അഭിപ്രായ വ്യത്യാസങ്ങളും സംവാദങ്ങളും സംഘടനകള്‍ക്കു മുമ്പ്

സി ടി. സുഹൈബ്‌  

20-ാം നൂറ്റാണ്ടിലാണ് കേരളീയ മുസ്‌ലിം സമൂഹത്തില്‍ വിവിധ ചിന്താധാരകള്‍ സംഘടനാരൂപം പ്രാപിക്കുന്നത്. പാരമ്പര്യ വാദികളെന്നും ഉല്‍പതിഷ്ണുക്കളെന്നും പൊതുവില്‍ ഇനം തിരിക്കുന്ന ഈ ധാരകളെ പ്രധാനമായും പ്രതിനിധീകരിക്കുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള നദ്‌വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയുമാണ്. ഈ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന അഖീദാപരവും ആരാധനാപരവും ഫിഖ്ഹീപരവുമായ അഭിപ്രായാന്തരങ്ങള്‍ ആരോഗ്യകരവും അനാരോഗ്യകരവുമായ സംവാദങ്ങള്‍ക്കും ഖണ്ഡന മണ്ഡനങ്ങള്‍ക്കും വഴിവെക്കുകയുണ്ടായി. സംഘടനാ താല്‍പര്യങ്ങളും പക്ഷപാതിത്തങ്ങളും പലപ്പോഴും അനാരോഗ്യകരമായ തര്‍ക്കത്തിലേക്ക് വഴിവെച്ചിട്ടുണ്ട്. പില്‍ക്കാലത്ത് സുന്നി മുജാഹിദ് ധാരകളിലുണ്ടായ സംഘടന പിളര്‍പ്പ് ഇത്തരം തര്‍ക്കങ്ങള്‍ക്ക് കാഠിന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ വ്യത്യസങ്ങളും തര്‍ക്കങ്ങളുമൊന്നും ഇല്ലായിരുന്നുവെന്നും എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നുവെന്നും ചില വാദങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ചിന്തകളും വൈജ്ഞാനിക അന്തരീക്ഷവും സ്വതന്ത്ര്യ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമൊക്കെ നിലനിന്നപ്പോഴൊക്കെ വിവിധ അഭിപ്രായങ്ങളും സംവാദങ്ങളുമൊക്കെ ഇസ്‌ലാമിക സമൂഹത്തില്‍ നിലനിന്നിട്ടുണ്ട് എന്നതാണ് ചരിത്ര സത്യം. സംഘടനകള്‍ ഇത്തരം സംവാദങ്ങളുടെ മാര്‍ക്കറ്റിങ്ങും പ്രചരണവും ശക്തിപ്പെടാനുള്ള കാരണമായിട്ടുണ്ടാകാം എന്നാല്‍ അടിസ്ഥാനപരമായി അഭിപ്രായാന്തരങ്ങളുടെ കാരണം സംഘടനകളല്ല എന്ന് കാണാന്‍ കഴിയും. ഉദാഹരണമായി കേരള മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ചരിത്രമെടുത്ത് പരിശോധിച്ചാല്‍ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പും പല വൈജ്ഞാനിക സംവാദങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പ്രധാനമായും രണ്ട് തര്‍ക്കങ്ങളാണ് ഈ പ്രബന്ധത്തില്‍ അന്വേഷിക്കുന്നത്.

