കേരള മുസ്‌ലിം കലകളുടെ സാമൂഹിക മാനം

പി.ബി. മുബശ്ശിറ   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

സാമൂഹിക പ്രതിഭാസങ്ങളെന്ന നിലക്ക് കലാരൂപങ്ങള്‍ക്ക് ഏതിനുമുണ്ട് ചരിത്രപരവും ഭൂമി ശാസ്ത്രപരവുമായ ഒരടിത്തറ. അത്‌കൊണ്ട് തന്നെ സാമൂഹിക പ്രതിഭാസങ്ങളുടെ ഉല്‍പത്തി വികാസങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് സമൂഹത്തിന്റെ ഭൗതികവും സാംസ്‌കാരികവുമായ പ്രതലത്തില്‍ നിന്നാണ്. മാപ്പിള കലകളെ സംബന്ധിച്ച് ഈ അടിസ്ഥാന പ്രമാണത്തിന് വ്യത്യാസമൊന്നുമില്ല. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വേരോടിയാണ് മാപ്പിള കലകള്‍ വികാസം പ്രാപിച്ചത്. മാപ്പിള കലകളെ മറ്റു കലകളായി താരതമ്യപ്പെടുത്തി തരം താഴ്ത്തി കാണിക്കുന്നത് മാപ്പിള കലകളുടെ തനിമ നഷ്ടപ്പെടുത്താനും വികലവും അസ്വാഭാവികവുമാക്കി മാറ്റാനും മാത്രമേ ഉപകരിക്കൂ.
ഇതര സമൂഹങ്ങളോട് ആരോഗ്യപരമായ ബന്ധം പുലര്‍ത്തിയാണ് ഇസ്‌ലാം കേരളത്തില്‍ വളര്‍ന്നുവന്നതെന്ന് ഈ കലാരൂപങ്ങള്‍ വ്യക്തമാക്കുന്നു. മാപ്പിളമാരുടെ ജീവിതസാഹചര്യങ്ങളിലും ആചാരങ്ങളിലും കേരളീയത തങ്ങിനിന്നിരുന്നു. മാപ്പിള കലകള്‍ കൂടുതലും ദൈനംദിന ജീവിതത്തോടും ഗാര്‍ഹികാഘോഷങ്ങളോടുമാണ് ചേര്‍ന്ന് കിടന്നിരുന്നത്. ജീവിത മുഹൂര്‍ത്തങ്ങളോട് ഇണങ്ങി നില്‍ക്കുന്നതു കൊണ്ട് തന്നെ മാപ്പിള കലകള്‍ ജീവസുറ്റാതാകുന്നു. കലയുടെ ആത്മാവിലേക്ക് സൂക്ഷിച്ചുനോക്കുമ്പോള്‍ മാനുഷിക ജീവിതത്തെ കടഞ്ഞെടുത്ത് നന്മയുടെ അമൃത് സഹൃദയരിലേക്ക് സംക്രമിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യമാകും. ഓണത്തല്ലും ഓണക്കളിയും തിരുവാതിരക്കളിയും ഹൈന്ദവ പക്ഷത്ത് നിന്നുണ്ടായപ്പോള്‍ ഒപ്പന, മൈലാഞ്ചിപ്പാട്ട്, കൈകൊട്ടിക്കളി, കോല്‍ക്കളി, അറവന, ദഫ് ഇവകൊണ്ട് മാപ്പിളമാര്‍ കലാമേളയൊരുക്കി. മാപ്പിള കലയുടെ അന്തരാളങ്ങളിലേക്ക് ഒന്ന് എത്തിനോക്കിയാല്‍ കേരള സംസ്‌കാരത്തിന്റെ അനര്‍ഘ സംഭാവന മുസല്‍മാനായ കേരളീയനില്‍ നിന്നാണെന്ന് മനസ്സിലാക്കാം

മാപ്പിളപ്പാട്ട്
എല്ലാ മാപ്പിള കലയെയും സംയോജിപ്പിച്ച് ഏക വഴിത്താരയിലൂടെ നടത്തിക്കൊണ്ടു പോയത് മാപ്പിളപ്പാട്ട് എന്ന ഗാന ശാഖയാണ്. ഒപ്പനയിലും കോല്‍ക്കളിയിലും അറവനയിലും ദഫിലും എല്ലാം പ്രതിഫലിക്കുന്നത് മാപ്പിളപ്പാട്ടിന്റെ ശീലുകളാണ്. പറയത്തക്ക തമിഴ് പാരമ്പര്യം നമുക്ക് മാപ്പിളപ്പാട്ടില്‍ കാണാവുന്നതാണ്. ആദ്യകാല മാപ്പിളപ്പാട്ട് രചനകളിലെ തമിഴ് പദ ധാരാളിത്തം ഇതിന് തെളിവാണ്. വളരെ ജനകീയമായ സാഹിത്യവും കലയുമാണ് മാപ്പിളപ്പാട്ട്. കേരളത്തിലെ കീഴാള വര്‍ഗത്തിന്റെ പാട്ടുകളുമായും ഈണങ്ങളുമായും മാപ്പിളപ്പാട്ടിനുള്ള സാമ്യം വലുതാണ്. തോറ്റം പാട്ട്, പുള്ളുവന്‍ പാട്ട്, വേലന്‍ പാട്ട്, വട്ടക്കളിപ്പാട്ട്, പൂരക്കളിപ്പാട്ട്, പാനപ്പാട്ട്, മോമാതൂരിപ്പാട്ട് തുടങ്ങിയ കീഴാള വര്‍ഗ ഗാന പാരമ്പര്യത്തിന്റെ സമുദായിക കൊള്ളക്കൊടുക്കകള്‍ മാപ്പിളപ്പാട്ട് രൂപപ്പെടുത്തുന്നതിന്റെ പശ്ചാത്തലമായിട്ടുണ്ട്.
മലബാര്‍ മുസ്‌ലിംകളുടെ പദ്യവിഭാഗത്തിന് മാപ്പിളപ്പാട്ടുകള്‍ എന്നും ആ സമൂഹത്തിന് മാപ്പിളകള്‍ എന്നും പേരിട്ടത് ആരാണെന്ന് അജ്ഞാതമാണ്. കേരളത്തിന്റെ സാമൂഹിക ഘടന ജാതിയില്‍ അധിഷ്ഠിതമായതുകൊണ്ട് ഭരണവര്‍ഗമോ ഇതര മതസ്ഥരോ സമ്മാനിച്ച സ്ഥാനപ്പേരോ ആയിരിക്കാം മാപ്പിള എന്നത്. പോയ കാലങ്ങളില്‍ സര്‍ഗാത്മകത കതിരിട്ടു നിന്ന ഒരു പറ്റം മാപ്പിളപ്പാട്ട് കവികളുണ്ടിരുന്നു നമുക്ക്. അവര്‍ അതത് കാലഘട്ടങ്ങളില്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അജ്ഞതകള്‍ക്കും അനീതിക്കുമെതിരെ തൂലിക ചലിപ്പിച്ചവരായിരുന്നു.
നാട്ടുപ്രമാണിമാരായ ചില ഭൂവുടമകള്‍ക്കെതിരെ ചാട്ടുളിപോലുള്ള മാപ്പിളപ്പാട്ടുകള്‍ തൊടുത്തുവിട്ട മാപ്പിള കവികള്‍ ഉണ്ടായിരുന്നു. പകലന്തിയോളം പണിയെടുപ്പിച്ച് അന്നന്ന് കൂലികൊടുക്കാതെ തൊഴിലാളിയെ ഞെക്കിപ്പിഴിയുന്ന ക്രൂരതക്കെതിരെ പ്രതികരിച്ച മാപ്പിള കവിയായിരുന്ന മെഹര്‍ ഒരു പ്രദേശത്തെ സമ്പന്നനായ ചൂഷകനെ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്

