ടിപ്പുസുല്‍ത്താനെ അനുസ്മരിച്ചുകൊണ്ട് തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതിയ ഒരു ലേഖനത്തില്‍ സയ്യിദ് മൗദൂദി ചരിത്ര വായനയുടെ മൂന്ന് രീതികളെക്കുറിച്ച് പറയുന്നുണ്ട്. അവയിലൊന്ന് വംശീയമായ ചരിത്ര വായനയാണ്. ഏറ്റവും അപകടകരവും വിധ്വംസകാത്മകവുമായ ചരിത്ര വായനാ രീതി എന്നാണ് അതിനെ കുറിച്ച മൗദൂദിയുടെ നിരീക്ഷണം. ചരിത്രത്തിലെ എല്ലാ അധിനിവേശങ്ങള്‍ക്കും ആധിപത്യ വാസനകള്‍ക്കുമുള്ള പ്രത്യയശാസ്ത്രപരമായ ന്യായീകരണമായി മാറിയത് ഈ വംശീയ ചരിത്ര വായനയാണ്. തങ്ങള്‍ വംശീയമായിത്തന്നെ ഉത്കൃഷ്ടരായതിനാല്‍ എന്നും ആധിപത്യം വാഴാനും മറ്റുള്ളവര്‍ തങ്ങളുടെ ഇരകളാകാനും വിധിക്കപ്പെട്ടവരാണ് എന്ന മുന്‍വിധിയോടു കൂടി മാത്രമേ വംശീയമായ ചരിത്ര വായന ഏത് സമൂഹങ്ങളുടെയും ചരിത്രത്തെ സമീപിക്കുകയുള്ളൂ. ചരിത്രം തന്നെ ഏറ്റവും വലിയ മര്‍ദനോപാധിയായിത്തീരുകയാണ് ഇവിടെ. കൊളോണിയല്‍ ചരിത്ര വായനയുടെ ഊടും പാവും നിര്‍ണയിച്ചത് ഈ വംശീയ ചരിത്ര വായനയാണ്. കൊളോണിയല്‍ ശക്തികള്‍ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നൂറ്റാണ്ടുകളോളം നടത്തിയ കിരാതമായ അധിനിവേശത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര ഉപകരണം ചരിത്രത്തിന്റെ ഈ വംശീയമായ വായനയായിരുന്നു.
ദീര്‍ഘകാലം കൊളോണിയല്‍ അധിനിവേശത്തിന് ഇരകളാക്കപ്പെട്ട ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ദേശീയ ചരിത്രവും നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് രൂപപ്പെടുകയും വികസിക്കുകയും ചെയ്തത് കൊളോണിയല്‍ ചരിത്ര രചനാ സമ്പ്രദായം വെട്ടിത്തെളിച്ച ചാലിലൂടെ തന്നെയാണ്. വംശീയ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ കൊളോണിയല്‍ ചരിത്രരചനാ സമ്പ്രദായം ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ എളുപ്പത്തില്‍ സ്വീകാര്യമാകാന്‍ ഒരു പ്രധാന കാരണം ഇവിടെ നേരത്തെ തന്നെ ജാതിയുടെ പേരില്‍ ജനങ്ങളെ തട്ടുകളായി തിരിക്കുന്ന വര്‍ണാശ്രമ ധര്‍മം സമൂഹത്തിലും സംസ്‌കാരത്തിലും രൂഢമൂലമായിരുന്നതാണ്. അതിനാല്‍ നൂറ്റാണ്ടുകളായി ഒരേ മണ്ണില്‍ പിറന്ന ഒട്ടേറെ സമൂഹങ്ങളെയും വംശങ്ങളെയും അപരവത്കരിച്ചുകൊണ്ട് തങ്ങള്‍ നിലനിര്‍ത്തിപ്പോന്ന ജാതി സമ്പ്രദായത്തെ കുറെകൂടി ആധുനിക മുഖം നല്‍കി സംരക്ഷിക്കാന്‍ സവര്‍ണ പ്രത്യയശാസ്ത്രത്തിന് കൊളോണിയല്‍ ചരിത്രരചനാ സമ്പ്രദായത്തെ അനുകരിച്ചുകൊണ്ടുള്ള ബ്രാഹ്മണ വംശീയതയിലധിഷ്ഠിതമായ ദേശീയ ചരിത്രത്തിലൂടെ സാധിച്ചു.
