പുലിക്കോട്ടില്‍ ഹൈദര്‍

ആസാദ് വണ്ടൂര്‍  

ര്‍മ മധുരവും ഭാവ പുഷ്‌കലവുമായ മാപ്പിളപ്പാട്ടുകള്‍ കൊണ്ട് അര നൂറ്റാണ്ടിലേറെ കാലം മലബാറിനെ പുളകം കൊള്ളിച്ച കവിയായിരുന്നു പുലിക്കോട്ടില്‍ ഹൈദര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തായംകോട് എന്ന പ്രദേശത്ത് ജീവിച്ചിരുന്ന പുലിക്കോട്ടില്‍ ഹൈദര്‍ 1879 ല്‍ ജനിച്ചു. 1975 ജൂണ്‍ 23 ന് നിര്യാതനായി. കേരളത്തിലെ മുസ്ലിംകളുടെ തനത് ലിപി സമ്പ്രദായമായ ''അറബി-മലയാള'' (ഭാഷ മലയാളവും ലിപി അറബിയും) ത്തിലാണ് പുലിക്കോട്ടില്‍ ഹൈദര്‍ തന്റെ രചനകളെല്ലാം തന്നെ നിര്‍വ്വഹിച്ചത് എന്നതു കൊണ്ട് ഈ അടുത്ത കാലം വരെ ഭാഷക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരക്കെ അറിയപ്പെടുകയുണ്ടായില്ല. 1979 മെയ് 5, 6 തിയ്യതികളില്‍ വണ്ടൂരില്‍ വെച്ച് നടന്ന പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷ വേളയില്‍ നടന്ന സെമിനാറുകളും അതിനോടനുബന്ധിച്ച് ഡോ. എം.എന്‍. കാരശ്ശേരി എഡിറ്ററായി വണ്ടൂര്‍ മാപ്പിളകലാ സാഹിത്യ വേദി പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ഹൈദറിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ (പുലിക്കോട്ടില്‍ കൃതികള്‍) പ്രകാശനത്തിനും ശേഷമാണ് ഈ കവിക്ക് സാഹിത്യ ചരിത്രത്തിലുള്ള സ്ഥാനം വളരെ വിലപ്പെട്ടതാണെന്ന വസ്തുത പുറത്തുവന്നത്. അതിനുശേഷം കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി നടന്നുവരുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളും പഠന പരിശ്രമങ്ങളും ഹൈദറിന്റെ സാഹിത്യ സംഭാവനകള്‍ക്ക് കൂടുതല്‍ വെളിച്ചമേകാന്‍ സഹായിച്ചിട്ടുണ്ട്. ഭാവത്തിലും രൂപത്തിലും വൈവിധ്യം നിലനിര്‍ത്തിപോന്നിട്ടുള്ളതാണ് ഹൈദര്‍ കവിത. നാടന്‍ വിഷയങ്ങളെ നാടന്‍ ശൈലിയില്‍ കൈകാര്യം ചെയ്യുക എന്ന നാടോടി സമ്പ്രദായം തന്നെയാണ് ഹൈദര്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് വിഷയ വൈചിത്രം ധാരാളം ഉണ്ടായിട്ടുണ്ട്. നാടോടി സമ്പ്രദായത്തിന്റെ മറ്റൊരു സവിശേഷതകൂടി ഹൈദര്‍ കൃതികളില്‍ കാണാം. അതായത് മുന്നില്‍ കണ്ട വിഷയത്തെ, കണ്ട നിമിഷത്തില്‍ മനസ്സിലുണ്ടായ പ്രതികരണം നിലനിര്‍ത്തികൊണ്ട് തന്നെ കവിതയില്‍ പ്രതിപാദിക്കുക എന്നതാണത്. അനുഭവത്തെ ആന്തരികാനുഭൂതിയാക്കി വെച്ചു വളര്‍ത്തി മനനം ചെയ്ത് ബുദ്ധി വ്യാപാരത്തിന് വിധേയമാക്കി പുന:സ്മരണയിലൂടെ രൂപാന്തര പ്രാപ്തിവരുത്തി എഴുതുന്ന കവിതയില്‍ നിന്ന് ഇതിന് വ്യത്യാസമുണ്ട്. അതുപോലെ തന്നെ നാടോടി കവിത തുറസ്സായ ജീവിത തരംഗത്തിന്റെ കവിതയാണ്. ഹൈദറിന്റെ മാപ്പിളപ്പാട്ടുകളില്‍ വ്യക്തിജീവിത കഥകള്‍ പോലും തുറസ്സായ അന്തരീക്ഷത്തിന്റെ ഋജുഭാവുകത്വം നേടിയാണ് പ്രത്യക്ഷപ്പെട്ടത്.

മോയിന്‍കുട്ടി വൈദ്യര്‍ -
പിതാവിന്റെ സുഹൃത്ത്

    ഏറനാട് താലൂക്കിലെ പുന്നപ്പാല അംശം തിരുവാലി ദേശം അധികാരിയായിരുന്ന ഐത്തു അധികാരിയുടേയും തൈത്തോട്ടത്തില്‍ ഹൈദര്‍ മുസ്ല്യാരുടെ മകന്‍ മമ്മാദ്യയുമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച ഹൈദര്‍ സാമ്പത്തിക ശേഷിയുള്ള ഏതൊരു ഏറനാടന്‍ മുസ്ലിംകുടുംബത്തിലേയും സാധാരണ അംഗത്തെപോലെയാണ് വളര്‍ന്നത്. ഐത്തു അധികാരിയുടെ സുഹൃത്തുക്കളായിരുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, കാഞ്ഞിരാല കുഞ്ഞിരായിന്‍കുട്ടി തുടങ്ങിയ കവികള്‍ അധികാരിയെ കാണാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. വാഹനങ്ങള്‍ ഇല്ലാത്ത അക്കാലത്ത് മോയിന്‍കുട്ടി വൈദ്യര്‍, നല്ലളം ബീരാന്‍ എന്നിവര്‍ ദീര്‍ഘദൂരം നടന്നാണ് ഹൈദറിന്റെ വീട്ടില്‍ വന്നിരുന്നത്. വൈദ്യരുടെ ഗുരുനാഥന്‍ അരിപ്ര ഐത്രു മുസ്ല്യാര്‍ക്ക് അധികാരിയുമായുള്ള കുടുംബബന്ധമാണ് വൈദ്യരെ അവിടേക്ക് അടുപ്പിച്ചിരുന്നത്. ഈ സമ്പര്‍ക്കം ഹൈദറിന്റെ മാപ്പിളപ്പാട്ട് കമ്പത്തെ ജ്വലിപ്പിച്ചു. ഇതോടൊപ്പം പുല്ലാര പൂക്കോയ തങ്ങള്‍, കമ്മുട്ടി മരക്കാര്‍ എന്നിവര്‍ ഹൈദറിന് മാപ്പിളപ്പാട്ട് രചനയില്‍ വഴികാട്ടികളായിരുന്നു. ഇതില്‍ പുല്ലാര പൂക്കോയ തങ്ങളെ കാവ്യരചനയില്‍ ഗുരുനാഥനായിട്ടാണ് ഹൈദര്‍ കണക്കാക്കിയിരുന്നത്.

പരിഹാസവും നര്‍മബോധവും
    മാപ്പിളപ്പാട്ടിന്റെ രചനാ രംഗം ഏറ്റവും സജീവമായിരുന്ന കാലത്താണ് ഹൈദര്‍ ജീവിച്ചത്. അന്ന് 'കത്തും കുറിയും' രാഷ്ട്രീയവും മതപരിഷ്‌കരണവും എല്ലാം പാട്ടിലായിരുന്നു. വിമര്‍ശന സ്വഭാവം കുട്ടിക്കാലം തൊട്ടേ ഹൈദറില്‍ കണ്ടു വന്നിരുന്ന സ്വഭാവമാണ്. 1910 ല്‍ സ്വന്തംനാട്ടിലെ കോല്‍ക്കളി മോശമായതിനെ തുടര്‍ന്ന് അതിനെ പരിഹസിച്ചു കൊണ്ട് നടത്തിയ രചനയാണ് ഹൈദറിന്റെ ആദ്യത്തെ പാട്ട്. ഈ പരിഹാസം തന്റെ രചനകളിലൂടെ സാമൂഹ്യ പരിഷ്‌കരണത്തിന് ബോധപൂര്‍വം ഹൈദര്‍ ഉപയോഗിച്ചു. തന്റെ സ്വതസ്സിദ്ധമായ നര്‍മബോധം ഈ പരിഹാസത്തെ ജനകീയമാക്കി. 'ഷൊര്‍ണൂര്‍ യാത്ര' എന്ന പാട്ടില്‍ പരിഹാസം നര്‍മത്തില്‍ ചാലിച്ചെഴുതിയതിന്റെ ഉദാഹരണം ഇങ്ങനെ...

''മണ്ടീയവിടന്നുഞാനൊരുനീളം
വയ്യോട്ടുനോക്കാതെ മേപ്പാടിയോളം..''  

