ദക്ഷിണേന്ത്യയിലേക്കുള്ള ഇസ്‌ലാമികാഗമനം

സൈനുദ്ദീന്‍ മന്ദലാംകുന്ന്‌   (എഡിറ്റര്‍ അല്‍ അന്‍വാര്‍)

മാനവികവിജ്ഞാനങ്ങളിലെ മറ്റേതൊരു വിജ്ഞാനശാഖകയെയും പോലെത്തന്നെ ചരിത്രവും ആഖ്യാനപരമായ മാനങ്ങളുള്ളതാണ്. അധികാര വ്യവസ്ഥകളുടെയും അതിന്റെ കര്‍തൃത്വം കൈയാളിയിരുന്ന രാജവംശങ്ങളുടെയും ചരിത്രവും, അസംതൃപ്തസമൂഹങ്ങളുടെ പ്രതികരണങ്ങളായി രൂപപ്പെട്ട സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രവും എല്ലാം ഒരേ സമയം കര്‍തൃനിഷ്ഠമായ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ആഖ്യാനങ്ങള്‍ തന്നെയാണ്. സ്വന്തം ഭൂതകാലത്തെ ആദര്‍ശനിഷ്ഠമായി നിര്‍മ്മിച്ചെടുക്കാനും വര്‍ത്തമാനത്തില്‍ അഭിമാനകരമായ ഇടം ഉറപ്പിക്കാനും അങ്ങനെ ഭാവിയെ സുരക്ഷിതമാക്കി കരുപ്പിടിപ്പിക്കാനുമുള്ള യത്‌നമാണ് ചരിത്രരചനകളിലൂടെ വ്യക്തികളും അധികാര സംവിധാനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും ലക്ഷ്യംവെക്കുന്നത്. രാജാധിപത്യങ്ങളുടെ കാലത്ത് ശാസനകളായും ഭക്തവത്സരായ കൊട്ടാരകവികളുടെ സ്തുതികീര്‍ത്തനങ്ങളായും വീരാപദാനങ്ങളായും ആഖ്യാനം ചെയ്യപ്പെട്ടിരുന്നത് ഒരേസമയം അതിഭാവുകത്വം നിറഞ്ഞ സാഹിത്യവും ചരിത്രവും തന്നെയാണ്. പൂര്‍വ്വകാലങ്ങളില്‍ ഗോത്ര, ജാതി വിഭാഗങ്ങള്‍ സ്വന്തം ചരിത്രത്തെയും സ്വപ്നങ്ങളെയും ആവിഷ്‌കരിക്കാന്‍ നാടന്‍പാട്ടുകള്‍ രചിച്ചും അനുഷ്ഠാന കലകള്‍ ആവിഷ്‌കരിച്ചും സ്വന്തം ലോകങ്ങള്‍ നിര്‍മ്മിച്ച് ചരിത്രത്തില്‍ സ്വയം സാക്ഷാത്കാരം നേടാന്‍ ശ്രമിച്ചതിലൂടെയും മിത്തും ചരിത്രവും കെട്ടുപിണഞ്ഞ ആഖ്യാന രൂപങ്ങള്‍ തന്നെയാണ് പിറവികൊണ്ടത്. എന്നാല്‍ ആധുനികത യൂറോകേന്ദ്രിതമായി രൂപപ്പെട്ടുവന്ന വിജ്ഞാന രൂപങ്ങളെ ഏകശിലാത്മകമായ ശാസ്ത്രീയ സത്യങ്ങളായി പ്രതിഷ്ഠിച്ചപ്പോള്‍ ചരിത്രവിജ്ഞാനരംഗത്തും വൈവിധ്യപൂര്‍ണമായ ആഖ്യാനങ്ങള്‍ക്കുള്ള സാധ്യത മങ്ങുകയും കൊളോണിയല്‍ ആധുനികതയുടെയും സവര്‍ണ്ണ ബോധത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ദേശീയ ആധുനികതയുടെയും കര്‍തൃനിഷ്ഠമായ ആഖ്യാനങ്ങള്‍ ചരിത്ര സത്യങ്ങളായി പ്രാമുഖ്യം നേടുകയും ചെയ്തു. മിത്തും മുന്‍വിധികളും കാല്‍പനികമായ അതിഭാവുകത്വവുമെല്ലാം ഒഴിവാക്കി വസ്തുതകളെ യഥാവിധി കഥനം ചെയ്യുന്ന ശാസ്ത്രീയ സത്യങ്ങളായി അധീശത്വ വര്‍ഗങ്ങളുടെ ഈ ആഖ്യാനങ്ങള്‍ പൊതുസമ്മതി നേടിയപ്പോള്‍ തമസ്‌കരിക്കപ്പെട്ടത് ദേശീയതകള്‍ക്കകത്തെ ന്യൂനപക്ഷങ്ങളുടെയും അരികുകളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട അടിസ്ഥാന ജനവര്‍ഗങ്ങളുടെയും അനുഭവങ്ങളാണ്. ദേശീയതകള്‍ അപരങ്ങളെ നിര്‍മ്മിച്ച് സ്വയം സാക്ഷാത്കാരം നേടാന്‍ ശ്രമിച്ചപ്പോള്‍ പൊതുവായതും സ്വീകാര്യമായതും ശാസ്ത്രീയമായതും, അധീശവര്‍ഗങ്ങളുടെ സംസ്‌കാരവും മൂല്യബോധവും പ്രതിനിധീകരിക്കുന്നത് മാത്രമായി ചുരുങ്ങി. അങ്ങനെ ഐതിഹ്യവും ചരിത്രവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന സാഹിത്യരൂപങ്ങളെ തന്നെ അവലംബമാക്കി അധീശവര്‍ഗങ്ങളുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും പ്രതിനിധീകരിക്കുന്ന കാല്‍പനിക ഭാവമുള്ള ആദര്‍ശനിഷ്ഠമായ ഭൂതകാലം ചരിത്രമെന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ടു. കേരള ചരിത്രത്തിന്റെ ഔദ്യോഗിക ഭാഷ്യങ്ങള്‍ ശരിയായി വിശകലനം ചെയ്യുമ്പോള്‍ ഈ വസ്തുതകള്‍ തന്നെയാണ് വ്യക്തമാകുന്നത്.

