മുസ്‌ലിം നാടക പാരമ്പര്യം വിശകലനം ചെയ്യുന്നിടത്ത് പ്രഥമമായി വിസ്തരിക്കാനുള്ളത് 1945-ലെ ഒരു ഈജിപ്ഷ്യന്‍ സായംസന്ധ്യയും അപ്പോള്‍ അവിടെ സംഭവിച്ച യാദൃഛിക സംഭാഷണ ശകലവുമാണ്.
ഇമാം ഹസനുല്‍ ബന്ന, അന്ന് പ്രശസ്തിയുടെ ഉത്തുംഗ ശൃംഗങ്ങളിലുണ്ടായിരുന്ന ഈജിപ്ഷ്യന്‍ നടന്‍ അന്‍വര്‍ വജ്ദിയെ യാദൃഛികമായി കണ്ടുമുട്ടുന്നു.
അന്‍വര്‍ വജ്ദി: ഞാനൊരു നടനാണ്. താങ്കളുടെ ദൃഷ്ടിയില്‍ കാഫിര്‍. പക്ഷേ, ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ട്. നിസ്‌കരിക്കാറുമുണ്ട്.
ഹസനുല്‍ ബന്ന ചിരിച്ചു.
'സഹോദരാ, താങ്കള്‍ അവിശ്വാസിയോ അതിക്രമിയോ ഒന്നുമല്ല. താങ്കളുടെ കലാപരമായ കഴിവും പ്രതിഭയും മുന്നില്‍ വെച്ചാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്. അഭിനയം ഹറാമല്ല. അഭിനയിച്ച് ഫലിപ്പിക്കുന്നതെന്തോ അത് ഹറാമാണെങ്കില്‍ മാത്രമാണ് അഭിനയവും ഹറാമാവുക. താങ്കളെപ്പോലുള്ള അഭിനേതാക്കള്‍ക്ക് പള്ളി ഇമാമുകളേക്കാളും മതപ്രഭാഷകരേക്കാളും ഇസ്‌ലാമിനായി സേവനം ചെയ്യാന്‍ കഴിയും.'
ഇമാം ബന്നയേയും അഭിനയ സവ്യസാചി അന്‍വര്‍ വജ്ദിയെയും അനുസ്മരിക്കുമ്പോള്‍ ഇമാം ഹസനുല്‍ ബന്ന അഭിനയ സംബന്ധമായി പറഞ്ഞുവെച്ച വചനവും എഴുതട്ടെ:
'ഹലാലുഹു ഹലാല്‍, ഹറാമുഹു ഹറാം..' ജീവിതത്തില്‍ ഹറാമായത് അഭിനയത്തിലും ഹറാം. ജീവിതത്തില്‍ ഹലാല്‍ ആയത് അഭിനയത്തിലും ഹലാല്‍.
യാദൃഛികമായാണ് ഇതെഴുതുന്നയാള്‍ 1995 അവസാനം ശാന്തപുരം ഇസ്‌ലാമിയാ കോളേജിനുവേണ്ടി ഒരു നാടകം സംവിധാനം എന്ന ദൗത്യം ഏറ്റെടുത്തത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രഥമ അമരക്കാരന്‍ ഹാജി വി.പി മുഹമ്മദലി എന്ന ഹാജി സാഹിബിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവ ബഹുലമായ ഓരോ നിമിഷങ്ങളിലൂടെ സഞ്ചരിച്ച് ഇസ്‌ലാമിക പ്രസ്ഥാന ചരിത്രം തന്നെ നവീന തിയേറ്റര്‍ മുദ്രകളുള്ള രംഗഭാഷയിലൂടെ ശാന്തപുരം വിദ്യാര്‍ഥികള്‍ അന്നവതരിപ്പിച്ചു. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ (നാടകത്തിന് ''ഹാജി സാഹിബ്'' എന്ന തലക്കെട്ട് നല്‍കിയത് ഇദ്ദേഹം), ശാന്തപുരം കോളേജിന്റെ അക്കാല സാരഥികള്‍, ബഹുമാന്യ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, എം.ടി, എം.എം കടന്നമണ്ണ, നീര്‍ക്കുന്നം ഹൈദ്രോസ് സാഹിബ് തുടങ്ങി അക്കാലം പ്രസ്ഥാന നേതൃനിരയിലുണ്ടായിരുന്ന കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെയുള്ളവര്‍ക്ക് എന്റെ നന്ദി നീളുന്നു. പ്രസ്തുതനാടകത്തിന് ശബ്ദം നല്‍കിയവരില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അവര്‍കളും ഉള്‍പ്പെടുന്നു. വേറെ എത്രയോ സുമനസ്സുകളുടെ പ്രാര്‍ഥനകള്‍.
ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ജീവിച്ചറിഞ്ഞ എല്ലാ 'നാടക ഹറാമുകളും' മാറ്റിവെച്ച് ശാന്തപുരം വിദ്യാര്‍ഥികളെ അണിനിരത്തി തയാറാക്കിയ ആ 'ഹലാല്‍' നാടക ശില്‍പം മലയാള മുസ്‌ലിം നാടക പാരമ്പര്യങ്ങളെ എണ്ണുമ്പോള്‍ തെറ്റല്ലാത്തൊരു സ്ഥാനത്ത് നില്‍ക്കുന്നതായി ഞാന്‍ അഭിമാനിക്കുന്നു. 'ഹാജി സാഹിബി'നെ പഠിക്കാന്‍ തുനിഞ്ഞ് ഇറങ്ങുമ്പോള്‍ 'നാടകത്തെ ഹറാമായി' കാണുന്ന ഒരു സമൂഹത്തെ ഞാന്‍ ഭയപ്പെട്ടു. പക്ഷേ, ഭയം അസ്ഥാനത്തായിരുന്നു. ആര്‍ക്കും ഇളക്കി എടുക്കാന്‍ ആവാത്തവിധം സുവര്‍ണമായൊരു കൊളുത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം കരളില്‍ കോര്‍ക്കപ്പെടുകയും പി.എം താജിന്റെ 'രാവുണ്ണി' അടക്കം വിവിധ രംഗഭാഷകള്‍ പ്രസ്ഥാന വേദികളില്‍ അവതരിപ്പിക്കുകയും ഇന്നും സജീവമായിരിക്കുകയും ചെയ്യുന്നു! അല്ലാഹുവിന് സ്തുതി.
