വെളിയങ്കോട് ഉമര്‍ഖാസി

നിദ ലുലു കെ.ജി   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

സുദീര്‍ഘമായ എട്ട് ദശാബ്ദകാലം സമൂഹത്തെയും സമുദായത്തെയും വിസ്മയപ്പെടുത്തിയ, അനിതര സാധാരണമായ ധൈഷണിക പ്രഭാവവും ധീരോദാത്തമായ സ്വാതന്ത്ര്യവാഞ്ഛയും കാഴ്ചവെച്ച മഹാനാണ് വെളിയങ്കോട് ഉമര്‍ഖാസി. അറിയപ്പെടുന്ന പണ്ഡിതന്‍, ഭാവനാ സമ്പന്നനായ കവി, കര്‍മനിരതനായ സാമുദായിക പരിഷ്‌കര്‍ത്താവ്, കരളുറപ്പുള്ള സ്വാതന്ത്രസമര സേനാനി, സര്‍വ്വോദരണീയനായ നേതാവ്, എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. ധന്യമായ മഹല്‍ ജീവിതം കൊണ്ട് കാഴ്ചവെച്ച സേവനങ്ങള്‍ അതുല്യങ്ങളായിരുന്നു. പൂര്‍ണ്ണനാമം ഖാദി ഉമറുബ്‌നു അലി എന്നാണ്. 1757-ല്‍ പൊന്നാനിയില്‍ നിന്ന് നാലു കിലോമിറ്റര്‍ തെക്കുള്ള വെളിയങ്കോട് ഗ്രാമത്തില്‍ ജനിച്ചു. പരമ്പരാഗതമായി ഖാസിസ്ഥാനം അലങ്കരിച്ചിരുന്ന ഖാസിയാരകത്ത് കാക്കത്തറ തറവാട്ടിലെ മതപണ്ഡിതനും സാത്വികനുമായ അലി മുസ്‌ല്യാരുടെയും ഭാര്യ മുസ്‌ലിംവീട്ടില്‍ ആമിനയുടെയും പുത്രനായിട്ടായിരുന്നു ജനനം. മാലികിബ്‌നു ദീനാറിന്റെയും സഹപ്രവര്‍ത്തകന്മാരുടെയും ഇസ്‌ലാം മതപ്രചാരണത്തില്‍ ചാലിയക്കാരനായ ഹസന്‍ താബിഅ് മലൈബാരി ഇസ്ലാം സ്വീകരിച്ചവരുടെ ആദ്യഗണത്തില്‍പെടുന്നു. അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍പ്പെട്ടവരാണ് ഉമര്‍ഖാസിയുടെ കുടുംബം. അദ്ദേഹത്തിന്റെ പ്രാഥമിക ഗുരുപിതാവ് തന്നെയായിരുന്നു. തജ്‌വീദ്, അഖീദ, ഫിഖ്ഹ് എന്നിവ പഠിച്ചത് പിതാവില്‍ നിന്നാണ്. പത്ത് വയസ്സായപ്പോള്‍ പിതാവും മരണപ്പെട്ടു. മാതുലന്മാരുടെ ശിക്ഷണത്തിലും സംരക്ഷണത്തിലുമായിരുന്നു പിന്നീട് വളര്‍ന്നത്. വെളിയങ്കോട് ജുമാഅത്ത് പള്ളിദര്‍സിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി താനൂര്‍ ദര്‍സില്‍ ചേര്‍ന്നു. പൊന്നാനിയിലെ മഖ്ദും വംശജനായ തുന്നും വീട്ടില്‍ അഹ്മദ് മുസ്‌ലിയാരായിരുന്നു അന്ന് താനൂര്‍ പള്ളിയിലെ മുദര്‍രിസ്. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ ഉമര്‍ തന്റെ കവനപാഠവം പ്രദര്‍ശിപ്പിച്ചിരുന്നു. അല്‍ഫിയ്യയും മറ്റും അദ്ദേഹം അവിടെ നിന്നാണ് പഠിച്ചത്. തുടര്‍പഠനം പൊന്നാനി ദര്‍സിലായിരുന്നു. ജലാലൈനി, തുഹ്ഫ ശര്‍ഫുല്‍ ഹികം, ഇഹ്‌യാ ഉലൂമുദ്ദീന്‍, മിന്‍ഹാജുല്‍ ആബിദീന്‍, മഹല്ലി, ഫത്ഹുല്‍ മുഈന്‍ മുതലായ ഗ്രന്ഥങ്ങളും അവിടെ നിന്നാണ് പഠിച്ചത്. ചെറുപ്പത്തില്‍തന്നെ കവിതാഭിരുചിയും പ്രസംഗ പാടവവും പ്രദര്‍ശിപ്പിച്ചിരുന്നു. ഉമര്‍ഖാസിയുടെ സര്‍ഗാത്മക സിദ്ധികളെ പരിപോഷിപ്പിച്ചെടുത്തത്തില്‍ ഗുരുവര്യന്‍ മമ്മിക്കുട്ടി (ഖാദി മുഹമ്മദ്ബ്‌നു സൂഫിക്കുട്ടി മുസ്‌ലിയാര്‍) ഖാസിക്ക് നല്ല പങ്കുണ്ടായിരുന്നു. ഇത് ഉമര്‍ഖാസിയില്‍ ആത്മീയോല്‍ക്കര്‍ഷം വളരാനും തസവ്വുഫിനെ കുറിച്ചും ത്വരീഖത്തിനെ കുറിച്ചും കൂടുതല്‍ അറിയാനും സഹായിച്ചു. പന്ത്രണ്ട് വര്‍ഷത്തിലധികം അദ്ദേഹത്തിന്റെ പ്രിയങ്കരനായ ശിഷ്യനായി അവിടെ താമസിച്ച് പഠിച്ച് അന്ന് ലഭ്യമായിരുന്ന വിജ്ഞാനശാഖകളിലൊക്കെ വ്യുല്‍പത്തിനേടി. 
പഠനകാലത്തുതന്നെ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കും സാമൂഹിക ജീര്‍ണ്ണതകള്‍ക്കുമെതിരായി അദ്ദേഹം തന്റെ തൂലികാവിലാസവും പ്രഭാഷണചാതുരിയും ഉപയോഗിച്ചു. പൊന്നാനിയിലെ പഠനം കഴിഞ്ഞെത്തിയ അദ്ദേഹം വെളിയങ്കോട് ഖാസിയായി നിയമിതനായി. കൊടുങ്ങല്ലൂര്‍, കോടഞ്ചേരി, പുന്നയൂര്‍ക്കുളം, ചാവക്കാട്, ചേറ്റുവ മുതലായ സ്ഥലങ്ങളിലെ മേല്‍ഖാസിസ്ഥാനവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഉമര്‍ഖാസി ചില ചികിത്സാമുറകള്‍ വശത്താക്കുകയും അവ പ്രയോഗിക്കുകയും ചെയ്തിരുന്നു. ത്വിബ്ബുന്നബിയും ആയുര്‍വേദവും കൂടി യോജിപ്പിച്ച് രീതിയായിരുന്നു അത്. രോഗത്തെ ശാരീരികവും മാനസികവുമായി കണ്ടാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. പ്രാര്‍ഥനയും മരുന്നും ഉപയോഗിച്ചിരുന്നു.
