കേരള പത്ര പ്രവര്‍ത്തന ചരിത്രം ആരംഭിക്കുന്നത് 1847 ജൂണ്‍മാസത്തിലാണ്. തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുത്ത് ബാബല്‍ മിഷന്‍ ബംഗ്ലാവിന്റെ വരാന്തയില്‍ കേരളത്തിലെ മലയാളത്തിലെ പ്രഥമ പത്രം പിറന്നുവീണത് അന്നാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിത്യസ്മരണീയനായ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1898) ആയിരുന്നു. പത്രത്തിന്റെ പേര് രാജ്യസമാചാരം. റോയല്‍ സൈസില്‍ ആറുപേജില്‍ പ്രസിദ്ധികരിച്ച പത്രം 1850 ഡിസംബര്‍ വരെ 42 ലക്കങ്ങള്‍ പുറത്തിറങ്ങി. പൂര്‍ണ്ണമായും മിഷനറി താല്‍പര്യത്തോടെയുള്ള പത്രമായിരുന്നു ഇത്.
ആധുനിക വാര്‍ത്താ വിനിമയോപാധികളും പള്ളികളും പള്ളിക്കൂടങ്ങളും ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി ഒരു വിഭാഗം ഉപയോഗിച്ചപ്പോള്‍ മുസ്‌ലിം ജനസാമാന്യം അതില്‍ നിന്ന് പുറം തിരിഞ്ഞുനില്‍ക്കുകയായിരുന്നു. അതിന്റെ കാരണങ്ങള്‍ പലതായിരുനു. സമുദായത്തിന്റെ അഭ്യസ്ത വിദ്യരുടെ സംഖ്യക്കുറവും അതില്‍ തന്നെ പത്രം വായിക്കുവാന്‍ കഴിവുള്ളവരുടെ എണ്ണം വളരെ കുറവും. അങ്ങനെ കഴിവുള്ളവരില്‍ തന്നെ പത്രം വായിക്കുവാന്‍ താല്‍പര്യമുള്ളവരുടെ എണ്ണം വളരെ കുറവുമായിരുന്ന ഒരു കാലഘട്ടത്തിലാണ് മുസ്‌ലിം പത്ര പ്രവര്‍ത്തനത്തിന്റെ കാലം ആരംഭിക്കുന്നത്. സഹോദര സമുദായം പത്രപ്രവര്‍ത്തനത്തില്‍ വളരെ മുന്നോട്ടുപോയിരുന്നു. പരിഷ്‌കൃതമായ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അവരുടെ കുത്തകയായിരുന്നു. അതിനാല്‍ പരസ്യക്കാരുടെ അനുഗ്രഹവും അവര്‍ക്കാണ് ലഭിച്ചത്. മുസ്‌ലിംകളുടെ കൂട്ടത്തില്‍ പത്രത്തില്‍ എഴുതിത്തെളിഞ്ഞ ലേഖകന്മാരും വളരെ കുറവായിരുന്നു. (കേരള മുസ്‌ലിം ഡയറക്ടറി 1960- സി.എച്ച് മുഹമ്മദ് കോയ. പേ. 401)
ഹിദായത്തുല്‍ ഇഖ്‌വാന്‍
കേരള മുസ്‌ലിംകളില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒന്നാമത്തെ അറബി മലയാളം മാസികയാണ് ഹിദായത്തുല്‍ ഇഖ്‌വാന്‍ . മുര്‍ശിദിന്റെ ആമുഖക്കുറിപ്പില്‍ കെ.എം. മൗലവി ഇക്കാര്യം സ്ഥിരീകരിക്കുന്നു. (വാല്യം- 1. ല 1) മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രിയായിരുന്ന ശരീഫ കുഞ്ഞു ബീവിയുടെ ദ്വിദീയ പുത്രനായിരുന്ന അബ്ദുല്ലക്കോയ തങ്ങളാണ് ഇതിന്റെ സ്ഥാപകന്‍. തിരൂരങ്ങാടിയില്‍ ചാലിയകത്ത് അഹ്മദ് നടത്തിയിരുന്ന അമ്മാറുല്‍ ഇസ്‌ലാം ഫീ മഅദിനുല്‍ ഉലൂം എന്ന പ്രസ്സില്‍ നിന്നായിരുന്നു പ്രസ്തുത മാസിക അച്ചടിച്ചിരുന്നത്. ചാലിയകത്ത് ഖുസയ്യ് ഹാജിയും അദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ അലിഹസന്‍ മൗലവിയും പത്രാധിപരെ സഹായിച്ചിരുന്നു. മൂന്നുവര്‍ഷത്തോളമാണ് പ്രസ്തുത മാസിക നിലനിന്നത്. മാപ്പിളമാര്‍ക്കിടയില്‍ ആത്മീയ ഭൗതിക വിദ്യാഭ്യാസം പ്രചരിപ്പിക്കാനും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ഹിദായത്തുല്‍ ഇഖ്‌വാന്‍ സരളമായ ഭാഷയില്‍ മുസ്‌ലിംകളെ ഉല്‍ബോധിപ്പിച്ചിരുന്നു.
1908 ല്‍ അബ്ദുല്ലക്കോയ തങ്ങള്‍ അന്തരിച്ചു.
തുഹ്ഫത്തുല്‍ അഖ്‌യാര്‍ വ ഫിദായത്തുല്‍ അശ്‌റാര്‍
കേരള മുസ്‌ലിംകളില്‍ പ്രമുഖനായിരുന്ന സയ്യിദ് സനാഉല്ലാ മഅ്ദനി തങ്ങള്‍ 1892 ല്‍ തുഹ്ഫത്തുല്‍ അഖ്‌യാര്‍ വ ഹിദായത്തുല്‍ അശ്‌റാര്‍ എന്ന പേരില്‍ ഒരു പാക്ഷികം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം നല്ല നിലയില്‍ നടന്ന ആ പത്രവും നിലച്ചുപോയി. അടുക്കള വിട്ടുപോയില്ല-അറിവുള്ളോരെ കണ്ടില്ല- കിതാബൊന്നും പഠിച്ചില്ല-ഫത്‌വക്കൊന്നും മുട്ടില്ല. പത്രത്തിന്റെ ഈ മുഖലിഖിതത്തില്‍ നിന്ന് തന്നെ പത്രത്തിന്റെ ശൈലിയും ആദര്‍ശവും വളരെ വ്യക്തമാണ്
മണിവിളക്ക്
ആലപ്പുഴയിലെ പ്രമുഖ വര്‍ത്തക പ്രമുഖനായിരുന്ന ആദം സേട്ടുസാഹിബിന്റെ പുത്രനാണ് സുലൈമാന്‍ മൗലവി. ബഹുഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, ചികിത്സകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു അദ്ദേഹം. മൗലവി ആലപ്പുഴയില്‍ ദര്‍സ് നടത്തിയിരുന്നു. വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവി, കൊച്ചിയിലെ അബ്ദുറഹ്മാന്‍ ഹൈദ്രോസ് എന്ന അടിമ മുസ്‌ലിയാര്‍ മുതലായവര്‍ അദ്ദേഹത്തിന്റെ ശിഷ്യ പ്രമുഖരില്‍ പെടുന്നു.
ഹി. 1312 /1894 ല്‍ സുലൈമാന്‍ മൗലവി ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് ആമിറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു ലിത്തോ പ്രസ് സ്ഥാപിച്ചു. ജനങ്ങളെ വായന തല്‍പ്പരരും അതിലൂടെ വിദ്യാസമ്പന്നരുമാക്കുകയായിരുന്നു പ്രസ് സ്ഥാപിച്ചതിന്റെ ലക്ഷ്യം.
ഹി 1317 /1899 ഇസ്‌ലാമിക നവോത്ഥാനവും മുസ്‌ലിം സമുദായത്തിന്റെ പുരോഗതിയും ആഗ്രഹിച്ച് മണിവിളക്ക് എന്ന പേരില്‍ ഒരു അറബി മലയാള മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചു. മൂന്നുവര്‍ഷക്കാലം മുടങ്ങാതെ തുടര്‍ന്നു. ഇസ്‌ലാമിക വിശ്വാസാചാരങ്ങളെ സംബന്ധിച്ചുള്ള ധാരാളം പ്രൗഢ ലേഖനങ്ങള്‍ മണിവിളക്കില്‍ പ്രസിദ്ധീകൃതമായി. ആലപ്പുഴയിലെ പ്രമുഖ പണ്ഡിതനും ജന നേതാക്കളുമായിരുന്ന എന്‍.എം. മുഹമ്മദ് കുഞ്ഞുസാഹിബ്, പി.എസ് മുഹമ്മദ് സാഹിബ്, ആലപ്പുഴ മുഹമ്മദ് കമ്മു സാഹിബ് (വക്കം മൗലവിയുടെ മുസ്‌ലിം പത്രാധിപ സമിതി അംഗം) മുതലായവര്‍ മണിവിളക്കില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. വക്കം മൗലവി സാഹിബ് മുസ്‌ലിം സമുദായം എന്ന തലക്കെട്ടില്‍ പ്രസ്തുത മാസികയില്‍ ഒരു ലേഖന പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ആ വാരിക ഒന്നാം പുസ്തകം പത്താം ലക്കത്തില്‍ ഉലമാക്കളോട് എന്ന തലക്കെട്ടില്‍ സുലൈമാന്‍ മൗലവി ഒരു കുറിപ്പെഴുതിയിരുന്നു. അതില്‍ ഇങ്ങനെ വായിക്കാം.
ഉലമാക്കള്‍ അറബി മലയാളത്തില്‍ നല്ല നല്ല കിതാബുകള്‍ എഴുതി അടിപ്പിക്കണം. സാധുവായ ഞാന്‍ ഉമ്മത്തിന് ഉപകാരമാകത്തക്ക ഒരു പത്രം നടത്തുന്നുണ്ട്. വേണ്ടത്ര പ്രചാരകന്മാരില്ല. എന്നെ ഇഖ്‌ലാസോടുകൂടി സഹായിക്കുന്നത് ആലപ്പുഴയിലും പരിസരങ്ങളിലുമുള്ള ഈ മുസ്ലിം ചെറുപ്പക്കാര്‍ മാത്രമാണ്. നമ്മുടെ ആമിറുല്‍ ഇസ്‌ലാം പ്രസില്‍ നിന്ന് ഇനിമേല്‍ പല വിശേഷ തര്‍ജമകളും അച്ചടിക്കുന്നതാണ്. ഉലമാക്കള്‍ അവ പ്രചിപ്പിക്കുന്നതില്‍ സഹായോത്താശകള്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
സുലൈമാന്‍ മൗലവി അറബി മലയാളത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിയിട്ടുണ്ട്. 1. നബ്ഹത്തുല്‍ കിറാം 2. മഅ്ദിനുസ്സൂറൂര്‍ ഫീ തഫ്‌സീരി സൂറത്തിത്തൂര്‍ 3.വിദ്യാര്‍ത്ഥികള്‍ക്കു ഗ്രാമര്‍ പഠനം അനായാസമാക്കുന്നതിന് വേണ്ടി രചിച്ച യാവാഖുസ്സര്‍ഫ് 4. അഹ്കാമുല്‍ ഹയവാന്‍ ഫില്‍ ഹലാലി വല്‍ ഹറാം. ദക്ഷിണ കേരളത്തില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിനുവേണ്ടി തന്റെ നാവും തൂലികയും സമ്പത്തും ഒരുപോലെ വിനിയോഗിച്ച വ്യക്തിത്വമായിരുന്നു സുലൈമാന്‍ മൗലവിയുടെത്. എഴുത്തുകാരും സമുദായ പ്രവര്‍ത്തകരുമായ പുത്തന്‍ പുരക്കല്‍ മുഹ്‌യുദ്ധീന്‍ സാഹിബ്, മുഹമ്മദ് അബ്ദുല്‍ ഖാദര്‍ സാഹിബ് തുടങ്ങി ധാരാളം ശിഷ്യന്‍മാരെ അദ്ദേഹം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഹി 1388 / 1919 ല്‍ അദ്ദേഹം അന്തരിച്ചു.
സൈതാലിക്കുട്ടി മാസ്റ്റര്‍ (1856-1919)
കേരളത്തിലെ മുസ്‌ലിം നവോത്ഥാന സാരഥികളില്‍ പ്രമുഖനാണ് സി.സൈതാലി മാസ്റ്റര്‍ (തിരൂര്‍) പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, സംഘാടകന്‍, ലിപി പരിഷ്‌കര്‍ത്താവ്, എന്നിങ്ങനെ ബഹുമുഖ മേഖലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചു കിടപ്പുണ്ട്.
