ''മിത്തുകള്‍ ചരിത്ര സ്ത്രോതസുകളാണ് അതെസമയം ചരിത്രമല്ല. മിത്തിനെ ചരിത്രമാക്കുമ്പോള്‍ ചരിത്രകാരന്‍ ചരിത്രത്തോട് വിടപറയുന്നു എന്ന് ഡോ. കെ.എം. പണിക്കര്‍.

വയനാടിനെ കുറിച്ച് എഴുതപ്പെട്ട ഒന്നാമത്തെ ചരിത്ര ഗ്രന്ഥം, റാവു ബഹദൂര്‍ സി. ഗോപാലന്‍ നായര്‍ രചിച്ച, 'wayanad-its peoples and traditions' ആണ്. 1911 ലാണ് ഈ കൃതി രചിച്ചത്. മലബാറിലെ ഡെപ്യൂട്ടി കലക്ടറായിരുന്ന ഗോപാലന്‍ നായര്‍ ഈ ചരിത്ര നിര്‍മ്മിതി നടത്തിയത് ബ്രിട്ടിഷുകാര്‍ക്ക് വേണ്ടിയാണ്. മലബാര്‍ മാന്വല്‍, മലബാര്‍ ഗസറ്റിയര്‍, മദ്രാസ് മാനുവല്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍, മെക്കന്‍സി മാനുസ്‌ക്രിപ്റ്റ് തുടങ്ങി അനേകം ഇംഗ്ലീഷ് രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട വയനാടിനേയും ഇവിടുത്തെ ജനവിഭാഗങ്ങളേയും കുറിച്ചുള്ള പരാമര്‍ശങ്ങളും വയനാട്ടുകാര്‍ പറഞ്ഞു വന്നിരുന്ന കഥകളേയും ഗോപാലന്‍ നായര്‍ തന്റെ പുസ്തകരചനയില്‍ ഉപയോഗിക്കുകയുണ്ടായി. വയനാട്ടിലെ ജന വിഭാഗങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്ന ഈ കൃതിയില്‍ മുസ്ലിംകളെ പറ്റി പ്രത്യേക അധ്യായമില്ലെങ്കിലും പേരിയയിലെ ദിവ്യന്‍, കല്ല്യാണത്ത് പള്ളി എന്നീ ഉപതല വാചകങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐതിഹ്യങ്ങളും സംഭവങ്ങളും എന്ന അധ്യായത്തിലാണ് പേരിയയിലെ ദിവ്യനെക്കുറിച്ച് പറയുന്നത്. വയനാട്ടിലെ ആരാധനാലയങ്ങള്‍ എന്ന അധ്യായത്തില്‍ കല്ല്യാണത്ത് പള്ളിയെക്കുറിച്ചും. രണ്ട് പരാമര്‍ശങ്ങളും ചേര്‍ന്നാല്‍ മൂന്ന് പുറത്തില്‍ കവിയില്ല. ഖേദകരമായ വസ്തുത, ഗോപാലന്‍ നായരെ തുടര്‍ന്ന് വയനാട് ചരിത്രരചന നടത്തിയവര്‍ക്കും പേരിയയിലെ ദിവ്യനും കല്ല്യാണത്ത്പള്ളിക്കുമപ്പുറം ഏറെയൊന്നും സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ലഎന്നതാണ്. തീര്‍ച്ചയായും ഈ രണ്ടുകാര്യങ്ങളും വയനാട്ടിലെ മുസലിം ചരിത്രത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എഴുതപ്പെട്ട എല്ലാ വയനാടന്‍ ചരിത്ര കൃതികളിലും പരാമരശിക്കുന്ന ഈ രണ്ടു വസ്തുതകളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

പേരിയയിലെ ദിവ്യന്‍

ബഹദൂര്‍ സി.ഗോപാലന്‍നായര്‍ തന്റെ 'wayanad-its peoples and traditions' (വയനാട് ജനങ്ങളും പാരമ്പര്യവും, വിവ. ഡോ. കെ.കെ എന്‍. കുറുപ്പ്) എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നതും തുടര്‍ന്ന് രചിക്കപ്പെട്ട വയനാട് ചരിത്ര ഗ്രന്ഥങ്ങളില്‍ ആവര്‍ത്തിക്കുന്നതുമായ പേരിയയിലെ ദിവ്യനെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്; ഗോപാലന്‍ നായര്‍ എഴുതി; ''വടക്കുനിന്നും സഹോദരനുമായി വന്ന ഒരു പത്താനാണ് പേരിയയിലെ ദിവ്യന്‍. ഇത് വടക്ക് ദല്‍ഹിക്കടുത്താണെന്ന് കരുതപ്പെടുന്നു. അവരില്‍ ഒരാള്‍ പേരിയ ചുരത്തിനു മുകളില്‍ ഇപ്പോള്‍ ശവകുടീരം നില്‍ക്കുന്ന സ്ഥാനത്ത് വെച്ച് മരിക്കുകയും അവിടെ അടക്കം ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തെ ഒരു ദിവ്യനായി കണക്കാക്കി തുടങ്ങി. പിന്നീട് അതേ റോഡരികില്‍ യഥാര്‍ത്ഥ കല്ലറയ്ക്ക് സമാനമായി മറ്റൊന്നുണ്ടാക്കി. കാണിക്കയിടുന്നതിനും പ്രാര്‍ത്ഥിക്കുന്നതിന്നും കയറിപ്പോവുന്നത് ഒഴിവാക്കാന്‍ ഇതവസരമുണ്ടാക്കി.

