ഉഥ്മാനിയ ഖിലാഫത്ത്: കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ഇടപെടലുകള്‍

ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്   (Faculty JBAS Center for Islamic studies University of Madras)

ഥ്മാനിയാ ഖിലാഫത്തിന്റെ മത രാഷ്ട്രീയ നേതൃത്വം കേരളത്തിലെ മുസ്‌ലിം സമൂഹം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ അംഗീകരിച്ചു പോന്നു. ഇസ്‌ലാമിക ഖിലാഫത്ത് എന്ന സംവിധാനത്തോട് ഏറ്റവും വിധേയപൂര്‍വമായ നിലപാടായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നത്. വടക്കേ ഇന്ത്യന്‍ മുസ്‌ലിം നേതൃത്വത്തെ അപേക്ഷിച്ച് തെക്കേ ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഉഥ്മാനിയ ഖിലാഫത്തിനോടുള്ള കൂറ് അതിശക്തമായിരുന്നു. നയതന്ത്ര വാണിജ്യ ബന്ധങ്ങളിലും കേരള മുസ്‌ലിം സമൂഹം ഉഥ്മാനിയ സാമ്രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തി.
കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായിരുന്ന അറക്കല്‍ ഭരണകൂകടം, കേരളീയ മുസ്‌ലിംകളുടെ മത-രാഷ്ട്രീയ നേതൃത്വത്തില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ച മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍ തുടങ്ങി ഉഥ്മാനിയ ഖിലാഫത്തിന്റെ അപചയ ഘട്ടത്തില്‍ ഇന്ത്യയിലാകെ അലയടിച്ച ഖിലാഫത്ത് പ്രസ്ഥാനം, കേരളീയ മുസ്‌ലിംകളുടെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ അവബോധത്തിന് അനല്‍പമായ സംഭാവന നല്‍കിയ പ്രസിദ്ധീകരണങ്ങള്‍ വരെ ഉഥ്മാനിയ ഖിലാഫത്തുമായിട്ടുള്ള മത-രാഷ്ട്രീയ വ്യവഹാരങ്ങളിലെ സുപ്രധാനങ്ങളായ ചരിത്ര രേഖകളാണ്.

അറക്കല്‍ രാജവംശം
മലബാറിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ ഭരണകൂടം ഉഥ്മാനിയ ഖലീഫക്ക് സന്ദേശങ്ങള്‍ അയച്ചതായി ചരിത്ര രേഖകളില്‍ കാണാന്‍ സാധിക്കും. 1777 ല്‍ അറക്കല്‍ സുല്‍ത്താന്‍ ആലിരാജ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാനാവശ്യമായ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു പ്രതിനിധിയെ ഇസ്തംബൂളിലേക്ക് അയക്കുകയുണ്ടായി. എന്നാല്‍ റഷ്യയുമായുള്ള യുദ്ധക്കെടുതിയില്‍ അടിപ്പെട്ടിരുന്ന ഖിലാഫത്തിന് അറക്കല്‍ രാജംവംശത്തെ സഹായിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം 1780 ല്‍ അധികാരത്തിലേറിയ ബീവി സുല്‍ത്താന പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അതിക്രമങ്ങള്‍ക്കെതിരെ ഉഥ്മാനിയ ഖലീഫക്ക് രണ്ട് പ്രാവശ്യം അപേക്ഷകള്‍ അയക്കുകയുണ്ടായി.
ഹിജ്‌റ 1192 ല്‍ അറക്കല്‍ ബീവിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഉഥ്മാനിയ ഖലീഫ അയച്ച അനുമോദനത്തില്‍ അറക്കല്‍ രാജവംശത്തിന് കീഴിലുള്ള മുസ്‌ലിംകളുടെയും അവരുടെ വിശ്വാസത്തിന്റെയും പരിരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവ്യശ്യപ്പെടുന്നുണ്ട്. ഉഥ്മാനിയ ഖിലാഫത്തുമായിട്ടുണ്ടായിരുന്ന നയതന്ത്ര ബന്ധങ്ങള്‍ ലോക ഇസ്‌ലാമിക നേതൃത്വം എന്ന നിലയില്‍ ഖിലാഫത്തിനെ അറക്കല്‍ രാജവംശം അംഗീകരിച്ചതിനുള്ള ചരിത്രപരമായ തെളിവുകളാണ്.


മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍
1800 കളില്‍ കേരളീയ മുസ്‌ലിംകള്‍ക്ക് ദാര്‍ശനികമായും മതപരമായും നേതൃത്വം നല്‍കിയ പ്രമുഖരില്‍ ഒരാളായിരുന്നു മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍. 1852 ല്‍ അറേബ്യയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം 1880 ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ മുഖ്യ ഉപേദേഷ്ടാവായും മന്ത്രിയുമായി തീര്‍ന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ഇസ്‌ലാമിനോടും അറബ് പ്രദേശങ്ങളോടുമുള്ള നയ നിലപാടുകളില്‍ നിര്‍ണ്ണായകമായ സ്വാധീന്യം ചെലുത്താന്‍ മമ്പുറം തങ്ങള്‍ക്ക് കഴിഞ്ഞു.

1901 ഒക്ടോബറില്‍ അന്തരിച്ച മമ്പുറം തങ്ങള്‍ ലോക ഇസ്‌ലാമിക നേതൃത്വത്തിന്റെ മുന്നണി പോരാളിയായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനിക്കൊപ്പം മുസ്‌ലിം ഏകതയ്ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയുണ്ടായി. ഉഥ്മാനിയ ഖിലാഫത്തിന്റെ നിയമ സാധുതയും, ഖലീഫയെ അംഗീകരിക്കുന്നതിലും അനുസരിക്കുന്നതിലുമുള്ള ആവശ്യകതയും  ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ തന്‍ബീഹുല്‍ ഉഖലായില്‍ വിശദീകരിക്കുന്നു. മമ്പുറം തങ്ങള്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ ഇസ്‌ലാമിന്റെ ഖലീഫ എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ ഭരണത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. മമ്പുറം തങ്ങളുടെ ഉഥ്മാനിയ ഖിലാഫത്തുമായിട്ടുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അസ്മി ഒസ്ജാന്‍, തുഫാന്‍ബുസ്പീനാര്‍, ആനികെബാജ് എന്നിവരുടെ കൃതികളില്‍ വിശദവിവരം കാണാം.

ഖിലാഫത്ത് പ്രസ്ഥാനവും കേരള മുസ്‌ലിംകളും
ഉത്തരേന്ത്യന്‍ മുസ്‌ലിംകളേക്കാളും ഉഥ്മാനിയ ഖിലാഫത്തിനോട് രാഷ്ട്രീയ മനോഭാവം കേരള മുസ്‌ലിംകള്‍ പുലര്‍ത്തിയിരുന്നു. നൂറ്റാണ്ടുകളായി കേരളക്കരയിലെ മുസ്‌ലിംകള്‍ സമുദ്ര വാണിജ്യത്തിലൂടെ ഖിലാഫത്തിന്റെ പല കേന്ദ്രങ്ങളുമായും ബന്ധം ശക്തിപ്പെടുത്തിയിരുന്നു. 1900 ലെ തുര്‍ക്കി-ഈജിപ്ഷ്യന്‍ അതിര്‍ത്തി പ്രശ്‌നം, 1907-ലെ ആംഗ്ലോ റഷ്യന്‍ കരാര്‍ ഇവ കേരള മുസ്‌ലിം സാഹിത്യ പരിസരത്തില്‍ ഗുരുതരമായ ചലനങ്ങള്‍ സൃഷ്ടിച്ചു. 1911 ലെ ലിബിയക്കുമേലുള്ള ഇറ്റലിയുടെ അധിനിവേശവും കേരളത്തില്‍ വിശിഷ്യ മലബാര്‍ മേഖകലകളില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ കോളനി വിരുദ്ധ സമരമായി കണക്കാക്കിയപ്പോള്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിക ഖിലാഫത്തിനെ സംരക്ഷിക്കുവാനുള്ള ഒരു മത ബാധ്യതയായിട്ടാണ് ഖിലാഫത്ത് പ്രക്ഷോഭത്തെ വീക്ഷിച്ചത്. ഉഥ്മാനിയ ഖിലാഫത്തിനെ സംരക്ഷിക്കുക, നിലനിര്‍ത്തുക, മുസ്‌ലിംകളുടെ വിശുദ്ധ സ്ഥലങ്ങളെ സംരക്ഷിക്കുക, ഉഥ്മാനിയ സാമ്രാജ്യത്തിന്റെ ഐക്യത്തെ നിലനിര്‍ത്തുക എന്നിവയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍. 1912-ല്‍ ഉഥ്മാനിയ ഖിലാഫത്തിന്റെ വിജയത്തിനായി പെരിന്തല്‍മണ്ണ പള്ളിയില്‍ 40 ദിവസത്തെ പ്രാര്‍ത്ഥന നടത്തിയ ചരിത്രം മലബാര്‍ മുസ്‌ലിംകള്‍ക്കുണ്ട്.
