കേരള ചരിത്ര പുസ്തകങ്ങള്‍ വളരെയധികം വിമര്‍ശന വിധേയമാക്കിയ ഒരു വിഷയമാണ് മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ മലബാര്‍ പ്രദേശത്ത് നടപ്പിലാക്കിയ മതനയം. മലയാളത്തിന്റെ ആധികാരിക ചരിത്രകാരന്മാര്‍ എന്നു ഘോഷിക്കപ്പടുന്നവര്‍ പോലും ടിപ്പുവിനെക്കുറിച്ച പരാമര്‍ശങ്ങളില്‍ ചരിത്ര വിശകലനത്തിന്റെ സാമാന്യ തത്വങ്ങള്‍ പാലിച്ചില്ല എന്ന ആരോപണം പ്രസക്തമാണ്. അധിനിവേശ ശകതികള്‍ പടച്ചുണ്ടാക്കിയ കള്ളക്കഥകള്‍ ആവര്‍ത്തിക്കുക വഴി ആ ധീരദേശാഭിമാനിയോട് ബ്രിട്ടീഷുകാര്‍ക്കും അദ്ദേഹത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവിനോട് സവര്‍ണ ജാതിമേല്‍ക്കോയ്മക്കും ഉണ്ടായിരുന്ന പങ്ക് അനന്തരമെടുക്കുന്ന പണിയാണ് അവര്‍ ചെയ്തിട്ടുള്ളത്. കൊളോണിയല്‍ രാഷ്ട്രീയത്തിന്റെയും സവര്‍ണ ജാതീയതയുടെയും ഇതപര്യന്തമുള്ള അനുഭവം മുന്‍ നിര്‍ത്തി നോക്കുമ്പോള്‍ ടിപ്പുവിനെ പ്രതി നടന്നിട്ടള്ള ദുര്‍വ്യാഖ്യാനങ്ങള്‍ കേവലമായ ഒരു നിര്‍മിതിയല്ലെന്നും കൃത്യമായ ഇസ്‌ലാം വിരുദ്ധ ചരിത്ര നിര്‍മാണം തന്നെ നടന്നിട്ടുണ്ടെന്നുമാണ് കാണാന്‍ സാധിക്കുക. അതിനു കാരണവുമുണ്ടായിരുന്നു.
പി.കെ .ബാലകൃഷ്ണന്‍ പറയുന്നത് പോലെ ടിപ്പുവിന്റെ മതം ജനനം കൊണ്ട് വന്നു കൂടിയ ആചാരവിശേഷങ്ങള്‍ അല്ലായിരുന്നു. അതുവളരെ സജീവവും നീക്കുപോക്കില്ലാത്തതുമായിരുന്നു. ഈ വിട്ടുവീഴ്ചയില്ലാത്ത മത ജീവിതം ഒരു ഭരണാധികാരിയില്‍ സമ്മേളിക്കുക എന്നത് എല്ലാ കാലത്തെയും സാമ്രാജ്യത്വ ശക്തികള്‍ക്കും സവര്‍ണ വംശീയതക്കും ഒരു പോലെ അസഹ്യമായിരുന്നു. ഈ രണ്ടു ഘടകങ്ങളും കേരളത്തില്‍ ടിപ്പുവിരുദ്ധ കാമ്പയിനില്‍ കൈകോര്‍ത്തു പ്രവര്‍ത്തിച്ചതായി കാണാന്‍ കഴിയും. മലബാറിലെ മൈസൂര്‍ ഭരണം സമൂല സാമൂഹ്യ പരിവര്‍ത്തനമായിരുന്നു എന്നു കാണാന്‍ കഴിയാത്തതാണ് കെ.എം പണിക്കര്‍ അടക്കമുള്ള ചരിത്രകാരന്മാര്‍ക്ക് പറ്റിയ തെറ്റ് എന്ന് പി.കെ. ബാലകൃഷ്ണന്‍ സൂചിപ്പിച്ചത് ഇത്തരുണത്തില്‍ സ്മരണീയമാണ്. അങ്ങനെ കാണുവാന്‍ അവര്‍ക്ക് സാധ്യമല്ല എന്നിടത്താണ് പ്രശ്‌നത്തിന്റെ മര്‍മം കിടക്കുന്നത്.