തന്റെ ജീവിത കാലത്ത് കന്നുകാലികളോടും വണ്ടിക്കാരോടും അദ്ദേഹത്തിന് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. നെടുമ്പൊയിലില്‍ നിന്നും ചന്ദനത്തിരികള്‍ വാങ്ങി വരുന്ന വണ്ടിക്കാര്‍ വഴിയില്‍ അവ അദ്ദേഹത്തിന്റെ ശവക്കല്ലറയില്‍ കത്തിച്ചുവെക്കും. യാത്രയില്‍ കാലികളുടെ സംരക്ഷണവും ഐശ്വര്യവും പ്രതീക്ഷിച്ചാണ് ഈ കാണിക്ക അര്‍പ്പിക്കുന്നത്. കോഴിക്കോട്ടു നിന്നുള്ള എഴുപത്തി എട്ടാമത് മൈല്‍ക്കുറ്റിക്ക് സമീപമാണ് റോഡുവക്കിലുള്ള രണ്ടാമത്തെ ശവക്കല്ലറ. വയനാട്ടിലെ മോശം കാലാവസ്ഥയില്‍ നിന്നും മറ്റു കുഴപ്പങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്ന ഒരു കാവല്‍ക്കാരനായി ദിവ്യന്‍ ഇവിടെ പരിലസിക്കുന്നു. പക്ഷെ നന്നായി കാണിക്ക അര്‍പ്പിക്കണമെന്നു മാത്രം (വയനാട്, ജനങ്ങളും പാരമ്പര്യവും പുറം 119, ഈ ദിവ്യനെക്കുറിച്ചുള്ള പരാമര്‍ശം വയനാടു രേഖകള്‍ പുറം 55, 56 ലും കാണാം.)

കല്ല്യാണത്തുപള്ളി

വയനാടിന്റെ ചരിത്രം രചിച്ചവരെല്ലാം കല്ല്യാണത്തുപള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ഗോപാലന്‍ നായരാണ് ഇതിന്ന് തുടക്കമിട്ടത്. കല്ല്യാണത്തുപള്ളിയുടെ ചരിത്രം വിശകലനം ചെയ്യുന്നതിനുമുമ്പ് ഗോപാലന്‍ നായര്‍ പറയുന്ന കല്ല്യാണത്തുപള്ളിയുടെ ചരിത്രം എന്തെന്നു നോക്കാം. മുണ്ടക്കയം ഗോപി തന്റെ 'അറിയപ്പടാത്ത വയനാടി'ല്‍ അതിങ്ങനെ സംഗ്രഹിക്കുന്നു.

''പെരിഞ്ചോല വനത്തില്‍ സഞ്ചരിക്കുകയായിരുന്ന കുറിച്ച്യന്‍ അരുവിക്കരയിലുള്ള പാരപ്പുറത്ത് ഇരുവശത്തും രണ്ടു കടുവകളേയും കൊണ്ടിരിക്കുന്ന ഒരു മുസ്ലിം സംന്യാസിയെ കണ്ടു. അസാധാരണമായ ഈ കാഴ്ചയെപ്പറ്റി ദേശപതിയായ ആലഞ്ചേരി മൂപ്പില്‍ നമ്പ്യാരെ കുറിച്ച്യന്‍ അറിയിച്ചു. നമ്പ്യാരും സംഘവും സംന്യാസിയെ ദര്‍ശിക്കുവാന്‍ വന്നെങ്കിലും അദ്ദേഹം അപ്രത്യക്ഷനായിരുന്നു. പിറ്റേന്ന് ഒരു കുന്നിന്‍ മുകളില്‍ വെച്ച് നമ്പ്യാര്‍ സംന്യാസിയെ കണ്ടുമുട്ടി. ഷെയ്ക്കില്‍ ദിവ്യത്വം ദര്‍ശിച്ച് മൂപ്പില്‍ നമ്പ്യാര്‍, ആറു വര്‍ഷമായി രോഗാതുരയും അന്ധയുമായ ഒരു സ്ത്രീ തന്റെ ഭവനത്തില്‍ ഉണ്ടെന്നും അവരെ സുഖപ്പെടുത്തുവാന്‍ എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹത്തോട് അപേക്ഷിച്ചു. ഷെയ്ക്ക് ആവശ്യപ്പെട്ട പ്രകാരം മൂപ്പില്‍ നമ്പ്യാര്‍ കൊണ്ടുവന്ന പാല്‍ മന്ത്ര പ്രയോഗത്തിനു ശേഷം രോഗിക്കു നല്‍കി രോഗിയെ സുഖപ്പെടുത്തി. ഷെയ്ക്കിന്റെ സഹായത്തിന് പ്രത്യുപകാരമായി തന്നില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കണമെന്ന് നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഒരു പളളി പണിയുവാന്‍ വേണ്ടത്ര സ്ഥലമാണ് പ്രതിഫലമായി ഷെയ്ക്ക് ആവശ്യപ്പെട്ടത്. ദിവ്യന്‍ ചൂണ്ടിക്കാണിച്ച സ്ഥലം നാട്ടു പ്രമാണിമാരായ എടച്ചന നായര്‍, ആലഞ്ചേരി നായര്‍, പടിക്കൊല്ല നമ്പ്യാര്‍, മേച്ചിലാതന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദാനം ചെയ്യപ്പെട്ടു. ദാനം നടന്നയുടന്‍ സിദ്ധന്‍ അപ്രത്യക്ഷനായി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സിദ്ധന്‍ ഏതാനും ഫക്കീറന്മാരെയും കൂട്ടി വീണ്ടും വന്നു. തദ്ദേശവാസികളായ നായന്മാരുടെ സഹായത്തോടെ പള്ളി പണികഴിപ്പിച്ചു. ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി കുറേയേറെ ഭൂമി പള്ളിയുടെ പേരില്‍ കൊടുക്കുവാനും ദേശപതികളായ നായന്മാര്‍ തയ്യാറായി. ഷെയ്ക്കിന്റേയും ഫക്കീറന്മാരുടേയും മരണശേഷം പള്ളിയും ഭൂസ്വത്തുക്കളും സമീപസ്ഥയായ കാക്കപ്പാത്തു എന്ന മുസ്ലിം വനിതക്കും കുടുംബത്തിനും ലഭിച്ചു. അവരില്‍ നിന്ന് എടക്കോടന്‍ തുറുവായി എന്നയാള്‍ക്ക് പള്ളി സ്വത്തിന്റെ ഉടമാവകാശം ലഭിച്ചു. അയാളാണ് കല്ല്യാണത്തു പള്ളി എന്നറിയപ്പെടുന്ന പള്ളിക്കല്‍ പള്ളി പുനര്‍നിര്‍മ്മിച്ചത്. പള്ളി പണിയുന്നതിന് ഭൂമി വിട്ടുകൊടുത്ത ദിവസം ആലഞ്ചേരി നമ്പ്യാരുടെ വീട്ടില്‍ ഒരു കല്ല്യാണം നടന്നിരുന്നുവെന്നും അതുകൊണ്ട് പള്ളിക്ക് കല്ല്യാണത്തു പള്ളി എന്ന പേരുണ്ടായെന്നും ഗോപാലന്‍ നായര്‍ വിവരിക്കുന്നു. (അറിയപ്പെടാത്ത വയനാട്, പുറം 196, 197, വയനാട് ജനങ്ങളും പാരമ്പര്യവും പുറം 112, 113, വയനാട് രേഖകള്‍ 56, 57).

