ചരിത്രവര്‍ണ്ണനങ്ങളെ
ജനകീയമാക്കിയ വഴികളിലൂടെ...

ടി. ശാക്കിര്‍ വേളം  

കേരളീയ മുസ്‌ലിം സമൂഹം സംഭാവനചെയ്ത സാമൂഹിക മുന്നേറ്റങ്ങളും നവോത്ഥാന മൂല്യങ്ങളും കേരളത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും അതര്‍ഹിക്കുന്ന വിധം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് ഇപ്പോള്‍  കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്. ആധുനിക നവോത്ഥാന കേരളം എന്നത് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാവുന്ന വാക്കല്ല. ചെറുതും വലുതുമായ നിരവധി സാമൂഹിക മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും അനന്തരഫലമായി നിര്‍മിക്കപ്പെട്ടതാണ് നാമിന്നനുഭവിക്കുന്ന കേരളം. വ്യക്തികള്‍, പ്രദേശങ്ങള്‍, പ്രസ്ഥാനങ്ങള്‍, മത-ജാതി സാമൂഹിക വിഭാഗങ്ങള്‍ തുടങ്ങി സര്‍വരും നല്‍കിയ പലതരം സംഭാവനകളുടെ ആകെത്തുകയാണ് നമ്മുടെ സാമൂഹിക പുരോഗതി എന്നത്. ഒരു നാടും സമൂഹവും സുപ്രഭാതത്തില്‍ കണ്ടെടുക്കപ്പെടുന്നതോ അദ്ഭുത വിദ്യയിലൂടെ പുറത്തെടുക്കപ്പെടുന്നതോ അല്ല. മറിച്ച്, നിരവധി പേരുടെ ചിന്തയും അധ്വാനവും ത്യാഗവും പോരാട്ടവും വിയര്‍പ്പും കണ്ണീരും രക്തവും കൂട്ടിച്ചേര്‍ത്ത് രൂപപ്പെട്ടുണ്ടായി വരുന്നതാണ്.

വലിയ വൈജ്ഞാനിക മൂലധനവും സാംസ്‌കാരിക ഈടുവെപ്പുകളും സാമൂഹിക സേവനത്തില്‍ അതുല്യമായ സംഭാവനകളും ഉള്ളവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. കല, സാഹിത്യം, വസ്ത്രം, ഭക്ഷണം, പോരാട്ടം, സാമൂഹിക ബന്ധങ്ങള്‍, നാഗരികത, വിദ്യാഭ്യാസം, കച്ചവടം, വികസനം തുടങ്ങി സാമൂഹിക ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ സൗന്ദര്യവത്തായ സംഭാവനകള്‍ കാഴ്ചവെക്കാന്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് സാധിക്കുകയുണ്ടായി. 16-ാം നൂറ്റാണ്ടില്‍  ആരംഭിച്ച, പോര്‍ച്ചുഗീസ് അധിനിവേശത്തിലൂടെ ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ അവസാനിച്ച നീണ്ട കാലത്തെ കോളനി വാഴ്ചക്കെതിരായ ധീരമായ ചെറുത്തുനില്‍പും മുസ്‌ലിം സമൂഹത്തിന്റേത് തന്നെയായിരുന്നു. തദ്ഫലമായി മുസ്‌ലിം സമൂഹത്തെ പൈശാചികവല്‍ക്കരിക്കാനും അവരുടെ സംഭാവനകളെ തമസ്‌കരിക്കാനുമാണ് കൊളോണിയല്‍ അധികാര ശക്തികള്‍ ശ്രമിച്ചത്. ദേശീയ ചരിത്രകാരന്മാരും പല അളവില്‍ ഈ പാത തന്നെയാണ് പിന്തുടര്‍ന്നത്. മുസ്‌ലിം മുന്നേറ്റങ്ങളിലെയും സംഭാവനകളിലെയും മതപരമായ അംശങ്ങളും സ്വാധീനങ്ങളുമാകാം മതേതര മണ്ഡലത്തില്‍ മുസ്‌ലിം സംഭാവനകള്‍ ശരിയായവിധം വിശകലനം ചെയ്യപ്പെടാതെ പോയതിന്റെ പ്രധാന കാരണം. കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം അനുബന്ധ പരിപാടികള്‍ നടക്കുകയുണ്ടായി. മുസ്‌ലിം സമുദായത്തിനും കേരളീയ സമൂഹത്തിനും വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ പ്രദേശങ്ങള്‍, വ്യക്തികള്‍, സംഭവങ്ങള്‍ തുടങ്ങിയവയെ മുന്‍നിര്‍ത്തിയായിരുന്നു അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ചരിത്ര ഗ്രന്ഥങ്ങളില്‍ തമസ്‌കരിക്കപ്പെടുകയോ സാമൂഹികമനസ്സില്‍ ശരിയാംവിധം വിലയിരുത്തപ്പെടാതെ പോവുകയോ ചെയ്ത ഇത്തരം സംഭാവനകളെക്കുറിച്ച് ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് ഈ പരിപാടികള്‍ വേദിയായിത്തീര്‍ന്നു.