    വിവിധ സമൂഹങ്ങളും സംസ്‌കാരങ്ങളുമായുള്ള ആദാന പ്രദാനങ്ങളിലൂടെ അനസ്യൂതമായി ഉദ്ഗ്രഥിക്കപ്പെട്ട ചരിത്രമാണ് കേരളത്തിന്റേത്. പശ്ചിമേഷ്യയില്‍ ഉദയംകൊണ്ട മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനവും ഇന്ത്യയില്‍ ഉദയം ചെയ്ത ജൈന ബുദ്ധ പാരമ്പര്യങ്ങളുടെ സ്വാധീനവും ആര്യദ്രാവിഡ പാരമ്പര്യങ്ങളുടെ വംശീയ പശ്ചാത്തലവുമെല്ലാമുള്ള കേരളം ലോകചരിത്രത്തില്‍ തന്നെ നിര്‍ണ്ണായക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. ചരിത്രാതീത കാലം മുതലേ ലോക വാണിജ്യ ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനമുണ്ടായിരുന്ന ദക്ഷിണേന്ത്യയിലെ ഈ മേഖലയെ സംബന്ധിച്ച് പുരാതന ഗ്രീക്ക്,റോമന്‍, ബൈസാന്റിയന്‍ രേഖകളിലും അറബികളും ചൈനക്കാരുമായ ആദ്യകാല സഞ്ചാരികളുടെ രേഖകളിലും കൃത്യമായ പരമാര്‍ശങ്ങള്‍ തന്നെയുണ്ട്. ലോകവാണിജ്യത്തിന് സമുദ്രസഞ്ചാരങ്ങള്‍ അനിവാര്യമായ ഒരു കാലഘട്ടത്തില്‍ മൂന്നുപേരുകളില്‍ നാം അടയാളപ്പെടുത്തുന്ന മൂന്ന് സമുദ്രങ്ങള്‍ അതിരിടുന്ന ദക്ഷിണേന്ത്യന്‍ തീരങ്ങളുമായി പുരാതന സമൂഹങ്ങള്‍ക്ക് വ്യാപര ബന്ധങ്ങളുണ്ടാകുക എന്നത് വളരെ സ്വാഭാവികമാണ്. ഇന്ത്യയോട് ഏറ്റവും അടുത്തുകിടക്കുന്ന യമന്‍, ഒമാന്‍ പോലുള്ള രാജ്യങ്ങളുമായി ചരിത്രാതീത കാലം മുതല്‍ തന്നെ കേരളമുള്‍പ്പെടെയുള്ള ഇന്ത്യയുടെ പശ്ചിമതീരങ്ങള്‍ക്ക് ബന്ധങ്ങളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി പ്രമാണങ്ങള്‍ ലഭ്യമാണ്. ക്രിസ്തുവിന് മുമ്പ് തന്നെ റോമും ഇന്ത്യയുമായി കരമാര്‍ഗം വാണിജ്യ ബന്ധങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ക്രിസ്തുവര്‍ഷാരംഭകാലം അഗസ്റ്റസ് ഈജിപ്ത് കീഴടക്കിയതോടെ ഈജിപ്ത് വഴി ദക്ഷിണേന്ത്യയിലെത്താനുള്ള സമുദ്രമാര്‍ഗം റോമക്കാര്‍ സ്വായത്തമാക്കുകയും അക്കാലം മുതലേ വ്യാപാര വിനിമയങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാലാം നൂറ്റാണ്ടോടെ റോമാ സാമ്രാജ്യം തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ പില്‍ക്കാലത്ത് ഈ വാണിജ്യ വിനിമയ രംഗത്ത് ഊര്‍ജ്ജസ്വലതയോടെ കടന്നുവന്നവര്‍ അറബികളും പേര്‍ഷ്യക്കാരുമായിരുന്നു.

    കാലവര്‍ഷക്കാറ്റിന്റെ അനുകൂല കാലയളവില്‍ പത്തേമാരികളും പായക്കപ്പലുകളുമായി കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ എത്തിക്കൊണ്ടിരുന്ന അറബി വ്യാപാരികള്‍ക്ക് ആവശ്യമായ വാണിജ്യവിഭവങ്ങള്‍ ശേഖരിക്കാന്‍ കാലതാമസം വന്നിരുന്നു. വാണിജ്യ ലക്ഷ്യങ്ങളോടെ അന്നത്തെ കച്ചവട വിഭവങ്ങള്‍ ഉത്പാദിപ്പിക്കുവാനോ അത് സംഭരിച്ച് വിദേശങ്ങളില്‍ നിന്നെത്തുന്ന വണിക്കുകള്‍ക്ക് കൈമാറാനോ അന്നിവിടെ വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കാട്ടില്‍നിന്നും മലകളില്‍നിന്നും മാത്രം ശേഖരിക്കാവുന്ന ഈ ഉത്പന്നങ്ങള്‍ മൂന്നുനാല് മാസക്കാലം മാത്രം ഇവിടെ തങ്ങുന്ന വ്യാപാരികള്‍ക്ക് ആവശ്യമായത്ര ശേഖരിക്കുന്നതിന് ഉപാധി സ്വീകരിക്കല്‍ അനിവാര്യമായിത്തീര്‍ന്നു. അങ്ങനെ സമുദ്രവുമായി ബന്ധമുള്ള നദികള്‍ വഴിയായി ഉള്‍നാടുകളിലെ വാണിജ്യ വിഭവങ്ങളുടെ കേന്ദ്രങ്ങളില്‍ അധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നത് കച്ചവടം ലക്ഷ്യം വെച്ച് എത്തിയ യവനന്മാര്‍ക്കും അറബികള്‍ക്കും അനിവാര്യമായി. അങ്ങനെ കടല്‍ കടന്നെത്തിയ ഈ പുതിയ സമൂഹങ്ങളുമായുള്ള സമ്പര്‍ക്കങ്ങളുടെ ഫലമായി അവരുടെ വിശ്വാസവും സംസ്‌കാരവും ജീവിതവും ദ്രാവിഡ പാരമ്പര്യമുള്ള ദക്ഷിണേന്ത്യന്‍ സമൂഹങ്ങളുടെ വിശ്വാസങ്ങളെയും ജീവിതത്തെയും മാറ്റിമറിച്ചു. പശ്ചിമേഷ്യയില്‍നിന്ന് ഹീബ്രുവും സുറിയാനിയും അറബിയും പേര്‍ഷ്യനുമെല്ലാം സംസാരിക്കുന്ന ജൂതരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ദ്രാവിഡ പാരമ്പര്യമുള്ള ഈ ജനതതികളുമായി ചേര്‍ന്ന് സങ്കര വംശങ്ങള്‍ ഉടലെടുക്കുകയും അങ്ങനെ ഈ മണ്ണിനോട് ഇഴുകിച്ചേര്‍ന്ന് സാംസ്‌കാരികോദ്ഗ്രഥനത്തിന്റെ കാര്യവും കാരണവുമെല്ലാമായി ഈ ബന്ധങ്ങള്‍ വര്‍ത്തിക്കുകയും ചെയ്തു. ജൂത, ക്രിസ്തീയ വിശ്വാസങ്ങള്‍ വളരെ നേരത്തെ തന്നെ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ കൃത്യമായ കാലം ഏതെന്ന് നിര്‍ണ്ണയിക്കാനുള്ള ശരിയായ പ്രമാണങ്ങള്‍ ലഭ്യമല്ല. 

ദക്ഷിണേന്ത്യയിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തെ പറ്റിയും വ്യാപനത്തെ പറ്റിയും ശരിയായ നിലയില്‍ പഠനം നടത്തുമ്പോള്‍ അറബിയിലും പേര്‍ഷ്യനിലുമുള്ള പുരാതന വിവര സ്രോതസ്സുകള്‍ പരിഗണിക്കുക എന്നത് വളരെ പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ ഗവേഷണം ചെയ്ത് ആവിര്‍ഭാവത്തിന്റെ കാലം നിര്‍ണയിച്ച ഔദ്യോഗിക ചരിത്രകാരന്മാരാരും അറബി അവലംബങ്ങള്‍ അതിന്റെ മൂലസ്രോതസ്സില്‍നിന്ന് പരിശോധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേരള മുസ്‌ലിം ചരിത്ര സംബന്ധിയായ അറബിയിലുള്ള വളരെ പഴക്കംചെന്ന രേഖകള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. കേരളോത്പത്തിയിലും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ തുഹ്ഫത്തുല്‍ മുജാഹിദീനിലുമാണ് അവര്‍ മുസ്‌ലിം ചരിത്രം പരതുന്നത് എന്നതിനാല്‍ അവരുടെ ഗവേഷണങ്ങള്‍ മുന്നോട്ടു പോവുന്നുമില്ല. അറബികളായ സഞ്ചാരികള്‍ രചിച്ച യാത്രാവിവരണ സ്വഭാവമുള്ള ജിയോഗ്രഫിക്കല്‍ ഗ്രന്ഥങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് അതിലെ വിവരങ്ങള്‍ പൊതുസമൂഹത്തിന്റെയും ചരിത്രഗവേഷകന്മാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കാത്ത മുസ്‌ലിംകള്‍ തന്നെയാണ് ഇതിലെ പ്രതികള്‍ എന്നതാണ് വസ്തുത.

