ടിപ്പുസുല്‍ത്താനും മലബാറിന്റെ ആധുനികീകരണവും

ഫിദാ ലുലു കെ.ജി   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

1700 കളുടെ ഉത്തരാര്‍ധത്തില്‍ ദക്ഷിണേന്ത്യയില്‍ വളര്‍ന്നുവന്ന മൈസൂര്‍ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഭരണാധികാരിയാണ് ടിപ്പുസുല്‍ത്താന്‍. രാജവാഴ്ചയില്‍ നിന്നുള്ള പിന്തുടര്‍ച്ചയോ, പ്രത്യേകമായ കുടുംബ പാരമ്പര്യമോ അവകാശപ്പെടാനില്ലെങ്കിലും വടക്ക് കൃഷ്ണാനദി മുതല്‍ തെക്ക്, കേരളം വരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യമായി മൈസൂരിനെ മാറ്റിയത് അദ്ദേഹത്തിന്റേയും പിതാവ് ഹൈദരാലിയുടേയും കഠിനാധ്വാനവും കാര്യപ്രാപ്തിയുമായിരുന്നു. 1782 മുതല്‍ 1799 വരെ നീണ്ടുനിന്ന തന്റെ ഭരണത്തിലൂടെ ദക്ഷിണേന്ത്യയെ പുരോഗതിയിലേക്ക് നയിക്കുക മാത്രമല്ല യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ശക്തമായ വെല്ലുവിളികളുയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു.
പതിനെട്ടാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുഗള്‍ഭരണത്തിന് ശിഥിലീകരണം സംഭവിച്ചുകൊണ്ടിരിക്കുകയും ബ്രിട്ടീഷ് ആധിപത്യത്തിന്റെ വ്യക്തമായ സൂചനകള്‍ കണ്ടുവരികയും ചെയ്തകാലമായിരുന്നു. ജന്മിത്ത മേധാവിത്വം ശക്തമായി വേരോടുകയും വൈദേശികാധിപത്യത്തിന്റെ പിടിയിലമരുകയും ചെയ്ത ഒരു സമൂഹത്തെ സ്വാതന്ത്ര്യത്തിലേക്ക് കൈപ്പിടിച്ചു നടത്തുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നതിനേക്കാളുപരി കടുത്ത പ്രതിരോധവും പ്രത്യാക്രമണങ്ങളും നേരിടേണ്ടിവരുന്ന ഒന്നാണ്.

മൈസൂര്‍ അധിനിവേശകാലത്തെ കേരളം

കേരളത്തില്‍, ആര്യന്മാരുടെ കടന്നുവരവിന് ശേഷമുണ്ടായ ജാതീയ ഉച്ചനീചത്വങ്ങളുടേയും കീഴാള അധീശത്വവര്‍ണമേധാവിത്വത്തിന്റേയും കുത്തഴിഞ്ഞ സാംസ്‌കാരിക സാമ്പത്തിക പരിതസ്ഥിതികളിലേക്കാണ് മൈസൂര്‍ സുല്‍ത്താന്മാരുടെ പടയോട്ടമുണ്ടാവുന്നത്. അരാജകത്വവും അസാന്മാര്‍ഗികതയും വ്യാപകമായിരുന്ന ഒരു സമൂഹമായിരുന്നു അത്. നമ്പൂതിരി കുടുംബങ്ങളില്‍ മൂത്തപുത്രന് മാത്രമേ നിയമാനുസൃതം സ്വന്തം ജാതിയില്‍ നിന്നും വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. ഇളയ പുത്രന്മാര്‍ നായര്‍ സമുദായത്തിലെ യുവതികളുമായി സൗകര്യപൂര്‍വ്വം സംബന്ധം നടത്തുക എന്നതായിരുന്നു വ്യവസ്ഥ. ഇതിന് വേണ്ടി നായര്‍ സമുദായത്തില്‍ നിയമാനുസൃത വിവാഹങ്ങള്‍ ജാതിനിയമം മൂലം നിരോധിച്ചു. ''ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം ആചരിക്കേണ്ടതില്ലെന്നും നമ്പൂതിരിമാരുടെ ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സ്വയം സമര്‍പ്പിക്കപ്പെടേണ്ടവരാണെന്നുമാണ്; മലയാളികള്‍ക്ക് ആചാരസംഹിത സമ്മാനിച്ച പരശുരാമന്‍ കല്‍പ്പിച്ചിരിക്കുന്നതെന്നാണ് ഇവ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണന്മാര്‍ നിര്‍ദ്ദേശിക്കുന്നത്'' (സി.അച്യുതമേനോന്‍, കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍ 1910 എറണാകുളം പുറം 193) ഇത് അക്കാലത്തെ കേരളീയ ജനതയുടെ പൊതുവായ മനോഭാവമായിരുന്നു. ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുക എന്നതും ഇവിടത്തെ സ്ത്രീകളുടെ രീതിയായിരുന്നു. അതുകൊണ്ട് തന്നെ പിതാവേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ സംജാതമാവുന്നതിനാല്‍ കുടുംബത്തെ നോക്കാനുള്ള ഉത്തരവാദിത്വം അമ്മാവന്മാരുടേതായിത്തീര്‍ന്നു. മരുമക്കത്തായം എന്നപേരില്‍ കേരളത്തിലുടനീളം നിലനില്‍ക്കുന്ന സമ്പ്രദായമായി അത് മാറി. സ്ത്രീയെന്നു പറയുന്നത് പുരുഷന്റെ ആസ്വാദനത്തിനും ഉപഭോഗത്തിനും മാത്രമുള്ളതാണെന്നും തന്തയില്ലായമയെന്നത് അപമാനകരമായ സംഗതിയല്ലായെന്നുമുള്ള സ്ഥിതിയിലേക്ക് കേരളീയ സാമൂഹിക ചുറ്റുപ്പാടിനെ മാറ്റുന്നിടത്തോളം ജന്മിത്വ അധീശത്വ താല്‍പര്യങ്ങള്‍ രൂഢമൂലമായി.