ടിപ്പുവിന്റെ മത നയം
ടിപ്പുവിന്റെ മതനയം വളരെ ലളിതവും വ്യക്തവുമാണ്. എല്ലാവരുടെയും യജമാനനായ ദൈവം വിശ്വസിച്ചേല്‍പ്പിച്ച സമൂഹമാണ് പ്രജകള്‍. ഇത് ജാതിയടിസ്ഥാനത്തില്‍ ഉച്ചനീചത്വം നിലനിന്നിരുന്ന കേരള സമൂഹത്തിന് ഉള്‍ക്കൊള്ളാവുന്നതിലപ്പുറമായിരുന്ന ഒന്നായിരുന്നില്ല. നമ്പൂതിരിമാരും നായന്മാരും മാത്രം മനുഷ്യരായി ഗണിക്കപ്പെട്ടിരുന്ന ഒരു നാട്ടില്‍ സാമൂഹ്യ സമത്വത്തിന്റെ ഈ മുദ്രാവാക്യം അരോചകമായി സൃഷ്ടിച്ചു എന്നതില്‍ അദ്ഭുതവുമില്ല. മനുഷ്യനുണ്ടാക്കിയ നിയമങ്ങള്‍ക്കുപരിയായി ഒരു നിയമമുണ്ട്. ജനങ്ങളുടെ അവകാശങ്ങളെ അവഗണിക്കുന്ന രാജ്യം നശിക്കുമെന്നാണ് ആ നിയമം. ദൈവത്തിന്റെ സൃഷ്ടികളെന്ന നിലക്ക് മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. ടിപ്പുവിന്റെ ഏതു പരിഷ്‌കരണ നടപടിയും എടുത്തു പരിശോധിച്ചാല്‍ ഈയൊരു അടിത്തറ അതില്‍ ദര്‍ശിക്കാന്‍ കഴിയും. അതിനാല്‍ ടിപ്പു നടത്തിയ പോരാട്ടം എതെങ്കിലും പ്രത്യേക സമുദായത്തോടോ ജാതിയോടോ ആയിരുന്നില്ല. മറിച്ച് ദുര്‍ബലരെ ചൂഷണം ചെയ്ത് തിന്നു കൊഴുത്തിരുന്ന എല്ലാ വരേണ്യതയോടുമായിരുന്നു. അതിന് ജാതി മത വിവേചനമില്ലായിരുന്നു. അമുസ്‌ലിം എന്നതായിരുന്നു അവരില്‍ ടിപ്പു കണ്ട ദോഷമെങ്കില്‍ മഞ്ചേരി ഗുരുക്കള്‍ക്കെതിരെ ടിപ്പു തിരിയുമായിരുന്നില്ല. ഒരു വേള ഹൈന്ദവനായ രവിവര്‍മ ഏറാള്‍പാടായിരുന്നു ടിപ്പുവിന് വേണ്ടി മഞ്ചേരി ഗുരുക്കളുടെ ജന്മിത്ത്വ ധാര്‍ഷ്ട്യത്തെ അടിച്ചമര്‍ത്തിയത്. ചുരുക്കത്തില്‍ ജന്മിത്വ വ്യവസ്ഥയുടെ പേരില്‍ സാമ്പത്തിക ചൂഷണവും പൗരോഹിത്യത്തിന്റെ മറവില്‍ അനീതിയും അസാന്മാര്‍ഗികതയും നടത്തിവന്നിരുന്ന സാമൂഹ്യ വിപത്തിനെതിരെ ടിപ്പു നടത്തിയ പോരാട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ ദൗത്യമായിരുന്നു. ഈ രാഷ്ട്രീയ നയത്തിന് ടിപ്പു മതവിശ്വാസവും ധാര്‍മിക പ്രതിബദ്ധതയും അടിസ്ഥാനമായി വര്‍ത്തിച്ചു എന്നാണ് മനസ്സിലാവുന്നത്. ഒരിക്കല്‍ ആരാണ് എന്റെ ജനങ്ങള്‍ എന്ന് സ്വയം ചോദിച്ചിട്ട് ടിപ്പു പറയുന്ന മറുപടി കാണുക. 'ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നമസ്‌കരിക്കുന്നവരും എന്റെ ജനങ്ങളാണ്. ഈ രാജ്യം എന്റെതും അവരുടെതുമാണ്.'
വൈവിധ്യമാര്‍ന്ന പ്രജാ സമൂഹത്തെയൊന്നാകെ ഒരു ഏകകമായി കണ്ട് ടിപ്പു നടപ്പിലാക്കിയ കാര്‍ഷിക സാമ്പത്തിക സാന്മാര്‍ഗിക നടപടികള്‍ എല്ലാം ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന സാമ്പത്തിക രാഷ്ട്രീയ സമവാക്യങ്ങളിലും ധാര്‍മിക സദാചാര പരികല്‍പ്പനകളിലും വിള്ളല്‍ സൃഷ്ടിക്കുക മാത്രമല്ല, അവയെയാകമാനം ഇളക്കിമറിച്ചു എന്നതാണ് സംഭവിച്ചത്. ജാതി വ്യവസ്ഥയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. ഇത് കേവലം മതവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട ഒന്നായിരുന്നില്ല. മറിച്ച് അന്നത്തെ മത സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറയായിരുന്നു ഈ ജാതിവ്യവസ്ഥ. അതുപ്രകാരം ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണര്‍, അവരില്‍ തന്നെ നമ്പൂതിരിമാര്‍ എല്ലാ തരത്തിലുമുളള അധികാരങ്ങളും കൈയ്യടക്കി വച്ചിരുന്നു. നാട്ടുവഴികള്‍ എന്ന നിലക്ക് രാഷ്ട്രീയവും ജന്മികള്‍ എന്ന നിലക്ക് ഭൂമിയുടെയും വേദം പഠിച്ചവരും പഠിപ്പിക്കുന്നവരുമെന്ന നിലക്ക് മതപരവുമായ എല്ലാ അധികാരങ്ങളും ജനസംഖ്യയില്‍ അഞ്ചിലൊന്നു മാത്രമായ ഇവരില്‍ കേന്ദ്രീകരിച്ചിരുന്നു. തൊട്ടു താഴെയുള്ള സ്ഥാനം നായന്മാര്‍ക്കായിരുന്നു. ഇവര്‍ ജന്മനാ യോദ്ധാക്കളായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. നിയന്ത്രണാതീതമായ അധികാരങ്ങള്‍ പ്രത്യേകിച്ചും ആയുധ പ്രയോഗങ്ങള്‍ ഇവര്‍ക്കും ലഭ്യമായിരുന്നു. അയിത്തക്കാര്‍ എന്ന ഗണത്തില്‍ താഴ്ന്ന ജാതിക്കാരായിരുന്നു ജനതയില്‍ ഭൂരിഭാഗവും. അടിമകളും കൃഷിപ്പണി ചെയ്തിരുന്നവരുമായ ഇവരെ തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായി വകതിരിച്ചിരുന്നു. മറ്റു മത സാന്നിധ്യങ്ങളിയായിരുന്നു മുസ്‌ലിംകളും ക്രിസ്ത്യാനികളും. ശക്തമായി തന്നെ ഉണ്ടായിരുന്നെങ്കിലും അവരുടെ സ്ഥാനം ആഭ്യന്തര സമൂഹത്തിന് പുറത്തായിരുന്നു.