ഉണ്ട് കേള്‍പ്പിന്‍ കണ്ടാടം ആ നാട്ടിലൊരു മാടം
ഊക്കനാകും ചേക്കുമൂപ്പന്‍ തന്റെ മണിമാടം
ചേലിലുള്ള നാലുകെട്ട് മാളികയൊന്നാണേ
ചുറ്റിലുള്ള ചെറ്റ് വീടുകള്‍ക്ക് നാടുവാണേ
ജോലി ചെയ്ത കൂലിയുമന്നന്ന് കൊടുക്കൂലാ
വേലായാളര്‍ കൂലിയും ഭയന്നു ചോദിക്കൂലാ

    മലബാറിലെ വാണിജ്യ ബന്ധങ്ങളില്‍ മേല്‍ക്കൈ നേടുന്നതിനുള്ള തന്ത്രമെന്ന നിലയില്‍ മുസ്‌ലിം സമുദായത്തെ ആജന്മ വൈരികളായിട്ടാണ് ബ്രിട്ടീഷുകാര്‍ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ വംശ സാമൂഹികതയുടെ അതിരില്‍ അവരെ തളച്ചിട്ടു. സാമൂഹ്യോല്‍പാദന സംവിധാനത്തിന്റെ പൊതു വിജ്ഞാനത്തില്‍ നിന്ന് നിര്‍ബന്ധ പൂര്‍വം അകറ്റി നിറുത്തപ്പെടുകയും കടുത്ത വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന ഒരു ജനത ചെറുത്തുനില്‍പ്പിനെന്നല്ല കടന്നാക്രമണത്തിനു ശ്രമിച്ചാലും അത്ഭുതാവഹമല്ല. ഇതിന്റെ മാധ്യമമായി ഏറ്റെടുത്തത് മാപ്പിളപ്പാട്ടുകളെയാണെന്ന് മാത്രം.
മാപ്പിളപ്പാട്ടിന് മതകീയ പശ്ചാത്തലം മാത്രമല്ല ഉള്ളതെന്നും പ്രണയം, വിരഹം, പ്രതികാരം, പ്രതിഷേധം, വിനോദം തുടങ്ങിയ സാധാരാണ അനുഭവങ്ങള്‍ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും അതിന്റെയെല്ലാം ആവിഷ്‌കാരങ്ങള്‍ മാപ്പിളപ്പാട്ടിലുടെ പ്രതിപാദിക്കാമെന്നും മാപ്പിളകലാകാരന്മാര്‍ പുറം ലോകത്തിന് ബോധ്യപ്പെടുത്തി. മാപ്പിളപ്പാട്ടിലെ കത്തുപാട്ടുകള്‍ ഇതിന്റെ സൂചകങ്ങളാണ്. കഴിഞ്ഞ അനൂറ്റാണ്ടിനിടയില്‍ സാധാരണക്കാരായ മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ശാഖയാണ് കത്തുപാട്ടുകള്‍.

ഒപ്പന
 ഒപ്പന കല്യാണ പന്തലുകളില്‍ മാത്രം ഒതുങ്ങി നിന്നവയായിരുന്നില്ല. മാര്‍ക്കകല്യണം, വയസ്സറിയല്‍, 40 കുളി തുടങ്ങിയ ചടങ്ങുകളില്‍ നിറപ്പകിട്ടാര്‍ന്ന ഉടയാടകള്‍ ധരിച്ച് പെണ്‍കുട്ടികള്‍ ഒപ്പനപ്പാട്ട് പാടുക പതിവാണ്. വിവാഹഘോഷങ്ങളുടെ കുത്തക എന്ന കലക്കുപരി ഇത് ജനസമ്മതി നേടിയ കലാരൂപമായിരുന്നു. സാധാരണക്കാരുടെ സന്തോഷനാളുകള്‍ കൊണ്ടാടാനുള്ള ഒരു വേദിയായി ഒപ്പനപ്പാട്ടുകള്‍ നിലകൊണ്ടു. ഒരു ജനസമൂഹത്തില്‍ നിഴലിച്ചിരുന്ന സാമൂഹ്യ ചുറ്റുപാട് പറഞ്ഞു തരുന്ന ഒരു കലാരൂപം കൂടിയാണ് ഒപ്പന.
മൗലികതയെ നിഗ്രഹിക്കുന്ന പരിവര്‍ത്തനങ്ങള്‍ കലാരൂപത്തിന്റെ സാമൂഹിക പ്രസക്തി നശിപ്പിക്കുന്നു. അത്‌കൊണ്ട് തന്നെ ഒപ്പന പോലുള്ള കലാരൂപങ്ങള്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ദ്വിമുഖ പ്രതിസന്ധിയുണ്ടാകുന്നു.
1) കലാരൂപത്തിന്റെ ചരിത്ര പശ്ചാത്തലം സംരക്ഷിക്കേണ്ടിവരുന്നു. പുതുമയുടെ തിരത്തല്ലലില്‍ നിന്ന് പഴമയെ അവഗണിക്കാതിരിക്കുവാന്‍  അയാള്‍ നിര്‍ബന്ധിതനാകുന്നു.
2) പഴമയിലേക്ക് പൂര്‍ണ്ണമായ തിരിച്ചുപോക്ക് സാധ്യമല്ലെങ്കിലും അതിന്റെ അവശേഷിക്കുന്ന അംഗങ്ങള്‍ ആകാവുന്നത്ര പരിരക്ഷിക്കേണ്ടി വരുന്നു.
മാപ്പിള കലാ സംസ്‌കാരത്തിന്റെ സമ്പത്താണ് ഒപ്പന. അറേബ്യന്‍ സംസ്‌കാരത്തിന്റെയും കേരളീയതയുടെയും സമന്വയത്തില്‍ രൂപം കൊണ്ട ഈ കലാരൂപത്തിന് മതാനുഷ്ഠാനവുമായി യാതൊരു ബന്ധവുമില്ല. വധൂവരന്‍മാരുടെ അതിരുകവിഞ്ഞ നാണം നീക്കുകയും അവയെ ആശീര്‍വദിക്കുകയും ചെയ്യുക. കാതുകുത്തിനും സുന്നത്തു കര്‍മത്തിനും വിധേയരാകുന്ന ബാലികാബാലന്‍മാരുടെ ഭയമകറ്റുക മുതലായ ലക്ഷ്യങ്ങള്‍ ഒപ്പനക്കു പിന്നിലുണ്ട് താനും.
ഒപ്പന സംഘങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ കല്യാണ വീടുകള്‍ വാശിയേറിയ മത്സരവേദികളായി മാറുകയെന്നത് വളരെ രസകരമായ കാഴ്ചയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന കല്യാണ സദസ്സുകള്‍ക്ക് അലങ്കാരമായിരുന്നു ഒപ്പന. ഒപ്പനപ്പാട്ടില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വിവാഹം പോലുള്ള ആഘോഷങ്ങളോട് ബന്ധപ്പെടണമെന്നില്ല. നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം എന്നേയുളളൂ. സമൂഹത്തിന്റെ നേര്‍ക്കുള്ള കണ്ണാടിയായി മാറുക എന്ന ധര്‍മം ഒപ്പന നിര്‍വഹിച്ചു പോന്നിരുന്നു.
ആദി മുതല്‍ പുരാണ........... എന്ന ഒപ്പന ഇശലിലുള്ള പാട്ടുകള്‍ വളരെക്കാലം മുമ്പ് വിവാഹവേളകളിലും മറ്റും പാടിയിരുന്നു. ഇതിലെ പ്രതിപാദ്യ വിഷയം നബിയുടെ ജനനം മുതല്‍ ഹലീമ ബീവി പാലൂട്ടിയതുവരെയുളള്ള ചരിത്രമാണ്. കല്യാണ ഒപ്പനയില്‍ പാടുന്ന പാട്ടുകള്‍ മണവാളന്‍, മണവാട്ടി, വസ്ത്രം, കല്യാണ പന്തല്‍, ആചാരങ്ങള്‍ മുതലായവയെ വര്‍ണ്ണിച്ചതാവാം.
പെരുന്നാള്‍ ദിവസങ്ങളിലും മറ്റു ചില ആഘോഷവേളകളിലും രണ്ടു ചേരികളായി ഇരുന്ന് ചോദ്യവും ഉത്തരവും എന്ന രീതിയില്‍ പാടുന്നു.