ഗോപാലന്‍ നായര്‍ ഇങ്ങനെ തുടരുന്നു; 'കല്ല്യാണത്തു പള്ളിയാണ് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി. അതിനു ചുറ്റും താമസിക്കുന്ന മാപ്പിളമാര്‍ കുറുമ്പ്രനാട് താലൂക്കിലെ കടത്തനാട്ടുനിന്നും വന്നവരാണ്.

പള്ളി ആദ്യമായി ഉണ്ടാക്കിയത് എന്നാണെന്ന് കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ കോട്ടയം രാജാവ് നിയോഗിച്ച പ്രമാണിമാരാണ് എടച്ച നായരും ആലഞ്ചേരി നായരും എന്നത് കൊണ്ട് അത് വേടരാജാക്കന്മാരെ കീഴടക്കിയതിന് ശേഷമായിരിക്കണമെന്നും ഷെയ്ക്ക് വന്നത് കോട്ടയം ഭരണക്കാലത്തായിരിക്കണമെന്നും വിശ്വസിക്കാവുന്നതാണ്. എല്ലാ മതങ്ങളും പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിയുക എന്ന കാലത്തിന്റെ സന്ദേശം ഉള്‍കൊള്ളാന്‍ കഴിഞ്ഞതു കൊണ്ടാവാം ഇത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. (വയനാട് ജനങ്ങളും പാരമ്പര്യവും; 113).

ഗോപാലന്‍ നായരുടെ മേല്‍ അഭിപ്രായത്തില്‍ നിന്ന് മുണ്ടക്കയം ഗോപി ഇങ്ങനെ അനുമാനിക്കുന്നു; 'പള്ളിയുടെ നിര്‍മ്മാണ ശൈലിയും 1810 വരെയുള്ള വയനാടിന്റെ രാഷ്ട്രീയ സാഹചര്യവും അതിന്റെ നിര്‍മ്മാണകാലം എ.ഡി. 1810 നും 1825 നും മദ്ധ്യേ ആണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സഹായകമാണ്. (അറിയപ്പെടാത്ത വയനാട് ;197)

മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാകുന്ന വസ്തുതകളെ ഇങ്ങനെ സംഗ്രഹിക്കാം.

1. കല്ല്യാണത്തു പള്ളിയാണ് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള പള്ളി, അഥവാ ഒന്നാമത്തെ പള്ളി.

2. അതിന്റെ നിര്‍മ്മാണ കാലം 1810നും 1825നും ഇടക്കാണ്. അങ്ങനെയെങ്കില്‍ 2010നും 2025നും ഇടക്ക് വയനാട്ടിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കല്ല്യാണത്തു പള്ളിക്ക് 200 വയസ് തികയും.

3. മുസ്ലിംകള്‍ സംഘടിതമായി താമസിക്കുന്ന ഏതൊരു പ്രദേശത്തും പള്ളി നിര്‍മ്മിക്കുക സ്വാഭാവികമാണ്. കല്ല്യാണത്തു പള്ളി ഒന്നാമത്തെ പള്ളിയാണെങ്കില്‍ മുസ്ലിം കുടിയേറ്റത്തിന് ഇരുനൂറോ ഇരുനൂറ്റമ്പതോ വര്‍ഷക്കാലം എന്നനുമാനിക്കേണ്ടിവരും.

ഗോപാലന്‍ നായരും പിന്‍തുടര്‍ച്ചക്കാരും മുന്നോട്ട് വെക്കുന്ന മേല്‍ നിഗമനങ്ങളും അനുമാനങ്ങളും വസ്തുതാ വിരുദ്ധമാണെന്നതിന് നിരവധി തെളിവുകള്‍ നിരത്തുവാനാകും. 1990 കളുടെ ആദ്യ പകുതിയില്‍ കല്ല്യാണത്തുപള്ളി പുതുക്കി പണിയുമ്പോള്‍ കണ്ടുകിട്ടിയ തേക്ക് മര ഫലകത്തില്‍ രേഖപ്പെടുത്തിയ നിര്‍മ്മാണ വര്‍ഷം1612 ആണ്. ഒററപ്പാലക്കാലക്കാരനായ ശിവന്‍ എന്ന ആശാരിയാണ് പണിതത്. ആധികാരിക രേഖയായി ഈ മരഫലക ലിഖിതത്തെ അംഗീകരിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ കല്ല്യാണത്തുപള്ളിക്ക് 400 വര്‍ഷത്തെ പഴക്കം അനുമാനിക്കാം.

400 വര്‍ഷം മുമ്പാണ് പള്ളി സ്ഥാപിതമായതെങ്കില്‍ കോട്ടയം രാജാവ് നിയോഗിച്ച നായര്‍ പ്രമാണിമാരാണ് പള്ളി നിര്‍മ്മാണത്തിന് സ്ഥലവും സൗകര്യവും നല്‍കിയത് എന്ന വാദം തെറ്റാകും.

