മൈഗുരുഡ് : മാപ്പിളമാരുടെ ഗൂഢഭാഷ

ഡോ. പ്രമോദ് ഇരുമ്പുഴി  

ശയ വിനിമയത്തിന് മുഖ്യധാരാഭാഷ ഉപയോഗിക്കുന്നതിനോടൊപ്പം, വേറെയെന്തെങ്കിലും താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി രൂപപ്പെടുത്തുന്നതാണ് ഗൂഢഭാഷകള്‍. ഗൂഢഭാഷ പൊതുധാരാ ഭാഷക്കൊപ്പം നിലനില്‍ക്കുന്ന സമാന്തരഭാഷയാണെന്നു പറയാം. അത് എല്ലാ നാട്ടിലും ഉണ്ടാകണമെന്നില്ല. ഒരു നാട്ടില്‍ ഒരു ഗൂഢഭാഷ നിലനില്‍ക്കുന്നുണ്ടെങ്കിലും അന്നാട്ടിലെ എല്ലാവര്‍ക്കും അത് അറിയണമെന്നില്ല. കാരണം ഗൂഢഭാഷ ഉപയോഗിക്കുന്നവരുടെ ഉദ്ദേശ്യം തന്നെ തനിക്ക് ചുറ്റുമുള്ളവര്‍ അറിയാതെ കാര്യം പറയുക എന്നതാണ്. മുഖ്യധാരാഭാഷയുടെ പ്രധാന ഉദ്ദേശ്യം തനിക്ക് ചുറ്റുപാടുമുള്ള മുഴുവന്‍ ആളുകളിലേക്കും ആശയം പകരുക എന്നതാണ്. ഗൂഢഭാഷയില്‍ ആശയവിനിമയം നടത്തുന്നത് ചില പ്രത്യേക സമുദായം, പ്രത്യേക തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവരായിരിക്കും. ഗൂഢഭാഷക്ക് വ്യവസ്ഥകളും നിയമങ്ങളും ഉണ്ടാവുമെങ്കിലും പൊതുധാരാഭാഷകളിലെ പോലെ സങ്കീര്‍ണ്ണ വ്യാകരണ നിയമങ്ങള്‍ ഉണ്ടാകാറില്ല. പ്രത്യേക ലിപിയും ഇവക്കുള്ളതായി അറിവില്ല. കേരളത്തിലെ ഗൂഢഭാഷകളെല്ലാം മലയാളം ഉപയോഗിക്കുന്ന അതേ ഈണത്തിലും ഉച്ചാരണ രീതിയിലുമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഗൂഢഭാഷ കേള്‍ക്കുന്ന ഒരാള്‍ക്ക് സംശയം ജനിക്കുകയില്ല. മുഖ്യധാരാഭാഷയുടെ ലിപി ഉപയോഗിച്ച് വേണമെങ്കില്‍ ഗൂഢഭാഷ എഴുതാന്‍ സാധിക്കും.
ചരിത്രപരമായ ഏതെങ്കിലും പ്രത്യേക സന്ധിയില്‍, പ്രത്യേക ആവശ്യകത വന്നതുകൊണ്ടാണ് ഒരു ഗൂഢഭാഷ രുപപ്പെട്ടിരിക്കുക. രൂപംകൊണ്ട ഭാഷ കാല ക്രമേണ മാറ്റം സംഭവിക്കാനും വികസിക്കാനും സാധ്യതയുണ്ട്. ചില ഗൂഢ ഭാഷകള്‍ ആ കാലഘട്ടത്തിന്റെ ആവശ്യം കഴിഞ്ഞ് തിരോഭവിച്ചിരിക്കാം. മുന്‍പ് ഗൂഢഭാഷ എന്തിനാണോ രൂപം കൊണ്ടത്, അത് ഇന്ന് നിലനില്‍ക്കുന്നുണ്ടങ്കില്‍ തന്നെ രൂപം കൊണ്ട കാലത്തെ ഉദ്ദേശ്യം നിറവേറ്റുവാന്‍ ആയിരിക്കണമെന്നില്ല നിലനില്‍ക്കുന്നത്. ലോകത്ത് പലയിടത്തും ഗൂഢ ഭാഷകള്‍ ഉള്ളതുപോലെ കേരളത്തിലും ചില ഗൂഢഭാഷകള്‍ നിലനില്‍ക്കുന്നുണ്ട്. ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തില്‍ ഗൂഢഭാഷകളെ വംശീയഗൂഢഭാഷ, വംശീയേതരഗൂഢഭാഷ എന്നിങ്ങനെ തരംതിരിക്കാം.

