ഖാദിയാനിസവും കേരള മുസ്‌ലിംകളും

അബ്ദുറഹ്മാന്‍ കൊടിയത്തൂര്‍  

1857 ല്‍ ഇന്ത്യയില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരം വിലയിരുത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതിനിധികളുടെയും സംയുക്ത സമ്മേളനം കണ്ടെത്തിയത്, കോളനിവത്കരണത്തിന് ഏറ്റവും വലിയ തടസ്സം മുസ്‌ലിം സമൂഹമാണെന്നായിരുന്നു. വിദേശാധിപത്യത്തിനെതിരായുള്ള യുദ്ധം ജിഹാദും അതില്‍ സംഭവിക്കുന്ന മരണം ശഹാദത്തും അതിന്റെ പ്രതിഫലം ശാശ്വത സ്വര്‍ഗവുമാണെന്ന അവരുടെ വിശ്വാസമാണ് ഈ ചെറുത്തുനില്‍പ്പിന് കാരണം. ഇതിനെ നേരിടാനായി ബ്രിട്ടീഷ് സാമ്രാജ്യം കണ്ടെത്തിയത് മുസ്‌ലിംകളില്‍ ഭിന്നിപ്പുണ്ടാക്കുകയും ഒരു വിഭാഗത്തെ തങ്ങള്‍ക്കനുകൂലമാക്കുകയും ചെയ്യുകയെന്നായിരുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു തന്നെ ഒരു അപ്പോസ്റ്റല്‍ പ്രോഫറ്റിനെ കണ്ടെത്തി, ജിഹാദ് ഹറാമാക്കുകയെന്ന ലക്ഷ്യം നേടാനായി ഇന്ത്യയിലെ പാതിരിമാര്‍ അന്വേഷണം തുടങ്ങി. 1869 ല്‍ സിയാല്‍ കോട്ട് ആര്‍ച്ച്ബിഷപ്പ് ഫാദര്‍ എം.എ. ബട്‌ലര്‍, കോടതി ഗുമസ്തനും മത സംവാദങ്ങളില്‍ നിപുണനുമായിരുന്ന മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയെ ഇതിനായി കണ്ടെത്തുകയും ഇതിനായി ആസൂത്രിത കരുനീക്കങ്ങള്‍ നടത്തുകയും ചെയ്തു.1
പഞ്ചാബിലെ ബട്ടാല താലൂക്കില്‍ ഖാദിയാനിലെ സമീന്ദാറായിരുന്ന ഗുലാം മുര്‍തസയുടെ മകനായി, 1840 ലാണ് ഗുലാം അഹ്മദ് ജനിച്ചത്. നേരത്തെ 85 ഗ്രാമങ്ങളുടെ പ്രവിശ്യാഭരണാധികാരിയായിരുന്നു പിതാമഹന്‍. ബ്രിട്ടീഷുകാര്‍ ആ ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും തങ്ങളുടെ സാമന്തനായി കഴിയാമെന്ന വ്യവസ്ഥയോടെ ഏഴെണ്ണം തിരിച്ചുനല്‍കുകയും ചെയ്തു. എന്നിട്ടും 1857 ലെ സ്വാതന്ത്ര്യ സമരത്തെ ചോരയില്‍ മുക്കിയ നിഷ്ഠൂര ചെയ്തിക്ക് സഹായകമായി എണ്‍പത് അശ്വഭടന്മാരെ അയച്ചുകൊടുത്തുകൊണ്ട് അവരുടെ പാദസേവ ചെയ്യുകയായിരുന്നു ഗുലാം മുര്‍തസ. ഇതിന്റെ ഫലമായി 200 രൂപയുടെ റിവാര്‍ഡും ദര്‍ബാറിലെ ക്ഷണിതാവുമാക്കി അവര്‍.2
നേരത്തെ പിടിച്ചെടുത്ത ഗ്രാമങ്ങള്‍ക്ക് പകരമായി 700 രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിച്ചിരുന്ന ഗുലാം മുര്‍ത്തസ ഒരിക്കല്‍ അത് വാങ്ങാനായി ബട്ടാല താലൂക്ക് ഓഫിസിലേക്ക് മകനെ അയച്ചു. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ ഗുലാം അഹ്മദ് ആ പണവുമായി നാടുവിട്ടു. പണം മുഴുവന്‍ ധൂര്‍ത്തടിച്ച് നാട്ടില്‍ വരാന്‍ പറ്റാതെ അദ്ദേഹം സിയാല്‍കോട്ടിലെത്തി. അവിടെ ബ്രിട്ടീഷു കച്ചേരിയില്‍ 15 രൂപ ശമ്പളത്തിന് ഗുമസ്തനായി ജോലി നേടി.3 ഫാദര്‍ ബട്‌ലറുമായി പരിചയപ്പെടുകയും അദ്ദേഹവുമായി മത സംവാദങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്തു അദ്ദേഹം.
1869 ല്‍ ഖാദിയാനിലേക്ക് തിരിച്ചുവന്ന ശേഷം മതപ്രബോധകന്റെ വേഷത്തില്‍ ആര്യസമാചം തുടങ്ങുകയും പാതിരിമാരുമായി സംവാദങ്ങള്‍ നടത്തുകയും മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളെഴുതുകയും ചെയ്തു. 1881 കാലത്ത് രചിച്ച ബറാഹീനെ അഹമ്മദിയ എന്ന ഗ്രന്ഥത്തിലൂടെ തനിക്ക് അല്ലാഹുവില്‍ നിന്ന് വഹ്‌യ് ലഭിച്ചതെന്ന അവകാശവാദമുണ്ടായി. അറബി, ഉര്‍ദു, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ കുറെ വഹ്‌യുകള്‍ സമര്‍പ്പിച്ചുകൊണ്ട് താന്‍ മുഹദിസും വലിയുമാണെന്ന് വാദിച്ചു.4 1885 ല്‍ മുജദ്ദിദും കാലത്തിന്റെ ഇമാമുമാണെന്ന് പ്രഖ്യാപിച്ചു. 1889 ല്‍ അഹ്മദിയാ ജമാഅത്ത് സ്ഥാപിക്കുകയും മുരിക്കുരില്‍ നിന്ന് ബൈഅത്ത് സ്വീകരിക്കുകയും ചെയ്തു.5
1891 ല്‍ രചിച്ച തൗഹീളെ മറാം, ഫത്ഹുല്‍ ഇസ്‌ലാം, ഇസായെ ഔഹാം. എന്നീ കൃതികളില്‍ ഈസാ(സ) നബി മരിച്ചുപോയെന്നും വാഗ്ദത്ത മസീഹും ഇമാം മഹ്ദിയുമായി തന്നെ നിയോഗിച്ചിട്ടണ്ടെന്നും മാലോകരെ അറിയിച്ചു. ഈസാ നബിയുടെ പുനരാഗമനത്തെ സംബന്ധിച്ച ഹദീസുകള്‍ അംഗീകരിക്കുകയും ഖുര്‍ആനിലെ ആയത്തുകള്‍ ദുര്‍വ്യാഖ്യനിക്കുകയും ചെയ്തു കൊണ്ടാണ് ഈസാ (അ) മരിച്ചുവെന്നുന്നും അദ്ദേഹത്തിന്റെ പുനരാഗമത്തെ സംബന്ധിച്ച ഹദീസുകള്‍ തന്നെ കുറിച്ചാണെന്നും അദ്ദേഹം വാദിച്ചത്.6 ഹദീസുകളിലെ അടയാളങ്ങള്‍ തന്നിലൊപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു അദ്ദേഹത്തിന്. ഈസായുടെ മരണം തെളിയിക്കാന്‍ യുക്തിയും ശാസ്ത്രവും അവംലംബിച്ച അതേ വ്യക്തി തന്നെ അല്ലാഹു മര്‍യമാക്കുകയും രണ്ട് വര്‍ഷം പര്‍ദയില്‍ കഴിഞ്ഞ ശേഷം തന്നിലേക്ക് ഈസയുടെ ആത്മാവൂതുകയും ആലങ്കാരികഗര്‍ഭം ധരിച്ച് പത്ത് മാസങ്ങള്‍ക്ക് ശേഷം ഈസ ഉണ്ടാവുകയും ചെയ്തു7വെന്ന യുക്തിരഹിതവാദമാണുന്നയിച്ചത്. ഒപ്പം ഈസായുടെ അവരോഹണ സമയത്തെ രണ്ട് മഞ്ഞപ്പുതപ്പുകള്‍, തന്റെ രണ്ട് രോഗങ്ങളായ തലകറക്കവും മൂത്രവാര്‍ച്ചയുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.8
