ചരിത്രം
നിര്‍മാണവും വായനയും

ശിഹാബ് പൂക്കോട്ടൂര്‍   (കോഡിനേറ്റര്‍, കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ്‌)

തൊരു സമൂഹത്തിനും സമ്പന്നമായൊരു ചരിത്രമുണ്ട്. ചിലര്‍ ചരിത്രത്തെ സ്വയം രൂപപ്പെടുത്തുന്നവരും, മറ്റു ചിലര്‍ ആരോ എഴുതിവെച്ച ചരിത്രത്തിനുള്ളില്‍ ജീവിക്കുന്നവരുമാണ്. പാര്‍ശ്വവല്‍കൃതരായ സമൂഹം മറ്റു സമൂഹങ്ങള്‍ രചിച്ച ചരിത്രത്തിന്റെ ഉള്ളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇങ്ങനെ ജീവിക്കുന്ന സമുദായങ്ങള്‍/ സമൂഹങ്ങള്‍ സ്വന്തം പൈതൃകവും ചരിത്രവും തേടിയുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ 'പ്രതി'വല്‍ക്കരിക്കാന്‍ മുഖ്യധാര ചരിത്രമെഴുത്തിന് എളുപ്പത്തില്‍ സാധ്യമാകും. പറയപ്പെട്ട ചരിത്രത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് വിഘടനവാദവും വംശീയവാദവുമായി അവതരിപ്പിക്കാന്‍ പാകത്തില്‍ അപ്രമാദിത്വം കല്‍പ്പിക്കപ്പെട്ടവയാണ് നിലവിലുള്ള ചരിത്രമെഴുത്തുകള്‍. വാങ്മയ ചരിത്രവും (Oral History) രചിക്കപ്പെട്ട ചരിത്രവും തമ്മില്‍ വലിയ അന്തരം രൂപപ്പെടുകയും എഴുതപ്പെട്ട ചരിത്രത്തില്‍ തന്നെ ജീവിക്കുന്നവരാകാന്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ അവരുടെ മുഴുവന്‍ വ്യവഹാരങ്ങളെയും രൂപകല്‍പ്പന ചെയ്യുവാന്‍ സമൂഹത്തിനും രാഷ്ട്രത്തിനും സാധിക്കുന്നു.

1978-ല്‍ പുറത്തുവന്ന 'ഓറിയന്റലിസം' എന്ന എഡ്വേര്‍ഡ് സൈദിന്റെ പുസ്തകത്തില്‍ ഇത്തരം പഠനങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. പൗരസ്ത്യ നാഗരികതകളെയും സംസ്‌കാരങ്ങളെയും ജ്ഞാന കേന്ദ്രീകൃതമായ പടിഞ്ഞാറ് എങ്ങനെ നിര്‍വചിച്ചുവെന്നും വിശകലനം ചെയ്തുവെന്നും സൂക്ഷ്മമായി സൈദ് വിലയിരുത്തുന്നു. അറബ്-ഇസ്‌ലാമിക ലോകങ്ങള്‍ക്കും അവരുടെ സംസ്‌കൃതികള്‍ക്കും നേരെ നിലനില്‍ക്കുന്ന നിരന്തരമായ മുന്‍വിധിയാണ് ഓറിയന്റലിസം. പടിഞ്ഞാറിന്റെ ലോകത്തെ തരംതിരിച്ചതില്‍ 'നമ്മളും' 'അവരും' എന്ന സങ്കല്‍പ്പമാണ് ഉരുത്തിരിഞ്ഞത്. പൗരസ്ത്യര്‍ അപരിഷ്‌കൃതരായും അലസരായും, ഭരണവും പ്രാതിനിധ്യവും സ്വയം പേറാന്‍ കഴിവില്ലാത്തവരായും  പാശ്ചാത്യ ചരിത്രമെഴുത്തുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഇതിലൂടെ സ്വന്തം ചരിത്രത്തെയും സംസ്‌കാരത്തെയും നിര്‍വചിക്കാന്‍ പാശ്ചാത്യര്‍ക്ക് സാധിക്കുന്നു. അതോടെ യൂറോപ്യന്മാര്‍ പരിഷ്‌കൃതരും പൗരസ്ത്യരെ ഭരിക്കാന്‍ ചുമതലപ്പെട്ടവരുമാണെന്ന് വാദിക്കുക എളുപ്പമായി. ഇസ്‌ലാമിനെ മുഹമ്മദന്‍വാദം (Mohmmadanism) എന്നാണ് പാശ്ചാത്യര്‍ പരിചയപ്പെടുത്തിയത്. ഇത് പിന്തുടര്‍ന്ന പൗരസ്ത്യ എഴുത്തുകാര്‍ക്കും ഈ വാദം ഏറ്റു പിടിക്കേണ്ടിവന്നു. ഒരു