ഹിന്ദു - മുസ്‌ലിം സാമൂഹ്യ ബന്ധങ്ങളും കേരള സംസ്‌കാര രൂപീകരണവും

മുഹമ്മദ് അജ്മല്‍ മമ്പാട്   (റിസര്‍ച്ച് സ്‌കോളര്‍, ജാമിഅ ഹംദര്‍ദ്‌)

ലോകം അതിന്റെ വായനയില്‍ കണ്ടെത്തിയതും ഇനിയും തെളിഞ്ഞും ഒളിഞ്ഞും കിടക്കുന്നതുമായ ഒട്ടനേകം സത്യങ്ങളുടെ കലവറയാണ് കേരളചരിത്രം. തുടക്കത്തിലെ 'ലോകം' എന്ന പ്രയോഗം അതിശയോക്തിയല്ല. വ്യത്യസ്ത ലോകഭാഷകളില്‍ കേരള ചരിത്രം മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്‌, ഡച്ച്, ചൈനീസ്, ഫ്രഞ്ച്, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ കേരള ചരിത്രം ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്. അതിപ്രാചീന കാലം മുതല്‍ക്കേ ഭാരതത്തിലെ എല്ലാ മതക്കാരുടെയും തത്വചിന്താ പദ്ധതികളുടെയും മാത്രമല്ല, ലോകത്തിലെതന്നെ മുഖ്യ മതങ്ങളുടെയും സംഗമ സ്ഥാനമായിരുന്നു കേരളം. ക്രിസ്തുമതം, ജൂതമതം, ഇസ്‌ലാം തുടങ്ങിയ വൈദേശിക മതങ്ങള്‍ കേരള ജനതയുടെ ജീവിതവീക്ഷണ വികാസത്തിനു സഹായകമായിട്ടുണ്ട്. ഇവയില്‍ ഇസ്‌ലാമിക ചിന്താരീതികളും ജീവിത വീക്ഷണവും കേരളജനത അതിതാല്‍പര്യത്തോടെത്തന്നെ വീക്ഷിക്കുകയും അതിന്റെ സംസ്‌കാരത്തെ പുല്‍കുകയും ചെയ്തു.

മതപ്രചാരണം
എഴുതപ്പെട്ട കേരള ചരിത്രത്തിന്റെ സത്യസന്ധമായ വരികള്‍ അറേബ്യന്‍ മുസ്‌ലിംകള്‍ക്ക് കേരളജനത നല്‍കിയ സൗഹാര്‍ദ്ദ സ്വീകരണത്തിന്റെയും ഇസ്‌ലാമിന്റെ പ്രചാരണത്തിന്റെയും മുന്‍കാലങ്ങളിലേക്ക് വെളിച്ചം വിതറുന്നു. കേരളത്തിലേക്കു വന്ന മതങ്ങളെക്കാളേറെ ആത്മാര്‍ത്ഥമായ സാമൂഹിക സ്വാധീനങ്ങളെത്തുടര്‍ന്ന് ഇസ്‌ലാം കേരളത്തില്‍ പ്രചാരത്തിലാകുന്നതും ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷണവുമൊക്കെ വിവാദങ്ങള്‍ക്കിടയില്‍ വികൃതമാക്കപ്പെട്ടെങ്കിലും അതിന്റെ സാരാംശം പല ചരിത്ര സത്യങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്. എന്തായാലും കേരളത്തിലെ ഇസ്‌ലാം ആഗമനവും പ്രചരണവും തികച്ചും സമാധാന പൂര്‍ണ്ണമായിരുന്നു. ഒരു തരത്തിലുമുള്ള സാമൂഹിക സ്പര്‍ധക്കോ, വര്‍ഗീയതക്കോ ഇസ്‌ലാം കാരണമായിട്ടില്ല. അതിന്റെ പരിപൂര്‍ണ്ണ ബഹുമതി ഇസ്‌ലാമിന്റെ സമഭാവനാസമീപനത്തിനും തദ്ദേശിയരുടെ ഐക്യത്തിനുമായിരുന്നു. ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍  നിരീക്ഷിക്കുന്നതു പോലെ കേരളത്തിലെ ഇസ്‌ലാം പ്രചാരണം തികച്ചും സമാധാന പൂര്‍ണ്ണമായിരുന്നു. അത് തളിരിട്ടത് ശത്രുതയിലല്ല. ഹിന്ദു മുസ്‌ലിം പരസ്പര സഹകരണത്തിന്റെ തണലിലാണ്. ഈ സൗഹാര്‍ദ്ദ സമീപനം ചില സാംസ്‌കാരിക ഇടപാടുകള്‍ക്കും, സമന്വയങ്ങള്‍ക്കും കാരണമായി. ഇസ്‌ലാമിക സംസ്‌കാരം കേരള സംസ്‌കാരത്തിലും തിരിച്ചങ്ങോട്ടും പല കൈമാറ്റങ്ങള്‍ക്കും കാലക്രമത്തില്‍ പുതിയൊരു സാംസ്‌കാരിക കലാ സാഹിത്യ ഭാഷാ സംസ്‌കാരത്തിലേക്കും വഴിയൊരുക്കി.