തുടര്‍ന്ന് തന്റെ രചനകളില്‍ സമര്‍പ്പിക്കപ്പെട്ട വഹ്‌യുകളിലൂടെ ക്രമപ്രവൃദ്ധമായി പ്രവാചകത്വത്തിലെത്തുകയും 1901 ല്‍ ശരീരത്തോട് കൂടിയുള്ള പ്രവാചകത്വം പ്രഖ്യാപിക്കുകയും ചെയ്തു.9 1905 ല്‍ താന്‍ മുസ്‌ലിംകളുടെ മാത്രം മസീഹല്ല, ക്രിസ്ത്യാനികളുടെ മിശിഹയും ഹിന്ദുക്കളുടെ കൃഷ്ണാവതാരവും രുദ്രഗോപാലനുമാണെന്ന് വാദിച്ചു.10 1908 ല്‍ മരിക്കുമ്പോള്‍ പൂര്‍ണവളര്‍ച്ചയെത്തിയ പ്രവാചകനായി അദ്ദേഹം തന്നെ വിശ്വസിക്കാത്തവര്‍ നരകാവകാശികളാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
തങ്ങള്‍ സൃഷ്ടിച്ച പുത്തന്‍പ്രവാചകത്വത്തിന് പൂര്‍ണപിന്തുണയും ബ്രിട്ടീഷുകാര്‍ നല്‍കി. പ്രത്യുപകാരമെന്ന നിലക്ക് അവരെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ നിര്‍ബന്ധവും അവര്‍ക്കെതിരെയുള്ള ജിഹാദ് ഹറാമുമാണെന്ന് പ്രഖ്യാപിച്ചു.11 ഈ സന്ദേശം ബ്രിട്ടീഷു കോളനികളില്‍ പ്രചരിപ്പിക്കാനായി വിവിധ ഭാഷകളില്‍ പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചു. അവ ഒരുമിച്ചുകൂട്ടിയാല്‍ ഒമ്പത് അലമാരികള്‍ നിറയുമെന്നാണ് അവകാശ വാദം. ചുരുക്കത്തില്‍, കുടുംബപാരമ്പര്യമായി ലഭിച്ച അധമബോധം അടിമച്ചങ്ങലയെ ഹാരമായി സ്വീകരിക്കുന്ന മാനസികാവസ്ഥ പ്രദാനം ചെയ്തുവെന്നാണ് രചനകളില്‍ നിന്ന് മനസ്സിലാവുന്നത്. ബ്രിട്ടീഷ് രാജ്ഞിക്ക് സ്‌തോത്രമോതാതെ ഒരു കൃതിപോലും രചിക്കില്ലെന്നുപോലും എഴുതിവെച്ചിട്ടുണ്ട്  ബ്രിട്ടന്റെ ആ ഇഷ്ടപുത്രന്‍.

ഖാദിയാനിസം കേരളത്തില്‍
1902 ല്‍ മീര്‍സായുടെ കാലത്ത് ഖാദിയാനിസത്തിന്റെ വിത്തുവീണിട്ടുണ്ട് കേരളക്കരയില്‍. ബര്‍മയില്‍ കച്ചവടാവശ്യാര്‍ത്ഥം പ്രവസിച്ചിരുന്ന കണ്ണൂരിലെ എടപ്പകത്ത് അബ്ദുല്‍ ഖാദര്‍ കുട്ടിയാണ് മലയാളിയായ ആദ്യത്തെ അഹ്മദി. പിന്നീട് കണ്ണൂരിലെയും പഴയങ്ങാടിയിലെയും കുറേ പേര്‍ ഖാദിയാനി മതം സ്വീകരിച്ചു. ബിലാവിനകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പൗരപ്രമുഖന്‍ ഖാദിയാനിയായതോടെ അവരുടെ സ്വാധീനം വര്‍ധിച്ചു. അല്‍പകാല ശേഷം അദ്ദേഹം അഹ്‌ലുല്‍ ഖുര്‍ആനിലേക്ക് ചേക്കേറി.
1925 ല്‍ സത്യദൂതന്‍ മലയാള മാസിക പ്രസിദ്ധീകരണമാരംഭിച്ചതോടെ വിദ്യാസമ്പന്നരില്‍ ഖാദിയാനിസം ചര്‍ച്ചാവിഷയമായി മാറി. കേരളത്തിലെ മറ്റു ചിലയിടങ്ങളിലും ഖാദിയാനി മതാനുയായികളുണ്ടായി. എങ്കിലും ആശയ ദൗര്‍ബല്യം നിമിത്തം വേണ്ടത്ര വളര്‍ച്ച നേടാനായില്ല.

ഖാദിയാനിസം- ഇസ്‌ലാം സംവാദങ്ങളുടെ ചരിത്രം
1891 ല്‍ വാഗ്ദത്ത മസീഹ് വാദമുന്നയിച്ചതോടെ മുസ്‌ലിം പണ്ഡിതന്മാര്‍ മീര്‍സാ ഖാദിയാനിക്കെതിരെ രംഗത്തുവന്നിരുന്നു. ഇസാലയെ ഔഹാം എന്ന ഗ്രന്ഥത്തില്‍ ഈസാ (അ) മരിച്ചുവെന്നതിന് തെളിവായി 30 ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതിനെ ഖണ്ഡിച്ചുകൊണ്ട് മൗലവി ഇബ്രാഹീം സിയാല്‍ക്കോട്ട് ശഹാദത്തെ ഖുര്‍ആന്‍ എന്ന ഗ്രന്ഥം രചിക്കുകയും പല വേദികളും ഇക്കാര്യം പ്രതിപാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടി എഴുതാന്‍ ഇന്നേവരെ ഖാദിയാനികള്‍ക്കോ അനുയായികള്‍ക്കോ സാധിച്ചിട്ടില്ല.13
കേരളത്തില്‍ ഖാദിയാനിസം ചര്‍ച്ചാവിഷയമാകുന്നത് ബി. അബ്ദുല്ലാ മൗലവി എച്ച്.എ അതിന്റെ സാരഥ്യമേറ്റെടുത്തതോടെയാണ്. 1940 കളില്‍ അദ്ദേഹം മലബാറില്‍ ഖാദിയാനിമത പ്രചാരണം ശക്തമാക്കി. 1937 ലാണ് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഖാദിയാനിസത്തിന്റെ വിത്ത് വീണത്. പണ്ഡിതനും ജമാഅത്തെ ഇസ് ലാമിയുടെ നേതാവുമായിരുന്ന കെ.സി. അബ്ദുല്ല മൗലവി, സ്വന്തം ജന്മദേശത്ത് ഈ വിപത്തിനെ പണ്ഡിതോചിതമായിത്തന്നെ നേരിട്ടു. കൊടിയത്തൂരിലും കോഴിക്കോട്ടും 1949-50 കാലത്ത് നടത്തിയ ഖണ്ഡന പ്രസംഗങ്ങളും ചര്‍ച്ചകളും സംവാദങ്ങളും അന്ന് പ്രബോധനം പ്രതിപക്ഷ പത്രത്തിലും സത്യദൂതന്‍ മാസികയിലും ചര്‍ച്ചാവിഷയമായിരുന്നു. കൊടിയത്തൂരിലെ ഖാദിയാനികള്‍ക്കെതിരെ ഊരുവിലേെക്കര്‍പ്പെടുത്തി പ്രയാസപ്പെടുത്താന്‍ ഉലമാക്കളുടെയും ഉമറാക്കളുടെയും തീരുമാനത്തെ പക്ഷേ കെ.സി സാഹിബ് എതിര്‍ക്കുകയായിരുന്നു. ഖുര്‍ആനും നബി ചര്യയിലൂടെയുമാണ് ഈ പ്രശ്‌നത്തെ നേരിടേണ്ടതെന്ന് അദ്ദേഹം അധികാരിയെയും ഖാദിയെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്ന് മംഗലശ്ശേരി കുടുംബത്തില്‍ ഒതുങ്ങിനിന്ന ഖാദിയാനിസത്തിന് അല്‍പമെങ്കിലും വിികാസമുണ്ടായതിന് കാരണമായത് ഈ ഊരുവിലക്കാണെന്ന് വിലയിരുത്തപ്പെടുന്നു.
