ഇസ്ലാം ആവിര്‍ഭവിച്ച ആദ്യ നൂറ്റാണ്ടില്‍ തന്നെ കേരളത്തിലും ഇസ്‌ലാം മതം പ്രചരിച്ചിരുന്നു. മത പ്രബോധനവും ഇതേ കാലത്തു തന്നെ ആരംഭിച്ചിരിക്കാന്‍ ഇടയുണ്ട്. ക്രിസ്ത്വബ്ദം ഏഴും എട്ടും നൂറ്റാണ്ടില്‍ മലയാളഭാഷ വികാസം പ്രാപിച്ചിരുന്നില്ല. അതുകൊണ്ടാവാം പ്രബോധനത്തിന് വന്നവര്‍ അറബി-മലയാളം അക്ഷരമാലയ്ക്കു രൂപം നല്കിയത്. നാട്ടുകാരുമായി ആശയ വിനിമയം നടത്താനും അവരുടെ ഇടയില്‍ പ്രബോധനം നടത്താനും ഇത്തരം ഭാഷ സൃഷ്ടിക്കേണ്ടത് അക്കാലത്ത് അനിവാര്യമായി വന്നിരിക്കാം. ഏതായാലും മുസ്ലിംകള്‍ പതിനാറാം നൂറ്റാണ്ടുവരെ അറബി മലയാളം ഒരു മാധ്യമമായി ഉപയോഗിച്ചിരുന്നുവെന്ന് ന്യായമായും ഊഹിക്കാം. അറബി മലയാളത്തില്‍ ലഭ്യമായ ആദ്യത്തെ രചന ഖാളി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാലയാണ്. പിന്നീട് ഒരു നൂറ്റാണ്ടിലെ ഇടവേളയ്ക്കുശേഷം രചിക്കപ്പെട്ടതാണ് കുഞ്ഞായന്‍ മുസ്ല്യാരുടെ കപ്പപ്പാട്ട്. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ഇടക്കാലത്ത് വിരചിതമായ കൃതികള്‍ മുഴുവനും നഷ്ടപ്പെട്ടിരിക്കാമെന്നതാണ്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഇവിടെ മുസ്‌ലിംകളുടെ ഇടയില്‍ അറബിയിലും അറബിമലയാളത്തിലും നല്ല അറിവുള്ള ഒത്തിരി പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍, ഖാളി മുഹമ്മദ് മുതലായവര്‍ ഉദാഹരണം. ഈ കാലത്ത് മലയാളഭാഷ സ്വതന്ത്രമായ അസ്തിത്വം നേടിയിരുന്നു. ആധുനിക മലയാള പദ്യ മാതൃകയായി എടുത്തുകാട്ടുന്ന എഴുത്തച്ഛന്റെ കൃതികള്‍ ഈ കാലഘട്ടത്തിലാണ് എഴുതപ്പെട്ടത്. 1498 ല്‍ വാസ്‌കോഡി ഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെ കേരള മുസ്ലിംകളുടെ രാഷ്ട്രീയ സാമൂഹികജീവിതം അപ്പാടെ മാറിമറിഞ്ഞു. പോര്‍ട്ടുഗീസ് ചരിത്രകാരനും സഞ്ചാരിയുമായിരുന്ന ബര്‍ബോസ പറയുന്നുണ്ട്; വാസ്‌കോഡി ഗാമ കേരളത്തിലെത്തിയ സമയത്ത് ജനസംഖ്യയുടെ നാലിലൊന്ന് മുസ്ലിംകളായിരുന്നുവെന്ന്. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ മുസ്ലിംകള്‍ വിദേശികളായ അധിനിവേശ ശക്തികളുടെ ശത്രുവായി. അവര്‍ വൈദേശികാധിപത്യത്തിന്നെതിരെ ചെറുത്തുനില്പ് തുടങ്ങി. ഇക്കാര്യങ്ങള്‍ വളരെ വിശദമായി സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍ തന്റെ സാമുഹിക ചരിത്രഗ്രന്ഥമായ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. വിദേശശക്തികളോടുള്ള കേരളമുസ്ലിംകളുടെ ചെറുത്തു നില്പ് 1921 ലെ മലബാര്‍ കലാപം വരെ തുടര്‍ന്നു.
