പരിഷയില്‍ നിന്ന് പ്രവാസിയിലേക്ക്, പുറമ്പോക്കില്‍ നിന്ന് സാഹിത്യത്തിലേക്ക്

വി. മുസഫര്‍ അഹമ്മദ്‌  

എം. ഗോവിന്ദന്‍ 1952ല്‍ എഴുതിയ 'എങ്കിലും സാറാമ്മേ ഇത്' എന്ന ലേഖനത്തില്‍ 'വിദൂര ഭര്‍തൃത്വം' എന്നൊരു പ്രയോഗമുണ്ട്. മലയാളിക്ക് നാടുവിട്ടു പോകേണ്ടിവന്ന സന്ദര്‍ഭത്തെ അഭിസംബോധന ചെയ്യുന്ന ലേഖനത്തിലാണ് ഈ പ്രയോഗം. വിദൂര ഭര്‍തൃത്വം വൈധവ്യത്തേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണെന്ന സൂചനയും ആ ലേഖനത്തിലുണ്ട്. നാടുവിട്ട് ജോലി തേടിപ്പോകുന്ന ആണുങ്ങളുടെ ഇണകള്‍ (കുടിയേറ്റ ഭൂമിയില്‍ ആണുങ്ങളും) തീര്‍ത്തും ഏകാന്തമായി ജീവിക്കുന്നതിനെക്കുറിച്ച്, വിധവയേക്കാള്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ച് ഗോവിന്ദന്‍ ആ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.  ആ മുന്നറിയിപ്പാണ് പില്‍ക്കാലത്ത് എഴുപതുകളിലും എണ്‍പതുകളിലും, കേരളത്തിലും ഗള്‍ഫിലും ഒരേപോലെ അലയടിച്ച എസ്.എ. ജമീലിന്റെ 'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍...' എന്ന് തുടങ്ങുന്ന കത്തുപാട്ടില്‍ നാം കേട്ടത്. വിരഹാര്‍ത്തവും വൈധവ്യ സമാനവുമായ മാനുഷിക ജീവിതാവസ്ഥയുടെ പൊട്ടിത്തെറിയാണ് ആ വരികളില്‍ നിന്ന് ലാവാ പ്രവാഹം കണക്കെ പുറത്തേക്ക് ഒലിച്ചത്. കത്തുപാട്ട് ഒരു നിലയില്‍ ഒരു മുസ്‌ലിം പ്രശ്‌നത്തെയാണ് അത് എഴുതപ്പെട്ട കാലത്ത് അഭിസംബോധന ചെയ്തത്. കാരണം ഗള്‍ഫിലേക്ക് ജോലി തേടിപ്പോയവരില്‍ മഹാഭൂരിഭാഗവും മലബാറില്‍ നിന്നുള്ള മുസ്‌ലിംകളായിരുന്നു. എന്നാല്‍ ഇന്ന് പ്രവാസി സാഹിത്യ ചരിത്രത്തിന്റെ ഭാഗമായി കത്ത്പാട്ടിനെ കാണുകയാണെങ്കില്‍ അത് ഒരു മലബാര്‍ മുസ്‌ലിം പ്രശ്‌നമായല്ല, ഒരു പ്രവാസി പ്രശ്‌നമായാണ് വിലയിരുത്തപ്പെടുക.
  ഗള്‍ഫ് പ്രവാസത്തിന്റെ  ഗാഥ ഇപ്പോഴും വാമൊഴിയിലോ പത്രപ്രവര്‍ത്തകരുടെ എഴുത്തുകളിലോ മാത്രമാണ് കൂടുതലായി കാണാന്‍ കഴിയുന്നത്. അത് ലിഖിത സാഹിത്യത്തിലേക്ക് പതുക്കെ കടന്നു വരുന്നതേയുള്ളൂ. ലോഞ്ചില്‍ ഖോര്‍ഫുഖാനിലേക്ക് യാത്രാരേഖകളൊന്നുമില്ലാതെ പോയവരെക്കുറിച്ച് മാത്രമായി വിശദമായ പഠനം തന്നെ ഉണ്ടാകേണ്ടതുണ്ട്. അതു സംബന്ധിച്ച് ചില ഫീച്ചറുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിസാഹസികമായ ലോഞ്ച് യാത്രകള്‍ കഴിഞ്ഞ് അര നൂറ്റാണ്ട് പിന്നിട്ടും അതു നമ്മുടെ സാഹിത്യത്തിലേക്കോ കുടിയേറ്റ/പ്രവാസ- ഡയസ്‌പോറ പഠനങ്ങളിലേക്കോ പ്രവേശിച്ചിട്ടില്ല. അത്തരത്തില്‍ യു.എ.ഇയിലേക്ക് കുടിയേറിയവരില്‍ പെട്ട ചിലര്‍ ഇന്നും മലബാറില്‍ ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇപ്പോള്‍ സജീവത നേടിക്കൊണ്ടിരിക്കുന്ന 'കേട്ടെഴുത്ത്'  സാഹിത്യ ശാഖയിലേക്ക് ഈ മനുഷ്യരുടെ നേര്‍മൊഴികള്‍ അതാവശ്യപ്പെടുന്ന ആഴത്തില്‍ കടന്നുവന്നിട്ടില്ല.
