കേരളത്തിലെ ഇസ്‌ലാം പ്രചാരം ഒരു ചരിത്രവിശകലനം

മുനീര്‍ മുഹമ്മദ് റഫീഖ്‌  

കേരളത്തിലെ ഇസ്‌ലാമിന്റെ വ്യാപനത്തെ കുറിച്ചുള്ള ഈ പഠനത്തില്‍ കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനവും വളര്‍ച്ചയും അതിലേക്കു നയിച്ച പ്രേരകങ്ങളും മറ്റു കാരണങ്ങളും പരിശോധിക്കുകയാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനം മുതല്‍ പതിനാലു നൂറ്റാണ്ടു വരെയുണ്ടായ പ്രചാരണവും വളര്‍ച്ചയും കാലാനുക്രമണികമായി ഉണ്ടായതല്ല. അതു കൊണ്ടു തന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ കേരള ഇസ്‌ലാമിന്റെ വളര്‍ച്ചയ്ക്ക് കാരണമായ ചരിത്രപരമായ കാരണങ്ങളും പ്രേരകങ്ങളുമാണ് ഈ പഠനത്തില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. ചരിത്രപരമായ കാരണങ്ങള്‍, വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ എന്നീ രണ്ടു ഭാഗങ്ങളിലായാണ് ഈ പഠനം.

ഇസ്‌ലാം വ്യാപനം: പൊതുവായ സവിശേഷതകള്‍
മതം, തത്വശാസ്ത്രം, ജീവിതക്രമം പ്രത്യയശാസ്ത്രം, ആത്മീയധാര എന്നീ നിലകളിലെല്ലാം ഇസ്‌ലാമിന്റെ ആദര്‍ശപരമായ ഉള്‍ക്കരുത്ത് ഈ മതത്തിലേക്കു അനേകരെ ആകര്‍ഷിച്ചുവെന്നത് മുഖവുരയായി പറഞ്ഞു വെക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ കാലത്തും എല്ലാ ദേശങ്ങളിലും ഇസ്‌ലാമിന്റെ വ്യാപനത്തിനും വളര്‍ച്ചക്കും അടിസ്ഥാന പ്രേരകമായി വര്‍ത്തിച്ചത് ഇസ്‌ലാമിന്റെ സഹജമായ ഈ ഉള്‍ക്കരുത്താണ്. അതിന്റെ ആദര്‍ശപരമായ ഈ ഉള്‍ക്കരുത്ത് അതിനെ സ്വീകരിച്ച സമൂഹങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ കാലത്തും സ്വാധീനിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ പൊതുവായ ഈ പ്രത്യേകത കേരളത്തിലും ഇസ്‌ലാമിന്റെ വളര്‍ച്ചക്കുപിന്നില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായ ഈ സവിശേഷതക്കു പുറമെ ഇസ്‌ലാമിന്റെ സവിശേഷമായ ചില ആശയങ്ങളോ മൂല്യങ്ങളോ നിയതമായ സമൂഹങ്ങളില്‍ കാര്യമായ പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ടാകാവുന്നതുമാണ്. ഉദാഹരണത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ ഇസ്‌ലാം വ്യാപനം നടന്നത്, പ്രധാനമായും കറുത്തവര്‍ഗക്കാര്‍ക്കിടയിലായിരുന്നു. ഏവരെയും തുല്യരായിക്കാണുന്ന സമത്വം എന്ന ഇസ്‌ലാമിന്റെ ആശയമായിരുന്നു അവരെ ഇസ്‌ലാമിലേക്കു അടുപ്പിച്ചത്. ഇതുപോലെ കേരളീയ സമൂഹ്യപശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ പല മുല്യങ്ങളും അതിന്റെ ദ്രുതവളര്‍ച്ചക്കു കാരണമായിത്തീര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിലനിന്ന ജാതീയതയുടെ സാമൂഹ്യാന്തരീക്ഷത്തിന് എതിരായി സമത്വത്തിലൂന്നിയ ഇസ്‌ലാമിന്റെ സാമൂഹ്യഘടനയും ചരിത്രത്തില്‍ ചില ഘട്ടങ്ങളില്‍ ഇസ്‌ലാമിലേക്ക് കേരളീയര്‍ കടന്നുവരാന്‍ ഇടയാക്കിയിട്ടുണ്ട്.

ചരിത്രപരമായ കാരണങ്ങള്‍
പ്രവാചക കാലഘട്ടത്തിനു ശേഷം ലോകത്ത് ഇസ്‌ലാമിന്റെ പ്രചാരം ഉണ്ടായിട്ടുള്ളത് പ്രധാനമായും രണ്ടു രീതികളിലാണ്. ഒന്ന് മുസ്‌ലിം ഭരണാധികാരികളുടെ സൈനികവെട്ടിപ്പിടിത്തങ്ങളിലൂടെയായിരുന്നു. സൈനികപടയോട്ടങ്ങളെ തുടര്‍ന്നു, കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍ അധികാരം പിടിച്ചെടുത്തവരുടെ മതവും സംസ്‌കാരവും പ്രചരിക്കപ്പെടുന്നത് സ്വാഭാവികമാണ്. ഇതര ജനതകളിലേക്കും സമൂഹങ്ങളിലേക്കും കടന്നുകയറുന്ന ഇത്തരം ഭരണാധികാരികളുടെ ആത്യന്തിക ലക്ഷ്യം രാഷ്ട്രീയ ഭരണനേട്ടങ്ങളായിരുന്നുവെങ്കിലും മതവും ഇതര സമൂഹങ്ങളിലേക്ക് പ്രചരിക്കപ്പെടുകയുണ്ടായി. വ്യാപകമായല്ലെങ്കിലും ലോകത്ത് ഇസ്‌ലാം പ്രചരിച്ച മാര്‍ഗങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഇന്ത്യയില്‍ വടക്കേ ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആഗമനം ഈ രീതിയിലായിരുന്നു.(1)  അത്തരം പ്രദേശങ്ങളിലെ മതത്തിന്റെ ഈ വ്യാപനം പലപ്പോഴും ഉപരിപ്ലവമായിരുന്നു. ജനങ്ങളുടെ മനസ്സില്‍ ഇസ്‌ലാം ഒരു വികാരവും ആദര്‍ശവുമായി കുടിയേറയിട്ടുണ്ടായിരുന്നില്ല. ഭരണാധികാരികളുടെ ആധിപത്യമോ ക്ഷണികവും ഭൗതികവുമായ മറ്റു പല നേട്ടങ്ങളോ ആയിരുന്നു ആ ജനതയെ പൊതുവായി ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകം.
    ഇസ്‌ലാം വ്യാപനത്തിന്റെ രണ്ടാമത്തെ രീതി ഇസ്‌ലാമിക പ്രബോധകരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. ഒന്നാമത്തെ മാര്‍ഗം അല്‍പം അക്രമാസക്തവും ബലാല്‍ക്കാരവുമായിരുന്നുവെങ്കില്‍(2) രണ്ടാമത്തേത് തീര്‍ത്തും സമാധനപരമായിരുന്നു. ഈ മാര്‍ഗത്തിലൂടെയുള്ള ഇസ്‌ലാമിക പ്രബോധനം ജനങ്ങളില്‍ വളരെ സാവധാനത്തില്‍ മാത്രം സ്വാധീനം ചെലുത്തുന്നതാണെങ്കിലും ദൂരവ്യാപകമായ സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇസ്‌ലാമിക പ്രബോധകരുടെ പ്രബോധന പ്രവര്‍ത്തനങ്ങളും മുസ്‌ലിം ജീവിതരീതിയും മുസ്‌ലിംകളുടെ സ്വഭാവവൈശിഷ്ട്യവും അടുത്തറിഞ്ഞുണ്ടാകുന്ന ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ പരിവര്‍ത്തനം ആഴത്തില്‍ ഉള്ളതും തീവ്രവുമായിരിക്കും. കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം സാധിച്ചത് രണ്ടാമത് പറഞ്ഞ രീതിയിലൂടെയാണ്. ഇത് ഇന്ത്യയിലെ പൊതുവായ ഇസ്‌ലാമിക പ്രചരണത്തില്‍ നിന്ന് വിഭിന്നമാണ്. ഇസ്‌ലാം പ്രചരിക്കപ്പെട്ട ഈ രീതി നേരത്തെ സൂചിപ്പിച്ചതു പോലെ പ്രബോധകരുടെ തികച്ചും സമാധനപരമായ പ്രബോധന രീതിയുടെ ഫലമായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നു വ്യത്യസ്തമായി കേരള തീരങ്ങളില്‍ എത്തിയ ആദ്യകാല മുസ്‌ലിംകള്‍ കച്ചവടക്കാരും പ്രബോധകരുമായിരുന്നു. ഇസ്‌ലാം എന്ന ശുദ്ധമതത്തെ ഈ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കച്ചവടാവശ്യാര്‍ത്ഥം വന്ന അറബികള്‍ തങ്ങളുടെ ഹൈന്ദവ സഹോദന്‍മാര്‍ക്ക് തങ്ങള്‍ വിശ്വസിക്കുകയും അനുഷ്ടിക്കുകയും ചെയ്യുന്ന മതത്തെ പരിചയപ്പെടുത്തുകയും ആ മതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ശുദ്ധ മാതൃകകളായി ജീവിച്ചു കാണിക്കുകയും ചെയ്തു. ഈ സവിശേഷമായ മാറ്റം ഇസ്‌ലാമിന്റെ വ്യാപനത്തിനു പിന്നിലെ ചരിത്രപരമായ ഒരു കാരണമാണ്.