കേരളീയ നവോത്ഥാന പരിശ്രമങ്ങളെ ചികയുന്നവരൊക്കെയും കമ്യൂണിസ്റ്റുകളെയും അവരുണ്ടാക്കിയ ചില നാടകങ്ങളെയും ചില കലാസമിതികളെയും വാനോളം വാഴ്ത്തി ഇന്നും ആയതിന്റെ പോരിശ മുഴക്കുന്നു. പ്രസ്തുത നാടകങ്ങള്‍ 'ആളെക്കൂട്ടി' എന്നതു ശരി. പക്ഷേ, പ്രസ്തുത 'ആള്‍ക്കൂട്ട'ത്തിന്റെ ഇന്നത്തെ ഗതി അനുസ്മരിക്കുന്നവര്‍ ആ നാടകങ്ങള്‍ കാലാതിവര്‍ത്തികളല്ല എന്നു ചിന്തിക്കേണ്ടിവരും.
1950 കള്‍ക്കും മുമ്പുതന്നെ കേരള മുസ്‌ലിം സമൂഹത്തില്‍ നാടകത്തിലൂടെ നവോത്ഥാന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നതും മതപൗരോഹിത്യം 'അപകടം' മണത്ത് നാടകത്തെ തല്ലിക്കെടുത്താന്‍ ശ്രമിച്ചു എന്നതും ആസ്ഥാന നാടക ചരിത്രകാരന്മാര്‍ എവിടെയും കുറിച്ചിടുന്നില്ല. തമിഴ് സംഗീത നാടകങ്ങളുടെ കേരളീയ രൂപ മാതൃകകളെ കമ്യൂണിസ്റ്റുകള്‍ അനുകരിച്ചപ്പോള്‍ 57 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തൊട്ട് ഇന്നത്തെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങള്‍ വരെ അവയെ പാലൂട്ടി വളര്‍ത്തുന്നു. മുസ്‌ലിം നാമധാരികളായ നാടക പ്രവര്‍ത്തകര്‍ക്ക് നല്‍കിയതോ കല്ലേറും ചീമുട്ടയും ബഹിഷ്‌കരണങ്ങളും.
1903-ല്‍ മദിരാശിയിലെ 'ഇന്ദ്രസഭാ' നാടക സംഘം കോഴിക്കോട്ട് അവതരിപ്പിച്ച നാടകത്തെ ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബ് വര്‍ണിക്കുന്നു:
മുസ്‌ലിം സമൂഹത്തില്‍ ഇന്നും കൊടികുത്തി വാഴുന്ന, വിവാഹത്തോടനുബന്ധിച്ച അനാചാരങ്ങളും സ്ത്രീധന സമ്പ്രദായങ്ങളും 'ഇന്ദ്രസഭ'ക്കാര്‍ തമിഴ് സംഗീത നാടക ശൈലിയില്‍ അവതരിപ്പിച്ചതിന് ജങ്ക്ബാര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി! തമിഴ് നാടക സംഘത്തിലെ കല്ലടക്കുറിശ്ശി മൈതീന്‍ സാഹിബ് എന്ന കലാകാരനാണ് 'ഇന്ദ്രസഭ'യുടെ നാടകം സംവിധാനം ചെയ്തത്. ചവിട്ടു ഹാര്‍മോണിയം വിദഗ്ധനായിരുന്ന കല്ലടക്കുറിശ്ശി മൈതീനെ, മുസ്‌ലിം നാടക പാരമ്പര്യങ്ങളെ ഇഴകീറുമ്പോള്‍ പ്രഥമ നാടക സംവിധായകന്‍ എന്ന നിലക്ക് എണ്ണണം. ഈ നാടകത്തിനും 'ഇന്ദ്രസഭ'ക്കാരുടെ മറ്റ് നിരവധി നാടകങ്ങള്‍ക്കും ക്ലാര്‍നറ്റും ബുള്‍ബുളും വായിച്ച് പശ്ചാത്തല സംഗീതം അവിസ്മരണീയമാക്കിയ കാദര്‍ ബിച്ചാ സാഹിബും (വെല്ലൂര്‍) ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളില്‍ ഉറങ്ങുന്നു.
ഇത് കേരള മുസ്‌ലിം നാടക പരിശ്രമങ്ങളെ എണ്ണുമ്പോള്‍ എടുത്തോതേണ്ടവ. ഇന്ത്യന്‍ നാടക വേദിയിലേക്ക് കടന്നാലോ... ബംഗാളി നാടക വേദിയില്‍ അര്‍ഥേന്ദു മുസ്ത്വഫയും ആന്ധ്രയില്‍ ഗാലിബ് ഗുലാം സാബിത്തും, കര്‍ണാടകത്തില്‍ ബൊളുവാരു മുഹമ്മദ് പക്കിയും 1800-കളില്‍ നാടകത്തെ നെഞ്ചേറ്റിയ മുസ്‌ലിം നാമധാരികള്‍. ഇന്ത്യയിലെ നാടോടിയും ക്ലാസിക്കും ആയ കലകളെ നാടക രചനയില്‍ സമന്വയിപ്പിച്ച് നാടക പദാവലിയില്‍ നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും സ്ഥാനം എടുപ്പിച്ച ഹബീബ് തന്‍വീര്‍. (ഹബീബ്ദാ ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളില്‍ നാടക വര്‍ക്‌ഷോപ്പുകളില്‍ എനിക്ക് ഉസ്താദ് ആയിരുന്നു) 1954-ല്‍ നസീര്‍ അക്ബറാബാദി എന്ന ഉര്‍ദു കവിയുടെ ജീവിതം ഉപജീവിച്ച് ഹബീബ് തന്‍വീര്‍ രംഗഭാഷ ഒരുക്കിയ 'ആഗ്ര ബസാര്‍' നാടകം ഇന്നും ഇന്ത്യന്‍ നാടകവേദിയിലെ തിളക്കങ്ങളേറെയുള്ള രംഗ നക്ഷത്രമാകുന്നു. 1960-കളില്‍ ദില്ലിയിലെ മുഗള്‍ ചരിത്രാവശിഷ്ടങ്ങളായ കോട്ടകള്‍ ഉപയോഗിച്ച് പരിസര സംബന്ധികളായ രംഗാവതരണങ്ങളൊരുക്കിയ ഇബ്‌റാഹിം അല്‍ക്കാസിയും, മറാത്ത നാടക വേദിയില്‍ വര്‍ണാശ്രമധര്‍മങ്ങള്‍ക്കെതിരെ 'ഖാസിറാം കൊത്ത് വാള്‍' പോലുള്ള പ്രശസ്ത നാടകങ്ങളൊരുക്കിയ ജബ്ബാര്‍ പട്ടേലും ഇന്ത്യന്‍ നാടക വേദിയിലെ വഴിവിളക്കുകളാണ്.
