മാപ്പിള ദൃശ്യ കലകള്‍ ഒരവലോകനം

അന്‍ഷാദ് അടിമാലി  

ന്ന് മാപ്പിള കലകള്‍ക്ക് ഏറെ പ്രചാരം കൈവന്നിരിക്കുന്നു. മത-സാമുദായിക സീമകള്‍ക്കപ്പുറം ജനകീയത കൈവരിച്ച മാപ്പിളകലകള്‍ക്ക് ഇന്ന് ധാരാളം ആസ്വാദകരുണ്ട്. ഏതൊരു മതത്തിന്റേയും വളര്‍ച്ചയ്ക്ക് കലകള്‍ ഒരു മുതല്‍ കൂട്ടായിത്തീരുന്നു. മുസ്ലിംകളുടെ സാംസ്‌കാരിക പൈതൃകം കൊണ്ട് സമ്പന്നമായിരുന്നു മലബാര്‍. മാപ്പിളപ്പാട്ടുകളും മറ്റു മാപ്പിള ദൃശ്യകലകളും ആ സംസ്‌കാരത്തിന്റെ സംഭാവനകളാണ്. സവിശേഷ അവസരങ്ങളോടനുബന്ധിച്ച് മുസ്ലിം ഗൃഹസദസ്സുകളില്‍ അവതരിപ്പിച്ചു വന്ന പ്രസ്തുത കലാരൂപങ്ങള്‍ പില്‍ക്കാലത്ത് ഭാഷ-സാമുദായിക പരിധികള്‍ക്കപ്പുറം പ്രചാരമാവുകയും മത്സര വേദികളടക്കമുളള പൊതുവേദികളിലൂടെ ഏറെ ജനകീയത കൈവരിക്കുകയും ചെയ്തു. ഈ കലാരൂപങ്ങളുടെ കേരളത്തിലേക്കുളള കടന്ന് വരവും അതിന്റെ പ്രചാരവും സംബന്ധിച്ചുളള ഒരു ലഘു പരിചയമാണ് ഈ പ്രബന്ധം.

ഒപ്പന
മാപ്പിളമാര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മനോഹരമായ ഒരു കലാവിഷ്‌കാരമാണ് ഒപ്പന. പലപേരുകളിലുമായാണ് ഈ കലാരൂപം കേരളത്തില്‍ നിലനിന്നിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ കല്ല്യാണപ്പാട്ട് എന്നപേരിലായിരുന്നു ഇതിന്റെ അരങ്ങേറ്റം. ചാരുതയാര്‍ന്ന അത്തരം മുഹൂര്‍ത്തങ്ങളില്‍ പൊതുജനം കൂടി സംഗമിക്കുന്നതോടെ ആഘോഷത്തിന്റെ ആഴവും പരപ്പും കൂടും. ചിലയിടങ്ങളില്‍ വട്ടപ്പാട്ടെന്നും മറ്റു ചിലയിടങ്ങളില്‍ മികത്തലപ്പാട്ടെന്നും അറിയപ്പെട്ടു.
മാപ്പിളപ്പാട്ടിലെ ഒരു ഇശല്‍ മാത്രമാണ് ഒപ്പന. കല്ല്യാണപ്പന്തലുകളില്‍ സാര്‍വ്വത്രിമായതോടെ ദൃശ്യാവിഷ്‌കാരം രൂപപ്പെട്ടുവരുകയാണുണ്ടായത്. ആരമ്പ, വൈനീളം, തൊങ്കല്‍ തുടങ്ങിയ ഇശലുകളില്‍ ഒപ്പന മികച്ചുനിന്നു. ഇതിന് നൂറ്റാണ്ടുകളുടെയൊന്നും പഴക്കമില്ല. ആസ്വാദനത്തിന്റെ നൂതന തുറകളില്‍ വളരെ വൈകിയാണ് ഈ നാമം ഉപയോഗിച്ചുതുടങ്ങുന്നത്. ഇതോടെ ഒപ്പന മാപ്പിള കലാപൈതൃകത്തിന്റെ സന്ദേശമായി നിലകൊണ്ടു. മാപ്പിളപ്പാട്ടിന്റെ ഈരടികളോടെയാണ് നടത്തപ്പെട്ടിരുന്നത്. വേഷ ഭൂഷാദികളോടെ ചമഞ്ഞൊരുങ്ങി ബിസ്മിയും ഹംദും മൊഴിഞ്ഞിട്ട് വേണം തറയില്‍ പ്രവേശിക്കാന്‍. പാട്ടിനൊപ്പം താളക്രമത്തില്‍ കൈയടിയും തുടങ്ങി ഇമ്പമാര്‍ന്ന ചുവടുകളോടെ ശാന്തതയില്‍ നിന്നും താളമുള്ള ഇശലുകളിലേക്ക് മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ പ്രവേശിക്കുമ്പോള്‍ ഒപ്പനയുടെ സൗന്ദര്യം കൂടിവരുന്നു. പരിമിതികളുടെ പശ്ചാത്തലത്തില്‍ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒപ്പന അവതരിപ്പിച്ചു. പുരുഷന്‍ കല്യാണസദസ്സിലും സ്ത്രീ പുതുനാരിയുടെ അലംകൃതമുറിയിലും ഇത് നടത്തിപ്പോന്നു.
