മുസ്‌ലിം പ്രദേശങ്ങളും അധീശ ഭാവനകളും

ഹാഷിര്‍. കെ   (സബ് എഡിറ്റര്‍, കാമ്പസ് അലൈവ്‌)

1921-ല്‍ അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഏറനാട്ടിലെ 'മാപ്പിള കലാപകാരികളെ' കുറിച്ച് യംഗ്ഇന്ത്യയില്‍ ഇങ്ങനെ എഴുതി: ''മാപ്പിളമാര്‍ മുസ്‌ലിംകളാണ്, അവരുടെ സിരകളില്‍ ഓടുന്നത് അറബി രക്തമാണ്. അവരുടേ പൂര്‍വികര്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യയില്‍  നിന്നെത്തി മലബാറില്‍ പാര്‍പ്പുറപ്പിച്ചതായി  പറയപെടുന്നു. പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതമാണവരുടേത്. നിമിഷനേരം കൊണ്ട് അവര്‍ ക്രോധാവശേശരായി അക്രമത്തിലേക് തിരിയും'' ഗാന്ധിയുടെ ഈ പ്രസ്താവനയില്‍ മലബാറിലെ മുസ്‌ലിംകളെ വായിച്ചെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് മാപ്പിളമാരുടെ മുസ്‌ലിം മതപരതയുടെ ഭീഷണിയെ  മാത്രമല്ല അറബ്, മലബാര്‍ തുടങ്ങിയ  പ്രദേശങ്ങളുടെ ഭീഷണിയെക്കൂടിയാണ്. സാഹിത്യ - ചരിത്ര കൃതികളെ മാത്രമല്ല, സംഭവങ്ങളെയും സ്ഥലത്തെയും   വായികുന്നതിലും ചില പൂര്‍വ പരികല്പനകള്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ വായന ബോധ്യപ്പെടുത്തുന്നത്. മലബാറിനെ ഇങ്ങിനെ മതം, പ്രദേശം ഇവയുടെ ആന്തരിക ഘടകമായി (intersection) വായിച്ചെടുക്കുന്നതു സംബന്ധിച്ച് നേരത്തെ എം ടി അന്‍സാരി ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നീട്  കെ. കെ ബാബുരാജ്, ജെനി റൊവീന തുടങ്ങിയവര്‍ ബീമാപള്ളി പോലീസ് വെടിവെപ്പ് പ്രശ്‌നവല്‍കരിക്കുന്ന ഇടപെടലുകളിലും, ചെങ്ങറ സമരത്തിന്റെ പശ്ചാത്തലത്തില്‍ എം ആര്‍ രേണുകുമാറിന്റെ കോളനികളെ കുറിച്ച പഠനത്തിലും, സ്ഥലനാമങ്ങളെകുറിച്ചുള്ള  'കുറ്റിപ്പുറം മുതല്‍ ചമ്രവട്ടം വരെ' എന്ന അജയ് ശേഖറിന്റെ പുതിയ  പഠനത്തിലും ഒക്കെ  മതം, ജാതി, ലിംഗം പ്രദേശം തുടങ്ങിയവയുടെ പ്രത്യകതകളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന intersectional സമീപനങ്ങള്‍ കാണാം. ഇതേ വിശകലന രീതിയെ പിന്തുടര്‍ന്നു കൊണ്ടാണ് ഈ പ്രബന്ധവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ബീമാപള്ളിയും മട്ടാഞ്ചേരിയും കടന്നുവരുന്ന ചില മലയാള സിനിമകള്‍ മേല്‍പറഞ്ഞ വിശകലന രീതികളിലൂടെ വായിക്കുമ്പോള്‍, പ്രസ്തുത പ്രദേശങ്ങള്‍ മേല്‌കോയ്മാ വ്യവഹാരങ്ങളില്‍ കടന്നുവരുന്നതു എങ്ങിനെയെന്ന് കാണാന്‍ സാധിക്കുന്നു. അതിലൂടെ ആ പ്രദേശങ്ങള്‍ അകപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചുള്ള മറു വായനകളുടെ ചില സാധ്യതയെ കുറിച്ച് സൂചിപ്പികാനാണ് ഇവിടെ ശ്രമിക്കുന്നത്. പ്രസ്തുത പ്രദേശങ്ങള്‍ പ്രതിനിധാന ചരിത്രത്തിലേക്ക് (History of representation) പ്രവേശിക്കുന്നത് തന്നെ സിനിമയിലൂടെ ആണെന്നതിനാലാണ് സിനിമയെ ഈ പ്രബന്ധത്തില്‍ ആശ്രയിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശമാണ് ബീമാപ്പള്ളി. ഈ പ്രദേശത്തിന്റെ ചരിത്രം  പരിശോധിച്ചാല്‍ അറേബ്യയില്‍നിന്ന് വന്ന ശഹീദ് മാഹിന്‍ അബൂബക്‌റില്‍ നിന്നും അദേഹത്തിന്റെ ഉമ്മയായ ബീമ ബീവിയില്‍ നിന്നുമാണ് ബീമാപള്ളിയുടെ ചരിത്രം തുടങ്ങുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവന്‍ നടന്ന അദേഹം  ഒടുവില്‍ തെക്കന്‍ തിരുവിതാംകൂറില്‍ എത്തുകയും തിരുവല്ലം എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്തു. ദലിതജാതികളില്‍ പെട്ടവര്‍ക്കിടയില്‍ മാഹിന്‍ അബൂബക്കറിന്റെ ചികില്‍സയും സേവനവും ഏറെ പ്രചാരം നേടി. അവര്‍ കൂട്ടമായി ഇസ്‌ലാം സ്വീകരിച്ചു. അങ്ങിനെ അവിടെ ഇസ്‌ലാം വലിയൊരു സാമൂഹിക സാനിധ്യമായി മാറി എന്നും വാമൊഴി ചരിത്രം പറയുന്നു. എന്നാല്‍ ഇങ്ങിനെയുള്ള നിരവധി  ചരിത്രത്തെക്കാളും അത് കടന്നു പോയ നിരവധി ചരിത്ര സാഹചര്യങ്ങളെക്കാളും  നേര്‍ച്ചയും ആഘോഷവും ഒക്കെയുള്ള വലിയൊരു ദര്‍ഗയായും അതിനെ ചുറ്റിപറ്റിയുള്ള  ഇന്‍ഫോര്‍മല്‍ മാര്‍ക്കറ്റ് ആയും ആണ്  ഇപ്പോള്‍ പുറം ലോകത്ത് ബീമാപള്ളി അറിയപ്പെടുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്,  2009  മെയ്  17 ന് നടന്ന പോലീസ് വെടിവെപ്പോടുകൂടിയാണ് ബീമാപള്ളി പുതിയ രാഷ്ട്രീയ സംവാദങ്ങളുടെ ഭാഗമായി മാറുന്നത്. അന്ന് ആറു മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക്  വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊരു രാഷ്ട്രീയ വിഷയമാകുകയോ ജനാധിപത്യ പ്രശ്‌നമാവുകയോ ചെയ്യാതെ പോയതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ വെടിവെപ്പ് സാധൂകരിക്കപ്പെടുന്നത് വെടിവെച്ചവരുടെയോ അതിനു നേതൃത്വം നല്കിയ ഏതാനും പോലീസ് ഉദ്യോാഗസ്ഥരുടെയോ നിലപാടുകളില്‍ മാത്രമല്ല മറിച്ച്, സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും നേരത്തെ തന്നെ പ്രബലമായ പ്രതിനിധാനങ്ങളില്‍ കൂടിയാണ്. ഈ വാദം