കുഞ്ഞാലി മെച്ചം പെണ്ണുണ്ടോ
സാമിസറുക്ക പെണ്ണുണ്ടോ

കല്യാണ ദിവസത്തോടനുബന്ധിച്ച് വട്ടക്കളിയും സ്ത്രീകളാണ് അവതരിപ്പിക്കുക. വിളക്ക് കത്തിച്ച് അതിനു ചുറ്റും പാട്ടുകള്‍ പാടിയും ചുവടുകള്‍ വെച്ചുമാണതിന്റെ അവതരണം .സ്ത്രീകളുെട തന്നെ കോലാട്ടം എന്ന ദൃശ്യരൂപത്തില്‍ അവര്‍ വട്ടമിട്ടിരുന്ന് ഗാനാലാപനം നടത്തിയിരുന്നു. കുമ്മി കളിയും പ്രചാരത്തിലുള്ളതായിരുന്നു. സ്ത്രീകള്‍ പാട്ടുപാടി രണ്ടു നിരയായി നിന്ന് ഓരോരുത്തരുടെയും അഭിമുഖമായുള്ള ആളുടെ കൈപത്തിയില്‍ തട്ടി താളമുണ്ടാക്കിയാണ് കുമ്മി നടത്തുന്നത്.
മാപ്പിളപ്പാട്ടിന്റെ ഇശലിന്റെ പേരാണ് ഒപ്പന. ഒപ്പന ചായല്‍, ചായല്‍ മുറുക്കം, മുറുക്കം , മുറുക്കത്തില്‍ പാട്ട്, മുറുക്കത്തില്‍ ചുരുട്ട് പാട്ട് എന്നീ വകഭേദങ്ങള്‍ ഒപ്പന എന്ന ഇശലിനുണ്ട്. മാപ്പിളപ്പാട്ടുകള്‍ക്ക് ദൃശ്യാവിഷ്‌കാരം വന്നപ്പോഴാണ് ഒപ്പനക്ക് പ്രചാരം സിദ്ധിച്ചത്. ഒപ്പന എന്ന കലാരൂപത്തിന് ഈ പേര്‍ ലഭിച്ചത് അര നൂറ്റാണ്ടു മുമ്പു മാത്രമാണ്. അതിന് മുമ്പ് കല്യാണപ്പാട്ടുകാര്‍ വട്ടപ്പാട്ടുകാര്‍ മൊഗത്ത ഉപാടുകള്‍ എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ഒപ്പന എന്ന ഇശലിനു പുറമേ കപ്പപ്പാട്ട്, തൊങ്കല്‍, വൈനീളം, ആകാശം ഭൂമി തുടങ്ങിയ ഇശലുകളും പാടി വരുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പാട്ടുസംഘങ്ങളുണ്ടാവും. സംഘത്തലവന്മാരെ ഗുരുക്കന്‍മാര്‍ എന്നോ മൂപ്പന്‍മാര്‍ എന്നോ  വിളിക്കുന്നു. പെണ്ണുങ്ങളാണെങ്കില്‍ മൂപ്പത്തി, കാരണോത്തി എന്നിങ്ങനെ പറയുന്നു. പാട്ടുകാരില്‍ മുട്ടുള്ളവരും മുട്ടില്ലാത്തവരും എന്നീ രണ്ടു വിഭാഗങ്ങള്‍ കോഴിക്കോട് ഭാഗങ്ങളില്‍ ഉണ്ട്. കുറ്റിച്ചിറ, കുണ്ടുങ്ങല്‍, ഇടിയത്തര, കല്ലായി തുടങ്ങിയ സ്ഥലങ്ങളിലാണിത് ഉള്ളത്. മുട്ടുള്ളവരും മുട്ടില്ലാത്തവരും തമ്മില്‍ വിവാഹബന്ധം പോലും നടന്നിരുന്നില്ല. കൈകൊട്ടുന്നത് ശറഇന്ന് വിരുദ്ധമാണ് എന്നതായിരുന്നു ഇവരെ വേര്‍തിരിച്ചത്. പാട്ടുസംഘത്തില്‍ മൂപ്പനോ മൂപ്പത്തിയോ പല്ലവി പാടി തുടങ്ങുകയും പിന്നിലുള്ളവര്‍ ഏറ്റു പാടുകയും ചെയ്യുന്നു. ഹംദും സ്വലാത്തും വെച്ച് തുടങ്ങുന്നു. ചില സംഘങ്ങള്‍ കുഴിത്താളം അഥവാ കിന്നാരം എന്ന ചെറിയ താളവാദ്യം കൈയടിക്കൊപ്പം ഉപയോഗിച്ചിരുന്നു. അറബി സബീനകളില്‍ നിന്നുള്ള ഭക്തി ഗാനങ്ങള്‍, ചരിത്ര ഗാനങ്ങള്‍, കല്യാണ പാട്ടുകള്‍, തമിഴ് പുലയന്‍മാര്‍ രചിച്ച തമിഴ് പുസ്തകത്തില്‍ നിന്നുള്ള പാട്ടുകളുമായിരുന്നു കല്യാണപ്പാട്ടു സംഘങ്ങള്‍ പാടിയത്.

പയ്യല്‍ വയ്യാത്തിന്റെ തിരുതളമാല, രസംകൃതി മാല, പി.കെ. ഹലീമാബീവിയുടെ ചന്ദിരസുന്ദരിമാല, പി.കെ കോയയുടെ മംഗലപ്പൊള്ളാട്ടിയുടെ ജയമണിമാല, ചേറ്റുവായി പരീക്കുട്ടിയുടെ സൗഭാഗ്യ സുന്ദരി എന്ന ഒപ്പനപ്പാട്ട്, കെ.ടി. മുഹമ്മദിന്റെ പുരുഷാര മംഗളം കല്യാണപ്പാട്ട്, നല്ലളം ബീരാന്റെ ബദര്‍ ഒപ്പനപ്പാട്ട് എന്നിവ പ്രചാരത്തിലുണ്ടായിരുന്ന പാട്ടുകളായിരുന്നു. ഇവക്ക് പുറമെ രചയിതാവിന്റെ പേര്‍ അറിയാത്ത പഴയ അമ്മായിപ്പാട്ട്, അപ്പപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, വെറ്റിലപ്പാട്ട്, തുടങ്ങിയവയും പെണ്‍പാട്ടുകാര്‍ പാടിവന്നിരുന്നു. കുണ്ടോട്ടിയിലെ കല്യാണപ്പാട്ടുകാരിയായ മാളുത്താത്തയില്‍ നിന്ന് കേട്ട വെറ്റിലപ്പാട്ടിലെ ഏതാനും വരികള്‍
(ഇശല്‍  ചായല്‍ മുറുക്കം)

ബഹുമാന സഭയില്‍ വെച്ചിടും വെറ്റില
ബഹുജോറില്‍ തിന്ന് രസിച്ചിടും വെറ്റില
വട്ടൊത്ത തട്ടില്‍ വെക്കും തളിര്‍ വെറ്റില
വര്‍ണ്ണനാ ബഹുമെച്ചം പച്ചവെറ്റില


