ഏക സിവില്‍കോഡ് വാദവും ശരീഅത്ത് വിവാദവും കേരളത്തില്‍

എം ഐ അനസ് മന്‍സൂര്‍   (റിസര്‍ച്ച് സ്‌കോളര്‍, ജാമിഅ ഹംദര്‍ദ്‌)

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കേരളക്കരയിലും ഏറെ ചൂടുപിടിച്ച വാദ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയ, സാമൂഹ്യ - രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലത്തില്‍ ആശയപരവും ബൗദ്ധികവും ആയ ചര്‍ച്ചകള്‍ക്ക് വിധേയമായ വിജ്ഞാനങ്ങളാണ് ഏക സിവില്‍കോഡും മുസ്‌ലിം വ്യക്തിനിയമവും ശരീഅത്തിനെക്കുറിച്ച മറ്റു വിവാദങ്ങളും. ഇന്നും അതിന്റെ അംശങ്ങള്‍ ഒരുവിധത്തിലെങ്കില്‍ മറ്റൊരു വിധത്തില്‍ കാണുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ പതിനാലു  മാര്‍ഗ നിര്‍ദേശങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ആവശ്യം യാഥാര്‍ഥ്യമാക്കാനുള്ള മുറവിളി രാജ്യത്ത് ഉയര്‍ന്നു.
ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ആവശ്യവും തുടര്‍ന്നുള്ള വിവാദങ്ങളും നിയമ ബഹുസ്വരതയുടെയും (Legal pluralism) നിയമ ഏകപരതയും (Legal Unituraty) തമ്മിലുള്ള സംഘര്‍ഷമായിരുന്നു. പലപ്പോഴും ഈ സംഘര്‍ഷം മതേതരത്വവും മതാധിഷ്ഠിത വ്യക്തിനിയമങ്ങളും തമ്മിലുള്ള സംഘര്‍ഷമായി രൂപപ്പെട്ടു.

ഏക സിവില്‍കോഡ് വിവക്ഷ
ഏക സിവില്‍കോഡ് എന്ന കാഴ്ച്ചപ്പാട് ധാരാളം അര്‍ത്ഥതലങ്ങളെ സ്വാംശീകരിക്കുന്നുണ്ട്. അതിനാല്‍ പലപ്പോഴും ഒരേ കോടതിയെ വ്യത്യസ്ത രൂപത്തിലാണ് വ്യാഖ്യാനിച്ചത്. നിയമ വിശാരദന്‍മാര്‍ക്കിടയിലും ഈ വ്യത്യസ്തത ദൃശ്യമാണ് ഭരണഘടനയില്‍ ചേര്‍ക്കപ്പെടേണ്ടതല്ലാത്ത ആശയമായി ചിലര്‍ ഇതിനെ വിശദീകരിക്കുമ്പോള്‍ സാക്ഷാല്‍ക്കരിക്കപ്പെടേണ്ട വിദൂര ഭരണഘടനാ വിഭാവനയായി മറ്റു ചിലര്‍  മനസ്സിലാക്കുന്നു. ചരിത്രപരമായി ഈ ആശയം അഞ്ച് അര്‍ത്ഥതലങ്ങളെ ഉള്‍ക്കൊള്ളുന്നതായി ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായ സൂസന്നെ ഹോബര്‍ റുഡോള്‍ഫും(Susanne Hobber Rudolph) ലോയ്ഡ് ഐ. റുഡോള്‍ഫും (Lioyd. I Rudolph) അഭിപ്രായപ്പെടുന്നു.

1. പ്രയോഗ തലത്തില്‍ പ്രസ്തുത പേരുവിളിക്കാതെ ആശയം നടപ്പിലാക്കുക എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ രീതി ആയിരുന്നു. സാസ്‌കാരികരംഗത്ത് ആധുനികവല്‍കരണത്തിന്റെയും യുക്തിയുടെയും തത്വങ്ങള്‍ പ്രചരിപ്പിച്ചും നിയമങ്ങള്‍ക്ക് ഏകരൂപം വരുത്താന്‍ ബ്രിട്ടീഷ്‌രാജിന്റെ ഔദ്യോഗിക സംവിധാനത്തില്‍ നിയമപരമായ ഏകത്വം പ്രകടമായിരുന്നതിനാല്‍ ഇന്ത്യയുടെ വൈവിധ്യവും ഗ്രാമീണതയും മനസ്സിലാക്കാനാവാത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് പ്രസ്തുത സംവിധാനം സഹായകരമായിരുന്നു.

2. ആധുനിക യുക്തിവാദികളുടെയും ദേശീയ വാദികളുടെയും ഭാഷ്യത്തില്‍ ഏക സിവില്‍ കോഡ് ദേശീയോദ്ഗ്രഥനത്തിന് പിന്‍ബലമേകും എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ദേശീയവാദം ഇരുപതാം നൂറ്റാണ്ടിന്റെ പാതി പിന്നിട്ട ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും സ്‌റ്റേറ്റ് അതിര്‍ത്തിക്കുള്ളിലെ സമത്വ ഭാവമുള്ള ഏകീകൃത സ്വത്വം രൂപീകരികരിക്കാന്‍ രാഷ്ട്രത്തിനും സാധ്യമാകും എന്ന വാദം.