സങ്കീര്‍ണ്ണവും താര്‍ക്കികവുമായ നിരവധിപ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള ഫത്‌വകള്‍ ഏറെ പ്രസിദ്ധങ്ങളാണ്. സമുദായത്തില്‍ അന്തര്‍ലീനമായ പല അനിസ്‌ലാമിക പ്രവണതകള്‍ക്കുമെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ആഢ്യത്വവും തറവാടിത്വവും മാനദണ്ഡമാക്കി സമുദായത്തില്‍ സൃഷ്ടിക്കപ്പെട്ട നിമ്‌നോന്നതകള്‍ ഇസ്‌ലാമിക സത്തയെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. നായാടിയും പാണനും തുടങ്ങി നായരും നമ്പൂതിരിയും വരെയുള്ള ഹൈന്ദവ സമൂഹത്തില്‍ നിന്ന് ഇസ്ലാമിന്റെ സമത്വം, സാഹോദര്യ ആദര്‍ശങ്ങളാല്‍ ആകൃഷ്ടരായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണല്ലോ കേരളത്തിലെ മുസ്‌ലിംകള്‍. അത്തരക്കാര്‍ സമുദായത്തില്‍ ഏറ്റകുറച്ചിലുകള്‍ സൃഷ്ടിക്കുന്നത്. ഇസ്‌ലാമികാശയത്തിന് കടകവിരുദ്ധമാണെന്ന് അദ്ദേഹം യഥാസ്ഥികരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടുമിരുന്നു. ഈ വിഷയത്തെ ആധാരമാക്കി വശ്യസുന്ദരമായ കവനതല്ലജങ്ങളും അദ്ദേഹം വിരചിച്ചു. മതകാര്യങ്ങളിലെ പുരോഗമന ചിന്താഗതിക്കാരനായിരുന്നു ഉമര്‍ഖാസി. സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നത് മറ്റൊരു നവോത്ഥാന നായകനായ പരപ്പനങ്ങാടി അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. കൊണ്ടോട്ടി തങ്ങന്‍മാരുടെ ത്വരീഖത്തിനെ വിമര്‍ശിക്കുന്ന ഉമര്‍ഖാദി യഥാര്‍ത്ഥത്തില്‍ ഖാദിരിയ്യ ത്വരീഖത്തിന്റെ ഖലീഫയായിരുന്നു. അദ്ദേഹം 'ശാഫീഇ' മദ്ഹബിനെ കര്‍മ്മ മാര്‍ഗമായി സ്വീകരിച്ചു. എന്നാല്‍ അക്കാലത്ത് സമുദായത്തില്‍ പരക്കെ പടര്‍ന്നു പിടിച്ചിരുന്ന ശിര്‍ക്കിനും ബിദുഅത്തിനുമെതിരായി അദ്ദേഹം ശക്തിയായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നേര്‍ച്ചകളും ചന്ദ്‌നക്കൂടാഘോഷങ്ങളും അതുപോലുള്ള അനാചാരങ്ങളും ഒക്കെത്തന്നെ അദ്ദേഹത്തിന്റെ എതിര്‍പ്പിന് വിധേയമായിട്ടുണ്ട്. എന്നാല്‍ ആത്മാര്‍പ്പണത്തോടുകൂടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഫലസിദ്ധി ഉണ്ടാകുമെന്നദ്ദേഹം വിശ്വിസിക്കുക മാത്രമല്ല പ്രവര്‍ത്തിച്ച് കാണിക്കുകയും ചെയ്തിരുന്നു. പലപ്രാവശ്യം അദ്ദേഹത്തിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ സപര്യയുടെ ഫലമായി മഴപെയ്തതായി പഴമക്കാര്‍ പറഞ്ഞുപോരുന്നു. മറ്റുള്ളവര്‍ക്ക് വിസ്മയം തോന്നിപ്പിക്കുന്ന അത്ഭുതസിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

നികുതി നിസ്സഹകരണ പോരാട്ടം
