മലയാള സാഹിത്യത്തിലെ മുസ്‌ലിം അപരസ്ഥലികള്‍

അഷീം ഈര്‍പ്പോണ   (ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി)

സാഹിത്യം ഒരു കണ്ണാടിയാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഒരു സമൂഹത്തിന്റെ മുന്നാക്ക, പിന്നാക്ക ചലനങ്ങളും, ചുറ്റുപാടും, മാറ്റങ്ങളും ദര്‍ശിക്കുന്നതും പ്രതിഫലിപ്പിക്കപ്പെടുന്നതും സാഹിത്യ കൃതികളിലൂടെയാണ്. ഇതുകൊണ്ടാണ് ആംഗലേയ സാഹിത്യ ചരിത്രം പിരീഡ് ഓഫ് റിനൈസന്‍സ്, പ്യൂരിറ്റി, അബ്‌സര്‍ഡിറ്റി എന്നിങ്ങനെ സാഹിത്യ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിവിധങ്ങളായി വിഭജിക്കപ്പെട്ടത്. ആയിരത്തിയൊന്നുരാവുകള്‍ എന്ന ക്ലാസിക് കൃതി വഴിയാണ് പുരാതന അറേബ്യന്‍ ചരിത്രം തലമുറകളായി കൈമാറ്റം ചെയ്തു പോന്നത്.
കേവലം ഒരു നൂറ്റാണ്ടുമാത്രം പഴക്കം ചെന്നതാണ് ഔദ്യോഗിക മലയാള സാഹിത്യ ചരിത്രം. ഒ.ചന്ദുമേനോന്റെ ഇന്ദുലേഖയാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായി ഗണിക്കപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് വളരെ അത്ഭുതാവഹമായ പരിണാമങ്ങള്‍ക്കും വളര്‍ച്ചക്കുമാണ് മലയാള സാഹിത്യം കാലാനുസൃതമായി അടിപ്പെട്ടത്. ഉചിതവും വ്യത്യസ്തവുമായ പ്രമേയങ്ങളും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും വേണ്ടുവോളം അതിനെ പുഷ്ടിപ്പെടുത്തുകയും ചെയ്തു.
ഈ കാലയളവില്‍ മലയാളിക്ക് കൈവന്ന നവോത്ഥാന, വികസന കാഴ്ചപ്പാടുകളും പുരോഗതിയും സാമൂഹിക സാമ്പത്തികോന്നതികളും ഇതര മേഖലകളിലെന്ന പോലെ മലയാള സാഹിത്യ രംഗത്തും കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. സാമുദായിക കയറ്റിറങ്ങളില്‍ സാഹിത്യവും കൂടെ  സഞ്ചരിക്കുകയും സാമുദായിക പരിഷ്‌കാരത്തിനും ഉന്നമനത്തിനും ഒരളവോളം ഈ സൃഷ്ടികള്‍ വഴിവെക്കുകയും ചെയ്തു.
കേവല കാല-സാങ്കേതിക പരിമിതിക്കുള്ളില്‍ മലയാള സാഹിത്യം കൈവരിച്ച അത്ഭുതാവഹമായ ഉന്നതികളെ സാക്ഷ്യപ്പെടുത്തുന്നതാണ് അഞ്ച്  ജ്ഞാനപീഠ ജേതാക്കളും ഒട്ടനവധി കേന്ദ്ര,സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളും മലയാളത്തില്‍ ഉണ്ടായി എന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ മലയാള സാഹിത്യം മേഖലക്ക് കൈവന്ന വികസനങ്ങളിലൂടെയും അത് കടന്നുപോയ ഇടങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരമാണിത്.
പരിമിതമായ കാലം കൊണ്ട് മലയാള സാഹിത്യം സമ്മാനിച്ച നേട്ടങ്ങള്‍ക്കും അഭിമാനത്തിനും ഖ്യാതിക്കുമൊപ്പം തന്നെ മലയാള സാഹിതീയ രംഗം വിധേയമായ ചില ലജ്ജിപ്പിക്കുന്ന പ്രവണതകളും കാണാം. മലയാള സാഹിത്യ കൃതികളെ സൂക്ഷ്മമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കിയാല്‍ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിച്ചേരും.