വൈദേശികാധിപത്യത്തോടുള്ള മുസ്ലിംകളുടെ എതിര്‍പ്പ് അവരുടെ സാമുഹിക കാഴ്ചപാടുകളില്‍ മാറ്റങ്ങളുണ്ടാക്കി. അവര്‍ മലയാള ഭാഷയേയും ഇംഗ്ലീഷിനേയും വെറുത്തു. മലയാളത്തെ നായര്‍ ഭാഷയായും ഇംഗ്ലീഷിനെ നരകഭാഷയായും കണ്ടു. ഫലം ഈ രണ്ടു ഭാഷകളിലും മുസ്ലിംകള്‍ക്ക് തീരെ പ്രാവീണ്യമില്ലാതെ പോയി. അവര്‍ സ്വന്തം ഭാഷയായി അറബി മലയാളത്തെ കണക്കാക്കി ആശയവിനിമയം നടത്തി. ഈ നിലപാട് കേരളമുസ്ലിംകളുടെ വളര്‍ച്ചയെ വളരെ അധികം പിന്നോട്ടടിപ്പിച്ചു. ഇക്കാരണത്താല്‍ ആയിരിക്കണം വൈക്കം മുഹമ്മദ് ബഷീര്‍ അറബി മലയാളത്തെ എണ്ണൂറുവര്‍ഷത്തെ ആനമണ്ടത്തരം എന്നു പറഞ്ഞത്.
മലയാള ഭാഷ വളരെ വേഗം അഭിവൃദ്ധി പ്രാപിക്കുകയും ധാരാളം രചനകള്‍ ഉണ്ടാവുകയും ചെയ്‌തെങ്കിലും ഇതില്‍ മുസ്ലിംകള്‍ക്ക് കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മുസ്ലിംകളുടെ മതസാഹിത്യം മാനക മലയാളത്തില്‍, ലിപിയില്‍ എഴുതപ്പെടാതെ പോയി. വൈദേശികാധിപത്യത്തോടുള്ള എതിര്‍പ്പിന്റെ ഭാഗമായി കേരള മുസ്ലിംകളില്‍ യാഥാസ്ഥിതികത്വം അതിന്റെ എല്ലാ ദൂഷ്യഫലങ്ങളോടും കൂടി പ്രത്യക്ഷപ്പെട്ടു. പ്രാദേശിക ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതും വെള്ളിയാഴ്ചയിലെ ഖുത്തുബ മലയാളത്തില്‍ പറയുന്നതും കൊടിയ പാപമായി പ്രചരിക്കപ്പെട്ടു. അതേസമയം‘സുറിയാനി മലയാളത്തില്‍ തുടങ്ങിയ ക്രിസ്ത്യാനികള്‍ പെട്ടെന്നു തന്നെ മത പ്രബോധനപരമായ കാര്യങ്ങള്‍ക്ക് മലയാളത്തെ ഉപയോഗപ്പെടുത്തി. അവര്‍ ബൈബിള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം തന്നെ ക്ലെമന്റ് പാതിരി എഴുതിയ ബൈബിള്‍ പരിഭാഷയായ സംക്ഷേപ വേദാര്‍ത്ഥമാണല്ലോ. (ക്രി.അ.1772)
എന്നാല്‍ മലയാളത്തില്‍ മതസാഹിത്യം വരുന്നതിനെ ഇവിടത്തെ യാഥാസ്ഥിതിക മുസ്ലിം പണ്ഡിതന്മാര്‍ നഖശ്ശിഖാന്തം എതിര്‍ത്തു. അതുകൊണ്ടുതന്നെ മലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷ ചെയ്യാനുള്ള ശ്രമം പോലും നടന്നില്ല. ഇതിന്നുവേണ്ടിയുള്ള ആദ്യത്തെ ശ്രമം നടത്തിയത് വിവാഹം വഴി അറയ്ക്കല്‍ കുടുംബത്തിലെ അംഗമായി മാറിയ മായന്‍കുട്ടി എളയ ആയിരുന്നു. അറബിമലയാളത്തിലായിരുന്നു ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷ. ഈ ഖുര്‍ആന്‍ പരിഭാഷയെക്കുറിച്ച് ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കോഴിക്കോട് 1978) എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
“ഹിജ്‌റ 1272ല്‍ (ക്രി.അ. 1855-1856) മായന്‍കുട്ടി എളയ വിശുദ്ധഖുര്‍ആന്‍ ഒന്നാമതായി അറബി മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയിലാണ് പ്രസ്സ് കോപ്പി തയ്യാറായത്. അറക്കല്‍ കൊട്ടാരത്തില്‍ എഴുത്തുകാരെ ശമ്പളം കൊടുത്തു താമസിപ്പിച്ചു. അങ്ങനെ അദ്ദേഹം നൂറുകണക്കില്‍ ഖുര്‍ആന്‍ പരിഭാഷയുടെ കോപ്പികള്‍ എടുപ്പിച്ച് കേരളത്തിലെ പ്രസിദ്ധ മുസ്ലിം തറവാടുകളിലേക്ക് അയച്ചു കൊടുത്തു. അദ്ദേഹം, ഖുര്‍ആന്‍ ഭാഷ്യത്തിനു തര്‍ജമത്തു തഫ്‌സീറില്‍ ഖുര്‍ആന്‍ എന്നത്രെ നാമകരണം ചെയ്തിരിക്കുന്നത്. ആ ഖുര്‍ആന്‍ പരിഭാഷക്കെതിരില്‍ അന്നത്തെ യാഥാസ്ഥിതിക മതപണ്ഡിതന്മാര്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി.
