ആഗോളതലത്തില്‍ മുസ്‌ലിം സ്ത്രീ മുന്നേറ്റം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ കാമ്പസുകള്‍ മുതല്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും പൊതു പ്രവര്‍ത്തനങ്ങളില്‍ വര്‍ധിച്ച സ്ത്രീപങ്കാളിത്തമുണ്ട് ഇന്ന്. ഈ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ വിദ്യാഭ്യാസ മേഖലയിലുള്ള എല്ലാ ഭാവഭേദങ്ങളിലും അനുകരണീയ മാതൃക കാഴ്ചവെച്ച കേരള മുസ്‌ലിം സ്ത്രീയെ പുനര്‍വായിക്കുന്നതിന് പ്രസക്തിയുണ്ട്.
ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ രംഗത്തു വരുന്നതുവരെ കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് അറിവും പകര്‍ന്നു നല്‍കുന്നതിന് പള്ളികളോ, അധ്യാപകരോ, അവരുടെ വീടുകളോ അല്ലാതെ മറ്റൊരു സൗകര്യവും ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനയും മതപഠനവും പുണ്യകര്‍മ്മങ്ങള്‍ എന്ന നിലക്ക് പള്ളികളില്‍ തന്നെ നടന്നുപോന്നു. ഭൂരിഭാഗം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളവും വിദ്യാഭ്യാസമെന്നാല്‍ അറബിഭാഷ, ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ പഠനമായിരുന്നു. സ്ത്രീകള്‍ അധികമൊന്നും ഈ രംഗത്ത് ഉണ്ടായിരുന്നില്ല. ചരിത്രപരമായ കാരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ട്. മുസ്‌ലിം സമുദായം ആധുനിക മതേതര വിദ്യാഭ്യാസത്തെ വളരെ സാവധാനത്തിലും ചെറിയൊരളവിലും മാത്രമേ സ്വീകരിച്ചിരുന്നുള്ളു.
മലയാള ഭാഷാപഠനം അതൊരാര്യന്‍ ഭാഷയാണെന്ന കാരണത്താല്‍ മുസ്‌ലിംകള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് തടയപ്പെട്ടു. ഇംഗ്ലീഷ് ഭാഷാപഠനം വെസ്റ്റേണ്‍ വിദ്യാഭ്യാസമാണെന്ന കാരണത്താല്‍ ആ രംഗത്തു പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്നും ഭൂരിഭാഗം മുസ്‌ലിംകളും വിശ്വസിച്ചു പോന്നു. എന്നിരുന്നാലും കാലങ്ങളാളായുള്ള മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വിദ്യാഭ്യാസം വ്യത്യസ്ത കാലഘട്ടങ്ങളിലെ ജനങ്ങള്‍ക്ക് വ്യത്യസ്തമായ സംഗതിയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സ്‌കൂളുകളോ കോളേജുകളോ ഇല്ലാതിരുന്ന ആദ്യകാലങ്ങളില്‍ ക്രൈസ്തവ മിഷനറിമാരുടേയും സഹോദര സമുദായങ്ങളുടേയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീക്ക് അക്ഷരങ്ങള്‍ വിലക്കപ്പെട്ട, പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട നൂറ്റാണ്ടുകളില്‍ വളരെ ആവേശത്തോടുകൂടി, ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങി ഇന്നിന്റെ മാതൃകയായ മഹികളെയും അവരുടെ ഇടപാടുകളെയും അനുസ്മരിക്കേണ്ടതുണ്ട്.
ആദ്യ കാലങ്ങളില്‍ പ്രത്യേകിച്ച് വ്യവസ്ഥാപിതമായ സിലബസും പാഠ പുസ്തകങ്ങളുമൊന്നും നിലവിലില്ലാതിരുന്ന കാലത്താണ്, അധ്യാപക പരിശീലനവും മറ്റും ലഭിക്കാതെ തന്നെ ഏറെ മിടുക്കോടെ ഒരു പറ്റം മുസ്‌ലിം സ്ത്രീകള്‍ ഒത്തുപള്ളികള്‍ നടത്തിയത്. കേരളീയ ചരിത്രത്തില്‍ സവിശേഷ അധ്യായമായി രേഖപ്പെടുത്തേണ്ടതാണ്, ''ഓത്തുപള്ളികള്‍'' എന്ന മത പാഠശാലകള്‍ നടത്തിയിരുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതം.