3. പാര്‍ശ്വവല്‍കൃത, അശക്ത വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍, അധസ്ഥിത വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന പൗരാവകാശ പ്രവര്‍ത്തകര്‍ (Civil might activists) ഏക സിവില്‍കോഡിനെ പുരുഷ മേധാവിത്വം, ഏകാധിപത്യ പ്രവര്‍ത്തകരോട് വേരുപിടിച്ച സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മാര്‍ഗമായി അംഗീകരിപ്പിച്ചു.

4. വ്യത്യസ്ത സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന സമുദായങ്ങളിലെ വ്യക്തി നിയമങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗമായിട്ടാണ് മതന്യൂനപക്ഷങ്ങള്‍ ഏക സിവില്‍ കോഡിനെ മനസ്സിലാക്കിയത്. മതന്യൂനപക്ഷങ്ങളുടെ സാസ്‌കാരിക വ്യക്തിത്വം, സാംസ്‌കാരിക അതിജീവനം തുടങ്ങിയവയെ ഇത് എതിരായി ബാധിക്കുമെന്നും ഇവര്‍ മനസ്സിലാക്കുന്നു.

5. ഹിന്ദു ദേശീയ വാദികള്‍ അഭിപ്രായപ്പെടുന്നത് അന്യായമായ അവകാശങ്ങളും പ്രത്യേക പരിഗണനകളും അനുഭവിക്കുന്ന സമ്പന്ന ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തതകളെ നിയമത്താല്‍ തടയാനുള്ള ഉപാധിയാണ് ഏക സിവില്‍ കോഡ് എന്നായിരുന്നു. 1950 കളില്‍ മുസ്‌ലിം വ്യക്തി നിയമം പരിഷ്‌കരിക്കാതെ ഹിന്ദു നിയമം മാത്രം പരിഷ്‌കരിച്ചത് തികഞ്ഞ അനീതിയാണന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യ മൂന്ന് അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കപ്പെട്ടിരുന്നെങ്കിലും എന്നാല്‍ 1992 ലെ ബാബരി മസ്ജിദ് തകര്‍ച്ചാനന്തരം സാംസ്‌കാരിക ബഹുസ്വരത ഘട്ടം ഘട്ടമായി വിപാടനം ചെയ്യാനെന്ന വിധം അവസാന രണ്ട് അര്‍ത്ഥങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുകയാണുണ്ടായത്.
1985 ഏപ്രീല്‍ 23 ന് ഏറെ പ്രസിദ്ധമായ ഷഹ്ബാനു കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ശരീഅത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നിരുന്നാലും അതിനു മുമ്പുതന്നെ കേരളത്തിലും ഇന്ത്യയിലും ധാരാളം ചര്‍ച്ചകള്‍ ഈ വിഷയകമായി നടന്നിരുന്നു. പ്രസ്തുത വിവാദങ്ങളിലും ചര്‍ച്ചകളിലും ശരീഅത്ത് വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചത് സെക്യുലറിസ്റ്റുകള്‍ കമ്യൂണിസ്റ്റുകള്‍, ഹിന്ദുത്വദേശീയ വാദികള്‍ തുടങ്ങിയവരായിരുന്നു. സുപ്രീം കോടതി വിധികളുടെ ആകെത്തുക ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിനും കരുത്ത് പകരും എന്നായിരുന്നു. വ്യക്തി നിയമങ്ങളുടെ ഭേദഗതിയിലൂടെയാണ് ഇത് നടപ്പിലാക്കുക എന്ന