1920 ഏപ്രീല്‍ 27 ന് മഞ്ചേരിയില്‍ വച്ച് നടന്ന ഖിലാഫത്ത് സമ്മേളനത്തെ അബ്ദുല്‍ ഖലാം ആസാദിന്റെ തര്‍ക്കെ മുവാലാത്തും, കേന്ദ്ര ഖിലാഫത്ത് കമ്മിറ്റിയുടെ ഫത്‌വകളും തര്‍ജിമ ചെയ്യപ്പെടുകയും ഖിലാഫത്ത് കമ്മിറ്റികളിലേക്കും മസ്ജിദുകളിലേക്കും വിതരണം ചെയ്യുകയുംചെയ്തു. ഈ ഫത്‌വകളില്‍ പ്രധാനമായത് ഇവയായിരുന്നു.
1. ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നത് ഹറാം
2. ഗവണ്‍മെന്റ് തസ്തികകളില്‍ ജോലി ചെയ്യുവാന്‍ പാടില്ല
3. നികുതി അടക്കരുത്.
4. ഗവണ്‍മെന്റ് സഹായത്താല്‍ നടത്തുന്ന സ്ഥാപനങ്ങളെ നിരോധിക്കുക
5. ഗവണ്‍മെന്റ് നല്‍കിയ എല്ലാ അംഗീകാരങ്ങളും പദവികളും സ്ഥാനങ്ങളും തിരിച്ചുനല്‍കുക.
കേരളത്തിലെ ആദ്യത്തെ ഖിലാഫത്ത് കമ്മിറ്റി രൂപപ്പെട്ടത് 1920 ജൂലൈയില്‍ കോഴിക്കോട് ആയിരുന്നു. ഹൈദ്രോസ് കുഞ്ഞിക്കോയ തങ്ങള്‍ ആയിരുന്നു അതിന്റെ രക്ഷാധികാരി. 1921 ജൂണ്‍ 30 ഓടെ ഏകദേശം ഇരുന്നൂറോളം ഖിലാഫത്ത് കമ്മിറ്റികളാണ് കേരളത്തില്‍ രൂപപ്പെട്ടത്. 1920 ആഗസ്റ്റ് 18 ല്‍ കോഴിക്കോട് കടല്‍ത്തിരത്ത് മഹാത്മാഗാന്ധിയും മൗലാനാ ശൗക്കത്തലിയും അഭിസംബോധന ചെയ്ത സമ്മേളനത്തില്‍ ഇരുപതിനായിരത്തിലധികം ജനങ്ങള്‍ പങ്കെടുക്കുകയും ഗാന്ധിജിയുടെ സ്വരാജ് ഫണ്ടിലേക്ക് ഇരുപതിനായിരം രൂപ സംഭാവനയായി പിരിഞ്ഞുകിട്ടുകയും ചെയ്തു. ഈ സമ്മേളനത്തിലെ മൗലാനാ ഷൗക്കത്തലിയുടെ പ്രസംഗം മുസ്‌ലിംകളെ ആവേശ ഭരിതരാക്കി. നിങ്ങള്‍ ശക്തരും കഴിവുറ്റവരും ആണെങ്കില്‍ മുസ്‌ലിംകള്‍ ആയിരിക്കുന്നേടത്തോളം കാലം നിങ്ങളുടെ ദൈവത്തോടും വിശ്വാസത്തോടും ശത്രുത പുലര്‍ത്തുന്ന അക്രമകാരിയായ ഭരണകൂടത്തോടും ഭരണാധികാരിയോടും യുദ്ധം ചെയ്യുക എന്നത് നിങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തര്‍വ്യമാണ്. നിങ്ങള്‍ ദുര്‍ബലനാണെങ്കില്‍ മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യല്‍ നിര്‍ബന്ധമാണ് എന്ന് അദ്ദേഹം ഉണര്‍ത്തി
