കേരള മുസ്‌ലിം അധിനിവേശവിരുദ്ധ ചരിത്രം ഒരു തിരിഞ്ഞുനോട്ടം

ബഷീര്‍ തൃപ്പനച്ചി   (സബ് എഡിറ്റര്‍, പ്രബോധനം)

യൂറോപ്യന്‍ അധിനിവേശ ചരിത്രം രേഖപ്പെടുത്തിയ പലരും വിസ്മരിച്ച ഒന്നാണ് എ. ഡി 1075 മുതല്‍ 1270 വരെ നടന്ന എട്ട് കുരിശു യുദ്ധങ്ങള്‍. ഇസ്‌ലാം-ക്രിസ്ത്യന്‍ മതയുദ്ധങ്ങളുടെ പട്ടികയിലാണ് ചരിത്രപുസ്തകത്തില്‍ പലരും ഇതിന് ഇടം നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഫലഭൂയിഷ്ഠ ഭൂമിക്കും ലാഭക്കച്ചവടത്തിനും വേണ്ടി പാശ്ചാത്യരാജ്യങ്ങള്‍ പൗരസ്ത്യ രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിച്ചതിന്റെ പ്രാരംഭ സംരംഭങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍. ലോകം വെട്ടിപിടിക്കാനുള്ള തങ്ങളുടെ ഉദ്യമത്തിന് പ്രധന തടസ്സം ഇസ്‌ലാമും  മുസ്‌ലിം രാജ്യങ്ങളുമാണെന്ന് തിരിച്ചറിഞ്ഞ യൂറോപ്പ് അധിനിവേശത്തിന് ആളും അര്‍ഥവും ലഭിക്കുവാന്‍ ക്രിസ്തുമതത്തെ കൂട്ടുപിടിക്കുകയായിരുന്നു. നൂറ്റാണ്ടുകളോളം തുടര്‍ന്ന ഈ കുരിശുയുദ്ധങ്ങളുടെ മറ്റൊരു പതിപ്പായിരുന്നു 1492 ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ഉദ്ഘാടനം നിര്‍വ്വഹിച്ച അധിനിവേശ യാത്രകള്‍.
ഏഷ്യനാഫ്രിക്കന്‍ സമുദ്ര മേഖലയിലെ അറബ് മുസ്‌ലിം വ്യാപാര മേല്‍ക്കോയ്മ അവസാനിപ്പിച്ച് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ 1498 ല്‍ വാസ്‌കോഡഗാമയുടെ കപ്പല്‍ കാപ്പാട് തീരത്തണഞ്ഞത് യൂറോപ്പില്‍ നുരഞ്ഞുപതയുന്ന കുരിശുയുദ്ധ മനസ്സു പേറിയായിരുന്നു. കേരളത്തിന്റെ വിപണിയും വിഭവങ്ങളും പിടിച്ചടക്കാനുള്ള അധിനിവേശലക്ഷ്യത്തിന് മുസ്‌ലിം ചെറുത്ത് നില്‍പ്പ് തടസ്സമായിരുന്നപ്പോള്‍ അതിനെതിരെയുള്ള തങ്ങളുടെ പ്രത്യാക്രമണങ്ങള്‍ക്ക് പോര്‍ച്ച്ഗീസുകാര്‍ പേരിട്ട് വിളിച്ചത് എട്ടാം കുരിശ് യുദ്ധം എന്നായിരുന്നു.(1)

കേരളവും അറബികളും
 പതിനൊന്നാം നൂറ്റാണ്ട് മുതല്‍ തന്നെ കോഴിക്കോട് പ്രമുഖ കച്ചവട കേന്ദ്രമായിരുന്നു. കുരുമുളകും ഇഞ്ചിയും കറുവാപ്പട്ടയും മറ്റും സമൃദ്ധമായുള്ള കുലീന പട്ടണമായിരുന്നു കോഴിക്കോട്. ഇവിടെ നിന്നും അറബി കച്ചവടക്കാര്‍ ബൈറൂത്തിലും അലക്‌സാന്‍ഡ്രിയയിലും എത്തിക്കുന്ന കേരളീയ വിഭവങ്ങളാണ് അതുവഴി യൂറോപ്പില്‍ എത്തിയിരുന്നത്. ഈ കേരളീയ വിഭവങ്ങളുടെ വേര് തേടിയാണ് ഗാമ കോഴിക്കോട് വന്നത്.
കേരള വിഭവങ്ങളുടെ വ്യാപാര കുത്തക പോര്‍ച്ചുഗലിന് തീറെഴുതി കൊടുക്കാനുള്ള മാനുവല്‍ രാജാവിന്റെ അറബിയിലെഴുതിയ കത്ത് ഗാമ സാമൂതിരിക്ക് കൈമാറി. മുസ്‌ലിം അറബ് കച്ചവടക്കാരുമായി സൗഹൃദപൂര്‍വ്വമായ ദീര്‍ഘകാല വ്യാപാര ബന്ധമുള്ള സാമൂതിരി സ്‌നേഹബുദ്ധ്യാ കത്തിലെ ആവശ്യം നിരസിച്ചു. എങ്കിലും ഗാമയെ മാന്യമായി സ്വീകരിച്ച് അയാളുടെ പക്കലുള്ള ചരക്കുകള്‍ വിറ്റഴിക്കാനും വിപണിയില്‍ നിന്ന് ആവശ്യമായ വിഭവങ്ങള്‍ വാങ്ങാനും സാമൂതിരി സൗകര്യം ചെയ്തുകൊടുത്തു. തന്റെ സാമ്രാജ്യത്വ ഹിഡന്‍ അജണ്ടക്ക് തടസ്സം മുസ്‌ലിം കച്ചവട സാന്നിധ്യമാണെന്ന് മനസ്സിലാക്കിയ ഗാമ ശക്തമായ തിരിച്ചുവരവിന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് 1498 ഓഗസ്റ്റ് 29 ന് കോഴിക്കോട് നിന്ന് മടങ്ങി.