വാദവും ഉയര്‍ന്നു. അടുത്തതായി ഉയര്‍ന്ന വാദം ശരീഅത്ത് നിയമങ്ങള്‍ കാലഹരണപ്പെട്ട പഴയ നിയമങ്ങളാണ്, പ്രസ്തുത സംവിധാനം സ്ത്രീകളുടെ അവകാശങ്ങള്‍ സ്വാതന്ത്ര്യം, സമത്വം തുടങ്ങിയവയെ കൂച്ചുവിലങ്ങിടുന്നു എന്നതാണ്. സമുദായങ്ങള്‍ എന്നതിനപ്പുറം ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമം എന്ന നിയമം എന്ന ആശയമാണ് ഇന്ത്യയുടെ നിലനില്‍പ്പിന് അടിസ്ഥാനപരമായി കരുത്ത് പകരുക എന്നതിനാല്‍ മുസ്‌ലിം സമൂഹം ശരീഅത്ത് നിയമ പ്രയോഗത്തില്‍ ചില അനുരജ്ഞനങ്ങള്‍ക്ക് തയ്യാറാവണം എന്ന ആവശ്യം ഉയര്‍ന്നു.
1995 മെയ് പത്തിന് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന കുല്‍ദീപ് സിംഗ് അപെക്‌സ് കോടതിയില്‍ നടത്തിയ പരാമര്‍ശം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്. ഒരു ഹിന്ദു മതസ്ഥന്‍ രണ്ടാം വിവാഹത്തിനായി മതം മാറി എന്ന പരാതിയുമായി അദ്ദേഹത്തിന് സമര്‍പ്പിച്ച ഹരജിയില്‍ അദ്ദേഹം സ്വാതന്ത്ര്യത്തിന് ശേഷം 47 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും 44 വകുപ്പില്‍ മാര്‍ഗ നിര്‍ദേശമായി നല്‍കിയ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയവും അപാകതയും ആണെന്ന് പ്രസ്താവിച്ചു. മാത്രമല്ല, അദ്ദേഹം ഇങ്ങനെ കൂടി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടര്‍ന്ന രാഷ്ട്ര നായകന്‍മാര്‍ ദ്വിരാഷ്ട്ര വാദത്തില്‍ വിശ്വസിച്ചിരുന്നില്ല. അവര്‍ വിശ്വസിച്ചത് 'ഒരേ രാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രം' എന്ന കാഴ്ച്ചപ്പാടിലായിരുന്നു. അതിനാല്‍ മതപരമായ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും സ്വന്തമായ നിലനില്‍പ് അവകാശപ്പെടാന്‍ അര്‍ഹതയില്ല. ഹിന്ദുക്കളുടെ കൂടെ ബുദ്ധരും സിഖുകാരും ജൈനമതക്കാരും ദേശീയ ഐക്യം, ദേശീയോദ്ഗ്രഥനം തുടങ്ങിയ ലക്ഷ്യം മുന്നില്‍ കണ്ട് അവരുടെ വൈകാരികതകള്‍ ഉപേക്ഷിച്ചിരിക്കുന്നു. എന്നിട്ടും എന്ത് കൊണ്ട് മറ്റുചില സമുദായങ്ങള്‍ തയ്യാറാകുന്നില്ല.
ഇത്തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ത്തിയ ഏക സിവില്‍ കോഡ് വക്താക്കള്‍ ഉയര്‍ത്തിയ വാദം ഇന്ത്യന്‍ ദേശീയോദ്ഗ്രഥനത്തിന് വ്യക്തി നിയമങ്ങള്‍ വിലങ്ങു തടിയാകുന്നു എന്നതായിരുന്നു. എന്നാല്‍ സാംസ്‌കാരിക വൈവിധ്യങ്ങളില്‍ അധിഷ്ഠിതമായ മതേതരത്വവും നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ രാഷ്ട്ര ശില്‍പികളുടെ തത്വവും എവിടെ നില്‍ക്കുന്നു എന്നതായിരുന്നു പ്രസക്തമായ കാര്യം.