കേരളത്തില്‍ ഇസ്‌ലാമിന്റെയും പില്‍ക്കാലത്ത് മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനളുടെയും രംഗവേദിയായ കൊടുങ്ങല്ലൂരിലാണ് ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കപ്പെട്ടത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പ്രഖ്യാപനം നിര്‍വഹിച്ചു. ദല്‍ഹി ജാമിഅ മില്ലിയയിലെ ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ പ്രൊഫ. ഡോ. എം. എച്ച് ഇല്യാസ് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവരുടെ പ്രധാന ന്യൂനത അവര്‍ക്ക് അറബിയും അറബി മലയാളവും അറിയില്ല എന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിംകള്‍ അക്ഷര വിരോധത്തിന്റെ ഇരുണ്ട കാലത്ത് കഴിഞ്ഞവരാണ് എന്ന പൊതുബോധം അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇരുണ്ട കാലമെന്ന് വിശേഷിപ്പിക്കപ്പെട്ട  അക്കാലത്താണ് ഫത്ഹുല്‍ മുഈന്‍, തുഹ്ഫതുല്‍ മുജാഹിദീന്‍ തുടങ്ങിയ ലോക പ്രശസ്ത ഗ്രന്ഥങ്ങള്‍ ഇവിടെ രചിക്കപ്പെട്ടത് എന്ന വസ്തുത വിസ്മരിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേരമാന്‍ ജുമാ മസ്ജിദ് ഖത്തീബ് വി.എം സുലൈമാന്‍ മൗലവി, കെ.പി.സി.സി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ കൊച്ചുമുഹമ്മദ്, അബ്ദുല്‍ ഹബീബ് മദനി, ചേരമാന്‍ മസ്ജിദ് കമ്മിറ്റി പ്രസി: ഡോ. പി. പി മുഹമ്മദ് സഈദ്, ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍. കെ.ടി ഹുസൈന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവരും സംസാരിച്ചു.