    ഇസ്‌ലാമിന്റെ കേരളത്തിലേക്കുള്ള ആഗമനവുമായി ബന്ധപ്പെട്ട് നിരവധി സങ്കീര്‍ണതകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരള ചരിത്രത്തിലെ വിഖ്യാതമായ പെരുമാളുടെ മതംമാറ്റ സംഭവവും അതിന്റെ കാലത്തെ സംബന്ധിച്ചുള്ള തര്‍ക്കവും തീര്‍പ്പാക്കാന്‍ പ്രമുഖരായ ചരിത്രകാരന്മാരെല്ലാം എ.ഡി 851ല്‍ സമുദ്ര സഞ്ചാരം നടത്തിയ സുലൈമാന്‍ താജിറിന്റെ രേഖയാണ് ഉദ്ധരിച്ച് കാണാറുള്ളത്. അവരുടെ വാദമുഖങ്ങളെ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്: 'ഒമ്പതാം നൂറ്റാണ്ട് മധ്യത്തോടെയെങ്കിലും ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ടായിരുന്നുവെങ്കില്‍ എ.ഡി 851 ല്‍ കേരള തീരങ്ങള്‍ വഴി ചൈനയിലേക്കു പോയ സുലൈമാന്‍ താജിറിനെപ്പോലുള്ള അറബി സഞ്ചാരികളുടെ യാത്രാരേഖകളില്‍ ഇത് സംബന്ധമായ പരമാര്‍ശങ്ങളുണ്ടായിരുന്നു. സുലൈമാന്‍ താജിറിന്റെ സഞ്ചാര രേഖകളില്‍,  അക്കാലത്ത് ചൈനയിലോ ഇന്ത്യയിലോ അറബികളോ മുസ്‌ലിംകളോ എത്തിയിട്ടില്ല എന്ന് തെളിയിക്കുന്ന പ്രസ്താവം കാണുന്നതിനാല്‍ കേരളത്തില്‍ ഇസ്‌ലാം എത്തിയ കാലം സുലൈമാന്‍ താജിറിന് ശേഷം ഒമ്പതാം നൂറ്റാണ്ട് അവസാനത്തോടെയായിരിക്കാം. ലോഗന്റെ മലബാര്‍ മാന്വലില്‍നിന്ന് സുലൈമാന്റെ പ്രസ്താവം ഉദ്ധരിച്ച് ഇതിന്നവര്‍ തെളിവും സമര്‍പ്പിക്കുന്നുണ്ട്. 851ല്‍ പോലും കേരളത്തില്‍ ഇസ്‌ലാമെത്തിയിട്ടില്ലാത്തതിനാല്‍ ഒന്നാം ചേരസാമ്രാജ്യത്തിലെ അവസാന പെരുമാളുടെ മതം മാറ്റവും മക്കാ യാത്രയും കെട്ടുകഥ മാത്രമാണ്. 
    ഇസ്‌ലാം ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പോലും കേരളത്തിലോ ഇന്ത്യയിലോ ചൈനയിലോ എത്തിയില്ലെന്നതിന് പ്രമാണമായി അവതരിപ്പിക്കുന്ന സുലൈമാന്‍ താജിറിന്റെ പ്രസ്താവം ലോഗന്റെ മലബാര്‍ മാന്വലില്‍ നിന്നാണ് ഇതുവരെയും ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. സുലൈമാന്‍ താജിറിന്റെ ഗ്രന്ഥത്തിന്റെ ഇന്ന് ലഭ്യമായ അറബി പതിപ്പുകള്‍ പരിശോധിക്കുകയും, മറ്റ് അറബിയിലും പേര്‍ഷ്യനിലുമുള്ള സഞ്ചാര രേഖകള്‍ ഉള്‍പ്പെടെയുള്ള കൃതികള്‍ പരിശോധിക്കുകയും ചെയ്താല്‍ ഇസ്‌ലാം ദക്ഷിണേന്ത്യയിലെത്തിയതിന്റെ ഏതാണ്ട് കാലം നിര്‍ണയിക്കാവുന്നതാണ്.  
    ലഭ്യമായതില്‍വെച്ച് ഏറ്റവും പഴക്കമുള്ള, ദക്ഷിണേന്ത്യയിലെ ഇസ്‌ലാമികാവിര്‍ഭാവത്തെക്കുറിച്ച് പ്രത്യക്ഷ സൂചനയുള്ള പ്രമാണങ്ങളിലൊന്നാണ് ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച (850ല്‍ അന്തരിച്ച) അലിയ്യുബ്‌നു സൈനുദ്ദീന്‍ അത്വബ്‌രി രചിച്ച ഫിര്‍ദൗസുല്‍ ഹിക്മ. ത്വിബ്ബുന്നബവി (പ്രവാചകവൈദ്യം) വിജ്ഞാന ശാഖയില്‍പെട്ട ഈ ഗ്രന്ഥത്തില്‍ ഇഞ്ചിയുടെ ഔഷധ ഗുണങ്ങളെ സംബന്ധിച്ച് പരമാര്‍ശിക്കുന്ന ഭാഗത്ത് (വോള്യം 2 പേജ് 511) ഒരിന്ത്യന്‍ രാജാവ് നബി(സ)യെ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ തിരുമേനിക്ക് സമ്മാനമായി നല്‍കിയതില്‍ ഇഞ്ചിനിറച്ച ഭരണിയുണ്ടായതായും ഇത് സഹാബികള്‍ക്കിടയില്‍ മുറിച്ച് വിതരണം ചെയ്തതായും ഈ രാജാവ് നബി(സ)യുടെ സഹവാസത്തിലായി ഏതാനും ദിവസങ്ങള്‍ താമസിച്ചതായും രേഖപ്പെടുത്തി കാണുന്നുണ്ട്. ഇതേ സംഭവം ഏറെ പ്രമാണികതയുള്ള നിവേദന പരമ്പരകളിലൂടെ ഇമാം ഹാക്കിം തന്റെ മുസ്തദ്‌റക് എന്ന ഹദീസ് ഗ്രന്ഥത്തിലും ഉദ്ധരിച്ചു കാണുന്നുണ്ട്. അബൂസഈദുല്‍ ഖുദ്‌രി(റ)യെന്ന സഹാബിയില്‍നിന്നും ഉദ്ധരിക്കപ്പെടുന്ന ഈ ഹദീസില്‍ വിവരിക്കപ്പെടുന്ന ഇന്ത്യന്‍ രാജാവ് പെരുമാള്‍ രാജാവാണെന്നാണ് അധിക ഗവേഷകന്മാരുടെയും അഭിപ്രായം. ഈ ഹദീസ് ഗ്രന്ഥവും ത്വബരിയുടെ ഉപരി സൂചിത ഗ്രന്ഥവും ഇന്നും ലഭ്യമാണ്. മലബാറിന്റെ പ്രാചീന ചരിത്രത്തില്‍ ഗവേഷണം ചെയ്ത ഡോ: ശംസുല്ലാ ഖാദിരി തന്റെ ഗ്രന്ഥത്തില്‍ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രസ്താവിക്കുന്നു.
    ''യമനിലെയും ഹളറ മൗത്തിലെയും തീരങ്ങളിലെ ജനങ്ങള്‍ ഹിജ്‌റ ഒമ്പതിലും പത്തിലുമായി ഇസ്‌ലാം സ്വീകരിച്ചു. അവരെല്ലാം വ്യാപാര വര്‍ഗത്തില്‍ പെട്ടവരായിരുന്നു. അക്കാലത്ത് അവരുടെ കടല്‍ കച്ചവടം വളരെയേറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. അവരുടെ കപ്പലുകള്‍ പേര്‍സ്യ, ഈജിപ്ത്, സിന്ധ്, കൊങ്കണം മലൈ നാട്, മഅ്ബര്‍, സരണ്‍ദ്വീപ്, ഖാഖില, സാബിജ്(ജാവ) ചൈന, മാചൈന മുതലായ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. ഖലീഫ അബ്ദുല്‍ മലിക്ക് ഇബ്‌നു മര്‍വാന്റെ കാലമായപ്പോഴേക്കും (ക്രി: 684-705, ഹിജ്‌റ: 65,86) മുസ്‌ലിം വ്യാപാരികളുടെ ഒരു സംഘം കുടുംബസമേതം സരണ്‍ദ്വീപില്‍ വന്ന് താമസമുറപ്പിച്ചു.''
    പേര്‍സ്യന്‍ ഉള്‍ക്കടലിലെ ഹുര്‍മോസ് എന്ന നഗരത്തില്‍ ബുസുര്‍ഗുബ്‌നു ശഹര്‍യാര്‍ എന്നുപേരായ ഒരു അജമി കപ്പലോട്ടക്കാരനുണ്ടായിരുന്നു. അദ്ദേഹം ഹിജ്‌റ:404ല്‍ തന്റെ കപ്പല്‍ സഞ്ചാരങ്ങളെപ്പറ്റി രചിച്ച അജാഇബുല്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ സരണ്‍ദ്വീപിലെ സ്ഥിതി വിവരിക്കുന്നു.