ഖിലാഫത്ത് പ്രസ്ഥാനം അലയടിച്ചിരുന്ന കാലഘട്ടത്തില്‍ കോഴിക്കോട്ട് മുസ്‌ലിംകള്‍ അവരുടെ സക്കാത്ത്, പെരുന്നാള്‍ ആഘോഷം, നബിദിനാഘോഷം എന്നിവയെല്ലാം ഖിലാഫത്തിനായി സമര്‍പ്പിച്ചിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് ശേഖരിച്ച സമ്പാദ്യമെല്ലാം ഗ്രീക്കിനോട് പടവെട്ടിയിരുന്ന ഉഥ്മാനിയ ഖിലാഫത്തിലേക്ക് അവര്‍ അയച്ചുകൊടുത്തു. ഡോ. അന്‍സാരിക്ക് കീഴിലുള്ള ഇന്ത്യന്‍ മെഡിസിന്‍ മിഷന്‍, റെഡ്ക്രസന്റ് സൊസൈറ്റി എന്നിവയിലേക്ക് കേരള മുസ്‌ലിംകള്‍ സാമ്പത്തിക സഹായം നല്‍കി. ഇത് ബാള്‍ക്കണ്‍ യുദ്ധത്താല്‍ കലുഷിതമായ തുര്‍ക്കിയിലേക്ക് അയക്കപ്പെടുകയും ചെയ്തു.

ഉര്‍ദുവിലുള്ള പല ഖിലാഫത്ത് പ്രമേയങ്ങളും മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. അഞ്ഞൂറോളം പണ്ഡിതന്മാര്‍ ഒപ്പിട്ട മുത്തഫിക്ക ഫത്‌വയും കേന്ദ്ര ഖിലാഫത്ത് സമിതിയും ലഘുലേഖകളും ഗ്രാമാന്തരങ്ങളില്‍ വിതരണം ചെയ്യപ്പെട്ടു. നുസ്‌റത്തുല്‍ ഇസ്‌ലാം, തറാമയെ ഖിലാഫത്ത്, ദര്‍ദെ ഖിലാഫത്ത് എന്ന് തുടങ്ങിയ ഉര്‍ദു ലേഖനങ്ങള്‍ കേരളക്കരയിലെത്തി. മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത് താനൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു.
ഖുര്‍ആനും ഹദീസുകളും ഉദ്ധരിച്ച്‌കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും ശത്രു ആണെന്നും അതിനോട് പങ്കു ചേരുന്നവരെല്ലാം അധര്‍മികളാണെന്നും മൗലാനാ ആസാദ് ശക്തമായി സമര്‍ത്ഥിക്കുന്നു. ഉഥ്മാനിയ ഖിലാഫത്ത് ഇസ്‌ലാമിക ഖിലാഫത്തിന്റെ തുടര്‍ച്ചയാണെന്നും അതിനെ എതിര്‍ക്കുന്നവര്‍ ഗ്രീസ് വിജയത്തെ അനുമോദിക്കുന്നുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കമാല്‍ പാഷയുടെ പ്രത്യേക സലാം അറിയിച്ചതായും എഴുതിയിരുന്നു. ഈ വിജയത്തിന് സമ്മാനമായി ഒരു വാളും ഒരു വിമാനവും നല്‍കുവാനും എല്ലാ മുസ്‌ലിംകളും അകമഴിഞ്ഞ് സംഭാവന ചെയ്യുവാനും അത് ഓരോ മുസ്‌ലിമിന്റെയും കടമായാണെന്നും നിര്‍ദ്ദേശിക്കുന്നു.