കൊണ്ടോട്ടികൈ - പൊന്നാനികൈ തര്‍ക്കമെന്ന പേരില്‍ പ്രസിദ്ധമായ വിവാദമാണ് അതിലൊന്ന്. കേരളത്തിലെ പ്രബല മത നേതൃത്വങ്ങളിലെ കോഴിക്കോട്ടെ ജിഫ്‌രി തങ്ങന്‍മാരും പൊന്നാനിയിലെ മഖ്ദൂമുകളും ഒരു പക്ഷത്തും, കൊണ്ടോട്ടി തങ്ങന്മാര്‍ മറുപക്ഷത്തുമായി നിലകൊണ്ട സംഭവമായിരുന്നു അത്. 1718ല്‍ ബോംബെക്കാരനായ മുഹമ്മദ് ഷാ എന്ന വ്യക്തി കൊണ്ടോട്ടിയില്‍ വന്ന് തന്റെ ത്വരീഖത്ത് സ്ഥാപിക്കുകയുണ്ടായി. ത്വരീഖത്ത് പ്രചരിപ്പിക്കുകയും ധാരാളം അനുയായികള്‍ വര്‍ധിക്കുകയും ചെയ്തു. അതുവരെ ജിഫ്‌രി, മഖ്ദൂം നേതൃത്വം ചോദ്യം ചെയ്യപ്പെടാത്ത മത നേതൃത്വമായിരുന്നു. മുഹമ്മദ് ഷായുടെ ത്വരീഖത്തിന്റെ വളര്‍ച്ച അതിനാല്‍ തന്നെ ഒരു ഭീഷണിയായി അവര്‍ക്ക് മുന്നില്‍ വന്ന സാഹചര്യത്തില്‍ കൊണ്ടോട്ടി ത്വരീഖത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തപ്പെട്ടു. മുഹമ്മദ് ഷായുടെ സമകാലികനായിരുന്ന കോഴിക്കോട്ടെ സയ്യിദ് ജിഫ്‌രിയുടെ ഒരു ഫത്‌വയാണ് കൈതര്‍ക്കത്തിന് തുടക്കമായത്. മുഹമ്മദ് ഷായുടെ ആശയങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം ഇന്ദ്രജാലക്കാരനാണെന്നുമായിരുന്നു വിമര്‍ശനം. ജിഫ്‌രി തങ്ങളുടെ ആരോപണത്തിന് ഷായുടെ സന്തത സഹചാരിയായ മുസ്‌ലിയാരകത്ത് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മറുപടിയുമായി രംഗത്തെത്തി. പ്രസ്തുത വിമര്‍ശനങ്ങള്‍ ഖണ്ഡനങ്ങളായും അതിന് മറുപടിയായുമൊക്കെ അറബി മലയാളത്തില്‍ ഗ്രന്ഥങ്ങള്‍ വിരചിതമായി.

മുഹമ്മദ് ഷായുടെ കാലശേഷം പ്രസ്തുത തര്‍ക്കം നീണ്ടുനില്‍ക്കുകയും ഇരുവിഭാഗമായി ജനങ്ങള്‍ വേര്‍തിരിയുകയും ഓരോ വിഭാഗത്തിനും വെവ്വേറെ പള്ളികള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. കൊണ്ടോട്ടി തങ്ങള്‍ പാരമ്പര്യത്തില്‍ വന്ന ഇഷ്തിയാഖ് ഷായുടെ കാലത്ത് തര്‍ക്കങ്ങള്‍ രൂക്ഷമായി അദ്ദേഹം കൊണ്ടുവന്ന പല സമ്പ്രദായങ്ങളുമാണ് അതിന് കാരണമായത്. മുരീദുമാര്‍ തനിക്ക് മുമ്പില്‍ സുജൂദ് ചെയ്യണമെന്ന നടപടിയും മുഹര്‍റം വലിയ ആഘോഷമാക്കി മാറ്റിയതുമായിരുന്നു ഇതിന്റെ കാരണം. മുമ്പുതന്നെ ശിയാ പാരമ്പര്യം കൊണ്ടോട്ടി കൈവഴിയില്‍ ആരോപിക്കപ്പെട്ടിരുന്നു. ഈ സമ്പ്രദായങ്ങള്‍ ഈ ആരോപണത്തിന് ശക്തിപകര്‍ന്നു. പണ്ഡിതന്മാര്‍ ഏറെക്കുറെ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തെങ്കിലും ചില പണ്ഡിതന്മാരെങ്കിലും ഇതിനെ ന്യായീകരിച്ചുകൊണ്ട് മുന്നോട്ട് വരികയുണ്ടായി. കൊണ്ടോട്ടി ഖാദിയായിരുന്ന പുത്തന്‍തൊടിക കാട്ടില്‍ അലി മുസ്‌ലിയാര്‍ കൊണ്ടോട്ടി തങ്ങള്‍ക്ക് സുജൂദ് ചെയ്യുന്നതിനെ ന്യായീകരിച്ച് ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി. കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിയില്‍ നടന്ന പരസ്യ വാദ പ്രദിവാദം കൊണ്ടോട്ടിക്കെ - പൊന്നാനിക്കെ കൈതര്‍ക്കത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. കൊണ്ടോട്ടി തങ്ങളെ പ്രധിനിധീകരിച്ചത് മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാരും പൊന്നാനിക്കെയുടെ പ്രതിനിധി നിജാഇ മൊയ്തു മുസ്‌ലിയാരും ആയിരുന്നു. വാദപ്രതിവാദത്തിന് ശേഷം അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അല്‍ ബുസ്താന്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും കൊണ്ടോട്ടി തങ്ങന്‍മാരുടെ ത്വരീഖത്തിനെയും പാരമ്പര്യത്തിനെയും വിശുദ്ധമാക്കുകയും ആരോപണങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു. പുസ്തകം പുറത്തുവന്നപ്പോള്‍ പൊന്നാനി പക്ഷക്കാര്‍ കഴിയുന്നത്ര പണ്ഡിതന്മാരില്‍ നിന്നും കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ ഫത്‌വകള്‍ വാങ്ങി പുറത്തിറക്കുകയുണ്ടായി. വെളിയങ്കോട് ഉമര്‍ ഖാദിയെപ്പോലെയുള്ള വേറെയും ധാരാളം പണ്ഡിതന്മാര്‍ ഫത്‌വകളിലൂടെയും കവിതകളിലൂടെയും കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ എഴുതിയ ഫത്‌വകള്‍ മജ്മഅത്തുല്‍ ഫതാവ എന്ന പേരില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. എതിര്‍പ്പ് രൂക്ഷമായതോടെ കൊണ്ടോട്ടി തങ്ങന്മാര്‍ സുജൂദ് ചെയ്യുന്ന സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കുകയുണ്ടായി. പില്‍ക്കാലത്ത് ഉല്‍പതിഷ്ണു - യാഥാസ്തിക വിവാദം ആരംഭിച്ചതോടെയാണ് കൈതര്‍ക്കവും കെട്ടടങ്ങിയത്.