    ''സിലോണിലെ ജനങ്ങള്‍ നബി(സ) തിരുമേനിയെപറ്റി കേട്ടപ്പോള്‍ അവിടുത്തെ സന്ദേശങ്ങളെ സംബന്ധിച്ച് നേരിട്ടന്വേഷിച്ചറിയാനായി അറേബ്യയിലേക്ക് യോഗ്യനും ബുദ്ധിമാനുമായ ഒരാളെ നിയോഗിച്ചയച്ചു. അയാള്‍ മഹാനായ ഉമര്‍(റ) ഖിലാഫത്ത് സ്ഥാനത്തിരിക്കുന്ന കാലത്താണ് അറേബ്യയില്‍ എത്തിയത്. അയാള്‍ ഖലീഫയെ കണ്ട് നബി(സ്വ) തിരുമേനിയുടെ വിവരങ്ങള്‍ ചോദിച്ചറിയുകയും അതിനുശേഷം സിലോണിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ മാര്‍ഗമധ്യേ മക്കറാന്‍ എന്ന സ്ഥലത്ത് വെച്ച് അയാള്‍ മരണപ്പെട്ടുപോയി. അയാളോടൊന്നിച്ച് ഇന്ത്യക്കാരനായ ഒരു തോഴനുണ്ടായിരുന്നു. അയാള്‍ സിലോണിലേക്ക് മടങ്ങിവന്ന് താന്‍ കണ്ടതും കേട്ടതുമായ വിവരങ്ങളെല്ലാം ജനങ്ങളെ അറിയിച്ചു. നബി(സ) തിരുമേനിയെയും ഹസ്രത്ത് അബൂബക്കര്‍(റ)നെയും സംബന്ധിച്ച കഥനങ്ങളും ഹസ്രത്ത് ഉമര്‍(റ)വുമായി നടന്ന സംഭാഷണവും വിവരിച്ചു കൊടുക്കുകയും ചെയ്തു. ഹസ്രത്ത് ഉമര്‍(റ) മഹോന്നതനും ദൈവഭക്തനുമായ ഒരാളാണെന്നും അദ്ദേഹം കണ്ടംവെച്ച വസ്ത്രമാണ് ധരിക്കുന്നതെന്നും പള്ളിയിലാണ് ഉറങ്ങാറെന്നും അയാള്‍ പറഞ്ഞു'' (അജാഇബുല്‍ ഹിന്ദ്: 156).

ഇനി പ്രാചീന മലബാറിനെ പറ്റി ഗവേഷണം ചെയ്ത ഡോ: ശംസുല്ലാ ഖാദിരി ഉദ്ധരിക്കുന്ന മറ്റൊരു പഴക്കമുള്ള പ്രമാണം നോക്കുക: അദ്ദേഹം എഴുതുന്നു: 'ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ചരിത്രകാരനായ അഹ്മദുല്‍ ബലാദുരി (ക്രി: 892, ഹിജ്‌റ: 279) സിന്ധു വിജയത്തിന്റെ കാരണങ്ങള്‍ വിവരിച്ചുകൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു: ''അറബികളായ കടല്‍ക്കച്ചവടക്കാര്‍ സിലോണില്‍ കച്ചവടത്തിനു പോവുക പതിവായിരുന്നു. കുറെ മുസ്‌ലിം വ്യാപാരികള്‍ കുടുംബ സഹിതം അവിടെ ചെന്ന് താമസമുറപ്പിക്കുകയും ചെയ്തിരുന്നു. അവരില്‍ ചിലര്‍ മരിച്ചു പോയി. അവരുടെ കുടുംബം നിസ്സഹായരും നിരാശ്രയരുമായിത്തീരുകയാല്‍ അവിടത്തെ രാജാവ് വളരെ അധികം സമ്മാനങ്ങള്‍ നല്‍കി അവരെ കൂഫയിലെ ഹജ്ജാജു ബ്‌നു യൂസുഫ് സഖഫിയുടെ അടുക്കലേക്ക് കപ്പല്‍ കയറ്റി അയച്ചു. ആ കപ്പല്‍ സിന്ധിലെ ദബീല്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ആ പ്രദേശത്തെ കടല്‍കൊള്ളക്കാര്‍ അതു കവര്‍ച്ച ചെയ്തു. ഈ വിവരമറിഞ്ഞ ഹജ്ജാജ് പ്രതികാരമായി സിന്ധ് ആക്രമിച്ചു' (ഫുതുഹൂല്‍ ബുല്‍ദാന്‍: 4,436). ഇത് വലീദ് ഇബ്‌നു അബ്ദുല്‍ മലിക്കിന്റെ കാലത്ത് (ഹിജ്‌റ: 86, 96) ആണ്.

    Origin and early history of the muslims of Kerala എന്ന ഗ്രന്ഥത്തില്‍ ജെ.ബി.പി മോല്‍, പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ സുമാത്രയുമായി പോലും ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടില്‍ തന്നെ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പ്രമാണങ്ങളുദ്ധരിച്ച് സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല, എ.ഡി 626 ല്‍, അഥവാ ഹിജ്‌റ നാലിലോ അഞ്ചിലോ ചൈനയില്‍ ഇസ്‌ലാം എത്തിയിട്ടുണ്ടെന്ന് പ്രസ്താവിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ തീരങ്ങള്‍ ചുറ്റി സമുദ്ര മാര്‍ഗേണ തന്നെയാണ് ചൈനയില്‍ ആദ്യമായി ഇസ്‌ലാമെത്തിയതെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതിയാകും. അതുകൊണ്ട് തന്നെ അക്കാലത്ത് ചൈനയില്‍ ഇസ്‌ലാമെത്തിയിട്ടുണ്ടെങ്കില്‍ മലബാര്‍ തീരങ്ങളില്‍ ഇസ്‌ലാം എത്തിയിട്ടുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മേല്‍ പ്രസ്താവിക്കുന്നുണ്ട്‌. മാത്രമല്ല, കീയാതാം എന്ന പേരിലറിയപ്പെട്ട സമുദ്ര വിജ്ഞാനീയങ്ങളില്‍ അഗ്രഗണ്യനായ ഒരു ഭൂമിശാസ്ത്രജ്ഞന്റെ രേഖകളില്‍ പൂര്‍വ്വേഷ്യയിലെ ചില കച്ചവട കേന്ദ്രങ്ങള്‍ മുതല്‍ ദക്ഷിണേന്ത്യന്‍ തീരങ്ങള്‍ വഴി പേര്‍ഷ്യന്‍ ഗള്‍ഫ് വരെയുള്ള സമുദ്ര സഞ്ചാര റൂട്ട് വിശദീകരിക്കുന്നുണ്ട്. എ.ഡി.785 നും 805 നുമിടയിലുള്ള സഞ്ചാരികളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് വിവരിക്കുന്നത്. കേരളത്തിലെ കൂലം മലൈയെപറ്റി പോലും അതില്‍ പരമാര്‍ശിക്കുന്നുണ്ട്. അക്കാലത്ത് അറബികളുമായി നിലവിലുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന് ഇത് കൃത്യമായ പ്രമാണമാണല്ലോ. ഇങ്ങനെ സുലൈമാന്‍ താജിറിന്റെ ക്രിസ്ത്വബ്ദം 851ലെ സഞ്ചാരങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനയുള്‍പ്പെടെയുള്ള പൂര്‍വേഷ്യന്‍ സമൂഹങ്ങളുമായും ഇന്ത്യയുമായും വിശിഷ്യാ മലബാറുമായും അറബികള്‍ക്കും ചൈനക്കാര്‍ക്കും വാണിജ്യ ബന്ധങ്ങള്‍ നിലവിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. 

