മുസ്‌ലിം നവോത്ഥാനത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സാഹിത്യത്തിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും സംഘടനയിലൂടെയും സമൂഹത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ മുസ്‌ലിം എഴുത്തുകാരികള്‍ക്ക് കഴിഞ്ഞു. മതത്തിന്റെ പരിപ്രേക്ഷ്യത്തില്‍ കേരളത്തിലെ സാമൂഹ്യഘടനയില്‍ അടിയുറച്ച് നിന്നുകൊണ്ട് സ്വന്തം അവകാശങ്ങള്‍ക്കും സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു നവോത്ഥാനകാല സ്ത്രീ പ്രതിഭകള്‍.
1981-ല്‍ മൈതീന്‍ ബീവിയുടെയും പീര്‍ മുഹമ്മദിന്റെയും മകളായി അടൂരില്‍ ജനിച്ച ഹലീമാ ബീവി സ്ത്രീ നവോത്ഥാനത്തിന്റെ പ്രതീകം തന്നെയായിരുന്നു. പത്ര പ്രവര്‍ത്തക, പ്രഭാഷക, സാമൂഹിക പ്രവര്‍ത്തക, സംഘാടക എന്നീ നിലകളിലൊക്കെ സ്തുത്യര്‍ഹമായ സേവനമാണ് ഹലീമാ ബീവി കാഴ്ച്ചവെച്ചത്. സ്ത്രീകള്‍ക്ക് അക്ഷരങ്ങല്‍ വിലക്കപ്പെട്ട, സാമൂഹിക ജീവിതത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കാലത്താണ് ഹലീമാബീവിയുടെ രംഗപ്രവേശം. സ്ത്രീകള്‍ പുരുഷന്‍മാരെയും കുട്ടികളെയും ആരാധിച്ച് മാത്രം കഴിയേണ്ടവരല്ലെന്നും അങ്ങനെ വന്നാല്‍ അത് സ്ത്രീകളെ ചരിത്രത്തില്‍ നിന്ന് പുറന്തള്ളാനിടയാക്കുമെന്നും അവര്‍ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. സ്ത്രീ പ്രവര്‍ത്തിക്കേണ്ടവളാണെന്ന് മനസ്സിലാക്കിയ അവര്‍ തന്റെ കര്‍മ മണ്ഡലം വിപുലമാക്കി.
വിദ്യാഭ്യാസത്തിലൂടെയും സംഘടനയിലൂടെയും ഏതൊരു സമുദായത്തിനും ഉന്നതിയിലെത്താന്‍ കഴിയും എന്ന ചരിത്ര സത്യത്തെക്കുറിച്ച് ഹലീമാബീവിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്ത്രീവിദ്യാഭ്യാസം നേടണം. എന്നാല്‍ വിദ്യാഭ്യാസം കൊണ്ടു മാത്രം സ്ത്രീ ശക്തയാകില്ല. ആവശ്യങ്ങള്‍ വ്യക്തമാക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും സ്ത്രീകള്‍ സംഘടിക്കുന്നത് സ്ത്രീകളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുമെന്നവര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസം നേടിയ അച്ചടക്കമുള്ള സ്ത്രീയെയല്ല അവര്‍ വിഭാവനം ചെയ്തത്; അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ആത്മാഭിമാനമുള്ളവരായി പുലരുകയും ചെയ്യുന്ന സ്ത്രീയെയാണ്.
ഹലീമാ ബീവിയുടെ മിക്ക ലേഖനങ്ങളിലും ചര്‍ച്ച ചെയ്ത വിഷയം മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസമാണ്. പൗരോഹിത്യം വിലക്കിയ സ്ത്രീവിദ്യാഭ്യാസം നടപ്പില്‍ വരുത്തുന്നതിനു വേണ്ടിയാണവര്‍ പ്രധാനമായും വാദിച്ചത്. രാഷ്ട്രത്തിലും സമുദായത്തിലും പൂര്‍ണ്ണ പൗരത്വമുള്ള സ്ത്രീകളെ രൂപാന്തരപ്പെടുത്താനുള്ള ഉപകരണമായി വിദ്യാഭ്യാസത്തെ അവര്‍ കണ്ടു. വിദ്യാഭ്യാസം ഓരോ മുസ്‌ലിമിനും നിര്‍ബന്ധമായിട്ടുള്ളതാകുന്നു എന്ന ഹദീസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് തെറ്റായി വ്യാഖ്യാനിച്ച പണ്ഡിതന്‍മാരെ അവര്‍ ചോദ്യം ചെയ്യുന്നു. ഇല്‍മ് എന്ന വാക്കിന് സങ്കുചിതമായ അര്‍ത്ഥം കൊടുത്ത പണ്ഡിതന്‍മാരോട് അറിവിന് ലൗകികം മതപരം എന്ന വേര്‍തിരിവ് ഖുര്‍ആനും നബിയും നല്‍കിയിട്ടില്ലെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. മതത്തിനകത്ത് തങ്ങള്‍ക്കുള്ള അവകാശങ്ങളെ തിരിച്ചറിയാന്‍ കൂടി വിദ്യാഭ്യാസം നിര്‍ബന്ധമാണെന്ന് സ്ത്രീകളെ ആഹ്വാനം ചെയ്യുന്നു. അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനും ഇസ്‌ലാമിലെ സമത്വമെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കാനും കൂടിയാണ് സ്ത്രീ വിദ്യാഭ്യാസം നേടുന്നത്.
