കോസ്‌മോപൊളിറ്റനിസം സംബന്ധിച്ചുള്ള ചര്‍ച്ച ഇസ്ലാമിന്റെ സാര്‍വലൗകികതയുമായി ബന്ധപ്പെട്ട് ഇടക്കാലത്ത് സജീവമായിരുന്നു. അമേരിക്കന്‍ ഇസ്ലാം, യുറോ ഇസ്ലാം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ സാധുതയാണ് അതില്‍ പ്രധാനമായും പരിശോധിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്നവര്‍ പൊതുവായ ഒരു മൂല്യ വ്യവസ്ഥിതിയോ സാമുദായിക ബോധമോ പങ്കുവെക്കുന്നതിനാണ് കോസ്‌മോപൊളിറ്റനിസം എന്നു പറയുന്നത്. ദോഷൈക തത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഡയജനീസ് ഓഫ് സിനപ്പ്,1 എവിടെ നിന്നു വരുന്നുവെന്ന ചോദ്യത്തിന് നല്‍കിയ 'ഞാന്‍ ലോകത്തിന്റെ പൗരനാണ്' എന്ന മറുപടിയില്‍ നിന്നാണ് കോസ്‌മോപൊളിറ്റനിസത്തിന്റെ ചരിത്രം ഉത്ഭവിക്കുന്നത്. മുസ്ലിംകള്‍ക്കും ഇസ്ലാമിനുതന്നെയും ഏറെ പഴക്കം ചെന്ന ലോക വീക്ഷണമുണ്ടെന്നതിനെ സംബന്ധിച്ച് റിച്ചാര്‍ഡ് ഈറ്റണ്‍, സ്റ്റീവന്‍ വെര്‍റ്റോവ്‌സ്, സ്‌റ്റെഫാനോ അല്ലെവി തുടങ്ങിയ ചിന്തകന്മാര്‍ എഴുതിയിട്ടുണ്ട്2. രാഷ്ട്രീയ അതിരുകള്‍ക്കപ്പുറം എല്ലായിടത്തും മുസ്ലിംകള്‍ക്ക് അവലംബിക്കാവുന്ന നിയമ സ്രോതസ്സുകള്‍ ഏകമായിരിക്കുന്നുവെന്നതാണിതിന് കാരണം. കോസ്‌മോപൊളിറ്റനിസത്തെയും ട്രാന്‍സ്‌നാഷണലിസത്തെയും സംബന്ധിക്കുന്ന ചര്‍ച്ചകള്‍ സ്വത്വ, പൗര രൂപീകരണത്തെ അടയാളപ്പെടുത്തുന്നു. സാര്‍വലൗകികവും സ്വരാജ്യ സീമകള്‍ക്കപ്പുറവുമുള്ള സ്വത്വ രൂപീകരണം തുടങ്ങുന്നത് ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നാണ്. എന്നാല്‍ അതേ സ്വത്വം, മുന്നോട്ടുപോകുന്ന വഴി ഏതെന്നതിനെയും ആശ്രയിക്കുന്നുണ്ടെന്നാണ് സ്റ്റുവാര്‍ട്ട് ഹാള്‍, പ്നീന വെര്‍ബനര്‍, താരിഖ് മോദൂദ് എന്നിവര്‍ അഭിപ്രായപ്പെടുന്നത്3.
അറേബ്യയുമായി കേരളത്തിനുണ്ടായിരുന്ന ബന്ധമാണ് ഇസ്ലാം മതത്തെ ഇവിടെയെത്തിച്ചത്. ഇസ്ലാമുമായി കടന്നുവന്നവരുടെ ദേശവും ഭാഷയും വേഷവും കേരളക്കാര്‍ക്ക് പുതുമ നല്‍കുന്ന ഒന്നായിരുന്നില്ല. അതിനാല്‍തന്നെ കേരളീയ മുസ്ലിം സ്വത്വരൂപീകരണത്തിന് കേരളത്തിന്റെ തന്നെ ഭൂതകാലം പര്യാപ്തമായിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍ ശരിവെക്കാവുന്ന ഒരു നിരീക്ഷണം കൂടിയാണിത്. എന്നാല്‍ സ്റ്റുവാര്‍ട്ടും വെബ്‌നറും അഭിപ്രായപ്പെട്ട പോലെ മുന്നോട്ട് പോകുന്ന വഴികളും സ്വത്വരൂപീകരണത്തിന് കാരണമാകുന്നുണ്ട്. കേരളീയ ഇസ്ലാം എന്ന സംജ്ഞ കുറ്റിയറ്റു പോകുന്നത് അതുകൊണ്ടാണ്.
