സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ : ഒമാനില്‍ ഭരണം നടത്തിയ മലയാളി

റഹ്മത്തുല്ല മഗ്‌രിബി  

ലബാറില്‍ എത്തിയ സയ്യിദുമാരില്‍  അധികവും യമനിലെ തരീം എന്ന പ്രദേശത്ത് നിന്നുള്ളവര്‍ ആയിരുന്നു. അഹമ്മദ് ബിന്‍ ഈസ അല്‍ മുഹാജിര്‍ തരീമില്‍ ഉണ്ടാക്കിയ ശക്തമായ മതപഠനത്തിന്റെയും ശുദ്ധമായ ഇസ്‌ലാമിന്റെയും സന്തതികള്‍ ആയിരുന്നു തരീമില്‍ നിന്ന് വന്ന ഈ പ്രവാചക കുടുംബങ്ങളും. മമ്പുറം തങ്ങള്‍ എന്ന് അറിയപ്പെടുന്ന സയ്യിദ് അലവി ബിന്‍ മുഹമ്മദ് മലബാറില്‍ എത്തിയത് തന്റെ പതിനെട്ടാം വയസ്സില്‍ ആണ്. പതിനെട്ടുവയസ്സുവരെ തരീമില്‍ വച്ച് ലഭിച്ച പ്രത്യേക മതവിദ്യാഭ്യാസം കഴിഞ്ഞുതന്നെ ആയിരിക്കണം സയ്യിദ് അലവി നാടുവിട്ടത്, അല്ലെങ്കില്‍ സയ്യിദ് അലവിയെ അമ്മാവന്‍ ജിഫ്രി കേരളത്തിലേക്ക് കൊണ്ടുവന്നത്.
 യാഥാസ്ഥിതികത്വവും സൂഫീ ശൈലിയും ഇടകലര്‍ന്ന   മതജീവിതമായിരുന്നു തരീമിലെ സയ്യിദുമാരുടേത്. ശക്തമായ ഇസ്‌ലാമിക വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. വസ്ത്രധാരണമാവട്ടെ, യമനിലെ പരമ്പരാഗത ശൈലിയിലും. മലബാറിലെ മുസ്‌ലിം പുരോഹിതര്‍ക്കിടയില്‍ വ്യാപകമായത് യമനിലെ ഈ വസ്ത്രധാരണ ശൈലിയായിരുന്നു എന്ന് അനുമാനിക്കാം. സയ്യിദ് കുടുംബത്തോട് പണ്ട് ഇറാഖിലെ ജനങ്ങള്‍ കാണിച്ചിരുന്ന അത്രയോ അതിലധികമോ ബഹുമാനം ആയിരുന്നു മലബാറുകാര്‍ക്കും. അതിനാല്‍ അവരുടെ ജീവിതശൈലി അപ്പാടെ മലയാളികള്‍ പകര്‍ത്തി. മലബാര്‍ മുസ്‌ലിംകളുടെ ഭാഷയിലെ അറബിപ്പദങ്ങള്‍ മാത്രമല്ല, ഭക്ഷണത്തിലെ പ്രത്യേകതകളായ ഒരു പാത്രത്തില്‍ നിന്ന് ഒന്നിച്ചു ഉണ്ണുക, വെള്ളിയാഴ്ചയിലെ മാംസഭക്ഷണം തുടങ്ങിയവയും തരീമിലെ സയ്യിദുമാരില്‍ നിന്ന് വന്നതാണ്. അറബി ഉച്ചാരണത്തിലെ അനുനാസികത കലര്‍ന്ന യമനി ശൈലി വരെ മലബാറിലെ മുസ്‌ലിംകളില്‍ വ്യാപിച്ചു. ചുരുക്കത്തില്‍ സയ്യിദ് കുടുംബത്തെ  മതപരമായും പൊതുജീവിതത്തിലും പിന്‍പറ്റുക ആയിരുന്നു മലബാറിലെ മുസ്‌ലിംകള്‍.
1823 ല്‍ ആണ് സയ്യിദ് ഫസല്‍ ജനിക്കുന്നത്; മമ്പുറത്തു സയ്യിദ് അലവിയുടെ വീട്ടില്‍. ചെറുപ്പം മുതലെ പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സയ്യിദ് ഫസല്‍ അസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഹദര്‍മൗത്തിലെ അതേ രീതിയിലുള്ള ശിക്ഷണത്തിലാണ് പിതാവ് ഫസലിനെയും വളര്‍ത്തിയത്. അതിനാല്‍തന്നെ അറബി ഭാഷയില്‍ സയ്യിദ് ഫസല്‍ പെട്ടെന്ന് വ്യൂല്‍പത്തി നേടി. പിതാവിന് പുറമേ ചാലിലകത്തു ഖുസയ്യ് ഹാജിയുടെ അടുത്തുനിന്നും ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ചരിത്രത്തിലും സയ്യിദ് ഫസല്‍ അഗാധ പാണ്ഡിത്യം നേടി. വെളിയങ്കോട് ഉമര്‍ ഖാദിയും ഫസലിന്റെ ഗുരു ആയിരുന്നു എന്ന് പറയപ്പെടുന്നു. സയ്യിദ് അലവിയുടെ കാലശേഷം മലബാറില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മീയവും രാഷ്ട്രീയവുമായ എല്ലാ നേതൃത്വവും സയ്യിദ് ഫസലില്‍ ആണ് വന്നുചേര്‍ന്നത്. മമ്പുറത്തു തന്റെ പിതാവ് ഇമാമായിരുന്ന ചെറിയ പള്ളി വിപുലീകരിച്ചത് ഫസല്‍ ആണ്. അറബി ഭാഷയില്‍ അവഗാഹമുണ്ടായിരുന്ന സയ്യിദ് ഫസല്‍, മലയാളവും അറബിയും നന്നായി സംസാരിക്കാന്‍ അറിയുന്ന ആളുമായിരുന്നു. 

വംശാവലി
കേരളത്തില്‍ ലഭ്യമായ വംശാവലിയാണ്  സാധാരണ ഈ വിഷയത്തില്‍ അവലംബമാക്കാറുള്ളത്. അത് പ്രകാരം, മമ്പുറം തങ്ങളുടെ വംശാവലി അദ്ദേഹത്തിന്റെ അമ്മാവന്‍ ജിഫ്രിയുടെ വംശാവലി അതായത് മാതാവിലൂടെ ഉള്ള വംശാവലി ആണ്. എന്നാല്‍ അത് എത്രമാത്രം സൂക്ഷ്മമാണെന്ന് പഠനം നടത്തേണ്ടതുണ്ട്. സയ്യിദ് ഫസല്‍ ബിന്‍ അലവി ബിന്‍ മുഹമ്മദ് ബിന്‍ സഹല്‍ വരെ നമുക്കറിയാം. എന്നാല്‍ അലവിയുടെ പിതാമഹന്‍ സഹലിന്റെ വംശാവലിയും സയ്യിദ് അലവിയുടെ മാതാവിന്റെ വംശാവലിയും എവിടെ വെച്ച് ചേരുന്നു എന്ന് കേരളത്തില്‍ ലഭ്യമായ ഉറവിടങ്ങളില്‍ ഇല്ല. അതിനാലാണ് അറബി നാടുകളില്‍ ഉള്ള ഉറവിടം നോക്കി പോകേണ്ടി വന്നത്. പ്രവാചകനില്‍ നിന്ന് ഇമാം അഹ്മദ് അല്‍ മുഹാജിര്‍ വരെയുള്ള വംശാവലിയും അഹ്മദ് അല്‍ മുഹാജിര്‍ മുതല്‍ മുഹമ്മദ് ബിന്‍ അലി 'സാഹിബ് മിര്‍ബാത്' വരെയുള്ള വംശാവലിയും ലഭ്യമാണ്. മാത്രമല്ല, സയ്യിദ് അലവിയുടെ വംശാവലി 'സാഹിബ് മിര്‍ബാതി'ല്‍ എത്തുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. സയ്യിദ് ഫസലിന്റെ പരമ്പര ഇങ്ങിനെയാണ്: ഫസല്‍ /അലവി/ മുഹമ്മദ് - സഹല്‍/ മുഹമ്മദ് - അഹ്മദ്/സുലൈമാന്‍/ ഉമര്‍/ മുഹമ്മദ് - സഹല്‍/അബ്ദുറഹ്മാന്‍ മൌലാ ഖൈല/ അബ്ദുല്ലാഹ് /അലവി /മുഹമ്മദ് മൌലദ്ദവീല (കുടുംബ സ്ഥാപകന്‍)/അലി/അലവി/മുഹമ്മദ് അല്‍ ഫഖീഹ് അല്‍ മുഖദ്ദം/ അലി/മുഹമ്മദ് സാഹിബ് മിര്‍ബാത്ത്/അലി/അലവി മുഹമ്മദ്  അലവി/അബ്ദുല്ല എന്ന ഉബൈദുല്ല/അഹ്മദ്/ഈസാ അല്‍ റൂമി/മുഹമ്മദ്/ - അലി അല്‍ ഉരൈദി/ജാഫര്‍ സാദിഖ്/ മുഹമ്മദ് ബാഖിര്‍/അലി സൈനുല്‍ ആബിദീന്‍/ഇമാം ഹുസൈന്‍/അമീറുല്‍ മുഅ്മിനീന്‍ അലി / ഫാത്തിമ/ മുഹമ്മദ് നബി(സ). കേരളത്തില്‍ ലഭ്യമായ പരമ്പരയെക്കാള്‍ ഈ പരമ്പരയാണ് കൂടുതല്‍ വിശ്വാസ യോഗ്യമായിട്ടുള്ളത്. എന്തെന്നാല്‍ നിരവധി വിശ്വാസ യോഗ്യമായ പരമ്പരകള്‍ താരതമ്യങ്ങള്‍ ചെയ്താണ് സയ്യിദ് കുടുംബം ഈ പരമ്പര തങ്ങളുടെ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ
പിതാവ് സയ്യിദ് അലവി തങ്ങള്‍ മരിക്കുമ്പോള്‍ (1844)സയ്യിദ് ഫസലിന് ഇരുപത് വയസ്സായിരുന്നു. അപ്പോഴേക്കും നല്ല പണ്ഡിതന്‍ ആയിരുന്നെങ്കിലും  മക്കയിലേക്ക് ഉപരിപഠനത്തിനുവേണ്ടി പോവുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന്  അഞ്ചു വര്‍ഷങ്ങള്‍ മക്കയില്‍ ആയിരുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന് ഇബ്‌നു അബ്ദില്‍ വഹാബിന്റെ സലഫി വീക്ഷണങ്ങള്‍ അടുത്തറിയാന്‍ സാധിച്ചതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഈ സ്വാധീനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മക്കയില്‍  പുറത്തുനിന്നുവന്ന ഹദറമികള്‍ ഒരുപാടുള്ള സമയം കൂടിയായിരുന്നു അത്. 1849 ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ഫസല്‍ പിതാവിന്റെ സ്ഥാനം ഏറ്റെടുത്തു. മമ്പുറം പള്ളി വികസിപ്പിച്ചു.  അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മലബാറിലെ ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ സ്വാധീനം ചെലുത്തി. എത്രത്തോളമെന്നുവെച്ചാല്‍ അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതല്‍ ഇസ്‌ലാമികമായ ഒരു ബാധ്യത ആയി ജനങ്ങളെ ബോധ്യപ്പെടുത്താനും അതില്‍ സംഭവിക്കുന്ന മരണം രക്തസാക്ഷിത്വമാണ് എന്നു അവരെ പഠിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒരുവേള, മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ തന്റെ പിതാവ് സയ്യിദ് അലവിയെക്കാളും സ്വാധീനമുള്ള വ്യക്തിയായി സയ്യിദ് ഫസല്‍ മാറി.
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം ഇസ്‌ലാമിക പോരാട്ടവും അതിനു മുന്നിട്ടിറങ്ങല്‍ മതപരമായ ബാധ്യതയും ആയപ്പോള്‍ മാപ്പിളമാര്‍ കൂട്ടത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിഞ്ഞു. നിരവധി പോരാട്ടങ്ങള്‍ക്ക്  ഫസല്‍ ഊര്‍ജ്ജം പകര്‍ന്നു. ഫസലിന്റെ ഈ മുന്നേറ്റം ബ്രിട്ടീഷുകാര്‍ക്ക്  ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ചു. സയ്യിദ് ഫസലിനെ അവര്‍ ഒരു നോട്ടപ്പുള്ളിയായി കണ്ടു. ഫസല്‍ മലബാറില്‍ ഇല്ലാതാവല്‍ ബ്രിട്ടീഷുകാരുടെ ആവശ്യമായി മാറി.  ഈ പോരാട്ടങ്ങള്‍ക്കിടെ സയ്യിദ് ഫസലിന്റെ ഒരു പാട് കറാമത്തുകള്‍ (ദിവ്യ കഴിവുകള്‍) ജനങ്ങള്‍ മനസ്സിലാക്കിയതായി വാമൊഴി ചരിത്രങ്ങളില്‍ ഉണ്ട്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തില്‍ മുസ്‌ലിംകളോടൊപ്പം കീഴാളരെ കൂടി ചേര്‍ത്തുപിടിക്കുകയാണ് ഫസല്‍ ചെയ്തത്. തന്റെ പ്രസംഗങ്ങളിലൂടെയും ഖുതുബകളിലൂടെയും മുസ്‌ലിംകള്‍ക്കും  കീഴാളര്‍ക്കും  ഇടയില്‍ ഫസല്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ഐക്യം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി. ബലം പ്രയോഗിച്ചു കുടിയാനെ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്ന അദ്ദേഹത്തിന്റെ നിലപാട് ജന്മികളെ ശരിക്കും വിറളിപിടിപ്പിച്ചു. ഇത് പിന്‍വലിക്കാന്‍ അധികാരികള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ഒരേ സമയം ആത്മീയവും രാഷ്ട്രീയവുമായിരുന്നു ഈ നേതൃത്വം. സയ്യിദ് ഫസല്‍ വിവിധ ദേശങ്ങളില്‍ വിവിധ പേരുകളില്‍ ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഈ രണ്ടു ഭാവവും പൂര്‍ണമായും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ജനങ്ങളെ ധാര്‍മികമായി നയിച്ച ഒരു ആത്മീയനേതാവ്. അതേസമയം ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പോരാട്ടങ്ങള്‍ കാഴ്ചവെച്ച രാഷ്ട്രീയ നേതാവ്. ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ അനുസരിച്ച് അദ്ദേഹം ഒരു മതഭ്രാന്തനായ പണ്ഡിതന്‍ ആയിരുന്നു. ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായ അദ്ദേഹം അക്കാലത്ത് ബ്രിട്ടീഷുകാരുടെ ശത്രുവായിരുന്ന തുര്‍ക്കി  സുല്‍ത്താന്റെ ശ്രദ്ധയില്‍പെട്ടു. അത് തുര്‍ക്കി  സാമ്രാജ്യത്തില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വര്‍ധിക്കുന്നതിനു കാരണമാക്കി. സുല്‍ത്താന്മാര്‍ക്ക് മാത്രം നല്‍കുന്ന ‘പാഷാ’ എന്ന പദവി തുര്‍ക്കിസുല്‍ത്താന്‍ അദ്ദേഹത്തിന് നല്‍കി.
നാടുകടത്തപ്പെട്ടതിന് ശേഷം ഒരു ദേശത്തിന്റെ ഭരണാധികാരിയായി മാറുന്ന അപൂര്‍വതയും സയ്യിദ് ഫസലില്‍ കാണാം. ഒട്ടോമന്‍ തുര്‍ക്കിയുടെ കീഴിലായിരുന്ന (ഒമാന്റെ കീഴിലാണെന്ന അഭിപ്രായവുമുണ്ട്) ഒമാനിലെ ദോഫാര്‍ എന്ന രാജ്യത്തിന്റെ ഭരണാധികാരിയായി കുറച്ചുകാലം സയ്യിദ് ഫസല്‍ കഴിഞ്ഞു. പോരാളി, ഭരണാധികാരി, തുര്‍ക്കി സുല്‍ത്താന്റെ ഉപദേഷ്ടാവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വങ്ങളില്‍  മമ്പുറം സയ്യിദ് ഫസല്‍ ബിന്‍ അലവി തങ്ങള്‍ വിജയിച്ചു. തന്റെ പിതാവില്‍ നിന്ന് ലഭിച്ച രാഷ്ട്രീയ - ആത്മീയ വ്യക്തിത്വ സമന്വയം ഫസലിന്റെ മത ജീവിതത്തെ സ്വാധീനിച്ചത് എങ്ങിനെ എന്നത് രസാവഹമാണ്. മമ്പുറത്തുകാരുടെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കറാമത്തുകള്‍ കാണിച്ച മതപണ്ഡിതന്‍ ആയിരുന്നു. അതേസമയം ഒരു പോരാളിയും ബ്രിട്ടീഷ് വിരുദ്ധ സമരനായകനും ആയിരുന്നു.  പക്ഷെ, ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍  യാഥാസ്ഥികത്വം വലിച്ചെറിഞ്ഞ്, രാഷ്ട്രീയവും മതവും ഒന്നിച്ചുപോകുന്ന സലഫിസത്തിന്റെ നിലപാട് പിന്തുടരുന്നതായും കാണുന്നു. പാന്‍ ഇസ്‌ലാമിസത്തിന്റെ വക്താവായ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ആദര്‍ശങ്ങളും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചതായി തങ്ങളുടെ ജീവിതം സൂക്ഷമമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. (MH Ilyas)
   പ്രവാചകകുടുംബത്തിലെ ഇസ്‌ലാമിക പണ്ഡിതനായതിനാല്‍ സയ്യിദ് ഫസല്‍ മലബാറിലെ  മുസ്‌ലിംകള്‍ക്കിടയില്‍ ഉന്നതസ്ഥാനീയന്‍ ആയിരുന്നു. ഹിന്ദു ജന്മികളെ സഹായിക്കുന്ന ബ്രിട്ടീഷ് നിലപാടിനെ ഫസല്‍ ശക്തമായി എതിര്‍ത്തു. ഈ വിഷയകമായി അദ്ദേഹം ഒരു ലഘുലേഖ എഴുതുകയുണ്ടായി. അറബിയില്‍ എഴുതിയ ആ ലഘുലേഖയുടെ തലക്കെട്ട്  ഉദ്ദതുല്‍ ഉമറാ വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വ അബദത്തില്‍ അസ്‌നാം” എന്നതായിരുന്നു. ഇതിന്റെ കയ്യെഴുത്തുപ്രതി വിവിധ മഹല്ലുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നുവത്രെ. പിന്നീട് ഇസ്തംബൂളില്‍ ഇത് പ്രസിദ്ധിപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം പണ്ഡിതന്മാരെയും സാധാരണക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു എഴുത്തായിരുന്നു അത്. കേവല ജിഹാദിന് പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ഥം മാത്രമായിരുന്നില്ല 'ഉദ്ദത്ത്'. മറിച്ച് ജിഹാദിന്റെ മുന്നുപാധികളായി പ്രബോധനം, സംസ്‌കരണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറയുന്നു. പൊതു സമൂഹത്തെ ബാധിച്ച  ഭൗതികതൃഷ്ണയാണ് സമുദായത്തിന്റെ പരാജയത്തിന്റെ കാരണമായി അദ്ദേഹം എടുത്തുപറയുന്നത്. മുസ്‌ലിം സമൂഹം ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടുന്ന വെല്ലുവിളി അവര്‍ സ്വയം നന്നാകാത്ത കാലത്തോളം തുടരും എന്ന് അദ്ദേഹം ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു. സമുദായ സമുദ്ധാരണത്തിന് അദ്ദേഹം എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്ന് മനസ്സിലാക്കാന്‍ മുട്ടുംവിളി നേര്‍ച്ചക്കെതിരെ അദ്ദേഹം കൊടുത്ത ഫത്‌വ തെളിവാണ്. ഇസ്‌ലാമികമായ തങ്ങളുടെ ഉത്തരവാദിത്തം എന്ന അര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ സയ്യിദ് ഫസല്‍ മാപ്പിളമാരെ പ്രേരിപ്പിക്കുന്നെന്ന വിവരം കലക്ടര്‍ കനോലി അറിഞ്ഞതോടെ ആ എഴുത്തിന്റെ പ്രചരണം തടഞ്ഞു. പാണക്കാട് സയ്യിദ് ഹുസൈന്‍ തങ്ങളും സയ്യിദ് ഫസല്‍ തങ്ങളും സമകാലികരായിരുന്നു. ‘നികുതി നിഷേധത്തിന് ജനതയെ പ്രേരിപ്പിക്കുന്നു എന്ന പേരില്‍ രണ്ടു പേര്‍ക്കുമെതിരെ ബ്രിട്ടീഷുകാര്‍ കുറ്റം ചുമത്തുകയും ചെയ്തു. തങ്ങള്‍ തന്റെ പോരാട്ട സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ബ്രിട്ടീഷുകാര്‍ ആ വിവരം ഗൗരവത്തില്‍ എടുത്തിരുന്നു. അന്നത്തെ കളക്ടര്‍ കനോലി ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് ഗവര്‍ണര്‍ക്ക് ഇങ്ങിനെ എഴുതി -  തങ്ങള്‍ എല്ലാ വിധത്തിലും അപകടകാരിയാണ്. പോലീസുകാര്‍ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്തിനുള്ളിലെ സാമ്രാജ്യമാണ്.”

