ദക്ഷിണേന്ത്യയില്‍ കേരളീയരുടെ വ്യവഹാര ഭാഷ മലയാളമാണ്. ഇവിടെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ബുദ്ധരും ജൈനരുമെല്ലാം ഒരുപോലെ മലയാളം സംസാരിക്കുന്നു. ഇത്തരമൊരു സംസ്ഥാനത്ത് ഉര്‍ദുവിന്റെ വളര്‍ച്ചയും പുരോഗതിയും ആശ്ചര്യകരം തന്നെ.
കേരളത്തില്‍ ഉര്‍ദുവിന് സ്വന്തമായൊരു ചരിത്രമുണ്ട്. ഇന്നത്തെ കേരളം, അന്ന് മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. ഇതില്‍ മലബാര്‍ വിസ്തൃതമായിരുന്നു. ദക്ഷിണേന്ത്യയില്‍ മലബാറിന്റെ ചരിത്രവും സംസ്‌കാരവും പ്രത്യേകം സ്മരണീയമാണ്. പതിനാറാം നൂറ്റാണ്ടിലാണ് കേരളത്തില്‍ ഉര്‍ദു ഭാഷ എത്തിച്ചേരുന്നത്. 1530-ല്‍ കോഴിക്കോടിനടുത്ത് ചാലിയത്ത് പോര്‍ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ട ജയിച്ചടക്കുന്നതിന് സാമൂതിരി രാജാവ് ബീജാപ്പൂര്‍ സുല്‍ത്താന്റെ സൈനിക സഹായം തേടുകയുണ്ടായി. ആയിരണക്കണക്കിന് സൈനികരാണ് ഇതേ തുടര്‍ന്ന് കോഴിക്കോട്ടെത്തിയത്. 1571-ല്‍ ചാലിയം കോട്ട കീഴടക്കിയെങ്കിലും ഇവിടെയെത്തിയ പട്ടാളക്കാര്‍ കുടുംബ സമേതം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമുറപ്പിച്ചു. അവരുടെ മാതൃഭാഷ ദഖ്‌നി ഉര്‍ദുവായിരുന്നു. ഇതോടെ കേരളത്തിലും ഉര്‍ദു ഭാഷയുടെ വേരോട്ടം ആരംഭിച്ചു. ഈ പട്ടാളക്കാര്‍ ഉപയോഗിച്ച ഉര്‍ദു ഭാഷയിലെ പദങ്ങള്‍ മലയാളത്തിലും ഉപയോഗിച്ചു തുടങ്ങി.
ഇന്നും ധാരാളം ഉര്‍ദു പദങ്ങള്‍ മലയാളത്തില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും ആഗമനത്തോടെ ഉര്‍ദു പ്രചാരണം മലബാറില്‍ ഉച്ചസ്ഥായിയിലായി. 1757-ല്‍ പാലക്കാട് സ്വരൂപത്തിലെ ഗവര്‍ണ്ണറായിരുന്ന ഇട്ടി കോമ്പി അച്ചന്റെ സൈനിക സഹായാഭ്യര്‍ത്ഥനയെ തുടര്‍ന്ന് മൈസൂര്‍ സൈന്യം ആദ്യമായി മലബാറിലെത്തി. 1766-ല്‍ ഹൈദരലി മലബാര്‍ കീഴടക്കി. 1773-ല്‍ തന്റെ ഭരണമാരംഭിച്ചു. ഇതോടെ കേരളത്തില്‍ ഉര്‍ദു പ്രചരണം വ്യാപകമായി. ഉര്‍ദു ഭാഷക്കാരായ സൈനിക സമൂഹം സകുടുംബം വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചു.
ഹൈദരലിക്കു ശേഷം ടിപ്പുവാണ് മലബാറില്‍ ഭരണാധികാരിയായത്. അറബി മലയാളത്തിനും അറബിയോടുമൊപ്പം ചില മത പാഠശാലകളില്‍ ഉര്‍ദു പഠനവും ഈ കാലഘട്ടത്തില്‍ ആരംഭിച്ചു. മെല്ലെ മെല്ലെ ഒരു സാഹിത്യ ഭാഷയായി ഉര്‍ദു കേരളത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. ഭാഷയുടെ വളര്‍ച്ചയിലും പുരോഗതിയിലും പ്രസിദ്ധീകരണങ്ങള്‍ക്കുള്ള പങ്ക് നിസ്തര്‍ക്കമത്രെ. എന്നാല്‍ കേരളത്തില്‍ ഒരു ഉര്‍ദു പ്രസിദ്ധീകരണവും നിലവിലുണ്ടായിരുന്നില്ല. ഉര്‍ദു സ്‌നേഹികളാവട്ടെ മൈസൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഉര്‍ദു പ്രസിദ്ധീകരണങ്ങള്‍ വരുത്തി വായിക്കുകയായിരുന്നു.