ധര്‍മ വ്യവസ്ഥപ്രകാരം ആയിരുന്നു സാമൂഹിക രാഷ്ട്രീയ കാര്യങ്ങള്‍ നടന്നുപോന്നിരുന്നത്. ഇതിന് ഭംഗം വരുത്തുവാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. ഈ ധര്‍മ വ്യവസ്ഥ, ജാതിവ്യവസ്ഥയെ ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള ഉപായമായി വര്‍ത്തിച്ചു. ജാതിവ്യവസ്ഥയാകട്ടെ, ഗ്രാമവ്യവസ്ഥ എന്നറിയപ്പെട്ടിരികുന്ന ഒരു തരം ഫ്യൂഡല്‍ ഭരണക്രമത്തിലൂടെയാണ് പരിപാലിക്കപ്പെട്ടത്. ഈ ഫ്യൂഡല്‍ വ്യവസ്ഥ സൃഷ്ടിച്ച രാഷ്ട്രീയ സാന്മാര്‍ഗിക അരാജകത്വം നിര്‍മാര്‍ജനം ചെയ്യാന്‍ ടിപ്പു സ്വീകരിച്ച നടപടി എത്ര പുരോഗമനമായിരുന്നുവെങ്കിലും ഒട്ടേറെ തെറ്റിദ്ധാരണകള്‍ ക്ഷണിച്ചുവരുത്തുകയാണുണ്ടായത്. പ്രധാനമായും രണ്ടു മേഖലകളിലാണ് ടിപ്പു പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങിയത്.
ഭൂമിയുടെ ഉടമസ്ഥാവകാശം
ഗ്രാമവ്യവസ്ഥ സൃഷ്ടിച്ച അരാജകത്വം ഭൗതികമായിരുന്നു. ജന്മികള്‍ ഭൂമിയുടെ മേല്‍ മൊത്തവകാശം കുത്തകയാക്കി വയ്ക്കുകയും ഭൂമിയില്‍ പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരെ കൊള്ള ചെയ്യുകയും ചെയ്തു. 75 ശതമാനം ഭൂമിയും ഈ ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ കയ്യിലായിരുന്നു. ബാക്കിയുള്ള 25 ശതമാനം രാജാക്കന്മാരുടെ കൈകളിലെ ചേരിക്കല്‍ സ്ഥലമോ ക്ഷേത്രനടത്തിപ്പിനായി നീക്കി വെച്ച ദേവസ്വ സ്വത്തുക്കളോ ആയിരുന്നു. സാധാരണക്കാരന് ഒരിഞ്ച് ഭൂമിയില്‍ പോലും ജന്മാവകാശമുണ്ടായിരുന്നില്ല. ഭൂമികൈവശം വയ്ക്കുന്നതിന് ഒരു നിയന്ത്രണവുമില്ലായിരുന്നു. ഭൂസ്വത്തിന്‍മേല്‍ നികുതി ചുമത്താനോ പിരിക്കാനോ ഭരണാധികാരികള്‍ക്ക് അവകാശമില്ലായിരുന്നു. ഭൂവുടമകളുടെ ഈ സര്‍വസ്വാതന്ത്ര്യത്തെ കുറിച്ച് 1801 ല്‍ മേജര്‍ വാള്‍ക്കര്‍ രേഖപ്പെടുത്തി. ഭൂമിയെ സംബന്ധിച്ച ഈ പ്രത്യേകത മലബാറിലെ പോലെ മറ്റെവിടെയും അറിയെപ്പടുന്നില്ല. മറ്റെവിടെയും ഭൂമിയുടെ മേലുള്ള ഉടമാവകാശം ഇത്ര കൃത്യമായി പാലിക്കപ്പെടുന്നില്ല. ജന്മക്കാരനാണ് ഭൂമിയുടെമേല്‍ സമസ്താവകാശങ്ങളും. അയാളുടെ അവകാശം ഏതെങ്കിലും ന്യായത്തിന്‍മേല്‍ നിയന്ത്രിക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ലായിരുന്നു.
ഭൂവുടമകളുടെ ഈ അനിയന്ത്രിതമായ ഉടമാവകാശത്തെ പിഴുതെറിയാനാണ് ടിപ്പു സുല്‍ത്താന്‍ ശ്രമിച്ചത്. കൃഷി ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം അദ്ദേഹം ഉറപ്പ് വരുത്തി. പുതുതായി കൃഷി ചെയ്ത സ്ഥലങ്ങള്‍ കര്‍ഷകന്റെയും പിന്‍ഗാമികളുടെയും സ്വത്തായിരിക്കുമെന്നും നികുതി കൊടുക്കുന്നേടത്തോളം സ്ഥലം അവരില്‍ നിന്നും പിടിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വിളംബരം ചെയ്തു. ഭൂമിയുടെ സര്‍വേ നടത്തിയ നികുതി പിരിവ് കേന്ദ്രീകൃത ഭരണത്തിന്‍ കീഴിലാക്കി ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുകയും ചെയ്തു.