കൂടുതല്‍ വ്യക്തമാകാനും ബീമാപള്ളി മുഖ്യധാര വ്യവഹാരങ്ങളില്‍ എങ്ങിനെ അടയാളപ്പെടുന്നു എന്ന് മനസ്സിലാക്കാനും, രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ, രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന സിനിമയില്‍ അജ്മല്‍ നാസര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയലോഗ് സഹായിക്കും: ''ബിലാല്‍കോളനി... ന്യൂനപക്ഷ സമുദായം ശക്തമായ സ്ഥലമാണ് പള്ളിയോട് ചേര്‍ന്നു കിടക്കുന്ന കോളനി. പോലീസിന് പെട്ടെന്ന് അങ്ങോട്ട് കടന്നുചെല്ലാന്‍ പറ്റില്ല. ബ്ലാക്ക് മാര്‍ക്കെറ്റ് ഗുഡ്‌സ് പിടിക്കാന്‍ പിടിക്കാന്‍ ഒന്നു രണ്ടു തവണ ശ്രമിച്ചിട്ട് വെടിവെപ്പും മറ്റും ഉണ്ടായ സ്ഥലമാണ്''. ഇവിടെ  ബിലാല്‍കോളനി വളരെയെളുപ്പം മുസ്‌ലിംകളുമായും അവരുടെ ന്യൂനപക്ഷ സ്ഥാനവുമായുമൊക്കെ ബന്ധപ്പെടുന്ന  ഭീഷണിയായി മാറുന്നു. അതിലേറെ, കേരളത്തില്‍ ബീമാപള്ളിയെ വ്യത്യസ്തമാക്കുന്ന അനൗപചാരിക വിപണിയെ കുറിച്ച സൂചനയിലൂടെയും അവിടെ നടന്ന വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചുള്ള പ്രസ്താവനയിലൂടെയും ബീമാപള്ളിയെ തെറ്റായി വിവരിക്കപ്പെടുന്നു. അതിലപ്പുറം മുസ്‌ലിം പള്ളി വലിയൊരു ഭീഷണിയായി ആ കോളനിയുടെ ഭാഗമായി ഈ വിവരണത്തില്‍ നില്കുന്നതായും കാണാം. മുസ്‌ലിംപള്ളി, മുസ്‌ലിം പേരുള്ള കോളനി, മുസ്‌ലിം കച്ചവടം, മുസ്‌ലിം സംഘടിതശക്തി ഒക്കെ ( നേരത്തെ മലബാറിനെക്കുറിച്ച ഗാന്ധിയുടെ വിവരണത്തില്‍ കണ്ട പോലെ ) മുഖ്യ അപരമായും ഭീഷണിയായും മാറുന്നു. ഇങ്ങനെയുള്ള മേല്‌കോയ്മകളുടെ പ്രതിനിധാനമാണ് കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ പോലിസ് വെടിവെപ്പിനെ മറന്നുകളയാനും അതിനെ ജനാധിപത്യ അവകാശ പ്രശ്‌നമെന്ന നിലയില്‍ സംസാരിക്കാതിരിക്കാനും  നമ്മെ പ്രേരിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രണ്ടു ചോദ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഒന്ന്,  ബീമാപള്ളിയുടെ ചരിത്രമോ സാമൂഹിക രൂപീകരണമോ ഒന്നുംതന്നെ പരിശോധിക്കാതെ അവരെ ചരിത്രമില്ലാത്ത പ്രദേശമാക്കി മാറ്റി ഉണ്ടാക്കിയെടുത്ത കല്പിത കഥകള്‍ എന്തുകൊണ്ട് ഇത്ര സ്വീകാര്യമായിത്തീരുന്നു?  രണ്ട്, എന്തുകൊണ്ട് ആറു മുസ്‌ലിംകള്‍ കൊല്ലപെട്ടു എന്നതുപോലെത്തന്നെ പ്രധാനമായ ചോദ്യമല്ലേ എന്തുകൊണ്ട് ബീമാപള്ളി എന്ന പ്രദേശത്തുതന്നെ ഇത് സംഭവിച്ചുവെന്ന ചോദ്യവും?