പോര്‍ച്ചുഗീസ് ആക്രമണത്തിന്റെ തുടക്കം
ഗാമ മടങ്ങി അധികം കഴിയും മുമ്പ് എ.ഡി 1500ല്‍ കബ്രാളിന്റെ നേതൃത്വത്തില്‍ മറ്റൊരു പോര്‍ച്ചുഗീസ് കപ്പല്‍വ്യൂഹം കോഴിക്കോട്ടെത്തി. അന്നത്തെ അത്യാധുനികായുധമായ പീരങ്കിപ്പടയുമായിട്ടായിരുന്നു കബ്രാളിന്റെ വരവ്. കണ്ണില്‍ കണ്ട സകല തീരങ്ങളും കൊള്ളയടിച്ച് നശിപ്പിച്ച് അധിനിവേശ സംഘം കോഴിക്കോട്ടെത്തി. കേരള തീരത്ത് നിന്ന് മുസ്‌ലിംകളെ പുറത്താക്കാനും വ്യാപര കുത്തക പോര്‍ച്ചുഗീസിന് പതിച്ച് നല്‍കാനും ധിക്കാര സ്വരത്തില്‍ കബ്രാള്‍ സാമൂതിരിയോട് ആവശ്യപ്പെട്ടു. നിര്‍ദ്ദേശം നിരാകരിച്ച സാമൂതിരി ആവശ്യമുള്ള വിഭവങ്ങള്‍ വിപണിയില്‍ നിന്ന് വിലക്ക് വാങ്ങാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് അനുവാദം നല്‍കി.
താന്‍ നിശ്ചയിച്ച വിലക്ക് ചരക്കുകള്‍ വില്‍ക്കുവാന്‍ വ്യാപാരികള്‍ വിസമ്മതിച്ചതിനാല്‍ കോഴിക്കോട് തുറമുഖത്തെ കപ്പലുകള്‍ കബ്രാള്‍ കൊള്ളയടിച്ചു. അതായിരുന്നു കേരളത്തിലെ ആദ്യത്തെ കടല്‍ക്കൊള്ള. തുടര്‍ന്ന് നടന്ന ലഹളയില്‍ എഴുപതോളം പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയില്‍ കബ്രാള്‍ ക്രുദ്ധനായി. കണ്ണില്‍ കണ്ട സാമൂതിരിയുടെ കപ്പലുകളെല്ലാം തീവെച്ച് നശിപ്പിച്ചു. കോഴിക്കോടിനെ പീരങ്കി ഉപയോഗിച്ച് ആക്രമിച്ചു. അറുനൂറിലധികം പേര്‍ മരിക്കുകയും നിരവധി വീടുകള്‍ തരിപ്പണമാവുകയും ചെയ്തു.
മുസ്‌ലിം വ്യാപാരികളുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ നാവികസേന പോര്‍ച്ചുഗീസുകാരെ പിന്‍തുടര്‍ന്നെങ്കിലും കൊച്ചി രാജാവുമായി സംഖ്യമുണ്ടാക്കിയ ശേഷം ധൃതിയില്‍ കബ്രാള്‍ കേരളതീരം വിട്ടു. സംഘര്‍ഷ ഭരിതമായ കടപ്പുറം വീണ്ടും ശാന്തിയുടെ പുലരിയിലേക്കുണര്‍ന്നു തുടങ്ങി. സമുദ്രത്തില്‍ കച്ചവടക്കപ്പലുകള്‍ സജീവത പ്രാപിക്കെ 1502-ല്‍ ഗാമ വന്‍ കപ്പല്‍പ്പടയുമായി വീണ്ടും കോഴിക്കോട്ടെത്തി. ഇന്ത്യ കീഴടക്കാനുള്ള പോര്‍ച്ചുഗല്‍ രാജാവിന്റെ അനുമതിപത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാമയുടെ രണ്ടാംവരവ്. സന്ധിയും ചര്‍ച്ചയും അയാള്‍ ആഗ്രഹിച്ചില്ല. വന്ന ദിവസം മുതല്‍ കടലിലും കരയിലും നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അറബ് കച്ചവടക്കപ്പലുകളെയും മുസ്‌ലിം തീരപ്രദേശങ്ങളെയും തെരഞ്ഞ് പിടിച്ച് നശിപ്പിക്കാന്‍ ഗാമ ഉത്തരവിട്ടു.
സാമൂതിരിയുമായി പിണക്കത്തിലായിരുന്ന കൊച്ചി രാജാവ് ഗാമക്ക് ഫാക്ടറി സ്ഥാപിക്കാനും സൈനിക താവളം തുറക്കാനും അനുമതി നല്‍കി. തുടര്‍ന്ന് കൊച്ചി കേന്ദ്രീകരിച്ച് കോഴിക്കോട്-പൊന്നാനി തീരങ്ങളില്‍ ഗാമ ആക്രമണം പതിവാക്കി. കടല്‍ മുഴുവന്‍ പോര്‍ച്ചുഗീസുകാരുടെ വകയാണെന്നും അവരുടെ അനുമതിപത്രം വാങ്ങാതെ ഒരു കപ്പലും കടലില്‍ സഞ്ചരിക്കരുതെന്നും ഗാമ വിളംബരം ചെയ്തു. നിര്‍ദ്ദേശം ലംഘിച്ച കപ്പലുകളെല്ലാം അയാള്‍ കൊള്ളയടിച്ചു. തന്റെ സൈനിക ശക്തിയില്‍ അഹങ്കരിച്ച ഗാമ പീരങ്കിപ്പടയെ മുന്നില്‍ നിര്‍ത്തി കേരളതീരങ്ങളില്‍ ക്രൂരതയുടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു. അന്നത്തെ അവസ്ഥയെ അക്ഷരങ്ങള്‍ക്ക് സാധ്യമായ രീതിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വിവരിക്കുന്നു: 'അവര്‍ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ കൊള്ളചെയ്തു. അവരുടെ പള്ളികളും പട്ടണങ്ങളും തീവെച്ച് നശിപ്പിച്ചു. കപ്പലുകള്‍ പിടിച്ചെടുത്തു. ഖുര്‍ആനും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും ചവിട്ടിമെതിക്കുകയും തീവെയ്ക്കുകയും ചെയ്തു. ഹാജിമാരെ കൊല്ലുകയും മറ്റ് മുസ്‌ലിംകളെ പീഡനത്തിനിരയാക്കുകയും നബിയെ അവഹേളിക്കുകയും ചെയ്തു. ചിലരുടെ ശരീരത്തില്‍ തീവെച്ച് പീഡിപ്പിച്ചു. ചിലരെ അടിമകളാക്കി വിറ്റു. ഉന്നത കുടുംബങ്ങളില്‍ പെട്ട എത്രയെത്ര മുസ്‌ലിം സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. അവരില്‍ ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളാക്കി. എത്രയോ സയ്യിദന്മാരെയും പണ്ഡിതന്മാരെയും കുലീനരെയും പിടിച്ച് ദേഹോപദ്രവം ചെയ്തു കൊന്നു. എത്രയോ ഹീനവും ക്രൂരവുമായ കൃത്യങ്ങള്‍ അവര്‍ ചെയ്തു. അതുവിവരിക്കാന്‍ നാവു പൊങ്ങില്ല; പറയാന്‍ വെറുപ്പുള്ള സംഗതിയാണവയെല്ലാം'(2)

പോരാട്ടത്തിന്റെ തുടക്കം
കബ്രാളിന്റെ കോഴിക്കോട് ആക്രമണം തൊട്ടെ സാമൂതിരിയുടെ നാവികസേന ചെറുത്ത് നില്‍പ്പിന് ശ്രമമാരംഭിച്ചിരുന്നു. മുസ്‌ലിം കച്ചവടക്കാരുടെ പിന്‍ബലത്തോടെ സാമൂതിരി പ്രതിരോധം ശക്തമാക്കുകയും ചെയ്തു. ലോകത്തിലെ അന്നത്തെ വന്‍നാവിക ശക്തിക്ക് മുമ്പില്‍ അതെല്ലാം നിസ്സാരമായി പോവുകയായിരുന്നു. ഇതിനിടയില്‍ ഈജിപ്തിന്റെയും തുര്‍ക്കിയുടെയും സഹായ സൈന്യത്തിന്റെ കരുത്തില്‍ സാമൂതിരിക്ക് ചെറുവിജയങ്ങള്‍ ലഭിക്കുകയുണ്ടായി. ഒന്നിനു പിറകെ മറ്റൊന്നായി എത്തിക്കൊണ്ടിരുന്ന പോര്‍ച്ചുഗീസ് സൈനിക വ്യൂഹങ്ങള്‍ക്ക് മുമ്പില്‍ അതെല്ലാം താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രമായി ചുരുങ്ങി.
വര്‍ധിച്ച കടല്‍കൊള്ളമൂലം നഷ്ടം താങ്ങാനാവാതെ 1520 കളോടെ അറബി വ്യാപാരികളെല്ലാം കേരളം വിട്ടു. അതോടെ തീരദേശത്ത് തദ്ദേശീയ മുസ്‌ലിംകള്‍ മാത്രം ബാക്കിയായി. അവശേഷിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് പോര്‍ച്ചുഗീസുകാര്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. മുസ്‌ലിംകളോടൊപ്പം പ്രതിരോധത്തിന് മുതിര്‍ന്ന സാമൂതിരിയുടെ സൈന്യത്തിന് കനത്ത ആള്‍നാശം നേരിട്ടു. ശക്തനായ ശത്രുവിനെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വരാന്‍ അത് കാരണമായി. കൊട്ടാരത്തിനുള്ളില്‍ ചിലരെ സ്വാധീനിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് സാധിച്ചതോടെ സാമൂതിരിയുടെ മേല്‍ സന്ധിക്ക് സമ്മര്‍ദ്ദമേറി. ഒടുവില്‍ സാമൂതിരി പോര്‍ച്ചുഗീസുകാരുമായി കരാറിലേര്‍പ്പെട്ടു.

സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഇടപെടല്‍
സാമ്രാജ്യത്വ ശക്തിയുമായി സാമൂതിരി കരാറൊപ്പിട്ടതിന്റെ ഭവിഷ്യത്ത് ആദ്യം തിരിച്ചറിഞ്ഞത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു. പൊന്നാനിയില്‍ കേരളത്തിലെ ഒന്നാമത്തെ പള്ളിദര്‍സ് നടത്തുകയായിരുന്നു ശൈഖ് മഖ്ദൂം. കരാറിലടങ്ങയിരിക്കുന്ന വിപത്തിന്റെ ഗൗരവം അദ്ദേഹം സാമൂതിരിയെ അറിയിച്ചു. വരാന്‍ പോകുന്ന അപകടത്തിന്റെ ആഴം മനസ്സിലാക്കിയ സാമൂതിരി പോരാട്ടത്തിനുള്ള തന്റെ സന്നദ്ധത ശൈഖിനെ അറിയിച്ചു. പോര്‍ച്ചുഗീസ് നാവികശക്തിക്ക് മുമ്പില്‍ തന്റെ സൈന്യത്തിന്റെ നിസ്സഹായതയും അദ്ദേഹം എടുത്ത് പറഞ്ഞു.
കാലഘട്ടത്തിന്റെ പണ്ഡിത ദൗത്യം ഏറ്റെടുത്ത സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അധിനിവേശ ശക്തിക്കെതിരെ മുസ്‌ലിംകളോട് ജിഹാദിനാഹ്വാനം ചെയ്തു. മുസ്‌ലിംകളില്‍ സമരാത്മകത ഇളക്കിവിടാന്‍ തന്റെ പ്രസിദ്ധ സമരകാവ്യമായ 'തഹ്‌രീള്' എന്ന ചുരുക്കപേരിലറിയപ്പെടുന്ന 'തഹ്‌രീളു അഹ്‌ലുല്‍ ഈമാനി അലാ ജിഹാദി അബ്ദതിസ്സുല്‍ബാന്‍' രചിച്ചത് ഈ സന്ദര്‍ഭത്തിലാണ്. മലയാള മണ്ണില്‍ പിറവികൊണ്ട ആദ്യത്തെ അധിനിവേശ വിരുദ്ധ കൃതിയാണിത്. പ്രസ്തുത കൃതിയുടെ ആയിരക്കണക്കിന് കോപ്പികള്‍ ശൈഖ് മഖ്ദൂം മുസ്‌ലിം മഹല്ലുകളില്‍ സ്വയം നടന്നുവിതരണം ചെയ്യുകയും അവരെ ജിഹാദിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടു കൂടി ഒറ്റയായും കൂട്ടമായും മുസ്‌ലിം സമൂഹം സൈനിക സജ്ജീകരണങ്ങളൊരുക്കി പ്രതിരോധത്തിന് മുന്നോട്ട് വന്നു.
കുട്ട്യാലി സഹോദരന്മാരുടെ നേതൃത്വത്തില്‍ 1523-ല്‍ സംഘടിത ചെറുത്ത് നില്‍പ്പിന് തുടക്കം കുറിച്ചു. പ്രതിരോധം ശക്തി പ്രാപിച്ചതോടെ സാമൂതിരിയും അദ്ദേഹത്തിന്റെ നായര്‍പ്പടയും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വീണ്ടും രംഗത്ത് വന്നു. നാവിക സൈന്യത്തിന്റെ നേതൃത്വം മുസ്‌ലിംകള്‍ ഏറ്റെടുത്തു. സൈന്യത്തെ ശക്തിപ്പെടുത്താന്‍ ഓരോ മുക്കുവ കുടുംബത്തില്‍ നിന്നും രണ്ടു പേര്‍ വീതം ഇസ്‌ലാം സ്വീകരിച്ച് കുട്ട്യാലി സഹോദരങ്ങള്‍ക്ക് പിറകില്‍ അണിനിരക്കാന്‍ സാമൂതിരി ഉത്തരവിട്ടു.(3)
അധിനിവേശ ശക്തിയുടെ പീരങ്കിപ്പടക്ക് മുമ്പില്‍ ഈ ചെറുത്ത് നില്‍പ്പ് സംഘത്തിന് അധികം പിടിച്ച് നില്‍ക്കാനായില്ല. സാമൂതിരിയുടെ നായര്‍പ്പടക്ക് വീണ്ടും കനത്ത ആള്‍നാശം നേരിട്ടു. തീരപ്രദേശങ്ങള്‍ നിരന്തരം ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും സാക്ഷിയായി. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും പുതിയ തന്ത്രങ്ങളും ആസൂത്രണങ്ങളും വേണ്ടതുണ്ടായിരുന്നു. ശക്തനായൊരു നാവികമേധാവിയെ ആയിരുന്നു അതിനാവശ്യം. കുഞ്ഞാലിമരക്കാരുടെ രംഗപ്രവേശത്തോടെ അതാണ് നികത്തപ്പെട്ടത്.