നാടുകടത്തല്‍
സാമൂഹികമായി ഉണര്‍വ് സൃഷ്ടിക്കാന്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബകളായിരുന്നു ഫസല്‍ ഉപയോഗിച്ചത്. നിലവിലെ സാഹചര്യങ്ങളെ നിരൂപണം ചെയ്തും സമൂഹത്തെ ഉണര്‍ത്തിയും നിര്‍വഹിച്ചിരുന്ന ഖുതുബകളിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലും അദ്ദേഹമെത്തി. വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിതശൈലിയിലും കടന്നുവന്ന അനിസ്‌ലാമികതകളെ കര്‍ക്കശമായി ഉപേക്ഷിക്കാനുണര്‍ത്തിയ സയ്യിദ് ഫസല്‍ ആ അര്‍ഥത്തില്‍, സാമൂഹിക പരിഷ്‌കരണത്തിന്റെ കൂടി ശില്പിയാണ്. ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാനങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം മുസ്‌ലിംകളെ ഉദ്‌ബോധിപ്പിച്ചു.  ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇസ്‌ലാമിക വിരുദ്ധമായ ചില കാര്യങ്ങള്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിക്കുകയായിരുന്നു അദ്ദേഹം ചെയ്ത മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ നാലു വിധിപ്രഖ്യാപനം’ഇങ്ങനെയായിരുന്നു.
1.    ജന്മികള്‍ക്കു  മുമ്പില്‍ കുമ്പിട്ടുനില്‍ക്കുന്ന രീതി പാടില്ല. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അവന്റെ മുമ്പില്‍ മാത്രമേ അങ്ങനെ ചെയ്യാന്‍ അനുവാദമുള്ളൂ.
2.    അല്ലാഹു അല്ലാത്ത ഒരാളെയും വണങ്ങരുത്.
3.     ജന്മികളുടെ ഉച്ഛിഷ്ടം ഭക്ഷിക്കരുത്. അല്ലാഹുവിനെ വാഴ്ത്തുന്ന പ്രയോഗങ്ങള്‍ ജന്മികളെ വാഴ്ത്താന്‍ ഉപയോഗിക്കരുത്.
4. വെള്ളിയാഴ്ച ആരാധനയ്ക്കുള്ളതാണ്. അന്ന് കൃഷിജോലികള്‍ക്ക് പോകരുത്.
നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിംകളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഇസ്‌ലാമിക ജീവിത്തോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ  പോരാടേണ്ടതിനെപ്പറ്റിയും അദ്ദേഹം ജനങ്ങളെ ബോധവല്‍ക്കരിക്കുമായിരുന്നു. അത്തരത്തില്‍ വിളിച്ചുകൂട്ടുന്ന യോഗങ്ങള്‍ ബ്രിട്ടീഷുകാരോടും പാവപ്പെട്ടവരെ അടിമകളെപ്പോലെ ജോലിചെയ്യിപ്പിക്കുന്ന ജന്മിമാരോടും നേരിട്ടുള്ള വെല്ലുവിളിയായിരുന്നു. ഫസല്‍ തങ്ങള്‍ നേതൃത്വത്തില്‍ എത്തിയശേഷം നിരവധി ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങള്‍ക്ക് മലബാര്‍ സാക്ഷ്യംവഹിച്ചു. 1836 ല്‍ പന്തല്ലൂരും 1841 ല്‍ ചേറൂരും ശക്തമായ പോരാട്ടങ്ങള്‍ നടന്നു. 1849 ലെ മഞ്ചേരി കലാപം, 1851 കൊളത്തൂര്‍ കലാപം, 1852 ലെ മട്ടന്നൂര്‍ കലാപം.  ഇവയൊക്കെയും ഫസല്‍ തങ്ങളുടെ നേതൃത്വത്തില്‍ ആണെന്നാണ് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയത്. മാത്രമല്ല, നാട്ടില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരവധി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മാസ്റ്റര്‍ ബ്രയിന്‍ ഫസല്‍തങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിച്ചുതുടങ്ങി. അതിനാല്‍ സ്വന്തംനിലക്ക് മലബാര്‍ വിട്ടുപോവാന്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും 1852 ഫെബ്രുവരിയില്‍ അദ്ദേഹത്തെ നാടുകടത്താന്‍ അവര്‍ പദ്ധതിയിടുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം നിലനില്‍ക്കെത്തന്നെ ഫസല്‍ ഹജ്ജിനു പോകാന്‍ തീരുമാനിച്ചു. സയ്യിദ് ഫസലിനോട് അടുപ്പമുള്ള ചില ഉദ്യോഗസ്ഥന്മാര്‍ മുഖേന കനോലിസായിപ്പ് ഫസലിന്റെ മുമ്പില്‍ വെച്ച നിര്‍ദ്ദേശമായിരുന്നു നാടുവിടല്‍. താന്‍ നാട് വിട്ടില്ലെങ്കില്‍ തന്റെ അനുയായികളെ മൊത്തമായി ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കും എന്ന് ഭയപ്പെട്ട ഫസല്‍ അതിനേക്കാള്‍ നല്ലത് താന്‍ ഇവിടം വിടുന്നതാവും എന്ന് മനസ്സിലാക്കിയിരിക്കാം. 1852 മാര്‍ച്ച് പത്തൊമ്പതിന്, തന്റെ പിതാവിന്റെ മരണത്തിന്റെ എട്ടു വര്‍ഷത്തിനു ശേഷം, തന്റെ 29 മത്തെ വയസ്സില്‍ ഫസല്‍ തങ്ങള്‍ ഒരു അറേബ്യന്‍ കപ്പലില്‍ തന്റെ കുടുംബവും ചില സഹപ്രവര്‍ത്തകരുമായി മക്കയിലേക്കു തിരിച്ചു. തന്റെ രണ്ടു പുത്രന്മാരും സഹോദരി ഫാത്തിമയും ഉള്‍പ്പടെ 57 പേര്‍ കൂട്ടത്തിലുണ്ടായിരുന്നു. എണ്ണായിരത്തിലധികം പേര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തിച്ചേര്‍ന്നുവത്രെ. ഒരുവേള  ഫസല്‍ തങ്ങള്‍ മലബാറില്‍തന്നെ നില്‍ക്കുകയോ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നില്‍ക്കാന്‍ അനുവദിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ മലബാര്‍ചരിത്രം മറ്റൊന്നാകുമായിരുന്നു. 