ഒപ്പനയുടെ വേഷത്തില്‍ അതതു നാട്ടിലെ പരമ്പാരഗത വേഷങ്ങളുടെയും  ആഭരണങ്ങളുടെയും മാപ്പിളത്തനിമ കാണാം. കസവു പുള്ളികളുള്ള കള്ളി തുണിയും പുള്ളിയുള്ള തട്ടവും ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന പുള്ളിയുടെ വ്യത്യാസമനുസരിച്ച് വിവിധ പേരില്‍ അറിയപ്പെടുന്നുണ്ട്. കള്ളിയിലെ പുള്ളി, അമാടപ്പുള്ളി എന്നിവ ഇതില്‍ പെടാത്തതാണ്. സമ്പന്നരായ സ്ത്രീകള്‍ ധരിച്ചിരുന്നതാണ് മത്താവി. (കസവ് തുന്നിപ്പിടിപ്പിച്ചത്.) ഇവയ്ക്കുശേഷമാണ് വെള്ളക്കാച്ചി തുണിയുടെ കളര്‍ നൂലുകൊണ്ട് വീതിയില്‍ തുന്നിയ വെള്ളക്കുപ്പായവും നിലവില്‍ വന്നത്. ചിറ്റ്, കുമ്മത്ത്, തോട, മിന്നി, മണിക്കാത്, അന്‍തോടിക്കാതില, വൈരക്കാതില, പൂക്കാതില എന്നിവ കാതിലും കൊരലാരം, ഉള്ളക്ക കൊലരാലം തുടങ്ങിയവ കഴുത്തിലും ചങ്കോലസ്സ്, പരന്നോലസ്സ്, കല്ലുമണി, പതക്കം, മുല്ലപ്പൂമാല, ചക്രമാല, ദസ്‌വിമാല എന്നിവ മാറിലും അന്നണിഞ്ഞിരിരുന്നു. ഇങ്ങനെ തുടങ്ങുന്ന വേഷവിധാനത്തില്‍ ഒരു സമുദായത്തിന്റെ യഥാര്‍ത്ഥ ചിത്രം പറഞ്ഞുതരുന്നു. ഒരു സാംസ്‌കാരിക പാരമ്പര്യം ഒപ്പനയുടെ വേഷവിധാങ്ങളില്‍ ഒളിച്ചു കിടക്കുന്നുണ്ട്. യഥാര്‍ത്ഥ മാപ്പിളമാര്‍ ആരായിരുന്നു എന്തായിരുന്നു എന്ന സംഭാഷണമാണ് ഈ വേഷ വിധാനങ്ങളില്‍ പ്രതിഫലിക്കുന്നത്.
തിരുവാതിരക്കളിയിലും മാര്‍ഗം കളിയിലും പതിഞ്ഞ ശബ്ദത്തിലാണ് കൈകൊട്ടുന്നത്. എന്നാലൊപ്പനയിലും കല്യാണപ്പാട്ടുകളിലും പ്രധാന താളം കൈകൊട്ടുന്നതിന്റെ വ്യതിയാനമാണ്.

കോല്‍ക്കളി
കോല്‍ക്കളിക്ക് മത വംശീയമായൊരു പശ്ചാത്തലമില്ല. ലോകത്തെവിടെയുമുള്ള നാടോടി ജനവിഭാഗങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ കിട്ടാവുന്ന ഉപകരണം എന്ന രീതിയില്‍ കോലുകള്‍ കൂട്ടിയടിച്ചുണ്ടാക്കിയ കലാരൂപം ആഫ്രിക്കന്‍ ആദിമ നിവാസികള്‍ക്കിടയിലും ദക്ഷിണ അമേരിക്കന്‍ ആദിമ നിവാസികള്‍ക്കിടയിലും സംഗീത പ്രകടനത്തിനിടയില്‍ മരക്കമ്പുകള്‍ കൂട്ടിയടിക്കുന്നത് പുതുമയൊന്നുമല്ലെന്ന് പറയപ്പെടുന്നു. മലബാര്‍ പ്രദേശത്ത് പുലയര്‍, തിയ്യര്‍, വേട്ടുവര്‍ തുടങ്ങിയ ജാതിക്കാര്‍ക്കിടയില്‍ കോല്‍ക്കളി പണ്ടുമുതലേ പ്രചാരത്തിലുണ്ടായിരുന്നുവത്രെ. കേരളത്തിലെ വിഭിന്ന ജാതിവിഭാഗങ്ങളില്‍നിന്ന് മത പരിവര്‍ത്തനം നടത്തിയവര്‍ മാപ്പിള എന്ന ഏക സാമൂഹികതയില്‍  സമന്വയിക്കപ്പെട്ടതില്‍ പിന്നെയും പൂര്‍വ ജാതി സമൂഹങ്ങളുടെ കലാരീതികളും മറ്റും പൂര്‍ണ്ണമായുും തിരസ്‌കരിച്ചില്ല. അതിനാല്‍ അവരുടെ കലാ സമ്പ്രദായങ്ങളെ മാപ്പിള വംശീയതയിലേക്ക് കൂട്ടിച്ചേര്‍ത്തു. അത്തരമൊരു കൂട്ടിച്ചേര്‍ക്കലാണ് കോല്‍ക്കളിയുടെത്. ഇതാണ് പൊതുവെ ജനസ്സമൂഹത്തിന് കോല്‍ക്കളിയെപ്പറ്റിയുള്ള കാഴ്ച്ചപ്പാട്. സാദൃശ്യമുള്ള ഒരുപാട് കലാരൂപങ്ങള്‍ വിവിധ ജാതികള്‍ക്കിടയിലും ഗോത്രങ്ങള്‍ക്കിടയിലും നിലവിലുണ്ടാകാം. കലാരൂപത്തിന്റെ തനിമയിലും സാമൂഹികതയിലുമാണ് അവ മറ്റുള്ളതില്‍ നിന്ന് വ്യതിരിക്തമാകുന്നുത്. ദ്രുതചടുലമായ താളപ്പെരുപ്പങ്ങള്‍ ആയാസരഹിതമായ ചുവടുവെപ്പിന്റെയും മെയ്‌വഴക്കത്തിന്റെ സാന്നിദ്ധ്യം, മാപ്പിളപ്പാട്ടിന്റെ രംഗ പശ്ചാത്തലം, എന്നിവയാണ് കോല്‍ക്കളിയുടെ മാപ്പിള മാനം സ്വരൂപിക്കുന്ന ഘടകങ്ങള്‍. 
ഹരിജന്‍, നായര്‍ വിഭാഗങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മാപ്പിള കോല്‍ക്കളി. മാപ്പിള കോല്‍ക്കളിയില്‍ തന്നെ വ്യത്യസ്തമായ രണ്ടു ശൈലികളുണ്ട്. തീരപ്രദേശങ്ങളായ വടകര, തിക്കോടി, കോഴിക്കോട്, ബേപ്പൂര്‍, ഫറോക്, ചാലിയം, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള താളക്കളി എന്ന ഒരിനവും മലബാറിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലും മലപ്പുറം ജില്ലയില്‍ പൊതുവായും പ്രചാരത്തിലുള്ള കുരിക്കളും കുട്ടികളും മറ്റൊരിനവും.