വംശീയ ഗൂഢഭാഷ
മുഖ്യധാരാ ഭാഷ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, ചില  സമുദായാംഗങ്ങള്‍  പരസ്പരം സംവദിക്കാനായി ഉപയോഗിക്കുന്ന ഗൂഢ ഭാഷയാണ് വംശീയ ഗൂഢഭാഷ. ആ വംശത്തിലുള്ളവര്‍ പരസ്പരം കാണുമ്പോള്‍ മാത്രമായിരിക്കും പ്രസ്തുത ഗൂഢഭാഷ ഉപയോഗിക്കുന്നത്. ഒരു വംശത്തിലെ വ്യക്തികള്‍ മുഴുവന്‍ ഉപയോഗിക്കുന്ന വംശീയ ഗൂഢഭാഷക്ക് വംശീയേതര ഗൂഢഭാഷകളേക്കാള്‍ വ്യാപ്തി ഉണ്ടായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ മറ്റൊരു നാട്ടില്‍നിന്നും പലായനം ചെയ്ത് ഏതെങ്കിലും സ്ഥലത്ത് താമസമാക്കിയവര്‍ ‘ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയെ ഇപ്പോള്‍ താമസിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച്  സ്വീകരിക്കുമെങ്കിലും തന്റെ സമുദായത്തിന്റെ അംഗങ്ങളുമായി സംവദിക്കാന്‍ ഈ ഭാഷ ഉപയോഗിക്കുന്നു. അങ്ങനെ ആ ഭാഷ കാലക്രമേണ ഗൂഢഭാഷയായി മാറുന്നു. കുംഭാരന്‍മാര്‍, പാണര്‍, കുശവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന ഗൂഢഭാഷകള്‍ ഉദാഹരണങ്ങളാണ്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലത്ത് ചില സമുദായങ്ങള്‍ മുഖ്യധാരാ സമൂഹത്തോട് അധികം ഇടപെടാതെയാണ് ജീവിച്ചിരുന്നത്. അവര്‍ക്ക് കാലക്രമേണ തനതായ വ്യക്തിത്വവും ആചാരാനുഷ്ഠാനങ്ങളും കൈവരുകയുണ്ടായി. കൂട്ടത്തില്‍ അവര്‍ക്ക് മുഖ്യധാരയിലെ ജനങ്ങള്‍ക്ക് മനസ്സിലാകാത്ത ഒരു ഭാഷാ രീതിയുമുണ്ടായി. അതിജീവന തന്ത്രം എന്ന നിലയിലാണ് അവര്‍ണ ജാതികള്‍ക്കിടയില്‍ ഗൂഢഭാഷകള്‍ രൂപം കൊണ്ടത്. പുറംലോകത്തിന് സംസാരം തീരെ മനസ്സിലാകാതിരിക്കാന്‍ ജാതിപ്പേരു കൂടി ഗൂഢഭാഷയിലാണ് പറയുക. പാണന്‍മാരുടെ ഗൂഢഭാഷയില്‍ നായര്‍-കമറന്‍, തട്ടാന്‍-കാഞ്ചനം, പത്ന്ന, എറംമ്പാന്‍ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. തരുന്ന കൂലി കുറഞ്ഞു പോകുമ്പോള്‍ സവര്‍ണ്ണരുടെ മുഖത്ത് നോക്കി ചീത്ത വിളിക്കാന്‍ അവര്‍ണ്ണരായ പാണനും കുശവനും സാധിക്കില്ലല്ലോ? അതിനാല്‍ തൊഴില്‍ സംബന്ധമായി അന്യരുടെ വീട്ടില്‍ പോകുമ്പോള്‍ പരസ്പരം ഗൂഢഭാഷയിലാണ് ഇവര്‍ സംസാരിക്കുക.