ഇനിയൊരു തിരിച്ചുവരവ് സാധിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയത് മക്കയിലെത്തിയതിനു ശേഷമായിരുന്നു. ബ്രിട്ടീഷുകാര്‍ തന്ത്രപൂര്‍വം നാടുകടത്തുകയായിരുന്നുവെങ്കിലും അദ്ദേഹം ഹജ്ജിന് പോയതാണ് എന്ന് മുസ്‌ലിം പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.  പക്ഷെ, അത് അധികകാലം നീണ്ടുനിന്നില്ല. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന മലബാറില്‍ ഒരുപാട് സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ വിധിപറയുന്ന, ഒരുപാടു പേരാല്‍ ആശ്രയിക്കപെടുന്ന ഒരു വ്യക്തിയായിരുന്നു ഫസല്‍ പൂക്കോയ തങ്ങള്‍. ചുരുക്കത്തില്‍, ഒരു സമാന്തര ഭരണകൂടമായി തങ്ങളുടെ അധികാരം വളര്‍ന്നിരുന്നു. അതില്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന അതൃപ്തിയാണ് നാടുകടത്താനുള്ള തീരുമാനത്തിലെത്തിയത്.
വലിയ ഒരു വിപ്ലവത്തിനാണ് ഫസല്‍ തങ്ങളുടെ തിരോധാനം വഴിയൊരുക്കിയത്. മുസ്‌ലിം മനസ്സ് പ്രക്ഷുബ്ധമായി. 1855 സപ്തംബര്‍ 11 ന് മൂന്നുപേര്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കലക്ടര്‍ ബംഗ്ലാവില്‍ അതിക്രമിച്ച് കടന്ന് അന്നത്തെ മലബാര്‍ ജില്ലാ കളക്ടറും മലബാറിലെ പ്രസിദ്ധമായ കനോലി കനാല്‍, നിലമ്പൂരിലെ തേക്ക് തോട്ടം, നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍വെ എന്നിവയുടെ ശില്പിയുമായ കനോലി സായിപ്പിനെ കൊലപ്പെടുത്തുന്നതിലേക്കുവരെ ആ രോഷം പടര്‍ന്നു. കനോലിയുടെ കൊലപാതകം ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരോധത്തിന് ഊക്കുപകര്‍ന്നു. വ്യാപകമായ അക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പിന്നീട്. നിരവധി മാപ്പിളമാരെ കൊന്നൊടുക്കി. വിവിധ പ്രദേശങ്ങളില്‍ കൂട്ടപ്പിഴ ചുമത്തി.
ആരെയും കൂസാതിരുന്ന ഫസല്‍ തങ്ങള്‍ സ്വന്തംനിലക്ക് നാടുവിടാന്‍ എടുത്ത തീരുമാനം ഈ രൂപത്തില്‍ പര്യവസാനിക്കുമെന്നു മനസ്സിലാക്കിയിരുന്നില്ല. ഹജ്ജ്കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ മലബാറില്‍ തിരിച്ചെത്തണം എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.  ബ്രിട്ടീഷുകാര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് ഫസല്‍തങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത് തടഞ്ഞു വെച്ചു.  മക്കയിലെത്തിയ ഫസല്‍ തങ്ങളും കുടുംബവും ഒരു വര്‍ഷത്തോളം ഹിജാസില്‍തന്നെ കഴിഞ്ഞു. അതിനിടെ തന്റെ ഉപ്പയുടെ ദേശമായ ഹദര്‍മൗത്തില്‍ പോയി താമസിക്കാന്‍ അദ്ദേഹം ശ്രമിച്ചതായും മക്കയില്‍നിന്ന് ഹദര്‍മൗത്തില്‍ എത്തിയതായും ഖൈറുദ്ദീന്‍ സര്‍കലിയെപ്പോലുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്. പക്ഷെ, ഹദറമൗത്തില്‍ അധികം നില്ക്കാതെ അദ്ദേഹം മക്കയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

മക്കയില്‍
ഇന്ത്യയിലേക്ക് തിരിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ മക്കയില്‍തന്നെ താമസിക്കാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മക്കയില്‍ വന്നു താമസിക്കല്‍ അന്ന് പതിവായിരുന്നു. പക്ഷെ, ഇന്ത്യയില്‍നിന്ന് വന്ന ഒരു വലിയ ശൈഖ് ബ്രിട്ടീഷുകാരാല്‍ ഉപരോധിക്കപ്പെട്ടു മക്കയില്‍ ഉണ്ട് എന്ന വാര്‍ത്ത വളരെ പെട്ടെന്ന് അറേബ്യയില്‍ പരന്നു. തന്നെയുമല്ല, മക്കയിലാണ് ഫസല്‍ അഞ്ചു വര്‍ഷം പഠിച്ചത്. പഠനം കഴിഞ്ഞു ഇന്ത്യയിലേക്ക് പോയിട്ട് മൂന്ന് വര്‍ഷം മാത്രമേ ആയിരുന്നുള്ളൂ. അന്നത്തെ മക്കയിലെ ഗവര്‍ണര്‍ അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് ബിന്‍ ഔന്‍ അദ്ദേഹത്തെ സ്വീകരിച്ച് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. മക്കയില്‍ താമസമാക്കിയ അദ്ദേഹം അവിടത്തെ പണ്ഡിതന്മാരുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി. അതില്‍ പ്രമുഖന്‍ അന്നത്തെ പരിശുദ്ധ പള്ളികളുടെ മുഫ്തി ആയിരുന്ന ശൈഖ് അഹ്മദ് ദഹലാന്‍ ആയിരുന്നു. മക്കയില്‍ താമസിക്കേ 1853 ലാണ് തുര്‍ക്കി  സുല്‍ത്താന്റെ ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് കിട്ടുന്നത്. ഹിജാസ് വിട്ടു എങ്ങോട്ടും പോവരുത് എന്നായിരുന്നു അത്. ബ്രിട്ടീഷുകാര്‍ തുര്‍ക്കി സുല്‍ത്താനെ സ്വാധീനിച്ചു പുറത്തിറക്കിയ ഉത്തരവായിരുന്നു അത്.
അദ്ദേഹം മക്കയില്‍ അറിയപ്പെടുന്ന ഒരു പണ്ഡിതനായി മാറി. ഇന്ത്യ വിടുമ്പോള്‍ 29 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സയ്യിദ് ഫസല്‍ മക്കയിലെ താമസത്തിനിടയിലും മറ്റു പണ്ഡിതന്മാരുമായുള്ള ഇടപഴകലിലൂടെ വെജ്ഞാനിക രംഗത്ത് വലിയ വളര്‍ച്ച  ഉണ്ടാക്കി. വിവിധ ദേശത്തുനിന്നുള്ള ഹാജിമാരെ സേവിക്കുന്ന ഉപദേശങ്ങളും വിവിധ ഹജ്ജ് സംഘങ്ങള്‍ക്കിടയിലുള്ള പ്രശ്‌നപരിഹാരത്തിന് സമീപിക്കാവുന്ന വ്യക്തിത്വവും ആയി ഫസല്‍ മാറി. ആ പ്രശസ്തിയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മക്കയിലെ താമസത്തിനിടയിലും ബ്രിട്ടീഷുകാരോടുള്ള വിരോധം ഫസലിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ആന്‍ കെ ബാങ്ങ് രേഖപ്പെടുത്തിയപോലെ, 1858 ല്‍ ജിദ്ദയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തില്‍ നിരവധി പട്ടാളക്കാരും ഒഫീഷ്യലുകളും കൊല്ലപ്പെട്ടതിനു പിന്നില്‍ ഫസല്‍തങ്ങള്‍ ആണെന്ന് ബ്രിട്ടീഷുകാര്‍ കരുതുകയും അവരുടെ വിരോധം ഇരട്ടിക്കുകയും ചെയ്തു.

ദോഫാറിലേക്ക്
ഈ അവസരത്തില്‍ 1871 ല്‍  ഒമാനിലെ ദോഫാറില്‍ (ഇപ്പോഴത്തെ സലാല) നിന്ന് ഒരു സംഘം ഹജ്ജ് ചെയ്യാനെത്തി. പ്രശസ്തനായ ഈ പണ്ഡിതനെ അവര്‍ മക്കയില്‍ വെച്ച് കണ്ടു. അദ്ദേഹത്തിന്റെ വിശുദ്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും അവരെ വളരെയധികം ആകര്‍ഷിച്ചു. ദോഫാര്‍ ആ സമയത്ത് പ്രശ്‌നകലുഷിതമായിരുന്നു. ഗോത്രപരവും അല്ലാത്തതുമായ നിരവധി വിഷയങ്ങളില്‍ പരസ്പരം പോരടിക്കുന്ന  പ്രകൃതമായിരുന്നു അവരുടേത്. എന്നാല്‍ ഇസ്‌ലാമിന്റെ പേരില്‍ എല്ലാവരും ഒന്നിക്കണം എന്ന ബോധമുള്ളതിനാല്‍ ആല് കസീറിന്റെ (കസീര്‍ കുടുംബം) നേതൃത്വത്തില്‍ ഒരു സംഘം സയ്യിദ് ഫസലിനെ സമീപിച്ചു. സയ്യിദ് ഫസല്‍ ഭക്തനായ പണ്ഡിതന്‍ എന്നതിലുപരി, ഹദറമൗത്തില്‍ വേരുള്ള,  പ്രവാചക കുടുംബാംഗം കൂടിയായിരുന്നുവല്ലോ. സയ്യിദ് ഫസലിന്റെ  പൂര്‍വപിതാവ് മുഹമ്മദ് ബിന്‍ അലി ബിന്‍ അലവി (സാഹിബ് മിര്‍ബാത്) ദോഫാറിലെ മിര്‍ബാതില്‍ ആണ് ജീവിച്ചത്. അദ്ദേഹത്തിനോട് ദോഫാറുകാര്‍ക്ക്  വലിയ ബഹുമാനമായിരുന്നു.  തങ്ങളെ നയിക്കാനും ഒരുമിപ്പിക്കാനും വേണ്ടി ഒരാളെ തേടിനടന്ന അവരുടെ മുന്നില്‍കിട്ടിയ വലിയ ആശ്വാസമായിരുന്നു സാഹിബ് മിര്‍ബാതിന്റെ തലമുറയില്‍ പെട്ട സയ്യിദ് ഫസല്‍ ബിന്‍ അലവി. സയ്യിദ് ഫസല്‍ ആവട്ടെ, ഈ അവസരതത്തില്‍ തന്റെ പരമ്പരാഗത സൂഫീ ശൈലിയില്‍നിന്ന് അല്പം മാറി വഹാബി സ്വാധീനത്തില്‍ എത്തിയിരുന്നു. ഇസ്‌ലാമിക  ഭരണത്തിന്റെയും ഖിലാഫത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു തുടങ്ങിയിരുന്നു. ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയം ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഉറച്ചുവിശ്വസിച്ച് അതനുസരിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചതിനാണ് അദ്ദേഹം നാടുകടത്തപ്പെട്ടത്.  അതിനാല്‍ ദോഫാറുകാരുടെ ഈ ക്ഷണം അദ്ദേഹത്തിനു വലിയ സന്തോഷം നല്‍കി. തന്റെ മനസ്സിലുള്ള ഒരു ഇസ്‌ലാമികരാഷ്ട്രം (ബാഅലവി ഭരണകൂടം), സ്ഥാപിക്കുവാനുള്ള ആദ്യ പടിയായി അദ്ദേഹം അതിനെ കണ്ടു. ദോഫാര്‍ ആ രാഷ്ട്രത്തിന്റെ ആസ്ഥാനവും.
സയ്യിദ് ഫസലിന്റെ മനസ്സറിഞ്ഞ ദോഫാറുകാര്‍ നാട്ടിലേക്ക് മടങ്ങി ചര്‍ച്ചചെയ്തു അടുത്ത വര്‍ഷം വീണ്ടും സയ്യിദ് ഫസലിന്റെ അടുത്തെത്തി. അങ്ങിനെ അദ്ദേഹത്തിന് തങ്ങളുടെ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) അവര്‍ മക്കയില്‍ വെച്ച് തന്നെ ഒപ്പ് വെച്ചു. 1872 ഫെബ്രുവരി 27 ന്  ആയിരുന്നു അത്.  1874 ഒക്ടോബറില്‍  ആണ് അദ്ദേഹം ദോഫാറില്‍ എത്തുന്നത്. ഹിജാസ് വിട്ടു പോകരുത് എന്ന തുര്‍ക്കി സുല്‍ത്താന്റെ നിര്‍ദ്ദേശം നിലനിന്നതായിരുന്നു കാരണം. ദോഫാറിലേക്ക് പോകാന്‍ അനുവാദം ചോദിച്ച് അദ്ദേഹം സുല്‍ത്താന് കത്തയച്ചു. പക്ഷെ, ചില കാരണങ്ങളാല്‍ സുല്‍ത്താന്‍ അത് അനുവദിച്ചില്ല. ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദം ഈ വിഷയത്തിലും ഉണ്ടായി എന്ന് കരുതപ്പെടുന്നു. സയ്യിദ് ഫസല്‍ ആകട്ടെ, ഈ വിഷയത്തില്‍ സുല്‍ത്താനുമായി ഏറ്റുമുട്ടാന്‍ ആഗ്രഹിച്ചില്ല. അങ്ങിനെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുല്‍ത്താന്റെ അനുമതി ലഭിച്ചു. സയ്യിദ് ഫസല്‍ ദോഫാറിലേക്ക് തിരിച്ചു.