വികസനത്തിലെ മുസ്‌ലിം സംഭാവനകള്‍
മുസ്‌ലിം പ്രതിനിധികള്‍ക്ക് ഹിന്ദുരാജാക്കന്‍മാരില്‍ നിന്നു വലിയ ആദരവും പരിഗണനയും ലഭിച്ചിരുന്നു. സാമൂതിരിയുടെ പല്ലക്കില്‍ ഇരിക്കാനുള്ള സാധ്യത വരെ മുസ്‌ലിംകള്‍ക്ക് വകവെച്ചുനല്‍കിയ അനുവാദങ്ങളില്‍ ഉണ്ടായിരുന്നു. ഒരു നായര്‍ക്ക് അത് നിഷേധിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു അതെന്നുള്ളത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ സ്ഥാപിക്കാനുള്ള അനുവാദം കൂടി ലഭിച്ചു. പരിപൂണ്ണ മതസ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക് അനുവദിച്ചു. അവക്കെല്ലാം കാരണം മുസ്‌ലിംകളുടെ വിശ്വാസ ദര്‍ശനങ്ങളിലെ വശ്യതയും പ്രായോഗികതയും ആയിരുന്നു. കേരളത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി കര്‍മോദ്യുക്തരായി മുസ്‌ലിംകള്‍ അദ്ധ്വാനിച്ചു. മാലിക് ബിന്‍ ദീനാറിന്റെ സജീവ പ്രയത്‌നങ്ങളുടെ ഫലം കേരളത്തില്‍ ഇന്നും നിലകൊള്ളുന്ന വിവിധ പള്ളികള്‍ മാത്രമല്ല, അവയില്‍ പേരുകേട്ട പാര്‍പ്പു പ്രദേശങ്ങളും നഗരങ്ങളും, തുറമുഖ തീരങ്ങളുമുണ്ട്. തദ്ദേശീയരായ ഹിന്ദു വിഭാഗങ്ങളുമായുള്ള സൗഹാര്‍ദ്ദ സമീപനത്തിന്റെ മധുരഫലങ്ങളെന്നോണം സാമൂഹിക സാമ്പത്തിക മേഖലകളില്‍ അനന്യസാധാരണമായ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങി. കച്ചവട മേഖല അറബ് മുസ്‌ലിംകളുടെ സത്യസന്ധതയുടെയും ബുദ്ധിശക്തിയുടെയും തണലില്‍ തഴച്ചുവളര്‍ന്നു. ഉള്‍പ്രദേശങ്ങളിലെ ഇസ്‌ലാം മതാശ്ലേഷവും കച്ചവട ഇടപാടുകളും പുതിയ വ്യാപാര കേന്ദ്രങ്ങളുടെ സംസ്ഥാപനത്തിന് കാരണമായി. ഈ മാറ്റം മറ്റു പല മേഖലകളില്‍ കൂടി തെളിഞ്ഞു കണ്ടു. കേരളത്തിന്റെ പ്രദേശങ്ങള്‍ ഈജിപ്ഷന്‍, ഇറാനിയന്‍, അറേബ്യന്‍ രീതികളിലുള്ള പാര്‍പ്പിട സംസ്‌കാരത്തിലേക്ക് മാറിവന്നു. അതിനുമുമ്പ് കൂട്ടം ചേര്‍ന്ന് കിടക്കുന്ന കുടിലുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. റോഡുകളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങി. ഒരാള്‍ക്ക് മാത്രം നടന്നുപോകാവുന്ന പാതയുടെ സ്ഥാനത്ത് വിശാലമായ റോഡും ഒരോ ദിക്കിലും നിര്‍മ്മിച്ചു. റോഡുകള്‍ക്കരികില്‍ കനാലുകളും ആതുരാലയങ്ങളും സ്ഥാപിച്ചു. കാടുകളോട് ചേര്‍ന്ന ഒഴിഞ്ഞ സ്ഥലങ്ങളില്‍ വൃന്ദാവന സംസ്‌കാരം നട്ടുപിടിപ്പിച്ചു. മലബാറിലെ മുസ്‌ലിം കച്ചവടക്കാരുടെ വീടുകള്‍ തദ്ദേശീയരായ ഹിന്ദുക്കളുടേതിനേക്കാള്‍ ആകര്‍ഷകവും കരുത്തുറ്റതുമായിരുന്നു.