പാണന്‍മാരുടെ ഗൂഢഭാഷയില്‍ നിന്ന്
1.    പൈസ തരുന്നതില്‍ പിശുക്കുണ്ട്. വാങ്ങിക്കണോ?-ചിറ്റണം മേട്ടുന്നത് കിഴുമ്പിലാണ്. മമ്മിക്കണോ?
2.    വാങ്ങിച്ചോ- മമ്മിച്ചോ
3.    അധികം തരാന്‍ പറഞ്ഞു നോക്ക് - എന്നോ കെറ്റോണം മേട്ടാന്‍ കെരിക്ക്
4.    മുഖം കണ്ടാല്‍ അടിക്കാന്‍ തോന്നും- മോപ്പി കൊളര്‍ന്നാല്‍ കെറ്റിയാടക്കാന്‍ തോന്നും.
പാണന്മാര്‍ക്കിടയിലെ ഗൂഢഭാഷ മന്നാന്മാര്‍, മുതുവാന്മാര്‍ എന്നീ ആദിവാസിസമുദായങ്ങളുടെ സംസാരഭാഷകള്‍ പ്രത്യേക വ്യക്തിത്വമുള്ള ഭാഷകളാകാന്‍ സാധ്യതയുണ്ടെന്ന് ഡോ.എം.ആര്‍. പ്രബേധചന്ദ്രന്റെ കീഴില്‍ നടന്ന ഇടുക്കി ജില്ലയിലെ ആദിവാസി ഭാഷാഭേദങ്ങളുടെ സാമൂഹ്യ ഭാഷാശാസ്ത്ര സര്‍വെ റിപ്പോര്‍ട്ടില്‍ (1980) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആദിവാസി ഭാഷകള്‍ അവരുടെ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം സംസാരിക്കുന്ന ഭാഷ ഗൂഢഭാഷകളുടെ സ്വഭാവം പുലര്‍ത്തുന്നവയാണ്.

വംശീയേതര ഗൂഢഭാഷ
വിനോദത്തിനുവേണ്ടിയും, തൊഴില്‍പരമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടിയും, ചില ചരിത്രപരമായ കാരണങ്ങളാലും രൂപംകൊണ്ട ഗൂഢഭാഷകളാണ് വംശീയേതരഗൂഢഭാഷകള്‍. കടപയാദി, ചെട്ടിഭാഷ, ഫാന്‍സി കടകളില്‍ ഉപയോഗിക്കുന്നത്, മറിച്ചു ചൊല്ലല്‍, മൂലഭദ്രി, മൈഗുരുഡ് തുടങ്ങിയവ ഉദാഹരങ്ങളാണ്. ഇവയില്‍ വിനോദത്തിനു വേണ്ടി രൂപപ്പെടുത്തിയവയാണ് കടപയാദി, മറിച്ചു ചൊല്ലല്‍ എന്നിവ. വ്യാപാര ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നവക്ക് ഉദാഹണമാണ് ചെട്ടിഭാഷ, ഫാന്‍സി കടകളില്‍ ഉപയോഗിക്കുന്ന ഭാഷ തുടങ്ങിയവ. സംഖ്യകളെ നിഗൂഢവത്ക്കരിക്കാന്‍ രൂപപ്പെടുത്തിയവയാണ് കടപയാദി, ചെട്ടിഭാഷ, ഫാന്‍സികട ഭാഷ എന്നിവ. ചരിത്രപരമായ പ്രത്യേക സാഹചര്യങ്ങളാല്‍ രൂപപ്പെട്ടവയാണ് മൂലഭദ്രി, മൈഗുരുഡ് തുടങ്ങിയവ.