തിരൂര്‍ നഗരത്തിന്റെ കിഴക്ക് പുരാതന മുസ്‌ലിം തറവാടായ കണ്ണമാന്‍കടവത്ത് അലവി സാഹിബിന്റെ പുത്രനായി 1856 ല്‍ ജനിച്ചു. പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം അറബി, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടി.ഏതാനും വര്‍ഷം എടവണ്ണ, തിരൂര്‍, വെളിയങ്കോട് എന്നിവിടങ്ങളില്‍ അദ്ധ്യാപക സേവനം ചെയ്തു. പിന്നീട് അദ്ദേഹത്തെ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി നിയമിച്ചു. മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഏറനാട്ടിലും വള്ളുവനാട്ടിലും ഉടനീളം സഞ്ചരിച്ച അദ്ദേഹം വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ പ്രബുദ്ധരാക്കി. വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. അറബി മലയാളം ലിപി പരിഷ്‌കരണത്തെക്കുറിച്ച് അദ്ദേഹം ഗാഢമായി ചിന്തിച്ചു. മലയാള അക്ഷരങ്ങള്‍ക്ക് സമാനമായി അറബി അക്ഷരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സാരമായ പങ്കുവഹിച്ചു. തദാവശ്യാര്‍ത്ഥം അറുപതിലധികം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന തഅ്‌ലീമുല്‍ മുബ്തദിഈന്‍ എന്ന ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു.
1900 പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്‌ലാം സ്ഥാപിക്കുന്നതിന്റെ നേതൃപരമായ പങ്കു വഹിച്ചു. സ്വമേധയാ ഇസ്‌ലാമിലേക്കു കടന്നുവരുന്ന വിശ്വാസികള്‍ക്ക് മതപഠന പരിശീലനം നല്‍കലായിരുന്നു സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. അദ്ദേഹവും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും പണ്ഡിതനുമായിരുന്ന മങ്ങായപ്പുറത്ത് വലിയ മൂപ്പനും പ്രസ്തുത സ്ഥാപനത്തിന്റെ ഉത്ഭവത്തിന് നല്‍കിയ ശ്രമങ്ങള്‍ അവിസ്മരണീയങ്ങളാണ്
പത്ര പ്രസിദ്ധീകരണ രംഗത്തായിരുന്നു മാസ്റ്ററുടെ പ്രധാന ശ്രദ്ധ. ലോക കാര്യങ്ങളെക്കുറിച്ചും ഇസ്‌ലാമിനെ സംബന്ധിച്ചും വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചുമുള്ള യഥാര്‍ത്ഥ ബോധം ജനങ്ങളില്‍ എത്തിക്കുന്നതില്‍ പത്രങ്ങള്‍ നിര്‍വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അക്കാലങ്ങളാല്‍ മുസ്‌ലിം ജനസാമാന്യത്തിന്റെ ഭാഷ അറബി മലയാളമായിരുന്നു. അതുകൊണ്ടുതന്നെ പ്രസിദ്ധീകരണം അറബി മലയാളത്തിലാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തന്നെയുമല്ല മുസ്‌ലിം മതഗ്രനഥങ്ങളെല്ലാം അറബി മലയാളത്തിലായിരുന്നു. ആര്യനെഴുത്ത് വായിക്കുന്നതിനും എഴുതുന്നതിനും പഠിക്കുന്നതിനുമെല്ലാം പണ്ഡിതന്മാരില്‍ ചിലരില്‍ നിന്നുള്ള വിലക്കുണ്ടായിരുന്നു.
പത്രത്തിന്റെ നടത്തിപ്പ് സുഗമമാക്കുന്നതിന് അദ്ദേഹം തിരൂരില്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ കമ്പനി സ്ഥാപിച്ചു രജിസ്റ്റര്‍ ചെയ്തു. താഴെപറയുന്നവരായിരുന്നു അതിന്റെ ഡയറക്ടര്‍മാര്‍
1. മുഹമ്മദ് അക്രം സാഹിബ്, പാട്ടത്തില്‍ മൊയ്തീന്‍കുട്ടി സാഹിബ്, മണ്ടകത്തില്‍ മൊയ്തീന്‍ കുട്ടി സാഹബ്, അണിയാരപ്പുറത്ത് അമ്മുസാഹിബ്, സി. സൈതാലികുട്ടി മാസ്റ്റര്‍, കിഴക്കാം കുന്നത്ത്് അഹ്മദ് സാഹിബ്. അണിയാരത്ത് അമ്മു സാഹിബ് തലശ്ശേരി സ്വദേശിയായിരുന്നു.
ഹിജ്‌റ 1317 മുഹര്‍റം മാസത്തില്‍ 1899 ല്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രത്തിന്റെ പ്രഥമ ലക്കം പുറത്തുവന്നു. ഈ ആധുനിക ലോകത്ത് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിരിക്കെ സംഘടനകള്‍ നടത്തുന്ന പത്രങ്ങള്‍ പോലും വളരെയധികം പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നതെന്ന കാര്യം വ്യക്തമാണല്ലോ. അപ്പോള്‍ ഒരു നൂറ്റാണ്ടിനപ്പുറമുള്ള കാലത്തെക്കുറിച്ച് നമുക്ക് ഊഹിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ ഏതാണ്ട് പിടികിട്ടും. പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് എട്ടുവര്‍ഷം വരെ പത്രം നടത്തി. അറബി മലയാളത്തില്‍ ശുദ്ധഭാഷയില്‍ നടത്തിയിരുന്ന ആ പത്രം ആധുനിക കാലത്തെ ഭാഷ പത്രങ്ങളോട് കിടപിടിക്കുന്നതായിരുന്നു. മാസത്തില്‍ രണ്ട് ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. സലാഹുല്‍ ഇഖ്‌വാന്‍ നാലാം പുസ്തകം ഒന്നാം ലക്കത്തില്‍ ഇങ്ങനെ എഴുതി. നമ്മുടെ സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രം 1317 ഹിജ്‌റ ആദിയാല്‍ തുടങ്ങി. ഏറിയ അരിഷ്ടുകള്‍ എല്ലാം കഴിച്ചുകൂട്ടി !ഒരുവിധത്തില്‍ ഉരുണ്ട് പിരണ്ട് മൂന്നുവയസ്സ് തികഞ്ഞു. നാലാം വയസ്സ് ഇതാ ഇന്നുമുതല്‍ ആരംഭിച്ചിരിക്കുന്നു. ഈ മൂന്നുവയസ്സിനിടയില്‍ മേപ്പടി പത്രം കഴിച്ചുകൂട്ടിയ കഷ്ടങ്ങള്‍ അല്ലാഹു അല്ലാതെ മറ്റാരും അറിയുകയില്ല. ഒന്നാമത്തെ കൊല്ലത്തില്‍ സ്വന്തമായിട്ട് എട്ട് പത്രം നടത്തിയപ്പോള്‍ സ്വന്തം നിവൃത്തി മതിയാകാതെയും മറ്റുള്ളവരാരും യാതൊരു സഹായവും ചെയ്യാതെയും കണ്ടുനിറുത്തി. ഉള്ളതെല്ലാം കുറിയിലും (കുടിശ്ശിക) പെട്ടു. പത്രം അച്ചടിച്ചു തന്നിരുന്ന ആണിയാപ്പുറത്ത് അമ്മു എന്നവര്‍ പങ്കായി ചേര്‍ന്ന് ആ നിലയില്‍ ഒമ്പത് പത്രവും കൂടി ആകെ പതിനേഴ് പത്രം അച്ചടിച്ചുവന്നതില്‍ ആ കൊല്ലം അവസാനിച്ചു. നിശ്ചയപ്രകാരം ആകെ വേണ്ടതായ ഇരുപത്തിനാല് പത്രങ്ങളില്‍ ഏഴ് പത്രം നഷ്ടപ്പെട്ടുവെങ്കിലും മേമ്പൊടി പത്രങ്ങളില്‍ മനുഷ്യര്‍ക്ക് അറിയേണ്ടതായ ഏറിയ കാര്യങ്ങളും വര്‍ത്തമാനങ്ങളും അടങ്ങിയിരുന്നതിനുപുറമെ ഇസ് ലാമിയ്യത്തില്‍ അല്ലാഹു തആലയുടെ സിഫാതുകളില്‍ (ഗുണങ്ങളില്‍) ഒന്നാം നമ്പര്‍ പത്രത്തില്‍ നാല്‍പതും അല്ലാഹു തആലാക്കു ഖുര്‍ആനില്‍ പറയപ്പെട്ട തൊണ്ണൂറ്റി ഒമ്പത് തിരുപേരുകളുടെ വിവരവും ഇതിന്ന സൂറത്തുകളില്‍ ഇതിന്ന തിരുപേരുകള്‍ അടങ്ങിയിരിക്കുന്നുവെന്നും വിവരിച്ചു. ലോകത്തിലെ പ്രധാന സംഭവങ്ങളും പ്രത്യേകിച്ച് തുര്‍ക്കി സുല്‍ത്താന്‍മാരുടെ ഭരണ പരിഷ്‌കാര സംബന്ധമായ വിവരങ്ങളും സ്വലാഹുല്‍ ഇഖ്‌വാനില്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിരുന്ന അബ്ബാസിയ്യാ കാലത്തെ കഥാസമൃദ്ധിയായ ആയിരത്തൊന്ന് രാവുകള്‍ (അല്‍ഫുലൈ ല വലൈല) എന്ന കഥാ സമൃദ്ധി ഖണ്ഡശ്ശയായി പ്രസിദ്ധപ്പെടുത്തിയിരുന്നു.
സമകാലിക പണ്ഡിതന്മാരുടെ ചരമവാര്‍ത്ത റിപ്പോര്‍ട്ടിംഗ് രീതി നമ്മുടെ ഇപ്പോഴത്തെ പത്രങ്ങള്‍ക്കു പോലും മാതൃകയാക്കാവുന്നതാണ്. ഒരു ഉദാഹരണം:
പൊന്നാനിയില്‍ ഇപ്പോള്‍ ഉള്ളവരുടെ മുമ്പത്തെ മഖ്ദൂം സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തങ്ങളുടെ മകനായ കൊങ്ങണം വീട്ടില്‍ ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ ഈ ദുല്‍ഖഅദ് മാസം (ഹി. 1323 1905) പത്തുമായിട്ട് തലശ്ശേരിക്ക് അഞ്ചുകാതം കിഴക്കുള്ള ഉളിയില്‍ എന്ന സ്ഥലത്ത് വെച്ച് മൗത്തായിരിക്കുന്നു. ഇദ്ദേഹം ഇക്കാലത്ത് മലയാളത്തിലുള്ള മുന്തിയ ഉലമാക്കളില്‍ ഒരാളായിരുന്നു എന്നത് ആക്ഷേപമില്ലാത്തതാകുന്നു. എന്നുമാത്രമല്ല, ആ നിലയിലും ഈ ഉലമാക്കള്‍ വേറെ മലയാളത്തില്‍ ഉണ്ടെന്നു കൂടി പറയാന്‍ ശങ്കിക്കുന്നു. ഫിഖ്ഹ്, തസ്വവ്വുഫ്, ഹഖാഇഖ്, ത്വിബ്ബ് മുതലായ ഇല്‍മുകളില്‍ അദ്ദേഹം സമര്‍ഥനായിരുന്നു. പല അറബി കിതാബുകളും മൗലീദുകളും തര്‍ജിമകളും ഉണ്ടാക്കിയിട്ടുണ്ട്. ഏതായാലും നിര്‍ഭാഗ്യവാന്‍മാരായ നമുക്ക് ഇത് വലിയ നഷ്ടവും വ്യസനവും തന്നെയാണെന്ന് തീര്‍ച്ചയത്രെ. എല്ലാവരും മയ്യിത്ത് നമസ്‌കരിക്കേണ്ടതാകുന്നു. (സ്വലാഹ് വാള്യം 8.ലക്കം. 2) ജനങ്ങളുടെ വിചാരമണ്ഡലം വിശകലനംചെയ്ത് അതിന് അനുരോധമായി തന്ത്രങ്ങളോടെ പരിഷ്‌കരണ രംഗത്തിറങ്ങുകയാണ് ഒരു നവോത്ഥാന നായകന്റെ ഉത്തരവാദിത്തം. ഖുതുബ പരിഭാഷ ഇന്നും അവസാനിക്കാത്ത വിവാദമാണല്ലോ. അക്കാലത്ത് അതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി കൈകൊണ്ട നടപടിക്രമം ശ്രദ്ധിക്കുക.