വയനാട്ടിലെ നായര്‍ പ്രമാണിത്തത്തിനു വേണ്ടി പ്രചരിപ്പിച്ച കഥകളില്‍ ഒന്നുമാത്രമാണ് കല്ല്യാണത്തു പള്ളി നിര്‍മ്മാണകഥ എന്നനുമാനിക്കാവുന്നതാണ്. പള്ളിയുമായി ബന്ധപ്പെട്ട് പ്രചരിച്ച കഥകളില്‍ ഏറെകുറെ നേരെന്ന് തോന്നിയ ഒരു കഥ സ്വീകരിക്കുക മാത്രമാവണം ഗോപാലന്‍ നായര്‍ ചെയ്തത്. പണ്ഡിതനായ കെ. അബ്ദുളള മുസ്‌ലിയാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ കാണാം; 'ജുമുഅത്തു പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് മറപെട്ട് കിടക്കുന്ന ബഹു. സയ്യിദ് ശാഹുല്‍ മുര്‍തളാ തങ്ങള്‍ നിരവധി കറാമത്തിന്റെ ഉടമയാണ്. ഈ നാടിന്റെ മാഹാത്മ്യത്തിന് മകുടം ചാര്‍ത്തുന്നത് മഹാന്മാരുടെ അന്ത്യ വിശ്രമമാണ്. എടവക നായര്‍ തറവാട്ടുകാരുടെ വക ഒരു കല്ല്യാണ മണ്ഡപം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പിന്നീടുയര്‍ന്ന പള്ളിയാണ് ഈ നാടിന് മേപ്പടി നാമം നല്‍കിയത്. കല്ല്യാണി എന്നൊരുനായര്‍ വനിതയുടെ രോഗ മുക്തിയെ തുടര്‍ന്നുണ്ടായ പേരാണെന്നും അഭിപ്രായമുണ്ട്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വയനാട് ജില്ലാ സമ്മേളന സോവനീര്‍, 1986) എന്തു തന്നെയായാലും കല്ല്യാണത്തു പള്ളി 1612 ല്‍ സ്ഥാപിച്ചതാണെങ്കില്‍ കല്ല്യാണത്തുപള്ളി പരിസരത്ത് അതിനു മുമ്പേ മുസ്ലിംകള്‍ താമസം ആരംഭിച്ചിട്ടുണ്ടാവണം. വയനാട്ടിലെ ഒന്നാമത്തെ പള്ളിയാണ് കല്ല്യാണത്തുപള്ളി എന്നതിനും യാതൊരു തെളിവുമില്ല. 1612 ല്‍ സ്ഥാപിതമായ ഈ പള്ളിക്കുമുമ്പ് എന്തുകൊണ്ട് മറ്റു പള്ളികള്‍ ഉണ്ടായിക്കൂടാ?

1600കള്‍ക്ക് മുമ്പേ വയനാട്ടിലേക്ക് മുസ്ലിം കുടിയേറ്റമുണ്ടായി എന്നനുമാനിക്കാവുന്ന നിരവധി വാമൊഴി ചരിത്രകഥകള്‍ മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.

സൂഫി പ്രബോധകന്മാര്‍ 

നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിലേക്ക് മുസ്ലിംകള്‍ സംഘടിതമായി കുടിയേറിയതിന് രേഖകള്‍ ഇല്ലെങ്കിലും, മത പ്രബോധകന്മാരായ സൂഫികള്‍ ഈ പ്രദേശത്ത് എത്തിയിരുന്നു എന്നതിന് തെളിവുകള്‍ ഒട്ടേറെയുണ്ട്. ഔലിയാക്കന്മാര്‍ എകാന്ത വിജനമായ പ്രദേശങ്ങള്‍ ആരാധനക്കായി തെരഞ്ഞെടുക്കുന്ന പതിവ് ലോകത്തിലെങ്ങുമുള്ളതാണ്. അത്തരം പ്രദേശങ്ങളിലെ ജനതയില്‍ മഹാന്മാരായ സൂഫികളുടെ സ്വാധീനം ഉണ്ടാവുക സ്വാഭാവികമാണ്. സൂഫികള്‍ മതപ്രബോധനകന്മാര്‍ കൂടിയായിരുന്നു എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. വയനാട്ടിലെ അസംഖ്യം മഖ്ബറകളില്‍ കുടികൊള്ളുന്ന ഔലിയാക്കന്മാരില്‍ പകുതിയില്‍ ഏറെ പേരും ഇത്തരത്തില്‍ പ്രബോധകന്മാരായി എത്തിയവരാണ്. അവരെ കുറിച്ച് എഴുതപ്പെട്ട അപദാനങ്ങളില്‍ അതിന് തെളിവുണ്ട്. കല്ല്യാണത്തു പള്ളിയില്‍ അന്ത്യവിശ്രമം കൊളളുന്ന ശാഹുല്‍ മുര്‍തള അത്തരമൊരു പ്രബോധകനായിരുന്നു. 'മലമ്പാമ്പും മലമ്പനിയുമുള്ള' വയനാടന്‍ പ്രദേശത്തേക്ക് പ്രബോധകനായി എത്തിയതിനെകുറിച്ച് അദ്ദേഹത്തെകുറുച്ചുള്ള മൗലിദില്‍ (അപദാന കീര്‍ത്തനം) പറയുന്നുണ്ട്. അവരുടെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ചവര്‍ തീര്‍ച്ചയായും ഉണ്ടാവണം.

കല്ല്യാണത്തുപള്ളിക്കല്‍ (ശാഹുല്‍ മുര്‍തള) കോറോം (സയ്യിദ് ശിഹാബുദ്ദീന്‍) വാരാമ്പറ്റ (സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ) ബാവലി (ബാവ അലി) കാട്ടിച്ചിറക്കല്‍ (സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി) പക്രന്തളം (ഫഖ്‌റുദ്ദീന്‍ വലിയ്യ്) കലപ്പറ്റ (അബ്ദുല്‍ ഹനീഫു സ്സിജിസ്താനി) ഒണ്ടയങ്ങാടി (അബ്ദുല്ലാ ഖൈര്‍ ബലുചിസ്താനി) തവിഞ്ഞാല്‍ (വലിയ്യ് മക്കോലശൈഖ്) ഉള്ളിശ്ശേരി (അഹ്മദുല്‍ മഅ്ബരി) ഉള്ളിശ്ശേരി (വലിയ്യ് മുഹമ്മദ് ഔലിയ മസ്താന്‍) എന്നിടങ്ങളില്‍ മറമാടപ്പെട്ട ഔലിയാക്കന്മാര്‍ ഇബാദത്തിനും പ്രബോധനത്തിനും വേണ്ടി എത്തിപ്പെട്ടവരാണ്. ഇവരില്‍ പലരും മലയാളികളല്ല. ഇന്ത്യക്കാര്‍ പോലുമല്ല. വിദൂര ദേശങ്ങളില്‍ നിന്ന് നിരവധി നാടുകളും കാടുകളും താണ്ടിയെത്തിയവരാണ്. സ്വജീവിതത്തെ മാതൃകയാക്കി പ്രബോധനം നടത്തിയവരാണ്. അതിനാല്‍ വയനാട്ടിലേക്ക് ഇസ്ലാം എത്തിയതിന്റെ ഒരുവഴി, സൂഫികളിലൂടെയാണെന്ന് നിസ്സംശയം പറയാം. ജാതി, മതഭേദമന്യേ അവര്‍ തദ്ദേശവാസികള്‍ക്ക് സ്വീകാര്യരായിരുന്നു. ഇന്നും അവരുടെ മഖ്ബരങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ എല്ലാ ജാതി മതസ്ഥരം ഉള്‍പ്പെടും.