1841-ല്‍ 'ജാമിഉല്‍ അഖ്ബാര്‍' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രസാധനം ദക്ഷിണേന്ത്യയിലെ ലക്ഷണമൊത്ത ആദ്യ ഉര്‍ദു രചനയുടെ ഉദ്ഘാടനമായി കണക്കാക്കപ്പെടുന്നു. മൗലവി നസീറുദ്ദീന്‍ ഹാശ്മിയുടെ അഭിപ്രായത്തില്‍ ദക്ഷിണേന്ത്യയിലെ ആദ്യ പത്രം 1796-നും 1802-നുമിടയില്‍ പ്രസിദ്ധീകരിച്ച 'ഉംദത്തുല്‍ അഖ്ബാര്‍' ആണ്. മദ്രാസ് യൂണിവേര്‍സിറ്റിയിലെ മുന്‍ ഉര്‍ദു വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ ഹഖ് തന്റെ ഒരു വിമര്‍ശന ലേഖനത്തില്‍ 1847-ല്‍ പ്രസിദ്ധീകരിച്ച 'അഅ്‌സമുല്‍ അഖ്ബാര്‍' ആണ് ദക്ഷിണേന്ത്യയിലെ ആദ്യ പത്രം എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ഈ വിഷയത്തില്‍ ഗവേഷണം നടത്തുമ്പോള്‍ ലഭ്യമാവുന്ന വിവരം 1794-ല്‍ ടിപ്പുസുല്‍ത്താന്റെ കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച 'ഫൗജീ അഖ്ബാര്‍' ആണ് ഉര്‍ദുവിലെ ആദ്യത്തെ പത്രം. ഈ പാക്ഷികമാവട്ടെ പട്ടാളക്കാര്‍ക്കുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു. പട്ടാളക്കാരെ ആവേശ ഭരിതരാക്കുന്ന യുദ്ധതന്ത്രങ്ങളും ചില ഉര്‍ദു/പേര്‍ഷ്യന്‍ കവിതകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പത്രം കേരളത്തിലെ ടിപ്പു സൈന്യത്തിന്റെ ഇടയിലും പ്രചരിച്ചു. മലബാറിലെ സാധാരണക്കാരുടെ മേല്‍നോട്ടവും നികുതി പിരിവും കൊണ്ടോട്ടി ഷാ തങ്ങളില്‍ നിക്ഷിപ്തമായിരുന്നു. ഇദ്ദേഹം മുംബൈക്കടുത്ത കല്യാണില്‍ നിന്നു വന്ന ഒരാളായിരുന്നു. അറബി, ഉര്‍ദു, ഫാര്‍സി ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന തങ്ങള്‍ക്ക് ടിപ്പുസുല്‍ത്താന്‍ ഫൗജീ അഖ്ബാറിന്റെ കോപ്പികള്‍ അയച്ചുകൊടുത്തിരുന്നു.
കേരളത്തിലെ ഉര്‍ദു പത്ര ചരിത്രം ഇവിടംതൊട്ടാരംഭിക്കുന്നു. ടിപ്പുവിനു ശേഷം കേരളത്തിന്റെ ഭരണം ബ്രീട്ടീഷ് മേല്‍ക്കോയ്മക്കു കീഴിലായി. ഈ കാലഘട്ടം വരെയും സംസ്ഥാനത്ത് ഉര്‍ദുവിന് നല്ല പ്രചാരമുണ്ടായി. ഖിലാഫത്ത് പ്രസ്ഥാന കാലത്ത് തഅ്ദീബുല്‍ അഖ്‌ലാഖ്, ഖിലാഫത്ത്, സമീന്ദാര്‍ തുടങ്ങിയ ഉര്‍ദു പ്രസിദ്ധീകരണങ്ങളും ഇവിടെ എത്തിത്തുടങ്ങി. ഖിലാഫത്ത് സമരം ചൂടു പിടിക്കുന്നതിന് ഇത് കാരണമായി.