തുര്‍ക്കിയിലെ ഇസ്മാഈലി മുസ്ലിംകളും ഗുലെന്‍ മൂവ്‌മെന്റും സിവില്‍ കോസ്‌മോപൊളിറ്റന്‍ ഇസ്ലാമിനെ അവതരിപ്പിക്കുന്ന ലോകത്തിലെ രണ്ട് പ്രധാന വിഭാഗങ്ങളാണ്. പടിഞ്ഞാറും മുസ്ലിം ലോകവും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കുന്നതിനും വര്‍ത്തമാന സാഹചര്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായും ഇസ്ലാമിക അധ്യാപനങ്ങളുടെ രാഷ്ട്രാതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള വ്യഖ്യാനങ്ങള്‍ ഇവര്‍ നടത്താറുണ്ട്. അവരുടെ അധ്യാപനങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത് ബഹുസ്വരതയും അന്താരാഷ്ട്രീയതയും മള്‍ട്ടികള്‍ച്ചറലിസവുമാണ്. അഥവാ, ലോകത്ത് അധിവസിക്കുന്ന നാനാ തരക്കാരെ മുന്നില്‍ കണ്ടു കൊണ്ടുള്ള വ്യഖ്യാനങ്ങളും നിലപാടുകളുമാണ് അവരുടേത്. ഇത് അന്താരാഷ്ട്രീയ സ്വത്വം നേരിടുന്ന ഒരു വെല്ലുവിളിയാണ്. അല്ലെങ്കില്‍ സാധ്യതയാണ്. ഈയിടെ, വാഷിംഗ്ടണിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ കോസ്‌മോപൊളിറ്റന്‍ ഐഡന്റിറ്റി ഉദ്‌ഘോഷിക്കുന്ന മുസ്ലിം സംഘടനകളെക്കുറിച്ച് ഗവേഷണ പഠനം നടന്നിരുന്നു. അതില്‍ ലോകത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളേയും നാല് വിഭാഗമായി തിരിക്കുന്നുണ്ട്. ക്ലാസിക്കല്‍ മോഡേണിസ്റ്റ്, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ്, ഗ്ലോബല്‍ ജിഹാദിസ്റ്റ്, സിവില്‍ ആന്റ് കോസ്‌മോപൊളിറ്റന്‍സ് എന്നിങ്ങനെ.4
കേരളത്തില്‍ ഏറെക്കാലം താമസിച്ച് പഠനം നടത്തിയ ഫിലിപ്പോ ഒസെല്ലോയും കരോലിന്‍ ഒസെല്ലോയും കോഴിക്കോട്ടെ കോയമാര്‍ക്കിടയില്‍ കോസ്‌മോപൊളിറ്റനിസം രൂപപ്പെടുന്നതിനെക്കുറിച്ച് ഒരധ്യായം തയ്യാറാക്കിയിട്ടുണ്ട്.5 പ്രദേശിക സ്വത്വത്തെ വിലമതിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതോടൊപ്പം പ്രദേശത്തെ മറ്റു വിഭാഗങ്ങളില്‍ നിന്ന് വ്യതിരിക്തമാവുന്നവരാണ് കോയമാരെന്ന് ഒസെല്ലോ നിരീക്ഷിക്കുന്നു. അറബ് കച്ചവടക്കാരുമായുള്ള ബന്ധവും പിന്നീട് അറബ് നാടുകളിലേക്കുള്ള പ്രവാസവും കോയമാരെ കൂടുതല്‍ കോസ്‌മോപൊളിറ്റന്‍സായി നിലനിര്‍ത്തുന്നു. കോസ്‌മോപൊളിറ്റനിസത്തെ വൈദേശിക ബന്ധങ്ങളോടൊപ്പം പ്രദേശിക സവിശേഷതകളെ കൂടി സ്വംശീകരിക്കുന്ന സാംസ്‌കാരിക പ്രതിഭാസമായാണ് ഇവിടെയെല്ലാം വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, അന്താരാഷ്ട്രീയ ബന്ധങ്ങളും മതവിശ്വാസത്തിന്റെ സാര്‍വലൗകികതയും സ്വത്വരൂപീകരണത്തിലേക്ക് വഴിതെളിക്കുമ്പോള്‍ സ്വാഭാവികമായും ഭൂതകാലത്തിന്റെ ഓര്‍മകളില്‍ ഐഡന്റിറ്റി രൂപപ്പെടാതിരിക്കുകയും പ്രാദേശിക അഭിരുചികളെ വിസ്മരിക്കുകയും ചെയ്യുന്നു. ഇതിന് ഗുണാത്മകവും നിഷേധാത്മകവുമായ വശങ്ങളുണ്ട്.