ഏക സിവില്‍ കോഡും
മുസ്‌ലിം എതിര്‍പ്പും

ഏക സിവില്‍കോഡിനെതിരെ മുസ്‌ലിം പക്ഷത്തുനിന്ന് തുലോമായ എതിര്‍പ്പ് തുടക്കം മുതല്‍ക്ക് തന്നെ രൂപപ്പെട്ടു. മുസ്‌ലിം പക്ഷത്തുനിന്നുള്ള നിയമ വിശാരദര്‍ തന്നെ ഇതിനായി രംഗത്തിറങ്ങി.
സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഭരണഘടന നിര്‍മാണ വേളയില്‍ ഏക സിവില്‍ കോഡ് എന്നത് ലക്ഷ്യമായി ഉള്‍ക്കൊള്ളിച്ചപ്പോള്‍ സഭാംഗങ്ങളായിരുന്ന മൗലാനാ ഹസ്രത്ത് മൊഹാനി, മുഹമ്മദ് ഇസ്മാഈല്‍, സയ്യിദ് കമാലുദ്ദീന്‍ തുടങ്ങിയവരില്‍ ഓരോ പൗരനും അവരവരുടെ വ്യക്തി നിയമങ്ങള്‍ പിന്‍തുടരാന്‍ അവകാശം ഉണ്ടായിരിക്കും എന്ന ഭേദഗതി അവതരിപ്പിച്ചെങ്കിലും ഇത്തരം ഭേദഗതി എല്ലാത്തരം സാമൂഹ്യ നടപടികളുടേയും നിയമ നിര്‍മാണത്തിന് തടസ്സമാകും എന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ചെയര്‍മാന്‍ ഡോ. അംബേദ്കര്‍ തള്ളിക്കളഞ്ഞത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യ പതിനാലു വര്‍ഷം വ്യക്തി നിയമത്തില്‍ ഇടപെടാതിരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ശ്രദ്ധിച്ചു. മുസ്‌ലിം വ്യക്തി നിയമം പരിഷ്‌കരണ വാദം ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി ആയിരുന്ന ജവര്‍ലാല്‍ നെഹ്‌റു ആ വാദത്തെ അസന്ദിഗ്ദമായി തള്ളി. എന്നാല്‍ 1963 ല്‍ ഭരണഘടന 44ാം വകുപ്പ് നടപ്പില്‍ വരുത്താന്‍ ചില നീക്കങ്ങല്‍ പാര്‍ലമെന്റില്‍ കമ്മീഷന്‍ നിയമിച്ചു. നടന്നെങ്കിലും ഉപരാഷ്ട്രപതി ആയിരുന്ന സാക്കിര്‍ ഹുസൈന്റെ സന്ദര്‍ഭോചിത ഇടപെടലുകള്‍ കൊണ്ട് പ്രസ്തുത നീക്കങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു.
മുസ്‌ലിം വ്യക്തി നിയമത്തിനെതിരെ നടന്ന മറ്റൊരു ശ്രമമായിരുന്നു 1964 നംവംബറില്‍ മഹാരാഷ്ട്ര അസംബ്ലിയിലെ മുസ്‌ലിം നാമധാരി അംഗം ബഹുഭാര്യത്വം നിയന്ത്രിക്കണമെന്ന ഒരു ബില്‍ അവതരിപ്പിച്ചത്. അതേ വര്‍ഷം ഡിസംബറില്‍ ഈ വിഷയത്തില്‍ മഹാരാഷ്ട്ര നിയമസഭയില്‍ തന്നെ വേറെ ഒരു ബില്ലു കൂടി അവതരിക്കപ്പെട്ടു.
ഇന്ത്യയില്‍ മുസ്‌ലിം വ്യക്തി നിയമം ഏറ്റവും ചൂടുപിടിച്ച വിവാദമായത് 1960 കളുടെ അന്ത്യത്തിലും 1970 കളുടെ ആദ്യത്തിലും ആയിരുന്നു. അലീഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് സര്‍ക്കിള്‍ 1968 ല്‍ ഇന്ത്യയിലെ പ്രമുഖ മതപണ്ഡിതരെയും നിയമ വിചക്ഷണരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ സംഘടിപ്പിച്ചു. 1971 ഡിസംബറില്‍ മഹാരാഷ്ട്രയില്‍ ഒരു സ്‌റ്റേറ്റ് മുസ്‌ലിം വനിതാ സമ്മേളനം നടന്നു.
തുടര്‍ന്ന് ദയൂബന്ദില്‍ നടന്ന കണ്‍വെന്‍ഷനിലെ തീരുമാനപ്രകാരം 1992 ഡിസംബറില്‍ ബോംബെയില്‍ ഒരു മുസ്‌ലിം  ബഹുജന സമ്മേളനം നടന്നു. വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടന്ന പ്രസ്തുത സമ്മേളനത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുസ്‌ലിം വ്യക്തി നിയമത്തില്‍ ഇടപെടുന്നതിനെ കണ്‍വെന്‍ഷന്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഈ സമ്മേളനത്തിലാണ് ദാറുല്‍ ഉലൂം ദയൂബന്ദ് അധികാരിയായിരുന്ന മൗലാനാ ഖാരി മുഹമ്മദ് തായിബ് ചെയര്‍മാനായി ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം സംഘടനകളെ ഉള്‍പ്പെടുത്തി ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപീകരിച്ചത്. നിയമ നിര്‍മാണ സംവിധാനങ്ങളിലൂടെയോ മറ്റു വഴികളിലൂടെയോ മുസ്‌ലിം വ്യക്തി നിയമത്തിന് ഹാനി വരുത്തുന്ന സംവാദങ്ങള്‍  തടയുകയും മുസ്‌ലിംകളെ ബാധിക്കുന്ന നിലവിലുള്ള നിയമങ്ങളിലെ അനിസ്‌ലാമിക വകുപ്പുകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത് ശരീഅത്ത് സംരക്ഷിക്കുക എന്നതായിരുന്നു ഈ സംഘടനാ രൂപീകരണത്തിന്റെ ലക്ഷ്യം.