ഇംഗ്ലീഷ് ഭരണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം മമ്പുറം സെയ്യിദ് അലവിതങ്ങളുടേതിന് തുല്യമായിരുന്നു. വിദേശീയരുടെ ചൂഷണത്തിനും മര്‍ദ്ദനത്തിനുമിരയായ ഇന്ത്യന്‍ ജനതയെ വിമോചിപ്പിക്കേണ്ടത് ഏതൊരു മുസല്‍മാന്റെയും കര്‍ത്തവ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സര്‍വ്വശക്തനായ അല്ലാഹുവിനെ അല്ലാതെ ഏത് ശക്തിക്കും കീഴ്‌പെട്ടു ജീവിക്കുക മുസല്‍മാനെ സംബന്ധിച്ചിടത്തോളം ദുസ്സഹമാണ്. ഇന്ത്യക്കാരനെന്ന നിലയിലും അടിമത്തത്തിന്റെ നുകം പേറുന്ന മുസല്‍മാന് ഇംഗ്ലീഷ് ഭരണത്തോട് യാതൊരു തരം വിട്ടുവീഴ്ചക്കും സാധ്യമല്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ബ്രിട്ടീഷ് അനീതിയും മര്‍ദ്ദനവും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പല ഫത്‌വകളും അദ്ദേഹം എഴുതി പ്രചരിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാന കാലഘട്ടമായിരുന്നല്ലോ മഹാത്മജിയുടെയും കോണ്‍ഗ്രസിന്റേയും നികുതി നിഷേധ പ്രസ്ഥാനം. നമ്മുടെ ദേശീയ നേതാക്കള്‍ക്കിടയില്‍ നിന്ന് ഈ സമരരീതി നാമ്പെടുക്കുന്നതിന് എത്രയോ ദശാബ്ദങ്ങള്‍ക്കപ്പുറമാണ് നികുതി നിഷേധ പ്രസ്ഥാനവുമായി കേരളത്തിലെ  ഒരു ബഹുജന നേതാവ് രംഗത്തിറങ്ങുന്നത്. ഒരു മതപണ്ഡിതന്റെ ഹ്രസ്വമായ കര്‍മ മണ്ഡലങ്ങള്‍ക്കപ്പുറം രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലെകൂടിയുള്ള കടന്നുവരവായിരുന്നു അദ്ദേഹം നടത്തിയ നികുതിനിഷേധ സമരങ്ങള്‍. ശ്രീരംഗ പട്ടണം ഉടമ്പടിയിലൂടെ മലബാര്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. ടിപ്പുവിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂറിലേക്ക് കുടിയേറിയ ജന്മിമാര്‍ മലബാറിലേക്ക് തിരിച്ചുവരികയും തങ്ങളുടെ പഴയകാല അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നായര്‍-നമ്പൂതിരി ജന്മികള്‍ക്ക് അനുകൂലമായ നയമാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. അതിനുപുറമേ അന്താരാഷ്ട്രരംഗത്ത് അറബ് ഇസ്‌ലാമിക ലോകത്തോടുള്ള കുരിശുയുദ്ധങ്ങള്‍ക്കു ശേഷമുള്ള ബ്രിട്ടീഷ് സമീപനം ശത്രുതാപൂര്‍ണമായിരുന്നു. 1792 നും 1922 നും ഇടക്ക് ഏകദേശം 83 ലഹളകള്‍ നടന്നു. ഉമര്‍ഖാദിയെ ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ബ്രിട്ടീഷ് വിരോധികളില്‍ ഒരാളായാണ് സദര്‍ അദാലത്തു കോടതിയിലെ ജഡ്ജി, മിസ്റ്റര്‍ സ്ട്രയിന്‍ജ് മദ്രാസ് ഗവര്‍ണര്‍ക്കുറിപ്പോര്‍ട്ട് കൊടുത്തത്. കനോലി സായിപ്പിന്റെ ഭരണകാലത്ത് മുസ്‌ലിം നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തതോടെ ഉമര്‍ഖാദിയുടെ ബ്രിട്ടീഷ് വിരോധം കൂടുതല്‍ ശക്തമായി. ജനങ്ങളില്‍ നിന്ന് അന്യായമായും അമിതമായും നികുതി വസൂല്‍ ചെയ്തതിനെ ഉമര്‍ഖാസി