    ഇനി സുലൈമാന്‍ താജിറിന്റെ സഞ്ചാര രേഖകളില്‍ എന്താണ് പരാമര്‍ശിക്കുന്നതെന്ന് പരിശോധിക്കാം. സുലൈമാന്‍ താജിറിന്റേതായി അറിയപ്പെടുന്ന മൂന്ന് നാമങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ നിലവിലുണ്ട്. അഹ്ബാറുല്‍ സീന്‍ വല്‍ ഹിന്ദ്, സില്‍സിലത്തു ത്വവാരിബ്, അജാഇബ് ദ്ദുന്‍യാ വ കിയാസുല്‍ ബുല്‍ദാന്‍ എന്നിവയാണവ. ഇതില്‍ അഹ്ബാറുല്‍ സീന്‍ വല്‍ ഹിന്ദ് എന്ന ഗ്രന്ഥം സുലൈമാന്‍ താജിറിന്റേതുള്‍പ്പെടെയുള്ള നിരവധി സഞ്ചാരികളുടെ വിവരണങ്ങള്‍ ക്രിസ്ത്വബ്ദം 916 ല്‍ (ഹിജ്‌റ 304) അബൂസൈദ് അല്‍ ഹസന്‍ ഇബ്‌നു യസീദ് സൈറാഫി എന്ന പേര്‍ഷ്യക്കാരന്‍ ക്രോഡീകരിച്ച ഗ്രന്ഥത്തില്‍ നാമമാണ്. ഇദ്ദേഹം ഇന്ത്യയിലെ ചൈനയിലോ എത്തിയിട്ടില്ല. എന്നാല്‍ സഞ്ചാരികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അത് ക്രോഡീകരിച്ചാണ് ഈ ഗ്രന്ഥം രൂപപ്പെടുത്തിയത്. ഈ ഗ്രന്ഥത്തില്‍ സുലൈമാന്‍ താജിറിന്റേതായി വരുന്ന ഭാഗം സില്‍സിലത്തു തവരിഖ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്തത് അജാഇബ് ദുന്‍യാ വ കിയാസുല്‍ ബുല്‍ദാന്‍ എന്ന പേരിലുള്ള ഗ്രന്ഥമാണ്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരനായ ഡോ.ശാഹിന്‍ മരീഹിയാണ് ഈ ഗ്രന്ഥം ക്രോഡീകരിച്ചിട്ടുള്ളത്. താരതമ്യേന സംശോധന ചെയ്ത് ഗവേഷണ പ്രധാനമായ അടിക്കുറിപ്പുകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ച ഇത് കൂടുതല്‍ വ്യക്തതയോടെയുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഈ ഗ്രന്ഥങ്ങളില്‍ വന്ന സുലൈമാന്‍ താജിറിന്റേതായി ഉദ്ധരിക്കപ്പെടുന്ന വിവാദ പരമാര്‍ശം പരിശോധിക്കാം. സരന്‍ദ്വീപില്‍നിന്ന് ചൈനയിലേക്കുള്ള യാത്രാ മധ്യേ ലഞ്ച്‌യാലൂസ് എന്നൊരു സ്ഥലത്തെക്കുറിച്ച് സുലൈമാന്‍ താജിര്‍ പരമാര്‍ശിക്കുന്നുണ്ട്. ഇവിടെയാണ് വിവാദ പരാമര്‍ശമുള്ളത്. 'അവിടെയുള്ളവര്‍ക്ക് അറബികളുടെ ഭാഷ അറിയുകയില്ല. കച്ചവടക്കാരായ ആരുടെയും ഭാഷ അറിയുകയില്ല.' (38) തുടര്‍ന്നു പറയുന്നു: 'അവരുടെ പല്ലുകള്‍ മാത്രമേ വെളുത്തതായുള്ളൂ. ഇരുമ്പിന് പകരമായി അവര്‍ തേങ്ങയും തേങ്ങാ വെള്ളവുമൊക്കെയാണ് നല്‍കുക. ചിലപ്പോള്‍ അവര്‍ കച്ചവടക്കാരില്‍നിന്ന് ഇരുമ്പ് വാങ്ങുകയും പകരമായി അവര്‍ക്കൊന്നും കൊടുക്കാതിരിക്കുകയും ചെയ്യും.' (38) ഈ പരാമര്‍ശം ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ അവിടെ അറബികളോ മറ്റ് കച്ചവടക്കാരോ ഇല്ല എന്ന ആശയം വരികയും ഈ ഫ്രഞ്ച് പരിഭാഷയെ അവലംബിച്ച് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയപ്പോള്‍ അറബി സംസാരിക്കുന്നവരോ മുസ്‌ലിംകളോ ആയ ആരെയും ഞാന്‍ കണ്ടില്ല എന്നായിപ്പോവുകയും ചെയ്തതായിരിക്കും. ഇത് പകര്‍ത്തിയെഴുതിയ എല്ലാവരും സൗകര്യം പോലെ ഇന്ത്യയിലും ചൈനയിലും എന്ന് ബ്രാക്കറ്റില്‍ എഴുതുകയും പില്‍ക്കാലത്ത് ആ ബ്രാക്കറ്റും ഒഴിവാക്കി ഈ പരമാര്‍ശം ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു എന്നുമാണ് വ്യക്തമാകുന്നത്. ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ടെന്ന് സാഹചര്യത്തെളിവുകള്‍ വെച്ച് സ്ഥാപിക്കുന്ന ജെ.ബി.പി മോല്‍ പോലും സുലൈമാന്‍ താജിറിന്റെ മേല്‍പ്രസ്താവത്തിന്റെ നിജസ്ഥിതി പരിശോധിക്കാതെ എടുത്തുദ്ധരിക്കുകയാണ് ചെയ്തിട്ടുള്ളത്. ലഞ്ച് യാലൂസ് എന്ന ഈ സ്ഥലം ഏതാണെന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഇതിലെ സങ്കീര്‍ണത നീങ്ങൂ. മസ്ഊദിയുടെയും അല്‍ ഇദ്‌രീസി ഉള്‍പ്പെടെയുള്ള പില്‍ക്കാല സഞ്ചാരികളുടെയും വിവരണങ്ങളിലും ഈ ലഞ്ച് യാലൂസ് പരമാര്‍ശിക്കപ്പെടുന്നുണ്ട്. നിക്കോബാര്‍ ദ്വീപുകളെ അറബി സഞ്ചാരികള്‍ വിളിച്ചിരുന്ന നാമമാണത്. നിക്കോബാര്‍ ദ്വീപുകളില്‍ കച്ചവടക്കാരായ അറബികളെയോ മുസ്‌ലിംകളെയോ അക്കാലത്ത് കണ്ടില്ല എന്നാണ് പരാമര്‍ശമെങ്കില്‍ പോലും അത് തികച്ചും വസ്തുതയാണെന്ന് വ്യക്തമാണ്. കാരണം ബ്രിട്ടീഷുകാര്‍ നാടുകടത്തിയ സ്വാതന്ത്ര്യ പോരാളികളായ മുസ്‌ലിംകള്‍ വഴിയാണ് അവിടങ്ങളില്‍ മുസ്‌ലിം അധിവാസ കേന്ദ്രങ്ങള്‍ ഉണ്ടാകുന്നതും ഇസ്‌ലാം പ്രചരിക്കുന്നതും. ഒരു ജനതയുടെ ഇരുനൂറിലേറെ വര്‍ഷത്തെ ചരിത്രത്തെ തമസ്‌കരിക്കാന്‍ ദുരുപയോഗം ചെയ്ത പ്രമാണത്തിന്റെ കഥയാണിത്. 