ദോഫാര്‍ ഭരണാധികാരി
ദോഫാറില്‍ എത്തിയ സയ്യിദ് ഫസല്‍ അത്ഭുതകരമായ മാറ്റമാണ് അവിടെ ഉണ്ടാക്കിയത്. ഗോത്രങ്ങള്‍ക്കിടയില്‍ ഇസ്‌ലാമികവും രാഷ്ട്രീയവുമായ ശക്തമായ അച്ചടക്കം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കുറഞ്ഞ കാലംകൊണ്ടുതന്നെ സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും തന്റെ രാജ്യത്തിന്റെ ആസ്ഥാനമാക്കി അദ്ദേഹം ദോഫാറിനെ മാറ്റി. താമസസ്ഥലത്തിന് ചുറ്റും രണ്ടു പാറാവുകോട്ടകള്‍, കുതിരകള്‍ക്ക്  ആലയങ്ങള്‍, പട്ടാളക്യാമ്പ്, ജയില്‍, അതിഥികള്‍ക്ക്  താമസകേന്ദ്രം എന്നിവ അദ്ദേഹം ഒരുക്കി. ആളുകള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നപരിഹാരത്തിന് തന്റെ മകനെ ഖാദിയായി നിയമിച്ചു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം തുര്‍ക്കി സുല്‍ത്താനുമായി വളരെ നല്ല ബന്ധം നിലനിര്‍ത്തുകയും സൈനികസഹായം ഉള്‍പ്പെടെ സര്‍വ പിന്തുണയും ആവശ്യപ്പെടുകയും ചെയ്തു. ദോഫാറിലെ ജനങ്ങള്‍ എല്ലാവരുംകൂടി ക്ഷണിച്ചാണ് സയ്യിദ് ഫസല്‍ എത്തിയതെങ്കിലും, അദ്ദേഹം അറിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. ദോഫാറിലെ ചില ഗോത്രങ്ങള്‍ മസ്‌കത്തിലെ സുല്‍ത്താനായിരുന്ന  സഈദ് ബിന്‍ സുല്‍ത്താന്‍ എന്ന രാജാവുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. സുല്‍ത്താനാവട്ടെ, ബ്രിട്ടീഷുകാരുടെ പിന്തുണപറ്റുന്ന ആളും അവരോടു സാമന്തകരാര്‍ ഉണ്ടാക്കിയ വ്യക്തിയും കൂടി ആയിരുന്നു. സയ്യിദ് ഫസലോ, ബ്രിട്ടീഷുകാരുടെ വിരുദ്ധചേരിയില്‍ നില്ക്കുന്ന തുര്‍ക്കി സുല്‍ത്താന്റെ പിന്തുണതേടുന്ന ആളും. 1829 ല്‍ ദോഫാര്‍ ആക്രമിച്ചത് മുതല്‍ മസ്‌കത്ത് സുല്‍ത്താന്റെ ഒരു സൈന്യം അവിടെ ഉണ്ടായിരുന്നു. 
ഹമൂദ് ബിന്‍ അസ്സാന്‍ ബിന്‍ ഖൈസ് എന്ന ആളുടെ നേതൃത്വത്തിലുള്ള ഒരു അഭ്യന്തര ലഹള നേരിടാന്‍ തന്റെ സൈന്യത്തെ മസ്‌കത്ത് സുല്‍ത്താന്‍ പിന്‍വലിച്ച സമയത്താണ് ഫസല്‍ ചെല്ലുന്നത്. അതിനാല്‍ ദോഫാറിന് പുറത്തുനിന്ന് ആരു വന്നാലും തടയാന്‍ വഴിയില്ലാതെ വന്നു. സയ്യിദ് ഫസല്‍ ഇത് നന്നായി മനസ്സിലാക്കിയിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതിനാലാണ് ഇസ്തംബൂളില്‍ നിന്ന് തുര്‍ക്കി  സുല്‍ത്താന്റെ കല്പന വരുന്നത് വരെ അദ്ദേഹം കാത്തുനിന്നത്. ആളുകളുടെ ഇടയിലുള്ള പ്രശ്‌നങ്ങളും മസ്‌കത്തിലെ സുല്‍ത്താനില്‍നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലി യായിരുന്നു താന്‍ തുര്‍ക്കിസുല്‍ത്താന്റെ സാമന്തനാണെണെന്ന ഫസല്‍തങ്ങളുടെ പ്രഖ്യാപനം. ദോഫാറിലെക്ക് പോകാന്‍ അനുവാദം ചോദിച്ചു തുര്‍ക്കിസുല്‍ത്താന് കത്തെഴുതിയപ്പോള്‍തന്നെ, സുല്‍ത്താന്റെ കീഴിലായിരിക്കും താന്‍ ഭരിക്കുക എന്ന് അദ്ദേഹം സൂചിപ്പിച്ചു. “ടോപ്‌കോപ്പി കൊട്ടാരത്തിനു (തുര്‍ക്കി സുല്‍ത്താന്റെ കൊട്ടാരം ബാബുല്‍ ആലീ) വേണ്ടി ദോഫാര്‍ ഭരിക്കുന്ന ആള്‍” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. തന്റെ പിന്നിലുള്ള വലിയ ശക്തിയെ സൂചിപ്പിക്കുകകൂടി ആയിരുന്നു ആ പ്രയോഗം. 
എന്നാല്‍ ഇത് നേരെ വിപരീതഫലം ഉണ്ടാക്കി. കാരണം 1829 ലെ ആക്രമണം മുതല്‍ മസ്‌കത്തിലെ സുല്‍ത്താന്‍ സഈദ് ആവട്ടെ, ദോഫാര്‍ പ്രവിശ്യ തന്റെ ഭരണത്തിന് കീഴിലുള്ളതായാണ് കരുതി പോന്നിരുന്നത്. പിന്നീടങ്ങോട്ട് സയ്യിദ് ഫസലിന്റെ ചരിത്രം തുര്‍ക്കിസുല്‍ത്താന്റെയും ബ്രിട്ടീഷ് സഹായത്തിലുള്ള മസ്‌കത്ത് സുല്‍ത്താന്റെയും ഇടയില്‍പെട്ട് കിടക്കുന്നു. സൗദിയിലെ കിംഗ് ഫൈസല്‍ സര്‍വലാശാലയിലെ ഡോ. സഈദ് ബിന്‍ ഉമര്‍ ആല്‍ ഉമറിന്റെ ഒരു പ്രബന്ധത്തിന്റെ തലക്കെട്ടുതന്നെ ദോഫാറിലെ ഫസല്‍ ബിന്‍ അലവിയുടെ ഭരണം: ഉസ്മാനി പിന്തുണയ്ക്കും ബ്രിട്ടീഷ് ഒമാന്‍ എതിര്‍പ്പിനും മധ്യേ”എന്നതാണ്. ഫസല്‍ വന്ന് അധികം താമസിയാതെത്തന്നെ മസ്‌കറ്റിലെ സുല്‍ത്താന്‍ വിവരം ബ്രിട്ടീഷ് ഇന്ത്യയെ അറിയിച്ചു. 'അവര്‍ പറഞ്ഞയച്ച ഒരാള്‍ ഇവിടെ ഭരണാധികാരി ആവുന്നു' എന്നതായിരുന്നു കത്തിലെ ചുരുക്കം. അറേബ്യയുടെ തെക്കന്‍ തീരങ്ങളില്‍ എവിടെയെങ്കിലും ഈ രൂപത്തില്‍ ഉസ്മാനി ഭരണത്തിന്റെ സ്വാധീനമുണ്ടാവുന്നത് അപകടകരമാണെന്നും കത്തിലുണ്ടായിരുന്നു. ഈ വിവരം  ലണ്ടനിലുമെത്തി. ഇതിനിടെ മനസ്സിലാക്കേണ്ട ഒരു കാര്യംകൂടി ഉണ്ട്. ദോഫാറിലെ ജനങ്ങള്‍ സുന്നികളായിരുന്നു. മസ്‌കറ്റിലെ സുല്‍ത്താനാവട്ടെ, ഇബാദിയും. അതിനാല്‍ സുന്നി സുല്‍ത്താനായ തുര്‍ക്കിയോടു പ്രത്യേകിച്ച് ഒരു കൂറും മസ്‌കറ്റിലെ സുല്‍ത്താന് ഉണ്ടായിരുന്നില്ല. മറിച്ചു ദോഫാറിലെ ശാഫീ മദ്ഹബില്‍ പെട്ട സുന്നികള്‍ക്ക് ഉസ്മാനി സുല്‍ത്താനോട് താല്പര്യമുണ്ടായിരുന്നുതാനും. ലണ്ടനിലെ ബ്രിട്ടീഷ് ഭരണകൂടം ഫസലിന്റെ പ്രവൃത്തിയില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം അറിയിച്ചും അത്തരം പ്രവൃത്തി വെച്ചുപൊറുപ്പിക്കില്ല എന്നു കാണിച്ചും ഉടനെ ഫസലിനെതിരെ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടും ഒരു ദൂതനെ ഇസ്താംബൂളിലേക്ക് പറഞ്ഞയച്ചു. ദൂതന്‍ മുഖാന്തിരം 1876 ല്‍ കൊടുത്തയച്ച പ്രസ്തുത കത്തിന് ഉസ്മാനി സുല്‍ത്താനില്‍നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. ആയതിനാല്‍ 1877 ല്‍ ഈ വിഷയസംബന്ധമായി ഒരു കത്തുകൂടി അയച്ചു.
അതേസമയം ഫസല്‍ യമനിലെ അല്‍ മഹറ എന്ന പ്രദേശം പിടിച്ചടക്കി ഭരണപ്രദേശം കൂടുതല്‍ വ്യാപിപ്പിച്ചു. തന്റെ പ്രവൃത്തിയില്‍ ദോഫാറിലെ ശക്തരായ ആല്‍ കസീര്‍ കുടുംബത്തിന്റെ പിന്തുണയും ഫസലിനു കിട്ടി. അവര്‍ അദ്ദേഹത്തിന്റെ ഉപദേശകരും അനുയായികളുമായി കൂടെ ഉറച്ചുനിന്നു. ഇത്രയും വര്‍ഷത്തിനുള്ളില്‍ നടന്ന പോരാട്ടങ്ങളില്‍ ദോഫാര്‍ ഭരണം വ്യാപിച്ചതോടൊപ്പം ആല്‍ കസീര്‍ ഗോത്രത്തില്‍നിന്നു രണ്ടായിരം പേരും അല്‍ ഖിറാ ഗോത്രത്തില്‍നിന്നു മുവായിരത്തി അഞ്ഞൂറ് പേരും മരണപ്പെട്ടിരുന്നു. അതായത്, അദ്ദേഹത്തിന്റെ പിന്തുണ അത്രയും ശക്തമായിരുന്നു, സാമ്രാജ്യം അത്രയും വിപുലമായിരുന്നു എന്നര്‍ത്ഥം . 
രാഷ്ട്രീയ മുന്നേറ്റം ഈ രൂപത്തില്‍ പോകുമ്പോള്‍ സാമൂഹ്യരംഗത്ത് വലിയ മാറ്റങ്ങളാണ് സയ്യിദ് ഫസല്‍ കൊണ്ടുവന്നത്. ആ പ്രദേശത്തെ ഇസ്‌ലാമിക മുഖച്ഛായതന്നെ തന്നെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാം പ്രായോഗവല്‍ക്കരിക്കണം എന്ന് അഭിപ്രായമുള്ള ആളായിരുന്നു അദ്ദേഹം. അതങ്ങിനെത്തന്നെ അദ്ദേഹം നടപ്പാക്കി തുടങ്ങി. സ്ത്രീകള്‍ ആഡംബരരീതിയില്‍ വസ്ത്രം ധരിക്കുന്നതും കൃത്രിമ സൗന്ദര്യവല്‍ക്കരണം നടത്തി പുറത്തിറങ്ങുന്നതും അദ്ദേഹം നിരോധിച്ചു. ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ നിര്‍ബന്ധദാനം (സകാത്ത്) ഏര്‍പ്പെടുത്തി. ആഭിചാരം (സിഹര്‍) പാടെ നിരോധിച്ചു. അക്കാലത്ത് ദോഫാറില്‍ സിഹര്‍ വ്യാപകമായിരുന്നു. സിഹര്‍ നടത്തിയ 80 ഓളം ആളുകളെ അദ്ദേഹം ജയിലിലടച്ചതായി പറയപ്പെടുന്നു. താന്‍ ഖുതുബ നടത്തുന്ന പള്ളിയില്‍ അദ്ദേഹം തന്റെ ചിന്തകളും നിലപാടുകളും ജനങ്ങളുമായി പങ്കുവെച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായി ഇസ്‌ലാം നടപ്പാക്കുക എന്ന ഈ ആശയം അദ്ദേഹത്തിന് തന്റെ മക്കാജീവിതത്തില്‍നിന്ന് ലഭിച്ചതാണെന്നും ആ വിഷയത്തില്‍ മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹാബിന്റെ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും സൗദി പണ്ഡിതന്‍ ആയിരുന്ന അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഉസൈമീന്‍ തന്റെ “സൌദി അറേബ്യയുടെ ചരിത്രം”(താരീഖ് അല്‍ മംമ്‌ലക അല്‍ അറബിയ്യ അല്‍ സൗദിയ) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ സയ്യിദ് ഫസലിന്റെ ഈ ഉദ്യമങ്ങള്‍ അദ്ദേഹം പ്രതീക്ഷിച്ച രൂപത്തില്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയിലും പിന്നീട് മക്കയിലും ആയി വലിയ അനുഭവസമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടമായ ഫസല്‍ തങ്ങള്‍ മുന്നോട്ടുവെച്ച ശക്തമായ ഇസ്‌ലാമിക പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദീര്‍ഘകാലമായി തങ്ങളുടെ ഗോത്ര സംസ്‌കാരത്തിലും ആചാരത്തിലും കെട്ടുപിണഞ്ഞു കിടന്നിരുന്ന അറബി ബദവിഗോത്രങ്ങള്‍ക്ക്  സാധിച്ചില്ല. പ്രത്യേകിച്ചും സകാത്ത് പിരിച്ചെടുക്കുന്നതില്‍. ജബലികള്‍ എന്നറിയപ്പെടുന്ന കാട്ടുവാസികളും ചില കര്‍ഷകരും കന്നുകാലി ഉടമകളുമൊക്കെ സക്കാത്ത് നല്‍കാന്‍ വിസമ്മതിച്ചു. ഒരിക്കല്‍ ജബലികള്‍ സക്കാത്ത് പിരിച്ചെടുക്കാന്‍ വന്ന ഉദ്യോഗസ്ഥനെ വധിക്കുകപോലുമുണ്ടായി.
ഭരണത്തിന്റെ എല്ലാ മേഖലയിലും സയ്യിദ് ഫസല്‍ ശ്രദ്ധപതിപ്പിച്ചു. തന്റെ രാജ്യത്തിന്റെ സ്വത്തും വരുമാനവും വര്‍ധിപ്പിച്ച് ക്ഷേമരാഷ്ട്രമാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ഇറക്കുമതി കയറ്റുമതി മേഖലയിലെ എല്ലാ ഉല്പന്നങ്ങള്‍ക്കും  അദ്ദേഹം അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. നികുതി പിരിക്കാന്‍ മാത്രം ദോഫാറില്‍ അറുപതോളം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എന്ന് ഫിലിപ്‌സ് വിന്‍ഡല്‍ “ഒമാന്റെ ചരിത്രം”(History of Oman) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ദോഫാറില്‍ സമൃദ്ധമായി വളരുന്ന കുന്തിരിക്കവും  ഉള്‍പ്രദേശങ്ങളില്‍ വളരുന്ന റബറും തന്റെ രാജ്യത്തിന്റെ ഉന്നമനത്തിനു വിനിയോഗിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. റബര്‍കൃഷി പ്രോത്സാഹിപ്പിക്കാനും വരുമാനം ഉയര്‍ത്താനും റബറിന്റെ കൃഷിയിലും സംസ്‌കരണത്തിലും പ്രാവീണ്യമുള്ളവരെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു.
 കച്ചവടം പ്രോത്സാഹിപ്പിക്കാനും വിദേശനാണ്യം നേടാനും അദ്ദേഹം കഠിനാധ്വാനം ചെയ്തു. എത്രത്തോളമെന്നാല്‍,  ബ്രിട്ടീഷ് ഇന്ത്യന്‍ നാവിഗേഷന്‍ കമ്പനി മാസത്തിലൊരിക്കല്‍ ദോഫാര്‍ തുറമുഖത്ത് അടുപ്പിക്കുന്ന കപ്പലില്‍ ഇരുനൂറു ടണ്ണെങ്കിലും വ്യത്യസ്ത ചരക്കുകള്‍ നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്കി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ഫസല്‍ തന്നെ ഇത്തരമൊരു കരാര്‍ ചെയ്യാന്‍ കാരണം അവിടത്തെ സാഹചര്യത്തില്‍ ഒരു ഭരണാധികാരി ചെയ്യേണ്ടത് ഇതാണ് എന്ന ഇസ്‌ലാമിക തീരുമാനമായിരുന്നു. ദോഫാറില്‍ ബ്രിട്ടീഷുകാര്‍ അധിനിവേശകരല്ല  എന്നായിരുന്നു ഫസലിന്റെ നിരീക്ഷണം. പക്ഷെ, ഫസലിന്റെ ഭരണംതന്നെ തങ്ങളുടെ അധീശ പ്രദേശത്താണെന്ന് വിശ്വസിക്കുകയും അദ്ദേഹം ബ്രിട്ടീഷുകാരോട് പോരാടിയാണ് ഇന്ത്യ വിട്ടതെന്ന് മനസ്സിലാക്കുകയും ഫസലിനെതിരെ നടപടിവേണമെന്ന് തുര്‍ക്കി സുല്‍താനോട് ആവശ്യപ്പെടുകയും ചെയ്ത ബ്രിട്ടീഷുകാര്‍ ആ കച്ചവടവാഗ്ദാനം തള്ളിക്കളഞ്ഞു. പക്ഷെ അതേസമയം ഒമാന്റെയും (മസ്‌കത്ത്) യമന്റെയും കപ്പലുകള്‍ ദോഫാര്‍ തുറമുഖത്ത് വരികയും ചരക്കുകള്‍ കയറ്റി പോവുകയും ചെയ്തിരുന്നു.
ബ്രിട്ടീഷുകാരോട് ഒരു സാമ്പത്തിക സൗഹൃദത്തിലൂടെ രമ്യതയിലെത്താനുള്ള ശ്രമമാണ് ഇവിടെ പരാജയപ്പെട്ടതെന്നും പറയാം. ബ്രിട്ടീഷുകാര്‍ ഒരു ശത്രുവിനെപ്പോലെയാണ് തന്നെ കാണുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും സുസ്ഥിരതയുള്ള ഒരു ഇസ്‌ലാമികരാജ്യത്തിന് ഒരുപാട് നീക്കുപോക്കുകള്‍ ആവശ്യമാണ് എന്നതായിരുന്നു സയ്യിദ് ഫസലിന്റെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായാണ് 1877 ല്‍ ഏദനിലെ ബ്രിട്ടീഷ് സ്ഥാനപതിയുമായി ഫസല്‍ കൂടിക്കാഴ്ച നടത്തുകയും തന്റെ രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത്. പക്ഷെ, അതും ഫലം കണ്ടില്ല.