ഇന്റര്‍നാഷണല്‍ ഐഡന്റിറ്റി
ആഗോളസ്വത്വം അഥവാ ഗ്ലോബല്‍/ ഇന്റര്‍നാഷണല്‍ ഐഡന്റിറ്റി എന്നത് സ്വത്വ പ്രതിസന്ധിയുടെ രാഷ്ട്രീയചര്‍ച്ചകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നിലവില്‍, രാഷ്ട്രങ്ങളുടെ പരിധിക്കപ്പുറം വളര്‍ന്നു നില്‍ക്കുന്ന സാമ്പത്തിക, സാംസ്‌കാരിക, പാരിസ്ഥിതിക മേഖലകളിലാണ് ആഗോളസ്വത്വത്തിന്റെ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സമീപകാലത്ത്, ആഗോളതാപനം ഏറെ പാരിസ്ഥിതിക പ്രതിസന്ധികളും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്ന ഒരു ഘട്ടത്തില്‍ അതിനെ നേരിടുന്നതിന് വേണ്ടി ലോക രാഷ്ട്രങ്ങളുടെ സംയുക്ത ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ ആഗോള സ്വത്വം പരിസ്ഥിതിയുടെ വേഷമണിഞ്ഞിരുന്നു.
കേരളത്തിലെ മുസ്ലിം സംഘടനകളെ വീക്ഷിച്ചാല്‍, സാര്‍വ ലൗകികമായ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുമ്പോഴും അന്താരാഷ്ട്രീയ തലത്തില്‍ സ്വത്വം രൂപീകരിക്കുന്നതിനുള്ള വ്യാപകമായ ശ്രമങ്ങള്‍ പലപ്പോഴും ഔദ്യോഗിക തലങ്ങളില്‍ തന്നെ നടക്കുന്നുണ്ട്. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം തന്നെ രൂപീകരിക്കപ്പെടുന്നത് തികച്ചും പ്രദേശികമായ സാഹചര്യങ്ങളിലും സാധ്യതകളിലുമാണെന്നാണ്. അല്‍പം അപവാദമുള്ളത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലാണ്. ഇന്ത്യാ ഉപഭൂഖണ്ഡം എന്ന ഭൂമിശാസ്ത്ര പരിധിയും സാഹചര്യവും അതിന്റെ പിന്നിലുമുണ്ട്. ദേശാതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങാത്ത ഇസ്ലാമിനെ അവതരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയും ചരിത്രത്തില്‍ പ്രദേശിക സവിശേഷതകളെ സ്വാംശീകരിച്ചിരുന്നു. കേരളത്തില്‍ മലയാളത്തിലും അവിഭക്ത ഉത്തരേന്ത്യയില്‍ ഉറുദുവിലുമാണ് ജമാഅത്ത് സാഹിത്യം പ്രചരിക്കപ്പെട്ടത് അതിന്റെ തെളിവാണ്. ഒരു പ്രദേശത്തെ ഭാഷയെ ഉള്‍ക്കൊള്ളുന്നുവെന്നതിന് പ്രദേശികസ്വത്വ രൂപീകരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. ആ അര്‍ഥത്തില്‍, കേരളത്തില്‍ മലയാള ഭാഷയില്‍ ജുമുഅ ഖുതുബ നടത്താന്‍ തയ്യാറായ മുജാഹിദ് പ്രസ്ഥാനമുള്‍പ്പെടുന്ന പുരോഗമന കക്ഷികള്‍ പ്രദേശികസ്വത്വ രൂപീകരണത്തിന് മുമ്പില്‍ നടന്ന പ്രസ്ഥാനങ്ങളാണെന്ന് പറയാം. എന്നാല്‍ പ്രസ്തുത ഉദ്യമത്തിന് തുടര്‍ച്ചയുണ്ടായോ എന്നതാണ് തര്‍ക്കം.