ഇനി സുലൈമാന്‍ താജിര്‍ ഈ ഗ്രന്ഥത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. 'ഹാന്‍ഫൂവിലാണ് അറബി വ്യാപാരികളും ചൈനക്കാരും തമ്മില്‍ സന്ധിക്കുകയും വ്യാപാര വിനിമയങ്ങള്‍ നടത്തുകയും ചെയ്യുന്നത്'(പേജ് നമ്പര്‍:35). തുടര്‍ന്ന് ഹാന്‍ഫൂവിലുള്ള വീടുകള്‍ മരങ്ങള്‍ കൊണ്ടുള്ളതാണെന്നും മറ്റ് വിവരണങ്ങളും നല്‍കുന്നു. തുടര്‍ന്ന് പറയുന്നത് നോക്കുക. 'ഹാന്‍ഫൂവില്‍ വെച്ച് ഒരു മുസ്‌ലിമായ പണ്ഡിതനെ കണ്ടു. അദ്ദേഹം രാജാവിന്റെ കീഴില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിധി കല്‍പിക്കുകയും അവര്‍ക്ക് പെരുന്നാളിന് ഇമാമായി നിസ്‌കരിക്കുകയും അവര്‍ക്ക് മതോപദേശം നല്‍കുകയും ചെയ്തിരുന്നു. മുസ്‌ലിംകളുടെ സുല്‍ത്താന് വേണ്ടി അദ്ദേഹം ദുആ ചെയ്യുകയും ചെയ്തു. ഇറാഖികളായ അറബി വ്യാപാരികള്‍ പോലും അദ്ദേഹത്തിന്റെ വിധികളിലും പ്രവര്‍ത്തനങ്ങളിലും നിഷേധം കാണിച്ചില്ല' (36). ഇറാഖികളായ അറബി വ്യാപാരികള്‍ എന്നതുകൊണ്ട് ഇവിടെ പ്രത്യേകം അര്‍ത്ഥമാക്കുന്നത് ശിയാക്കളായ അറബികളെയാണ്. ഒരേ സമയം സുന്നികളുടെയും ശിയാക്കളുടെയും അധിവാസ കേന്ദ്രങ്ങള്‍ അക്കാലത്ത് ചൈനയിലുണ്ടായിരുന്നുവെന്നാണ് ഈ പരാമര്‍ശം വ്യക്തമാക്കുന്നത്. ഇനി കേരളത്തിലെ കൂലം മലയെ (പന്തലായനി കൊല്ലം) ക്കുറിച്ചുള്ള സുലൈമാന്‍ താജിറിന്റെ പരാമര്‍ശം നോക്കുക. 'ഒമാനിലെ സുഹാറിലും മറ്റും ചൈനീസ് കപ്പലുകള്‍ വന്നിരുന്നു. സുഹാറില്‍നിന്ന് കൂലം മല ഉദ്ദേശിച്ച് അറബികള്‍ വന്നിരുന്നു. യാത്രക്കനുകൂലമായ കാലാവസ്ഥയില്‍ ഒരു മാസമാണ് സാധാരണ സമയമെടുക്കാറ്' (38). അക്കാലത്ത് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന രാജക്കന്മാരും അധികാര സംവിധാനങ്ങളും അറബികളായ മുസ്‌ലിം കച്ചവടക്കാര്‍ക്ക് പൊതുവെ അനുകൂലമായിരുന്നുവെന്നാണ് സുലൈമാന്‍ താജിര്‍ വിശദീകരിക്കുന്നത്. 'ബല്‍ഹറ രാജാവ് തന്റെ പ്രജകളെ സ്‌നേഹിക്കുന്നതുപോലെ തന്നെ അറബികളെയും സ്‌നേഹിച്ചിരുന്നു. തുടര്‍ന്ന് വരുന്ന ഭാഗത്ത് 'ബല്‍ഹറ രാജാക്കന്മാരല്ലാത്ത മറ്റ് ചില ചെറിയ രാജാക്കന്മാര്‍ വഴി മധ്യേയുള്ള രാജ്യങ്ങളിലുണ്ടായിരുന്നു. ഇതില്‍ ജുറുസിലുള്ള രാജാവ് അറബികളോടും മുസ്‌ലിംകളോടും അങ്ങേയറ്റം ശത്രുത പുലര്‍ത്തിയിരുന്നു എന്നെഴുതുന്നുണ്ട്. ഈ പരാമര്‍ശങ്ങളിലൂടെ കേരളത്തിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും ചൈനയിലുമെല്ലാം അക്കാലത്ത് ഇസ്‌ലാമെത്തിയിരുന്നുവെന്നും അറബികളായ മുസ്‌ലിംകളുടെ സജീവ സാന്നിധ്യം നിലവിലുണ്ടായിരുന്നുവെന്നും വ്യക്തമാണ്. ഇനി കൂടുതല്‍ പ്രമാണങ്ങള്‍ ആവശ്യമെങ്കില്‍ ഹസന്‍ സൈറാഫി സുലൈമാന്‍ താജിറിന്റെ സമകാലികരോ മുമ്പുള്ളവരോ ശേഷമുള്ളവരോ ഒക്കെയായ സഞ്ചാരികളില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ഭാഗം പരിശോധിക്കാം. 'ഖുറൈശികളില്‍പെട്ട ഇബ്‌നു വഹബ്(റ) എന്നവര്‍ ഹസറയില്‍നിന്ന് ചൈന ഉദ്ദേശിച്ച് പുറപ്പെടുകയും യാത്രാമധ്യേ സൈറാഫില്‍ വന്ന് ചൈനയിലെ ഹാന്‍ഫൂവിലേക്ക് കപ്പലേറുകയും ചെയ്തു. അങ്ങനെ ഹാന്‍ഫൂവിലെത്തി അവിടെയുള്ള രാജാവിന്റെ കൊട്ടാരത്തിനടുത്ത് അദ്ദേഹത്തിന്റെ അതിഥിയായി താമസിക്കുകയും ചെയ്തു. രാജാവ് ഇദ്ദേഹത്തിന്റെ കുടുംബപരമ്പരയെ പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും തൃപ്തികരമായ മറുപടികള്‍ നല്‍കുകയും ചെയ്തു' (70). ഹാന്‍ഫൂവില്‍ മുസ്‌ലിം അധിവാസകേന്ദ്രം സന്ദര്‍ശിച്ച കാര്യവും ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. മറ്റൊരിടത്ത്, സമര്‍ക്കന്ദില്‍നിന്നും കൊണ്ടുവന്ന മിസ്‌ക് അക്കാലത്ത് ചൈനയില്‍ വ്യാപാരം നടത്തിയിരുന്നുവെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ വലതുഭാഗം എന്ന് സൈറാഫി വിശേഷിപ്പിക്കുന്ന ഭാഗത്തേക്ക് അക്കാലത്ത് ഉമ്മാനില്‍നിന്ന് തേങ്ങയും തെങ്ങിന്‍തടികളും ശേഖരിക്കാന്‍ കച്ചവടക്കാര്‍ എത്തുമായിരുന്നുവെന്നും തെങ്ങിന്‍തടികളും തേങ്ങയുമെല്ലാം അവര്‍ കപ്പലിലേറ്റി കൊണ്ടുപോകുമായിരുന്നുവെന്നും അതവിടെ വില്‍ക്കുമായിരുന്നുവെന്നും സൈറാഫി രേഖപ്പെടുത്തുന്നു (88). ഈ വിശേഷിപ്പിക്കപ്പെട്ട സ്ഥലം കേരളം തന്നെയാണ്. കേരളവുമായി അവര്‍ പ്രധാനമായും വാണിജ്യ വിനിമയങ്ങള്‍ നടത്തിയിരുന്നത് എന്തൊക്കെയാണെന്നും സൈറാഫിയുടെ വിശദീകരണങ്ങളിലുണ്ട്. ചന്ദനം, കരയാമ്പൂ, കര്‍പ്പൂരം, കസ്തൂരി തുടങ്ങിയവ ഇവിടെ നിന്ന് അറബികള്‍ കച്ചവടം നടത്തിയതായി പരമാര്‍ശമുണ്ട്. കേരളത്തില്‍ ബ്രാഹ്മണ മേധാവിത്തം വ്യാപകമായ കാലത്തെ സൂചിപ്പിച്ചുകൊണ്ട് സൈറാഫി ക്രോഡീകരിച്ച ഒരു പരാമര്‍ശം ഇങ്ങനെയുണ്ട്. 'അറിവുള്ളവര്‍ ബ്രാഹ്മണര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്'. ഇങ്ങനെ ഒമ്പതാം നൂറ്റാണ്ട് ആദ്യത്തിലെയും മധ്യത്തിലെയും അവസാനത്തിലെയുമൊക്കെയുള്ള സഞ്ചാരികളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ഈ ഗ്രന്ഥത്തില്‍നിന്ന് തന്നെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ നിരവധി വസ്തുതകള്‍ അനാവരണം ചെയ്യാനാവും. ഇങ്ങനെ അറബി സഞ്ചാരികളുടെ യാത്രാരേഖകളില്‍നിന്ന് തന്നെ ഒമ്പതാം നൂറ്റാണ്ടുമുതലുള്ള കേരള ചരിത്രം ശരിയായി നിര്‍ദ്ധാരണം ചെയ്യാന്‍ സാധിക്കും.