ദോഫാര്‍ വിടുന്നു
ആ സന്ദര്‍ഭത്തിലാണ് കൂനിന്മേല്‍ കുരു എന്ന കണക്കെ 1878 വേനല്‍ക്കാലത്ത് ദോഫാറില്‍ ശക്തമായ വരള്‍ച്ച ഉണ്ടാകുന്നത്. കൃഷി ഉണങ്ങുകയും ധാരാളം കന്നുകാലികള്‍ ചാകുകയും ചെയ്തു. അവശ്യ വസ്തുക്കളുടെ വില ഗണ്യമായി ഉയര്‍ന്നു. സാധാരണജീവിതം ദുരിതപൂര്‍ണമായി. ഈ അവസരം ഉപയോഗപ്പെടുത്തി, തനിക്ക് നേരത്തെ പിന്തുണ നല്‍കുകയും അനുസരണപ്രതിജ്ഞ ചെയ്യുകയും ചെയ്ത അല്‍ ഖിറാ ഗോത്രം കലാപത്തിനു ശ്രമിച്ചു. യമനോടും മക്കയോടും ഒക്കെ സഹായം തേടേണ്ട അവസ്ഥയിലെത്തി അദ്ദേഹം. പക്ഷെ, ആല് കസീര്‍ ഗോത്രത്തിന്റെ സഹായത്തോടെ അല്‍ ഖിറാ ഗോത്രത്തെ പരാജയപ്പെടുത്താനും അമ്പത് പേരെ ജയിലില്‍ അടക്കാനും ഫസലിനു സാധിച്ചപ്പോള്‍ കലാപം ഒരു വിധം ഒടുങ്ങി. പക്ഷെ, ഈ പ്രവൃത്തിയില്‍ തന്നെ പിന്തുണച്ച ഒരു പ്രമുഖ ഗോത്രത്തിന്റെ  പിന്തുണ ഫസലിനു നഷ്ടമായി. മാത്രമല്ല, ദോഫാറില്‍ നിന്ന് മുന്നൂറു പേര്‍ മസ്‌കത്തില്‍ സുല്‍ത്താന് പിന്തുണനല്‍കി പോവുകയും ചെയ്തു. വരള്‍ച്ച ബാധിച്ച ദോഫാറില്‍ പട്ടിണി കിടക്കുന്നതിലും ഭേദം അതാണ് എന്ന് അവര്‍ തീരുമാനിച്ചു. വരള്‍ച്ചയും പട്ടിണിയും അല്‍ ഖിറാ ഗോത്രത്തിന്റെ എതിര്‍പ്പും എല്ലാം കൂടി ഫസല്‍ ഭരണത്തെ ഉലച്ചു. ഈ അവസരം മുതലെടുത്ത് അല്‍ ഖിറാ ഗോത്രം മറ്റു ചില ഗോത്രങ്ങളെ കൂട്ടുപിടിച്ച് ഇവദ് ബിന്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഫസലിനോട് നാട് വിടാന്‍ ആവശ്യപ്പെട്ടു. ശക്തമായ സമ്മര്‍ദ്ദം വന്നപ്പോള്‍ 1879 ല്‍ ഫസല്‍ ആദ്യം ഹദ്‌റമൗത്തിലെ  മുകല്ലയിലേക്കും അവിടെ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും പോയി. തുടര്‍ന്ന്  ഇവദ് മസ്‌കത്തില്‍ എത്തുകയും സുല്‍ത്താന്‍ ബിന്‍ സഈദിനെ പ്രീണിപ്പിച്ചു ദോഫാര്‍ മസ്‌കത്തിന്റെ പ്രവിശ്യയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
പക്ഷെ, ദോഫാറുകാര്‍ ഇതിനിടെ മൂന്നായി പിരിഞ്ഞിരുന്നു. ഒരു വിഭാഗം ഇവദിന്റെ നേതൃത്വത്തില്‍ മസ്‌കത്തിലെ സുല്‍ത്താന്റെ ഭരണം ആഗ്രഹിച്ചു. മറു വിഭാഗം  ഔദ ബിന്‍ അസാന്റെ നേതൃത്വത്തില്‍ ഫസല്‍ തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടു. മൂന്നാമതൊരു വിഭാഗം നിഷ്പക്ഷരായിരുന്നു. പക്ഷെ, വലിയ ചര്‍ച്ചക്ക് ഇടം കൊടുക്കാതെ മസ്‌കത്തിലെ സുല്‍ത്താന്‍ 1879 ല്‍ തന്നെ സുലൈമാന്‍ ബിന്‍ സുവൈലിം എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു നാവിക സേനയെ ദോഫാറിലേക്ക് അയച്ചു. അധികം ചെറുത്തുനില്ക്കാതെ ദോഫാര്‍ കീഴടങ്ങി. 1879 ല്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ കീഴിലുള്ള എദന്‍ പ്രവിശ്യയില്‍നിന്ന് ദോഫാറിന്റെ ഉത്തരവാദിത്തം മസ്‌കത്തിലേക്ക് മാറ്റുകയും ചെയ്തു. അതോടെ ദോഫാറുമായി ഏദന്‍ പട്ടണത്തിനു ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഒഴിവാക്കേണ്ടി വന്നു.
ഇതിനിടെ സുല്‍ത്താന്റെ പ്രധിനിധി സുലൈമാനും സുല്‍ത്താന്റെ ഭരണം ക്ഷണിച്ചുവരുത്തിയ ഇവദും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. നേരിട്ട് മസ്‌കത്തില്‍ വന്നു സുല്‍ത്താനോട് ഇവദ് പരാതി പറഞ്ഞു. വേണ്ടത്ര ഫലം കിട്ടിയില്ല എന്ന് കണ്ടപ്പോള്‍ ദോഫാറില്‍ തിരിച്ചെത്തിയ ഇവദ് സലാല കോട്ട പിടിച്ചെടുത്തു. അവിടെ അപ്പോള്‍ മുപ്പത് സൈനികര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവരം അറിഞ്ഞപ്പോള്‍ 1880 ല്‍ 180 സൈനികരുള്ള ഒരു പടയെ സുല്‍ത്താന്‍ അയച്ചു. ഖമീസ് ബുസൈദിയും സുലൈമാനും തന്നെ പട നയിച്ചു. ദോഫാറുകാര്‍ക്ക്  സുല്‍ത്താന്റെ ഭരണം വേണ്ടെങ്കില്‍ തിരിച്ചുപോരാനും ഇവദ് മാത്രമാണ് പ്രശ്‌നക്കാരന്‍ എങ്കില്‍ തിരിച്ചടിക്കാനും ആയിരുന്നു നിര്‍ദ്ദേശം. ഇതിനിടെ ഫസലിനോട് കൂറുള്ള ചില ആളുകള്‍ സലാല ആക്രമിക്കുകയും ഇവദില്‍നിന്ന് കോട്ട പിടിച്ചടക്കുകയും ചെയ്തു. സുല്ത്താന്റെ സൈന്യം സലാലയില്‍ എത്തിയപ്പോള്‍ ഇവദ് സമീപമുള്ള പര്‍വത പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടു.  ഇവദ് അവിടെനിന്ന് വീണ്ടും സുല്‍ത്താനെ പ്രീതിപ്പെടുത്താനും തന്നെ ദോഫാറിന്റെ പ്രതിനിധി ആക്കാനും ഒരു ശ്രമം നടത്തി. എന്നാല്‍ സുല്‍ത്താന്‍ വഴങ്ങിയില്ല. സുല്‍ത്താന്റെ പ്രതിനിധിയായി സുലൈമാന്‍ തന്നെ തല്ക്കാലം തുടര്‍ന്നു. തുടര്‍ന്നും  ദോഫാറില്‍ അല്ലറ ചില്ലറ കലാപങ്ങള്‍ അരങ്ങേറി.  ജനങ്ങള്‍ സുലൈമാനെ ഉപരോധിച്ചു പ്രയാസപ്പെടുത്തി. ദോഫാര്‍ രാഷ്ട്രീയമായി ഒരു അസ്ഥിരമേഖല ആയി.