ഇപ്രകാരം കൊളോണിയല്‍ ചരിത്രത്തിന്റെയും അതിന്റെ ചുവടുപിടിച്ച് വികസിച്ച ദേശീയ ചരിത്രത്തിന്റെയും വംശീയമായ ചരിത്ര വായനയുടെ ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ ഇരകള്‍ ദലിതുകളും മുസ്‌ലിംകളുമാണ്. ഏതെങ്കിലും സമൂഹത്തെയോ വിഭാഗത്തെയോ എന്നെന്നും അരികുവത്കരിക്കാനും ആവശ്യമെങ്കില്‍ വേട്ടയാടാനുമുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം ചരിത്രം നിഷേധിക്കുക എന്നതാണ്. ചരിത്രപരമായി അസന്നിഹിതമാക്കപ്പെട്ട സമൂഹത്തിന് സ്വയം വികസിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയില്ല. കാരണം, തങ്ങളില്‍ അടിച്ചേല്‍പിക്കപ്പെട്ട കീഴാളത്തം ചരിത്രപരമോ പ്രകൃതിപരമോ ആയ അനിവാര്യതയായി സ്വയം മനസ്സിലാക്കുന്ന ജനതക്ക് സ്വപ്നത്തെ സാധ്യമാക്കുന്ന ആത്മബോധം എവിടെനിന്ന് ലഭിക്കാനാണ്.
ഉദാഹരണത്തിന്, കേരളത്തിന്റെ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയത് ശ്രീ നാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ സമരങ്ങളും പോരാട്ടങ്ങളുമാണെന്നാണ് അക്കാദമികമായും ജനകീയമായും സ്ഥാപിക്കപ്പെട്ട ചരിത്രം. പക്ഷേ, വാസ്തവത്തില്‍ ഇവയെല്ലാം നടക്കുന്നതിന് എത്രയോ കാലങ്ങള്‍ക്ക് മുമ്പ് തന്നെ കച്ചവടം, അറിവിന്റെ ജനാധിപത്യവത്കരണം, ഭരണപരമായ സാമൂഹിക പരിഷ്‌കരണം, അവകാശ സമരങ്ങള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഇപ്പോഴത്തെ പൊതുമണ്ഡലത്തിന്റെ പ്രാഗ്‌രൂപം കേരളത്തില്‍ നിലനിന്നിരുന്നുവെന്നും ഏതോ അര്‍ഥത്തില്‍ അവയെ രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിംകള്‍ക്ക് നേതൃപരമായ പങ്കുണ്ടായിരുന്നുവെന്നുമുള്ള വസ്തുത പൂര്‍ണമായും തമസ്‌കരിക്കപ്പെടുകയാണ് ചെയ്തത്. വര്‍ണാശ്രമ ധര്‍മ പ്രകാരം മൂന്നാം ജാതിയായ വൈശ്യര്‍ ആണ് കച്ചവട വിഭാഗം. പക്ഷേ കേരളത്തിലെ ജാതി സമൂഹത്തില്‍ വൈശ്യ വിഭാഗം ഇല്ലായിരുന്നു. അതിനാല്‍ വ്യാപാര രംഗം ശൂന്യമായിരുന്നു. കേരളത്തിലെ അക്കാലത്തെ വ്യാപാരവും കച്ചവടവും പ്രധാനമായും കടലിനെ ആശ്രയിച്ചായിരുന്നു. ജാതി ഹിന്ദുക്കള്‍ക്കാകട്ടെ കടല്‍ യാത്രക്ക് മതപരമായ വിലക്കുണ്ടായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനം കൃഷിയില്‍ മാത്രം പരിമിതപ്പെടുകയും വ്യാപാരത്തെ അവഗണിക്കുകയും ചെയ്യുന്ന സമൂഹം സ്വാഭാവികമായും സങ്കുചിത മനസ്സുള്ള അടഞ്ഞ സമൂഹമായിരിക്കും. പക്ഷേ പോര്‍ച്ചുഗീസ് അധിനിവേശം വരെ കേരളത്തിലെ വ്യാപാര മണ്ഡലത്തെ ചലനാത്മകമാക്കിക്കൊണ്ട് മുസ്‌ലിംകളും പൗരസ്ത്യ സുറിയാനി ക്രിസ്താനികളുമാണ് ഇപ്രകാരം കേരളത്തെ അടഞ്ഞ സമൂഹമായി മാറിപ്പോകുന്നതില്‍നിന്ന് രക്ഷിച്ചത്. ഉദാര വീക്ഷണവും മതാതീതമായ ബന്ധവും സഹിഷ്ണുതയുമെല്ലാം കച്ചവടത്തിന്റെ വിജയത്തിന് അനിവാര്യമാണ്. അതിനാല്‍ ഇത്തരം മൂല്യങ്ങള്‍ കേരളീയ സമൂഹത്തെ പഠിപ്പിച്ചത് മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ വ്യാപാരികളാണ്. യൂറോപ്പില്‍ മതേതരത്വം കൊണ്ടുവന്നത് വ്യാപാരികളാണെന്ന് പറയാറുള്ളതുപോലെ കേരളത്തിലെ മതേതരത്വത്തിന്റെ ആദ്യ മാതൃക സൃഷ്ടിച്ചത് നടേ പറഞ്ഞ ക്രിസ്ത്യന്‍-മുസ്‌ലിം വ്യാപാരികളാണ്.
അതുപോലെ മനുഷ്യനെ തട്ടുകളായി തിരിച്ച് തീണ്ടാപ്പാടകലെ നിര്‍ത്തിയും അറിവിനെ ബ്രാഹ്മണ വിഭാഗത്തിന്റെ മാത്രം കുത്തകയാക്കി വെച്ചും ജാതി ഹിന്ദുക്കള്‍ ഒരു ഭ്രാന്താലയമാക്കി മാറ്റിയ കേരളത്തെ മനുഷ്യവാസമുള്ള ഭൂമിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇസ്‌ലാമിന്റെ സമഭാവനയും അറിവിനെ ജനാധിപത്യവത്കരിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്.
19-ഉം 20ഉം നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നടന്ന എല്ലാ കീഴാള മുന്നേറ്റങ്ങളെയും കാര്‍ഷിക സമരങ്ങളെയും സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെയും സാധ്യമാക്കിയത് ടിപ്പു സുല്‍ത്താന്റെ ഭരണ പരിഷ്‌കരണങ്ങളും അതില്‍നിന്ന് പ്രചോദനവും ആത്മബോധവും ആര്‍ജിച്ച മാപ്പിളമാര്‍ നടത്തിയ സുദീര്‍ഘമായ കാര്‍ഷിക സമരങ്ങളുമായിരുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തില്‍ ഒരു പൊതുമണ്ഡലം സാധ്യമാക്കിയ ഇത്തരം മുന്നേറ്റങ്ങളെയെല്ലാം പക്ഷേ, കേരളത്തിന്റെ പൊതുചരിത്രം ഭാഗികമായോ പൂര്‍ണമായോ തമസ്‌കരിച്ചിരിക്കുകയാണ്.
