മുസ്‌ലിം വനിതാ മാസികകള്‍

ഫൗസിയ ഷംസ്   (സബ് എഡിറ്റര്‍, ആരാമം)

കേരള ജനസംഖ്യയുടെ 25 ശതമാനമാണ് മുസ്‌ലിംകള്‍. 90 ലക്ഷത്തോളം വരുന്ന മുസ്‌ലിംകള്‍ക്കിടയില്‍ മത, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരികമായ നിലപാടുകളില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുന്ന സംഘടനകള്‍ ഒരുപാടുണ്ട്. ഇവര്‍ക്കെല്ലാം പത്ര പ്രസിദ്ധീകരണാലയങ്ങളും പത്രങ്ങളും പ്രസ്സും ഇന്ന് സ്വന്തമായുണ്ട്. സമുദായത്തിന് ദിശാബോധം നല്‍കുന്ന പണ്ഡിതര്‍, യുവ സമൂഹം, സ്ത്രീകള്‍, സമൂഹത്തിലെ വളര്‍ന്നു വരുന്ന കുട്ടികള്‍ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ട് ഇന്ന് സമുദായത്തിന്റെ കീഴിലുള്ള സംഘടനകളില്‍ നിന്നും പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങുന്നുണ്ട്.
 സമുദായത്തിലെ പ്രബല സംഘടനകളായ ജമാഅത്തെ ഇസ്‌ലാമി, സുന്നി, മുജാഹിദ്, പ്രസ്ഥാനങ്ങളുടേതടക്കം ഇന്ന് 40ല്‍ അധികം പ്രസിദ്ധീകരണങ്ങള്‍ സമുദായത്തിന്റെതായുണ്ട്. പണ്ഡിത സമൂഹത്തെ മുന്നില്‍ കണ്ടും ഇവരിലൂടെയും ഇറങ്ങുന്ന ഗവേഷണ സ്വഭാവത്തിലുള്ള മാഗസിനുകള്‍, യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് ദൈനംദിന രാഷ്ട്രീയ സാമൂഹിക പാരസ്ഥിതിക അപഗ്രഥനങ്ങള്‍ നടത്തുന്ന തരത്തിലുള്ള മാഗസിനുകള്‍, സംഘടനാ ആശയ പ്രചരണ ഖണ്ഡനമണ്ഡനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന വാരികകള്‍, കുട്ടികള്‍, കുടുംബം എന്നിവയുടെ സമുദ്ധാരണം ലക്ഷ്യമാക്കി വനിതകളെ ലക്ഷ്യം വെച്ചുള്ള വനിതാ മാസികകളും കുട്ടികളെ മാത്രം മുന്നില്‍ കണ്ട്  ബാല മാസികകളും സമുദായത്തിനുള്ളില്‍ നിന്നും പ്രസിദ്ധീകൃതമാവുന്നുണ്ട്.
  അച്ചടി മാധ്യമങ്ങളുടെ ചരിത്രം നീളുന്നത് മത പ്രചാരണം മുന്‍നിര്‍ത്തിയാണ് ഇത് പ്രസിദ്ധീകൃതമായിട്ടുള്ളത് എന്നാണ്. പല കാലഘട്ടങ്ങളിലായി മത പ്രചരണവും മത സംസ്‌കരണവും മുന്‍നിര്‍ത്തി സമുദായത്തിലെ പരിഷ്‌കരണ വാദികളുടെ നേതൃത്വത്തിലാണ് മുസ്‌ലിം മാസികകളും വാരികകളും ഉണ്ടായിട്ടുള്ളത്. ഈ സംസ്‌കരണം പൂര്‍ണാര്‍ഥത്തിലാവണമെങ്കില്‍ കുടുംബത്തിലെ പെണ്ണിനെ സമുദ്ധരിച്ചുകൊണ്ടു മാത്രമേ സാധ്യമാകൂ എന്ന് മനസ്സിലാക്കിയ ചില മത പരിഷ്‌കര്‍ത്താക്കളാണ് മുസ്‌ലിം പെണ്ണിനെ ലക്ഷ്യം വെച്ചുകൊണ്ട് മാസികകള്‍ ഇറക്കിയിരുന്നത്. വ്യക്തമായ ലക്ഷ്യബോധ്യത്തോടെയായിരുന്നു അവര്‍ മാസികകള്‍ പുറത്തിറക്കിയിരുന്നത്.
 കേരളത്തിലെ ആദ്യ വനിതാ മാസികകളുടെ ചരിത്രം ചെന്നെത്തുന്നത്1923-ലെ മുസ്‌ലിം മഹിളയിലും 1929-ലെ നിസാഉല്‍ ഇസ്‌ലാം മാസികയിലുമാണ്.

മുസ്‌ലിം മഹിള
മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ മുസ്‌ലിം വനിതാ മാസികയാണ് 'മുസ്‌ലിം മഹിള.' പ്രസിദ്ധ ദേശീയ നേതാവും ആദ്യകാല എഴുത്തുകാരനും മുനമ്പം സ്വദേശിയും മുസ്‌ലിംകള്‍ക്കിടയില്‍ മതപരവും ആധുനികവുമായ ആശയപ്രചരണത്തിനും അനാചാരങ്ങള്‍ക്കുമെതിരെ 'മുഹമ്മദീയ ദര്‍പ്പണം' എന്ന പേരില്‍ മാസിക നടത്തിയയാളുമായ  പി.കെ മൂസക്കുട്ടി സാഹിബ് മുസ്‌ലിം സ്ത്രീകളുടെ സമുദ്ധാരണത്തിനായി തുടങ്ങിയ മാസികയാണ് 'മുസ്‌ലിം മഹിള'. 1923-ല്‍ എറണാകുളത്തുനിന്നായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്.