കുഞ്ഞാലി മരക്കാരുടെ നേതൃത്വം
ഹക്കീം അഹ്മ്മദ് മരയ്ക്കാരും സഹോദരന്‍ കുഞ്ഞാലി മരക്കാരും കൊച്ചിയിലെ സമ്പന്ന വ്യാപാരികളായിരുന്നു. ശൈഖ് മഖ്ദൂമിന്റെ ഫത്‌വയില്‍ പ്രചോതിതരായി മരയ്ക്കാര്‍മാര്‍ 1524-ല്‍ സാമൂതിരിയുടെ നാവികസേനയുടെ നേതൃത്വം ഏറ്റെടുത്തു. പൊന്നാനി കേന്ദ്രീകരിച്ചായിരുന്നു കുഞ്ഞാലി മരയ്ക്കാരുടെ ചെറുത്ത് നില്‍പ്പ് ശ്രമങ്ങള്‍. നാവിക സേന പ്രതിരോധത്തിന് സജ്ജരായതോടെ കേരളതീരം ജീവന്മരണ പോരാട്ടമുഖത്തേക്ക് ഉണരുകയായിരുന്നു.
പോര്‍ച്ചുഗീസുകാരുടെ സമുദ്രാധിപത്യത്തിന് മരയ്ക്കാര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി. നിരവധി കൊച്ചുവള്ളങ്ങള്‍ അണിനിരത്തി മരയ്ക്കാര്‍ നടത്തിയ ഒളിപ്പോരാക്രമണം പോര്‍ച്ചുഗീസ് കപ്പലുകളുടെ സ്വൈര്യവിഹാരത്തിന് നിത്യതലവേദന സമ്മാനിച്ചു. മുന്നറിയിപ്പില്ലാതെയും മിന്നല്‍ വേഗതയിലും നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനോ അവയുടെ ഉറവിടം കണ്ടെത്താനോ കഴിയാതെ ലോക നാവിക വന്‍ശക്തി വട്ടം കറങ്ങി. ഏത് പോര്‍ച്ചുഗീസ് കപ്പലും എപ്പോഴും ആക്രമിക്കപ്പെടാം എന്ന സ്ഥിതി സംജാതമായി. സ്വതന്ത്രമായി കച്ചവടം ആഗ്രഹിക്കുന്നവര്‍ക്ക് മരക്കാരുടെ കീഴിലുള്ള നാവികപ്പട സംരക്ഷണവും നല്‍കി.
തീരദേശങ്ങളില്‍ താമസിക്കുന്ന നിരപരാധികളെ കൂട്ടക്കശാപ്പ് ചെയ്തും അവരുടെ വീടുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയുമാണ് പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയോടുള്ള അരിശം തീര്‍ത്തത്. ഓരോ ആക്രമണത്തിനും ഒളിപ്പോരിലൂടെ കുഞ്ഞാലി മരക്കാര്‍ കനത്ത മറുപടി നല്‍കാന്‍ തുടങ്ങിയതോടെ പോരാട്ടം രൂക്ഷമായി. 1538-ല്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കുഞ്ഞാലിയുടെ ആക്രമണ രീതിയെപ്പറ്റി മേലുദ്യോഗസ്ഥനെ ഇങ്ങനെ അറിയിച്ചു: 'ഒരു തുറമുഖത്തുനിന്നു പുറപ്പെട്ട 150 പേരുള്ള സംഘം കഴിയുന്നത്ര നാശനഷ്ടങ്ങള്‍ വരുത്തുന്നു. ഞാന്‍ അവരുടെ പിറകെ പോകുമ്പോള്‍ മറ്റൊരു സംഘം വേറൊരിടത്തുനിന്നു പുറപ്പെട്ട് മറ്റേതെങ്കിലും സ്ഥലത്ത് നാശനഷ്ടങ്ങളുണ്ടാക്കുന്നു. എനിക്ക് എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാനാവുന്നില്ല'(4)
പോരാട്ടം വര്‍ഷങ്ങളോളം തുടര്‍ന്നു. ഇരുഭാഗത്തും കനത്ത ആള്‍ നാശമുണ്ടായി. കുഞ്ഞാലിയുടെ മുഴുവന്‍ പടയാളികളും കപ്പലുകളും നശിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ഉയര്‍ത്തെണീറ്റ് പുതിയ നാവികപ്പടയുണ്ടാക്കി അചഞ്ചല ധീരതയോടെ അവര്‍ പോരാട്ടം തുടര്‍ന്നു. 1540 ആയപ്പോഴേക്കും പോര്‍ച്ചുഗീസുകാര്‍ക്ക് കുഞ്ഞാലിയുടെ നാവികപ്പട ഒഴികെ മറ്റെങ്ങും എതിര്‍പ്പില്ലാതായി. പക്ഷേ, പോരാട്ടത്തിന് നേതൃത്വം കൊടുത്തിരുന്നവര്‍ ഒന്നിന് പിറകെ ഒന്നായി രക്തസാക്ഷിത്വം വരിച്ചത് പ്രതിരോധത്തിന്റെ ശക്തി കുറയാന്‍ കാരണമായി.

കുഞ്ഞാലി മരക്കാരുടെ അന്ത്യം; ചെറുത്തുനില്‍പ്പിന്റെയും
പോരാട്ടഭൂമിയിലേക്ക് കാലെടുത്ത് വെച്ച കുഞ്ഞാലിമരക്കാരാരും ജീവനോടെ പോര്‍ച്ചുഗീസുകാര്‍ക്ക് കീഴടങ്ങിയില്ല. അവസാന ശ്വാസം വരെ അവര്‍ സാമ്രാജ്യത്വ ശക്തിയോട് പോരാടി. 1535-ലെ പറവണ്ണ ആക്രമണത്തില്‍ കുട്ടി ഇബ്രാഹീം മരയ്ക്കാരും 1538 ലെ നെല്ലും പള്ളി പോരാട്ടത്തില്‍ അലി ഇബ്രാഹീം മരയ്ക്കാരും 1539 ല്‍ ശ്രിലങ്കയില്‍ ഹക്കീം അഹമ്മദ് മരയ്ക്കാരും ധീരരക്തസാക്ഷിത്വം വരിച്ചു.
1594-ല്‍ കുഞ്ഞാലി നാലാമനെന്ന പേരില്‍ മുഹമ്മദ് മരക്കാര്‍ നാവികസേന മേധാവിയായി. സാമൂതിരിയുടെ സൈന്യത്തിന് ശക്തിക്ഷയവും കൊട്ടാരത്തിലുള്ള ഉപജാപസംഘങ്ങള്‍ ശക്തിയാര്‍ജിക്കുകയും ചെയ്ത കാലമായിരുന്നു അത്. കുഞ്ഞാലിയെയും സാമൂതിരിയെയും പരസ്പരമകറ്റാന്‍ പോര്‍ച്ചുഗീസ് ചാരന്മാര്‍ പതിനെട്ടടവും പയറ്റി. ഈ സന്ദര്‍ഭത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില വീഴ്ചകള്‍ കുഞ്ഞാലി നാലാമന്റെ ഭാഗത്ത് നിന്നുണ്ടായി. അതിന്റെ കാരണം കൃത്യമായി ചരിത്രകാരന്മാര്‍ക്കും വ്യക്തമായിട്ടില്ല. സാമൂതിരിയുടെ ആനയുടെ വാലും ഒരു നായര്‍ പ്രമാണിയുടെ കുടുമയും കഞ്ഞാലിമുറിച്ചതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. സന്ദര്‍ഭം കാത്തു കിടന്ന ശത്രുക്കള്‍ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. അതോടെ സാമൂതിരി കുഞ്ഞാലിയോടുള്ള സകല ബന്ധവും വിഛേദിച്ചു. 1599 ല്‍ പോര്‍ച്ചുഗീസുകാരുമായി സാമൂതിരി വീണ്ടും സന്ധിയായി.
പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിക്കെതിരെ കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. സാമൂതിരിയുമായി ഒരുമിച്ച് കുഞ്ഞാലിയെ ആക്രമിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ പ്ലാനിട്ടു. ഒരു നിമിഷത്തിന്റെ മാനുഷികമായ വീഴ്ചയില്‍ ഒരു ദേശത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തിന്റെ ഗതി തകിടം മറിഞ്ഞു. കടലില്‍ നിന്ന് പോര്‍ച്ചുഗീസുകാരും കരയിലൂടെ സാമൂതിരിയും കുഞ്ഞാലിയെ ആക്രമിക്കാന്‍ തീരുമാനിച്ചു. 1599 മാര്‍ച്ച് 15 ന് ആക്രമണം ആരംഭിച്ചു. ആദ്യ ഏറ്റുമുട്ടലില്‍ തന്നെ കുഞ്ഞാലിയുടെ തിരിച്ചടിയേറ്റ് എണ്ണൂറ് പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സാമൂതിരിയും പോര്‍ച്ചുഗീസുകാരും സംയുക്തമായി നടത്തിയ ഒരു നിക്കത്തില്‍ കുഞ്ഞാലിയുടെ കോട്ട ഇരു സൈന്യവും കൂടി വളഞ്ഞു.
കേരള പോരാട്ട ചരിത്രത്തിലെ പൊറുക്കാനാവാത്ത കൊടും വഞ്ചനയാണ് തുടര്‍ന്ന് സംഭവിച്ചത്. അവസാന ശ്വാസം വരെ അധിനിവേശ സേനയോട് പോരാടാനൊരുങ്ങിയ കുഞ്ഞാലിയോട് സാമൂതിരി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കും കൂടെയുള്ളവര്‍ക്കും പൂര്‍ണ സംരക്ഷണം സാമൂതിരി ഉറപ്പ് നല്‍കി. പോര്‍ച്ചുഗീസുകാര്‍ക്ക് മുമ്പില്‍ ഒരിക്കലും അടിയറവ് പറയില്ലെന്നും സാമൂതിരിക്ക് മുമ്പില്‍ മാത്രമേ കീഴടങ്ങൂവെന്നും കുഞ്ഞാലി ഉപാധിവെച്ചു. അത് അംഗീകരിച്ചതോടെ 1600 മാര്‍ച്ച് 16 ന് കുഞ്ഞാലി സാമൂതിരിയുടെ മുമ്പില്‍ വാളുവെച്ച് കീഴടങ്ങി. ഉടനെ തന്നെ പോര്‍ച്ചുഗീസുകാരുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ സാമൂതിരി കുഞ്ഞാലിയെയും അദ്ദേഹത്തിന്റെ നാല്‍പത് ധീരസേനാനികളെയും പോര്‍ച്ചുഗീസുകാര്‍ക്ക് കൈമാറി. സ്വന്തം സൈന്യമായ നായര്‍പ്പടയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് പോലും സാമൂതിരിയെ ആ കൊടിയ ചതിയില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. സാമ്രാജ്യത്വ ശക്തിയോട് പോരാടി മരിക്കാനുള്ള കുഞ്ഞാലിയുടെ അന്ത്യാഭിലാഷമാണ് അതുവഴി തകര്‍ന്നത്.
കുഞ്ഞാലിയുടെയും അദ്ദേഹത്തിന്റെ നാല്‍പത് ധീരസേനാനികളുടെയും ശരീരങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ തുണ്ടം തുണ്ടമായരിഞ്ഞു കടലില്‍ വിതറി. കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിട്ട്, കുന്തത്തില്‍ കുത്തി കണ്ണൂരിലെ പൊതു സ്ഥലത്ത് വെച്ചു.(5) മരിച്ചു കഴിഞ്ഞിട്ടും ആ ശരീരത്തോടുള്ള പകയും ഭയവും അധിനിവേശ ശക്തികള്‍ക്ക് വിട്ടുമാറിയിരുന്നില്ല. 1500ല്‍ കബ്രാള്‍ കോഴിക്കോട് ആക്രമിച്ചപ്പോള്‍ നമ്മുടെ നാവികപ്പട തുടങ്ങിയ ചെറുത്ത് നില്‍പ്പ് 1600-ല്‍ കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തോടെ അവസാനിച്ചു. ഒ.കെ നമ്പ്യാര്‍ ഇന്ത്യന്‍ നാവിക മഹിമയുടെ അന്ത്യമായാണ് കുഞ്ഞാലി മരക്കാരുടെ അന്ത്യത്തെപറ്റി എഴുതിയത്: (6)
കുഞ്ഞാലിയുടെ മരണത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞില്ല സാമൂതിരിയെയും ധിക്കരിച്ച് പോര്‍ച്ചുഗീസുകാര്‍ വിപണിയിലെ വിപണനം കുത്തകവത്കരിച്ചു. സമുദ്രത്തിലിറങ്ങുന്ന എല്ലാ കപ്പലുകളും പോര്‍ച്ചുഗീസ് പതാക നാട്ടണമെന്ന് നിയമം വൈകാതെ പ്രാബല്യത്തില്‍ വന്നു. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഒരു കുഞ്ഞാലി അവശേഷിക്കാത്തതിനാല്‍ കേരള തീരത്ത് പോര്‍ച്ചുഗീസ് അധിനിവേശം അതോടെ പൂര്‍ത്തിയായി.