    അക്ഷരങ്ങള്‍ക്ക് പകരം സംഖ്യകളും (കടപയാദി) സംഖ്യകള്‍ക്ക് പകരം അക്ഷരങ്ങളും (ഫാന്‍സികടയിലെ ഭാഷ) സംഖ്യകള്‍ക്ക് പകരം വാക്യങ്ങളും (ചെട്ടിഭാഷ) ഉപയോഗിക്കുന്ന ഗൂഢഭാഷകളുണ്ട്. അക്ഷരങ്ങള്‍ക്ക് പകരം സംഖ്യകള്‍ ഉപയോഗിക്കുന്ന ഗൂഢഭാഷയാണ് കടപയാദി. കടപയാദി എന്ന പേര് വരാന്‍ കാരണം ക,ട,പ,യ എന്നീ അക്ഷരങ്ങള്‍ക്ക് പകരം ഒന്ന് എന്ന സംഖ്യ ഉപയോഗിക്കുന്നതു കൊണ്ടാണ്. മുന്‍കാലങ്ങളില്‍ ചിലര്‍ വിനോദമെന്ന നിലയില്‍ വാക്കിനെ നിഗൂഢവത്ക്കരിക്കാനാണ് കടപയാദി ഉപയോഗിച്ചിരുന്നത്. ഇതു പ്രകാരം വന്നു’ എന്നതിന് “വ’ യ്ക്കു പകരം നാല് “ന’ യ്ക്ക് പകരം പൂജ്യവുമാണ്. വ്യാഖ്യാനിക്കുമ്പോള്‍ “വന’ (40) എന്ന ആകുമെങ്കിലും സാമാന്യ ബുദ്ധി കൊണ്ട് വന്നു എന്ന് മനസ്സിലാക്കുന്നു.
സംഖ്യകള്‍ക്ക് പകരം വാക്കുകള്‍ ഉപയോഗിക്കുന്ന ഗൂഢഭാഷയാണ് ചെട്ടിഭാഷ. കന്നുകാലി കച്ചവടക്കാര്‍ ‘ഉരുവിന് വിലയുറപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഭാഷയാണ് ചെട്ടിഭാഷ. മലപ്പുറം ജില്ലയിലെ വ്യത്യസ്ത കന്നുകാലിച്ചന്തകളില്‍ (ജില്ലക്ക് പുറത്തും) ഇതുപയോഗിക്കുന്നുണ്ട്. കന്നുകാലികളെ വീടുകളില്‍ നിന്ന് / ചന്തകളില്‍ നിന്ന്  വാങ്ങാനോ വില്‍ക്കാനോ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നാണ് പോവുക. ഉരുവിന്റെ ഗുണദോഷങ്ങള്‍ക്കനുസരിച്ച് വില നിശ്ചയിക്കുമ്പോള്‍ വീട്ടുടമസ്ഥന്‍ അറിയാതിരിക്കാന്‍ വേണ്ടിയാണ് സംഖ്യകള്‍ക്ക് പകരം ഈ ഗൂഢഭാഷ ഉപയോഗിക്കുന്നത്. ചെട്ടിഭാഷ പ്രകാരം അക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാക്കുകള്‍ താഴെ കൊടുക്കുന്നു.
1.വാച്ച 2.യശവ് 3.കായ 4.പണയം 5.തട്ട 6.കരാതി 7.ആളി 8.വലിവ് 9. കുണ്ടംബേലം 10.മാട 11.മാടവാച്ച 12.മാടയശവ് 1 1/2.മുറിവാച്ച 2 1/2. യശവട്ടം 3 1/2. കായട്ടം, 4 1/2 പണയട്ട, 5 1/2 തട്ടമുറി, 6 1/2 കരാതിവട്ടം, 7 1/2 ആളിമുറി, 8 1/2 വലിവട്ടം, 25 ചെലേപ്പോട്ട്, 50 തട്ടത്തടപ്പ്, 450 പണയമുറ. ഒന്നിന് ഉപയോഗിക്കുന്ന വാച്ച’എന്ന വാക്കുതന്നെ സന്ദര്‍ഭമനുസരിച്ച് 100, 1000, 10000, ഒരു ലക്ഷം എന്നിവക്കെല്ലാം ഉപയോഗിക്കും. അതുപോലെ മറ്റു അക്കങ്ങള്‍ക്കും ഔചിത്യത്തോടെ മാറ്റം വരാം. മുറിവാച്ച’എന്നാല്‍ ഒന്നര എന്നാണെങ്കിലും 150, 1500, 15000, ഒന്നര ലക്ഷം എന്നിവയെല്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ചെട്ടിഭാഷ പ്രകാരം ഒന്‍പതരക്ക് പ്രത്യേകം വാക്കില്ല, ഒന്‍പതര വരുമ്പോള്‍ അതിന് പത്ത് ആയി ഗണിക്കും. അല്ലെങ്കില്‍ മാടയില്‍ (10) നിന്ന് ലേശം കുറവ് എന്ന് പറയും.
