മലയാള ഭാഷയിലെ ഇസ്‌ലാമിക മുദ്രകള്‍

ബിജേഷ്. യു   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഢ് യൂണിവേഴ്‌സിറ്റി)

രു ജനതയുടെ ജീവിത രീതിയാണ് സംസ്‌കാരം. ഇതിലേക്ക് പുതിയതായി വന്നുചേരുന്ന ഏതും അതിന്റെ തനിമയെ വളര്‍ത്തുന്നതോ തളര്‍ത്തുന്നതോ ആയിരിക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമയില്‍ ബാഹ്യമായ ഇടപെടലുകള്‍ നിരവധിയാണ്. പുരാതനകാലം മുതല്‍ അനവധി നാട്ടുകാര്‍ കേരളവുമായി ബന്ധം പുലര്‍ത്തിയിരുന്നു. മലയാള ഭാഷയുടെ വികാസ പരിണാമത്തില്‍ വിദേശീയവും സ്വദേശിയവുമായ ഭാഷകളുടേയും സംസ്‌കാരത്തിന്റെയും സ്വാധീനത പ്രകടമാണ്. ഏതു അവസ്ഥയെയും സാഹചര്യത്തേയും അടയാളപ്പെടുത്തുവാനുള്ള കഴിവു ഭാഷക്കുണ്ടെങ്കില്‍ മാത്രമേ അവ കാലത്തെ അതിജീവിക്കുകയുള്ളൂ. അല്ലാത്തവ മൃതഭാഷകളായി മാറും. വൈദേശിക സാംസ്‌കാരിക മൂല്യങ്ങളെ അടയാളപ്പെടുത്തുന്നതിനു വേണ്ടി മലയാളഭാഷ കരുത്തു നേടിയെടുത്തത് ആ ഭാഷകളുടെ പദങ്ങളെ  ആദാനം ചെയ്യുന്നതിലൂടെയായിരുന്നു. തത്സമങ്ങളോ തത്ഭവങ്ങളോ ആയി ധാരാളം വൈദേശിക പദങ്ങള്‍ മലയാള പദ സമ്പത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ പ്രബന്ധം മലയാള ഭാഷയുടെ വികാസത്തില്‍ അറബിഭാഷയുടേയും പേര്‍ഷ്യന്‍ ഭാഷയുടേയും സംഭാവനകളാണ് അന്വേഷണ വിധേയമാക്കുന്നത്. മലയാള ഭാഷയുടെ പദതലത്തിലും വാക്യതലത്തിലും മുകളില്‍ പ്രസ്താവിച്ച ഭാഷകള്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന വിശദ പഠനവും നടത്തുന്നു.