തന്റെ സര്‍ഗശേഷി സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ബോധപൂര്‍വ്വം ഉപയോഗിച്ച കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. വിശ്വാസത്തിന് വിരുദ്ധമെന്നും ജീവിത പുരോഗതിക്ക് തടസ്സമെന്നും തോന്നിക്കുന്ന എല്ലാ ആചാര സമ്പ്രദായങ്ങളെയും ഹൈദര്‍ കളിയാക്കുകയും പുച്ഛിക്കുകയും ചെയ്തിട്ടുണ്ട്. ദുരാചാരമാല, കലിയുഗം, കാതുകുത്തു മാല, സ്ത്രീ മര്‍ദ്ദിത മാല, വിവാഹ ദോഷം, മാരന്‍മാരുടെ തകരാറ്, കലിയുഗം തുടങ്ങിയ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗാനങ്ങളെല്ലാം ഇപ്പറഞ്ഞതിന് ഉദാഹരണങ്ങളാണ്.
    1914-18 കാലത്ത് നടന്ന ഒന്നാം ലോക മഹായുദ്ധത്തെതുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും പട്ടിണിയും രോഗവും സ്ത്രീകളുടേയും കുട്ടികളുടേയും കഷ്ടപ്പാടുകളും ഹൈദറിന്റെ പ്രതികരണ ശേഷിയെ തട്ടിയുണര്‍ത്തി. യുദ്ധാനന്തരമുണ്ടായ ഖിലാഫത്ത് പ്രസ്ഥാനം മലബാര്‍ കലാപത്തിലാണ് അവസാനിച്ചത്. അതേവരെയുള്ള മാപ്പിളപ്പാട്ടുകളുടെ ഇതിവൃത്തം ഇസ്ലാമിക ചരിത്രങ്ങളോ മതപരമായ വിഷയങ്ങളോ പേര്‍ഷ്യന്‍ കഥകളോ ആയിരുന്നുവെങ്കില്‍ ആദ്യമായി ഒരു മാപ്പിളപ്പെണ്ണിന്റെ നോവും നൊമ്പരങ്ങളും മാപ്പിളപ്പാട്ടിന് ഇതിവൃത്തമാക്കിയത് ഹൈദറാണ്. മോയിന്‍കുട്ടി വൈദ്യരടക്കമുള്ള മാപ്പിളപ്പാട്ടു രംഗത്തെ പ്രഗത്ഭ കവികള്‍ യുദ്ധരംഗങ്ങളും പ്രേമ കഥകളും ആവിഷ്‌കരിക്കാന്‍ ഇന്ത്യക്ക് പുറത്തേക്ക് പറന്നപ്പോള്‍ വൈദ്യര്‍ സ്വന്തം മണ്ണില്‍ കാലുറപ്പിച്ചുനിന്നു. കാല്‍പനിക പൊലിമയുടെ നിലാവില്‍ അലഞ്ഞു നടന്നിരുന്ന മാപ്പിളപ്പാട്ടുകളെ നിത്യജീവിതത്തിന്റെ സൂര്യ പ്രകാശത്തിലേക്ക് ഹൈദര്‍ നീക്കി നിര്‍ത്തി. ഇവിടത്തെ നാട്ടിന്‍പുറങ്ങളിലെ ചായമക്കാനിയും, ആനപിടുത്തവും, നരിനായാട്ടും, കാളപൂട്ടും, തെരപ്പം കുത്തലും, തെരഞ്ഞെടുപ്പും, വെള്ളപ്പൊക്കവും, അടിപിടിയും എല്ലാമെല്ലാം ഈ ഗാനപ്രപഞ്ചത്തില്‍ തെളിഞ്ഞുകാണാം.

മലബാര്‍ കലാപം
1921 ലെ മലബാര്‍ കലാപം കഴിഞ്ഞ ഉടനെ മലബാറില്‍ നിരവധി ദുരന്തങ്ങള്‍ വന്നുപെട്ടു. അരക്ഷിത ബോധവും സാമ്പത്തിക തകര്‍ച്ചയും സമൂഹത്തെ കടന്നാക്രമിക്കുകയുണ്ടായി. പ്രായപൂര്‍ത്തിയായ പുരുഷന്‍മാരെല്ലാം ഒന്നുകില്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു - അല്ലെങ്കില്‍ ബല്ലാരി, തഞ്ചാവൂര്‍ തുടങ്ങിയ ജയിലുകളില്‍ നീണ്ടകാലത്തെ തടവുകാരായി. ഒട്ടനവധി പേരെ അന്തമാന്‍ ദ്വീപിലെ തുറന്ന ജയിലിലേക്ക് നാടുകടത്തി. ലോകത്ത് എവിടെ കലാപമുണ്ടായാലും അതിന്റെ പരിണത ഫലങ്ങള്‍ അനുഭവിക്കുന്നത് വിധവകളും വൃദ്ധരും അനാഥകളുമായ സ്ത്രീകളും കുട്ടികളുമായിരിക്കും. കലാപാനന്തരം കൊടുംപട്ടിണിയും ദാരിദ്രവും മലബാറിനെ ഗ്രസിച്ചു. വിശന്നു കരയുന്ന കുട്ടികളുടെ വിശപ്പു മാറ്റാന്‍ തൊടിയിലെ ചേമ്പിലയും, താളും, തകരയും വേവിച്ചു കൊടുക്കുകയല്ലാതെ അമ്മമാര്‍ക്ക് മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. സ്ത്രീകള്‍ പുറത്തേക്ക് ജോലിക്കു പോകുന്ന പതിവും തുടങ്ങിയിരുന്നില്ല. അക്ഷരാഭ്യാസമില്ലാത്ത പുറം ലോകവുമായി ഒരു പരിചയവുമില്ലാത്ത കറുപ്പു സൂപ്പു തുണിയും പെണ്‍കുപ്പായവും ധരിച്ച നിസ്സഹായരായ മാപ്പിളയുവതികള്‍. ഈ ആവസരത്തിലാണ് പട്ടാളക്കാരെയും ആയുധങ്ങളും കൊണ്ടുവരാനും നിലമ്പൂര്‍ തേക്ക് തടികള്‍ കടത്തി കൊണ്ടു പോകുവാനും വേണ്ടി ബ്രിട്ടീഷുകാര്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. നിര്‍മ്മാണ ജോലിക്കാരും നടത്തിപ്പുകാരും മേസ്തിരിമാരും തമിഴ്‌നാട്ടുകാരായിരുന്നു. കുട്ടികളുടെ വിശപ്പടക്കാനായി മാപ്പിള യുവതികള്‍ റയില്‍വേ ജോലിക്ക് പോയിത്തുടങ്ങി. അടുക്കളയില്‍ നിന്നും പുറം ജോലിക്കായി മാപ്പിള സ്ത്രീകള്‍ പുറത്തിറങ്ങുന്നത് ആദ്യമായിട്ടായിരുന്നു. നിഷ്‌കളങ്കരും നിസ്സഹായരുമായ ഈ സ്ത്രീകളെ റയില്‍വെ മേസ്തിരിമാരായ തമിഴ്‌നാട്ടുകാര്‍ അവരുടെ കാമ ദാഹത്തിന് നിര്‍ബന്ധപൂര്‍വ്വം ഇരകളാക്കി. ധാര്‍മിക ച്യുതിയില്‍ അമര്‍ന്ന ഒരു ജനസമൂഹം മലബാറില്‍ പിറവി എടുത്തു. സ്ത്രീകള്‍ 'ചോറ്റു' കച്ചവടം നടത്തുന്ന ചെറിയ ഭക്ഷണ ശാലകള്‍ പലയിടത്തും ഉയര്‍ന്നു. പ്രശസ്ത നോവലിസ്റ്റായ എന്‍.പി. മുഹമ്മദിന്റെ ഭാഷയില്‍  ''അരയണക്ക് ഉച്ചയൂണും ഒരണക്ക് രാത്രി ഉറക്കവും'' നല്‍കുന്ന കേന്ദ്രങ്ങളായി ഈ 'ചോറ്റു പുരകള്‍' മാറി. സദാചാര മുറകള്‍ക്ക് പ്രസക്തി കുറഞ്ഞുപോയ ആ കാലഘട്ടത്തിലെ കദനകഥകള്‍ കണ്ട് മനസ്സലിഞ്ഞ് ഹൈദര്‍ രചിച്ച നീണ്ട കാവ്യങ്ങളാണ് കോലാര്‍ യാത്ര, ഷൊര്‍ണൂര്‍ യാത്ര, തിരൂര്‍ യാത്ര തുടങ്ങിയ സര്‍ക്കീട്ട് പാട്ടുകള്‍.