എണ്‍പതുകളുടെ മധ്യത്തില്‍ സുബൈദ നീലേശ്വരം (അബൂബക്കര്‍) എഴുതിയ യു.എ.ഇ ജയില്‍ക്കുറിപ്പുകള്‍ മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ മറ്റൊരു മുഖമാണ് കാണിച്ചുതന്നത്. തൊഴില്‍-താമസ രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ മുതല്‍ ക്രിമിനലുകള്‍ വരെ അന്തേവാസികളായ യു.എ.ഇ ജയിലിലെ ജീവിതത്തെക്കുറിച്ചുള്ള ആ പുസ്തകം  മലയാളികളുടെ പൊതുശ്രദ്ധ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ടി.വി.കൊച്ചുബാവയും മേതില്‍ രാധാകൃഷ്ണനും ഗള്‍ഫില്‍ ജീവിച്ചവരാണ്. എന്നാല്‍ അവരുടെ എഴുത്തില്‍ ഗള്‍ഫ് കടന്നുവന്നില്ല (കൊച്ചുബാവയുടെ ഏക ഗള്‍ഫ് കഥ 'ഇറച്ചിയേറ്' ആണ്). ഗള്‍ഫിനെ എഴുതുന്നത് എന്തുകൊണ്ടോ നീണ്ട കാലം പ്രോല്‍സാഹിപ്പിക്കപ്പെട്ടില്ല.
എന്നാല്‍ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കവികളിലൊരാള്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1974ല്‍ 'ഗള്‍ഫ് സ്റ്റേറ്റുകളോട്' എന്ന കവിത എഴുതി.

സ്വപ്നവേളയില്‍ പോലും ഞങ്ങളെ വിളിക്കുന്ന
ഗള്‍ഫിലെ രാജ്യങ്ങളേ, നിങ്ങള്‍ക്ക് നമസ്‌ക്കാരം

എന്ന് തുടങ്ങുന്ന ആ കവിത മലയാളി ഗള്‍ഫ് കൊണ്ട് ജീവിക്കുന്നതിനെക്കുറിച്ചു പരിതപിക്കുകയും ഗള്‍ഫ് പണം നാട്ടില്‍ വിലക്കയറ്റമുണ്ടാക്കി എന്നാരോപിക്കുകയും ചെയ്യുന്ന രചനയാണ്. അതായത് സംഘടിത ഗള്‍ഫ് കുടിയേറ്റത്തിന്റെ തുടക്കത്തിലേ നമ്മുടെ ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു എഴുത്തുകാരന്‍ ഗള്‍ഫ് ഒരു വലിയ പ്രമേയമാണെന്ന് മനസ്സിലാക്കിയതിന്റെ അടയാളമായി വേണം ഈ കവിതയെ ഇന്ന് കാണാന്‍ എന്ന് തോന്നുന്നു. വൈലോപ്പിള്ളി മലയാളിയുടെ പുറത്തേക്കുള്ള പോക്കിനെ സാകൂതം വീക്ഷിച്ച കവിയാണ്. ആസാം പണിക്കാര്‍ (1941), കേരളത്തിലെ യഹൂദര്‍ ഇസ്രയേലിലേയ്ക്ക് (1954) എന്നീ കവിതകള്‍ ഈ നോട്ടത്തിനുള്ള ഉദാഹരണങ്ങളാണ്. ആസാം പണിക്കാര്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ആസാമിലേക്ക് റെയില്‍പ്പാളങ്ങള്‍ സ്ഥാപിക്കാന്‍ പോയ മലയാളിത്തൊഴിലാളികളെക്കുറിച്ചുള്ള കവിതയാണ്.