ആദ്യമായി പത്രത്തില്‍ പള്ളിപ്പുറം ലേഖകന്‍ ഖുത്ബ പരിഭാഷ ആവശ്യമെന്ന് ശക്തിയായി വാദിച്ചുകൊണ്ട് ലേഖനമെഴുതുന്നു. അതുകണ്ടപ്പോള്‍ പത്രവായനക്കാരായ അന്നത്തെ മതപണ്ഡിതന്മാര്‍ അതേക്കുറിച്ച് ചിന്തിക്കുന്നു. അതേ തുടര്‍ന്ന് അനുകൂലമായ പലേ റിപ്പോര്‍ട്ടുകളും പല ഭാഗങ്ങളില്‍ നിന്നും വരുന്നു. തെക്കന്‍ കര്‍ണ്ണാടകത്തില്‍ കുഞ്ഞാലി ശെറൂരിന്റെ ഉത്സാഹഫലമായി പുത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ രണ്ടുമാസത്തോളമായി വെള്ളിയാഴ്ച ഖുതുബ തര്‍ജിമ ചെയ്ത് ഓതിക്കുന്നത് കൊണ്ട് ജുമുഅക്ക് വളരെ ആളുകള്‍ ഏറിയിരിക്കുന്നു. (സ്വലാഹ്-വാല്യം 3 ലക്കം 14) അങ്ങാടിപ്പുറം ലേഖകന്‍ എഴുതുന്നു. അങ്ങാടിപ്പുറത്ത് കക്കൂത്ത് പള്ളിയില്‍ ജുമുഅത്ത് ഖുതുബ തര്‍ജമയാക്കി ഓതുന്നതിനാല്‍ കച്ചേരിപ്പടിക്കലും മറ്റുമുള്ള ജുമുഅത്ത് പള്ളികളില്‍ ജുമുഅക്ക് കൂടുന്നവരില്‍ പലരും കക്കൂത്ത് പള്ളിക്കല്‍ വന്നുകൂടുന്നതായി അറിയുന്നു. (വാ 3 ലക്കം- 7. 1901 ആഗസ്റ്റ് 3)
കൊച്ചി തക്കറാവില്‍ തോട്ടുമുഖത്ത് പുത്തന്‍ വീട്ടില്‍ പൊന്നാനി വലിയ സിയാറത്തിങ്കല്‍ സയ്യിദ് അബൂബക്കര്‍ ഇബ്‌നു അബ്ദുഹ്മാനില്‍ ഹൈദ്രോസ് വലിയ കോയക്കുട്ടി തങ്ങള്‍ എഴുതുന്നു.
പള്ളിപ്പുറം ലേഖകന്റെ അഭിപ്രായം വായിച്ചതില്‍ എന്റെ അഭിപ്രായം താഴെപ്പറയുന്നു. ജുമുഅയുടെ ഖുതുബ മലയാള വാക്കില്‍ ചിലത് ഞാന്‍ തര്‍ജമ ചെയ്തു ഓതിച്ചു നോക്കിയതില്‍ ആമ്മീങ്ങളായ ജനങ്ങള്‍ മിക്കതും ദീന്‍ കാര്യത്തില്‍ പേടിച്ചതായും ഇബാദത്തില്‍ ഉത്സാഹമുള്ളതായും കാണുന്നു. ഖുതുബ തര്‍ജമ ചെയ്ത് പോകുന്നതാണ് നല്ലതെന്നതിന് ഇതിനെ ഒരു ശാഹിദാകുന്നു. അത് കൊണ്ട് മലയാള വാക്കില്‍ തെറ്റുകൂടാതെ ഖുതുബ തര്‍ജമ ചെയ്യുന്ന ഉത്തരവാദം സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രാധിപര്‍ ഏല്‍ക്കുന്നതായാല്‍ എന്റെ അധീനത്തിലുള്ള സകല പള്ളികളിലും ഓരോന്ന് എടുക്കുന്നതും തര്‍ജമക്കും അച്ചടിക്കും വേണ്ടി വരുന്ന ചെലവിലേക്ക് ഓരോ ജുമുഅത്ത് പള്ളിയുടെ അവസ്ഥ പ്രകാരം അഞ്ചുറുപ്പിക മുതല്‍ പത്ത് ഉറുപ്പിക വരെയും എന്റെ സ്വന്തം അഞ്ചുറുപ്പികയും കൊടുപ്പാന്‍ നിശ്ചയിച്ചതില്‍ പത്രാധിപരുടെ തീര്‍പ്പ് തൃപ്തിയായി കണ്ടാല്‍ പകുതിയും തര്‍ജമ അടിച്ചുകിട്ടിയാല്‍ ബാക്കിയും അടച്ചുകൊടുപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു.(പു. 2 ല. 7, 7-12-1900) ആധുനിക ശാസ്ത്ര വിദ്യയിലേക്ക് മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നതിനായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അല് മുഅയ്യിദ്, റിവ്യൂ ഓഫ് റിലീജിയന്‍സ്, ഹെല്‍ത്ത് മാഗസിന്‍ മുതലായ അറബി ഇംഗ്ലീഷ് പത്രങ്ങളില്‍ നിന്നും വിവര്‍ത്തനം ചെയ്ത് സ്വലാഹില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ അന്നത്തെ പ്രശസ്തരായ പണ്ഡിതന്മാരും നേതാക്കളും പ്രസ്തുത പത്രത്തില്‍ ലേഖനങ്ങള്‍ എഴുതുകയും ഫത്‌വകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ചാലിലകത്ത് അബ്ദുല്ല മൗലവി, ശുജാഇ മൊയ്തു മുസ്‌ലിയാര്‍, ആമിനുമ്മാന്റകത്ത് പരീകുട്ടി മുസ്‌ലിയാര്‍ (താനൂര്‍) മലപ്പുറം മേല്‍മുറി മാടമ്പി അലവി മുസ്‌ലിയാര്‍, സനാഉല്ല മക്തി തങ്ങള്‍, കൊക്കൂര്‍ മൊയ്തുണ്ണി മുസ്‌ലിയാര്‍, ശൈഖ് മാഹീന്‍ ഹമദാനി തങ്ങള്‍ തുടങ്ങിയവരെല്ലാം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
പത്രത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്തിരുന്ന രീതിക്ക് ചില ഉദാഹരണങ്ങള്‍:
മെയ് മാസത്തെ ഇന്ത്യന്‍ ലേഡീസ് മാഗസിനില്‍ പല വിഷയങ്ങളെപറ്റിയും എഴുതിയ കൂട്ടത്തില്‍ ഉമ്മമാര്‍ കുട്ടികളെ വളര്‍ത്തേണ്ടുന്ന ക്രമങ്ങളെ വിവരിച്ചുകൊണ്ട് ഒരു ലഖു ലേഖനം എഴുതിക്കാണുന്നുണ്ട്. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ഉമ്മമാര്‍ മുലയൂട്ടുന്നതിനെ ഊന്നി പറഞ്ഞുകൊണ്ട് ലേഖനം തുടരുന്നു.
കോഴിക്കോട് കണ്ണൂൂര്‍ തീവണ്ടിപാതയുടെ പണിയിപ്പോള്‍ തലശ്ശേരി വരെ ഏകദേശം തീരുകയും ഒക്ടോബര്‍ മാസം ഒന്നാം തീയ്യതി മുതല്‍ക്ക് വടകര വരെ വണ്ടി ക്രമമായി ഓടുകയും ചെയ്തിരിക്കുന്നു. (1/10/1901)
മറ്റൊരു വാര്‍ത്ത ഇങ്ങനെ: ഡല്‍ഹിയില്‍ വച്ച് ഈയിടെ ഇന്ത്യ ചക്രവര്‍ത്തി അവര്‍കളുടെ പട്ടാഭിഷേകം കൊണ്ടാടിയ സമയം കല്‍ക്കത്തയില്‍ വച്ച് മൂന്നു വെള്ളക്കാര്‍ ഒരു ആകാശപ്പന്തില്‍ കയറി മേല്‍പ്പോട്ട് പറന്ന് ആയിരം അടി ഉയരംവരെ പൊങ്ങിയ ശേഷം കീഴ്‌പോട്ട് ഇറങ്ങിയിരിക്കുന്നു.
അമുസ്‌ലിം സുഹൃത്തുക്കളുടെ കച്ചവട സംബന്ധമായ പരസ്യങ്ങളും അറബി, മലയാളത്തിലുള്ള പ്രസ്തുത പ്രസിദ്ധീകരണത്തിലുണ്ട്. ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍ സ്വലാഹുല്‍ ഇഖ്‌വാനില്‍ കൊടുത്ത ഒരു പരസ്യം താഴെ ഉദ്ധരിക്കുന്നു. തഫ്‌സീര്‍, ഫിഖ്ഹ്, സീറ, താരീഖ് മുതലായ കിതാബുകളെ അറബി ഭാഷയില്‍ നിന്ന് മലയാള ഭാഷയില്‍ തെറ്റുകൂടാതെ തര്‍ജുമ ചെയ്യുവാനും അറബി മലയാളം എഴുതാനും അറിയുന്ന ഒരാളെ ആവശ്യമുണ്ട്. തല്‍ക്കാല്‍ മാസത്തില്‍ പത്തുറുപ്പികയും യോഗ്യത പോലെ അയിമ്പതുറുപ്പിക വരെയും കൂട്ടിക്കൊടുക്കുന്നതുമാകുന്നു. ഇഷ്ടമുള്ളവര്‍ കൊച്ചി മട്ടാഞ്ചേരി മഹ്ഇറയില്‍ ശൈഖ് മാഹിന്‍ ഹമദാനി എന്നവര്‍ക്ക് എഴുതി അയച്ചാല്‍ മതിയാകുന്നതാകുന്നു.
ലോക ഇസ്‌ലാമിക ചലനങ്ങളെയും സാംസ്‌കാരിക ജീവിതത്തെയും മലയാളി മുസ്‌ലിമിന് പരിചയപ്പെടുത്തിയ സ്വലാഹുല്‍ ഇഖ്‌വാന്‍ 8 വര്‍ഷം ജ്വലിച്ച ശേഷം 1906 ല്‍ ചരിത്രത്തിന്റെ ഭാഗമായി.
അദ്ദേഹം ഹിജ്‌റ 1327/1909 ല്‍ റഫീഖുല്‍ ഇസ്‌ലാം എന്ന പേരില്‍ അറബി മലയാളത്തില്‍ ഒരു പ്രതിപക്ഷ പത്രം കൂടി ആരംഭിച്ചു. രണ്ടുവര്‍ഷക്കാലം മാത്രമേ അതിന് പിടിച്ചുനില്‍ക്കാല്‍ കഴിഞ്ഞുള്ളു.
അക്കാലത്ത് മാപ്പിള സമുദായത്തില്‍ നടമാടിയിരുന്ന മതവാദ പ്രതിവാദങ്ങളില്‍ അസ്വസ്ഥനായി അദ്ദേഹം എഴുതിയ ഒരു കുറിപ്പ് കാണുക;
'നമ്മുടെ മലയാള ജില്ല മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുന്‍കാലം തന്നെ വാദപ്രതിവാദങ്ങളില്‍ നിന്ന് സ്വൈര്യം ലഭിച്ചതായി കാണുന്നില്ല. കൊണ്ടുവട്ടി സമൂഹക്കാരെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ കഴിഞ്ഞുപോയ മഖ്ദൂം തങ്ങള്‍ മുതല്‍ക്ക് ഒരു നിലയില്‍ ഇരിക്കുന്നു. കോഴിക്കോട്ട് ഈ കൈമുട്ടുകാരുടെയും കൈമുട്ടു ഇല്ലാത്തവരുടെയും വാദപ്രദിവാദം വളരെ പൂര്‍വ്വികമായിട്ടുള്ളതാകുന്നു. അത് ഇപ്പോഴും ഒന്ന് അങ്ങനെയും മറ്റൊന്ന് ഇങ്ങനെയും തന്നെ ഇരിക്കുന്നു. ഖൈബിന്റെ കൂട്ടം, കഴിഞ്ഞുപോയ താന്നിരൂര്‍ (താനൂര്‍) അബ്ദുഹ്മാന്‍ ശൈഖ് അവര്‍കളുടെ മരണം മുതല്‍ക്ക് അടങ്ങിയിരിക്കുന്നു. വളപട്ടണത്തിലെ വഹ്ദത്തുല്‍ വുജൂദ് ഇപ്പോള്‍ പുറത്തില്ല. കണ്ണൂരിലെ അഹമ്മദിയത്ത് സമൂഹം ഇപ്പോള്‍ കോഴിക്കോട്ടും ഉല്‍ഭവിച്ചിട്ടുണ്ട്. തളിപ്പറമ്പിലെ ലാമൗജൂദ്, മലയാളം, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍ ആകെ പരന്ന് ഇപ്പോള്‍ അടങ്ങിക്കിടക്കുന്നു. കാരക്കാട്ടെ'അല്ലാ' കേസ് ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ ചിലേടത്ത് മുഴങ്ങിക്കളിക്കുന്നു. തിരൂരങ്ങാടിയിലെ ഖിബ്‌ല; മലയാളം ആകെ പ്രസ്താവത്തില്‍ ഇരിക്കുന്നു; പൊന്നാനി വരെ വിരോധത്തില്‍ ആകുന്നു. മക്കത്തും പോയിവന്നിട്ടുണ്ട്. മേപ്പടി സംഘക്കാര്‍ എല്ലാവരും മത സംബന്ധമായ ന്യായത്തില്‍ പ്രവേശിക്കുന്നതല്ലാതെ സമാധാന വിരോധം ഉണ്ടാകാതിരിക്കാന്‍ ആവശ്യപ്പെടുന്നു. (റഫീഖ്: വാല്യം. 2 ലക്കം.4)
സി. സൈദാലിക്കുട്ടി മാസ്റ്ററുടെ പത്രങ്ങള്‍ കേരള മുസ്‌ലിം നവോത്ഥാനത്തില്‍ വഹിച്ച പങ്ക് എക്കാലത്തും അഭിമാനപൂര്‍വം അനുസ്മരിക്കപ്പെടും. 'അങ്ങേയറ്റത്തെ വിനീതനും മതഭക്തനും നിസ്വാര്‍ത്ഥ സമുദായ സേവകനും കവിയും കിടയറ്റ എഴുത്തുകാരനുമായിരുന്നു എന്റെ ഗുരുവര്യനായിരുന്ന സൈദാലിക്കുട്ടി മാസ്റ്റര്‍' എന്നാണ് ഇ. മൊയ്തു മൗലവി അദ്ദേഹത്തെ അനുസ്മരിച്ചത്.