ഒപ്പന എന്ന പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച് ധാരാളം അഭിപ്രായാന്തരങ്ങളുണ്ട്. പഴയമലയാളത്തില്‍ പാന എന്നു പറഞ്ഞാല്‍ രാഗം, സംഗീതം, പാട്ട് എന്നൊക്കെയാണ് അര്‍ത്ഥം. ഒപ്പ എന്ന് പറഞ്ഞാല്‍ സമൂഹം, സംഘം എന്നും. ഇത് രണ്ടും കൂടിച്ചേര്‍ന്നു കൊണ്ടാണ്  കൂട്ടപ്പാട്ട് എന്ന അര്‍ഥത്തില്‍ ഒപ്പന രൂപം കൊള്ളുന്നത്. പാട്ടുകള്‍ തന്നെയാണ് ഇതിലും പ്രധാനം. കൈകൊട്ടും താളങ്ങളും മേളങ്ങളുമെല്ലാം അതിന് അനന്തരമായി വരുന്നതാണ്. കൈകള്‍ നിറയെ എന്ന അര്‍ഥം വരുന്ന ഹഫ്‌ന എന്ന അറബി വാക്കില്‍ നിന്നും രൂപപ്പെട്ടതെന്നാണ് ചിലരുടെ അഭിപ്രായം. ഒപ്പനയിലെ കൈവിരുതുകളാണ് ഇവര്‍ ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ ഒ. ആബു സാഹിബിന്റെ അഭിപ്രായത്തില്‍ ഭംഗിയാവല്‍ എന്ന അര്‍ഥം വരുന്ന തമിഴ് പദം ഒപ്പനയായി തീര്‍ന്നതാണത്രെ.
മുമ്പും ഒപ്പന പ്രത്യേക ഉപകരണ സാമഗ്രികള്‍ ഇല്ലാതെയാണ് നടത്തപ്പെട്ടിരുന്നത്. കൈകൊട്ടും  വായ്പ്പാട്ടും ആയിരുന്നതിനാല്‍ മറ്റു ഉപകരണങ്ങളുടെ ആവശ്യകതയും വന്നിരുന്നില്ല. എന്നിരുന്നാലും പില്‍ക്കാലങ്ങളില്‍ കിന്നാരം, കുഴിത്താലം, കോളാമ്പി തുടങ്ങിയവയും ഒപ്പനയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്നു. കോളാമ്പി നടുവില്‍ വച്ച് അതിനു ചുറ്റുമാണ് ചിലപ്പോള്‍ ഒപ്പന നടത്തിയിരുന്നത്. അന്നത്തെ മണവാളനും മണവാട്ടിയും യഥാര്‍ഥമായിരുന്നുവെങ്കില്‍ ഇന്ന് ഒപ്പനകളില്‍ മണവാളനും മണവാട്ടിയും കേവലം പ്രതീകങ്ങളോ സങ്കല്‍പങ്ങളോ ആണ്. പൈജാമയും ജുബ്ബയുമായിരുന്നു ഒപ്പനയില്‍ ആണുങ്ങള്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ പച്ചക്കരയുള്ള കാച്ചിമുണ്ടും വെള്ളക്കുപ്പായവും. സ്ത്രീകള്‍ കൈയ്യിലും കാലിലും മൈലാഞ്ചിയിടല്‍ പതിവായിരുന്നു. അറബിയിലോ അറബിമലയാളത്തിലോ ഉള്ള പാട്ടുകളാണ് ഒപ്പനയില്‍ പാടിയിരുന്നത്. കല്യാണപ്പാട്ടുകള്‍, കെസ്സ് പാട്ടുകള്‍, പോരാട്ടപ്പാട്ടുകള്‍ തുടങ്ങിയവയെല്ലാം അവര്‍ പാടിയിരുന്നു. മക്കത്തില്‍ ചാട്ട്, മുറുക്കത്തില്‍ ചുരുട്ട് പാട്ട്, പിരിമുറുക്കം, തുണ്ടം, കപ്പപ്പാട്ട്, തൊങ്കല്‍, വൈനീലം, ആകാശം ഭൂമി, യമന്‍കെട്ട്, കൊമ്പ്, ആരണ്ട, ഹക്കാന തുടങ്ങിയ ഇശലുകളാണ് കല്യാണപ്പാട്ടുകളില്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. മോയിന്‍കുട്ടി വൈദ്യര്‍, വി എം കുട്ടി, ഒ എം കരുവാരക്കുണ്ട്, പി കെ ഹലീമ ബീവി, ആമിന പുത്തൂര്‍ തുടങ്ങിയവര്‍ കല്യാണപ്പാട്ട് മേഖലയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വങ്ങളാണ്.

