ചരിത്രത്തെ
സമാഹരിക്കുമ്പോള്‍

ഡോ. ജമീല്‍ അഹ്മദ്‌   (അസി.പ്രൊഫസര്‍ ഗവ:കോളെജ്, മലപ്പുറം)

വ്യാകരണത്തെ തത്ത്വശാസ്ത്രപരമായി സമീപിച്ചാല്‍, വര്‍ത്തമാനകാലമോ ഭാവികാലമോ ഇല്ല എന്നു പറയേണ്ടിവരും. ഓരോ നിമിഷവും കഴിഞ്ഞുകൊണ്ടിരിക്കുന്നതാകയാല്‍ വര്‍ത്തമാനകാലമെല്ലാം ഭൂതകാലം തന്നെ. ഭാവികാലമെല്ലാം വ്യാജമോ അനിശ്ചിതമോ ആണ്. അതിനാല്‍ ഭൂതകാലം മാത്രമാണ് സത്യം, നിത്യം. ഭൂതകാലത്തിന്റെ ഓര്‍മയാണ് ചരിത്രം. കേരളമുസ്‌ലിംകള്‍ ഓര്‍ക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കേരളത്തില്‍ സംഭവിച്ച പ്രധാനപ്പെട്ട ഒരു മാറ്റം. സ്വന്തം ചരിത്രത്തെ എഴുതിവെക്കാനും ചരിത്രശേഷിപ്പുകളെ സംരക്ഷിക്കാനും കേരള മുസ്‌ലിംകള്‍ അടുത്തകാലത്തായി കാണിക്കുന്ന ഉത്സാഹങ്ങളില്‍ ചരിത്രപരമായ പങ്കാണ് കഴിഞ്ഞ ഡിസംബറില്‍ ജെ. ഡി.റ്റി കാമ്പസില്‍ കേരളമുസ്‌ലിം ഹെരിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരള മുസ്‌ലിം ചരിത്ര സമ്മേളനം നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ അതിലവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ സമാഹരിക്കുക എന്നതും ചരിത്രദൗത്യമായിരുന്നു. 2014 ഫെബ്രുവരിയിലാണ് ആ ഭാരിച്ച പണിയിലേക്ക് കാല്‍വെച്ചത്. ലഭ്യമായ പരമാവധി പ്രബന്ധങ്ങള്‍ ശേഖരിക്കുകയും അവ വര്‍ഗീകരിക്കുകയും അച്ചടിക്കുവാന്‍ തയ്യാറാക്കുകയും ചെയ്യുക എന്ന പണി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷമെടുത്തു. എഴുതിത്തയ്യാറാക്കിയ പ്രബന്ധങ്ങളല്ല സെമിനാറില്‍ പലരും സമര്‍പ്പിച്ചത്. സമര്‍പ്പിച്ചശേഷം അതൊന്ന് എഴുതിത്തയ്യാറാക്കാന്‍ പലര്‍ക്കും സാധിച്ചതുമില്ല. അതിനാല്‍ അവതരിപ്പിക്കപ്പെട്ട പല പ്രസക്തമായ നിരീക്ഷണങ്ങളും ഈ പ്രബന്ധസമാഹാരത്തിന് ലഭിച്ചിട്ടില്ല. ലഭിച്ച  നൂറ്റിഅന്‍പത് ലേഖനങ്ങള്‍ ഈ മട്ടില്‍ അടുക്കിവെക്കാന്‍ ഇത്രയും സമയദൈര്‍ഘ്യം അനിവാര്യമായിരുന്നു. കേരളമുസ്‌ലിംകളുടെ വൈവിധ്യപൂര്‍ണമായ കഴിഞ്ഞകാലത്തെ അതിന്റെ എല്ലാ തലങ്ങളിലും സ്പര്‍ശിച്ചുപോകാനെങ്കിലും ഈ സമാഹാരത്തിന് കഴിഞ്ഞിരിക്കുന്നു, അല്ലാഹുവിന് സ്തുതി.

സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹരണമെന്നതാണ് 'പ്രൊസീഡിംഗ്‌സ്' എന്നറിയപ്പെടുന്ന ഇത്തരം പുസ്തകങ്ങളുടെ യുക്തി. അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളെ കാര്യമായ കൈവെക്കലുകളില്ലാതെ പകര്‍ത്തിവെക്കുക എന്നതാണ് അതിന്റെ എഡിറ്റര്‍മാരുടെ പ്രധാന പണി. പലരുടെയും കൈക്കുറ്റപ്പാടുകളായതിനാല്‍ അച്ചടിക്കുറ തീര്‍ക്കുക, ക്രമീകരിക്കുക എന്നതുതന്നെ വലിയ ഉത്തരവാദിത്വമായിരുന്നു. അവ നിര്‍വഹിക്കുക എന്നതിലാണ് കാര്യമായി പത്രാധിപസമിതി ശ്രദ്ധിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലെ എഴുത്തുകാരില്‍ എഴുപതുശതമാനവും പുതുതലമുറയില്‍ പെട്ടവരാണ്. എഴുത്തിന്റെ വഴക്കവും ഭാഷയുടെ മിനുസവും പല ലേഖനങ്ങളിലും അതുകൊണ്ടുതന്നെ കുറഞ്ഞുകാണും. കാര്യങ്ങളെ ഒരുമട്ടിലവതരിപ്പിക്കുക എന്നതിലാണ് പുതിയ തലമുറയിലെ എഴുത്തുകാര്‍ ശ്രദ്ധിക്കുന്നത്. അവ ചെത്തിക്കൂര്‍പ്പിച്ചെടുക്കാന്‍ മെനക്കെട്ടിട്ടില്ല. അതല്ലല്ലോ ഈ സമാഹാരത്തിന്റെ ഉദ്ദേശ്യം. അതോടൊപ്പംതന്നെ പല ലേഖനങ്ങളും ഉന്നയിക്കുന്ന വസ്തുതകള്‍ വിലപ്പെട്ടതാണ്. അവ ലേഖകരുടെ നോട്ടപ്പാടിന്റെയും നിരീക്ഷണത്തിന്റെയും വൈവിധ്യങ്ങള്‍ കാരണം പരസ്പരം വിരുദ്ധമായും ചിലേടത്ത് വെളിപ്പെടും. ചരിത്രത്തിന്റെ സ്വഭാവംതന്നെ അങ്ങനെയാകയാല്‍ അവയിലും കൈവെച്ചിട്ടില്ല. സ്ഥലപരിമിതിയാണ് നേരിട്ട പ്രധാന പ്രശ്‌നം. ചിലരെങ്കിലും, ചില വിഷയങ്ങളില്‍ പൂര്‍ണമായ ഒരു പുസ്തകംതന്നെ ചരിത്രസെമിനാറില്‍ അവതരിപ്പിക്കുവാന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിദീര്‍ഘമായ അത്തരം ലേഖനങ്ങള്‍ ഈ സമാഹാരത്തിലേക്ക് കൊള്ളിക്കാന്‍ പാകത്തിലാക്കിയിട്ടുണ്ട്. കാര്യമായ വെട്ടിമാറ്റല്‍ അവിടെ നടന്നിട്ടുമുണ്ട്.  ആവര്‍ത്തനമാണ് രണ്ടാമതായി നേരിട്ട പ്രശ്‌നം. കേരളമുസ്‌ലിംകളുടെ ചരിത്രം മാത്രമല്ല, ചരിത്രരചനകളും തുടങ്ങുന്നത് ചേരമാന്‍ പെരുമാളിലാണ്. സെമിനാര്‍ പ്രബന്ധാവതരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പുസ്തകത്തിലെ ലേഖനങ്ങളില്‍ ഒരേ വസ്തുത ആവര്‍ത്തിക്കുന്നത് നഷ്ടംതന്നെയാണ്. അത്തരം ആവര്‍ത്തനങ്ങളും വിവേചനബുദ്ധിയോടെ എഡിറ്റര്‍മാര്‍ വെട്ടിമാറ്റിയിട്ടുണ്ട്. ഈ രണ്ടു തിരുത്തുകളും അനിവാര്യമാകയാല്‍ എഴുത്തുകാരോട് ക്ഷമചോദിക്കുന്നില്ല.
എല്ലാ ലേഖനങ്ങളുടെയും ഭാഷാശൈലി ഒരേപോലെയാക്കാനും ശ്രമിച്ചിട്ടില്ല. വളരെ വ്യാപകമായ ചില  സ്റ്റൈലുകള്‍  കരുതലോടെ നിലനിറുത്തുകയും ചെയ്തിട്ടുണ്ട്. ഈ വൈവിധ്യം പല ലേഖനങ്ങളിലും പ്രകടമാണ്. കേരളത്തിലെ സകലമാന മുസ്‌ലിം സംഘടനങ്ങളെയും സംവിധാനങ്ങളെയും സാമൂഹികപദവികളെയും പ്രാതിനിധ്യപൂര്‍വം പരിഗണിച്ചതുകൊണ്ടാണ് കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ് ഏറെ ശ്രദ്ധേയമായത്. വിഷയസ്വീകരണത്തിലും ഭാഷയിലും സമീപനത്തിലും നിലപാടിലും നിരീക്ഷണത്തിലുമുള്ള ആ വൈവിധ്യം ഈ സമ്മേളനോപഹാരത്തിലും തെളിയട്ടെ.

ചരിത്രം ഇങ്ങനെയൊക്കെത്തന്നെയാണ് ഉണ്ടാവുന്നത്.

author image
AUTHOR: ഡോ. ജമീല്‍ അഹ്മദ്‌
   (അസി.പ്രൊഫസര്‍ ഗവ:കോളെജ്, മലപ്പുറം)