നാടകത്തിലെ മുസ്‌ലിം പാരമ്പര്യം അന്വേഷിക്കുമ്പോള്‍ പ്രധാനമായും Audience (സദസ്) എന്ന സംജ്ഞയിലാണ് തുടങ്ങേണ്ടത്. A+A+A = A good Play എന്നതിന്റെ 'മൂന്ന്' അ കളിലാണ് യഥാര്‍ഥ നാടകം. ഒന്നാം 'അ' നാടകകൃത്ത് അല്ലെങ്കില്‍ സംവിധായകന്‍; രണ്ടാം 'അ' നടന്‍; മൂന്നാം 'അ' സദസ്യര്‍. മുസ്‌ലിം നാടക പാരമ്പര്യം ചികയുമ്പോള്‍ നാടകത്തെ പരിപോഷിപ്പിച്ചതും വെള്ളവും വളവും നല്‍കി ഈടും കാമ്പും ഉറ്റ കാഫലം ഉണ്ടാകുമാറ് സംരക്ഷിച്ചതും മുസ്‌ലിം സദസ്യരാണ് എന്ന വസ്തുത 136 വയസ് പിന്നിടുന്ന മലയാള നാടക വേദിയുടെ ചരിത്ര രേഖകളാവേണ്ടതുണ്ട്. പ്രേക്ഷക പങ്കാളിത്തം എന്ന അംശം കുറച്ച്, വസ്തുനിഷ്ഠമായ രീതിയില്‍ വെളിയില്‍നിന്നു നാടകത്തെ ദൃശ്യകലാരൂപം മാത്രമായി നിരീക്ഷിക്കുമ്പോള്‍ അവര്‍-മുസ്‌ലിം പ്രേക്ഷകര്‍-നാടക വിമര്‍ശകരായി മുന്നോട്ടു മുറിച്ചുകടന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ''വെള്ളാട്ടി മസ്അല'' എന്ന രൂപകത്തിന്റെ അജ്ഞാത ഗ്രന്ഥ കര്‍ത്താവ് പ്രേക്ഷക ഇടപെടലിലൂടെ ആണ് ഈ രൂപകത്തെ നാടകകൃതി എന്ന നിലയിലേക്ക് വളര്‍ത്തിയത്. സംവിധായകന്‍ ഇല്ലാത്ത, ഇതിവൃത്തത്തിനു യോജിച്ച പശ്ചാത്തല സജ്ജീകരണങ്ങളില്ലാത്ത, പ്രകാശ വിന്യാസമോ ഉചിത ചമയങ്ങള്‍ പോലുമോ ഇല്ലാതിരുന്ന 'വെള്ളാട്ടി മസ്അല' മുസ്‌ലിം നാടക പാരമ്പര്യത്തിലെ പ്രേക്ഷക ഇടപെടലിന്റെ പ്രഥമ കണ്ണികളിലൊന്നാണ്. ഇക്കാലം നവീന നാടകവേദി കൊട്ടിഘോഷിക്കുന്ന അൗറശലിരല ജമൃശേരശുമശേീ (പ്രേക്ഷക പങ്കാളിത്തം) മലയാള നാടക വേദിയില്‍ ആദ്യം സംഭവിച്ചത് 'വെള്ളാട്ടി'യിലൂടെയാണ്. സൗദ എന്ന വേലക്കാരിയുടെ ബുദ്ധിവൈഭവമാണ് ഇതിവൃത്തം. അബൂഹിശാം ഹാറൂന്‍ റഷീദിന്റെ കൊട്ടാരത്തില്‍ സൗദയെ ഹാജരാക്കി. സൗദയുടെ പാണ്ഡിത്യം പരീക്ഷിക്കാന്‍ ചക്രവര്‍ത്തി കൊട്ടാരം വക ആസ്ഥാന വിദ്വാന്മാരോട് കല്‍പിച്ചു. സങ്കീര്‍ണമായ വിവിധ പ്രശ്‌നങ്ങള്‍ കൊട്ടാരം വിദ്വാന്മാര്‍ സൗദയോട് ആരാഞ്ഞു. സൗദയുടെ മറുപടികള്‍ കൊട്ടാരത്തിന് ഹിതമായെങ്കിലും നാടക പ്രേക്ഷകര്‍ക്ക് ഹിതമായില്ല. നാടകം പുരോഗമിക്കവേ പ്രേക്ഷകരുടെ ഇടപെടലുകളുണ്ടായി. അരങ്ങത്ത് നടന്മാര്‍ അമ്പരന്നു. സൗദയുടെ വേഷമിട്ട പുരുഷ നടന്‍ കുലുങ്ങിയില്ല. തുടര്‍ന്ന് സൗദയുടെ പ്രേക്ഷകരോടുള്ള മറുപടികളാണ് 'വെള്ളാട്ടി മസ്അല! ഉത്തമരായ ഈ വിമര്‍ശക പ്രേക്ഷകര്‍ മുസ്‌ലിംകളായിരുന്നു. ആലപ്പുഴയിലാണ് ഈ അരങ്ങനുഭവം. മറ്റു പ്രേക്ഷകരെപ്പോലെ നാടക പ്രേക്ഷണം സ്വന്തം സുഖത്തിനുവേണ്ടി മാത്രം കണക്കാക്കാതെ ആയതിന്റെ ഗുണദോഷ വിചിന്തനം ഏറ്റെടുത്തു ആലപ്പുഴയിലെ ഈ വിമര്‍ശക പ്രേക്ഷകര്‍. സദസിനെ ചിരിപ്പിക്കാന്‍ അമിതമായി ഫലിതം പ്രയോഗിച്ചതും നടന്‍ പ്രേക്ഷകരെ ലാക്കാക്കി ചിലനേരം ഗോഷ്ഠികള്‍ കാണിച്ചതും അഭിനയാഭാസത്തിലേക്ക് വഴിതെളിച്ചപ്പോഴാണ് ആലപ്പുഴ ലജ്‌നതുല്‍ വാര്‍ഡില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ഇത്തരം ഒരു നാടക വിചാരണ ഉണ്ടായത്. നടനും ഗായകനുമായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരാണ് ഈ 'നാടക സംഭവം' ആത്മകഥയില്‍ വിവരിച്ചിട്ടുള്ളത്. 