ചരിത്രരചന: ഭാഷയും ഭാവനയും

ഡോ. ജമീല്‍ അഹ്മദ്‌   (അസി.പ്രൊഫസര്‍ ഗവ:കോളെജ്, മലപ്പുറം)

ചരിത്രം സത്യമോ ഭാവനയോ

കഴിഞ്ഞു പോയ കാര്യങ്ങളുടെ യഥാര്‍ഥ വിവരണമാണ് ചരിത്രമെന്നും അതിനാല്‍ ചരിത്രാഖ്യാനത്തിന് ശാസ്ത്രത്തിന്റെയത്രയും യുക്ത്യധിഷ്ഠിതമായ പ്രാബല്യമുണ്ടെന്നും കരുതപ്പെടുന്നുണ്ട്. ചരിത്രത്തെ അത്രയും പവിത്രമായ കൈകൊണ്ടേ തൊടാവൂ എന്നും വര്‍ത്തമാനത്തെയും ഭാവിയെയും സ്വാധീനിക്കുന്നവിധം മൂര്‍ച്ചയേറിയതാണ് അതെന്നും ധരിച്ചുവശായിരിക്കുന്നു നാം. അച്ചടിച്ചുകഴിഞ്ഞാല്‍ ആധികാരികമാവുമെന്ന് ആധുനികത പഠിപ്പിച്ച പുതിയ പാഠമാകയാല്‍ വാമൊഴി ചരിത്രത്തിനുള്ളതിലേറെ പ്രാധാന്യവും ഉത്തരവാദിത്വവും ലിഖിത ചരിത്രപുസ്തകങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. കഴിഞ്ഞകാലത്തിന്റെ ഏതോ ഒരു കോണില്‍ നിന്നുള്ള ആഖ്യാനമാണ് ലിഖിതമായോ വാമൊഴിയായോ നിലനില്‍ക്കുന്ന ഏതൊരു ചരിത്രാഖ്യാനവും എന്നതു മാത്രമാണ് ശരി. ഈ ആഖ്യാനം ആഖ്യാതാവിന്റെ പൂര്‍വസംസ്‌കാരമനുസരിച്ചും ധാരണകള്‍ക്കനുസരിച്ചും ബോധത്തിനനുസരിച്ചും മാറിക്കൊണ്ടിരിക്കും. ആ മാറ്റത്തെ ചരിത്രം ആഖ്യാനം ചെയ്യുന്ന ഭാഷ പ്രതിഫലിപ്പിക്കുകയും ചെയ്യും. കേരളത്തിലെ മുസ്‌ലിംകളുടെ ആഗമന - ഉത്ഭവ ചരിത്രരചനകളെ ആസ്പദമാക്കി, ചരിത്രാഖ്യാനത്തിന്റെ പൂര്‍വധാരണകള്‍ അതിന്റെ ഭാഷയിലൂടെ എങ്ങനെ വെളിപ്പെടുന്നു എന്ന് പരിശോധിക്കുകയാണ് ഈ ലേഖനം

തെളിവുകളാണ് ചരിത്രത്തെ സത്യമാക്കുന്നത്. തെളിവുകള്‍ സ്വയമേവ സത്യമല്ലെങ്കില്‍ പോലും അവ ഉപയോഗിച്ച് ഒരാള്‍ക്ക് താനുദ്ദേശിക്കുന്ന ചരിത്രത്തെ സത്യമാക്കിമാറ്റാം. പ്രാചീന ഗുഹാചിത്രങ്ങളില്‍ കാണുന്ന മൃഗങ്ങളുടെ രേഖകള്‍ ആസ്പദമാക്കി ലോകചരിത്രമെഴുത്തുകാര്‍ രൂപീകരിച്ചെടുക്കുന്ന സിദ്ധാന്തങ്ങള്‍ പരിശോധിച്ച് ഈ കാര്യത്തെ ഉദാഹരിക്കാനാകും. അവ പ്രാചീന മനുഷ്യന്റെ വേട്ടയാടലുമായി ബന്ധപ്പെട്ടതാണെന്നും വേട്ടയായിപ്പിടിച്ച മൃഗത്തെ വരച്ചുവെച്ചതാണെന്നും 'ഊഹി'ക്കാനേ നമുക്കു പറ്റൂ. എങ്കിലും അത്തരം ഊഹങ്ങളെയൊക്കെ ആ ലിഖിതചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമായി വായിച്ചു സമാധാനിക്കുകയാണ് നമ്മള്‍ ചെയ്യുക. ചരിത്രാഖ്യാനത്തില്‍ നിരത്തുന്ന തെളിവുകളുടെ ഭാവത്തില്‍ മാത്രമല്ല അഭാവത്തിലും ഈ ബോധം നിഴലിക്കും. തെളിവില്ല എന്നതില്‍ മാത്രമല്ല, ഒരു തെളിവ് തെളിവാകുന്നതിലും തെളിവല്ലാതാകുന്നതിലും ഉള്ള ശ്രദ്ധകൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ ഒരു സമൂഹത്തിന്റെ ചരിത്രം ഇല്ലാതാകുന്നു എന്നതിനര്‍ഥം അവരുടെ പൂര്‍വകാലത്തെക്കുറിച്ചുള്ള അടയാളങ്ങള്‍ ഇല്ലാതാകുന്നു എന്നതുകൂടിയാണ്. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ വിവരിക്കുന്ന, ചേരമാന്‍ പെരുമാളിന്റെ ചരിത്രം ഊഹം മാത്രമാണ് എന്ന് ഒരു പ്രാമാണിക ചരിത്രകാരന്‍ പറയുന്നതിനര്‍ഥം ആ മഹത്തായ രചനയൊന്നടങ്കം സംശയാസ്പദമാണ് എന്നാണ്. അതിനാല്‍ അത്തരം വാദങ്ങളെ കരുതലോടെ സമീപിക്കേണ്ടതുണ്ട്.
അക്കാദമികമായി അംഗീകരിക്കപ്പെടുക എന്ന കടമ്പയാണ് ഏതൊരു ചരിത്രാഖ്യാനവും ആവശ്യപ്പെടുന്നത്. അതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. അക്കാദമികലോകം അംഗീകരിച്ച ചരിത്രാഖ്യാതാവ് പിന്നെ എന്തു പറഞ്ഞാലും ചരിത്രമായി വായിക്കപ്പെടും എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ ദുര്യോഗം. അങ്ങനെ പ്രാമാണിക ചരിത്രകാരന്‍ സ്വയംതന്നെ തെളിവായി മാറുന്നു. അതുകൊണ്ടാണ് പോര്‍ച്ചുഗീസ് കാലം ഉണ്ട് എന്ന് എം.ജി.എസ് പറഞ്ഞാല്‍ അത് ഉണ്ട് എന്നും ഇല്ല എന്ന് പിന്നീട് അദ്ദേഹംതന്നെ പറഞ്ഞാല്‍ ഇല്ല എന്നും ചരിത്രം തീര്‍പ്പാക്കുന്നത്. ആ ആധികാരികത പക്ഷേ ഒരു സാധാരണ ചരിത്രാഖ്യാതാവിന് ലഭിക്കുന്നില്ല. അവരാണ് ചരിത്രമെഴുത്തിന് ആസ്പദങ്ങളെ ആശ്രയിക്കേണ്ടി വരിക. ഒരു കാര്യം ചരിത്രമായി പരിഗണിക്കാനുതകുന്നതിനുള്ള തെളിവുകളെന്ത് എന്നും ഇതേ അക്കാദമിക മേലാളന്മാരുതന്നെയാണ് തീര്‍ച്ചപ്പെടുത്തിയത്. ഏതൊരു കാര്യത്തിലുമുള്ള അധികാരവഴക്കങ്ങള്‍ അപ്രകാരം ചരിത്രരചനാമേഖലയിലും ഉണ്ടാകുന്നു. അങ്ങനെയാണ് പെണ്ണും ദലിതരും ന്യൂനപക്ഷവും തങ്ങളുടെ ചരിത്രംകൊണ്ട് സ്വയം പ്രൂവ് ചെയ്യാനാകാത്തവരായി/ ചരിത്രമില്ലാത്തവരായി മാറുകയും അവരുടെ ചരിത്രംപോലും മേലാളര്‍ എഴുതിവെച്ചതായിമാറുകയും ചെയ്യുന്നത്. കേരളചരിത്രത്തിന്റെ പ്രാമാണിക ആകരങ്ങള്‍ പരിശോധിച്ചാല്‍ ഈ അധികാരചിഹ്നങ്ങള്‍ വേഗം ബോധ്യമാവും.