ടിപ്പുവിന്റെ ഈ പരിഷ്‌കരണം കാര്‍ഷിക മേഖലയിലായിരുന്നെങ്കിലും അതില്‍ ഏറ്റവും തിരിച്ചടിയേറ്റത് ഭൂവുടമകളായിരുന്ന നമ്പൂതിരിമാര്‍ക്കും ഇടത്തട്ടുകാരായിരുന്ന നായന്മാര്‍ക്കുമായിരുന്നു. ഇവര്‍ മേല്‍ജാതിക്കാര്‍ എന്ന ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരായതിനാല്‍ ടിപ്പുവിന്റെ നടപടി അവര്‍ക്കെതിരെയുള്ള കയ്യേറ്റമായി ചിത്രീകരിപ്പെട്ടു. ബ്രാഹ്മണര്‍ തങ്ങളെ ദൈവസ്ഥാനത്ത് സ്വയം അവരോധിച്ചിരുന്നതിനാല്‍ ഇത് ഹിന്ദു മതക്കാരോട് ടിപ്പു കാണിച്ച മതഭ്രാന്തായി വ്യഖ്യാനിക്കാന്‍ എളുപ്പവുമായിരുന്നു. അങ്ങനെ ഈ കാര്‍ഷിക പരിഷ്‌കരണങ്ങളെ തുടര്‍ന്ന് പരിക്ഷീണിതരായി ഒരു വിഭാഗം ജന്മികള്‍ തിരുവിതാംകുറേക്ക് നാടുകടന്നുവെന്നും നായന്മാരില്‍ ചിലര്‍ ജീവിത മാര്‍ഗം നഷ്ടപ്പെട്ട നിലക്ക് കാനനവാസം തെരഞ്ഞെടുത്തതായും പറയപ്പെട്ടിട്ടുണ്ട്. ടിപ്പുവിനെ പ്രതിരോധിക്കുന്നതില്‍ മുമ്പു തന്നെ പരാജയപ്പെട്ടിരുന്ന ഈ ആജന്മ യോദ്ധാക്കള്‍ ഇടക്കിടെ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് ടിപ്പുവിനെതിരില്‍ ലഹളകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
സാന്മാര്‍ഗിക പരിഷ്‌കരണങ്ങള്‍
ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അഭീഷ്ടങ്ങള്‍ക്കൊത്ത് മതവിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയായിരുന്നു കേരളത്തിലേത്. ക്രോഡീകരിച്ച നിയമമോ ചട്ടമോ ഇല്ലാതെ ബ്രാഹ്മണ പണ്ഡിതന്മാര്‍ അപ്പപ്പോള്‍ കല്‍പ്പിക്കുന്ന ഭാഷ്യങ്ങള്‍ക്കനുസരിച്ച് കേസുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കപ്പെട്ടു. ശൂദ്ര സ്ത്രീകള്‍ ചാരിത്ര്യം സൂക്ഷിക്കേണ്ടതില്ലെന്നും അവര്‍ ബ്രാഹ്മണരുടെ അഭീഷ്ടം സാധിക്കാനായി തയ്യാറാകണമെന്നും പരശുരാമന്‍ അനുശാസിച്ചിട്ടുള്ളതിനെ മുന്‍നിര്‍ത്തിയാണ് കേരളത്തിലെ ആചാര സമ്പ്രദായങ്ങള്‍ ബ്രാഹ്മണന്മാരുണ്ടാക്കിയതെന്ന് എന്ന് സി. അച്ച്യുതമേനോന്‍ കൊച്ചി സ്‌റ്റേറ്റ് മാന്വലില്‍ പറയുന്നുണ്ട്.(പേജ്: 193) പരശുരാമ ശാസന പ്രകാരം പരമ്പരാഗതമായി തുടര്‍ന്നുവന്ന ചാരിത്ര്യശൂന്യത 18-ാം ശതകത്തിലും നിലനിന്നു പോന്നു. നമ്പൂതിരിമാരടങ്ങുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് നായര്‍ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കാനുള്ള ഉപായമായി സംബന്ധം എന്ന വിചിത്രമായ ആചാരവും ആചരിക്കപ്പെട്ടിരുന്നു. ഈ സമ്പ്രദായത്തിന്റെ പരിണിതഫലമായി ബഹുഭര്‍തൃത്വവും മരുമക്കത്തായവും പിറവിയെടുത്തു. ഒരു സ്ത്രീക്ക് എത്രയധികം പുരുഷന്മാരുമായി ബന്ധമുണ്ടോ അത്ര കണ്ടു മാന്യയായിട്ടാണ് ജനങ്ങല്‍ള്‍ അവളെ കരുതിയിരുന്നതെന്നും പ്രഭുഭവനങ്ങളിലെ സ്ത്രീകള്‍ ഓരോരുത്തരും അവരവരുടെ ഭര്‍തൃസമൂഹത്തില്‍ ഇത്ര ബ്രാഹ്മണരും ഇത്ര ക്ഷത്രിയരും ഉള്‍പ്പെടുന്നു എന്നും പറഞ്ഞു അഭിമാനിക്കുക പതിവായിരുന്നുവെന്നും ബര്‍ബോസയും ബുക്കാനനുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. മരുമക്കത്തായം മൂലം അതിവിചിത്രമായ ഒരു പിന്തുടര്‍ച്ചാവകാശ ക്രമവും പിതൃപുത്ര ബന്ധവുമാണ് നിലവില്‍ വന്നത്. ഇതില്‍ നിന്നും ഉന്നത രാജകുടുംബങ്ങള്‍ പോലും ഒഴിവായിരുന്നില്ല. സാമൂതിരിക്കും മറ്റു രാജാക്കന്മാര്‍ക്കും അവരവരുടെ സഹോദരീ സന്താനങ്ങള്‍ അല്ലാതെ വേറെ പിന്തുടര്‍ച്ചാവകാശികളുണ്ടായിരുന്നില്ല.