കേരളവും ഇസ്‌ലാമിക ബന്ധവും
    കേരളത്തിന്റെ വൈദേശിക ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കം അവകാശപ്പെടാനുണ്ട്. ആദ്യകാലങ്ങളില്‍ ഗ്രീക്ക്, റോമന്‍, ചൈന, അറബിക് ദേശക്കാരുമായിട്ടായിരുന്നു ബന്ധം പുലര്‍ത്തിയിരുന്നത്. പോര്‍ച്ചുഗീസുകാരേയും ബ്രിട്ടീഷുകാരേയും പോലെ സാമ്രാജ്യത്വ മോഹം അവര്‍ക്കില്ലായിരുന്നു, കച്ചവടമായിരുന്നു അവരുടെ മുഖ്യ ലക്ഷ്യം. തങ്ങളുടെ ആവശ്യ നിര്‍വഹണത്തിനായി  തദ്ദേശീയരായ ജനങ്ങളുമായി അവര്‍ക്ക് നിരന്തരം ബന്ധപ്പെടേണ്ടി വന്നിരുന്നു. മലയാള ഭാഷയുമായും സംസ്‌കാരവുമായും ഇടപഴകുന്നതിനും പല കൊടുക്കല്‍ വാങ്ങലുകളും നടത്തുന്നതിനും വാണിജ്യ ബന്ധം നിമിത്തമായി. ഈ സമ്പര്‍ക്കത്തിന്റെ പരിണിത ഫലമായി വൈദേശിക ഭാഷകളിലെ ധാരാളം പദങ്ങള്‍ മലയാളത്തിലേക്ക് ആദാനം ചെയ്യാനും വൈദേശിക സംസ്‌കാരത്തിന്റെ ഭാഗമായ ചീനവല, ചീനഭരണി, ചീനച്ചട്ടി തുടങ്ങിയവ കേരളത്തിന്റെ സംസ്‌കാരത്തിലേക്ക് കടന്നുവരാനും നിദാനമായി.
    ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഇസ്ലാമിക ആഗമനത്തിന് വ്യത്യസ്ത മുഖമാണുള്ളത്. മുഹമ്മദ്‌ നബിയുടെ പിറവിക്കു മുമ്പു തന്നെ കേരളത്തില്‍ അറബികളുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു. കേരളത്തിലേക്കുള്ള ഇസ്‌ലാംമത പ്രചരണത്തിനു ആ വാണിജ്യബന്ധം കൂടുതല്‍ സഹായകരമായിത്തീര്‍ന്നു. കേരളത്തിന്റെ സുഗന്ധ വ്യഞ്ജന കലവറയാണ് മറ്റു കച്ചവടക്കാരെപ്പോലെ അറബികളേയും കേരള മണ്ണിലേക്ക് ആകര്‍ഷിപ്പിച്ചത്. ബിലാദുല്‍ ഫുല്‍ഫുല്‍ (കുരുമുളകിന്റെ നാട്) എന്നാണ് അറബിനാടുകളില്‍ മലബാര്‍/ കേരളം അറിയപ്പെട്ടിരുന്നത്.
    എ.ഡി. 664 ല്‍ മാലിക് ഇബ്‌നു ദീനാറും സംഘവും കേരളത്തിലെത്തിയതോടെയാണ് മുസ്ലീം സംസ്‌കാരത്തിന് മലയാള നാട്ടില്‍ വേരോട്ടമുണ്ടാവുന്നത്.  കേരളത്തിലെ അന്നത്തെ ഭരണത്തലവന്‍മാരുടെ അനുകൂല നിലപാടുകളും കേരളത്തിലെ മത പ്രചരണത്തിനു കരുത്തു പകര്‍ന്നിരിക്കാം. മലബാര്‍ സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത (എ.ഡി.1342) കോഴിക്കോട്ടെ മുസ്‌ലിംകളുടെ വിവരങ്ങള്‍ നല്‍കുന്നുണ്ട്. വാണിജ്യത്തോടൊപ്പം സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗഹാര്‍ദ ബന്ധങ്ങള്‍ പുലര്‍ത്തുന്ന അറബികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. മലബാര്‍ തീരത്തെ കച്ചവടത്തിന് നേതൃത്വം നല്‍കിയത് ആ ഭാഗങ്ങളില്‍ അധിവാസമുറപ്പിച്ച മുസ്‌ലിംകളായിരുന്നു. സാമൂതിരി ഭരണത്തിന്‍ കീഴില്‍ കുഞ്ഞാലിമാര്‍ക്ക് നാവികപ്പടയുടെ ചുമതല നല്‍കപ്പെട്ടത് അറബി പാരമ്പര്യവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. കേരളത്തില്‍ നിലനിന്നിരുന്ന അയിത്തം ഇസ്‌ലാം മതത്തിലേക്ക് മറ്റു മതസ്ഥരെ ആകര്‍ഷിക്കുന്നതിനും കാരണമായി. സമകാലിക കേരളത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിക മുദ്രകള്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.
 