ഇതര സാംസ്‌കാരിക രംഗങ്ങളിലെന്ന പോലെ സാഹിത്യ രംഗത്തും മുസ്‌ലിം സമുദായവും മറ്റു പിന്നാക്ക സമുദായങ്ങളും വളരെ ന്യൂനീകരികരിക്കപ്പെടുന്നുവെന്നത് ചരിത്രപരമായ ഒരു വസ്തുതയാണ്. ഇതു വഴിക്കുള്ള ഒരു അന്വേഷണമാണ് ഈ എഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാള സാഹിത്യ രംഗത്തെ മുസ്‌ലിം പ്രതിനിധാനം സമ്പൂര്‍ണമായി പരിശോധിക്കുക പ്രായോഗികമല്ലാത്തതു കൊണ്ട് ചില സാമ്പിളുകളും ഇവന്റുകളും മുന്‍നിര്‍ത്തിയാണ് ചര്‍ച്ച.
ഇന്ദുലേഖ തൊട്ടിങ്ങോട്ട് നാളിതുവരെ മലയാള സാഹിത്യകൃതികളിലെ മുസ്‌ലിം പ്രതിനിധാനം പരിശോധിച്ചാല്‍ വലിയ ഒരു ശൂന്യതയാണ് കാണാന്‍ സാധിക്കുന്നത്. വിഖ്യാതമായ 'ബദ്‌റുല്‍ മുനീറും ഹുസ്‌നുല്‍  ജമാലും' പിറവിയെടുത്ത സമൂഹത്തിലാണ് ഈ ശൂന്യതയെന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. ഇന്ദുലേഖ പിറക്കുന്നതിന് ആണ്ടുകള്‍ മുമ്പു തന്നെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അറബി മലയാള ലിപിയില്‍ പല സാഹിത്യ കൃതികളൂം മാല പോലെയുള്ള കാവ്യങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ഇതര സാഹിത്യ രൂപങ്ങളെ അപേക്ഷിച്ച്  സമൂഹ ജീവിതവുമായി വളരെ ആഴത്തില്‍ തട്ടിനില്‍ക്കുന്ന സാഹിത്യ രൂപമാണ് നോവല്‍. സമഗ്രമായ ജീവിതാവിഷ്‌കാരങ്ങളുടെ അരങ്ങാണത്. വളച്ചുകെട്ടുകളില്ലാതെ പറഞ്ഞാല്‍ മലയാള സാഹിത്യ രംഗത്ത് ഇതര പിന്നാക്ക, ദളിത് വിഭാഗത്തെ പോലെ ശക്തമായ അപരവത്കരണത്തിന്റെ ഇരകളാണ് മുസ്‌ലിം സമൂഹം.
പ്രധാനമായും ഈ അന്യവത്കരണം പ്രകടമാവുന്നത് രണ്ട് രീതിയിലാണ്, മുസ്‌ലിം എഴുത്തുകാരെ അന്യരായി കാണുന്നതും മുസ്‌ലിം കഥാപാത്രങ്ങളെ അന്യരായി കണക്കാക്കുന്നതും. ഈ രണ്ടു വഴിക്കും മുസ്‌ലിം സമൂഹം ഇരകളാണ്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖയില്‍ തന്നെ 'ലക്ഷണമൊത്ത' ആദ്യകള്ളനായി ഷേര്‍ അലിഖാന്‍ എന്ന മുസ്‌ലിം കഥാപാത്രം കടന്നുവരുന്നത് ഈ വഴിക്കാണ്.
മലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകളായ ഒ.ചന്ദുമേനോന്റെയും സി.വി രാമന്‍പിള്ളയുടെയും കൃതികളില്‍ മുസ്‌ലിം കഥാപാത്രങ്ങളും അവരുടെ ചിത്രങ്ങളും കടന്നുവരുന്നുണ്ടെങ്കിലും അവ വിരളവും സാന്ദര്‍ഭികവും മാത്രമാണ്. സമഗ്രമായ മുസ്‌ലിം ജീവിതവും രീതികളും വരച്ചുവെക്കാന്‍ ഇവ ശ്രമിച്ചിട്ടോ കഴിഞ്ഞിട്ടോ ഇല്ല. നേരെമറിച്ച്, ജാതി വ്യവസ്ഥിതികളുടെയും നായര്‍ജീവിതങ്ങളുടെയും സമുദ്ധാരണവും ശുദ്ധീകരണവുമാണ് ഒ. ചന്ദുമേനോനടക്കമുള്ള ആദ്യകാല നോവലിസ്റ്റുകള്‍ കാര്യമായും ലക്ഷീകരിച്ചത്.