രാജ്യാന്തര ഇസ്ലാമിക രാഷ്ട്രീയസംഘടന എന്ന് നിര്‍വചനം നല്‍കപ്പെട്ടിരിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡ് അഥവാ ഇഖ്‌വാനുല്‍ മുസ്ലിമൂന്‍6, 1928ലാണ് ഹസനുല്‍ ബന്നയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെടുന്നത്. ഇസ്ലാമിന്റെ സമഗ്രത ഉദ്‌ഘോഷിക്കുന്ന ഒരു വിഭാഗമെന്ന നിലയില്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തുള്ള വിഭാഗങ്ങളെയും അഭിമുഖീകരിക്കേണ്ടത് സ്വാഭാവികമാണ്. അതായത്, ഈജിപ്തിലാണ് രൂപം കൊള്ളുന്നതെങ്കിലും അന്താരാഷ്ട്രീയത അതിന്റെ അജണ്ടകളുടെ സ്വഭാവം നിര്‍ണയിച്ചിരുന്നു. അതേസമയം, 1941 ല്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമി, ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടു. അതായത്, ഭൂപ്രദേശ പരിധിയനുസരിച്ച് സംഘടനാസ്വത്വങ്ങള്‍ വ്യത്യസ്തമാവുകയാണുണ്ടായത്. ജമാഅത്തെ ഇസ്്‌ലാമിയുടെ ആഗോള സ്വത്വമായി അവതരിപ്പിക്കപ്പെടുന്നത് ഇഖ്‌വാനുല്‍ മുസ്്‌ലിമൂന്‍ ആണ്. പ്രവര്‍ത്തനരീതികള്‍ വ്യത്യസ്തമെങ്കിലും ഉയര്‍ത്തിപ്പിടിക്കുന്ന ആശയാദര്‍ശങ്ങള്‍ ഒന്നുതന്നെയാണ്. പ്രവര്‍ത്തനരീതിയിലുള്ള വ്യതിരിക്തത മൂലമാണ് സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇത്രയും വൈകിയത്. ആഗോള തലത്തില്‍ ബ്രദര്‍ഹുഡിന് സംഭവിക്കുന്ന മാറ്റങ്ങളും നിലപാടുകളും ഇവിടെയും സ്വാധീനം ചെലുത്താറുണ്ട്. അറബ് വസന്താനന്തരം സിവില്‍ പൊളിറ്റിക്‌സിലേക്കുള്ള ബ്രദര്‍ഹുഡിന്റെ ചുവട് മാറ്റം നമ്മുടെ നാട്ടിലും ചര്‍ച്ചയാകുന്നതിന്റെ രസതന്ത്രം മറ്റൊന്നല്ല.