മറ്റൊരു പ്രധാനപ്പെട്ട തര്‍ക്കമായിരുന്നു ഖിബ്‌ല തര്‍ക്കം. ഖിബ്‌ലയുടെ ഭാഗത്തെക്കുറിച്ചു കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണിത്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ഈ തര്‍ക്കത്തിന് തുടക്കം കുറിച്ചത്. മയ്യഴിയില്‍ ദര്‍സ് നടത്തുന്നതിനിടയില്‍ കുഞ്ഞഹമ്മദ് ഹാജിയില്‍ നിന്നും ഗോളശാസ്ത്രവും ഗണിതശാസ്ത്രവും പഠിച്ച ശിഷ്യന്മാര്‍ തങ്ങള്‍ പഠിച്ച കണക്കുകള്‍ ശരിയാണോ എന്നറിയാന്‍ പരിസരത്തെ പള്ളികളുടെ ഖിബ്‌ല പരിശോധിക്കുകയുണ്ടായി. ഖിബ്‌ലയുടെ സ്ഥാനം തെറ്റാണെന്ന് മനസ്സിലാക്കിയ അവര്‍ കുഞ്ഞഹമ്മദ് ഹാജിയോട് വിവരം പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടത്താതെ പ്രസ്തുത കാര്യം പരസ്യപ്പെടുത്തേണ്ടതില്ല എന്ന് അദ്ദേഹം പറയുകയും ചില പള്ളികള്‍ക്കൂടി പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രസ്തുത പരിശോധനയില്‍ കോഴിക്കോട്ടെ ചില പള്ളികളുടെയും ഖിബ്‌ലകള്‍ തെറ്റാണെന്നും മലപ്പുറം പള്ളിയുടെ ഖിബ്‌ല കൃത്യമാണെന്നും ബോധ്യപ്പെട്ടു. ഈ വിവരം പരസ്യമായി പ്രഖ്യാപിക്കാന്‍ തുടങ്ങി. ഇത് വിവാദമായതോടെ പല പണ്ഡിതന്മാരും ഇതിനെതിരെ രംഗത്ത് വന്നു. അയ്‌നുല്‍ ഖിബ്‌ല (ഖിബ്‌ലയുടെ സ്ഥലം) യിലേക്ക് തിരിയേണ്ടതില്ല എന്നും ജിഹതത്തുല്‍ ഖിബ് ലയായാല്‍ (ഖിബ്‌ലയുടെ ദിശ) മതിയെന്നുമായിരുന്നു മറുഭാഗത്തിന്റെ വാദം. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഗഹനമായ പല വശങ്ങളിലേക്കും വാദഗതികള്‍ നീണ്ടുപോയി.