നിമിഷ കവി
ജീവിതാവസാനത്തില്‍ വാത രോഗത്തിന്നടിമപ്പെട്ട് നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ രോഗ ശയ്യയില്‍ നിരങ്ങി നീങ്ങിയപ്പോഴും ആ അസാമാന്യ പ്രതിഭക്ക് മങ്ങലേല്‍ക്കുകയുണ്ടായില്ല. വിലപ്പെട്ട പല കൃതികള്‍ക്കും അന്ന് അദ്ദേഹം ജന്മം നല്‍കുകയുണ്ടായി. ഒരു സംഭവത്തേയോ വ്യക്തിയേയോ കുറിച്ച് നിമിഷ മാത്രയില്‍ ഒരു നാലടിപ്പാട്ട് രചിക്കുന്നത് അദ്ദേഹത്തിന് പ്രയാസമുള്ള കാര്യമായിരുന്നില്ല. മറ്റു മാപ്പിള കവികളില്‍ നിന്നും വിഭിന്നനായി സ്വന്തം സര്‍ഗ ശക്തിക്ക് നാദവും താളവും നല്‍കി ഏകാന്ത പഥികനായിട്ടാണ് അദ്ദേഹം കാവ്യോപാസന നടത്തിയത്.
വ്യവഹാരവും സഹകരണ കാര്യങ്ങളുമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ കേവലം ഒരു ഹോബിയായിട്ടാണ് ഹൈദര്‍ കാവ്യോപാസന നടത്തിയിരുന്നത്. കാവ്യ രചനക്കായി ഒരു പണിപ്പുര അദ്ദേഹത്തിനുണ്ടായിരുന്നില്ല. വ്യവഹാരങ്ങളുടെ കടലാസ്സ് കെട്ടുകളുമായി വെളുപ്പിന് വീട് വിട്ടിറങ്ങുന്ന കവി, നേരം ഇരുട്ടാകുമ്പോള്‍ ഒരു ചൂട്ടുമായിട്ടാണ് പുലിക്കോട്ടിലെ വീട്ടില്‍ എത്തിച്ചേരുന്നത്. പക്ഷെ, ആ പന്ത്രണ്ട് മണിക്കൂറുകളില്‍ പലതും നിര്‍വ്വഹിക്കുന്നതിനിടയില്‍ ഇമ്പമാവുന്ന കാവ്യ രചനാ സപര്യയും നടക്കുന്നു. മിക്കവാറും വണ്ടൂര്‍ അങ്ങാടിയില്‍ 'തലാപിന്റെ ചായപ്പീടികയില്‍' വെച്ചാണത് അരങ്ങേറുന്നത്. മുമ്പില്‍ നിറച്ച് വെച്ച ചായഗ്ലാസ്സും വിരലുകള്‍ക്കിടയില്‍ പുകയുന്ന ബീഡിയുമായി കുന്തിച്ചിരുന്ന് തീപെട്ടിയില്‍ താളം കൊട്ടിക്കൊണ്ട് സുന്ദരമായ കവിതകള്‍ക്ക് ജന്മം നല്‍കുകയുണ്ടായി.
കാലഘട്ടത്തിന്റെ സംഭവ ചരിത്രങ്ങളെകുറിച്ചും അദ്ദേഹം ഒരുപാട് കവിതകള്‍ എഴുതുകയുണ്ടായി. തന്റെ പദ്യരചനക്ക് വിഷയീഭവിച്ചിട്ടില്ലാത്ത സംഭവങ്ങള്‍ അന്നുണ്ടായിരുന്നില്ല. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, നായാട്ട്, ഉല്‍സവങ്ങള്‍, തിരഞ്ഞെടുപ്പ്, തുടങ്ങി കവിയുടെ കാലഘട്ടത്തിലുണ്ടായ ആനുകാലിക സംഭവങ്ങള്‍ മുഴുവനും അദ്ദേഹം കവിതയാക്കി. അലങ്കാര വര്‍ണ്ണനകളോട് കൂടിയ സൂക്ഷ്മ ഭാവനകള്‍ക്ക് അനുവാചകരുടെ ഹൃദയങ്ങളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്ന കരുത്തുറ്റ പ്രത്യേക ശൈലി കവിതയിലുടനീളം കാണാവുന്നതാണ്. പച്ച മലയാളത്തില്‍ കോര്‍ത്തിണക്കിയ പ്രാസങ്ങളും ഉള്‍പ്രാസങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് ശ്രവണ മധുരമായ കെസ്സുപാട്ടുകള്‍ നിര്‍മ്മിക്കുന്നത് ഹൈദറിന്റെ മാത്രം പ്രത്യേകതയാണ്. നീളന്‍ ശീലക്കുട കൈകള്‍ക്കു പിന്നില്‍ വെച്ച് ഹൈദര്‍ മുന്നിലും കൈയില്‍ തൂക്കിയിട്ടിരിക്കുന്ന തുണി സഞ്ചിയില്‍ മണ്ണെണ്ണ കാല്‍വിളക്ക് ഇറക്കിവെച്ച് പോക്കാവില്‍ മൊല്ലാക്ക പിന്നിലുമായി നടന്നുവരുന്നത് ഒരു നിത്യകാഴ്ചയായിരുന്നു.
    ഹൈദര്‍ സാഹിബിന്റെ ആദ്യകാല കൃതിയായ 'മതിമാന്‍ പങ്കജവല്ലി' എന്ന പ്രണയകാവ്യവും 'കേരള ചരിത്ര'വും പരലോക ചിന്തയിലേക്ക് ചൂണ്ടുപലകയായി രചിച്ച 'കലിയുഗ ഗാന'വുമാണ് സാമാന്യം ദീര്‍ഘമായിട്ടുള്ളത്. 'കലിയുഗ ഗാനം' മനുഷ്യനെ സദാചാര ചിത്തനാക്കുന്ന ഒരു കാവ്യമാണ്. എന്നാല്‍ ആകസ്മിക സംഭവങ്ങള്‍ വിവരിക്കുന്ന ഗാനങ്ങളും സുഹൃത്തുക്കള്‍ക്കുള്ള കത്ത് പാട്ടുകളുമായി ഹൈദറിന്നു തന്നെ അറിയാത്തവിധം എണ്ണമറ്റ കവിതകള്‍ അദ്ദേഹം രചിച്ചിരിക്കുന്നു. അവ ബഹുമുഖമായ മേഖലകളില്‍ വിഹരിച്ചു, വിവിധ മണ്ഡലങ്ങളില്‍ വേരിറങ്ങി നില്‍ക്കുന്ന ഹൈദറിന്റെ പാട്ടുകള്‍ മിക്കതും അച്ചടിക്കപ്പെട്ടിട്ടില്ല. പാടാന്‍ അറിയുന്ന ചിലര്‍ അച്ചടിച്ചുവില്‍പ്പന നടത്തിയിരുന്നതാകട്ടെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കുകയും ചെയ്തു. റോയല്‍ട്ടിയുടെ പേരില്‍ ഒരു പൈസപോലും അദ്ദേഹം വാങ്ങിയിരുന്നില്ല. മാത്രമല്ല, പ്രധാന ശിഷ്യന്‍ പോക്കാവില്‍ അഹമ്മദ് കുട്ടിമുല്ല മുദ്രണത്തിനുള്ള സംഖ്യപോലും അദ്ദേഹത്തോട് ചോദിച്ചുവാങ്ങിയിരുന്നു.!

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്
    ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലുള്ള അധികാരിയുടെ മകനും ഭൂവുടമയുമായ ഹൈദര്‍, ആദ്യകാലത്ത് സ്വഭാവികമായും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോട് അനുഭാവമുള്ള ആളായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ വീരപുത്രനായ മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുമായി പരിചയപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഒരു കോണ്‍ഗ്രസ്സനുഭാവിയായിതീര്‍ന്നു. 1935 - ല്‍ അബ്ദുറഹിമാന്‍ സാഹിബ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോള്‍ കവി അദ്ദേഹത്തെ സഹായിക്കുവാന്‍ തന്റെ ഗാനവുമായിട്ടാണ് രംഗത്തെത്തിയത്. വോട്ടര്‍മാരെ ഉല്‍ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം പാടി:-

ബി.എ. ഓണേഴ്‌സ് പരീക്ഷ,
വിദ്യ കോളേജില്‍ വാഴ്ചാ,
അയ്യോര്‍ സ്ഥാനം തീര്‍ച്ച.
അനുഫലം ഉണ്ടാകും തീര്‍ച്ച.
മഹാബലം: പൊങ്കുന്ന മിസ്റ്റര്‍ മുഹമ്മദബ്ദു-
റിമാനുകള്‍ വോട്ട് ചെയ്‌വീരെ,
മുസ്ലിം വോട്ടറന്മാരെ

1937-ല്‍ അബ്ദുറഹിമാന്‍ സാഹിബുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം കാരണം ഹൈദര്‍ അബ്ദുറഹിമാന്‍ സാഹിബില്‍ നിന്ന് അകന്നു. 1945 ല്‍ നാല്‍പ്പത്തി ഏഴാമത്തെ വയസ്സില്‍ അബ്ദുറഹിമാന്‍ സാഹിബ് ഹൃദയ സംതഭനം മൂലം കൊടിയത്തൂരില്‍ വെച്ച് അന്തരിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ചരമത്തില്‍ ഹൃദയം നൊന്ത് പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ച നീണ്ട വിലാപ കാവ്യം ഹൈദറിന്ന്  അബ്ദുറഹിമാന്‍ സാഹിബിനോടുള്ള അഗാധമായ സ്‌നേഹവും ബഹുമാനവും വെളിവാക്കുന്നതാണ്. വിലാപകാവ്യാവസാനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

''നാമെല്ലാവരുമാ മാന്യനെ തുടര്‍ന്ന് പോകണം
നാട്ടിന്ന് സമത്വമായ സ്വാതന്ത്ര്യത്തെ നേടണം
സാരമില്ലായെന്ന് ഓതി ജീവടങ്ങിയ ശ്രീമാന്‍
സര്‍വ്വത്ര ശൂരനാം മുഹമ്മദ് അബ്ദുറഹിമാന്‍ '

1937-ല്‍ കേരളത്തില്‍ മുസ്ലിംലീഗ് സംഘടന രൂപംകൊണ്ടു. പിന്നീട് തന്റെ രാഷ്ട്രീയ രംഗമായി തിരഞ്ഞടുത്തത് മുസ്ലിംലീഗാണ്. തുടര്‍ന്ന് ലീഗിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുകയും തിരഞ്ഞെടുപ്പ് സംരംഭങ്ങളില്‍ പോക്കര്‍സാഹിബ്, സീതിസാഹിബ് തുടങ്ങിയ നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കുകയുണ്ടായി. അക്കാലത്ത് ഏറനാട്ടിലെ മുഴുവന്‍ യോഗങ്ങള്‍ക്കും പുത്തന്‍ ലീഗ് ഗാനങ്ങള്‍ അദ്ദേഹം രചിച്ചിരുന്നു. ലീഗിന്റെ പ്രചരണത്തില്‍ ഒട്ടുവളരെ സ്വാധീനം ചെലുത്തിയ ഗാനങ്ങള്‍ മിക്കതും അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടവയത്രെ! മുസ്ലിംലീഗ് നേതാക്കളുടെ വണ്ടൂര്‍ വഴിക്കുള്ള യാത്രയില്‍ രോഗ ഗ്രസ്തനായ കവിയെ സന്ദര്‍ശിക്കുവാന്‍ വേണ്ടി മാത്രം രണ്ടു നാഴിക പഞ്ചായത്ത് റോഡ് താണ്ടി പോവുക സര്‍വ്വ സാധാരണമായിരുന്നു.
    പുലിക്കോട്ടില്‍ ഹൈദറിന്റെ കെസ്സു പാട്ടുകള്‍ വെണ്‍മണി കൃതികളോട് താദാത്മ്യം പ്രാപിക്കുന്നവയാണ്. അധികവും മദന ഗാനങ്ങളുടെ ഗണത്തിലാണ് സാധാരണമായി എണ്ണപ്പെടുന്നതെങ്കിലും വാസ്തവത്തില്‍ തെമ്മാടികളായ സാമൂഹ്യ വിരുദ്ധരുടെ അനാശാസ്യ ചെയ്തികളെ തുറന്നു വിമര്‍ശിക്കുകയാണ് അദ്ദേഹം ചെയ്തത്. മിക്കവാറും ആത്മകഥാ കഥനങ്ങളായി ചിത്രീകരിച്ച അത്തരം കെസ്സുപാട്ടുകള്‍ കൊണ്ട് ഒരു സാമൂഹ്യ വിപ്ലവം നടത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്. തൊഴിലാളി നിയമം നടപ്പില്ലാത്ത കാലത്ത് ചായത്തോട്ടത്തിലും മറ്റും സ്ത്രീകളെ കൊണ്ടുപോയി വഴിയാധാരമാക്കിയിരുന്ന മേസ്ത്രിമാരെ വിമര്‍ശിച്ചുകൊണ്ട് അനുഭവസ്ഥയായ ഒരു പെണ്ണ് പാടുന്ന വിധത്തിലുള്ള ഗാനം ശ്രദ്ധിക്കുക:-

തോട്ടത്തില്‍ പണിക്കെന്നെ വിളക്കണ്ടാ
ഒരു മേസ്ത്രിമാരും
തോട്ടത്തില്‍ പണിക്കെന്നെ വിളക്കണ്ടാ

തുടര്‍ന്നു ഈ വരികളില്‍ അവളുടെ അനുഭവ കഥകള്‍ കണ്ണുനീരോടെ വിവരിക്കുന്നു. വിരൂപിണികളായ സ്ത്രീകള്‍ക്കു പോലും രക്ഷയില്ലെന്ന് വിവരിക്കുന്ന ആ ഗാനം തുടരുന്നു.