സുഊദ് രാജവംശം, മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബുമായി ചേര്‍ന്ന് പിടിച്ചെടുത്ത സുഊദിയുടെ ഭരണം 1800 കളില്‍ തുര്‍ക്കിയുടെ ആക്രമണത്തോടെ നഷ്ടപ്പെടുകയും പിന്നീട് 1920 ല്‍, അബ്ദുല്‍ അസീസ് രാജാവിന്റെ നേത്യത്വത്തില്‍ സുഊദി ഏകീകരണവും ഭരണ പുനഃസ്ഥാപനവും നടപ്പാക്കിയ പഴയ കരാര്‍ പ്രകാരം മതകാര്യങ്ങളുടെ നേതൃത്വം ഇബ്‌നു അബ്ദുല്‍ വഹാബിന്റെ കുടുംബത്തിന് തന്നെ കൈമാറി. ഏകദേശം അതിന് മുന്‍പാണ് ഈജിപ്ത് കേന്ദ്രമായി മുഹമ്മദ് അബ്ദവും ജമാലുദ്ദീന്‍ അഫ്ഗാനിയും റശീദ് രിദയും പ്രവര്‍ത്തനമാരംഭിക്കുന്നത്. നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശവും മുഹമ്മദ് അലിയുടെ ഭരണവും രൂപപ്പെടുത്തിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ മൂന്ന് പേരെയും പ്രവര്‍ത്തന ഗോദയിലിറക്കിയത്. പടിഞ്ഞാറിനോടുള്ള ഇസ്ലാമിന്റെ പ്രതികരണമായിരുന്നു പ്രധാന പഠനമേഖല. അക്കാലത്ത് തന്നെയാണ് കേരളത്തില്‍ ഒരു കുടുംബത്തിനുള്ളിലെ വഴക്കുകള്‍ തീര്‍ക്കുന്നതിന് വേണ്ടി രൂപപ്പെട്ട കേരള മുസ്ലിം ഐക്യ സംഘം, കേരളത്തിലെ മുസ്ലിംകളുടെ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ അജണ്ടയായി സ്വീകരിക്കുന്നത്. പ്രവര്‍ത്തനാരംഭ കാലഘട്ടങ്ങളുടെ സാമ്യത പരസ്പരമുണ്ടെങ്കിലും സുഊദി, ഈജിപ്ത്, കേരളം കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിച്ചിരുന്ന ആശയാദര്‍ശങ്ങള്‍ ഏക മുഖമായിരുന്നില്ല.
കേരളത്തില്‍ വക്കം മൗലവിയും കെ എം മൗലവിയും നേതൃത്വം നല്‍കിയ പരിഷ്‌കരണ (ഇസ്ലാഹി) പ്രവര്‍ത്തനങ്ങളുടെ ആശ്രയ സ്രോതസ്സ് ലോകത്തുള്ള എല്ലാ നവോത്ഥാന നായകരുടേതുമാണ്. എന്നാല്‍ അവര്‍ക്കുള്ള ഊര്‍ജം ഈജിപ്തില്‍ നിന്നായിരുന്നു. അതൊരിക്കലും തന്നെ ഈജിപ്തില്‍ നടന്ന നവോത്ഥാനത്തെ ഇവിടേക്ക് പറിച്ചുനടുന്ന രൂപത്തിലായിരുന്നില്ല. ലോകത്തുള്ള ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പുമായിരുന്നില്ല, തികച്ചും പ്രദേശികമായ സ്വത്വത്തില്‍ രൂപീകരിക്കപ്പെടുകയും വികസിക്കുകയും ചെയ്ത മുന്നേറ്റമായിരുന്നു അത്. കേരളീയ ഇസ്ലാം എന്ന വിവക്ഷ ഏറെ യോജിക്കുന്ന സന്ദര്‍ഭവും അതായിരുന്നു.
അന്താരാഷ്ട്രീയ സ്വത്വം തേടുന്നതിന്റെ അപകടം സമീപകാലത്ത് ഏറ്റവും നന്നായി അനുഭവിച്ചത് ഐക്യ സംഘത്തിന്റെ പിന്മുറക്കാരാണ്. സുഊദി സലഫിസത്തിന്റെ അല്ലെങ്കില്‍ ആഗോള സലഫിസത്തിന്റെ കേരളപ്പതിപ്പായി ഇസ്ലാഹി പ്രസ്ഥാനം മാറേണ്ടതുണ്ടോ ഇല്ലയോ എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്റെ ആദര്‍ശ വശം. ലോകാടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുന്ന സ്വത്വത്തിന് വേണ്ടിയാണ് മുജാഹിദുകള്‍ പിളര്‍ന്നതെന്നത് അന്താരാഷ്ട്രീയസ്വത്വം കേരളത്തിലെ മുസ്ലിം സംഘടനകളെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നുവെന്നതിന്റെ നിദര്‍ശനമാണ്.