കേരളീയ സാമൂഹിക നവോത്ഥാനത്തില്‍ മമ്പുറം തങ്ങന്‍മാരുടെ സംഭാവനകള്‍ അനാവരണം ചെയ്ത സെമിനാറായിരുന്നു 'മമ്പുറം തങ്ങന്മാരും സാമൂഹ്യ നവോത്ഥാനവും' എന്ന തലക്കെട്ടില്‍ തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ചത്. ജാതി അസമത്വത്തിനെതിരെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയും കുടിയാന്മാര്‍ക്ക് ഭൂമി ലഭ്യമാക്കുമെന്ന ഭൂപരിഷ്‌കരണ രേഖ തയ്യാറാക്കിയും കേരളീയ നവോത്ഥാനത്തിന് അസാമാന്യമായ സംഭാവനയാണ് മമ്പുറം തങ്ങന്മാര്‍ നിര്‍വഹിച്ചത്. മതപണ്ഡിതന്മാര്‍ എന്ന നിലക്ക് ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ സമരത്തിന് ഈ ജനത്തെ സജ്ജരാക്കി എന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. അഡ്വ. കെ. എന്‍. എ ഖാദര്‍ (എം. എല്‍. എ) സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ഡോ. അസീസ് തരുവണ. പി. ഐ നൗഷാദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, കെ. ടി ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇസ്‌ലാമിന്റെ സാമൂഹിക ഉളളടക്കം കേരളത്തില്‍ ജനകീയമാക്കുന്നതില്‍ മഖ്ദൂം കുടുംബം വഹിച്ച പങ്ക് അനുസ്മരിക്കപ്പെട്ട സെമിനാറായിരുന്നു 'മഖ്ദൂമൂം പൊന്നാനിയും കേരള മുസ്‌ലിം ജീവിതവും' എന്ന തലക്കെട്ടില്‍ പൊന്നാനിയില്‍ സംഘടിപ്പിച്ച സെമിനാര്‍. കേരള മുസ്‌ലിംകളുടെ സ്വത്വത്തെ പ്രചരിപ്പിച്ചത് മഖ്ദൂം കുടുംബമായിരുന്നെന്നും, മുസ്‌ലിം സമൂഹത്തെ മതബോധമുള്ളവരാക്കുന്നതിലും ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ പ്രായോഗിക സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിലും അവര്‍ വലിയ സംഭാവനയാണ് ചെയ്തതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. പരിഷ്‌കര്‍ത്താക്കള്‍ എന്ന നിലയില്‍ മഖ്ദൂമുമാരെക്കുറിച്ചുള്ള പഠനങ്ങള്‍ കേരളത്തില്‍ വിരളമാണെന്നും സെമിനാര്‍ വിലയിരുത്തി. മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചേറൂര്‍ അബ്ലുല്ല മുസ്‌ലിയാര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം, പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, പൊന്നാനി ഖാദി സയ്യിദ് മഖ്ദൂം മുത്തുകോയ തങ്ങള്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള മുസ്‌ലിം സമൂഹത്തിന്റെ സംഘടിത നവോത്ഥാന സംരംഭങ്ങള്‍ക്ക് തറക്കല്ലിട്ട പരിഷ്‌കര്‍ത്താവായിരുന്നു ഹമദാനി തങ്ങള്‍ എന്ന് ആലപ്പുഴ വടുതലയില്‍ സംഘടിപ്പിച്ച 'ഹമദാനി തങ്ങളും കേരള മുസ്‌ലിം പരിഷ്‌കരണവും' എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ലജ്‌നത്തുല്‍ മുഹമ്മദിയ്യ, ലജ്‌നത്തുല്‍ ദാനിയ്യ തുടങ്ങിയ നിരവധി കൂട്ടായ്മകള്‍ക്ക് അദ്ദേഹം രൂപംനല്‍കിയിരുന്നു. അഡ്വ. ആരിഫ് (എം. എല്‍. എ) ഉദ്ഘാടനം ചെയ്തു. കെ. ടി ഹുസൈന്‍, ശിഹാബ് പൂക്കോട്ടൂര്‍, എ. അബ്ദുല്ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
അറക്കല്‍ രാജവംശത്തെക്കുറിച്ച സെമിനാറിന് വേദിയായത് കണ്ണൂര്‍ ചേമ്പര്‍ ഹാളാണ്. അറക്കല്‍ രാജവംശത്തെക്കുറിച്ച പഠനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഡോ. കെ. കെ. എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടത്. കേരളത്തിലെ മര്‍മപ്രധാന നാവിക കേന്ദ്രമെന്ന നിലയില്‍ കുടുതല്‍ സമ്പുഷ്ടമാകേണ്ടിയിരുന്ന കണ്ണൂരിലെ എല്ലാ സൗഭാഗ്യങ്ങളും തച്ചുതകര്‍ത്തത് സാമ്രാജത്വ  ശക്തികളാണ്. അറക്കലിന് ലോകത്തിന്റെ വാണിജ്യ ശക്തിയാകാന്‍ കെല്‍പ്പുണ്ടായിരുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ചിറക്കല്‍ രാജവംശം പ്രതിനിധി കെ. രവീന്ദ്രവര്‍മ രാജ അറക്കല്‍ ബീവിയുടെ പ്രതിനിധി എ. ആര്‍ മുഹമ്മദ് കോയമ്പ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി. കെ. എ ജബ്ബാര്‍, ടി. പി മുഹമ്മദ് ശമീം, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു.
