സ്വത്വബോധത്തിന്റെ ചരിത്രമാണ് ഉത്തരം

വ്യക്തിപരമായ ഒരു ചോദ്യം കൊണ്ടു തടുങ്ങാം. ഹദ്‌റമികളുടെ വംശാവലി അന്വേഷിച്ച്, 'അശാന്ത' മായ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴികളിലേക്ക് ഊഴ്ന്നിറങ്ങാനുള്ള താങ്കളുടെ അഭിവാഞ്ഛ എങ്ങനെയാണ് രൂപപ്പെട്ടത്? ജന്മനാടായ മലേഷ്യയും അമേരിക്കയിലെ വിദ്യാഭ്യാസവും സിങ്കപ്പൂരിലെ ജോലിയുമെല്ലാം താങ്കളിലെ പണ്ഡിതനെ വാര്‍ത്തെടുക്കുന്നതിന് സഹായകമായിട്ടുണ്ടെന്ന് കരുതുന്നു.

ചൈനീസും തദ്ദേശീയവുമായ ബാബ സങ്കര (creole) കുടുംബ പശ്ചാതലമുള്ള എന്നെ സംബന്ധിച്ചിടത്തോളം വിദൂരത്തെങ്കിലും മറ്റെവിടെയോ വേരുകളുള്ളതിന്റെ പ്രത്യേക അനുഭവം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഏഷ്യ മാഗസിനില്‍ ചൈനയിലെ മധ്യേഷ്യക്കാര്‍ അഥവാ മംഗോളുകളെ കുറിച്ച് വന്ന ഒരു ലേഖനം വായിക്കാനിടയായി. അതെഴുതിയ ലേഖകന് പ്രചോദനമായത്, 'ദേശാന്തരങ്ങള്‍ താണ്ടി യാത്ര ചെയ്തും നീ നിന്റെ കുടുംബ വേരുകള്‍ കണ്ടെത്തുക'യെന്ന സ്വന്തം പിതാവിന്റെ ഉപദേശമായിരുന്നു. ഒരു വ്യക്തിയുടെ ബന്ധുക്കള്‍ പരദേശി ആയിരിക്കുകയെന്ന സങ്കല്‍പം അന്നു മുതല്‍ എന്നെ കൂടുതല്‍ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരുന്നു. അതേ സമയം, അറേബ്യ, ഇന്ത്യ, ചൈന തുടങ്ങിയ ബാഹ്യ സ്വാധീനങ്ങളാല്‍  രൂപപ്പെട്ട മലേഷ്യയിലെ സങ്കര സംസ്‌കാരത്തില്‍ ഞാനും അലിഞ്ഞുചേര്‍ന്നിരുന്നു. ശക്തമായ ഇത്തരം സാംസ്‌കാരിക സ്വാധീനങ്ങളില്‍ ഞാന്‍ കൂടുതല്‍ ആകൃഷ്ടനാവുകയും ഈ ജിജ്ഞാസ എന്നെ ഹളര്‍മൗത്തില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ, ഞാനവിടെയും കണ്ടത് ഭക്ഷണം, വാസ്തുവിദ്യ, രചനകള്‍, ജനങ്ങള്‍ എന്നിവയിലെല്ലാം ഒരു അറബ്-ഏഷ്യന്‍ സങ്കര സംസ്‌കാരത്തെയാണ്. ഇന്ത്യന്‍ മഹാസമുദ്രമാണ് അവരെ ഒന്നിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കി. സമുദ്രയാത്രകളും അതിലൂടെയുള്ള സങ്കലനവുമാണ് എന്നെയിന്ന് ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഗീര്‍ട്ട്‌സ്, ഹാമിദ് സൈന്‍, എക്കില്‍മാന്‍, തലാല്‍ അസദ് തുടങ്ങിയ വിശ്വോത്തര നരവംശശാസ്ത്രജ്ഞര്‍ സേവനമനുഷ്ടിച്ച ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകവൃന്ദത്തില്‍ താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാരാണ്? പോസ്റ്റ് കൊളോണിയല്‍ നരവംശശാസ്ത്രത്തോടുള്ള വിമര്‍ശനാത്മകതയും,  തീക്ഷ്ണമായ ധൈഷണിക വൈദഗ്ധ്യവും വിഷയാന്തര സമീപനവുമെല്ലാം താങ്കള്‍ വളര്‍ത്തിയെടുത്തതെങ്ങനെയെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.

ചിക്കാഗോവില്‍ പോകുന്നതിന് മുമ്പ്, ജി. വില്യം സ്‌കിന്നറിന്റെ മേല്‍നോട്ടത്തില്‍ സ്റ്റാന്‍ ഫോഡ് യൂനിവേഴ്‌സിറ്റിയില്‍  ഞാന്‍ പഠിച്ചിരുന്നു. ദക്ഷിണ പൗരസ്ത്യ ഏഷ്യയിലെ ചൈനീസ് കുടിയേറ്റ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എന്നില്‍ അനല്‍പമായ സ്വാധീനം ചെലുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ സമീപനം സുഗ്രാഹ്യവും ചിന്തോദ്ദീപകവുമായിരുന്നു. പ്രത്യേകിച്ച്, ചൈനീസ്  കുടിയേറ്റ സമൂഹം തദ്ദേശീയരുമായി ഇഴകിചേര്‍ന്ന് ഒരു മധ്യ, സങ്കര സമൂഹം രൂപംകൊള്ളുന്നതിനെയും വിദേശ സംസ്‌കാരം നിലനിര്‍ത്തുന്നതിനെയും കുറിച്ച് അദ്ദേഹം നടത്തിയ വിശകലനങ്ങള്‍ എന്നെ അത്ഭുതപ്പെടുകയുണ്ടായി. ചിതറിക്കിടക്കുന്ന ഇത്തരം സമൂഹങ്ങള്‍ താല്‍പര്യജനകമായ ഗവേഷണത്തിന് വിഷയമാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് സ്റ്റാന്‍ഫോഡില്‍ അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കുമ്പോഴായിരുന്നു. ചൈനീസ് സങ്കര കുടിയേറ്റ സമൂഹങ്ങളെക്കുറിച്ചുള്ള സ്‌കിന്നറുടെ പഠനമാണ്  അറേബ്യന്‍ സങ്കരവര്‍ഗങ്ങളുടെ ഗവേഷണത്തിന് മാതൃകയായത്്. ചിക്കാഗോ സര്‍വകലാശാലയില്‍ വെച്ച് നാന്‍സി മന്നിന്റെ തത്വശാസ്ത്ര അദ്ധ്യാപനങ്ങളും സ്ഥല-കാലത്തെക്കുറിച്ചുള്ള സൗന്ദര്യശാസ്ത്രപരമായ വംശപഠനങ്ങളും (aesthetic ethnography) എന്നില്‍ ചലനാത്മകതയും അത് മൂലമുണ്ടാകുന്ന വിനിമയങ്ങളും മാറ്റങ്ങളുമെല്ലാം തന്നെ ഗവേഷണം നടത്തപ്പെടേണ്ട പ്രതിഭാസമാണെന്ന ചിന്ത  ഉളവാക്കി. എന്റെ രചനകളില്‍ ഈയൊരു ചിന്ത അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിദൂര ദേശങ്ങളുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധങ്ങളിലൂടെ എങ്ങനെയാണ് പുതിയൊരു സമൂഹം രൂപപ്പെട്ടു വരുന്നതെന്ന് പഠിക്കാന്‍ കരീബിയക്കാരനായ എന്റെ പി.എച്ച്.ഡി അദ്ധ്യാപകന്‍- റയ്മണ്ട് ടി. സ്മിത്ത്- പ്രോല്‍സാഹിപ്പിക്കുകയുണ്ടായി. ഫ്രെഡ് ഡോണര്‍, വദാദ് ഖാദി തുടങ്ങിയ ഇസ്‌ലാമിക് സ്റ്റഡീസിലെയും അറബ് കയ്യെഴുത്ത്പ്രതി പഠനങ്ങളിലെയും അദ്ധ്യാപകരുടെ പ്രചോദനാത്മകമായ അദ്ധ്യാപനങ്ങള്‍ എനിക്ക് ഏറെ ഉപകാരപ്രദമായിരുന്നു. അറബികളിലെ ബദുക്ക(ആദിവാസികള്‍)ളിലും അനറബികളായ സമൂഹങ്ങളിലും ഇസ്‌ലാമിനെ പ്രചരിപ്പിച്ച ഹദ്‌റമികള്‍ പലപ്പോഴായി പുനരാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്ന മതത്തിലെ മൗലിക വസ്തുതകളെ എനിക്കു പഠിപ്പിച്ചു തന്നത് ആദ്യകാല ഇസ്‌ലാമിനെ കുറിച്ചുള്ള ഡോണറിന്റെ കൃതിയായിരുന്നു. 