ഈ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായ പ്രവര്‍ത്തനം നടന്നത് തലശ്ശേരിയിലായിരുന്നു. ശരിഅത്തുല്‍ ഇസ്‌ലാം സംഘത്തിന് കീഴില്‍ ഒട്ടേറെ പ്രഭാഷണങ്ങളും സംവാദങ്ങളും നടന്നു. കെ.പി മുത്തുകോയ തങ്ങളായിരുന്നു അവിടെ മുസ്‌ലിം പക്ഷത്തെ ശക്തനായ തേരാളി.
അക്കാലത്ത് തന്നെയാണ് കോഴിക്കോട് തബ്‌ലീഗുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ മുജാഹിദ് നേതാക്കളായ എടവണ്ണ അലവി മൗലവിയും കെ. അബ്ദുല്ലത്തീഫ് മൗലവിയും ഖാദിയാനിസം ചര്‍ച്ച ചെയ്തത്. സംവാദങ്ങളും ലഘുലേഖകളുമായി നടന്ന ആക്രമണത്തെ ചെറുക്കാന്‍ എച്ച്.എ മൗലവിക്ക് ഏറെ വിയര്‍ക്കേണ്ടി വന്നു. തുടര്‍ന്ന് കൊടിയത്തൂരില്‍ പള്ളിയില്‍ വെച്ച് എം.സി.സി സഹോദരങ്ങളുമായി നേരിട്ടു സംവദിക്കാനും അവസരമൊരുക്കി. കൊടിയത്തൂരില്‍ ഖാദിയാനിസത്തിന് കൂച്ചുവിലങ്ങിടാന്‍ സാധിച്ചത് ഈ ചര്‍ച്ചയോടെയാണന്ന് പഴമക്കാര്‍ പറയുന്നു.
1959 ല്‍ കോഴിക്കോട്ടെ ചില പൗരപ്രമുഖര്‍ ചേര്‍ന്ന് അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാം എന്ന സംഘം രൂപീകരിച്ചു. അവര്‍ കെ.സി അബ്ദുല്ല മൗലവിയെ കണ്ടു ഖണ്ഡന പ്രസംഗപരമ്പര നടത്താനാഭ്യര്‍ഥിച്ചു. ഖാദിയാനികളുടെ മതവും ഖാദിയാനികളുടെ നിലയും എന്ന പേരില്‍ കോഴിക്കോട്ടെ കുറ്റിച്ചിറയില്‍ നടത്തിയ ഈ പരമ്പരക്കുശേഷം ചില അഹ്മദികള്‍ ഖാദിയാനിസം ഉപേക്ഷിക്കുകയുണ്ടായി. ഖാദിയാനീസാഹിത്യത്തിലൂടെ, ഖാദിയാനിസത്തിന്റെ ചരിത്രവും യാഥാര്‍ത്ഥ്യവും വിശദമാക്കുകയായിരുന്നു കെ.സി സാഹിബിന്റെ രീതി. ഒരേ സ്‌റ്റേജില്‍ വാദപ്രദിവാദം നടത്തുകയെന്ന അന്‍ജുമന്റെ താല്‍പര്യം ജമാഅത്ത് അമീര്‍ ഹാജി സാഹിബ് അംഗീകരിച്ചില്ല. ഇടവിട്ട ദിവസങ്ങളില്‍ ഖണ്ഡന മണ്ഡന പ്രസംഗങ്ങള്‍ തന്നെ സത്യം ഗ്രഹിക്കാന്‍ മതിയാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനനുകൂലമായി 'ശ്രോതാക്കളുടെ' തീരുമാനം അവര്‍ നോട്ടീസിലൂടെ പ്രഖ്യാപിച്ചു.
'നീതിമതികളും നിഷ്പക്ഷ സത്യാന്വേഷികളുമായ ഞങ്ങള്‍ക്ക് വാദപ്രതിവാദത്തിന്റെ ആവശ്യമില്ല. ഞങ്ങളുടെ എല്ലാ സംശയങ്ങളും കെ.സി അബ്ദുല്ല സാഹിബിന്റെ പ്രസംഗം കൊണ്ട് പറ്റെതീര്‍ന്നിരിക്കുന്നു. ഖാദിയാനികള്‍ക്കോ അനുഭാവികള്‍ക്കും മൗലവി കാണിച്ച് അവരുടെ പ്രവാചകന്റെയും ഖലീഫമാരുടെയും ഗ്രന്ഥങ്ങളെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കില്‍ അത് അവരുടെ മൗലവി സാഹിബ് എച്ച് എ യോടോ മറ്റോ ചോദിച്ച് തീര്‍ത്തു കൊള്ളട്ടെ. വേണമെങ്കില്‍ അവര്‍ക്ക് സ്വന്തമായി ഒരു ചര്‍ച്ചയോ പ്രസംഗമോ നടത്തി സംശയം തീര്‍ക്കേണ്ടതിന് വിരോധമില്ല.
മൗലവി അബ്ദുല്ല എച്ച്.എ യോട് ഖാദിയാനി അനുകൂലികളായ ചില യുവാക്കള്‍ ഈ വിഷയങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ചു. സംശയം തീരാത്തതിനാല്‍ പ്രതിഷേധിച്ചു ഇറങ്ങിപ്പോയെന്നും ഖാദിയാനികള്‍ ഈ പ്രസംഗം കേള്‍ക്കാന്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.'
1960 ന് ശേഷം ഏറെക്കാലം ഖാദിയാനിസത്തെ മുസ്‌ലിം പണ്ഡിതരും സംഘടനകളും അവഗണിച്ചുവെന്നാണ് മനസ്സിലാകുന്നത്. കൊടിയത്തൂരിലും കോഴിക്കോടും ഖാദിയാനിസം വളരാന്‍ സാഹചര്യമൊരുക്കിയത് ഈ നിസ്സംഗതയാണെന്ന് പറയാം. പന്നീട് അബ്ദുല്‍ ഖൈര്‍ മൗലവിയുടെ രംഗപ്രവേശത്തോടെയാണ് ഖാദിയാനിസം കൊടിയത്തൂരില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അബ്ദുല്ലാ സാഹിബിന്റെ അഭാവത്തില്‍ ചില മൗലവിമാരായിരുന്നു ഖാദിയാനി പക്ഷത്തുണ്ടായിരുന്നത്. ഖണ്ഡന മണ്ഡന പ്രസംഗങ്ങളിലൂടെ കൊടിയത്തൂരില്‍ ചര്‍ച്ച സജീവമായെങ്കിലും മറ്റിടങ്ങളില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കണ്ടില്ല. കേരളത്തില്‍ പല പ്രദേശങ്ങളിലും ഖാദിയാനികള്‍ പള്ളികള്‍ സ്ഥാപിച്ചത് ഈ കാലത്താണ്. കൊടിയത്തൂരിലും നിലമ്പൂരിലെ കരുളായിയിലും പത്തപ്പിരിയത്തും ചില സമ്പന്നന്മാരാണ് ഇതിന് പണമൊഴുക്കിയത്.