1921-ലെ മാപ്പിള ലഹള മലബാര്‍ ചരിത്രത്തിലെ രണാങ്കിത സമരമുദ്രയായി എന്നും നിലകൊള്ളും. മുസ്‌ലിംകളെ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുന്നതില്‍ ബ്രിട്ടീഷുകാര്‍ ആനന്ദം കണ്ടെത്തി. ദുഃഖകരമായ ഈ അവസ്ഥയില്‍ മനം നൊന്ത് പഞ്ചാബിലെ ധനാഢ്യനായിരുന്ന മൗലാനാ അബ്ദുല്‍ ഖാദിര്‍ ഖുസൂരി ജംഇയത്ത് ദഅ്‌വത്ത് തബ്‌ലീഗെ ഇസ്‌ലാമിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട്ട് ഒരനാഥാലയം സ്ഥാപിച്ചു. ജെ.ഡി.റ്റി. ഇസ്‌ലാം ഓര്‍ഫനേജാണ് കേരളത്തിലെ ആദ്യത്തെ അനാഥാലയം. ഖുസൂരിയുടെ പുത്രന്‍ മുഹ്‌യിദ്ദീന്‍ ഖുസൂരി കേരള മുസ്‌ലിംകളുടെ ദുരവസ്ഥയെ കുറിച്ച് 'സമീന്ദാര്‍' പത്രത്തില്‍ ലേഖനമെഴുതുകയുണ്ടായി. മലയാളികളാരും ഉര്‍ദു എഴുത്തുകാരായുണ്ടായിരുന്നില്ല. മലയാളിയായ ആദ്യത്തെ ഉര്‍ദു എഴുത്തുകാരന്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി സാഹിബാണ്.
1923 ഫെബ്രുവരി 5ന് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി സമീന്ദാര്‍ ഉര്‍ദു പത്രത്തില്‍ മലബാറിലെ മുസ്‌ലിംകളുടെ ദൈന്യവിലാപം എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'മുസ്‌ലിം' എന്ന മലയാള പത്രത്തിന്റെ പത്രാധിപരായിരുന്നു വക്കം മൗലവി. മൗലവി സാഹിബിന്റെ നേതൃത്വം കേരളത്തിലും ഉര്‍ദു രചനാ രംഗം സജീവമാക്കി.
1931 ആഗസ്റ്റില്‍ സമീന്ദാര്‍ പത്രത്തിന്റെ എഡിറ്റര്‍ മൗലാനാ സഫര്‍ അലി ഖാന്‍ ആദ്യമായി മലബാര്‍ സന്ദര്‍ശനത്തിനെത്തി. തലശ്ശേരി അന്ന് ഉര്‍ദുവിന്റെ താരാട്ടു തൊട്ടിലായി മാറിയിരുന്നു. തലശ്ശേരിയിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന ഹാജി അബ്ദുസ്സത്താര്‍ സേട്ടു സാഹിബും സഹപ്രവര്‍ത്തകരും സഫര്‍ അലി ഖാന്റെ താല്‍പര്യ പ്രകാരം ഉര്‍ദു വികസനത്തിനുള്ള സംഘടന രൂപീകരിച്ചു. 1931 സെപ്തംബര്‍ 5ന് അന്‍ജുമന്‍ ഇസ്‌ലാഹുല്‍ ലിസാന്‍ എന്ന പേരിലാണ് സംഘടന രൂപീകൃതമായത്. 'ചമന്‍' എന്ന പേരില്‍ ഒരു കയ്യെഴുത്തു മാസികയും അംഗങ്ങള്‍ക്കായി വിതരണം ചെയ്തു.
മൗലാനാ സഫര്‍ അലി ഖാന്റെ നിര്‍ദ്ദേശ പ്രകാരം 'നാര്‍ജീലിസ്താന്‍' എന്ന പേരില്‍ നിലവാരമുള്ള ഒരു ഉര്‍ദു പ്രസിദ്ധീകരണവും ആരംഭിച്ചു. സഫര്‍ അലി ഖാന്‍ 'നാര്‍ജീലിസ്താന്‍' എന്ന പേരില്‍ അയച്ച കവിതയാണ് തൂലികക്കും ഈ പേര്‍ നല്‍കുന്നതിന് നിമിത്തമായത്. 1938-ല്‍ ആണ് നാര്‍ജീലിസ്താന്‍ ആദ്യമായി വെളിച്ചം കണ്ടത്. ഇതിന്റെ ഉടമ അബ്ദുല്‍ കരീം സേട്ടുവും എഡിറ്റര്‍ സയ്യിദ് ഹാറൂണ്‍ സാഹിബും ആയിരുന്നു.