1) അറബ് - കേരള കച്ചവടബന്ധം തീര്‍ത്ത അനുകൂല സാഹചര്യം
കേരളവും അറേബ്യയുമായി വളരെ പണ്ടു മുതല്‍ക്കേ വാണിജ്യബന്ധം ആരംഭിച്ചിട്ടുണ്ട്. (3) ഇസ്‌ലാം എന്ന മതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ അറബികള്‍ കേരളക്കരയുമായി ഉണ്ടാക്കിയ സൗഹൃദബന്ധം പിന്നീട് ഇസ്‌ലാമിന്റെ പ്രചാരണത്തിനു ഏറെ സഹായകമായിട്ടുണ്ട്. എന്തു കൊണ്ടെന്നാല്‍ ഇസ്‌ലാം മതപ്രബോധനമെന്ന ദൗത്യവുമായിട്ടല്ല, അറബികള്‍ ആദ്യമായി കേരളതീരങ്ങളില്‍ വരുന്നതും ഇവിടെ ഇസ്‌ലാം മതം പ്രചരിക്കുന്നതും. മുമ്പുതന്നെ കച്ചവട ബന്ധമുണ്ടായിരുന്ന ഒരു കൂട്ടര്‍ പിന്നീട് തങ്ങള്‍ സ്വീകരിച്ച മതത്തെ കുറിച്ച്, തങ്ങളുമായി വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്ന തദ്ദേശീയരോടു സംസാരിച്ചിട്ടുണ്ടാകാം. അതുമല്ലെങ്കില്‍ തദ്ദേശീയര്‍ തങ്ങളുമായി കച്ചവടബന്ധമുള്ള അറബികളുടെ മതത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും അവരുടെ സഹവാസത്തിലൂടെ അടുത്തറിഞ്ഞിട്ടുണ്ടാകണം. ഇതിനു പുറമേ കച്ചവടക്കാരായെത്തിയ അറബ് മുസ്‌ലിംകള്‍ക്ക് ഇസ്‌ലാംമതം പ്രബോധനം ചെയ്യാനുള്ള അനുവാദവും തദ്ദേശീയരായ ഭരണകര്‍ത്താക്കള്‍ അനുവദിച്ച് നല്‍കിയിരുന്നു.
    സമുദ്രവാണിജ്യം അഭിവൃദ്ധി പ്രാപിച്ചതിന്റെ ഫലമായി കേരളത്തിന്റെ മലബാര്‍ തീരങ്ങളില്‍ പുതിയ ഒരു സംസ്‌ക്കാരവും കൂടി രൂപപ്പെട്ടുവരികയായിരുന്നു. വ്യത്യസ്ത നാടുകളിലെയും വ്യത്യസ്ത മതങ്ങളിലുള്ളവരും കൂടിചേരുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെ ഉദയമായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ കേരളീയ സമൂഹത്തിലെ ഹിന്ദുക്കളും അറേബ്യന്‍ ഉപദ്വീപിലെ മുസ്‌ലിം കച്ചവടക്കാരും തമ്മില്‍ പരിചയപ്പെടാനും ഇടപെടാനും ആദാനപ്രദാനങ്ങളില്‍ ഏര്‍പ്പെടാനും പോന്ന സവിശേഷമായ ഒരു സാഹചര്യം രൂപപ്പെട്ടുവന്നത് ഇസലാമിന്റെ പിന്നീടുള്ള വളര്‍ച്ചക്ക് അടിത്തറ പാകി. പിന്നീട് ഇതര മതങ്ങളുടെ വ്യാപനത്തിനും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്തം രൂപപ്പെടുന്നതിനും കാരണമായി വര്‍ത്തിച്ചത് ഇരു മത വിഭാഗങ്ങള്‍ക്കുമിടയിലെ കച്ചവട താല്‍പ്പര്യങ്ങളായിരുന്നുവെന്ന് ചരിത്രകാരന്‍മാരായ കെ. എന്‍ പണിക്കറും, ഫ്രഡറിക് ഡെയിലിനെ പോലുള്ളവരും നിരീക്ഷിച്ചിട്ടുണ്ട്. ഹിന്ദു മുസ്‌ലിം സഹവര്‍ത്തിത്വത്തിന്റെ മൂലകാരണം ഈ കച്ചവട താല്‍പ്പര്യം തന്നെയായിരിന്നുവെങ്കിലും അതിന്റെ ഉപോല്‍പ്പന്നമായിരുന്നു കേരളീയ തീരങ്ങളിലെ ഇസ്‌ലാമിന്റെ സാന്നിധ്യം.
    ഇസ്‌ലാമിനു മുമ്പേ രൂപപ്പെട്ട ഈ സഹവര്‍ത്തിത്തം പിന്നീട് ഇസ്‌ലാമിക പ്രചരണത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്തം തീര്‍ത്ത സവിശേഷമായ ആ അന്തരീക്ഷമാണ് കേരളത്തിലെ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് ഏറെ അനുകൂലമായി വര്‍ത്തിച്ച ഘടകം.