ഇസ്‌ലാമിന്റെ തത്വ സംഹിതകളെ കൂട്ടുപിടിച്ചുകൊണ്ട് കുടുംബത്തിലും സമുദായത്തിലും സ്ത്രീകളുടെ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമമാണ് ഹലീമാ ബീവി നടത്തിയത്. പത്ര പ്രവര്‍ത്തന രംഗത്തും സംഘടനാ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ അവര്‍ക്കായിട്ടുണ്ട്.
കേരള മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മറ്റൊരു സ്ത്രീരത്‌നമാണ് വി. എസ് കാസിം. ബി മിസ്ത്രസ്സ്. 'മുസ്‌ലിം മിത്രം' മാസികയില്‍ പ്രസിദ്ധീകരിച്ച 'മുസ്‌ലിം സ്ത്രീകളും വിദ്യാഭ്യാസവും' എന്ന ലേഖനം കേരളത്തിലെ സാമൂഹ്യ ഘടനയുടെ വിശകലനമാണ്. പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കളെ അവര്‍ വിമര്‍ശിക്കുകയും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണങ്ങളായി മാത്രം സ്ത്രീകളെ കാണുന്ന പുരുഷാധിപത്യ പ്രവണതയെ നിഷേധിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെ സ്ത്രീത്വം നിലനിര്‍ത്തി രക്ഷിക്കാനുള്ള പരിശീലനം ലഭിക്കും. സ്ത്രീ പുരുഷന്‍മാരുടെ ജീവിത രീതിക്ക് വിഭിന്നത കല്‍പിച്ചിട്ടുണ്ടെന്നല്ലാതെ അവരുടെ അന്തസ്സിനും അവസ്ഥക്കും യാതൊരു ഏറ്റത്താഴ്ച്ചയും ഇസ്‌ലാം മതം നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കാസിം മിസ്ത്രസ്സ് ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളാണ് ആയിഷ മായനും നടത്തുന്നത്. പുരുഷന്റെ ചാപല്യങ്ങള്‍ക്കുള്ള ഉപകരണമല്ല സ്ത്രീയെന്നും സ്ത്രീയും പുരുഷനും ഇരട്ടകളെപ്പോലെ തുല്യരാണ് ഇസ്‌ലാമിലെന്നും ആയിഷാ മായന്‍ ശക്തമായ ഭാഷയില്‍ സമര്‍ത്ഥിക്കുന്നു.