വിമത സ്വരങ്ങള്‍
കേരള മുസ്‌ലിംകളുടെ ഖിലാഫത്തുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെല്ലാം ഒരേ സ്വരത്തിലുള്ളവ ആയിരുന്നില്ല. ബ്രിട്ടീഷ് അനൂകുല മുസ്‌ലിം പണ്ഡിതന്മാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തോട് നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. 1914 ല്‍ കോഴിക്കോട് ഹിദായത്ത് സഭാ ഹാളില്‍ വെച്ച് നടന്ന ഒരു യോഗത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോട് എതിര് നില്‍ക്കരുതെന്ന് ഉഥ്മാനീ ഖലീഫയോട് അപേക്ഷിച്ച് കൊണ്ട് എഴുതാന്‍ തീരുമാനിച്ചു. ഈ കമ്മിറ്റിയില്‍ തന്നെ ബ്രിട്ടന്റെ വിജയത്തിനായി കേരളത്തിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണം എന്നപേക്ഷിക്കുവാന്‍ തീരുമാനിച്ചു.
തട്ടാങ്കര കുട്ടി ആമു മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബ്രിട്ടീഷ് അനുകൂല പണ്ഡിതന്മാര്‍ 1921 സെപ്തംബര്‍ 22 ല്‍ പൊന്നാനിയില്‍ മഹഖുല്‍ ഖലാഫ അലാ ഇസ്മില്‍ ഖിലാഫ(ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ യാഥാര്‍ത്ഥ്യം) എന്ന പ്രമേയം ഇറക്കി. ഇതില്‍ ഗവണ്‍മെന്റിനെ അനുസരിക്കല്‍ മുസ്‌ലിമിന്റെ കടമയായി വിശദീകരിച്ചിരിക്കുന്നു. രണ്ടു നൂറ്റാണ്ടുകളായി ഇന്‍ഡ്യയില്‍ ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നെങ്കിലും മുസ്‌ലിംകള്‍ക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നവും സൃഷ്ടിച്ചിരുന്നില്ല. എന്ന് മാത്രമല്ല, ഇസ്‌ലാം സ്വീകരിക്കുന്നതില്‍ നിന്നും നിഷേധികളെ തടഞ്ഞിട്ടുമില്ല. ഇനി ഏതെങ്കിലും അവിശ്വാസി ഈ മത പരിവര്‍ത്തനത്തിന് എതിരെ നിന്നാല്‍ ബ്രിട്ടീഷ് ഭരണകൂടം മുസ്‌ലിംകളോട് അനുഭാവപൂര്‍ണ്ണമായ നയമാണ് സ്വീകരിച്ചിരുന്നത്. അതിനാല്‍ ഈ നിസ്സഹകരണം കൊടും പാപമാണെന്നും ഈ പ്രമേയങ്ങളില്‍ വിശദീകരിക്കുകയുണ്ടായി. ഇ. മൊയ്തു മൗലവി, കെ.എം. മൗലവി എന്നിവര്‍ ദഅ്‌വത്തുഹഖ് എന്നൊരു ഖണ്ഡനം മലയാളത്തിലും അറബി മലയാളത്തിലും എഴുതുകയുണ്ടായി. മറ്റൊരു ബ്രിട്ടീഷ് അനുകൂല ഫത്‌വകളും കെ. അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ എഴുതിയ നാദി അൽ മസ്മൂഇ ഇലാ മഅനൽ ഖിലാഫ കമാ ഹിയൽ മശ്റൂഇ(ഖിലാഫത്തിന്റെ അര്‍ത്ഥം അറിയാന്‍ ഗ്രഹിക്കുന്നവര്‍ക്ക്) എന്ന കൃതിയില്‍ തുര്‍ക്കിയില്‍ നിലനിന്നിരുന്ന ഖിലാഫത്ത് ഒരു രാജാധിപത്യം മാത്രമാണെന്നും അതിനാല്‍ തന്നെ അതിന്റെ തകര്‍ച്ചയില്‍ കേരള മുസ്‌ലിംകള്‍ക്ക് ഒരു നാശവും സംഭവിക്കുകയില്ലെന്നും അദ്ദേഹം എഴുതി. എന്നാല്‍ ഈ തരത്തിലുള്ള ബ്രിട്ടീഷ് അനുകൂല ഫത്‌വകള്‍ക്കും പ്രമേയങ്ങള്‍ക്കും കേരളത്തില്‍ മുസ്‌ലിംകള്‍ക്കള്‍ക്കിടയില്‍ യാതൊരു ചലനവും സൃഷ്ടിക്കുവാന്‍ സാധിച്ചില്ല.