കേരളീയ മുസ്‌ലിം ചരിത്ര രചനയിലും വിശകലനത്തിലും അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോയ ഭൂപ്രദേശമാണ് ദക്ഷിണ കേരളം. കൊല്ലത്ത് സംഘടിപ്പിച്ച 'ദക്ഷിണ കേരളത്തിലെ മുസ്‌ലിം നവോത്ഥാനം' എന്ന സെമിനാര്‍ ആ അര്‍ത്ഥത്തില്‍ കുടുതല്‍ പ്രസക്തമായ ഒരു ചുവടുവെപ്പായിരുന്നു. ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശ്ശുഖൂര്‍ ഖാസിമി, ഡോ. ടി. ജമാല്‍ മുഹമ്മദ്, ഡോ. അഷ്‌റഫ് കടക്കല്‍, ഡോ. അബ്ദുസ്സമദ്, ഡോ. എ.എ ഹലീം, ശൈഖ് മുഹമ്മ്ദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
മലയാള സാഹിത്യത്തിലും ഭാഷയിലുമുള്ള സംഭാവനകള്‍ വിശകലനം ചെയ്യപ്പെട്ട സെമിനാറായിരുന്നു 'മോയിന്‍ കുട്ടി വൈദ്യര്‍, കെ. കെ മുഹമ്മദ് അബ്ദുല്‍ കരീം പൈതൃകവും ജീവിതവും' എന്ന സെമിനാര്‍. അക്കാലത്ത് കാല്‍പനിക രചനകളില്‍ മുഴുകിയിരുന്ന വൈദ്യരുടെ രചനകള്‍ പിന്നീട് പടപ്പാട്ടുകളിലേക്ക് മാറിയതിലൂടെ സാമ്രാജ്യത്വ ജന്മിവിരുദ്ധ പോരാട്ട ശക്തി പകരുന്നതായി മാറി. കരീം മാസ്റ്ററുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വൈദ്യരുടെ രചനകളെ ജനകീയമാക്കാന്‍ സഹായിച്ചെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. മുന്‍ എം.പി ടി.കെ ഹംസ ഉദ്ഘാടനംചെയ്തു. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, അബ്ദുറഹ്മാന്‍ മങ്ങാട്, റസാഖ് പയമ്പ്രോട്ട്, വി. ഹിക്മത്തുള്ള, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവരും സംസാരിച്ചു.
ആധുനിക നവോത്ഥാന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ ടിപ്പു സുല്‍ത്താന്റെ സ്വാധീനത്തെ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാന്‍ വേദിയായത് പാലക്കാടാണ്. ടിപ്പുവിനെ വര്‍ഗീയ ഭ്രാന്തനും  ആക്രമണകാരിയുമാക്കി ചിത്രീകരിച്ചത് കൊളോണിയല്‍ അജണ്ടയുടെ ഭാഗമാണെന്ന് 'ടിപ്പുസുല്‍ത്താനും കേരളത്തിന്റെ ആധുനിക വല്‍ക്കരണവും' എന്ന സെമിനാര്‍ വിലയിരുത്തി. അഡ്വ. വി ഷംസുദ്ദീന്‍ എം. എല്‍. എ, കെ. കെ. എന്‍ കുറുപ്പ്, പ്രൊഫ. മഹാദേവന്‍ പിള്ള, കെ.പി ഉണ്ണി, ഡോ. എന്‍. പി മുജീബുറഹ്മാന്‍, ശിഹാബുദ്ദീന്‍ ആരാമ്പ്രം, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു.