സമകാല മുസ്‌ലിം സ്ത്രീ എഴുത്തുകാരികളില്‍ ശ്രദ്ധേയയാണ് ഡോ.ഷംഷാദ് ഹുസൈന്‍. കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക സാന്നിദ്ധ്യത്തെയും ചരിത്രത്തെയും നാട്ടുഭാഷയുടെയും ആഖ്യാനത്തിന്റെയും കാഴ്ച്ചപ്പാടിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ഷംഷാദ് ഹുസൈന്‍ നടത്തുന്നത്. വാമൊഴിയെന്ന സാംസ്‌കാരിക സാമഗ്രിയെ ഒരു പ്രധാന ഉപാദാനമായി സ്വീകരിച്ചുകൊണ്ട് സംസ്‌കാര പഠന രംഗത്തും സ്ത്രീ പഠന രംഗത്തും സാന്നിദ്ധ്യമുറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡോ. ഷംഷാദ് ഹുസൈന്റെ വിലപ്പെട്ട സംഭാവനയാണ് 'ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍' എന്ന കൃതി. 1950-60 കാലഘട്ടത്തില്‍ രചനകള്‍ നടത്തിയ ഒട്ടേറെ മുസ്‌ലിം സ്ത്രീകളെ ഈ കൃതിയില്‍ അവര്‍ കാണിച്ചു തരുന്നു. കഥകളും ഏകാങ്കങ്ങളുമെഴുതിയവരാണ് തങ്കമ്മ മാലിക, നെസിയാബി എന്നിവര്‍. എം. ഹലീമാ ബീവി, അന്‍സാര്‍ ബീഗം, പി.കെ സുബൈദ, ബി.എസ് സൈദ, ഫാത്തിക്കുട്ടി മദനിയ്യ, രാജമ്മ യൂസുഫ്, മറിയം ബീവി മരയ്ക്കാര്‍, ആയിഷ മായന്‍ എന്നിങ്ങനെ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച മുസ്‌ലിം സ്ത്രീകളെ ഈ കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീ എഴുത്തുകാരികള്‍ കടന്നുവരുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം മുതലാണ്. ഗാര്‍ഹികജീവിതത്തിന്റെ അകത്തളം വിട്ട് പുറത്തുകടക്കാന്‍ സ്ത്രീകള്‍ പൊതുവെ വിമുഖരായിരുന്നു. ആംഗല വിദ്യാഭ്യാസം കേരളത്തിന്റെ സാമൂഹിക ഘടനയില്‍ പുതിയ ചിന്തകള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും അതിന്റെ ഫലമായുണ്ടായ പുതിയ ചിന്താധാരകളെയും ഭയാശങ്കകളോടെ കണ്ടിരുന്ന മുസ്‌ലിം സമുദായവും അതില്‍ നിന്ന് വിട്ടു നിന്നു. മതപരമായ അറിവിലൊതുങ്ങിയിരുന്നു അന്ന് മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസം. മലബാറില്‍ നാട്ടിന്‍ പുറങ്ങളിലുണ്ടായിരുന്ന ഓത്തു പള്ളികളായിരുന്നു അവര്‍ക്ക് അക്ഷര വെളിച്ചം നല്‍കിയിരുന്നത്. അറബിയിലും അറബി മലയാളത്തിലും മതപഠനം നടത്തിയിരുന്ന ഈ ഓത്തു പള്ളികളില്‍ നിന്ന് ലഭിച്ച വിദ്യാഭ്യാസത്തിന്റെ സംഭാവനയായിരുന്നു ആദ്യകാല കല്ല്യാണപ്പാട്ടുകാരികള്‍. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ മാതാവ് കുഞ്ഞാമിന, പത്‌നി ഫാത്തിമക്കുട്ടി തുടങ്ങിയവര്‍ ആ കാലഘട്ടത്തിലെ കല്ല്യാണപ്പാട്ടുകാരികളായിരുന്നു. പൊതുസമൂഹത്തിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് ഈ കല്ല്യാണ സദസ്സുകള്‍ ആദ്യത്തെ ചവിട്ടു പടിയായി. നടുത്തോപ്പില്‍ ആയിശ, കുണ്ടില്‍ കുഞ്ഞാമിന, സി.എച്ച് കുഞ്ഞായിശ, പി.കെ ഹലീമാ ബീവി തുടങ്ങിയ മാപ്പിളപ്പാട്ടുകാരികളെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. അന്നത്തെ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ ആഘോഷങ്ങള്‍ക്ക് പൊലിമ പകരുന്നവരായിരുന്നു ഈ കല്ല്യാണപ്പാട്ടുകാര്‍. അതോടൊപ്പം തന്നെ സാമൂഹികാവസ്ഥയോടുള്ള പ്രതികരണങ്ങളും അവരുടെ പാട്ടുകളില്‍ തെളിഞ്ഞിരുന്നു.