1981 ലാണ് ഖാദിയാനിസത്തിനെതിരെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളുടെ തുടക്കം. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയസംഘടനകളെ  പ്രതിനിധീകരിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായി അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാം രൂപീകൃതമായി. കൊടിയത്തൂരിലായിരുന്നു തുടക്കമെങ്കിലും ഏറെ വൈകാതെ സംസ്ഥാനത്തെ ഒട്ടുമിക്ക ഖാദിയാനി കേന്ദ്രങ്ങളിലും പ്രസംഗ പരിപാടികളിലൂടെ അന്‍ജുമന്‍ ശ്രദ്ധിക്കപ്പെട്ടു. മീര്‍സാ ഖാദിയാനിയുടെ തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവ ഖാദിയാനികളില്‍ പോലും ലഭ്യമല്ലെന്നും അവ തമസ്‌കരിക്കപ്പെട്ടുവെന്നും മനസ്സിലായത്. പല തവണ ഖാദിയാന്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ചത് മൂന്നു പുസ്തകങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ പാകിസ്താനില്‍ നിന്നും ലണ്ടനില്‍ നിന്നും കുറേ ഗ്രന്ഥങ്ങള്‍ ശേഖരിക്കാനായി. ലാഹോരി ഗ്രൂപ്പിന്റെ ഓഫീസില്‍ നിന്നും കുറേയെണ്ണം ലഭിച്ചു.
അവരുപയോഗിച്ച ഖാദിയാനി വാദങ്ങളെ ഖണ്ഡിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. കാക്കിരി അബ്ദുല്ല, ഇ.എന്‍. ഇബ്രാഹീം മൗലവി, എം. അബ്ദുറഹ്മാന്‍ മദനി, കെ.സി.സി മുഹമ്മദ് അന്‍സാരി, പി.വി അബ്ദുറഹ്മാന്‍, തുടങ്ങിയവരായിരുന്നു പ്രമുഖര്‍. 1982 ല്‍ ആദ്യത്തെ കൃതിയായി മീര്‍സാ ഖാദിയാനി സ്വന്തം കൃതികളില്‍  പ്രസിദ്ധീകരിച്ചതോടെ ഖാദിയാനികള്‍ പ്രതിരോധത്തിലായി. പ്രസംഗങ്ങളിലൂടെയും മുഖപത്രികയിലൂടെയും ലഘുലേഖകളിലൂടെയും മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും സ്വന്തം അനുയായികളെ പോലും ബോധ്യപ്പെടുത്താനായില്ല.
ആദ്യ കാലങ്ങളില്‍ ഖണ്ഡന പ്രസംഗങ്ങളായിരുന്നു നടന്നത്. വാദപ്രതി വാദത്തിനുള്ള വെല്ലുവിളി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഖാദിയാനികള്‍ പലവുരു വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ച് തടിയൂരി. എന്നാല്‍ ചിലയിടങ്ങളില്‍ സംവാദം നിശ്ചയിച്ചു നിബന്ധനാചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ കോട്ടപ്പുറം വാദപ്രതിവാദത്തിന്റെ പേപ്പര്‍ കട്ടിംഗുകളുമായി സംവാദത്തിന്റെ ദൂഷ്യഫലങ്ങള്‍ നിരത്തി ഒഴിഞ്ഞുമാറുകയായിരുന്നു. ഖാദിയാനികള്‍ ശ്രോതാക്കളുടെയും ഖാദിയാനി അനുയായികളുടെയും നിര്‍ബന്ധത്തിന് വഴങ്ങി കൊടിയത്തൂരില്‍ 1986 ല്‍ സംവാദം നിശ്ചയിച്ചു. സ്വന്തം വാദങ്ങളും ചോദ്യോത്തരങ്ങളും എഴുതി തയ്യാറാക്കി പരസ്പരം കൈമാറി. സ്റ്റേജും മറ്റു സംവിധാനങ്ങളും ഒരുക്കി. പതിനൊന്നാം മണിക്കൂറില്‍ പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചു. ഏറെ ദിവസങ്ങളുടെ സ്വാധീനവും പണവും ചിലവഴിച്ച ശേഷം ഈ നിരോധന ഉത്തരവ് നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. നിരോധത്തിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസില്‍ സ്വാധീനിച്ച് അന്വേഷിച്ചപ്പോഴാണ് ഖാദിയാനികള്‍ ഉന്നത തലങ്ങളില്‍ ഗൂഢാലോചന നടത്തി പരിപാടി നിര്‍ത്തിവെപ്പിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്. തയ്യാറാക്കിയ ലേഖനങ്ങള്‍ ലഘുലേഖകളായി പ്രിന്റ് ചെയ്ത് നൂറുകണക്കിന് കോപ്പികള്‍ ആണ് തടിച്ചുകൂടിയവര്‍ക്ക് വിതരണം ചെയ്തത്. ഇത് കണ്ടതോടെ തന്നെ പരിപാടി നടക്കില്ലെന്ന് ഖാദിയാനികള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അവര്‍  അതിന് പ്രതിവിധി കണ്ടെത്തിയിരുന്നുവെന്നും സാമാന്യ ജനങ്ങള്‍ക്കും ബോധ്യമായി. തുടര്‍ന്ന് മീര്‍സാ ഖാദിയാനി പ്രവാചകനോ എന്ന പേരില്‍ ആ ലേഖനങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയായിരുന്നു. അന്‍ജുമാനുല്‍ ഇശാഅത്തെ ഇസ്‌ലാം തുടര്‍ന്ന് ഒരേ സ്റ്റേജിലേക്ക് ഖാദിയാനികളെ ക്ഷണിച്ചുകൊണ്ടിരുന്നു. കല്‍പ്പറ്റയിലെ മുജാഹിദുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഈ വെല്ലുവിളി ആവര്‍ത്തിച്ചപ്പോള്‍ അതിനവര്‍ വഴങ്ങേണ്ടി വന്നു. ഖാദിയാനികള്‍ ഏറെ പ്രതിരോധത്തിലായ സംഭവമായിരുന്നു അത്. മാകാന ഖാതമുന്നബിയ്യീന്‍.... എന്ന ആയത്തിന് അഞ്ച് അര്‍ഥങ്ങള്‍ മാറ്റിപ്പറയേണ്ടി വന്ന ഖാദിയാനി  മുബല്ലിഗിന് ശരീരത്തോട് കൂടെയുള്ള പ്രവാചകത്വം അവസാനിച്ചുവെന്നതിന് അതേ ആയത്ത് തന്നെ തെളിവാക്കിയതോടെ തെളിവുകള്‍ ജലരേഖകളായി  മാറി.