കേരള മുസ്‌ലിം നവോത്ഥാന പ്രക്രിയയിലെ വ്യതിരിക്തനായ വിപ്ലവകാരിയായ ഹാജി സാഹിബിനെ അനുസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വളാഞ്ചേരിയിലാണ് വേദിയൊരുക്കിയത്. കേരള മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനത്തിന് വിശാലമായ അജണ്ടയും ഉള്‍ക്കരുത്തും നല്‍കിയത് ഹാജി സാഹിബാണെന്ന് സെമിനാര്‍ വിലയിരുത്തി. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ സൈദാലിക്കുട്ടി, ടി.കെ അബ്ദുല്ല, കെ.എം അബ്ദുല്‍ അഹ്മദ് തങ്ങള്‍, സി.  വി അബൂയൂസുഫ്ഗുരുക്കള്‍, വി. കെ അലി, വി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി, പി. കുഞ്ഞുമുഹമ്മദ് മൗലവി, ഡോ. മുസ്തഫ കമാല്‍ പാഷ, ടി.പി ഷംസുദ്ദീന്‍, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിലുണ്ടായ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് കുഞ്ഞാലി മരക്കാര്‍മാരുടെ സംഭാവനകളെക്കുറിച്ചായിരുന്നു വടകരയില്‍ സംഘടിപ്പിച്ച 'അധിനിവേശ വിരുദ്ധ പോരാട്ടവും കുഞ്ഞാലിമരക്കാരും' എന്ന സെമിനാര്‍ ചര്‍ച്ച ചെയ്തത്‌. എം. സി വടകര, മൊകേരി കോളേജ് ചരിത്ര വിഭാഗം തലവന്‍ പ്രൊഫ. കെ.കെ അഷ്‌റഫ്, പ്രൊഫ. കെ.സി വിജയരാഘവന്‍, പി.ടി കുഞ്ഞാലി, സി. ഹബീബ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രൊഫ. സി.കെ അബ്ദുല്‍ ഖാദര്‍, കെ.ടി ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു

ബഹുഭാഷാ പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ ഡോ. മുഹ്‌യുദ്ദീന്‍ ആലുവായുടെ വൈജ്ഞാനിക സാഹിത്യ സംഭാവനകള്‍ ചര്‍ച്ച ചെയ്ത സെമിനാര്‍ അദ്ദേഹം നട്ടുനനച്ചുവളര്‍ത്തിയ ആലുവ അസ്ഹറുല്‍ ഉസ്‌ലാമിക് കോംപ്ലക്‌സില്‍ വേദിയൊരുക്കിയാണ് കെ.അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്‌. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ജമാല്‍ മുഹ്‌യുദ്ദീന്‍, ജമാലുദ്ദീന്‍ മന്ദം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആലുവായ് വിവര്‍ത്തനം ചെയ്ത തകഴിയുടെ പ്രസിദ്ധ നോവലായ ചെമ്മീന്‍ അറബി പതിപ്പ് പ്രമുഖ വ്യവസായി മുഹമ്മദ് സക്കീറിന് നല്‍കി ടി.അഹമ്മദ് കബീര്‍ പ്രകാശനം ചെയ്തു. മുഹ്‌യുദ്ദീന്‍ ആലുവായുടെ ജീവിതവും സംഭാവനകളും പരിചയപ്പെടുത്തുന്ന വെബ് സൈറ്റിന്റെ ഉദ്ഘാടനം ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസി. എച്ച്.എഫ് ബാബുസേട്ട്, കെ.ജെ.യു സംസ്ഥാന വൈസ് പ്രസി. സി.എം മൗലവി, തഖിയുദ്ദീന്‍ മലയ്ബാരി,  എം.ബി ഫൈസല്‍, എം.കെ അബൂബക്കര്‍, കെ. എ മുഹമ്മദ് ജമാലുദ്ദീന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് ശക്തിയും ആവേശവും പകര്‍ന്ന ചാലിയം കോട്ടയുടെ പതനത്തെയും അതുസംബന്ധമായി ഫത്ഹുല്‍ മുബീന്‍ എന്ന ചരിത്ര കാവ്യം രചിച്ച ഖാദി മുഹമ്മദിനെയും അനുസ്മരിച്ച പരിപാടിയായിരുന്നു 'ചാലിയം പോരാട്ടവും ഖാദി മുഹമ്മദും' എന്ന സെമിനാര്‍. ചാലിയത്താണ് സെമിനാര്‍ സംഘടിപ്പിച്ചത്. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, കെ.പി കുഞ്ഞിമൂസ, ഹസന്‍ പാടിയില്‍, കെ.ജി മുജീബ്, കെ.പി അശ്‌റഫ്, അജ്മല്‍ കൊടിയത്തൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