കോണ്‍സ്റ്റാന്റിനോപ്പിളില്‍
തുര്‍ക്കി സുല്‍ത്താന്റെ മന്ത്രി 

ഈ അവസരത്തില്‍ ഫസല്‍ തന്റെ ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പം പ്രായോഗികമാക്കണം എന്ന് അതിയായി ആഗ്രഹിച്ചു. സ്വന്തം നിലക്ക് ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് മക്കയിലെ തന്റെ പരിചിതനായ ഗവര്‍ണറെ കണ്ടു സഹായമഭ്യര്‍ഥിച്ചു. മക്കാഗവര്‍ണര്‍, അബ്ദുല്‍ മുത്തലിബ് അല്‍ അഫന്ദി  തുര്‍ക്കി  സുല്‍ത്താനോട് ഫസലിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചു. കാരണം, മസ്‌കത്തിലേക്ക് ദോഫാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ അത് വലിയ ക്ഷീണമാകും എന്നാണ് അദ്ദേഹം ധരിച്ചത്. ആയിടക്ക് തുര്‍ക്കി  സുല്‍ത്താന്‍ യമനിലേക്ക് ഒരു സൈനികമുന്നേറ്റം നടത്തി. യാഫീ മേഖല പിടിച്ചടക്കിയപ്പോള്‍ അവിടത്തെ ഗവര്‍ണറായി ഫസലാണ് നിയോഗിക്കപ്പെട്ടത്. യാഫീ മേഖലയില്‍ ഇരുന്ന് അദ്ദേഹം ദോഫാറിലെ ഗോത്രനേതാക്കളുമായി ബന്ധപ്പെട്ട് തന്റെ രാജ്യം തിരിച്ചുപിടിക്കാന്‍ ആഗ്രഹിച്ചു. തുടര്‍ന്ന്  ഫസല്‍ ഹദര്‍മൗത്തില്‍ എത്തി. അവിടെ നിന്ന്  ഈജിപ്ത്  സന്ദര്‍ശിച്ചു. ഈ അവസരത്തില്‍ തുര്‍ക്കി  സുല്‍ത്താന്‍ ഫസലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങിനെ സുല്‍ത്താന്റെ നിര്‍ദ്ദേശപ്രകാരം ഫസല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി അന്നത്തെ തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ സന്ദര്‍ശിച്ചപ്പോള്‍ വലിയ സ്വീകരണമാണ് സുല്‍ത്താന്റെ കൊട്ടാരത്തില്‍ ഫസലിന് ലഭിച്ചത്. മന്ത്രിസ്ഥാനവും‘പാഷ’എന്ന സ്ഥാനവും നല്കി സുല്‍ത്താന്‍ അദ്ദേഹത്തെ ആദരിച്ചു. അറേബ്യന്‍ വിഷയങ്ങളില്‍ സുല്‍ത്താനെ ഉപദേശിക്കുന്ന മുതിര്‍ന്ന ഉപദേശകന്‍ ആയിരുന്നു സയ്യിദ്ഫസല്‍. നിരവധി കാര്യങ്ങളില്‍ സുല്‍ത്താനെ ഉപദേശിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്കാനും കഴിവുള്ള ഒരാളായി ഫസല്‍ മാറി. ഉപദേശകരും മന്ത്രിമാരും ഒക്കെ എതിര്‍ത്തെങ്കിലും ദോഫാര്‍ വിഷയത്തില്‍ സുല്‍ത്താന്‍ ഫസലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കാരണം അറേബ്യയില്‍ ബ്രിട്ടീഷുകാരുടെ സ്വാധീനം കുറച്ചുകൊണ്ടുവരല്‍ മുസ്‌ലിം ലോകത്തിന്റെ ആവശ്യമാണ് എന്ന് സുല്‍ത്താന്‍ വിശ്വസിച്ചിരുന്നു. മറുഭാഗത്ത് സുല്‍ത്താന്റെ ഈ പ്രവൃത്തി തങ്ങളോടുള്ള ഒരു യുദ്ധപ്രഖ്യാപനമായി ബ്രിട്ടീഷുകാര്‍ വ്യാഖ്യാനിച്ചു. ഖത്തറിനടുത്ത് അഹ്‌സായിലും യമന്‍ പ്രദേശങ്ങളിലും തുര്‍ക്കിസൈന്യം വരുന്നത് അവര്‍ കണ്ടിരുന്നു. പുറമെ, തങ്ങള്‍ ഇന്ത്യയില്‍നിന്നു പുറത്താക്കിയ ഫസലിനെ തങ്ങളുടെ  കീഴിലുള്ള ഒരു പ്രദേശത്ത് ഭരണാധികാരിയാക്കാന്‍ സുല്‍ത്താന്‍ ശ്രമിക്കുന്നതില്‍ അവര്‍ ഉത്കണ്ഠപ്പെടുകയും ചെയ്തു.
കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരിക്കെ ദോഫാര്‍ പ്രവിശ്യയെക്കുറിച്ചും അതിന്റെ നയതന്ത്ര പ്രാധാന്യത്തെ കുറിച്ചും ഫസല്‍ സുല്‍ത്താനെ ധരിപ്പിച്ചു. അത് തിരിച്ചുപിടിച്ചു ഒരു പ്രവിശ്യയായി അംഗീകരിക്കാനും തന്നെ അവിടത്തെ ഭരണാധികാരി ആക്കാനും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ, ദോഫാര്‍കാരെക്കുറിച്ച മുന്നറിയിപ്പും മസ്‌കത്ത് സുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കും  ഫസലിനോടുള്ള വിരോധവും അറിയാവുന്ന ഉപദേശകര്‍ സുല്ത്താനെ അതില്‍നിന്നു വിലക്കി. കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരിക്കെ 1883 ല്‍ ഫസല്‍ മസ്‌കത്തിലെ സുല്‍ത്താന് ഒരു കത്തയച്ചിരുന്നു. ബ്രിട്ടീഷുകാരുമായി സൗഹൃദമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ദോഫാര്‍ പ്രവിശ്യയില്‍നിന്ന് പിന്മാറണം എന്നും അതില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം മക്കയിലെ പുതിയ ഗവര്‍ണര്‍ അന്‍വര്‍ റഫീക്ക് പാഷ മസ്‌കത്തിലെ സുല്‍ത്താന്‍ തുര്‍ക്കി  ബിന്‍ സഈദിന്  ഒരു കത്തെഴുതി. സയ്യിദ് ഫസലിന് വേണ്ടി ദോഫാര്‍ ഒഴിഞ്ഞു കൊടുക്കണം എന്ന് അതില്‍ ആവശ്യപ്പെട്ടിരുന്നു.  അതിനുപുറമേ വളരെ ആദരവോടെ പേര്‍ പരാമര്‍ശിച്ചിരിക്കുന്ന സയ്യിദ് ഫസല്‍ സുല്‍ത്താന്റെ മന്ത്രിയും അയല്‍വാസിയും സുഹൃത്തും ആണെന്നുകൂടി പരാമര്‍ശിച്ചിരുന്നു. ആര്‍ ഡബ്ലിയു ബെയ്‌ലി തന്റെ “റെകോര്‍ഡ്‌സ് ഓഫ് ഒമാനില്‍” രേഖപ്പെടുത്തിയ പ്രകാരം ആ കത്തിലെ വരികള്‍ ഇങ്ങിനെ വായിക്കാം.
the Sultan (Turki) had sent troops to Dhofar and this was certainly hurtful to the digntiy of the Sublime Government and to your own, for His Excellency Sayyid Fadl Pasha is a guest of the Sublime Government and one of its wazirs and Sulthans friend and neighbour. The Sherief advised the Sultan to repair the mischief by directing any people of yours in Dhofar, if there is any one at all that as soon as any person shall arrive from His Excellency Sayyid Pasha at Dhofar, they are to give up the place to him and clear out...
കത്ത് പക്ഷെ, വിപരീതഫലമാണ് ഉണ്ടാക്കിയത് ബ്രിട്ടീഷുകാര്‍ തന്നെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ച മസ്‌കത്ത് സുല്ത്താന്‍, ദോഫാര്‍ കാലങ്ങളായി ഒമാന്‍ സുല്‍ത്താന്മാരുടെ കയ്യിലാണെന്നും ഫസല്‍ പുറത്തുനിന്ന് വന്ന ആളാണ് എന്നും അതിനാല്‍ അത് അനുവദിച്ചുകൊടുക്കില്ല എന്നും മറുപടി എഴുതി.