കേരള മുസ്‌ലിംകളുടെ
പ്രസിദ്ധീകരണങ്ങള്‍

കേരള മുസ്‌ലിംകളുടെ അറബി മലയാളത്തിലും മലയാളത്തിലുമുള്ള അനേകം പ്രസിദ്ധീകരണങ്ങള്‍ അവരുടെ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പുത്തനുണര്‍വിന് കാരണമായി. ലോക ഇസ്‌ലാമിക ചലനങ്ങളെ കേരളത്തിലേക്ക് സംവേദനം ചെയ്യുന്നതില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് അനിഷേധ്യമായ പങ്കാണുള്ളത്. ഉഥ്മാനിയ ഖിലാഫത്തുമായുള്ള മത രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മലബാര്‍ മുസ്‌ലിംകളാണ് കൂടുതല്‍ പങ്കുവഹിച്ചിട്ടുള്ളതെങ്കിലും പ്രിന്റ് മീഡിയ രംഗത്ത് ദക്ഷിണ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണ് ഉള്ളത്.
1899 ല്‍ സി. സെയ്താലിക്കുട്ടി മാസ്റ്റര്‍ തിരൂരില്‍ നിന്നും പുറത്തിറക്കിയ സ്വലാഹുല്‍ ഇഖ്‌വാന്‍ എന്ന പാക്ഷികം തുര്‍ക്കി ഖലീഫമാരുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്കും മറ്റു ലോക ഇസ്‌ലാമിക വൃത്താന്തങ്ങള്‍ക്കും മുഖ്യ പ്രാധാന്യ നല്‍കിയിരിക്കുന്നു. 1909 ല്‍ സനാഉല്ല മക്തി തങ്ങള്‍ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിച്ച തുര്‍ക്കി സമാചാരം എന്ന സായാഹ്ന പത്രം ഉഥ്മാനിയ ഖിലാഫത്തിന്റെ മത സാമൂഹിക രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. അതേ വര്‍ഷം കൊച്ചിയില്‍ നിന്നുതന്നെ പ്രമുഖ മുസ്‌ലിം പരിഷ്‌കര്‍ത്താവായ വി. അബ്ദു മുഹമ്മദ് ഹാജി മലബാര്‍ ഇസ്‌ലാം എന്ന വൃത്താന്ത വാരിക ആരംഭിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിനും മുസ്‌ലിം പരിഷ്‌കരണത്തിനും മലബാര്‍ ഇസ്‌ലാമിന്റെ ലേഖനങ്ങള്‍ വിലമതിക്കാനാവാത്ത സേവനമാണ് വഹിച്ചത്.
1920 ല്‍ വര്‍ക്കലയില്‍ നിന്നും എ. മുഹമ്മദ് കുഞ്ഞിക്കാക്ക ആരംഭിച്ച ഖിലാഫത്ത് പത്രികയും അദ്ദേഹത്തിന്റെ തന്നെ 1924 ല്‍ പുറത്തിറക്കിയ അല്‍ മനാര്‍ എന്ന മാസികയും ഖിലാഫത്ത് പ്രസ്ഥാനത്തിനും മതനവോത്ഥാന പരിശ്രമങ്ങള്‍ക്കും സാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
വക്കം മൗലവി 1931 ല്‍ പുറത്തിറക്കിയ ദീപിക എന്ന മാസികയും ലോക ഇസ്‌ലാമിക വാര്‍ത്തകളെ കേരളക്കരയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഗ്രീസും തുര്‍ക്കിയും തമ്മിലുണ്ടായ യുദ്ധത്തിന്റെ വിശദമായ വിവരണം ദ്വീപികയില്‍ അദ്ദേഹം നല്‍കിയിരുന്നു. ഇരുമ്പിളിയത്തുനിന്നുള്ള അല്‍ ഹിദായത്ത്(1929) ആലപ്പുഴയില്‍ നിന്നുള്ള ഇസ്‌ലാം ദൂതനും മുസ്‌ലിം, അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍ അമീന്‍ കൊല്ലത്തുനിന്നുള്ള കേരള ചന്ദ്രിക എന്നുതുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങള്‍ കേരള മുസ്‌ലിം സമൂഹത്തെ ലോക ഇസ്‌ലാമിക സമൂഹത്തെ ലോക ഇസ്‌ലാമിക ചലനത്തോടും ഉഥ്മാനിയ ഖിലാഫത്തിനോടും കണ്ണിചേര്‍ക്കുന്നതില്‍ അസാധാരണ സ്ഥാനം വഹിച്ചിട്ടുണ്ട്.