'കോഴിക്കോട്ടെ മുസ്‌ലിം ചരിത്രം' വിശദമായി പറയുന്ന പരപ്പില്‍ മുഹമ്മദ്‌കോയയുടെ ഗ്രന്ഥത്തിലും 19-ാം നൂറ്റാണ്ടിന്റെ അവസാനം തമിഴ്-ഹിന്ദി-പാഴ്‌സി നാടക സംഘങ്ങള്‍ സയ്യിദ് ഖാദര്‍ ഉസ്സയിന്റെ നേതൃത്വത്തില്‍ കുറ്റിച്ചിറ (കോഴിക്കോട്) യില്‍ നാടകങ്ങള്‍ അവതരിപ്പിച്ചതായി പറയുന്നു. ഇന്നു നാം അനുഭവിക്കുന്ന നാടകങ്ങളുടെ രൂപ ഘടനയല്ല അവക്കൊന്നും. തമിഴ് സംഗീത നാടകങ്ങളുടെ പകര്‍പ്പായിരുന്നു അവ. സ്ത്രീകള്‍ക്ക് നാടകം കാണലും അഭിനയിക്കലും നിഷിദ്ധമായിരുന്ന കാലം. സ്ത്രീ വേഷം കെട്ടി രംഗത്തുവരാന്‍ ധൈര്യം പ്രകടിപ്പിച്ച-സ്ത്രീ വേഷം കെട്ടിക്കഴിയുംവരെ അക്രമികള്‍ കാത്തിരിക്കുകയും രംഗത്തു പ്രവേശിപ്പിക്കാതെ തട്ടിക്കൊണ്ടുപോയി അപമാനിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോട്ട് ചെറുപുര മമ്മത്‌കോയ, ബീക്കുഞ്ഞി വീട്ടില്‍ അഹമ്മദ്‌കോയ, കാട്ടില്‍ വീട്ടില്‍ ഉമ്മര്‍കോയ, പട്ടുതെരുവില്‍ അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ മുസ്‌ലിം നാടക പാരമ്പര്യം അന്വേഷിക്കുമ്പോള്‍ 'ചരിത്ര പുരുഷന്മാര്‍' എന്ന സംജ്ഞയില്‍ പെടുന്നവരാണ്. നാടകത്തില്‍ മൈക്ക് അഥവാ ഉച്ചഭാഷിണിയും ഉണ്ടായിരിക്കും എന്നത് അക്കാലത്ത് വലിയ സവിശേഷതകളിലൊന്നായിരുന്നു. പക്ഷേ; 'നാക്കു കൊണ്ടും മൂക്കു കൊണ്ടും ഹാര്‍മോണിയം വായിക്കുന്ന ഗുല്‍ മുഹമ്മദ് എന്നതായിരുന്നു 'മൈക്കി'നെയും വെല്ലുന്ന പ്രധാന ആകര്‍ഷണം ഒരു കാലത്ത് മലയാള നാടക വേദിയില്‍. ''ഹൗസ് ഫുള്‍'' എന്ന ഇന്നത്തെ 'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യക്കസര്‍ത്ത്' ഗുല്‍മുഹമ്മദ് സാഹിബ് പങ്കെടുക്കുന്ന നാടകാവതരണങ്ങളില്‍ നൂറു ശതമാനമായിരുന്നു. ഗുല്‍മുഹമ്മദിന്റെ ഗ്രീന്റൂമിനു മുകളില്‍ നക്ഷത്രം തൂക്കിയിടാറുണ്ടായിരുന്നു. ആരാധകര്‍ക്ക് പ്രിയ കലാകാരന്റെ സാന്നിധ്യം ലഭിക്കുന്നതിനുള്ള ചിഹ്‌നമായിരുന്നു പ്രസ്തുത നക്ഷത്രം. മലയാള നാടകവേദിയിലെ ആദ്യത്തെയും അവസാനത്തെയും 'സൂപ്പര്‍ സ്റ്റാര്‍' പദവി ഗുല്‍ മുഹമ്മദിനായിരുന്നു. മുന്നൂറു മുതല്‍ അറുനൂറ്റമ്പത് വരെ 'പൊലിവ്' കിട്ടുന്ന നാടക കലാകാരനും പഴയ കാലത്ത് ഗുല്‍ മുഹമ്മദ് മാത്രമായിരുന്നു. നാടക സ്റ്റേജിലേക്ക് പ്രേക്ഷകന്‍ ആദരപൂര്‍വം വെക്കുന്ന പണമാണ് 'പൊലിവ്.'