ശരീഅത്ത് വിവാദം കേരളത്തില്‍
കേരളത്തില്‍ മുസ്‌ലിം വ്യക്തി നിയമം ചര്‍ച്ചാ വിഷയമായത് 1965 മെയ് 7,8,9 തിയ്യതികളില്‍ എറണാകുളത്ത് ചേര്‍ന്ന കേരള ഇസ്‌ലാമിക് സെമിനാറിന്റെ മൂന്നാമത് സമ്മേളനത്തോടെ ആയിരുന്നു. സെക്യുലര്‍ നിലപാടില്‍ നിന്ന് എഴുതിയ എന്‍.പി മുഹമ്മദിന്റെ പ്രബന്ധം ഈ അവസരത്തില്‍ ചര്‍ച്ചകള്‍ക്ക് വ്യത്യസ്തതയും പകര്‍ന്നു. ശരീഅത്ത് ദീനിന്റെ ഭാഗമല്ലെന്നും അസ്ഗര്‍ പണ്ഡിതനായിരുന്ന അലി അസ്ഗര്‍ റാസിഖിനെ ഉദ്ധരിച്ചുകൊണ്ട്  പൊതുജീവിത മണ്ഡലത്തില്‍ നിന്ന്് മതത്തെ അടര്‍ത്തണമെന്നും അദ്ദേഹം സമര്‍ഥിച്ചു.
തുടര്‍ന്ന് 1970 ല്‍ മുസ്‌ലിം എജുകേഷണല്‍ സൊസൈറ്റി (എം ഇ എസ്) നേതാവായിരുന്ന ടി. അബ്ദുല്‍ അസീസ് ശരീഅത്ത് വിഷയകമായി മുസ്‌ലിം വ്യക്തിനിയമത്തെ വിമര്‍ശിച്ച് എഴുതിയ ലേഖനം ബാഫഖിതങ്ങളുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗും എം. ഇ. എസും  തമ്മിലുള്ള ബന്ധത്തില്‍ വിളളല്‍ വീഴ്ത്താന്‍ കാരണമായി
1970 സെപ്റ്റംബര്‍ 25ന് കോഴിക്കോട് രൂപീകൃതമായ ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റിയും ശരീഅത്ത് വിവാദത്തിന് ആക്കം കൂട്ടി. യുക്തിവാദികളും തീവ്ര മത വാദികളും അടങ്ങിയ ഒരു സംഘടനയായിരുന്നു ഇത്. സാഹിത്യകാരനും എഴുത്തുകാരനുമായിരുന്ന എന്‍.വി മുഹമ്മദ്, യുക്തി വാദിയായിരുന്ന ഡോ. ഇ.വി ഉസ്മാന്‍ കോയ പ്രൊഫ. മങ്കാ. അബ്ദുല്‍ അസീസ്, പി. എ. എന്‍ കോയട്ടി, ചേകന്നൂര്‍ മൗലവി തുടങ്ങയവര്‍ ആയിരുന്നു സൊസൈറ്റിയുടെ നേതൃപരമായ പങ്ക് വഹിച്ചത്. ചേകന്നൂര്‍ മൗലവിയുടെ 'നിരീക്ഷണം' മാസിക സംഘടന ഏറ്റെടുത്തു. പുതിയ രീതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട നിരീക്ഷണം മാസികയുടെ ആദ്യ കവര്‍ സ്‌റ്റോറി തന്നെ മുസ്‌ലിം വ്യക്തി നിയമമായിരുന്നു. ഈ ഘട്ടത്തില്‍ ബഹുഭാര്യത്വം ഇന്ത്യയില്‍ നിരോധിക്കണമെന്ന അവരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഇസ്‌ലാം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റി ഹരജി സമര്‍പ്പിച്ചു. പ്രസ്തുത ഹരജിയില്‍ ഒപ്പുവെച്ച ചേകന്നൂര്‍ മൗലവിക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നത് മറ്റൊരു വൈരുദ്ധ്യം.
ഇസ്‌ലാമിക ശരീഅത്തും ഏക സിവില്‍ കോഡും എന്ന തലക്കെട്ടില്‍ 1972 ആഗസ്റ്റ് 2 ന് ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി കോഴിക്കോട് ഒരു സിംബോസിയം സംഘടിപ്പിച്ചു. ഡോ. ഉസ്മാന്‍ കോയ വിഷയാവതരണം നടത്തിയ സിമ്പോസിയത്തില്‍ ഒ. അബ്ദുറഹ്മാന്‍, തായാട്ട് ശങ്കരന്‍ തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. ബഹുഭാര്യത്വം, വിവാഹ മോചനം, ജീവനാംശം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ നര്‍മം കലര്‍ത്തി യുക്തി ഭദ്രമായ ഇസ്‌ലാമിന്റെ തനതായ വ്യവസ്ഥകള്‍ വ്യക്തമാക്കാന്‍ ഒ. അബ്ദുറഹ്മാന്‍ സാഹിബിന് സാധിച്ചു. സ്ത്രീ സംബന്ധിയായ വിഷയത്തില്‍ ഹിന്ദു മതത്തിലെ ദേവീ സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ചു മറ്റൊരു വിധത്തില്‍ ഇസ്‌ലാമിനെ സ്ത്രീ വിരുദ്ധമായും പ്രാകൃതമായും അവതരിപ്പിക്കാനാണ് തായാട്ട് ശങ്കരന്‍ ശ്രമിച്ചത്.