വംശീയമായ അപരവത്കരണത്തിനും വേട്ടയാടലിനുമുള്ള മറ്റൊരെളുപ്പമാര്‍ഗം ചരിത്രത്തിന്റെ വക്രീകരണമാണ്. കൊളോണിയല്‍ ചരിത്രവും ദേശീയ ചരിത്രവും ഒരുപോലെ ഇന്ത്യയിലെയും കേരളത്തിലെയും മുസ്‌ലിംകളുടെ ചരിത്രത്തോട് ഈ അനീതി ചെയ്തിട്ടുണ്ട്. പ്രത്യാഘാതത്തിന്റെ അളവ് വെച്ച് നോക്കുമ്പോള്‍ ഒരുവേള ചരിത്ര തമസ്‌കരണത്തേക്കാള്‍ അപകടകരമാണ് ചരിത്രത്തിന്റെ വക്രീകരണം. കാരണം, അതിലൂടെ ഇരകളാക്കപ്പെടുന്ന സമൂഹം സദാ കുറ്റബോധമുള്ളവരും ആത്മവിശ്വാസം നഷ്ടപ്പെട്ട് ക്ഷമാപണ മനസ്ഥിതിയുള്ളവരുമായി മാറും. അതിനെല്ലാമുപരി, അവര്‍ വേട്ടയാടപ്പെടേണ്ടവര്‍ മാത്രമല്ല, വംശീയമായി ഉന്മൂലനം ചെയ്യപ്പെടേണ്ടവര്‍ കൂടിയാണെന്ന പൊതുബോധത്തെ അത്തരം ചരിത്രം നിരന്തരം വളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും.
മലബാറിലെ ടിപ്പുവിന്റെ ഭരണവും ജന്മിത്വത്തിനും കൊളോണിയലിസത്തിനും എതിരായ മാപ്പിളമാരുടെ സമരവുമാണ് ഇത്തരം ചരിത്ര വക്രീകരണത്തിന് ഏറ്റവും കൂടുതല്‍ ഇരയായത്. മാപ്പിള സമരത്തോട് സാമാന്യമായെങ്കിലും നീതി ചെയ്തവര്‍ പോലും ടിപ്പുവിനോട് യാതൊരു ദയവും കാണിച്ചിട്ടില്ല. കേരളത്തിലെ ഏതാണ്ടെല്ലാ നായര്‍ ചരിത്രകാരന്മാരും ടിപ്പുവിനെതിരെ ഒറ്റക്കെട്ടാണ്. അതിന് കാരണം നായര്‍ മേധാവിത്വമുണ്ടായിരുന്ന കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വിള്ളലുണ്ടാക്കി കീഴാളരില്‍ ആദ്യമായി അവകാശബോധം സൃഷ്ടിച്ചത് ടിപ്പുസുല്‍ത്താനാണെന്നതാണ്. അതിനാല്‍ ടിപ്പുവിനെതിരായ നായര്‍ ചരിത്രകാരന്മാരുടെ അക്കാദമിക പ്രവര്‍ത്തനം മുസ്‌ലിം വിരുദ്ധം മാത്രമല്ല, കീഴാള വിരുദ്ധം കൂടിയാണെന്ന് തിരിച്ചറിയുമ്പോഴേ ടിപ്പുവിരുദ്ധതയുടെ രാഷ്ട്രീയം മനസ്സിലാവുകയുള്ളൂ. ടിപ്പുവിരോധം എത്രത്തോളമെത്തി എന്നു ചോദിച്ചാല്‍ ടിപ്പുവിന്റെ ഭരണമാണ് കേരളത്തെ തകര്‍ത്തതെന്ന് സ്ഥാപിക്കുന്നതിനായി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ മാരകമായ ആഘാതമേല്‍പിച്ച പോര്‍ച്ചുഗീസ് ഘട്ടം ഒരു മിഥ്യയാണെന്ന് സ്ഥാപിക്കുന്ന അക്കാദമിക് വ്യവഹാരങ്ങളുമായി ചില ചരിത്രകാരന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഈയൊരു ഗതി വരുമെന്ന് കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പരിഷ്‌കര്‍ത്താവായ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ആധുനിക വിദ്യാഭ്യാസം നേടുന്നതിനെക്കുറിച്ച് യായൊരു ചിന്തയുമില്ലാതെ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടിയ സ്വന്തം സമുദായത്തോട് അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: ''മുസ്‌ലിംകളുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യ ദാഹത്തെ മനസ്സിലാക്കാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. ഞാന്‍ അതിനെ വളരെയധികം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ക്ക് ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും ഭാവിയില്‍ അതിനെ ചരിത്രവത്കരിക്കാന്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരും കാണില്ല. ദേശീയതയുടെ വക്താക്കള്‍ എഴുതുന്ന ചരിത്രത്തിലാകട്ടെ നിങ്ങള്‍ ഉണ്ടാവുകയുമില്ല.''