മാറില്‍ കൊങ്കാമരുണ്ടോ നില്ലാത്തൊരു
കീറാച്ചി പെണ്‍പിറന്നോളുമേ
മണ്ടാമരത്തോട്ടത്തിന്നും മമ്മുണ്ണി
കാണാതെകൊണ്ടുപോന്നോളുമേ

വണ്ടിക്ക് മരം കെട്ടുന്ന അതികായന്മാരും, കൂലി കൂടുതലിന്റെ ഉന്മാദം നിമിത്തം മേസ്ത്രിമാരുടെ പിന്‍ഗാമികളായാണ് പെരുമാറിയിരുന്നത്. അവരുടെ വിദ്രോഹങ്ങള്‍കൊണ്ട് പൊറുതിമുട്ടി ലക്ഷ്യമില്ലാതെ പോയ പെണ്‍കുട്ടി പറഞ്ഞതായി അദ്ദേഹം പാടി..

കല്ലടിക്കാരെ മരം കെട്ടുന്ന പോത്തും വണ്ടി
ക്കാരെകൂടെ വന്നതാണെന്നും പറഞ്ഞതെണ്ടി

വിവിധ രംഗങ്ങളില്‍ വിരാജിക്കുന്ന ഹൈദറിന്റെ ഗാനങ്ങള്‍ സമശീര്‍ഷരുമായി മല്‍സരിക്കുന്നതിലും പിന്നിലായിരുന്നില്ല. പലരുമായും അദ്ദേഹം ഏറ്റുമുട്ടിയിട്ടുണ്ട്. ചില മല്‍സരപ്പാട്ടുകള്‍ സഭ്യതയുടെ സീമ, ലംഘിച്ചുകൊണ്ടുള്ളതാണെങ്കിലും സുന്ദരമായ ശൈലിയില്‍ തൊടുത്തുവിട്ട ഭല്‍സനങ്ങളുടെ കൂരമ്പുകള്‍ പ്രതിയോഗിയുടെ ഹൃദയം കുത്തി പിളര്‍ക്കുന്നവയാണ്. 1940 കളില്‍ സമകാലീനരായ കവികളുടെ പേരുകള്‍ കോര്‍ത്തെഴുതിയ ഒരു ഗാനം ഇവിടെ പ്രസക്തമാണ്.

മലബാറിലെ മാപ്പിളകവികള്‍
ഊരിലിക്കാലം പെരുത്ത്
പാട്ട് കെട്ടുന്നോരാം
ഉണ്ടതില്‍ ഒന്നാമനാം കമ്മുട്ടിമരക്കാരാം
പേര് വീരാനെന്നൊരുത്തന്‍
നല്ലളത്തുണ്ടോലോ
പേശുവാന്‍ കുറ്റിപ്പുലാനും കെസ്സ് കെട്ടുംമ്പോലോ
പോലെ ഏതോ പോക്കരെ മോനവറാന്‍ കുട്ടി
പോതറവറുട്ടിയും പള്ളിക്കലയമോട്ടി
ഏല് തെറ്റിടാതരിയകോട്ടുയെതന്നരാജി
യത്തിലുണ്ണി മമ്മതും പുവ്വത്തിയും ലാഹാജി
മാലവേലക്കാരിലാരും മേലയല്ലാകൊണ്ട്
വെട്ടിമോ യിന്‍കുട്ടി വൈദ്യരെ മോനൊന്നുണ്ട്
ബോലുവാന്‍ മമ്മാലിഹാജിയും മതിവുണ്ടാക്കാന്‍
പൊന്നവരാണെന്ന് കേള്‍ക്കുന്നിക്കിളിമൊല്ലാക്ക
കാളികാവിലുണ്ടൊരുത്തന്‍ കേട്ടുഞാന്‍ ഇന്നാള്
കാപ്പിലുണ്ടോലൊ സൈതാലിക്കുട്ടി എന്നൊരാള്
കേള്‍ക്കുവിന്‍ പിന്നെ മലയാളത്തിലൊക്കെകേളി
കേട്ടിടുന്ന പാട്ട് കാരനാണ് തോട്ടപ്പാളി

കവിതന്നെ നേരിട്ട് പറഞ്ഞ ഒരു വാര്‍ത്തയാണ് മലപ്പുറത്ത് വെച്ച് നടത്തുന്ന ''മുശായിറ'' പൗരാണിക കാലത്ത് മലപ്പുറം നേര്‍ച്ച അതിന്റെ മുഴു പ്രതാപത്തോട് കൂടി നടന്നിരുന്നപ്പോള്‍ മലബാറിലെ സമശീര്‍ഷരായ മാപ്പിളകവികളെല്ലാം അവിടെ ഒത്ത്കൂടിയിരുന്നു. ഓരോരുത്തരും പുതുതായുണ്ടാക്കിയ കവിതകള്‍ ആ സദസ്സില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ കൈമാറി പിരിഞ്ഞു പോകുകയും ചെയ്ക പതിവായിരുന്നുവത്രേ!

മറിയക്കുട്ടി കത്ത്
ഹൈദറിന്റെ ഏറ്റവും മികച്ച രചനകളിലൊന്നാണ് 'മറിയക്കുട്ടി കത്ത്', എന്ന കാവ്യം 'മറിയക്കുട്ടി കത്ത്' എന്ന രണ്ട് ഇശലിലുള്ള ഹൈദറിന്റെ കത്തുപാട്ടിനെ സംബന്ധിച്ച് പ്രശസ്ത സാഹിത്യകാരനായിരുന്ന ഡോ. അയ്യപ്പപ്പണിക്കര്‍ പ്രൗഢമായ ഒരു ലേഖനം 1979-ല്‍ എഴുതിയിരുന്നു. ഡോ. എം. എന്‍. കാരശ്ശേരിയുടെ ശ്രമഫലമായി ഈ കത്തുപാട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ കൃതികള്‍ എന്ന ഗ്രന്ഥത്തില്‍ മറിയക്കുട്ടി കത്തിനെ സംബന്ധിച്ചു ഡോ. എം.എന്‍. കാരശ്ശേരി ഒരു പഠനം എഴുതിയിട്ടുണ്ട്. സമൂഹത്തിലെ അവശ വിഭാഗങ്ങളുടെ നൊമ്പരം കണ്ടറിയുവാനുള്ള ശേഷി ഹൈദറിന്ന് സഹജമായിരുന്നു. പുരുഷന്റെ ക്രൂരതക്കും വഞ്ചനക്കും പാത്രമാകുന്ന സ്ത്രീത്വവും ഹൈദറിന്റെ ഗാന രചനയെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. സ്ത്രീയുടെ നൊമ്പരം വിശദീകരിക്കുന്നതിലാണ് ഹൈദര്‍ കവിതകളുടെ വിജയം.
    മലബാര്‍ കലാപത്തിനു ശേഷം ബെല്ലാരി ജയിലില്‍ തടവുകാരനായി കിടക്കുന്ന ഭര്‍ത്താവ് ഹസ്സന്‍കുട്ടി, ഭാര്യ മറിയക്കുട്ടിയെ സംശയിക്കുന്നു. റയില്‍വെ ജോലിക്കാരായ ചിലര്‍ അര്‍ധരാത്രി മറിയക്കുട്ടിയുടെ വീട്ടിലെ വാതിലിന്ന് മുട്ടിയപ്പോള്‍ കൈയില്‍ ചൂലുമായി വാതില്‍ തുറന്നു മറിയക്കുട്ടി അവരെ നേരിട്ടു. അതില്‍ കുപിതരായ ചിലര്‍ മറിയക്കുട്ടിയെകുറിച്ച് അപവാദങ്ങളെഴുതി ജയിലിലേക്കയച്ചു. കത്ത് വായിച്ച് കുപിതനായ ഭര്‍ത്താവ് ഹസ്സന്‍ കുട്ടി ഭാര്യ മറിയക്കുട്ടിയുടെ ഉമ്മക്ക് നിങ്ങളുടെ മകളെ ഞാന്‍ മൊഴിചൊല്ലുകയാണെന്ന് അറിയിച്ചു കൊണ്ട്  ഒരു കത്തയച്ചു. ഈ കത്ത് വായിച്ച് 'മനസ്സുരുകി മറിയക്കുട്ടി ജയിലിലേക്കയച്ച മറുപടി കത്താണ് മറിയക്കുട്ടി കത്ത്.
    സങ്കടം പറഞ്ഞുകൊണ്ടും തന്റെ നിരപരാധിത്വം വിവരിച്ചു കൊണ്ടും മറിയക്കുട്ടി എഴുതി.

''എന്നെ നിങ്ങളൊയ്യെ തൊട്ടിട്ടില്ല മറ്റൊരാണ്!
എമ്പിടുന്നു കൊണ്ടുവെട്ടി തങ്ങളെ കാലാണ്!''

അത് കഴിഞ്ഞ്

'ബല്ലാരിക്കുടനെ ഞാന്‍ വരാം, ഒട്ടു വഴിയുണ്ടോ?
വല്ലികള്‍ക്കവിടേക്ക് വരാന്‍ പാടുണ്ടോ?''

എന്ന ആ നാട്ടിന്‍പുറക്കാരി പെണ്ണിന്റെ നിഷ്‌കളങ്കമായ ചോദ്യം ഏത് ഹൃദയത്തിലും ചെന്നു തട്ടും.