മലയാള കാവ്യ രംഗത്തും ഇതേ പ്രതിസന്ധി തന്നെയാണ് കാണപ്പെട്ടത്. മണിപ്രവാള രീതിയിലും പാട്ടെഴുത്തിലും ഒരേ പോലെ സൃഷ്ടിപരമായി കഴിവു തെളിയിച്ച പ്രാചീന കവിത്രയമായ  കുഞ്ചന്‍ നമ്പ്യാരും എഴുത്തഛനും ചെറുശ്ശേരിയും ശ്രദ്ധ കേന്ദ്രീകരിച്ചത് രാമായണ, മഹാഭാരത കൃതികളുടെ ആഖ്യാന പുനരാഖ്യാന രീതികളിലാണ്.
ഇതേ പ്രമേയങ്ങളും ആശയങ്ങളുമൊക്കത്തന്നെയാണ് വര്‍ഷങ്ങളായി മലയാള സാഹിത്യലോകം പുതിയ രൂപത്തിലും ഭാവത്തിലുമൊക്കെയായി വേണ്ട ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒ. ചന്തുമേനോന്‍ സംസ്‌കരിച്ചു കൊണ്ടിരുന്ന നായര്‍ സമൂഹം ആണ്ടുകള്‍ക്കിപ്പുറം എം.ടി വാസുദേവന്‍ നായര്‍ സംസ്‌കരിച്ചിട്ടും പൂര്‍ണമായി സംസ്‌കൃതരായിട്ടില്ല. മലയാള സാഹിത്യ ലോകത്ത് ഇപ്പോഴും നമ്പൂതിരി ഇല്ലങ്ങളും, നാലുകെട്ടും അന്തര്‍ജനവും തുളസിത്തറയുമൊക്കെ തന്നെയാണ് പ്രമേയം. ഒരു നൂറ്റാണ്ടു പിന്നിട്ട മലയാളിയുടെ വായന പരിസരം നാളിതുവരെ ഏകപക്ഷീയമായിരുന്നെന്നും മുഖ്യധാരക്കു പുറത്തുള്ള സമൂഹങ്ങള്‍ സാഹിത്യത്തിലും പുറത്തായിരുന്നുവെന്നും ചുരക്കം. 
മുസ്‌ലിംകളും ഇതര കീഴാള ജനതയും മലയാള സാഹിത്യ ലോകത്ത് അല്‍പമായെങ്കിലും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് 1930കളിലാരംഭിച്ച നവോത്ഥാന മുന്നേറ്റങ്ങളും ഭാഗമായാണ്. ഈ നവോത്ഥാന  പ്രസ്ഥാനങ്ങളുടെ ഭാഗമായി ലോകക്രമങ്ങളില്‍ വന്ന മാറ്റങ്ങള്‍ കേരളക്കരയെയും ചില മാറ്റിച്ചിന്തിക്കലിന് വിധേയമാക്കി. സവര്‍ണ മേലാള ചിന്തകളില്‍ നിന്നകന്ന് എല്ലാ സമൂഹത്തെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായ കാഴ്ചപ്പാടായിരുന്നു ഈ നവോത്ഥാന ചിന്ത വികസിപ്പിച്ചെടുത്തത്. അങ്ങനെയാണ് മലയാള കഥാ, നോവല്‍ രംഗത്ത് (പ്രതിപക്ഷ റോളിലാണെങ്കിലും) കഞ്ഞിപ്രാക്കും കള്ളിത്തുണിയും ഊശാന്‍ താടിയും 'പോടാ ഹമുക്കേ'യും മലയാളിക്ക് പരിചിതമായിത്തുടങ്ങുന്നത്.
ഈ കാലയളവില്‍ രംഗ പ്രവേശനം നടത്തിയ എഴുത്തുകാരില്‍ പ്രധാനിയാണ് വൈക്കം മുഹമ്മദ് ബഷീര്‍. 1944 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ബാല്യകാല സഖി മലയാളിയുടെ വായനാലോകത്തെ മുസ്‌ലിം സാമൂഹ്യ പരിസരത്തിന്റെ വരവറിയിച്ചു.