ഈ അനാചാരങ്ങള്‍ക്കൊപ്പം മറ്റൊരു അശ്ലീല നിയമവും ബ്രാഹ്മണര്‍ കേരളത്തില്‍ നടപ്പിലാക്കി. സ്ത്രീകള്‍ ശരീരത്തിന്റെ മേല്‍ഭാഗം മറക്കാന്‍ പാടില്ലെന്നും ബ്രാഹ്മണ സ്ത്രീകള്‍ അല്ലാതെ പാതിവ്രത്യം ദീക്ഷിച്ചു കൂടാ എന്നതുമായിരുന്നു അത്.
മതവിശ്വാസത്തിന്റെ മറവില്‍ നടത്തപ്പെട്ട ഇത്തരം അനാചാരങ്ങളോടും അസാന്മാര്‍ഗികതയോടും ടിപ്പു എന്ന സദാചാരനിഷ്ഠയുള്ള ഭരണാധികാരിക്ക് രാജിയാവുക സാധ്യമായിരുന്നില്ല. അവ നിറുത്തല്‍ ചെയ്യുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിനായി ഈവക സമ്പ്രദായങ്ങള്‍ അവരവരുടെ മതത്തിന്റെ കല്‍പ്പനയായിട്ടാണോ എന്നു പരിശോധിക്കുകയാണ് ടിപ്പു ആദ്യം ചെയ്ത്. 1785- ല്‍ ടിപ്പു മലബാര്‍ ഗവര്‍ണ്ണര്‍ക്കയച്ച കത്ത് അതാണ് വെളിവാക്കുന്നത്. മലബാറിലെ ചില സ്ത്രീകള്‍ മാറു മറക്കാതെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി. ആ കാഴ്ച വെറുപ്പും സഹൃദയ ചിന്തക്ക് കോട്ടവും വരുത്തുന്നു. സന്‍മാര്‍ഗ ചിന്തക്ക് തീര്‍ച്ചയായും അതെതിരാണ്. ഈ സ്ത്രീകള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണെന്നും അവരുടെ ആചാരമനുസരിച്ച് മാറു മറയ്ക്കാന്‍ പാടില്ലെന്നും നിങ്ങള്‍ എന്നോട് വിശദീകരിച്ചു. ഞാന്‍ അതേപറ്റി ആലോചിക്കുകയായിരുന്നു. വളരെക്കാലത്തെ ആചാരമായതുകൊണ്ടാണോ, അതോ ദാരിദ്ര്യം കൊണ്ടാണോ അവര്‍ അങ്ങനെ ചെയ്യുന്നത്. ദാരിദ്ര്യംകൊണ്ടാണെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക് മാന്യമായി വസ്ത്രം ധരിക്കുവാന്‍ വേണ്ട സാധനങ്ങള്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കണം. അതല്ല. കാലപ്പഴക്കമുള്ള ആചാരമാണെങ്കില്‍ അവരുടെ സമുദായ നേതാക്കളില്‍ പ്രേരണ ചെലുത്തി അത് ഇല്ലാതാക്കാന്‍ ശ്രമിക്കണം. അവരുടെ മത ചിന്തക്ക് ഒരു തരത്തിലും കോട്ടം തട്ടാത്തവിധം സൗഹാര്‍ദ പരമായ ഉപദേശമേ പാടുള്ളൂ. മുസ്‌ലിം സ്ത്രീകളെ പോലെ മാറു മറയ്ക്കണമെന്ന് ടിപ്പു സുല്‍ത്താന്‍ നായര്‍ സ്ത്രീകളോട് കല്‍പ്പന പുറപ്പെടുവിച്ചു. ഇത് സന്മാര്‍ഗാചാരിയായ ഒരു ഭരണകര്‍ത്താവിന്റെ ധാര്‍മിക-സദാചാര-ശിക്ഷണം എന്നല്ലാതെ മറ്റൊന്നുമല്ല.
ബഹുഭര്‍തൃത്വം എന്ന അനാചാരത്തെ ടിപ്പു ചോദ്യം ചെയ്യുകയും അതവസാനിപ്പിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. നിങ്ങളുടെ ഇടയില്‍ ഒരു സ്ത്രീ പത്തുപുരുഷന്മാരോടു കൂടി സംഭോഗം ചെയ്യുന്നതും നിങ്ങളുടെ അമ്മ പെങ്ങന്മാരെ ഈവിധം ധൂര്‍ത്തരായി നടത്താന്‍ നിങ്ങള്‍ സമ്മതിക്കുകയും പൂര്‍വാചാരമായിരുന്ന സ്ഥിതിക്ക് നിങ്ങളെല്ലാവരും വ്യഭിചാരത്തില്‍ ജനിച്ചവരും സ്ത്രീ പുരുഷ സംസര്‍ഗ വിഷയത്തില്‍ പാടത്തു മേഞ്ഞുനടക്കുന്ന കന്നുകാലികളെക്കാള്‍ നിര്‍ലജ്ജരുമാകുന്നു. ഇപ്രകാരമുള്ള ദുരാചാരങ്ങളെ ത്യജിച്ച് സാധാരണ മനുഷ്യരെപ്പോലെ നടക്കാന്‍ നാം ഇതിനാല്‍ നിന്നോട് ആജ്ഞാപിച്ചിരിക്കുന്നു. ഈ വിളംബരത്തിന്റെ അവസാനം അങ്ങനെ ചെയ്യാത്ത പക്ഷം എല്ലാവരെയും ഇസ്‌ലാമില്‍ ചേര്‍ത്തുകളയും എന്ന ഭീഷണിയുടെ സ്വരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ വിളംബരത്തിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേണല്‍ വില്‍റ്റസ് ഉദ്ധരിക്കുന്ന ഈ റിപ്പോര്‍ട്ട് മറ്റെവിടെയും പരാമര്‍ശിക്കുന്നില്ല. തലശ്ശേരി ഫാക്ടറിയിലോ ശ്രീരംഗ പട്ടണത്തോ കണ്ടെടുത്ത ടപ്പുവിന്റെ ലൈബ്രറി രേഖകളിലോ ഇവ പ്രകാരം എഴുതപ്പെട്ട മറ്റു പുസ്തകങ്ങളിലോ കാണാനില്ലെന്നു മാത്രമല്ല, ടിപ്പുവിന്റെ മരണാനന്തരം ഉടന്‍ പ്രവര്‍ത്തനമാരംഭിച്ച മലബാര്‍ ജോയിന്റ് കമ്മീഷണരുടെ അന്വേഷണങ്ങളിലോ അത്തരമോരു വിളംബരത്തിന്റെ പരാമര്‍ശമില്ല.