കോല്‍ക്കളി
മുസ്‌ലിം കലാരൂപങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്നാണ് കോല്‍ക്കളി. പ്രത്യേകം തയ്യാറാക്കിയ കമ്പുകള്‍ കൊണ്ട് മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെ വശ്യമായ താളത്തിലും ഈണത്തിലും പരസ്പരം ഇടിച്ചും മുട്ടിയും ഒരു അസാധാരണ വശ്യത കൈവരുത്തുന്ന കലയാണിത്. ഏറെ ഏകാഗ്രത ആവശ്യമുള്ളതും നീണ്ട കാലത്തെ പരിശീലനത്തിലൂടെ മാത്രം സ്വായത്തമാക്കിയെടുക്കാന്‍ സാധിക്കുന്നതുമായ ഒരു കലയാണിത്.
കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ കോല്‍ക്കളിക്ക് സമാനമായ പല കളികളും നിലനിന്നിരുന്നു. കോലടിക്കളി, കമ്പടിക്കളി തുടങ്ങിയ നാമങ്ങളിലും കോല്‍ക്കളി അറിയപ്പെടുന്നു. മലബാറിലെ ഹിന്ദുക്കളിലെയും ക്രിസ്ത്യാനികളിലെയും മുസ്‌ലിംകളിലെയും കോല്‍ക്കളിയില്‍ പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. വന്ദനക്കളി, ചുറ്റിക്കോല്‍, വട്ടക്കോല്‍, ഇരുന്ന് കളി, ചിന്ത്, ഒളവുംപറവും തുടങ്ങി 60-ഓളം ഇനങ്ങള്‍ കോല്‍ക്കളിയുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്. സാധാരണ ഗതിയില്‍ പുരുഷന്മാരാണ് കോല്‍ക്കളി നയിക്കാറുള്ളത്. കോലുകള്‍ ഉപയോഗിച്ചു കൊണ്ട് സ്ത്രീകള്‍ കളിക്കുന്ന കളിക്ക് കോലാട്ടം എന്നാണ് പറയുന്നത്. വട്ടത്തില്‍ ചുവടുവെച്ച് വടികള്‍ കൊണ്ട് താളത്തില്‍ അടിക്കുന്ന ഒരു രംഗമാണ് കോല്‍ക്കളി. നൃത്തം പുരോഗമിക്കുന്നതിനനുസരിച്ച് കോല്‍ക്കളി മുറുകുന്നു. പശ്ചാത്തല ഗീതം വരുമ്പോള്‍ അതിലും മുറുകുന്നു.
മാപ്പിളമാര്‍ക്കിടയില്‍ നിലനിന്നിരുന്ന കോല്‍ക്കളി ഇതില്‍ നിന്നെല്ലാം വ്യതിരിക്തത പുലര്‍ത്തുന്നവയായിരുന്നു. ഒന്നാമതായി അതിന്റെ ഒരുക്കവും ചുവടുകളും ചലനങ്ങളും പാട്ടുകളുമെല്ലാം വശ്യമായ ആത്മീയാനുഭൂതിയാണ് നല്‍കിയിരുന്നത്. പ്രവാചകരെയോ ഖലീഫമാരെയോ സംബന്ധിച്ച പാട്ടുകളാണ് അതിന് ഈണം പകരുന്നത്. 8, 10, 12 എന്നിങ്ങനെ ഇരട്ടയാണ് കോല്‍ക്കളി സംഘം ഉണ്ടായിരുന്നത്. പ്രത്യേകം അളവിലും രൂപത്തിലുമുള്ള കോലുകള്‍ താളാത്മകമായി കൂട്ടിമുട്ടി ശബ്ദ വീചിക ഉയര്‍ത്തി ഒപ്പം ഗാനാലാപനത്തോടെ ചുവടുകള്‍ ദ്രുതഗതിയില്‍ ചലിപ്പിച്ച് വട്ടത്തില്‍ ഓടിക്കൊണ്ട് കളി മുറുക്കുന്നു. കളരിപ്പയറ്റിലെ അഭ്യാസങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം മെയ്‌വഴക്കത്തോടെ അകത്തേക്കും പുറത്തേക്കുമായി ഇടം വലം പിരിഞ്ഞുകളിക്കാന്‍ വൃത്തങ്ങള്‍ സൃഷ്ടിക്കുന്നു. വൃത്തത്തിന്റെ പരിധി ഏറുകയും കുറയുകയും ചെയ്യുന്നു. അതോടെ ഉള്ളിലെയും പുറത്തെയും ജോടികള്‍ തമ്മില്‍ മാറിയും മറിഞ്ഞും തിരിഞ്ഞും കോലുകള്‍ മുട്ടി തകര്‍ക്കുന്നു. താള ഭംഗിയും അഭ്യാസ ചാതുരിയും ചേര്‍ന്ന കലാരൂപമാണിത്. കള്ളിമുണ്ടും ബനിയനും തലയില്‍ ഉറുമാലുമാണ് വേഷം. പാട്ടില്ലാതെയും കോല്‍ക്കളി കളിക്കാറുണ്ട്, പക്ഷേ കളിയുടെ ആത്മാവ് മാപ്പിളപ്പാട്ടാണ്.