ചോദ്യം ചെയ്തു. ദൈവത്തിന്റെ ഭൂമിക്ക് കരം ചുമത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. വെളിയങ്കോട് അംശം അധികാരി ഉമര്‍ഖാദിയുടെ സ്വത്തിന് കനത്ത നികുതി ചുമത്തിയപ്പോള്‍ അദ്ദേഹം അതുകൊടുക്കുവാന്‍ കൂട്ടാക്കിയില്ല. പ്രശ്‌നം ചാവക്കാട് തുക്ടിനീബു സായിപ്പിന്റെ മുന്നിലെത്തി. അദ്ദേഹം ചാവക്കാട് ഹെഡ്‌കോണ്‍സ്റ്റബിളിനെ ഖാദിയെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞയച്ചു. ഖാദി ഒരു മഞ്ചലില്‍ ചാവക്കാട്ടേക്ക് യാത്രതിരിച്ചു. അവിടെ എത്തുമ്പോഴേക്കും ഖാദിയുടെ കൂടെ ഒരു വന്‍ജനാവലി ഉണ്ടായിരുന്നു. തുക്ടിസായിപ്പിന്റെ പ്രവര്‍ത്തിയില്‍ അമര്‍ഷം പൂണ്ട ഉമര്‍ഖാദി ശക്തമായി പ്രതിഷേധിച്ചുവെന്നും തുക്ടിസായിപ്പിന്റെ മുഖത്ത് തുപ്പിയെന്നും രക്ഷിക്കാന്‍ ചെന്ന പോലീസുകാരനെ പ്രഹരിച്ചുവെന്നും പറയപ്പെടുന്നു. നീബുസായിപ്പിന്റെ കല്‍പ്പനപ്രകാരം ഉമര്‍ഖാളിയെ ചാവക്കാട് ജയിലിലടച്ചുവെങ്കിലും അദ്ദേഹം അവിടെ നിന്നും അല്‍ഭുതകരമാം വിധം രക്ഷപ്പെട്ടു. വിവരമറിഞ്ഞ തുക്ടിസായിപ്പ് മലബാര്‍ കലക്ടര്‍ക്ക് പ്രത്യേക സന്ദേശമയക്കുകയും അദ്ദേഹം ഉമര്‍ ഖാദിയെ അറസ്റ്റ് ചെയ്യാന്‍ വലിയൊരു സംഘത്തെ അയക്കുകയും ചെയ്തു. അദ്ദേഹത്തെ അറസ്റ്റുചെയ്തു. കലക്ടറുടെ അടുക്കല്‍ കൊണ്ടുചെല്ലാനായിരുന്നു കല്‍പ്പനയെങ്കിലും ഉമര്‍ഖാദി മഞ്ചലില്‍ തന്നെയാണ് കോഴിക്കോട്ടെത്തുന്നത്. ഉമര്‍ഖാദിയെ അനുനയിപ്പിക്കാനും മാപ്പ് ചോദിപ്പിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും കലക്ടര്‍ ശ്രമിച്ചെങ്കിലും അദ്ദേഹമതിന് സന്നദ്ധനായില്ല. മാത്രമല്ല, അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ''നിങ്ങള്‍ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയത്, ഞാന്‍ ദൈവത്തിന്റെ ഭൂമിക്ക് നികുതി കൊടുക്കില്ല. നീബു അപമര്യാദയായി എന്നോട് പെരുമാറിയപ്പോള്‍ ഞാന്‍ തുപ്പിയതും ശരിയാണ്. അക്കാര്യത്തില്‍ ഞാന്‍ ആരോടും മാപ്പുചോദിക്കില്ല''. 1819 ഡിസംബര്‍ 18 ന് കലക്ടര്‍ മെക്‌സിന്‍ ഉമര്‍ഖാദിയെ തുറുങ്കിലടക്കാന്‍ കല്‍പ്പിച്ചു. ഏതാനും നാള്‍ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു.1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നതിന് എത്രയോ മുമ്പാണ് ഉമര്‍ഖാദി ദൃഢമായ ഈ നിലപാടെടുത്തത്. ജയിലില്‍ കിടന്ന കാലത്ത് നീബുസായിപ്പിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ചും ഇംഗ്ലീഷുകാരന്റെ ക്രൂരതയെക്കുറിച്ചും വിവരിച്ചുകൊണ്ട് തന്റെ ആത്മീയഗുരുവും ഉപദേശകനുമായിരുന്ന സയ്യിദലവി തങ്ങള്‍ക്ക് ഒരു കാവ്യമെഴുതി അയക്കുകയുണ്ടായി.