ജനിച്ച വീടുവിട്ടയകലെ ആസ്സാമില്‍
പണിക്കും പോകുന്ന
പരിഷകള്‍ ഞങ്ങള്‍

എന്ന വരികളുമായാണ് ഈ കവിത തുടങ്ങുന്നത്. തൊഴില്‍ തേടി ആസാമിലേക്ക് പോകുന്നവര്‍ തങ്ങളെ വിശേഷിപ്പിക്കുന്നത് പരിഷകളായാണ് എന്ന് കവിഭാവന പറയുന്നു. ഒരു പക്ഷെ നാടുവിട്ട് ജോലി തേടിപ്പോകുന്നവരെക്കുറിച്ചുള്ള നമ്മുടെ മുഖ്യധാരാ സാഹിത്യത്തിലെ ആദ്യ സന്ദര്‍ഭം പോലുമായിരിക്കാമിത്. അവിടെ നാടുവിട്ടു പോകുന്നയാള്‍ പരിഷയാണ്. ഇന്ന് കേരള ബജറ്റിന്റെ മൂന്നിരട്ടിയോളം പണം ഗള്‍ഫില്‍ നിന്ന് വരാന്‍ തുടങ്ങിയപ്പോള്‍ ഗള്‍ഫുകാരന്‍ പ്രവാസിയായി. പരിഷയില്‍ നിന്ന് പ്രവാസിയിലേക്കുള്ള മാറ്റത്തിന് ഏറെ വര്‍ഷമെടുത്തു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (2000 ഡിസംബര്‍) ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍' പുസ്തകരൂപത്തില്‍ ഇറങ്ങിയതോടെയാണ് ഗള്‍ഫുകാരന്‍ പ്രവാസിയാകുന്നത്.  (അതിനുമുമ്പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ പരമ്പരയായി ഈ കുറിപ്പുകള്‍ വന്നു) അതായത് 'ആസാം പണിക്കാര്‍'ക്കും 'പ്രവാസിയുടെ കുറിപ്പുകള്‍'ക്കും തമ്മിലുള്ള അകലം 60 വര്‍ഷത്തിന്റേതാണ്. പ്രവാസിയുടെ കുറിപ്പുകള്‍ പുറത്തു വന്ന കാലത്ത്  മലയാള പത്രങ്ങള്‍ക്ക് ഗള്‍ഫ് എഡിഷനുകള്‍ കൂടി ഉണ്ടാകാന്‍ തുടങ്ങി. അതോടെ പ്രവാസി എന്ന പദം ഉറപ്പിക്കപ്പെട്ടു. അതോടെ പതുക്കെയാണെങ്കിലും ഗള്‍ഫ് പ്രവാസ ജീവിതം മലയാള സാഹിത്യത്തിലേക്ക് പ്രവേശിച്ചു. ബെന്യാമിന്റെ 'ആടുജീവിതം' ഗള്‍ഫ് ജീവിത സാഹിത്യത്തെ ആളിക്കത്തിച്ചു. അതിലെ നജീബ് മലയാളി വായനക്കാര്‍ക്ക് പരിചിതനായ മനുഷ്യനായി മാറി. ആ നോവലിന്റെ വില്‍പ്പന വിജയം സമീപകാലത്ത് മലയാളത്തില്‍ മറ്റൊരു പുസ്തകത്തിനും അവകാശപ്പെടാന്‍ കഴിയാത്തതാണ്.
മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട ശബ്ദങ്ങളില്‍ ഒന്നാണ് യു.എ.ഖാദറിന്റേത്. നോവല്‍ - കഥ സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രത്യേക ഇടം നേടിയിട്ടുണ്ട്. കേരളീയന്റെ മുപ്പതുകള്‍ മുതല്‍ക്കുള്ള ബര്‍മയിലേക്കുള്ള (ഇന്നത്തെ മ്യാന്‍മര്‍) കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ് ഖാദറിന്റെ ബാല്യകാലം. അദ്ദേഹം ജനിച്ചതും കുട്ടിക്കാലം പിന്നിട്ടതും ബര്‍മയിലാണ്. ബാല്യകാല ജീവിതത്തെക്കുറിച്ചും മാതാവിനെക്കുറിച്ചുമൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ന് നാം ചര്‍ച്ച ചെയ്യുന്ന പ്രവാസ സാഹിത്യ രീതിയില്‍ നിന്ന് ഖാദറിന്റെ രചനക്ക് പ്രകടമായ ഒരു വിത്യാസമുണ്ട്. അദ്ദേഹം ബാല്യം ബര്‍മയില്‍ ചിലവഴിക്കുകയും പിന്നീട് നാട്ടില്‍ വന്ന് മുതിര്‍ന്ന് സാഹിത്യകാരനാവുകയും ചെയ്തയാളാണ്. ബെന്യാമിനാകട്ടെ, നാടുവിട്ട് പോയതിനു ശേഷം മാത്രം എഴുത്ത് തുടങ്ങിയയാളുമാണ്. 