കാര്‍ഷികരംഗത്തെ കുത്തകാവകാശവും അധികാരമേഖലയിലെ ആധിപത്യശ്രമവും സാമ്പത്തിക മേഖലയിലെ അധീശത്വവും ആത്മീയമേഖലയിലെ നായകത്വവും ഭൗതിക സുഖാഢംബരങ്ങളുമൊക്കെ നമ്പൂതിരി സമുദായം കയ്യടക്കുക വഴി കീഴാളവര്‍ഗത്തിനും ഇതരജനവിഭാഗങ്ങള്‍ക്കും ജീവിതം ബുദ്ധിമുട്ടേറിയ ഒന്നായിത്തീര്‍ന്നു. ലഹരി പദാര്‍ത്ഥങ്ങളുടെ വര്‍ധിച്ച ഉപയോഗവും മൂല്യചുതിയും ധാര്‍മികതയുടെ തകര്‍ച്ചയുമൊക്കെ കേരളീയ ജനതയില്‍ പടര്‍ന്നുപിടിച്ചു. 1800ലെ സ്ഥിതി വിവരിക്കുമ്പോള്‍ ഡോ.ബുക്കാനന്‍ പറയുന്നത് ''അറുകുടിയന്മാരാണ് ഇവിടത്തെ നായന്മാര്‍ എന്നാണ്'' നമ്പൂതിരി സ്ത്രീകള്‍ ഒഴിച്ചുള്ളവര്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. കീഴ് ജാതിക്കാരില്‍പ്പെട്ട സ്ത്രീകള്‍ മാറുമറയ്ക്കുകയെന്നത് കടുത്ത അപമര്യാദയും നിയമലംഘനവുമായാണ് കണക്കാക്കപ്പെട്ടിരുന്നത്.

ഭൂരിപക്ഷം നാടുകളിലും ഭരണം നടത്തിയിരുന്നത് ഹൈന്ദവ രാജാക്കന്മാരായിരുന്നു. മുസ്‌ലിംകള്‍ ഈ നാട്ടുരാജാക്കന്മാര്‍ക്കു കീഴില്‍ രണ്ടാംകിട പൗരന്മാരായിത്തുടര്‍ന്നു. വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണികളായതിനാല്‍ സാമ്പത്തികശക്തികളായി ഉയര്‍ന്നുവന്നെങ്കിലും അവര്‍ക്ക് ഒരു പള്ളി പണിയണമെങ്കില്‍ നാടുവാഴിക്ക് പ്രത്യേക കാഴ്ച നല്‍കി അനുവാദം വാങ്ങണമായിരുന്നു. ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ ഒരു ഭാഗം പുരുഷാന്തരമെന്നപേരില്‍ നാടുവാഴിക്കധീനപ്പെട്ടുപോന്നു. ഒരു മുസ്‌ലിം അവനെത്ര ധനാഢ്യനാണെങ്കിലും ഹിന്ദുപ്രമാണിയെ കാണുന്ന മാത്രയില്‍ എഴുന്നേറ്റ് നിന്ന് ആചാരം ചെയ്യല്‍ നിര്‍ബന്ധമായിരുന്നു. ഇതിനെതിരെ ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉയരാതിരുന്നില്ല. ഹിന്ദുത്വമേധാവിത്വത്തിനെതിരെയുള്ള മാപ്പിളമാരുടെ എതിര്‍പ്പ് മൂര്‍ധന്യത്തിലെത്തിയ സമയത്താണ് ഹൈദരാലിയുടേയും ടിപ്പുസുല്‍ത്താന്റേയും മലബാര്‍ അധിനിവേശം ഉണ്ടാവുന്നത്. (പഴശ്ശിരാജ ചമയങ്ങളില്ലാതെ  പുറം - 48).

ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്ത് ഒട്ടേറെ പുരോഗമനപരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ടിപ്പുവിന് സാധിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ മേഖലയിലെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍. കാലോചിതവും പുരോഗമനപരവും വൈദേശികാധിപത്യത്തെ ചെറുത്തുനിന്നുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ ഭരണരീതി ശത്രുക്കളില്‍പ്പോലും മതിപ്പുളവാക്കാന്‍ പോന്നതായിരുന്നു.
സാമൂഹ്യപരിഷ്‌കരണങ്ങള്‍