ഇനി പ്രസ്തുത വിളംബരം സത്യമാണെങ്കില്‍ തന്നെ അതു കൈകാര്യം ചെയ്യുന്ന വിഷയം ധാര്‍മിക സദാചാര ശിക്ഷണം മാത്രമാണെന്നു കാണാം. ഇവ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇസ്‌ലാമിലേക്ക് കൊണ്ടുവരിക എന്നതാണെന്ന് ടിപ്പു ധരിച്ചിരിക്കാന്‍ ഇടയില്ല. ടിപ്പുവിന് മതം ഒരു ശിക്ഷാ നടപടിയായിരുന്നില്ല. എന്നാല്‍ സി.കെ കരീം ചൂണ്ടിക്കാട്ടുന്നതുപോലെ സാന്മാര്‍ഗിക ജീവിതത്തിനുതകും വിധം കുപ്പായമിടാന്‍ ടിപ്പു കല്‍പ്പിക്കുകയും പ്രസ്തുത ഭാഷാ പ്രയോഗം അന്നു മനസ്സിലാക്കപ്പെട്ടിരുന്നത് മുസ്‌ലിമാവുക എന്നതാകയാല്‍ ടിപ്പു മുസ്‌ലിമാക്കാന്‍ കല്‍പ്പനകൊടുത്തു എന്ന് ഭാഷാന്തരം ചെയ്തതാവാനാണ് സാധ്യത.
എന്തുതന്നെയായാലും തന്റെ പ്രജകളെ സാന്‍മാര്‍ഗിക ശിക്ഷണത്തിനായി ടിപ്പു സുല്‍ത്താന്‍ കഠിനമായി ശ്രമിച്ചിരുന്നു എന്നു തന്നെയാണ് മനസ്സിലാവുന്നത്. അതാകട്ടെ, മലബാറില്‍ മാത്രം പരിമിതമായിരുന്നില്ലതാനും. ബഹുഭര്‍തൃത്വ നിരോധനം കൂര്‍ഗിലും നടപ്പിലാക്കിയിരുന്നു. മൈസൂര്‍ പട്ടണത്തിനടുത്ത കാളീ ക്ഷേത്രത്തില്‍ നടന്നിരുന്ന മനുഷ്യക്കുരുതി നിര്‍ത്തല്‍ ചെയ്യാന്‍ കല്‍പ്പിച്ചതും ഇവിടെ ചേര്‍ത്ത് വായിക്കുന്നു. നല്ല വിവാഹബന്ധങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ ജീവിക്കണമെന്ന് അദ്ദേഹത്തിന് വിലപ്പെട്ട ഒരു സന്മാര്‍ഗ തത്വമായിരുന്നു. പെണ്‍മക്കളെ വിവാഹം കഴിച്ചയക്കാന്‍ കാശില്ലാത്ത രക്ഷിതാക്കളെ സ്റ്റേറ്റില്‍ നിന്നും സംഭാവന കൊടുത്ത് സഹായിക്കുമെന്ന് വിളംബരപ്പെടുത്തുകയും അങ്ങനെ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു അദ്ദേഹം. മാറു മറക്കാതെ സ്ത്രീകള്‍ വെളിയില്‍ സഞ്ചരിക്കുന്നത് നിരോധിച്ചതും ബഹുഭര്‍തൃത്വ സമ്പ്രദായം നിര്‍ത്തലാക്കാന്‍ ജനകീയ ശാസനം പുറപ്പെടുവിച്ചതുമെല്ലാം സദാചാര നടപടികളുടെ തുടര്‍ച്ചയായിരുന്നു. മദ്യപാനം വെറുത്തിരുന്ന അദ്ദേഹം തന്റെ രാജ്യാര്‍ത്തിയില്‍ ഒരു തരത്തിലും മദ്യമുണ്ടാക്കാനും വില്‍ക്കാനും പാടില്ലെന്ന് നിയമം നടപ്പിലാക്കി. അമിത വ്യയം നിരുത്സാഹപ്പെടുത്തിയ അദ്ദേഹം ഓണാഘോഷത്തിനായി ധൂര്‍ത്തടിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവ നിയന്ത്രിക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചു.
ടിപ്പുവിന്റെ സാന്മാര്‍ഗിക പരിഷ്‌കരണ നടപടികളും സന്ദര്‍ഭവശാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് നായന്മാരെയും മറ്റ് ഉയര്‍ന്ന ജാതിക്കാരെയുമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അവരുുടെ സാമൂഹികമായ ആഢ്യത്വത്തിന് അത് പോറലേല്‍പ്പിച്ചു. കാലങ്ങളായി കുത്തകയാക്കി വച്ച പല അധികാരങ്ങളും കൈവിട്ടുപോയി. പക്ഷെ, ഒരു സാമൂഹിക നവീകരണ പ്രക്രിയയില്‍ നിലനില്‍ക്കുന്ന ആഢ്യവ്യവസ്ഥിതിക്ക് ഇത്തരമൊരു തിരിച്ചടി സ്വാഭാവികമാണ്. അതാണ് പ്രകൃതി മതം. അതില്‍പരം, ടിപ്പു സുല്‍ത്താന്‍ മതത്തിന്റെ പേരില്‍ വിവേചനം കാണിച്ചു എന്നു പറയുന്നത് അര്‍ത്ഥശൂന്യമായ ആരോപണം മാത്രമാണ്.