മുസ്‌ലിം സമൂഹത്തെ പഠനവിധേയമാക്കാന്‍ താങ്കള്‍ അസദിന്റെ വ്യാവഹാരിക പൈതൃകത്തില്‍ നിന്നു മുന്നോട്ട് പോയി, രചനകള്‍ അടിസ്ഥാനപ്പെടുത്തിയുളള ദേശാന്തര കൂടിച്ചേരലുകള്‍ പരിശോധിക്കുകയാണ്. ഹദ്‌റമികളെ സംബന്ധിച്ചേടത്തോളം അവരുടെ സാര്‍വലൗകിക സ്വത്വം നിര്‍വചിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന വംശാവലിയുടെ കൃതികള്‍ ഒരു ഇസ്‌ലാമിക വ്യാവഹാരിക ലോക ക്രമമായി നിങ്ങള്‍ ഉപയോഗിക്കുന്നു.  മുസ്‌ലിംകളെപ്പോലുള്ള സങ്കീര്‍ണ മതസമുദായങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള രീതിശാസ്ത്രം നരവംശ ശാസ്ത്രത്തിന് ഇപ്പോഴും രൂപപ്പെടുത്തിയെടുക്കാനായിട്ടില്ലേ?

ദേശ-രാഷ്ടീയ അതിരുകളില്‍ ഒതുങ്ങിനില്‍ക്കാത്ത സങ്കീര്‍ണ സമൂഹങ്ങളെ അഭിമുഖീകരിക്കാന്‍ സഹായിക്കുന്ന രീതികള്‍ നരവംശശാസ്ത്രത്തില്‍ നിര്‍മിച്ചെടുക്കാന്‍ ഇനിയുമൊരുപാട് അവസരങ്ങളുണ്ട്. യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ വാണിരുന്ന നാടുകളിലെ പ്രജകളെക്കുറിച്ചുള്ള പഠനമായി തുടക്കം കുറിച്ച നരവംശ ശാസ്ത്രം കാലങ്ങളായി ദേശീയവും രാഷ്ട്രീയവുമായ നിര്‍വചനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അതിര്‍ത്തികളാല്‍ ബന്ധിതമല്ലാത്ത സമൂഹങ്ങളെ മനസ്സിലാക്കാനും അവര്‍ തമ്മിലുളള ബന്ധം അപഗ്രഥിച്ചെടുക്കാനും അവരിലെ വിഭിന്ന ഘടകങ്ങള്‍ എങ്ങനെയാണ്  സംസ്‌കാരികാന്തര യാഥാര്‍ത്ഥ്യങ്ങള്‍ താണ്ടിക്കടക്കുന്നതെന്നറിയാനും, കൃതികള്‍, ആശയങ്ങള്‍, ചരക്കുകള്‍ പോലുള്ള പുതിയ ചലനാത്മക മാധ്യമങ്ങളെ നരവംശശാസ്ത്ര മേഖല ആശ്രയിക്കേണ്ടതുണ്ട്.  ഈ ചലനാത്മക മാധ്യമങ്ങള്‍ കടന്നുചെല്ലുന്ന ഭൂമികയെ പിന്തുടര്‍ന്നുകൊണ്ടിരിക്കാന്‍ ഒരു ഗവേഷകന്‍ തയ്യാറായിരിക്കണം. തല്‍ഫലമായി പുതിയ അസ്തിത്വങ്ങള്‍ തെളിഞ്ഞു വരികയും അവ അംഗീകൃത പഠന വിഷയങ്ങളായിത്തീരുകയും ചെയ്യും. അംഗീകൃതമെന്ന് മാത്രമല്ല, പലപ്പോഴും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിലേക്ക് വെളിച്ചം വീശാന്‍ ഏറ്റവും ഉതകുന്ന മാര്‍ഗം ഇവയെന്നതാണ് സത്യം.


'പൗരസ്ത്യ നിശ്ചലതയെ' നിഷേധിച്ചും പഠിതവസ്തുവിന്റ ദേശകാല  ചട്ടക്കൂടുകളെ തകര്‍ത്തു കളഞ്ഞും താങ്കള്‍ ഒരു 'സഞ്ചാര' ഗവേഷകനായി നരവംശ ശാസ്ത്രത്തിന്റെ സാമ്പ്രദായിക രീതികളില്‍നിന്നും മാറി സഞ്ചരിക്കുന്നു.  വര്‍ത്തമാന കാല സമൂഹങ്ങളെ ബൃഹദ്‌ ആഖ്യാനങ്ങളിലെ ദീര്‍ഘകാല പരിപ്രേക്ഷ്യ ത്തിലൂടെ വീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?


വിഷയത്തിന്റെ വീതിയും ആഴവും സമീകരിച്ചിരിക്കുന്നത് നീതി പുലര്‍ത്തുന്ന തരത്തിലാവണം.  ഒരു ഉദാത്ത ഗവേഷകന്‍ തല്‍വിഷയ സംബന്ധിയായ മുഴുവന്‍ കോണുകളെയും ഓരോ നിമിഷാര്‍ധങ്ങളെയും ചികഞ്ഞെടുത്ത് പരിശോധിക്കാന്‍ ആഗ്രഹിക്കും. പക്ഷേ, ഇത്തരമൊരു അപഗ്രഥനം തീര്‍ത്തും അസാധ്യമാണ്. ഗവേഷണത്തിനിറങ്ങുമ്പോള്‍  ഖനനം നടത്തേണ്ടതെവിടെയാണെന്നും എവിടെയെല്ലാം കൂടുതല്‍ ആഴത്തിലിറങ്ങേണ്ടതില്ലെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. എവിടെ, എപ്പോഴാണ്‌ ഖനനം ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കുവാന്‍ സഹായിക്കുന്ന കുറുക്കുവഴികളേതുമില്ല താനും. അതിനാല്‍ തന്നെ വിഷയത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് വിശാലമായ അറിവും അതോടൊപ്പം മെച്ചപ്പട്ട ആഖ്യാനത്തിനുള്ള സഹജവാസനയുമുണ്ടായിരിക്കേണ്ടതാണ്.


രണ്ട് ദശകങ്ങളായി പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പരയോടെ ഹദ്‌റമി ദേശാടനത്തെക്കുറിച്ചുള്ള പഠനത്തില്‍ വര്‍ധിച്ച താല്‍പര്യം കാണാനാകുന്നുണ്ട്. ഓരോ പ്രദേശങ്ങളെയും വേറിട്ടു സമീപിക്കുന്നതിന് പകരം ഇന്ത്യന്‍ മഹാസമുദ്രത്തിലെ അതിവിശാലമായ സാംസ്‌കാരിക സമ്പര്‍ക്കങ്ങളില്‍ നിന്നുകൊണ്ട് ഈ ദേശങ്ങളെ പഠിക്കുന്ന പുതിയ രീതിയിലേക്ക് വന്ന പരിപ്രേക്ഷ്യത്തിലുള്ള മാറ്റത്തെയാണോ ഇത് സൂചിപ്പിക്കുന്നത്? ഏഷ്യന്‍ ബാന്ധവങ്ങളെക്കുറിച്ച്, അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തെക്കുറിച്ചു വളര്‍ന്ന് വരുന്ന ഗവേഷണ രീതിയുടെ പുരോഗതിയെ എങ്ങനെയാണ് (താങ്കള്‍) വിലയിരുത്തുന്നത്?

വളരെയധികം പ്രതീക്ഷയോടെയാണ് ഞാനീ പുരോഗതിയെ നോക്കിക്കാണുന്നത്. ദേശാതിര്‍ത്തികള്‍ക്കതീതമായി ജീവിച്ചിരുന്ന, ചലനാത്മകവും സങ്കീര്‍ണവുമായ സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ഗവേഷകര്‍ മുന്നിട്ടിറങ്ങും തോറും അതിലെ സങ്കീര്‍ണത എങ്ങനെയാണ് ഉരുവം ചെയ്യപ്പെട്ടതെന്നും, 'വൈദേശിക' ഘടകങ്ങളിലെ ബന്ധങ്ങള്‍ രൂപപ്പെട്ടതും നിലനിര്‍ത്തിപോന്നതും കാലാന്തരങ്ങളില്‍ സമരസപ്പെട്ട് വന്നതും എങ്ങനെയാണെന്നും നമുക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. അതിനേക്കാള്‍  പ്രധാന്യമര്‍ഹിക്കുന്നതൊന്നും തദ്വിഷയകമായി ഇല്ല. വാണിജ്യപരമായ അഗാധ പാരമ്പര്യവും വിവിധ മതങ്ങളുടെ വ്യാപന ചരിത്രവും സാമ്രാജ്യത്വവുമായുള്ള ഏറ്റുമുട്ടലുകളും കൊണ്ട് സമ്പന്നമായതിനാല്‍ത്തന്നെ ഇന്ത്യന്‍ മഹാസമുദ്ര പഠനശാഖ അത്തരം ഗവേഷണങ്ങള്‍ക്ക് വളക്കൂറുള്ള മേഖലയാണ്. മാത്രവുമല്ല, ഈ പ്രദേശം വിഭിന്ന ദേശങ്ങള്‍ കടന്നുചെന്നുള്ള സാംസ്‌കാരികവും കലാപരവുമായ സഹകരണത്തിന്റെ വലിയൊരു ഖജനാവുകൂടിയാണ്.


വിഷയാന്തര സമീപനത്തില്‍ ഊന്നിക്കൊണ്ട് ദേശാടനത്തിന്റെ അഞ്ഞൂറ് വര്‍ഷത്തെ ചരിത്രമെഴുതുക എന്നത് തീര്‍ച്ചയായും ഒരു ഭഗീരഥ യത്‌നം തന്നെയാണ്.  പൂര്‍ത്തീകരിച്ചു കഴിഞ്ഞ ആ പദ്ധതിയെ എങ്ങനെ വിശകലനം ചെയ്യാനാണ് താങ്കള്‍ താല്‍പര്യപ്പെടുന്നത്? പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതില്‍ താങ്കള്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടോ? 


ഞാന്‍ നിര്‍വഹിച്ച ഉദ്യമം ഒരു തുടക്കം മാത്രമാണെന്നത് വ്യക്തമാണല്ലോ. ഒരു ജനതയെയും ഒരു സംസ്‌കാരത്തെയും ഒരു ഉല്‍ഭവദേശത്തെയും മാത്രമാണ് ഞാന്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ കേവല കേന്ദ്രീകരണം കൊണ്ട് തന്നെ മൂന്ന് കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു. ഇതര സമൂഹങ്ങളുമായി പരസ്പരം കൈമാറുകയും സ്വാംശീകരിക്കുകയും ചെയ്ത വംശപാരമ്പര്യമുള്ളവരാണ് ഈ ഒരു ജനത. മറ്റു പൈതൃകങ്ങളുമായുള്ള സമ്പര്‍ക്കമാണ് ഒരു പൈതൃകത്തിന്റെ അസ്തിത്വം നിര്‍ണയിക്കുന്നത്.  മാതൃഭൂമിയായ ഉല്‍ഭവദേശം നാടുവിട്ടു പോയ ജനതക്ക് എന്നും ആദരം തുളുമ്പുന്ന ഒരു പരിഭവമായി നിലകൊള്ളുന്നു. ഇത് തന്നെയാണ് ഈ വിഷയത്തിന്റെ കാതലായ ഭാഗവും. വിശദമായി പരിശോധിക്കുമ്പോള്‍ പ്രത്യക്ഷ്യമായി തോന്നുന്ന ദേശാതിര്‍ത്തികള്‍ മാഞ്ഞില്ലാതാകുന്നതെങ്ങനെയാണെന്നും തല്‍സ്ഥാനത്ത് വലുതും സമ്പുഷ്ടവുമായ ബന്ധങ്ങളുടെ നെയ്ത്തുരൂപം (weave) ഉയര്‍ന്നുവരുന്നതെങ്ങനെയാണെന്നും കാണിച്ചുതരുന്ന ചെറിയൊരു ഉദാഹരണമാണത്.

ഹദ്‌റമി രചനകളിലുള്ള ചരിത്രശാസ്ത്രപരമായ  പ്രശ്‌നങ്ങളിലേക്ക്, വിശിഷ്യാ വംശാവലി സംബന്ധിയായതും പ്രകീര്‍ത്തനാത്മകവുമായ ദേശാടന രചനകളിലെ പാളിച്ചകളിലേക്ക് നിഷ് (1999) സൂചന നല്‍കുന്നുണ്ട്. ഹദ്‌റമി വംശ പരമ്പരയുടെ കൃതികള്‍ അവലംബമാക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങനെയാണ് താങ്കള്‍ തരണം ചെയ്തത്?   

എല്ലാ രചനകളും ഒരു ചരിത്രരേഖയുടെ ഗണത്തില്‍ പെടില്ല. എങ്കിലും, അവ ആ ചരിത്രം രേഖപ്പെടുത്തിയ വ്യക്തികളെക്കുറിച്ചുള്ള ആശയങ്ങളുടെ രേഖ തന്നെയാണ്. അതാണ് ഈ രേഖകളുടെ അതിവിശിഷ്ടമായ സവിശേഷതയും. ഈ രചനകളെ നരവംശ ശാസ്ത്രപരമായ കോണിലൂടെ വീക്ഷിക്കുന്നതിന്റെ മൂല്യവുമിതാണ്. തങ്ങളുടെ ചുറ്റുമുള്ള ലോകത്തെകുറിച്ചും തങ്ങളെ കുറിച്ച് തന്നെയും ഒരു ജനത ചിന്തിച്ചതെങ്ങനെയെന്നു മനസ്സിലാക്കാനുള്ള രേഖയെന്ന നിലയില്‍, തങ്ങളിലേക്ക് ചേര്‍ത്തു പറയുന്ന യാഥാര്‍ത്ഥ്യങ്ങളുടെയും അയാഥാര്‍ത്ഥ്യങ്ങളുടെയും മൂല്യത്തില്‍ കവിഞ്ഞ ഒരു പ്രധാന്യം ഈ രചനകള്‍ക്കുണ്ട്.