യുദ്ധപ്പാട്ടുകള്‍, കെസ്സുപാട്ടുകള്‍, ചരിത്രപ്പാട്ടുകള്‍, തുടങ്ങിയവയെല്ലാം കോല്‍ക്കളി വേദികളില്‍ ആലപിക്കാറുണ്ട്. മാപ്പിളമാര്‍ക്കിടയില്‍ തന്നെ വിവിധ രൂപത്തിലും ഭാവത്തിലുമാണ് കോല്‍ക്കളി നിലനിന്നത്. പല നാടുകളിലും പല ശൈലിയിലാണ് ചുവടുകള്‍. താലക്കളിയാണ് അതിലൊന്ന്. കോല്‍ക്കളിയുടെ ലളിതമായ ശൈലിയാണിത്. തീരപ്രദേശങ്ങളില്‍ ഈ ശൈലിയാണ് കാണപ്പെടുന്നത്. കോഴിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ചാലിയം, ബേപ്പൂര്‍, തലശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത് അനുവര്‍ത്തിച്ചു വരുന്നു. ഉറപ്പുള്ള വൃക്ഷക്കമ്പുകളോ വേരുകളോ ഉപയോഗിച്ചാണ് സാധാരണ കോല്‍ക്കളിക്ക് കോലുകള്‍ ഉണ്ടാക്കിയിരുന്നത്. ഒരഗ്രം അല്‍പം കട്ടികൂടിയതും മറ്റേത് അല്‍പം കുറഞ്ഞതുമായ നിലയിലായിരിക്കും അതിന്റെ രൂപം. ഉറപ്പിനായി എണ്ണ തേച്ച് ഉണക്കുകയും ചെയ്യാറുണ്ട്. മുമ്പ് പറഞ്ഞപോലെ ഈരണ്ടായി ആറുമുതല്‍ പതിനാറുവരെയാണ് ഇതിലെ അംഗങ്ങളുടെ എണ്ണം. കളിയിലെ ഓരോ ഘട്ടങ്ങളും അടക്കം എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. കളിയുടെ അവസാനം അടക്കംവെക്കലെന്നും അറിയപ്പെടുന്നു.

കളരിപ്പയറ്റ്
മലയാളനാടിന്റെ ആയോധന കലയാണ് കളരി. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും കളരികള്‍ ഹിന്ദുക്കള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും പ്രചാരത്തിലുണ്ട്. എന്നാല്‍ കളരിയുടെ വളര്‍ച്ചയില്‍ മാപ്പിളമാര്‍ക്കുള്ള പങ്ക് ചെറുതല്ല. മെയ്‌വഴക്കവും ആയുധ പ്രയോഗവും കാണിക്കാനുള്ള വേദിയാണിതെങ്കിലും കളരിപ്പയറ്റിലെ നൃത്തകലാംശത്തെ വിസ്മരിക്കാനാവില്ല. നിരന്തരമായ സാധനയില്‍ നിന്നാണ് കളരിക്കളത്തില്‍ നിന്നു ഒരാള്‍ മെയ്‌വഴക്കം നേടിയെടുക്കുന്നത്. ചിട്ട തെറ്റാത്ത ചുവടുവെപ്പുകളും ചടുല ചലനവും നടന കലയിലെ വേറൊരു തരത്തിലെ ആവിഷ്‌കാരം തന്നെയാകുന്നു.
കേരളത്തില്‍ കളരികളവതരിപ്പിച്ചത് മാപ്പിളമാരെന്ന് കണക്കാക്കപ്പെടുന്നു. 1000 വര്‍ഷങ്ങളുടെ പഴക്കം ഇതിനുണ്ടെന്ന് ചരിത്രകാരന്മാര്‍ കുറിക്കുന്നു. ഉത്തരതുളു നാട്ടിലെ കര്‍ണാട്ടിക് നവാബ്മാരുടെ സൈനികരില്‍ ഒരു വിഭാഗം കായികാഭ്യാസത്തില്‍ അതിവൈദഗ്ധ്യം നേടിയവരായിരുന്നുവത്രെ. 12-ാം നൂറ്റാണ്ടോടെ മുസ്‌ലിം ജനത കേരളക്കരയില്‍ വ്യാപിച്ച് തുടങ്ങിയതോടെ ഈ ആയുധ കളരികളും നിലവില്‍ വന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഖുറാസാനിലെയും ഡമസ്‌കസിലെയും യോദ്ധാക്കള്‍ ധരിക്കുന്ന കളരി ആയുധങ്ങളും സൈനിക മുദ്രകളും മാപ്പിള കളരിയില്‍ കാണപ്പെടുന്നു.