മലയാളത്തിലെ മുസ്‌ലിം എഴുത്തുകാരികളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരിയാണ് ഡോ: ഖദീജാ മുംതാസ്. അമ്മ മനസ്സിന്റെ ശക്തിയും പ്രസാദവും ആവിഷ്‌കരിക്കുന്ന 'ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന്' ആണ് അവരുടെ ആദ്യ നോവല്‍. മലയാള സ്ത്രീ രചനകളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത കൃതിയാണ് 'ബര്‍സ'. ഇസ്‌ലാമിക സ്ത്രീവാദത്തോട് അടുത്തു നില്‍ക്കുന്നതാണ് ബര്‍സയിലെ പ്രമേയം. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവലാണ് ഖദീജാ മുംതാസിന്റെ 'ആതുരം'. ശരീര ശാസ്ത്രത്തിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ മാതൃത്വത്തിന്റെ ശാരീരികാവസ്ഥകളെയും വിസ്മയങ്ങളെയും അവതരിപ്പിക്കുന്ന കൃതിയാണ് 'മാതൃകം'. പുരുഷ കേന്ദ്രീകൃതമായ ലോകത്തില്‍ സംസ്‌കാരം, രാഷ്ട്രീയം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീ എത്തിപ്പിടിച്ച ലോകത്തെ കുറിച്ചുള്ള രചനയാണ് 'പുരുഷനറിയാത്ത സ്ത്രീ മുഖങ്ങള്‍'. വേദനകള്‍ക്കും സഹനങ്ങള്‍ക്കുമൊപ്പം നിശ്ശബ്ദമായ ചെറുത്തുനില്‍പ്പിലൂടെ സ്വന്തം ഇടം കണ്ടെത്തുന്ന സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള രചനകളാണ് ഖദീജാ മുംതാസിന്റേത്.
കേരളത്തിലെ ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങള്‍ക്കും സാമൂഹികാധഃപതനത്തിനുമെതിരെ തന്റെ രചനകളിലൂടെ വീറോടെ ശബ്ദിച്ച ലളിതാംബിക അന്തര്‍ജനത്തിന്റെ ശബ്ദമാണ് കേരള മുസ്‌ലിം സമൂഹത്തില്‍ ബി.എം സുഹറയ്ക്കുള്ളത്. കിനാവ്, മൊഴി, ആകാശ ഭൂമികളുടെ താക്കോല്‍, ഇരുട്ട്, നിലാവ്, പ്രകാശത്തിനു മേല്‍ പ്രകാശം, ഭ്രാന്ത്, ഒരു വേനലിന്റെ അന്ത്യം, ആരോട് ചൊല്ലേണ്ടൂ നാം എന്നിവയാണ് പ്രധാന കൃതികള്‍. ജീവിതം പലര്‍ക്കായി വീതം വെച്ച് സ്വയം ജീവിക്കാന്‍ അവസരം കിട്ടാതെ പോകുന്നവരാണ് കേരളത്തിലെ സ്ത്രീകളില്‍ ഏറിയ പങ്കും. പുരുഷാധിപത്യമുള്ള മുസ്‌ലിം സമുദായത്തിലാകട്ടെ ഇത്തരക്കാരുടെ എണ്ണം കൂടുതലും. ബി.എം സുഹറയുടെ കഥകളിലെ വീട്ടമ്മമാര്‍ പലരും ഇത്തരത്തിലുള്ളവരാണ്. നല്ല മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി ജീവിക്കുന്ന ബദ്ധപ്പാടിനിടയില്‍ പല സ്ത്രീകളും ജീവിക്കാന്‍ മറുന്നു പോകുന്നു. നല്ല കുടുംബിനി എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന അവര്‍ അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഒരുക്കമാണ്. ഇത്തരം സ്ത്രീകളാണ് സുഹറയുടെ കഥകളിലെ തെളിച്ചമുള്ള കഥാപാത്രങ്ങള്‍.
ബി.എം സുഹറയുടെ കഥയുടെ സമാനമായ പശ്ചാത്തലമാണ് സഹീറാ തങ്ങളുടെ 'റാബിയ' എന്ന നോവല്‍. കവിതാ ലോകത്ത് നേരത്തെ തന്നെ സാന്നിധ്യമുറപ്പിച്ച സഹീറാ തങ്ങളുടെ 'റാബിയ' സയ്യിദ് കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സമുദായത്തിലെ യാഥാസ്ഥിക പൗരോഹിത്യത്തിനും ദുരാചാരങ്ങള്‍ക്കും എതിരെയാണ് 'റാബിയ'യും ശബ്ദിക്കുന്നത്. മാറ്റത്തിന് വേണ്ടി ദാഹിക്കുന്ന പുതിയ തലമുറയുടെ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പൗരോഹിത്യം ശ്രമിക്കുന്നു. സ്ത്രീധനത്തെയും ബഹുഭാര്യത്വത്തെയും ഇവിടെ കര്‍ശനമായി വിമര്‍ശിക്കുന്നു. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോകാന്‍ വിധിക്കപ്പെട്ട, മികച്ച വിദ്യാഭ്യാസവും ലോക പരിചയവും നേടിയ റാബിയയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം.