അവരുടെ ശക്തിയായ എതിര്‍പ്പ് നിമിത്തം ചില മുസ്‌ലിംകള്‍ ഈ പരിഭാഷയുടെ കയ്യെഴുത്ത് പ്രതികള്‍ അറബിക്കടലില്‍ താഴ്ത്തി എന്നുകൂടി പറയുന്നു. വിശുദ്ധ ഖുര്‍ആന്റെ പരിഭാഷ സൂക്ഷിക്കുന്ന ‘കുറ്റത്തി’ല്‍ നിന്നു വിമുക്തരാകാന്‍ വേണ്ടിയാണ് അവരങ്ങിനെ ചെയ്തത്.
ഖുര്‍ആന്‍ പരിഭാഷക്കെതിരില്‍ മതപണ്ഡിതന്മാര്‍ ഫത്‌വ പ്രസിദ്ധീകരിച്ചതും അതിനെ തുടര്‍ന്നു ചിലര്‍ ഖുര്‍ആന്‍ ഭാഷ്യത്തിന്റെ കയ്യെഴുത്തു പ്രതി കടലില്‍ താഴ്ത്തിയതും അറിഞ്ഞപ്പോള്‍ വിപ്ലവകാരിയും ധീരനുമായിരുന്ന മായന്‍കുട്ടി എളയ ഒന്നു ഊറിച്ചിരിച്ചു. അക്കാലത്ത്ത്തന്നെ തലശ്ശേരി, കണ്ണൂര്‍, വളപട്ടണം, കാസര്‍ക്കോട് മുതലായ പ്രദേശങ്ങളിലെ ചില യുവാക്കള്‍ തഫ്‌സീര്‍ അച്ചടിക്കാന്‍ ശക്തിയായി അദ്ദേഹത്തെ പ്രേരിപ്പിക്കുകയുണ്ടായി. തദാവശ്യാര്‍ത്ഥം ഹിജ്‌റ 1286ല്‍ (ക്രി.അ.1869-1870) അദ്ദേഹം കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിനടുത്ത് ഒരു ലിത്തോ പ്രസ്സ് സ്ഥാപിച്ചു. പ്രസ്സ് മാനേജര്‍ മുവ്വക്കാട്ട് ആദംകുട്ടി സാഹിബായിരുന്നു.
ഒന്നാം ഭാഗം ഹിജ്‌റ 1289ല്‍ അച്ചടിച്ചു. പ്രസ്സ് കോപ്പി എഴുതിയത് അരീക്കോട് സ്വദേശി അഹ്മദുബുനു ഐദ്രോസ് ആയിരുന്നു. ഹിജ്‌റ 1294-ല്‍ (ക്രി.അ.1877) അവസാനത്തെ ആറാം വാള്യം വരെ പുറത്തു വന്നു. 1291 (ക്രി.അ.1874-1875)മുതല്‍ ആ ഖുര്‍ആന്‍ ഭാഷ്യത്തിന്റെ ആദ്യഭാഗങ്ങളുടെ രണ്ടാം പതിപ്പ് തലശ്ശേരിയില്‍നിന്നും മുദ്രണം ചെയ്തു. ”
ആദ്യമായി മലയാള ലിപിയില്‍ ഖുര്‍ആന്റ പൂര്‍ണ്ണ പരിഭാഷ തയ്യാറാക്കിയത് മര്‍ഹും സി.എന്‍.അഹമ്മദ് മൗലവി എന്നാണല്ലോ പൊതുധാരണ. അദ്ദേഹം എഴുതിയ പ്രസ്താവന എന്ന മുഖവുരയിലെ പ്രസക്ത പരാമര്‍ശം.