കളരിപ്പയറ്റ് നാലായി തിരിക്കപ്പെട്ടിരിക്കുന്നു. മൈത്തോഴി, കോല്‍ത്താരി, അങ്കത്താരി, വെറും കൈമുറം തുടങ്ങിയവയാണവ. മൈത്തോഴിയിലൂടെ കളരിപ്പയറ്റുകള്‍ ശാരീരികാഭ്യാസമാണ് നടത്തിപ്പഠിക്കുന്നത്. ഇഷ്ടം പോലെ മെയ് വളക്കുകയും ഒടിക്കുകയും താഴുകയും പൊങ്ങുകയും ചാടുകയും അനക്കമറ്റ് നില്‍ക്കുകയും ചെയ്യാനുള്ള പരിശീലനമാണിത്. കോല്‍ത്താരി വിഭാഗത്തില്‍ ഒറ്റപ്പയറ്റ്, കെട്ടുകാരിപ്പയറ്റ്, ചെറുവടിപ്പയറ്റ് തുടങ്ങിയവ പെടുന്നു. അങ്കത്താരിയില്‍  വാള്‍പ്പയറ്റ്, ഉറുമിയങ്കം, കുന്തപ്പയറ്റ്, കടായിപ്പയറ്റ് എന്നിവയാണുള്ളത്. വെറും കൈമുറയില്‍ ഒഴിച്ചല്‍, മാറ്റം, കയറ്റം,തടവ്, പിടുത്തം, വെട്ട്, ഇടി, കാല്‍വീശിയടി തുടങ്ങിയവ പെടുന്നു. കളരിപ്പയറ്റ് ആശാന്മാരെ കുരുക്കള്‍ എന്നാണ് വിളിക്കുക. അദ്ദേഹം അഭ്യാസത്തിലെന്ന പോലെ മര്‍മചികിത്സയിലും  വിദഗ്ധനായിരിക്കും. എതിരാളിയുടെ മര്‍മം നോക്കി വിരല്‍ കൊണ്ട് താഴെ വീഴ്ത്തുന്ന പ്രയോഗവുമുണ്ട്.

ദഫ്
അറബി പാരമ്പര്യമുള്ള മാപ്പിള കലകളിലൊന്നാണ് ദഫ്മുട്ട്. ഇസ്‌ലാമിന്റെ കലാപാരമ്പര്യമായിട്ടാണ് ഇതറിയപ്പെടുന്നത്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് പരിശുദ്ധവും ഏറെ സ്വാധീനങ്ങള്‍ പ്രവേശിക്കാത്തതുമായ ഒരു ഇനമാണത്. ദഫ് ഉപയോഗിച്ചു കൊണ്ട് താളത്തിനൊത്തുള്ള കൊട്ടിക്കളിയാണ് ഇത്. ഇരുന്നും നിന്നും ഇടത്തും വലത്തും ചാഞ്ഞ് ചെരിഞ്ഞുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. ദഫിന്റെ ചരിത്രം കടലിനക്കരെയിലേക്ക് നീളുന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും പാരമ്പര്യവും ഉണ്ട് അതിന്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലാണ് ഇതിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ചര്‍മ വാദ്യോപകരണമായ ദഫ് പല രൂപത്തില്‍ പലയിടത്തും കാണപ്പെട്ടിരുന്നു. വ്യത്യസ്ത നാമങ്ങളിലാണ് ഇതറിയപ്പെട്ടിരുന്നത്. മുസ്തദീറുല്‍ മറബ്ബഅ, മുസ്തദീറുല്‍ അദ്‌റാസ്, മുസ്തദീറുല്‍ ബസീത്ത്, മുസ്തദീറുല്‍ ജലാലീല്‍ തുടങ്ങിയവ അതിന്റെ ചില നാമങ്ങളാണ്. വ്യത്യസ്ത നാട്ടുകാര്‍ വ്യത്യസ്ത പേരുകളാണ് ഇതിനെ വിളിച്ചിരുന്നത്. കുര്‍ദുകള്‍ ദഫ് എന്നാണ് വിളിച്ചിരുന്നത്. സ്പാനിഷില്‍ ഉദുഫെന്നും സിറിയയില്‍ ദീറയെന്നും ഇന്ത്യയില്‍ ദഹ്‌റായെന്നും ദഫ്‌ലിയെന്നുമെല്ലാം വിളിക്കപ്പെട്ടിരുന്നു. അറബികള്‍ക്കിടയില്‍ വളരെ മുമ്പ് തന്നെ ദഫ് മുട്ട് സമ്പ്രദായമുണ്ടായിരുന്നു. കല്യാണം, സ്വീകരണം തുടങ്ങിയ മുഹൂര്‍ത്തങ്ങളിലായിരുന്നു പ്രധാനമായും അവര്‍ ഇതിനെ അവലംബിച്ചിരുന്നത്. സ്വാഅ്, ഗിര്‍ബാല്‍ തുടങ്ങിയ രണ്ടുതരം ദഫുകളാണ് പൊതുവെ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഈ ദഫുകള്‍ മുട്ടിയായിരുന്നുവത്രെ മദീനക്കാര്‍ പ്രവാചകനെ സ്വീകരിച്ചിരുന്നത്. ദഫ് മുട്ടിലെ പവിത്രതയും ശുദ്ധതയും മനസ്സിലാക്കാന്‍ മദീനക്കാര്‍ അതിനൊന്നിച്ച് പാടിയ പാട്ടിന്റെ തനിമ ഓര്‍ത്താല്‍ മതി. പില്‍കാലത്ത് തന്റെ മദീന ജീവിതത്തില്‍ പ്രവാചകന്‍ അതിനെ പലതവണ കാണുകയും അപ്പോള്‍ അനുവാദമെന്നോണം സമ്മതം നല്‍കുകയും ചെയ്തു. പ്രവാചകന്റെ അംഗീകാരം ലഭിച്ച കലാ സൃഷ്ടിയാണ് ദഫ്മുട്ടെന്ന് ചുരുക്കം. മൃഗങ്ങളുടെ തോലുകള്‍ ഉപയോഗിച്ചാണ് ദഫുകള്‍ നിര്‍മിക്കുന്നത്. താളമാണ് ദഫ്മുട്ടിന്റെ സുപ്രധാനമായ മറ്റൊരു കാര്യം. ദഫിന് അതിന്റേതായ ചില പ്രത്യേക താളങ്ങളും ക്രമങ്ങളും ഉണ്ട്. ഒറ്റമുട്ട്, രണ്ട്മുട്ട്, വാരിമുട്ട്, കോരിമുട്ട് എന്നിങ്ങനെയാണവ. ഈ ഈണങ്ങള്‍ക്കനുസരിച്ച്  നിന്നും ഇരുന്നുമൊക്കെ ദഫ്മുട്ടുമ്പോഴാണ് അത് വശ്യസുന്ദരമായി മാറുന്നത്. ശ്രുതി, താളം, ലയം, സമയനിയന്ത്രണം എന്നിവയാണ് ദഫില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
കേരളത്തിലേക്ക് ലക്ഷദ്വീപില്‍ നിന്നോ മലായില്‍ നിന്നോ ആണ് ദഫ് കടന്നുവന്നത്. ലക്ഷദീപില്‍ മതാനുഷ്ഠാന കര്‍മങ്ങളായി ദഫിന് പ്രചാരമുണ്ടായിരുന്നു. ക്ഷേത്രകലകള്‍ ഇവിടെ പ്രചരിച്ചതോടെ ദഫ്മുട്ട് മുസ്‌ലിംകളുടെ ഒരു കലയായി മാറുകയാണുണ്ടായത്. അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരില്‍ ഹംദും സ്വലാത്തും ചൊല്ലിയാണ് ദഫ്മുട്ട് തുടങ്ങിയിരുന്നത്. പാട്ടിനൊപ്പം കത്തി, കുന്തം, സൂചി, വാള്‍ തുടങ്ങിയവ ഉപയോഗിച്ചു കൊണ്ടുള്ള മെയ്യഭ്യാസവുമുണ്ടാകുന്നു. ചൊല്ല്‌റാതിബ്, കുത്ത്‌റാതിബ് എന്നിങ്ങനെ രണ്ട് തരം റാതിബുണ്ട്. ചൊല്ല്‌റാതിബില്‍ പേരു സൂചിപ്പിക്കുന്നത് പോലെ ചൊല്ലല്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. കുത്ത്‌റാതിബില്‍ കുത്തലും മുറിക്കലും ഉണ്ടാകുന്നു. പണ്ടൊക്കെ ഓരോ നാട്ടിലും പ്രത്യേകം ദഫ്മുട്ട് സംഘങ്ങള്‍ ഉണ്ടായിരുന്നു. നാട്ടിലെ ഓരോ മതചടങ്ങുകളിലും അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.