കേരളചരിത്രത്തെളിവുകള്‍
കേരളചരിത്രം എഴുതിവെക്കാനായി അല്ലെങ്കില്‍ സത്യമാംയംഗീകരിക്കാനായി അക്കാദമികലോകം നിര്‍ണയിച്ചുവച്ച ആകരങ്ങള്‍ ഈ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാം.

 1.  പ്രാചീന ലിഖിതങ്ങള്‍ - ലേഖനമായാല്‍ ആധികാരികമായി എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഈ മനോഭാവംതന്നെയാണ് പ്രാചീന ലേഖനങ്ങളിലും ചരിത്രമെഴുത്തുകാര്‍ക്ക് ഇത്ര വിശ്വാസം തോന്നാനിടയായതും. ചെമ്പുമുതല്‍ കല്ലുവരെയുള്ള മാധ്യമങ്ങളില്‍ എഴുതപ്പെട്ട രാജശാസനങ്ങള്‍, ഉന്നത ജനജീവിതത്തിന്റെ ഭാഗമായി ശിലകളില്‍ കോറിയിട്ട രേഖകള്‍, ക്ഷത്രിയ മേലാളന്മാര്‍ ബ്രാഹ്മണരായ ആശ്രിതര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളുടെ രേഖയായ ക്ഷേത്രലിഖിതങ്ങള്‍,  ഉപരിവര്‍ഗത്തിനു മാത്രം പ്രാപ്യമായ പ്രാചീനകൃതികള്‍, പ്രഭുക്കളുടെയും നാട്ടുപ്രമാണിമാരുടെയും തിട്ടൂരങ്ങള്‍, അതിശയോക്തിയും അസംബന്ധവിവരണങ്ങളും അപൂര്‍ണജ്ഞാനങ്ങളും അസത്യപ്രസ്താവനകളും കുത്തിനിറച്ച യാത്രാകുറിപ്പുകള്‍ എന്നിവയാണ് കേരളചരിത്രമെഴുത്തിന് അക്കാദമിക ലോകം സ്വീകരിച്ച പ്രധാന ലിഖിതങ്ങള്‍. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കുശേഷമുണ്ടായ ഗ്രന്ഥവരികളൊക്കെയും ക്ഷേത്ര സംസ്‌കാരത്തോട് ബന്ധപ്പെട്ടതായിരുന്നു. ഒരു നൂറ്റാണ്ടുമുമ്പുവരെ കേരളത്തിലെ സാധാരണക്കാര്‍ക്ക് എഴുത്തും വായനയും അന്യമായിരുന്നു. അതുകൊണ്ടുതന്നെ ലിഖിതമായ തെളിവുകള്‍ അവരെ തീരെ ഉള്‍ക്കൊള്ളുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. എടക്കല്‍ ഗുഹകള്‍ മുതല്‍ മുച്ചുന്തിപ്പള്ളിയിലെ ശിലാലിഖിതം വരെ ആര് ആര്‍ക്കുവേണ്ടി എഴുതിയതാണ് എന്ന ചോദ്യം അതിനാല്‍ പ്രസക്തമാകുന്നു. അതുകൊണ്ടാണ്, ഈ ലിഖിതങ്ങള്‍ക്കു സമാന്തരമായി വാമൊഴി വ്യവഹാരങ്ങളില്‍ തങ്ങളുടെ ജീവിതംമുഴുവന്‍ കഴിച്ചുതീര്‍ത്ത ബഹുഭൂരിപക്ഷമായ സാധാരണക്കാര്‍ ചരിത്രത്തിന് പുറത്താകുകയും ഉപരിവര്‍ഗത്തിന്റെ വിജയപരാജയങ്ങള്‍ ചരിത്രമായി മാറുകയും ചെയ്യുന്നത്.