2) സമാധാനപരമായ സഹവര്‍ത്തിത്തം
     മതസൗഹാര്‍ദ്ദം, മതസഹിഷ്ണുത എന്നതിനേക്കാള്‍ മത സഹവര്‍ത്തിത്തമാണ് കേരളീയ സാഹചര്യത്തെ പരിചയപ്പെടുത്താന്‍ കുടുതല്‍ അനുയോജ്യം. കാരണം മതസഹിഷ്ണുത, മത സൗഹാര്‍ദ്ധം എന്നീ പദങ്ങള്‍ വിവിധ മതസ്ഥര്‍ക്കിടയിലെ സഹിഷ്ണുതാപരമായ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സഹവര്‍ത്തിത്തം എന്ന പദം, മതസഹിഷ്ണുത എന്ന ആശയലോകത്തു നിന്നും പ്രായോഗികലോകത്തേക്കുള്ള ഇറങ്ങിവരലാണ്. ആ നിലക്ക് മത സഹിഷ്ണുതയുടെ തുടര്‍ ഘട്ടവും മൂര്‍ത്തവുമായ രുപമാണ് മത സഹവര്‍ത്തിത്തം. ആശയത്തിന്റെയും മനോഭാവത്തിന്റെയും വിതാനത്തില്‍ നിന്നു യാഥാര്‍ഥ്യത്തിന്റെയും പ്രായോഗികതയുടെയും തലത്തിലേക്കു ഇറങ്ങിവന്ന് വിവിധ ജനങ്ങള്‍ക്കിടയില്‍ അനുഭവിക്കുന്ന ഒരു സാഹചര്യമാണ് മത സഹവര്‍ത്തിത്തം.
ആദ്യ കാല മുസ്‌ലിംകളും ഹൈന്ദവരും തമ്മില്‍ രൂപപ്പെട്ട ഈ സഹവര്‍ത്തിത്തെ ഡോ. എം ജി എസ് നാരായണന്‍ പരിചയപ്പെടുത്തുന്നത് 'പരസ്പരാശ്രിത സാമൂഹികത' എന്നാണ്.(4) ആദ്യ കാലത്തു രൂപപ്പെട്ട ഈ പരസ്പരാശ്രിത സാമൂഹികതയാണ് പിന്നീട് ഇസ്‌ലാമിന്റെ വളര്‍ച്ചക്കും നിദാനമായത്. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള  കച്ചവടം നല്ല രീതിയില്‍ നടന്നു പോകുന്നതിനു സമാധാനപരമായ സഹവര്‍ത്തിത്വം ആവശ്യമായിരുന്നു. ആദ്യകാല മുസ്‌ലിം സമൂഹത്തിന് സമുദ്രയാത്രക്ക് കപ്പലുകള്‍ ആവശ്യമായിരുന്നു. ഹിന്ദുക്കളായ ആശാരിമാരാണ് മുസ്‌ലിംകള്‍ക്ക് കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. അക്കാലത്തെ മുസ്‌ലിം പള്ളികള്‍ പണിതിരുന്നതും ഈ ഹിന്ദു ആശാരിമാര്‍ തന്നെയായിരുന്നു. ഹിന്ദുക്കളുടെ അമ്പലവും മുസ്‌ലിം പള്ളികളുടെയും നിര്‍മ്മാണത്തിലെ സാമ്യത സൂചിപ്പിക്കുന്നത് അതാണ്. ഹൈന്ദവരായ മരപ്പണിക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരു തൊഴില്‍ ആവശ്യമായിരുന്നു. മുസ്‌ലിംകള്‍ അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധവുമായിരുന്നു. ഈ സൗഹൃദവും പരസ്പരാശ്രിത സഹവര്‍ത്തിത്വവും തീര്‍ത്ത സമാധാനപരമായ അന്തരീക്ഷം ഇസ്‌ലാമിന്റെ നിശബ്ദ വളര്‍ച്ചക്ക് വഴിയൊരുക്കുകയായിരുന്നുവെന്നതാണ് വസ്തുത. ഈ സമാധാനപരമായ സഹവര്‍ത്തിത്തത്തിലൂടെ തദ്ദേശീയര്‍ വളരെ പെട്ടെന്ന് മുസ്‌ലിംകളാവുകയായിരുന്നില്ല, മറിച്ച് ക്രമേണ ക്രമേണ ഇസ്‌ലാമിലേക്കു പരിവര്‍ത്തിപ്പിക്കപ്പെടുകയായിരുന്നു. ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് കാണാനും പരിചയപ്പെടാനും തൊട്ടറിയാനുമുള്ള ഒരു സാമൂഹ്യ സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഇസ്‌ലാമിക പ്രബോധകരുടെ ജീവിതം അവര്‍ക്കു മുമ്പില്‍ ഒരു തുറന്ന പുസ്തകമായിരുന്നു.

3) ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷണവും ഇസ്‌ലാമിന്റെ വളര്‍ച്ചയും
 കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ഇവ്വിധം രൂപപ്പെടുന്നതിന് വേറെയും ചില കാരണങ്ങള്‍ ഉണ്ട്. ഇസ്‌ലാമിന്റെ ആഗമന കാലത്തോളം പഴക്കമുണ്ട് അതിന്. കേരളത്തില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചുവെന്ന കരുതപ്പെടുന്ന, ചരിത്ര രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു രാജാവിന്റെ ഇസ്‌ലാമാശ്ലേഷണം പിന്നീടു വന്ന സമൂഹത്തില്‍ ഇസ്‌ലാമിനോട് ഒരു അനുകൂല മനസ്സ് ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനിക്കപ്പെട്ട ഒരു സംഭവമാണ് ചേരമാന്‍ പെരുമാള്‍ എന്ന കൊടുങ്ങല്ലൂര്‍ രാജാവിന്റെ ഇസ്‌ലാമാശ്ലേഷണവും നബിയെ കാണാനുള്ള അദ്ദേഹത്തിന്റെ മക്കായാത്രയും. ഇന്ത്യയിലെ ഇസ്‌ലാമിക ചരിത്രം പ്രതിപാദിക്കുന്ന മിക്ക ചരിത്ര പുസ്തകങ്ങളിലും ഈ സംഭവം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനായ ശൈഖു സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന കൃതിയാണ് ഈ സംഭവം പരാമര്‍ശിക്കുന്ന ഏറ്റവും പഴക്കമുള്ള കൃതി. എന്നാല്‍ ചേരമാന്‍ പെരുമാള്‍ ജീവിച്ചിരുന്ന കാലഘട്ടവും ഇസ്‌ലാമാശ്ലേഷണവും നടന്നത് എപ്പോഴാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രവാചക തിരുമേനിയുടെ അമാനുഷിക സംഭവമായ ചന്ദ്രന്‍ പിളര്‍ന്നത് നേരില്‍ കണ്ട രാജാവിനെ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ ഒരു കൂട്ടം അറബികളാണ് പ്രവാചകന്‍ മുഹമ്മദിനെകുറിച്ചറിയിക്കുന്നത്. സിലോണിലെ ആദം മലയിലേക്കു തീര്‍ത്ഥാടനത്തിനു പോകുകയായിരുന്ന അവര്‍, വഴി മധ്യ കൊടുങ്ങല്ലൂരില്‍ ഇറങ്ങിയതായിരുന്നു. സംഭവം കേട്ടറിഞ്ഞ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചു മക്കയിലേക്കു പോയെന്നും വഴി മധ്യ മരണപ്പെട്ടുവെന്നുമാണ് കഥ. കഥയുടെ വിശദാംശങ്ങളില്‍ പല റിപോര്‍ട്ടുകളിലും വ്യത്യാസങ്ങള്‍ ഉണ്ട്.
എം ജി എസ് നാരായണനെപ്പോലുള്ള ചരിത്ര പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ ചേരമാന്‍ പെരുമാള്‍ ജീവിച്ചിരുന്നത് 12 ാം നൂറ്റാണ്ടിലാണ്. എന്തുതന്നെയായാലും ഈ സംഭവം കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിന് ത്വരിതഗമനം ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ആദ്യമായി ഇസ്‌ലാം സ്വീകരിച്ച ഈ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനു വന്ന ആദ്യസംഘത്തിനു തദ്ദേശീയര്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയുണ്ടായി. (5)

4) ഹൈന്ദവ ഭരണാധികാരികളുടെ സഹിഷ്ണുതാ നിലപാട്
കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് ഏറെ സഹായകരമായ ഒരു പ്രവണതയായിരുന്നു തദ്ദേശീയരായ ഹിന്ദു രാജാക്കന്‍മാരുടെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സഹിഷ്ണുതാപരമായ നിലപാട്. ഇംഗ്ലീഷ് ചരിത്രകാരന്‍മാരില്‍ പലരും കോഴിക്കോടു സാമൂതിരിയെ വിശേഷിപ്പിച്ചത് മൂറിഷ് കിംഗ്, മുസ്‌ലിംകളുടെ രാജാവ് എന്നാണെന്ന് എം. ജി. എസ് നാരായണന്‍ എഴുതുന്നുണ്ട്. (6) സത്യത്തില്‍ സാമൂതിരി ഹിന്ദുക്കളുടെയും മറ്റു മത വിഭാഗങ്ങളുടെയെല്ലാം ഭരണാധികാരിയായിരുന്നിട്ടും മുസ്‌ലിംകളുടെ രാജാവ് എന്ന സവിശേഷ നാമത്തില്‍ അദ്ദേഹം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് മുസ്‌ലിംകളോട് അദ്ദേഹം സ്വീകരിച്ച സഹിഷ്ണുതാപരമായ നിലപാടു കൊണ്ടാണ്. ഹിന്ദു മുസ്‌ലിം സഹവര്‍ത്തിത്തിനും കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിനും കേരളത്തിന്റെ പൊതുവായ മതസഹിഷ്ണുതാ മനോഭാവം രൂപപ്പെടുത്തുന്നതിലും കോഴിക്കോടു സാമൂതിരിമാരു(7)ടെ ഇതര മതങ്ങളോടുള്ള സമീപനം പ്രതിപ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലിംകളെ സാമൂതിരി രാജാവ് തന്റെ വിശ്വസ്ത പ്രജകളായി പരിഗണിച്ചിരുന്നു. കോഴിക്കോട് തുറമുഖ നഗരത്തിന്റെ ചുങ്കം പിരിക്കാനും അതിന്റെ സംരക്ഷണത്തിനും വേണ്ടി രാജാവ് നിയമിച്ചത് മുസ്‌ലിംകളെയായിരുന്നു. കോഴിക്കോട് കോയമാര്‍ എന്ന സ്ഥാനപ്പേര് നല്‍കി സാമൂതിരി ഇത്തരം മുസ്‌ലിംകളെ ആദരിച്ചിരുന്നു. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടന്നിരുന്ന സാമൂതിരി രാജാവിന്റെ പ്രതീകാത്മക സ്ഥാനാരോഹണ ചടങ്ങായ മാമാങ്കത്തില്‍ സാമൂതിരിയുടെ അടുത്ത് നില്‍ക്കാന്‍ കോയമാര്‍ക്ക് (തുറമുഖ ചുങ്കപ്പിരിവുകാരായ മുസ്‌ലിംകള്‍ക്ക് സാമൂതിരി നല്‍കിയ സ്ഥാനപ്പേര്) അനുവാദം നല്‍കിയിരുന്നു. മുസ്‌ലിംകളുടെ ശരീഅത് അവര്‍ക്കിടയില്‍ നടപ്പാക്കാന്‍ സാമൂതിരി തന്നെ മുന്‍കൈയ്യെടുത്തിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാത്ത മുസ്‌ലിംകള്‍ക്ക് സാമൂതിരി ശിക്ഷ വിധിച്ചിരുന്നു. അറേബ്യയില്‍ നിന്ന് വന്നിരുന്ന മുസ്‌ലിംകള്‍ക്ക് പ്രത്യേകം ആതിഥ്യമരുളിയുരുന്നു. സാമൂതിരി കടലോര പ്രദേശത്ത് ജീവിക്കുന്ന മുക്കുവന്‍മാരുടെ ഒരു കുട്ടിയെ മുസ്‌ലിമായി വളര്‍ത്താന്‍ ചട്ടം കെട്ടിയിരുന്നു. ഹിന്ദുക്കള്‍ക്ക് കടല്‍ യാത്ര ചെയ്യല്‍ നിഷിദ്ധമായിരുന്ന അക്കാലത്ത്, കച്ചവടാവശ്യാര്‍ത്ഥം യാത്ര ചെയ്യാന്‍ കഴിയുന്നവര്‍ വേണമായിരുന്നു. അതിനു ഹിന്ദുക്കള്‍ മുസ്‌ലിംകളാവുകയെന്നതായിരുന്നു സാമൂതിരി കണ്ട പരിഹാരം.
    ഇന്ത്യയുടെ ആദ്യ നാവികമേധാവിയായി സ്വതന്ത്രഭാരതം ആദരം നല്‍കിയ കുഞ്ഞാലി മരയ്ക്കാര്‍മാര്‍ സാമൂതിരിയോടൊപ്പം നിന്ന് നൂറ്റാണ്ട് നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടം നടത്തിയ ചരിത്രപുരുഷന്മാരാണ്. സാമൂതിരിയുടെ നാവിക സേനാ മേധാവിയായിരുന്ന കുഞ്ഞാലി മരക്കാന്‍മാര്‍ പോര്‍ച്ചുഗീസുകാരോട് പോരാടി വീരമൃത്യു വരിച്ച യോദ്ധാക്കളായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇസ്‌ലാമിന്റെ ആഗമനമുണ്ടായ ശേഷം ചരിത്രത്തിലുടനീളം തദ്ദേശീയരും വിദേശികളും സ്വദേശികളുമായ മുസ്‌ലിംകളും സഹവര്‍ത്തിത്തോടെ ജീവിച്ച ചരിത്ര പാരമ്പര്യത്തെയാണ്. കുഞ്ഞാലി നാലാമനെതിരെ കുതന്ത്രങ്ങളിലൂടെ പോര്‍ചുഗീസുകാര്‍ സാമൂതിരിയെ തെറ്റിധരിപ്പിക്കുകയും കുഞ്ഞാലി മരക്കാര്‍ക്ക് എതിരാക്കുകയും ചെയ്യുന്നതുവരെയും കേരള ചരിത്രത്തില്‍ ഹിന്ദു-മുസ്‌ലിം വൈരവും ശത്രുതയും കാണാന്‍ സാധ്യമല്ല. പോര്‍ച്ചുഗീസുകാര്‍ തീര്‍ത്ത വിദ്വേഷത്തിന്റെയും സംശയത്തിന്റെയും വിത്തുകള്‍ ഏറെ താമസിയാതെ ഉണങ്ങുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന്റെ ആഗമനം മുതല്‍ എട്ടു നൂറ്റാണ്ടോളം കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്തം നിലനിന്നിട്ടുണ്ട്.