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിം നാടകം കുറച്ചൊന്നു പിന്‍വലിഞ്ഞു. നാടക കൃത്തുക്കളുടെയോ നടന്മാരുടെയോ അഭാവമല്ല, മറിച്ച് യാഥാസ്ഥിതിക പൗരോഹിത്യം നാടകത്തിനെതിരെ ശക്തമായി നിലകൊണ്ടു എന്നതായിരുന്നു കാരണം. കെ.പി.എ.സി പോലുള്ള കമ്മ്യൂണിസ്റ്റ് സംഘങ്ങള്‍ക്ക് ഹിന്ദുത്വ വാദികളും ക്ഷേത്രാങ്കണങ്ങളും സകല സജ്ജീകരണങ്ങളും ഒരുക്കിക്കൊടുത്തപ്പോള്‍ മുസ്‌ലിം ദേവാലയങ്ങളില്‍ നാടകക്കാരനെ ബഹിഷ്‌കരിക്കാനും ഊരുവിലക്കാനും പൗരോഹിത്യം ചാട്ടവാറെടുത്തു. നാടകത്തിന്റെ രുചിഭേദങ്ങള്‍ ഏതു കാലത്തും ദേശബന്ധിതമാണ്. കണ്ണൂര്‍ സദസിനു രുചിച്ച നാടകം കൊല്ലം സദസിനു രുചിക്കില്ല. മാനസാന്തരപ്പെട്ട് പില്‍ക്കാലം മുജാഹിദ് പ്രസ്ഥാന പ്രവര്‍ത്തകനായ നിലമ്പൂര്‍ ഡോ. ഉസ്മാന്‍ സാഹിബ്, തന്റെയും ഇ.കെ അയ്മുവിന്റെയും ആദ്യകാല നാടക പ്രവര്‍ത്തനങ്ങള്‍ക്ക് സദസില്‍ നിന്നു കിട്ടിയ പ്രതികരണം രോഷാകുലമായിരുന്നതായി ഒരഭിമുഖസംഭാഷണത്തില്‍ എന്നോടു പറയുകയുണ്ടായി. ആദ്യകാല മുസ്‌ലിം നാടക പ്രവര്‍ത്തകരുടെ ചില നല്ല രചനകള്‍ അപൂര്‍വമായി മാത്രമേ അരങ്ങേറിയിട്ടുള്ളൂ. ഒരു കാലം അരങ്ങു തകര്‍ത്തുവാണ 'വമ്പത്തീ നീയാണ് പെണ്ണ്;' 'കണ്ടം ബെച്ച കോട്ട്;' തുടങ്ങിയ നല്ല രചനകള്‍ ഇന്ന് 'മ്യൂസിയ'ത്തില്‍ പോലും ഇല്ല. കേരള മുസ്‌ലിം പ്രേക്ഷക സമൂഹത്തെ നാടകേതരമായ ചില പരിഗണനകള്‍ സ്വാധീനിക്കുക മൂലം-മതപുരോഹിതന്മാരുടെ രാപ്രസംഗങ്ങളിലെ അഭിനയ സിദ്ധി മോശമായതാണ് ഇതില്‍ പ്രധാനം ഇതു മാത്രമല്ല; രാഷ്ട്രീയ പാര്‍ട്ടികള്‍; മതസംഘടനകള്‍ കൃത്രിമമായി വമ്പിച്ച സദസുകള്‍ ചില നാടകങ്ങള്‍ക്കു മാത്രമായി സൃഷ്ടിച്ചെടുത്തു. സംഘടനകളുടെ നിലനില്‍പ്പിനായി പിരിവെടുക്കാന്‍ 'താര'ങ്ങളെ ഉള്‍പെടുത്തി നാടകം കളിച്ചപ്പോള്‍ കോഴിക്കോട്ടും കാസര്‍കോട്ടുമൊക്കെ കെ.പി ഉമ്മര്‍ താരരാജാവായപ്പോള്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി തയാറാക്കിയ നാടകങ്ങള്‍ അമ്പേ പരാജയങ്ങളായിരുന്നു. കലാസമിതികളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് നാടകം മുസ്‌ലിം ചെറുപ്പക്കാര്‍ തട്ടിക്കൂട്ടുമ്പോള്‍ പ്രിയപ്പെട്ട താരത്തെ ഒരു നോക്കുകാണാന്‍ മാത്രമായി നാടക ശാലയില്‍ പ്രേക്ഷകര്‍ തടിച്ചുകൂടിയപ്പോഴും നാടകത്തിലെ ''നാടകം'' നാമമാത്രമായി.
1936-ല്‍ അബ്ദുറഹിമാന്റെ 'അല്‍-അമീന്‍' ലോഡ്ജ് കേന്ദ്രമാക്കി മുഹമ്മദ് യൂസുഫിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി' നിരവധി ദേശസ്‌നേഹ നാടകങ്ങളുമായി മുസ്‌ലിം പ്രദേശങ്ങളില്‍ നിരവധി അവതരണങ്ങള്‍ സൃഷ്ടിച്ചു. 'സുല്‍ത്വാന്‍ അലാവുദ്ദീന്‍;' 'സ്വതന്ത്ര പതാക;' തുടങ്ങിയവയെ കോണ്‍ഗ്രസ് നാടകങ്ങള്‍ എന്ന് പരിഹസിച്ച് വിളിച്ചുവെങ്കിലും 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന സംഗീത-രാഷ്ട്രീയ-സ്റ്റണ്ട്-നാടകത്തിനും മുമ്പേ നവോത്ഥാനം നാടകത്തിലൂടെ സാധ്യമാകും എന്ന് കേരളീയ സമൂഹത്തെ മുഹമ്മദ് അബ്ദുര്‍റഹ്മാനും മുഹമ്മദ് യൂസുഫും പഠിപ്പിച്ചിരുന്നു. കൊടുങ്ങല്ലൂരെ മണപ്പാട്ട് കുടുംബകാരണവന്മാരും ഈ സംരംഭങ്ങളില്‍ മടിശ്ശീല ശരിക്കും അഴിച്ചതായി ചരിത്രം പറയുന്നു.
കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ പാലക്കല്‍ വീട് എം.എ സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ നേതൃത്വത്തില്‍ 'എം.എസ്.എ' ഡ്രമാറ്റിക് അസോസിയേഷന്‍ കമ്മ്യൂണിസ്റ്റുകാരുടെ കെ.പി.എ.സി ക്കും മുമ്പ് നാടകങ്ങള്‍ സാമൂഹിക നവോത്ഥാനം മുഖ്യപ്രമേയമാക്കി അവതരിപ്പിച്ചു. പാലക്കല്‍ അഹമ്മദ്‌കോയ (പ്രസിഡന്റ്), ബി. മുഹമ്മദ്, എം.സി അബ്ദുല്ലക്കോയ (സെക്രട്ടറി) നേതൃത്വത്തില്‍ മലബാറിലെങ്ങും നാടകങ്ങളിലൂടെ സ്ത്രീ നവോത്ഥാനങ്ങള്‍ കേന്ദ്ര പ്രമേയമാക്കി വിവിധ നാടകങ്ങള്‍. മുസ്‌ലിംകളെ സംഘടിപ്പിച്ച് 'പുത്തന്‍ സാമൂഹിക ക്രമ'ങ്ങള്‍ക്കായി ശ്രമിക്കുന്ന സംരംഭകര്‍ മനസ്സിലാക്കേണ്ടത് - സി.പി.എം ഈ ആവശ്യത്തിനായി ത്രൈമാസികം തന്നെ തുടങ്ങിയിരിക്കുന്നു-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ പിണറായി പാറപ്പുറത്ത് രൂപം കൊള്ളുന്നതിനും മുന്നേ മസാല ചേര്‍ക്കാത്ത നാടകങ്ങളുമായി മുസ്‌ലിംകള്‍ ജനമധ്യത്തിലിറങ്ങി എന്ന വസ്തുതയാണ്.
1948 ജൂണ്‍ 14. 'ആരാണ് അപരാധി' എന്ന ചരിത്ര പ്രസിദ്ധമായ നാടകത്തിന്റെ അവതരണ ദിനമാണ്. സി.പി.എം കുഞ്ഞഹമ്മദ്‌കോയ (ജമീല), ബി. മുഹമ്മദ് (ആമിന) എന്നീ സ്ത്രീവേഷങ്ങള്‍ തമിഴ് സംഗീത നാടകത്തെ അനുകരിച്ച് തിരുവിതാംകൂറില്‍ ചില സവര്‍ണ സമൂഹാംഗങ്ങള്‍ അവതരിപ്പിച്ച അഭിനയത്തേക്കാളും മുന്നിട്ടുനിന്നതായി സെബാസ്റ്റ്യന്‍ ഭാഗവതരുടെ ചില ആദ്യകാല പ്രബന്ധങ്ങളില്‍ പറയുന്നു. സംഗീത നാടക അക്കാദമിയും മറ്റും ഉണ്ടാക്കിയ 'അസംബന്ധ നാടക ചരിത്രങ്ങളില്‍ സിപിഎം കുഞ്ഞഹമ്മദും, ബി. മുഹമ്മദും ഇടം പിടിച്ചിട്ടേ ഇല്ല.
ഇന്ന്; മുസ്‌ലിം സമൂഹത്തിന്റെ നാടക പരിശ്രമങ്ങള്‍ പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. നിലമ്പൂര്‍ മുക്കട്ടയിലെ ആയിഷ എന്ന മുസ്‌ലിം പെണ്‍കുട്ടിയെ ഇ.കെ അയ്മു 'ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്,' എന്ന സാമൂഹിക നാടകത്തിലെ ജമീലയുടെ കഥാപാത്രത്തിന് മജ്ജയും മാംസവും നല്‍കാന്‍ (അഭിനയിക്കാന്‍ എന്നത് തെറ്റായ വിശേഷണമാകുന്നു) വിളിച്ചിറക്കുമ്പോള്‍ തൊട്ടു തുടങ്ങിയ കല്ലേറും കൂക്കുവിളിയും പള്ളി വിലക്കലും പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി നാടക മത്സരം എന്നിടത്തോളം വരെ വികസിച്ചിരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ നാടക പരിശ്രമങ്ങള്‍ പരീക്ഷണ ദശയൊക്കെ പിന്നിട്ടു. 'ഇസ്‌ലാമികവും കേരളീയവും ആയ പാരമ്പര്യത്തില്‍ ആത്മശക്തിയുള്ള നാടക സംസ്‌കാരം നിലനില്‍ക്കുന്നുവെന്ന സത്യം വിസ്മരിച്ച് യൂറോപ്പില്‍ നിന്നും ക്ഷേത്ര മുറ്റങ്ങളില്‍നിന്നും നാടകത്തെ പറിച്ചുനട്ട് 'ഇതാ....ഭാരതീയ നാടകം..' 'തനതു നാടകം' എന്നൊക്കെ ഊറ്റം കൊള്ളുന്നവര്‍ക്കും 'നാടക കലയെ കേരളത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു മാത്രമേ ഒരായുധമാക്കാന്‍ സാധിക്കൂ...' എന്ന് അന്ധമായി വിശ്വസിക്കുന്നവര്‍ക്കും മറുപടി ആയി മുസ്‌ലിം നാടക വേദിക്ക് പാരമ്പര്യമായ ചില സ്വഭാവ വൈചിത്ര്യങ്ങള്‍ ഉണ്ടെന്നത് മുസ്‌ലിം നാടക പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഇതെഴുതുന്നയാള്‍ അഭിമാനിക്കുന്നു. കേരളീയ ദേശീയതയിലൂന്നി ഒരു 'ഇസ്‌ലാമിക് തിയേറ്റര്‍' സങ്കല്‍പത്തെ അവതരിപ്പിക്കാനും ഈ പ്രബന്ധം ഒരു മുന്നൊരുക്കമാകട്ടെ.