ആദ്യകാല വ്യാപാരികള്‍

വയനാടന്‍ വന വിഭവങ്ങള്‍ വിദേശ വ്യാപാര രംഗത്ത് എന്നും പ്രിയപ്പെട്ടതായിരുന്നു. അതിനാല്‍ മലബാര്‍ പ്രദേശവുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ട വിദേശ കച്ചവടക്കാരില്‍ ഒട്ടുമിക്ക രാജ്യക്കാരും വയനാടന്‍ വന വിഭവങ്ങള്‍ ശേഖരിച്ചിരിക്കുവാന്‍ സാധ്യതയുണ്ട്. കേരളവുമായി ദീര്‍ഘനാളത്തെ വ്യാപരബന്ധം പുലര്‍ത്തിയിരുന്ന അറബികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന പല വന വിഭവങ്ങളും വയനാടന്‍ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്. അറബി കച്ചവടക്കാര്‍ക്ക് വനവിഭവങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ചെറുകിട കച്ചവടക്കാര്‍ അന്ന് മലബാറില്‍ സജീവമായിരുന്നു. ഈ ചെറുകിട കച്ചവടക്കാരില്‍ ഏറിയ പങ്കും മുസ്ലിംകളായിരുന്നു. ''വയനാടന്‍ വിഭവങ്ങള്‍ വിദേശ വ്യാപാര രംഗത്ത് പ്രിയം പിടിച്ചുപറ്റിയ പന്ത്രണ്ടാം ശതകത്തിനു ശേഷമുള്ള കാലയളവില്‍ മുഹമ്മദന്‍ വ്യാപാരികള്‍ ചുരങ്ങള്‍ക്ക് മുകളില്‍ എത്തുകയും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്തിരിക്കാന്‍ ഇടയുണ്ട്. അവരുടെ സംഘങ്ങള്‍ പരിമിതമായിട്ടുണ്ടെങ്കിലും വയനാട് മുറിച്ചുകടന്ന് തമിഴ് കര്‍ണാടക പ്രദേശങ്ങളിലേക്ക് പ്രയാണം നടത്തിയിട്ടുണ്ട്. (അറിയപ്പെടാത്ത വയനാട് പുറം. 195, 196) 

മലബാറില്‍ നിന്നും വയനാട് വഴി മൈസൂരിലേക്കും മറ്റും മുസ്ലിം വ്യാപാരികള്‍ പോയിരുന്നതു പോലെ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചും വന്നിരിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ വയനാടന്‍ വിഭവങ്ങള്‍ വാങ്ങുകയും വില്ക്കുകയും ചെയ്തിട്ടുണ്ടാവണം. സ്ഥിരമായി കച്ചവടത്തിന് എത്തുന്നവര്‍ തദ്ദേശ വാസികള്‍ക്ക് പരിചിതരും പ്രിയപ്പെട്ടവരുമായി മാറുക സ്വാഭാവികമാണ്. അവരില്‍ ചിലരെങ്കിലും വയനാടില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടാവണം.

ഇരുപതാം നുറ്റാണ്ടിന്റെ ആരംഭകാലത്ത് പോലും വയനാടന്‍ പ്രദേശങ്ങളില്‍ വ്യാപാര കുത്തക മുസ്ലിംകള്‍ക്കായിരുന്നു. ഒ.കെ.ജോണി എഴുതുന്നു; ''ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് കമ്പനിയുമായി വ്യാപര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചൊവ്വക്കാരന്‍ മൂസ ഉള്‍പ്പെടെയുള്ള മുസ്ലിം വ്യാപാരികളുടെ ചര്‍ച്ചക്കാരും ആശ്രിതരുമാണ് അന്ന് വാണിജ്യം നിയന്ത്രിച്ചിരുന്നത്. കാര്‍ഷികോത്പന്നം വിലക്കെടുത്ത്, തലശ്ശേരിയിലെ കമ്പനിയുമായി കച്ചവടം നടത്തിയിരുന്ന വ്യാപര പ്രമുഖര്‍ക്ക് നല്‍കുകയായിരുന്നു ഇവരുടെ പ്രധാനജോലി. ചെറുകിട കൃഷിക്കാരില്‍ നിന്ന് തോട്ടവും വയലും ഇവര്‍ പണയത്തിനെടുക്കാറുണ്ടായിരുന്നു. 1889 മുതല്‍ 1917 വരെയുള്ള കാലത്തായി വടക്കേ വയനാട്ടിലെ കൃഷിക്കാരില്‍ നിന്ന് മുസ്ലിം കച്ചവടക്കാര്‍ പണയത്തിനെടുത്ത ഭൂമിയെയും കാര്‍ഷികോല്‍പന്നങ്ങളെയും സംബന്ധിച്ച രേഖകള്‍ പല കുടുംബങ്ങളിലുമുണ്ട്. മാനന്തവാടി രജിസ്ട്രാര്‍ ആപ്പീസില്‍ റജിസ്‌ററര്‍ ചെയ്ത, കഴിഞ്ഞ നൂറ്റാണ്ടിലെ ഇത്തരം പണയാധാരങ്ങളില്‍ ചിലത് ഇതെഴുതുന്നയാള്‍ പരിശോധിക്കുകയുണ്ടായി. കുരുമുളക്, ഏലം, നെല്ല് എന്നിവയ്ക്ക് വിളവ് പാകമാവുന്നതിന് മുമ്പു തന്നെ തുക നല്‍കി മൊത്തമായി കൈവശപ്പെടുത്തുന്ന പതിവ് ഇന്നെന്നപോലെ അന്നും വ്യാപകമായിരുന്നു, വയനാട്ടിലെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത് (വയനാട് രേഖകള്‍.പുറം.58)