പാരമ്പര്യത്തിലധിഷ്ഠിതമായി വികസിക്കുകയും പ്രതിരോധത്തിന്റെ ഭാഗമെന്ന നിലയില്‍ സംഘടന രൂപീകരിക്കുകയും ചെയ്ത കേരളത്തിലെ സുന്നി വിഭാഗങ്ങളുടെ അജണ്ടയിലും ആഗോളസ്വത്വം പ്രമേയമാകുന്നുണ്ട്. കേരളത്തില്‍ സുന്നികളുടെ അത്ര ഭൂമിശാസ്ത്രപരമായ ഐഡിന്റിറ്റിയില്‍ വേരോട്ടമുള്ള മറ്റൊരു മുസ്ലിം സംഘവുമില്ല. മറ്റൊരര്‍ഥത്തില്‍, കോസ്‌മോപൊളിറ്റന്‍ ഇസ്ലാമിനെ പ്രദേശികസ്വത്വത്തില്‍ ഉള്‍ക്കൊള്ളുന്നവരായിരുന്നു സുന്നി സംഘടനകള്‍. അവരുടെ പ്രവര്‍ത്തന പദ്ധതികളും അജണ്ടകളും ഏക മുഖമായിരുന്നില്ല. എന്നാല്‍, വൈപുല്യവും വൈവിധ്യവും ഇന്ന് നഷ്ടമാകുന്നുവോ എന്നത് അന്വേഷണമര്‍ഹിക്കുന്ന മേഖലയാണ്. പ്രവാചകന്റെ ജന്മദിനമായ ‘നബിദിനം’ പ്രാദേശികമായി കൊണ്ടാടിയിരുന്ന സുന്നികള്‍ ഇന്ന് ‘ഹുബ്ബുര്‍റസൂല്‍’ എന്ന വാക്കിലേക്ക് മാറി 'ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സി'ല്‍ എത്തിനില്‍ക്കുകയാണ്. നബിദിനാഘോഷ സമയത്ത്, യൂറോപ്പിലെയും വടക്കാനാഫ്രിക്കയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ തന്നെയും മീലാദുന്നബി ആഘോഷങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഫ്ലക്‌സുകളില്‍ പ്രചരിക്കപ്പെടുന്നത് ആഗോള സ്വത്വം നേടിയെടുക്കാനുള്ള ത്വരയുടെ ഭാഗമാണ്. മത പ്രബോധകരുടെയും മത പാഠശാലകളിലെ വിദ്യാര്‍ഥികളുടെയും ഐഡന്റിറ്റിയില്‍ നിന്ന് വെള്ളത്തുണിയും വെള്ളക്കുപ്പായവും വിസമൃതിയിലാണ്ടുപോവുകയും, ഗള്‍ഫ് ശൈഖുമാരെ അനുസ്മരിപ്പിക്കുന്ന തരത്തില്‍, മലയാളികള്‍ ക്രിസ്തീയ പുരോഹിതന്മാരുടെ പക്കല്‍ മാത്രം കണ്ടിരുന്ന നീണ്ട വെള്ളക്കുപ്പായങ്ങള്‍ പ്രചാരം നേടുകയും ചെയ്യുന്നത് അതിന്റെ മറ്റൊരു വശമാണ്. തുര്‍ക്കിയിലെ ആത്മീയ സാന്നിധ്യമായിരുന്ന ബദീഉസ്സമാന്‍ നൂര്‍സിയുടെ നൂര്‍സി മൂവ്‌മെന്റിലേക്ക് അഫിലിയേറ്റ് ചെയ്യാനുള്ള ശ്രമവും ഇപ്പോള്‍ സുന്നികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. സയ്യിദ് നൂര്‍സിയുടെ വൈജ്ഞാനിക സംഭാവനകളെക്കുറിച്ചുള്ള സെമിനാറുകള്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്നതും അറിയപ്പെടുന്ന മത കലാലയത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ തുര്‍ക്കി ലക്ഷ്യമാക്കി യാത്രയാവുന്നതും അതിന്റെ ബാക്കിപത്രമാണ്. നാടിനോട് ചേര്‍ത്ത് വലിയ ജുമുഅത്ത് പള്ളി എന്ന് പേരിട്ടിരുന്ന ചരിത്രമുള്ള സുന്നികള്‍, പുതിയ പള്ളികള്‍ക്ക് പേരിടുമ്പോള്‍ മസ്ജിദുല്‍ ആസാറിലേക്കും മസ്ജിദ് ശഅറു മുബാറക്കിലേക്കുമുള്ള മാറ്റം ആഗോള സ്വത്വത്തിനു വേണ്ടിയുള്ള പരിണാമ ദശകളാണ്.