പൗരോഹിത്യവും സമുദായത്തിലെ ചില വിഭാഗങ്ങളും മുസ്‌ലിം സ്ത്രീക്ക് വിദ്യാഭ്യാസ വളര്‍ച്ചക്കു വിലക്കേര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തില്‍ ഏതാനും സ്ത്രീകള്‍ കാണിച്ച ധീരത ഏറെ മാതൃകാപരമാണ്. സ്വന്തം വീടുകളില്‍ മുസ്‌ലിയാക്കമാരെ വരുത്തി മറവച്ച് പഠനം നടത്തിവന്ന ചില പുരാതന മുസ്‌ലിം കുടുംബത്തിലെ മിടുക്കികളും ഉണ്ട്.
തലമുറകള്‍ക്ക് അറിവും മതബോധവും പകര്‍ന്ന് കൊടുത്തവരില്‍ ചിലരാണ് ആലപ്പുഴ പുളിക്കലകത്ത് റുഖിയ ബീവി, അമ്പലപ്പുഴ കച്ചേരിമുക്കിലെ ഫാത്വിമ ബീവി, വെളിയങ്കോട്ടെ ടി.കെ.ഫാത്വിമ, കുഞ്ഞാമിന, മലപ്പുറം കൂട്ടിലങ്ങാടി ബിച്ചുണ്ണി മൊല്ലാച്ചി, പട്ടര്‍കടവ് സ്രാമ്പിക്കല്‍ ഫാത്വിമ തുടങ്ങിയവര്‍. സ്വന്തം പുരയിലെ മുറികളിലോ, വരാന്തകളിലോ ആണ് ഇവര്‍ ക്ലാസ്സെടുത്തിരുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രായഭേദമന്യേ സ്ത്രീകളുടെ ഓത്തുപള്ളികളെ ആശ്രയിച്ചിരുന്നു. പ്രായം കഴിഞ്ഞ സ്ത്രീകളെ അവരുടെ വീട്ടില്‍ചെന്നും പഠിപ്പിച്ചിരുന്നു. ഉസ്താദ്, മൊല്ലാച്ചി എന്നീ പേരുകളിലറിയപ്പെട്ട ഇവരില്‍ ചിലര്‍ക്ക് ഇത് ഒരു വൈജ്ഞാനിക സേവനമായിരിക്കാമെങ്കിലും ചിലര്‍ക്ക് ജീവിതമാര്‍ഗംകൂടിയായിരുന്നു. ഹസ്രത്ത് ആഇശയെ പോലുള്ള മഹതികളുടെ പാരമ്പര്യം ഉള്‍ക്കൊണ്ട്, ഇസ്‌ലാം തുടക്കം മുതലേ സ്ത്രീക്ക് നല്‍കിയ അധികാരാവകാശങ്ങളുടേയും സാമൂഹിക പദവിയുടേയും വീണ്ടെടുക്കലാണ് ഇവര്‍ നിര്‍വ്വഹിച്ചത്. മത പഠന രംഗത്ത് സജീവ സാന്നിദ്ധ്യം ഉണ്ടായിട്ടും മുസ്‌ലിം സ്ത്രീകള്‍ ആധുനിക വിദ്യാഭ്യാസ പഠന രംഗത്ത് തടയപ്പെടാന്‍ ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്.
ഖുര്‍ആന്‍, ഹദീസ്, മറ്റു ദീനീ കാര്യങ്ങള്‍ എന്നിവയ്ക്ക് പുറമെ സ്ത്രീകള്‍ക്ക് മറ്റൊരു വിജ്ഞാനം നേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ചില ഗ്രന്ഥങ്ങളും, പണ്ഡിതന്മാരും അന്ന് ഉണ്ടായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിരുന്ന ഇവരെ ഒരു വിഭാഗം പിന്തുടരുകയും ചെയ്തു. ഫക്‌റുദ്ദീന്‍ കോയകുട്ടി തങ്ങള്‍ 19-ാം നൂറ്റാണ്ടില്‍ രചിച്ച ബൈത്തുല്‍ ഇല്‍മ് അഥവ കര്‍മ്മശാസ്ത്ര സരണി എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ ചിന്തകള്‍ ഇതിന് ഉദാഹരണമാണ്. മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന അലിഖിത ജാതീയതയും ഒരു വിഭാഗത്തെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തടയാന്‍ കാരണമായി. ചില കുടുംബങ്ങളില്‍ സ്ഥിരമായി പണിയെടുത്ത് ജീവിച്ച ചില വിഭാഗങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ണമായും മാറിനില്‍ക്കേണ്ടിവന്നു. സ്വന്തമായ അഭിപ്രായങ്ങളും, ആശയങ്ങളും രൂപീകരിക്കുന്നതിലും വ്യക്തിത്വവും കുടുംബവും കെട്ടിപ്പടുക്കുന്നതിലും നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലും, വിദ്യാഭ്യാസം ഒരളവോളം സ്വാധീനിക്കുമെങ്കില്‍ ഈ മേഖലയിലെ പിന്നാക്കാവസ്ഥയാണ് മുസ്‌ലിം സ്ത്രീയുടെ ഇന്നലകളിലെ തൊഴില്‍ ജീവിതത്തേയും ബാധിച്ചത്.