ദേശീയ ചരിത്രവായനയുടെ ജനിതക ദൗര്‍ബല്യത്തെ കുറിച്ചാണ് ആ പരിഷ്‌കര്‍ത്താവ് അന്നുതന്നെ ദീര്‍ഘദര്‍ശനം ചെയ്തത്. സര്‍ സയ്യിദിന്റെ ദീര്‍ഘദര്‍ശനം അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യം വരാത്തവര്‍ ആരും ഉണ്ടാവില്ല.
ദേശീയ ചരിത്ര വായനയുടെ തന്നെ മറ്റൊരു ഉള്‍പ്പിരിവായ മാര്‍ക്‌സിസ്റ്റ് ചരിത്ര വായന ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെ കുറെയൊക്കെ സത്യസന്ധമായി കണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളെ കാണാതിരിക്കേണ്ടതില്ല. ചരിത്രത്തിന്റെ കാവിവത്കരണത്തെ പ്രതിരോധിക്കുന്നതില്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരായ ഇര്‍ഫാന്‍ ഹബീബ്, വിപിന്‍ ചന്ദ്ര, റൊമില ഥാപ്പര്‍ തുടങ്ങിയവര്‍ നടത്തിയ ഇന്ത്യാ ചരിത്രപഠനങ്ങള്‍ വളരെയധികം പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള ചരിത്രത്തില്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരായ കെ.എന്‍ പണിക്കര്‍, കെ.കെ.എന്‍ കുറുപ്പ് തുടങ്ങിയവരുടെ ശ്രമങ്ങളും ശ്ലാഘനീയമാണ്. മാര്‍ക്‌സിസ്റ്റ് ചരിത്രകാരനല്ലെങ്കിലും എം. ഗോവിന്ദന്റെ ശിഷ്യനെന്ന നിലയില്‍ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായി കരുതാവുന്ന ഡോ. എം ഗംഗാധരന്‍ ഒരു ഘട്ടത്തില്‍ മലബാര്‍ സമരത്തെ വസ്തുനിഷ്ഠമായി പഠിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തന്റെ തന്നെ മുന്‍കാല അക്കാമദിക പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്ന വിപര്യയത്തെ അഭിമുഖീകരിക്കുകയാണ്.
മാര്‍ക്‌സിസ്റ്റ് ചരിത്ര വായനയുടെ ഒരു പ്രധാന പരിമിതി ചരിത്രത്തെ നിര്‍ണയിക്കുന്ന ചാലകശക്തിയായി സാമ്പത്തിക ഘടകങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന ദുശ്ശാഠ്യമാണ്. സാമ്പത്തിക ഘടകങ്ങള്‍ ഏതൊരു സമൂഹത്തെയും പോലെ ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രത്തെയും സ്വാധീനിച്ചിട്ടുണ്ടെങ്കിലും വിശ്വാസത്തിന്റെ സ്വാധീനം അതിനേക്കാളെല്ലാം എത്രയോ ഉപരിയാണ്. പരാജയപ്പെടുമെന്നുറപ്പുണ്ടായിട്ടും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കുഞ്ഞാലി നാലാമനും സംഘവും പൊരുതി മരിച്ചതും ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു മുമ്പില്‍ മലബാറിലെ നൂറുകണക്കിന് മാപ്പിളമാര്‍ വിരിമാറ് കാണിച്ച് രക്തസാക്ഷിത്വം വരിച്ചതുമെല്ലാം വിശ്വാസത്തിന്റെ മാത്രം കരുത്ത് കൊണ്ടാണ്. ഈ ശക്തി അളക്കാനുള്ള മാപിനി മാര്‍ക്‌സിസത്തിലില്ലാതെ പോയതുകൊണ്ടാണ് മലബാര്‍ കലാപത്തിലെ കാര്‍ഷിക പ്രശ്‌നത്തെ അംഗീകരിക്കുമ്പോഴും അതിലെ മതം പ്രശ്‌നമാണെന്ന് 'ആഹ്വാനവും താക്കീതും' എന്ന ലഘുലേഖയില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെക്കൊണ്ട് പറയിച്ചത്.