മലയാളത്തിന്റെ
അറബി-പേര്‍ഷ്യന്‍ സമ്പര്‍ക്കം

സാംസ്‌കാരിക കൂട്ടായ്മകളാണ് ഭാഷാ വളര്‍ച്ചയിലേക്ക് നയിക്കാറുള്ളത്. അന്യ ഭാഷകളുടെ സ്വാധീനത്തിനു പിടികൊടുക്കാത്ത ഭാഷകള്‍ വളരെ വിരളമാണ്. വിഭിന്ന ഭാഷണ സമൂഹങ്ങളില്‍പെട്ടവര്‍ക്ക് കച്ചവടം, മതപ്രചരണം, യുദ്ധം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക ആവശ്യങ്ങളുടെ ഭാഗമാവേണ്ടി വരുമ്പോള്‍, പ്രദേശത്തെ ഭാഷയില്‍ മറ്റൊരു ഭാഷ കലര്‍ന്നാണ് സങ്കര ഭാഷ രൂപം കൊള്ളുന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഭാഷയില്‍ നിന്നു പലതും സ്വാംശീകരിക്കാറുള്ളതുപോലെ ഓരോ ഭാഷണ സമൂഹവും തങ്ങളുടെ സമ്പര്‍ക്കത്തിലിരിക്കുന്ന ഭാഷണ സമൂഹങ്ങളില്‍ നിന്നും പലതും പഠിക്കാറുണ്ട്. സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഭാഷകള്‍ അന്യോന്യം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നത് സ്വാഭാവികമാണ്.
    ‘ഭാരതീയ ഭാഷാഗോത്രമായ ദ്രാവിഡത്തിലെ മലയാളം, വ്യക്തിമുദ്ര സ്ഥാപിച്ചെടുത്തതു തന്നെ  അന്യഭാഷാ സമ്പര്‍ക്കത്തിലൂടെയാണ്. ഭാഷയും സംസ്‌കൃതവും കൂട്ടിക്കലര്‍ത്തി നിത്യവ്യവഹാരത്തിലും വിശേഷ വ്യവഹാരത്തിലും ഉപയോഗിച്ചിരുന്നു. കലര്‍പ്പിന്റെ കല ഹൃദയകരമായി അംഗീകരിക്കാന്‍ പണ്ടുമുതലേ മലയാളിക്കു കഴിഞ്ഞിരുന്നു’ (സ്‌കറിയസക്കറിയ.2011.പുറം.103) അനേക കാലത്തെ അറബിഭാഷാ സ്വാധീനം മലയാള ഭാഷയില്‍ ഒരു സങ്കര ഭാഷക്കു തന്നെ രൂപം കൊടുക്കുകയുണ്ടായി.
    കോളനീകരണ കാലഘട്ടം വരെ അറബിയായിരുന്നു കേരള തീരത്തെ കച്ചവട ഭാഷ. പോര്‍ച്ചുഗീസുകാര്‍ ആദ്യകാല സമ്പര്‍ക്കത്തിനുപയോഗിച്ചത് അറബി ഭാഷയായിരുന്നു. മധ്യകാലത്തു മലയാളത്തിന് അറബിഭാഷയോട് അടുപ്പമുണ്ടായിവന്നു. അറബി മലയാള ഭാഷയിലേക്കാണ് ഇത് വഴിവെച്ചത്.അറബികളും മലയാളികളും തമ്മിലുണ്ടായ സങ്കലനം ഭാഷയില്‍ പ്രകടമായപ്പോള്‍ മാപ്പിള മലയാളമുണ്ടായി. മുഹിയിദ്ദീന്‍ മാലയെപ്പോലുള്ള വിശിഷ്ട കൃതികള്‍ ഇവിടെ രൂപപ്പെട്ടു. മറുനാടന്‍ പ്രമേയങ്ങള്‍ മലയാളത്തിന്റെ ചൊല്‍വടിവുകളില്‍ രൂപപ്പെട്ടപ്പോള്‍ മലയാളം വളരുകയായിരുന്നു എന്ന് സക്‌റിയ സ്‌ക്കറിയ നിരീക്ഷിക്കുന്നു. അറബി മലയാളം പിന്നീട് ബൃഹത്തായ സാഹിത്യ വിഭാഗമായി മാറുകയുണ്ടായി. അറബി മലയാള കൃതികള്‍ സാധാരണക്കാരായ മുസ്‌ലിം ജനതയില്‍ പോലും ആഴത്തില്‍ വോരോട്ടമുണ്ടാക്കിയിരുന്നു. സബീന ഏടുകള്‍ എന്നറിയപ്പെടുന്ന അറബി മലയാള ലിപിയിലെ പുസ്തകങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നു.
    കേരള ദേശത്തെ ഇതര മതസ്ഥര്‍ മുസ്‌ലിം വിഭാഗത്തോട് കാണിച്ച സഹകരണം ഇസ്‌ലാം മതം ആഴത്തില്‍ വേരോടുന്നതിനും അതിലൂടെ അറബി മലയാള ഭാഷ വളരുന്നതിനും സഹായകമായി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. മലബാറിലെ നാടുവാഴികളും അവരുടെ സൈന്യങ്ങളും ഹിന്ദുക്കളായിരുന്നു,അവര്‍ തങ്ങളുടെ പൂര്‍വികാചാരങ്ങളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്തിരുന്നു, എങ്കിലും മുസ്‌ലിംകളെ ഉപദ്രവിക്കുകയോ കച്ചവടത്തെ തടസ്സപ്പെടത്തുകയോ മത സ്വാതന്ത്ര്യങ്ങളെ ഹനിക്കുകയോ ചെയ്തിരുന്നില്ല. മുസ്‌ലിംകളുടെ ആചാരനുഷ്ഠാനങ്ങളോട് തികച്ചും സഹിഷ്ണുതയുള്ളവരാണ്, വളരെ മൈത്രിയിലാണ് അവര്‍ അന്യോന്യം കഴിഞ്ഞു പോരുന്നത്. (വേലായുധന്‍ പണിക്കശ്ശേരി.1963,പുറം.87-88)
    മൈസൂര്‍ അധിനിവേശ കാലത്ത് പേര്‍ഷ്യന്‍ ഭാഷക്ക് കൂടുതല്‍ പ്രചാരം വന്നു. ഫാറൂഖാബാദ് തുടങ്ങിയ അറബി കലര്‍ന്ന പേരുകള്‍ തങ്ങളുടെ അധീന പ്രദേശങ്ങള്‍ക്ക് അവര്‍ നല്‍കി. അക്കാലത്തു ഭരണ സംബന്ധമായി ഉപയോഗിച്ച പേര്‍ഷ്യന്‍ പദങ്ങള്‍ ധാരാളമായി മലയാളത്തില്‍ കലര്‍ന്നു. സ്വാതന്ത്ര്യാനന്തരം ഗള്‍ഫുനാടുകളിലേക്കുള്ള മലയാളികളുടെ പ്രവാസ ജീവിതം അറബിഭാഷ പ്രയോഗിക്കുവാന്‍ അവരെ നിര്‍ബന്ധിതരാക്കി. കേരളത്തിലെ മദ്രസാ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച അറബിഭാഷയുടെ വളര്‍ച്ചയിലേക്ക് നയിച്ചു. മാതൃഭാഷയില്‍ അക്ഷര ജ്ഞാനം നേടുന്നതിനു മുമ്പുതന്നെ ഇസ്‌ലാം മതസ്ഥര്‍ അറബി പഠിച്ചെടുക്കുന്നതും മലയാളത്തില്‍ ആ ഭാഷയുടെ സ്വാധീനം വര്‍ധിക്കുന്നതിനു കാരണമായിരുന്നു.