ഏറെക്കാലം ഒരു സംവാദത്തിനും ഖാദിയാനികള്‍ തയ്യാറായില്ല. പലേടത്തും ഖണ്ഡന പ്രസംഗങ്ങള്‍ അരങ്ങേറുമ്പോള്‍ അടുത്ത ഊഴം പൊതുവേദിയിലെ സംവാദമാകട്ടെയെന്ന് ശ്രോതാക്കള്‍ ആവശ്യപ്പെടുന്ന സ്ഥിതിയിലെത്തുകയും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദത്തിന് വഴങ്ങേണ്ടി വരികയും ചെയ്തിരുന്നു. ഇശാഅത്ത് ആവശ്യപ്പെട്ടിരുന്നത് കേരളത്തില്‍ നിരന്തരമായി നടന്നുവന്നിരുന്ന വാദപ്രതിവാദങ്ങള്‍ക്കായിരുന്നില്ല അവ പലപ്പോഴും സാമാന്യ ജനത്തിന് ശല്യം സൃഷ്ടിക്കുകയും ഏകപക്ഷീയമായി വിജയം പ്രഖ്യാപിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്യുന്നവരായിരുന്നുവല്ലോ ഇവിടെ വിശുദ്ധ ഖുര്‍ആന്റെ വ ജാദില്‍ ഹും ബില്ലദീ ഹിയ അഹ്‌സന്‍..........എന്ന നിര്‍ദ്ദേശ പ്രകാരം സാമാന്യ ജനത്തെ സത്യം ബോധ്യപ്പെടുത്താന്‍ പര്യാപ്തമാവും വിധം പരസ്പര ബഹുമാനത്തോടെ നടക്കുന്ന ആശയ സംവാദമായിരുന്നു. ആ ഉദ്ദേശ്യത്തിന് മഹ്ദികളുടെ ഭാഗത്തു നിന്നും നല്ല സഹകരണമാണ് ലഭിച്ചത്.
കോഴിക്കോട് ഇടിയങ്ങരയില്‍ ഒരു ഹാളിലെ നിയന്ത്രിത സദസ്സിന് മുമ്പില്‍ നടന്ന സംവാദം ഏറെ ശ്രദ്ധേയവും ഉപകാരപ്രദവുമായിരുന്നു. ഓരോ വിഭാഗവും 45 മിനുട്ട് വീതം വിഷയം അവതരിപ്പിക്കുകയും നിശ്ചിത സമയം നിശ്ചയിച്ചുകൊണ്ട് ചോദ്യോത്തരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇസാ (അ) യുടെ പുനരാഗമനം, പ്രവാചകത്വ പരിസമാപ്തി, മീര്‍സാ ഖാദിയാനിയുടെ പ്രവാചകത്വവാദം എന്നിവയായിരുന്നു ചര്‍ച്ചാ വിഷയം. അവ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കാനും ഏര്‍പ്പാടുണ്ടാക്കി. കുറേ പേരെ ഇസ്‌ലാമിലേക്ക് തിരിച്ചെത്തിക്കാന്‍ ഈ സംവാദം നിമിത്തമായി എന്നതാണ് യാഥാര്‍ഥ്യം. റസൂല്‍ തിരുമേനി അന്ത്യപ്രവാചകനാണെന്ന് ഖുര്‍ആന്റെയും ഹദീസുകളുടെയും പിന്‍ബലത്തോടെ തെളിയിക്കാനും ഖാദിയാനീ പ്രവാചകത്വം കാപട്യമാണെന്ന് അദ്ദേഹത്തിന്റെ സ്വന്തം കൃതികളിലൂടെ വ്യക്തമാക്കാനും ഇശാഅത്ത് പ്രതിനിധികള്‍ക്ക് സാധിച്ചു. ഇതിന്റെ വീഡിയോ കണ്ട് തിരിച്ചുവന്ന ഒരു യുവാവ് പിന്നീട് ഖാദിയാനിസത്തിനെതിരില്‍ കുറേ ലഘുലേഖകള്‍ പുറത്തിറക്കുകയും നിരവധി വേദികളില്‍ ഖാദിയാനിസത്തിന്റെ വാദങ്ങള്‍ ഖണ്ഡിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെ ജംഇയ്യത്തെ അഹ്‌ലെ ഖുര്‍ആന്‍ വ അഹാദീസ് എന്ന സംഘടന അഹ്മദിയാ ജമാഅത്തിന്റെ തമിഴ്‌നാട് ഘടകവുമായി ഒമ്പത് ദിവസത്തെ സംവാദം തീരുമാനിച്ചു. കോയമ്പത്തൂരിലെ ആര്‍.വി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഓരോ വിഭാഗത്തില്‍ നിന്ന് 25 പേര്‍ക്ക് വീതമായിരുന്നു പ്രവേശം. മൂന്ന് ദിവസം വീതം ഈസാ നബി, ഖത്മുന്നുബുവ്വത്ത്, മീര്‍സാ ഖാദിയാനിയുടെ സത്യസാക്ഷ്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. ഖാദിയാനി പക്ഷത്ത് മൗലവി മുഹമ്മദ് ഉമറിനും അഹ്‌ലുല്‍ ഹദീസു വല്‍ ഖുര്‍ആനിന്റെ നേതൃത്വം പി.ജൈനുല്‍ ആബിദീനും ആയിരുന്നു. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം ഞങ്ങള്‍ അറിയുന്നത്. അന്നുതന്നെ പുറപ്പെട്ട് രാവിലെ കോയമ്പത്തൂരിലെത്തിയ ഞങ്ങള്‍ രണ്ടുപേര്‍ക്ക് അവര്‍ ഇരുകൂട്ടരും പ്രവേശനം തന്നില്ല. എന്നാല്‍ അല്ലാഹു ഇച്ഛിച്ചത് ഞങ്ങള്‍ അതില്‍ പങ്കെടുക്കുക മാത്രമല്ല, അത് നടന്ന രീതിയില്‍ നിന്ന് സംവാദത്തെ ഗതിമാറ്റുകയും മുസ്‌ലിംകളുടെ പക്ഷത്ത് നിന്ന് വിഷയാവതരണം നിയന്ത്രിക്കാനും തെളിവുകള്‍ നല്‍കാനും ഇശാഅത്തിന് സാധിക്കുകയും ചെയ്യണമെന്നായിരുന്നു. ഖത്മുന്നുബുവ്വതും ഖാദിയാനിയുടെ വ്യാജ വാദവും അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളെ അവലംബമാക്കി അടുത്ത ദിവസങ്ങളില്‍ പി.ജെ തമിഴില്‍ ചെയ്ത പ്രസംഗങ്ങള്‍ ശ്രോതാക്കളെ ഏറെ സ്വാധീനിക്കുന്നതായിരുന്നു. മറുപക്ഷം പലതിനും മറുപടി പറയാനാകാതെ ഒഴിഞ്ഞു മാറി. ഖത്മുന്നുബൂവ്വത്തിന് അനുകൂലമായി മീര്‍സാ ഖാദിയാനിയുടെ വചനങ്ങള്‍ ഉദ്ധരിച്ചപ്പോള്‍ നിങ്ങള്‍ക്ക് പറഞ്ഞുതന്നവര്‍ കള്ളം പറയുകയാണ് എന്നായിരുന്നു മൗലവി മുഹമ്മദ് ഉമറിന്റെ മറുപടി.  ഇശാഅത്തുകാര്‍ കളവു പറയുകയാണെന്ന ഖാദിയാനികളുടെ പ്രചാരണം അന്തിന്റെ രൂപീകരണം മുതലേ പറയുന്നതാണ്. പക്ഷേ, ഖാദിയാനി സ്വന്തം ഗ്രന്ഥത്തില്‍ എഴുതിവെച്ചത് കള്ളമാണോ എന്നായിരുന്നു ജൈനുല്‍ ആബിദീന്റെ ചോദ്യം. ബറാഹീനെ അഹ്മദിയ്യ എന്ന ഗ്രന്ഥത്തിന്റെ 50 വാള്യങ്ങള്‍ പ്രസിദ്ധീകരിക്കാനായി മുന്‍കൂറായി 1000 ലേറെ രൂപ സമാഹരിച്ച ശേഷം ഒന്നാം വാള്യത്തിന്റെ മുഖവുരയില്‍ ഞാന്‍ വാഗ്ദാനം ചെയ്തത് 50 ഭാഗത്തിനാണെന്നും 5 ഉം 50 ഉം തമ്മില്‍ പൂജ്യത്തിന്റെ വ്യത്യാസമുള്ളുവെന്നും  തന്റെ വാഗ്ദാനം പൂര്‍ത്തിയായെന്നും എഴുതി വെച്ചത് ഇശാഅത്തുകാരല്ല സാക്ഷാല്‍ മീര്‍സാ ഖാദിയാനിയാണെന്നും പുസ്തകം വായിച്ചുകൊണ്ട് പി.ജെ പറഞ്ഞു. അമ്പത് നേരത്തെ നിസ്‌കാരം അഞ്ചാക്കി ചുരുക്കിയതിന് സമാനമാണെന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യത്തിനൊടുവില്‍ ഖാദിയാനി മുബല്ലിഗിന്റെ മറുപടി. ഇതൊരു ഉദാഹരണം മാത്രമാണ്. ഒറ്റ ചോദ്യത്തിനും പറുപടി പറയാനാവാതെ എട്ടാം ദിവസം പരിപാടി അവസാനിപ്പിക്കാനായിരുന്നു അഹ്മദികളുടെ തീരുമാനം. തമിഴ്‌നാട്ടിലെ ഖാദിയാനിസത്തിന് കൂച്ചുവിലങ്ങിട്ടത് ഈ സംഭവമായിരുന്നുവെന്ന് പറയാം.