ഉപസംഹാരം
ഇസ്‌ലാം എന്നത് സര്‍വ ലൗകികമായ ഒരു പ്രത്യേയ ശാസ്ത്രമാണ്. ഒരു നിര്‍ണ്ണിത കാലത്തേക്കോ സ്ഥലത്തേക്കോ സമയത്തേക്കോ ബന്ധിതമായ ഒന്നല്ല ഇസ്‌ലാം. കേരളീയ മുസ്‌ലിംകളുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ലോക ഇസ്‌ലാമിക ചലനങ്ങള്‍ കണ്ണിമുറിയാതെ ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. ഉമ്മയെന്ന ഇസ്‌ലാമിക യാഥാര്‍ത്ഥ്യത്തിന്റെ എല്ലാ അകം പൊരുളുകളും മനസ്സിലാക്കിയ സമൂഹം എന്ന നിലയില്‍ കേരള മുസ്‌ലിംകള്‍ ഇസ്‌ലാമിക ലോകത്ത് വിശേഷമായ സ്ഥാനത്തിന് അര്‍ഹരാണ്. ഇന്ഡ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിം നേതൃത്വത്തിനേക്കാളും ഇസ്‌ലാമിലും ഉഥ്‌നാമിയ ഖിലാഫത്തിലും ജീവന്‍ നല്‍കി സേവനമര്‍പ്പിക്കുന്നതില്‍ കേരള മുസ്‌ലിംകള്‍ മുമ്പിലായി
അറക്കല്‍ രാജവംശം, മമ്പുറം തങ്ങള്‍, ഖിലാഫത്ത് പ്രസ്ഥാനം, പ്രസിദ്ദീകരണങ്ങള്‍ എന്നീ വ്യതിരിക്തമായ മേഖലകളിലൂടെ തങ്ങളുടെ മത രാഷ്ട്രീയ സമീപനം വ്യക്തമാക്കിയ കേരള മുസ്‌ലിംകള്‍ ഉഥ്മാനിയ ഖിലാഫത്തിന്റെ ലോക ഇസ്‌ലാമിക നേതൃത്വം സ്വമേധയാ അംഗീകരിക്കുന്നതില്‍ ഒരു പടി മുന്നിലായിരുന്നു. ഈ ചരിത്ര ബോധം ഉള്ളതു കൊണ്ടുതന്നെയാണ് കേരള മുസ്‌ലികംള്‍ ഇന്നും ലോക ഇസ്‌ലാമിക ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. മറ്റേത് രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ക്ക് സംഭവിക്കുന്ന ഏതൊരു പ്രതിസന്ധിയിലും ഒരേ മനസ്സോടെ ഇടപെടാന്‍ പ്രേരിപ്പിക്കുന്നതും സീമാബന്ധിതമല്ലാത്ത ഉമ്മ:യെന്ന ലോക ഇസ്‌ലാമിക സംവിധാനത്തെ അംഗീകരിച്ചിരുന്നു എന്നതിന്റെ ഏറ്റവും സുപ്രധാനമായ രേഖയാണ് കേരള മുസ്‌ലിംകളുടെ ഉഥ്മാനിയ ഖിലാഫത്തുമായിട്ടുള്ള മത രാഷട്രീയ വ്യവഹാരങ്ങള്‍.

author image
AUTHOR: ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്
   (Faculty JBAS Center for Islamic studies University of Madras)