അറബി-പേര്‍ഷ്യന്‍ പദങ്ങള്‍
    മലയാള ഭാഷയിലേക്കു സംക്രമിച്ചിട്ടുള്ള അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ മലയാള ഭാഷയുടെ പദസമ്പത്ത് കൂട്ടുന്നതിനു നിദാനമായി. സംസ്‌കൃതം കഴിഞ്ഞാല്‍ ഭാഷാ ആദാനങ്ങളില്‍ അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ക്കാണ് അടുത്ത സ്ഥാനം. ഭാഷയിലെ വിവിധ തലങ്ങളില്‍ പദതലത്തിലാണ് താരതമ്യേന കൂടുതല്‍ അയവുള്ളത് എന്നതിനാലാണ് അന്യഭാഷാ പദങ്ങള്‍ എളുപ്പത്തില്‍ പദതലത്തിലേക്ക് ആദാനം ചെയ്യപ്പെടുന്നത്. ‘ഒരു ദ്വിഭാഷിക്ക് തന്റെ പ്രാഥമിക ഭാഷയില്‍ ഒരു പ്രത്യേക അര്‍ത്ഥത്തെ വ്യവഹരിക്കുവാന്‍ പര്യാപതമായ പദങ്ങള്‍ ഇല്ല എന്നു തോന്നുകയും ദ്വിതീയ ഭാഷയില്‍ അത് ഉള്ളതായി മനസ്സിലാക്കുകയും ചെയ്താല്‍ തന്റെ വ്യവഹാരത്തിന് അയാള്‍ അവയെ സ്വീകരിക്കുന്നു.’ (ജോസഫ്.പി.എം,1984.പുറം.6) അറബിഭാഷയിലെ ധാരാളം പദങ്ങള്‍ മലയാളത്തിലേക്ക് കടന്നുവന്നതിനു പിന്നിലും ഇത്തരം സന്ദര്‍ഭങ്ങളായിരിക്കാം. ഇതുകൂടാതെ അറബി ഒരു വിഭാഗത്തിന്റെ മത ഭാഷയായതു ആ ഭാഷയോടു ആഭിമുഖ്യം വരാനിടയായി. അവരുമായി മറ്റു വിഭാഗങ്ങള്‍ നിരന്തരം വ്യവഹാരത്തിലേര്‍പ്പെട്ടതുവഴി ധാരാളം മത സൂചിതങ്ങളായ പദങ്ങള്‍ ആദാനം ചെയ്യുവാനിടയാക്കി.
    മലയാളഭാഷയിലേക്കു കടംകൊണ്ട അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ മലയാള ഭാഷയുടെ പദ സമ്പത്ത് വര്‍ദ്ധിപ്പിക്കുവാനിടയാക്കി. വ്യത്യസ്ത മേഖലകളെ സൂചിപ്പിക്കുന്ന പദങ്ങള്‍ അറബിയുടേതായിട്ടുണ്ട്. പഠന സൗകര്യാര്‍ത്ഥം ഇത്തരം പദങ്ങളെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