മുസ്‌ലിം നാടക പ്രവര്‍ത്തനങ്ങളുടെ ഒരു ലിസ്റ്റിന്റെ പ്രാധാന്യം ഇതൊന്നിച്ച് മനസ്സിലാക്കുന്നതിനാല്‍...ചങ്ങനാശേരി ഉസ്മാന്‍ (നാടക സംഗീതജ്ഞന്‍) ആലുവ ഇസ്‌ലാമിയാ പുസ്തക ശാലയുടെ 'ഹറാമിന്റെ മക്കള്‍,' ആലപ്പുഴ എസ്. മുഹമ്മദ് സാഹിബിന്റെ 'ടിപ്പു സുല്‍ത്താന്‍,' എന്‍.കെ.എ ലത്വീഫ് കൊച്ചി, ടിപ്‌ടോപ്പ് അസീസ് (മട്ടാഞ്ചേരി), അബ്ദു ചെന്ത്രാപ്പിന്നി, കെ.ഒ ഷംസുദ്ദീന്റെ 'ആല്‍ത്തറ ദിവ്യന്‍' (തുള്ളല്‍ കലാരൂപത്തിന്റെ നൃത്ത ഘടനയാണ് 'ആല്‍ത്തറ'ക്ക് ആദ്യം ഉണ്ടായിരുന്നത്. മലയാളത്തില്‍ ഒരു മുസ്‌ലിം നാമധാരി അവതരിപ്പിച്ച ദൃശ്യ കലാരൂപം എന്നൊരു പ്രാധാന്യം 'ആല്‍ത്തറ ദിവ്യനു'ണ്ട്), യു.കെ അബൂസ്വഹ്‌ലയുടെ വിവിധ രൂപകങ്ങള്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാബീജം, കാസര്‍കോട്ട് കവി ടി. ഉബൈദും സംഘവും അവതരിപ്പിച്ച 'നൂറുദ്ദീന്‍ ബി.എ' പള്ളിക്കര വി.പി മുഹമ്മദിന്റെ 'ചുഴി,' ഉല്‍പത്തി, കെ.എ ജബ്ബാര്‍ (മുസ്‌ലിം വിഷയം കേന്ദീകരിച്ച് ആദ്യമായി റേഡിയോ നാടകം തയാറാക്കിയ വ്യക്തി) എഴുതിയ 'താജ് മഹല്‍,' എ.പി മെഹറലിയുടെ (പരാജയം), അബ്ദുല്ല നന്മണ്ടയുടെ (വിവിധ നാടകങ്ങള്‍), മുഹമ്മദ് നഹാരി (വമ്പത്തി നീയാണ് പെണ്ണ്) (എളാമ) തറവാടും മടിശ്ശീലയും. എം.സി അബ്ദുല്ലക്കോയയുടെ മരുപ്പച്ച,' എ.കെ പുതിയങ്ങാടി, പി.എന്‍.എം ആലിക്കോയ, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അസീസിന്റെ 'ചാവേര്‍പ്പട'; മുഹമ്മദ് പുഴക്കര; പി.എസ് മൂവാറ്റുപുഴ എന്ന സെയ്തു മുഹമ്മദ് പി.എസ്, പി.കെ മുഹമ്മദ് കുഞ്ഞി, മൂസാ വാണിമേല്‍, സലാം കാരശ്ശേരി, കാസിം വാടാനപ്പള്ളി, സലാം പള്ളിത്തോട്ടം, സലാം കൊടിയത്തൂര്‍, അബ്ദുറഹിമാന്‍ പൂമംഗലത്ത്, ജമാല്‍ കൊച്ചങ്ങാടി, ഹരിപ്പാട് വാണിയപ്പുര മമ്മൂഞ്ഞ് (കേരളത്തില്‍ ആദ്യമായി തമിഴ് നാടക സംഘം വന്നപ്പോള്‍ കോണ്‍ട്രാക്ട് ഏറ്റെടുത്ത് നാടകം സംഘടിപ്പിച്ച് സ്വന്തം വീടും പറമ്പും വിറ്റ മാന്യദേഹം), ചെമ്മങ്ങാട് റഹ്മാന്‍, മാമുക്കോയ (ഇന്നത്തെ മലയാള സിനിമാ നടന്‍), പൂവച്ചല്‍ ഖാദര്‍, റങ്കൂണ്‍ റഹ്മാന്‍, പള്ളിക്കണ്ടി കെ.ടി, കുഞ്ഞു, പി.എം താജ്, കെ.ടി മുഹമ്മദ്, കെ.എസ് കോയ (കുറ്റിച്ചിറ), കൊട്ടിയം കെ.പി സാഹിബ് (മോണോ ആക്ട് എന്ന രംഗഭാഷ കേരളത്തില്‍ ആദ്യം അവതരിപ്പിച്ച മുസ്‌ലിം), തമിഴ് സംഗീത നാടകങ്ങളില്‍ 'ഔറംഗസീബ്' വേഷമിട്ട് അതു സ്വന്തം പേരായി വിളികേട്ട ചവറയിലെ ഔറംഗസേബ് ഹൈദര്‍, കോഴിക്കോടന്‍ നാടകവേദിയിലെ എളേടത്ത് കുഞ്ഞാമു, വി.പി കോയട്ടി, ബാബുവിന്റെ മമ്മദ്, എം.എസ്.എ ഡ്രമാറ്റിക് അസോസിയേഷന്റെ പറമ്പത്ത് ഉമ്മര്‍ കോയ, എം.പി കുഞ്ഞീന്‍ കോയ മൂപ്പന്‍, പി.എ കാസിം 'ആരാണ് അപരാധി'യിലെ എം.സി അബ്ദുല്ലകോയ, പി.എന്‍.എം ആലിക്കോയ, പി.എന്‍.എം മാനു, പി.കെ.എം അഹ്മദ് കോയ, നടന്മാരായ ഹാജി അബ്ദുര്‍റഹിമാന്‍, കുഞ്ഞാവ, തോട്ടത്ത് കോയ, പി.എന്‍ മമ്മു, എം.ഹൂദ് (പി.എന്‍.എം ആലിക്കോയയുടെ പുത്രന്‍), എ.കെ പുതിയങ്ങാടി ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബിലൂടെ കെ.ടി മുഹമ്മദ്, 1956-ലെ മലബാര്‍ കേന്ദ്രകലാസമിതി നാടക മത്സരങ്ങള്‍ക്ക് ചെല്ലും ചെലവും നല്‍കി പോറ്റിയ മുല്ല വീട്ടില്‍ അബ്ദുര്‍റഹിമാന്‍ സാഹിബ് തുടങ്ങി ഇനിയും ആയിരമോ അതിലധികമോ പേരുകള്‍ പുതുതലമുറയിലുണ്ട്. കോഴിക്കോട് സര്‍വകലാശാലയുടെ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നു ബിരുദം നേടിയ അഹ്മദ് മുസ്‌ലിം സംവിധാനം ചെയ്ത ''റുഖ്യാബീവി നിസ്‌കരിക്കുകയാണ്'' എന്ന നാടകത്തേയും മലയാളിത്തിലിന്ന് ജീവിച്ചിരിക്കുന്ന ദീപവിതാന വിദഗ്ധരില്‍ പ്രഥമ സ്ഥാനത്തുള്ള തിരുവനന്തപുരം കരമനയിലെ അശ്‌റഫ് സാഹിബിനെയും ചങ്ങനാശ്ശേരി 'അണിയറ' നാടകസംഘത്തിന്റെ ശില്‍പി മക്കത്ത്, ഗീഥാ ആര്‍ട്‌സ് ക്ലബ്ബിന്റെ അണിയറ ശില്‍പി കനിബാവ തുടങ്ങിയവരേയും ഈ കാറ്റലോഗില്‍ അനുസ്മരിക്കുന്നു.