മുബാഹല
നജ്‌റാനില്‍നിന്ന് ക്രൈസ്തവരുടെ ഒരു സംഘം ഹിജ്‌റ ഒമ്പതാം വര്‍ഷം പ്രവാചകനെ സന്ദര്‍ശിച്ചു. ഇസ്‌ലാമിനെയും ക്രൈസ്തവതയെയും സംബന്ധിച്ച് മൂന്ന് ദിവസത്തോളം സംസാരിച്ചു. സത്യം ബോധ്യമായെങ്കിലും നഷ്ടപ്പെടുന്ന സ്ഥാനമാനങ്ങളും സൗകര്യങ്ങളുമോര്‍ത്ത് അവര്‍ സത്യം സ്വീകരിക്കാതിരുന്നപ്പോള്‍ അല്ലാഹു വഹ്‌യ് അവതരിപ്പിച്ചു. താങ്കള്‍ക്ക് അറിവ് വന്ന് കിട്ടിയ ശേഷം ആരെങ്കിലും ഈസയുടെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക. നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും നിങ്ങളുടെ മക്കളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും വിളിച്ചുകൂട്ടാം. എന്നിട്ട് നമുക്കൊരുമിച്ച് കൂടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. കള്ളം പറയുന്നവരുടെ പേരില്‍ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ എന്ന്.18
ഈ സൂക്തത്തിലെ ഇബ്തിഹില്‍ എന്ന പദത്തില്‍ നിന്നാണ് മുബാഹല (ആത്മ ശാപ പ്രാര്‍ത്ഥന) എന്ന പദം ഉണ്ടായത്. കള്ളവാദികളില്‍ ശാപമിറങ്ങട്ടെ എന്ന് കുടുംബത്തെ ഒരുമിച്ചുകൂട്ടി പ്രാര്‍ത്ഥിച്ചാലുണ്ടാവുന്ന പരിണിതി ഓര്‍ത്ത് ക്രിസ്ത്യന്‍ സംഘം രാത്രി നേരത്ത് രായ്ക്കുരാമാനം തിരിച്ചുപോവുകയായിരുന്നു. ഇതാണ് ഇസ്‌ലാമിക ചരിത്രത്തില്‍ പരാമര്‍ശിച്ച മുബാഹല. അന്നോ അതിന് ശേഷമോ ഇവ്വിധം മുബാഹല നടന്നതായി രേഖകളില്ല.
മീര്‍സാഗുലാം അഹ്മദ് ഖാദിയാനി പ്രവാചകത്വവാദമുന്നയിച്ച ശേഷം 1892 ല്‍ തന്റെ എതിരാളികളായ മുസ്‌ലിം പണ്ഡിതന്മാരെ മുബാഹലക്ക് വെല്ലുവിളിച്ചു. പല പണ്ഡിതന്മാരും തയ്യാറായി വന്നെങ്കിലും ഖാദിയാനിയുടെ നിലപാട് ഒന്നിച്ചൊരിടത്ത് ഒത്തുചേരേണ്ടതില്ല എന്നായിരുന്നു. പലരെയും ഏകപക്ഷീയമായി നടത്തിയ ശാപ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു അദ്ദേഹം.
1988 ജൂണ്‍ 10 ന് ഖാദിയാനികളുടെ നാലാം ഖലീഫയും മീര്‍സാ ഖാദിയാനിയുടെ പൗത്രനുമായ മീര്‍സാ താഹിര്‍ അഹ്മദ് ലണ്ടനില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ ലോക മുസ്‌ലിംകളെ മുബാഹലക്ക് വെല്ലുവിളിച്ചു. അതേ വര്‍ഷം ആഗസ്റ്റ് 18 ന്  പാക് പ്രസിഡന്റ് ജനറല്‍ സിയാഉല്‍ ഹഖ് വിമാനാപകടത്തില്‍ മരണപ്പെട്ടതോടെ അത് തന്റെ മുബാഹലാ പ്രാര്‍ത്ഥയുടെ ഫലമാണ് എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലോകത്തിലെ വിവിധ ഭാഷകളില്‍ തന്റെ ആഹ്വാനം പ്രസിദ്ധീകരിച്ചു. അതില്‍ അഹ്മദിയാ ജമാഅത്തിനെയും സ്ഥാപകന്‍ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയെയും സംബന്ധിച്ച് എതിരാളികള്‍ പ്രചിപ്പിച്ചിരുന്ന കള്ളവാദങ്ങള്‍ അക്കമിട്ടെഴുതി അത് നിഷേധിക്കുകയും അസത്യപക്ഷത്തിന് ദൈവശാപമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന എഴുതുകയും ചെയ്തിരുന്നു. അത് സ്വീകരിക്കുന്ന രണ്ടാം കക്ഷി ലഘുലേഖയില്‍ ഒപ്പിട്ടു അയക്കുന്നതോടെ നിങ്ങള്‍ മുബാഹലയിലുള്‍പ്പെടുമെന്നായിരുന്നു ഖലീഫയുടെ വാദം. എന്നാല്‍ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പണ്ഡിതന്മാര്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച പ്രകാരം മുബാലഹ നടത്താന്‍ ഖാദിയാനികളോട് നിര്‍ദ്ദേശിക്കുകയും അത്തരം മുബാഹല സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഖലീഫ തന്റെ വാദത്തില്‍ ഉറച്ചുനിന്നു. പാകിസ്ഥാനിലെ ഖാദിയാനികള്‍ക്കെതിരെ വിധിക്കുന്ന ജഡ്ജിമാരെയും ലോക ഖത്മുന്നുബൂവ്വ സംഘടനാനേതൃത്വത്തെയും റാബിത്വ ഉലമാക്കളെയുമൊക്കെ ഏകപക്ഷീയമായി മുബാഹലയില്‍ ഉള്‍പ്പെടുത്തി. ഒരുവര്‍ഷത്തിനകം ശത്രുപക്ഷത്തിന്റെ സര്‍വനാശമുണ്ടാവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.19
വെല്ലുവിളിയുടെ ഒരുകോപ്പി അന്‍ജുമന് അയച്ചുകിട്ടുകയും ലക്ഷക്കണക്കിന് കോപ്പി മലയാളത്തിലാക്കി വിതരണം ചെയ്യുകയും ചെയ്തതോടെ കേരളത്തിലും പുറത്തുമുള്ള പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് മുബാഹല ഖുര്‍ആനില്‍ പറഞ്ഞ പ്രകാരം നടത്താന്‍ തയ്യാറാണെന്ന് ഖലീഫക്ക് കത്തെഴുതി. നേരിട്ടോ പ്രതിനിധികളെന്ന നിലക്ക് കേരളത്തിലെ നേതൃത്വമോ തയ്യാറാകണമെന്നറിയിച്ചു. മാസങ്ങള്‍ക്ക് ശേഷം ഇശാഅത്ത് പ്രവര്‍ത്തകരെ മുബാഹലയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഖലീഫ മറുപടി അയച്ചത്.