മലയാള ഭാഷക്കുും കേരള മുസ്‌ലിം നവോത്ഥാനത്തിനും ഓരുപോലെ സംഭാവന ചെയ്ത മഹാ പ്രതിഭയായിരുന്നു ടി. ഉബൈദെന്ന്  കാസര്‍കോട് നടന്ന ഉബൈദ് അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തലയങ്ങാടി, ഡോ. ജമീല്‍ അഹ്മദ്, പ്രൊഫ. ഇബ്‌റാഹീം ബേവിഞ്ച, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, പി.എസ് ഹമീദ് എന്നിവര്‍ സംസാരിച്ചു.

പൂക്കോട്ടൂരില്‍ നടന്ന പോരാട്ടത്തിന് മാപ്പിളമാര്‍ പ്രത്യയശാസ്ത്രമായി സ്വീകരിച്ചത് ഇസ്‌ലാമിനെയാണ് എന്നതുകൊണ്ടായിരിക്കാം പൂക്കോട്ടൂര്‍ പോരാട്ട്ത്തിന്‌ സ്വാതന്ത്ര്യ സമരത്തില്‍ അര്‍ഹമായ പരിഗണന കിട്ടാതെ പോയതെന്ന് പൂക്കോട്ടൂരില്‍ സംഘടിപ്പിച്ച 'പൂക്കോട്ടൂര്‍ പോരാട്ടവും ഖിലാഫത്ത് പ്രസ്ഥാനവും' എന്ന സെമിനാര്‍ വിലയിരുത്തി. മുനവ്വറലി ശിഹാബ് തങ്ങള്‍, SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്,  ഡോ. ഫൈസല്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.

ബ്രിട്ടീഷ്  വിരുദ്ധ മലബാര്‍ സമരത്തിന് ധീര നേതൃത്വം നല്‍കിയ ആലിമുസ്‌ലിയാരെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ജന്മനാടായ മഞ്ചേരി നെല്ലിക്കുത്തില്‍ അനുസ്മരിക്കാന്‍ വേദിയൊരുക്കിയപ്പോള്‍ അത് നാട്ടുകാരുടെ ആഘോഷമായിത്തീര്‍ന്നു. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ ആലി മുസ്‌ലിയാരെയും വാരിയന്‍ കുന്നത്തിനെയും 90 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വേണ്ട രീതിയില്‍ അനുസ്മരിക്കാന്‍ കൂട്ടാക്കാത്ത പൊതു സമൂഹത്തിന്റെ നിലപാടിനോടുള്ള നാട്ടുകാരുടെ പ്രതികരണമായിരുന്നു അത്. 'ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്തും: മലബാര്‍ പോരാട്ടത്തിന്റെ രാഷ്ട്രീയം' എന്ന സെമിനാറില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, അഡ്വ. ഉമ്മര്‍ എം.എല്‍.എ, ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, ഡോ. വി കുഞ്ഞാലി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സമദ് കുന്നക്കാവ്, ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളീയ മുസ്ലിം നവോത്ഥാനത്തിന് വൈജ്ഞാനിക ശിലയിട്ട മഹാനായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. കേരളത്തിലെ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരില്‍ ഏറിയ പേരും ചാലിലകത്തിന്റെ ശിഷ്യരോ, ശിഷ്യരുടെ ശിഷ്യരോ ആണ്. കേരള മുസ്‌ലിം നവോത്ഥാന പ്രക്രിയയിലെ മുഖ്യ ഘടകമായ മദ്രസാ പ്രസ്ഥാനത്തിന് തുടക്കം നല്‍കിയ ചാലിലകത്തിന്റെ സംഭാവനകളെ അനുസ്മരിച്ച വേദിയായിരുന്നു വാഴക്കാട് സംഘടിപ്പിച്ച 'ചാലിലകത്തും ദാറുല്‍ ഉലമും മദ്രസാ പ്രസ്ഥാനവും' എന്ന സെമിനാര്‍. ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി, കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി, പി. എസ്. എം. ഒ കോളേജ് പ്രിന്‍സിപ്പല്‍ എം.ഹാറൂന്‍, ചാലിലകത്ത് ഫദലുറഹ്മാന്‍, വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്ല കാപ്പില്‍, കെ.ടി ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും അടിയുറച്ച മതവിശ്വാസിയുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിത്തെക്കുറിച്ച് നടന്ന വിശകലനത്തിന് വേദി കെട്ടിയത് വേങ്ങര കൊളപ്പുറത്താണ്. 'മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്: രാഷ്ട്രീയവും മതവും'  എന്നതായിരുന്നു വിഷയം. മരണത്തിന് തൊട്ടുമുമ്പ് കൊടിയത്തൂരില്‍ വെച്ച് ഹിന്ദു മുസ്‌ലിം ഐക്യത്തിന് വേണ്ടി ആഹ്വാനംചെയ്ത സാഹിബ് ഖുര്‍ആനും സുന്നത്തും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നുവെന്ന് എം. ഐ ഷാനവാസ്  എം. പി അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ഡോ. ബദീഉസ്സമാന്‍, എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സി. ദാവൂദ്, ഡോ. പി.എ അബൂബക്കര്‍, കെ.ടി ഹുസൈന്‍, കെ.ടി അബ്ദുറഹ്മാന്‍ നദ്‌വി എന്നിവര്‍ സംസാരിച്ചു.


കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകളായിരുന്നു കെ.സി അബ്ദുല്ല മൗലവി, ടി. മുഹമ്മദ്, ഇസ്സുദ്ദീന്‍ മൗലവി എന്നിവര്‍. കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന മതഭൗതിക വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് കെ.സി അബ്ദുല്ല മൗലവിയായിരുന്നു. 'കെ.സി അബ്ദുല്ല മൗലവിയും നവോത്ഥാന ശ്രമങ്ങളും' എന്ന തലക്കെട്ടില്‍ ചേന്ദമംഗല്ലൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ മാധ്യമം ദിനപത്രമുള്‍പ്പെടെയുള്ള കെ.സിയുടെ ധീരമായ ചുവടുവെപ്പുകള്‍ അനുസ്മരിക്കപ്പെട്ടു. ഇ.ടി മുഹമ്മദ് ബഷീര്‍, ഒ. അബ്ദുറഹ്മാന്‍, തേജസ്സ് എഡിറ്റര്‍ പ്രൊഫ. പി. കോയ, ടി.കെ ഉബൈദ്, വി.എം കബീര്‍, പി.ടി കുഞ്ഞാലി, ടി.കെ ജമീല, ഡോ. എ.ഐ റഹ്മത്തുല്ല, പി.ടി കുഞ്ഞാലി, ഇ.എന്‍ അബ്ദുല്ല മൗലവി എന്നിവര്‍ സംസാരിച്ചു. അനിതരസാധാരണമായ ദീര്‍ഘവീക്ഷണത്തിനുടമ കൂടിയായിരുന്ന ടി.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ടി. മുഹമ്മദ് സാഹിബെന്ന് 'ടി. മുഹമ്മദിന്റെ വൈജ്ഞാനിക സംഭാവനകള്‍' എന്ന പേരില്‍ അദ്ദേഹത്തിന്റെ ജന്മനാടായ കൊടിഞ്ഞിയില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മാപ്പിള സംസ്‌കാരം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ടി.