ഐന്‍, ജിഹത് വാദങ്ങള്‍ കേവലം പദപരം മാത്രമാണെന്നും ആശയപരമല്ല എന്നും കുഞ്ഞഹമ്മദ് ഹാജിയുടെ എതിര്‍ പക്ഷക്കാര്‍ ആരോപിച്ചു. ഐന്‍ - ജിഹത് തര്‍ക്കം പദപരമാണെന്നും ആശയപരമല്ലെന്നുമുള്ള വാദം പ്രബലമാകണമെങ്കില്‍ ജിഹത്തുല്‍ കഅ്ബ എന്നതിന് കഅ്ബ നിലകൊള്ളുന്ന ദിക്ക് എന്ന അര്‍ത്ഥകല്‍പ്പന ഏത് എതിര്‍ ബിന്ദുവിലേക്ക് തിരിഞ്ഞാല്‍ കഅ്ബക്ക് നേരെയാവുമോ. ആ ബിന്ദുവാണ് കഅ്ബയുടെ ജിഹത് എന്നും കുഞ്ഞിമുഹമ്മദ് ഹാജി വാദിച്ചു. ഈ തര്‍ക്കം സംബന്ധിച്ച് നിരവധി നോട്ടീസുകളും ലഘുലേഖകളും ഗ്രന്ഥങ്ങളും അക്കാലത്ത് പുറത്തിറങ്ങിയിരുന്നു.

ഈ രണ്ട് തര്‍ക്കങ്ങളാണ് പ്രബലമായും സംഘടനാ രൂപീകരണങ്ങള്‍ക്ക് മുമ്പ് നടന്ന പ്രധാനപ്പെട്ട സംവാദങ്ങള്‍. ഖിബ്‌ല തര്‍ക്കം സൃഷ്ടിച്ച പ്രധാനപ്പെട്ട ഒരു ചിന്താപരമായ മാറ്റം പാരമ്പര്യമായി വിശ്വസിക്കുന്നതും ചുമത്തിപോരുന്നതുമായ പല കാര്യങ്ങളും ശരിയാകണമെന്നില്ല എന്ന ചിന്തയായിരുന്നു.

വഖ്ഫിനെ കുറിച്ചുണ്ടായ തര്‍ക്കം മറ്റൊരുദാഹരണമാണ്. ദര്‍സിനുവേണ്ടി വഖ്ഫ് ചെയ്ത ഭൂമി മദ്രസക്ക് ഉപയോഗിക്കാമോ, പള്ളിക്ക് വഖ്ഫ് ചെയ്തത് വിദ്യാഭ്യാസാവശ്യത്തിന് ഉപയോഗിക്കാമോ തുടങ്ങിയവ അതിനുദാഹരണങ്ങളായിരുന്നു. പക്ഷേ അതിലും ചില പക്ഷപാതിത്ത താല്‍പര്യങ്ങളുണ്ടായിരുന്നു എന്ന് നമുക്ക് കാണാവുന്നതാണ്. ചാലിലകത്തിന്റെ മദ്രസാ സംവിധാനത്തിനെതിരെ ഉയര്‍ത്തിയ വാദങ്ങളായിരുന്നു അതെല്ലാം. അതുമായി ബന്ധപ്പെട്ടായിരുന്നു ബോര്‍ഡില്‍ ചോക്ക് കൊണ്ട് ഖുര്‍ആന്‍ എഴുതി പഠിപ്പിക്കാനാവുമോ എന്ന തര്‍ക്ക വിഷയവും. ഖുര്‍ആന്‍ എഴുതിയ ചോക്ക് പൊടി നിലത്തുവീണ് ചവിട്ടാന്‍ ഇടവന്നാല്‍ അത് ഖുര്‍ആനോടുള്ള നിന്ദ്യതയാകും തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. പക്ഷപാതിത്തങ്ങളും സ്ഥാപിത താല്‍പര്യങ്ങളും പലപ്പോഴും തര്‍ക്കങ്ങളുടെയും സംവാദങ്ങളുടെയും ധാര്‍മികത നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യപരമായ സംവാദങ്ങളും ചര്‍ച്ചകളും വൈജ്ഞാനിക ഇടപെടലുകളും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അത് നിലനില്‍ക്കുക ചെയ്യേണ്ടതുണ്ട്. അത് ഇസ്‌ലാമിന്റെ ജൈവികതയുടെ ഭാഗം കൂടിയാണ്.