5) ഇസ്‌ലാമിന്റെ വ്യാപനത്തെ തുണച്ച ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
കടലോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇസ്‌ലാം ആദ്യകാലത്ത് കേരളത്തില്‍ വ്യാപിച്ചത്. സമുദ്ര വാണിജ്യത്തിലേര്‍പ്പട്ടവരായിരുന്നു മുസ്‌ലിംകള്‍. യൂറോപ്യന്‍ അധിനിവേശമുണ്ടാകുന്നതുവരെ കടലോര പ്രദേശങ്ങളില്‍ സമുദ്രവാണിജ്യം നടത്തുന്നവരോ അതില്‍ ഏതെങ്കിലും നിലയില്‍ ഭാഗവാക്കാകുന്നവരോ ആയി മുസ്‌ലിം സമൂഹങ്ങള്‍ കടലോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു ഉയര്‍ന്നുവന്നിരുന്നു. കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് ഇസ്‌ലാമിന്റെ വ്യാപനമുണ്ടാകുന്നത് ഏറെ വൈകി, സമുദ്രവാണിജ്യം ഏതാണ്ട് അവസാനിക്കുന്ന കാലത്തു മാത്രമാണ്. കേരള തീരങ്ങളിലെ അറബ് സാന്നിധ്യം അടയാളപ്പെടുത്തുന്ന ചരിത്രപരമായ തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നത് ഒമ്പതാം നൂറ്റാണ്ടില്‍ അറബ് മുസ്‌ലിംകള്‍ ഇവിടെ കുടിയേറി താമസിച്ചിട്ടുണ്ട് എന്നതാണ്. തരിസാപള്ളി ചെപ്പേട് എന്ന പേരില്‍ കണ്ടെത്തിട്ടുള്ള ഒരു ഫലകത്തില്‍ മുസ് ലിം വ്യവസായികളുടെ പേരുകള്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. (8) ക്രിസ്താബ്ദം 782 ലെ ഒരു രേഖ പന്തലായനിയില്‍ (ഇന്നത്തെ കൊല്ലത്തു) നിന്നും കണ്ടെടുത്തിട്ടുണ്ട്. ഖബറിന്‍മേല്‍ എഴുതിയിരിക്കുന്ന രേഖയാണിത്.
ഇസ്‌ലാമിന്റെ വ്യാപനത്തിനു സഹായകമായ പ്രകൃതിപരമായ കാരണങ്ങളുമുണ്ടായിരുന്നു. അറബിക്കടലിലെ മണ്‍സൂണ്‍ കാലം അറബികള്‍ക്ക് കേരളത്തിലേക്കു യാത്ര ചെയ്യാനും അല്‍പ കാലം കേരളക്കരയില്‍ ജീവിക്കാനുമുള്ള അവസരമൊരുക്കി. വര്‍ഷത്തിന്റെ തുടക്കമാസങ്ങളില്‍ പടിഞ്ഞാറു നിന്നു കിഴക്കോട്ടു വീശുന്ന കാറ്റില്‍ വലിയ അപകടങ്ങളോ കടല്‍ക്ഷോഭമോ ഇല്ലാതെ അറബികള്‍ കേരളതീരങ്ങളില്‍ എത്തിയിരുന്നു. രണ്ട് മാസത്തോളം നീളുന്ന സമുദ്ര യാത്ര ചെയ്ത് കേരളതീരത്ത് എത്തുന്ന അറബികള്‍ അറബിക്കടലിലും കേരളതീരങ്ങളിലും ശക്തമായ മഴയുള്ള വര്‍ഷക്കാലമായ ജൂണ്‍ ജൂലൈ മാസങ്ങളില്‍ കേരളക്കരയില്‍ തങ്ങി, ചരക്കുകള്‍ ശേഖരിച്ചശേഷം ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലോ മഴ മാറിയ ശേഷമോ മാത്രമാണ് തിരികെ പോയിരുന്നത്. ദീര്‍ഘമായ കച്ചവടയാത്രകള്‍ നടത്തിയിരുന്ന അറബികള്‍ അവരുടെ കുടുംബങ്ങളെക്കൂട്ടാതെയാണ് ഇന്ത്യന്‍ തീരങ്ങളില്‍ വന്ന് പാര്‍ത്തിരുന്നത്. കേരളത്തില്‍ അങ്ങനെ ചുരുങ്ങിയ കാലം ജീവിച്ചിരുന്ന അറബികള്‍ക്ക് ഇവിടെ നിന്ന് വിവാഹം ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നു. കുറഞ്ഞ കാലം മാത്രം ഇവിടത്തെ ഭാര്യമാരുമായി ജീവിക്കുന്ന അവര്‍ തിരികെ പോകുമ്പോള്‍ തങ്ങളുടെ ഭാര്യമാരെയോ കുട്ടികളെയോ കൂട്ടിയിരുന്നില്ല. കേരളക്കരയുമായി അറബികള്‍ വാണിജ്യ ബന്ധത്തിലേര്‍പ്പെട്ടിരുന്ന ഒരു കാലത്ത് ഈ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു.