കുരിക്കളും കുട്ടികളും : കഴുത്തില്‍ ഉറുമാന്‍ കെട്ടി കള്ളിമുണ്ടുടുത്ത് അരക്കു ചുറ്റും ഉരുക്കള്‍ അണിഞ്ഞാണ് ഇതവതരിപ്പിക്കുക. കുരിക്കള്‍ ശിഷ്യരായ കുട്ടികളോടൊപ്പം കളിക്കുകയും വായ്താരികള്‍ പറയുകയും ചെയ്യുന്നു. വീരരസപ്രധാനങ്ങളായ മാപ്പിളപ്പാട്ടുകളും കെസ്സുപ്പാട്ടുകളുമാണ് ഇതില്‍ പാടുന്നത്. അര്‍ത്ഥപൂര്‍ണ്ണമായ  വായ്ത്താരികളുടെ കുറവ് ഇതിന്റെ ന്യൂനതയാണ്. താളവട്ടങ്ങള്‍ താളാത്മകമാവുകയോ ശാസ്ത്രീയമാവുകയോ ചെയ്യുന്നില്ല. കളിയിലെ ചലനങ്ങള്‍ മാറുന്നതിന് മുമ്പ് ഓര്‍മ എന്ന് പറഞ്ഞ് ശിഷ്യന്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. വായ്ത്താരികള്‍ക്കനുസൃതമായാണ് കളികള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

താളക്കളി : അര്‍ത്ഥപൂര്‍ണ്ണമായ താളവട്ട വായ്താരികള്‍ ഉള്‍ക്കൊള്ളുന്നതാണിത്. മനോഹരമായ ചലനങ്ങളും താളാത്മകമായ കോല്‍മുട്ടുകളും ഇതിനെ ഹൃദ്യമാക്കുന്നു. തച്ചോളിക്കളി കടത്തനാടന്‍ കളിയില്‍ നിന്നാണെങ്കില്‍ ഇതിന്റെ ഉത്ഭവം മാപ്പിളക്കളരിയില്‍ നിന്നാണ്.
കോലുകള്‍: മൂപ്പെത്തിയ പന, കവുങ്ങ്, എന്നിവയുടെ തടികൊണ്ടാണ് ഇത് നിര്‍മിക്കുന്നത്. കൈപിടിയുടെ താഴെ ചിലമ്പുകള്‍ നില്‍ക്കത്തക്ക രീതിയിലാണ് നിര്‍മാണം. കോലുകള്‍ പിടിക്കുന്ന ഭാഗത്ത് നിന്നും എതിര്‍ഭാഗത്തേക്ക് വരുന്തോറും വണ്ണം കുറഞ്ഞുവരുന്നു.

അംഗ സംഖ്യ: എട്ടോ പത്തോ, പന്ത്രണ്ടോ പതിനാറോ അംഗങ്ങള്‍ ഉണ്ടാകും. താളവട്ടങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ സംഖ്യ പതിനാറാണ്. കോലുകളി, കോലടിക്കളി, കോലടി വെട്ടുംതട, നാടന്‍ കളി, തോട്ടക്കളി എന്നിവ കോല്‍ക്കളിയുടെ ഇനങ്ങളാണ്. മാപ്പിളക്കോല്‍ക്കളി പദംപദമായി പിരിമുറുക്കിപ്പോരുന്ന അഞ്ച് അടക്കങ്ങള്‍ അഥവാ ഘട്ടങ്ങള്‍ ഉണ്ടാകും. ഇതില്‍ കളിക്കാര്‍ അനുനിമിഷമെ ന്നോണം സഥാനം മാറിക്കൊണ്ടാണ് കളിക്കുക. ഇങ്ങനെ സ്ഥാനം മാറിക്കളിക്കുന്നതിനെ കോര്‍ക്കല്‍ എന്നുപറയുന്നു. അടക്കം കളിച്ചവസാനിപ്പിക്കുന്നതിന് അടക്കം വെക്കല്‍ എന്ന് പറയുന്നു. ഓരോ ഘട്ടത്തിനും പൊതുവായ തുടക്കത്താള വായ്ത്താരി അടക്കത്താള വായ്ത്താരികളുമുണ്ട്. വായ്ത്താരികളുടെ വ്യത്യാസമനുസരിച്ച് ചെറുകളി, ചെറിയ താളം കളി, വലിയ താളം കളി, ചെറിയ ഒഴിച്ചളിമുട്ട്, വലിയ ഒഴിച്ചളിമുട്ട്, മുന്നടി നേരെ മാറല്‍, കടും കടുത്തയ്, അന്ന്കളി എന്നിങ്ങനെയുള്ള അടക്കങ്ങളായാണ് കളിയെ തരം തിരിച്ചത്. ഓരോ വട്ടപ്പാട്ടോടുകൂടിയാണ് ഓരോ അടക്കവും തുടങ്ങുന്നത്. വട്ടത്തില്‍ നിന്ന് പാടുകയും മറ്റുള്ളവര്‍ 1 ,2 ,3  1,2,3 താളക്രമത്തില്‍ സാവകാശം കോലുകള്‍ മുട്ടി അതേറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ അവസാനം പല്ലവി ആവര്‍ത്തിക്കുമ്പോള്‍ മുട്ടുകള്‍ക്ക് വേഗത കൂട്ടിക്കൊണ്ട് (ഗമ്മത്ത്) നിര്‍ത്തുന്നതോടെ ഒരടക്കത്തിന്റെ ആരംഭമായി. ചാഞ്ഞടികളുടെ വായ്താരികള്‍: 1 ചാഞ്ഞടി, ചാഞ്ഞടി നേരെ ബൈക്കളിമാറ്, അവിടെത്തെറ്റിക്കോല്‍ മറുകോല്‍, മറുപുറം ചാഞ്ഞോ, ചാഞ്ഞോ, നേരെ ബൈക്കളിമാറ് അവിടെക്കളിച്ചോ ചൊറത്തടി.
2. രണ്ടാമത്തെ ചാഞ്ഞടിയില്‍ നേരെ ബൈക്കളിമാറ് എന്നതിന് പകരം ബൈക്കളി മില്‍ക്കളി നേരെ ബൈക്കളിമാറ് എന്ന താളമാണ് കളിക്കുന്നത്.
3. ബൈക്കളിമില്‍ക്കളി ഒയ്ച്ചടിതെറ്റിക്കോല്‍ നേരെ ബൈക്കളിമാറ് എന്നതാകുന്നു.
4. മൂന്നാമത്തേതിലെ ഒയ്ച്ചടി തെറ്റിക്കോലിന് ശേഷം അവിടെ മിന്‍ഫോ മിന്‍ഫോ നേരെ കൊടുത്തോപോ നേരെ ബൈക്കളിമാറ് എന്ന ഗുരുക്കളുടെ ആജ്ഞയനുസരിച്ച് കളിക്കുന്നു. കോല്‍ക്കളിയില്‍ ഏറനാടന്‍ കടത്തനാടന്‍ എന്നീ രണ്ടുതരമുണ്ട്. ഏറനാടന്‍ കളിക്കാര്‍ വര്‍ണ്ണപ്പകിട്ടുള്ള വസ്ത്രമണിയുമ്പോള്‍ കടത്തനാടന്‍ കളിക്കാര്‍ ഇതത്ര ഗൗനിക്കാറില്ല.