രാഷ്ട്രീയ സൂചക പദങ്ങള്‍
        സ്ഥലനാമം, ഭരണ-നീതിന്യായവ്യവസ്ഥ, യുദ്ധം, ഉദ്യോഗസ്ഥനാമം തുടങ്ങി രാഷ്ട്രീയരംഗവുമായി ബന്ധംപുലര്‍ത്തുന്ന  നിരവധി പദങ്ങള്‍ അറബി - പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് മലയാള ഭാഷ കടം കൊണ്ടിട്ടുണ്ട്.   
  സ്ഥലത്തെ കുറിക്കുന്ന - ജില്ല(ളില്ല), താലൂക്ക് (തഅല്ലുക), മഹല്ല്
  ഉദ്യോഗസ്ഥ നാമങ്ങളായ - ശിപായി (സ്വിഫാഈ), മുന്‍സിപ്പ് (മുന്‍സിഫ്), വക്കീല്‍ (വകീല്‍)              
  ആയുധങ്ങളെ സൂചിപ്പിക്കുന്ന - പീരങ്കി (ഫിരങ്കി), ഉറുമി (റൂമി)
  നീതിന്യായവും, ഭരണസംബന്ധമായ കാനേഷുമാരി (ഖാനേഷുമാരി), ശുപാര്‍ശ (ശിപാരിസു), ബിനാമി (ബേനാമ്), ഒസ്യത്ത് (വസീയത്), ജാമ്യം (ളാമിന്‍), താക്കീത് (തഅ്കീദ്), റദ്ദ്, ഹാജര്‍ (ഹാളിര്‍) തുടങ്ങിയ പദങ്ങള്‍ ഉദാഹരണം. മലയാളിയുടെ നിത്യവ്യവഹാരത്തില്‍ ഉപയോഗിക്കുന്ന ബേജാര്‍ (ബേസാര്‍), ശരാശരി (സറാസര്‍), സുമാര്‍ (ശുമാര്‍), തയ്യാര്‍ (തയ്യാരീ), കുശാല്‍ (ഖുശ്), ബദല്‍, മരാമത്ത് ( മറമ്മത്), സവാരി (സവാരീ), നങ്കൂരം (ലംഗര്‍) തുടങ്ങിയവയും അറബി-പേര്‍ഷ്യന്‍ ഭാഷകളുടെ സംഭാവനകളാണ്. 