2. പുരാവസ്തുക്കള്‍ - തകരാതെ നിലനില്‍ക്കുന്നതുകൊണ്ടുമാത്രം ചരിത്രത്തിന് ആസ്പദമാകുന്ന കെട്ടിടങ്ങള്‍ മുകളില്‍ പറഞ്ഞതിന്റെ മറ്റൊരു നിലയാണ്. രാജാക്കന്മാരും നാടുവാഴികളും തങ്ങളുടെ കൊട്ടാരമതില്‍കെട്ടുകള്‍ കാക്കുവാന്‍ പണിതീര്‍ത്ത കോട്ട, അതിനകത്ത് സുരക്ഷിതമായ ആഡംബര കൊട്ടാരം, പ്രഭുക്കന്‍മാരുടെ സുഖവാസകേന്ദ്രങ്ങളായിരുന്ന കോവിലകം, അവകള്‍ക്കുള്ളില്‍ പ്രതാപത്തിന്റെ ചിഹ്നങ്ങളായി മാറിയ ചുമര്‍ചിത്രങ്ങള്‍, നാണയങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയൊക്കെയും ചരിത്രത്തിന്റെ തെളിവുകളാകുന്നു. അതില്‍ നിന്ന് രൂപപ്പെടുത്തുന്ന കേരളചരിത്രമാകട്ടെ വാഴുന്നോരുടെ ചരിത്രമായിമാത്രം നമുക്ക് വായിക്കാന്‍ കിട്ടുന്നു.

3. വാസ്തുശില്പങ്ങള്‍. എന്നുവെച്ചാല്‍ ക്ഷേത്രങ്ങളും അവയ്ക്കുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളും തന്നെ. കേരളത്തിലെയെന്നല്ല ഇന്ത്യയിലെ ഏതാണ്ടെല്ലാ ചരിത്ര മ്യൂസിയങ്ങളിലും നിറച്ചുവച്ച നഗ്നവും അര്‍ദ്ധനഗ്നവുമായ ദേവവിഗ്രഹങ്ങളാണ് ഇവയില്‍ പ്രധാനം. അവയുടെ കാലഗണനയും നിര്‍മാണ ശൈലിയും പരിശോധിച്ച് നമ്മുടെ ചരിത്രഗവേഷണത്തിന്റെ വലിയൊരു ക്രയശേഷി ചെലവഴിച്ചിരിക്കുന്നു. ആരാധനാലയങ്ങളാകട്ടെ കേരളത്തില്‍ അവശേഷിക്കുന്നവയെല്ലാം അധികാരത്തിന്റെ ചരിത്രവഴികളിലെപ്പോഴും വിജയികള്‍ തങ്ങളുടേതാക്കി മാറ്റിയവയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളൊക്കെയും ജൈന, ബുദ്ധമതങ്ങളുടെ ആരാധനാലയങ്ങളായിരുന്നു എന്ന അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.

4. ആചാരാവശിഷ്ടങ്ങള്‍. ആധികാരികമായ തെളിവുകളുടെ കൂട്ടത്തില്‍ ഏറ്റവും അവസാനം പരിഗണിക്കുക ഇവയെയാണ്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി കേരളത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട തൊപ്പിക്കല്ലുകളെയും കുടക്കല്ലുകളെയുമാണ് ചരിത്രമെഴുത്തുകാര്‍ പ്രാചീന ജനപദങ്ങളുടെ അടയാളങ്ങളായി കൂടുതലും സ്വീകരിക്കുന്നത്. വീരക്കല്ലുകള്‍, ആചാരനിലങ്ങള്‍ എന്നിവയില്‍നിന്നുണ്ടാകുന്ന തെളിവുകളും ലിഖിതരേഖകളുടെ അത്രയും അക്കാദമികമായി സ്ഥിരീകരിക്കാവുന്നവയല്ല. ഇത്തരം മരണാനന്തരകുടീരങ്ങളുടെ പരിസരത്തില്‍ നിന്നു ലഭിക്കുന്ന ഉപാദാനസാമഗ്രികളില്‍ നശിച്ചുപോകാതെ നിലനിന്നവയില്‍ മാത്രം ചരിത്രം തേടേണ്ടിവരുന്നു. എന്നിരുന്നാലും അവ സമുദായത്തിലെ ഏത് വിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നതും സംശയാസ്പദമാണ്.

5. വാമൊഴിവഴക്കങ്ങള്‍. നാടന്‍ വാങ്മയങ്ങള്‍, സ്ഥലനാമസൂചനകള്‍, നാടോടിപ്പാട്ടുകള്‍, കല്‍പിത കഥകള്‍, തുടങ്ങി സമുഹത്തിലെ  സാധാരണക്കാരുടെ വ്യവഹാരമേഖലകളാണ് വാമൊഴി വഴക്കങ്ങളില്‍ ഉള്‍പ്പെടുന്നത്. പക്ഷേ, നാടോടി വാങ്മയങ്ങളെ ചരിത്രരേഖകളായി ഇനിയും ശാസ്ത്രീയ ചരിത്രമെഴുത്തുകാര്‍ അംഗീകരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ അവയിലുള്ള പക്ഷപാതിത്വം രസകരമാണ്.  പരശുരാമകഥയുടെ പാതിയും അംഗീകരിക്കുന്ന ചരിത്രമെഴുത്തുകാരന്‍ തന്നെ കേരളത്തിലെ ആയിരക്കണക്കിന് ദലിത് ചരിത്രാഖ്യാനങ്ങളെ ശ്രദ്ധിക്കുകകൂടിയില്ല. തോറ്റംപാട്ട് ചരിത്രസൂചനയായി സ്വീകരിക്കുന്ന ചരിത്രകാരന്‍ മഞ്ഞക്കുളംമാലയെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാവില്ല. തോമാശ്ലീഹയെക്കുറിച്ച ആഖ്യാനങ്ങളില്‍ ചരിത്രമുണ്ടെന്ന് വാദിക്കുന്നയാള്‍ പക്ഷേ, ചേരമാന്‍ പെരുമാള്‍ ആഖ്യാനങ്ങളെ  ചരിത്രത്തോട് അടുപ്പിക്കുകയില്ല.