കാലത്ത് ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നിര്‍മിച്ച ഓറിയന്റലിസ്റ്റ് വസ്ത്രം ഇന്ന് ധരിക്കുന്നത് അമേരിക്കയാണ്. ഇടതുപക്ഷ ചിന്തകന്‍ താരിഖ് അലി, എഡ്വേര്‍ഡ് സൈദുമായി നടത്തിയ സംഭാഷണത്തില്‍ 'ഓറിയന്റലിസം' എന്ന കൃതി രചിക്കാനുണ്ടായ പ്രേരകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ''മിഡില്‍ ഈസ്റ്റിനെ കുറിച്ച് എഴുതപ്പെട്ട രചനകളെ ഞാന്‍ ക്രമാനുഗതം വായിക്കാന്‍ തുടങ്ങി. അറബികളെ കുറിച്ചുള്ള പടിഞ്ഞാറിന്റെ വാര്‍പ്പു മാതൃകകള്‍ അസത്യവും കൊളോണിയല്‍ ഹിംസയുടെ ഭാഗവുമാണെന്ന് എഴുപതുകളുടെ തുടക്കത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. സാഹിത്യ പഠനം പോലും അതിന്റെ ആസ്വാദനത്തിലോ സൗന്ദര്യശാസ്ത്രത്തിലോ പരിമിതമാവരുതെന്നും ചരിത്രപരമായ വായന സാഹിത്യകൃതികളില്‍ അനിവാര്യമാണെന്നുമുള്ള എന്റെ ബോധം അതോടെ ദൃഢമായി. സൗന്ദര്യശാസ്ത്രത്തിന്റെ പങ്കിനെ ഞാന്‍ വിശ്വസിക്കുന്നതോടൊപ്പം സാഹിത്യം ആസ്വാദനം മാത്രമാണെന്ന വിചാരം തെറ്റാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഗൗരവതരമായ ചരിത്രാന്വേഷണങ്ങള്‍ യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കി വേണം നടത്താന്‍. സത്യത്തില്‍ സംസ്‌കാരം രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു'' (Remembering Edward Said by Tariq Ali). കൊളോണിയല്‍ കാലഘട്ടത്തിനു ശേഷവും മൂന്നാം ലോകരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക സ്വാധീനത്തിന്റെ വകഭേദങ്ങള്‍ വീണ്ടും ഉല്‍പ്പാദിപ്പിക്കുന്നതിനെയും സൈദ് അന്വേഷിക്കുന്നുണ്ട്.

ലോകത്ത് നിലനില്‍ക്കുന്ന പൗരസ്ത്യ, അറബ്, മുസ്‌ലിം രൂപങ്ങളെയാണ് മീഡിയയും സാഹിത്യങ്ങളും പുനരുല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ പാര്‍ശ്വവിഭാഗങ്ങളുടെ ചരിത്രങ്ങളും സാംസ്‌കാരിക വ്യവഹാരങ്ങളും കൊളോണിയല്‍ ആഖ്യാനങ്ങള്‍ക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്നവയാണ്. കൊളോണിയല്‍ ചരിത്രമെഴുത്തുകളെ കൂടാതെ ദേശീയ-ഇടത് മതേതര ചരിത്ര രചനകളും പാര്‍ശ്വവല്‍കൃതരെ കുറിച്ചുള്ള മുന്‍വിധികളെ പല സ്വഭാവത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നു. മുസ്‌ലിം വിഭാഗത്തെ യൂറോപ്പിലെ വലതുപക്ഷ ചരിത്രകാരന്മാര്‍ 'ബാര്‍ബേറിയന്‍സ്' എന്ന് വിളിച്ചപ്പോള്‍ ഇതുതന്നെ ആവര്‍ത്തിക്കാനാണ് കാള്‍മാര്‍ക്‌സ് തയാറായത്. യൂറോപ്പിന്റെ പ്രബുദ്ധ യുഗമാണ് ലോകത്തിന്റെ വെളിച്ചമായി ഈ ചരിത്രമെഴുത്തുകള്‍ നിരീക്ഷിക്കുന്നത്. ഇബ്‌നുഖല്‍ദൂനും ഇബ്‌നുസീനയും ഫാറാബിയുമടക്കമുള്ളവരുടെ പ്രബുദ്ധമായ ജ്ഞാനോല്‍പാദനങ്ങളെ ഇരുട്ടിന്റെ വിജ്ഞാനങ്ങളായി അവര്‍ അപവദിക്കുകയും ചെയ്തു. പല ചരിത്രങ്ങളും പല സാഹിത്യങ്ങളും എന്ന വൈവിധ്യത്തിന് പകരം, യൂറോകേന്ദ്രീകൃതമായതിനെയും ദേശീയമായതിനെയും മാത്രം ചരിത്രവും സാഹിത്യവുമായി വിലയിരുത്താന്‍ തുടങ്ങി. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ബഹുമത, ജാതി, ഭാഷ വൈവിധ്യങ്ങളുടെ ചരിത്രങ്ങളെ അവഗണിച്ച് വരേണ്യമായ ഒരു ചരിത്രത്തെ കോര്‍ത്തെടുക്കാന്‍ ദേശീയ ചരിത്രകാരന്മാര്‍ ശ്രമിച്ചു. ഒരൊറ്റ 'ഇന്ത്യന്‍' ഭാഷയില്ലാത്തതുകൊണ്ട് ഒരൊറ്റ ഇന്ത്യന്‍ സാഹിത്യം ഉണ്ടാവുക സാധ്യമല്ല. കൊളോണിയല്‍ ജ്ഞാനോല്‍പാദനം നടന്നത് അധിനിവേശ പ്രത്യയശാസ്ത്രത്തിനുള്ളിലാണ്. ബോധോദയത്തിന്റെ യുക്തിവാദം പിന്തുടരുന്ന പാശ്ചാത്യ നരവംശശാസ്ത്രം അതു പഠനവിധേയമാക്കുന്ന ജനതകള്‍ക്ക് വര്‍ത്തമാനം നിഷേധിച്ച് അവരെ വിദൂര ഭൂതകാലത്തില്‍ സ്ഥാനപ്പെടുത്തുന്നതെങ്ങനെയാണെന്ന് ജോഹാന്‍ ഫാബിയന്‍ വിശദമാക്കുന്നുണ്ട് (Time and the Other-Johannes Fabian). ഇത് ഇന്ത്യയിലെ ചരിത്രനിര്‍മാണത്തെയും വികലമാക്കിയിട്ടുണ്ട്. സ്വതന്ത്രരായിട്ടും നാം ഈ കൊളോണിയല്‍ നിര്‍മിതിയില്‍നിന്നും മുക്തരല്ല. നമ്മുടെ ദേശ-രാഷ്ട്രം ഇന്നും അധിനിവേശ കാലത്തെ നിയമങ്ങളും സ്ഥാപനങ്ങളും നിലനിര്‍ത്തുകയും ജനങ്ങളെ പാഠം പഠിപ്പിക്കുന്ന അധികാര സ്വരൂപങ്ങള്‍ക്ക് പിറവി നല്‍കുകയും ചെയ്യുക വഴി ഭരണകൂടവും ജനതയും തമ്മിലുള്ള പഴയ വൈരുദ്ധ്യം എങ്ങനെ പുനരുല്‍പാദിപ്പിക്കുന്നുവെന്ന് പാര്‍ത്ഥാ ചാറ്റര്‍ജി നിരീക്ഷിക്കുന്നുണ്ട് (The Nation and its Fragments-Partha Chatterjee).


ഇന്ത്യയിലെയും കേരളത്തിലെയും ചരിത്രമെന്ന സങ്കല്‍പത്തിന്റെ സങ്കീര്‍ണതയും വൈവിധ്യവും ഉള്‍ക്കൊള്ളുന്ന രചനകളില്ലെന്നതാണ് യാഥാര്‍ഥ്യം. നിലനില്‍ക്കുന്ന ചരിത്ര രചനകളില്‍ രൂപപ്പെട്ട കൊളോണിയല്‍ ആഖ്യാനങ്ങളുടെ ഭാഷാന്തരങ്ങള്‍ മാത്രമാണ് കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ പ്രത്യേകമായും നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ അധിനിവേശ യുഗത്തില്‍ പോരാളികളായ മുസ്‌ലിം ചെറുത്തുനില്‍പുകാരെ ദേശീയ സമരക്കാര്‍, ലോയലിസ്റ്റുകള്‍ (ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തുന്നവര്‍), ഫെനറ്റിക് (മതഭ്രാന്തന്മാര്‍) എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു. ഇതില്‍ ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്തും 'മതഭ്രാന്തരുടെ' വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. 'അപകടകാരികളായ വ്യക്തിത്വങ്ങള്‍' എന്ന ഹിച്ച് കോക്കിന്റെ വാര്‍പ്പു പദാവലികള്‍ ദേശീയ ചരിത്രമെഴുത്തിലേക്ക് വരുമ്പോള്‍ അവര്‍ 'കലാപകാരികളും ലഹളപ്രിയരു'മായി മാറുന്നു. 'മലബാര്‍: ദേശീയതയുടെ ഇടപാടുകള്‍' എന്ന കൃതിയില്‍ എം.ടി അന്‍സാരി ഈ രൂപമാറ്റത്തിന്റെ രീതികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
കേരളത്തില്‍ പല സന്ദര്‍ഭങ്ങളിലായി രൂപപ്പെട്ടുവന്ന ചെറു സംഘങ്ങളും പോരാട്ട സമര പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിയെടുത്തതാണ് ഇന്ന് നാം കാണുന്ന സാമുദായിക പാരസ്പര്യം. വാരിയന്‍കുന്നത്തിന്റെ പോരാളികളില്‍ നാല്‍പത് ശതമാനത്തോളം അമുസ്‌ലിംകളായിരുന്നു. പില്‍ക്കാലത്ത് നിലവില്‍ വന്ന ഈഴവ മെമ്മോറിയലില്‍ മുസ്‌ലിംകളും ഉണ്ടായിരുന്നു. മലബാര്‍ പോരാട്ടത്തില്‍ രൂപപ്പെട്ട കുടിയാന്‍ മാപ്പിള സഹവര്‍ത്തിത്വങ്ങള്‍ കേരളത്തില്‍ സാമുദായിക സഹവര്‍ത്തിത്വത്തിന്ന് അടിത്തറയിട്ട സംഭവങ്ങളായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലായി രൂപപ്പെട്ട ഇത്തരം സാമൂഹിക ഉല്‍ക്കര്‍ഷങ്ങളെ ചരിത്രമെഴുത്തില്‍ തമസ്‌കരിക്കുകയും അവയെ ഇടതു കേന്ദ്രീകൃതമായ നവോത്ഥാന ശ്രമങ്ങളിലേക്ക് ചേര്‍ക്കുകയുമാണ് ചെയ്തത്. കേരളത്തില്‍ രൂപപ്പെട്ടുവന്ന സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രം സൂക്ഷ്മമായി അപഗ്രഥിക്കുന്നതിനു പകരം 'ഇവിടെയെല്ലാവരും പരസ്പരം തല്ലിക്കൊല്ലുന്നവരായിരുന്നു' എന്ന നിഗമനത്തെ സാധൂകരിച്ചുകൊണ്ടാണ് ഇടതു ചരിത്ര രീതികള്‍ ഇതിനെ സ്വാംശീകരിച്ചത്. അധിനിവേശ- ജന്മിത്വ- ഫ്യൂഡല്‍ വിരുദ്ധ കലാപങ്ങളിലൂടെ വികസിച്ചുവന്ന ഭൂപരിഷ്‌കരണം എന്ന ആശയത്തെ ഏറ്റെടുക്കുക മാത്രമാണ് കമ്യൂണിസം ചെയ്തത്.  പുതിയൊരു ആശയം അവര്‍ സമര്‍പ്പിച്ചതായിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ മമ്പുറം ഫസല്‍ തങ്ങള്‍ ഭൂപരിഷ്‌കരണത്തെക്കുറിച്ച് നയരേഖ പുറത്തിറക്കിയതായി ഹിച്ച് കോക്ക് സൂചിപ്പിക്കുന്നുണ്ട് (Peasant revolt in Malabar: a history of the Malabar Rebellion- Hitch cock). ഇവിടെ ഊന്നിപ്പറയുന്നത് എഴുതപ്പെട്ട 'ചരിത്ര'ത്തിന്റെ സ്വാംശീകരണത്തെക്കുറിച്ചാണ്. കേരളീയ നവോത്ഥാനത്തിന് മുമ്പ് നിലനിന്നിരുന്ന ഇത്തരം ബോധങ്ങളുടെ സമ്മര്‍ദമാണ് കേരളത്തെ പുരോഗമനപരമാക്കിയത്. നിലവില്‍ നിര്‍മിക്കപ്പെട്ട ചരിത്രത്തിന്റെ നടപ്പുരീതികളെ പുതിയ വായനകളിലൂടെ ചോദ്യംചെയ്യുന്നതായിരുന്നു കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ്. ന്യൂനീകരിക്കപ്പെടുകയും തമസ്‌കരിക്കപ്പെടുകയും ചെയ്ത കേരള മുസ്ലിം ചരിത്രത്തെ പുനര്‍വായിക്കാനും പുനര്‍നിര്‍മിക്കാനുമുള്ള ശ്രമമെന്ന നിലയില്‍ ഹിസ്റ്ററി കോണ്‍ഫറന്‍സിന് ചരിത്രത്തില്‍ നിര്‍ണായക ഇടമുണ്ട്.

author image
AUTHOR: ശിഹാബ് പൂക്കോട്ടൂര്‍
   (കോഡിനേറ്റര്‍, കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ്‌)