സവര്‍ണമായ ആശയങ്ങളും മുഖ്യധാരാ പ്രസ്ഥാനങ്ങളും അരങ്ങുവാണിരുന്ന വായനാലോകത്തേക്ക് സുന്നത്ത് കല്യാണത്തിന്റെ കഥ പറഞ്ഞ് ബഷീര്‍ കൊണ്ടുവന്നത് വലിയ മാറ്റത്തിന്റെ ഉണര്‍വായിരുന്നു. മലയാള കഥകളില്‍ 'ദുഷ്ടമാപ്പിള' വട്ടത്താടിയും പച്ച ബെല്‍റ്റും വെച്ച് നിറഞ്ഞു നിന്ന കാലത്താണ് താന്‍ എഴുതിത്തുടങ്ങുന്നതെന്ന് ബഷീര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മലയാള സാഹിത്യ രീതിയിലെ ഒരു അക്ഷരപ്പിഴയായി മാത്രമാണ് സവര്‍ണ സാഹിത്യ, ഭാഷാ വിദഗ്ധര്‍ ബഷീര്‍ കൃതികളെ സമീപിച്ചത്. ബഷീറിലെ ന്യൂനപക്ഷ എഴുത്തുകാരനെ ഒരു സാമുദായികന്‍ മാത്രമായി ന്യൂനീകരിക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചു. നിഷ്പക്ഷ മാപിനി വെച്ചളന്നാല്‍ വ്യക്തമാവുന്ന യാഥാര്‍ത്ഥ്യമിതാണ്; ബഷീര്‍ മലയാള സാഹിത്യ ലോകത്തിന് സമര്‍പ്പിച്ച നാല്‍പത് നോവലുകളില്‍ അല്‍പമെങ്കിലും സാമുദായികമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നത് ''ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു'' മാത്രമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം/ഇസ്‌ലാമെഴുത്ത് എന്നു കേള്‍ക്കുമ്പോഴേക്കും ബഷീറിനെ എഴുന്നള്ളിക്കുന്നതിന്റ 'ഉദ്ദേശ്യ അശുദ്ധി' ഇവിടെ വായിച്ചെടുക്കാന്‍ സാധിക്കും. സുബ്ഹി നിസ്‌കരിക്കുന്ന ഉമ്മയുടെ വിവരണം മാത്രമാണ് പാത്തുമ്മയുടെ ആടിലെ ഇസ്‌ലാം എന്ന നിരീക്ഷണവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഈ നിലപാടിന് മറുപടിയെന്നോണം 'ബാല്യകാല സഖി'യുടെ അവതാരികയില്‍ എം.പി പോള്‍ ആരായുന്നുണ്ട്, തിരണ്ടു കല്യാണത്തിന് വേദിയായ മലയാള സാഹിത്യത്തിന് എന്തുകൊണ്ട് സുന്നത്ത് കല്യാണത്തിന് സാക്ഷിയായിക്കൂടാ?. വളരെ വിശാലമായ ഒരു സംശയവും മറുപടിയും ഈ പ്രസ്താവന അന്തര്‍വഹിക്കുന്നുണ്ട്. മലയാള സാഹിത്യപരിസരത്ത് പതുങ്ങിയിരിക്കുന്ന ഒരു സവര്‍ണ മനോഭാവത്തെ എം.പി പോള്‍ തന്നെ പ്രതിരോധിക്കുകയാണ്. 
90 ശതമാനവും സവര്‍ണ ഹിന്ദുക്കള്‍ മാത്രമെഴുതിയ കാലത്ത് തെറ്റുദ്ധരിക്കപ്പെട്ട സാഹിത്യലോകത്തിന് ഒരപവാദമായിട്ടായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുന്നള്ളത്ത്.  വായനാ നിരൂപക ലോകത്ത് അദ്ദേഹത്തിന്റെ കൃതികള്‍ വളരെ തുറന്ന ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയും ചെയ്തു. ഒരേ സമയം പരിഷ്‌കാരിയും സ്വൂഫിയും സ്വാതന്ത്ര്യ സമര സേനാനിയുമൊക്കെയായി കാണപ്പെട്ട ബഷീര്‍ പലപ്പോഴും പാരമ്പര്യ ഇസ്‌ലാമിനോട് തെറ്റിയും പിരിഞ്ഞും അകന്നും അടുത്തും കൊണ്ടിരുന്നു. കാതുകുത്തും മാര്‍ഗക്കല്യാണവും വിവരിക്കുന്നതോടൊപ്പം തന്നെ ഇതേതുടര്‍ന്നു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും മാമൂലുകള്‍ക്കുമെതിരെ കലഹിച്ചു കൊണ്ടുമിരുന്നു. സ്ത്രീ വിദ്യാഭ്യാസം ഇസ്‌ലാമിക വിരുദ്ധമെന്നും അവള്‍ തൂലിക തൊടരുതെന്നും പറയുന്നവരെ ഖലീഫ ഉമര്‍ (റ) കണ്ടാല്‍ നാവരിയുമെന്നാണ് ബഷീര്‍ പ്രതികരിച്ചത്.