അറബ് വസന്തം പോലെ ആഗോളതലത്തില്‍ മുസ്ലിം രാജ്യങ്ങളില്‍ നടക്കുന്ന ചലനങ്ങളെ വ്യത്യസ്ത തലത്തില്‍ അവിടങ്ങളില്‍ തന്നെ വായിക്കപ്പെടുമ്പോള്‍ അതിന് ചുവട് പിടിച്ച് ഇവിടെയും വിവിധ സംഘടനകള്‍ വ്യത്യസ്തമായ നിലപാടുകള്‍ രൂപീകരിക്കുന്നു. ഇവിടുത്തെ ഒരോ സംഘടനകള്‍ക്കും ആഗോള മാതൃ സംഘടനയുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വ്യഖ്യാനങ്ങളും വിശകലനങ്ങളും ന്യായീകരണങ്ങളും മുന്നോട്ട് പോവുന്നത്. മുസ്ലിം രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളെ കേരളത്തിലെ മുസ്ലിം സംഘടനകളുടെ വിവിധ പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാല്‍ ഇത് വേഗം ബോധ്യമാകും. മുമ്പ് ഈ പ്രസിദ്ധീകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മേഖലകള്‍ പ്രതിരോധവും വിമര്‍ശനവുമായിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു എന്നത് ആഗോള സ്വത്വത്തിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഉണ്ടാക്കിയെടുത്ത ക്രിയാത്മകമായ മാറ്റങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതേസമയം സംഘടനകള്‍ക്കിടയില്‍ നടക്കുന്ന പരസ്പര വിമര്‍ശനങ്ങളും പ്രതികരണങ്ങളും ആഗോളതലത്തില്‍ തന്നെ നടക്കുന്ന സമാന സംവാദങ്ങളോട് സാമ്യപ്പെടുത്തുന്നു. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിമര്‍ശിക്കുന്നതിന്റെ രാഷ്ട്രീയത്തെ ആഗോളതലത്തില്‍ ഇടതുപക്ഷവും ഇസ്ലാമും തമ്മില്‍ നടക്കുന്ന സംവാദവുമായി ബന്ധപ്പെടുത്തിയത് സമീപകാല ഉദാഹരണമായി കരുതാവുന്നതാണ്.8
ഹിന്ദു സംഘടനകളും
അന്താരാഷ്ട്ര സ്വത്വവും
ആഗോളസ്വത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മുസ്ലിം സംഘടനകളില്‍ മാത്രം പരിമിതമല്ല എന്നത് ശ്രദ്ധേയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വളര്‍ന്ന് വികസിച്ച ആഗോളവത്കരണമാണ് ഈയൊരു സ്വഭാവ സവിശേഷതക്ക് കാരണമെന്ന് വലിയ ആലോചന ഇല്ലാതെ തന്നെ പറയാന്‍ സാധിക്കും. ഇന്ത്യയില്‍ രൂപം കൊണ്ട് ഇന്ത്യയില്‍ തന്നെ വികസിച്ച ഹിന്ദു മതത്തിന്റെ ഐഡന്റിറ്റി ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ആചാരങ്ങളും വിശ്വസങ്ങളും ഓരോ നാടിനും വ്യതിരിക്തമാണ്. എന്നാല്‍ പ്രസ്തുത വിശ്വാസാചാരങ്ങളെ ഏകമുഖമാക്കി മാറ്റാനും ഉത്തരേന്ത്യവത്കരിക്കാനും ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുസ്ലിം സംഘടനകള്‍ക്ക് മിഡില്‍ ഈസ്റ്റിനോടാണ് പ്രിയമെങ്കില്‍ കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ക്ക് ഉത്തരേന്ത്യയോടാണ് പ്രിയം. സോമയാഗം, ഗണേശോത്സവം തുടങ്ങിയവ കേരളത്തില്‍ പ്രചാരം കൊള്ളുന്നത് അതിന്റെ ഭാഗമാണ്9. വ്യത്യസ്ത പ്രദേശിക ധാരകളെ ഏകമുഖമാക്കിയെടുക്കാന്‍ സാധിച്ചുവെന്നതാണ് നരേന്ദ്രമോഡിയുടെ വിജയത്തിന്റെ ഒരു കാരണം.