“അങ്ങനെ, 1953-ല്‍ ഖുര്‍ആന്റെ കാല്‍ഭാഗത്തിന്റെ പരിഭാഷ, ഖുര്‍ആന്‍ പരിചയപ്പെടുത്താന്‍ 230 പേജുള്ള ഒരു മുഖവുരയോടുകൂടി പ്രസിദ്ധീകരിച്ചു. അതു കേരള ജനത ഭക്ത്യാദരപൂര്‍വ്വം സ്വീകരിച്ചു. ഇത്രയും മഹത്തായ ഖുര്‍ആനെന്ന് ഗ്രഹിച്ചപ്പോള്‍ അതു വായിച്ചു ഗ്രഹിക്കുന്നതില്‍ അവര്‍ വ്യാപൃതരായി. പല കേന്ദ്രങ്ങളില്‍നിന്നും എനിക്ക് എത്രയോ അഭിനന്ദനക്കത്തുകള്‍ കിട്ടി. പക്ഷേ, ആ പരിപാടി തുടര്‍ന്നു പോകാന്‍ കഴിഞ്ഞില്ല. പല ഭാഗങ്ങളില്‍നിന്നും അടിക്കടി അന്വേഷണങ്ങള്‍ വന്നുകൊണ്ടുമിരുന്നു. ഒടുവില്‍, രണ്ടു ചെറുവാല്യങ്ങള്‍ വളരെ വിഷമിച്ചു പുറത്തിറക്കി. പിന്നെയും പകുതിയിലധികം ബാക്കിതന്നെ. അപ്പോള്‍ ഇന്ത്യ ഗവണ്മെന്റിനെ സമീപിച്ചു. അവര്‍ 12900 രൂപ സൗജന്യമായി നല്കി സഹായിച്ചു. അങ്ങനെ 1961-ല്‍ ആ ശ്രമം പൂര്‍ത്തിയായി. ആകെ 10 കൊല്ലം പിടിച്ചു..”
സി.എന്‍.അഹമ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ അച്ചടി ചരിത്രം ഇപ്രകാരം. 1961 ല്‍ ഒന്നാം വാല്യം പ്രസിദ്ധപ്പെടുത്തി. 1964ല്‍ റീപ്രിന്റ്. 1973ല്‍ പരിഷ്‌കരിച്ച പതിപ്പ് എന്‍.ബി.എസ്. പ്രസിദ്ധപ്പെടുത്തി. പിന്നീട് 1982, 1987, 1999, 2006, 2008 എന്നീ വര്‍ഷങ്ങളില്‍ റീ പ്രിന്റ്.
മലയാള ലിപിയില്‍ വിശുദ്ധ ഖുര്‍ആന്റെ പരിഭാഷ ആദ്യം പൂര്‍ത്തിയാക്കിയത് സി.എന്‍.അഹമ്മദ് മൗലവിയല്ല; പി.മുഹമ്മദ് മൈതീന്‍ വക്കം ആണ്. സി.എന്‍.അഹമ്മദ് മൗലവി വിവര്‍ത്തനം പൂര്‍ത്തിയാക്കുന്നത് 1961 ല്‍ ആണല്ലോ (ചില ലേഖനങ്ങളില്‍ 1959 എന്ന് കാണുന്നു). എന്നാല്‍ 1954ല്‍ പി.മുഹമ്മദ് മൈതീന്‍ വക്കം പരിശുദ്ധ ഖുര്‍ആന്റെ പരിഭാഷ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അച്ചടിമഷി പുരളാനുള്ള ഭാഗ്യം ആ പരിഭാഷയ്ക്ക് ലഭിച്ചില്ല. മുഹമ്മദ് മൈതീന്റെ പരിഭാഷ 2009 ല്‍ ആണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കേരള സര്‍വകലാശാല പ്രസാധന വിഭാഗമാണ് പ്രസാധകര്‍. ഏതാണ്ട് എഴുപത് വര്‍ഷത്തിന് മുന്‍പാണ് മുഹമ്മദ് മൈതീന്‍ ഇതെഴുതുന്നത്. അന്നത്തെ മലയാള ഭാഷയുടെ ഭാവവും രൂപവും ഘടനയും ഇന്നത്തെപ്പോലെ സരളമായിരുന്നില്ല. സംസ്‌കൃത വാക്കുകളുടെ അതിപ്രസരം അന്നത്തെ ഗദ്യത്തിന്റെ സവിശേഷതയായിരുന്നു. എന്നാല്‍ മുഹമ്മദ് മൈതീന്റെ പരിഭാഷ അക്കാലത്തെ സാര്‍വത്രിക ഗദ്യശൈലിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സരളവും അയത്‌ന ലളിതവുമായിരുന്നുവെന്ന് പറയാതെ വയ്യ. പ്രത്യേകിച്ചും അദ്ദേഹം സംസ്‌കൃതത്തില്‍ വളരെ ഭാഷാ നൈപുണ്യം നേടിയ ആളെന്ന നിലയില്‍ വീക്ഷിക്കുമ്പോള്‍.