''താങ്കളുടെ പ്രിയമുള്ളവനും സേവകനും മുരീദും പാപിയും ദരിദ്രനും ദു:ഖിതനുമായ ഉമറിന്റെ സലാം. നീബുസായിപ്പെന്ന അക്രമിയുടെ അതിക്രമം കാരണമായി ഇവിടെ തുക്കിടി സായിപ്പെന്നെ ജയിലിലടച്ചിരിക്കുന്നു. അറസ്റ്റ് വരിക്കാന്‍ കാരണമായ കുറ്റമൊന്നും ഉണ്ടായിട്ടില്ല. ബോധപൂര്‍വ്വം കള്ളം പറയുന്നവന്റെ അതിക്രമത്തിന്റെ ഫലമാണീ ബന്ധനം. ഞാന്‍ ദുരസ്ഥലത്തേക്ക് രക്ഷപെടുമെന്ന് ഭയന്ന് ഒരു കാഫിര്‍ ജന്തുവിനെ എന്റെ കാവലേല്‍പ്പിച്ചിരിക്കുന്നു. എന്റെ കയ്യില്‍ യുദ്ധോപകരണങ്ങളായ യാതൊന്നും തന്നെയില്ല. ഒരു കത്തിയോ മൂര്‍ച്ചയില്ലാത്ത മറ്റുവല്ലതുമോ ഇല്ല. മരിക്കാന്‍ വേണ്ടിയാണ് അല്ലാഹു മനുഷ്യാത്മാവിനെ സൃഷിടിച്ചത്. ദൈവ മാര്‍ഗത്തിലുള്ള മരണമാണ് ഒരു സത്യവിശ്വാസിക്ക് ഏറ്റവും അഭികാമ്യം. എന്റെ നേതാവേ, താങ്കളുടെ പ്രാര്‍ത്ഥനയാണ് എന്റെ ലക്ഷ്യം, ഇഹലോക നന്മക്കും പരലോക വിജയത്തിനും.''
ഈ സന്ദേശകാവ്യം കിട്ടിയ ഉടനെ സയ്യിദ് അലവിതങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വിവരമറിയിച്ചു. ഉമര്‍ഖാസിയെ ജയില്‍ വിമോചിതനാക്കിയില്ലെങ്കില്‍ മലബാറിലെ മാപ്പിളമാര്‍ ഒന്നടങ്കം പോര്‍ക്കളത്തില്‍ അണിനിരക്കുമെന്ന് കലക്ടറെ അറിയിക്കുകയും ചെയ്തു. പരിതസ്ഥിതിയുടെ ഗൗരവം മനസ്സിലാക്കിയ കലക്ടര്‍ ധീരോദാത്തനായ ഈ കര്‍മ ഭടനെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. കീഴടങ്ങാന്‍ തയ്യാറല്ലാത്ത, ഒരു ധീരമനസ്സില്‍ നിന്നുയര്‍ന്നുവന്ന സ്വാഭാവികപ്രതികരണമായിരുന്നു ഈ സംഭവം.

അത്യുന്നതനായ ഗ്രന്ഥകാരന്‍
മലയാള സാഹിത്യത്തില്‍ ഭക്തിപ്രസ്ഥാനം പ്രചാരം നേടിയ കാലത്താണ് ഉമര്‍ഖാദി ജീവിച്ചിരുന്നത്. ഗദ്യസാഹിത്യം അന്ന് പുഷ്ടിപ്പെട്ടിരുന്നില്ല. അതിനാല്‍ ഉമര്‍ഖാദി അടക്കമുള്ള മുസ്‌ലിം എഴുത്തുക്കാരും തങ്ങളുടെ സാഹിത്യസിദ്ധികള്‍ പ്രകാശിപ്പിച്ചിരുന്നത് പദ്യസാഹിത്യത്തിലൂടെയായിരുന്നു. അവര്‍ തങ്ങള്‍ക്ക് കൂടുതല്‍ പരിചയമുള്ള തങ്ങളുടെ അനുവാചകരായ മുസ്‌ലിംകള്‍ക്കു സുപരിചിതമായ അറബിയോ അറബി മലയാളമോ ആവിഷ്‌കാര മാധ്യമമായി സ്വീകരിച്ചു. പ്രമുഖ പണ്ഡിതന്മാരുടെ പല ഗ്രന്ഥങ്ങളും അദ്ദേഹം സ്വയം കൈപ്പടയില്‍ പകര്‍ത്തി എഴുതിയിരുന്നു. ഇമാം നവഖിയുടെ ഇംദാഹ്, ഫത്ഹുല്‍മുഈന്‍, തഫ്‌സീറുല്‍ ജലാലൈനി തുടങ്ങിയവ അദ്ദേഹം പകര്‍ത്തിയെഴുതിയവയില്‍ ഉള്‍പ്പെടുന്നു. നിമിഷ കവിയായിരുന്നു ഉമര്‍ഖാദി. താമ്പൂല ചര്‍വണത്തെ പറ്റിയും കാപ്പിയെ സംബന്ധിച്ചും അദ്ദേഹം രചിച്ച നിമിഷകവിതകള്‍ പ്രസിദ്ധങ്ങളാണ്. സുഹൃത്തുക്കളുമായി കത്തിടപാടുകള്‍ നടത്തിയിരുന്നതും അറബി കവിതയിലായിരുന്നു. പണ്ട് കാലങ്ങളില്‍ പണ്ഡിതന്‍മാര്‍ അധികവും പള്ളികളിലാണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളുടെ സന്ദര്‍ശന വേളകളില്‍ പള്ളിച്ചുമരുകളില്‍ കവിതകള്‍ രേഖപ്പെടുത്തുക ഉമര്‍ഖാദിയുടെ പതിവായിരുന്നു. മലയാള പദങ്ങളും അറബി പദങ്ങളും കോര്‍ത്തിണക്കി നര്‍മരസത്തോടുകൂടിയ ധാരാളം കവിതകള്‍ അദ്ദേഹം രചിച്ചിരുന്നു. ഉമര്‍ഖാദിയുടെ കവിതകള്‍ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ചിലപ്പോള്‍ അദ്ദേഹം പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചായിരിക്കും കവിത രചിക്കുക. 'ലാഹല്‍ ഹിലാലു' എന്ന് തുടങ്ങി പ്രവാചകനെ സ്തുതിച്ചുകൊണ്ടെഴുതിയ 25 ഈരടികളടങ്ങിയ കവിത സുപ്രസിദ്ധമാണ്. പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു മറ്റൊരു ലഘുപ്രവാചക കീര്‍ത്തനവും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഉമര്‍ഖാദി ധാരാളം അനുശോചന കവിതകളും  രചിച്ചിട്ടുണ്ട്. തന്റെ സ്‌നേഹിതന്മാരോ ഗുരുഭൂതന്മാരോ സമകാലിക പണ്ഡിതന്മാരോ മരിക്കുമ്പോള്‍ അനുശോചനകാവ്യങ്ങള്‍ അദ്ദേഹം രചിച്ചിരുന്നു. അവ പലതും പള്ളികളുടെ ഭിത്തികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മമ്പുറം സയ്യിദ് അലവി തങ്ങളെക്കുറിച്ച് രചിച്ച വിലാപകാവ്യം സുപ്രധാനമാണ്. കോഴിക്കോട് ഖാദി മുഹ്‌യുദ്ദീനെ പ്രശംസിച്ചുകൊണ്ട് കുറ്റിച്ചിറയിലെ മിശ്കാല്‍  പള്ളിയുടെ ചുമരില്‍ ഒരു കവിത എഴുതിവെച്ചിരുന്നു.

അതിയായ പ്രവാചക സ്‌നേഹത്താല്‍ വൈകാരികമായ കവിതകളെഴുതിയിരുന്നു ഉമര്‍ഖാദി. അദ്ദേഹത്തിന്റെ ജീവിതത്തിലെ അത്ഭുത സിദ്ധിയായി അദ്ദേഹത്തിന്റെ ഹജ്ജ് യാത്രയിലെ റൗദ:ശരീഫ് സന്ദര്‍ശനം ചില ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1209/1793-ലായിരുന്നു അത്. റൗദ ശരീഫിനടുത്ത് ഏറെനേരം പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പ്രവാചക സ്‌നേഹം അണപ്പൊട്ടിയൊഴുകി. റൗദ: ശരീഫിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തുടര്‍ന്ന് റസൂലിന്റെ പേരില്‍ സ്വലാത് ചൊല്ലിക്കൊണ്ടും റസൂലിനെ പ്രകീര്‍ത്തിച്ചുകൊണ്ടും ഈ വിധം ആരംഭിക്കുന്ന കവിത ആലപിച്ചു. ''ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമയെന്ന് അല്ലാഹു പ്രസ്താവിച്ച അബ്ദുല്ലായുടെ പുത്രന് അല്ലാഹു അനുഗ്രഹം ചൊരിഞ്ഞു കൊടുക്കുമാറാകട്ടെ. അവിടന്ന് ക്രൂരനും കഠിന ഹൃദയനുമായിരുന്നില്ല. മറിച്ച് സത്യവിശ്വാസികളോട് വാത്സല്യവും കൃപയുള്ളവനുമായിരുന്നു. അദ്ദേഹത്തിന് അനുഗ്രഹവും സമാധാനവും ലഭിക്കുവാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക''