തെളിവുകള്‍ അംഗീകരിക്കുന്നതിലെ ഈ ഇരട്ട ബോധം പല കാര്യത്തിലും വ്യക്തമാണ്. ക്ഷേത്രമതിലിലെ കല്ലില്‍ കോറിയിട്ട ലിഖിതം പ്രധാനതെളിവാകുമെങ്കിലും പ്രാചീന മഖ്ബറകളിലെ മീസാന്‍കല്ലുകളിലെ അറബിലിഖിതങ്ങള്‍ ചരിത്രവസ്തുതയായി അംഗീകരിക്കപ്പെടാത്തത് അതിനുദാഹരണമാണ്. കേരളത്തിലെ മുസ്‌ലിംകളുടെ വരവും വികാസവും ചരിത്രത്തിലെഴുതാന്‍ ശ്രമിച്ച പ്രധാന പണ്ഡിതരൊക്കെയും തെളിവുകളുടെ അഭാവത്തെക്കുറിച്ച് ബേജാറാകുന്നത് കാണാം. മുകളില്‍ സൂചിപ്പിച്ച അഞ്ച് ഇനങ്ങളിലും അതിന് മതിയായ തെളിവുകള്‍ പലരും നിരത്തിയിട്ടുണ്ടെങ്കിലും അവയൊക്കെയും 'അക്കാദമികമായി അംഗീകരിക്കാന്‍' സാധ്യമല്ലാത്ത തെളിവുകളാണ് ഇപ്പോഴും.

ഇത്രയും വസ്തുതകളെ മുന്‍നിറുത്തി, കേരളത്തിലെ മുസ്‌ലിംകളുടെ ആവിര്‍ഭാവത്തെക്കുറിച്ച് എഴുതപ്പെട്ട ചരിത്രങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ചരിത്രരചനയില്‍ പ്രാമാണിക ചരിത്രകാര്‍ക്കുള്ള ചില ഗുപ്ത ബോധങ്ങളെ വേര്‍തിരിക്കാന്‍ കഴിയും. ചരിത്രമെഴുത്തിന്റെ ഭാഷയെ പ്രധാന ഉപാധിയായി സ്വീകരിച്ച് ഈ യാഥാര്‍ഥ്യത്തെ വേര്‍തിരിക്കുക എളുപ്പമാണ്. ഭാഷ അര്‍ഥത്തെ ഉല്‍പാദിപ്പിക്കുന്നതിന്റെ വ്യത്യാസം ഭാഷാശാസ്ത്രത്തിലെ പുതിയ പഠനങ്ങളുടെ മുഖ്യ മേഖലയാണ്. വ്യവഹാരാപഗ്രഥനം (discourse analysis), ധൈഷണിക ഭാഷാശാസ്ത്രം (cognitive linguistics) അര്‍ഥവിജ്ഞാനം (semantics) ചിഹ്നശാസ്ത്രം (semiotics) എന്നീ സിദ്ധാന്തങ്ങള്‍ ഇത്തരം പഠനങ്ങള്‍ക്ക് ആധാരമാക്കാവുന്നതാണ്.  അതിലേക്കുള്ള ചില സൂചനകള്‍ നിരത്തുകയാണ് ഈ ലേഖനം ചെയ്യുന്നത്. ചേരമാന്‍ പെരുമാള്‍, മാലിക്ക് ഇബ്‌നു ദീനാര്‍ എന്നീ കേരളീയ ചരിത്രസത്യങ്ങളെ പ്രാമാണികമായ ചരിത്രമെഴുത്തുകാര്‍ എങ്ങനെ എഴുതിവെച്ചു എന്നത് അതിലെ ഭാഷാരീതിയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നത് കൗതുകകരം കൂടിയാണ്.

കേരള മുസ്‌ലിം ചരിത്രം : തെളിവുകളുടെ അഭാവം
ചേരമാന്‍ പെരുമാള്‍, മാലിക്ക് ഇബ്‌നു ദീനാര്‍ എന്നിവരുടെ വരവും പോക്കും എഴുതിവച്ച ചരിത്രരേഖകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ അപ്പടി ഇവിടെ രേഖപ്പെടുത്തുന്നു. (ഇവയില്‍ അടിവരയിട്ട ഭാഗങ്ങള്‍ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.)

എ. ശ്രീധരമേനോന്‍ - ഒടുവിലത്തെ ചേരചക്രവര്‍ത്തി (ചേരമാന്‍ പെരുമാള്‍) ഇസ്‌ലാം മതം സ്വീകരിച്ച് മെക്കയിലേക്കു പോയെന്നും അതിനെത്തുടര്‍ന്നാണ് ആ മതം കേരളത്തില്‍ പ്രചരിച്ചതെന്നും സന്ദേഹാസ്പദമായ ഒരു ഐതിഹ്യം നിലവിലുണ്ടെന്ന വസ്തുതകൂടി ഇവിടെ പ്രസ്താവ്യമാണ്. ഇസ്‌ലാം മതം പ്രചരിപ്പിക്കാന്‍ മലിക് ഇബ്ന്‍ ദീനാറും കുടുംബവും കേരളത്തില്‍ വരികയുണ്ടായെന്നും ഒരു കഥയുണ്ട്. അവര്‍ ആദ്യം കൊടുങ്ങല്ലൂര്‍ ഇറങ്ങിയെന്നും രാജാവ് ആതിഥ്യമര്യാദയോടെ അവരെ സ്വീകരിച്ചെന്നും പറയപ്പെടുന്നു. (കേരള ചരിത്രം 2012 : 111)

കെ.എന്‍ ഗണേശ് - അറബികളായ മാലിക് ഇബ്ന്‍ ദീനാറും മാലിക് ഇബ്ന്‍ ഹബീബുമാണ് ഇസ്‌ലാം മതത്തെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നത് അതിശക്തമായ പാരമ്പര്യമാണെങ്കിലും അതിനു തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്.  ഇസ്‌ലാമിന്റെ സ്വാധീനത്തിന്റെ ആദ്യ തെളിവ് മക്കത്തുപോയ പെരുമാളുടെ കഥയാണ്. ഈ കഥയില്‍ സത്യമുണ്ടാകാം. (കേരളത്തിന്റെ ഇന്നലെകള്‍ 1997: 250)