തിരൂര്‍ താലൂക്കിലെ മംഗലം അശം ദേശത്ത് തച്ചറക്കല്‍ എന്ന വീട്ടില്‍ മത്വ്ബഅത്തുല്‍ ഇസ്‌ലാമിയ എന്ന പേരില്‍ ഒരു അറബി മലയാളം ലിത്വോ പ്രസ് അദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
സ്വലാഹുല്‍ ഇഖ്‌വാനില്‍ പരമ്പരയായി എഴുതിക്കൊണ്ടിരുന്ന മുസ്‌ലിംകളും പുതിയ വിദ്യഭ്യാസവും, മുസ്‌ലിംകളും ശാസ്ത്രവും എന്നിവ പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് 1908ല്‍ പ്രസിദ്ധപ്പെടുത്തിയ മതവിജ്ഞാന രശ്മി.
വെളിയങ്കോട്ട് ഭാര്യ ഗൃഹത്തില്‍ വെച്ച് 1919 നവംബര്‍ 17 ന് അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായി.
അല്‍ ഇസ്‌ലാം
കേരള മുസ്‌ലിം നവോത്ഥാന സാരഥികളില്‍ പ്രധാനിയായിരുന്നു വക്കം മൗലവി. 1336 റജബ് 1918 ല്‍ കായിക്കരയില്‍ നിന്ന് അല്‍ ഇസ്‌ലാം അറബി മലയാള മാസിക പ്രസിദ്ധീകരിച്ചു. വക്കം മൗലവിയുടെ നാടായ വക്കത്ത് അല്‍ ഇസ്‌ലാം ലിത്തോപ്രസില്‍ നിന്നായിരുന്നു മാസിക അച്ചടിച്ചിരുന്നത്. ഒന്നാം ലക്കത്തില്‍ തഫ്‌സീറുകള്‍, ഖുര്‍ആനുല്‍ ഹകീം (സൂറത്തുല്‍ ഫാതിഹ), പ്രസ്താവന നമ്മുടെ അവസ്ഥ, അല്‍ ഇസ്‌ലാഹ്, ദീനി സ്വഭാവ സംസ്‌കരണം നമ്മുടെ സ്ത്രീകള്‍, അസ്സ്വലാത്ത് (നമസ്‌കാരം) പദ്യങ്ങളുടെ തര്‍ജമ, വര്‍ത്തമാനക്കുറിപ്പുകള്‍, പരസ്യങ്ങള്‍ എന്നീ തലക്കെട്ടുകളിലായാണ് വിഷയം ക്രമീകരിച്ചിരിക്കുന്നത്. പത്രാധിപര്‍ക്ക് പുറമെ, കെ. മുഹമ്മദ് യൂസുഫ് തങ്ങള്‍ (തിരുവനന്തപുരം), ഇ. മൊയ്തുമൗലവി തുടങ്ങിയവര്‍ സ്ഥിരം ലേഖകരായിരുന്നു പ്രഥമ ലക്കം മുഖക്കുറിപ്പില്‍ നിന്ന്: മലയാളി മുസ്‌ലിംകളുടെ മത സംബന്ധവുമായ ഈ ശോചനീയമായ നിലകളെ പരിഷ്‌കരിക്കേണ്ട ആവശ്യകതയെക്കുറിച്ച് അവരുടെ ഇടയില്‍ പൊതുവായ ഒരു ഉണര്‍വ് ഉണ്ടായാല്‍ മാത്രമേ അതിലേക്കുള്ള ശ്രമങ്ങള്‍ അവരുടെ ഇടയില്‍ പരക്കെ ഉണ്ടാവുകയുള്ളു. 'മുസ്‌ലിം മാസികയില്‍ നിന്ന് അല്‍ ഇസ്‌ലാം അറബി മലയാളത്തിലേക്ക് മാറ്റിയതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു. 'എന്നാല്‍ ഏതാനും കാലം ഈ പത്രിക നടത്തിയതിന്റെ ഫലമായി മലയാള അക്ഷരദ്വാര പുറപ്പെടുന്ന ശബ്ദം സമുദായത്തിന്റെ മുന്‍ഭാഗത്ത് നില്‍ക്കുന്ന ഏറ്റവും ചെറിയ ഒരു സംഘത്തില്‍ മാത്രം എത്തുന്നതല്ലാതെ സമുദായത്തിന്റെ ഉള്ളില്‍ കടന്ന് ചെല്ലുന്നില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. എന്തെന്നാല്‍ മലയാള മുസ്‌ലിംകളൊക്കെ മലയാള ഭാഷ സംസാരിക്കുന്നവര്‍ തന്നെയാണെങ്കിലും അതിനെ അന്യഭാഷയെന്ന നിലയിലാണ് അവര്‍ വിചാരിച്ചുപോന്നിട്ടുള്ളത്. തന്നിമിത്തം ആ ഭാഷയില്‍ നൈപുണ്യം സമ്പാദിക്കുവാനുള്ളതല്ലെന്ന കാര്യം അവരുടെ ഇടയില്‍ ഉണ്ടായില്ലെങ്കിലും നിത്യോപയോഗത്തിനും അതു കൂടാതെ കഴിയുകയില്ലെന്നിരുന്നതുകൊണ്ട് ഈ വിചാരം എഴുതപ്പെടുന്ന മലയാള ലിപികളെയാണ് അധികം ബാധിച്ചത്. ഇതിന്റെ ഫലമായിട്ടാണ് അറബി മലയാള അക്ഷരം അവരുടെ ഇടയില്‍ ഉത്ഭവിച്ചിട്ടുള്ളത്. നവീന വിദ്യാഭ്യാസവുമായി ഇടപെട്ടിരുന്നവരും നവീന പരിഷ്‌കാര വായു തട്ടിയിട്ടുള്ളവരുമായ ചുരുക്കം ചിലരൊഴികെ സമുദായത്തില്‍ ഭൂരിഭാഗം ജനങ്ങളും മലയാള അക്ഷരത്തില്‍ എഴുതപ്പെടുന്നവയില്‍ കോടതി സംബന്ധിച്ചോ കച്ചവടം മുതലായ ജീവിതാവശ്യങ്ങള്‍ സംബന്ധിച്ചോ ഉള്ള എഴുത്തുകുത്തുകള്‍ ഒഴികെ മറ്റു യാതൊന്നും വായിക്കുവാന്‍ അത്ര കൗതുകമുള്ളവരല്ല. സംഗതി എത്ര ഗൗരവമുള്ളതായിരുന്നാലും മലയാള ലിപിയില്‍ എഴുതപ്പെട്ടിരുന്നാല്‍ അതിനെ വിലക്കുവെക്കുന്നവര്‍ തന്നെ അവരുടെ ഇടയില്‍ നന്നേ ചുരുങ്ങും. മതസംബന്ധമായ വിഷയങ്ങള്‍ മലയാളം അക്ഷരത്തില്‍ എഴുതുന്നത് ഒരു മതനിന്ദയാണെന്ന് കൂടിയും വിചാരിക്കുന്നവര്‍ ഇപ്പോഴും കുറവല്ല. മത സംബന്ധമായി ഓരോ പ്രത്യേക സ്ഥാനമുള്ളതായി വിചാരിക്കുന്നവരില്‍ അധിക പേരും ഈ അക്ഷരം വായിക്കുവാന്‍ ശീലമില്ലാത്തവരാണ്. ഈ സ്ഥിതിയില്‍ മലയാള അക്ഷരത്തില്‍ നടത്തെപ്പെടുന്ന മാസികകളോ പത്രങ്ങളോ കൊണ്ടുമാത്രം സമുദായത്തിലുള്ള എല്ലാതരം ആളുകളുടെയും ശ്രദ്ധയെ ഉണര്‍ത്തുവാന്‍ കഴിയുകയില്ലെന്ന് അനുഭവം കൊണ്ടുതന്നെ നിശ്ചയമായി. അറബി മലയാള അക്ഷരമാണെങ്കില്‍ അതില്‍ എഴുതപ്പെടുന്ന ഏതും വായിക്കുന്നതിന് ആര്‍ക്കും വിരോധമില്ലെന്ന് മാത്രമല്ല, അക്ഷരത്തിന്റെ രൂപ സാമ്യം കൊണ്ട് അറബി ഭാഷയോട് ഈ ബഹുമാനം ഏതാണ്ട് അതിനോടുമുണ്ട്. അധികം ആളുകളും വിശേഷിച്ച് കൂടി അത് വായിക്കുവാന്‍ ശീലമുള്ളവരാണ്.
അറബി മലയാളത്തില്‍ പ്രസിദ്ധീകരണം ആരംഭിക്കാനുള്ള കാരണങ്ങളാണ് മുഖ ലേഖനത്തില്‍. തുടര്‍ന്ന് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഫാതിഹ സമഗ്രമായി അവതരിപ്പിക്കുന്നു. നമ്മുടെ അവസ്ഥ എന്ന ലേഖനത്തില്‍ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് ഇങ്ങനെ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഉല്‍ക്കര്‍ഷ ബോധമാകുന്ന വിദ്യുച്ഛക്തിയാല്‍ ചലിപ്പിക്കപ്പെടാത്ത യാതൊരു സമുദായ യന്ത്രത്തെയും ഇന്ന് ലോകത്തില്‍ എവിടെയും കാണ്‍മാന്‍ കഴിയുന്നില്ല. ചുറ്റുമുള്ള അവസ്ഥകള്‍ക്ക് യോജിക്കാത്ത വിധത്തില്‍ ജീവിക്കുന്ന ഏതൊരു സമുദായവും ലോകത്തില്‍ അഗണ്യകോടിയില്‍ തള്ളപ്പെടുമെന്നുള്ള അശരീരി ശബ്ദം ജനസമുദായ മന്ത്രത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടന്നവരെപ്പോലും ഉണര്‍ത്തിയിരിക്കുന്നു. ഇതിനിടയില്‍ നമ്മുടെ അവസ്ഥ എന്ത്? ലോകത്തില്‍ ഈ കോലാഹലങ്ങള്‍ക്കൊന്നും നമ്മെ നമ്മുടെ ദീര്‍ഘ നിദ്രയില്‍ നിന്ന് ശരിയായി ഉണര്‍ത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിദ്യഭ്യാസ വിഷയത്തിലുള്ള നമ്മുടെ അലസത കണ്ടാല്‍ നാം വിദ്യാ വിഷയത്തില്‍ പിന്നോക്കം വീണു പോയിരിക്കുന്നു എന്ന സംഗതി തന്നെ നാം ഇതേ വരെ അറിഞ്ഞിട്ടില്ലെന്നോ അഥവാ നാം അതിനെ ഒരു കുറവായി ഗണിച്ചിട്ടെല്ലെന്നോ തോന്നും.
സമുദായം വിദ്യഭ്യാസം അവഗണിച്ചിട്ടുള്ളതിന്റെ പരിഭവവും വിദ്യനേടി പ്രബുദ്ധരാകേണ്ടതിനുള്ള ആവശ്യകതയും അതിനാവശ്യമായ നിര്‍ദ്ദേശങ്ങളും നിരത്തിയാണ് ആലോചന അവസാനിപ്പിക്കുന്നത്.