വീണ്ടും പത്രസമ്മേളനം നടത്തി ഖാദിയാനി നേതൃത്വം വെല്ലുവിളി ആവര്‍ത്തിച്ചപ്പോള്‍ മറുപടിയെന്ന നിലക്ക് പത്രത്തിലൂടെ ഇശാഅത്ത് തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഒടുവില്‍ സ്വന്തം അനുയായികളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ മുഖാമുഖം മുബാഹലക്ക് തയ്യാറാണെന്നറിയിച്ചു.
പലപ്പോഴായി നടന്ന ഉഭയചര്‍ച്ചകള്‍ക്കൊടുവില്‍ 1989 മെയ് 28 ന് മുബാഹല തീരുമാനിക്കപ്പെട്ടു. സത്യാസത്യവിവേചനത്തിനുള്ള ദൈവിക മാര്‍ഗമെന്നായിരുന്നു ഖാദിയാനികള്‍ ഇതിനെ വിശേഷിപ്പിച്ചത്. ആറ് മാസക്കാലാവധിക്കകം അസത്യപക്ഷത്തിന്റെ ഉന്മൂലമുണ്ടായി പ്രത്യക്ഷ ദൃഷ്ടാന്തം അവര്‍ക്കും കണ്‍പാര്‍ക്കാനാവുമെന്നും അവര്‍ വിളംബരപ്പെടുത്തി. സത്യാസത്യ വിവേചനത്തിന് ഇസ്‌ലാം ഇത്തരമൊരു മാര്‍ഗം നിര്‍ദ്ദേശിക്കാതിരിക്കെ, പ്രത്യക്ഷപ്പെടുന്ന ഫലത്തെക്കുറിച്ച് ഇശാഅത്തുകാര്‍ മൗനം ഭജിച്ചു. ഖലീഫക്ക് ദിവ്യവഹ്‌യുകള്‍ ലഭിക്കുന്നുവെന്നും അത്തരമൊരു വഹ്‌യിനനുസരിച്ചാണ് മുബാഹല ആഹ്വാനമെന്നും അവരുടെ മുഖപത്രമായ ബദ്ര്‍ വാരിക വ്യക്തമാക്കിയിരുന്നു. അത്‌കൊണ്ടുതന്നെ ഇശാഅത്തുകാരുടെ മരണം അവര്‍ പ്രതീക്ഷിച്ചു.
1989മെയ് 28 ന് ആയിരങ്ങളെ സാക്ഷിയാക്കി കൊടിയത്തൂരില്‍ മുബാഹല നടന്നു. ഇരുവിഭാഗത്തില്‍ നിന്നും പുരുഷന്‍മാരും അവരുടെ ഭാര്യമാരും സന്താനങ്ങളുമായി നാല്‍പത് പേര്‍ വീതം സ്റ്റേജില്‍ അണിനിരന്നു. എന്‍.എം. ഹുസൈന്‍ ഹാജി കാരശ്ശേരി, പി.എന്‍.എ കോയട്ടി കോഴിക്കോട്, കെ.വി മൂസാ സുല്ലമി കീഴുപറമ്പ് എന്നിവരായിരുന്നു പരിപാടിയെ നിയന്ത്രിച്ചത്. മീര്‍സാ ഗുലാം അഹ്മദിന്റെ പ്രവാചകത്വ വാദത്തിന്റെ സത്യാസത്യവും പ്രവാചകന്‍ മുഹമ്മദ് നബി തിരുമേനിയുടെ ഖത്മുന്നുബുവ്വത്തും സംബന്ധിച്ച സ്വന്തം വിശ്വാസങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് തങ്ങള്‍ പറയുന്നത് അസത്യമാണെങ്കില്‍ തങ്ങളില്‍ ശാപമുണ്ടാവട്ടെ എന്ന് ഇശാഅത്തുകാരും കഠോര ശിക്ഷയുണ്ടാവട്ടെ എന്ന് ഖാദിയാനി വിഭാഗവും പ്രാര്‍ഥിച്ചു. തുടര്‍ന്ന് സത്യപക്ഷത്തിന് എല്ലാ അനുഗ്രഹമുണ്ടാവട്ടെ എന്ന് സംയുക്ത പ്രാര്‍ത്ഥനയും നടത്തി. മിനുട്ടുകള്‍ നീണ്ട പരിപാടി അതീവ ശ്രദ്ധയോടും നിശബ്ദതയോടുമാണ് സദസ്സ്യര്‍ വീക്ഷിച്ചത്. പ്രാര്‍ഥനയുടെ ചുണ്ടനക്കം അവരിലും ദൃശ്യമായിരുന്നു.

മുബാലഹക്ക് ശേഷം
ആറ് മാസ കാലവധി 1989 നവംബര്‍ 28 ന് അവസാനിച്ചു. യാദൃച്ഛികമായിരിക്കാം ഇശാഅത്തുകാരെ ഏകപക്ഷീയമായി മുബാഹലയുടെ വരുതിയിലാണെന്ന് ഖലീഫ എഴുതിയ കത്തിലെ ഒരു വര്‍ഷ കാലാവധി അവസാനിച്ചതും ഒരേ ദിവസമാണ്. എന്നാല്‍ അവര്‍ പറഞ്ഞപോലെ എതിര്‍പക്ഷത്ത് നിന്ന് ആര്‍ക്കും സര്‍വനാശമുണ്ടായില്ല. പ്രത്യേക നമസകാരങ്ങളും നോമ്പുമൊക്കെ അനുഷ്ഠിച്ചു പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന ഖാദിയാനി ക്യാമ്പ് വല്ലാതെ നിരാശരായി. കാലാവധി ഒരു വര്‍ഷമാണെന്ന ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആറു മാസമാക്കിയതെന്നും മറ്റുമുള്ള വിശദീകരണം യുവാക്കളായ അഹ്മദികള്‍ക്ക് സ്വീകാര്യമായില്ല. കുറേ പേര്‍ നേതൃത്വത്തെ ചോദ്യം ചെയ്തു. ഖാദിയാനിസം വിടാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ പ്രലോഭിപ്പിച്ചും പ്രകോപിച്ചും അവരെ പിന്തിരിപ്പിക്കുകായിരുന്നു. പക്ഷേ, മൂന്ന് യുവാക്കള്‍ അന്നു തന്നെ ഇസ്‌ലാമാശ്ലേഷിച്ചതായി പ്രഖ്യാപിച്ചു. മറ്റുള്ളവരെ ഖാദിയാനിലെ സമ്മേളനത്തിന് കൊണ്ടുപോയി പ്രസ്ഥാനത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു.