മലയാളിയുടെ കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായുള്ള ആഭ്യന്തര പ്രവാസ ജീവിതാനുഭവങ്ങളെ ഏറ്റവും ശക്തമായി പ്രതിനിധീകരിക്കുന്ന ഗ്രന്ഥം സി.എം. മുസ്തഫ ഹാജി ചേലേമ്പ്ര എഴുതിയ 'മാപ്പിള ഖലാസി കഥ പറയുന്നു'വാണ്. അതിസാഹസികമായ പ്രവാസ ജീവിതാനുഭവങ്ങളാണ് ഈ പുസ്തത്തിലെ ഓരോ വാക്കിലും വരിയിലുമുള്ളത്. മാപ്പിള ഖലാസികള്‍ പരമ്പരാഗതമായി സ്വായത്തമാക്കിയിട്ടുള്ള വിദ്യകള്‍ പല സന്ദര്‍ഭങ്ങളിലും ആധുനിക എന്‍ജിനീയറിംഗ് വിദ്യകളെ വെല്ലുവിളിച്ചിട്ടുണ്ട്. കപ്പിയും കയറും മുള - ഉരുള്‍ വടികളും ഉപയോഗിച്ച് ഖലാസി പാരമ്പര്യജ്ഞാനം പ്രയോജനപ്പെടുത്തി ആഭ്യന്തര കുടിയേറ്റ മലയാളി സമൂഹത്തെ നിര്‍മിച്ചെടുത്തതിന്റെ നേര്‍ക്കഥ കൂടിയാണ് ഈ പുസ്തകം.
ഇത്തരത്തില്‍, ഈ തീവ്രതയില്‍, നിലവാരത്തില്‍, ഈ ഗണത്തില്‍ പെടുന്ന ഒരു പുസ്തകം ഗള്‍ഫില്‍ നിന്ന് ഇനിയും രചിക്കപ്പെട്ടിട്ടില്ല, തൊഴില്‍ ജീവിതത്തിന്റെ, അതു വഴിയുള്ള അതിജീവനത്തിന്റെ ആത്മകഥകള്‍. അത് ഗള്‍ഫ് മലയാളി / മുസ്‌ലിം സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയെ ശുഷ്‌ക്കമാക്കുന്നുണ്ട്. 'മാപ്പിള ഖലാസി കഥ പറയുന്നു'  വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു, ജോലി തേടി നാടുവിട്ടവരുടെ സാഹിത്യ ആവിഷ്‌ക്കാരം കൂടുതലായി നടക്കുക ആത്മകഥകളിലായിരിക്കും എന്നതാണത്. എന്നാല്‍ ഞെട്ടിപ്പിക്കുകയും  പൊള്ളിക്കുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുള്ള പ്രവാസികള്‍ക്ക് അത് എഴുതാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അത്തരം ജീവിത കഥകള്‍ എങ്ങനെ വരമൊഴിയില്‍ പകര്‍ത്താന്‍ കഴിയുമെന്നത് സംബന്ധിച്ച കര്‍മ പദ്ധതികളെക്കുറിച്ച് കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മലബാര്‍ മുസ്‌ലിംകളുടെ ഗള്‍ഫ് ജീവിത സാഹിത്യ-സംസ്‌കാര പഠനത്തിന് ഇത്തരത്തിലുള്ള വരമൊഴി പകര്‍ത്തല്‍ അനിവാര്യമാണ്.
പരിഷ പ്രവാസിയായിരിക്കുന്നു, പുറമ്പോക്കില്‍ നിന്ന് സാഹിത്യത്തിലേക്ക് പ്രവേശനം നേടുകയും ചെയ്തിരിക്കുന്നു- ഇനി എന്ത് നടക്കുന്നു എന്നതിനെ ആശ്രയിച്ചും കൂടിയാണ് പ്രവാസ സാഹിത്യ സാന്നിധ്യത്തിന്റെ ഗതിവിഗതികളെ അറിയാനും വിലയിരുത്താനും കഴിയുക. ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും, പ്രവാസം എന്ന പേരില്‍ തന്നെ നോവല്‍ എഴുതാന്‍ മുകുന്ദനെപ്പോലെ പ്രധാനപ്പെട്ട ഒരെഴുത്തുകാരനെ പ്രേരിപ്പിച്ച നിലയിലേക്ക് മലയാളിയുടെ മറുനാടന്‍ ജീവിതം പ്രധാന സാഹിത്യ പ്രമേയങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട് എന്നതാണത്.
('പരിഷയില്‍ നിന്ന് പ്രവാസിയിലേക്ക്' എന്ന പ്രയോഗത്തിനും ആശയത്തിനും നോവലിസ്റ്റ് ഇ. സന്തോഷ്‌ കുമാറിനോട് കടപ്പാട്.)