.......വീരാന്‍ മുതലാളി, മൊയ്തുട്ടി മുസ്‌ലിയാര്‍, വണ്ടിക്കാരന്‍ പോക്കര്, ചോരക്കണ്ണന്‍ സൈദ്, മുതലായവരെല്ലാം മണ്‍മറഞ്ഞ് ചരിത്രാവശേഷരായി തീര്‍ന്നിരിക്കുന്നു. അവര്‍ ചേര്‍ന്നൊരുക്കിയ കെണികളില്‍ കുരുങ്ങിയും അവരുടെ ചതിപ്രയോഗങ്ങളില്‍ വീണുരണ്ടും പിടഞ്ഞെഴുന്നേറ്റും 'കണ്ണീരും പുഞ്ചിരി'യുമായാണ് ഇസ്‌ലാമിക പ്രസ്ഥാനം പ്രയാണം ചെയ്ത് ഇപ്പോഴത്തെ വിതാനത്തിലെത്തിയത്. പക്ഷേ; അവരുടെ പ്രേതങ്ങള്‍ പ്രസ്ഥാനത്തെ നിഴല്‍ പോലെ ഇന്നും പിന്തുടരുന്നു. എങ്കിലും അന്നത്തെ ആ സാമൂഹിക സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.
ആട്ട്, തുപ്പ്, കല്ലേറ്, വിഷം തീറ്റിക്കല്‍ ഊരുവിലക്ക്, നിര്‍ബന്ധ വിവാഹമോചനം, വീട്ട് വിലങ്ങല്‍, കള്ളക്കേസില്‍ കുടുക്കല്‍, കോടതി കയറ്റല്‍.....അങ്ങനെ എന്തെന്ത് പരീക്ഷണങ്ങള്‍....അവയൊക്കെയും സഹിച്ച് പതറാതെ, തളരാതെ കണ്ണീരോടെ, പുഞ്ചിരിയോടെ ഏറ്റുവാങ്ങി ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിക്കുകയും വളര്‍ത്തുകയും ചെയ്ത ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കഥയാണ്, അനുഭവമാണ്, ജീവിതം തന്നെയാണ് 'കണ്ണീരും പുഞ്ചിരി'യും...
കൊടിയ മര്‍ദന പീഡനങ്ങള്‍ സഹിക്കുമ്പോഴും പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന യുവ ഇസ്‌ലാമിക പ്രവര്‍ത്തകരേ, നിങ്ങള്‍ക്ക് കണ്ണീരോടെ അഭിവാദനങ്ങള്‍.
കെ.ബി.കെ വളാഞ്ചേരി എന്ന നാടകകൃത്ത് 'കണ്ണീരും പുഞ്ചിരിയും' എന്ന തന്റെ രചനയുടെ നാലാം പതിപ്പിനെഴുതിയ മുഖവുരയോടെ നവീന ഇസ്‌ലാമിക് തിയേറ്റര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ഈ ലേഖകന്‍ മുമ്പേ നടന്നുപോയ കെ.ബി.കെ, അബ്ദുല്‍ ഹയ്യ് എടയൂര്‍, യു.കെ അബുസഹ്‌ല എന്നിവരെ (ഇവര്‍ ആദ്യകാല നാടക പ്രവര്‍ത്തകരായിരുന്നു) അനുസ്മരിച്ചുകൊണ്ടും, ആയിരക്കണക്കിന് നവീന രംഗഭാഷകള്‍ പഠിച്ചറിഞ്ഞ് നാടകാവിഷ്‌കാരം നിര്‍വഹിക്കുന്ന പുതുപുത്തന്‍ തലമുറയെ ഇസ്‌ലാമിക് തിയേറ്ററിന്റെ സാധ്യതകളില്‍ പങ്കുചേരാന്‍ ക്ഷണിച്ചുകൊണ്ടും...
അയ്യപ്പപണിക്കരുടെ ലേഖനങ്ങള്‍
1950-80 ഡിസി ബുക്‌സ് 1982
ഗുരു ഗോപിനാഥ് നടന കൈരളി (ഒന്നാം ഭാഗം)
നാടകകൃത്തിന്റെ പണിപ്പുര
ഗോപിനാഥ് വെള്ളായ്ക്കല്‍ SPCS (1972)
എന്റെ കലാജീവിതം
ആര്‍ട്ടിസ്റ്റ് പി.ജെ ചെറിയാന്‍ NBS 1981
കേരളത്തിലെ നാടോടി നാടകങ്ങള്‍
മദിരാശി സര്‍വകലാശാല 1955
പൊറാട്ടുനാടകവും മറ്റും
ജി. ഭാര്‍ഗവന്‍ പിള്ള NBS 1979
നാടക സാഹിത്യം - മാധവപ്പൈ. ആര്‍
ശ്രീനരസിംഹ വിലാസം ബുക് ഡിപ്പോ-ആലപ്പുഴ 1970
നാടകം ജീവിതമാക്കിയവര്‍
വി. മുരളീധരന്‍ ഡിസി ബുക്‌സ് 1981
നാട്യരചന: രാമുണ്ണി നായര്‍ തേക്കിന്‍ കാട്ടില്‍
പ്രകാശ കൗമുദി 1955
കണ്ണിന്റെ കല; നാടകം
ഡോ. ടി.പി സുകുമാരന്‍ NBS, കോട്ടയം
പ്രസിദ്ധീകരണങ്ങള്‍:
1. അരങ്ങ്; ട ബുക് ഡിപ്പോ
2. നാടകം മരിച്ചുവോ കെ.ടി മുഹമ്മദ്
(മനോരമ 91 ഒക്‌ടോബര്‍ 10)
The Indian Theatre, Mulk Raj Anand
Dennis Dobson 1955