വിനോദത്തിന്‌വേണ്ടി ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗൂഢഭാഷയാണ് മറിച്ചു ചൊല്ലല്‍ (ചൊറിച്ചുമല്ലല്‍). ഇംഗ്ലീഷില്‍ Spoonerism.
വിനോദത്തിനും കച്ചവടത്തിനും വേണ്ടിയാണ് മേല്‍പ്പറഞ്ഞ ഗൂഢഭാഷകള്‍ ഉപയോഗിക്കുന്നതെങ്കില്‍ ചരിത്രപരമായ പ്രത്യേക കാരണങ്ങള്‍ കൊണ്ട് രൂപം കൊണ്ടവയാണ് മൂലഭദ്രി, മൈഗുരുഡ് തുടങ്ങിയവ. തിരുവിതാംകൂര്‍ രാജാവിന്റെ പട്ടാള ക്കാര്‍ക്കിടയില്‍ രൂപം കൊണ്ട ഗൂഢഭാഷയാണ് മൂലഭ്രദി. രാജശാസനകള്‍ മറ്റുള്ളവര്‍ അറിയാതെ രഹസ്യമായി സംസാരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മൂലദേവീയം, മ്ലേച്ഛിത വികല്‍പം എന്നെല്ലാം ഇതിന് പേരുകളുണ്ട്. മൂലഭദ്രി പ്രകാരം എങ്ങനെയാണ് വാക്കുകളുണ്ടാകുന്നതെന്ന് വിശദീകരിക്കുന്ന ശ്ലോകം താഴെ കൊടുക്കുന്നു.
അകൗ ഖഗൗ ഘങൗ ചൈവ
ചടൗ ഞണൗ തപൗ നമൗ
യശൗ രഷൗ ലസൗ ചേതി
ഒഹ ഷള റഴ കള”
അ’യ്ക്ക് പകരം ക, ക’യ്ക്ക് പകരം അ ഇങ്ങനെ ശ്ലോകത്തിലെ ചേര്‍ത്തിയെഴുതിയിരിക്കുന്ന വാക്കുകള്‍ പരസ്പരം മാറി പ്രയോഗിക്കുന്നു. മൂലഭദ്രി പ്രകാരമുള്ള ചില വാക്കുകള്‍ താഴെ കൊടുക്കുന്നു.
“ചായ വേണോ - ടാശ ഹേഞ്ഞോ
വേണം - ഹേഞ്ഞം
കടി - അചി
പരിപ്പുവട - തഷിഞ്ഞുഹജ”

മൈഗുരുഡ്
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ ചിലര്‍ സംസാരിക്കുന്ന ഗൂഢഭാഷയാണ് മൈഗുരുഡ്. മലപ്പുറം ജില്ലയില്‍ ഇരുമ്പുഴി, കുറ്റിപ്പുറം, എടപ്പാള്‍, വളാഞ്ചേരി, അരക്കുപറമ്പ, ആമയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മൈഗുരുഡ് സംസാരിക്കുന്നവരുണ്ട്. ഇരുമ്പുഴിയില്‍ ഇന്നു ജീവിക്കുന്നവരില്‍ ലേഖകനടക്കം മൂന്നു പേര്‍ക്കാണ് മൈഗുരുഡ് അറിയുന്നത്. മുന്‍തലമുറയില്‍പ്പെട്ട ഇരുപതോളം ആളുകള്‍ക്ക് മൈഗുരുഡ് അറിഞ്ഞിരുന്നു എന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. അതില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ഇരുമ്പുഴിയില്‍ മൈഗുരുഡ് അറിയുന്നവരെല്ലാം മുസ്‌ലിംകളായിരുന്നു എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. മുന്‍ തലമുറയില്‍നിന്നും മനസ്സിലാക്കിയവരാണ് ഇന്നു മൈഗുരുഡ് ഉപയോഗിക്കുന്നവര്‍. അവര്‍ പറഞ്ഞ അറിവാണ് മൈഗുരുഡ് മാപ്പിള ലഹള കാലത്ത് ഉപയോഗിച്ചിരുന്ന ഗൂഢഭാഷയാണെന്നത്. മരണപ്പെട്ടു പോയവരില്‍ മൈഗുരുഡ് അറിയുന്നവരില്‍ ഏറെപ്പേരും മാപ്പിളലഹളക്കാലത്ത് ജീവിച്ചിരുന്നവരാണ്.