മലയാള സാഹിത്യ ആവിര്‍ഭാവ കാലം മുസ്‌ലിം അഭാവം കൊണ്ടാണ് നിരീക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ ഇതിന് നേര്‍വിപരീതമായിരുന്നു രണ്ടാം പാദം. ഈ ഘട്ടത്തില്‍ മുസ്‌ലിംകളെ അകറ്റുന്നതിന് പകരം ചില വാര്‍പ്പു മാതൃകകള്‍ തീര്‍ത്ത് മുസ്‌ലിമിനെ അടുപ്പിക്കാനാണ് ശ്രമം നടന്നത്. അപരിഷ്‌കാരിയും കാമഭ്രാന്തനും അക്ഷരാഭ്യാസിയല്ലാത്തവനുമൊക്കെയായ ഒരു മാപ്പിളയാണ് ഈ വാര്‍പ്പു മാതൃക. ഈ മാതൃക ശേഷം വന്ന എഴുത്തുകാര്‍ തങ്ങളുടെ മാന്വുലാ (നിയമാവലി) യായി കാണുകയും അതിനെ അനുസരിക്കുന്നതും മാപ്പിളയെ ഇതിനനുസരിച്ച് അവതരിപ്പിക്കുന്നത് അഭംഗുരം തുടര്‍ന്നു പോരുകയും ചെയ്തു. 'ഈ ക്രൂര മാപ്പിള' ഇപ്പോഴും ഒരനിവാര്യതയായി മലയാള വായനാലോകത്ത് നിരന്തരം പ്രത്യക്ഷ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കുമാരനാശാന്റെ ദുരവസ്ഥയില്‍ കാണപ്പെട്ട 'ക്രൂര മുഹമ്മദന്‍' തന്നെയാണ് 2013ാമാണ്ടിലെ ഇന്ദുമേനോന്റെ 'മരണവേട്ട'യിലും പ്രത്യക്ഷപ്പെട്ടത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ 'എന്റെ മകള്‍ ഒളിച്ചോടും മുമ്പും' നിര്‍ലജ്ജം ഈ മാതൃക തുടരുന്നു. വള്ളത്തോള്‍ നാരായണ മേനോനിലെ മേനോന്‍ അദ്ദേഹത്തിനൊരലങ്കാരമായിരുന്നെങ്കില്‍ ഇന്ദുമേനോന് അതൊരനിവാര്യതയായി മാറി.

മാപ്പിളയിലെ ക്രൂരനെ തുറന്നുകാണിക്കാനുള്ള ഒരായുധമായാണ് സവര്‍ണ സാഹിത്യ സമൂഹം മലബാര്‍ ലഹളയെ സമീപിച്ചത്. സ്വതന്ത്ര ഭാരത പിറവിക്ക് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച മാപ്പിളമാരെ ക്രൂര മുഹമ്മദര്‍ എന്ന് വിശേഷിപ്പിക്കുക വഴി കുമാരാനാശാന്‍ നിര്‍വ്വഹിച്ചത് ഒരു സമൂഹത്തെയാകമാനം തെറ്റായി അവതരിപ്പിക്കുന്നതോടൊപ്പം ചരിത്രത്തെ നിഷ്‌കരുണം വളച്ചൊടിക്കുക എന്ന ഹീനകൃത്യം കൂടിയാണ്.
മലബാര്‍ ലഹളാ പശ്ചാത്തലം വിശദീകരിച്ച മറ്റൊരു കൃതിയാണ് ശങ്കരന്‍കുട്ടി പൊറ്റക്കാടെന്ന എസ്.കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'. ഇത് ഒരു ദേശത്തിന്റെ കഥക്കപ്പുറം ചില അരികുവത്കരണത്തിന്റെ കഥ കൂടിയാണ്. ഇതിലെ 'ജഗള' എന്ന അധ്യായം വിശദീകരിക്കുന്നത് ലഹള സംബന്ധിയായ തീര്‍ത്തും വാസ്തവ വിരുദ്ധമായ വസ്തുതകളെയാണ്.