ദോഫാര്‍ തിരിച്ചു
പിടിക്കാനുള്ള ശ്രമങ്ങള്‍

1883 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ ഭരണകൂടത്തിനു അവിടത്തെ തുര്‍ക്കി കോണ്‍സുലേറ്റ് വഴി ഫസല്‍ ഒരു പരാതി അയച്ചു. മസ്‌കത്തിലെ സുല്‍ത്താന്‍ അനാവശ്യമായി ദോഫാറില്‍ ഇടപെടുന്നത് സംബന്ധിച്ചായിരുന്നു അത് എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടം അത് വേണ്ടത്ര പരിഗണിച്ചില്ല. 1886 ആയപ്പോഴേക്കും ദോഫാര്‍ തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമവും നടത്തും എന്നായിരുന്നു ഫസലിന്റെ തീരുമാനം. ഇക്കാലം അദ്ദേഹം തുര്‍ക്കിയില്‍ സുല്‍ത്താന്റെ പ്രത്യേക ഉപദേഷ്ടാവും മന്ത്രിയുമായിരുന്നു.
അങ്ങിനെയിരിക്കെ, ഹിജാസില്‍നിന്ന് ഒരു കപ്പല്‍ ബ്രിട്ടീഷ് കൊടി പാറിച്ച്  ഫസലിന്റെ മകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ യമനിലേക്ക് വന്നു. അതില്‍ ഫസലിന്റെ പതിനാറു അനുയായികളും മക്കാ ഗവര്‍ണറുടെ നൂറു പടയാളികളും ധാരാളം ആയുധങ്ങളും പടക്കോപ്പുകളും ഉണ്ടായിരുന്നു. ഏദന്‍ ലക്ഷ്യമാക്കി വന്ന കപ്പല്‍ ആയുധം ഇറക്കാന്‍ സാധിക്കാത്ത നിയമം നിലനിന്നിരുന്നതിനാല്‍ അന്നത്തെ ബ്രിട്ടീഷ് യമനിലെ സുല്‍ത്താന്‍ കപ്പല്‍ തിരിച്ചുവിട്ടു. മുഹമ്മദിന്റെ ലക്ഷ്യവും അതുതന്നെ ആയിരുന്നു. അവര്‍ നേരെ ദോഫാറില്‍ വന്നിറങ്ങി. കുറച്ചു ദിവസത്തിന് ശേഷം ആ കപ്പല്‍ ഒരു തുര്‍ക്കി  കൊടി പാറിച്ച് സലാല തുറമുഖത്ത് അടുത്തു. തുര്‍ക്കി സുല്‍ത്താനില്‍ നിന്ന് പ്രയാസപ്പെടുന്ന ദോഫാറിലെ ജനങ്ങള്‍ക്കുള്ള ആയുധങ്ങളും പണവുമായിരുന്നു അതിലെന്നും തെറ്റിദ്ധരിപ്പിച്ചു. അത്തരത്തില്‍ കുറെ പണവും ആയുധങ്ങളും അതില്‍ ഉണ്ടായിരുന്നു. മക്കയില്‍ വെച്ച് ഫസലിനെ ഭരണാധികാരിയായി പിന്തുണനല്‍കിയ അല്‍ കസീര്‍ ഗോത്രത്തിന് അവയില്‍ കുറേ ആയുധങ്ങള്‍ നല്കി. പക്ഷെ ഈ നീക്കം  പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല. ചെറിയ സംഘര്‍ഷങ്ങളുണ്ടായി എന്നതൊഴിച്ച് ദോഫാറില്‍ ഏറ്റുമുട്ടുവാന്‍ പടകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
1886 ല്‍ തുര്‍ക്കി സുല്‍ത്താന്റെ പ്രതിനിധിയായ ബസറയിലെ ഗവര്‍ണര്‍ മസ്‌കത്ത് സുല്‍ത്താന് ഒരു മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് അവഗണിച്ചു. അതിനിടെ ഫസല്‍ വീണ്ടും ഏദനിലെ ബ്രിട്ടീഷ് പ്രതിനിധിക്കും ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിക്കും ദോഫാര്‍ പ്രശ്‌നകലുഷിതമാണെന്നും തന്നെ അവിടെ ഭരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു വീണ്ടും എഴുതിയിരുന്നു. എന്നാല്‍ അത് ആരും മുഖവിലക്കെടുത്തില്ല. 1886 അവസാനം മസ്‌കത്ത് സുല്‍ത്താന്‍ ദോഫാറില്‍ പുതിയ ഗവര്‍ണറെ നിശ്ചയിച്ചു. പക്ഷെ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് മടങ്ങിപ്പോരേണ്ടിവന്നു. സുല്‍ത്താന്‍ വീണ്ടും സുലൈമാനെത്തന്നെ ഗവര്‍ണറാക്കി. എന്നാല്‍ സുലൈമാനെ ഉപരോധിക്കാനാണ് ദോഫാറുകാര്‍ തുനിഞ്ഞത്. പക്ഷെ, അഭ്യന്തര സംഘര്‍ഷങ്ങള്‍ കുറവായതിനാല്‍ തന്റെ പുത്രന്മാര്‍ ഫഹദിന്റെയും ഫൈസലിന്റെയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ഒരു പടയെ അങ്ങോട്ട് അയച്ചു. ആ ശ്രമം വിജയിച്ചു. ഇതിനു ശേഷം മസ്‌കത്ത് സുല്‍ത്താന്‍ തുര്‍ക്കി  ബിന്‍ സഈദ് മരണപ്പെടു(1888)കയും മകന്‍ ഫൈസല്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഫൈസലിന്റെ ഭരണകാലത്ത് നൂറു പടയാളികളോടെ സുലൈമാന്‍ ദോഫാര്‍ ഗവര്‍ണറായി തുടര്‍ന്നുവെങ്കിലും ക്രമേണ ആ സ്വാധീനം അയഞ്ഞു. ഈ അവസരത്തില്‍ ഫസലിന് വേണമെങ്കില്‍ ദോഫാറിലേക്ക് മടങ്ങാമായിരുന്നു. പക്ഷെ, അദ്ദേഹം അപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു പ്രധാന ഉത്തരവാദിത്തം വഹിക്കുകയായിരുന്നു. തന്റെ മക്കള്‍ അവിടത്തെ ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു. തുര്‍ക്കി  സുല്‍ത്താന്‍ അവര്‍ക്ക് വലിയ പദവികള്‍ നല്‍കി. പേരിനോടൊപ്പം രാജകീയപദവിയുടെ സുചന ചേര്‍ത്തിരുന്നു. സഹല്‍ പാഷ, ഹസാന്‍ പാഷ, മുഹമ്മദ് ബേഗ്, അഹമ്മദ് ബേഗ് എന്നിങ്ങനെ. തന്റെ പോരാട്ടത്തില്‍ ഉടനീളം ഫസലിന് മലബാറില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു എന്ന കാര്യം പല ചരിത്രകാരും സൂചിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. തുര്‍ക്കിയില്‍ ആയിരിക്കെ അത് ക്രമേണ ഇല്ലാതായി. (ജെ ജെ ലോറിമര്‍)
1894 ല്‍ ഫസല്‍ തുര്‍ക്കിയിലെ ബ്രിട്ടീഷ് കൗണ്‍സിലിനെ കണ്ടു ദോഫാറിലെക്ക് തിരിച്ചു പോകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. അതിനു അനുവദിച്ചാല്‍, ബ്രിട്ടീഷ് ഇന്ത്യയിലെ മിക്ക നാട്ടുരാജ്യങ്ങളുമായി കച്ചവട ബന്ധം ഉണ്ടാക്കാം എന്നും മധ്യപൗരസ്ത്യദേശത്ത് നല്ല കച്ചവടം നടത്താന്‍ ഇംഗ്ലീഷുകാരെ സഹായിക്കാം എന്നും അടിമ വ്യാപാരം അവസാനിപ്പിക്കുന്നതില്‍ പരസ്പരം സഹകരിക്കാം എന്നും അറിയിച്ചു. എന്നാല്‍ ബ്രിട്ടീഷുകാര്‍ അത് വേണ്ടത്ര പരിഗണിച്ചില്ല. 1895 ല്‍ ഫസലിന്റെ പുത്രന്‍ സഹല്‍ പാഷ, ഈജിപ്ത് സുല്‍ത്താന്‍ ഖുവൈദി അബ്ബാസ് രണ്ടാമന്റെ അതിഥിയായി കൈറോയില്‍ താമസിക്കുമ്പോള്‍ അവിടത്തെ കോണ്‍സുലുമായി ബന്ധപ്പെട്ടും ദോഫാറിലേക്ക് തിരികെവരാന്‍ ഒരു ശ്രമം നടത്തിയിരുന്നു, പക്ഷെ, അതും വിജയിച്ചില്ല. പക്ഷെ അതോടെ തങ്ങളുടെ അധീനത്തില്‍ ഉള്ള ഈജിപ്തിലെ പ്രദേശങ്ങളിലും ജിദ്ദയിലും ദോഫാറിലും ശക്തമായ സൈനികസാന്നിധ്യം വേണം എന്ന നിലപാടില്‍ ബ്രിട്ടീഷുകാര്‍ എത്തി. മസ്‌കത്ത് സുല്‍ത്താനെ ഈ വിഷയത്തില്‍ സഹായിക്കാന്‍ അവര്‍ തീരുമാനിച്ചു. പ്രത്യേകിച്ചും ഫദലിന് തുര്‍ക്കി  സുല്‍ത്താന്റെ പിന്തുണ ഉണ്ട് എന്നുള്ളത് അവരെ ഭയപ്പെടുത്തി. അതിനിടെ ദോഫാറില്‍ സുല്‍ത്താന് എതിരായി കലാപം ശക്തമായി. 1895 ല്‍ നടന്ന കലാപത്തില്‍ മസ്‌കറ്റ് സുല്‍ത്താന്‍ നിയോഗിച്ച ദോഫാര്‍ ഗവര്‍ണറുടെ മകനെയും കലാപകാരികള്‍ കൊന്നു. ഗവര്‍ണര്‍ സുലൈമാനെ തുറങ്കിലടച്ചു. പെട്ടെന്നുള്ള കലാപത്തിനു കാരണം ആല്‍ കസീര്‍ ഗോത്രത്തിലെ ചിലരെ ജയിലില്‍ അടച്ചതായിരുന്നു. കലാപത്തെ തുടര്‍ന്ന്  മസ്‌കത്ത് സുല്‍ത്താന്റെ നിയന്ത്രണം മിര്‍ബാത്തില്‍ മാത്രമായി ചുരുങ്ങി. മസ്‌കത്ത് സുല്‍ത്താനെ സഹായിക്കാന്‍ ഇത്തവണ ബ്രിട്ടീഷുകാര്‍ തയാറായി. എന്നാലും ആ സൈനികമുന്നേറ്റം വേണ്ടത്ര വിജയിച്ചില്ല.
സയ്യിദ് ഫസലിനോട് ദോഫാറിലെ പ്രബല ഗോത്രമായ ആല്‍ കസീറിനു ഉണ്ടായിരുന്ന വിധേയത്വം ആണ് മസ്‌കത്തിനെതിരെ കലാപമായി പൊട്ടിപ്പുറപ്പെട്ടത് എന്ന് വീക്ഷിക്കുന്നവരുണ്ട്. മസ്‌കത്ത് സുല്‍ത്താന്‍ മുന്‍കൈയെടുത്ത് ഒരു ബ്രിട്ടീഷ് പ്രതിനിധി ദോഫാറിലെ നേതാക്കളുമായി സംസാരിച്ചെങ്കിലും തുര്‍ക്കി സാമ്രാജ്യത്തിന്റെ പതാകയേന്തി അവരത് നിരസിച്ചു. ഇനിയുള്ള കാലത്ത് തങ്ങളുടെ ഉറച്ച പിന്തുണ മസ്‌കത്ത് സുല്‍ത്താന് വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് പ്രതിനിധി മടങ്ങി. അതില്‍ ബ്രിട്ടീഷുകാര്‍ക്കുള്ള താല്പര്യം തുര്‍ക്കി സുല്‍ത്താന്‍ ദോഫാരില്‍ വരാന്‍ പാടില്ല എന്നതിലുപരി അദ്ദേഹം ഫ്രഞ്ചുകാരോട് സഹായം ചോദിച്ചുകളയുമോ എന്ന പേടിയായിരുന്നു. സൂറിലെ ചില കപ്പലുകള്‍ ഫ്രഞ്ച് പതാക ഉപയോഗിച്ച് ബ്രിട്ടീഷുകാരുടെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടിരുന്ന സമയം കൂടി ആയിരുന്നു അത്.
അതേ സമയം, തുര്‍ക്കിയില്‍ ഫസല്‍ സുല്‍ത്താന്റെ വലംകൈയ്യായിമാറി. ഫസലിന്റെ പാണ്ഡിത്യവും സയ്യിദ് കുടുംബം എന്ന ഖ്യാതിയും മക്ക, ഈജിപ്ത്, ദോഫാര്‍, യമന്‍, മലബാര്‍, സാല്‍സിബാര്‍ തുടങ്ങിയ നാട്ടുകാരുമായുള്ള ബന്ധവും കത്തിടപാടുകളും അദ്ദേഹത്തിന്റെ ആഗോളവ്യക്തിത്വം സുല്‍ത്താന് ബോധ്യപ്പെടുത്തി. തന്റെ അറേബ്യന്‍ കാര്യങ്ങള്‍ക്കുളള്ള ഉപദേശകന്‍ ആയും പാന്‍ ഇസ്‌ലാം നടപ്പില്‍ വരുത്താനുള്ള പണ്ഡിതന്‍ ആയും സുല്‍ത്താന്‍ ഫസലിനെ കണ്ടു. ബാബുല്‍ ആലി കൊട്ടാരത്തില്‍ വലിയ പദവിയുള്ള വ്യക്തിയായിരുന്നു ഫസല്‍. മറ്റു ശൈഖുമാര്‍ എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്ന, കൈമുത്തുന്ന വ്യക്തിത്വമായിരുന്നു സയ്യിദ് ഫസല്‍ എന്ന് റോജര്‍ അല്ലന്‍ രേഖപ്പെടുത്തുന്നു. തന്റെ പുസ്തകത്തില്‍ (ഇസ്താംബുള്‍ തുര്‍ക്കി  സുല്‍ത്താന്മാരുടെ കീഴില്‍), അവിടത്തെ വിദേശികളായ ഉപദേശകരെയും ശൈഖുമാരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഫദല്‍ തങ്ങളെ ശൈഖ് സയ്യിദ് ഫസല്‍ പാഷ അല്‍ മലബാരി അല്‍ മക്കി’എന്നാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. സയ്യിദ് ഫസലിന് സുല്‍ത്താന്റെ അടുത്ത് പ്രത്യേക സ്ഥാനവും നല്ല ശമ്പളവും നല്കുകയും സുല്‍ത്താന്റെ കൊട്ടാരത്തിനടുത്തുതന്നെ വീട് വെച്ച് നല്കുുകയും ചെയ്തു. ഈസാ ബ്ലൂമി നിരീക്ഷിക്കുന്നതനുസരിച്ച്, ഫസല്‍ നിരവധി ശൈഖുമാരെയും പണ്ഡിതരെയും സ്വാധീനിക്കുകയും ആ സ്വാധീനം തന്റെ പാന്‍ ഇസ്ലാം മിഷന് ഉപയോഗപ്പെടുത്തുകയും ചെയ്തു. അന്നത്തെ ഹറമുകളുടെ മുഫ്തിയും തന്റെ സുഹൃത്തും ആയിരുന്ന അഹ്മദ് ദഹ്‌ലാനെയും ഫസല്‍ കൂട്ടുപിടിച്ചു. 1886 ല്‍ പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു സുമയ്ത്തിനെ തുര്‍ക്കിയില്‍ ഫസല്‍ വിളിച്ചുവരുത്തിയതായും സാന്‍സിബാറില്‍ ഇസ്‌ലാമിക ഭരണം നടപ്പില്‍ വരുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതായും ഈസാ ബ്ലുമി പറയുന്നു.  

മരണം
ഒടുവില്‍, ബ്രിട്ടീഷുകാര്‍ ദോഫാര്‍ ഉപരോധിച്ചു. കലാപനേതാക്കളുമായി സംസാരിച്ചു. അവര്‍ ഫസലിനോടും തുര്‍ക്കിസുല്‍ത്താനോടുമുള്ള കൂറ് തുറന്നുപറഞ്ഞു. ഒരുപാട് ആവശ്യങ്ങളും ഉന്നയിച്ചു. ചില  ഉപാധികളോടെ മസ്‌കത്തിന്റെ കീഴിലാകാന്‍ അവര്‍ക്ക് രണ്ടുദിവസത്തെ സമയംനല്കി. അത് അംഗീകരിക്കപ്പെട്ടതോടെ സുലൈമാന്‍ മോചിതനായി. യഥാര്‍ത്ഥത്തില്‍ ഫസലിനോട് കൂറ് പുലര്‍ത്തു ന്നവരും സുന്നികളുമായവര്‍ നടത്തിയ കലാപങ്ങള്‍ ആണ് ഇവയെങ്കിലും ഫസലിന് അതില്‍ നേരിട്ടോ അല്ലാതെയോ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. പക്ഷെ, ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കാനും ദോഫാര്‍ അഭിവൃദ്ധിപ്പെടാനും അദ്ദേഹം ആഗ്രഹിച്ചു. ഈ കലാപങ്ങള്‍ നടക്കേ, ഒരിക്കല്‍കൂടി ഫസല്‍ തുര്‍ക്കിയിലെ ബ്രിട്ടീഷ് അംബാസഡറെ കണ്ടു ദോഫാര്‍ സ്വതന്ത്രമാക്കേണ്ടതിന്റെ ആവശ്യകതയും മറ്റും ഊന്നി പറഞ്ഞു. എന്നാല്‍ ഇത്തവണ ദോഫാര്‍ ബ്രിട്ടീഷ് അധീനപ്രദേശമാണെന്നും ഫസലിന് അവിടെ ഒരു കാര്യവുമില്ലെന്നും അതിനുവേണ്ടി ഒരു പ്രതിനിധിയെയും ഫസല്‍ അയക്കരുതെന്നും ബ്രിട്ടീഷുകാര്‍ മറുപടി നല്കി. 1899 ല്‍ സലാലയില്‍ ഒരു കലാപംകൂടി ഉണ്ടായതായി കാണാം. പക്ഷെ, അതും അടിച്ചമര്‍ത്തപ്പെട്ടു. 
കോണ്‍സ്റ്റാന്റിനോപ്പിളില്‍ സ്ഥിരതാമസമാക്കിയ ഫസല്‍ അവസാനകാലങ്ങളില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്‌ലാമിക വീക്ഷണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ആളായി മാറി എന്ന് പറയപ്പെടുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍തന്നെ അതിന്റെ വക്താവായിരുന്നു. പക്ഷെ, ഇത് പരമ്പരാഗതമായി സുല്‍ത്താന്റെ കൂടെ ഉണ്ടായിരുന്ന ഒരുപാട് മന്ത്രിമാര്‍ക്കും  ഉപദേശകര്‍ക്കും അത്  ദഹിച്ചിരുന്നില്ല. അവര്‍ സുല്‍ത്താനെയും ഫസല്‍ തങ്ങളെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു. ഒരിടക്ക് സുല്‍ത്താന്‍ എന്തോ ആവശ്യത്തിനു തങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ച സയ്യിദ് അഹ്മദ് അസ്അദിന്റെ മുഖത്തേക്ക് ഫസല്‍ തുപ്പിയതായി റോജര്‍ അല്ലന്‍ പറയുന്നുണ്ട്. തന്നെയും സുല്‍ത്താനെയും തെറ്റിക്കാന്‍ ശ്രമിച്ചതിനാലായിരുന്നു അത്.
ആഭ്യന്തരമായ ഇത്തരം സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കുകയും ഒടുവില്‍ ഫസല്‍ വീട്ടുതടങ്കലില്‍ ആവുകയും ചെയ്തു. സയ്യിദ് ഫസല്‍ തങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി സുല്‍ത്താന്‍ തന്നെയാണ് അത് ചെയ്തത്. വീട്ടുതടങ്കലില്‍ ആയിരിക്കെയാണ് സയ്യിദ് ഫസല്‍ മരണപ്പെട്ടത് എന്ന് ആന്‍ കെ  ബാംഗ് രേഖപ്പെടുത്തുന്നു.  1901  ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വെച്ച് തന്റെ 78 ാം വയസ്സില്‍ സയ്യിദ് ഫസല്‍ മരണപ്പെട്ടു. തുര്‍ക്കിയിലും മറ്റു രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പേരമക്കള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. കേരളത്തില്‍ ഉദിച്ചുയര്‍ന്ന പ്രതിഭാശാലിയായ ഇസ്‌ലാമികപണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്നു ഫസല്‍ തങ്ങള്‍. അസാധാരണമായ ധീരതയും നവോത്ഥാനവാഞ്ഛയും പ്രതിഫലിച്ച ആ ജിവിതം തുല്യതയില്ലാത്ത വഴികളിലൂടെയാണ് സഞ്ചരിച്ചത്. ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ജീവിതമായിരുന്നു സയ്യിദ് അലവി തങ്ങളുടേതും പുത്രന്റേതും.
ഫസല്‍ തങ്ങളുടെ മരണവാര്‍ത്ത മലബാറില്‍ ചില ചലനങ്ങളുണ്ടാക്കി. അതായിരുന്നു തുടര്‍ന്നുണ്ടായ മാപ്പിള കലാപങ്ങളിലേക്ക് നയിച്ചത് എന്നും നിരീക്ഷിക്കപെട്ടിട്ടുണ്ട്. 1935ല്‍ സി. രാജഗോപാലാചാരിക്ക് കീഴില്‍ മദ്രാസ് ജനപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മമ്പുറം പുനരുത്ഥാന കമ്മിറ്റി ഉണ്ടാക്കുകയും ഫസല്‍ തങ്ങളുടെ മക്കളെയും കുടുംബത്തെയും തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തുകയും ചെയ്തു. പക്ഷെ, അതിന്റെ അനന്തരഫലം മുന്നില്‍കണ്ട ബ്രിട്ടീഷ് സര്‍ക്കാര്‍ സമ്മതിച്ചില്ല. എങ്കിലും ഒരിക്കല്‍ കമ്മിറ്റിയുടെ ക്ഷണമനുസരിച്ച് ഫസലിന്റെ പേരമകന്‍ അലി ഫ്രഞ്ച് ഭരണത്തിന്‍ കീഴില്‍ ഉണ്ടായിരുന്ന മാഹിയിലൂടെ മലബാറില്‍ എത്താന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാര്‍ തടഞ്ഞു തിരിച്ചയച്ചു.