ചെറിയ താളവും വലിയ താളവും തമ്മിലുള്ള വ്യത്യാസം: മിന്‍കളിയുടെയും കളിച്ചോളിയുടെയും വായ്താരികളുടെ ദൈര്‍ഘ്യം കണക്കിലെടുത്താണ് ഇതിന്റെ വ്യത്യാസം മനസ്സിലാാക്കുക. ചെറിയ താളംകളിയുടെ മിന്‍കളി മിന്‍കളിമിന്‍കളി-മുന്നോട്ടൊഴിച്ചോ- അവിടെ ഒഴിഞ്ഞോ മറിഞ്ഞടി തടുത്തോ തടവ് എന്നാണ്. അതുപോലെ ചെറിയ താളം കളിയിലെ കളിച്ചോ കളിയില്‍ കളിച്ചോ കളിച്ചോ ഒയ്ച്ചടി താളം തക്‌റത തക്‌റത തിത്തെ എന്ന വായ്താരി അവതരിപ്പിക്കുമ്പോള്‍ വലിയ താളം കളിയില്‍ അവതരിപ്പിക്കുന്നത് കളിച്ചോ കളിച്ചോ ഒറ്റത്താളം തീത തിമിത ചില്ലത്തൈ തടുത്തോ എന്ന താളമാണ്. ഇതുപോലുള്ള വ്യത്യാസങ്ങള്‍ ചെറിയ ഒഴിച്ചടി മുട്ട്, വലിയ ഒഴിച്ചടി മുട്ട്, മൂന്നടി നേരെ മാറ്, കുടുകുടുത്തെയ്, അന്ന്കളിയിലെ താളങ്ങളിലും പ്രകടമാണ്. ഇതിലെ കളിച്ചോ കളിയിലെ താളവട്ട വായ്താരികളുടെ വ്യത്യാസമനുസരിച്ചാണ് അടക്കങ്ങള്‍ക്ക് ഇത്തരം പേരുകള്‍ നല്‍കിയിട്ടുള്ളത്. ചെറിയ ഒഴിച്ചളി മുട്ട് ത്താ എന്ന വായ്താരി ഒരു പ്രാവശ്യം കുരിക്കള്‍ ഉരുവിടുമ്പോള്‍ വലിയ ഒഴിച്ചളിമുട്ടില്‍ അത് മൂന്ന് തവണ ഒന്നിച്ചാവര്‍ത്തിക്കുന്നു. കോല്‍ക്കളിയിലെ ഏറ്റവും വേഗത കൂടിയ ചലനങ്ങളാണ് ഒയ്ച്ചടിയില്‍ അവതരിപ്പികുന്നത്. കുഞ്ഞിമുഹമ്മദ് ഗുരുക്കളെ ക്കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളില്‍ പെട്ട പരേതനായ ബീച്ചിക്കോയ ഗുരുക്കള്‍ കേരള സംഗീത അക്കാദമിയുടെ ജേതാവായ ഫറോക്കിലെ അബ്ദു കുരിക്കള്‍, ഈയിടെ മിനായി ദുരന്തത്തില്‍ അന്തരിച്ച കോഴിക്കോട്ടെ മമ്മദ് കോയ ഗുരിക്കള്‍, ചാലിയത്തെ ഇമ്പിച്ചിക്കോയ ഗുരിക്കള്‍, ആലിക്കുട്ടി ഗുരിക്കള്‍ തുടങ്ങിയവര്‍ താളം കളി പ്രചാരകരില്‍ പ്രസിദ്ധമാണ്.

ദഫ്, അറവന
രാജ കൊട്ടാരങ്ങളിലും മാപ്പിളമാര്‍ നടത്താറുള്ള കലാപ്രകടനത്തിലും ദഫ് കളി പ്രധാന ഇനമായിരുന്നു. കൈ കൊണ്ട് താളം മുട്ടി താളത്തിനൊപ്പിച്ച് താണും പൊങ്ങിയും ചുവടുവെച്ചും നാലുവശത്തേക്കും ചരിഞ്ഞാടുന്ന രീതിയിലാണിത്. അറേബ്യയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത പ്രവാചക ശ്രേഷ്ഠനെ മദീനയിലെ അന്‍സാരി വനിതകള്‍ ദഫ് മുട്ടിയാണ് സ്വീകരിച്ചത്. പെരുന്നാളുകളിലും വിജയാഹ്ലാദ വേളകളിലും മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായി അംഗീകരിക്കപ്പെട്ടിരുന്ന കലാരൂപമായിരുന്നു ദഫ്.
ദഫിന്റെ മറ്റൊരു രൂപഭേദമാണ് അറവന. ഇതിന്റെ വാദ്യോപകരണത്തിന് ദഫിനേക്കാള്‍ വ്യാസമുണ്ട്. ചുറ്റിനും ചിലമ്പുകള്‍  ഘടിപ്പിച്ചിരിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. അറവനയുടെയും ദഫിന്റെയും വാദ്യോപകരണം മൃഗത്തിന്റെ ചര്‍മം കൊണ്ടാണെങ്കിലും അറവനക്ക് ആട്ടിന്‍ തോലും ദഫിന് മാട്ടിന്‍ തോലുമാണ് നിര്‍മിക്കുന്നത്. കാണികളെ വിസ്മയ ചിത്തരാക്കുന്ന ഈ കലാരൂപം അതിസമര്‍ഥമായി കളിക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗത്തുമുണ്ട്. കണ്ണൂര്‍, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ അത്താഴം ഉണര്‍ത്താന്‍ അറവന മുട്ടി പാട്ടുപാടുക പതിവായിരുന്നു. കളിക്കാര്‍ രണ്ടായിപിരിഞ്ഞ് അഭിമുഖമായി അടുത്തിരിക്കുന്നു. സംഘത്തലവന്‍ മാപ്പിളപ്പാട്ടുകള്‍ ശ്രുതി മധുരമായി പാടുന്നതിനനുസരിച്ച് കളിക്കാര്‍ അറവനയില്‍ മുട്ടി താളം പിടിക്കുകയും പാട്ടുകാര്‍ ഏറ്റുപാടുകയുംചെയ്യുന്നു. മാത്രമല്ല, തനിക്കഭിമുഖമായി നില്‍ക്കുന്ന കളിക്കാരന്റെ കൈതണ്ട, മൂക്ക്, തോള് തുടങ്ങിയ ശരീരഭാഗങ്ങളില്‍ തട്ടിയും ഉരസിയും എല്ലാം താളത്തിനൊത്ത് ഒപ്പം ശബ്ദമുണ്ടാക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അറബികള്‍ അവരുടെ നാടന്‍പാട്ടുകള്‍ക്കും നൃത്ത രൂപങ്ങള്‍ക്കും താള വാദ്യമായി അറവന ഉപയോഗിച്ചിരുന്നു. യുദ്ധവിളംബരമായും മരുഭൂമിയിലെ ഏകാന്തതയില്‍ ഒറ്റപ്പെട്ടുപോയവരെ ഒന്നിപ്പിക്കാനുള്ള ഉപാധിയായും സംഘം ചേര്‍ന്ന് മുട്ടുക പതിവായിരുന്നു. വെറും വിനോദോപാധികള്‍ മാത്രമായ ഒപ്പന, കോല്‍ക്കളി എന്നീ മാപ്പിളകലകളില്‍ നിന്ന് വ്യത്യസ്തമാണ് അറവനയും ദഫും. ഭക്തിപ്രസ്ഥാനങ്ങളുമായി (ത്വരീഖത്ത്) ബന്ധപ്പെട്ടുകൊണ്ടാണ് മലബാറില്‍ ഇവ രണ്ടിന്റെയും ആവിര്‍ഭാവം. കൂട്ട മരണം വിതക്കുന്ന വസൂരി പോലുള്ള രോഗങ്ങളെ നാടിന്റെ നാലതിരുകള്‍ കടത്തിവിടാന്‍ അറവന മുട്ടി രാത്രികാലങ്ങളില്‍ ആളുകള്‍ സംഘമായി നടക്കലും രോഗം മാറിയ വീടുകളില്‍ ശുദ്ധി കര്‍മമായി രിഫാഇ റാത്തീബ് കഴിക്കലും മറ്റും അന്നത്തെ പതിവായിരുന്നു. അറവനമാടാന്‍ ഇതിനെ ആട്ടിന്‍ തോലോ ചെറിയ മൂരിക്കുട്ടന്റെ തോലോ മാത്രമാണ് ഉപയോഗിക്കുക. ആട്ടിന്‍ തോല്‍ ഒന്നോ രണ്ടോ അറവനക്കെ തികയൂ. നിലത്ത് കുറ്റിയടിച്ച് നല്ലപോലെ നിവര്‍ത്തി വലിച്ചുകെട്ടി ഉണക്കിയ തോല്‍ ഊറക്കിട്ട് രോമം കളഞ്ഞ ശേഷം വെള്ളത്തിലിട്ട് കുതിര്‍ത്താണ് ഓരോ അറവനക്കും ആവശ്യമായ വലിപ്പത്തിലുള്ള കഷ്ണങ്ങള്‍ മുറിച്ചെടുക്കുന്നത്. പരമാവധി വലിച്ചുകെട്ടിയാല്‍ മാത്രമേ നാദം നന്നാവൂ. കുറ്റിയില്‍ തോല്‍ മാടുന്നത് പനിച്ചിക്കായി പശ ഉപയോഗിച്ചാണ്. മുറാദീ യാ മുറാദീ യാ മുറാദീ......എന്ന ആച്ചല്‍ മുട്ടിലാണ് മുട്ട് തുടങ്ങുന്നത്. ആച്ചല്‍ ആദ്യം വലത്തോട്ട് ഇരുകാലുകള്‍ മടക്കിയിരുന്ന് ഇടതുകൈയില്‍ ഇടതുകാലിനുമുകളിലായി  പിടിച്ച അറവന വലതുവശത്തേക്ക് വലത്തെ കാലിന്റെ മുകളിലേക്ക് താഴ്ത്തി വീശണം. അറവനയുടെ മധ്യത്തില്‍ അടിച്ചാല്‍ നാദം കിട്ടുകയില്ല എന്നുമാത്രമല്ല, തോല്‍ വേഗം തളരുകയും ചെയ്യും.
ലക്ഷദ്വീപ് വഴി പുനരവതരിച്ച ദഫ്മുട്ടിനെ മറ്റു മത വിഭാഗങ്ങളിലെ ദഫ് മുട്ടുമായുള്ള താരതമ്യ പഠനത്തിന് അനുയോജ്യമല്ല. നിയമിതവും ലിഖിതവുമായ ഒരു നിയമാവലി നിയമമായംഗീകരിക്കുകയല്ലാതെ വഴിയില്ല. നബി(സ) തിരുമേനിയുടെ കാലത്തുതന്നെ ആഘോഷാവസരങ്ങളിലും മറ്റും പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാടിയതിന് ചരിത്ര സാക്ഷ്യങ്ങളുണ്ട്. ആവേശ ഭരിതമായ ചുവടുകളാലും ഗഹനമായ ആശയതലത്തിലും ദഫ് മുട്ട്, അറവന തുടങ്ങി കലാരൂപങ്ങള്‍ക്ക് ഒരു പുനര്‍ജന്മം കൊടുത്തത് മാപ്പിളമാര്‍ തന്നെയാണ്.