നിസാഉല്‍ ഇസ്‌ലാം
കേരളത്തിലാദ്യമായി അറബി മലയാളത്തില്‍ പ്രസിദ്ധീകൃതമായ മുസ്‌ലിം വനിതാ മാസികയായി അറിയപ്പെടുന്നത് 'നിസാഉല്‍ ഇസ്‌ലാം' (മുസ്‌ലിം വനിത) മാസികയാണ്. അതിന്റെ പത്രാധിപര്‍ കോമുക്കുട്ടി മൗലവിയാണ്.
1929 സെപ്റ്റംബറില്‍ (1348 റബീഉല്‍ അവ്വലില്‍) നിസാഉല്‍ ഇസ്‌ലാം മാസികയുടെ ആദ്യ ലക്കം പുറത്തിറങ്ങി. ഇരിമ്പിളിയം ഹൈദരിയ്യാ പ്രസ്സില്‍ നിന്നാണ് ഇത് അച്ചടിച്ചിരുന്നത്. കെ.സി. കോമുക്കുട്ടി മൗലവിയുടെ മരുമകന്‍ മലപ്പുറം സ്വദേശി ഹൈദര്‍ വൈദ്യര്‍ സ്ഥാപിച്ചതാണ് ഹൈദരിയ്യാ പ്രസ്സ്.
 ഇതിന്റെ ചുവടുപിടിച്ച് സമുദായ സ്‌നേഹികളായ ഒരുപാടുപേര്‍ മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടി മാസിക നടത്തി. 1972-ല്‍ ഇടവ ജമാല്‍ എന്ന വ്യക്തി സ്ത്രീകള്‍ക്കുവേണ്ടി 'പൊന്നുമോള്‍' എന്ന മാസികക്ക് ജന്മം നല്‍കി. 1974-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച 'പ്രിയസഖി' എന്ന മാസികയും വനിതകള്‍ക്കു വേണ്ടിയുള്ളതായിരുന്നു. താമരശ്ശേരി മുഹമ്മദ് എന്നവര്‍ നടത്തിയ പ്രസിദ്ധീകരണമായിരുന്നു 'പ്രിയ സഖി.' പാലക്കാട്ടെ എം ബഷീര്‍ 'മല്ലിക' എന്ന പേരിലും കെ.എ മലയാളി എന്ന വ്യക്തി 'മാധുരി' എന്ന പ്രസിദ്ധീകരണവും തുടര്‍ന്ന് 'സുറുമ' എന്ന മാസികയും സ്ത്രീകള്‍ക്കു വേണ്ടി ഇറങ്ങി. എം.കെ പാവന്നൂര്‍ മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടി നടത്തിയ മാസികയാണ് 'മാപ്പിളപ്പെണ്ണ്.' അബുല്‍ ജലാല്‍ മൗലവിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള മാസികയാണ് 'സന്മാര്‍ഗം.'
സ്ത്രീകളെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതല്ലെങ്കിലും സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയും മറ്റും കുറിച്ച് പഠനാര്‍ഹമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് കായിക്കരയില്‍ നിന്ന് പ്രസിദ്ധീകരിച്ച 'അല്‍ ഇസ്‌ലാം' മാസിക. 1917 (ഹിജ്‌റ 1336 റജബ്)ല്‍ ആദ്യ ലക്കം പുറത്തിറങ്ങി.
കുടുംബ സംവിധാനത്തിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിച്ചു കൊണ്ടും അതിലൂടെ മുസ്‌ലിം സ്ത്രീ ശാക്തീകരണം സാധ്യമാകും എന്ന് കണ്ടുമാണ് ഈ മാസികകളെല്ലാം അക്കാലത്ത് പുറത്തിറങ്ങിയതെങ്കിലും ഇതിന്റെയൊന്നും അണിയറ രംഗത്തോ പത്രാധിപ സമിതിയിലോ പ്രൊഡക്ഷന്‍ രംഗത്തോ ഓഫീസ് വര്‍ക്കിനു പോലുമോ ഒരൊറ്റ പെണ്ണും ഉണ്ടായിരുന്നില്ല. ഒരു കൂട്ടായ്മയില്‍ നിന്നല്ല, ചില ഒറ്റപ്പെട്ട സമുദായ ഉദ്ധാരകരുടെ ശ്രമത്തിന്റെ ഫലമാണ് ഇത്തരം സ്ത്രീ മാസികകള്‍ ഉണ്ടായതെന്നു കാണാം. സ്ത്രീകളെ ഇതിനു മുന്നില്‍ നിര്‍ത്താന്‍ ഇവര്‍ക്കാകാതെ പോയതിനു കാരണം മുസ്ലിം സ്ത്രീകളുടെതടക്കം സമുദായത്തില്‍ മൊത്തത്തില്‍ വേരൂന്നിയ യഥാസ്തികത്വവും മലയാള ഭാഷയോടുള്ള അവജ്ഞയും സ്ത്രീ വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പിന്നോക്കാവസ്ഥയും തന്നെയാണെന്നനുമാനിക്കുന്നതാണ് ന്യായം. ഇതിനെ ശരിവെക്കുന്നതാണ് നവോത്ഥാന നായകനായ വക്കം അബ്ദുല്‍ ഖാദര്‍ സാഹിബിന്റ രണ്ടാമത്തെ പ്രസിദ്ദീകരണമായ 'മുസ്‌ലിം' മാസികയില്‍ 1906- ജനുവരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നുള്ള വരികള്‍. അതിലിങ്ങനെ പറയുന്നു:''തിരുവിതാംകൂറില്‍ അക്ഷരജ്ഞാനമുള്ള മുസ്‌ലിംകളുടെ കണക്കുകള്‍ പറയുന്നുണ്ട്. തിരുവിതാംകൂറില്‍ 1,90568 ആകെ ജനസംഖ്യയില്‍ നൂറിനു ആറര ശതമാനം സ്ത്രീപുരുഷന്മാരുടെ കണക്കുനോക്കുമ്പോള്‍ പതിനഞ്ച് പുരുഷന് ഒരു സ്ത്രീ വീതം. മുസല്‍മാന്‍മാരില്‍ ആയിരം ആണുങ്ങളില്‍ എണ്‍പത്തിനാലു വീതം അക്ഷരജ്ഞാനമുള്ളവരും സ്ത്രീകളില്‍ നൂറിന് ഒരാള്‍ വീതവും'' എന്നാണ് സമൂഹത്തിലെ വിദ്യാഭ്യാസ ഉണര്‍വ്വിന്റെ കണക്ക്.