മതപരിവര്‍ത്തന കഥകള്‍
ടിപ്പുസുല്‍ത്താന്‍ മതപരിവര്‍ത്തനത്തിന് നിര്‍ദ്ദേശിച്ചതിനാല്‍ 3000 ബ്രാഹ്മണന്മാര്‍ തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടു. എല്ലാ ബ്രാഹ്മണന്മാരെയും പിടിച്ച് സുന്നത്ത് ചെയ്യിച്ച് ശ്രീരംഗപട്ടണത്തേക്ക് അയക്കാന്‍ ടിപ്പു ഓര്‍ഡര്‍ പുറപ്പെടുവിച്ചു. കുറ്റിപ്പുറത്ത് 2000 നായന്മാരെ കുടുംബ സമേതം മതം മാറ്റി ഗോമാംസം തീറ്റിച്ചു. കൂര്‍ഗില്‍ 7000 ആള്‍ക്കാരെ മുസ്‌ലിമാക്കി. ടിപ്പുവിന്റെ മകന്റെ വിവാഹ ദിവസം 4000 ബന്ധികളെ മതപരിവര്‍ത്തനം ചെയ്യിച്ചു എന്നിങ്ങനെയുള്ള കുറേ മതപരിവര്‍ത്തന കഥകള്‍ ടിപ്പുവിനെക്കുറിച്ച് ചരിത്ര പുസ്തകങ്ങള്‍ വിവരിക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഇവയൊന്നും തന്നെ അവലംബിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നല്ല വന്നിട്ടുള്ളത്. എന്നു മാത്രമല്ല യഥാര്‍ത്ഥത്ത സ്രോതസ്സുകള്‍ തരുന്നത് തീര്‍ത്തും വിരുദ്ധമായ മറ്റൊരു ചിത്രമാണ്. ഏകദേശം മൂന്നൂ പതിറ്റാണ്ടു നീണ്ട മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലത്തിനു ശേഷവും മൈസൂര്‍ സാമ്രാജ്യത്തില്‍ പൊതുവായും മലബാറില്‍ വിശേഷിച്ചും മുസ്‌ലിംകളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. അഞ്ചു ശതമാനം മാത്രമായിരുന്നു മൈസൂര്‍ ഭരണാനന്തരം മുസ്‌ലിംകളുടെ ജനസംഖ്യ. ടിപ്പുവിന്റെ സൈന്യത്തില്‍ ബഹുഭൂരിഭാഗവും അമുസ്‌ലിംകളായിരുന്നെങ്കില്‍ അദ്ദേഹം ആദ്യം അദ്ദേഹത്തിന്റെ സൈന്യത്തെ ഇസ്‌ലാംവല്‍ക്കരിക്കുമായിരുന്നു. മാത്രമല്ല, ടിപ്പുവിന്റെ ഭരണ സംവിധാനത്തില്‍ ഉന്നത സ്ഥാനീയരായി നിരവധി ബ്രാഹ്മണര്‍ നിയോഗിക്കപ്പെട്ടത് നമുക്ക് കാണാന്‍ കഴിയും. ഇംഗ്ലീഷുകാരുമായി മംഗലാപുരം സന്ധിയാലോചനക്ക് പോയ ശ്രീനിവാസ റാവു മുതല്‍ ബാംഗ്ലൂര്‍ കോട്ടയൊറ്റിക്കൊടുത്ത കൃഷ്ണ റാവു, അവസാനം ഇംഗ്ലീഷുകാരുടെ കീഴില്‍ ദിവാന്‍ പദം തുടര്‍ന്ന പൂര്‍ണ്ണയ്യ എന്നിങ്ങനെ നിരവധി പേര്‍. ആരോപിക്കപ്പെടുന്നതുപോലെ മത അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ ടിപ്പുവിന്റെ രാജഭരണത്തില്‍ ഇവര്‍ ഒരിക്കലും അംഗീകരിക്കപ്പെടുമായിരുന്നില്ല.