''ഉണ്ടതെങ്കീല്, വന്നു കാണ്‍മാന്‍ ഉണ്ട് മോഹം പൊന്നേ!
ഒറ്റ നോക്ക് കണ്ടു മരിച്ചോട്ടെ അന്നു തന്നെ!''

എന്ന അവളുടെ സങ്കടം ആരുടെയും കണ്ണു നനയ്ക്കും.

''ചക്കു പലമേല്‍ ഇരുന്ന് ചക്കര തിന്നാലും
സംശയം കൂടാതെ പുണ്ണാക്കാണതെന്നുബോലും''

എന്ന വരികളില്‍ കവി ഹാസ്യവും ദു:ഖവും ഒന്നിച്ചു ധ്വനിപ്പിക്കുന്നു. സജീവ ഭാഷയോടും ജീവിതത്തോടും മനുഷ്യ ഹൃദയത്തോടുമുള്ള ഈ ബന്ധമാണ് ഹൈദറിനെ മലബാറിലെ ഏറ്റവും പോപുലറായ പാട്ടുകാരനാക്കിയത്. ഇത്രയധികം മാപ്പിളപ്പാട്ടെഴുതിയ ഒരു പാട്ടുകാരനില്ല. ഇത്രയധികം ആളുകള്‍ക്കിടയില്‍ ഇത്രയധികം പ്രചാരം നേടിയ വെറെ പാട്ടുകളുമില്ല.

കയ്യ്കുത്താതെ മറിയുന്ന പെണ്ണുങ്ങള്‍
മലബാര്‍ കാലാപത്തിന്റെ ബാക്കി പത്രമായ 1920 നും 1930 നും ഇടയിലെ പത്ത് വര്‍ഷക്കാലം ഒരു നെരിപ്പോട് പോലെ വെന്ത് 'മറിയുന്ന ഒരു ഏറനാടുണ്ട്'. ആരും സഹായിക്കാനില്ല. മലബാറില്‍ അന്ന് മുസ്ലിംലീഗില്ല. 1937 ലാണ് മുസ്ലിംലീഗ് മലബാറില്‍ സ്ഥാപിതമാവുന്നത്. അലിഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ മലബാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത മഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും അദ്ദേഹത്തിന്റെ 'അല്‍ അമീന്‍' പത്രവുമായിരുന്നു ഏക അഭയ കേന്ദ്രം. കലാപത്തില്‍ മരണപ്പെട്ടവരുടെ അനാഥരായ മക്കളെ സംരക്ഷിക്കുന്നതിന്ന് വടക്കെ ഇന്ത്യയില്‍ നിന്ന് വന്നവര്‍ ജെ.ഡി.ടി. ഇസ്‌ലാം അനാഥശാല സ്ഥാപിക്കുന്ന കാലഘട്ടം. ഈ ഘട്ടത്തില്‍ പട്ടിണിയും അരക്ഷിത ബോധവും ബാധിച്ച സമൂഹത്തില്‍ സദാചാര മുറകള്‍ക്ക് പ്രസക്തി കുറഞ്ഞുപോകുന്നത് സ്വാഭാവികമാണ്. ജീവിക്കാന്‍ വേണ്ടി, മക്കളുടെ പട്ടിണി മാറ്റാന്‍വേണ്ടി ശരീരം വില്‍ക്കേണ്ടിവന്ന നിസ്സഹായരായ ഏറനാടന്‍ മുസ്ലിം യുവതികളെ കുറിച്ചാണ് ഹൈദര്‍ ''കയ്യ്കുത്താതെ മറിയുന്ന പെണ്ണുങ്ങളെന്ന്'' സൂചിപ്പിക്കുന്നത്. കാലാവസ്ഥയെന്ന് പറഞ്ഞാല്‍ മലബാര്‍ കലാപത്തിനു ശേഷമുള്ള അരക്ഷിതമായ ഒരു പതിറ്റാണ്ട് മലബാര്‍ കലാപത്തിന്റെ ബാക്കി പത്രമായ ഈ കയ്യ്കുത്താതെ മറിയുന്ന പെണ്ണുങ്ങളെ പറ്റി ഹൈദറല്ലാതെ മറ്റേതെങ്കിലും കവികള്‍ പാടിയതായി അറിവില്ല.

ദുരാചാരമാല
1921 ലെ മലബാര്‍ കലാപത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മുസ്‌ലിം സമുദായത്തെ പുനരുജീവിപ്പിക്കുവാനും കുടുംബ വൈരാഗ്യങ്ങള്‍, പ്രാദേശിക വ്യക്തി വിരോധം തുടങ്ങിയവ കൊണ്ടൊക്കെ പരസ്പരം കലഹിച്ച് ചിതറിക്കിടന്നിരുന്ന മാപ്പിളമാരെ ഏകീകരിക്കുന്നതിന് വേണ്ടി ഇരുപതുകളുടെ തുടക്കത്തില്‍ കേരള മുസ്ലിം ഐക്യസംഘം രൂപീകൃതമായി. ഈ ഐക്യസംഘമാണ് മാപ്പിള സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി ആദ്യമായി സംഘടിതമായ എതിര്‍പ്പ് ആരംഭിച്ചത്. പില്‍ക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിന് രൂപം നല്‍കിയത് ഈ ഐക്യ സംഘത്തിന്റെ നേതാക്കളാണ്. തുടക്കം തൊട്ടെ പുലിക്കോട്ടില്‍ ഹൈദര്‍ ഐക്യ സംഘത്തിന്റെ അനുഭാവിയായിരുന്നു. പില്‍ക്കാലത്ത് മുജാഹിദ് പ്രസ്ഥാനം രൂപംകൊണ്ടപ്പോള്‍ ഹൈദര്‍ മുജാഹിദായി, അദ്ദേഹത്തിന്റെ ഏറെ പ്രചാരം നേടിയ പാട്ടിലൊന്നാണ് 'ദുരാചാരമാല.' സമുദായ പരിഷ്‌കരണ ശ്രമങ്ങളെ കളിയാക്കികൊണ്ട് കോഴിക്കോട്ടുകാരനായ ആലിക്കോയ മാസ്റ്റര്‍ രചിച്ച പരിഷ്‌കാര മാല എന്ന പാട്ടിന് ഹൈദര്‍ എഴുതിയ ശക്തമായ മറുപടിപാട്ടാണ് 'ദുരാചാരമാല.'

പത്തരം വായന ചെയ്യണമെന്നാല്‍
അത്തര നല്ലതു മറ്റുണ്ടോ?
പാര്‍ത്ത് പതിക്കന്നാന്നു കഴിഞ്ഞ
വര്‍ത്തയറിഞ്ഞാല്‍ തെറ്റുണ്ടോ
മിത്തര 'ഐക്യസമാജ'ക്കാരുടെ
തത്വമതും അറിഞ്ഞിട്ടുണ്ടോ?

കെ.എം. സീതിസാഹിബും, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും നേതൃത്വം നല്‍കിയ ഐക്യസംഘത്തിന്റെ ഏറ്റവും വലിയ പ്രചാരകായുധമായി ഹൈദറുടെ പാട്ടുകള്‍ മാറി.

'കാത്കുത്ത് മാല'
കൗമാരം തുടങ്ങും മമ്പെ പെണ്‍ കുട്ടികളുടെ കാതില്‍ നിറയെ ദ്വാരങ്ങളുണ്ടാക്കി ചിറ്റിടുന്ന (സ്വര്‍ണ്ണ വളയം) ആചാരത്തിനെതിരെയും കാതുകുത്ത് കല്ല്യാണത്തിനു വേണ്ടി ഉള്ളതെല്ലാം വിറ്റ് തുലച്ച് പാപ്പറാകുന്ന പൊങ്ങച്ചത്തിനെതിരെയും ഹൈദര്‍ ശക്തമായും തൂലിക ചലിപ്പിച്ചു.

''കാലച്ചെറുപ്പത്തില്‍ പെണ്‍ കുട്ടികളെ
കോലം കെടുത്താതിരിക്കുവാന്‍-അന്ത
വേലാ ഇഞ്ഞെങ്കിലും പോക്കുവിന്‍.....''

എന്നു തുടങ്ങുന്ന കാത് കുത്തുമാല അന്യരെ കളിയാക്കാനും ആക്ഷേപിക്കാനും പറഞ്ഞു തോല്‍പ്പിക്കുവാനും ഹൈദറിനുള്ള കഴിവ് പ്രകടമാക്കുന്നതാണ്.

വിവാഹ ദോഷം
അമ്പതും അറുപതും വയസ്സ് കഴിഞ്ഞവര്‍ പത്തും പന്ത്രണ്ടും വയസ്സായ പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് അവളുടെ യൗവ്വനം ആസ്വദിച്ച ശേഷം നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് മൊഴിചൊല്ലി തെരുവിലേക്ക് വലിച്ചെറിയുന്ന അനാചാരത്തിനെതിരെ വിവാഹ ദോഷമെന്ന പേരില്‍ ഹൈദര്‍ എഴുതിയ ഗാനം പ്രസിദ്ധമാണ്.

''പെണ്ണിനൊരു നാലഞ്ചു മക്കളെയാക്കി
പിണങ്ങിപ്പിരിഞ്ഞയക്കുന്ന
വിനകള്‍ നോക്കി
പെശകിപറഞ്ഞുകൊണ്ട് ദൂരെയാക്കി
പിണങ്ങി പറഞ്ഞയക്കും മാരരെ തകരാര്
കൊണ്ടാണ് നാരികള്‍ക്കെത്തിയ ഏടങ്ങേറ്.''

എന്ന വിവാഹ ദോഷമെന്ന നീണ്ട കാവ്യം അക്കാലത്തെ പുരുഷന്‍മാരുടെ 'മൊഴി ചൊല്ലല്‍ വിനോദത്തെ' കണക്കറ്റ് കളിയാക്കുന്നുണ്ട്.