ഖുര്‍ആന്‍ പരിഭാഷയോടും വ്യാഖ്യാനത്തോടുമുള്ള മുഹമ്മദ് മൈതീന്റെ താത്പര്യം ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍ തന്നെ ആരംഭിച്ചതാണ്. 1935-ല്‍ തലശ്ശേരിയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി മുഹമ്മദ് മൈതീന്റെ അല്‍ബഖറ സൂറത്തിന്റെ പരിഭാഷയും വ്യാഖ്യാനവും പ്രസിദ്ധപ്പെടുത്തിയിരുന്നു. 1935-ല്‍ കോഴിക്കോട് മുസ്ലിം-ലിറ്ററേച്ചര്‍ സൊസൈറ്റി മുഹമ്മദ് മൈതീന്റെ 30-ാം ജുസ്ഇന്റെ പരിഭാഷയും വ്യാഖ്യാനവും പ്രസിദ്ധപ്പെടുത്തി. ഇത് സമുദായത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ സംഭത്തെക്കുറിച്ച് തന്റെ ഖുര്‍ആന്‍ പരിഭാഷയുടെ ആദ്യഭാഗത്ത് സി.എന്‍.അഹമ്മദ് മൗലവി ഇങ്ങനെ രേഖപ്പെടുത്തി കാണുന്നു.
“കോഴിക്കോട് മുസ്ലിം-ലിറ്ററേച്ചര്‍ ഖുര്‍ആന്റെ 30-ല്‍ ഒരംശം വിവര്‍ത്തനം ചെയ്യിച്ച് 1935-ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 7 പണ്ഡിതന്മാര്‍ അതിന്നെതിരില്‍ മതവിധികളിറക്കിയത് ഞാന്‍ കണ്ടിട്ടുണ്ട്.”
പ്രതികൂല വിമര്‍ശനമൊന്നും മുഹമ്മദ് മൈതീനെ ബാധിച്ചതേയില്ല. അദ്ദേഹം മുഴുവന്‍ ഖുര്‍ആനും പരിഭാഷപ്പെടുത്തി. പക്ഷേ അതൊക്കെ ഒന്നിച്ച് പ്രസിദ്ധപ്പെടുത്തി കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. പലപ്പോഴും ഈ ദുര്യോഗം എഴുത്തുകാരന്‍ അനുഭവിക്കേണ്ടി വരുന്ന അനിവാര്യമായ ദുരന്തമാണ്. നാല്പത് വര്‍ഷത്തോളം അത്യദ്ധ്വാനം ചെയ്ത് മഹാകവി ഉള്ളൂര്‍ കേരള സാഹിത്യ ചരിത്രം പൂര്‍ത്തീകരിച്ചെങ്കിലും അത് അച്ചടി മഷി പുരണ്ടു കാണാനുള്ള ഭാഗ്യം ജീവിതകാലത്ത് അദ്ദേഹത്തിനുണ്ടായില്ല.