പരമ്പരാഗതമായിട്ടാണ് പലരും ഈ കല നിലനിര്‍ത്തിയിരുന്നത്. കാസര്‍കോട് പോലെയുള്ള ഭാഗങ്ങളില്‍ അല്‍പമായെങ്കിലും ഇന്നും ഇതുകാണാന്‍ സാധിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ദഫുകള്‍ (സ്വാഅ്-ഗിര്‍ബാല്‍) കേരളത്തില്‍ വളരെ കുറവാണെന്നാണ് വസ്തുത. ദഫിനോട് സാദൃശ്യമുള്ള തകരത്തില്‍ ഫൈബര്‍ കൊണ്ട് പൊതിഞ്ഞ് നെട്ടും ബോള്‍ട്ടും മുറുക്കിയ ഗഞ്ചിറകളാണ് ഇവിടെ പൊതുവെ ഉപയോഗിച്ചുവരുന്നത്.

അറബന
ദഫ്മുട്ട് പോലെ സാര്‍വത്രികമായിരുന്ന മറ്റൊരു മാപ്പിള കലാരൂപമാണ് അറബനമുട്ട്. അറവന എന്നും പറയാറുണ്ട്. ദഫില്‍നിന്നു ചെറിയൊരു വ്യത്യാസത്തില്‍ തോല്‍ കൊണ്ടുതന്നെ ഉണ്ടാക്കപ്പെടുന്ന വാദ്യോപകരണമാണ് അറബന. ദഫിനെക്കാള്‍ കൂടുതല്‍ വട്ടമുള്ളതാണിത്. ഇതില്‍ കിങ്ങിണി ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ഒന്നരച്ചാണ്‍ വട്ടമുള്ളതും അഞ്ചോ ആറോ ഇഞ്ച്  ഉയരമുള്ളതും മരച്ചട്ടയില്‍ പിത്തളവാറുകൊണ്ട് ചുറ്റിക്കെട്ടി ഒരു വശം തോലുകൊണ്ട് പൊതിഞ്ഞതും ചിലമ്പ് ഘടിപ്പിച്ചിട്ടുള്ളതുമാണിത്.  നിരന്തരമായി അഭ്യാസമുറകള്‍ പഠിച്ചവര്‍ക്ക് ഇത് എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ സാധിക്കുന്നു. ഒരു അഭ്യാസിയുടെ ഭാവപ്രകടനങ്ങളും താളങ്ങളുമാണ് കളിക്കാര്‍ ഇതിലൂടെ അവതരിപ്പിക്കുന്നത്. ഏറെ ആകര്‍ഷകവും മനോഹരവുമായ കാഴ്ചയാണിത്.
ശ്രുതിയും താളവും തന്നെയാണ് അറബനയുടെയും പ്രത്യേകത. പിത്തളവാറുകൊണ്ട് ചുറ്റിക്കെട്ടിയതിനാല്‍ അറബന ചൂടാക്കിയാണ് ശ്രുതിവരുത്തുന്നത്. അര്‍ത്ഥഗര്‍ഭവും മനോഹരവുമായ മാപ്പിളപ്പാട്ടുകളുടെയോ അറബിപ്പാട്ടുകളുടെയോ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും അറബന മുട്ടും നടക്കുന്നത്. മുട്ടിന്റെ ശബ്ദം ഉയര്‍ന്നുവരുന്നതിനനുസരിച്ച് അറബി ബൈത്തിന്റെ ഗതിയും വേഗതയും കൂടിവരുന്നു. നബി തങ്ങളുടെ മേല്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. മതപരമായ കാര്യങ്ങളും വീരഗാഥകളും പ്രേമകഥകളും അടങ്ങുന്ന പാട്ടുകളും പടപ്പാട്ടുകളുമാണ് ഇതില്‍ സാധാരണയായി പാടാറുള്ളത്. കളിക്കുന്നവര്‍ രണ്ട് ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പരസ്പരം അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്. ഉസ്താദ് പാട്ടുപാടാന്‍ തുടങ്ങിയാല്‍ മുറുകുകയും മുട്ടിന് വേഗം കൂടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കളിക്കാര്‍ കൈത്തണ്ട, തൊണ്ട, ചുമല്‍, മൂക്ക്, എന്നിവ കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിയും മുട്ടിയും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ഭാവവ്യത്യാസങ്ങള്‍ കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന ഒരു കലയാണിത്. ദഫ്മുട്ടിനെപ്പോലെ മത ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കൂടുതലായും അറബന മുട്ട് സംഘടിക്കപ്പെടുന്നത്. മറ്റു കലകളെ അപേക്ഷിച്ച് കാഴ്ച എന്നതിലപ്പുറം ശ്രവണം എന്നതാണ് ഈ കലയുടെ പ്രത്യേകത. കാഴ്ചക്കപ്പുറം കേള്‍ക്കുന്നതിലാണ് അതിന്റെ സൗന്ദര്യം കുടിയിരിക്കുന്നത്. പരസ്പര ബന്ധിതമായ പാട്ടുകള്‍ പാടണമെന്നതാണ് അറബന മുട്ടിലെ നിബന്ധന.