സയ്യിദുമാരല്ലാത്ത മുസ്‌ലിം ഹദ്‌റമി ദേശാടകരെ സംബന്ധിച്ചിടത്തോളം രചനകള്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ എത്രമാത്രം സാധ്യമാണ്. മലബാറിലെ ഹദ്‌റമി സയ്യിദുമാരല്ലാത്തവര്‍ താരതമ്യേന കുറഞ്ഞ എഴുത്തുകുത്തുകള്‍ മാത്രമാണല്ലേ നടത്തിയിട്ടുള്ളത്?

ഹദ്‌റമി സയ്യിദുമാരെപ്പോലെ വ്യാപ്തിയിലും ആഴത്തിലുമുള്ള രചനകളുടെ ശേഖരം എല്ലാ ജനങ്ങളും   നിര്‍മ്മിച്ചിട്ടില്ലെന്നത് വാസ്തവമാണ്. അത് തീര്‍ച്ചയായും ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.  ഹദ്‌റമികളുടെ രചനാ പാരമ്പര്യത്തിന്റെ സമ്പന്നതയാണ് ഞാനീ വിഷയം തെരെഞ്ഞെടുക്കാനുള്ള ഒരു കാരണം. സയ്യിദുമാരല്ലാത്ത ഹദ്‌റമികളും ഒരുപാട് രചനകള്‍ നടത്തിയിട്ടുണ്ട്. അവ എന്റെ ഗവേഷണങ്ങളിലും എഴുത്തുകളിലും ഉപയോഗപ്പെടുത്താറുണ്ട്. ബഹ്‌റാഖ്, ത്വയ്യിബ് അബ്ദുല്ല ബാമഖ്‌റമ, സലാഹ് അല്‍ ബക്‌രി, മുഹമ്മദ് അബ്ദുല്‍ ഖാദില്‍ ബാമഥ്‌റഫ്, സഈദ് അവദ് ബാവസീര്‍, റുഹയ്യിം ബാഫദ്ല്‍, സാലിം അല്‍ കിന്ദി, അബ്ദുല്ല ബാകഥീര്‍ അല്‍ കിന്ദി, അലി അഹ്മദ് ബാഖഥീര്‍ എന്നിവരും പിന്നെ ദക്ഷിണപൗരസ്‌ത്യേഷ്യയില്‍ നിന്ന് പ്രസിദ്ധീകൃതമായ ആനുകാലികങ്ങളൊക്കെ ഉദാഹരണങ്ങളാണ്. ഇവരുടെ രചനകള്‍ സയ്യിദുമാരുടേതില്‍ നിന്നും വ്യതിരിക്തമാണ്. അവ ഒരുമിച്ച് ക്രമീകരിച്ചെടുക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. എങ്കിലും അത്തരം കൃതികള്‍ നിലനില്‍ക്കുന്നുണ്ട്, അവയെ നിര്‍ദ്ധാരണം ചെയ്യുന്ന ഒരു ചരിത്രശാസ്ത്രജ്ഞനെയും പ്രതീക്ഷിച്ചു കൊണ്ട്. ഞാന്‍ കുറച്ചുകൂടി അനായാസകരമായ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. പൂര്‍ണമായിട്ടല്ലെങ്കിലും സയ്യിദുമാരുടെ കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വംശാവലിപരമായ സയ്യിദുമാരുടെ കൃതികള്‍ ക്രമപ്പെടുത്തുന്ന കര്‍ത്തവ്യം മുമ്പേ നിര്‍വഹിച്ചു കഴിഞ്ഞതിനാല്‍ എന്റെ ജോലി കൂറച്ചുകൂടി എളുപ്പമായി. ഇത്തരം രചനകളുടെയും അതിന്റെ ഗ്രന്ഥകര്‍ത്താക്കളുടെയും വായനക്കാരുടെയും ഇടയിലുള്ള ബന്ധത്തെ ആവിഷ്‌കരിച്ചെഴുതുകയാണ് ഒരു നരവംശശാസ്ത്രജ്ഞന്റെ ഉത്തരവാദിത്തം. പലപ്പോഴും ഈ ബന്ധം കൃതിയുടെ പദാനുപദ ഉള്ളടക്കം മനസിലാക്കിയെടുക്കാന്‍ നമ്മെ സഹായിക്കുന്ന വിവരങ്ങളുടെ സമ്പുഷ്ടമായ ഉറവിടമായിരിക്കും.

ദേശാടനങ്ങള്‍ മാതൃദേശവുമായി അഭേദ്യമായ ബന്ധം  പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഹദ്‌റമി സയ്യിദുമാരുടെ കാര്യത്തില്‍ സ്വദേശത്തേക്കാളുപരി  'വിശുദ്ധ വംശപരമ്പര'യിലൂടെ ശക്തമായ ഒരു ബന്ധം ഉളവാകുന്നതായി കാണാം. ദേശകാലാന്തരങ്ങള്‍ക്ക് അതീതമായി വ്യതിരിക്തമായൊരു ദേശാടന സമൂഹമായി ഹദ്‌റമികള്‍ വളര്‍ന്നു വികസിച്ചു അതുല്യമായിത്തീര്‍ന്നതിന്‌ ഈയൊരു ആധ്യാത്മിക വംശപരമ്പര കാരണമായിട്ടല്ലേ?


വളരെയധികം താല്‍പര്യമുണര്‍ത്തുന്ന ചോദ്യമാണിത്. വലിയ ഭൂമിശാസ്ത്ര ഘടനകളെയും കാലങ്ങളെയും മറികടക്കുന്ന വിധം പാകപ്പെട്ടു കഴിഞ്ഞ ദേശാന്തര സമൂഹങ്ങളുടെ പ്രാതിനിധ്യം നിര്‍ണയിച്ചു നല്‍കുന്നതില്‍ വിശുദ്ധ പരമ്പരകള്‍ക്ക് അതുല്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. സയ്യിദുമാര്‍ തന്നെ ക്രമീകരിച്ചുവെച്ചിരിക്കുന്ന വംശപരമ്പര ഈയൊരു അംഗത്വത്തെ നിര്‍വചിക്കുന്നതിന് എങ്ങനെ സഹായിക്കുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. മറ്റു ദേശാടന സമൂഹങ്ങള്‍ക്ക് അംഗത്വനിര്‍ണയത്തിനും അവ നിലനിര്‍ത്തിപ്പോരുന്നതിനും സ്ഥായിയായതോ അല്ലാത്തതോ ആയ വേറെ പല മാധ്യമങ്ങളുണ്ടാവാം. 


''കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളില്‍, സാമൂഹികവും മതകീയവുമായ ജീവല്‍ക്രമങ്ങള്‍ പകര്‍ന്നുകൊടുത്തുകൊണ്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലോകവ്യാപാരത്തിന്റെ വിദൂര പാതകള്‍ക്ക് സാംസ്‌കാരികമായ മാനം പകര്‍ന്നു നല്‍കാന്‍, ഒരേ ഇടങ്ങളില്‍ വ്യാപിച്ചുകൊണ്ടിരുന്നതിനാല്‍ തന്നെ, ഇസ്‌ലാമിന് സാധിച്ചിട്ടുണ്ട് ''(ഹോ 2007, 347-8).  അങ്ങനെയിരിക്കെ, ഹ്ദറമികള്‍ രൂപപ്പെടുത്തിയെന്ന് താങ്കള്‍ സ്ഥാപിക്കുന്ന 'എക്യുമെനിക്കല്‍ ഇസ്‌ലാമി'ന്റെയും (മതകീയമായി ശാഫി-സൂഫി-സുന്നി വഴികള്‍ ചേര്‍ന്ന ഇസ്‌ലാമിക രൂപം) സമകാലിക ആഗോളവല്‍ക്കരണത്തിന്റെയും ഇടയിലുള്ള അന്തരം എന്താണ്?