ബ്രിട്ടീഷ് അധിനിവേശം
പോര്‍ച്ചുഗീസുകാര്‍ക്ക് പിറകെ ഡച്ചുകാരും ഫ്രഞ്ചുകാരും കേരളതീരത്തെത്തി. വെല്ലുവിളിക്കപ്പെടുന്ന ഒരു പ്രതിരോധ നിരയും ഇവിടെ ഇല്ലാത്തതിനാല്‍ ആധിപത്യത്തിന് വേണ്ടി അവര്‍ പരസ്പരം പോരടിക്കുന്നതാണ് കേരളം കണ്ടത്. ഒരു ശത്രുവില്‍ നിന്ന് രക്ഷനേടാന്‍ മറ്റൊരു ശത്രുവിന്റെ കൂടെ നിന്ന് പൊരുതേണ്ട ഗതികേടിലേക്ക് സാമൂതിരി എത്തി. അന്തിമവിജയം നേടുന്നവര്‍ എന്നും സാമൂതിരിയെ ധിക്കരിച്ചു പോന്നു. ഫ്രഞ്ചിനും ഡച്ചിനും പിറകെ ബ്രിട്ടീഷ്‌കാര്‍ വന്നപ്പോള്‍ മലബാര്‍ മൈസൂര്‍ ഭരണത്തില്‍ കീഴിലായിരുന്നു. ടിപ്പുവിന്റെ ശക്തമായ സാന്നിധ്യമുള്ളതിനാല്‍ മലബാര്‍ കീഴടക്കാനവര്‍ക്കായില്ല.
ഇരയെക്കൊണ്ട് ഇരയെ പിടിക്കുന്നതില്‍ ബ്രിട്ടീഷ്‌കാര്‍ അന്നേ സമര്‍ത്ഥരായിരുന്നു. മൈസൂര്‍ ഭരണത്തെ എതിര്‍ക്കുന്ന നാട്ടുരാജാക്കന്മാരുടെയും നായര്‍ നമ്പൂതിരിമാരുടെയും സഹായത്തോടെ അവര്‍ ടിപ്പുവിനെ എതിരിട്ടു. ആദ്യം കനത്ത പരാജയങ്ങള്‍ ഏറ്റ് വാങ്ങിയെങ്കിലും ബ്രിട്ടീഷ് കുതന്ത്രങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. മലബാര്‍ വീണ്ടും അധിനിവേശത്തിന്റെ കീഴിലമര്‍ന്നു.
അധിനിവേശ വിരുദ്ധ പോരാട്ട പൈതൃകമുള്ള ഒരു മതസമൂഹത്തിന്റെ സാന്നിധ്യം ബ്രിട്ടീഷ്‌കാരെ അലോസരപ്പെടുത്തി. ഭയത്തിന്റെയും സംശയത്തിന്റെയും കണ്ണിലൂടെയാണ് അവര്‍ മുസ്‌ലിം സമൂഹത്തെ നോക്കിക്കണ്ടത്. മതസ്പര്‍ദ്ദ ഉപയോഗപ്പെടുത്തി ഈ സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്നേക്കാവുന്ന പ്രതിരോധ സ്വരത്തെ മുളയിലെ നുള്ളിക്കളയാന്‍ ബ്രിട്ടീഷ്‌കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിനുള്ള ആദ്യപടിയായി ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണങ്ങള്‍ അവര്‍ റദ്ദാക്കി. ഭൂരിപക്ഷം വരുന്ന മാപ്പിള കര്‍ഷകരുടെതടക്കമുള്ള ഭൂമിയുടെ കുത്തകാവകാശം ഹിന്ദുജന്മിമാര്‍ക്ക് തിരിച്ച് നല്‍കി. നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചു. അതുകൊടുക്കാന്‍ കഴിയാത്ത കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കാനുള്ള അവകാശം ജന്മിമാര്‍ക്ക് നല്‍കി. നികുതിഭാരം കര്‍ഷകന് താങ്ങുന്നതിലും അപ്പുറമായിരുന്നു. (7)
മുസ്‌ലിം മാപ്പിള കര്‍ഷകരില്‍ നിന്ന് ഭാവിയില്‍ ഉയര്‍ന്ന് വന്നേക്കാവുന്ന സാമ്രാജ്യത്ത്വ വിരുദ്ധതയെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ഇറക്കി വെച്ച് മണ്ണിട്ട് മൂടലായിരുന്നു ബ്രിട്ടീഷ് ലക്ഷ്യം. പക്ഷേ ഏതൊരു നിയമം മൂലം ഈ സമൂഹത്തിന്റെ പോരാട്ട വീര്യത്തെ തല്ലികെടുത്താന്‍ ശ്രമിച്ചുവോ ആ കരിനിയമങ്ങള്‍ തന്നെ അവരുടെ സാമ്രാജ്യത്വ വിരുദ്ധതയെ ആളിക്കത്തിച്ചു. അവര്‍ വീണ്ടും പോരാട്ടസജ്ജരായി. മലബാറിലുടനീളം സാമ്രാജ്യത്വ - ജന്മിത്വ വിരുദ്ധ മാപ്പിള കാര്‍ഷിക സമരങ്ങളുടെ വിത്തുകള്‍ പൊട്ടിമുളച്ച് പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങി.