ഇ.എം.എസ് - (പദ്മനാഭമേനോന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് പറയുന്നു) ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മക്കത്തുപോയെന്നതിന് യാതൊരു തെളിവുമില്ല. നേരേ മറിച്ച് അദ്ദേഹം ഒരു അടിയുറച്ച  ഹിന്ദുവായിത്തന്നെ ജീവിതകാലം കഴിച്ചുവെന്ന് ഊഹിക്കാനാണ് വഴികാണുന്നത്. ഇസ്‌ലാം മതത്തെക്കുറിച്ച കഥയാകട്ടെ രണ്ടു മതംമാറ്റങ്ങളുടെ ചരിത്രം കൂട്ടിക്കുഴച്ചുണ്ടായിരിക്കാനാണിടയുള്ളത്. ചേരമാന്‍ പെരുമാക്കന്മാരിലൊരാളായ ബാണപ്പെരുമാള്‍ ബുദ്ധമതം സ്വീകരിച്ച ചരിത്രവും കുറേകാലത്തിനു ശേഷം കോഴിക്കോടെ സാമൂതിരി രാജാക്കന്മാരിലൊരാള്‍ ഇസ്‌ലാം മതം സ്വീകരിച്ച ചരിത്രവും. (കേരളം മലയാളികളുടെ മാതൃഭൂമി 2009 : 86)

ഇടമറുക് - ആദ്യകാലത്ത് കേരളത്തില്‍ എത്തിയ ഇസ്‌ലാംമത പ്രചാരകന്‍മാരില്‍ മാലിക് ഇബ്‌നു ദീനാര്‍  പ്രാമാണികനാണ്. എ ഡി 642 ലാണ് ഈ സംഭവമെന്ന് മുസ്‌ലിം ചരിത്രകാരന്മാര്‍ പറയുന്നു. ഇബ്‌നു ദീനാറിന്റെ കൂടെ അദ്ദേഹത്തിന്റെ പത്ത് പുത്രന്മാരും ഉണ്ടായിരുന്നുവത്രെ. (കേരള സംസ്‌കാരം 1995 - 512)

കെ ശിവശങ്കരന്‍ നായര്‍ - കേരളത്തില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തെപ്പറ്റിയുള്ള ഐതിഹ്യം സെന്റ് തോമസിന്റെ കഥയുടെയും പരശുരാമന്റെ കഥയുടെയും അനുകരണമാണ്..... മാലിക് ദീനാറിന്റെയോ കുടുംബത്തിന്റെയോ ശ്രമഫലമായാണ് കേരളത്തില്‍ ഇസ്ലാംമതം സ്ഥാപിതമായത് എന്ന കഥയില്‍ യുക്തിയില്ല. (പ്രാചീനകേരളം 2006 : 332 -333)

സംഭവം, കഥ, ഊഹം, ഐതിഹ്യം, വാദം എന്നിവയില്‍ ഏതാണ് ചരിത്രം?

മുകളില്‍ നല്‍കിയ ചരിത്രാഖ്യാനങ്ങളെ എഴുതാപ്പുറം വായിക്കാം. അത്തരം വായനകളിലൂടെയേ രഹസ്യമാക്കിവച്ച രാഷ്ട്രീയത്തെ തിരിച്ചറിയാനാവൂ.
എ ശ്രീധരമേനോനാണ് കേരളചരിത്രമെഴുത്തിലെ തലയെടുപ്പുള്ള ആള്‍. ചരിത്രവും ഐതിഹ്യവും തമ്മില്‍ പൊരുത്തപ്പെടുകയില്ല. കെ ദാമോദരന്റെ കേരള ചരിത്രം എന്ന ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായം തുടങ്ങുന്നതുതന്നെ 'ഐതിഹ്യം ചരിത്രമല്ല' എന്ന പ്രസ്താവനയിലൂടെയാണ്. (1998 : 18) 'ചരിത്രം' എന്നതിലെ ശാസ്ത്രീയതയും 'ഐതിഹ്യ'ത്തിലെ യുക്തിരാഹിത്യവും ആണ് ചേരമാന്‍ പെരുമാള്‍ വാദത്തിനെ ഐതിഹ്യം എന്ന പദംകൊണ്ട് വിശേഷിപ്പിക്കുമ്പോള്‍ ശ്രീധരമേനോന്‍ ഓര്‍മിപ്പിക്കുന്നത്. പക്ഷേ അത്തരമൊരു വാദം നിലനില്‍ക്കുന്നുണ്ടെന്നതിനെ അദ്ദേഹം 'വസ്തുത' എന്നാണ് വിശേഷിപ്പിക്കുന്നത്. ചേരമാന്‍ പെരുമാള്‍ ചരിത്രം യാഥാര്‍ഥ്യമെന്ന് വാദിക്കുന്ന ആരെയും ഈ മൂന്നുവാക്കുകള്‍കൊണ്ട് അദ്ദേഹം ചരിത്രത്തിനു പുറത്തേക്ക് ആട്ടിയകറ്റുന്നു. മാര്‍ക്‌സിസ്റ്റ് ചരിത്രരചനാ രീതിശാസ്ത്രമനുസരിച്ച് കേരളത്തിന്റെ ഇന്നലകളെ കുറിച്ചിട്ട ഡോ. കെ എന്‍ ഗണേശ് 'കഥ' എന്ന വാക്കുകൊണ്ടാണ് ചേരമാന്‍ ചരിത്രാഖ്യാനങ്ങളെ നേരിടുന്നത്. ഐതിഹ്യത്തെക്കാള്‍ ഭാവനാത്മകമാണ് കഥ. മാത്രമല്ല ഐതിഹ്യം സമൂഹനിഷ്ഠവും കഥ വ്യക്തിനിഷ്ഠവുമാണ്. കഥയില്‍ വ്യക്തിഭാവനകള്‍ക്കനുസരിച്ച മാറ്റങ്ങള്‍വരെ സാധ്യമാണെന്നര്‍ഥം. ഈ കഥയില്‍ സത്യമുണ്ടാകാം എന്ന വാക്യത്തിലെ 'ആം' എന്ന സന്ദേഹവാചി പ്രത്യയം ഒരു ചരിത്രകാരന്റെ ബോധത്തിലെ രാഷ്ട്രീയമായ സകല തീര്‍പ്പുകളെയും പ്രതിഫലിപ്പിക്കുന്നു.