കലിയുഗം
പുലിക്കോട്ടിലിന്റെ പരിഷ്‌കരണ ഗാനങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഗാനമാണ് കലിയുഗം, മുപ്പതുകളിലെയും നാല്‍പതുകളിലെയും മലബാറിലെ മാപ്പിള ജീവിതത്തിന്റെ ധര്‍മ്മച്യുതിയുടെ നേര്‍കാഴ്ചയാണ് ഈ ഗാനം. ഡി.സി ബുക്‌സ് ''100 വര്‍ഷം-100 കവിത'' എന്ന പേരില്‍ പ്രസിദ്ധീകരിച്ച നൂറ്റാണ്ടിന്റെ കാവ്യസമാഹാരത്തില്‍ 1931 ല്‍ ഹൈദര്‍ രചിച്ച 'കലിയുഗ'മെന്ന പാട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കണ്ടില്ലെ, കലിയുഗത്തുള്ളെ നടപടി ദോഷം
കൊണ്ടല്ലേ ജനങ്ങള്‍ ക്കിന്നാളില്‍-വന്ന
കഷ്ടപ്പാടതും നാളെ മഹ്ശറയിലും തടി
നഷ്ടപ്പെട്ടിടുമെന്നറിഞ്ഞോളീന്‍!

എന്ന് തുടങ്ങുന്ന കലിയുഗമെന്ന ഗാനം മനുഷ്യനെ സദാചാര ചിത്തനാക്കുന്ന ഒരു കാവ്യമാണ്.
സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഈ കവി തന്റെ ജീവിത വീക്ഷണം ഒരു പ്രാര്‍ത്ഥനിയിലൂടെ ദുരാചാരമാല എന്ന കാവ്യത്തില്‍ വ്യക്തമാക്കുന്നത് ഇങ്ങിനെയാണ്.

''എല്ലാവരെയും പരിഷ്‌കാരികളാക്കി തീര്‍ത്തു-  പടച്ചോന്‍ കാക്കട്ടെ. ...........'' (ദുരാചാര മാല)


സ്ത്രീ സൗന്ദര്യ വര്‍ണ്ണന
മോയിന്‍കുട്ടി വൈദ്യര്‍ ഹുസ്‌നുല്‍ ജമാലിന്റെ സൗന്ദര്യം വര്‍ണ്ണിച്ചെഴുതിയ ഇശലുകള്‍ മാപ്പിള യുവത്വം തലമുറ തലമുറകളായി മൂളിക്കൊണ്ടേയിരിക്കുന്നു. 'ഹൂറിയോട്' എന്ന പാട്ടില്‍ ഏറനാടന്‍ മാപ്പിളപ്പെണ്‍കൊടി അരിമ കോന്തലയുള്ള തുണി ധരിച്ചു അരയന്ന ചുവടാലെ നടന്നുപോകുന്ന രംഗം ഹൈദറിലെ കവി വിവരിക്കുന്നത് ഇങ്ങിനെയാണ്.

സുരം മൂളി പറക്കും വണ്ടിറകൊത്ത മുടി ഒമ്പി
ചുറച്ച് കെട്ടിടൈ വാര്‍ന്ന് മിനുക്കി തേമ്പി നല്ല
തരം കണ്ണൂകളും വെട്ടി ചെരിച്ചും ചിമ്പി,
ചരിഞ്ഞും ചാഞ്ഞുലഞ്ഞന്നച്ചുവടാലേ
അടിവെച്ച്
ചവിട്ടിയും തകൃതത്താളമില്‍ കുനിച്ച്-നടക്കും
സമയം സുന്ദിരപ്പൂ ചന്തിയും തുടിച്ച്.
അര കുടുങ്ങിടൈ ദേഹം ഒളര്‍മാങ്കട്ടിയോ, മുത്തേ?
അരിമ കോന്തലാ ഇട്ട് ഞൊറിഞ്ഞുടുത്തേ-അതുമേല്‍
അരഞ്ഞാളേലസും കെട്ടി വരും നേരത്തോ
സഹവാസം മികും ചെന്താ
മരപ്പൂവിന്‍ മണം വീശി,
സൗമിയ കരം രണ്ടും എരിന്ത് വീശി- ഇതുമേല്‍
ചതുരക്കല്‍ വളയും കങ്കണവും ഏശി.
മികന്തെല്ലാ ശുജാഹത്തും-
കവിന്തെന്നില്‍ അതിമോഹം
മികവാകുന്നതിനുള്ള ഒജീനം വേഗം-തന്ന്
വിരുന്നാക്കി രസിപ്പിച്ചു തണിക്ക് ദാഹം.


ഹൈദറുടെ ഭാഷ
ഹൈദര്‍ കവിതകളിലെ ഭാഷയെ ചൈതന്യ പൂര്‍ണ്ണമാക്കുന്നത് മറ്റ് മാപ്പിളക്കവികളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ശൈലീപ്രയോഗങ്ങളാണ്. ഏതാനും മാതൃകകള്‍ താഴെ കൊടുക്കുന്നു.

1. ''മുത്തേരെ പാട്ടിലുണ്ട് മൂത്ത് മുരച്ചരണ്ട്
മൂന്നു വാക്കുകള്‍ ചുന്നുേ
നാക്കിയും-
താണതായ് കണ്ടൂ-അത്മല-
മുത്തരൊയ്യെ വിരുത്തരില്ല ഒരു തരം പണ്ട്....''
2. ''പത്താളൊത്ത് പറയും പത്തായവും ചെരിയും
പണ്ടുകനിന്തമാര്‍ വിണ്ടമാതിരി ഉണ്ട്-
വേറെയും അതുവിധ-
പത്ത് നീങ്ങളെ ചിത്തമാണത് ബുദ്ധിക്കുറയും...''
3. ''കൂടെപാറുത്തപ്പോള്‍ പാടുന്നതൊക്കെയും
കൂട്ടാക്കിയീപുഷ്പം വാട്ടത്തിലായ്-മാറില്‍
കൊങ്കയും വീണെന്റെ ചൊങ്കം പോയീ....''
4. ''അങ്ങാടീ തോറ്റെന്നാലമ്മോടു ചോദിയം
അങ്ങിനെ ഞാന്‍ കേട്ടിട്ടില്ലാ.....''
5 ''ചൊവ്വിനായിട്ടില്ലപോല്‍ ഇന്നാട്ടിലെ-
മുസല്‍മാന്‍
വില്ലകണ്ട കാക്കയെപ്പോല്‍ വിട്ടുമാറി നില്‍ക്കും''....

    ഇത്തരം പഴഞ്ചൊല്ലുകളും ശൈലീപ്രയോഗങ്ങളും കൊണ്ടാണ് 'ഹൈദര്‍ കൃതികള്‍' പുസ്തകങ്ങളില്‍ രേഖപ്പെടുത്താതിരുന്നിട്ടും തലമുറകളിലൂടെ പകര്‍ന്ന് ജീവസ്സുറ്റതായി നിലകൊണ്ടത്.
പഴഞ്ചൊല്ലുകള്‍ പോലെതന്നെ പ്രധാനമാണ് ഹൈദറുടെ ശൈലികള്‍. മറ്റേതെങ്കിലും ഒരു മാപ്പിള കവി ഇത്രയേറെ ശൈലീ പ്രയോഗങ്ങള്‍ തങ്ങളുടെ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ഏതാനും ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ''കേള്‍ക്കുവീന്‍ റോട്ട്‌ന്റെ കേക്കേഭാഗത്ത് നല്ലെ
കേമപ്പുരയിലൊരോമനപ്പൂവെ കണ്ടേ
ഓക്ക് തുണയായി കാക്കകുയില്‍ പോലൊത്ത
ഊരാവളത്തൊരു നാരിയുമുണ്ട് മുത്തേ....''
2. ''പണ്ടാറടക്കാന്‍ ആ പ്പെണ്ടികള്‍ക്കില്ലാ നാണം
പച്ചാപകല്‍ കേറിത്തച്ചാലോ ജേലില്‍പോണം...''
3. ''പച്ചപ്പുണ്ണിന്റുള്ളില് നൂലിട്ടുകെട്ടി
വെച്ചപ്പം വേദന ഏറുമേ - പഴു-
പ്പിച്ചത് ചീഞ്ഞങ്ങ് നാറുമേ....''
4. ''ചക്കരവാക്ക് പറഞ്ഞിട്ടെന്നെ
ചക്കിനു പൂട്ടാന്‍ നോക്കണ്ടാ
സംഗതി ഒന്നും കൂടാതിളി-
ഞ്ഞിങ്ങനെ വന്ന് ഇരിക്കണ്ട....''
5 ''വിണ്ടപ്പള്‍ പിന്നയാക്കാവിളവല്ലെയോ ഇതൊക്കെ
വെള്ളി കടം പറഞ്ഞാല്‍ ഒക്കുമോ കാക്കി വെറുതനെ
വെയിലാക്കണ്ടാപണിക്ക് വേറെ വൈ നോക്കാം...''
6. ''ബാലരെ വലയിലിന്നോളം പിണഞ്ഞിട്ടില്ലാ
വന്നു നോക്കിപ്പോയതൊയ്യെ കോള് തിന്നിട്ടല്ലാ...''

ഭാഷയെ തനിക്ക് ആവശ്യവും ഉപയുക്തവുമായ വിധത്തിലും സ്വന്തം കാവ്യഗുണത്തിന് അനുകൂലമായും പ്രയോഗിക്കുവാന്‍ കവി മുതിര്‍ന്നിട്ടുണ്ട്.