തദ്ദേശീയ പ്രമാണങ്ങള്‍
ഇസ്‌ലാമികാവിര്‍ഭാവത്തിന്റെ കാലം നിര്‍ണ്ണയിക്കാന്‍ മുസ്‌ലിംകള്‍ അവലംബിച്ചു പോരുന്നത് 17ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കേരളോല്‍പത്തിയല്ല. കേരളോല്‍പത്തി രചിക്കപ്പെടുന്നതിനു വളരെ കാലം മുമ്പ് മുതല്‍ തന്നെ ഇവ്വിഷയകായ വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീനിന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഈ രേഖ അവലംബിച്ചാണ് ഇസ്‌ലാമികാവിര്‍ഭാവത്തിന്റെ ചരിത്രം വിശദീകരിക്കുന്നത് എന്ന് ആഖ്യാനത്തിലെ സാദൃശ്യംകൊണ്ട് വ്യക്തമാകുന്നതാണ്. മാലിക്ക് ബ്‌നു ദീനാര്‍ കുടുംബത്തിലെ പില്‍ക്കാല തലമുറയില്‍പെട്ട മുഹമ്മദ് ബിന്‍ മാലിക്ക് എന്ന വ്യക്തി തന്റെ കുടുംബ രേഖകളില്‍നിന്നും തെളിവുകള്‍ ശേഖരിച്ച് എഴുതിയ പഴക്കമുള്ള ഒരു അറബി കൈയെഴുത്തുപ്രതി പുരാതനകാലം മുതല്‍ തന്നെ മുസ്‌ലിംകള്‍ അവലംബിച്ചുപോരുന്നുണ്ട്. സ്വര്‍ണ്ണത്തകിടില്‍ എഴുതിക്കുകയും തങ്ങളുടെ കുടുംബസ്വത്തായി സൂക്ഷിക്കപ്പെടുകയും ചെയ്തുപോന്ന ഈ രേഖ പില്‍ക്കാലത്ത് കടലാസിലേക്ക് പകര്‍ത്തുകയും അതിന്റെ കൈയെഴുത്തുപ്രതികള്‍ ചരിത്രത്തില്‍ താല്‍പര്യമുള്ള ഉലമാക്കളിലേക്ക് കൈമാറി കിട്ടുകയും ചെയ്തിരുന്നു. മാടായി പള്ളിയില്‍നിന്നും ഇതിന്റെ പഴക്കംചെന്ന ഒരു പ്രതി കണ്ടെടുക്കപ്പെട്ടതിന്റെ പകര്‍പ്പുകള്‍ ആധുനിക കാലത്തെ ചരിത്ര ഗവേഷകരായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം ഉള്‍പ്പെടെയുള്ള പ്രമുഖരിലൂടെ പുതിയ തലമുറക്ക് ലഭിക്കുകയുണ്ടായിട്ടുണ്ട്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ജീവിച്ച കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവിതാംകോട് മാലിക്ക് ബ്‌നു ദീനാര്‍ മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ബ്‌നു മാലിക്കാണ് ഈ ചരിത്രലേഖനത്തിന്റെ രചയിതാവ് എന്ന കാര്യം ഇവ്വിഷയകമായി ഗവേഷണം നടത്തിയ വി.എ അഹമദ് കബീര്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. 

 