ഇന്റര്‍നെറ്റ് ചടുലത മുതല്‍ സാമ്പത്തിക സമ്പര്‍ക്കം, വാണിജ്യം, ആശയങ്ങള്‍, മൂല്യങ്ങള്‍ എന്നിവയുടെ വിനിമയം തുടങ്ങി ഏതുകാര്യവും ആഗോളവത്ക്കരണം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടാം. ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രസരണ മാധ്യമം മറ്റു കൈമാറ്റങ്ങള്‍ക്ക് സൗകര്യമൊരുക്കിയതും വഴിമരുന്നിട്ടതും എങ്ങനെയാണെന്ന് കാണിച്ചുതരുന്നതിന് പറ്റിയ ഒരുദാഹരണമാണ് ഇസ്‌ലാം.  ഇത്തരുണത്തില്‍ ഇസ്‌ലാം പക്വവും ബഹുമുഖവുമായ ഒരു 'ആഗോളീകരണ'ത്തിന്റെ ആവിഷ്‌കാരമായിരുന്നു. അതിന്റെ സംസ്ഥാപനത്തിനും വികാസത്തിനും അലയൊലികള്‍ ഉളവാക്കുന്നതിനും യുഗങ്ങളെടുത്തുവെന്ന് മാത്രം. ആധുനിക കാലത്തെ ആഗോളീകരണത്തിന്റെ രൂപങ്ങള്‍, അവ പക്വമോ അപക്വമോ ആവാം, ചലനാത്മകമായി വളര്‍ന്ന ഇസ്‌ലാമിക രൂപങ്ങളില്‍ നിന്ന് തീര്‍ത്തും  ഭിന്നമാണ്.

മലബാര്‍ ഹദ്‌റമികളിലേക്ക് വരാം. 18-ാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് ഹദ്‌റമി സയ്യിദുമാരുടെ സാന്നിധ്യം മലബാര്‍ മണ്ണില്‍ വ്യക്തമായി അനുഭവപ്പെട്ടു തുടങ്ങുന്നത്. കിടമല്‍സരാര്‍ത്ഥികളായ കൊളോണിയല്‍ ശക്തികളാല്‍ പ്രക്ഷുബ്ധമായ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മഹാസമൂദ്രം മാതൃദേശമായ ഹള്‌റമൗതിലെ വികര്‍ഷണ ഘടകങ്ങളേക്കാള്‍ (push factors) വലിയ ആകര്‍ഷണ ഘടകങ്ങള്‍ (pull factors) നല്‍കിയെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ദക്ഷിണ പൗരസ്‌ത്യേഷ്യയിലേക്കും വിശിഷ്യാ മലബാറിലേക്കുമുള്ള കാലാനുക്രമവും ഭൂമിശാസ്ത്രപരവുമായ ദേശാടനത്തിന്റെ വ്യാപനത്തെ താങ്കള്‍ എങ്ങനെയാണ് സമീപിക്കുന്നത്?

ദേശാടന ഹദ്‌റമികളും കൊളോണിയല്‍ അധികാരികളും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള പഠനം കൗതുകം ജനിപ്പിക്കുന്നതാണ്. പ്രക്ഷുബ്ധാവസ്ഥകളില്‍ ഈ ബന്ധം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കുക വളരെ രസകരമാണ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രക്ഷുബ്ധാവസ്ഥയിലും അതിനു മുമ്പും  ഹ്ദറമികള്‍ ഫലപ്രദവും ക്രിയാത്മകവുമായ ബന്ധം അധിനിവേശ ശക്തികളുമായി പുലര്‍ത്തിയതായും തല്‍ഫലമായി ഉന്നതസ്ഥാനങ്ങള്‍ നേടിയെടുത്തതായും നമുക്ക് കാണാനാവും. ആതിഥേയ സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചട്ടക്കൂടില്‍ അവര്‍ ശരിക്കും സ്ഥാപിതരായിക്കഴിഞ്ഞിരുന്നു. ഈ സമൂഹങ്ങളുടെ ആത്മീയ നേതൃപദവി എറ്റെടുത്തത് കാരണമായി തന്നെ ഹദ്‌റമികളുടെ സ്വാധീനത്തിന് വിവിധ മാനങ്ങളുണ്ടായിരുന്നു. കലുഷമായ കാലഘട്ടങ്ങളില്‍ ഈ ബന്ധത്തിന് രണ്ടു തലങ്ങളിലും ഇളക്കം തട്ടിത്തുടങ്ങിയതെങ്ങനെയാണെന്ന് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

സ്വൂഫികള്‍, പട്ടാളക്കാര്‍, പണ്ഡിതര്‍ തുടങ്ങിയവയെ സ്വതന്ത്രമായെടുത്ത് വേറിട്ട അസ്തിത്വങ്ങളായി പരിശോധിക്കുന്ന ചരിത്ര പഠനങ്ങള്‍ വ്യക്തികളും സമപ്രായക്കാരും ദേശാടന കുടുംബങ്ങളും തമ്മില്‍ നിലനിന്നിരുന്ന ബന്ധം ഗ്രഹിച്ചെടുക്കുന്നതില്‍ പരാജയപ്പെടുന്നു (ഹോ. എച്ച്. ഒ 2007, 354). മറിച്ച്, സൂഫി പണ്ഡിത ശൃംഖലകള്‍ പിന്തുടരുകയെന്നത്  ഹദ്‌റമികളെ കുറിച്ച് പഠിക്കുന്നതിനുള്ള അടിസ്ഥാനപരമായ ഒരു രീതിയാണ്. എന്നാല്‍ വന്‍കരകള്‍ക്കിടയിലെ ഇത്തരം അടിവേരുകള്‍ തേടിയിറങ്ങുമ്പോഴും എന്തുകൊണ്ടാണ് മലബാറിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയത്?

വളരെ നല്ല ചോദ്യം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഹദ്‌റമികളുടെ പ്രധാനപ്പെട്ട താവളമായിരുന്നു മലബാര്‍.  മലായ ദ്വീപ് സമൂഹത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പൗര പ്രമുഖരായി മാറിയ 'നാല് യുവാക്കള്‍' ഹദ്‌റമൗത്തില്‍നിന്ന് പുറപ്പെട്ട് കന്‍സുല്‍ ബറാഹീന്‍ പഠിക്കാന്‍ വേണ്ടി അല്‍പകാലം മലബാറില്‍ തങ്ങുകയുണ്ടായി. തുടര്‍ന്നുള്ള നൂറ്റാണ്ടില്‍ വിശ്രുതനായ മമ്പുറത്തെ സയ്യിദ് ഫസല്‍ തങ്ങള്‍ മമ്പുറം വിട്ട് പോവുകയും പിന്നീട് തിരിച്ചുവരാന്‍ സാധിക്കാതെ വരികയും ചെയ്തു. ഹബീബ് അബ്ദുറഹ്മാന്‍ അല്‍ സാഹിറിനെ പോലുള്ള മറ്റു സയ്യിദുമാര്‍ അച്ചിക്കും ഇസ്തംബൂളിനുമിടയില്‍ നിരന്തരമായ നയതന്ത്ര യാത്രകള്‍ നടത്തിയിരുന്നു. തന്റെ രാജ്യം വീതിച്ചതിനു ശേഷം ചേരമാന്‍ പെരുമാള്‍ യമനിലെ ശഹ്‌റുമുഖല്ലയില്‍വെച്ച് അന്ത്യശ്വാസം വലിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഇന്നത്തെ ഒമാനിലെ മിര്‍ബാത്വിലാണ് അദ്ദേഹത്തിന്റെ അന്ത്യ വിശ്രമകേന്ദ്രമെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും അത് സന്ദര്‍ശിച്ചു വരുന്നു. 