1935 ആഗസ്റ്റ് 5ന് 'മലബാറും ഉര്‍ദു ഭാഷയും' (മലബാര്‍ ഔര്‍ ഉര്‍ദു സബാന്‍) എന്ന പേരില്‍ ഉര്‍ദു പത്രമായ 'അല്‍ ജംഇയ്യത്തി'ല്‍ അബ്ദുല്‍ കരീം സേട്ട് അഖ്തര്‍ ഒരു ലേഖനം എഴുതുകയുണ്ടായി. ഇത് ഡല്‍ഹിയില്‍ നിന്നുമുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു. അഞ്ച് ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ നാര്‍ജീലിസ്താന്റെ പ്രസാധനം നിന്നുപോയി. എങ്കിലും കേരളത്തില്‍ ഉര്‍ദുവിന്റെ പ്രചാരണം ശക്തമായിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ അന്‍ജുമന്‍ തര്‍ഖി ഉര്‍ദുവിന്റെ ഘടകങ്ങള്‍ സ്ഥാപിതമായി. ഇതിന്റെ ഭാഗമായി 1943 നവംബര്‍ 7ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ഉര്‍ദു സമ്മേളനത്തില്‍ 'അന്‍ജുമന്‍ തര്‍ഖി ഉര്‍ദു ഹിന്ദ്' മലബാര്‍ ശാഖ രൂപീകൃതമായി. ബാബായേ ഉര്‍ദു ഡോ. അബ്ദുല്‍ ഹഖ് ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലെത്തി. ഇതോടെ അന്‍ജുമന്‍ മുഖപത്രം 'ഹമാരി സബാന്‍' കേരളത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. കേരളത്തെ കുറിച്ചുള്ള ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കാനാരംഭിച്ചുവെന്ന് മാത്രമല്ല മലയാളിയായ ഉര്‍ദു കവി ജ. എസ്.എം. സര്‍വര്‍ സാഹിബ് നിരവധി ലേഖനങ്ങള്‍ ഹമാരി സബാനില്‍ എഴുതി വരികയും ചെയ്തു.
ഇന്ത്യാ വിഭജനത്തോടെ ഉര്‍ദു ഭാഷക്കുണ്ടായ അപചയം കേരളത്തിലും പ്രകടമായി. വളപട്ടണം അബ്ദുല്ല, ഇസ്ഹാഖ് ഫഖീര്‍, എസ്.എം. സര്‍വര്‍ തുടങ്ങിയവരുടെ ശ്രമഫലമായി മൃത പ്രായമായ ഉര്‍ദുവിന് കേരളത്തില്‍ പുനര്‍ജന്മം സിദ്ധിച്ചു. ഇവരുടെയും സി.എച്ച്. മുഹമ്മദ് കോയ, അഹ്മദ് കുരിക്കള്‍ എന്നിവരുടെയും മറ്റും ശ്രമഫലമായി ഉര്‍ദു പരീക്ഷകള്‍ ആരംഭിക്കുകയും 1970-72 കാലഘട്ടങ്ങളില്‍ നിരവധി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉര്‍ദു പഠനം ആരംഭിക്കുകയും ചെയ്തു.
1974 ഫെബ്രുവരി 16ന് കേരള ഉര്‍ദു ടീച്ചേര്‍സ് അസ്സോസിയേഷന്‍ എന്ന പേരില്‍ ഉര്‍ദു അദ്ധ്യാപകരുടെ ഏക സംഘടന രൂപീകൃതമായി. ജൂണ്‍ 1984-ല്‍ കെ.യു.ടി.എ.യുടെ മുഖപത്രമായി ഉര്‍ദു ബുള്ളറ്റിന്‍ പ്രസിദ്ധീകരണമാരംഭിച്ചു. കെ.യു.ടി.എ. ജനറല്‍ സെക്രട്ടറിയായിരുന്ന കളത്തില്‍ അഹ്മദ് കുട്ടിയായിരുന്നു സ്ഥാപക എഡിറ്റര്‍. മുടങ്ങാതെ 62 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു. ഉര്‍ദു ബുള്ളറ്റിന്റെ ഇപ്പോഴത്തെ പത്രാധിപര്‍ ഈ ലേഖകനാണ്.