പി.മുഹമ്മദ് മൈതീന്റെ കേരള സര്‍വകലാശാല അച്ചടിച്ച പരിഭാഷയുടെ ഘടന ഇങ്ങനെയാണ്. ആദ്യം ദീര്‍ഘമായ പീഠിക, പിന്നെ ഓരോ സൂറത്തിന്റെയും പരിഭാഷ. സൂറാ നമ്പര്‍, സൂറായുടെ മൂലനാമം, മൂലനാമത്തിന്റെ വിവര്‍ത്തനം, അവതരിച്ച സ്ഥലം (മക്കയോ മദീനയോ), സൂറായുടെ നാമത്തിന്റെ ഉത്ഭവം, വചന പരിഭാഷ; ഈ ക്രമത്തിലാണ് അവതരണം. ഭാഗികമായി നേരത്തെ പ്രസിദ്ധപ്പെടുത്തിയ മൈതീന്റെ പരിഭാഷകളില്‍ കുറിപ്പുകളും വ്യാഖ്യാനങ്ങളും കാണാനുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ വാല്യത്തില്‍ ഇവ കാണാനില്ല. കുറിപ്പുകളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരണ സമയത്ത് ഒഴിവാക്കിയതാകാനാണ് സാധ്യത. ആദ്യമായി ഒറ്റവാല്യത്തില്‍ ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കി പ്രസിദ്ധീകരിച്ച മര്‍ഹും മുട്ടാണിശ്ശേരില്‍ കോയാക്കുട്ടിയാണ് മൈതീന്റെ പരിഭാഷയ്ക്ക് പ്രൗഢോജ്ജ്വലമായ അവതാരികയെഴുതിയിരിക്കുന്നത്. പരിഭാഷയുടെ രീതി മനസ്സിലാക്കുവാന്‍ 100-ാം സൂറത്തിന്റെ പരിഭാഷ ഉദ്ധരിക്കട്ടെ.
അല്‍ ആദിയാത്ത് (ഓടുന്നവ)
മക്കയില്‍ അവതരിച്ചത്
ഓടുന്നവ എന്നിതിനു പേരുണ്ടായത് ഇതിലെ ആദ്യത്തെ വചനത്തില്‍ നിന്നുമാണ്.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1. കിതച്ചുകൊണ്ട് ഓടുകയും,
2. എന്നിട്ട് തീപ്പൊരികള്‍ പറത്തിവിടുകയും,
3. എന്നിട്ട് പ്രഭാതസമയത്തു ഝടുതിയില്‍ കയറി ആക്രമിക്കുകയും,
4. അതുനിമിത്തം പൊടിപടലങ്ങള്‍ ഇളക്കിവിടുകയും,
5. അങ്ങനെ ഒറ്റ സംഘമായിട്ട് (ശത്രു) മദ്ധ്യത്തില്‍ തുളച്ചുകയറുകയും ചെയ്യുന്നവയെക്കൊണ്ട് സത്യം.
6. ഇതാ മനുഷ്യന്‍ കൃതഘ്‌നനത്രെ അവന്റെ നാഥനോട്
7. സാക്ഷിയുമത്രെ അവന്‍ അതിന് (അവന്റെ പ്രവൃത്തികള്‍ കൊണ്ട്),
8. തീക്ഷ്ണതയുള്ളവനുമാണ് അവന്‍ ധനതൃഷ്ണയില്‍
9. അവന്‍ അറിയുന്നില്ലെന്നോ, - ശവകുടീരങ്ങളില്‍ ഉള്ളത് പുറത്തേക്കു വമിക്കപ്പെടുകയും,
10. ഹൃദയങ്ങളിലുള്ളതു പുറത്താക്കപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ --
11. അന്ന് അവരെ സംബന്ധിച്ച പൂര്‍ണ്ണമായ അറിവുള്ളവനായിരിക്കും അവരുടെ നാഥനെന്ന്?
പി.മുഹമ്മദ് മൈതീന്റെ ലഭ്യമായ
ജീവചരിത്രക്കുറിപ്പ്.