ലഹള ചര്‍ച്ചയായ മറ്റൊരു കൃതിയാണ് ഉറൂബ് പി.സി കുട്ടികൃഷ്ണന്റെ 'സുന്ദരികളും സുന്ദരന്മാരും'. ലഹളയെ സംബന്ധിച്ച് വസ്തുതകളേക്കാള്‍ കൂടുതല്‍ ഊതിവീര്‍പ്പിച്ച കഥകളാണുണ്ടായതെന്ന് കുളക്കടവില്‍ പ്രചരിച്ച ഒരു കഥയുദ്ധരിച്ച് ഉറൂബ് വിശദീകരിക്കുന്നുണ്ട്. ലഹളക്കാര്‍ മുന്നൂറില്‍ ചില്വാനം സ്ത്രീകളില്‍ നിന്നായി അറുനൂറോളം മുലകള്‍ ചെത്തിയെടുത്തെന്നാണ് കഥ.
പില്‍ക്കാലത്ത് മലയാള സാഹിത്യലോകത്ത് സംഭവിച്ച ചില മുസ്‌ലിം അപരവത്ക്കരണത്തെ വിവരിക്കാം. ജീവിച്ചിരിക്കുന്നവരും യശഃശരീരരുമായ ഒട്ടനവധി മലയാള സാഹിത്യകാരന്മാരുടെ പല കൃതികളിലും മുസ്‌ലിം അപരവത്കരണത്തിന്റെ യഥേഷ്ട വിഹാരം ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ഈയടുത്ത കാലത്ത് പഴയ ക്രൂരമാപ്പിളാ മുസ്‌ലിമിനെ കുറച്ചു കൂടി തീവ്രമായി വരച്ചു കാട്ടിയ കൃതിയായിരുന്നു എന്‍.എസ് മാധവന്റെ ഹിഗ്വിറ്റ. ഹിഗ്വിറ്റയിലെ വില്ലന്‍ ജബ്ബാര്‍ നിലവിലെ സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ഭാഗമായതുകൊണ്ടു തന്നെ ചെറിയ വിദ്യാര്‍ത്ഥികള്‍ക്കു വരെ സുപരിചിതനാണ്. ഈ വില്ലന്‍ അവരോധം വളരെ രസപ്പെട്ടതു കൊണ്ടാവണം കഥാകൃത്ത് മുംബയ് ഭീകരാക്രമണ  പശ്ചാലത്തില്‍ രചിച്ച തന്റെ 'മുംബയ്' എന്ന കൃതിയിലും ഇതേ ആഖ്യാന, അവരോധന രീതി തുടര്‍ന്നത്. 

എന്തിനേറെപ്പറയണം, മലയാളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരനെന്ന് സര്‍വ്വരാല്‍ വാഴ്ത്തപ്പെടുന്ന സാക്ഷാല്‍ എം.ടി വാസുദേവന്‍ നായര്‍  തന്നെ മുസ്‌ലിം അപരവത്ക്കരണത്തിന്റെ യഥാര്‍ത്ഥ പ്രയോക്താവാണെന്ന് അദ്ദേഹത്തിന്റെ സുപ്രധാന കൃതികളിലൊന്നായ നാലുകെട്ടിലെ സൈതാലിക്കുട്ടി മാപ്പിള നമ്മോടു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.