ഇപ്രകാരം കൊളോണിയല്‍ ചരിത്രവും ദേശീയ ചരിത്രവും മാര്‍ക്‌സിസ്റ്റ് ചരിത്രവുമെല്ലാം കേരള മുസ്‌ലിംകളുടെ ചരിത്രത്തോട് വേണ്ട രീതിയില്‍ നീതി ചെയ്തില്ല എന്ന തിരിച്ചറിവിലാണ് കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് രൂപംകൊള്ളുന്നത്. മേല്‍പറഞ്ഞ മൂന്നുതരം ചരിത്ര വായനകളും അരികുവത്കരിക്കുകയോ പാര്‍ശ്വവത്കരിക്കുകയോ ചെയ്ത ഒട്ടേറെ വിഭാഗങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രപരമായ കര്‍തൃത്വം സ്ഥാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന കീഴാള ചരിത്ര പഠനം അക്കാദമിക രംഗത്ത് വന്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യം ഹിസ്റ്ററി കോണ്‍ഫറന്‍സിനെ കൂടുതല്‍ പ്രസക്തവും ആത്മവിശ്വാസമുള്ളതുമാക്കി മാറ്റുന്നുണ്ട്. കീഴാള ചരിത്രപഠനങ്ങളുടെ ഭാഗമായി കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളില്‍ നല്ലൊരു പങ്കും ഇത്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയുമാണ്. കേരളത്തിന്റെ ഭാവിയില്‍ വന്‍മുതല്‍കൂട്ടായി മാറാനിടയുള്ള ഈ വമ്പിച്ച വൈജ്ഞാനിക മൂലധനത്തെ കേരളത്തിന് പരിചയപ്പെടുത്താനുള്ള വേദികൂടിയാവുകയാണ് ഹിസ്റ്ററി കോണ്‍ഫറന്‍സ്.
എന്നാല്‍, ഈ കീഴാള ചരിത്ര പഠനങ്ങളോട് ഐക്യപ്പെടുമ്പോഴും അതിനെയും അതിവര്‍ത്തിക്കുന്ന ഒരു തലം ഹിസ്റ്ററി കോണ്‍ഫറന്‍സിനുണ്ട്. അത് തുടക്കത്തില്‍ സൂചിപ്പിച്ച ടിപ്പുസുല്‍ത്താനെക്കുറിച്ച പഠനത്തില്‍ സയ്യിദ് മൗദൂദി എടുത്തു പറഞ്ഞ ചരിത്രത്തിന്റെ ഇസ്‌ലാമിക വായനയാണ്. ചരിത്രം ആരുടെതായാലും അത് സ്വന്തം വംശത്തിന്റെയും സമുദായത്തിന്റെതുമാണെങ്കില്‍ പോലും വിമര്‍ശനാത്മകമായി സമീപിക്കുക എന്നതാണ് ചരിത്രത്തിന്റെ ഇസ്‌ലാമിക വായന. സ്വന്തം സമുദായത്തിന്റെ ചരിത്രം എഴുതുമ്പോള്‍, അതിലെ മേന്മകള്‍ എടുത്തു പറയുമ്പോള്‍ തന്നെ സ്ഖലിതങ്ങളെ ശരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാതെ അതിനെ സ്ഖലിതമായിത്തന്നെ സമ്മതിക്കുകയാണ് വിമര്‍ശനാത്മകമായ ചരിത്ര വായനകൊണ്ട് അര്‍ഥമാക്കുന്നത്. ഏതൊരു സമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രചനാത്മകമായി രൂപപ്പെടുത്തണമെങ്കില്‍ അതിന്റെ ഗതകാലത്തെ കുറിച്ച ഇത്തരം വിമര്‍ശനാത്മകമായ വായന ഒഴിച്ചുകൂടാനാവാത്തതാണ്. ഈയൊരു ആശയപരിസരമാണ് കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ യഥാര്‍ഥ ശക്തി.