സമാപനം
മാപ്പിളമാരുടെ കലകളെ, നൂറ്റാണ്ടുകള്‍ നീണ്ട ജീവിതവഴിയില്‍ തുടിച്ചുനില്‍ക്കുന്ന തങ്ങളുടെ ജീവിതമുന്നയിച്ച സന്ദേശത്തില്‍ നിന്നു മാറി വേറിട്ടൊരു ധാരയായിട്ടല്ല പരിഗണിക്കാനാകുക. സാമുദായിക സമുദ്ധാരണത്തിനും  ആത്മീയകെട്ടുറപ്പിനും സാമൂഹിക സുരക്ഷിതത്വത്തിനും വേണ്ടുന്ന സംവിധാനങ്ങളെ എങ്ങിനെയെല്ലാം ഒരുക്കാം എന്നതിന്റെ ആലോചനയായി മാത്രമേ മാപ്പിളമാരുടെ കലയേയും കലാവിഷ്‌കാരങ്ങളെയും കാണാനാവൂ.  മതം പഠിക്കാനും സാമ്രാജ്യത്യവിരുദ്ധപോരാട്ടത്തിനും സമുദായത്തെ സജ്ജരാക്കാനും പൂര്‍വികരുടെ പ്രധാന വഴികള്‍ കലകളും പാട്ടുകളുമായിരുന്നു. അര്‍ത്ഥങ്ങൡലൂടെയും പാഠങ്ങൡലുടെയും സഞ്ചരിച്ച അന്നത്തെ മാപ്പിള സമൂഹത്തിന് ജീവിതത്തിന്റെ അനുഷ്ഠാന താളമായിത്തന്നെയാണ് കലകളും പാട്ടുകളും അനുഭവപ്പെട്ടത്. അറിവിന്റെയും സന്ദേശങ്ങളുടെയും അമൂല്യ കലവറയായി മാപ്പിള കലാസാഹിത്യത്തെ ജനത കണ്ടു. കലയുടെ ആദ്യത്തിലും അവസാനത്തിലും ഉള്ള ദുആകള്‍ തങ്ങളുടെ ജീവിത നിര്‍വ്വഹണം ഏതു നിമിഷവും ദൈവികാര്‍പ്പണത്തി ലായിരിക്കണമെന്ന വിശുദ്ധമനസ്സ് കാത്തുവെച്ചുവെന്നതിന് തെളിവാണ്.
ദഫും അറബനയും ഭക്തിപ്രസ്ഥാനവുമായും അനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. ദഫ് മുട്ടിന് കേരളത്തിനപ്പുറത്തേക്ക്  നീളുന്ന വേരുകളുമുണ്ട്. വര്‍ത്തമാന പൊതു സമൂഹത്തില്‍ സ്വീകാര്യത നേടിയ ഒപ്പനയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ മാപ്പിളകലകള്‍ക്കു വന്ന രൂപാന്തരങ്ങളെക്കുറിച്ച് മനസ്സിലാകും. സാമൂതിരിയുടെ സൈനികരായും അധിനിവേശവിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോ രാളികളായും  ചരിത്രത്തിലിടം പിടിച്ച മാപ്പിളയെ കോല്‍ക്കളിയില്‍ നമുക്ക് കാണാനാകും. അതിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ് കോല്‍ക്കളി വികാസം പ്രാപിച്ചതെന്ന് പറയാനുള്ള തെളിവുകളൊന്നുമില്ലെങ്കിലും ജീവിതത്തോട് ചേര്‍ന്നുപോയ മാപ്പിളമാര്‍ക്കിടയില്‍ കോല്‍ക്കളി പോലുള്ള ഒരായോധനകല സ്വീകാര്യമാകാന്‍ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പറയാം. മധ്യകേരളത്തിലെ അവര്‍ണ ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരം കിട്ടിയിരുന്ന കലയായിരുന്നു കോല്‍ക്കളി. ഒരുപക്ഷേ മാപ്പിള കോല്‍ക്കളി അവരില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു പാരമ്പര്യതനിമ ഈ മേഖല ഏറെക്കുറേ കൈവെടിയാതെ സൂക്ഷിക്കുന്നുമുണ്ട്.

Reference

- മലബാര്‍ പൈതൃകവും പ്രതാപവും, ഡോ.സലീം പി ബി
- മാപ്പിളശൈലി, ലത്തീഫ് എന്‍ കെ
- മാപ്പിളസാഹിത്യ പഠനങ്ങള്‍,ബാലകൃഷ്ണന്‍ വള്ളിക്കുന്ന്
- മാപ്പിള ദൃശ്യകലകള്‍ ഒരു ഫോക് ലോര്‍ പരിചയം, ഷെല്‍ബീര്‍ അലി