വടക്കേ വയനാട്ടിലേക്കുള്ള മുസ്ലിം വ്യാപരികളുടെ വരവിനെക്കുറിച്ച് വാമൊഴിയായി പ്രചരിച്ച കഥകളിലൊന്ന് ഇങ്ങനെയാണ്: വടക്കേ വയനാട് ഭരിച്ചിരുന്ന ഒരു രാജാവ് (പഴശ്ശിക്ക് മുമ്പ് വയനാട് വാണ ഒരു രാജാവ് എന്നേ ആവേദകര്‍ പറയാറുള്ളു) കടത്തനാട് ഭാഗത്തുള്ള കച്ചവടക്കാരെ തന്റെ ഭരണ മേഖലയില്‍ കച്ചവടത്തിനായി ക്ഷണിച്ചു. കച്ചവടക്കാര്‍ വിവിധ കച്ചവട വസ്തുക്കളുമായി ചുരം കയറി വന്നു. അവരില്‍ സത്യസന്ധരും നീതിമാന്മാരുമായ ചിലരെ രാജാവിന് ഏറെ ഇഷ്ടപ്പെട്ടു. അവരെ കുഞ്ഞോം, കോറോം, തരുവണ ഭാഗങ്ങളില്‍ ചുങ്കം പിരിക്കുന്നവരായി രാജാവ് നിയമിച്ചു. (തിരുവണ, കുഞ്ഞോം, കോറോം തുടങ്ങിയ സ്ഥലങ്ങളില്‍ അങ്ങാടിക്ക് ചുങ്കം എന്നാണ് പറഞ്ഞു വരുന്നത്) കച്ചവടക്കാരായി വന്ന് സ്ഥിര താമസക്കാരായി മാറിയവരില്‍ ചിലര്‍ ഇപ്പോഴും അറിയപ്പെടുന്നത് വൈശ്യര്‍ എന്ന കുടുംബപേരിലാണ്. കുഞ്ഞോം മുതല്‍ മാനന്തവാടി വരെ ഈ കുടുംബ പേര് കാണാം. ചാതുര്‍വര്‍ണ്യത്തിലെ വൈശ്യരുടെ ധര്‍മ്മം കൃഷിയും കച്ചവടവുമാണ്. കച്ചവടം ചെയ്യുന്ന വരെ ആ അര്‍ത്ഥത്തില്‍ വൈശ്യര്‍ എന്ന് വിളിച്ചിരിക്കാം. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം. ''ഇതിഹാസ കഥകളുടെ നാടോടി രൂപങ്ങള്‍ വയനാടു ജില്ലയില്‍'')

 പഴശ്ശികാലഘട്ടമായപ്പോള്‍ കണ്ണൂര്‍ ഭാഗത്തുള്ള വന്‍ സമ്പന്നരായ മുസ്ലിം കച്ചവടക്കാര്‍ വയനാട്ടിലേക്ക് വരികയും രാജാവുമായി അവര്‍ സൗഹൃദ ബന്ധം നിലനിര്‍ത്തുകയും ചെയ്തു. പഴശ്ശിക്ക് പണവും മറ്റും കടമായും അല്ലാതെയും ഇവര്‍ നല്‍കിയതിന് തെളിവുകള്‍ ഉണ്ട്. ഇപ്പോഴും ബത്തേരി , കല്‍പ്പറ്റ , മാനന്തവാടി തുടങ്ങിയ പട്ടണങ്ങളിലെ പ്രമുഖ കച്ചവടക്കാരെല്ലാം കണ്ണൂര്‍, തലശ്ശേരി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കച്ചവടക്കാരായി വന്ന്, വയനാട്ടില്‍ നിന്ന് വിവാഹം ചെയ്ത് സ്ഥിര താമസക്കാരായി മാറിയ ഒട്ടേറെ കുടുംബങ്ങള്‍ വയനാട്ടിലുണ്ട്.

ടിപ്പുവും വയനാടും

ടിപ്പുവിന്റെ വയനാട്ടിലേക്കുള്ള വരവ് തദ്ദേശിയരായ മുസ്ലിംകളുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക ജീവിതത്തില്‍ എവിധം സ്വാധീനം ചെലുത്തിയിരിക്കാം എന്ന അന്വേഷണം വയനാട് മുസ്ലിം ചരിത്ര നിര്‍മ്മിതിയില്‍ സുപ്രധാനമാണ്. മത പ്രചരണമോ അന്യമത ധ്വംസനമോ ടിപ്പുവിന്റെ ലക്ഷ്യമായിരുന്നില്ല എന്നു ചരിത്രം. വയനാട്ടില്‍ ടിപ്പു പള്ളികള്‍ സ്ഥാപിക്കുകയോ മുസ്ലിംകളുടെ ഉന്നമനത്തിന് വല്ല സംഭാവനകളും അര്‍പ്പിക്കുകയോ ചെയ്തതായി അറിവില്ല. അതേ സമയം വയനാടിന്റെ വികസന ചരിത്രത്തിലാണ് ടിപ്പുവിന്റെ സംഭാവനകള്‍ എന്നു കാണാം. വയനാട്ടില്‍ ഒട്ടേറെ റോഡുകളും പാലങ്ങളും ടിപ്പു സ്ഥാപിച്ചിട്ടുണ്ട്. ടിപ്പുവിന്റെ വയനാടു പാടയോട്ട കാലത്തു സൈന്യത്തോടൊപ്പം വന്നവര്‍ ഇവിടെ സ്ഥിര താമസമാക്കിയിരുന്നുവോ എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