ടിപ്പുവിന്റെ മാര്‍ഗംകൂട്ടല്‍ ഭയന്ന് നമ്പൂതിരിമാര്‍ തിരുവിതാംകൂറിലേക്ക് നാടുവിട്ടു എന്ന് പറയപ്പെടുന്നു. തിരുവിതാം കൂറിലേക്ക് നമ്പൂതിരിമാര്‍ ഓടിപ്പോയത് 1788-89 കാലത്താണ് എന്ന് മലബാര്‍ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. 1784-88 കാലത്ത് ബഹുഭൂരിപക്ഷം നമ്പൂതിരിമാരും നായര്‍ ജന്മിമാരും അവരവരുടെ സ്വന്തം സ്ഥലത്തുതന്നെയായിരുന്നുവെന്നും അവര്‍ക്ക് ഭൂമിയിലും കുടിയാന്മാരിലുമുള്ള നിയന്ത്രണം നഷ്ടപ്പെട്ടത് 1788 നും 1789 നും ഇടയ്ക്കാണെന്നു എസ്. എഫ്. ഡെയ്ല്‍ വിശദീകരിക്കുന്നുമുണ്ട്. അതിനാല്‍ ടിപ്പു നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമവും കേന്ദ്രീകൃത നികുതി സമ്പ്രദായവും നിമിത്തം പ്രഭുത്വ പദവി നഷ്ടപ്പെട്ട ജന്മികളില്‍ കുറേ പേര്‍ തിരുവിതാംകൂറിലേക്ക് കുടിയേറി എന്നാണ് മനസ്സിലാവുന്നത്. മതവിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. മതപരമായ വല്ല കാരണവമുണ്ടെങ്കില്‍ ആയിടക്കു തന്നെ കുടിയേറ്റം നടക്കണമായിരുന്നു. 1788 ലെ മൂന്നാം മൈസൂര്‍ യുദ്ധത്തിന് മുമ്പ് നാടുവാഴിത്തത്തിന്റെ അധികാരാവകാശങ്ങള്‍ നഷ്ടപ്പെട്ട പ്രഭുവര്‍ഗം ചിറക്കല്‍, കടത്തനാട്ട്, കുറ്റിയോട്ട് രാജ അടക്കം ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ടിപ്പുവിനെതിരെ ഗൂഢാലോചന നടത്തിയിരുന്നു എന്നും തെളിഞ്ഞിരിക്കെ ഒരു പക്ഷെ ഇവരുടെ പലായനം ടിപ്പുവിന്റെ ശിക്ഷ ഭയന്നാകാനും തരമുണ്ട്.
ക്ഷേത്രധ്വംസന കഥകള്‍
മൈസൂര്‍പട ക്ഷേത്രങ്ങള്‍ കൊള്ളിവെക്കുകയും വിഗ്രഹങ്ങളിന്‍മേല്‍ പശുക്കളെ വെട്ടിയിടുകയും ചെയ്തതായി ആരോപിക്കുന്ന നിരവധി ക്ഷേത്ര ധ്വംസനകഥകള്‍ ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടിയതായി കാണാം. കൊച്ചി രാജ്യ ചരിത്രം എഴുതിയ കെ.പി. പത്മനാഭ മേനോനും ശക്തന്‍ തമ്പുരാന്‍ എഴുതിയ പുത്തേഴത്ത് രാമന്‍ മേനോനും ഇത്തരം കഥകള്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഹൈദറിന്റെയും ടിപ്പുവിന്റെയും സൈന്യം ക്യാമ്പടിച്ചതായി പറയുന്ന ദേവസ്വം ഗ്രന്ഥവരി ഉദ്ധരിച്ചുകൊണ്ടുതന്നെ ടിപ്പു അതില്‍ ഒരു തരത്തിലുമുള്ള അശുദ്ധിയോ ഏറ്റക്കുറച്ചിലോ വരുത്തിയിട്ടില്ലെന്നു പത്മനാഭന്‍ തന്നെ എഴുതിയിട്ടുണ്ട്. മറ്റുള്ള ക്ഷേത്ര ധ്വംസനങ്ങള്‍ മുഴുവനും കേട്ടുകേള്‍വികളാണ്. അതില്‍ തന്നെ ഇന്ന ക്ഷേത്രം നശിപ്പിക്കപ്പെട്ടുവെന്ന് എവിടെയും പറഞ്ഞിട്ടില്ല. പ്രധാനമായും മറ്റൊരു കാര്യം മൈസൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ശ്രീരംഗപട്ടണത്തെ ശ്രീരംഗനാഥ ക്ഷേത്രം യാതൊരു പോറലുമേല്‍ക്കാതെ ഇന്നും അവിടെ നിലനില്‍ക്കുന്നു എന്നതാണ്. മാത്രമല്ല, നിരവധി ക്ഷേത്രസമുച്ഛയങ്ങള്‍ക്ക് സുല്‍ത്താന്‍ നല്‍കിയ സംഭാവനകളുടെ സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന് സൗജന്യ വാടകയില്‍ ഭൂമി നല്‍കിയതിനു പുറമെ വര്‍ഷം തോറും 8000 പറോസ പണമായി നല്‍കിയിരുന്നതായി കോഴിക്കോട് ആര്‍ക്കൈവ്‌സിലെ രേഖകളില്‍ നിന്നും വ്യക്തമാണ്. ദക്ഷിണ മലബാറില്‍ മാത്രം അമ്പതിനായിരം ക്ഷേത്രങ്ങള്‍ക്ക് ടിപ്പു നല്‍കിയ സംഭാവനകളുടെ കണക്കുവിവരം സി.കെ. കരീം അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
ഉപസംഹാരം
ജാതിയടിസ്ഥാനത്തില്‍ അധികാരങ്ങളും അവകാശങ്ങളും നിര്‍ണ്ണയിച്ചിരുന്ന ഒരു സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശവും അഭിമാനവും ഉണ്ട് എന്ന് പഠിപ്പിക്കാനും പ്രചരിപ്പിക്കാനും തന്റെ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചു എന്നതാണ് മലബാറിന്റെ മത സാമൂഹിക ചരിത്രത്തില്‍ ടിപ്പുവിന്റെ സംഭാവന. ഈ നവോത്ഥാന പ്രക്രിയയില്‍ അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങളും ദൈവ ഭക്തിയും സദാചാര നിഷ്ഠയും അടിത്തറയായി വര്‍ത്തിച്ചു എന്ന് അംഗീകരിക്കാന്‍ കഴിയാത്ത വണ്ണം അസഹിഷ്ണുതയുടെ അന്ധത ബാധിച്ചവര്‍ക്ക് ടിപ്പു സുല്‍ത്താന്‍ എന്ന സാമൂഹിക പരിഷ്‌കര്‍ത്താവിനെ മതഭ്രാന്തനായി ചിത്രീകരിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല എന്നു മാത്രം.