ഇതേ രീതികള്‍ തന്നെയാണ് പില്‍ക്കാലത്ത്  വന്ന പല എഴുത്തുകാരും സ്വീകരിച്ചത്. മുസ്‌ലിം, പിന്നാക്ക അപരവത്ക്കരണം ഏതെങ്കിലും എഴുത്തുകാരുടെയോ നിരൂപകരുടെ  സ്ഥിരം രീതിയാണെന്നോ അജണ്ടയാണെന്നോ ഞാന്‍ അഭിപ്രായപ്പെടുന്നില്ല. കാരണം, മുസ്‌ലിം വിരുദ്ധമായ പല പരാമര്‍ശങ്ങളും നടത്തിയ എഴുത്തുകാര്‍ തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇസ്‌ലാമികാചാരങ്ങളെയും അവരുടെ നടപ്പുരീതികളെയും വാനോളം പുകഴ്ത്തിയ പല കൃതികളും എഴുത്തുകളും ലഭ്യമാണ്. ഉദാഹരണത്തിന് 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' കവിതയിലൂടെ മുസ്‌ലിംകളെ ഇകഴ്ത്തിക്കാണിക്കാന്‍ പ്രയത്‌നിച്ച വള്ളത്തോന്‍ നാരായണമേനോന്‍ തന്നെ പാംസുസ്‌നാനത്തില്‍ മുഹമ്മദ് നബി (സ) യെയും ഇസ്‌ലാമിനെയും വാനോളം പ്രശംസ കൊണ്ടു പൊതിയുന്നുണ്ട്. സെയ്താലിക്കുട്ടി മാപ്പിളയെ പ്രതിഷ്ഠിച്ച എം.ടി തന്നെ അസുരവിത്തിലെ പൊന്നാനിയില്‍ പോയി തൊപ്പിയിട്ട് ഇസ്‌ലാം സ്വീകരിക്കുന്ന കഥാപാത്രത്തെ വിവരിക്കുന്നുണ്ട്. എം.ടി 'പാതിരാവും പകല്‍ വെളിച്ച'ത്തില്‍ അവതരിപ്പിച്ച മൊയ്തീന്‍ ധീരതയുടെ പ്രതീകമാണ്. 
നേരത്തെ ബശീറിനെ സംബന്ധിച്ച് വിവരിച്ചതു പോലെ ഇസ്‌ലാം പറഞ്ഞതു കൊണ്ടോ മുസ്‌ലിം കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും ഇടതടവില്ലാതെ തന്റെ സൃഷ്ടികളില്‍ വന്നതു കൊണ്ടോ ഒരാളെ സാമൂഹിക എഴുത്തുകാരന്‍ എന്ന വിശേഷണത്തില്‍ ഒതുക്കുന്നത് തെറ്റാണ്. കാരണം, മുസ്‌ലിം എഴുത്തുകാരെക്കാള്‍ ഉപരി ഇതര മതസ്ഥര്‍ ഇസ്‌ലാമിനെ വാഴ്ത്തിയതും മുസ്‌ലിം എഴുത്തുകാര്‍ ഇസ്‌ലാമിനെ തരംതാഴ്ത്തിക്കാണിച്ചതിനും മലയാള സാഹിത്യം ഏറെ കണ്ടു നിന്നിട്ടുണ്ട്.

മുസ്‌ലിം പരിസരവും മുസ്‌ലിം കഥാപാത്രങ്ങളും മുറ്റിനില്‍ക്കുന്ന കഥാലോകമാണ് ഡോ.പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ കഥാലോകം. ജിന്നുകളും ഹൂറികളും ഇഫ്രീത്തും റൂഹാനികളും ബീവികളുമെല്ലാം കൂടെക്കൂടെ അദ്ദേഹത്തിന്റെ പേനത്തുമ്പില്‍ കടന്നുവരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ എഴുത്തുകള്‍ പലപ്പോഴും മേന്മയേക്കാള്‍ തരംതാഴ്ത്തിക്കാണാനാണ് മുസ്‌ലിംകള്‍ക്ക് ഉപകരിച്ചെതെന്ന് പലപ്പോഴും തോന്നിപ്പോവാറുണ്ട്. മുസ്‌ലിം സമൂഹത്തിനിടയില്‍ ഉന്നതരും നേതൃപരമായ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു പോരുന്നവരുമായ പ്രവാചക കുടുംബത്തെ അവരുടെ ഉന്നതസ്ഥാന വര്‍ണനയോടൊപ്പം തന്നെ സ്ത്രീലമ്പടരും അമിത ലൈംഗികതയുടെ വക്താക്കളുമായി ചിത്രീകരിക്കുക വഴി പുനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യ ശുദ്ധി എന്തായിരുന്നുവെന്ന് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഇതേരീതിയില്‍ താഴ്ത്തിക്കാണിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് 'സ്മാരക ശിലകളിലെ' തന്നെ മൊല്ലാക്കയായി വേഷമിട്ട ഏറമുള്ളാന്‍.