മാര്‍ക്‌സിസ്റ്റ് ചരിത്രരചനയുടെ ആചാര്യനായ ഇ എം എസ് ആണ് ഈ പ്രകരണത്തില്‍ ഏറ്റവും മുമ്പില്‍ കളിക്കുന്നത്. വാമൊഴിയില്‍ വിക്കുന്ന ആ ചിന്തകന്‍ വരമൊഴിയില്‍ എത്ര കൃത്യമാണെന്നുകൂടി ചരിത്രരചനയിലെ മുസ്‌ലിം ആവിര്‍ഭാവസന്ദര്‍ഭമെത്തുമ്പോള്‍ നാം മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ കേരളമുസ്‌ലിം ചരിത്രത്തെ മുഴുവന്‍ തമസ്‌കരിച്ച് സവര്‍ണാഭിമുഖ്യമുള്ള കേരളചരിത്രത്തെ ആദ്യമായി പ്രതിഷ്ഠിച്ച കെ പി പദ്മനാഭമേനോനെ അക്ഷരംപ്രതി അനുസരിക്കുകയാണ് ഇ എം എസ് ചെയ്യുന്നത്. 'യാതൊരു തെളിവുമില്ല' എന്ന ഉറപ്പ് എത്ര ആത്മവിശ്വാസത്തോടെയാണ് മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ആവര്‍ത്തിക്കുന്നത് എന്ന് നോക്കുക. മാത്രമല്ല അദ്ദേഹം 'അടിയുറച്ച ഹിന്ദു'വായിരുന്നു എന്ന് ഊഹിക്കുകയും ചെയ്യുന്നു. ഇ എം എസ് ചരിത്രരചനയിലെ മേലാളനായതിനാല്‍ ഊഹിക്കാനുള്ള അവകാശമുണ്ട് എന്നാണ് വെപ്പ്. അതിന് തെളിവ് ആവശ്യമില്ലെന്നു മാത്രമല്ല ആ ഊഹം ചരിത്രംതന്നെയാണുതാനും. എന്നാല്‍, മുസ്‌ലിം ചരിത്രകാരുടെ ഊഹം ഭാവനയും അസംബന്ധവും അസത്യവുമാണ്. (മാലിക് ഇബ്‌നു ദീനാറെക്കുറിച്ചുള്ള ചരിത്രാഖ്യാനങ്ങള്‍ മുഴുവന്‍ നടത്തിയത് 'മുസ്‌ലിം ചരിത്രകാരന്മാ'രാണെന്നാണല്ലോ യുക്തിവാദിയായ ഇടമറുകിന്റെ കേരള ചരിത്രം പറയുന്നത്.) ഇ എം എസ് തൊട്ടടുത്ത വാക്യത്തില്‍, പള്ളിബാണപ്പെരുമാള്‍ ബുദ്ധമതം സ്വീകരിച്ചു എന്ന നിഗമനത്തെ ചരിത്രം എന്നുതന്നെ വിളിക്കുകയും ചെയ്യുന്നു. അതിന് തെളിവുണ്ടോ? അത് ഊഹമല്ലേ? എന്നൊന്നും ചോദിക്കരുത്. ചരിത്രരചനയിലെ വാക്കുകള്‍ പേറുന്ന ബോധം അത്രയും ഉറച്ചതാണ്. ഇതേ തെളിവു പ്രശ്‌നം തന്നെയാണ് 'യുക്തി' എന്ന ആശയത്തിലൂടെ കെ ശിവശങ്കരന്‍നായര്‍ ഉയര്‍ത്തുന്നത്. ചേരമാന്‍ചരിത്രത്തെ അദ്ദേഹവും ഐതിഹ്യം എന്നുതന്നെ വിളിക്കുന്നു.

കേരളചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ആഖ്യാനമാണല്ലോ കേരളം മഴുവെറിഞ്ഞ് വീണ്ടെടുത്ത് മനുഷ്യവാസയോഗ്യമാക്കിയത് പരശുരാമനാണ് എന്ന വാദം. പരശുരാമവൃത്താന്തവും ചേരമാന്‍ പെരുമാള്‍ സംഭവവും ഒരേ ആധികാരികതയോടെയാണ് കേരളോല്‍പത്തിയില്‍ വിവരിക്കുന്നത്. എന്നാല്‍ 'കേരളോല്‍പത്തി' ഐതിഹ്യങ്ങള്‍ കുത്തിനിറച്ചതാണെന്ന് വാദിക്കുന്ന ഇതേ ചരിത്രമെഴുത്തുകാര്‍ തന്നെ കേരളചരിത്രത്തിന്റെ ആരംഭസന്ദര്‍ഭത്തിലെ ഭാര്ഗവരാമന്റെ ആഖ്യാനത്തെ കൈകാര്യം ചെയ്യുന്നതിലെ ഭാഷ പരിശോധിച്ചാല്‍ മറ്റൊരു കൗതുകം തെളിഞ്ഞുവരും. പരശുരാമ കഥക്കുപിന്നില്‍ ചരിത്രത്തിന്റെ ചില അംശങ്ങളെങ്കിലുമുണ്ടെന്ന് വാദിക്കുന്നവരാണ് ഈ കൂട്ടരൊക്കെയും (അതെ, ഇ എം എസ് അടക്കം!). ചേരമാന്‍ പെരുമാള്‍/ മാലിക് ദീനാര് സംഭവങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്ന ചരിത്രമെഴുത്തുകാരും നമുക്കുണ്ട്. അവര്‍പോലും പരശുരാമപുരാണത്തില്‍ ഉത്സുകരും വാചാലരുമാകുന്നതുകാണാം. 'ഒരു ആദിപരശുരാമനുണ്ടായിരിക്കണമെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ് കേരളത്തില്‍ ആദ്യമായി കുടിയേറിയവരെന്നും ചില പണ്ഡിതന്‍മാര്‍ക്കിടയിലുള്ള വിശ്വാസം സമാദരണീയമാണെന്നാണ്  ഡോ. എസ് കെ നായര്‍ ('കേരളോല്പത്തി'യുടെ അവതാരിക) പറയുന്നത്. 'പ്രാചീന കേരളം' എന്ന ഗ്രന്ഥം രചിച്ച എം ആര്‍ ബാലകൃഷ്ണ വാരിയര്‍ ഒരു മുഴംകൂടി നീട്ടിയെറിയുന്നത് കാണുക: ''കേരളത്തില്‍ ബ്രാഹ്മണ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നുള്ള സംഗതിയില്‍ ഈ വക ഐതിഹ്യങ്ങള്‍ തെളിവായിരിക്കുന്നുണ്ട്. ഏതായാലും ഈ പരശുരാമനുമായുള്ള ബന്ധം വഴിക്കാണ് കേരളത്തിന് ഭാര്‍ഗവക്ഷേത്രം എന്ന പേരുലഭിച്ചതിനെപ്പറ്റി യാതൊരു സംശയവവുമില്ല'' (നോക്കൂ, ഇവിടെ ഐതിഹ്യം തെളിവായി മാറുന്നു. അതില്‍ യാതൊരു സംശയവും ചരിത്രകാരനില്ലതാനും) ശൂരനാട് കുഞ്ഞന്‍പിള്ള(പ്രാചീന കേരളം), കെ പി പത്മനാഭമേനോന്‍ (History of Kerala), ഉള്ളൂര്‍ (കേരള സാഹിത്യ ചരിത്രം) തുടങ്ങിയവരും പരശുരാമകഥയില്‍ ചരിത്രത്തിന്റെ തെളിവുകളുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഇവരില്‍ പത്മനാഭമേനോന്‍ ഒഴികെയുള്ളവരാരും ചേരമാന്‍ പെരുമാള്‍ സംഭവം തങ്ങളുടെ ചരിത്രരചനയില്‍ പരിഗണിക്കുന്നേയില്ല എന്നും മനസ്സിലാക്കണം.