ടിപ്പു പ്രധാനമായും ശ്രമിച്ചത് സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ഇല്ലാതാക്കാണ്. മാറ് മറക്കാതെയുള്ള സ്ത്രീകളുടെ സാമൂഹ്യജീവിതം സദാചാര നിഷ്ഠ തകര്‍ക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതുകൊണ്ട്ത്തന്നെ ആ ജാതീയാചാരം ഉപേക്ഷിക്കണമെന്ന് ശഠിച്ചു. ബഹുഭര്‍തൃത്വം നിരോധിക്കുകയും കേരളീയ സാമൂഹ്യഘടന സമൂലമായി പുനസംഘടിപ്പിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. കടത്തനാട്ടിലെ കുറ്റിപ്പുറത്തുനിന്ന് 1788-ല്‍ മലബാറിലെ ജനങ്ങളെ ഉപദേശിച്ച് പുറപ്പെടുവിച്ച വിളംബരത്തില്‍ സാമൂഹ്യപരിഷ്‌കരണത്തിന്റെ പുതിയ രൂപരേഖ അദ്ദേഹം സമര്‍പ്പിക്കുന്നു. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന കലാപങ്ങളെല്ലാം അവസാനിപ്പിച്ച് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കാനും നികുതികളെല്ലാം യഥാസമയം ഒടുക്കി നല്ല പ്രജകളായി ജീവിതം നയിക്കാനും ടിപ്പു അവരെ ഉത്‌ബോധിപ്പിക്കുന്നുണ്ട്. അപരിഷ്‌കൃതവും സദാചാരബോധത്തിനു നിരക്കാത്തതും മൃഗങ്ങളുടെ ഇടയിലുള്ളതിനേക്കാള്‍ ലജ്ജാവഹമായ ഒന്നെന്നു സുല്‍ത്താന്‍ വിശഷിപ്പിച്ച ബഹുഭര്‍തൃത്വം പാടെ ഉപേക്ഷിച്ച്, പരിഷ്‌കൃതനായ മനുഷ്യനെപ്പോലെ ജീവിക്കേണ്ടതിന്റെ ആവശ്യകത ടിപ്പു വിളംബരത്തില്‍ എടുത്തുപറയുന്നുണ്ട്. തന്റെ കല്‍പ്പനകള്‍ ലംഘിച്ച് വീണ്ടും പഴയപടി ജീവിക്കാനാണു ഭാവമെങ്കില്‍ അവരുടെ നേതാക്കന്മാരെ സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. (കേരള ചരിത്രശില്‍പ്പികള്‍)

മലബാറിലെ വയനാടന്‍ പ്രദേശത്തും മറ്റുമലയോര മേഖലകളിലുമുള്ള ഗിരിവര്‍ഗക്കാര്‍ പൂര്‍ണനഗ്നരായാണ് കഴിഞ്ഞുകൂടുന്നതെന്നു മനസ്സിലാക്കിയ സുല്‍ത്താന്‍ മൂപ്പനെ വിളിച്ചുപദേശിക്കുകയും ദാരിദ്ര്യമാണ് കാരണമെങ്കില്‍ സൗജന്യത്തുണി വിതരണം ഏര്‍പ്പാടാക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നടപടിയെ പരിഹസിക്കുകയും ഈ ബാധ്യതയില്‍ നിന്ന് തങ്ങളെ ഒഴിവാക്കിത്തരണമെന്നവര്‍ കേണപേക്ഷിക്കുകയുമുണ്ടായിരുന്നു.. നിര്‍ബന്ധ വസ്ത്രധാരണം നടത്തിയാല്‍ ദുര്‍ഘടമായ കൊടുങ്കാറ്റിലേക്ക് പലായനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ അവരെ നല്ല വാക്ക് പറഞ്ഞ് വിടുകയാണ് സുല്‍ത്താന്‍ ചെയ്തത്.
സാമൂഹിക സാംസ്‌കാരിക നവോത്ഥാനം ടിപ്പുവിന്റെ ആവേശവും ആശയവുമായിരുന്നു. അതുകൊണ്ട് തന്നെ ധാര്‍മികതയുടെ തകര്‍ച്ചക്ക് മുഖ്യകാരണമായ മദ്യവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അദ്ദേഹം കര്‍ശനമായി നിരോധിച്ചു. 1787 ജനുവരി 4 ന് ബാംഗ്ലൂരിലെ അമീറിനെഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നു. ''ലഹരി പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതും വിപണനം നടത്തുന്നതും നിരോധിക്കുന്നതിനു പുറമെ ഇവ ഉല്‍പാദിപ്പിക്കുന്നവരുമായി അത് ഇനിമേല്‍ ഉണ്ടാക്കുകയും വില്‍ക്കുകയുമില്ലെന്ന് ലിഖിത കരാറുകള്‍ ഉണ്ടാക്കണമെന്നെഴുതി, ഇവര്‍ മറ്റേതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുമെന്ന കരാര്‍ വാങ്ങണമെന്നും പറയുന്നു. ഇവര്‍ക്ക് മറ്റുജോലികള്‍ നല്‍കി ഇവരുടെ ജീവിതം സുരക്ഷിതമാക്കണം. യൗവ്വന യുക്തകളായ സ്ത്രീകളെ വീട്ടുപണിക്ക് നിര്‍ത്തുന്ന രീതിയെ നിരുത്സാഹപ്പെടുത്തി. തന്റെ കോഴിക്കോട് ഫൗജ്ദാര്‍ ഒരു നായര്‍ സ്ത്രീയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്നറിഞ്ഞ് അത് നിര്‍ത്താന്‍ കല്‍പ്പിച്ചു. നിരോധന നിയമങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം തന്നെ അവള്‍ക്ക് പുതിയ ഉപജീവന മാര്‍ഗങ്ങള്‍ ഒരുക്കികൊടുക്കുവാനും അദ്ദേഹം സന്നദ്ധനായിരുന്നു. അഗതികളേയും അശരണരേയും സഹായിക്കാനുള്ള ട്രസ്റ്റ്, സ്ഥാപനങ്ങള്‍ എന്നിവ  രാജ്യത്തെ പ്രധാനസ്ഥലങ്ങളിലൊക്കെയുണ്ടാക്കി. അശരണരുടേയും പാവപ്പെട്ടവരുടേയും വിവാഹപ്രായമായ കുട്ടികളെ കല്യാണം കഴിപ്പിച്ചയക്കുന്നതിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റിനെ സംബന്ധിച്ച് മെക്കന്‍സി രേഖകളില്‍ നിന്നും പൊഫ: മുഹിബ്ബുല്‍ ഹസ്സന്‍ഖാന്‍ തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നു. ടിപ്പുവിന്റെ രാജ്യത്ത് നടപ്പാക്കിയിരുന്ന നികുതിസമ്പ്രദായം, സ്റ്റേറ്റ് ട്രെയിനിംങ് കോര്‍പ്പറേഷന്‍ എന്നിവ അവശവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്കതായിരുന്നു.