മൂന്നാം ലേഖനം ഇസ്‌ലാഹുദ്ദീനെക്കുറിച്ചാണ്. ഈ പദം കേള്‍ക്കുമ്പോഴേക്കും മത പരിഷ്‌കരണ വാദികള്‍ എന്ന് ആക്ഷേപിക്കുന്നവരുടെ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുന്നുണ്ട് ലേഖകന്‍.
നമ്മുടെ സ്ത്രീകള്‍ എന്ന ലേഖനത്തില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന സര്‍വ്വ പ്രയാസ മണ്ഡലങ്ങളെയും പഠനവിധേയമാക്കുന്നു. 'സ്ത്രീകളെ കൈയക്ഷരം പഠിപ്പിക്കുന്നതില്‍ വിരോധമില്ലെന്നുകാണിക്കുന്ന സ്വഹീഹായ ഹദീസിരിക്കുമ്പോള്‍ അതിനെ വിട്ട് സ്വഹീഹായ സംശയത്തില്‍ ആക്ഷേപം ചെയ്യപ്പെട്ടിട്ടുള്ള ആദ്യം പറഞ്ഞ ഹദീസിനെത്തന്നെ പിടിച്ചുനില്‍ക്കുന്നതിന്റെ അര്‍ത്ഥമെന്ത്?
അടുത്ത ലക്കത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെടുന്ന ഇസ്‌ലാമിക് റിവ്യൂ എന്ന ഇംഗ്ലീഷ് മാസികയില്‍ കിദ്‌വായി എഴുതിയ ലേഖനം ഇസ്‌ലാം മതവും സ്ത്രീകളും എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു ലക്കത്തില്‍ സ്ത്രീകളെ കയ്യെഴുത്തുപഠിപ്പിക്കാമോ എന്ന ഒരു ലേഖനവുമുണ്ട്. സ്ത്രീകളുടെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും പ്രോല്‍സാഹനങ്ങളും അല്‍ ഇസ്‌ലാമിന്റെ എല്ലാ ലക്കങ്ങളിലുമുണ്ട്.
അല്‍ ഇസ്‌ലാം വായിച്ചാല്‍ ഈമാന്‍ നഷ്ടപ്പെട്ടുപോവുമെന്ന പണ്ഡിതന്മാരുടെ ആഹ്വാനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തക്ക മറുപടിയും നല്‍കുന്നു. 5 ലക്കം മാത്രം പ്രസിദ്ധീകരിച്ച മാസികയും പിന്നീട് ചരിത്രത്തിലേക്ക് വീണുപോയി.
അല്‍ ഇര്‍ഷാദ്
കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ രൂപീകരണത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ എറിയാടില്‍ നിന്ന് 1342 റമദാനി (1923) ല്‍ ആരംഭിച്ച അറബി മലയാള പ്രസിദ്ധീകരണമാണ് അല്‍ ഇര്‍ഷാദ്. ജനാബ് ഇകെ. മൗലവി പത്രാധിപരും മണപ്പാട് കുഞ്ഞഹമ്മദ് ഹാജി പ്രസാധകനുമായിരുന്നു. പതിനാല് ലക്കങ്ങള്‍ മാത്രമേ ഇര്‍ഷാദ് പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ. അല്‍ ഇര്‍ഷാദ് പ്രഥമ ലക്കത്തിലെ പ്രസ്താവന താഴെക്കൊടുക്കുന്നു
'ലോകത്തുള്ള എല്ലാ മുസ്‌ലിംകളും ഒരു വിധമല്ലെങ്കില്‍ മറ്റൊരു വിധം കഷ്ടനഷ്ടങ്ങളും ക്ലേശങ്ങളും അനുഭവിച്ചുവരുന്നുണ്ടെന്ന് ഇന്നത്തെ ലോക വര്‍ത്തമാനങ്ങള്‍ നമ്മെ ഭയപ്പെടുത്തിരിക്കുന്നു. വിശിഷ്യാ കേരള മുസ്‌ലിംകള്‍ അവരുടെ സര്‍വ ശ്രേയസ്സിനും കാരണമായ മത തത്വങ്ങളെ വിസ്മരിച്ചുകൊണ്ട് പരസ്പരം കലഹിക്കുന്നു. സഹോദരങ്ങളുടെ നാശക്കുഴി കുഴിപ്പാന്‍ സര്‍വ വിധ പരിശ്രമങ്ങളും ചെയ്യുന്നു. മറ്റു സമുദായങ്ങളുടെ ഉയര്‍ച്ചയും അഭിവൃതിയും കണ്ടിട്ട് യാതൊരു വികാരങ്ങളും അവരുടെ ഹൃദയങ്ങളില്‍ അങ്കുരിക്കുന്നില്ല. അവര്‍ സഹോദരങ്ങളുടെ തുച്ഛമായ അഭിവൃദ്ധിയില്‍ അസൂയപ്പെടുന്നു. അവന്റെ നാശത്തിനുള്ള മാര്‍ഗങ്ങളെ കണ്ടുപിടിക്കുന്നതിന് ഒരു വലിയ തത്വജ്ഞാനിയുടെ ചിന്താ ശക്തി പ്രേരിപ്പിക്കുന്നു. അന്യന്റെ ശക്തിമത്തായ അഭിവൃദ്ധിയില്‍ തൃപ്തിപ്പെടുന്ന നാം സഹോദരന്റെ നിസ്സാരമായ ഉയര്‍ച്ചയില്‍ എന്തിനാണ് അസ്സൂയപ്പെടുന്നത്. ഇമ്മാതിരി അവര്‍ണ്ണനീയമായ ചപലതകള്‍ നമ്മില്‍ ഒന്നായി കൂടുവാനും തന്നിമിത്തം നാം തന്നെ നശിക്കുവാനും ഉള്ള പ്രധാന കാരണം ഇസ്‌ലാം മതത്തിന്റെ യഥാര്‍ത്ഥ തത്വങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ്. നമ്മുടെ സമുദായ ലോകത്തിന്റെ മര്‍മങ്ങള്‍ കണ്ടുപിടിച്ച് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്.
കേരള മുസ്‌ലിം സഹോദരങ്ങളെ, ഇന്നത്തെ നമ്മുടെ അവസ്ഥ എന്താണ്?. ഇതര സമുദായങ്ങളെ അപേക്ഷിച്ച് ഇഹലോക ജീവിതത്തിന് ആവശ്യമായ വിദ്യ നമുക്കില്ലെന്നുതന്നെ പറയാം. ധനം ഉണ്ടെങ്കിലും അതിനെ ചിലവഴിക്കുവാനുള്ള ഉത്തമ മാര്‍ഗം നാം കാണാത്തതുകൊണ്ട് ധനം ഇല്ലാത്ത സമുദായങ്ങളെക്കാള്‍ പണക്ലേശം നമ്മുടെ സമുദായം അനുഭവിക്കുന്നു. മുസ്‌ലിം എന്ന മഹത്തായ നാമം നമ്മെ വിട്ടുപിരിഞ്ഞു. മാപ്പിളയും കച്ചിമേമനും ജോനകനും റാവുത്തനും പട്ടാണിയും മുഹമ്മദനും തുലുക്കനും മേത്തനുമായി രൂപഭേദപ്പെട്ടു. ഓരോ വ്യത്യാസങ്ങള്‍ പറഞ്ഞ് പരസ്പരം ആഭിജാത്യം നടിക്കുന്നു. ഇവരെല്ലാവരും ഏകദേശം മ്ലേഛന്‍മാരും നിന്ദ്യന്‍മാരുമാണെന്ന് ഇതര സമുദായങ്ങള്‍ സധൈര്യം ഘോഷിക്കുന്നു. ഈ അടുത്ത സന്ദര്‍ഭങ്ങളില്‍ നമ്മുടെ എത്ര സഹോദരങ്ങള്‍ കഴുമരത്തില്‍ തൂങ്ങി. നമ്മുടെ എത്ര സഹോദരങ്ങള്‍ തോക്കിന്നിരയായി. എത്ര പേര്‍ കാരാഗ്രഹത്തിലടക്കപ്പെട്ടു. എത്ര പേര്‍ ആന്തമാനില്‍ നാടുകടത്തപപെട്ടു. എത്ര പേര്‍ ശ്വാസം മുട്ടി മരിക്കേണ്ടിവന്നു. എത്ര പേര്‍ മാസാന്ത വരി അടക്കുവാന്‍ നിര്‍ബന്ധിതരായി. എത്ര സഹോദരികള്‍ പതിവ്രതാ ധര്‍മത്തെ കൈവെടിഞ്ഞു. എത്ര പേര്‍ ചാരിത്ര്യ ശുദ്ധിയെ പരിപാലിക്കുവാന്‍ വേണ്ടി ആത്മഹത്യ ചെയ്തു. ഓമന സന്താനങ്ങളെ എടുത്തുകൊണ്ട് പ്രാണ രക്ഷക്കായി ഓടിയിരുന്ന അബലകളെയും കുട്ടികളെയും മെഷീന്‍ ഗണ്ണിന് ഇരയാക്കപ്പെട്ടു. മുസ്‌ലിംകളായ നാം കേവലം വ്യാജ ചരക്കുകളെപ്പൊലെ ലൈസന്‍സ് കൂടാതെ പുറത്തിറക്കുവാന്‍ പാടില്ലാത്തതായി. സര്‍വ ഭാഗ്യവും തികഞ്ഞിരുന്നവരാണെന്ന് അഭിമാനിച്ചിരുന്ന സഹോദരീ സഹോദന്‍മാര്‍ക്ക് പാര്‍ക്കുവാന്‍ പുരയില്ല. കിടക്കാന്‍ ഇടമില്ല. ഉടുപ്പാന്‍ വസ്ത്രമില്ല, ഉറങ്ങുവാന്‍ ധൈര്യമില്ല. കുടിപ്പാന്‍ ശുദ്ധജലം പോലുമില്ല. എന്തിനേറെ പറയുന്നു. ലോകത്ത് ഇതേവരെ നടന്ന ദുഷ്‌കര്‍മ്മങ്ങളുടെയും ഏതാണ്ടൊരു മാതൃക നമ്മുടെ സഹോദരങ്ങള്‍ അനുഭവിച്ചുു എന്ന് തീര്‍ച്ചയായും പറയാം. സഹോദരങ്ങളെ, ഈ ഭയങ്കര സംഭവങ്ങള്‍ നമ്മുടെ ഓര്‍മയില്‍ നിന്ന് വിട്ടുപോകുന്നതിന് മുമ്പ് മേലില്‍ ഇങ്ങനെ വരാതിരിക്കേണ്ടതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കുവിന്‍. 'മാകുന്നാ മുഹ് ലികില്‍ കര്‍യ ഇല്ലാ വ അഹ്‌ലുഹാ ളാലിമൂന്‍ (രാജ്യ നിവാസികള്‍ ദ്രോഹികളായിരിക്കുന്ന സന്ദര്‍ഭത്തിലല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുകയുണ്ടായിട്ടില്ല) എന്ന അല്ലാഹുവിന്റെ കല്‍പ്പനയിലെ താല്‍പര്യപ്രകാരമാണ് നാം ഈ കഷ്ടതകള്‍ അനുഭവിച്ചതെങ്കില്‍ മേലില്‍ ഇത്തരം ഹലാക്കുകള്‍ വരാതിരിക്കുവാന്‍ സൂക്ഷിക്കേണ്ട കടമയും നമ്മില്‍ സ്ഥിതി ചെയ്യുന്നുണ്ട്. 'കുന്‍തും ഖൈറു ഉമ്മത്തിന്‍ ഉഖ്‌രിജത്തിലിന്നാസി തഅ്മുറൂന ബില്‍ മഅ്‌റൂഫി വ തന്‍ഹൗന അനില്‍ മുന്‍കരി വയുഅ്മിനൂന ബില്ലാ' (നിങ്ങള്‍ ജനങ്ങളുടെ ഗുണത്തിന് വേണ്ടി ഉത്ഭവിക്കപ്പെട്ട സമുദായങ്ങളില്‍ വെച്ച് അത്യുത്തമ സമുദായമാകുന്നു. നിങ്ങള്‍ ഉപദേശിക്കുകയും ദുഷ്‌കര്‍മങ്ങളെ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യും) എന്ന ആയത്ത് പ്രകാരം നാം ഖൈറു ഉമ്മത്ത് ആണെങ്കില്‍ ഇത്ര ഭയങ്കര ശിക്ഷ നാം എങ്ങനെ അനുഭവിക്കുന്നു. ഖൈര്‍ ഉമ്മത്തിന്റെ മേല്‍ ഇപ്രകാരമുള്ള കഠിന ശിക്ഷ ആദില്‍ ആയ റബ്ബുല്‍ ആലമീന്‍ വിധിക്കുമോ? ഈ ചോദ്യത്തിന് അല്ലാഹു ആദില്‍ അല്ലെന്നോ നാം ഖൈറു ഉമ്മത്ത് അല്ലെന്നോ സമ്മതിക്കേണ്ടിവരും. അല്ലാഹു ആദിലല്ലെന്ന് പറയുവാന്‍ യാതൊരു മാര്‍ഗവുമില്ല. അപ്പോള്‍ നാം ഖൈറു ഉമ്മത്തല്ലെന്ന് നാം സമ്മതിക്കേണ്ടി വരും. ഇനി നാം ഖൈറു ഉമ്മത്ത് ആവണമെങ്കില്‍ മേല്‍ പറഞ്ഞ ആയത്തിന്റെ താല്‍പര്യ പ്രകാരം അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ഉപദേശിക്കുകയും ദുഷ്‌കര്‍മങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യും. ഇക്കാര്യ നിര്‍വഹണത്തിന് ഓരോ വീടുകളിലോ സ്ഥലങ്ങളിലോ പോയി പ്രവര്‍ത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ പത്രം മുഖേന ഇക്കാര്യം നടത്തുന്നത് വളരെ സൗകര്യമാണെന്ന് പറയേണ്ടതില്ലല്ലോ. 