ബീമാപള്ളിയെപ്പോലെത്തന്നെ എറണാകുളം ജില്ലയിലെ മറ്റൊരു പ്രദേശമായ മട്ടാഞ്ചേരിയുടെ സ്ഥലപരമായ പ്രതിനിധാനവും ഏറെ സങ്കീര്‍ണമാണ്. കോസ്‌മോപോളിറ്റന്‍ നഗരമായ കൊച്ചിക്ക് അപരനായി നില്‍ക്കുന്ന മട്ടാഞ്ചേരി എന്ന പ്രദേശം നിര്‍മിതമാവുന്നതിനെ കുറിച്ച് അധികമൊന്നും അന്വേഷണങ്ങള്‍ നടന്നിട്ടില്ല. അവിടെ സേട്ടുമാരുടെ കൂട്ടത്തില്‍ പെട്ട ഇഖ്ബാല്‍ ലൈബ്രറി നടത്തുന്ന അതിന്റെ സെക്രട്ടറിയായിരുന്ന അസീസ് പറയുന്നത് നോക്കുക: ''ചെറുപ്പത്തില്‍ ബസില്‍ പുറത്ത് പോകുമ്പോള്‍ മട്ടാഞ്ചേരി എന്നതിനു പകരം ഫോര്‍ട്ടുകൊച്ചി എന്ന് മാറ്റിപ്പറയും.'' ഈയൊരു മാറ്റിപ്പറയലിനു കാരണമുണ്ട്. മേല്‌കോയ്മയുടെ സാമൂഹിക ഭാവനകള്‍, ഗുണ്ടാസംഘങ്ങളും അക്രമികളും പോരാത്തതിന് മുസ്‌ലിംകളും തിങ്ങിത്താമസിക്കുന്ന ഇടമായി മട്ടാഞ്ചേരിയെ നേരത്തെത്തന്നെ അടയാളപ്പെടുത്തിയിരുന്നു. ഈ പ്രദേശം അകപെട്ട പ്രതിനിധാന പ്രശ്‌നങ്ങള്‍ വ്യക്തമാകാന്‍ രണ്ടായിരത്തി ഒമ്പതില്‍ അമല്‍ നീരദ് സംവിധാനം നിർവഹിച്ച, ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും എഴുതിയ അന്‍വര്‍ എന്ന സിനിമയിലെ ബാബുസേട്ട് എന്ന തീവ്രവാദിയെ കുറിച്ച് ആലോചിക്കുക. ആ സിനിമയില്‍ മട്ടാഞ്ചേരിയുടെയും ഫോര്‍ട്ടുകൊച്ചിയുടെയും പശ്ചാത്തലത്തില്‍ പച്ച നിറമുള്ള  ബോട്ടില്‍, നീളന്‍ ജുബ്ബ ധരിച്ച, താടി നീട്ടിയ, കഫിയ്യ ധരിച്ച, ബാബുസേട്ട് മുസ്‌ലിംകള്‍ നേരിട്ട പീഡനങ്ങളെ കുറിച്ചു വികാര വിക്ഷോഭത്തോടെ സംസാരിക്കുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ച മുതല്‍ക്ക്  നടന്ന എണ്ണമറ്റ മുസ്‌ലിം വിരുദ്ധ കലാപങ്ങളെ കുറിച്ച് അയാള്‍ തന്റെ കൂടെയുള്ളവരെ  ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. മഅദനിയടക്കമുള്ള നിരവധി മുസ്‌ലിംകള്‍ ഇന്ത്യയിലെ പല ജയിലുകളിലും അടയ്ക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത സമയത്ത് ഇറങ്ങിയ ഈ സിനിമയും അവരോടൊക്കെ സാദൃശ്യമുള്ള  ബാബുസേട്ട് എന്ന കഥാപാത്രവും ജീവിക്കുന്ന സ്ഥലം