മാപ്പിളലഹളയില്‍ പങ്കെടുത്തിരുന്ന പലരേയും ന്യായത്തിന്നും അന്യായത്തിന്നും ബ്രിട്ടീഷുകാര്‍ ജയിലിലടച്ചിരുന്നു. ജയില്‍ വാര്‍ഡന്മാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. കലാപകാരികളായ തടവുപുള്ളികള്‍ താന്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നെല്ലാം സഹതടവുകാര്‍ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. ജയിലിലേക്ക് പുതിയ തടവുകാര്‍ വരുമ്പോള്‍ പുതിയ നീക്കങ്ങള്‍ എന്തെല്ലാമാണ് നടക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസയുണ്ടാകുമല്ലോ? ഇതെല്ലാം സംസാരിക്കുമ്പോള്‍ മലയാളികളായ ജയില്‍വാര്‍ഡന്മാര്‍ കേള്‍ക്കുകയും ബ്രിട്ടീഷ് അധികാരികള്‍ അറിയുകയും ചെയ്യും. ഈ പ്രശ്‌നത്തെ മറികടക്കാനായിരിക്കും മൈഗുരുഡ് എന്ന ഗൂഢഭാഷ രൂപപ്പെടുത്തിയത്. മൈഗുരുഡ് കൂടുതല്‍ പ്രചരിച്ചത് എണ്‍പതുകള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലുണ്ടായിരുന്ന ബീഡി കമ്പനികള്‍ മുഖേനയായിരുന്നു. ബീഡി കമ്പനികളിലെ തൊഴിലാളികള്‍ പരസ്പരം രഹസ്യം പറയാനും അശ്ലീലം പറയാനും മൈഗുരുഡ് ഉപയോഗിച്ചിരുന്നു. അവര്‍ ഒരു കമ്പനി മാറി മറ്റൊരു കമ്പനിയിലേക്ക് തൊഴിലിന് പോകുമ്പോള്‍ അവിടേയും മൈഗുരുഡ് എത്തിയിരുന്നു. അങ്ങനെയാണ് കൂടുതല്‍ ജില്ലകളിലേക്ക് മൈഗുരുഡ് പ്രചരിച്ചത്.
മൈഗുരുഡില്‍ സ്വരാക്ഷരങ്ങളായ അ,ആ,ഇ,ഈ എന്നിവക്ക് യഥാക്രമം  സ,സാ,സി,സീ എന്നിങ്ങനെ അം, അഃ വരെ ഉപയോഗിക്കുന്നു. സ,സാ,സി,സീ എന്നിവയെ അ,ആ,ഇ,ഈ എന്നും മാറി പ്രയോഗിക്കുന്നു. വ്യഞ്ജനാക്ഷരങ്ങള്‍ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയില്‍ ഉപയോഗിക്കുന്നു. എങ്ങനെയാണ് ഒരു വ്യഞ്ജനാക്ഷരത്തിന്റെ പകരം മറ്റൊന്ന് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാനായി ഒരു ശ്ലോകമുണ്ട്.