6) തദ്ദേശീയരെ ആകര്‍ഷിച്ച
മുസ്‌ലിം ജീവിത രീതി
കച്ചവടക്കാരായി കേരളത്തില്‍ എത്തിയ അറബി മുസ്‌ലിംകളുടെ ജീവിതരീതി, തദ്ദേശീയരെ ഹഠാദാകര്‍ഷിച്ചിരുന്നുവെന്നു ഡോ വിജയ ലക്ഷ്മി എഴുതുന്നുണ്ട്. (9) ഒരു നാഗരിക സമൂഹത്തിന്റെ ജീവിതത്തിനാവശ്യമായ എല്ലാ വസ്തുക്കളും സൗകര്യങ്ങളും മുസ്‌ലിം സമുദായത്തിനുണ്ടായിരുന്നു. സാധാരണക്കാരെ മുസ്‌ലിംകളിലേക്കാകര്‍ഷിച്ച മറ്റൊരു ഘടകം മുസ്‌ലിംകളുടെ സാമ്പത്തിക മേല്‍ക്കോയ്മയായിരുന്നു. കച്ചവടത്തിലൂടെ മുസ്‌ലിംകള്‍ സമ്പത്തു നേടുന്നത് തദ്ദേശീയരെ മുസ്‌ലിംകളോട് അടുപ്പമുള്ളവരാക്കിത്തീര്‍ത്തു. കേരളതീരങ്ങളില്‍ ആദ്യ കാലങ്ങളില്‍ താമസമാക്കിയ അറബികള്‍ക്ക് കച്ചവടമല്ലാത്ത മറ്റൊരു തൊഴിലും അറിയുമായിരുന്നില്ല. അതിനാല്‍ മറ്റെല്ലാ ജോലികള്‍ക്കും സേവനങ്ങള്‍ക്കും അവര്‍ക്ക് തദ്ദേശീയരെ ആശ്രയിക്കേണ്ടി വന്നു. തദ്ദേശീയരായ ജനങ്ങളും അറബ് മുസ്‌ലിംകളും തമ്മില്‍ അടുത്ത ബന്ധങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറക്കുന്നതായിരുന്നു ഈ സൗഹൃദം. മുസ്‌ലിംകളെ അനുകരിക്കാനും അവരുടെ ജീവിത രീതിയെ ഇഷ്ടപ്പെടാനും അവരുടെ മതവുമായി ഹൃദയബന്ധം സ്ഥാപിക്കാനും പിന്നീട് ക്രമേണ ഇസ്‌ലാം സ്വീകരിക്കാനും ഇത്തരം സൗഹൃദങ്ങള്‍ കാരണമായിട്ടുണ്ടാകാം.

7) അസമത്വവും സവര്‍ണ്ണ
ഹൈന്ദവ പീഢനവും
ടിപ്പുവിന്റെ പതനത്തോടെ മലബാര്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായ കാലഘട്ടത്തില്‍ സവര്‍ണ്ണ ഹൈന്ദവ ജന്‍മിമാര്‍ കേരളത്തിലെ അധസ്ഥിത വിഭാഗത്തെ അവമതിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. കീഴാളരെ കഠിനമായി പണിയെടുപ്പിക്കുകയും  അവരുടെ ഭൂമിക്കും കൃഷിക്കും ഉയര്‍ന്ന ചുങ്കം പിരിക്കുകയും ചെയ്ത ജന്മിമാരുടെ അടിമത്വത്തിന്റെയും അസമത്വത്തിന്‍രെയും നുകത്തില്‍ നിന്ന് ഒരു വിമോചനം കൊതിച്ച കീഴാളര്‍ക്ക്, സമത്വവും തുല്യനീതിയും പ്രദാനംചെയ്യുന്ന ഇസ്‌ലാമിന്റെ സാമൂഹ്യക്രമം ആശ്വാസമായില്ലെങ്കിലേ അത്ഭുതമുള്ളൂ. കേരളത്തിലെ കീഴാള വിഭാഗത്തില്‍പെട്ട ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ഈ സാമൂഹ്യ സാഹചര്യം കാരണമായിത്തീര്‍ന്നിട്ടുണ്ട്. മലബാറിലെ കര്‍ഷക കലാപങ്ങളുടെ ചുവടു പിടിച്ച് നിരവധി കുടിയാന്‍മാര്‍ ഇസ്‌ലാമിലേക്കു കടന്നു വന്നിട്ടുണ്ട്. മലബാര്‍ മേഖലയില്‍ ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിച്ച ഒരു ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു അത്. 

പ്രബോധന പ്രവര്‍ത്തനങ്ങള്‍
ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തെക്കുറിച്ചുള്ള ഡോ. മുഹ്‌യുദ്ദീന്‍ ആലുവായിയുടെ ഡോക്ടറേറ്റ് ഗ്രന്ഥത്തില്‍ ഒരധ്യായം തന്നെ നീക്കി വച്ചിട്ടുള്ളത്, ഇന്ത്യയിലെ വിഖ്യാതരായ പ്രബോധകന്‍മാരെ പരിചയപ്പെടുത്താനാണ്. ഡോ. മുഹ് യുദ്ദീന്‍ ആലുവായ് എഴുതുന്നു. 'ഇന്ത്യയിലേക്ക് ഇസ്‌ലാമിനെ എത്തിക്കുതിന് സഹായിച്ച പ്രഥമവും പ്രധാനവുമായ മാര്‍ഗം ചരിത്രാതീത കാലംതൊട്ട് അറബികളും ഇന്ത്യക്കാരും തമ്മില്‍ കച്ചവടത്തിന് അവലംബിച്ച സമുദ്ര പാതകളായിരുന്നു. അറേബ്യയില്‍ ഇസ്‌ലാമിന്റെ ഉദയം കണ്ട് ഏറെ നാളാകും മുമ്പുതന്നെ അതിന്റെ പ്രകാശം ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശമായ മലബാറിലും എത്തിയിട്ടുണ്ട്. നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ അറബ് കച്ചവടക്കാരുടെ വ്യക്തിപരമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയാണ് മലബാറില്‍ ഇസ്‌ലാം എത്തുന്നത്. ഉയര്‍ന്ന സ്വഭാവ മൂല്യങ്ങള്‍ക്കുടമകളായിരുന്ന സത്യസന്ധരായ ആ മുസ്‌ലിം കച്ചവടക്കാരെ ഇന്നാട്ടുകാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. തങ്ങളുടെ അതിഥികളുടെ ഉല്‍കൃഷ്ടമായ വിശ്വാസാദര്‍ശങ്ങള്‍ സ്വീകരിക്കാന്‍ മാത്രം വിശാലമായിരുന്നു തദ്ദേശീയരുടെ മനസ്സ്. പിന്നീട് കാലക്രമേണ ഈ സന്ദേശം ഇതര ദേശങ്ങളില്‍ പ്രചരിക്കുകയും മലബാര്‍ ഒരു മുസ്‌ലിം കേന്ദ്രമായി മാറുകയും ചെയ്തു'. ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രചാരണത്തിന് ഏറ്റവും സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിച്ചത്, വിശിഷ്യാ വ്യക്തിപരമായ സേവനങ്ങള്‍ നല്‍കിയത് ഇന്ത്യയില്‍ ജീവിച്ചിരുന്ന നിസ്വാര്‍ത്ഥരായ സൂഫീ പ്രബോധകന്‍മാരായിരുന്നു. ഖാജാ മുഈനുദ്ദീന്‍ ചിശ്തി, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ സൂഫിവര്യന്‍മാര്‍ക്കും ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, അഹ്മദ് സര്‍ഹിന്ദി തുടങ്ങിയ പ്രഗല്‍ഭ പണ്ഡിതന്‍മാര്‍ക്കുമൊപ്പം അദ്ദേഹം പരിചയപ്പെടുത്തുന്ന കേരളത്തില്‍ നിന്നുള്ള ഒരേ ഒരു പ്രബോധകനെ മാത്രമാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമാണത്.
കേരളത്തില്‍ ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ പരിപോഷിക്കപ്പെട്ടതും കേരളം ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കേന്ദ്രമായി പരിണമിച്ചതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.