തലശ്ശേരിയില്‍ മൃത പ്രായമായ ഉര്‍ദുവിന് ജീവന്‍ നല്‍കുന്നതിന് അന്‍ജുമന്‍ ഇസ്‌ലാഹുല്ലിസാന് പുനര്‍ജന്മം നല്‍കി. ആഗസ്റ്റ് 1988-ല്‍ നാര്‍ജീലിസ്താന്‍ പുനഃപ്രസിദ്ധീകരണം ആരംഭിച്ചു. ഇസ്ഹാഖ് ഫഖീര്‍ സാഹിബായിരുന്നു പത്രാധിപര്‍. 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇതും നിലച്ചു.
1971-ല്‍ കോഴിക്കോടിനടുത്ത് ചേന്ദമംഗല്ലൂരിലെ ഉര്‍ദു സ്‌നേഹിയായ ജ. കെ.ടി.സി. വീരാന്‍ സാഹിബ് കേരള ഉര്‍ദു പ്രചാര സമിതി എന്ന സംഘടനക്ക് രൂപം നല്‍കി. 1993-ല്‍ മലബാരി ആവാസ് എന്ന പേരില്‍ ഒരു ദൈ്വമാസിക പ്രചാര സമിതി ആരംഭിച്ചെങ്കിലും 21 ലക്കങ്ങളോടെ അതും നിലച്ചു. കെ.ടി.സി. വീരാന്‍ സാഹിബായിരുന്നു ഇതിനും നേതൃത്വം നല്‍കിയത്.
മലപ്പുറം, മക്കരപ്പറമ്പിലെ പുണര്‍പ്പ യു.പി. സ്‌കൂളിലെ ഉര്‍ദു അദ്ധ്യാപകന്‍ കുഞ്ഞിമുഹമ്മദ് കൂരിമണ്ണിലിന്റെ നേതൃത്വത്തില്‍ 2010 ജൂലൈ മുതല്‍ 'ഝലക്' എന്ന പേരില്‍ ഒരു ഉര്‍ദു ബാലമാസിക പ്രസിദ്ധീകരണം ആരംഭിച്ചു. 16 പേജുകളുള്ള ഝലക് ഇന്നും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ വിനീതനായ ഈ ലേഖകനാണ്.
സംസ്ഥാനത്തെ മിക്ക മത സ്ഥാപനങ്ങളും വിവിധ പേരുകളില്‍ വാര്‍ഷികപ്പതിപ്പുകളും സ്‌പെഷ്യല്‍ പതിപ്പുകളും കയ്യെഴുത്ത് പ്രതികളും ഉര്‍ദുവില്‍ തയ്യാറാക്കി വരുന്നുണ്ട്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേര്‍സിറ്റി, കോഴിക്കോട് മര്‍കസുസ്സഖാഫത്തുസ്സുന്നിയ്യ, ശാന്തപുരം ഇസ്‌ലാമിയാ യൂണിവേര്‍സിറ്റി, എടവണ്ണ ജാമിഅ നദ്‌വിയ്യ, മഞ്ചേരി വേട്ടേക്കാട് ഇസ്‌ലാമിയാ കോളേജ് എന്നീ സ്ഥാപനങ്ങളും ഉര്‍ദു പ്രചരണത്തിനായി പ്രസിദ്ധീകരണങ്ങള്‍ നടത്തിവരുന്നു.
കേരളത്തിലെ ഉര്‍ദു പ്രസിദ്ധീകരണങ്ങളെ കുറിച്ച് ആധികാരിക പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്നാല്‍ ദക്ഷിണേന്ത്യയിലെ ഉര്‍ദു പ്രസിദ്ധീകരണ ചരിത്രത്തില്‍ കേരളത്തിന്റെ സ്ഥാനം നിഷേധിക്കാവതല്ല. ഉര്‍ദു പ്രേമികള്‍ മനസ്സു വെച്ചാല്‍ കേരളത്തില്‍നിന്നു നിലവാരമുള്ള ഒരു ഉര്‍ദു പ്രസിദ്ധീകരണത്തിനുള്ള സാദ്ധ്യത തള്ളിക്കളയാവുന്നതല്ല.