മട്ടാഞ്ചേരിയാണ്. ഇവിടെ മുസ്‌ലിമിനെയും മട്ടാഞ്ചേരിയെയും മുന്‍നിറുത്തി ഒരു മുസ്‌ലിം തീവ്രവാദ കഥ മെനയുന്നതിലൂടെ സാമൂഹിക ഭാവനയുടെ മേല്‌കോയ്മ രാഷ്ട്രീയം തന്നെയാണ് വെളിച്ചത്തുവരുന്നത്. മട്ടാഞ്ചേരി, ഉണ്ണി ആറിനെപ്പോലുള്ള ഇടതുപക്ഷ അനുഭാവമുള്ള എഴുത്തുകാരുടെ ഭാവനകളില്‍ വരെ പെട്ടെന്ന് ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്ന മുസ്‌ലിം പ്രദേശമായി മാറുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. ചില  ചോദ്യങ്ങള്‍ ഇവിടെയും പ്രസക്തമാണ്. എന്തുകൊണ്ട് ബാബു സേട്ട് എന്നതുപോലെത്തന്നെ പ്രധാനമായ ചോദ്യമാണ് എന്തുകൊണ്ട് മട്ടാഞ്ചേരി എന്നതും.  ഈ സിനിമക്കുണ്ടായ ധാരാളം വിമര്‍ശനങ്ങളില്‍ ചോദിക്കാതെ പോയ ചോദ്യമാണിത്. നേരത്തെ ബീമാപള്ളിയുടെ കാര്യത്തില്‍ കണ്ടതുപോലെ മട്ടാഞ്ചേരിക്ക് സ്വയം ചരിത്രമോ ജീവിത ലോകമോ ഒന്നുമില്ലാതെ പോകുകയും എന്നാല്‍ പുറത്തുള്ളവര്‍ ആധികാരികമായിത്തന്നെ മട്ടാഞ്ചേരിയെ വിവരിക്കുന്നതും എന്തുകൊണ്ട് എന്ന ചോദ്യവും ഉന്നയിക്കേണ്ടതുണ്ട്. 

ചുരുക്കിപ്പറഞ്ഞാല്‍ മുസ്‌ലിം പ്രദേശങ്ങളുടെ സവിശേഷത മുന്‍നിറുത്തിയുള്ള ചോദ്യങ്ങള്‍ ധാരാളമായി ഉന്നയിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ മുസ്‌ലിം ചരിത്രവുമായി ബന്ധപെട്ട പുനര്‍വായനകള്‍ മുസ്‌ലിം പ്രദേശചരിത്രങ്ങളുടെ പ്രതിനിധാനപരമായ സങ്കീര്‍ണതകളെ എത്രത്തോളം അഭിസംബോധന ചെയ്തിട്ടുണ്ട് എന്ന ചോദ്യം വളരെ പ്രധാനമാകുന്നു. പ്രദേശങ്ങളുടെ മേല്‍ക്കോയ്മാ പ്രതിനിധാനം അവയെ വലിയ രാഷ്ട്രീയ ഹിംസക്ക് തയാറാക്കുന്ന ഒന്നായി ബീമപള്ളിയില്‍  പോലിസ് നടത്തിയ നരഹത്യ ഏറെ ഭീതിയോടെത്തന്നെ കാണിച്ചു തരുന്നു. അതുകൊണ്ടുതന്നെ, നേരത്തെ സൂചിപ്പിച്ചതുപോലെ മുസ്‌ലിംങ്ങള്‍ ചില പ്രദേശങ്ങളുമായി കണ്ണിചേര്‍ക്കപ്പെടുന്ന ചരിത്ര-രാഷ്ട്രീയ സാഹചര്യങ്ങളും അതിന്റെ സമകാലിക വിവക്ഷകളും സൂക്ഷ്മമായി ഇനിയും പഠിക്കേണ്ടതുണ്ട്.

author image
AUTHOR: ഹാഷിര്‍. കെ
   (സബ് എഡിറ്റര്‍, കാമ്പസ് അലൈവ്‌)