വയനാട്ടിലെ മുസ്ലിംകളില്‍ ചെറു ന്യൂനപക്ഷമായ ഉറുദ്ദു സംസാരിക്കുന്നവരുടെ ചരിത്രം എന്നു മുതല്‍ ആരംഭിക്കുന്നതാവാം? ടിപ്പുവിന്റെ വരവിനു മുമ്പേ വന്നരാണ് തങ്ങള്‍ എന്നു കരുതുന്നവരും ടിപ്പുവിന്റെ കാലത്താണ് തങ്കളുടെ പൂര്‍വ്വികര്‍ മൈസൂരില്‍ നിന്നും കുടിയേറിയതെന്ന് അവകാശപ്പെടുന്നവരും ഇവര്‍ക്കിടയിലുണ്ട്. രണ്ടിനുമുള്ള സാധ്യതകള്‍ ഇല്ലാതെയില്ല. പട്ടാണികളായ ഒട്ടേറെ ഔലിയാക്കന്മാരുടെ മഖ്ബറകള്‍ വയനാട്ടിലുണ്ട്. ഒണ്ടയങ്ങാടി, ബാവലി, തവിഞ്ഞാല്‍, കല്ല്യാണത്തുംപളളി തുടങ്ങിയ സ്ഥലങ്ങളിലെ മഖ്ബറകള്‍ ഉദാഹരണമാണ്. 708 വര്‍ഷം മുമ്പ് മരണപ്പെട്ട അബ്ദുല്ലാ ഖൈര്‍ബലൂചിസ്താനിയുടെ ഖബറാണ് ഒണ്ടയങ്ങാടിയിലേതെന്ന് വിശ്വസിക്കപ്പെടുന്നു. വയനാട്ടിലെ പട്ടാണി മുസ്ലിംകള്‍ ഒണ്ടയങ്ങാടിയിലെ മഖ്ബറക്ക് ഏറെ പ്രാധാന്യം നല്‍കി വരുന്നു. ഹനഫീ മദ്ഹബുകാരായ ഇരുപതോളം കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 708 വര്‍ഷം മുമ്പ് മരണപ്പെട്ടതാണ് ശൈഖവറുകള്‍ എന്ന വാദം ശരിയാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. മഖ്ബറയുടെ കാലപ്പഴക്കമാണ് ഈ വാദം സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും ഉറുദു സംസാരിക്കുന്ന, ഹനഫി മദ്ഹബുകാരായ മുസ്ലിംകള്‍ കേരളത്തിനു പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയത്തിനിടയില്ല.

ചരിത്ര വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത വാദങ്ങള്‍ നിരത്തി ടിപ്പുവിന്റെ വയനാട് പടയോട്ടത്തെ, ക്ഷേത്ര ധ്വംസനങ്ങളുടെ ഘോഷയാത്രയാക്കി ചിത്രീകരിക്കുന്ന ചരിത്ര നിര്‍മ്മിതികള്‍ പോലും ഉണ്ടായിട്ടുണ്ടെന്നു സന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. വയനാട്ടിലെ തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങളെല്ലാം ടിപ്പുവിന്റെ പടയോട്ടത്തിന്റെ ഫലമാണെന്നു യാതൊരു തെളിവുമില്ലാതെ വാദിക്കുന്നു 'അറിയപ്പെടാത്ത വയനാടു' ചരിത്രകാരന്‍. ''പന്ത്രണ്ട്, പതിനാല് നൂറ്റാണ്ടുകളില്‍ രൂപം കൊണ്ടതും സമ്പല്‍സമൃദ്ധവുമായിരുന്ന എടത്തറ, മുത്തങ്ങ, രാംപൂര്‍, മുലങ്കാവ്, കാരശ്ശേരി പ്രദേശങ്ങളും അവിടങ്ങളിലുണ്ടായിരുന്ന ശിവ-വിഷ്ണു ക്ഷേത്രങ്ങളും പൂതാടി മുതല്‍ കബനിയോരം വരെയുള്ള ജനപഥങ്ങളും ക്ഷേത്രങ്ങളും നശിക്കുവാന്‍ ഇടയായതിന്റെ കാരണം മൈസൂര്‍ പടയോട്ടമല്ലന്ന് സ്ഥാപിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്'' (അറിയപ്പെടാത്ത വയനാട്.പുറം.82) തിരുനെല്ലി ക്ഷേത്രം മുതല്‍ ചീക്കല്ലൂര്‍ ശിവ ക്ഷേത്രം വരെ ടിപ്പു ആക്രമിച്ച് നശിപ്പിച്ചതായി ഇതേ കൃതിയില്‍ കാണാം. ചരിത്ര വസ്തുതകളെക്കാള്‍ തന്റെ ഊഹങ്ങള്‍ക്കും മുത്തശ്ശിക്കഥകള്‍ക്കുമാണ് ഈ കൃതി പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ വസ്തുനിഷ്ട യഥാര്‍ത്ഥ്യങ്ങളുമായി ഈ കൃതി സംവദിക്കുന്നില്ല. കോഴിക്കോട്ടെ റീജിനല്‍ ആര്‍കൈവ്‌സ് രേഖകള്‍ പ്രകാരം 60 ലേറെ ക്ഷേത്രങ്ങള്‍ക്ക് (ഗുരുവായൂര്‍ ക്ഷേത്രമടക്കം) ടിപ്പു സഹായം നല്‍കിയിട്ടുണ്ട്. അവയുടെ പേരുവിവരങ്ങള്‍ പോലും ലഭ്യമാണ്.

ടിപ്പുവിനെ ക്ഷേത്ര ധ്വംസകനായി ചിത്രീകരിക്കുന്ന അറിയപ്പെടാത്ത വയനാടു ചരിത്രകാരന്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ കെട്ടുകഥയും അണിനിരത്തുന്നുണ്ട്. കര്‍ണ്ണാടക നവാബ്, ടിപ്പുവിന്റെ സൈന്യം വയനാട്ടില്‍ പ്രവേശിക്കുകയും തൊണ്ടര്‍നാട്, മുത്തോര്‍നാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പിടികിട്ടിയ ചില നായര്‍ പ്രമാണിമാരെയെങ്കിലും മതപരിവര്‍ത്തനം നടത്തുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു കുഞ്ഞോത്തെ ആലഞ്ചേരി ഹസന്‍ (അത്തന്‍) (പുറം.196)

ടിപ്പുവിന്റെ സൈന്യാധിപന്മാരില്‍ പോലും അമുസ്ലിംകള്‍ ഉണ്ടായിരുന്നെന്നും അവരെയൊന്നും ടിപ്പു മതം മാറ്റിയിരുന്നില്ല എന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാവുന്നതാണ്. മാറ്റിമറിക്കപ്പെട്ട ചരിത്രം വരുത്തിവെക്കുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ വ്യാജ ചരിത്രം നിര്‍മ്മിക്കുന്നവര്‍ മറന്നു പോകാന്‍ പാടില്ലാത്തതാണ്.