തിരുവന്തപുരം ജില്ലയില്‍ വക്കം പുന്ത്രാന്‍വിളാകം കുടുംബത്തില്‍ പക്കീര്‍ മൈതീന്റെയും പാത്തുമ്മയുടെയും മകനായി 1899-ല്‍ ജനിച്ചു. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ കാഴ്ചക്കുറവുകാരണം വിദ്യാഭ്യാസം മുടങ്ങി. പിന്നീട് മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം, ഉര്‍ദു എന്നീ ഭാഷകളില്‍ പരിജ്ഞാനം നേടി. മാതുലനായ വക്കം മൗലവിയുടെ ശിഷ്യത്വത്തില്‍ അറബി പഠനം തുടര്‍ന്നു. മൗലവി സ്ഥാപിച്ച ഇര്‍ശാദ് കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനായി. വിവിധ പത്രങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1920 കളില്‍ ലാഹോറില്‍ നിന്നും പുറത്തിറങ്ങിയ “ദി ലൈറ്റ്” എന്ന ഇംഗ്ലീഷ് വാരിക, 1940-ല്‍ ഇടവ സി.എം.എസ്.പ്രസ്സിന്റെ യുവകേസരി മാസിക, 1950-ല്‍ പുറത്തിറങ്ങിയ അന്‍സാരി മാസിക, കോഴിക്കോട്ടു നിന്നും പുറത്തിറങ്ങിയ ചന്ദ്രിക വാരിക എന്നിവയില്‍ തുടര്‍ച്ചയായി എഴുതി. 1932-നു ശേഷം ഖുര്‍ആന്റെ രണ്ടാമദ്ധ്യായം അല്‍ബഖറ വ്യാഖ്യാന സഹിതം പ്രസിദ്ധപ്പെടുത്തി. 1935-ല്‍ തലശ്ശേരിയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയാണ് അതു പ്രസിദ്ധീകരിച്ചത്. മൂസാ മൗലവി, കെ.എം.മൗലവി എന്നിവരുടെ സഹകരണത്തോടെ ഖുര്‍ആന്‍ മുപ്പതാം ഭാഗം പരിഭാഷപ്പെടുത്തി. ഇസ്ലാം മതതത്വ പ്രദീപം, മുസ്‌ലിംകള്‍ എന്തുകൊണ്ട് പിന്നാക്കത്തിലായി, കിത്താബുല്‍ ഇസ്‌ലാം, മൗലികമായ മൂന്നുകാര്യങ്ങള്‍, സുന്നത്തും ഹദീസും എന്നീ ചെറുഗ്രന്ഥങ്ങളും സൂറത്തു യാസീന്‍, സൂറത്തുന്നൂര്‍ പരിഭാഷയും ഖുര്‍ആന്‍, 27,28,29 അദ്ധ്യായങ്ങളുടെ പരിഭാഷയും സ്വന്തം ചെലവില്‍ പ്രസിദ്ധപ്പെടുത്തി. ഹൃദയത്തിലെ അത്ഭുതങ്ങള്‍ (രണ്ടു വാല്യങ്ങള്‍), സുരഭില ശകലങ്ങള്‍, അറബി വ്യാകരണ പാഠങ്ങള്‍, ഖുര്‍ആനിലെ ദുആകള്‍, അറേബ്യയിലെ ജ്യോതിര്‍ദീപം അഥവാ മുഹമ്മദ് നബി, സൂക്തി കിരണങ്ങള്‍ എന്നീ കൃതികളും അറബിയില്‍നിന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
1950-നുശേഷം ഖുര്‍ആന്റെ സമ്പൂര്‍ണ്ണ പരിഭാഷ ആരംഭിച്ചു. ഖുര്‍ആന്‍ വചനങ്ങളുടെ അറബി മൂലം വായിച്ചുകൊടുക്കുകയും അതിന്റെ അര്‍ത്ഥം ഗ്രന്ഥകര്‍ത്താവ് പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന രീതിയിലാണ് പരിഭാഷ നിര്‍വഹിച്ചത്. ഈ യജ്ഞത്തിന് നിരന്തരം സഹായം നല്‍കിയത് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ മുഹമ്മദ് റഫീക്കും ചിറയിന്‍കീഴ് സ്വദേശികളായ സുല്‍ത്താന്‍ പിള്ള മുന്‍ഷിയും അബ്ദുല്‍ വാഹീദുമാണ്.
1967 മെയ് പത്തിന് മുഹമ്മദ് മൈതീന്‍ നിര്യാതനായി. ആദ്യ ഭാര്യയായ മൈമൂന്‍ബീവിയുടെ മരണശേഷം അവരുടെ സഹോദരിയായ ആസിയാബീവിയെ വിവാഹം ചെയ്തു. ആറുമക്കള്‍. മൂന്നു പുത്രന്മാര്‍, മൂന്നു പുത്രിമാര്‍.