1984 ന്റെ തുടക്കത്തില്‍ കമ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെ രൂക്ഷമായി കടന്നാക്രമിച്ചതോടെ ശരീഅത്ത് വിവാദം കേരളത്തില്‍ ചൂടുപിടിച്ചു. 1984 - 1986 വര്‍ഷങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമത്തിലെ സ്ത്രീ വിരുദ്ധം എന്നു പറയപ്പെടുന്ന ഭാഗങ്ങളായിരുന്ന ബഹുഭാര്യത്വം, വിവാഹ മോചനം, ജീവനാംശം തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ ആയിരുന്നു ഇ.എം.എസ് ആഞ്ഞടിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ നിന്ന് വേറിട്ടു കമ്യൂണിസ്റ്റ് ചേരിയിലായിരുന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗ് ചുവപ്പു ബന്ധം ഉപേക്ഷിക്കുവാനും ഇരു ലീഗും ഒന്നിക്കാനും ഈ വിവാദം കാരണമായി.
1985 ഏപ്രില്‍ 23 ന് അഹ്മദ് ഖാന്‍ ഷാബാനു കേസില്‍ മുസ്‌ലിം വിവാഹ മുക്തക്ക് പുനര്‍വിവാഹം വരെ മുന്‍ ഭര്‍ത്താവ് ചെലവു കൊടുക്കേണ്ടതാണെന്നും രാഷ്ട്രം ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ മുന്നോട്ടു വരേണ്ടതാണെന്നും ജസ്റ്റിസ് ചന്ദ്ര ചൂഡ് അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് വിധി വന്നതോടെ ശരീഅത്ത് വിവാദത്തില്‍ രാഷ്ട്രം ഇളകി മറിഞ്ഞു. കോടതി ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നതായിരുന്നു വിമര്‍ശന ഹേതു. തുടര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം രാജ്യത്തുടനീളം മുസ്‌ലിംകള്‍ ശരീഅത്ത് ദിനം ആചരിക്കുകയും കൂടി ചെയ്തപ്പോള്‍ വിവാദം കൂടുതല്‍ രൂക്ഷമായി തുടര്‍ന്ന് പൊതു വേദികളിലും പത്ര രംഗത്തും വിപുലമായ ചര്‍ച്ചകളും സംവാാദങ്ങളും ശക്തിപ്പെട്ടു.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പി. ഗോവിന്ദ പിള്ള, ദക്ഷിണമൂര്‍ത്തി, ഇമ്പിച്ചിബാവ, ടി.കെ ഹംസ തുടങ്ങിയ നേതാക്കളാണ് പ്രധാനമായും ശരീഅത്ത് വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചത്. വലതു പക്ഷത്ത് നിന്ന് ആര്യാടന്‍ മുഹമ്മദിനെ പോലെയുള്ളവര്‍ ശരീഅത്തിനെയും മുസ്‌ലിം നടപ്പുരീതികളെയും കടന്നാക്രമിച്ചു. എം.എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, എന്‍.പി മുഹമ്മദ് തുടങ്ങിയവര്‍ ശരീഅത്ത് വിവാദത്തില്‍  മുസ്‌ലിം വ്യക്തി നിയമത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഹിന്ദു മതം അടക്കം മറ്റു സമുദായങ്ങള്‍ക്ക് ഇല്ലാത്ത പ്രത്യേക പരിഗണന എന്തിനാണ് മുസ്‌ലിം സമുദായം അനുഭവിക്കുന്നത് എന്നതായിരുന്നു ഇവരുടെ പ്രധാന വാദം. ശരീഅത്തിലെയും മുസ്‌ലിം വ്യക്തി നിയമത്തിലെയും നിലവിലുള്ള സ്ത്രീ വിരുദ്ധതക്ക് നേരെയാണ് തങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്നവര്‍ വ്യക്തമാക്കി.
ശരീഅത്തിനുവേണ്ടി നിലകൊണ്ട മുസ്‌ലിം സമൂഹത്തെ ഈ വിഭാഗം വിശേഷിപ്പിച്ചത് മലപ്പുറം ജില്ലയിലെ മുഷിഞ്ഞ വസ്ത്രമണിഞ്ഞ് തുണിയില്‍ വാഴക്കറയുള്ള തലക്കെട്ടുകാര്‍ എന്ന പരിഹാസത്തോടെ ആയിരുന്നു. എന്താണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന ശരീഅത്ത് നിയമങ്ങളെന്നും മുസ്‌ലിം വ്യക്തി നിയമത്തിന്റെ തനതായ സ്വഭാവം എന്നുമുള്ള ധാരണ ഇല്ലാതെയാണ് പലപ്പോഴും വിമര്‍ശകര്‍ ശരീഅത്തിനെ കൈകാര്യം ചെയ്തത്. അതിനാല്‍ തന്നെ ശരീഅത്ത് താന്‍ പഠിച്ചിട്ടില്ലെന്നും തന്റെ വിമര്‍ശനം നിലവിലെ മുസ്‌ലിം സമുദായത്തിന്റെ നടപ്പുരീതികളോടാണെന്നും ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ഒരിക്കല്‍ തുറന്നുപറയുകയുണ്ടായി.