പ്രദേശിക സ്വത്വത്തെ തിരസ്‌കരിക്കാനുള്ള പ്രവണത കേരളത്തില്‍ മാത്രം പരിമിതമല്ല. മലായ് സംസ്‌കാരം ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്ന ആചാരങ്ങളെ അനിസ്ലാമികമെന്ന് പറയുന്നതിനെതിരെയും മലായ് സംസ്‌കാരം അറബ്‌വത്കരിക്കുന്നതിനെതിരായും മലേഷ്യന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ദാതു സേറി റയീസ് യാതിം മുമ്പ് രംഗത്ത് വന്നിരുന്നു. പടിഞ്ഞാറന്‍ വികസിത രാജ്യങ്ങളേക്കാള്‍ മൂന്നാം ലോക രാജ്യങ്ങളിലും വെസ്റ്റ് ഏഷ്യയുടെ സ്വധീനമുള്‍ക്കൊള്ളുന്ന അയല്‍ രാജ്യങ്ങളിലുമാണ് ഈ പ്രവണത ശക്തിപ്പെട്ടിരിക്കുന്നത്. സവിശേഷമായ ഇസ്ലാമിക പൈത്യകവും പാരമ്പര്യവുമുള്ള കേരളത്തില്‍ അത് പെട്ടെന്ന് പ്രതിഫലിക്കുമെന്ന് മാത്രം. ആഗോളവത്കരണം സാധ്യമാക്കിയ വിനിമയ വേഗവും ആധുനികതാ ബോധവുമായിരിക്കാം കേരളത്തിലെ മുസ്ലിം സംഘടനകളെ ആഗോള സ്വത്വത്തിന്റെ പ്രണേതാക്കളാക്കിയത്. മാറ്റം എന്നത് വളരെ സക്രിയമായ ഒരു സാംസ്‌കാരിക പദമാണ്. എന്നാല്‍ കേരളത്തിലെ മുസ്ലിം സംഘടനകളെ സംബന്ധിച്ചേടത്തോളം അത് അങ്ങേയറ്റം പ്രതിലോമകരമായ ഒന്നാണ്. മാറ്റം വളര്‍ച്ചയുടെ അടയാളമാണ്. അന്താരാഷ്ട്രീയ സ്വത്വം നഷ്ടപ്പെടുമോ എന്ന ഭയമാണ് മാറ്റത്തില്‍ നിന്ന് ഉള്‍വലിയാനുള്ള കാരണം. അന്താരാഷ്ട്രീയ ബന്ധങ്ങളും സ്വത്വവും പൂര്‍ണമായി നിരസിക്കപ്പെടേണ്ട ഒന്നല്ല, എന്നാല്‍ നിലപാടുകള്‍ രൂപപ്പെടുത്തുമ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യവും ഓര്‍മയും വേണം. ഫത്‌വ (മതവിധി) നല്‍കുന്നതിന് മുമ്പ് ആ നാട്ടിലെ നാട്ടുനടപ്പുകള്‍ (ഉര്‍ഫ്) പണ്ഡിതന്മാര്‍ അറിഞ്ഞിരിക്കണമെന്ന നിദാന ശാസ്ത്രത്തിന്റെ നിര്‍ദേശവും ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന്റെ ഉത്ഭവവും വളര്‍ച്ചയും പ്രാദേശിക സ്വത്വത്തിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തുന്നു. ഇറാനിലെ ഭരണകൂടത്തോട് നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന അബ്ദുല്‍ കരീം സോറോഷിന്റെ10 ഐഡന്റിറ്റിയെ സംബന്ധിക്കുന്ന നിലപാട് ഇങ്ങിനെയാണ്: സ്വത്വത്തിന്റെ മതം പരസ്പരം കലഹത്തിലായിരിക്കും എന്നാല്‍ സത്യത്തിന്റെ മതം പരസ്പരം സഹിഷ്ണുതയിലായിരിക്കും.