'മുസ്‌ലിം ഐക്യ സംഘം' ഈ ഉദ്ദേശ്യത്തോടുകൂടിയാണ് 'മുസ്‌ലിം ഐക്യം' മാസിക നടത്തി തുടങ്ങിയതെന്ന് ഞങ്ങള്‍ക്കറിയാം. കേരള മുസ്‌ലിങ്ങളില്‍ ഭൂരിഭാഗത്തിനും പരിചയമില്ലാത്ത മലയാള ലിപികളിലും ഗംഭീര ഭാഷയിലും മുസ്‌ലിം ഐക്യം നടത്തപ്പെടുന്നതുകൊണ്ടും ഖുര്‍ആന്‍ ഹദീസ് മുതലായ മഹല്‍വാക്യങ്ങള്‍ അവകളുടെ യഥാര്‍ത്ഥ സ്ഥിതിയില്‍ എഴുതുവാന്‍ നിവര്‍ത്തിയില്ലാത്തതുകൊണ്ടും അതുകൊണ്ടുദ്ദേശിക്കപ്പെട്ട ഫലം പൂര്‍ണ്ണമായി ഉണ്ടായില്ലെന്ന് വ്യസന സമേതം സമ്മതിക്കുന്നു. എന്നാല്‍ അല്‍ ഇര്‍ഷാദാകട്ടെ, കേരളീയരില്‍ മിക്കപേര്‍ക്കും സ്ത്രീപുരുഷ ഭേദം കൂടാതെ അറിയാവുന്ന അറബി മലയാള അക്ഷരത്തിലും ലളിതഭാഷയിലും നടത്തുവാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടുള്ളത് കൊണ്ട് മേല്‍പറഞ്ഞ ന്യൂനതകള്‍ പരിഹരിക്കപ്പെടുമെന്നും നമ്മുടെ മഹത്തായ ഉദ്ദേശ്യം സാധിക്കുവാന്‍ റബ്ബ് അനുഗ്രഹിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ഭാഷാ ശുദ്ധിയേക്കാള്‍ വിഷയ ശുദ്ധിയാണ് വിലമതിക്കുന്നത്. കേരള മുസ്‌ലിംകളില്‍ ഭൂരിഭാഗം ജനങ്ങളും കേവലം അപരിഷ്‌കൃതമായ ഒരു ഭാഷയാണ് സംസാരിച്ചുവരുന്നത്. തന്നെയുമല്ല, പരിഷ്‌കൃത ഭാഷ അവര്‍ക്ക് ഹാസ്യ രസമായും തീര്‍ന്നിട്ടുണ്ട്. ഈ സ്ഥിതിയില്‍ ഭാഷാ ശുദ്ധിയെ സര്‍വപ്രധാനമായി ഗണിച്ചാലുണ്ടാകാവുന്ന ഫലം വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. അത് കൊണ്ട് ഞങ്ങളുടെ ലേഖകന്‍മാര്‍ ആശയ ശുദ്ധിയിലാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തിക്കൊള്ളുന്നു.
അല്‍ ഇര്‍ഷാദില്‍ ഇസ്‌ലാം മത വിരുദ്ധമായി അഥവാ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായി ഒന്നും തന്നെ ഞങ്ങള്‍ മനപ്പൂര്‍വം ചേര്‍ക്കുന്നതല്ലെന്ന് പ്രത്യേക വാഗ്ദത്തം ചെയ്യുന്നു. ഞങ്ങളുടെ വല്ല പ്രസ്താവനയിലും ടി. വിശ്വാസത്തിന് വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഞങ്ങളെ വഹാബിയും റാഫിഇയുമായി വിധികല്‍പ്പിക്കാതെ ആ തെറ്റിനെ ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ച് തരാന്‍ എല്ലാ മുസ്‌ലിം സഹോദരങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെ ചെയ്യുന്നതായാല്‍ ഞങ്ങളുടെ തെറ്റുകളെ സമ്മതിച്ചു കൊണ്ട് യഥാര്‍ത്ഥത്തെ പ്രസിദ്ധീകരിച്ചു കൊള്ളാം
ഈ മഹത്തായ പരിശ്രമം വളരെ പ്രയാസമുള്ള ഒന്നാണെന്നും ഉത്തമനും പണ്ഡിതനുമായ ഒന്നോ അതിലധികമോ പേര്‍ക്കല്ലാതെ ഞങ്ങളെപ്പോലെയുള്ള അജ്ഞന്മാര്‍ക്ക് ചുമക്കത്തക്ക ഒന്നല്ലെന്നും ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ ഹഖായ മാര്‍ഗത്തില്‍ തുടരുന്നവര്‍ക്ക് മഹാന്മാരുടെ സഹായ സഹകരണം ഉണ്ടാകുമെന്നുള്ള ദൃഢ വിശ്വാസം കൊണ്ട് ഈ ഗൗരവമേറിയ പ്രവര്‍ത്തിക്ക് പുറപ്പെട്ടതാണ്. ഹഖായ മാര്‍ഗത്തിലുള്ള ഞങ്ങളുടെ പരിശ്രമങ്ങളില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുതരുവാന്‍ സവിനയം അപേക്ഷ
അല്‍ ഇര്‍ഷാദില്‍ യാതൊരാളുടെ മുഖം നോക്കാതെ യഥാര്‍ത്ഥ്യങ്ങളെ ഞങ്ങള്‍ തുറന്നുപറയുന്നതാണ്. ആ വക പ്രസ്താവനകളില്‍ ഓരോരുത്തരെ ബാധിക്കണമെന്ന് ഉദ്ദേശിച്ച് ഒന്നും തന്നെ ഞങ്ങള്‍ എഴുതുന്നതല്ല. ഞങ്ങളുടെ പ്രസ്താവനകളില്‍ അടങ്ങിയ വല്ല ദുസ്വഭാവങ്ങളും ഉള്ളവര്‍ ആ വക സ്വഭാവങ്ങളെ മാറ്റുവാന്‍ ശ്രമിക്കുന്നതല്ലാതെ ഞങ്ങളോട് കോപവും വെറുപ്പും വിചാരിച്ച് യാതൊരു നീച വൃത്തിക്കും ഒരുങ്ങരുതെന്ന് സഹോദര ബുദ്ധ്യാ ഉണര്‍ത്തിച്ചുകൊള്ളുന്നു.
ഞങ്ങളുടെ നോട്ടീസ് അനുസരിച്ച് അല്‍ ഇര്‍ഷാദ് റജബില്‍ പുറപ്പെടുവിക്കേണ്ടതിന് പ്രസ് സംബന്ധമായ ചില പ്രതിസന്ധികളാല്‍ സാധിച്ചില്ലെന്ന് വ്യസന സമേതം ഉല്‍ബോധിപ്പിക്കുകയും സര്‍വ ശക്തനായ റബ്ബുല്‍ ആലമീന്റെ കൃപാ കടാക്ഷത്താല്‍ അല്‍ ഇര്‍ഷാദ് മുസ്‌ലിം സഹോദര സന്നിധിയില്‍ ഇതാ സമര്‍പ്പിച്ചുകൊള്ളുന്നു. 'വഫ്ഫഖനല്ലാഹു ലിമറളാതിഹി വലി ബുലൂഗി ഗായത്തിഹി. അല്‍ മര്‍ളിയത്തു ഫീ ഹാദല്‍ അമല്‍ വ ജഅലഹു ഖാലിസന്‍ ലി വജ്ഹിഹി അല്‍ കരീം. ആമീന്‍.'
എന്ന ഇര്‍ഷാദിന്റെ ഈ ആമുഖ ലേഖനത്തില്‍ നിന്ന് അല്‍ ഇര്‍ഷാദിന്റെ ലക്ഷ്യവും മാര്‍ഗവും അത് പ്രാവര്‍ത്തികമാക്കേണ്ടതിന് വേണ്ടി ആസൂത്രണം ചെയ്ത കാര്യങ്ങളെക്കുറിച്ചുമെല്ലാം നമുക്ക് വ്യക്തമാകുന്നതാണ്. അക്കാലഘട്ടങ്ങളില്‍ നടന്ന ഒട്ടുമിക്ക സമ്മേളന വാര്‍ത്തകളും അതില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളും അവയെക്കുറിച്ചും പത്രാധിപര്‍ നടത്തിയിട്ടുള്ള അഭിപ്രായങ്ങളുമെല്ലാം വിവിധ ലക്കങ്ങളില്‍ കാണാവുന്നതാണ്. ഉദാഹരണത്തിലെ ചിലത് മാത്രം.
1924 മെയ് 10,11,12 ദിവസങ്ങളില്‍ മൗലാനാ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യ സംഘം രണ്ടാം വാര്‍ഷിക സമ്മേളനത്തെക്കുറിച്ച വിശദ റിപ്പോര്‍ട്ടും ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സമാജത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളന റിപ്പോര്‍ട്ടും ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ 1925 ഫിബ്രവരി 21,22 ദിവസങ്ങളില്‍ ചേര്‍ന്ന ഒമ്പതാം വാര്‍ഷിക റിപ്പോര്‍ട്ട്, തലശ്ശേരിയില്‍ ചേര്‍ന്ന ഐക്യസംഘം നാലാം വാര്‍ഷിക റിപ്പോര്‍ട്ട്, സമസ്ത കേരള യുവജന കോണ്‍ഫറന്‍സ്, സമസ്ത കേരള മുസ്‌ലിം വിദ്യഭ്യാസ കോണ്‍ഫ്രന്‍സ് എന്നിവകളെക്കുറിച്ചും വിശദ വിവരങ്ങള്‍ പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തലശ്ശേരി സമ്മേളനത്തില്‍ മൗലാനാ മാര്‍ഡ്യൂക് പിക്താള്‍ ചെയ്ത അദ്ധ്യക്ഷ പ്രസംഗം അവലോകനം ചെയ്തുകൊണ്ട് എഴുതുന്നു. 'വിദ്യാഭ്യാസം ലൗകികമെന്നും ദൈവികമെന്നും രണ്ടായി തരം തിരിക്കുന്നത് ഉചിതമല്ലെന്നും മുസ്‌ലിംകളുടെ വിദ്യാഭ്യാസം എപ്പോഴും ഇസ്‌ലാമികമായിരിക്കണമെന്നുമാണ് മൗലാന പറയുന്നത്. ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിക്കുള്ള മാര്‍ഗത്തെ കാണിക്കുവാനായിട്ടാണ് ഇസ്‌ലാം മതം വന്നിട്ടുള്ളത്. ഈ രണ്ട് സംഗതികളും നിര്‍വഹിക്കുവാന്‍ ആവശ്യമായി വരുന്ന എല്ലാ വിദ്യാഭ്യാസവും ഇസ്‌ലാമികമാണ്. സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് നല്ലപോലെ വിവരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പ്രത്യേക പാഠശാലകളും പള്ളികളും ഉണ്ടായിരിക്കണമെന്ന അദ്ധ്യക്ഷന്റെ അഭിപ്രായം പ്രത്യേകം ഗൗനിക്കേണ്ടതാണ്. മുസ്‌ലിംകളുടെ ഭാഷ അറബി ആയിരിക്കേണ്ടതിന്റെ ആവശ്യകതയും മൗലാനാ ഊന്നിപ്പറഞ്ഞതായി അവലോകനം രേഖപ്പെടുത്തുന്നു. വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ മൂന്ന് പ്രമേയങ്ങളാണ് ഉള്ളത്.1. മുസ്‌ലിം പ്രാഥമിക വിദ്യാഭ്യാസം സാര്‍വര്‍ത്രികമാക്കുക. 2. പള്ളി ദര്‍സുകളിലെ സിലബസ് പരിഷ്‌കരിക്കുക. പള്ളി ദര്‍സുകളില്‍ ചേര്‍ക്കുന്നതിനും വിട്ടയക്കുന്നതിനും ചില നിബന്ധനകള്‍ ഉണ്ടാക്കുക. 3. സമുദായ ഫണ്ട് രൂപീകരിക്കുക എന്നിവയാണവ. എറിയാട് മുഹ്‌യുദ്ധീന്‍ ലിത്തോ പ്രസില്‍ നിന്നാണ് ഇര്‍ഷാദ് അച്ചടിച്ചിരുന്നത്.