എം.ഇ.എസ്, എം.എസ്.എസ് പോലുള്ള സാമൂഹിക സംഘടനകള്‍ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ധാരാളം പദ്ധതികള്‍ നടപ്പാക്കിയതും സി.എച്ച് മുഹമ്മദ്‌കോയ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സകോളര്‍ഷിപ്പ് നടപ്പാക്കിയതും ഇന്നത്തെ പുരോഗതിയെ സ്വാധീനിച്ച ഘടകമാണ്. കേരള മുജാഹിദിന്റേയും ജമാഅത്തെ ഇസ്‌ലാമിയുടേയും പങ്ക് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. കേരളത്തില്‍ അവര്‍ സ്ഥാപിച്ച മദ്രസ, സ്‌കൂള്‍, കോളേജുകളിലൂടെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം നല്‍കിവരുന്നു എന്നത് ഏറെ പ്രശംസ അര്‍ഹിക്കുന്നു.
കാലഘട്ടത്തിലെ വിദ്യാഭ്യാസ പ്രതിസന്ധിയെ അതിജീവിച്ച് മുസ്‌ലിം സ്ത്രീക്ക് ഏറെ പ്രചോദനം ഉള്‍ക്കൊള്ളാവുന്ന മഹിളകളില്‍ ചിലരാണ് ജസ്റ്റസ് ഫാത്വിമ ബീവി, മണപ്പാട്ട് പാത്വിമ റഹ്മാന്‍, ഹലീമ ബീവി, നഫീസത്ത് ബീവി തുടങ്ങിയവര്‍. മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി ആദ്യമായി ഒരു ബോധവല്‍ക്കരണ കാമ്പയിനിന് തുടക്കമിട്ടത് (1847-1912) മക്തിതങ്ങളായിരുന്നു. പ്രബന്ധങ്ങള്‍, ലഘുലേഖകള്‍, ഡിബേറ്റുകള്‍ തുടങ്ങിയവയിലൂടെ മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചും ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പ്രചരിപ്പിച്ചു. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍, തിരൂരിലെ സൈദാലിക്കുട്ടി എന്നിവര്‍ ഈ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി പോരാടിയവരില്‍ പ്രശസ്തരാണ്.
മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസം നേടുമ്പോള്‍ ഏറെ പ്രയാസം സൃഷ്ടിച്ചത് വിവാഹമാണ്. പഠനം പാതിവഴിയിലാക്കി വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്നതിനും വിവാഹം ഒരു കാരണമായി.
വൈജ്ഞാനിക രംഗത്ത് കേരള മുസ്‌ലിം സ്ത്രീ ഇന്ന് ഏറെ പുരോഗതി പ്രാപിച്ചു കഴിഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളുടേയും നേതാക്കളുടേയും ശ്രമഫലമായി സ്ഥാപിതമായ കലാലയങ്ങളും മറ്റും ഒരളവോളം ഇതില്‍ സ്വാധീനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റം മുസ്‌ലിം സ്ത്രീക്ക് തൊഴില്‍ നേടികൊടുക്കുന്നതിലും ഗുണകരമായി. വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണം എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുകയും കഴിഞ്ഞ കാലത്തില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുകയും ചെയ്തു. ഈയടുത്ത കാലത്തായി മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളാണ് കണ്ട് വരുന്നത്. ഇന്ന് ഫാറൂഖ് കോളേജില്‍ 2225 ആണ്‍കുട്ടികളുണ്ടെങ്കില്‍ 2548 പെണ്‍കുട്ടികളാണ് പഠനം നടത്തുന്നത്. 10 എം. ഇ.എസ് സഥാപനങ്ങളില്‍ 1449 മുസ്‌ലിം ആണ്‍കുട്ടികളും 1347 മുസ്‌ലിം പെണ്‍കുട്ടികളും പഠനം നടത്തുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കണ്ട് വരുന്ന പുരോഗതിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.