ഈയടുത്ത കാലത്താണ് പണ്ഡിതന്മാര്‍ ഹദ്‌റമി ദേശാടനത്തെകുറിച്ചും അതിന്റെ വിശാലമായ ഭൗമികയെക്കുറിച്ചും അഗാധമായ ചരിത്രത്തെകുറിച്ചും വിശദമായ ഗവേഷണം നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ അറുപത് വര്‍ഷക്കാലത്തോളമായി ദേശീയവാദത്തിന്റെ ശക്തമായ അധീശത്വം വിദേശത്ത് കുടികൊള്ളുന്ന കുടുംബ വേരുകള്‍ തേടി പുറപ്പെടുന്നതില്‍ നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. അതിര്‍ത്തികള്‍ ഭേദിച്ചുള്ള മാനുഷികബന്ധത്തിന്റെ പ്രാധാന്യത്തെകുറിച്ചും യാഥാര്‍ത്ഥ്യത്തെ കുറിച്ചും അന്വേഷിക്കുന്നതില്‍ നിന്ന് അന്ധമായ ദേശീയത ഇവിടങ്ങളിലെ ഗവേഷകരെ തടഞ്ഞുനിര്‍ത്തി. ശീതയുദ്ധത്തിന്റെ സീമകള്‍ തകര്‍ക്കപ്പെട്ടതിനു ശേഷം മാത്രമാണ് ദേശീയതയുടെ കടുംപിടുത്തത്തിന് അയവുവരാന്‍ തുടങ്ങിയത്. ആഗോളവത്ക്കരണ കാലത്തെ സ്വതന്ത്ര വ്യാപാരങ്ങളുടെ വളര്‍ച്ചയും പ്രവാസി തൊഴിലാളികളുടെ വൈദേശികമായ അനുഭവ സമ്പത്തും ബജറ്റ് എയര്‍ ലൈനുകളുടെ ആഗമനവും ഇന്റര്‍നെറ്റിന്റെ വ്യാപകമായ ലഭ്യതയുമൊക്കെ ഈയൊരു അയവിന് സഹായകമായി വര്‍ത്തിച്ചു. ദേശാടനക്കാര്‍ കയറിയിറങ്ങിയ വിവിധ നാടുകളെ പുനര്‍ബന്ധിപ്പിക്കുന്ന ഈ യത്‌നം അതിന്റെ പ്രാരംഭ ദശയിലാണ്. അത് പൂര്‍ത്തിയാക്കാന്‍ ഇനിയും കാതങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ട്.

മലബാറിലും ദക്ഷിണപൗരസ്‌ത്യേഷ്യയിലും മറ്റും ഹദ്‌റമി സയ്യിദുമാര്‍ വളരെ പെട്ടെന്ന് തന്നെ ആതിഥേയ സമൂഹത്തിന്റെ രാഷ്ട്രീയ, മത, നേതൃപദവിയിലേക്ക് അവരോധിക്കപ്പെട്ടതായും രാഷ്ട്രത്തിന്റെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ സ്ഥാനീയരായതായും കാണാം. ഇതില്‍ പ്രധാനമായും  'ആദ്ധ്യാത്മികമായ വംശാവലി' വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കാണാം. മലബാറിന്റെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളിലും ഉത്തര-കൊളോണിയല്‍ കേരള മുസ്‌ലിംലീഗിന്റെ ചരിത്രത്തിലും  ഈ യാഥാര്‍ത്ഥ്യം വ്യക്തമാണ്. മതകീയമായി ന്യായീകരിക്കപ്പെടുകയും സാമൂഹികമായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു അധികാര സ്രോതസ്സാണ് സയ്യിദ് വംശാവലിയെന്ന് അങ്ങനെയെങ്കില്‍ വിലയിരുത്താമോ? അതല്ല, വെബേറിയന്‍ കാഴ്ചപ്പാടിലുള്ള വ്യക്തിപ്രഭാവമാണോ ഈ അംഗീകാരത്തിന് കാരണമായി തോന്നുന്നത്?

മലബാറിലും ദക്ഷിണപൗരസ്‌ത്യേഷ്യയിലും ഹദ്‌റമി സയ്യിദുമാര്‍ നേതൃപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് കേവലം അവരുടെ വംശ പരമ്പര കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. നേരെമറിച്ച്, സയ്യിദ് വംശാവലിക്കു പുറമേ വ്യക്തി പ്രഭാവവും കഴിവുമെല്ലാം ഈ വളര്‍ച്ചയില്‍ പ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാം. മറ്റൊരു രീതിയില്‍ നിരീക്ഷിച്ചാല്‍, ദക്ഷിണപൗരസ്‌ത്യേഷ്യയിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ വിദേശികളെ അധികാരികളും ഭരണാധിപരുമാക്കുന്ന പതിവ് വളരെ നേരത്തെ തുടങ്ങിയിരുന്നു. വിദേശ മുസ്‌ലിം വ്യാപാരികള്‍ കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ പ്രഥമ പങ്കാളികളായത് പോലെ ഗുജറാത്തി, തമിഴ്, അറബ്, ചൈനീസ്, ജാവനീസ്, റ്യൂക്യൂ വ്യാപാരികള്‍ മലാക്ക കോടതിയിലെ ഉദ്യോഗാര്‍ത്ഥികളായി നിയമിക്കപ്പെട്ടിരുന്നു. പേര്‍ഷ്യന്‍ ചൈനീസ് വിദേശികള്‍ ബാങ്കോക്കില്‍ ഭരണസിരാ കേന്ദ്രങ്ങളില്‍ അവരോധിക്കപ്പെട്ടിരുന്നു.
ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കിടയില്‍ തന്നെ നോക്കിയാല്‍, മലായ് രാജാക്കന്മാരുടെ വംശപരമ്പര ഇന്ത്യ വഴി ഗ്രീസില്‍ നിന്ന് വന്ന ഇസ്‌കന്ദര്‍ ദുല്‍ഖര്‍നൈനിയിലാണ് ചെന്നെത്തുന്നത്. അതുപോലെ സുലവേസിലെ ഭൂട്ടാന്‍ രാജവംശത്തിന്റെ അടിവേരുകള്‍ ഒരു ചൈനീസ് സ്ത്രീയിലാണ് ചെന്നുമുട്ടുന്നത്. പോണ്ടിയാനക്ക്, സിയാക്ക്, പെര്‍ലിസ് തുടങ്ങിയ ദേശങ്ങളിലെ രാജവംശങ്ങള്‍ ഹദ്‌റമി സയ്യിദുമാരിലാണ് ചെന്നെത്തുന്നത്. ദക്ഷിണ പൗരസ്‌ത്യേഷ്യയില്‍ നിലനിന്നിരുന്ന വിദേശികളെ അധികാരികളാക്കി വാഴിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു ഇവരെല്ലാം. തങ്ങളുടെ ഉപജീവനത്തിനും അഭിവൃദ്ധിക്കും സമുദ്രാന്തര ബന്ധങ്ങളുടെ പ്രാധാന്യത്തെ ഇത്തരം പാരമ്പര്യങ്ങള്‍ അംഗീകരിക്കുന്നതായും വിദേശികളെ ഉദ്യോഗസ്ഥരായും അധികാരികളായും വാഴിക്കുന്നതായും നമുക്ക് കാണാം. 

പരിശുദ്ധമായ വംശപരമ്പരക്ക് പുറമെ സ്വൂഫി പ്രവര്‍ത്തനങ്ങളും മറ്റു ചികിത്സാ രീതികളും മലബാറിലെ സ്വാധീനത്തിന്റെ അടിസ്ഥാനങ്ങളായി വര്‍ത്തിച്ചിരുന്നോ?