കുടിയേറ്റത്തിന്റെ വിവിധഘട്ടങ്ങള്‍

പലകാലത്തായി, പലയിടങ്ങളില്‍ നിന്നും കുടിയേറിയവരാണ് വയനാട്ടിലെ മുസ്ലിംകള്‍. പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് 250 വര്‍ഷം മുമ്പ് റാവുത്തന്മാര്‍, ബ്രിട്ടീഷുകാര്‍ തങ്ങളുടെ ചായത്തോട്ടങ്ങളിലും കാപ്പിതോട്ടങ്ങളിലും തൊഴിലാളികളായി കൊണ്ടുവന്ന മലപ്പുറം ജില്ലക്കാരായ മുസ്ലിംകള്‍ (തെക്കേ വയനാട്ടില്‍ ഇവര്‍ക്കാണ് ആധിപത്യം) മലബാര്‍ കലാപ കാലത്തു വയനാട്ടിലെത്തിപ്പെട്ടവര്‍, നാല്‍പതുകളിലെ കൃസ്ത്യന്‍ കുടിയേറ്റകാലത്ത് തിരുവിതാംകൂറില്‍ നിന്നും വന്ന മുസ്ലിംകള്‍ (വാളാടിനടുത്ത വലിയ കൊല്ലിയില്‍ കോട്ടയം ഭാഷ സംസാരിക്കുന്ന അമ്പതിലേറെ മുസ്ലിം കുടുംബങ്ങള്‍ ഉണ്ട്), കേരളത്തിനു പുറത്ത് നിന്ന് വന്ന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി പ്രദേശങ്ങള്‍ സ്ഥിര താമസമാക്കിയ ഉറുദ്ദു സംസാരിന്നക്കുവര്‍, കടത്തനാട്ടു നിന്നും നിരവില്‍പ്പുഴ, കുഞ്ഞോം, കോറോം, തരുവണ, വാളാട്, തുടങ്ങിയ വടക്കേ വയനാട് പ്രദേശങ്ങളില്‍ താമസമാക്കിയ വടക്കേ വയനാടന്‍ മുസ്ലിംകള്‍, വ്യാപാരികളായും മറ്റും വയനാട്ടില്‍ വന്ന് സ്ഥിരതാമസക്കാരായി മാറിയ കണ്ണൂര്‍, തലശ്ശേരി പ്രദേശത്തുകാര്‍….. തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്ന് ചരിത്രത്തിന്റെ ഭിന്നദശാ സന്ധികളില്‍ ഏര്‍പ്പെട്ടവരാണ് വയനാട്ടിലെ മുസ്ലിംകള്‍ (വടക്കേ വയനാട്ടിലെ മുസ്ലിംകള്‍ക്ക് നാട് രണ്ടുണ്ട്. നാടും വയനാടും. നാടെന്നു പറഞ്ഞാല്‍ വയനാട്ടില്‍ അവര്‍ വസിക്കുന്ന ദേശമല്ല, ചുരത്തിനു താഴെയുള്ള കടത്തനാടു പ്രദേശമാണ്. 'നാട്ടില്‍ പോവുക' എന്നു പറഞ്ഞാല്‍ സമീപകാലം വരെ അതിനര്‍ത്ഥം ചുരത്തിനു താഴെ പോവുക എന്നതായിരുന്നു) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങളുടെ പൂര്‍വികര്‍ ഏതു പ്രദേശത്തു നിന്നാവും ചുരം കയറിയത് എന്ന് കണ്ടെത്തുവാന്‍ കഴിയാത്ത വിധം നാടുമായി ബന്ധം വിഛേദിക്കപ്പെട്ടവരാണ് പുതിയ തലമുറ (സമീപകാലത്ത് കുടിയേറിയവര്‍ നാടുമായി ബന്ധം നിലനിര്‍ത്തുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല) എങ്കിലും അവരുടെ കുടുംബപേരില്‍ നിന്ന് പൂര്‍വ ദേശം ചിലര്‍ക്കെങ്കിലും കണ്ടെത്താന്‍ കഴിയുന്നുണ്ട്. കല്ലേരി, മൊടവന്‍ത്തേരി, പാറക്കടവന്‍, കോട്ടയക്കാരന്‍, മയ്യക്കാരന്‍ തുടങ്ങി നാദാപുരം, തലശ്ശേരി പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ സ്വന്തം നാട്ടുപേരില്‍ (വിട്ടുപേരായി) അറിയപ്പെടുന്ന പതിവുണ്ട്.

വയനാട്ടിലെ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തിയാല്‍ വാമൊഴി വഴക്കത്തിന്റെ അത്ഭുതകരമായ വൈവിധ്യം അനുഭവിക്കാന്‍ സാധിക്കും. ഭിന്ന ദേശങ്ങളില്‍ നിന്ന് കുടിയേറിയവരാകയാല്‍ പലദേശങ്ങളുടെ, ജില്ലകളുടെ പരിഛേദം ഇവിടെ കാണാനാവും. വയനാടിന്റെ തെക്കും വടക്കുമുള്ള മുസ്ലിംകള്‍ ഭാഷയില്‍ മാത്രമല്ല ഭക്ഷണ രീതിയിലും വ്യത്യസ്തരാണ്. ചുരുക്കത്തില്‍ കേരള മുസ്ലിംകളുടെ സാമ്പിളുകളെല്ലാം വയനാട്ടിലുണ്ട്. ഭിന്ന ദേശങ്ങളിലെ ഭാഷയും ഭക്ഷണവും മാത്രമല്ല. നാട്ടാചാരങ്ങളും ഈ സാമ്പിളുകള ഇപ്പോഴും നിലനിര്‍ത്തുന്നു. എങ്കിലും കുടിയേറ്റത്തിന്റെ കാലപ്പഴക്കവും വിവാഹ ബന്ധങ്ങളും കൂട്ടായ്മകളും ഈ വൈവിധ്യങ്ങളെ മായ്ച്ചു തുടങ്ങിയിട്ടുണ്ട്. തെക്കന്‍, വടക്കന്‍ തുടങ്ങിയ അതിര്‍രേഖകള്‍ പയ്യെ പയ്യെ ഇല്ലാതാവുകയും വയനാടന്‍ മുസ്ലിം എന്ന സ്വത്വത്തിലേക്ക് അവര്‍ വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

author image
AUTHOR: ഡോ. അസീസ് തരുവണ
   (അസി. പ്രൊഫസര്‍, ഫറൂഖ് കോളേജ്‌)