കളരിപ്പയറ്റ് പരിചമുട്ട് കളി
കേരളത്തില്‍ കളരിയവതരിപ്പിച്ചത് മാപ്പിളമാര്‍ എന്നാണ് പറയപ്പെടുന്നത്. ഉത്തര തുളു നാട്ടിലെ കര്‍ണ്ണാട്ടിക് നവാബുമാരുടെ സൈനികരുടെ ഒരു വിഭാഗം കായികാഭ്യാസത്തില്‍ അതിവൈദഗ്ധ്യം നേടിയവരായിരുന്നത്രെ. പന്ത്രണ്ടാം നൂറ്റാണ്ടോടെ മുസ്‌ലിംകള്‍ കേരളക്കരയില്‍ വ്യാപിച്ചുതുടങ്ങിയതോടെ ഈ ആയുധക്കളരിയും നിലവില്‍ വന്നു എന്ന് കണക്കാക്കുന്നു. ഖുറാസാനിലെയും ദമസ്‌കസിലേയും യോദ്ധാക്കള്‍ ധരിക്കുന്ന കളരി ആയുധങ്ങളും സൈനിക മുദ്രകളും മാപ്പിളക്കലകളില്‍ കാണുന്നുണ്ട്. കളരിക്ക് കേരള മുസ്‌ലിംകളുടെ സംഭാവന കനപ്പെട്ടതാണ്. ആയിരം വര്‍ഷത്തെ പഴക്കമുള്ള കേരളത്തിന്റെ കളരി പാരമ്പര്യത്തിന് മുസ്‌ലിംകള്‍ വന്നതോടെ വലിയ വികാസം ഉണ്ടായി. പൊന്നാനി അത്തര്‍ ബാപ്പു ഗുരിക്കള്‍, വീരാന്‍കുട്ടി ഗുരിക്കള്‍, ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരിക്കള്‍ തുടങ്ങിയവര്‍ കളരി വിദ്വാന്‍മാരാണ്, കോഴിക്കോട്, പുതിയപറമ്പ്, ചെലവൂര്‍, തളിപ്പറമ്പ് തുടങ്ങിയവയെല്ലാം കളരി അഭ്യാസ കേന്ദ്രങ്ങളായി അറിയപ്പെടുന്നു. ചെലവൂരിലെ ചൂരക്കൊടി കളരി സംഘത്തിന് ഇന്ന് അനേകായിരം ശാഖകളുണ്ട്. കളരി അഭ്യസിക്കുന്നവരെ തെക്കന്‍ കേരളത്തില്‍  ആശാനെന്നും വടക്കന്‍ കേരളത്തില്‍ ഗുരുക്കള്‍ എന്നുമാണ് അറിയപ്പെടുന്നത്. മാപ്പിളമാരില്‍ ഉസ്താദ് എന്നും അറിയപ്പെടുന്നു. ഉസ്താദിന്റെ കൈ വന്ദനം നടത്തി സ്വലാത്ത് ചൊല്ലിയാണ് തുടങ്ങുക. മെയ് അഭ്യാസത്തോടുകൂടിയാണ് കളരിയഭ്യാസത്തിന് തുടക്കമിടുന്നത്. ഉസ്താദിന്റെ സാന്നിധ്യത്തില്‍ മുട്ടിറക്കമുള്ള ഒരു ഉടുപ്പോ ലംഗോട്ടിയോ കെട്ടി എണ്ണയിട്ടും അമര്‍ച്ചയും ഞെരുക്കലും കൈകുത്തി പയറ്റും വഴി ശരീരത്തെ വഴക്കിയെടുക്കലാണ് മെയ്പ്പയറ്റ്. തുടര്‍ന്ന് ചുവടുകളും കൈത്തല്ലും പിടിമുറകളും ഒഴിമുറകളും വടി, കത്തി, വാള്‍, ഉറുമി പ്രയോഗങ്ങളും പരിശീലിക്കുന്നു. മെയ് പയറ്റിന് ശേഷം കോല്‍ത്താരിയങ്കവും അങ്കത്താരിയും വെറുംകൈ പരിശീലനവും നടത്തുന്നു. ഒറ്റ പയറ്റുന്നതോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം അവസാനിപ്പിക്കുന്നത്. മരം കൊണ്ട് നിര്‍മിച്ച തുമ്പിക്കൈ പോലുള്ള ആയുധം കൊണ്ട്  ഒരാളും കുറുവടികൈാണ്ട് മറ്റൊരാളും തമ്മില്‍ നടത്തുന്ന പോരാട്ടമാണിത്. നല്ല കൈ തഴക്കവും കണ്ണിന്റെ കൂര്‍മ്മതയും ചുവടുകളിലെ മനപ്പാഠവുമാണ് ഒറ്റപ്പയറ്റിന്റെ അടിസ്ഥാന യോഗ്യത. കളരിപ്പയറ്റ് നാലായി തരം തിരിച്ചിരക്കുന്നു. മൈത്തോഴക്കോല്‍ താരി, അങ്കത്താരി, വെറും കൈ മുറം എന്നിവ ഇതില്‍ പെട്ടതാണ്.