 സാമൂഹികപദങ്ങള്‍
       മുസ്‌ലിം സമുദായത്തിലെ വ്യക്തിയുടെ പേരുകള്‍, പദവികള്‍, സംബോധനകള്‍, മതപരമായ ചടങ്ങുകള്‍, ഗാര്‍ഹികം, ഭക്ഷണം, സാധനസാമഗ്രികള്‍, വിനോദം, കലകള്‍ തുടങ്ങി സാമൂഹികമായ മിക്കവയെയും സൂചിപ്പിക്കുന്ന പദങ്ങള്‍ അറബി - പേര്‍ഷ്യന്‍ ഭാഷയുടെ തത്ഭവങ്ങളോ തത്സമങ്ങളോ ആണ്. പേരുകളിലെ ആദാനങ്ങള്‍- നവാസ്, സത്താര്‍, മുഹമ്മദ്, ബീവി, തുടങ്ങിയവ അറബിയുടെ തത്സമരൂപങ്ങളാണ്. ഫാതിമ - പാത്തുമ്മ, മവ്‌ലവീ - മൗലവി, ബാബ - ബാപ്പ, കാഫിരീ - കാപ്പിരി തുടങ്ങിയ പദങ്ങള്‍ ചില മാറ്റങ്ങളോടുകൂടി തത്ഭവങ്ങളായും മലയാളത്തിലേക്കു വന്നിട്ടുണ്ട്. വസ്ത്രങ്ങളേയും അലങ്കാരങ്ങളേയും കുറിക്കുന്ന പേര്‍ഷ്യന്‍ പദങ്ങളാണ് കാക്കി (ഖാകി), പര്‍ദ, കീശ (കീസഹ്) ജുബാ (ജുബ്ബഹ്). അറബിപദങ്ങളാണ് അത്തര്‍ (അത്തറ) സാബൂന്‍ എന്നിവ.
      അറബി - പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി കേരളത്തിലേക്കു കടന്നുവന്ന ഭക്ഷണ സാധനങ്ങളെ സൂചിപ്പിക്കുന്ന ധാരാളം പദങ്ങള്‍ മലയാളത്തിലുണ്ട്. അച്ചാര്‍ (അചാര്‍), ബിരിയാണി (ബിര്യാനി) ചപ്പാത്തി (ചപാതീ) മൈദ (മൈദഹ്) കബാബ്, അലുവ (ഹല്‌വ) പത്തിരി (ഫ്തീര്‍) ഉലുവ (ഹുല്ബഹ).
കൂജയെന്ന പാത്രത്തിന്റെ പേര് കൂസ്ഹ് എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നും റാന്തലിനെ കുറിക്കുന്ന പാനീസ് അറബി പദമായ ഫാനൂസയില്‍ നിന്നും ഉണ്ടായതാണ്.
      വിനോദവും കലയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങള്‍ മലയാളത്തിലേക്ക് ആഗമിച്ചിട്ടുണ്ട്. ഗുസ്തി (കുശ്തി) മൈതാനം (മയ്ദാന്‍) സിതാര്‍, ഒപ്പന (അബ്ബന) തബല, കസറത് (കസ്‌റത്).

 സാമ്പത്തിക മേഖലയിലെ പദങ്ങള്‍
       സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട അറബി-പേര്‍ഷ്യന്‍ പദങ്ങളും മലയാളഭാഷയിലേക്ക് ആദാനംചെയ്തിട്ടുണ്ട്. സാമ്പത്തിക ന്യൂനം കാണിക്കുന്ന കമ്മി (കമ്), രസീത് (റസീദ്), സാമാനം (സാമാന്‍), ഖജനാവ് (ഖസാനഹ്), നിരക്ക് (നിര്‍ഖ്‌നാമ), ത്രാസ് (തരാസൂ), നികുതി (നിക്ദീ), ബാക്കി (ബാകീ), ശേര്‍ (അളവു പാത്രം), മക്കാനി (മകാന്‍), മാലിക്, ദല്ലാള്‍ (ദല്ലാല്)


 ശൈലികളും പ്രയോഗങ്ങളും
    വാമൊഴിയിലൂടെയും പരിമിതമായി വരമൊഴിയിലൂടെയും തലമുറകളിലൂടെ കൈമാറിവന്ന അര്‍ത്ഥ ഗഹനങ്ങളായ വാക്യങ്ങളാണ് ശൈലികളും ചൊല്ലുകളും. മലയാള ഭാഷക്ക് അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ മാത്രമല്ല, ധാരാളം പ്രയോഗങ്ങളും ആദാനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക സംസ്‌കാരത്തിലേക്കു വഴിതുറക്കുന്നവയാണ് ഇവയില്‍ മിക്കതും. അറബി-പേര്‍ഷ്യന്‍ പദങ്ങളെ മലയാള പദങ്ങളുമായി കൂട്ടിചേര്‍ത്തു നിര്‍മ്മിച്ചവയാണ് ഇവയില്‍ മിക്കതും. ചില പ്രയോഗങ്ങള്‍ ചുവടെ കൊടുക്കുന്നു
ഇറച്ചി തിന്നുക - അപരനെ അപഹസിക്കുക
ബേജാറായി - അസ്വസ്ഥനാവുക
പള്ളിയില്‍ പോയി പറയുക - വിലപ്പോവാതിരിക്കുക
സലാം ചൊല്ലുക - അഭിവാദ്യം ചെയ്യുക
അഞ്ചുനേരം കുമ്പിടുന്നവന്‍ - സത്യവിശ്വാസി      
ബിസ്മി ചൊല്ലുക - ആരംഭം കുറിക്കുക
ഹാലിളകുക - കലികയറുക
സബൂറാക്കുക - ഒതുക്കിതീര്‍ക്കുക
ഹറാം പിറന്നവന്‍ - പിഴച്ചുപെറ്റവന്‍ 
   