എം ന്റെ ഗവേഷണ മനസ്സും ദീര്‍ഘ വീക്ഷണവും വിളംബരം ചെയ്യുന്നതാണ്. അബ്ദുസമദ് സമദാനി, ടി. അബ്ദുറഹ്മാന്‍, പി.കെ അലി, വി.എ കബീര്‍, ശബാബ് എഡിറ്റര്‍ മുജീബുറഹ്മാന്‍ കിനാലൂര്‍, ടി. കെ ഉബൈദ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ ഓരോ കുഗ്രാമങ്ങളിലും പള്ളികളും മദ്രസകളും സ്ഥാപിച്ച സമുദായ സ്‌നേഹിയായിരുന്നു ഇസ്സുദ്ദീന്‍ മൗലവി എന്ന് 'ഇസ്സുദ്ദീന്‍ മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും' എന്ന പേരില്‍ മലപ്പുറം കൂട്ടിലങ്ങാടിയില്‍ സംഘടിപ്പിച്ച സെമിനാര്‍ വിലയിരുത്തി. വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ സമുദായ നവോത്ഥാനത്തിനുള്ള വഴിയായി സ്വീകരിച്ച വിപ്ലവകാരിയായിരുന്നു മൗലവി. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെട്ട ഒട്ടുമിക്ക മുസ്‌ലിം സ്ഥാപനങ്ങളുടെയും പിന്നില്‍ മൗലവിയുടെ അദ്ധ്വാനമുണ്ടാകുമെന്ന് ടി. കെ അബ്ദുല്ല അഭിപ്രയപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വി.കെ ജലീല്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, മുസ്തഫ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.


കേരളത്തിലെ ഫ്യൂഡല്‍ വിരുദ്ധ സമരത്തിന്റെയും കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെയും രാസത്വരകമായി പ്രവര്‍ത്തിച്ച ഉമര്‍ ഖാദിയെക്കുറിച്ചും മക്തിതങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തത് വെളിയങ്കോട് സംഘടിപ്പിച്ച 'ഉമര്‍ ഖാദിയും മക്തി തങ്ങളും ചെറുത്തുനില്‍പ്പിന്റെ ഭിന്ന മുഖങ്ങള്‍' എന്ന സെമിനാറിലൂടെയാണ്. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, യുവത ഡയറക്ടര്‍ പി.എം.എ ഗഫൂര്‍, സാലിഹ് പുതുപൊന്നാനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.ടി ഹുസൈന്‍, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

'മുസ്‌ലിം നവോത്ഥാനം:  വ്യക്തികളും ചരിത്രങ്ങളും കുറ്റിയാടിയില്‍' എന്ന വിഷയത്തില്‍ കുറ്റിയാടില്‍ നടന്ന ഏകദിന ചരിത്ര സെമിനാര്‍ പ്രാദേശിക ചരിത്രാന്വേഷണ വഴിയിലെ വ്യതിരിക്തമായ അനുഭവമായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാനം, കലാസാഹിത്യ നവോത്ഥാനം, യുക്തിവാദം - മാര്‍ക്‌സിസം - ഇസ്‌ലാം സംവാദങ്ങളുടെ ചരിത്രം, നവോത്ഥാന പ്രവര്‍ത്തനം, വ്യക്തികളും  സംഭവങ്ങളും എന്നീ വിഷയങ്ങളില്‍  സെഡ്. എ.അഷ്‌റഫ്, കെ.ടി സൂപ്പി, സി.എം.സൂപ്പി, ഖാലിദ് മൂസ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ടി.കെ അബ്ദുല്ല സംസാരിച്ചു. 'നാദാപുരത്തിന്റെ ചരിത്ര സ്മൃതികള്‍' എന്ന പേരില്‍ ഡിസം. 19 ന് നാദാപുരത്ത് നടന്ന സെമിനാറോടെ കേരള മുസ്‌ലിം ചരിത്ര സെമിനാറിന് മുന്നോടിയായ പരിപാടികള്‍ സമാപിച്ചു.