അല്‍ ഇസ്‌ലാഹ്
കൊടുങ്ങല്ലൂരില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു അറബി മലയാള വാരികയാണ് അല്‍ ഇസ്‌ലാഹ്. ഹിജ്‌റ 1344 റബീഉല്‍ അവ്വലില്‍ (1925 ഒക്ടോബര്‍) പ്രഥമ ലക്കം പുറത്തിറങ്ങിയ അല്‍ ഇസ്‌ലാഹിന്റെ പത്രാധിപര്‍ പ്രമുഖ സ്വാതന്ത്ര്യ സേനാനിയും പണ്ഡിതനുമായിരുന്ന ഇ. മൊയ്തു മൗലവി അവര്‍കളായിരുന്നു. മുസ്‌ലിം ലോക വാര്‍ത്തകളും ഇസ്‌ലാമിക വാര്‍ത്തകളും കെ.എം മൗലവിയുടെ ഫത്‌വകളും അല്‍ ഇസ്‌ലാഹിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. 1347 റബീഉല്‍ അവ്വലില്‍ (1928 സെപ്റ്റംബര്‍) മുതല്‍ അല്‍ ഇര്‍ഷാദ് നിര്‍ത്തുകയും രണ്ടും കൂട്ടിച്ചേര്‍ത്ത് ഒരു പ്രസിദ്ധീരണമായി പുറത്തിറക്കുകയും ചെയ്തു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അല്‍ ഇര്‍ഷാദും അല്‍ ഇസ്‌ലാഹും വഹിച്ച പങ്ക് അവിസ്മരണീയമാണ്.
എറിയാട്ടെ മുഹ്‌യുദ്ദീന്‍ ലിത്തോ പ്രസില്‍ നിന്നാണ് ഇരു മാസികകളും പ്രസിദ്ധപ്പെടുത്തിയത്.
അല്‍ മുര്‍ഷിദ്
കേരള ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണ് തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ മുര്‍ഷിദ് അറബി മലയാളം മാസിക. 1935 ഫിബ്രുവരിയില്‍ പ്രഥമ ലക്കം പത്രാധിപക്കുറിപ്പില്‍ മാസിക അറബി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ കാരണം ഇങ്ങനെ വിശദീകരിക്കുന്നു.'അല്‍ മുര്‍ഷിദ് മലയാള ഭാഷയിലും ലിപിയിലും പുറപ്പെടുവിക്കാതെ അറബി മലയാളത്തില്‍ പുറപ്പെടുവിക്കുവാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളില്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ചും പുരുഷന്‍മാരെപ്പോലെത്തന്നെ മുസ്‌ലിം സ്ത്രീകള്‍ക്കും അറബി മലയാളം വായിക്കാന്‍ സാധിക്കും. രണ്ടാമതായി ആയത്തുകളും ഹദീസുകളും ഉദ്ധരിക്കണമെങ്കില്‍ അറബി മലയാളത്തിലായിരുന്നാലേ സാധിക്കുകയുള്ളു. തുടര്‍ന്ന് മുന്‍ പത്രങ്ങളെ അനുസ്മരിക്കുന്നു.
ജനാബ് ടി. കെ മൗലവി (പാനൂര്‍), പി.കെ. മൗലവി, സി.എ മുഹമ്മദ് മൗലവി (തിരൂരങ്ങാടി) എം.സി.സി സഹോദന്‍മാര്‍, വക്കം പി. മുഹമ്മദ് മൊയ്തീന്‍ സാഹിബ്, പി.വി അബ്ദുല്ലക്കുട്ടി മൗലവി, കെ.സി. കോമുക്കുട്ടി മൗലവി തുടങ്ങി പ്രഗല്‍ഭ പണ്ഡിതന്മാരുടെ ഒരു നിര തന്നെ അല്‍ മുര്‍ഷിദില്‍ എഴുതിയിരുന്നു. എം. സി. സി അഹമ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയും വ്യാഖ്യാനവും പ്രഥമ ലക്കം മുതല്‍ ആരംഭിച്ചിരുന്നു. ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ത്വന്‍ത്വാ ജൗഹരിയുടെ അല്‍ ഖുര്‍ആന്‍ വ ഉലൂമുല്‍ അസ്വരിയ്യ എന്ന ഗ്രന്ഥം ഖുര്‍ആനും ആധുനിക ശാസ്ത്രവും എന്ന പേരില്‍ പി. വി മുഹമ്മദ് മൗലവി വിവര്‍ത്തനംചെയ്ത് അല്‍ മുര്‍ഷിദില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, മൗലാനാ അബുല്‍ ജലാല്‍ നദ്‌വി, അബുല്‍ ഹസന്‍ നദ്‌വി തുടങ്ങിയവരുടെ ലേഖനങ്ങളും അല്‍ മുര്‍ഷിദില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ആധികാരിക ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ അറബി മൂലം കേരളത്തില്‍ ആദ്യമായി ഖണ്ഡശയായി പ്രസിദ്ധീകരിച്ചത് അല്‍ മുര്‍ഷിദാണ്. പ്രമുഖ പണ്ഡിതന്‍ സി. എ മുഹമ്മദ് മൗലവിയുടെ ഇഹ്‌യാഉസ്സുന്ന എം. സി. സി അബ്ദുറഹ്മാന്‍ മൗലവിയുടെ സ്ത്രീ വിദ്യഭ്യാസം, ഹസന്‍ മൗലവിയുടെ ശിശു പരിപാലനം തുടങ്ങിയ പരമ്പരകള്‍ പഠനാര്‍ഹങ്ങളായിരുന്നു.
കെ.എം മൗലവിയുടെ പണ്ഡിതോചിതവും പഠനാകര്‍ഷകങ്ങളുമായ നിരവധി ഫത്‌വകള്‍ എല്ലാ ലക്കങ്ങളിലും മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ കേരളീയ അറബിക്കവികളായ അബ്ദുല്ല നൂറാനി, പി.വി. അബൂ ലൈല, കെ.കെ.എം ജമാലുദ്ദീന്‍ മൗലവി, സി.പി അബൂബക്കര്‍ മൗലവി, ടി. മുഹമ്മദ് തുടങ്ങിയവരുടെ അറബിക്കവിതകളും മാസികയിലൂടെ വെളിച്ചം കണ്ടു.
1939 ഏപ്രില്‍ ലക്കത്തോടുകൂടി 4 വര്‍ഷം പൂര്‍ത്തിയാക്കി അല്‍ മുര്‍ഷിദ് രംഗത്തുനിന്ന് പിന്മാറി. 1949 ല്‍ അല്‍ മുര്‍ഷിദ് വീണ്ടും കെ.എം മൗലവിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചുവെങ്കിലും ഒരുവര്‍ഷം പൂര്‍ത്തിയാക്കി നിലച്ചുപോയി.
അല്‍ ഇത്തിഹാദ്
ബഹുമാന്യനായ ഇ.കെ. മൗലവിയുടെ പത്രാധിപത്യത്തില്‍ ഹിജ്‌റ 1373 ല്‍ ജമാദുല്‍ ഊലായില്‍ (1950 ഫെബ്രുവരി 1 ന്) തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച അറബി മലയാളം മാസികയാണ് അല്‍ ഇത്തിഹാദ് (ഐക്യം). പേരുസൂചിപ്പിക്കുന്നതുപോലെ ഐക്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും ആഹ്വാനങ്ങളും മാസികയില്‍ ധാരാളം കാണാന്‍ കഴിയും. 1956 സെപ്തംബറില്‍ പുസ്തകം. 3 ലക്കം.7 ഓടുകൂടി മാസിക നിലച്ചുപോയി.
പുസ്തകം 1 ലക്കം 10 മുസ്‌ലിം നേതാക്കള്‍ ഉണരണം എന്ന് പത്രാധിപക്കുറിപ്പില്‍ കക്ഷി വഴക്കുകളെ പരാമര്‍ശിച്ച് ഇങ്ങനെ എഴുതുന്നു: 'ആത്മഹത്യാപരമായ ഈ കക്ഷിത്വവും മത്സരവും മൂലം മുസ്‌ലിം സമുദായത്തിന്റെ ശക്തി ദിനം പ്രതി ക്ഷയിച്ചുവരികയും ചെയ്യുന്നു. ഈ വസ്തുത ഈ കക്ഷികളാരും തന്നെ ഗൗനിക്കുന്നില്ല. ഓരോ കക്ഷിയും തങ്ങളാണ് ഹഖിന്റെ അഹ്‌ലുകാരെന്ന് കരുതിയായിരിക്കും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന രീതിയില്‍ വന്നിട്ടുള്ള ഭയങ്കരമായ അബദ്ധം മൂലം പൊതുവെ സമുദായത്തിന്റെ ശക്തി നശിക്കുകയും അങ്ങനെ ഓരോ കക്ഷിയെയും ആ ക്ഷയം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല. ഒരു പൊതു ശത്രുത അവരെ എല്ലാ കക്ഷികളെയും തുറിച്ചുനോക്കിക്കൊണ്ട് തക്കം പാര്‍ത്തിരിക്കുന്ന വിവരം അവര്‍ മനസ്സിലാക്കാത്തതാണ് വ്യസനം. തറവാട്ടിലെ അംഗങ്ങള്‍ തറവാട് ഭാഗിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഉയര്‍ന്ന മുറികള്‍ ഞങ്ങള്‍ക്ക് കിട്ടണമെന്ന് വാദിച്ച് ബഹളം കൂട്ടുന്നു. ഓരോ അംഗങ്ങളും തന്റെ വാദം സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. എന്നാല്‍ തറവാടിന് തീ പിടിക്കുകയാണ്. അതവര്‍ അറിയുന്നില്ല. അറിഞ്ഞാലും അതേപറ്റി ഗൗനിക്കുന്നില്ല. ഇതാണ് ഇന്നത്തെ മുസ്‌ലിംസമുദായത്തിന്റെ നില. ഇതിനൊരു പരിഹാരം കാണാത്ത പക്ഷം സമുദായം നശിക്കും (അല്ലാഹു കാക്കട്ടെ).' മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഇന്നും പ്രസക്തമാണീ നിരീക്ഷണം.