ഹലീമാ ബീവിയും പ്രസിദ്ധീകരണങ്ങളും
സ്ത്രീ സമൂഹത്തിനു മത ധാര്‍മിക ബോധ്യങ്ങള്‍ ഉണ്ടാക്കുവാനും സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുവാനും ഉല്‍പതിഷ്ണുക്കളും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുമായ പുരുഷന്മാരാല്‍ നടത്തപ്പെട്ടവയായിരുന്നു മേല്‍പറഞ്ഞവയൊക്കെയെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ഒരു പത്രവും ഒരു പത്രാധിപയും നമുക്കുണ്ടായിരുന്നു. കേരളീയ പൊതുബോധത്തിനിടയിലെ ചരിത്രാന്വേഷികള്‍ക്കും ചരിത്രമെഴുത്തുകാര്‍ക്കുമിടയില്‍ ഏറെയൊന്നും കൊട്ടിഘോഷിക്കപ്പെടാതെ പോയ മഹതി എം. ഹലീമാ ബീവിയായിരുന്നു ആ പത്രാധിപ.
 സമുദായവും മതേതര നാട്യക്കാരും കാണാതെ പോയ ഹലീമാ ബീവി വനിതകള്‍ ഏറെയൊന്നും സാമൂഹിക രംഗത്തില്ലാത്ത കാലത്താണ് സര്‍ സി.പിയുടെ കിരാത ഭരണവേട്ടക്കിടയിലും അക്ഷരം കൊണ്ട് പൊരുതിയത്. മുസ്‌ലിം സ്ത്രീകളുടെ സമുദ്ധാരണത്തിനായി കഠിന പ്രയത്‌നം നടത്തിയ മഹതിയായിരുന്നു എം. ഹലീമാ ബീവി. ഇന്നത്തെ പോലെ സാങ്കേതിക വിദ്യകള്‍ ഏറെയൊന്നും വളര്‍ന്നിട്ടില്ലാത്ത കാലത്താണ് ഹലീമാ ബീവിയെന്ന പെണ്ണിന്റെ നേതൃത്വത്തില്‍ ഒരു വനിതാ മാസിക പുറത്തിറങ്ങുന്നത്. വരിസംഖ്യ പിരിക്കാനുള്ള ബുദ്ധിമുട്ടും വിതരണ രംഗത്തെ പ്രയാസങ്ങളും കടലാസിന്റെ ക്ഷാമവും ഏറെയുള്ള കാലത്ത് എതിര്‍പ്പുകള്‍ ഏറെ നേരിട്ടു കൊണ്ടാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതാനും മുസ്‌ലിം പെണ്ണിനെ ശാക്തീകരിക്കാനും ലക്ഷ്യം വെച്ച് ഹലീമാ ബീവി പത്ര പ്രവര്‍ത്തനം നടത്തിയത്.
 യഥാസ്ഥിതികത്വവും അധികാര മുഷ്‌ക്കും കരുത്താര്‍ജ്ജിച്ച ആ കാലത്ത് അക്ഷരങ്ങളെ സ്‌നേഹിച്ച ആ മഹതി 1918-ല്‍ അടൂരിലാണ് ജനിച്ചത്. പീര്‍ മുഹമ്മദ്, മൈതീന്‍ ബീവി എന്നിവരായിരുന്നു മാതാപിതാക്കള്‍. പതിനേഴാം വയസ്സില്‍  'അന്‍സാരി' പത്രത്തിന്റെ പത്രാധിപരും പണ്ഡിതനുമായ  കെ.എം മുഹമ്മദ് എന്ന ഉല്‍പതിഷ്ണുവായ യുവാവിന്റെ കൂടെ ജീവിതം പങ്കിടാന്‍ കഴിഞ്ഞതാണ് ഹലീമാ ബീവിയെ അച്ചടി മാധ്യമവുമായി ബന്ധപ്പെടുത്തിയത്. ഭര്‍ത്താവിനോടൊപ്പം തിരുവല്ലയില്‍ താമസം തുടങ്ങിയതോടെ അവര്‍ പത്ര പ്രവര്‍ത്തനത്തിലേക്ക് വന്നു. മുസ്‌ലിം സ്ത്രീ ഉന്നമനമെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന്നായി ഹലീമാ ബീവിയെ 'അന്‍സാരി' പത്രത്തിലൂടെ അദ്ദേഹം പത്ര പ്രവര്‍ത്തനം പഠിപ്പിച്ചു. അങ്ങനെ 1938- മേടമാസത്തില്‍ 'മുസ്‌ലിം വനിത' എന്ന പേരില്‍ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി തിരുവല്ലയില്‍ നിന്നും ഹലീമാ ബീവി മാനേജിംഗ് എഡിറ്ററായിക്കൊണ്ട് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇസ്‌ലാമിന്റെ സുന്ദര മുഖങ്ങളെ സത്യസന്ധമായി അവതരിപ്പിച്ച ആ മാസിക ശ്രദ്ധിക്കപ്പെട്ടെങ്കിലും ബാലാരിഷ്ടത അതിജീവിക്കാനായില്ല. പിന്നീടതിന്റെ പേര് 'ആധുനിക വനിത' എന്നാക്കി മാറ്റി. കടുത്ത ദാരിദ്ര്യത്തിലും 'മുസ്‌ലിം വനിത' എന്ന മാസികക്ക് വിത്തിട്ട് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയ ദമ്പതികളെ കാത്തിരുന്നത് നിസ്സഹകരണത്തിന്റെയും തിരസ്‌കരണത്തിന്റെയും കാവലാളായ സമുദായമായിരുന്നു. പത്രം നടത്തിയതിന്റെ പേരില്‍ തിരുവല്ലയില്‍ നിന്നും പെരുമ്പാവൂരിലേക്ക് ഒളിച്ചോടേണ്ട ഗതികേടാണുണ്ടായത്. മാസികയുടെ പ്രസിദ്ധീകരണം പെരുമ്പാവൂരിലേക്ക് മാറ്റിയെങ്കിലും ഏജന്റുമാരുടെ നിസ്സഹകരണം, കെട്ടിട വാടകയുടെ വര്‍ധനവ്, ഭാരിച്ച അച്ചടിക്കൂലി എന്നിവ കാരണം തുടരാനായില്ല. എങ്കിലും തന്റെ പിന്‍ഗാമികളായി വരുന്ന സ്ത്രീ സമൂഹത്തിന്റെ പതര്‍ച്ചയും ഇടര്‍ച്ചയുമായിരിക്കും താന്‍ അടിയറവ് പറഞ്ഞാല്‍ ഉണ്ടാവുകയെന്നറിഞ്ഞ അവര്‍ 'ഭാരത ചന്ദ്രിക' എന്ന വാരികയിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു.
1945-48 വര്‍ഷങ്ങളില്‍ അവരുടെ പത്രാധിപത്യത്തില്‍ തിരുവല്ലയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയ ആഴ്ചപ്പതിപ്പാണ് 'ഭാരത ചന്ദ്രിക'. ഹലീമാ ബീവി മാനേജിംഗ് എഡിറ്ററായ പത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍,വക്കം അബ്ദുല്‍ ഖാദിര്‍ എന്നീ പ്രമുഖര്‍ സഹ പത്രാധിപരായിരുന്നു.
 'ഭാരത ചന്ദ്രിക' യില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പല കഥകളും ലേഖനങ്ങളും അതില്‍ അച്ചടിച്ചുവന്നു. സാഹിത്യത്തിനു പ്രാധാന്യം നല്‍കിയ 'ഭാരത ചന്ദ്രിക'യില്‍ മലയാള സാഹിത്യത്തിന് സംഭാവനകള്‍ നല്‍കിയവരും കേരളീയ സാംസ്‌കാരിക പൊതുബോധം അറിഞ്ഞാദരിച്ചവരുമായ പലരും എഴുതി. അവരില്‍ പ്രധാനികളായിരുന്നു 
ചങ്ങമ്പുഴ, ബാലാമണിയമ്മ, ഗുപ്തന്‍ നായര്‍, ഒ.ന്‍.വി കുറുപ്പ്, പി.എ സെയ്തു മുഹമ്മദ്, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍. ബഷീറിന്റെ നിലാവെളിച്ചം, വിശുദ്ധ രോമം, പാത്തുമ്മയുടെ ആട് തുടങ്ങിയവ ആദ്യം വെളിച്ചത്തുവന്നത് ഹലീമാ ബീവിയുടെ 'ഭാരത ചന്ദ്രിക'യിലൂടെയാണ്. ഒരു വര്‍ഷത്തിനു ശേഷം 'ഭാരത ചന്ദ്രിക' ആഴ്ചപ്പതിപ്പ് മുഹമ്മദ് ബഷീറിന്റെയും വക്കം അബ്ദുല്‍ ഖാദറിന്റെയും പ്രോത്സാഹനത്തോടെ ദിനപത്രമായി മാറിയെങ്കിലും സര്‍.സി.പിയുടെ അതിക്രമങ്ങള്‍ക്കെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ചതിനാല്‍ പിടിച്ചുനില്‍ക്കാനായില്ല. തനിക്കനുകൂലമായി എഴുതിയാല്‍ ജപ്പാനില്‍ നിന്നുള്ള ആധുനിക പ്രിന്റിംഗ് മെഷീന്‍ വാങ്ങിത്തരാമെന്ന സര്‍ സിപിയുടെ വാഗ്ദാനം നിരസിച്ചതിനാല്‍ ഭര്‍ത്താവിന്റെ ടീച്ചിംഗ് ലൈസന്‍സ് റദ്ദാക്കി. മധ്യ കേരളത്തിലെ എഴുത്തു പ്രമാണിമാര്‍ സര്‍ സി പിയുടെ ആജ്ഞാനുവര്‍ത്തികളായി ഓച്ഛാനിച്ചു നിന്നപ്പോഴും ഹലീമാ ബീവി ധൈര്യ സമേതം തന്റെ അച്ചുകൂടങ്ങളെ ചലിപ്പിക്കാന്‍ പാതിരാത്രിയിലും പ്രസ്സിലെത്തിയിരുന്നുവെന്നാണ് ചരിത്രം. മലയാള മനോരമ പത്രം  അടച്ചുപൂട്ടിയ സമയത്ത് കെ.എം. മാത്യുവിന് ലഘുലേഖകള്‍ അച്ചടിച്ചുകൊടുത്തതിന്റെ പേരില്‍ പോലീസ് പീഡനങ്ങള്‍ ഏറി. അതോടെ ഭാരത ചന്ദ്രിക പ്രിന്റേസ് ആന്റ് പബ്‌ളിക്കേഷന്‍സ് എന്ന പേരില്‍ പത്രമായ 'ഭാരത ചന്ദ്രിക' വാരിക കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടു. ഏജന്റുമാരില്‍ നിന്നും വരിസംഖ്യ പിരിക്കാന്‍ അവരോടൊപ്പം ഉമ്മയും മാഹി, കണ്ണൂര്‍ തലശ്ശേരി എന്നിവിടങ്ങളില്‍ യാത്ര ചെയ്തു. പത്രവും പ്രസ്സും അന്യാധീനപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ വീടും പറമ്പും വിറ്റ് കടം വീട്ടുകയാണ് ചെയ്തത്.   
 സര്‍ സി.പിയുടെ കിരാത ഭരണത്തിലും യഥാസ്ഥികത്വത്തിന്റെ ആക്ഷേപങ്ങള്‍ക്കിടയിലും പൊരുതിനില്‍ക്കുന്ന മുസ്‌ലിം സ്ത്രീയുടെ തന്റേടമുള്ള പത്രപ്രവര്‍ത്തനത്തെ അറിഞ്ഞ 'മലേഷ്യന്‍ മലയാളി'എന്ന സംഘവും കായംകുളത്തെ പി.കെ. കുഞ്ഞുസാഹിബിന്റെ സഹായവും ലഭിച്ചെങ്കിലും പത്രം നിലനിര്‍ത്തിക്കൊണ്ടുപോകാനവര്‍ക്കായില്ല എന്നറിയുമ്പോഴാണ് ഹലീമാ ബീവിയെന്ന മുസ്‌ലിം പത്ര വര്‍ത്തക ഒരു പത്രത്തിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ മനസ്സിലാവുക. 
 1970-ല്‍ 'ആധുനിക വനിത' എന്ന പേരില്‍ വീണ്ടും  ഒരു മാസിക അവര്‍ പുറത്തിറക്കിയിരുന്നു. സഹപത്രാധിപരെല്ലാം സ്ത്രീകളായിരുന്നു. മാനേജിംഗ് എഡിറ്റര്‍ എം. ഹലീമാ ബീവിയും പത്രാധിപ സമിതി അംഗങ്ങള്‍ ഫിലോമിന കുര്യന്‍ എം.എ, ബേബി ജെ മൂരിക്കല്‍ ബി.എ, ബി സുധാ ബി.എ, കെ.കെ കമലാക്ഷി എം. എസ്. സ്സി, എം റഹ്മാ ബീഗം എം.എസ്.സ്സി തുടങ്ങിയവരായിരുന്നു പത്രാധിപ സമിതിയംഗങ്ങള്‍. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ആധുനിക വനിതയിലൂടെ എഴുതിയത്. 'ആധുനിക വനിത' മാസികയില്‍ 'ആശയം' എന്ന പേരില്‍ ഒരു ചോദ്യോത്തര പംക്തി മകന്‍ അഷ്‌റഫ് ചെയ്തുവെന്നതൊഴിച്ചാല്‍ മറ്റു പേജുകളില്‍ എഴുതിയവരെല്ലാം സ്ത്രീകളായിരുന്നു. ''ആധുനിക വനിതക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ചുറുചുറുക്കും തന്റേടവുമുള്ള യുവതികള്‍ പത്രാധിപ സമിതിയിലും പുറത്തും ഉണ്ട്. അവരുടെ പ്രവര്‍ത്തന ശേഷിയും തന്മൂലം ലഭിക്കുന്ന സഹായ സഹകരണങ്ങളുമാണ് ഞങ്ങളുടെ നിലനില്‍പ്പിനു ആധാരം. കേരളത്തിലെ കാര്യശേഷിയുള്ള സ്ത്രീകളുടെ ചുറുചുറുക്കുള്ള പ്രവര്‍ത്തന ചാതുര്യം പ്രയോജനപരമായ പാതയിലൂടെ തിരിച്ചുവിട്ട് അവരെ രാജ്യത്തിന്റെ അമൂല്യ സമ്പത്തുകളാക്കി മാറ്റാന്‍ ആധുനിക വനിതക്ക് അങ്ങേയറ്റത്തെ ആഗ്രഹമുണ്ട്. അതിനുള്ള പല പദ്ധതികളും ഞങ്ങള്‍ അണിയറയില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടികള്‍ നടപ്പിലാക്കുന്നതോടുകൂടി കേരളീയ വനിതകളുടെ ഇടയില്‍ അഭൂതപൂര്‍വമായ ഉണര്‍വും ഉന്മേഷവും ഉണ്ടാക്കുന്നതിനും ഭാരതത്തിന്റെ മുഴുവന്‍ ശ്രദ്ധയും മലയാള മങ്കമാരുടെ ഈ നൂതന സംരഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും സാധ്യമാകും എന്ന് ന്യായമായും ഞാന്‍ പ്രതീക്ഷിക്കുന്നു.('ആധുനിക വനിത'1970 ജൂണ്‍-പുസ്തകം 1 ലക്കം 1) സ്ത്രീക്ക് അടുക്കളയും അടുപ്പും പതിച്ച് നല്‍കി അക്ഷരങ്ങളുടെയും സാമൂഹ്യ ഇടപാടുകളുടെയും രംഗവേദികളില്‍ നിന്നെല്ലാം ഒഴിച്ചു നിര്‍ത്തിയ കാലത്താണ് പെണ്ണിന്റെ കാര്യശേഷിയെ രാഷ്ട്രത്തിന്റെ അമൂല്യസമ്പത്താക്കി മാറ്റാനുള്ള ശ്രമത്തിനായി ആധുനിക വനിത എന്ന മാസിക പുറത്തിറങ്ങുന്നത്.
  പത്ര മുതലാളിമാര്‍ സര്‍ സിപിക്കു മുന്നില്‍ ഓച്ഛാനിച്ചു നിന്ന് പില്‍ക്കാലത്ത് ബഹുമതികളും പെന്‍ഷനും വാങ്ങിയപ്പോള്‍ തിരസ്‌കരണത്തിലും കടുത്ത പട്ടിണിയിലും പൊരുതി നിന്ന പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ  ആ സ്ത്രീ മാതൃകയെയും അവര്‍ നടത്തിയ പ്രസിദ്ധീകരണങ്ങളെയും സമുദായവും സര്‍ക്കാറുകളും സ്ത്രീശാക്തീകരണ വാദികളും വേണ്ടത്ര ഗൗനിച്ചില്ലായെന്നത് മൊത്തം സ്ത്രീത്വത്തോട് തന്നെ ചെയ്ത അനാദരവാണ്.
സമുദായ പരിഷ്‌കരണം കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ മുസ്‌ലിം സ്ത്രീകള്‍ പതിയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കടന്നുവരികയുണ്ടായി. പക്ഷേ അപ്പോഴേക്കും സമുദായത്തിനകത്തുനിന്നും സ്ത്രീകള്‍ക്ക് വായിക്കാനായി ഇറങ്ങിയ പ്രസിദ്ധീകരണങ്ങളെല്ലാം കാലഗതിയടഞ്ഞിരുന്നു. പള്ളിക്കൂടങ്ങളിലൂടെ അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങിയ സമുദായ സ്ത്രീകള്‍ക്ക് മുമ്പില്‍ തുറന്ന് കിടന്നത് 80-ല്‍ കേരളീയ സാംസ്‌കാരികതയില്‍ സജീവമായ 'മ' മാസികകള്‍ എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളായിരുന്നു. സചിത്ര ലേഖനങ്ങളും ലോല വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന നോവലുകളുമായിരുന്നു ഇതിലെ പ്രധാന ഇതിവൃത്തം. വലിയൊരു വിഭാഗം വായനാ സമൂഹം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. വിശേഷിച്ചും കുടുംബിനികളായ സ്ത്രീകള്‍. പൊതുവെ കുടുംബത്തിനകത്ത് ഒതുങ്ങിക്കൂടിയ വായനാപ്രിയരായ മുസ്‌ലിം സ്ത്രീകളുടെയും ആശ്രയം അതുതന്നെയായിരുന്നു.
 1980-കളിലെ നമ്മുടെ സാംസ്‌കാരിക പരിസരം വായനയിലൂടെ തെറ്റായ ദിശയിലേക്ക് നീങ്ങി. ചിന്തയുടെയും  വിജ്ഞാനത്തിന്റെയും ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തി ഉപരിപ്ലവമായ തലത്തിലേക്ക് നയിക്കുകയും സ്‌ത്രൈണതയുടെ വടിവുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി ഗ്ലാമറിന്റെ ലോകം മാത്രമേ സ്ത്രീക്ക് വഴങ്ങൂ എന്ന് പുരുഷനാല്‍ പറഞ്ഞു പഠിപ്പിക്കുന്ന വനിതാ മാസികകളുടെ സ്വാധീനമാണ് മേല്‍ക്കൈ നേടിയത്. വ്യക്തികളില്‍ നിന്നും സംഘടനാ തലത്തിലേക്ക് പത്ര പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് ഏറെ എത്തിപ്പെട്ടിരുന്നു. പ്രബല സമുദായ സംഘടനകളായ ജമാഅത്തെ ഇസ്‌ലാമി, നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനത്തോടൊപ്പം തുടക്കം മുതലേ സ്ത്രീകളുണ്ടായിരുന്നുവെങ്കിലും ഏകദേശം ഈ കാലത്തില്‍ തന്നെയാണ് സ്ത്രീകളുടെ കാര്യശേഷിയും ഉണര്‍വ്വും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനായി ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും മുജാഹിദ് പ്രസ്ഥാനത്തിനു കീഴില്‍ എം.ജി.എമ്മും രൂപമെടുത്തതും. 