സ്ത്രീയുടെ അനുഭവങ്ങള്‍ക്ക് എവിടെയും സമാന സ്വഭാവമുണ്ട്. അതുകൊണ്ടാണ് ബി.എം സുഹറയിലും സഹീറാ തങ്ങളിലും ഒരേ പ്രമേയം കടന്നു വരുന്നത്. ഒരു ശരാശരി സ്ത്രീയെ സംബന്ധിച്ചിടത്തോളം ആണും പെണ്ണും ചേര്‍ന്നുണ്ടാകുന്ന കുടുംബ സംഘടന വിലപ്പെട്ടതാണ്. കുടുംബത്തെ വിലപ്പെട്ടതായിട്ടാണ് ഇവരുടെ കഥകള്‍ കാണുന്നത്. ആധുനിക ഫെമിനിസ്റ്റുകളുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ് ഈ നിലപാട്.
പുതു തലമുറയിലെ എഴുത്തുകാരികളില്‍ പ്രമുഖയായ കഥാകാരിയാണ് ഷാഹിന ഇ. കെ. സ്ത്രീയനുഭവങ്ങളുടെ വ്യത്യസ്തങ്ങളായ സാക്ഷ്യപത്രങ്ങളാണ് 'അനന്തപത്മനാഭന്റെ മരക്കുതിരകള്‍' എന്ന കഥാസമാഹാരത്തിലെ പന്ത്രണ്ട് കഥകള്‍. സാമൂഹിക ബോധം പ്രകടിപ്പിക്കുന്നതോടൊപ്പം നല്ല സാമൂഹിക വിമര്‍ശനം കൂടി ഈ കഥകളിലൂടെ ഷാഹിന നടത്തുന്നുണ്ട്.
പത്രലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നേരിട്ട് ഉദ്‌ബോധനം നടത്തി ഹലീമ ബീവിയെപ്പോലുള്ള മഹതികള്‍ സാമുദായിക നവോത്ഥാനത്തിന് പരിശ്രമിച്ചപ്പോള്‍ സാഹിത്യ കൃതികളിലൂടെ സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബി.എം സുഹറയെപ്പോലുള്ള സാഹിത്യകാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക പ്രാതിനിധ്യത്തിനും വഴിമരുന്നിടാനും സാമൂഹിക ദുരാചാരങ്ങളെ ഇല്ലാതാക്കാനും മുസ്‌ലിം സ്ത്രീ എഴുത്തുകാരികള്‍ നടത്തിയ ശ്രമങ്ങള്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ മുഖ്യസ്ഥാനത്ത് അടയാളപ്പെടുത്തേണ്ടവ തന്നെയാണ്.
1. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം- കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം. സി.എന്‍ അഹമ്മദ് മൗലവി.
2. മാപ്പിള വസന്തം ചരിത്രവും വര്‍ത്തമാനവും- എഡി: ഡോ. ഹസ്‌ക്കറലി ഇ.സി
3. അനന്തപത്മനാഭന്റെ മരക്കുതിരകള്‍ ഷാഹിന ഇ.കെ
4. പുരുഷനറിയാത്ത സ്ത്രീ മുഖങ്ങള്‍ - ഖദീജാ മുംതാസ്
5. ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍- ഷംഷാദ് ഹുസൈന്‍
6. റാബിയ- സഹീറാ തങ്ങള്‍
7. ആതുരം ഖദീജാ മുംതാസ്
8. ബര്‍സ - ഖദീജാ മുംതാസ്
9. മാതൃകം - ഖദീജാ മുംതാസ്
10. നിലാവ് - ബി.എം സുഹറ
11. മുഖാമുഖം ബി.എം സുഹറ
12. ഭ്രാന്ത് - ബി.എം സുഹറ
13. ഒരു വേനലിന്റെ അന്ത്യം - ബി.എം സുഹറ
14. മൊഴി - ബി.എം സുഹറ
15. ആകാശ ഭൂമികളുടെ താക്കോല്‍ - ബി.എം സുഹറ
16. ആരോടു ചൊല്ലേണ്ടു നാം - ബി.എം സുഹറ
17. നിഴല്‍ - ബി.എം സുഹറ
18. ഇരുട്ട് - ബി.എം സുഹറ
19. പ്രകാശത്തിനു മേല്‍ പ്രകാശം - ബി.എം സുഹറ
20. മുസ്‌ലിം സാമൂഹ്യ ജീവിതം മലയാള നോവലില്‍ - ജമാല്‍ കൊച്ചങ്ങാടി
21. സ്ത്രീപക്ഷവായനയുടെ മാപ്പിള പാഠാന്തരങ്ങള്‍ - ബാലകൃഷ്ണന്‍ വള്ളിക്കുന്ന്
22. ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന് - ഖദീജാ മുംതാസ്.