പരിഗണിക്കപ്പെടേണ്ട പ്രമാണങ്ങള്‍

അറബികളായ മുസ്‌ലിം സാക്ഷികളുടെ പേരുകള്‍ രേഖപ്പെടുത്തിയ എ.ഡി 849 ലെ തരിസാപള്ളി ശാസനം പരിഗണിക്കപ്പെടേണ്ട മറ്റൊരു പ്രമാണമാണ്. ഗവേഷകന്മാരുടെ ശ്രദ്ധപതിയേണ്ട തദ്ദേശീയമായ ചില രേഖകള്‍ കൂടിയുണ്ട്. അറബി ലിപി രൂപാന്തരങ്ങളുടെ ചരിത്രം അറിയുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന സുവ്യക്തമായ പ്രമാണങ്ങളാണത്. തരിസാപള്ളി ശാസനത്തിലുപയോഗിച്ചിട്ടുള്ളത് കൂഫി ലിപിയാണ്. ഹിജ്‌റ 80 കളുടെ അവസാനത്തിലാണ് ഈ ലിപി പരിഷ്‌കാരം നടത്തിയത്. അബ്ദുല്‍ മാലിക്ക് ബ്‌നു മര്‍വാന്റെ ഭരണകാലത്ത് ഇറാഖ് ഗവര്‍ണറായിരുന്ന ഹജ്ജാജുബ്‌നു യൂസുഫിന്റെ നിര്‍ദ്ദേശ പ്രകാരം അറബി അക്ഷരങ്ങള്‍ വേര്‍ത്തിരിച്ചറിയാനുള്ള പുള്ളികള്‍ നല്‍കപ്പെട്ടതിനെയാണ് കൂഫിക്ക് പരിഷ്‌കാരം എന്ന് പറയുന്നത്. എ.ഡി എട്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ നടന്ന ലിപി പരിഷ്‌കാരം ഒമ്പതാം നൂറ്റാണ്ടാകുമ്പോഴേക്കും ലോകവ്യാപകമാകുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ അറബികളുടെ സാന്നിദ്ധ്യമുണ്ടായിരുന്ന പുരാതന കച്ചവടകേന്ദ്രങ്ങളില്‍ ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദുകളോടനുബന്ധമായി കാണുന്ന പുരാതന ശ്മശാനങ്ങളിലെ അടയാളക്കല്ലുകളില്‍ കൂഫി ലിപി പരിഷ്‌ക്കാരത്തിന് മുമ്പുള്ള പുരാതനലിപിയാണ് ഉപയോഗിച്ചു കാണുന്നത്. വളരെ സ്പഷ്ടമായി വായിക്കാവുന്ന തരത്തില്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തെ മഖാം മസ്ജിദില്‍ ഇത്തരമൊരു ലിപി ഇപ്പോഴും ശേഷിക്കുന്നുണ്ട്. അലി ഇബ്‌നു ഉസ്മാന്‍ ഇബ്‌നു അദിയ്യു ഇബ്‌നു ഹാത്വിം എന്ന പേരാണ് ഇതിന്മേല്‍ എഴുതികാണുന്നത്. പ്രമുഖ സ്വഹാബിയായ അദിയ്യു ഇബ്‌നു ഹാത്വിം(റ)വിന്റെ മകന്‍ ഉസ്മാന്‍ എന്നവരുടെ മകന്‍ അലി എന്നാണ് ഇതിനര്‍ത്ഥം. എന്തായാലും ഹിജ്‌റ 74ല്‍ ഇരുനൂറ് അനുചരന്മാരോടൊപ്പം എത്തിയതാണ് ഇദ്ദേഹമെന്നും ഈ ലിഖിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുത്തും പുള്ളിയുമപയോഗിക്കാത്ത പൗരാണിക രൂപത്തിലുള്ള ഈ ലിപി ചെറിയൊരു പ്രയത്‌നമുണ്ടെങ്കില്‍ എളുപ്പം വായിച്ചെടുക്കാനാകും. ഈ പ്രദേശത്തിന്റെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഇരിക്കൂര്‍ നിലാമുറ്റം എന്ന പ്രദേശത്തിലും ഗവേഷകന്മാരെ സംബന്ധിച്ച് ഏറെ അത്ഭുതമുളവാക്കുന്ന അത്യപൂര്‍വ്വ വസ്തുതകളുടെ വിസ്മയക്കാഴ്ചകളുണ്ട്. വളരെ പൗരാണികതയുള്ള മഖ്ബറകളാലും അത്യപൂര്‍വ്വമായ ലിഖിതങ്ങളാലും നിറഞ്ഞ ഈ പ്രദേശത്തെത്തിയാല്‍ ഏഴാം നൂറ്റാണ്ടിലെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. ഇവിടത്തെ വളരെ പുരാതനമായ കല്ലറകളുടെ രൂപത്തിലുള്ള മഖ്ബറകള്‍ ഒട്ടേറെ വസ്തുതകള്‍ അന്തര്‍ വഹിക്കുന്നുണ്ട്. ഏക്കറുകളോളം കാടുമൂടികിടക്കുന്ന ഈ പുരാതന ശ്മശാനം ആര്‍ക്കിയോളജി വകുപ്പിന്റെ പങ്കാളിത്തത്തോടെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കുകയാണെങ്കില്‍ ഒട്ടേറെ ചരിത്ര വസ്തുതകള്‍ അനാവരണം ചെയ്യാനാകും. എന്തായാലും ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം ഗവേഷണ ഉദ്ദേശ്യാര്‍ത്ഥം ഇവിടം സന്ദര്‍ശിച്ച സി.എന്‍ അഹ്മദ് മൗലവിയും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും തങ്ങളുടെ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി കാണുന്നത് ഇവിടെ ഹിജ്‌റ എട്ടിലുള്ള ഖബറുകള്‍ തങ്ങള്‍ കണ്ടുവെന്നാണ്. ചുരുക്കത്തില്‍ കേരള ഇസ്‌ലാമിന്റെ ആവിര്‍ഭാവ ചരിത്രം നിര്‍ദ്ധാരണം ചെയ്യാന്‍ തദ്ദേശീയവും വൈദേശികവുമായ മൗലിക പ്രമാണങ്ങള്‍ തന്നെ നിരവധിയുണ്ട്. എന്നാല്‍ ഈ പ്രമാണങ്ങളെ സംബന്ധിച്ച് പൊതുസമൂഹത്തിനോ ആധികാരിക ചരിത്രകാരന്മാര്‍ക്കോ യാതൊരു വസ്തുതയും അറിയുകയില്ല. ചരിത്രത്തിന്റെ പാഠപരതയെയും പാഠത്തിന്റെ ചരിത്രപരതയെയും നിര്‍ദ്ധാരണം ചെയ്ത് യഥാര്‍ത്ഥ ചരിത്രത്തെ സ്ഥാപിക്കേണ്ടതും ചരിത്രദൗത്യം തന്നെയാണ്. ഇത് അനസ്യൂതമായ  പ്രക്രിയയാണ്. ചരിത്രമെന്നത് ഏതൊരു ജനതയുടെയും തായ് വേരാണ്. അതുമായി ബന്ധം മുറിയുന്ന ഏതൊരു സമൂഹവും ജൈവികമായ അതിജീവന ശേഷി നശിച്ച് മുരടിച്ചുപോകുമെന്നതിന് ചരിത്രം തന്നെ സാക്ഷിയാണ്. ആധുനികത അഭിമാനകരമായ ചരിത്രമില്ലാത്ത പല സമൂഹങ്ങള്‍ക്കും പുതിയ ചരിത്രം നല്‍കി എന്നത് വസ്തുതയാണ്. എന്നാല്‍ കൊളോണിയല്‍ ആധുനികതയും ദേശീയാധുനികതയും വാസ്തവത്തില്‍ ചെയ്തത് ആഴത്തില്‍ വേരുകളുള്ള മുസ്‌ലിം ചരിത്രത്തിന്റെ വേരറുക്കുക എന്നതാണ്. ചരിത്ര പഠനരംഗത്ത് മാത്രമല്ല, സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും സര്‍വ്വ മണ്ഡലങ്ങളിലും ഈ വേരുകളുമായുള്ള ജൈവ ബന്ധം പുനഃസ്ഥാപിക്കുക എന്നതാണ് മുസ്‌ലിംകളെ സംബന്ധിച്ച് ഇന്ന് ഏറെ അനിവാര്യമായിട്ടുള്ളത്.

Reference

Arab Sea-fearing in the Indian Ocean in Ancient and Early medieval Times. G.H.Hourani
Origin and Early History of the muslims of Keralam: JBP More
The History of India, as Told by its own Historians: volume 1 Sir Henry Miers Elliot, John Dowson-
Studies in Kerala history: Ilamkulam Kunjan pilla
അഹ്ബാറുല്‍ സീന്‍ വല്‍ ഹിന്ദ്: അബൂസൈദ് അല്‍ഹസന്‍ ഇബ്‌നു യസീദ് സൈറാഫി
സില്‍സിലാത്തു ത്വവാരിഖ്: സുലൈമാന്‍ താജിര്‍
അജാഇബു ദ്ദുന്‍യാ വ കിയാസുല്‍ ബുല്‍ദാന്‍: സുലൈമാന്‍ താജിര്‍
കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകള്‍. ഇളംകുളം കുഞ്ഞന്‍ പിള്ള
ജാതിവ്യവസ്ഥയും കേരള ചരിത്രവും: പി.കെ ബാലകൃഷ്ണന്‍
അരിസാലത്തു ഫീ ളുഹൂരില്‍ ഇസ്ലാം ദിയാരി മലൈബാര്‍
അറബ് വ ഹിന്ദ് അഹ്‌ദെ രിസാലത്ത് മെ.ഖാളി അത്വ്ഹര്‍ മുബാറക്ക് പുരി.
അറബ് വ ഹിന്ദ് തഅല്ലുഖാത്ത്. സയ്യിദ് സുലൈമാന്‍ നദ്‌വി.

author image
AUTHOR: സൈനുദ്ദീന്‍ മന്ദലാംകുന്ന്‌
   (എഡിറ്റര്‍ അല്‍ അന്‍വാര്‍)