ഈ ഘട്ടത്തിലാണ് സാമൂഹ്യപ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും അറിവിന്റെ വാതായനത്തിലേക്ക് സ്ത്രീ സമൂഹത്തെ കൈപിടിച്ചുയര്‍ത്തുകയും അവളിലെ സര്‍ഗവാസനയും അറിവും സമൂഹത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്ന തരത്തില്‍ ഒരു മാസികയെ കുറിച്ച് സ്ത്രീകള്‍ക്കു വേണ്ടി ആദ്യമായി വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ചിന്തിച്ചത്.

ആരാമം
ജാതി മതഭേദമന്യേ നീതിയും ക്ഷേമവും ഉറപ്പുവരുത്തുക, സാമൂഹിക-സാംസ്‌കാരിക-സദാചാര മേഖലകളില്‍ സ്ത്രീ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, മൂല്യ ബോധമുള്ള സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കുക- ഇതൊക്കെയായിരുന്നു ഒരു മാസിക തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ പ്രസ്ഥാനം മുന്നില്‍ കണ്ട പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ആലപ്പുഴ സ്വദേശിയായ സയ്യിദ് ഹുസൈന്‍ അല്‍ഹാദി ആറ്റക്കോയ തങ്ങളെ ഇവിടെ സ്മരിക്കാതെ വയ്യ. ഒരു മാസികയെന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായത് അദ്ദേഹത്തിലൂടെയായിരുന്നു. അദ്ദേഹം സ്വന്തമായി നടത്തിയിരുന്ന 'ആരാമം' എന്ന പ്രസിദ്ധീകരണം  ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പേരില്‍ അദ്ദേഹം എഴുതിത്തരികയും അങ്ങനെ 1985-ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷകസംഘടനയായ ജി.ഐ.ഒ വിന്റെ മുഖപത്രമായി 'ആരാമം' കോഴിക്കോട് പിറവിയെടുക്കുകയും ചെയ്തു. ഹലീമാ ബീവിയുടെ പത്രപ്രവര്‍ത്തനത്തെ മാതൃകയാക്കിക്കൊണ്ട് സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ കെ.കെ ഫാത്തിമ സുഹറ എഡിറ്ററും കെ. കെ. ശ്രീദേവി സബ്എഡിറ്ററുമായി മാസിക നിലവില്‍ വന്നു. മലയാളത്തിലെ മിക്ക വനിതാ പ്രസിദ്ധീകരണങ്ങള്‍ക്കും പിന്നില്‍ പുരുഷന്മാര്‍ പണിയെടുക്കുമ്പോള്‍ തുടക്കം മുതലേ ആരാമം എഡിറ്റോറിയല്‍ ബോര്‍ഡില്‍ സത്രീകളുടെ സക്രിയ പങ്കാളിത്തം ഉണ്ടായിരുന്നു. കെ.കെ. ശ്രീദേവി, ആശാ പോള്‍, ഫൗസിയ മുഹമ്മദ്കുഞ്ഞ്, ആയിശ, ഹംഷീന, റജീന, ഖാസിദ കലാം എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ എഡിറ്റോറിയല്‍ ഡസ്‌കില്‍ പ്രവര്‍ത്തിച്ചവരാണ്. 