1)    ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു അലി അല്‍ മഅ്ബരി അല്‍ മലൈബാരി ഹി. 873-928, ക്രി. 1468-1521. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന വിഖ്യാതനായ പണ്ഡിതനാണ് ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു അലി. ഫിഖ്ഹിലും തസവ്വുഫിലും ചരിത്രത്തിലും ഇ്‌സലാമിക വിജ്ഞാനീയങ്ങളിലും അറബി ഭാഷയുടെ വ്യാകരണത്തിലും നിപുണനായിരുന്നു ഇദ്ദേഹം. ഇന്ത്യയില്‍ അറബി ഭാഷയുടെ പ്രചരണത്തിനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പ്രബോധനത്തിലും നിസ്തുലമായ സേവനങ്ങള്‍ സമര്‍പ്പിച്ച കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ദീനി വിദ്യാഭ്യാസത്തിനു വേണ്ടി അദ്ദേഹം പൊന്നാനിയില്‍ ഒരു മദ്‌റസ സ്ഥാപിച്ചു. പിന്നീട് കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു ഈ സ്ഥാപനം. ഈജിപ്ത്, സിറിയ പോലുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിജ്ഞാന സമ്പാദനത്തിനായി പൊന്നാനി ലക്ഷ്യം വച്ച് വിദ്യാര്‍ത്ഥികള്‍ വന്നിരുന്നു. അക്കാലത്തെ ഏറ്റവും പ്രഗല്‍ഭരായ പണ്ഡിതന്‍മാര്‍ അധ്യാപകരായി അവിടെ സേവനമനുഷ്ഠിച്ചതും സ്ഥാപനത്തിന്റെ യശസ്സുയര്‍ത്തി. അറബി ഭാഷയിലും ഇസ്‌ലാമിക വിഷയങ്ങളിലും ദര്‍സ് നടത്തിയിരുന്നത് പ്രഗല്‍ഭ പണ്ഡിതനായിരുന്ന ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദ് ഇബ്‌നു ഹജറുല്‍ ഹൈതമി (ഹി.909) യായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൗത്രനായിരുന്ന സൈനുദ്ദീന്‍ ബ്‌നു അബ്ദുല്‍ അസീസ്.
    മലബാറിലെ ജനങ്ങള്‍ക്ക് വെളിച്ചമാകുന്ന ഒരു ദീനി വിജ്ഞാന കേന്ദ്രവും അറബി ഭാഷാ പഠന കേന്ദ്രവുമാകണം തന്റെ പള്ളിയെന്ന് അദ്ദേഹം ആഗ്രഹിച്ചു. ക്ലാസ്സുകളും മറ്റു വിജ്ഞാന സദസ്സുകളും നടത്താന്‍ കഴിയുന്ന തരത്തിലായിരുന്നു പള്ളിയുടെ നിര്‍മ്മാണം. നഗരത്തിനു പുറത്തു നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയും വിധം പള്ളിയുടെ ഒരു ഭാഗം തിരിച്ചിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗല്‍ഭരായ ഇസ്‌ലാമിക പണ്ഡിതന്‍മാരും ഭാഷാജ്ഞാനികളുമായിരുന്നു പ്രധാന അധ്യാപകര്‍. ഈ വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടി പുറത്തിറങ്ങിയത്.
ഹി. 928 ശഅ്ബാന്‍ പതിനേഴിന് ശൈഖ് സൈനുദ്ദീന്‍ അന്തരിച്ചു.    
2)    മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു ഇസ്‌ലാമിക പ്രബോധനകായിരുന്നു മമ്പുറം തങ്ങള്‍ എന്ന പേരില്‍ വിശ്രുതനായ ഇദ്ദേഹം. മത നേതൃത്വം എന്നതുപോലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും കൂടിയായിരുന്നു മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ മമ്പുറം തങ്ങളുടെ പേരും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ഹൈന്ദവരെയും ഹൈന്ദവരിലെ താഴ്ന്ന ജാതിക്കാരെയും ഏറെ സ്വാധീനിച്ച ഒരു വ്യക്തിത്വം കൂടിയായിരുന്നു മമ്പുറം തങ്ങള്‍. അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിലും സ്വഭാവഗുണങ്ങളിലും ആകര്‍ഷിക്കപ്പെട്ട് താഴ്ന്ന ജാതിയില്‍പ്പെട്ട അനേകം പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ കെ. എന്‍. കുറുപ്പ് എഴുതുന്നു. (10)  ഹിന്ദു മുസ്‌ലിം സൗഹാര്‍ദ്ധത്തിനു വേണ്ടി ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്ത്വിത്വമായിരുന്ന മമ്പുറം തങ്ങള്‍ എന്നും ഇദ്ദേഹം എഴുതുന്നുണ്ട്. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാനായി മമ്പുറം പള്ളി വളഞ്ഞ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കാനായി മുസ്‌ലിംകള്‍ക്കൊപ്പം നിരവധി ഹിന്ദുക്കളുമുണ്ടായിരുന്നു.