സമരങ്ങളുടെ തുടക്കം.
ബ്രിട്ടീഷ് നയങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായിരുന്നു. ഇടനിലക്കാരായ നായന്മാരുടെ പിടിച്ചുപറിയും അമിത നികുതിയും സമരങ്ങള്‍ വിളിച്ച് വരുത്തി. ജന്മിമാരുടെ പിന്തുണയോടെ ബ്രിട്ടീഷുകാര്‍ ചെറുത്ത് നില്‍പ്പുകളെ അടിച്ചമര്‍ത്താന്‍ തുടങ്ങി. കോടതിയെയും ജഡ്ജിമാരെയും ദുരുപയോഗം ചെയ്ത് മുസ്‌ലിം കര്‍ഷകരെ കുടിയൊഴിപ്പിക്കല്‍ നിര്‍ബാധം തുടര്‍ന്നു. മുസ്‌ലിം സമൂഹത്തെ അടിച്ചമര്‍ത്താനുള്ള ഈ ബ്രിട്ടീഷ് ഗൂഡാലോചനയെപ്പറ്റി മിസ്റ്റര്‍ വുഡ് എഴുതുന്നു: 'അമിത കാര്‍ഷിക നികുതിയെ എതിര്‍ത്ത മുസ്‌ലിംകളെ ശത്രുക്കളായാണ് ബ്രിട്ടീഷുകാര്‍ കണ്ടത്. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ശക്തമായ മറ്റൊരു വിദേശ കോയ്മക്ക് മുന്നിലും അങ്ങനെ അവര്‍ ശത്രുക്കളായി. ജന്മിമാര്‍ക്ക് പാട്ടക്കാരെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ അധികാരം കിട്ടി. കോടതിയും ഉദ്യോഗസ്ഥരും കുടിയൊഴിപ്പിക്കലിനനുകൂലമായി വിധികള്‍ നല്‍കി. ടിപ്പുസുല്‍ത്താന്റെ മരണത്തോടെ മലബാറിലെ എതിര്‍പ്പുകള്‍ നിശ്ശേഷം തുടച്ച് മാറ്റുകയായിരുന്നു ബ്രിട്ടീഷ് ലക്ഷ്യം'(8)
ബ്രിട്ടീഷ് മേല്‍ക്കോയ്മക്കും ജന്മിത്ത  വ്യവസ്ഥക്കുമെതിരായ സംഘടിത സമരങ്ങള്‍ മലബാറില്‍ ശക്തമാക്കാനേ ഈ അടിച്ചമര്‍ത്തല്‍ ഉപകരിച്ചുള്ളൂ. ഒരു നൂറ്റാണ്ടിലേറെ മലബാറില്‍ കത്തിപ്പടര്‍ന്ന ഈ അധിനിവേശ വിരുദ്ധ സമരങ്ങള്‍ 1921 ലെ പ്രസിദ്ധമായ പോരാട്ടത്തിലാണ് അവസാനിച്ചത്. ഇതിനിടയില്‍ കലാപങ്ങളില്ലാത്ത ഒറ്റവര്‍ഷവും മലബാറില്‍ കഴിഞ്ഞ് പോയിട്ടില്ലെന്നാണ് 1840 മുതല്‍ 1855 വരെ മലബാര്‍ കലക്ടറായിരുന്ന എം.വി കൊണോലി അഭിപ്രായപ്പെട്ടത്.(9)

പണ്ഡിതരുടെ പങ്ക്
പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വിരുദ്ധ സമരപോരാട്ടങ്ങളുടെ രണ്ട് ഊര്‍ജ്ജ കേന്ദ്രങ്ങളായിരുന്നു വെളിയങ്കോട്ടെ ഉമര്‍ഖാളിയും മമ്പുറത്തെ സയ്യിദ് അലവി തങ്ങളും. പണ്ഡിതനും പോരാളിയുമായ ഉമര്‍ ഖാളി കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്നു. അധിനിവേശ ശക്തിയുടെ നീതി നിഷേധത്തിനെതിരെ നികുതി നിഷേധിച്ച് നിസ്സഹകരിക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. അല്ലാഹുവിന്റെ ഭൂമിയില്‍ ബ്രിട്ടീഷ്‌കാര്‍ക്ക് നികുതി നല്‍കില്ലെന്ന് പ്രഖ്യാപിച്ച് സ്വയം നികുതി നിഷേധിച്ച് ഉമര്‍ഖാളി സമരത്തിന് മുന്നിട്ടിറങ്ങി. ദേശീയ പ്രസ്ഥാനം നികുതി നിഷേധം സമരായുധമായി തെരഞ്ഞെടുക്കുന്നതിന്റെ ഒരു നൂറ്റാണ്ട് മുമ്പാണ് ഈ മുസ്‌ലിം പണ്ഡിതന്റെ നിസ്സഹകരണ സമരപ്രഖ്യാപനം. നികുതി നിഷേധം വ്യാപിച്ചതോടെ ബ്രിട്ടീഷ്‌കാര്‍ ഉമര്‍ഖാളിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
മമ്പുറം സയ്യിദ് അലവി തങ്ങള്‍  അറേബ്യയിലാണ് ജനിച്ചത്. അമ്മാവന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങളോടൊത്ത് താമസിക്കാന്‍ 1769 ല്‍ കേരളത്തില്‍ വന്നു. ജന്മിത്തത്തിനെതിരെ കര്‍ഷകരോടൊപ്പം നിലയുറപ്പിച്ച തങ്ങള്‍ ബ്രിട്ടീഷ് മര്‍ദ്ദക വാഴ്ചയോട് നിസ്സഹകരിക്കാനും പോരാടാനും ആഹ്വാനം ചെയ്തു. മുസ്‌ലിംകളെ ജിഹാദിന് പ്രേരിപ്പിച്ച് കൊണ്ട് തന്റെ പ്രസിദ്ധ സമരകൃതി തഹിരീളു അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബദതിസ്സുല്‍ബാന്‍  രചിച്ചു. മുസ്‌ലിം മഹല്ലുകള്‍ തോറും ഈ കൃതി പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം മുന്നിട്ടിറങ്ങി. 1843ലെ പ്രസിദ്ധമായ 'ചേറൂര്‍പ്പട' നടന്നത് ഈ കൃതി ഇറങ്ങിയതിന് ശേഷമാണ്. അലവി തങ്ങളാണ് പ്രസ്തുത സമരത്തിന് നേതൃത്വം കൊടുത്തതെന്നും അതില്‍ വെടിയേറ്റതിലുണ്ടായ മുറിവ് ഗുരുതരമായാണ് അദ്ദേഹം മരിച്ചതെന്നും ചില ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്.(10) ഒരു ബ്രിട്ടീഷ് ക്യാപറ്റനടക്കം നാല് പേര്‍ കൊല്ലപ്പെട്ട ചേറൂര്‍പ്പടയില്‍ ഏഴ് മുസ്‌ലിംകളാണ് പങ്കെടുത്തത്. ഏഴ് പേരും രക്തസാക്ഷിത്വം വരിച്ചു.
സയ്യിദ് അലവിതങ്ങളുടെ മകന്‍ ഫസല്‍ പൂക്കോയ തങ്ങളും പിതാവിനെ പോലെ കടുത്ത സാമ്രാജ്യത്വ വിരുദ്ധനായിരുന്നു. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കിയ ഫസല്‍ പൂക്കോയ തങ്ങള്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടി നിലകൊണ്ടു. മുസ്‌ലിംകളോട് അധിനിവേശ ശക്തികള്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായകൃതിയാണ് ഉദ്ദതില്‍ ഉമറാഅ്. ബ്രിട്ടീഷ്‌കാര്‍ ഈ കൃതി നിരോധിച്ചു. തങ്ങളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും മതഭേതമന്യെയുള്ള ബഹുജനങ്ങള്‍ എതിര്‍ത്തതിനാല്‍ പിന്മാറി. ഒടുവില്‍ 1852-ല്‍ സൂത്രത്തില്‍ ബ്രിട്ടീഷ്‌കാര്‍ അദ്ദേഹത്തെയും കുടുംബത്തെയും അറേബ്യയിലേക്ക് നാട് കടത്തി.