പി.ടി. അബ്ദുറഹ്മാന്‍ മുന്നൂര്, ഖാദിര്‍ കുട്ടി മരേക്കാട്, ബഷീര്‍ തൊടിയില്‍, എന്‍ എന്‍ ഗഫൂര്‍, അന്‍വര്‍ പാലേരി, ഡോ: അബ്ദുസ്സലാം വാണിയമ്പലം.പി.എ.എം ഹനീഫ് തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ ആരാമം പത്രാധിപ സമിതിക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. കുറഞ്ഞ കാലം പ്രബോധനം, മാധ്യമം എന്നിവയുടെ പത്രാധിപ സമിതിക്ക് കീഴിലും ആരാമം പ്രസിദ്ദീകരിച്ചിരുന്നു. എന്നാലിന്ന് എഡിറ്റര്‍ കെ. കെ ഫാത്തിമ സുഹറ, സബ് എഡിറ്റേഴ്‌സുമാരായ ഫൗസിയ ഷംസ്, ബിഷാറ മുജീബ്  ടൈപ്പിംഗ് - ലേഔട്ട് ആര്‍ട്ടിസ്റ്റ് ഷിഫാന എന്നിവരുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായ വനിതാ എഡിറ്റോറിയല്‍ ബോര്‍ഡിനു കീഴിലാണ്.
തീര്‍ത്തും സ്ത്രീകളുടെ കൈകളാല്‍ ഇറങ്ങുന്നു എന്നതിനാല്‍ സങ്കീര്‍ണമായ സ്ത്രീ പ്രശ്‌നങ്ങളെ പൊതുമധ്യത്തില്‍ കൊണ്ടുവരാനും സമൂഹത്തിന്റെ സജീവ ചര്‍ച്ചക്ക് വിധേയമാക്കാനും മാസികക്കായിട്ടുണ്ട്. സമൂഹത്തിലെയും സമുദായത്തിലെയും സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളില്‍ സജീവ സാന്നിധ്യമാകുമാറ് സ്ത്രീയുടെ സ്വകാര്യ പൊതു മണ്ഡലങ്ങളെയും പുരുഷാധികാരത്തിന്റെ വിന്യാസങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങളും  ചര്‍ച്ചകളും അഭിമുഖങ്ങളും ഇതിലൂടെ വെളിച്ചം കണ്ടു.
കാലിക മാമൂലുകളുടെ മറ ഭേദിക്കാനും സ്ത്രീ സ്വത്വത്തിന്റെ വെളിച്ചവും വിശാലതയും ബോധ്യപ്പെടുത്താനും ശ്രമിച്ച 'ആരാമം' പുതിയ കാലത്ത് ഉറകുത്തിക്കൊണ്ടിരിക്കുന്ന 'കുടുംബം' എന്ന മഹത്തായ സ്ഥാപനത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. പ്രമുഖ എഴുത്തുകാരികള്‍ ആരാമത്തിന്റെ താളുകളിലൂടെ വായനക്കാര്‍ക്ക് സുപരിചിതരായതുപോലെ കാമ്പസുകള്‍ക്കും പുതിയ എഴുത്തുകാരികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രചോദനം നല്‍കി സ്ത്രീ എഴുത്തുകാരികളെ വളര്‍ത്തിക്കൊണ്ടുവരുവാനും ശ്രമിക്കുന്നു

 ഇസ്‌ലാം സ്ത്രീക്കു നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് ബോധവതികളാക്കുകയും നാട്ടാചാരങ്ങളാലും ശീലങ്ങളാലും സ്തീത്വത്തിനുമേല്‍ കൊട്ടിയടക്കപ്പെട്ട തുറസ്സുകളെ പരിചയപ്പെടുത്തി ഇസ്ലാമികമായ സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബത്തെ ധന്യമാക്കുക എന്നതാണ് ആരാമം ഏറ്റെടുത്ത വലിയ കാര്യം. അത്തരമൊരു ലക്ഷ്യത്തോടെ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം നടത്തിയ 'സാമൂഹ്യ വിപ്‌ളവം സ്ത്രീ ശാക്തീകരണത്തിലൂടെ' എന്ന പ്രേമേയമുയര്‍ത്തി കുറ്റിപ്പുറത്തു നടന്ന സമ്മേളനത്തോടനുബന്ധിച്ച തുടര്‍ച്ചയായ മാസങ്ങളില്‍ ലോകത്തും ഇന്ത്യയിലും ഉള്ള നവോത്ഥാന നായികമാരെയും അവര്‍ തുറന്നുവിട്ട വഴികളെയും പരിചയപ്പെടുത്തിക്കൊണ്ട് അവരുടെ കര്‍മപാത പിന്തുടരാന്‍ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ വായനാ സമൂഹത്തിന്  മുതല്‍ക്കൂട്ടുതന്നെയായിരുന്നു.

ആരാമം മാസികയുടെ വരവിനെ തുടര്‍ന്ന് സമുദായത്തിലെ ഇതര പ്രബല സംഘടനകളില്‍ നിന്നും സ്ത്രീകള്‍ക്കു വേണ്ടിയുള്ള മാസികകള്‍ പിറവിയെടുത്തു. 'പൂങ്കാവനം' 'പുടവ' 'സന്തുഷ്ട കുടുംബം' 'മഹിളാ ചന്ദ്രിക' തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടവയാണ്.

പുടവ

ആരാമം മാസികയെ പോലെ തന്നെ ആദ്യകാലത്ത് ഒരു വ്യക്തി നടത്തിയിരുന്ന പ്രസിദ്ധീകരണമാണ് 'പുടവ'യും.1989-90കളില്‍ കല്ലിക്കണ്ടി ഇസ്ഹാഖലി എന്ന വ്യക്തി നടത്തിയിരുന്ന പ്രസിദ്ധീകരണമാണ് പിന്നീട് നദ്‌വത്തുല്‍ മുജാഹിദീന്റെ വനിതാവിഭാഗമായ എംജി.എം 'പുടവ' എന്ന പേരില്‍ ഏറ്റെടുത്ത് പ്രസിദ്ധീകരണമാരംഭിച്ചത്. കോഴിക്കോടു നിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന പല പേരുകളിലുള്ള വനിതാ പ്രസിദ്ധീകരണങ്ങള്‍ മുസ്ലിം സ്ത്രീ മനസ്സുകളെ മലീമസമാക്കിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് അവിഭക്ത മുജാഹിദ് നേതൃനിരയിലെ അംഗമായിരുന്ന സുഹൈര്‍ ചുങ്കത്തറയുടെ പെങ്ങള്‍ ഹബീബ ടീച്ചര്‍ എഡിറ്ററായി 'പുടവ' കുടുംബ മാസികയെന്നപേരില്‍ പ്രസിദ്ധീകരിച്ചത്. സ്ത്രീയെ സൗന്ദര്യവസ്തുവായി മാത്രം കണ്ടിരുന്ന മുഖ്യധാരാ മാസികകളുടെ ചുവട്പിടിച്ച് വനിതാ മാസിക എന്ന പേരു കൊടുത്താല്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാകും എന്നതുകൊണ്ടാണ് കുടുംബ മാസിക എന്ന പേരില്‍ ഇത് തുടങ്ങിയത്. കഥ കവിത തുടങ്ങി സര്‍ഗാത്മകതക്ക് പ്രാധാന്യം നല്‍കിയതോടൊപ്പം കുടുംബത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള രചനകള്‍ക്കാണ് കൂടുതല്‍ ഇടം നല്‍കിയത്. സ്ത്രീ എഴുത്തുകാരികളുടെ രചനകള്‍ പുടവയിലൂടെ ഏറെ വെളിച്ചം കണ്ടു കണ്ണൂര്‍ സ്വദേശിയായ സഈദ സുല്ലമിയയെപോലുള്ളവരുടെ നോവലുകള്‍ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. ഖദീജ നര്‍ഗീസ്, നൂര്‍ജഹാന്‍, നദീറ തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാരാണ്.
 മുജാഹിദ് സംഘടനാ രംഗത്തുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് പുടവ മാസിക ഐ.എസ്.എം നേതൃത്വത്തിന്‍ കീഴിലായി. അതേതുടര്‍ന്ന്, തൊണ്ണൂറു മുതല്‍ രണ്ടായിരം വരെ പത്ത് വര്‍ഷം എഡിറ്ററായിരുന്ന ഹബീബ ടീച്ചര്‍ സ്ഥാനമൊഴിഞ്ഞു. എം.ജി.എമ്മിന്റെ ഭാരവാഹികളാണ് പത്രാധിപസമിതിയിലെങ്കിലും എഡിറ്റര്‍ സ്ഥാനത്ത്  ഇപ്പോള്‍ ഇതര വനിതാ മാസികകളെ പോലെ തന്നെ സ്ത്രീ ഇല്ല. സാംസ്‌കാരിക സാമൂഹിക വിഷയങ്ങളും വനിതാ മുന്നേറ്റങ്ങളും കാലിക പ്രസക്തങ്ങളായ മറ്റു രചനകളും പുടവയില്‍ ഇടം നേടിക്കൊണ്ടിരിക്കുന്നുണ്ട്.