കമ ങയ ചര വട ണ്ടഷ
പന റണ ഞല ങ്കറ്റ മ്പഞ്ച
ന്തഹ ബജ തള
ശ്ലോകത്തില്‍ ഒരു ജോടിയായി കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറി പ്രയോഗിക്കുന്നു. ഉദാഹരണത്തിന് ക’യ്ക്ക് പകരം മ’യും മ’യ്ക്ക് പകരം ക യും.’ബ’യ്ക്ക് പകരം ജ.’ജ’യ്ക്ക് പകരം ബ. വ്യഞ്ജനാക്ഷരത്തോടൊപ്പം വരുന്ന ആ, ഇ,ഊ തുടങ്ങിയ സ്വരമാത്രകള്‍ പകരം വരുന്ന അക്ഷരത്തോടൊപ്പം പ്രയോഗിക്കുന്നു. അതു പോലെ ദ്വിത്വം (ഇരട്ടിപ്പ്) പകരം വരുന്ന  അക്ഷരത്തിനും പ്രയോഗിക്കണം എന്നതാണ് വ്യവസ്ഥ. കുട്ട’എന്ന വാക്ക് മൈഗുരുഡ് പ്രകാരം മുവ്വ’ആയി മാറുന്നു. ശ്ലോകത്തിലെ കമ,വട എന്നീ ഭാഗങ്ങള്‍ പ്രകാരം പകരാക്ഷരങ്ങളായി മവ’വരുന്നു. കു’യക്ക് പകരം സ്വരമാത്രയായ ഉകാരം മു’വിന് കുടെയും ട്ട’യുടെ ദ്വിത്വം വ’ക്ക് കൂടെയും പ്രയോഗിക്കുന്നു.
മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ശ്ലോകത്തിലില്ലെങ്കിലും അത്യാവശ്യമുള്ളതെല്ലാം ഉണ്ട്. കുതിര’എന്നെഴുതി കുദിര’എന്ന് വായിക്കുന്നവരാണല്ലോ മലയാളികള്‍. അതുപോലെ അതിഖരം, മൃദു, ഘോഷം തുടങ്ങിയവയെല്ലാം ഖരമായി സങ്കല്‍പ്പിച്ചു കൊണ്ടാണ് പ്രയോഗിക്കുന്നത്. മൈഗുരുഡ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു സംഭാഷണ ശകലം താഴെ കൊടുക്കുന്നു.
എന്താ പേര് - സെഹാ നേച്ച്
ഗീത - ഈള
എവിടാ വീട് - സെടിവാ ടീവ്
മഞ്ചേരി - കമ്പേജി
എന്താ വേണ്ടെ - സെഹാ ടേഷെ
ഒരു ചായ വേണം - സൊചു രാങ ടേറം
കടി വേണോ - മവി ടേറോ
വേണ്ട - ടേഷ
എങ്ങോട്ടാ പോകേണ്ടത് - സെയ്യ്യോവാ നോമ്‌റ്‌ള്
മലപ്പുറം - കഞന്നുണം
എന്തിനാ - സെഹി പാ
പച്ചക്കറി വാങ്ങണം - നരമ്മണി ടായറം
എത്രയോ കാലങ്ങളായി സംസാരിച്ച് കൊണ്ടിരിക്കുന്ന ചിലഭാഷകള്‍ പല കാരണങ്ങള്‍ കൊണ്ടും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ ഗൂഢഭാഷകളുടെ കാര്യം പറയേണ്ടതില്ല. പാരമ്പര്യങ്ങളേയും നാട്ടു പെരുമകളേയും അവഗണിച്ചും തള്ളിപ്പറഞ്ഞും ജീവിക്കുക എന്നത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. ചരിത്രപരമായി നമ്മുടെ നാടുമായി ചേര്‍ന്നു കിടക്കുന്ന മൈഗുരുഡിനും മറ്റു ഗൂഢഭാഷകള്‍ക്കും ക്ഷയം സംഭവിക്കുക സ്വാഭാവികം. പാടെ നശിച്ചു പോകുന്നതിനു മുമ്പ് അതിവിടെ ഉണ്ടായിരുന്നു, പ്രത്യേകതകള്‍ ഇങ്ങനെയെല്ലാമായിരുന്നു എന്ന് അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഇത്.

Reference

1. ടി.കെ അച്യുതന്‍ -ഭാഷാകേളി, ആമുഖക്കുറിപ്പ്. (ഡോ.കെ.സോമന്‍) ഡിസി ബുക്ക്‌സ് 2003)
2.കെ.വേലപ്പന്‍-ആദിവാസികളും, ആദിവാസിഭാഷകളും (കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
3. കെ.കെ ബാബുരാജ് - പാണന്‍മാരുടെ ഗൂഢഭാഷ (എം.ഫില്‍ പ്രബന്ധം - കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 1993.)