പോരാട്ടം ഇരുപതാം നൂറ്റാണ്ടില്‍
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാനോ കര്‍ഷകന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കാനോ പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാറില്‍ സംഘടനകളുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനമാരംഭിച്ചത്. ജന്‍മിമാരുടെയും സമ്പന്നരുടെയും മാത്രം സംഘടനയായിരുന്നു അന്ന് മലബാറിലെ കോണ്‍ഗ്രസ്. 1916 ല്‍ ആനിബസന്റിന്റെ അധ്യക്ഷതയില്‍ പാലക്കാട് ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ജന്മിക്ക് ഭൂമിയുടെ മേലുള്ള ജന്മാവകാശം എന്നേയ്ക്കുമുള്ളതാണെന്ന പ്രമേയം പാസാക്കിയത് മാത്രം മതി കോണ്‍ഗ്രസിന്റെ അന്നത്തെ സ്ഥിതി മനസ്സിലാക്കാന്‍.
ഒന്നാം ലോക മഹായുദ്ധാനന്തരം 'ഖിലാഫത്ത് പ്രശ്‌നം' ഇന്ത്യയിലൊന്നടങ്കം രാഷ്ട്രീയ വിഷയമായി. 1919 ലെ അമൃത്സര്‍ കോണ്‍ഗ്രസ് സമ്മേളനം ഖിലാഫത്ത് പ്രശ്‌നവും ജന്മി-കുടിയാന്‍ ബന്ധങ്ങളും പ്രവര്‍ത്തന വിഷയമാക്കാന്‍ തീരുമാനിച്ചു. അതോടെ കോണ്‍ഗ്രസ് മലബാറിലെ ബഹുജനങ്ങളെയും സ്വാധീനിച്ചുതുടങ്ങി. 1920 ലെ മഞ്ചേരി കോണ്‍ഫറന്‍സും ഖിലാഫത്ത് - കുടിയായ്മ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കെടുത്തു. ഖിലാഫത്ത് പ്രശ്‌നം തീര്‍ത്തില്ലെങ്കില്‍ സര്‍ക്കാരുമായി നിസ്സഹകരിക്കുമെന്നും കൂടിയായ്മ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും സമ്മേളനം പ്രമേയം പാസ്സാക്കി. ഇതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ജന്മിമാര്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി.(11)
മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് ഈ പ്രമേയം ശക്തിപകര്‍ന്നു. 1920 ഓഗസ്റ്റില്‍ ഗാന്ധിജിയും മൗലാനാ ശൗക്കത്തലിയും കേരളം സന്ദര്‍ശിച്ചു. കോണ്‍ഗ്രസും ഖിലാഫത്ത് പ്രസ്ഥാനവും ഒരുമിച്ച് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം ചെയ്യാന്‍ ഈ സന്ദര്‍ശനം പ്രേരകമായി. അതോടെ കോണ്‍ഗ്രസിന് കീഴില്‍ മലബാറിലെ എല്ലാ ഗ്രാമങ്ങളിലും ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നു. അവര്‍ സര്‍ക്കാറിനെതിരെ നിസ്സഹകരണ സമരം പ്രഖ്യാപിച്ചു.
മലബാറിലുടനീളം സമരം ജനകീയ സ്വഭാവം കൈവരിച്ചത് ബ്രിട്ടീഷുകാരെ ഭീതിയിലാഴ്ത്തി. അതോടെ അവര്‍ വീണ്ടും വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തു. മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദു ജന്മിമാരെ ഇളക്കിവിട്ടു. ഭൂമി ഒഴിപ്പിക്കലും കുടിയിറക്കലും നിത്യസംഭവമായി. ജന്മിമാര്‍ക്കെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ ഇത് മുസ്‌ലിംകളെ പ്രേരിപ്പിച്ചു.