 പൂങ്കാവനം

ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ വനിതാ മാസികയാണ് പൂങ്കാവനം. 1987- മുതല്‍ പൂങ്കാവനം ട്രസ്റ്റിനു കീഴില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാരോട് അനുഭാവമുള്ളവരാണ് ഇത് നടത്തിക്കൊണ്ടുപോകുന്നത്. കോഴിക്കോട് മര്‍ക്കസ്സ് ആസ്ഥാനമായി നടത്തുന്ന ഈ മാസികയും, കുടുംബത്തിനകത്ത് ഒതുങ്ങുന്നവളും കേന്ദ്രസ്ഥാനത്ത് വരുന്നവളും സ്ത്രീകളായതിനാല്‍ ലക്ഷ്യം വെക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ്. എന്നാല്‍ ഇതിന്റെ എഡിറ്റോറിയല്‍ പ്രൊഡക്ഷന്‍ രംഗത്ത് സ്ത്രീകളാരും ഇന്നുവരെ ഉണ്ടായിട്ടില്ല. എഴുത്തുകാരായും വലിയതോതില്‍ സ്ത്രീകളാരും രംഗത്തുണ്ടായിരുന്നില്ലെങ്കിലും എ.എം ഖദീജ കയ്യുമ്മു കോട്ടപ്പടിപോലുള്ളവരും ആദ്യകാലത്ത് കഥകളും കവിതകളും എഴുതിയിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണ രീതി പൊതു ഇടങ്ങളിലെ മര്യാദകള്‍ തുടങ്ങിയ സ്ത്രീക്ക് അതിര്‍ വരമ്പുകള്‍ നിശ്ചയിച്ചു കൊടുക്കുന്ന തരത്തിലുള്ളതും കുടുംബ പരിചരണം സ്ത്രീയുടെ മാത്രം ബാധ്യതയാണെന്ന രൂപത്തിലുള്ള രചനകളുമാണ് പുരുഷ കേന്ദ്രീകൃത സൃഷ്ടി എന്ന നിലക്ക് ഇതില്‍ നിന്നും കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീധനത്തെ എതിര്‍ക്കുക എന്നത് മാഗസിന്‍ പുറത്തിറക്കുന്ന സംഘടനയുടെ ലക്ഷ്യമല്ലെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രസ്താവനകള്‍ സംഘടനാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും സ്ത്രീധനത്തിനെതിരെയുള്ള തുടര്‍ലേഖനങ്ങളും സ്ത്രീധന രഹിത വിവാഹം നടത്തിയവരെ കുറിച്ചുള്ള ഫീച്ചറുകളും പൂങ്കാവനത്തിലൂടെ വന്ന സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന രചനകളാണ്.

 സന്തുഷ്ട കുടുംബം

 ഇ.കെ വിഭാഗം സുന്നികളുടെ ഇടയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് 'സന്തുഷ്ട കുടുംബം.' 2002-ല്‍ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ചേളാരിയില്‍ നിന്നാണ് പ്രസിദ്ധീകരണമാരംഭിച്ചത്്. കുടുംബമാസികയെന്ന ലേബലില്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ലക്ഷ്യം വെക്കുന്നതെങ്കിലും പൂങ്കാവനം മാസികയെ പോലെ തന്നെ മാസികയുടെ ഒരുതരത്തിലുള്ള പ്രവര്‍ത്തനത്തിലും സ്ത്രീകളാരും ഇല്ല. എഡിറ്റര്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, സബ് എഡിറ്റര്‍ ഹംസ റഹ്മാനി തുടങ്ങിയവരാണ് പിന്നില്‍. വിഭാഗീയമായ യാതൊരു വിഷയങ്ങളും കൈകാര്യം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുന്ന മാസികയില്‍ ഇസ്‌ലാമിക ചരിത്രം, കുടുംബത്തിനകത്തെ സ്ത്രീയുടെ ബാധ്യതകള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ലേഖനങ്ങള്‍, നോവല്‍, കഥ കവിത എന്നിവ പ്രതിപാദ്യ വിഷയങ്ങളാണ്. വലിയ തോതില്‍ സ്ത്രീ എഴുത്തുകാരികളെ കണ്ടെത്താനോ വളര്‍ത്തിയെടുക്കാനോ മാസികക്കായിട്ടില്ലെങ്കിലും 'ഫസീല പുതുക്കോട് എന്ന് പേരുള്ള സ്ത്രീയുടെ രചനകള്‍ സന്തുഷ്ട കുടുംബത്തിന്റെ താളുകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മുസ്‌ലിം സ്ത്രീകളുടെ പൊതു ഇടപെടലുകളെയും ആവിഷ്‌കാരങ്ങളെയും സാധ്യമാക്കുന്ന തരത്തിലുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഈ രണ്ട് മാസികയും വലിയ തോതില്‍ ശ്രദ്ധിച്ചിട്ടില്ലായെന്നത് വസ്തുതയാണ്. മാതൃത്വം, കുട്ടികളുടെ പരിചരണം തുടങ്ങിയ ഒതുക്കിനിര്‍ത്തുന്ന പരിചരണത്തിന്റെയും അനുസരണത്തിന്റെതുമായ ഭാഷ്യങ്ങളെ സ്ത്രീക്ക് പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവയാണ് ഇരു സുന്നികളില്‍ നിന്നും ഇറങ്ങുന്ന ഈ രണ്ട് മാസികകളും .
 
മഹിളാ ചന്ദ്രിക

മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ നിന്നും പിറവിയെടുത്ത ആദ്യ പത്രമായ ചന്ദ്രിക കുടുംബത്തില്‍ നിന്നും 1995-ല്‍ സ്ത്രീകള്‍ക്കു വേണ്ടി പുറത്തിറങ്ങിയ മാസികയാണ് മഹിളാ ചന്ദ്രിക. ധാര്‍മികതയിലൂന്നിയ വായനാസംസ്‌കാരം തന്നെയാണ് ഇതും മുന്നോട്ട് വെക്കുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മാനേജിംഗ് ഡയരക്ടരായിക്കൊണ്ട് 1995-ല്‍ അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യ കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിന് മുന്നിലുള്ള വൈ.എം.സി ഓഫീസ് ആസ്ഥാനമായി മഹിളാ ചന്ദ്രികയുടെ ആദ്യകോപ്പി  പ്രകാശനം ചെയ്തു. സി.കെ താനൂര്‍ ആയിരുന്നു പ്രിന്ററും പബ്ലിഷറും. ചീഫ് എഡിറ്ററും. എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് നവാസ് പൂനൂര് ആയിരുന്നു. സ്ത്രീ എഴുത്തുകാരികള്‍ക്ക് നല്ലൊരിടം കൊടുക്കാന്‍ മാസിക ശ്രദ്ധിച്ചിട്ടുണ്ട്. സഹീറാ തങ്ങള്‍, എ.എം ഖദീജ എന്നീ മുസ്‌ലിം സ്ത്രീ എഴുത്തുകാരികള്‍ മാസികയുടെ താളുകള്‍ സമ്പന്നരാക്കിയവരാണ്.
 തുടക്കകാലത്ത് പത്രാധിപ സമിതിയിലോ സര്‍ക്കുലേഷന്‍ രംഗത്തോ സ്ത്രീകളാരും ഉണ്ടായിരുന്നില്ലെങ്കിലും പത്രപ്രവര്‍ത്തന മേഖലയിലെ സ്ത്രീ സാന്നിധ്യം ഉള്‍ക്കൊണ്ടുകൊണ്ട് സബ് എഡിറ്റര്‍ പോസ്റ്റിലും സര്‍ക്കുലേഷന്‍ രംഗത്തും ഓരോ സ്ത്രീകള്‍ വീതമിന്നുണ്ട്. കെട്ടിലും മട്ടിലും ഇതര മുസ്‌ലിം സംഘടനകളില്‍ നിന്നും പുറത്തിറങ്ങുന്ന വനിതാ മാസികകളെ അപേക്ഷിച്ച്, സ്ത്രീ സമൂഹത്തിനിടയില്‍ പ്രചുര പ്രചാരം നേടിയ മുഖ്യധാരാ വനിതാ പ്രസിദ്ധീകരണങ്ങളായ 'വനിത', 'ഗൃഹലക്ഷ്മി' പോലുള്ള മാസികകളെ അനുകരിച്ചുകൊണ്ടുള്ള പേജും ലേ ഔട്ടും ഉള്ളടക്കവുമാണ് ഇതിന്. മുസ്‌ലിം കുടുംബത്തില്‍ നിന്നാണ് ഇറങ്ങിയതെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളുക, എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുക എന്ന നിലക്ക് മറ്റു മുസ്‌ലിം മാസികകള്‍ വേണ്ടത്ര ശ്രദ്ധകൊടുക്കാത്തതോ അവഗണിച്ചതോ ആയ സെലിബ്രിറ്റി വിഷയങ്ങളെയും ധൈര്യസമേതം 'മഹിളാ ചന്ദ്രിക' കൈകാര്യം ചെയ്യുന്നുണ്ട്.