മൈസൂര്‍ ഭരണം മലബാറില്‍, ജന്മിത്വവ്യവസ്ഥിതിയുടെ ക്ഷയത്തിനും രാജ്യഭരണത്തിന് നൂതനവും പുരോഗാത്മകരവുമായ ആശയങ്ങളുടെ അവതരണത്തിനും വഴിതെളിയിച്ചു. കേന്ദ്രീകൃത ഭരണസംവിധാനം കൊണ്ടുവരുന്നതോടൊപ്പം തന്നെ നികുതിക്രമം ആധുനിക രീതിയില്‍ കൂടിയാന്മാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കൊണ്ടുവരപ്പെട്ടു. കരത്തിന്റെ തുക ആ ഭൂമിയില്‍ നിന്നും ലഭിക്കുന്ന വിളവിനനുസൃതമായി നിശ്ചയിച്ചു. 1788-89 കാലത്ത് രണ്ടാമത്തെ ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പുസുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്.
കൃഷിക്കാര്‍ക്ക് വാര്‍ഷിക കടം കൊടുക്കുക, ഫലസമൃദ്ധി തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിച്ചുറപ്പിക്കുക, വിനാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തുകൊടുക്കുക, അറ്റാദായത്തിന്റെ ചെറിയ ശതമാനം നികുതിയായി അടക്കുവാന്‍ അനുമതി നല്‍കുക എന്നിവയായിരുന്നു കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ ചിലത്.

വിദേശ കൃഷി സമ്പ്രദായം പരീക്ഷിച്ചു നോക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചു. ഗോതമ്പ്, ബാര്‍ലി, തിന വര്‍ഗ്ഗങ്ങള്‍, കരിമ്പ്, പഴകൃഷി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. വനവിഭവങ്ങള്‍ കാത്തുരക്ഷിക്കുവാനുള്ള പുതിയ നിയമങ്ങള്‍ നടപ്പാക്കുകയും കപ്പല്‍പ്പണിക്കുപയോഗിക്കാന്‍ നല്ല തരം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുരുമുളക്, ഏലം, ചന്ദനത്തടി എന്നിവയുടെ കച്ചവടം സര്‍ക്കാരിന്റെ കുത്തകയായി. ഇവ ശേഖരിക്കാന്‍ ഉത്തരകേരളത്തിന്റെ പലഭാഗത്തും പാണ്ടികശാലകള്‍ തുറന്നു. വടകര, കൊയിലാണ്ടി, കോഴിക്കോട്, മയ്യഴി എന്നിവിടങ്ങളിലാണ് ഇതിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പാണ്ടികശാലകളില്‍ ഒരു നിശ്ചിത വിലയ്ക്ക് ഈ സാധനങ്ങള്‍ സംഭരിച്ച് വിദേശവ്യാപാരികള്‍ക്ക് വിറ്റിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാന്‍ ഇത് സഹായകമായി. ഈ കാലത്ത് മലബാറിലുണ്ടായ സാമ്പത്തിക പുരോഗതി ബ്രിട്ടീഷ് ചരിത്രകാരന്‍ എഡ്‌വേഡ്മൂര്‍ രേഖപ്പെടുത്തുന്നു.''മലബാറിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധമായ കൃഷിസ്ഥലങ്ങള്‍ കാണാം ഇവിടത്തെ പട്ടണങ്ങളിലെ ജനത്തിരക്കും സാമ്പത്തികാഭിവൃദ്ധിയും കാണുമ്പോള്‍ പ്രഗത്ഭനായ ഒരു ഭരണാധിപന്റെ കീഴിലുള്ള രാജ്യമാണിതെന്ന് വേഗത്തില്‍ ബോധ്യപ്പെടും''.
കൊച്ചിയിലും മലബാറിലും അടുത്തകാലം വരെ ഭൂനികുതി ഉണ്ടായിരുന്നില്ലെന്നും മലബാറില്‍ ചരിത്രത്തില്‍ ആദ്യമായി നികുതി ചുമത്തിയത് ടിപ്പുസുല്‍ത്താനാണെന്നും കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ ഇ.എം.എസ് രേഖപ്പെടുത്തുന്നു.