ഇതര കലകള്‍
ചീനിമുട്ട്, ഗുസ്തി, റമ്മടി തുടങ്ങിയവയും മാപ്പിള കലകളില്‍ ഉള്‍ക്കൊള്ളുന്നവയാണ്. ആണ്ടുനേര്‍ച്ചകളോടനുബന്ധിച്ചാണ് ചീനിമുട്ട് (മുട്ടുംവിളി) എന്ന മേള വാദ്യസംഗമം അരങ്ങേറുന്നത്. ഉത്സവനാളില്‍ പഞ്ചവാദ്യത്തിനുള്ള സ്ഥാനമാണ് നേര്‍ച്ചകളില്‍ ഇതിനുള്ളത്. വാദ്യോപകരണങ്ങളുടെ കൂട്ടായ്മയാണ് ഇതിന്റെ വിജയം. തകില്‍, മദ്ദളം, ഇലത്താളം, രണ്ടു കുഴലുകള്‍, എന്നിവ പഞ്ചവാദ്യങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍, ചെണ്ട (ഒറ്റ), ചെറിയ ചെണ്ട (മുരശ്), ചീനി (കുഴല്‍) എന്നിവയാണ് മുട്ടുവിളിക്കാനുള്ള ഉപകരണങ്ങള്‍. മുട്ടുംവിളി മാപ്പിള ഷഹനായ് എന്നീ പേരിലും ഇത് അറിയപ്പെടുന്നു. കൊണ്ടോട്ടി, മോങ്ങം, കരുവന്‍തിരുത്തി, തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്ന നേര്‍ച്ചകള്‍ക്ക് താളക്കൊഴുപ്പേകുന്നത് ഈ കലാരൂപമാണ്.
മാപ്പിളമാര്‍ക്ക് തങ്ങളുടെ പൂര്‍വികരില്‍ നിന്ന് പൈതൃകമായി ലഭിച്ച മറ്റൊരു കലയാണ് ഗുസ്തി.  വലുപ്പത്തിലുള്ള ഡ്രമ്മുകളുപയോഗിച്ച് നടത്തുന്ന കലാപ്രകടനമെന്ന രീതിയില്‍ റമ്മടി മാപ്പിളമാര്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നു. ഗ്രീക്ക് സമൂഹങ്ങളിലും മറ്റും ഇതിനോട് സമാനതയുള്ള നൃത്ത രൂപം ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന ഹരികഥാകാലക്ഷേപം എന്ന പുരാണ കഥാഖ്യാന സമ്പ്രദായത്തിന്റെ നവീകരണമായ കഥാപ്രസംഗം പിന്നീടു കേരളത്തിന്റെ സ്വന്തം കലയായി മാറി. ഈ കഥാ കഥനങ്ങളോടും ചരിത്രത്തോടും അഭിനിവേശമുള്ള മാപ്പിളമാര്‍ വൈകാതെ ഏറ്റെടുത്തു. കഥാപ്രസംഗം വ്യാപകമാക്കുന്നതിന് മുമ്പേ ബദ്‌റും ഉഹ്ദും ഖിസ്സ പാടിപ്പറയുന്ന സദസ്സുകള്‍ മലബാറിലെ മാപ്പിളഗ്രാമങ്ങളിലുമുണ്ടായിരുന്നു. കഠിനമായ മാപ്പിളകാവ്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവും വിധം കഥചേര്‍ത്ത് അര്‍ത്ഥം വെച്ചുപറയലായിരുന്നു അത്. ഇന്ന് ഇസ്ലാമിക ചരിത്ര കഥാകഥനത്തിലൂടെ ഹരികഥാ കാലക്ഷേപത്തെ മാപ്പിളമാര്‍ തങ്ങളുടെതാക്കി പരിഷ്‌കരിച്ചു. കഥപറയല്‍, പാട്ടുപാടല്‍ രീതി എന്നിവ മോയിന്‍ കുട്ടി വൈദ്യരുടെ പടപ്പാട്ടുകളെയും ഇശലുകളെയും ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഖിസ്സപാടി പറയുക എന്നതില്‍ മത പ്രഭാഷണപരമായ വഅളിന്റെയും ജനകീയകലയായ പാട്ടിന്റെയും താളം പുലരുന്നു. പൊതു കഥാപ്രസംഗത്തില്‍ നിന്ന് ഇസ്‌ലാമിക കഥാപ്രസംഗത്തില്‍ പറയുന്ന രീതിയിലും സ്വീകരിക്കുന്ന വിഷയത്തിലും പശ്ചാത്തല സംഗീതത്തിലും പാട്ടിന്റെയും പ്രസംഗത്തിന്റെയും ഈണ രീതികളിലും മാപ്പിളമാര്‍ സ്വീകരിക്കുന്ന വ്യത്യസ്തതകള്‍ സ്വീകരണത്തിന്റെയും നിരാകരണത്തിന്റെയും നല്ല ഉദാഹരണമാണ്.
കാലിഗ്രഫി, ശില്‍പ നിര്‍മാണം എന്നിവയിലുള്ള കലാവൈഭവം മാപ്പിളമാര്‍ക്കിടയില്‍ നമുക്ക് കാണാവുന്നതാണ്. കലിഗ്രഫി എന്ന എഴുത്തുകലയെ കേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് മാപ്പിളമാരാണ്. കോല്‍ക്കളിയും ഒപ്പനയും ദഫും മാത്രമല്ല മാപ്പിള കലകള്‍ എന്ന് ഓര്‍മിപ്പിക്കുകയാണ് കലിഗ്രഫിയിലും ശില്‍പ നിര്‍മാണത്തിലും മാപ്പിളമാരുടെ പ്രാവീണ്യം. ഭൂമിയിലെ മരങ്ങള്‍ മുഴുവന്‍ പേനകളും കടലുകള്‍ മുഴുവന്‍ മഷിയായും എഴുതിയാല്‍ തീരുന്നതല്ല അല്ലാഹുവിന്റെ വചനങ്ങള്‍. ദിവ്യചൈതന്യത്തെ ആവിഷ്‌കരിക്കുന്നതിലൂടെ രൂപരഹിതമായതിന്റെ രൂപമന്വേഷിക്കുകയാണ് കലിഗ്രഫി.
തിരുവനന്തപുരം, വളപ്പട്ടണം, എന്നിവിടങ്ങളില്‍ കലിഗ്രഫി നിലനിന്നിരുന്നു. കേരളീയ കൈയെഴുത്തുകലയെ ഏറ്റവും സ്വാധീനിച്ചത് പേര്‍ഷ്യന്‍ കലാകാരന്‍മാരാണ്. അറബി കൈയെഴുത്ത് കലക്ക് കേരളത്തിന്റെ തനതു സംഭാവനയാണ് പൊന്നാനി അറബി.  കേരളീയരെ അറബി ഭാഷയും ഖുര്‍ആനും പഠിപ്പിക്കുന്നതിന്റെ ഭാഗമായി പൊന്നാനിയില്‍ രൂപം കൊണ്ട ലിപിയാണ് പൊന്നാനി ലിപി എന്നറിയപ്പെടുന്നത്. അറബിയില്‍ സാമാന്യ ജ്ഞാനം മാത്രമുള്ളവര്‍ക്കും വായിക്കാന്‍ പാകത്തിലുള്ള അധികം അലങ്കാരങ്ങളില്ലാത്ത അക്ഷര വിന്യാസമാണ് ഇതിന്റെ പ്രത്യേകത. കട്ടിയുള്ള കോണിയ അക്ഷരങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ശില്‍പ ശൈലിയില്‍ മുസ്‌ലിംകള്‍ സാമാന്യ നാടന്‍ കേരളീയ തച്ചു ശാസ്ത്ര മാതൃകകള്‍ സ്വീകരിച്ചു. പെരിങ്ങത്തൂരിലോ കൊടുങ്ങല്ലൂരിലോ മമ്പുറത്തോ ഉള്ള പള്ളികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. എന്നാല്‍ അതേ സമയം ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ധര്‍മങ്ങളുള്ള സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ശില്‍പഘടനയില്‍ ഗണ്യമായ അന്തരമുണ്ടായിരുന്നു താനും.
കേരളീയ മുസ്‌ലിംകള്‍ ചരിത്രം കൊണ്ടും സാംസ്‌കാരിക പൈതൃകം കൊണ്ടും വേറിട്ടു നില്‍ക്കുന്നു എന്ന് മാപ്പിള കലകള്‍ വിളിച്ചോതുന്നു.

author image
AUTHOR: പി.ബി. മുബശ്ശിറ
   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)