ഫസല്‍ എന്ന പണ്ഡിതന്‍
ഫസല്‍ എന്ന ബഹുമുഖവ്യക്തിത്വത്തെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും സൂചിപ്പിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ മലബാറില്‍വച്ചെഴുതിയ ഗ്രന്ഥമായിരുന്നു അദ്ദേഹത്തെ നാടുകടത്താന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ തന്റെ ജീവിതത്തിന്റെ അവസാന  ഇരുപതു വര്‍ഷങ്ങള്‍ ധാരാളം വായിക്കാനും പുസ്തകങ്ങള്‍ രചിക്കാനും ആണ് ഫസല്‍ ഉപയോഗിച്ചത്. ആ പുസ്തകങ്ങളില്‍ തന്റെ നിരീക്ഷണങ്ങളും വ്യക്തിജീവിതവും അദ്ദേഹം വരച്ചുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍ ഇവയൊക്കെയാണ് : അസാസുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ അടിസ്ഥാനം), ബവാരികുല്‍ ഫത്താന ലി തഖ്‌വിയതുല്‍ ബിത്താന (നല്ല സുഹൃത്തുക്കളെ ലഭിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍), ത്വരീഖത്തുന്‍ ഹനീഫ (നേരായ മാര്‍ഗം), കൗകബുദ്ദുറര്‍ (മുത്ത് നക്ഷത്രം), ഹുലലുല്‍ ഇഹ്‌സാന്‍ ലി തഹ്‌സീനില്‍ ഇന്‍സാന്‍ (മനുഷ്യന്‍ നന്നാവാനുള്ള നന്മയുടെ പരിഹാരങ്ങള്‍), ഫുസൂസാതുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ പ്രത്യേകതകള്‍), അലാ മന്‍ യുവാരില്‍ കുഫ്ഫാര്‍ (സത്യനിഷേധികളെ സഹായിക്കുന്നവര്‍ക്ക്), അല്‍ ഖൗലുല്‍ മുഖ്താര്‍ ഫീ മന്‍ഇ തഖ്‌യീറില്‍ കുഫ്ഫാര്‍, ഫുയൂസാത്തുല്‍ ഇലാഹിയ്യ: ഇഖ്ദ് അല്‍ ഫരീദ് (സ്ത്രീകളെ കുറിച്ച്). ഇതില്‍ ചിലതെല്ലാം തന്റെ പിതാവിന്റെയും പൂര്‍വഗാമികളുടെയും ധീരകഥകള്‍ ആണെന്ന് തോമസ് ക്യൂഹന്‍ അഭിപ്രായപ്പെട്ടിടിടുണ്ട്. പക്ഷെ, അതില്‍ മമ്പുറം തങ്ങളെക്കുറിച്ച ഫസലിന്റെ ഓര്‍മ്മകള്‍ അടങ്ങിയ പുസ്തകം ലഭ്യമായാല്‍ മലയാളിക്ക് അത് ഒരു വലിയ ഉപഹാരമായിരിക്കും.

സമാപനം
ഒരു ത്രിമാനവ്യക്തിത്വമായിരുന്നു സയ്യിദ് ഫസല്‍ തങ്ങള്‍. മലബാറുകാരുടെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ദോഫാറുകാരുടെ സയ്യിദ് ഫസല്‍ ബിന്‍ അലവി മൌലദ്ദവീല, തുര്‍ക്കി  സുല്‍ത്താന്റെയും തുര്‍ക്കി  ചരിത്രത്തിലെയും സയ്യിദ് ഫസല്‍ പാഷ. ഈ മൂന്നും ഫസലിന്റെ മൂന്ന് വ്യക്തിത്വങ്ങളെ കുറിക്കുന്നു.  ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം പഠിച്ചാല്‍ ആ ജീവിതപഠനം പൂര്‍ണമാവില്ല. മലയാളത്തില്‍ ഫസല്‍ തങ്ങളെ കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ, അതിലധികവും മലബാറിനെ ചുറ്റിപ്പറ്റി നിന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാത്രം വിശകലനം ചെയ്യുന്നതാണ്. നാട് കടന്നതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ ജീവിതം ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കുകയാണ് സാധാരണ പതിവ്. നാടുകടന്ന ശേഷവും ഫസല്‍ മലബാറിനോട് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു.  ജീവിതത്തിലുടനീളം, രാഷ്ട്രീയവും മതപരവുമായ തന്റെ പോരാട്ടം മുന്നോട്ടുനീക്കാന്‍ അദ്ദേഹത്തിന്  മലബാറിലെ മുസ്ലിംകളില്‍ നിന്ന് സാമ്പത്തികസഹായം ലഭിച്ചുകൊണ്ടിരുന്നു എന്ന് സഈദ് ബാ ഉമര്‍ പറയുന്നു. തുര്‍ക്കിയില്‍ മന്ത്രിയായതില്‍ പിന്നെ ആണത്രേ അത് നിന്നത്. റോജര്‍ അല്ലന്‍ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന് മലബാറില്‍നിന്ന് കത്തുകള്‍ വരാറുണ്ടായിരുന്നു. ആ കത്തുകള്‍ തുര്‍ക്കി  സുല്ത്താനെ കാണിച്ച്, മലബാറിലേക്ക് ഒരിക്കല്‍ താന്‍ ഭരണാധികാരിയായി തിരിച്ചുപോവും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നത്രേ. ഫസല്‍ തങ്ങളുടെ മരണം മലബാറില്‍ കോലാഹലമുണ്ടാക്കി എന്നും അതാണ് തുടര്‍ന്നുള്ള മലബാര്‍ കലാപങ്ങളിലെക്ക് നയിച്ചത് എന്നും എം എച്ച് ഇല്യാസ് നിരീക്ഷിക്കുന്നു. പക്ഷെ മലബാറിലുണ്ടായിരുന്ന ആ നിരന്തരബന്ധത്തിന്റെ കണ്ണികള്‍ ഒന്നും സയ്യിദ് ഫസലിന്റെ നാടുകടന്നതിനു ശേഷമുള്ള ചരിത്രം രേഖപ്പെടുത്തുന്നതില്‍ എത്തിയില്ല എന്ന് വേണം അനുമാനിക്കാന്‍.
ജമാലുദ്ദീന്‍ അഫ്ഗാനിയുടെ (1838 - 1897) ശക്തമായ സ്വാധീനം തന്റെ അവസാന നാളുകളില്‍ സയ്യിദ് ഫസലിനുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ശക്തമായ പാന്‍ ഇസ്‌ലാമിസത്തിന്റെ വക്താവായ തങ്ങള്‍ അവസാന കാലത്ത് ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍  ഇസ്‌ലാമിക രാജ്യങ്ങള്‍ വളര്‍ന്നു  വരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിരുന്നു. 1892  ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ക്ഷണപ്രകാരം കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയ ജമാലുദ്ദീന്‍ അഫ്ഗാനിയുമായി സയ്യിദ് ഫസല്‍ നല്ല ബന്ധം പുലര്‍ത്തി. രണ്ടോ മൂന്നോ വര്‍ഷത്തിന്റെ വ്യത്യാസത്തിലാണ് ഇരുവരും മരിക്കുന്നത്. ഒരുപക്ഷെ ആ സൗഹാര്‍ദ്ദത്തിന്റെയും സ്വാധീനത്തിന്റെയും പാരമ്യതയില്‍ ആവാം ഫസല്‍ തങ്ങള്‍ക്ക് തുര്‍ക്കിയില്‍ ശത്രുക്കള്‍ ഉണ്ടാവുന്നതും തന്റെ ജീവിതാന്ത്യത്തില്‍ വീട്ടുതടങ്കലിന് വിധേയമാകേണ്ടി വന്നതും.  ദോഫാറിലെ ഭരണാധികാരിയായ ഫദല്‍ ബിന്‍ അലവി എന്ന വ്യക്തിത്വം സൂഫീ ധാരയിലെ ഇമാം എന്നതില്‍ലുപരി ഒരു രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താവുകൂടിയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാം വേണം എന്ന് ശഠിച്ച ശക്തനായ ഭരണാധികാരി. ഇബ്‌നു അബ്ദില്‍ വഹാബിന്റെ സലഫി വീക്ഷണത്തോട് യോജിച്ചു നില്ക്കുന്ന ഒരാള്‍. തുര്‍ക്കിയില്‍ എത്തുമ്പോള്‍ സയ്യിദ് ഫസല്‍ പാഷ പാന്‍ ഇസ്ലാമിസത്തിന്റെ വക്താവാകുന്നു. ജമാലുദ്ദീന്‍ അഫ്ഗാനിയുമായി സൗഹൃദം പുലര്‍ത്തി,  ദോഫാര്‍ ഉള്‍പ്പടെ ഇസ്‌ലാമികരാഷ്ട്രങ്ങള്‍ വളര്‍ന്നുവരണം എന്ന് ആഗ്രഹിച്ച ഒരാളായി മാറുന്നു. ചിന്താമണ്ഡലത്തിലെ ഈ മാറ്റങ്ങള്‍ക്കിടയിലും ആത്യന്തികമായി അദ്ദേഹം ഒരു സൂഫീ, ഹദറമി പണ്ഡിതന്‍ തന്നെ ആയിരുന്നു.
ഫസല്‍ തങ്ങളുടെ ജീവിതത്തിലെ രണ്ടു നാടുവിടലുകള്‍ ഇനിയും അഴിയാത്ത സമസ്യയാണ്. മലബാറിലെ ബ്രിട്ടീഷുകാര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പേ അദ്ദേഹം മക്കയിലേക്ക് പോയതാണ് ഒന്നാമത്തേത്. അത് ഹജ്ജ് നിര്‍വഹിക്കാന്‍ ആയിരുന്നോ അതോ നാടുകടത്തപ്പെട്ടതാണെന്നോ എന്ന് തീര്‍ത്തു പറയാന്‍ വയ്യ. ദോഫാര്‍ ഭരണാധികാരി ആയിരിക്കെ സമ്മര്‍ദ്ദം മുറുകി അദ്ദേഹം യമന്‍ വഴി രക്ഷപ്പെട്ടതാണ് രണ്ടാമത്തേത്. ആരെങ്കിലും പോവാന്‍ പറഞ്ഞാല്‍  ഒരു ഭരണാധികാരി പോകണോ? അതോ അദ്ദേഹത്തിന് ശക്തമായി തിരിച്ചു വരാനുള്ള ഒരു പിന്മാറ്റം ആയിരുന്നോ അത്? പിന്നീട് ശക്തമായി തിരിച്ചുവരണം എന്ന ആഗ്രഹത്തോടെ ഫസല്‍ എടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ ആയിരുന്നു രണ്ടു നാട് വിടലും എന്നാണ് മനസ്സിലാക്കേണ്ടത്. പക്ഷെ, രണ്ടിടത്തും അദ്ദേഹം പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല എന്നുമാത്രം. 

Reference

· Dr. MH Ilias, ‘Narrating the History of Malabar’s Omani Connection with Special Reference to the Life Histories of Cheraman Perumal and Sayyid Fadl Moplah, Oman, 2010
· Ibn Ubaidullah, “ Imam Ahmed Bin Easa” Series of Articles written on www.ghrib.net.
· Abibakr Al Adani:Imam Ahmed Bin Isa, Al Muhajir Ilallah, Aden, Yemen 2002
· Saqar Al Hashmi, “How Alawites reached Hadarmout”www. baneyhashem. ibda3.org.
· Dr. Saeed Bin Omar Al Omar, “Leadership of Fadel Bin Alawi in Dhofar: Between Ottomon Support and British Oman Rejection, King Faisal University, Saudi Arabia
· Khairuddeen Al Zarkali, “ Al Aalam” Dar Al Ilm, Bairut 1980 (Quotes, by Dr. Saeed)
· J. B. Kelly, Britain and the Persian Gulf 1795-1880, London, 1968
· Abdul Munim Abdulla Al Rawas, Scholars of Dhofar,
· Philips Windell, “Hisotry of Oman”, 1989
· Isa Blumi, Ottoman Refugees 1878-1939, Migrations in post imperial world, IStanbul
· Roger Allen: “Spies, Scandals and Sultans: Istanbul in the twilight of the Ottoman Empire”, Rowman Little Field, US
· Thomas Kuehan: “Empire, Islam and Politics of difference, Ottoman rule in Yemen 1849-1919”, Yemen
· Dr. Husain Randathani: Genesis and Growth of the Mappila Community, merawatan, 2009
· Ulrike Freitag, Hadhrami Migration in 19th and 20th Century, British Yemeni Society, Aden, www.al-bab.com, 1998
· Jamaluddin Al Hafeedh, Series of Conversation in personal, Muscat 2013
പി.എം.എ.ഗഫൂര്‍, അനാചാരങ്ങള്‍ക്കെതിരെ അടരാടിയ മമ്പുറം തങ്ങന്മാര്‍, ശബാബ് വാരിക, 2011
കെ.ടി.ഹുസൈന്‍, മമ്പുറം തങ്ങന്മാര്‍, സമരം, പ്രത്യയ ശാസ്ത്രം: (തുടര്‍ ലേഖനങ്ങള്‍), പ്രബോധനം വാരിക 2007