'കേരളചരിത്രം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍' എന്ന പുസ്തകത്തിലാണ് ഇ എം എസ് പരശുരാമകഥയില്‍ ചരിത്രം തിരിച്ചറിയുന്നത്. അതിനും അദ്ദേഹം കൂട്ടുപിടിക്കുന്നത് പത്മനാഭമേനോനെയാണെന്നതും രസകരംതന്നെ. ''(പരശുരാമകഥ) തികച്ചും അശാസ്ത്രീയവും അസംബന്ധവുമാണെന്നതില്‍ സംശയമില്ല.... പക്ഷേ, ഈ അസംബന്ധമായ ഐതിഹ്യത്തിന്റെ പിന്നില്‍തന്നെ ഒരു ചരിത്രസത്യം ഒളഞ്ഞുകിടക്കുന്നുണ്ടെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു...  പത്മനാഭമേനോന്‍ പറയുന്നു : കടല്‍ പിന്‍വാങ്ങി ഗോകര്‍ണത്തിനും കന്യാകുമാരിക്കുമിടയില്‍ കടലില്‍നിന്നു പൊന്തിവന്നു. ഈ സംഭവത്തെ കവികളുടെ ഭാഷയില്‍ പറയുകയാണ് ഈ ഐതിഹ്യം ചെയ്യുന്നതെന്ന് സംശയമുണ്ടോ?''. (1997 : 21 - 22). മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിലെഴുതിയ ഒരു കേരളചരിത്രത്തില്‍ ഐതിഹ്യം ചരിത്രസത്യമാകുന്നത് എത്ര പെട്ടെന്നാണെന്ന് നോക്കൂ. ഒരു സംഭവത്തെ കവികളുടെ ഭാഷയില്‍ പറയുന്നതാണ് ഐതിഹ്യം എന്ന അബദ്ധ നിര്‍വചനത്തെക്കൂടി ഈ ഉദ്ധരണിയിലൂടെ ഇ എം എസ് സ്വീകരിക്കുകയാണ് ചെയ്യുന്നത്. പത്മനാഭമേനോന്‍ പറഞ്ഞത് ശരിയാണ്. ചരിത്രരചനയുടെ ഭാഷതന്നെയാണ് പ്രശ്‌നം. കാവ്യാത്മകമായ ഭാഷ സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ സ്വീകരിക്കാം. പക്ഷേ അത് സവര്‍ണചരിത്രമെഴുത്തുകാര്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നു മാത്രം. മറ്റുള്ളവര്‍ അത് ചരിത്രമെഴുത്തിന്റെ ഭാഷയില്‍ പറഞ്ഞാലും അസംബന്ധകഥയേ ആകൂ.
കേരളചരിത്രത്തില്‍ ആര്, എന്ന്, എങ്ങനെ, എപ്പോള്‍ എന്നതിനെക്കുറിച്ച് ഊഹങ്ങള്‍ മാത്രം ഉള്ള മറ്റൊരു ചരിത്രമാണ് ശങ്കരാചാര്യരുടേത്. അദ്ദേഹം കേരളീയനാണ് എന്ന വാദത്തിനുപോലും എതിരഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഈ ചരിത്രമെഴുത്തുകാരെല്ലാം ശങ്കരാചാര്യരെക്കുറിച്ച് പ്രതിപാദിക്കുന്ന സന്ദര്‍ഭങ്ങള്‍ മുഴുവനും കഴിഞ്ഞ വര്‍ഷമെങ്ങാനും സംഭവിച്ച കാര്യങ്ങളെപ്പോലെ ഉറപ്പിച്ചും തറപ്പിച്ചുമാണ് എഴുതുക. ഉദാഹരണത്തിന് ശിവശങ്കരന്‍നായരുടെ അതേ ചരിത്രപുസ്തകത്തിലെ 320 ാം പേജ് നോക്കൂ. ''പെരിയാറിന്റെ തീരത്ത് കാലടിയില്‍ എട്ടാം നൂറ്റാണ്ടിന്റെ നാലാം പാദത്തില്‍ (788) ഒരു വൈദിക ബ്രാഹ്മണന്റെ പുത്രനായി ജനിച്ച ശങ്കരന്‍ പിതാവിന്റെ മരണത്തെതുടര്‍ന്ന് ബാല്യകാലത്തുതന്നെ നാടുവിട്ടു.... ശ്രീബുദ്ധന്‍ എണ്‍പതിലധികം വര്‍ഷങ്ങള്‍ കൊണ്ട് നിര്‍വഹിച്ച കാര്യങ്ങള്‍ തന്റെ 32 ാം വയസ്സിനകം നിര്‍വഹിച്ച ശേഷം ആ മഹാത്മാവ് കാലഗതി പ്രാപിച്ചു.'' നോക്കൂ, ചരിത്രമെഴുത്തിലെ ഭാഷക്ക് എന്തൊരു ഉറപ്പ്, എന്തൊരു ഭക്തിബഹുമാനം! ദക്ഷിണേന്ത്യയില്‍ വൈദികഹിന്ദുമതത്തിന്റെ പ്രതിഷ്ഠാപകന്‍ കൂടിയാണ് ശങ്കരാചാര്യര്‍ എന്നും സാന്ദര്‍ഭികമായി മനസ്സിലാക്കണം.