1. ''പാട്ടു കെട്ട്ണകായിദം ഒരു ലേശവും അറിവില്ലാ-ഇബ്-
ലീസു നീ പറഞ്ഞുള്ളാ-
വാക്കുകാക്കിരിക്കൂക്കിരികാട്ടിക്കൂട്ടിയതല്ലെ-അത്
പോട്ടെടാ മൊരം ചെല്ലേ...''
2. ''മാതാപിതാ കുഞ്ഞിപുത്രികള്‍ കാത്
കുത്തിക്കും പോത് മക്കളെ മല്ലിട്ടമര്‍ത്തും ബല്ലാദ്
വരുത്താക്കും ഇത് - വിള്ളാന്‍ കേണിടും പിള്ള
കാണുമ്പോള്‍ തള്ള-ക്കില്ലാ ദയ ചൊല്ലാനൊരു തെല്ലം പടച്ചേനേ....''
3. ''കൗതുകപ്പെട്ടുള്ളെ പണ്ടങ്ങള്‍ വേറെ- ഉണ്ടതുപോരെ
മോശം-ഓട്ടല്ല നാശം-ചിറ്റിട്ട വേഷം
കൊണ്ടെത്തര കിണ്ടത്തരം ഉണ്ടത്തരംതോനെ....''
4. ''ഉണ്ടിരുപെണ്ടികള്‍ രണ്ടുകസാലായിട്ട്
ഓരോരെ ലൊട്ടാസും കൂടിക്കുസാലായിട്ട്...''
5. നാരം പലെ തലമിലും വരെ അതു നേരം
പെരും പുരു കൂടി വിളുകവെ പാരം
സല്‍സല്‍ സല്‍സല്‍ സല്‍സല്‍ ഇടിപൊട്ടി...''
6. കണ്ടല കണ്ടലം ആകെ പുകഞ്ഞുമാടുജനം
''എന്നും എന്നുങ്കള്‍ വെച്ചെ-എടമെയ്യലും പിഴച്ചെ
ഏഞ്ഞതോ വരിമാഞ്ഞതോ മറന്നന്നാണതോപിച്ചു
കണകണ-എന്ന അമ്മൊളിരണ്ടിനടുക്കുണ്ടൊരു കൊച്ച്...''

എന്നിങ്ങനെ രസകരമായ പ്രയോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സന്നദ്ധനായ ഹൈദര്‍ താന്‍ പ്രയോഗിച്ച ലളിതകോമളമായ ഭാഷക്ക് സാഹിത്യസോപാനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുകയുണ്ടായി.
വിവിധ  ഭാഷാപ്രയോഗങ്ങള്‍, ജീവിതത്തിന്റെ രസവും വര്‍ണ്ണവും തികഞ്ഞ ശൈലിയില്‍ അനശ്വരത്വം സൃഷ്ടിച്ച പഴമൊഴികള്‍ എന്നിവകൊണ്ട് അനുഗ്രഹീതമാണ് ഹൈദറുക്കയുടെ ശൈലി. അതിന്റെ ഭാവോന്മീലനശക്തിയും രസനീയതയും ലാളിത്യവും ഇതര മാപ്പിളപ്പാട്ടുകളില്‍ നിന്നു ഹൈദറിന്റെ പാട്ടുകളെ വ്യത്യസ്തപ്പെടുത്തിയിരിക്കുന്നുവെന്നു പറയാം.
ആ ശൈലിയുടേയും ഭാഷയുടേയും പ്രത്യേകതകള്‍ ഇങ്ങിനെ എണ്ണിപ്പറയാം.
1. ലാളിത്യം 2. ഭാവോന്മീലന സാമര്‍ത്ഥ്യം 3. ശൈലീസമ്പന്നത 4. പ്രയോഗ സ്വച്ഛന്ദത 5. ബഹുജനരഞ്ജകത്വം 6. പദപ്രവാഹത്തിന്റെ അനര്‍ഗ്ഗളത 7. ജീവിത പ്രതിബിംബകത്വം.

മുസ്‌ലിംലീഗിന്റെ പ്രചാരണ ഗാനങ്ങള്‍
ഏറനാട്ടിലെ മാപ്പിളമാരുടെ രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്നു ഹൈദര്‍. 1947 ആഗസ്റ്റ് 15 ന് ശേഷം മുസ്ലിം ലീഗിലെ ഭൂരിഭാഗം പണക്കാരും ജന്മികളും ലീഗില്‍ നിന്ന് രാജിവെച്ചതായി മാതൃഭൂമി പത്രത്തില്‍ പരസ്യം കൊടുത്തു. പിന്നീട് കൃഷിക്കാരും തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരുടെ ജീവല്‍ സംഘടനയായി ലീഗ് കെട്ടിപ്പടുക്കാന്‍ തുടങ്ങി. ഏറനാടന്‍ മണ്ണിലെ അദ്ധ്വാനിക്കുന്ന ജനതയുടെ രാഷ്ട്രീയ ശക്തിയുടെ ശബ്ദമായി ഹൈദര്‍ മാറി. 1947 മുതല്‍ 1961 വരെയുള്ള ഹൈദറിന്റെ രാഷ്ട്രീയ ഗാനങ്ങള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. പ്രഭുക്കന്‍മാരും, ജന്മികളും, വ്യവസായ പ്രമുഖരുമായ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പി.ടി. ബീരാന്‍കുട്ടി മൗലവി, എ.പി. മോയിന്‍ സാഹിബ്, കെ.കെ. മുഹമ്മദ് ശാഫി തുടങ്ങിയ സാധാരണക്കാരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ മാപ്പിളനാട്ടിലെങ്ങും തിരയടിച്ച മാപ്പിള മക്കളുടെ രാഷ്ട്രീയാവേശത്തിന് അക്ഷരങ്ങളിലൂടെ, പാട്ടുകളിലൂടെ ജീവന്‍ നല്‍കിയത് ഹൈദര്‍ സാഹിബാണ്.

കേള്‍ക്കുവിന്‍ മുസല്‍മാങ്കള്‍ക്കിന്നൊരു രക്ഷകിട്ടണമെന്നാല്‍
ഒരുമിച്ചു നിക്കണമിന്നാള്‍
കീറിപാറി വിരോധമായ് പലെ കക്ഷിയായി നടന്നാല്‍
വിജയിച്ചിടുന്നതെന്നോം.
കൂക്കും ചിലര്‍ മുജാഹിദെന്നും
കൂറും അത് പോല്‍ സുന്നിയെന്നും
ബാക്കികുറെ മൗദൂദിയെന്നും
വാദിച്ചധികം ഭിന്നിച്ചുനിന്നും
കെട്ടിമറിഞ്ഞു വേറിട്ടുപലെപലെ സെറ്റില്‍ തലകുടുങ്ങീട്ട്
മുസ്ലിം ലീഗിനു ഹാനിവരുത്താന്‍
വഅളുന്നിടുന്നു പെരുത്താള്‍''

    നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ഐക്യമെന്ന വടവൃക്ഷത്തിന്റെ കടയ്ക്കല്‍ കോടാലി വീഴ്ത്തുന്ന മുസ്ലിം സമുദായത്തിന്റെ നേരെ മനം നൊന്ത ഒരു മാപ്പിളക്കവിയുടെ രോദനമാണിത്. സുന്നിയും മുജാഹിദും മൗദൂദിയും എന്നും പറഞ്ഞ് പരസ്പരം ഭിന്നിച്ചുനില്‍ക്കുന്ന സമുദായമെ നിങ്ങള്‍ പരസ്പരം മറന്ന് ഒരു കൊടിക്കീഴില്‍ അണിനിരക്കുക. ആ ആഹ്വാനം മുഴക്കിയ കവിയായിരുന്നു പുലിക്കോട്ടില്‍ ഹൈദര്‍ സാഹിബ്.
    1947 ആഗസ്റ്റ് 15. ഇന്ത്യയും പാകിസ്ഥാനും രണ്ടു രാഷ്ട്രങ്ങളായി മാറി. അതിനുശേഷമുള്ള അഞ്ചെട്ടു വര്‍ഷങ്ങള്‍ കേരളത്തില്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഭീതി ജനകമായിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ മുസ്ലിം നേതാക്കള്‍ പാക്കിസ്ഥാനില്‍ പോയി. തങ്ങളുടെ കാര്യം പറയാന്‍ ഒരു നാഥനില്ലാത്ത അവസ്ഥ സംജാതമായി. മുസ്ലിം ലീഗുകാരാണ് ഏറ്റവും അധികം പീഡനങ്ങള്‍ക്കിരയായത്. അവരുടേ ദേശ സ്‌നേഹം ചോദ്യം ചെയ്യാന്‍ തുടങ്ങി. മുസ്ലിം ലീഗുകാര്‍ പാക്കിസ്ഥാനില്‍ പോകണമെന്ന മുറവിളി നാടെങ്ങും ഉയര്‍ന്നു. മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങി. വര്‍ഗ്ഗീയ വാദികളും നാടിനോടു കൂറില്ലാത്തവരുമായ മുസ്ലിം ലീഗുകാര്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ല. അവര്‍ പാകിസ്ഥാനില്‍ പോകണമെന്ന് മുറവിളി ഉയര്‍ന്നു. ഈ മുറവിളികള്‍ മലബാറിലെ മുസ്ലിംകളില്‍ ഭീതിയും അപകര്‍ഷതാ ബോധവും ഉളവാക്കി.
ഈ സമയത്താണ് ഹൈദര്‍ അവരില്‍ ആത്മ വിശ്വാസവും ആത്മാഭിമാനവും സംഘടനാ ബോധവും വളര്‍ത്തുന്ന പാട്ടുകളുമായി മുന്നോട്ടു വന്നത്. ഏറനാട്ടിലെ മുസ്ലിം ലീഗിന്റെ പുനര്‍ജന്‍മത്തിന് ഈ പാട്ടുകളോളം പങ്ക് മറ്റാരെങ്കിലും വഹിച്ചിട്ടുണ്ടോ എന്നു സംശയമാണ്. സാധാരണക്കാരന്റെ ശൈലിയില്‍ അവരുടെ നട്ടെല്ലുയര്‍ത്തി ഒരു കൊടിക്കീഴില്‍ അണിനിരത്താന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കു കഴിഞ്ഞു.

''പാക്കിസ്ഥാനില്‍ പോകൂലാ
പാക്കിസ്ഥാനികളാകൂലാ
പാക്കിസ്ഥാനിലയക്കണ നിങ്ങളെ
അപ്പരിപ്പും എനി വേകൂലാ...''

എന്ന് പാടിയ കവി മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനായി പാടി,

''ഇസ്‌ലാമായി ജീവിക്കാലോ
ഇസ്‌ലാമായി മരിക്കാലോ
ഇതരമതക്കാരോടൈക്യം പുല-
ര്‍ത്തിച്ചുളിനീര്‍ന്നു നടക്കാലോ...''

ഇത് ഏറനാട്ടിലെ, വിദ്യാഭ്യാസം കുറഞ്ഞവരെങ്കിലും നല്ലവരായ സാധാരണക്കാരില്‍ ആവേശം പകര്‍ന്നു.
അദ്ദേഹം തുടര്‍ന്നു.