1921 ലെ കലാപം
ബ്രിട്ടീഷ് അധിനിവേശം മലബാറില്‍ തുടങ്ങിയത് മുതല്‍ സാമ്രാജ്യത്വത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരങ്ങളുടെ അവസാന കണ്ണിയാണ് 1921 ലെ പ്രസിദ്ധമായ മലബാര്‍ കലാപം. 1921 ജൂലൈയില്‍ പൂക്കോട്ടൂരിലെ ഖിലാഫത്ത് സെക്രട്ടറിയായിരുന്ന കളത്തില്‍ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് പല സംഭവികാസങ്ങളിലൂടെ മലബാറിലുടനീളം അതോടെ കലാപം കത്തിപ്പടര്‍ന്നു. പലയിടത്തും പോലീസുമായി ഏറ്റുമുട്ടല്‍ നടന്നു. നിരവധി പേര്‍ രക്തസാക്ഷികളായി. കലാപം തുടങ്ങി ആഴ്ചകള്‍ക്കകം റെയില്‍വെ സ്റ്റേഷന്‍, ടെലഗ്രാഫ് ഓഫീസ്, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം സമരക്കാര്‍ പിടിച്ചെടുത്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരെല്ലാം മലബാര്‍ വിട്ട് ഓടി രക്ഷപ്പെട്ടു. ആലി മുസ്‌ലിയാരുടെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തില്‍ ഖിലാഫത്ത് ഭരണവും നിലവില്‍ വന്നു.
ഇന്ത്യയൊന്നടങ്കം ചോദ്യം ചെയ്യപ്പെടാതെ അടക്കിഭരിച്ച് കൊണ്ടിരുന്ന അധിനിവേശ ശക്തിയെ ആറ് മാസത്തോളം മലബാറില്‍ കാലുകുത്താന്‍ സ്വാതന്ത്ര്യസമരപോരാളികള്‍ സമ്മതിച്ചില്ല. ഒടുവില്‍ സര്‍വ്വായുധരായ സൈന്യവും ക്രൂരരായ ഗൂര്‍ഖാ പട്ടാളവും ഇറങ്ങി നരനായാട്ട് നടത്തിയാണ് മലബാര്‍ ബ്രിട്ടീഷ്‌കാര്‍ പിടിച്ചെടുത്തത്. മാസങ്ങളോളം നീണ്ടുനിന്ന നരവേട്ടയില്‍ പതിനായിരത്തിലേറെ മാപ്പിളമാര്‍ കൊല്ലപ്പെട്ടു. അമ്പതിനായിരത്തോളം പേരെ തടവ് ശിക്ഷക്ക് വിധിച്ചു. ഇരുപതിനായിരം പേരെ നാട് കടത്തി. കുടിലുകളും വീടുകളും ഇടിച്ചുനിരത്തി. വംശീയ ഉന്മൂലനമായിരുന്നു ബ്രിട്ടീഷ് ലക്ഷ്യം. സ്വാതന്ത്ര്യ സമരപോരാട്ടത്തിനിറങ്ങിയ ഒരു സമൂഹത്തിന് ഒന്നടങ്കം അവര്‍ ശിക്ഷ വിധിക്കുകയായിരുന്നു.

ഉപസംഹാരം
അധിനിവേശ ശക്തികള്‍ക്കെതിരെ ഒരു സമൂഹത്തിന്റെ സന്ധിയില്ലാ സമരപോരാട്ടത്തിന്റെ ഐതിഹാസിക ചരിത്രമാണിത്. സ്വാതന്ത്ര്യത്തിന് വേണ്ടി ഈ സമൂഹം സ്വജീവനടക്കം അവര്‍ക്ക് സ്വന്തമായുള്ളതെല്ലാം സമര്‍പ്പിച്ചു. അതോടെ അവര്‍ പിന്നാക്കക്കാരായി. വിദ്യാഭ്യാസവും ഉദ്യോഗ സ്ഥാനമാനങ്ങളും അവര്‍ക്ക് ലഭിച്ചില്ല. അത് രണ്ടും കൊളോണിയല്‍ സര്‍ക്കാറിനെ സേവിക്കുന്നവര്‍ക്കുള്ളതായിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം വന്ന സര്‍ക്കാറുകള്‍ ഈ സമൂഹത്തെ പിന്നാക്കക്കാരെന്ന് മുദ്രകുത്തി മുഖ്യാധാരയില്‍ നിന്ന് അകറ്റിനിര്‍ത്തി. അവരുടെ പിന്നാക്കത്തിന്റെ ചരിത്രകാരണങ്ങളെ അവര്‍ മനഃപൂര്‍വ്വം വിസ്മരിച്ചു. ഈ സമൂഹത്തിന് ഭരണഘടന അനുവദിച്ച ആനുകൂല്യങ്ങള്‍ പോലും വകവെച്ച് തരാന്‍ അവര്‍ മടികാണിച്ചു. ഇന്നും ഇത് തുടരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും നരേന്ദ്ര കമീഷന്‍ റിപ്പോര്‍ട്ടുമെല്ലാം സ്വാതന്ത്യാരാനന്തര ഭരണകൂട വിവേചനത്തിന്റെ ഔദ്യോഗിക സാക്ഷ്യപത്രങ്ങളാണ്. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ പഠനത്തിന്റെ ഫലമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന കണ്ണുതള്ളിപ്പോകുന്ന വിവേചനത്തിന്റെ കണക്കുകള്‍ കഴിഞ്ഞ അറുപത് വര്‍ഷത്തെ ഭരണകൂടങ്ങള്‍ ബോധപൂര്‍വ്വം നടപ്പിലാക്കിയ നിശബ്ദ മലബാര്‍ വിരുദ്ധ കാമ്പയിനുകളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥ സവര്‍ണ മാടമ്പി വര്‍ഗവും അവര്‍ക്കു കൂട്ടിനുണ്ടായിരുന്നിരിക്കണം. പോരാട്ട പാരമ്പര്യത്തിന്റെ ചരിത്ര വേരുകള്‍ മുറിച്ചുമാറ്റിയ സമുദായ നേതാക്കള്‍ക്ക് വിധേയത്വത്തിന്റെയും സന്ധിയുടെയും 'സമാധാനഭാഷ' മാത്രമേ പരിചയമുള്ളൂ. സമര ചരിത്ര പൈതൃകമുള്ള ഒരു സമൂഹത്തിന്റെ ഹൃദയങ്ങളില്‍ ജ്വലിക്കുന്ന പോരാട്ടവീര്യത്തെ ഊതിക്കെടുത്താന്‍ അവരെകൊണ്ടൊന്നും സാധ്യമാകില്ലെന്നതാണ് ചരിത്രം നല്‍കുന്ന പാഠം. അല്‍പ്പം കാലം അണഞ്ഞെന്നുതോന്നിയാലും അത് വീണ്ടും ആളിക്കത്തും. കാരണം  സമുദായത്തിന്റെ പോരാട്ടവീര്യം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. വിശ്വാസം നിലനില്‍ക്കുന്നു. അതിനാല്‍ പോരാട്ടവും തിരിച്ചുവരും. തീര്‍ച്ച.

കുറിപ്പുകള്‍
1) പ്രൊഫ. കെ.എം ബഹാവുദ്ദീന്‍ (കേരള മുസ്‌ലിം പോരാട്ടത്തിന്റെ ചരിത്രം, പേ:45).
2) സൈനുദ്ദീന്‍ മഖ്ദും (തുഹ്ഫത്തുല്‍ മുജാഹിദീന്‍, പേ:60-61).
3) ലോഗന്‍ (മലബാര്‍ മാന്വല്‍, വാള്യം:1, പേ:197).
4) MN. Pearson (Costal Western India, P.33 ഉദ്ധരണി - കേരള മുസ്‌ലിം പോരാട്ടചരിത്രം)
5) പ്രൊഫ. കെ.എം ബഹാവുദ്ദീന്‍ (കേരള മുസ്‌ലിം പോരാട്ടത്തിന്റെ ചരിത്രം, പേ:85).
6) ഒ.കെ നമ്പ്യാര്‍ (The Kunjalis-Admirals of Calicut P:133) ഉദ്ധരണി Ibd
7) കെ.എന്‍. പണിക്കര്‍ (Against Lord and State) ഉദ്ധരണി Ibd
8) സി. വുഡ് (Mappila Rebellan and the Gensis P:106) ഉദ്ധരണി Ibd
9) പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍ (കേരള മുസ്‌ലിംകള്‍ പോരാട്ടത്തിന്റെ ചരിത്രം, പേ:142)
10) സി. ഹംസ (പ്രബോധനം സ്‌പെഷല്‍ പതിപ്പ് 1998, പേ:38).
11) ഡോ. കെ.എന്‍. ഗണേഷ് (കേരള സമൂഹപാഠങ്ങള്‍, പേ:175).
author image
AUTHOR: ബഷീര്‍ തൃപ്പനച്ചി
   (സബ് എഡിറ്റര്‍, പ്രബോധനം)