തീര്‍ച്ചയായും. തങ്ങള്‍ ഉല്‍ഭൂതമായ കുടുംബ പരമ്പരയെപ്പോലെ പ്രാധാന്യമേറിയതാണ് അവരുടെ പ്രവര്‍ത്തനങ്ങളും. ഹസബും (പ്രവര്‍ത്തനം) നസബും (തറവാടും) സമ്മേളിക്കുമ്പോള്‍, ഇവിടെ അജയ്യമായൊരു സങ്കലനം രൂപപ്പെടുകയാണ്. സയ്യിദ് കുടുംബങ്ങളില്‍ നിലനിന്നു പോന്നിരുന്ന അക്ഷരജ്ഞാനമാണ് വംശ മഹത്വത്തെയും ചികില്‍സാരീതികളെയും മറ്റു സൂഫീ-പണ്ഡിത മുന്നേറ്റങ്ങളെയും ഒന്നിപ്പിക്കുന്ന കണ്ണി. എഴുതാനും വായിക്കാനുമുള്ള കഴിവ് ഒരു വ്യക്തിയെ തന്റെ വംശ പരമ്പര നിലനിര്‍ത്താനും മതം, വൈദ്യം, ആധ്യാത്മിക ദര്‍ശനം തുടങ്ങി ഏത് മേഖലയിലുള്ള അറിവുകള്‍ നുകരാനും പ്രാപ്തനാക്കുന്നു. വിശുദ്ധ ഖുര്‍ആനിലുള്ള പോലെ ദൈവിക വചനങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് വായന തന്നെയാണല്ലോ. കഴിഞ്ഞ കാലങ്ങളില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിനേക്കാളുപരി വീടിന്റെ അകത്തളങ്ങളില്‍നിന്ന് തന്നെ വായന പരിശീലിപ്പിക്കുന്ന രീതിയാണ് വ്യാപകമായിരുന്നത്. ഇത്തരം തറവാടുകളില്‍നിന്നാണ് പണ്ഡിതരും തല്‍ഫലമായി രാഷ്ട്രീയ സാമൂഹിക നേതാക്കളും തലമുറകളായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് രംഗപ്രവേശം ചെയ്തത്. സയ്യിദ് കുടുംബങ്ങളും ഈ ദൗത്യം നിറവേറ്റി. കാരണം അവര്‍ പരിശുദ്ധരെന്ന് ഗണിക്കപ്പെട്ടിരുന്ന പോലെ തന്നെ വിദ്യാസമ്പന്നരും അഭ്യസ്തവിദ്യരുമായിരുന്നു.

പ്രാദേശിക സംസ്‌കാരങ്ങളുടെ അതിപ്രസരത്തില്‍ സ്വത്വം നഷ്ടപ്പെട്ട പല ദേശാടകരും ആതിഥേയ സമൂഹത്തില്‍ ഇഴുകിച്ചേരുകയാണുണ്ടായത്. 'പൂക്കോയ' പോലുള്ള മലയാള പേരുകള്‍ സ്വീകരിക്കുകയും വളരെ പെട്ടെന്ന് തന്നെ മലയാളികളായി മാറുകയും ചെയ്ത മലബാര്‍ ഹദ്‌റമികള്‍ ഒരുദാഹരണം. മലബാറിലെ ഹദ്‌റമികളെ ഇവിടുത്തെ സംസ്‌കാരവുമായി കൂടുതല്‍ സങ്കരമാക്കിയതും സിങ്കപ്പൂര്‍ പോലുള്ള മറ്റ് പ്രദേശങ്ങളില്‍ തങ്ങളുടെ മാതൃദേശവുമായുള്ള ബന്ധം ഇപ്പോഴും നിലനിര്‍ത്തി അസ്തിത്വം കാത്തുസൂക്ഷിക്കുന്നതില്‍ വിജയിക്കുകയും ചെയ്തതിന് സഹായകമായ ഘടകങ്ങള്‍ എന്താണ്?

ഹദ്‌റമികള്‍ ആതിഥേയ സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്നുവോ, അസ്ഥിത്വം നിലനിര്‍ത്തിയിരുന്നോ എന്നത് വളരെയധികം ഔത്സുക്യജനകമായ ചര്‍ച്ചയാണ്. 'ഇഴുകിച്ചേരുക' (assimilate) എന്ന പദം കൊണ്ട് ഞാനുദ്ദേശിക്കുന്നത് ഹദ്‌റമി അസ്തിത്വത്തില്‍നിന്ന് ഒരു വ്യക്തി പൂര്‍ണമായും പറിച്ചുനടപ്പെടുന്ന ഒരു അവസ്ഥാവിശേഷമാണ്. ആ ഒരവസ്ഥയുടെയും ഹദ്‌റമൗത്തില്‍ ജനിച്ച് കുടിയേറിയ വ്യക്തിയുടെയും ഇടയില്‍ പല സാധ്യതകള്‍ നിലനില്‍ക്കുന്നു. മലബാറില്‍, ഉദാഹരണത്തിന് 'തങ്ങള്‍' എന്നത് ഒരുപക്ഷെ, തദ്ദേശീയനാവാം. എങ്കിലും സയ്യിദ് പദവിയെന്ന സ്ഥാനം അവരെ ഇതര പ്രാദേശിക ജനങ്ങളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നുണ്ട്. ഇത്തരം പദവികള്‍ ഹദ്‌റമൗത്തിലെ സാദാത്തുക്കളുമായി ഇവരെ ചില രീതിയിലെങ്കിലും ബന്ധപ്പെടുത്തുന്നവയാണ്. ഇത്തരം വ്യക്തികളെ ഇഴുകിച്ചേര്‍ന്ന പ്രാദേശികരെ (assimilated locals)ന്നോ അസ്തിത്വം നിലനിര്‍ത്തുന്ന വിദേശികളെന്നോ വിളിക്കുന്നതിന് പകരം, അവ രണ്ടുവശങ്ങളും ഒരുപോലെ കൊണ്ടുപോയെന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. തദ്ദേശീയരെന്ന നിലയില്‍ അവര്‍ നാട്ടുകാരോടൊപ്പം ധാര്‍മിക ബന്ധം വെച്ച് പുലര്‍ത്തുകയും വിശ്വ പൗരനെന്ന നിലയില്‍ മറ്റിടങ്ങളിലെ ബന്ധങ്ങള്‍ സൂക്ഷിച്ചുപോരുകയും ചെയ്യുന്നു. സയ്യിദ് ഫദ്ല്‍ ബിന്‍ അലവി ബിന്‍ സഹ്ല്‍ തങ്ങള്‍ ഇഴുകിച്ചേര്‍ന്ന വ്യക്തിയായിരുന്നില്ലേ. മലബാറില്‍ പ്രാദേശിക മുസ്‌ലിംകളുടെ പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്തത് സയ്യിദ് ഫദ്ല്‍ തങ്ങളാണെന്ന് ബ്രിട്ടീഷുകാര്‍ ആരോപണം ഉന്നയിക്കാന്‍ മാത്രം അദ്ദേഹം പ്രാദേശിക സമുദായത്തിന്റെ ഭാഗമായിരുന്നു. സയ്യിദ് ഫദ്ല്‍ മലബാറില്‍ ഇഴുകിച്ചേര്‍ന്നിരുന്നോ ഇല്ലയോ എന്ന് ചോദിക്കുന്നതിന് പകരം തങ്ങള്‍ മമ്പുറത്തും ളുഫറിലും തദ്ദേശീയ വിശ്വപൗരനായിരുന്നുവെന്ന് മനസിലാക്കുന്നതാവും കൂടുതല്‍ യുക്തമെന്ന് എനിക്ക് തോന്നുന്നു.
വിദേശിയാകുന്നതിന്റെയും ഇഴകിച്ചേര്‍ന്ന തദ്ദേശീയ പൗരനാകുന്നതിനുമിടയില്‍ നില്‍ക്കുന്ന ഇത്തരക്കാരെ സങ്കരവംശമായിട്ടാണ് പരിഗണിക്കേണ്ടത്. രണ്ട് വര്‍ഗങ്ങളിലും പെടാത്ത, എന്നാല്‍ രണ്ടിലും പങ്കില്ലാത്ത ഒരു വിഭാഗമായിട്ടാണവര്‍ ഗണിക്കപ്പെടുക. വിദൂര ദിക്കില്‍ നിന്നെത്തിയ വിദേശികളുമായുള്ള സമ്പര്‍ക്കങ്ങള്‍ മൂലവും അത് പോലെ വിദേശ പുരുഷന്‍മാര്‍ പ്രാദേശിക വനിതകള കല്യാണം കഴിച്ചത് കാരണമായും ഇന്ത്യന്‍ മഹാസമുദ്ര ഭാഗങ്ങളില്‍ ധാരാളം സങ്കര ജനസമൂഹങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. കിഴക്കനാഫ്രക്കയിലെ സ്വാഹിലികളും മലബാറിലെ മാപ്പിളമാരും മലേഷ്യയിലെയും സിംഗപ്പൂരിലെയും പെറാന്‍കന്‍ അല്ലെങ്കില്‍ ബാബ/ന്യോനാ ചൈനീസ് വിഭാഗം, ഫിലിപ്പൈന്‍സിലെ ചൈനീസ്, സ്പാനിഷ് മെസ്തിസോ വിഭാഗങ്ങള്‍, മക്കാവുയിലെ പോര്‍ച്ചുഗീസ്-കാന്റണീസ് മെക്കനീസ് വിഭാഗം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഹദ്‌റമി സങ്കരവര്‍ഗങ്ങള്‍ തുടങ്ങയിവയെല്ലാം ഉദാഹരണങ്ങളാണ്. പൂര്‍ണമായി ഇഴകിച്ചേരാതെയും എന്നാല്‍  പൂര്‍ണമായി വൈദേശികത കാത്തുസൂക്ഷിക്കാതെയും ഇവര്‍ തീരപ്രദേശങ്ങളിലെയും തുറമുഖ നഗരങ്ങളിലെയും സാമാന്യവാസികളായി കഴിഞ്ഞ്കൂടി. ദേശീയ ഭൂരിപക്ഷത്തിന് രാജ്യത്തിന്റെ ഭരണമെഴുതിക്കൊടുത്ത, അധിനിവേശാനന്തര കാലഘട്ടത്തില്‍ മാത്രമാണ് ഇത്തരക്കാര്‍ക്ക് പൗരത്വമാണോ വൈദേശികതയാണോ തെരെഞ്ഞെടുക്കേണ്ടത് എന്ന ഒരു പ്രതിസന്ധി ഘട്ടം സംജാതമാവുന്നത്. സ്വദേശികളും ഭൂരിപക്ഷം പോലുമായിരുന്ന പഴയ സാര്‍വലൗകിക തീരനഗരങ്ങളി (cosmopolitan port towns)ലെ സങ്കര വര്‍ഗം പൗരത്വം നല്‍കപ്പെട്ടതോടെ ന്യൂനപക്ഷമോ, അല്ലെങ്കില്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിദേശികളോ ആയി മുദ്രകുത്തപ്പെടുകയുമാണുണ്ടായത്.