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തനിമ ഉള്‍ക്കൊള്ളുന്നതും കഴിവതും അറബിപദങ്ങളെ തന്നെ നിലനിര്‍ത്തുന്നതുമായ ശൈലികളും മലയാളഭാഷയിലുണ്ട്.
ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും ബാപ്പ പള്ളിയില്‍ പോയിട്ടില്ല.
ഫക്കീര്‍ സുല്‍ത്താനായാലും തെണ്ടല്‍ മാറ്റൂല്ല.
വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരു ദിവസം വന്നമാതിരി.
മുസ്‌ലിയാര് നിന്നു പാത്തുമ്പോള്‍ കുട്ടികള്‍ നടന്നു പാത്തും.
ചാത്തപ്പനു എന്തു മഹ്ശറ.
കളിച്ചു കളിച്ചു ഉപ്പൂപ്പാന്റെ താടിക്കു പിടിച്ചു കളിക്കല്ലേ.
മുസ്‌ല്യാര്‍ക്ക് ഉറക്കെഴുതേണ്ട.
പൈച്ചാല്‍ പന്നിയിറച്ചിയും ഹലാല്‍.
അട്ടത്ത് ഒളിക്കുകയും വേണം ഷഹീദ് ആവുകയും വേണം.


ഉപസംഹാരം   
         കേരളവുമായി അനേക കാലത്തെ വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന അറബി-പേര്‍ഷ്യന്‍ രാജ്യക്കാര്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ പദസമ്പത്തിലേക്ക് ഇസ്‌ലാമിക പശ്ചാത്തലമുള്ള അറബി-പേര്‍ഷ്യന്‍ ഭാഷകള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. അറബിഭാഷയുമായുള്ള സമ്പര്‍ക്കം ഭാഷയില്‍ അറബി മലയാള ശാഖയുടെ പിറവിക്കു കാരണമായി. ഇസ്‌ലാമിക സമൂഹത്തില്‍ വ്യാപകമായി അറബി മലയാള കൃതികള്‍ രചിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. മോയിന്‍കുട്ടിവൈദ്യര്‍ പോലുള്ള രചിതാക്കളുടെ സാഹിത്യ സൃഷ്ടികള്‍ മതത്തിന്റെ മതില്‍കെട്ടുകളെ മറികടന്നു കേരള ജനതയുടെയാകെ പ്രീതിപിടിച്ചു പറ്റുകയുണ്ടായി. അറബി മലയാള സാഹിത്യകൃതികള്‍ ഇക്കാലത്തു രചിക്കപ്പെടുന്നതു വിരളമാണെങ്കിലും അറബി-പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളായി മലയാളഭാഷയിലെ അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ തത്സമങ്ങളായും തത്ഭവങ്ങളായും നിലകൊള്ളുന്നു. 

Reference

1. ഗംഗാധരന്‍.എം, മാപ്പിള പഠനങ്ങള്‍. വചനം ബുക്‌സ്, കോഴിക്കോട്.2004.
2. ജോസഫ്.പി.എം, മലയാളത്തിലെ പരകീയപദങ്ങള്‍, കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം,1984
3. മമ്മത്‌കോയ.പരപ്പില്‍.പി.പി, കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം, ഫോക്കസ് പബ്ലിക്കേഷന്‍, 2012
4. ലത്തീഫ്.എന്‍.കെ.എ, മാപ്പിള ശൈലി, വചനം ബുക്‌സ്, കോഴിക്കോട്. 2010.
5. വേലായുധന്‍ പണിക്കശ്ശേരി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, കോട്ടയം.1963
6.സ്‌കറിയാ സക്കറിയ, മലയാളവും വിദേശ ബന്ധങ്ങളും, കേരള സംസ്‌കാര പഠനങ്ങള്‍, എഡിറ്റര്‍.പന്മന രാമചന്ദ്രന്‍നായര്‍.2011
7. കൃഷ്ണപിള്ള എന്‍, കൈരളിയുടെ കഥ. ഡി.സി.ബുക്‌സ്. 2007

author image
AUTHOR: ബിജേഷ്. യു
   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഢ് യൂണിവേഴ്‌സിറ്റി)