കൊടിയത്തൂര്‍ മുബാഹലയെക്കുറിച്ച് നവംബര്‍ 17 ലണ്ടനില്‍ ചെയ്ത ജുമുഅ ഖുത്ബയില്‍ ഖാദിയാനി ഖലീഫ താഹിര്‍ അഹ്മദ് വിശദീകരിച്ചതിങ്ങനെ: യഥാര്‍ത്ഥത്തില്‍ ഈ മുബാഹല ഞാന്‍ ആഹ്വാനം ചെയ്തതല്ല. ശത്രുപക്ഷം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ച ഇസ്‌ലാമിക രീതിയിലുള്ള മുബാഹലയായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ പറഞ്ഞ ഫലങ്ങള്‍ പ്രത്യക്ഷപ്പെടണമെന്നില്ല.
എന്നിട്ടും അതിന്റെ ഫലങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.
1. മുബാഹലക്ക് ശേഷം കേരളത്തില്‍ നിന്ന് മൂന്ന് പ്രമുഖര്‍ അഹ്മദിയയില്‍ ചേര്‍ന്നു. അവര്‍ ശത്രുസംഘടനയുടെ സജീവ പ്രവര്‍ത്തകരായിരുന്നു.
2. പാകിസ്താനിലെ ഒരു പത്രത്തില്‍ ഈ മുബാഹലയെതുടര്‍ന്ന് അഹ്മദി നേതാക്കള്‍ മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു. എതിരാളികള്‍ കള്ളവാദികളാണെന്ന് ഇത് തെളിയിച്ചു.
3. പാകിസ്ഥാനില്‍ കാണാതാവുകയും അഹ്മദിയാ നേതൃത്വം കൊന്നതാണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത മുസ്‌ലിം പണ്ഡിതന്മാര്‍ ഒരു മാസത്തിന് ശേഷം തിരിച്ചു വന്നു.
ഇത്രയും ദൃഷ്ടാന്തങ്ങള്‍ ഉണ്ടായിട്ടും കേരളത്തിലെ അഹ്മദികള്‍ എന്തടയാളമാണ് കാത്തിരിക്കുന്നത് എന്ന മുഖവുരയോടെയാണ് ഖലീഫ ഈ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
ഖലീഫയുടെ ആഹ്വാനത്തിന് ഒരേ വേദിയില്‍ വെച്ച് പ്രാര്‍ഥിക്കാന്‍ തയ്യാറാണെന്ന് പല പണ്ഡിതന്മാരും നിര്‍ദ്ദേശിച്ചെങ്കിലും അത് ചെവിക്കൊള്ളാതിരുന്ന ഖാദിയാനി ഖലീഫ അനുവാദം നല്‍കിയ ഈ മുബാഹലയുടെ കാലാവധി കാത്തിരുന്ന അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയും അറബിക് ഡെസ്‌കിന്റെ ഹെഡും അറബി മുഖപത്രത്തിന്റെ എഡിറ്ററുമായിരുന്ന ഹസന്‍ മഹ്മൂദ് ഔദയും സഹോദരന്മാരും കുടുംബക്കാരുമൊക്കെയായി 20 പേരും ഖാദിയാനിസ ഉപേക്ഷിച്ചു. എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട് നടത്തിയ മുബാഹലയുടെ ഫലം കാത്തിരിക്കുകയായിരുന്നുവെന്ന് ഔദ പ്രഖ്യാപിക്കുകയും ചെയ്തു.
മുബാഹലക്ക് ശേഷം അതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചക്കെടുത്ത പൊതുപരിപാടികള്‍ക്ക് പുറമെ, അഹ്മദികളുമായി മീര്‍സായുടെ വാദങ്ങളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. അതിന്റെ ഒടുവില്‍ കൊടിയത്തൂരിലെ പ്രമുഖ കുടുംബം ഇസ്‌ലാമിലേക്ക് തിരിച്ചുവന്നു. അതിന് ശേഷം ഏതാണ്ട് രണ്ട് ഡസന്‍ ആളുകള്‍ കൊടിയത്തൂരില്‍ നിന്ന് മാത്രം ഖാദിയാനിസം ഉപേക്ഷിക്കുകയുണ്ടായി. അതേ സമയം കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തിനിടെ ഒരാള്‍ പോലും ഇവിടെ നിന്ന് ഖാദിയാനിസം സ്വീകരിച്ചിട്ടില്ല. തീര്‍ച്ചയായും ഇത് അല്ലാഹുവിന്റെ അനുഗ്രഹം തന്നെയാണ്. അതോടൊപ്പം പ്രാര്‍ഥനയില്‍ പറഞ്ഞ പ്രകാരം മുസ്‌ലിംപക്ഷത്ത് അണിചേര്‍ന്ന് കുടുംബങ്ങളില്‍ എല്ലാവിധത്തിലുമുള്ള അനുഗ്രങ്ങള്‍ വര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും ആര്‍ക്കും കാണാവുന്ന ദൃഷ്ടാന്തമാണിപ്പോഴും.

1. ആഗാ ശോരിശ് കശ്മീരി- തഹ്‌രീകെ അഹ്മദിയത്
2. മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി-കിതാബുല്‍ ബരിയ
3. മീര്‍സാ ബഷീര്‍ അഹ്മദ്- സീറത്തുല്‍ മഹ്ദി വാള്യം-1
4. മീര്‍സാ ഗുലാം അഹ്മദ്-ബറാഹീനെ അഹ്മദിയാ വാള്യം.
5. എന്‍. അബ്ദുറഹീം- ഹസ്രത്ത് അഹ്മദ്
6. മീര്‍സാ ഗുലാം അഹ്മദ്- ഇസാലയെ ഔഹാം
7.മീര്‍സാ ഗുലാം അഹ്മദ്- കശ്തിയേ നൂഹ്
8.മീര്‍സാ ഗുലാം അഹ്മദ്- ഹഖീഖത്തുല്‍ വഹ്‌യ്
9.മീര്‍സാ ഗുലാം അഹ്മദ്- അര്‍ബാഊന്‍ നമ്പര്‍ 4
10. മീര്‍സാ ഗുലാം അഹ്മദ്- ലക്ചര്‍ സിയാല്‍ കോട്ട്
11. മീര്‍സാ ഗുലാം അഹ്മദ്- ഗവ. അഗ്രേസി ഔര്‍ ജീഹാദ്
12. മീര്‍സാ ഗുലാം അഹ്മദ്- തിരിയാഖുല്‍ ഖുലൂബ്
13. മീര്‍സാ ഗുലാം അഹ്മദ്- നൂറുല്‍ ഹഖ് വാള്യം 2
14. മീര്‍സാ ഗുലാം അഹ്മദ്- മല്‍ഫൂസാതെ അഹ്മദിയ.
15. ബി.എം. അഹ്മദ് കോയ - ഒഴിഞ്ഞുമാറിയതാര്?
16. വിശുദ്ധ ഖുര്‍ആന്‍
17. മീര്‍സാ ഗുലാം അഹ്മദ് - ബറാഹി അഹ്മദിയ വാള്യം 5
18. വിശുദ്ധ ഖുര്‍ആന്‍ - ആലുഇംറാന്‍: 61
19. മീര്‍സാ താഹിര്‍ അഹ്മദ് - മുബാഹല ആഹ്വാനം
20. കേരള അഹ്മദിയ ജമാഅത്ത്, അന്‍ജുമാന്‍ ഇശാഅത്തെ ഇസ്‌ലാം- മുബാഹല ലഖുലേഖ
21. മീര്‍സാ ത്വാഹിര്‍ അഹ്മദ്- കൊടിയത്തൂര്‍ മുബാഹല (ഖുത്ബയുടെ പരിഭാഷ)
22. ഹസന്‍ മഹ്മൂദ ഔദ- അത്തഖ്വ