3)    മക്തി തങ്ങള്‍. 1847 ല്‍ മലബാറിലെ വെളിയംകോട് ജനിച്ച സനാഉല്ലാ മക്തി തങ്ങള്‍ ആധുനിക കേരളത്തിലെ ആദ്യത്തെ പ്രബോധകന്‍ എന്നു വിശേഷിപ്പിക്കാം. കേരളത്തിലെ സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പ്രബോധകരും സ്വീകരിച്ചിരിക്കുന്ന പ്രബോധന ശൈലിക്ക് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. ഒന്നര നൂറ്റാണ്ടു മുമ്പു അദ്ദേഹം ചെയ്ത പ്രബോധന രീതികള്‍ തന്നെയാണ് ഇന്നും കേരളത്തിലെ ആധുനിക പ്രബോധക സംഘങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
ഹിന്ദു മതവും ഇസ്‌ലാം മതവും തമ്മില്‍ താരതമ്യം ചെയ്ത് പഠിച്ച ആദ്യ മുസ്‌ലിം പരിഷ്‌ക്കര്‍ത്താവാണ് മക്തി തങ്ങള്‍ എന്ന് ഡോക്ടര്‍ ഗംഗാധരന്‍ നിരീക്ഷിച്ചിട്ടുണ്ട്. മാനക മലയാള ഭാഷയില്‍ തന്നെ ദീന്‍ പഠിക്കണമെന്നും ജനങ്ങള്‍ക്കു മനസ്സിലാകുന്ന ആ ഭാഷയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ മതപരിഷ്‌ക്കര്‍ത്താവ് എന്നതുപോലെ തന്നെ സമര്‍ത്ഥനായ പ്രബോധകന്‍ കൂടിയായിരുന്നു മക്തി തങ്ങള്‍. രാജ്യം അധിനിവേശം ചെയ്ത ബ്രിട്ടീഷുകാര്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെ താത്വികമായി പ്രതിരോധിച്ചതു മക്തി തങ്ങളുടെ തൂലികയായിരുന്നു. 1884 ല്‍ മലയാളത്തിലെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച മലയാളി മുസ്‌ലിം ഇദ്ദേഹമായിരുന്നു. തങ്ങളുടെ കഠോരകുഠാരം എന്ന ആ പുസ്തകം ബ്രിട്ടീഷ് ക്രിസ്ത്യന്‍ മിഷനറിയെ പ്രതിരോധിച്ചുകൊണ്ടുള്ളതായിരുന്നു. ജനങ്ങളുടെ പട്ടിണിയെയും ദാരിദ്ര്യത്തെയും ചൂഷണം ചെയ്ത് മതംമാറ്റത്തിനു പ്രേരിപ്പിക്കുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തെ ശക്തമായ ഭാഷയിലാണ് മക്തി തങ്ങള്‍ ഈ കൃതിയില്‍ കൈകാര്യം ചെയ്യുന്നത്.

ഉപസംഹാരം
കേരളത്തിലെ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും കാരണങ്ങള്‍ ഒരു കാര്യത്തില്‍ മാത്രം പരിമിതമല്ല. വ്യത്യസ്തമായ പല കാരണങ്ങള്‍ കൊണ്ടാണ് അത് സാധ്യമായത്. എന്നാല്‍ കേരളത്തില്‍ നില നിന്നിരുന്ന  സമാധാനപരമായ സാമൂഹ്യാന്തരീക്ഷം ഇസ്‌ലാമിനെ തദ്ദേശീയര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനുമുള്ള വലിയ സാഹചര്യമൊരുക്കുകയും ജനങ്ങള്‍ ക്രമേണ ക്രമേണ ഇസ്‌ലാമിലേക്ക് കടന്നു വരികയും ചെയ്യുകയാണുണ്ടായത്. ചരിത്രത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് ഒരു കൂട്ട മതംമാറ്റം കാണാന്‍ സാധ്യമല്ല. വളരെ സാവധാനത്തില്‍ കാലക്രമേണ സംഭവിച്ച ഒരു സാമൂഹിക പ്രതിഭാസമായിരുന്നു ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ മാനസിക പരിവര്‍ത്തനം. ശ്രദ്ധേയമായ മറ്റൊരു കാര്യം കേരളത്തിലെ ഇസ്‌ലാമിന്റെ വളര്‍ച്ചയും വികാസവും എവിടെയും അക്രമത്തിന്റെയും വെറുപ്പിന്റെയും നിര്‍ബന്ധ പരിവര്‍ത്തനത്തിന്റെയും മാര്‍ഗത്തിലൂടെയായിരുന്നില്ല എന്നാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം വളരെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെ നുറ്റാണ്ടുകളിലൂടെ സംഭവിച്ചതാണ്. ചില പ്രത്യേക കാലഘട്ടങ്ങളിലെ പ്രത്യേക സംഭവങ്ങളും ചില പ്രബോധകന്‍മാരുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ വളര്‍ച്ചയെ അതാത് കാലങ്ങളില്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ആസൂത്രിതവും സുസംഘടിതവുമായ സംഘടനാ പ്രവര്‍ത്തനങ്ങളോ പ്രബോധന പ്രവര്‍ത്തനങ്ങളോ ഇല്ലാതിരുന്ന കാലത്തു തന്നെയാണ് ഇസ്‌ലാം കേരളത്തില്‍ പ്രചുരപ്രചാരം നേടിയതും ഈ മണ്ണില്‍ ആഴ്ന്നിറങ്ങിയതും എന്ന വസ്തുതയും വിസ്മരിക്കാവതല്ല.

അടിക്കുറിപ്പ്:

1. ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്, അദ്ദഅ്‌വ അല്‍ ഇസ്‌ലാമിയ്യ വ തത്വവ്വുറുഹാ ഫീ ശിബ് ഹില്‍ ഖാറതുല്‍ ഹിന്ദിയ്യ.

2. കേരളത്തിനെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ശക്തമായ വര്‍ഗീയത നിലനില്‍ക്കുന്നതിന് ചരിത്രപരമായ ഒരു കാരണം കൂടിയാണിത്. 

3. ഡോ. മുഹ് യുദ്ദീന്‍ ആലുവായ്, അദ്ദഅ്‌വ അല്‍ ഇസ്‌ലാമിയ്യ വ തത്വവ്വുറുഹാ ഫീ ശിബ് ഹില്‍ ഖാറതുല്‍ ഹിന്ദിയ്യ.

4. ഡൊ. എം. ജി. എസ്. നാരായണന്‍. (കോഴിക്കോട്, ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍,) കോഴിക്കോട്, പ്രതീക്ഷ ബുക്‌സ്, 2011, 137

5. ഡോ. മുഹ് യുദ്ദീന്‍ ആലുവായ്, അദ്ദഅ്‌വതുല്‍ ഇസ് ലാമിയ്യ വ തത്വവ്വുറുഹാ ഫീ ശിബ് ഹില്‍ ഖാറതുല്‍ ഹിന്ദിയ്യ. പേ. 146, ദാറുല്‍ ഖലം, ദമസ്‌കസ്

6. ഡോ. എം. ജി. എസ്. നാരായണന്‍. (കോഴിക്കോട്, ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍,) കോഴിക്കോട്, പ്രതീക്ഷ ബുക്‌സ്, 2011, 136

7. ചരിത്രത്തില്‍ കോഴിക്കാടിന്റെ ആരംഭം പന്ത്രണ്ടാം നൂറ്റാണ്ടു മുതലാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ ഭരിച്ച ഭരണാധികാരികള്‍ക്ക് പൊതുവെ പറയുന്ന പേരാണ് സാമൂതിരിമാര്‍ എന്നത്. 

8. വിജയ ലക്ഷ്മി, മലബാറിലെ ആദ്യ കാല മുസ്‌ലിം സമൂഹം, മലബാര്‍ പൈതൃകവും പ്രതാപവും, എഡി. പി ബി സലിം, എന്‍ പി ഹാഫിസ് മുഹമ്മദ്, കോഴിക്കോട് മാതൃഭൂമി ബുക്‌സ്

9. അതേ പുസ്തകം

10. മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍, കെ കെ എന്‍ കുറുപ്പ് & പി. കെ പോക്കര്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 16