ടിപ്പുസുല്‍ത്താന്റെ കാലത്ത് മലബാറില്‍ വ്യാപാരവും വ്യവസായവും ഏറ്റവുമധികം വികാസം പ്രാപിച്ചു. ''രാജ്യത്തിന് ക്ഷേമോല്‍ക്കര്‍ഷങ്ങളുണ്ടാവണമെങ്കില്‍ വ്യവസായ വളര്‍ച്ചയും വ്യാപാര വികസനവും അത്യാവശ്യമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിച്ച ഏക ഇന്ത്യന്‍ ഭരണാധികാരി ടിപ്പുവായിരുന്നുവെന്ന് പ്രൊഫ. മുഹിബ്ബുല്‍ ഹസ്സന്‍ഖാന്‍ പറഞ്ഞുവെക്കുന്നു. അന്തര്‍ദേശീയ ചലനങ്ങള്‍ മുഴുക്കെ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ടിപ്പു വ്യവസായ വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന യൂറോപ്പിലെ പ്രധാന രാഷ്ട്രങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിന്റെ വിജയത്തെ മുന്‍നിര്‍ത്തി നടപ്പാക്കിയ വ്യവസായ നയത്തിലൂടെ വ്യവസ്ഥാപിതവും മാതൃകായോഗ്യവുമായ ഭരണം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൃഷിയും കച്ചവടവും വികസിച്ചു. അവയുടെ പുരോഗതിക്കുവേണ്ടി സുല്‍ത്താന്‍ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ''അദ്ദേഹത്തിന്റെ രാജ്യത്തെ കൃഷിക്കാര്‍ സുരക്ഷിതരാണ്. അവരുടെ പ്രയത്‌നങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു''വെന്ന് ജോണ്‍ഷോര്‍ എഴുതിയിട്ടുണ്ട്. കൃഷിക്കാവശ്യമായ ജലസേചന പദ്ധതികളും അണക്കെട്ടുകളും നിര്‍മ്മിച്ചതോടൊപ്പം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും രാജ്യത്തെ കമനീയമായി മോടിപിടിപ്പിക്കുന്നതിലും ടിപ്പുവിന്റെ ഭരണകൂടം ശ്രദ്ധിച്ചിരുന്നു. ശാസ്ത്ര കലാസാഹിത്യങ്ങളും അന്ന് പുഷ്ടിപ്പെട്ടു. 

വിദേശവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി മസ്‌ക്കറ്റ്, ജിദ്ദ, ദര്‍മൂസ്, പെറു (ബര്‍മ്മ) എന്നിവിടങ്ങളില്‍ വ്യാപാരകേന്ദ്രങ്ങള്‍ തുറന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഓഹരികള്‍ വിറ്റ് ഒരു കച്ചവടക്കമ്പനിയും സുല്‍ത്താന്‍ സ്ഥാപിച്ചു. ഓഹരിക്കാര്‍ക്ക് 50% ലാഭവിഹിതം ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാക്കി. മലബാര്‍തീരത്ത് ഒരു മുത്തുച്ചിപ്പി വാരല്‍കേന്ദ്രവും സ്ഥാപിച്ചു. ഇതിന്‌വേണ്ടി മസ്‌ക്കറ്റില്‍ നിന്നും മുങ്ങല്‍ വിദഗ്ധരേയും ഇറക്കുമതി ചെയ്തു. സാമ്പത്തിക രംഗം ഉണര്‍ന്നു.
വ്യവസായ വിപ്ലവത്തിന്റെ ഭാഗമായിത്തന്നെ പൊതുമരാമത്ത് പണികള്‍ ടിപ്പുവിന്റെ കാലത്ത് വിപുലമായ തോതില്‍ നടത്തപ്പെട്ടു. എപ്പോഴും ഓരോ പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. പുതിയ പട്ടണങ്ങള്‍, പുതിയ റോഡുകള്‍, പുതിയ ജലസേചന പദ്ധതികള്‍, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സ്ഥലനാമങ്ങള്‍, നാണയരീതികള്‍, ഭരണവകുപ്പ് പുനഃസംവിധാനങ്ങള്‍, പ്രവിശ്യാ പുനഃസംവിധാനങ്ങള്‍ തുടങ്ങി ആവശ്യവും അനാവശ്യവുമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

മലബാര്‍ മേഖലയില്‍, ആദ്യമായി ആവശ്യാനുസരണം സഞ്ചാരയോഗ്യമായ പാതകള്‍ തുറന്നത് ടിപ്പുവാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കാലത്തിന് മുമ്പ് ചക്രമുള്ള വണ്ടികള്‍ ജില്ലയില്‍ കാണപ്പെട്ടിരുന്നില്ല. ടിപ്പുവിന്റെ വലിയതോക്കുകള്‍ എത്തിയതിനുശേഷമാണ് നിരത്തുകളുടെ ആവശ്യം കണ്ടുതുടങ്ങിയത്. മലബാറിലെ മിക്കസ്ഥലങ്ങളും യോജിക്കപ്പെട്ടതും രാജ്യത്തിലെ കാട്ടുപ്രദേശങ്ങളില്‍കൂടി നടക്കാന്‍ സൗകര്യമുള്ളതുമായ ഒരുപാട് നിരത്തുകള്‍ ഉണ്ടായതും സുല്‍ത്താന്റെ കാലത്താണ്.
റോഡ് എന്ന ആശയം ടിപ്പു നടപ്പിലാക്കിയത് ഇവിടത്തെ ജനങ്ങളുടെ ബോധനവീകരണത്തിനും പരസ്പര സഹകരണത്തിനും പരിചയത്തിനും ദര്‍ശനങ്ങളുടെ കൈമാറ്റത്തിനും മനുഷ്യബന്ധങ്ങളുടെ പുതുതായ അടുപ്പത്തിനും ആരംഭമിട്ടു. മലബാറിലെ റോഡുകളുടെയും തോടുകളുടേയും വികസനത്തിന് ഒരു പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. നീണ്ട യാത്രക്കാരൊക്കെ അവയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രധാന നിരത്തുകളില്‍ ഇടയ്ക്കിടയ്ക്ക് ഹോട്ടലുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊന്നാനിക്കടുത്ത തൃത്താലയില്‍ നിന്ന് ഹിന്ദുക്കളായ യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യം ചെയ്തുകൊടുക്കുന്നതിനായി പുറമെനിന്ന് ഏതാനും ഹിന്ദുകുടുംബങ്ങളെ കൊണ്ടുവന്ന് ഒരു കോളനിത്തന്നെ സ്ഥാപിച്ചുകൊടുത്തു. നാട്ടുകാരായ ഹിന്ദുക്കള്‍ ഹോട്ടല്‍പ്പണി ചെയ്യുന്നത് അപമാനമായി കരുതിയരുന്നതിനാലാണ് പുറമെനിന്ന് ഹിന്ദുക്കളെ കൊണ്ടുവന്നത്. മലബാറില്‍ നിന്നുള്ള വരുമാനം കൊണ്ട് തന്നെയായിരുന്നു ഈ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്. പുതിയ നടപ്പാതകളും വിശ്രമ സങ്കേതങ്ങളായ മുസാഫരി ബംഗ്ലാവുകളും മലബാറിലുണ്ടായതും സുല്‍ത്താന്റെ കാലത്താണ്.
നാവികസേനക്കു പരിശീലനം നല്‍കാന്‍ മംഗലാപുരത്ത് സൈനിക കോളേജ് ടിപ്പു എര്‍പ്പെടുത്തിയിരുന്നു. കടല്‍ കള്ളന്മാരെ ഒതുക്കുന്നതില്‍ ഈ നാവിക സേനയാണ് മുന്‍പന്തിയില്‍ നിന്നത്. സൈനികര്‍ക്ക് ഉടുപ്പുനിര്‍മ്മിക്കാനും മലബാറിലെ തൊഴിലില്ലായ്മ പരിഹരിക്കുവാനുമായി കണ്ണൂരിലും കാസര്‍കോഡും രണ്ട് വലിയ നെയ്ത്തുശാലകള്‍ സ്ഥാപിച്ചു. ദക്ഷിണേന്ത്യയില്‍ അധ:പതിച്ചിരുന്ന നെയ്ത്തു വ്യവസായം പുനരുദ്ധരിക്കാന്‍ ടിപ്പു ചെയ്ത സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഇംഗ്ലീഷ് ചരിത്രകാരന്മാര്‍കൂടി അഭിനന്ദനം രേഖപ്പെടുത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളും വനവിഭവങ്ങള്‍ സംഭരിച്ച് വ്യാപാരം നടത്തുവാനുള്ള ഒരു കമ്പനിയും ചായമുക്കുവേല നടത്തുവാനും തൊപ്പി നിര്‍മ്മാണത്തിനുവേണ്ടിയുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ വ്യാപാര താല്‍പ്പര്യത്തിന്റേയും സാമ്പത്തിക വൈദഗ്ധ്യത്തിന്റേയും ഉദാഹരണമായെടുക്കാം.

അടിയന്തിരാഘോഷങ്ങള്‍ക്കുവേണ്ടി പണം ചെലവാക്കുന്നതില്‍ കാണിച്ചിരുന്ന ദുര്‍വ്യയങ്ങള്‍ ടിപ്പു നിയന്ത്രിച്ചു. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന മനോഭാവം മാറ്റിയെടുത്തു. സ്വന്തം കയ്യിലുള്ള മുഴുവനും പിന്നെ കിട്ടാവുന്നത്ര കടം വാങ്ങി ചെലവാക്കിയുമാണ് മലബാറിലെ ആചാരങ്ങള്‍ എന്ന് ബുക്കാനന്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. തന്റെ രാജ്യത്തെ ഒരു ഗ്രാമവും മൊത്തം വരുമാനത്തിന്റെ ഒരു ശതമാനത്തിലധികം അടിയന്തരാഘോഷങ്ങള്‍ക്കു ചെലവാക്കരുതെന്നു ടിപ്പു കല്‍പ്പിച്ചു. (മാപ്പിള സമുദായം - ചരിത്രം സംസ്‌ക്കാരം - ടി മുഹമ്മദ്). ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സുല്‍ത്താനെ കണ്ട് സങ്കടം ബോധിപ്പിക്കാനുള്ള അനുമതി നല്‍കിയിരുന്നു. ശരീഅത്ത് നിയമം മുസ്‌ലിംകള്‍ അനുഷ്ഠിക്കുന്നതുപോലെ ഹിന്ദുക്കള്‍ അവരുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്ന് സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിലയേറിയ സമ്മാനങ്ങള്‍ ഹൈന്ദവ മഠാധിപന്മാര്‍ക്കു നല്‍കിയിരുന്നു. കൃഷിവികസനത്തിനും പുതിയ കണ്ടുപിടുത്തങ്ങളിലും ശ്രദ്ധിക്കുന്നവര്‍ക്ക് സുല്‍ത്താന്‍ നേരിട്ട് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. (കേരള മുസ്‌ലിം ചരിത്രം. പി.എ.സെയ്തു മുഹമ്മദ്)
ടിപ്പുവിന്റെ മലബാര്‍ വിജയം സാമ്പത്തികവും സാമുദായികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി. നിലനിന്നിരുന്ന നമ്പൂതിരി മേല്‍ക്കോയ്മയെ തുടച്ചുമാറ്റാനും അനാചാരങ്ങളും ഉച്ഛനീചത്വങ്ങളും ഇല്ലായ്മ ചെയ്യാനും സഹായകമായി. വളരെയേറെ മാപ്പിളമാരെ ഭരണത്തിന്റേയും സൈന്യത്തിന്റേയും പ്രധാനപ്പെട്ട തുറകളില്‍ നിയമിച്ചു. ജന്മിത്വത്തിന് അയവുവന്നതോടെ മാപ്പിളമാര്‍ ഭൂസ്വത്തിനുടമകളായിത്തീരുകയും ചെയ്തു. (മലബാര്‍ സമരം എം.പി.നാരയണമേനോനും സഹപ്രര്‍ത്തകരും പുറം - 78) മേല്‍ജാതിക്കാരെ ചോദ്യം ചെയ്യാനവകാശമുണ്ടെന്ന് കീഴ് ജാതിക്കാരാര്‍ക്ക് മനസ്സിലാക്കുവാനും തങ്ങളുടെ അന്തസ്സിനെക്കുറിച്ചും ശക്തിയെക്കുറിച്ചും ബോധം ജനിക്കാനും മൈസൂര്‍ ഭരണം സഹായിച്ചു. നായന്മാര്‍ക്ക് കീഴ് ജാതിക്കാരെ വെട്ടിവീഴ്ത്താനുള്ള അവകാശമുണ്ടായിരുന്നത് ഇതോടുകൂടി ഇല്ലാതായി. നായര്‍ സമുദായത്തിനുണ്ടായിരുന്ന അമിത സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യം ഇല്ലാതാവുകയും താഴ്ജാതിക്കാര്‍ക്ക് സാമൂഹികാംഗീകാരം കൈവരികയും ചെയ്തു. (കേരള മുസ്‌ലിം ഡയറക്ടറി. സി.കെ.കരീം)
കേരളീയ മുസ്‌ലിംകള്‍ക്ക് മൈസൂര്‍ ഭരണത്തിനു കീഴില്‍ ആരുടേയും അനുമതിയില്ലാതെ പള്ളികള്‍ പണിതുയര്‍ത്താവുന്ന അവസ്ഥ വന്നു. നികുതി നല്‍കാതെ ഖബറിടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളാനും സാധിച്ചു. മുസ്‌ലിംകള്‍ക്ക് പ്രതാപം കൈവന്നു. എന്നാല്‍ മുസ്‌ലിംകളായതിനാല്‍ നികുതി ബാധ്യതയില്‍ നിന്ന് അവരെ ഒഴിവാക്കിയിരുന്നില്ല. എങ്കിലും അവര്‍ സംരക്ഷിത ജനതയായിത്തീര്‍ന്നു. (പഴശ്ശിരാജ ചമയങ്ങളില്ലാതെ). 