ഉപസംഹാരം

എന്താണ് ചരിത്രരചനയില്‍ ഇത്തരമൊരു രഹസ്യബോധം സൂക്ഷിക്കുന്നതിന് സവര്‍ണ/ മതേതര ചരിത്രകാരന്മാര്‍ നിര്‍ബന്ധിതരാകുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. അതിനു കാരണം ദേശീയതയിലേക്ക് മുസ്‌ലിംകളെ ചേര്‍ക്കുവാനുള്ള കരുത്തില്ലായ്മയാണ് എന്നാണ് സൂക്ഷ്മ വിശകലനത്തില്‍ ബോധ്യപ്പെടുക. അന്യതാത്വം, ആശ്രയത്വം, പിന്നാക്കമനസ്സ് എന്നീ സാമുദായിക ബോധങ്ങള്‍ ചരിത്രത്തിന്റെ സൃഷ്ടിപ്പാണ്. ചരിത്രത്തിലെ പഴക്കം എന്നത് ആധികാരികതയുടെ സാമാന്യബോധം നിര്‍ണയിക്കുന്നു. ആദ്യം വന്നവര്‍ക്ക് കൂടുതല്‍ അധികാരാവകാശങ്ങള്‍ ഉണ്ട് എന്ന ഗോപ്യമായ സമൂഹമനസ്സാണ് ഇതിനു പിന്നില്‍. കേരളത്തിലെ പല ഗ്രാമങ്ങളിലും പുതുതായി വന്ന വീട്ടുകാരെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് അനുഭവമാണല്ലോ. മുസ്‌ലിംകള്‍ കേരളത്തില്‍ അത്ര പഴയതല്ല എന്നു സ്ഥാപിച്ചാല്‍ അവര്‍ക്ക് ദേശീയതയിലുള്ള അവകാശം അത്രയും കുറവായിത്തീരും എന്ന രാഷ്ട്രീയലക്ഷ്യവും ഈ ചരിത്രമെഴുത്തിന് പിന്നിലുണ്ട്.

ചേരമാന്‍ പെരുമാള്‍, മാലിക് ഇബ്‌നു ദീനാര്‍ എന്നിവര്‍ ആണ് കേരളത്തില്‍ ഇസ്‌ലാമതത്തിന്റെ വേര് നടാനും വളര്‍ത്തി വലുതാക്കാനും നിമിത്തമായത് എന്ന വാദം പ്രധാനമായും ഉയര്‍ത്തിയത് മുസ്‌ലിം ചരിത്രകാരന്മാരാണെന്നത് ഒരു വലിയ സത്യം തന്നെയാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം വരെയുള്ള ആളുകള്‍ അതിനായി നിരത്തിയ തെളിവുകള്‍ ചില്ലറയല്ല. ഇന്നും മതേതര മണ്ഡലത്തില്‍ നിന്ന് ചരിത്രമെഴുതുന്ന വേളയില്‍ പലര്‍ക്കും പക്ഷേ, ഇസ്‌ലാമിന്റെ ആരംഭസന്ദര്‍ഭത്തെ വിവരിക്കുവാന്‍ ഇത്തരം ഉറപ്പില്ലാത്ത ഭാഷയേ സ്വീകരിക്കാനാവുന്നുള്ളൂ എന്നത് വാസ്തവം. ഈ വാസ്തവത്തില്‍ തെളിയുന്ന സംഗതികള്‍ പ്രധാനമായും രണ്ടാണ്

1. ഏതൊരു രചനയുടെയും ഭാഷയെപ്പോലെ ചരിത്രരചനയുടെ ഭാഷയും നിരപേക്ഷമായ ഒന്നല്ല. സവര്‍ണന്റെ അധികാരഭാഷയ്ക്കു ലഭിച്ച പ്രാമാണ്യമാണ് കേരളചരിത്രത്തില്‍നിന്ന് ദലിതുകളും ന്യൂനപക്ഷസമുദായവും വെട്ടിമാറ്റപ്പെടാനുള്ള പ്രധാന കാരണം. അതിനാല്‍ ആത്മവിശ്വാസമുള്ള ഉറച്ച ഭാഷ കണ്ടെത്തുക എന്നത് ചരിത്രപരമായ ദൗത്യമാണ്

2. രചിക്കപ്പെട്ട ചരിത്രമെന്നത് കഴിഞ്ഞുപോയ സംഭവംപോലെ ആധികാരികമാണ് എന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു. എഴുതപ്പെട്ട ചരിത്രത്തെക്കാള്‍ എത്രയും സത്യവും ശരിയുമാണ് ഓരോ സമുദായവും പറഞ്ഞ് പറഞ്ഞ് പതംവന്ന ചരിത്രം. അതിനെ 'നന്മയേറ്റമുള്ള കിസ്സകള്‍' (അഹ്‌സനുല്‍ ഖസ്വസ്) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. മുസ്‌ലിംകള്‍ക്ക് സ്വന്തം ചരിത്രം രചിക്കാന്‍ മറ്റൊരു രീതിശാസ്ത്രം (methedology) അനിവാര്യമാകുന്നുവെന്നാണ് അതിനര്‍ഥം.

Reference

- ഇടമറുക്. കേരള സംസ്‌കാരം 1995
- ഗണേശ് കെ എന്‍. കേരളത്തിന്റെ ഇന്നലെകള്‍
- ബാലകൃഷ്ണ വാരിയര്‍ എം ആര്‍. പ്രാചീന കേരളം. 1990
- ദാമോദരന്‍ കെ. കേരള ചരിത്രം. 1998
- നമ്പൂതിരിപ്പാട് ഇ എം എസ്. കേരളം മലയാളികളുടെ മാതൃഭൂമി. 2009
- ശിവശങ്കരന്‍ നായര്‍. കെ. പ്രാചീന കേരളം. 2006
- ശ്രീധരമേനോന്‍ എ. കേരളചരിത്രം. 2012

author image
AUTHOR: ഡോ. ജമീല്‍ അഹ്മദ്‌
   (അസി.പ്രൊഫസര്‍ ഗവ:കോളെജ്, മലപ്പുറം)