മലബാറില്‍ ഈയടുത്ത കാലത്ത് ഹദ്‌റമി സംഘടനകള്‍ ഉയര്‍ന്നുവരുന്നതായി കാണുന്നു. നഷ്ടപ്പെട്ട അസ്ഥിത്വത്തെ വീണ്ടെടുക്കാനുള്ള ഒരു ഉദ്യമമായി താങ്കള്‍ ഈ പ്രവണതയെ നിരീക്ഷിക്കുന്നുണ്ടോ?

ജനമനസുകളില്‍ നിന്നു ദേശീയതയുടെ കടുംപിടുത്തം അയഞ്ഞയഞ്ഞ് വരുമ്പോള്‍, സ്വദേശീയമല്ലാത്ത സമുദായങ്ങളോട് പ്രതിബദ്ധത കാട്ടുക സ്വീകാര്യമായിത്തീരും. ആഗോളവത്ക്കരണത്തിന്റെ ഇരുപതാണ്ടുകള്‍ക്ക് ശേഷം പരാജിത രാഷ്ട്രങ്ങളും പ്രവാസ തൊഴിലും കുറഞ്ഞ വിമാന നിരക്കും മറ്റും ദേശീയതയുടെ പിടി അയഞ്ഞുപോകുന്ന ഈ അവസ്ഥയില്‍  വിദേശത്തുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനും വേരറ്റുപോയ ബന്ധങ്ങള്‍ പുനസ്ഥാപിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകമായിട്ടുണ്ട്. ജനങ്ങള്‍ ഇത്തരം രക്തബന്ധങ്ങള്‍ കണ്ടെത്തുന്നതോടെ വാണിജ്യപരമായ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യങ്ങളൊന്നും പരസ്പര ബന്ധിതമല്ലെങ്കിലും ഒരേ സമയം സംഭവിക്കുന്ന പ്രതിഭാസമാണ്.

ദേശാടനം സങ്കരവംശങ്ങളെ ജനിപ്പിപ്പിച്ചത് പോലെ അത് അറബി മലയാളം പോലുള്ള സങ്കര ഭാഷകളെയും വളര്‍ത്തിയിട്ടുണ്ട്. അതിലെ ഹദ്‌റമി സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാവതല്ല. ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളില്‍ ഇതിന്  ശ്രദ്ധേയമായ മറ്റൂ ഭാഷാ സമാനതകള്‍ കാണാന്‍ കഴിയുമോ?

അറബി മലയാളവും തമിഴ് അറബി (അര്‍വി)യും വളരെയധികം പ്രധാനപ്പെട്ട ചരിത്രപരവും സാംസ്‌കാരികവുമായ സംഭവ വികാസങ്ങളാണ്. അതര്‍ഹിക്കും വിധമുള്ള സൂക്ഷ്മവും സര്‍വ്വതല സ്പര്‍ശിയുമായ പഠനങ്ങളും ഗവേഷണങ്ങളും തദ്വിഷയകമായി നടക്കേണ്ടതുണ്ട്. ധാരാളം ഡോക്ടറേറ്റ് പ്രബന്ധങ്ങള്‍ക്കു ഇവ്വിഷയകമായി സാധ്യതകളുണ്ട്. ഗവേഷകര്‍ക്ക് ഈ വെല്ലുവിളിയെ പൂര്‍ണമായും നേരിടാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. അറബിക് ശബ്ദപകര്‍പ്പിനോടൊപ്പം ബന്ദു ഗ്രാമര്‍ സംയോജിപ്പിച്ച് രൂപപ്പെട്ട കിഴക്കനാഫ്രിക്കയിലെ സ്വാഹിലി ഭാഷ, മലാക്കയിലും സിംഗപ്പൂരിലും പെറാന്‍കന്‍ ചൈനീസ് വിഭാഗം സംസാരിക്കുന്ന മാര്‍ക്കറ്റ് മലായി ഭാഷയും സമാന്തരമായ ഉദാഹരണങ്ങളാണ്. പര്യവേക്ഷണം നടത്താനുതകുന്ന സാമൂഹിക പ്രതിഭാസങ്ങളുടെ ഒരു കലവറ തന്നെ അവിടെയുണ്ട്. മലേഷ്യയില്‍, ഉദാഹരണത്തിന് അറബി അക്ഷരങ്ങള്‍ ഉപയോഗിച്ച് മലായ് ഭാഷയില്‍ എഴുതിയ ചൈനീസ് ലഘുലേഖകള്‍ കാണാന്‍ സാധിക്കും.

(കടപ്പാട് - തെളിച്ചം മാസിക, ദേശാടനപ്പതിപ്പ്)