കേരള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ ഊര്‍ജം പകരുകയായിരുന്നു ഇത്തിഹാദിന്റെ ലക്ഷ്യം. അല്‍ മുര്‍ഷിദിലെ എഴുത്തുകാരെല്ലാം അല്‍ ഇത്തിഹാദിലും അണിനിരന്നു. മിക്ക ലേഖനങ്ങളും തുടര്‍ പരമ്പരകളായിരുന്നു. ഒന്നാം ലക്കം മുതല്‍ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന ചരിത്രം, ഖാദിമുല്‍ ഇസ്‌ലാം എന്ന തൂലികാനാമത്തില്‍ ഇ. കെ മൗലവി എഴുതിയിരുന്നു. കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ സ്ഥാപനം മുതല്‍ കണ്ണൂരില്‍ വെച്ച് നടന്ന അതിന്റെ 12 ാം വാര്‍ഷിക സമ്മേളനത്തോടെ അത് കേരളാ മുസ്‌ലിം മജ്‌ലിസില്‍ വിലയം പ്രാപിച്ചതുവരെയുള്ള ചരിത്രമാണ് ആ പരമ്പരയിലെ പ്രതിപാദ്യം. കെ.എം മൗലവിയുടെ ഫത്‌വകള്‍, കെ. ഉമ്മര്‍ മൗലവിയുടെ മിശ്കാത്ത് പരിഭാഷ, സി.എം മുഹമ്മദ് മൗലവിയുടെ അല്‍ ഫിഖ്ഹ് തുടങ്ങിയവ സ്ഥിരം പംക്തികളായിരുന്നു. എന്‍.കെ. അഹമ്മദ്മൗലവി, ഫലഖി മുഹമ്മദ് മൗലവി, കെ.കെ.എം ജമാലുദ്ദീന്‍ മൗലവി തുടങ്ങിയവരുടെ അറബി കവിതകളും ടി. ഉബൈദ്, കെ.ടി മുഹമ്മദ് വിദ്വാന്‍, ടി.സി. മമ്മി എന്നിവരുടെ മലയാള കവിതകളും മാസികയെ അലങ്കരിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഫിഖ്ഹും ഹദീസും താരതമ്യം ചെയ്തുകൊണ്ടുള്ള പംക്തി വളരെ ശ്രദ്ധേയമായിരുന്നു. ഓരോ ലക്കത്തിലും ഖുര്‍ആന്‍ പാഠം ഉള്‍പ്പെടുത്തിയിരുന്നു. ഇസ്‌ലാമും സ്ത്രീകളും എന്ന ഇ.കെ. മൗലവിയുടെ ലേഖന പരമ്പര സ്ത്രീ വിദ്യാഭ്യാസം, പൊതുപ്രവര്‍ത്തനം, സ്ത്രീധനം തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വളരെ ആഴത്തില്‍ വിശകലനം ചെയ്തിരുന്നു. മൗലാനാ മുഹമ്മദ് അലിയുടെ വന്ദ്യ മാതാവായ ബിഉമ്മ മക്കളെ മാതൃകാപരമായി വളര്‍ത്തേണ്ടതിനെക്കുറിച്ച് തലശ്ശേരിയില്‍ ചെയ്ത പ്രസംഗത്തില്‍ ചെയ്ത ഭാഗം ലേഖനത്തില്‍ എടുത്തുദ്ധരിക്കുന്നു.
സി.എച്ച്. അബ്ദുറഹിമാന്‍ സാഹിബിന്റെ റുക്കിയ്യ പ്രസില്‍ നിന്നാണ് അല്‍ ഇത്തിഹാദ് അച്ചടിച്ചിരുന്നത്. 1929 ഡിസംബറില്‍ കോഴിക്കോടില്‍ നിന്ന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമസ്ത കേരളയുടെ ആഭിമുഖ്യത്തില്‍ അതിന്റെ സ്ഥാപക നേതാവ് പാങ്ങില്‍ അഹമ്മദ് കുട്ടി മൗലവിയുടെ നേതൃത്വത്തില്‍ അല്‍ ബയാന്‍ അറബി മലയാളം മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി. 5 ലക്കം പ്രസിദ്ധീകരിച്ച് പത്രം നിന്നുപോയി.
നീണ്ട ഇടവേളക്കുശേഷം 1950 ഒക്‌ടോബര്‍ മാസത്തില്‍ സമസ്തയുടെ ആഭിമുഖ്യത്തില്‍ അല്‍ ബയാന്‍ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഏതാണ്ട് പത്തുവര്‍ഷത്തോളം മുടക്കം കൂടാതെ പ്രസിദ്ധീകരണം നടന്നു. തുടര്‍ന്ന് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പറവണ്ണ കെ.പി.എ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍കമാല്‍ കാടേരി, തുടങ്ങിയവര്‍ വിവിധ കാലയളവില്‍ അതിന്റെ പത്രാധിപ സ്ഥാനം വഹിച്ചിട്ടുണ്ട്.
സംഘടനയെ പരിചയപ്പെടുത്തിയ ശേഷം പത്രത്തിന്റെ ലക്ഷ്യം ഇങ്ങനെ വിശദീകരിക്കുന്നു. 'പ്രസ്തുത സംഘത്തില്‍പെട്ട ആലിമീങ്ങള്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ എതിരില്‍ പുറപ്പെട്ട എല്ലാ നൂതന സംഘങ്ങളോടും അവരുടെ നാവുകൊണ്ട് പോരാടിക്കൊണ്ടിരിക്കവെ ശത്രുസംഘം പരദൂഷിച്ച പ്രസിദ്ധീകരങ്ങളും പുറത്തിറക്കി. വിശ്വാസപരമായി അശ്അരി ത്വരീഖത്തും അനുഷ്ഠാനപരമായി ശാഫിഇ മദ്ഹബും അനുസരിച്ച് ജീവിച്ചുപോരുന്ന കേരള മുസ്‌ലിംകളെ വഴിതെറ്റിച്ചൊണ്ട് അവരുടെ പുതിയ മതം പ്രചരിപ്പിക്കുവാന്‍ തുടങ്ങി. തന്നിമിത്തം നാവു കൊണ്ടുമാത്രമുള്ള ജിഹാദ് ശത്രു പക്ഷത്തെ വിജയിക്കാന്‍ ഉപയുക്തമല്ലെന്നും തൂലികാ സമരത്തിനായി ഒരു പ്രസിദ്ധീകരണം അത്യന്താപേക്ഷിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഗ്രഹിക്കുകയും അതിന്റെ പതിനാറാം വാര്‍ഷിക യോഗത്തില്‍ വെച്ച് മൗലാനാ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അവര്‍കളാല്‍ നടത്തപ്പെട്ടിരുന്ന അല്‍ ബയാന്‍ മാസികയുടെ പേരില്‍ ഒരു മാസിക പുറപ്പെടുവിക്കാന്‍ തീര്‍ച്ചപ്പെടുത്തുകയും അതിന്റെ നടത്തിപ്പിന് ഒരു കമ്മിറ്റിയെ ഭരമേല്‍പ്പിക്കുകയും ചെയ്തു.
നിസാഉല്‍ ഇസ്‌ലാം
കേരളത്തിലെ അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ വനിതാ മാസികയാണ് നിസാഉല്‍ ഇസ്‌ലാം. കെ.സി. കോമുക്കുട്ടി മൗലവിയായിരുന്നു പത്രാധിപര്‍. ഇരിമ്പിളിയം ഹൈദരിയ്യ പ്രസില്‍ നിന്നായിരുന്നു അച്ചടിച്ചിരുന്നത്. 1929 സെപ്തംബറില്‍ പ്രഥമ ലക്കം പുറത്തിറങ്ങി. ഗൃഹ ഭരണം (കെ.എം. മൗലവി), ശിശുപരിപാലനം (ഇ.കെ. മൗലവി), ഇസ്‌ലാമിക വിശ്വാസം (എം.സി. സി. അഹമ്മദ് മൗലവി), മുസ്‌ലിം സ്ത്രീകള്‍ (ടി.കെ. പാതാവു സ്വാഹിബ), സ്വഭാവ സംസ്‌കരണം (എം.സി.സി അബ്ദുറഹ്മാന്‍ മൗലവി), ഹജ്ജാജുബ്‌നു യൂസുഫിന്റെ അന്ത്യഘട്ടം തുടങ്ങിയവയാണ് പ്രഥമ ലക്കത്തിലെ വിഭവങ്ങള്‍. സ്ത്രീ വിഷയകമായ ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടും ആധുനിക വീക്ഷണങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രതിപാദന രീതിയാണ് ലേഖനങ്ങളിലെല്ലാം. ടി.കെ. പാതാവു സ്വാഹിബയുടെ ലേഖനങ്ങള്‍ എല്ലാ ലക്കത്തിലുമുണ്ട്. ഒരു കൊല്ലവും നാലുമാസവും അഥവാ പതിനാറു ലക്കങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും മുസ്‌ലിം വനിതാ മുന്നേറ്റത്തില്‍ പ്രസ്തുത മാസിക കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മലയാള അക്ഷരങ്ങള്‍ക്ക് സമാനമായ അക്ഷരങ്ങള്‍ അറബി മലയാള അക്ഷരമാലയിലും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചപ്പോള്‍ വായിക്കാന്‍ പ്രയാസമനുഭവിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാണിച്ചപ്പോള്‍ പുതിയ അക്ഷരമാല പഠിപ്പിക്കുന്നതിനുള്ള ഒരു പംക്തി കൂടി നിസാഉല്‍ ഇസ്ലാം തുടര്‍ന്നു. ഇന്നത്തെ മുസ്‌ലിം വനിതാ പ്രസിദ്ധീകരണങ്ങളുടെയൊക്കെ പ്രാകൃത രൂപമാണ് നിസാഉല്‍ ഇസ്‌ലാം.
അല്‍ ഹിദായ
ഇരിമ്പിളിയത്തെ പ്രസിദ്ധ ആര്യ വൈദ്യനായിരുന്ന പി.എന്‍ ഹൈദര്‍ വൈദ്യരുടെ പത്രാധിപത്യത്തില്‍ 1929 സെപ്റ്റംബറില്‍ അല്‍ ഹിദായ മാസിക ആരംഭിച്ചു. പത്രാധിപരുടെ ഹൈദരിയ്യ പ്രസില്‍ നിന്നായിരുന്നു പത്രം അച്ചടിച്ചിരുന്നത്. ആരോഗ്യ ശാസ്ത്ര ലേഖനങ്ങള്‍ക്ക് മാസികയില്‍ നല്ല പ്രാധാന്യം നല്‍കിയിരുന്നു.
അറബി മലയാളത്തില്‍ മാസികയിറക്കിയതിന്റെ കാരണങ്ങളും മുന്‍ മാസികകള്‍ പറഞ്ഞതുപോലെ എല്ലാവര്‍ക്കും വായിക്കാന്‍ കഴിയുന്ന ഭാഷയായതുകൊണ്ട് ഖുര്‍ആനിന്റെയും ഹദീസിന്റെയും മൂലം അതേപടി ചേര്‍ക്കാന്‍ സൗകര്യമുള്ളതുകൊണ്ടുമാണെന്ന് പത്രാധിപര്‍ എഴുതുന്നു.
അല്‍ ബുര്‍ഹാന്‍
സുന്നി പക്ഷത്തു നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു അറബി മലയാള മാസികയാണ് അല്‍ബുര്‍ഹാന്‍. ഖുര്‍ആന്‍ പരിഭാഷകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്ന കെവി മുഹമ്മദ് മുസ്‌ലിയാര്‍ (കൂറ്റനാട്) ആയിരുന്നു പത്രാധിപനും പ്രസാധകനും. 1960 മാര്‍ച്ചില്‍ പരപ്പനങ്ങാടിയില്‍ നിന്ന് അല്‍ ബുര്‍ഹാന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. പരപ്പനങ്ങാടിയിലെ തന്നെ അല്‍ ബയാന്‍ പ്രസില്‍ നിന്നായിരുന്നു അച്ചടിച്ചിരുന്നത്. കെ.വിയുടെ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും ആരംഭിച്ചത് അല്‍ ബുര്‍ഹാനിലൂടെയാണ്. പു. 2 ല. 2 ലെ വിഷയങ്ങള്‍ ഖുര്‍ആന്‍ പരിഭാഷ, ഖാതിമുല്‍ അമ്പിയാഅ്, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ ഹിദായത്തുല്‍ അദ്കിയാഅ് പരിഭാഷ, ആഫാത്തുല്‍ ലിസാന്‍ (നാവിന്റെ വിപത്തുകള്‍) നദ്‌വത്തുകാരുടെ വനിതാ യോഗം, അല്‍ ഇഖ്‌ലാസ് (നിഷ്‌കളങ്കത) എന്നിവയാണ്. മൂന്നുവര്‍ഷം പ്രസിദ്ധീകരിച്ച ശേഷം നിലച്ചുപോയി.
അല്‍ മുഅല്ലിം
അറബി മലയാള ചരിത്രത്തിലെ അവസാന ആനുകാലികമാണ് അല്‍ മുഅല്ലിം. 1927 ല്‍ ജംഇയ്യത്തുല്‍ മുഅല്ലീമിന്റെ മുഖപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചു. കോഴിക്കോട് വലിയ ഖാളി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.പി. മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ നിസാമി, ഇബ്രാഹീം പുത്തൂര്‍ ഫൈസി തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പത്രാധിപ സ്ഥാനം വഹിച്ചിട്ടുണ്ട്. ആദ്യ കാലത്ത് പാതി അറബി ലേഖനങ്ങളും ബാക്കി അറബി മലയാള ലേഖനങ്ങളുമായിരുന്നു. പിന്നീട് മലയാളവും ഉള്‍പ്പെടുത്തി. 1994 മുതല്‍ അറബി ലേഖനങ്ങള്‍ അവസാനിപ്പിച്ചു. അല്‍പ്പ കാലത്തിന് ശേഷം അറബി മലയാളവും ഒഴിവാക്കി. ഇപ്പോള്‍ പൂര്‍ണ്ണമായും മലയാള ഭാഷയില്‍ പ്രസിദ്ധീകരണം തുടരുന്നു.