ഏറമുള്ളാനുമായി പല വിശേഷണങ്ങളിലും സമാനതയുള്ള കഥാപാത്രമാണ് ഒ.വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസത്തി'ലെ അള്ളാപ്പിച്ച മൊല്ലാക്ക. ഏറമുള്ളാനിലെയും അള്ളാപ്പിച്ച മൊല്ലാക്കയിലെയും സമാനതകളിള്‍ പ്രധാനപ്പെട്ട ഒന്നാണ് അവരിലെ അപരിഷ്‌കൃതത്വവും ആളുകളെ കബളിപ്പിക്കാനുള്ള മന്ത്രവാദവും മറ്റും. ഖസാകിലെ മൊല്ലാക്ക പലപ്പോഴും എഴുത്തിനെയും സ്‌കൂളിനെയും അംഗീകരിക്കാത്തവനും വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നവനായും പ്രത്യക്ഷപ്പെടുന്നു. ഖസാക്കിന്റെ ഇതിഹാത്തിലെ തന്നെ മറ്റൊരു കഥാപാത്രമായ നൈജാമലി ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്ന ഖാളിയാരായും സിദ്ധനായും കാമുകനായും ചിത്രണം ചെയ്യുന്നുണ്ട്.
തൃക്കോട്ടൂരിന്റെ കഥ പറഞ്ഞു വന്ന യു.എ ഖാദറിന്റെ കൃതികളിലും ബര്‍മ്മയില്‍ പോയി ബര്‍മീസ് സ്ത്രീയെ വിവാഹം കഴിച്ച കൊയിലാണ്ടിക്കാരനായ തന്റെ ഉപ്പയെ വിവരിക്കുന്നിടത്തും ഈ അപരവത്ക്കരണ ഘടകങ്ങളുടെ സാനിധ്യമുണ്ടോയെന്ന് സംശയിപ്പിക്കുന്നു.

സമാപനം
മലയാള സാഹിത്യ കൃതികളില്‍ കാണപ്പെട്ട ചില അപക്വമായ അരികുവത്ക്കരണ ഉദാഹരണങ്ങളെ കണ്ടെത്താനാണ്  ഇവിടെ ശ്രമിച്ചത്. മലയാള സാഹിത്യ കൃതി ഇസ്‌ലാമിക നിയമങ്ങളും ആചാരങ്ങളും വിവരിക്കാനുള്ള ഇടമല്ലെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ ഇകഴ്ത്തിക്കാണിക്കാനുള്ള ഇടമല്ലെന്നു കൂടി കൂട്ടിവായിക്കണം. സാംസ്‌കാരിക ചിത്തരും വിദ്യാഭ്യാസ വിചക്ഷണരും ബുദ്ധിജീവികളുമൊക്കെയാണെന്ന് നാം നിരന്തരം പാടിപ്പുകഴ്ത്താറുള്ള നമ്മുടെ സാഹിത്യ ലോകം ഇത്തരം പ്രവണതകളുമായി മുന്നോട്ട് പോവുന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വസ്തുതയാണ്. ജനാധിപത്യം, മതേതരത്വമെന്നൊക്കെ വലിയ വായില്‍ വിളിച്ചു പറയുന്ന ഈ വിഭാഗം പ്രതിനിധീകരിക്കുന്നത് ഏത് ഭരണരീതിയെയാണെന്നും ആലോചിക്കണം. ആവര്‍ത്തിച്ചു വരുന്ന ഇത്തരം രീതികള്‍ മനപ്പൂര്‍വ്വമല്ലാതെ വരാന്‍ വഴിയില്ല.

Reference

ഇബ്രാഹിം ബേവിഞ്ച, ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍, ഐ.പി.എച്ച്. കോഴിക്കോട്, 1995
ജമാല്‍ കൊച്ചങ്ങാടി, മുസ്‌ലിം സാമൂഹ്യ ജീവിതം മലയാള നോവലില്‍, തൃശൂര്‍, കേരള സാഹിത്യ അക്കാദമി.1998
എം.ടി അന്‍സാരി, മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍, ഡി.സി.ബി, കോട്ടയം, 2008
മലബാര്‍ പൈതൃകവും പ്രതാപവും, മാതൃഭൂമി, 2010
സമദ് കുന്നക്കാവ്, സമകാലിക രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍

author image
AUTHOR: അഷീം ഈര്‍പ്പോണ
   (ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി)