മലബാറിലെ വ്യാപാര-വ്യവസായ പുരോഗതിയില്‍ ടിപ്പുവിന്റെ പങ്ക്

ശിഹാബുദ്ദീന്‍ ആരാമ്പ്രം  

കേരളത്തിന്റെ ആധുനികവല്‍ക്കരണത്തില്‍ ടിപ്പുസുല്‍ത്താന്റെ പങ്ക് അടയാളപ്പെടുത്തിയ പ്രധാന മേഖലയാണ് വ്യാപാരവ്യവസായ രംഗം. മൈസൂരിന്റെ ഭരണപ്രദശങ്ങളിലെല്ലാം നിലനിന്നിരുന്ന വ്യാപാരവ്യവസായ രംഗത്തെ പുരോഗതി മലബാറിലും ദൃശ്യമായിരുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ചയുടെ തുടര്‍ച്ചയായി അവയെ കാണാവുന്നതാണ്. കാര്‍ഷിക രംഗത്തെ പരിഷ്‌കാരങ്ങള്‍ കൃഷിക്കാരുടെ ചൂഷകരായ ജന്മിമാര്‍ക്ക് പ്രതികൂലമായത് പോലെ വാണിജ്യരംഗത്തെ പരിഷ്‌കാരങ്ങള്‍ ആ മേഖലയിലെ ചൂഷകന്മാരായ കൊളോണിയല്‍ ശക്തികള്‍ക്കും അനുകൂലമായിരുന്നില്ല. അത് കൊണ്ട് തന്നെ ടിപ്പുവിന്റെ വ്യവസായ വാണിജ്യനയങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കാണ് കൂടുതല്‍ തിരിച്ചടിയായത്. ഇന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരുമായി ബ്രിട്ടീഷുകാര്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഏകപക്ഷീയമായ ലാഭം മുന്‍ നിര്‍ത്തിയുള്ള വ്യാപാര ഉടമ്പടിയായിരുന്നു അവിടെയെല്ലാം അവര്‍ക്കുണ്ടായിരുന്നത്. പക്ഷേ, മൈസൂര്‍ ഭരണത്തിനു കീഴിലുള്ള പ്രദേശങ്ങളില്‍ അവരുടെ ആ ഉദ്യമം വിജയിച്ചില്ല. ബ്രിട്ടീഷുകാരെയോ മറ്റു വിദേശ വ്യാപാരികളേയോ പ്രയാസപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല, ടിപ്പു സുല്‍ത്താന്‍ വ്യാപാരവ്യവസായ നയം ആവിഷ്‌ക്കരിച്ചത്. ദേശീയ ഉല്‍പന്നങ്ങള്‍ക്കും വിളവുകള്‍ക്കും മതിയായ വില ലഭ്യമാക്കുക, കര്‍ഷകരുടേയും രാജ്യത്തിന്റേയും വരുമാനം വര്‍ദ്ധിപ്പിക്കുക, കുത്തക മുതലാളിമാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ മുക്തമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍. അതിന്റെ ഭാഗമായി കുരുമുളക് , ചന്ദനം, നാളികേരം, പുകയില, തേക്ക്, ആന, സ്വര്‍ണ്ണം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് കുത്തക ഏര്‍പ്പെടുത്തി. അതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പാണ്ടികശാലകള്‍ സ്ഥാപിച്ചു. മലബാറിലെ പ്രധാന പാണ്ടികശാല വടകരയിലായിരുന്നു. കൂടാതെ കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഉപപാണ്ടികശാലകളും പ്രവര്‍ത്തിച്ചു. മലബാറിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ അവയില്‍ സംഭരിക്കുകയും മതിയായ വില ലഭിച്ചാല്‍ മാത്രം വില്‍പന നടത്തുകയും ചെയതു. അതോടെ കര്‍ഷകന് അര്‍ഹമായ വില ലഭിക്കുവാനും സര്‍ക്കാറിന് വരുമാനം വര്‍ദ്ധിപ്പിക്കാനും നിമിത്തമായി. ടിപ്പുവിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി മറ്റ് പ്രദേശങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന വിലയായിരുന്നു മലബാറിലെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. തിരുവിതാംകൂറില്‍ രാജാകേശവദാസും കുരുമുളകിന് കുത്തക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദേശീയ താല്‍പര്യത്തേക്കാള്‍ ഏറെ ബ്രിട്ടീഷ് താല്‍പര്യമാണ് മുന്‍പന്തിയില്‍ നിന്നത്. അത് കൊണ്ടാവാം, അവിടെ ഒരു കണ്ടി കുരുമുളകിന് 25 ക. ആയിരുന്നു വില. എന്നാല്‍ അതേ കാലത്ത് മലബാറില്‍ ഒരു കണ്ടി കുരുമുളകിന് 100 ക. ആയിരുന്നു. ഈ വ്യത്യാസത്തില്‍ നിന്നും, വാണിജ്യ വ്യവസായ രംഗത്ത് കേരളത്തിന് ഒരു ദിശാബോധം നല്‍കാന്‍ ടിപ്പുവിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ടെന്ന് കാണാം.
    ടിപ്പുവിന്റെ ആസൂത്രിതമായ പരിഷ്‌കാര പ്രവര്‍ത്തനങ്ങളുടെ ഫലമായി വ്യാപാര വാണിജ്യ രംഗം കൂടുതല്‍ വികാസം നേടി. തുടര്‍ന്ന് പാലക്കാട്, മങ്കട, മഞ്ചേരി, മലപ്പുറം, പൊന്നാനി, ഫറൂഖ്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലെല്ലാം പുതിയ പാണ്ടികശാലകള്‍ സ്ഥാപിതമായി. അവയെല്ലാം മലബാറിലെ വാണിജ്യ വികസനത്തെ ത്വരിതപ്പെടുത്തി. പട്ടണങ്ങളും ജനനിബിഡമായ ഗ്രാമങ്ങളും ഉള്‍നാടന്‍ നഗരങ്ങളുമായി അവ വളര്‍ന്നു. ഈ കേന്ദ്രങ്ങളോടനുബന്ധിച്ച് ഹുസൂര്‍ കച്ചേരികള്‍,നികുതി കേന്ദ്രങ്ങള്‍, അതിലെ ഉദ്യോഗസ്ഥന്മാരുടെ വാസസ്ഥലങ്ങള്‍ എന്നിവ നിലവില്‍ വന്നു, അവിടങ്ങളിലെല്ലാം ഭയം കൂടാതെ സഞ്ചരിക്കാവുന്ന റോഡുകളുടെ നിര്‍മാണം കൂടി പൂര്‍ത്തിയായതോടെ അവയെല്ലാം സുരക്ഷിതമായ കച്ചവട കേന്ദ്രങ്ങളായി. മലബാറിലെ ഇന്നുമുള്ള പ്രധാന കേന്ദ്രങ്ങളാണ് ഇവയെല്ലാം. കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി, മാഹി എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം മൈസൂര്‍ ഭരണകാലത്താണ് ഉയര്‍ന്നുവന്നത്. മാത്രവുമല്ല, മേല്‍ പരാമര്‍ശിച്ച വിധം മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ വേറെയും നിരവധി കമ്പോളങ്ങളും ചെറുകിട നഗരങ്ങളും വളര്‍ന്നുവന്നു. അവയെല്ലാം മലബാറിന്റെ അഭിവൃദ്ധിയില്‍ വഹിച്ച പങ്ക് 150 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തെ പിന്തള്ളുന്ന വിധമായിരുന്നു.
    വ്യാപാര രംഗത്ത് ടിപ്പു സുല്‍ത്താന്‍ കൊണ്ടുവന്ന മറ്റൊരു പ്രധാന നയം വിദേശികള്‍ നാട്ടിലെ കച്ചവടക്കാരുമായി നേരിട്ട് ഇടപാട് നടത്തുന്ന രീതി നിരോധിച്ചതാണ്. പകരം മൈസൂര്‍ ഗവണ്‍മെന്റിന്റെ  ഉദ്യോഗസ്ഥന്മാരുമായി നേരിട്ടുള്ള വ്യാപാരമാണ് അവര്‍ക്ക് അനുവദിക്കപ്പെട്ടത്. ആ നിയമം കൊണ്ടുവരാനുള്ള പ്രധാന കാരണം വിദേശവ്യാപാരികളുടെ ചൂഷണാധിഷ്ഠിതമായ നിലപാടുകളാണ്. അവര്‍ കര്‍ഷകര്‍ക്ക് കാര്‍ഷികോല്‍പന്നങ്ങളുടെ ഈടിന്മേലും കടമായി പണം നല്‍കി കുറഞ്ഞവിലക്ക് കൃഷിക്കാരില്‍ നിന്നും ഉല്‍പന്നങ്ങല്‍ ശേഖരിച്ചുകൊണ്ടിരുന്നു. അതാവട്ടെ അമിത ലാഭത്തിന് കൈമാറി കൊള്ളലാഭമുണ്ടാക്കുന്നതായി സുല്‍ത്താന് അറിവുകിട്ടി. ആ പശ്ചാത്തലത്തിലാണ് ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചത്. നീതിയും സമത്വവും എന്ന അടിസ്ഥാനത്തില്‍ ഊന്നിനിന്നു കൊണ്ടാണ്  അവ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും, വിദേശ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ നിയമം, ടിപ്പുവിന്റെ ഏറ്റവും അടുത്ത വാണിജ്യ പങ്കാളിയായിരുന്ന മസ്‌ക്കത്തിലെ ഇമാമിനും ബാധകമാക്കി. മൈസൂര്‍ ഭരണപ്രദേശത്ത് പുതിയ വാണിജ്യനിയമം നടപ്പാക്കിയിട്ടുണ്ടെന്നും അവ എല്ലാ വിദേശികള്‍ക്കും നിര്‍ബന്ധമാണെന്നും സൂചിപ്പിച്ച് മസ്‌കത്തിലെ ഇമാമിന് ടിപ്പു കത്തെഴുതിയതായി കിര്‍ക്ക് പാട്രിക് സമാഹരിച്ച കത്തുകളിലുണ്ട്. ഈ വസ്തുതയും ടിപ്പുവിനെ മതഭ്രാന്തനായി കാണുന്നവരുടെ വീക്ഷണത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. മൈസൂരിലെ ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് വിപണനം ചെയ്തിരുന്ന ടിപ്പുവിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു മസ്‌ക്കത്തിലെ ഇമാമെന്ന് മുഹിബ്ബുല്‍ ഹസന്‍ ഖാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ഭരണപരമായ ഒരു നിയമം നിര്‍വ്വഹിക്കേണ്ട സന്ദര്‍ഭം എത്തിയപ്പോള്‍ മതത്തിന്റേയോ കച്ചവടപങ്കാളിത്തത്തിന്റേയോ പേരില്‍ അദ്ദേഹം ഇളവ് അനുവദിച്ചില്ല. 

    ആധുനിക വ്യാപാര സംരംഭങ്ങളുടെ മാതൃകയില്‍, പൊതുജന പങ്കാളിത്തത്തോടെ ഒരു വാണിജ്യ കമ്പനിക്ക് ടിപ്പു രൂപം നല്കി. ദേശീയ വ്യാപാരരംഗത്ത് സ്ഥാപിതമായ പ്രഥമ വ്യാപാര സംരംഭങ്ങളില്‍ ഒന്നായിരുന്നു അത്. കച്ചവടത്തില്‍ തല്‍പരരായ വ്യക്തികള്‍ക്ക് 500ക. മുതല്‍ 5000ക. വരെ മുതല്‍ മുടക്കി അതില്‍ അംഗത്വം എടുക്കുവാന്‍ അവസരവും പ്രോത്സാഹനവും നല്‍കിയിരുന്നു. ഒപ്പം അതിനെ കുത്തകവല്‍ക്കരിക്കാതിരിക്കാനും സാധാരണക്കാരുടെ പങ്കാളിത്തം നിലനിര്‍ത്താനും സഹായകമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചു. 500ക. മുതല്‍ 5000ക വരെ മുടക്കുന്നവര്‍ക്ക് ലാഭത്തിന്റെ 50 ശതമാനവും അതിനുമുകളില്‍ ഓഹരി എടുക്കുന്നവര്‍ക്ക് ലാഭത്തിന്റെ 12 ശതമാനവുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
    വ്യാപാരവ്യവസായ മേഖലകളില്‍ അദ്ദേഹം കാഴ്ചവെച്ച മറ്റൊരു സേവന മേഖലയായിരുന്നു മൈസൂരിന്റെ അകത്തും പുറത്തും സ്ഥാപിച്ച വ്യവസായ കേന്ദ്രങ്ങള്‍. മൈസൂരിനകത്ത് 30 ഫാക്ടറികളും പുറത്ത് 17 ഫാക്ടറികളും സ്ഥാപിക്കുന്നതിന് വേണ്ട പണവും മറ്റു വസ്തുക്കളും പൊതുഖജനാവില്‍ നിന്ന് അനുവദിച്ചു. കാര്‍നൂല്‍., ചീനപട്ടണ്‍ (മദ്രാസ്), പഹല്‍ചേരി(പോണ്ടിച്ചേരി), പൂന, നാഗൂര്‍ (തഞ്ചാവൂര്‍)മാലിഗോണ്‍(ഹൈദരബാദ്),രെയ്ച്ചൂര്,കച്ച് തുടങ്ങിയ മൈസൂരിന്റെ സമീപ രാജ്യങ്ങളില്‍ സ്ഥാപിച്ച ഫാക്ടറികളില്‍ ചിലത് ഈ പ്രദേശങ്ങളിലായിരുന്നു. അവ കൂടാതെ മസ്‌കറ്റ്, പെഗു, ഓര്‍മൂസ്, ജിദ്ദ എന്നീ വിദൂര വിദേശ രാജ്യങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. ചൈനയുമായി വ്യാപാരം ശക്തിപ്പെടുത്തി. ഫ്രാന്‍സ്, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അന്നത്തെ പ്രമുഖ രാഷ്ട്രങ്ങളുമായി വ്യാപാര-വ്യവസായ-നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളേയും സാങ്കേതിക വിദഗ്ദരെയും വിദേശരാജ്യങ്ങളില്‍ നിന്ന് മൈസൂരില്‍ എത്തിക്കുന്നതിന് തന്റെ പ്രതിപുരുഷന്മാര്‍ക്ക് കത്തെഴുതി. അവരുടെ സഹായത്തോടെ  മൈസൂരില്‍ നിന്ന് പുതിയ നിരവധി ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. മണിക്കൂര്‍, ഗ്ലാസ്, തോക്ക്, കൈത്തോക്ക്, കടലാസ്, വാച്ച്, വെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്ന പീരങ്കി തുളക്കുന്ന എഞ്ചിന്‍, വെടി മരുന്ന്, സംഗീതോപകരണങ്ങള്‍ എന്നിവ മൈസൂരിലെ വിവിധ ഫാക്ടറികളില്‍ വികസിപ്പിച്ചെടുത്തിരുന്നു. വാളുപോലുള്ള പുതിയൊരു ആയുധവുമായിരുന്നു അത്. ഇരുമ്പ് കുഴലില്‍ വെടിമരുന്ന് നിറച്ച റോക്കറ്റ് എഞ്ചിനാണ് ഈ ആയുധത്തെ മുന്നോട്ടു ചലിപ്പിക്കുന്നത്. അതില്‍ നിന്ന് പുറത്തേക്ക് വിട്ട ചൂട്‌വാതകമാണ് മൂന്നോട്ടുള്ള തള്ളിച്ചക്ക് ശക്തിയേകിയത്. അത് റോക്കറ്റിന്റെ ഒരു നവീന മാതൃകയായിരുന്നു. മരത്തിന്റെ സ്‌കെയിലും വിരലുകള്‍കൊണ്ട് മാത്രം കണക്ക്കൂട്ടലുമുണ്ടായിരുന്ന അക്കാലത്ത് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചത് ആശ്ചര്യകരമാണന്ന് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരിലൊരാളായ ജി.മാധവന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ടിപ്പുവിന്റെ മലബാറിലെ ഹ്രസ്വമായ ഭരണകാലത്ത്, മലബാറിലെ വാണിജ്യ പുരോഗതിക്ക് വേണ്ടിയും അദ്ദേഹം നിരവധി സംരംഭങ്ങള്‍ നടത്തുകയുണ്ടായി. മംഗലാപുരത്ത് സ്ഥാപിച്ച കപ്പല്‍ നിര്‍മാണശാലയുടെ ആവശ്യത്തിലേക്കുള്ള ഒട്ടുമിക്ക അസംസ്‌കൃത വസ്തുക്കളും മലബാറില്‍ നിന്നായിരുന്നു ശേഖരിച്ചിരുന്നത്. പ്രത്യക്ഷമായും പരോക്ഷമായും അത് മലബാറിന്റെ വാണിജ്യ വികസനത്തിനും നിമിത്തമായി. തേക്കിന്‍തടി ദേശസാല്‍ക്കരിച്ചതോടെ കപ്പല്‍ നിര്‍മാണത്തിന് ആവശ്യമായ മേത്തരം തടി സുലഭമായി  ലഭിച്ചു തുടങ്ങി. മാത്രവുമല്ല, മികച്ച ലാഭത്തിന് അവ പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിഞ്ഞു. കോഴിക്കോട് കേന്ദ്രമാക്കി മികച്ച തോതിലുള്ള ഒരു തടി സംസ്‌കരണകേന്ദ്രവും ആരംഭിച്ചു. അവിടെ നിന്ന് മംഗലാപുരത്തെ കപ്പല്‍ നിര്‍മാണ ശാലയിലേക്ക്  ഒന്നാം തരം മരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. കോഴിക്കോട് സ്ഥാപിതമായ തടി സംസ്‌കരണം ഇന്നും  ലോകത്തെ തന്നെ മികച്ച സംസ്‌കരണകേന്ദ്രങ്ങളില്‍ ഒന്നാണ്. വ്യാപാരവ്യവസായ രംഗത്ത് അദ്ദേഹം നടത്തിയ സുചിന്തമായ ആസൂത്രണത്തിന്റെയും ഉള്‍കാഴ്ചയുടേയും മകുടോദാഹരണമായി ഇന്നും അത് തലയുയര്‍ത്തി നില്ക്കുന്നു. കൂടാതെ മലബാറില്‍ നിന്ന് നിര്‍മിച്ചിരുന്ന കയര്‍ ഉല്‍പന്നങ്ങളും പുറം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. നാവിക സേനക്ക് പരിശീലനം നല്‍കാന്‍ മംഗലാപുരത്ത് ആരംഭിച്ച സൈനിക കോളേജ് മലബാറിലെ വ്യവസായികവും തൊഴില്‍പരവുമായ മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കി. സൈനികര്‍ക്കാവശ്യമായ ഉടുപ്പുകള്‍ നിര്‍മിക്കുവാനും മലബാറിലെ തൊഴിലില്ലായ്മ പരിഹരിക്കുവാനും കണ്ണൂരിലും കാസര്‍കോട്ടും  രണ്ട് വലിയ തുണിനെയ്ത്തുശാലകള്‍ അതിന്റെ അനുബന്ധമായി സ്ഥാപിക്കുകയുണ്ടായി. ദക്ഷിണേന്ത്യയില്‍ അധ:പതിച്ചുകൊണ്ടിരിക്കുന്ന തുണിനെയ്ത്ത് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ടിപ്പുവിന്റെ ഈ നടപടി സഹായിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയുട്ടുണ്ട്. ഇന്നും നെയ്ത്തുവ്യവസായം ഉത്തരകേരളത്തില്‍ കുറ്റിയറ്റുപോവാതെ നില്‍ക്കുന്നതില്‍ ആ നെയ്ത്തു ശാലകളുടെ സ്വാധീനം കാണാതിരുന്നുകൂടാ.
മലബാര്‍ കടല്‍ത്തീരത്ത് മുത്തുവ്യവസായത്തിന്റെ സാധ്യതകള്‍ ആരായുന്നതിനും , മലയാളികള്‍ക്ക് മുത്ത് വാരുവാനുള്ള മുങ്ങല്‍ പരിശീലനം നല്‍കുവാനും മുങ്ങല്‍ വിദഗ്ദരെ ടിപ്പു വരുത്തിയിരുന്നു. എന്നാല്‍ ആ പദ്ധതി പൂര്‍ണതയിലെത്തും മുമ്പെ മൂന്നാം മൈസൂര്‍ യുദ്ധവും മലബാറില്‍ നിന്നുള്ള ടിപ്പുവിന്റെ തിരോധാനവും സംഭവിച്ചു. അതോടെ ആ പദ്ധതി എന്നെന്നേക്കുമായി മലബാരിന് നഷ്ടപ്പെടുകയാണുണ്ടായത്.
കാര്‍ഷികോല്‍പന്നങ്ങളായ കുരുമുളക്, വെറ്റില, ഉണക്കിയതും അല്ലാത്തതുമായ നാളികേരം, അടക്ക, ചന്ദനം, ദാരുഗന്ധം, എലം തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ മതിയായ വില ലഭ്യമാക്കാനും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുമുള്ള സാധ്യതകള്‍ ആരായുവാനും ആവശ്യപ്പെട്ടുകൊണ്ട്  പല വ്യാപാര പ്രമുഖര്‍ക്കും ടിപ്പു കത്തയക്കുകയും ചെയ്തിട്ടുണ്ട്.
    കേരളീയ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും ഉയര്‍ന്ന വിലക്ക് വില്‍പ്പനയാക്കുന്നതിനും താല്‍പര്യം പ്രകടിപ്പിച്ചത് പോലെ മലബാറിന് പുറത്തുള്ള ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനും സംവിധാനമുണ്ടാക്കി. ദിവസവും മൈസൂരില്‍ നിന്ന് ഏകദേശം 200 കാളച്ചുമട് നിത്യോപയോഗ സാധനങ്ങള്‍ കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് എത്തിച്ചിരുന്നു. രാജ്യത്തിന്റെ ഒരു ഭാഗത്തെ ഉല്‍പ്പന്നങ്ങള്‍ അതിന്റെ ആവശ്യക്കാരുള്ള മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ആഭ്യന്തര കയറ്റുമതിയും ഇറക്കുമതിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കൂടാതെ വനവിഭവങ്ങള്‍ സംഭരിച്ച് വ്യാപാരം നടത്തുന്ന ഒരു കമ്പനിയും തൊപ്പി നിര്‍മാണത്തിനും വസ്ത്രങ്ങള്‍ ചായം മുക്കുന്നതിനും സൗകര്യപ്രദമായ ഒരു വ്യവസായ സ്ഥാപനവും ആരംഭിക്കുകയുണ്ടായി.
ടിപ്പുവിന്റെ വ്യാപാര വ്യവസായ സംരംഭങ്ങള്‍ ഉള്‍നാടന്‍ പ്രദേശങ്ങളുടെ വികസനത്തിനും അവസരം സൃഷ്ടിച്ചിരുന്നു. മൈസൂരിന്റെ ഭരണത്തിനു കീഴിലുള്ള എല്ലാ പ്രദേശങ്ങളെയും അത് കൂട്ടിയിണക്കി. ഏതൊരു സാധാരണക്കാരന്റേയും ജീവിത പുരോഗതിക്ക് സഹായകമായ വിധത്തിലായിരുന്നു അവയെല്ലാം ആസൂത്രണം ചെയ്തിരുന്നത്. ഇപ്പോഴത്തെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയുടെ വ്യാപാരപുരോഗതി ഉദാഹരണമായെടുക്കാം. മൈസൂര്‍ ഭരണകാലത്ത് കാര്‍ഷികോല്‍പന്നങ്ങളും വനവിഭവങ്ങളും സംഭരിച്ചിരുന്ന മലബാറിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു താമരശ്ശേരി. ടിപ്പുവിന്റെ ഭരണകാലത്ത് വന്‍തോതില്‍ കച്ചവടം നടന്നിരുന്ന 50 വലിയ സ്ഥാപനങ്ങള്‍ താമരശ്ശേരി ബസാറില്‍ ഉണ്ടായിരുന്നുവെന്ന് ഫ്രാന്‍സിസ് ബൂക്കാനര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ചൂഷണപരമായ അടിച്ചമര്‍ത്തല്‍ നിലപാട് നിമിത്തം താമരശ്ശേരിയുടെ സകല പ്രതാപങ്ങളും കെട്ടടങ്ങി. സജീവമായിരുന്ന മലയോര വ്യാപാര മേഖലയുടെ  സ്ഥാനത്ത് നിന്ന് ഉള്‍നാടന്‍ ഗ്രാമത്തിലെ ഏതാനും പീടികകൂട്ടങ്ങള്‍ക്ക് മാത്രമായി അത് മാറി. 1937-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് താമരശ്ശേരി പഞ്ചായത്ത് രൂപവല്‍ക്കരിക്കുമ്പോള്‍, മൈസൂര്‍ ഭരണകാലത്ത് സജീവമായിരുന്ന കച്ചവട സ്ഥാപനങ്ങളില്‍ ഒന്നുപോലും അവശേഷിച്ചിരുന്നില്ല. പകരം ആറ് മസാലകടകള്‍, രണ്ട് തുണിക്കടകള്‍, ഏഴ് ചായക്കടകള്‍, രണ്ട് തറിമരുന്ന് കടകള്‍ എന്നിവയില്‍ പരിമിതമായിരുന്നു.
ഈ രണ്ടു വിവരണങ്ങളില്‍ നിന്ന് മലബാറിലെ ഒരു ഉള്‍നാടന്‍ പ്രദേശത്തിന്റെ വികസനത്തില്‍ ടിപ്പുവിന്റെ പങ്കും അതിന്റെ തകര്‍ച്ചയില്‍ ബ്രിട്ടീഷുകാര്‍ വഹിച്ച പങ്കും വ്യക്തമാണ്. മലബാറിലെ ഉള്‍നാടന്‍ പ്രദേശത്തിന്റെ വളര്‍ച്ചയില്‍ താമരശ്ശേരി ഒറ്റപ്പെട്ട പ്രദേശമായിരുന്നില്ല. പാലക്കാട് ജില്ലയിലെ തൃത്താലയും ഈ ഗണത്തില്‍പ്പെടുന്നു. കോഴിക്കോട്, പൊന്നാനി, പാലക്കാട് റോഡുകളുടെ സംഗമസ്ഥാനം കൂടിയായിരുന്നു തൃത്താല. അവിടെ യാത്രക്കാരുടേയും മറ്റും സൗകര്യം പരിഗണിച്ച് വ്യാപാരം വികസിപ്പിക്കുന്നതിനും ഹോട്ടലുകള്‍ നടത്തുന്നതിനും ടിപ്പു പ്രത്യേകം ശ്രദ്ധിച്ചു. തമിഴ് നാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ള, ഹോട്ടല്‍ നടത്തിപ്പില്‍ ശ്രദ്ധേയരായ ഹിന്ദുക്കളെ (പട്ടന്മാരെ) തൃത്താലയില്‍ കുടിയിരുത്തുകയുണ്ടായി. അക്കാലത്ത് മലയാളികള്‍ ഹോട്ടല്‍ നടത്തിപ്പ് പോലുള്ള തൊഴിലുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ മലബാരിലെ ഗതാഗത സൗകര്യവും കാര്‍ഷിക വാണിജ്യ രംഗത്തെ വളര്‍ച്ചയും നഗരവല്‍ക്കരണ പ്രവര്‍ത്തനങ്ങല്‍ക്ക് തുടക്കം കുറിക്കാന്‍ ടിപ്പുവിനെ നിര്‍ബന്ധിതനാക്കി. മാത്രവുമല്ല, ഹിന്ദുമത തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ പളനിയിലേക്കുള്ള തീര്‍ഥാടകരെല്ലാം തൃത്താല വഴിയായിരുന്നു അന്ന് സഞ്ചരിച്ചിരുന്നത്. ടിപ്പുവിന്റെ ഇത്തരം നടപടികളുടെ ഫലമായി മലയാളികള്‍ അറച്ചുനിന്ന ഒരു തൊഴില്‍ മേഖല അവര്‍ക്ക് സ്വന്തമായി.
ഇതുപോലെ ആധുനികസൗകര്യങ്ങളുടെ ഒരു പ്രദേശമാക്കി മലബാറിനെ മാറ്റുന്നതിന് അദ്ദേഹം പ്രവര്‍ത്തിച്ചു. യോഗ്യരായവരെ വിവിധ സന്ദര്‍ഭങ്ങളില്‍ പുറത്ത് നിന്ന് കൊണ്ടുവന്ന് ഇവിടെ കുടിയിരുത്തി. പുറത്ത് നിന്നുള്ള തൊഴില്‍ വിദഗ്ദരുടെ സഹവാസം വഴി ആ തൊഴില്‍ മേഖല മലയാളികള്‍ക്ക് വശത്താക്കാനും ടിപ്പുവിന്റെ ഇത്തരം ഭരണ നടപടികള്‍ അവസരം സൃഷ്ടിച്ചു. തൃത്താലയിലെ ഹോട്ടല്‍ നടത്തിപ്പുകാരായ പരദേശ ബ്രഹ്മണന്മാരെ പോലെ ടിപ്പുസുല്‍ത്താന്‍ പുറത്ത് നിന്ന് കൊണ്ടു വന്ന് മലബാറില്‍ പാര്‍പ്പിച്ച മറ്റൊരു ജനവിഭാഗമാണ് കുശവന്മാര്‍. നിലമ്പൂര്‍, വയനാട് മേഖലകളിലായിരുന്നു പ്രധാനമായും അവര്‍ വസിച്ചിരുന്നത്. കുമ്പാരര്‍, ചെട്ടിമാര്‍ എന്നീ പേരുകളിലും കുശവര്‍ അറിയപ്പെടുന്നു. മണ്‍പാത്ര നിര്‍മാണമാണ് പ്രധാന തൊഴില്‍. മലബാറിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന വയനാട്, നിലമ്പൂര്‍, പാലക്കാട് പാതകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അവര്‍ മലബാറില്‍ എത്തി. ആ റോഡുകളുടെ നിര്‍മാണകാലത്ത് അതിലെ തൊഴിലാളികള്‍ക്കും മൈസൂര്‍ സൈന്യത്തിനുമുള്ള ഭക്ഷണം പാചകം ചെയ്യാന്‍ ആവശ്യമായ മണ്‍പാത്രങ്ങള്‍ നിര്‍മിക്കാനായിരുന്നു ടിപ്പു അവരെ മലബാറിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്. പിന്നീട് അവരവിടെ സ്ഥിരതാമസമാക്കി. മത്സ്യ മാംസാദികള്‍ ഭക്ഷിക്കാത്ത അവരെ ഹിന്ദുക്കളിലെ ഉയര്‍ന്ന വിഭാഗമായിട്ടാണ് പ്രദേശവാസികള്‍ കരുതുന്നത്.
വ്യാപാരവ്യവസായ രംഗത്ത് ടിപ്പുസുല്‍ത്താന്‍ നടപ്പില്‍ വരുത്തിയ നയനിലപാടുകള്‍, ബ്രിട്ടീഷുകാര്‍ ഉന്നയിക്കാറുള്ള കുപ്രചരണങ്ങളുടെ പൊള്ളത്തരം പുറത്ത് കൊണ്ടുവരുന്നവയാണ്. ടിപ്പു കാര്‍ഷിക വിളകള്‍ക്ക് ഏര്‍പ്പെടുത്തിയ കുത്തക മുസ്‌ലിം വ്യപാരികളെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നാണ് അവരുടെ നിരീക്ഷണം. ബംഗാള്‍, മദ്രാസ്, സൂറത്ത്, മക്ക എന്നിവിടങ്ങളിലെല്ലാം വാണിജ്യ വിഭവങ്ങളുമായി പോയിരുന്ന കപ്പലുകളുടെ ഉടമകള്‍ പോലും ടിപ്പുസുല്‍ത്താന്റെ വാണിജ്യനയത്തെ തുടര്‍ന്ന് ദരിദ്രരായിട്ടുണ്ടെന്നാണ് ഫ്രാന്‍സിസ് ബുക്കാനര്‍ വ്യക്തമാക്കിയത്.
    എന്നാല്‍ ടിപ്പുവിന്റെ ഭരണനിര്‍വ്വഹണം സുതാര്യവും പക്ഷപാതിത്വ രഹിതവുമായിരുവെന്നാണ് ആ പ്രസ്താവന നല്കുന്ന പ്രധാന സൂചന. മുസ്‌ലിംകള്‍ക്ക് അദ്ദേഹം പ്രത്യേകം ആനുകൂല്യം നല്‍കിയിരുന്നുവെങ്കില്‍, ബുക്കാനര്‍ സൂചിപ്പിച്ചതുപോലെ അവരുടെ വ്യാപാരം നഷ്ടത്തിലാകുമായിരുന്നില്ല. അതു പോലെ തന്നെയാണ് എല്ലാ ഭരണപരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പിലാക്കിയത്. സമത്വം, നീതി, ചൂഷണം അവസാനിപ്പിക്കല്‍, രാജ്യത്തിന്റെ വരുമാനം നഷ്ടപ്പെടാതിരിക്കല്‍ തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളായിരുന്നു ടിപ്പുവിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തം. അല്ലാതെ ഏതെങ്കിലും ജനവിഭാഗത്തിന്റേയോ മതവിഭാഗത്തിന്റെയോ (നമ്പൂതിരി, നായര്‍, ബ്രിട്ടീഷുകാര്‍) അധികാരമോ സമ്പത്തോ തകര്‍ക്കുക എന്നതായിരുന്നില്ല.      
    മലബാറിലെ മൈസൂര്‍ ഭരണവും ടിപ്പുവിന്റെ വ്യാപാരവ്യവസായ നയങ്ങളും ഗതാഗതസംവിധാനവും, മലബാറിന്റെ സാമൂഹ്യ നാഗരിക - വാണിജ്യവത്ക്കരണത്തില്‍ അസാധാരണമായ പരിവര്‍ത്തനമാണ് വരുത്തിയത്. മൈസൂര്‍ കാലം വരെയും തീരദേശം കേന്ദ്രീകരിച്ചായിരുന്നു വാണിജ്യവും നാഗരികവുമായ വളര്‍ച്ച. എല്ലാ രാജാക്കന്മാരും തീരദേശം കേന്ദ്രീകരിച്ചും, വിദേശ വ്യാപാരം പ്രതീക്ഷിച്ചുമായിരുന്നു ഭരണം നടത്തിയിരുന്നത്. അവരുടെ പ്രധാന ശ്രദ്ധയും വിദേശ വാണിജ്യത്തിലായിരുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളെ അതാത് നാടുവാഴികളുടെ താല്‍പര്യത്തിന് വിട്ടുകൊടുക്കുകയായിരുന്നു പതിവ്. കര്‍ഷകരെയും കുടിയാന്മാരെയും പരമാവധി ചൂഷണം ചെയ്ത് ആകാവുന്നത്ര സമ്പത്തുണ്ടാക്കുക എന്നതില്‍ മാത്രമായിരുന്നു ആ നാടുവാഴികളുടെ ശ്രദ്ധ. വിദേശവാണിജ്യത്തിന്റെ നേട്ടങ്ങളെ പറ്റി മൈസുര്‍ ഭരണത്തിന് മുമ്പ് ഉള്‍നാട്ടിലെ നാടുവാഴികള്‍ ബോധവാന്മാരായിരുന്നില്ല. എന്നാല്‍ മൈസൂര്‍ ഭരണം ആരംഭിച്ചതിന് ശേഷമാണ് ഉള്‍നാടന്‍ കാര്‍ഷിക മേഖലയെ വിദേശവാണിജ്യത്തിന്റെ സാധ്യതകളുമായി ബന്ധിപ്പിച്ച് നിര്‍ത്താമെന്ന ബോധ്യം അവര്‍ക്കുണ്ടായത്. അതേ തുടര്‍ന്ന് കാടുകള്‍ വെട്ടിത്തെളിയിച്ച് വിപുലമായ കാര്‍ഷികവൃത്തിക്ക് അവര്‍ പദ്ധതികള്‍ തയ്യാറാക്കി. കൃഷിയില്‍ വാണിജ്യവിളകള്‍ക്ക് മുന്‍ഗണന നല്കി. കുരുമുളക്, ഏലം, ഇഞ്ചി, നാളികേരം, ചന്ദനം എന്നിവ വിപുലമായി കൃഷിയിറക്കി. ആ ഉല്‍പാദന പ്രക്രിയയുടെ ഫലമായി നാട്ടിന്‍പുറങ്ങളില്‍ പോലും വാണിജ്യസംസ്‌കാരം കുറേശ്ശെയായി പ്രചരിച്ചു. അത് സാമൂഹ്യജീവിതത്തിലും തൊഴില്‍ മേഖലയിലും കൂട്ടുകുടുംബരീതിയിലും പരിവര്‍ത്തനങ്ങള്‍ക്ക് നിമിത്തമായി. വലിയ തറവാടുകള്‍ക്കകത്ത് സമ്പന്നരായ പുതിയ തലമുറ പിറവിയെടുത്തു. ക്രമേണ അവരുടെ സാമൂഹ്യ പദവി ഉയരുകയും വലിയ തറവാടുകളുടെ ആശ്രിതത്തില്‍ നിന്ന് സ്വതന്ത്രരാവാന്‍ ശ്രമിക്കുകയും ചെയ്തു. അത് പുതിയ തറവാടുകളെ സൃഷ്ടിച്ചു. അങ്ങനെ ചെറിയ ഭൂവുടമകളും കാണക്കുടിയാന്മാരും പുതിയ തറവാടുകളുടെ സ്ഥാപകരായി.
    അത്തരം പ്രവണതകള്‍ തീരദേശങ്ങളില്‍ നിന്നും ഉള്‍നാടുകളിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിപ്പിക്കാനും ഇടയായിട്ടുണ്ടാവാം.  ഈ പ്രവണത മൈസൂര്‍ കാലത്തിന് ശേഷവും തുടര്‍ന്നു. അതിന്റെ ഫലമായി നമ്പൂതിരി, നായര്‍, ഈഴവ, മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെല്ലാം പുതിയ തറവാടുകള്‍ ഉടലെടുത്തതായി കെ. ബാലകൃഷ്ണക്കുറുപ്പ് സൂചിപ്പിക്കുന്നുണ്ട്. അഥവാ കുടുംബ ജീവിതത്തിന്റെ പുതിയ തുറസ്സുകളിലേക്ക് പ്രവേശിക്കാനാവാതെ, അട്ടിപ്പേറായി കഴിഞ്ഞിരുന്ന ജനവിഭാഗത്തിന് ടിപ്പുവിന്റെ പരിഷ്‌കാരങ്ങള്‍ സാമൂഹ്യനവീകരണത്തിന്റെ സ്രോതസ്സായി. ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ വ്യാപാരവാണിജ്യ നയങ്ങള്‍ മലബാറിലെ ഉള്‍നാടുകളില്‍ നാഗരിക സംസ്‌കാരത്തെയും സാമൂഹ്യജീവിതത്തേയും പുതിയ വിതാനത്തിലേക്ക് വികസിപ്പിച്ചു. അദ്ദേഹത്തിന്റെ ഒരു പരിഷ്‌കാരം മറ്റൊരു പരിഷ്‌കാരത്തിന്റെ പൂരകമായി മാറിക്കൊണ്ടിരുന്നു. അത്രയേറെ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്തവയായിരുന്നു അവയെല്ലാം. ഈ രീതിയില്‍ ആധുനിക കേരളത്തിന്റെ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍.

Reference

1. Mir Farhan Ali Khan Kirmani - Tr. From Persian - Col - W. Miles - History of Tippu Sulthann. . NewDelhi (1864) 1997
2. Kirkpatrick - Selected Letters of Tippu Sulthan - London - 1811
3. Paraxy Fernamdes - The Tiger of Mysore - NewDelhi (1969) 1991
4. Majumadr (Gen. Ed.) THe Suremacy - Bombay 1991
5. Irfan Habib (Ed.) Resistance and Modernisation Under Haider Ali and Tippusulthan - NewDelhi - 1999
6. A P Ibrahim Kunju - Mysore - Kerala Relations in the Eighteenth Century - Trivandrum 1975
7. Dr. C K Kareem. Kerala Under Haiderali and TippuSulthan. - Cochin 1973
8. മഹ്മൂദ് ഖാന്‍ മഹ്മൂദ് ബംഗ്ലൂരി - താരീഖ് സല്‍ത്വനത് ഖുദാദാദ് - ബേംഗ്ലൂര്‍ - 1973
9. രമേശ് ദത്ത് - ഉര്‍ദു വിവ. ഗുലാം റബ്ബാനി താബാന്‍ - ഹിന്ദുസ്താന്‍ കീ മആശീ താരീഖ് (1757 - 1837 ) ന്യൂഡല്‍ഹി (1979) 2004
10. മുഹിബ്ബുല്‍ ഹസന്‍ - ഉര്‍ദു, വിവ. ഹാമിദുല്ലാ ഹഫസര്‍, അതീഖ് സിദ്ദീഖി - താരീഖ് ടിപ്പുസുല്‍ത്താന്‍ - ന്യൂഡല്‍ഹി (1982) 1998
11. പി എ സെയ്തു മുഹമ്മദ് - കേരള മുസ്‌ലിം ഡയറക്ടറി - 1960 എറണാകുളം
12. ഡോ. സി കെ കരീം, വിവ. ഫ്രാന്‍സിസ് ബുക്കാനന്റെ കേരളം - കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് - തിരു. 1981
13. കെ ബാലകൃഷ്ണക്കുറുപ്പ് - കോഴിക്കോടിന്റെ ചരിത്രം - 2000
14. മലപ്പുറവന്‍ അലവി - കിഴക്കന്‍ ഏറനാടിന്റെ കഴിഞ്ഞ നൂറ്റാണ്ട്. നിലമ്പൂര്‍ 2013