'ഏതൊരു ദുര്‍ഭരണപ്പാര്‍ട്ടി
എതിരിടുമ്പോള്‍ അതിനെതട്ടി
ഇന്ത്യയിലെ പൗരന്‍മാരായ്
ജീവിക്കണം നമ്മള്‍ക്കിന്നാട്ടില്‍...'
'ഒത്തൊരുമിച്ച് നടന്നാല്
ഒള്ളുഗുണം അല്ലാഞ്ഞാല്
ഒട്ടും പേടിക്കൂല മുസല്‍മാന്‍
ഓലപ്പാമ്പതു വിട്ടാല്....'

വര്‍ഗീയ വാദികളെന്നു വിളിക്കുന്നവര്‍ക്കെതിരെ അദ്ദേഹം തിരിച്ചടിച്ചു.

'വര്‍ഗീയ വാദികളും അല്ലാ
വര്‍ഗീയ വാദം പാടില്ല
വര്‍ഗീയ വാദിയാകാനുള്ള ലക്ഷ്യം
ഞങ്ങളെ മാര്‍ഗ്ഗത്തിലില്ലാ....'

'നാനാത്വത്തില്‍ ഏകത്വ' മെന്ന മഹത്തായ പാരമ്പര്യം പുലര്‍ത്തിപ്പോരുന്ന ഭാരതമണ്ണില്‍ ഞങ്ങള്‍ അന്യരല്ല. ഞങ്ങളിവിടെ ജനിച്ചവരാണ്. ഞങ്ങള്‍ ഇവിടെത്തന്നെ വളര്‍ന്ന് ഇവിടെത്തന്നെ മരിക്കും. ഞങ്ങളുടെ കൂറ് ചോദ്യം ചെയ്യാന്‍ നിങ്ങളാരും വളര്‍ന്നിട്ടില്ല. ദേശസ്‌നേഹം ഈമാനിന്റെ ഭാഗമായി കരുതുന്ന ഞങ്ങളെ ഇന്നലെ പെയ്ത മഴക്കുമുളച്ച 'തകര' യാണെന്നു ധരിക്കണ്ട. എന്നദ്ദേഹം ചില ആളുകള്‍ക്കു വായടപ്പന്‍ മറുപടി കൊടുത്തു.

കൂറുണ്ടോ ചിലരങ്ങോട്ട്
കൂറുണ്ടാകണ മിങ്ങോട്ടും
കൂറിന് കൂലി കൊടുക്കാഞ്ഞാല്‍
പിന്നെങ്ങനെഞങ്ങള്‍ വാലാട്ടും
''സംശയില്ലാ ഒരു ലേശം
ശാശ്വതമായി കൈവേശം
സ്ഥാപിച്ചിട്ടുള്ളന്ത്യന്‍ മണ്ണില്
ഞങ്ങള്‍ക്കുമുണ്ട് അവകാശം...
ഇന്നലെ പെയ്ത മഴക്കാണ്
ഇന്നു മുളച്ചൊരു പുല്ലാണ്
എന്നു നിനക്കണ്ടാ മുസല്‍മാന്‍
വേരൂന്നിയ ഊക്കന്‍ കാടാണ്...''

ഈ വരികള്‍ അന്ന് ഒരു അഗ്നിപര്‍വതത്തില്‍ നിന്നൊലിച്ച ലാവയുടെ ആവേശമാണ് ഏറനാട്ടിലെ മുസ്ലിം ഹൃദയങ്ങളില്‍ പകര്‍ന്നത്. മുസ്ലിം ലീഗ് യോഗങ്ങള്‍ ഹൈദര്‍ക്കയുടെ ഈ പാട്ടുകള്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന പോക്കാവിന്‍ മൊല്ലയുടെ സ്വരമാധുരിയിലൂടെ പുറത്തുവന്നപ്പോള്‍ ആവേശഭരിതരായ ജനം തക്ബീര്‍ മുഴക്കി.
അറബി മലയാളത്തില്‍ പല സ്ഥലങ്ങളിലായി കുത്തിക്കുറിച്ച് വെക്കുന്ന രചനകള്‍ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായി മൊല്ലാക്കാക്ക് പറഞ്ഞു കൊടുക്കുകയും മൊല്ലാക്ക എഴുതി എടുത്ത് കഴിഞ്ഞാല്‍  ''ഈ ഇശല്‍ അത് പാടിനോക്കൂ'' എന്ന് പറഞ്ഞ് ഇശലിന്റെ പേര് പറയുന്നതോടെ തനതായ ഈണത്തില്‍ ആലപിക്കുന്ന മൊല്ലാക്കയുടെ സ്വരമാധുരി മറ്റൊരു ഗായകനും അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.
'എന്റെ രണ്ടുമണിക്കൂര്‍ പ്രസംഗത്തെക്കാള്‍ ഹൈദര്‍ക്കാന്റെ രണ്ടുവരി കവിതകള്‍ക്കാണ് സംഘടനാ ബോധം ജനഹൃദയങ്ങളില്‍ പകര്‍ന്നുകിട്ടാന്‍ കിഴിയുകയെന്നു കെ.എം. സീതിസാഹിബിന്റെ വാക്കുകള്‍ ഇത്തരണത്തില്‍ അനുസ്മരിക്കുകയാണ്.
 
മാപ്പിളപ്പാട്ടിലെ കുഞ്ചന്‍ നമ്പ്യാര്‍
    മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അദ്ദേഹത്തിന്റെ ആത്മ സുഹൃത്ത് കൂടിയായിരുന്ന പുലിക്കോട്ടില്‍ ഹൈദറിനെ വിശേഷിപ്പിച്ചത് 'മാപ്പിളപ്പാട്ടിലെ കുഞ്ചന്‍ നമ്പ്യാര്‍' എന്നാണ്. സാമൂഹ്യ പരിഷ്‌കരണത്തിന് ഹൈദര്‍ ഉപയോഗിച്ച പോലെ മാപ്പിളപ്പാട്ട് മറ്റൊരു കവിയും ഉപയോഗിച്ചിട്ടില്ല. 'അംഗീകാരമല്ലാത്ത നിയമ നിര്‍മ്മാതാക്കളാണ് കവികള്‍' എന്ന പഴമൊഴിയുടെ അര്‍ത്ഥം മാപ്പിളപ്പാട്ടുകളിലൂടെ ആദ്യമായി പ്രകടിപ്പിച്ച കവിയാണ് ഹൈദര്‍.
മാപ്പിളപ്പാട്ടുകള്‍ക്ക് പുതിയ പല ഇശലുകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. 'ഉണ്ടതെങ്കില് വന്നു കാണാന്‍, 'കരുവാരക്കുണ്ടതിന്ന്' 'കണ്ടില്ലേ കലിയുഗം', തുടങ്ങിയ ഹൈദര്‍ സാഹിബിന്റെ പല ഇശലുകളും പിന്നീടു പ്രശസ്ത കവികളായ ഉബൈദും മെഹറും തങ്ങളുടെ മാപ്പിളപ്പാട്ടുകള്‍ക്ക് ഇശലുകളായി എടുത്തിട്ടുണ്ട്. (ഉദാ:- 'ഇന്നിന്റെ താക്കീത്', 'അക്രമരാഹിത്യത്തിന്റെ ലാത്തി)
 കത്ത് പാട്ടുകളുടെ കാലമാണിത്. പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഹൈദര്‍ കത്തുകളെഴുതിയിരുന്നത് പാട്ടുകളിലൂടെയായിരുന്നുവെന്ന് അറിയുമ്പോഴാണ് കത്തുപാട്ടുകള്‍ ഈ സാഹിത്യ ശാഖയിലെ പുതിയ തുടക്കമാണെന്ന ധാരണ മാറുന്നത്. തന്റെ സമകാലിക കവികളായ നല്ലളം ബീരാന്‍, തോട്ടപ്പളി പി.ടി. ബീരാന്‍കുട്ടി മൗലവി എന്നിവര്‍ക്കും മമ്പാട് അധികാരിയെപ്പോലുള്ള ചില സുഹൃത്തുക്കള്‍ക്കും ഹൈദര്‍ സാഹിബ് എഴുതിയ കത്തുകള്‍ എണ്ണമറ്റതാണ്.
കാലഘട്ടത്തിന്റെ സംഭവ ചരിത്രങ്ങള്‍ വിവരിച്ചുകൊണ്ട് ഹൈദര്‍ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിവൃത്തമാക്കിക്കൊണ്ട് ഹൈദര്‍ രചിച്ച 'കേരള ചരിത്ര' മെന്ന കാവ്യം പ്രസിദ്ധമാണ്. 'ബദര്‍മാല' 'ഉഹ്ദ് ശുഹദാക്കള്‍', 'ടിപ്പുവിന്റെ മൂന്നാം പടയോട്ടം' '1857 ലെ ശിപായി ലഹള' എന്നിവയെക്കുറിച്ച് ഹൈദര്‍ രചിച്ച പല ഗാനങ്ങളും ഇന്നും പലര്‍ക്കും മനപ്പാഠമാണ്. പുലിക്കോട്ടില്‍ ഹൈദറിനെയും അദ്ദേഹത്തിന്റെ കവിതകളെയും കര്‍ക്കശ സ്വരത്തില്‍ വിമര്‍ശിക്കുന്നവരുണ്ടാകാം. അത് സംഭാവ്യമാണ്.  1959-ല്‍ തന്റെ സന്തത സാഹചാരിയായിരുന്ന മമ്പാട് അധികാരിക്ക് ഹൈദര്‍ എഴുതിയ കത്ത് പാട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്.

''കൂട്ടുകാര്‍ക്കും മറ്റും ഇന്നെന്നെ പണ്ടത്തെപ്പോല്‍
കോളില്ലാ, പൂരം കഴിഞ്ഞ പറമ്പാണിപ്പോള്‍...''

തത്വചിന്തകന് രാജ്യത്തെ ചലിപ്പിക്കാന്‍ സാധ്യമായെന്നു വരില്ല. തത്വചിന്തകന്റെ ചിന്തയും ധാരണയും സാധാരണ ജനങ്ങളിലേക്ക് സമന്വയിപ്പിക്കാന്‍ കവിക്കും കലാകാരനും കഴിയും.