ശരീഅത്തിനെതിരായ വിമര്‍ശനാക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിം സമൂഹം സര്‍വ ഭിന്നതകളും മറന്ന് ഒന്നിച്ചു എന്നതാണ് കേരള മുസ്‌ലിംകള്‍ക്ക് ശരീഅത്ത് വിവാദം നല്‍കിയ പ്രധാന സംഭാവന. സമസ്ത പിളരാന്‍ കാരണമായത് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മറ്റു സംഘടനകളുമായി ശരീഅത്ത് വിവാദ കാലത്ത് വേദി പങ്കിട്ടു എന്നതാണ്. ശരീഅത്ത് വിവാദ പശ്ചാത്തലത്തില്‍ വ്യത്യസ്ത ആശയ ഗതിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരളത്തിലുടനീളം ചര്‍ച്ചാകള്‍ സംഘടിപ്പിച്ചു. ആ ചര്‍ച്ചകളില്‍ വിവാദ വിഷയങ്ങള്‍ ഗഹനമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി മുഖ പത്രമായ പ്രബോധനം വാരിക പ്രസിദ്ധീകരിച്ച ശരീഅത്ത് പതിപ്പില്‍ എന്‍. വി മുഹമ്മദ്, തായാട്ട് ശങ്കരന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചു.
മിക്ക മുസ്‌ലിം സംഘടനകളും ശരീഅത്ത് വിവാദത്തില്‍ പങ്കെടുത്തു. പുരോഗമന മുസ്‌ലിം പ്രസ്ഥാനങ്ങള്‍ ശരീഅത്ത് വിവാദത്തില്‍ മുസ്‌ലിം പക്ഷത്തിന് ബുദ്ധിപരമായ നേതൃത്വം നല്‍കിയപ്പോള്‍ പാരമ്പര്യ മുസ്‌ലിം മത സംഘടനകള്‍ ശരീഅത്ത് സംവാദം ജനകീയമാക്കാന്‍ കാരണമായി. സുന്നി പ്രസ്ഥാനത്തില്‍ നിന്ന് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സൈദ് മുഹമ്മദ് നിസാമി, കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങിയവരും മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് എ.പി അബ്ദുല്‍ ഖാദര്‍ മൗലവി, കെ.കെ മുഹമ്മദ് സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, ഹുസൈന്‍ മടവൂര്‍, തുടങ്ങിയവരും ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് ഒ. അബ്ദുറഹ്മാന്‍, ഒ. അബ്ദുല്ല, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.പി കമാലുദ്ദീന്‍ തുടങ്ങിയവരും ശരീഅത്ത് അനുകൂല ചേരിയില്‍ വലിയ സംഭാവനകള്‍ നല്‍കിയവരാണ്. ജമാഅത്തെ ഇസ്‌ലാമിയെ എന്‍.പി. മുഹമ്മദ് സര്‍ഗാത്മക ന്യൂനപക്ഷം എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിശേഷിപ്പിച്ചത് ഈ വിവാദവുമായി ബന്ധപ്പെട്ടാണ്.
കേരളത്തിലെ മഹല്ലു സംവിധാനങ്ങള്‍ ക്രിയാത്മകമായി ശരീഅത്ത് വിവാദത്തില്‍ പങ്കെടുത്തു എന്നതായിരുന്നു ശരീഅത്ത് വിവാദത്തിന്റെ മറ്റൊരു സവിശേഷത സംഘടനാ ചേരിതിരിവുകള്‍ക്കപ്പുറം മഹല്ലുകൂട്ടായ്മകള്‍ പരക്കെ രൂപീകൃതമായി. പ്രസ്തുത മഹല്ലുകൂട്ടായ്മകള്‍ ശരീഅത്തിനെക്കുറിച്ചും ശരീഅത്തിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചു. ബോധവല്‍ക്കരണ പരിപാടിയില്‍ എല്ലാ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഒന്നിച്ചു പരിശ്രമിച്ചു.
മുസ്‌ലിം സമുദായത്തിന്റെ പ്രബുദ്ധവല്‍ക്കരണം ആയിരുന്നു ശരീഅത്ത് വിവാദം നല്‍കിയ മറ്റൊരു നേട്ടം. ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും കൂടെ നില്‍ക്കുന്നവര്‍ ആര്, എതിര്‍ പക്ഷത്ത് ആര് എന്നെല്ലാം കൃത്യമായി വ്യക്തമാക്കപ്പെട്ടു. ശരീഅത്തിനെക്കുറിച്ച് കൃത്യമായ അവബോധമില്ലാതെ ജീവിച്ചിരുന്ന മുസ്‌ലിം ജനസാമാന്യത്തിന് ശരീഅത്തിനെക്കുറിച്ച് സാമാന്യം അവബോധം നിര്‍മിക്കാനും ശരീഅത്ത് പരമായ കാഴ്ച്ചപ്പാട് രൂപീകരിക്കാനും ശരീഅത്ത് സംവാദം കാരണമായി.
പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ചുവടുകള്‍ നടത്താന്‍ ശരീഅത്ത് വിവാദം മുസ്‌ലിം സമൂഹത്തിന് പ്രചോദനം നല്‍കി. വിമര്‍ശനങ്ങളെ ഫലപ്രദമായി പ്രധിരോധിക്കുന്നതില്‍ ഒരു പത്ര മാധ്യമത്തിനു പ്രസക്തിയുണ്ട്, എന്ന ശരീഅത്ത് വിവാദം നല്‍കിയ തിരിച്ചറിവാണ് മാധ്യമം ദിനപത്രത്തിന്റെ പിറവിക്ക് പശ്ചാത്തലമൊരുക്കിയത്. 