പ്രത്യാഘാതങ്ങള്‍
മലബാര്‍ മേഖലയിലെ ഈ പരിഷ്‌ക്കാരങ്ങളെ സംശയദൃഷ്ട്യാ നോക്കുകയും ജാതിവ്യവസ്ഥയുടെ മേലുള്ള അന്യായമായ കയ്യേറ്റമായി കണക്കാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ശക്തമായ എതിര്‍പ്പുകളാണ് ഇതിനെതിരെ ഉയര്‍ന്നുവന്നത്. മുസല്‍മാനായ ടിപ്പുസുല്‍ത്താന്‍ മതപരിവര്‍ത്തനം നടത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണെന്ന് അവര്‍ ധരിച്ചു. ആരുടെ നന്മക്ക് വേണ്ടിയാണിത് ചെയ്യുന്നതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയാതെപ്പോയതായിരുന്നു ടിപ്പുവിന്റെ പരാജയം.
രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറ്റം നടത്തിയ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ് മൈസൂര്‍പ്പട കെട്ടഴിച്ചുവിട്ടത്. അതുകൊണ്ട് തന്നെ ബ്രിട്ടീഷുക്കാരുടെ കടുത്ത ശത്രുവായി ടിപ്പു മാറി. അവര്‍ കിട്ടിയ അവസരത്തില്‍ മര്യാദയുടെ സകല പരിധികളും ലംഘിച്ച് സുല്‍ത്താനോട് ഏറ്റുമുട്ടി. ഇതിനെതിരെ ശക്തമായി ചെറുത്തുനിന്ന ടിപ്പുവിനെ തറപറ്റിക്കാനും തങ്ങളുടെ രാഷ്ട്രീയാധിനിവേശത്തിന് പിന്തുണ ലഭിക്കാനും ടിപ്പുസുല്‍ത്താനെ മതഭ്രാന്തനായും ക്ഷേത്രധ്വംസകനായും ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ചു.
ജാതിവ്യവസ്ഥക്കേറ്റ കനത്ത പ്രഹരവും ടിപ്പുവിനെതിരെയുള്ള പ്രതിഷേധത്തിന് ആക്കം കൂട്ടി. അതുകൊണ്ട് തന്നെ സവര്‍ണഹിന്ദുത്വവും ബ്രിട്ടീഷ്‌കാരും ചരിത്രത്തില്‍ ടിപ്പുസുല്‍ത്താനെ എഴുതിവെച്ചതില്‍ ചിലത് ഇങ്ങനെയായിരുന്നു. ''ഹൈദര്‍ഖാനും അദ്ദേഹത്തിന്റെ മകന്‍ ടിപ്പുസുല്‍ത്താനും ഇവിടെ നടത്തിയ ക്രൂരതകളും മനുഷ്യത്വഹീനമെന്നേ പറഞ്ഞുകൊള്ളൂ: പരാതിയില്ല പരിഭവമില്ല. പക്ഷേ മലയാളി ശതാബ്ദങ്ങളായി കരുതി നെല്ലിട തെറ്റാതെ പരിപാലിച്ചുപോന്ന ആചാരങ്ങളിലും കര്‍മ്മങ്ങളിലും ക്രിയകളിലും വിശ്വാസങ്ങളിലും ആദര്‍ശങ്ങളിലും സിദ്ധാന്തങ്ങളിലുമെല്ലാം ഒരു ഇടിത്തീയായി ആയുധത്തിന്റെ ഭവിഷ്യത്തുകള്‍ കലാശിച്ചുവെന്ന സത്യത്തിനുനേരെ കണ്ണടക്കുന്നതുകൊണ്ട് ഫലമില്ല. പലതും ദുഃഖപൂര്‍ണ്ണമായിരുന്നു. ഞെട്ടലോടുകൂടിയല്ലാതെ ഓര്‍ക്കാന്‍പോലും കഴിയാത്തവണ്ണം നിഷ്ഠൂരമായിരുന്നു. ജുഗുപ്‌സാവഹമായിരുന്നു. ഭീകരമായിരുന്നു''. (19ാം നൂറ്റാണ്ടിലെ കേരളം. പി.ഭാസ്‌കരനുണ്ണി. പുറം - 1146).  
എന്നാല്‍ ഇതരമതസ്ഥരോട് ആദരവും മാന്യതയും പുലര്‍ന്നതില്‍ ടിപ്പുസുല്‍ത്താന്‍ അതീവ ജാഗ്രത കാണിച്ചിരുന്നുവെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. പാലക്കാടന്‍ കോട്ടയുടെ മുന്നില്‍ കാണുന്ന ക്ഷേത്രം ഇതിനു തെളിവാണ്. അദ്ദേഹത്തിന്റെ സൈന്യത്തില്‍ ഒരുപാട് ഹിന്ദുമതസ്ഥര്‍ ജോലി ചെയ്തിരുന്നു. ടിപ്പുവിന്റെ സൈനികത്തലവന്‍ തന്നെ അപ്പറാവു എന്നുപേരുള്ള അമുസ്‌ലിമായിരുന്നു. ടിപ്പു കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം അധികാരമുണ്ടായിരുന്നത് ദിവാന്‍ പൂര്‍ണ്ണയ്യക്കായിരുന്നു. പോലീസ് വകുപ്പിന്റെ ചുമതല ശ്യാമ അയ്യര്‍ക്കുമായിരുന്നു. ഭരണകാര്യങ്ങളില്‍വരെ ഇതര മതസ്ഥരെ ഉല്‍പ്പെടുത്താന്‍ മാത്രം വിശാല മനസ്‌കത കാണിക്കുന്ന ഒരു ഭരണാധികാരി മതഭ്രാന്തനും തീവ്ര മതചിന്താഗതിക്കാരനുമൊക്കെയാവുന്നതെങ്ങനെ?
ടിപ്പുവിന്റെ മതസൗഹാര്‍ദ്ദ നിലപാടിനെ അനുകൂലിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ കാണാന്‍ സാധിക്കും. അതിനേക്കാള്‍ കൂടുതല്‍ മതഭ്രാന്തനായും വര്‍ഗീയതയുടെ വിഷം കുത്തിവെക്കുന്നവനുമൊക്കെയായും ചില ചരിത്രവിവരങ്ങളില്‍ ടിപ്പുവിനെ വരച്ചുവെച്ചിരിക്കുന്നു. ടിപ്പു എയ്തുവിട്ട സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഫലങ്ങള്‍ ജാതി അധീശത്വത്തിന്റെ ഉന്മൂലനമായും റോഡുകളായും കാര്‍ഷിക രംഗത്തെ പുരോഗതിയൊക്കെയായും ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നു.

author image
AUTHOR: ഫിദാ ലുലു കെ.ജി
   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)