വിവിധ വിഷയങ്ങളെക്കുറിച്ച് ഉമര്‍ഖാദി രചിച്ച കൃതികള്‍ അറബിഭാഷയില്‍ മികച്ച സ്ഥാനം നേടി. തന്റെ കവിതകളിലധികവും പ്രവാചക സ്തുതിഗീതങ്ങളായിരുന്നു. മികവുറ്റ കവിയും അറബിഭാഷാ പണ്ഡിതനുമായിരുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ഭാവനാസമ്പന്നവും ശൈലീഭദ്രവും ആശയഗംഭീരവുമായിരുന്നു. മഖാസ്വിദുന്നികാഹ് (വിവാഹോദ്ദേശ്യങ്ങള്‍) നഫാഇസുദുറര്‍ (അമൂല്യമുത്തുകള്‍) ഉസൂലുദബഹ് (അറവ് നിയമങ്ങള്‍) എന്നിവ അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര സംബന്ധിയായ കൃതികളാണ്. സ്തുതി ഗീതങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന, ഖസ്വീദതുല്‍ ഉമരി ഫീ മദ്ഹില്‍ ഖൈരില്‍ ബരിയ്യ, ലാഗല്‍ ഹിലാല്‍, ലമ്മാളഹറാ, അല്ലഫന്‍ ആസി, ഖസീദതുന്‍ ബി അസ്മാഅുല്‍ ഖുര്‍ആന്‍, രിസാലതുന്‍ ഫീ ഹുക്വില്‍ അഖ് അഖ്, ഖസീദതുന്‍ ബില്‍ ഹുറൂഫില്‍ മുജ്മഅ, മമ്പുറം തങ്ങളുടെ പേരിലുള്ള വിലാപകാവ്യം എന്നിവയും ഉമര്‍ഖാദിയുടെ രചനകളാണ്.
ഹി. 1323-ല്‍ അന്തരിച്ച കൊങ്ങണം വീട്ടില്‍ ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ ഉസ്യുലൂദുബ്ഹും സുയൂത്വിയുടെ ശര്‍ഹുന്‍ അലല്‍ ഖാഇദതില്‍ മശ്ഹൂറയും അടങ്ങുന്ന ഉമര്‍ഖാദിയുടെ നോട്ടുപുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഉമര്‍ഖാദി രചിച്ച തറാജിമുല്‍ മുഹല്ലലാത്, തറാജിമുല്‍ മുഹര്‍റമാതി എന്നീ അറബി മലയാള പദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണയോഗ്യമായതും അല്ലാത്തതുമായ ജീവികളെക്കുറിച്ചാണ് ഈ ലഘുരചനയില്‍ പ്രതിപാദിക്കുന്നത്. സകാത്ത് കൊടുക്കേണ്ട ധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും വിശദീകരിക്കുന്ന പാട്ടുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
വന്ദ്യവയോധികനും ധീരദേശാഭിമാനിയും ജ്ഞാനവൃദ്ധനുമായ ഉമര്‍ഖാദി എ.ഡി.1852-ല്‍  ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ഖബര്‍ വെളിയങ്കോട് ജുമാഅത്ത് പള്ളിയുടെ കിഴക്കുവശത്താണ് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തെക്കുറിച്ച് പ്രഗ്ത്ഭപണ്ഡിതനായിരുന്ന അമ്മുക്കോയ മുസലിയാര്‍ എഴുതിയ വിലാപകാവ്യത്തില്‍ പ്രസ്താവിച്ചിരിക്കുന്നത് ഇങ്ങനെയാണ്.''

''ഇക്കാലത്തെ പണ്ഡിതസൂര്യന്‍ അസ്തമിച്ചു ഘോരാന്ധകാരം ഇതാ തേര്‍വാഴ്ച നടത്താന്‍ പോകുന്നു. ഇനി സമുദായത്തില്‍ ഒരു ഉമര്‍ഖാസി ജനിക്കുമോ. സംശയമാണ്. കാലം കനിഞ്ഞരുളിയ ഒരു അത്ഭുത പ്രതിഭാസമായിരുന്നു ഉമര്‍ഖാസി.''

author image
AUTHOR: നിദ ലുലു കെ.ജി
   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)