ഉപസംഹാരം
ഇന്ത്യന്‍ ദേശീയാടിസ്ഥാനത്തിലും കേരളത്തിലും ധാരാളം ചര്‍ച്ചകള്‍ക്കും ആശയ സംഘട്ടനങ്ങള്‍ക്കും കാരണമായവയാണ് ഏക സിവില്‍ കോഡ് വാദവും ശരീഅത്ത് വിവാദവും. ഒട്ടേറെ തിരിച്ചറിവുകള്‍ ഈ രണ്ടു വിവാദങ്ങള്‍ മുസ്‌ലിം സമൂഹത്തിനും പൊതു സമൂഹത്തിനും സംഭാവനയായി നല്‍കി. വ്യക്തി നിയമങ്ങള്‍ സാംസ്‌കാരിക അസ്തിത്വത്തിന്റെ ഭാഗമായി കണ്ടിരുന്ന മുസ്‌ലിം സമൂഹം ഏക സിവില്‍ കോഡിനേയും മുസ്‌ലിം വ്യക്തി നിയമ ഭേദഗതി വാദത്തെയും എതിര്‍ത്തു.
മുസ്‌ലിം വ്യക്തി നിയമത്തില്‍ ഭേദഗതിയും പുനര്‍വിചിന്തനവും പരിഷ്‌കരണവും അനിവാര്യമാണ് എന്നിരിക്കെത്തന്നെ പ്രസ്തുത വിഷയത്തില്‍ മുസ്‌ലിം സമൂഹത്തെ വിശ്വാസത്തിലെടുക്കാനും അവരുടെ പങ്ക് ഉറപ്പുവരുത്താനും ഭരണകൂടത്തിന് സാധ്യമാകണം എന്ന അഭിപ്രായം പ്രകടമായി.
ഏക സിവില്‍ കോഡില്‍ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുകയില്ല എന്നും പ്രസ്തുത ലക്ഷ്യത്തിന് ഏകതയല്ല, സഹകരണവും യോജിപ്പും ആണ് അനിവാര്യമായതെന്നുമുള്ള ആര്‍.എസ്.എസ് സ്ഥാപക നേതാക്കളില്‍ പെട്ട ഗോള്‍വാക്കര്‍ തന്നെ 1972 ല്‍ അഭിപ്രായപ്പെട്ടത് വ്യക്തി നിയമങ്ങളുടെ നിലനില്‍പിന്റെ പ്രാധാന്യത്തെയാണ് കുറിക്കുന്നത്.
വ്യക്തി നിയമങ്ങള്‍ ഭരണഘടന നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ അനിവാര്യ താല്‍പര്യമായതിനാല്‍ അതിന്റെ നിലനില്‍പ് പ്രധാനപ്പെട്ടതാണ്. മൗലികാവകാശങ്ങളുടെ അന്തസത്തക്ക് നിരക്കാത്ത ഏക സിവില്‍ കോഡ് തത്വം ഭരണഘടനയില്‍ നിന്ന് എടുത്ത് കളയണം എന്ന വാദം ഉയര്‍ന്നു.
ശരീഅത്ത് വിവാദത്തിലൂടെ കേരള മുസ്‌ലിംകള്‍ക്ക് നിര്‍ണ്ണായകമായ ചില നേട്ടങ്ങള്‍ നേടാന്‍ സാധ്യമായി. പൊതു മുസ്‌ലിം ജന സാമാന്യത്തില്‍ ശരീഅത്തിനെക്കുറിച്ച് ശക്തമായ അവബോധം നിര്‍മ്മിക്കപ്പെട്ടു. ചില ആചാര സമ്പ്രദായങ്ങളിലും പൊതു നടപ്പു രീതികളിലും മാത്രം കുരുങ്ങിക്കിടന്ന് ഇതര മത സമൂഹങ്ങളില്‍ നിന്ന് സ്വാഭാവികമായി കടന്നുകൂടിയ സ്വാധീനങ്ങളാല്‍ വഴിതെറ്റി പോകുമായിരുന്ന മുസ്‌ലിം സമൂഹം ശരീഅത്ത് വിവാദം കാരണം ശരിയായ അടിസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ സാധ്യമായി.
മുസ്‌ലിം വ്യക്തി നിയമത്തിന്റെ പരിഷ്‌കരണം അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ സ്വാഭാവികമായ ജനിതക വൈകല്യങ്ങളുടെ കാരണങ്ങള്‍ മുമ്പ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.  ശരീഅത്തിനെതിരെയും വ്യക്തി നിയമ നടപ്പു രീതികള്‍ക്കെതിരെയും എതിര്‍പ്പുകളും വിമര്‍ശനങ്ങളും വരുമ്പോള്‍ അന്ധമായി പ്രതിരോധിക്കുന്നതിനപ്പുറം പ്രസ്തുത വിമര്‍ശന വിശകലനങ്ങളുടെ പശ്ചാത്തലം ക്രിയാത്മകമായി മനസ്സിലാക്കി. വീഴ്ചകളെ തിരുത്താനുള്ള ആര്‍ജ്ജവം പൊതുസമൂഹത്തില്‍ മുസ്‌ലിം നേതൃത്വം പ്രകടമാക്കണം. പ്രതിരോധം വര്‍ദ്ധിക്കുന്തോറും തിരുത്താനുള്ള മനസ്സ് ഇല്ലാതെയാകും എന്നത് യാഥാര്‍ത്ഥ്യമാണ്.

Reference

1. Sussenne Hobber Rudolph and Lloyd. i. Rudolph 2001. Living with difference in india. in gerald James Larson(ed). Religion and Personal Law in secular india, social science Press, Delhi
2. i bid
3. വി. എ. കബീര്‍. 2013 മുസ്‌ലിം വ്യക്തിനിയമ വിവാദം ഒരു പുനസന്ദര്‍ശനം, പ്രബോധനം ആഴ്ചപ്പതിപ്പ്. ലക്കം 21, vol 70
- Uniform civil wde: a mirage : Dr M.p. Raju, justice& peace wmission delhi
- ശരീഅത്തും ഇന്ത്യന്‍ മുസ്‌ലിംകളും. V.A കബീര്‍, I.P.H Calicut
- പ്രബോധനം ശരീഅത്ത് പതിപ്പ്
- ശരീഅത്തും ഏക സിവില്‍ കോഡും, Edited by ഒ. അബ്ദുറഹ്മാന്‍, I.P.H Calcut

author image
AUTHOR: എം ഐ അനസ് മന്‍സൂര്‍
   (റിസര്‍ച്ച് സ്‌കോളര്‍, ജാമിഅ ഹംദര്‍ദ്‌)