'അനുപമ'

കേരളത്തിലെ മുസ്‌ലിം വനിതാ മാസികകളെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പറയുമ്പോള്‍ കൂട്ടത്തില്‍ പറയേണ്ട മറ്റൊരു പേരാണ് 'അനുപമ'  മാസിക. മാസികയുടെ പ്രവര്‍ത്തന കേന്ദ്രം കേരളമല്ലെങ്കിലും കേരളീയ മുസ്‌ലിം സ്ത്രീയുടെ കരങ്ങളാണിതിനു പിന്നില്‍. മുസ്‌ലിം സ്ത്രീശാക്തീകരണവും സാമൂഹിക സംസ്‌കരണവും ലക്ഷ്യം വെച്ച് മുന്നിട്ടിറങ്ങിയ ആദ്യ പത്രപ്രവര്‍ത്തക ഹലീമാ ബീവിയെപോലെ തന്നെ കേരളീയ സാമൂഹ്യ പരിസരത്തുനിന്നുള്ള മുസ്‌ലിം മഹിള ഷഹനാസ് സംഭാവന ചെയ്ത മാസികയാണ് കര്‍ണാടകയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'അനുപമ മാസിക'
മാസികയുടെ ചീഫ് എഡിറ്ററായ ഷഹനാസ് കണ്ണൂര്‍ ജില്ലയിലെ ചാല സ്വദേശിയാണ്. പതിനേഴാം വയസ്സില്‍ ഇസ്‌ലാമിലേക്ക് വന്ന അവര്‍ പതിനഞ്ചാം വയസ്സില്‍ രചിച്ച സിഹി കഹി എന്ന ചെറുകഥയിലൂടെ കന്നട സാഹിത്യ രംഗത്തേക്ക് കടന്നുവരികയും രണ്ടു വര്‍ഷം കന്നടയിലെ പ്രാദേശിക പത്രത്തില്‍ കോളമിസ്റ്റായി ജോലി ചെയ്യുകയും ചെയ്തു. ഗവണ്‍മെന്റിന്റെതടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷഹനാസ് 'അനുപമ' എന്ന പത്രത്തിലൂടെ ലക്ഷ്യം വെക്കുന്നത് മുസ്‌ലിം സ്ത്രീയുടെ എല്ലാവിധത്തിലുമുള്ള ശാക്തീകരണമാണ്. തീര്‍ത്തും സ്ത്രീ പത്രാധിപത്യത്തില്‍ സ്ത്രീ എഴുത്തുകാരാല്‍ ഇറങ്ങുന്ന മാസികയാണത്.

   മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിലും വായനയിലും ഏറെ പിന്നോക്കം നിന്നിരുന്ന മലബാര്‍ മേഖലയില്‍ നിന്നു തന്നെയാണ് പിന്നീട് സ്ത്രീകളെ വായനയിലൂടെ സമുദ്ധരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒട്ടേറെ മാസികകളുണ്ടായതെന്നത് ഒരു ചരിത്രനിയോഗമാണ്. സാമുദായികമായ ഒരുണര്‍വ്വിന് മുസ്‌ലിം സമുദായത്തില്‍ നിന്നും ഇറങ്ങിയ മാസികകള്‍ വലിയൊരളവ് പങ്ക് വഹിച്ചുവെങ്കിലും കാലികമായ മാറ്റങ്ങള്‍ക്കൊത്തുയരാനുള്ള ശ്രമങ്ങള്‍ ഇനിയും കൂടിയ തോതില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. മുസ്‌ലിം സമുദായത്തിനകത്തു നിന്ന് പ്രസിദ്ധീകൃതമായ എല്ലാ മാസികകളും നീണ്ട ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുധാരയോട് സംവദിക്കാനോ മുസ്‌ലിം സമുദായത്തിനപ്പുറം ഇതര മേഖലകളിലേക്ക് കൂടി വ്യാപനം നടത്താനോ ആയിട്ടില്ല എന്നത് വലിയൊരു പോരായ്മയാണ്.  തീര്‍ത്തും മതപരമായതോ സ്ത്രീകളെ മാത്രം ബാധിക്കുന്നതോ അല്ലാത്ത മൊത്തം സമൂഹത്തെ ബാധിക്കുന്ന രാഷ്ട്രീയ- സാമൂഹിക- പാരിസ്ഥിതിക -സാംസ്‌കാരിക ഇടപെടലുകള്‍ നടത്താന്‍ പറ്റുന്ന, മുഖ്യധാരാ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളും ചര്‍ച്ചകളുമൊക്കെ ആരാമം, പുടവ, മഹിളാ ചന്ദ്രിക പോലുള്ളവയുടെ താളുകളിലൂടെ പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും അതിനെ സാമൂഹ്യമായ ചര്‍ച്ചകള്‍ക്കകത്തേക്ക് കൊണ്ടുവരാനും വായനാ സമൂഹത്തെ കൊണ്ട് വായിപ്പിക്കാനും ആയിട്ടില്ലായെന്നത് വലിയൊരു പോരായ്മ തന്നെയാണ്. പൊതുസ്വീകാര്യത നേടിയതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ മാസികകളും വാരികകളും ഒക്കെത്തന്നെ ജനകീയമാക്കുന്നതില്‍ അതുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ സമുദായ സംഘടനക്കകത്തു നിന്നിറങ്ങുന്ന മാസികകള്‍ അതിനകത്ത് നിന്നുള്ള ഒരു വായനാസമൂഹത്തെ മാത്രം മുന്നില്‍കണ്ട് അവരിലേക്ക് മാസികകള്‍ എത്തിക്കുക എന്ന പഴഞ്ചന്‍ രീതി മാറ്റി പൊതു സ്വീകാര്യതയും ജനകീയവും ചര്‍ച്ചചെയ്യപ്പെടുന്നതുമാക്കി മാറ്റുക എന്ന വലിയൊരു ദൗത്യം ഇനിയും ബാക്കിയുണ്ട്.

ഹലീമാ ബീവിയെപ്പോലെ സാമുദായിക പരിഷ്‌കരണം ലക്ഷ്യം വെച്ച് ഇസ്‌ലാമിക മൂല്യങ്ങളിലൂടെ മുന്നേറിയ പത്ര പ്രവര്‍ത്തന പാരമ്പര്യത്തെ ഇന്ന് വനിതാ മാസികകള്‍ പൂര്‍ത്തീകരിക്കുന്നുണ്ടോ എന്നതും സംശയമാണ്. ഇസ്‌ലാമിന്റെ ആദ്യകാലത്ത് സ്ത്രീകള്‍ക്കുണ്ടായിരുന്ന അവകാശ ബോധത്തെ പൂര്‍ത്തീകരിക്കാന്‍ ഹലീമാ ബീവി തുനിഞ്ഞതുപോലയുള്ള വീറുറ്റ രചനകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഇത്തരം മാസികകളിലൂടെ പുറത്തുവരുന്നില്ലായെന്നത് യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ഥ്യത്തിന്റെ ബാക്കിപത്രമാണ് മുസ്‌ലിം പെണ്ണിന് വ്യക്തിയെന്ന നിലക്ക് മതം നല്‍കിയ അവകാശങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നമുക്കിപ്പോഴും പണിയെടുക്കേണ്ടി വരുന്നത്. മൊഞ്ചും മൈലാഞ്ചിയും മാത്രമല്ല പെണ്ണെന്നും കാലം ആവശ്യപ്പെടുന്ന സാധ്യതകള്‍ പൂര്‍ത്തീകരിക്കാന്‍ പ്രാപ്തിയുള്ളവളാണ് സ്ത്രീയെന്നും ബോധ്യപ്പെടുത്തേണ്ട വലിയൊരു ബാധ്യത മുസ്‌ലിം വനിതാ മാസികകള്‍ക്കുണ്ട്.

അതുപോലെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിച്ച സ്ത്രീകളാരും മുസ്‌ലിം മാഗസിനുകളിലൂടെയല്ല അറിയപ്പെട്ടതും വളര്‍ന്നതെന്നും മുസ്‌ലിം സമുദായത്തിനകത്തു നിന്നും സ്ത്രീകളെ ലക്ഷ്യം വെച്ചു കൊണ്ടിറങ്ങുന്ന ഇത്തരം മാസികകളിലൂടെ കഥകളും ലേഖനങ്ങളും ഫീച്ചറുകളും ലേഖനങ്ങളും എഴുതിത്തെളിഞ്ഞവരെ വേണ്ടത്ര പരിഗണനയോടു കൂടി മുഖ്യധാരാ സാംസ്‌കാരിക നായകത്വമേറ്റെടുത്തവര്‍ക്ക് അംഗീകരിക്കാനും കഴിഞ്ഞിട്ടില്ലായെന്നതും  വസ്തുതയാണ്.

കയ്യുമ്മു കോട്ടപ്പടി, ഖദീജ.എ.എം തുടങ്ങിയ പേരുകള്‍ ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഇന്ന് ഏവര്‍ക്കും സുപരിചിതയായ ഖദീജാ മുംതാസിനെക്കാള്‍ മുന്നേ കോഴിക്കോടന്‍ സാംസ്‌കാരികതയില്‍ എഴുതിത്തെളിഞ്ഞ സ്ത്രീയായിരുന്നു എ.എം ഖദീജ എന്ന കോഴിക്കോട്ടുകാരി. മുഖ്യാധാരാ പ്രസിദ്ധീകരണങ്ങളില്‍ പെട്ട മാതൃഭൂമിയിലും സമുദായത്തിന്റെതായ പ്രസിദ്ധീകരണങ്ങളിലുമടക്കം 40-ഓളം ചെറുകഥകളും ഒട്ടേറെ ഫീച്ചറുകളും ലേഖനങ്ങളും എഴുതി 1985-കള്‍ വരെ സാംസ്‌കാരിക പരിസരത്തു സജീവമായുണ്ടായിരുന്നു അവര്‍. മുസ്‌ലിം മനസ്സുകളില്‍ കരുത്താര്‍ജ്ജിച്ച യഥാസ്ഥിതികത്വവും മുസ്‌ലിം ഐഡന്ററി കാത്തുസൂക്ഷിക്കുന്നവള്‍ എന്നനിലയില്‍ സവര്‍ണതയിലൂന്നിയ മുഖ്യധാരാ മാധ്യമങ്ങളും അവഗണിച്ച ഒരെഴുത്തുകാരിയാണവര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെയും കുഞ്ഞുണ്ണി മാഷുടെയും അരുമ ശിഷ്യയായ ആ എഴുത്തുകാരിയെ കുറിച്ച് ''വല്യഗുരുക്കന്മാരുടെ ശിഷ്യയായ, നല്ല ഒഴുക്കോടെ സരസമായി എഴുതാന്‍ കഴിയുന്ന ഖദീജയെ സാഹിത്യലോകം അര്‍ഹിക്കുന്ന ആദരവ് നല്‍കിയില്ല'' എന്ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന  അവരുടെ 'ന്യൂസ്‌പേപ്പര്‍ ബോയ്‌സ്' എന്ന പുസ്തകപ്രകാശന ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കവെ എഴുത്തുകാരി ഖദീജാ മുംതാസ് പറഞ്ഞത് അതാണ് തെളിയിക്കുന്നത്.

മാസിക നടത്തുക എന്നതുപോലെ തന്നെ മാധ്യമ രംഗത്തേക്കും ഒരുപാട്  മുസ്‌ലിം പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ട്. വിഷ്വല്‍ മീഡിയയുടെ കടന്നുവരവും അതിലെ വര്‍ണാഭമായ സ്വീകാര്യതയും കൂടുതല്‍ ഊര്‍ജ്വസ്വലതയുള്ള പെണ്‍കുട്ടികളെ വിഷ്വല്‍ മീഡിയാ രംഗത്തേക്കും ആകര്‍ഷിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികളും ഈ രംഗത്ത് ആശാവഹമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.
കോഴിക്കോട് പ്രസ്സ് ക്ലബിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഇരുന്നൂറോളം പെണ്‍കുട്ടികള്‍ ജേര്‍ണലിസം ബിരുദവുമായി പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ അന്‍പതോളം മുസ്‌ലിം പെണ്‍പ്രാതിനിധ്യമാണെന്നത് ആശാവഹമായ പുരോഗതിയാണ്. അതില്‍ പ്രാദേശികമായ പ്രാതിനിധ്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലബാര്‍ മേഖലയിലാണ്. വിദ്യാഭ്യാസത്തിന്റെ മറ്റെല്ലാ മേഖലയിലുമെന്നപോലെ മലപ്പുറത്തെ പെണ്‍കുട്ടികളാണ് ഇതിലും മുന്നില്‍ നില്‍ക്കുന്നതെന്നാണ് സത്യം. സ്വയം തിരിച്ചറിവിന്റെയും വായനയുടെയും ബലത്തിലാണ് പെണ്‍കുട്ടികള്‍ ഈ മേഖലകളില്‍ എത്തിപ്പെടുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പത്ര പ്രസിദ്ധീകരണങ്ങളായ ചന്ദ്രിക, സിറാജ്, മാധ്യമം, തേജസ്, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളിലും വിഷ്വല്‍ മീഡിയകളായ മീഡിയാ വണ്‍ ചാനല്‍,  ഇന്ത്യവിഷന്‍ തുടങ്ങിയ ചാനലുകളിലും മുസ്‌ലിം പെണ്‍പ്രാതിനിധ്യമുണ്ട്. ചില മതാചാരാനുഷ്ഠാനങ്ങള്‍ മാത്രമാണ് മതേതരമെന്ന് ചിന്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളില്‍ ഇസ്‌ലാമിക ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കയറിച്ചെല്ലാനാവുന്നില്ല എന്നത് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരാ മാധ്യമ രംഗത്തേക്ക് കടന്നുവരാന്‍ പ്രയാസമുണ്ടാക്കുന്നുണ്ട്.
 പഠനത്തെ ഗൗരവത്തിലെടുക്കുന്നുവെങ്കിലും ഓഫീസ് സംവിധാനത്തിനകത്തിരുന്ന് ചെയ്യാനാവാത്ത വെറും 'അലച്ചില്‍' മേഖലയായി കാണുന്ന കുടുംബങ്ങളുടെ -പ്രത്യേകിച്ചും ഭര്‍ത്താവിന്റെ- ജോലിയോടുള്ള താല്‍പര്യമില്ലായ്മ നിമിത്തവും ഈ രംഗത്തേക്ക് കൂടുതല്‍ ശോഭിക്കാന്‍ പെണ്‍കുട്ടികള്‍ക്കാവുന്നില്ല. ജോലിയുടെ റിസ്‌കിനെ അംഗീകരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഹലീമാ ബീവിയെ പോലെ കരുത്തുറ്റ പത്രവര്‍ത്തകയെയും പത്രത്തെയും സമുദായത്തിന് വാര്‍ത്തെടുക്കാനാവൂ.

Reference

കെ.പി കുഞ്ഞിമൂസ (മുസ്‌ലിം വനിതാ മാസികകള്‍ ഓര്‍മപ്പെടുത്തുന്നത്- ആരാമം മാസിക 2010ഫെബ്രുവരി)
ശശികുമാര്‍ ചേളന്നൂര്‍ (ആരാമം മാസിക 2000 മാര്‍ച്ച് -പ്രഥമ മുസ്‌ലിം പത്രാധിപ ഹലീമാ ബീവി)
അബ്ദുറഹിമാന്‍ മങ്ങാട് (പ്രബോധനം അറുപതാം വാര്‍ഷിക പതിപ്പ്)
കന്നട സാഹിത്യത്തിന് ഒരു മലയാളി സ്പര്‍ശം (ആരാമം മാസിക 2010 ഫെബ്രുവരി)
(മീരാ ഉമ്മര്‍,സുബൈദ മര്‍സൂക്ക്, റജീന റഷീദ്)

author image
AUTHOR: ഫൗസിയ ഷംസ്
   (സബ് എഡിറ്റര്‍, ആരാമം)