ജനകീയരായ അറബികള്‍
1498 ല്‍ വാസ്‌കോഡ ഗാമ കപ്പലിറങ്ങിയത് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ കോഴിക്കോടാണ്. കേരള ചരിത്രത്തില്‍ വ്യാപാര കേന്ദ്രങ്ങളില്‍ മുഖ്യ ഇടങ്ങളിലൊന്നായ ഈ സ്ഥലം വ്യത്യസ്ത ലോക ഭാഷകളില്‍ കാലിക്കുത്ത്, കാലിക്കറ്റ്, ഓഫിര്‍, കോഴിക്കോട് തുടങ്ങിയ പേരുകളില്‍ ആലേഖനം ചെയ്യപ്പെട്ട് കിടക്കുന്നു. അതിന്റെ വലിയൊരംശം അറബ് മുസ്‌ലിംകളുടെ ചരിത്രാവകാശങ്ങളുടെ പട്ടികയിലാണ്. ഗാമയും കൂട്ടരും കപ്പലിറങ്ങുമ്പോള്‍ അന്നത്തെ സാമൂതിരിയും അദ്ദേഹത്തിന്റെ സല്‍പ്രീതരായ മുസ്‌ലിംകളും അവരെ സ്വാഗതം ചെയ്തു. ചുറ്റുപാടും അന്തരീക്ഷവും മനസ്സിലാക്കാന്‍ കപ്പലില്‍ നി്ന്നും പുറത്തിറങ്ങിയ ആദ്യ പോര്‍ച്ചുഗീസ് യാത്രികനോട് സംസാരിച്ചത് കോഴിക്കോട്ടെ രണ്ട് മുസ്‌ലിംകളായിരുന്നു. പോര്‍ച്ചുഗീസ് ഭാഷയിറിയുന്ന മൊറോക്കന്‍ വംശജരായിരുന്നു അവര്‍. മുഹമ്മദ് വാസിം ഫെരിശ്ത വിശദീകരിക്കുന്നത് ‘യൂറോപ്യന്‍ മുഹമ്മദ്’ ആയിട്ടാണ്. അദ്ദേഹം അവരിലൊരാളുടെ പേരുപോലും പരാമര്‍ശിക്കുന്നുണ്ട്. ദുവര്‍ തൈബര്‍ബോസ അന്നത്തെ മുസ്‌ലിംകളെക്കുറിച്ച് എഴുതുന്നത് അര്‍ത്ഥവത്തായ വരികളാണ്. തദ്ദേശിയരുടെ അതേ ഭാഷയും നിറവുമുള്ള വലിയൊരളവ് മുറുകള്‍(മുസ്‌ലിംകള്‍) മലബാര്‍ രാജ്യത്ത് ഉണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി അവര്‍ തൊപ്പി ധരിക്കുകയും താടി വളര്‍ത്തുകയും ചെയ്യുന്നു. ഈ മുറുകളെ തദ്ദേശിയര്‍ മാപ്പിളമാര്‍ എന്നു വിളിച്ചുപോരുന്നു. ഇവരാണ് തുറമുഖങ്ങളിലെ പ്രമുഖ വ്യാപാരികള്‍. ഉള്‍പ്രദേശങ്ങളിലും അവര്‍ എസ്‌റ്റേറ്റുകളുടെയും ഫാമുകളുടെയും ഉടമകളായിരുന്നു. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയുടെ ഈ പ്രദേശത്ത് വന്നില്ലായിരുന്നുവെങ്കില്‍ ഇതൊരു മുസ്‌ലിം രാജ്യം(Morish Kingdom) ആവുമായിരുന്നു. അവര്‍ രാജ്യത്തിലെ ഓരോ വ്യക്തിയെയും ആദരിച്ചു. അതേ സമയം തദ്ദേശീയരായ ജനങ്ങള്‍ ഹിന്ദുമതത്തിലെ ഉയര്‍ന്ന ജാതിയുടെയും ജന്മികളുടെയും ചൂഷണത്തിന്റെ ഇരകളായിരുന്നു. മുസ്‌ലിംകളും അവരുടെ മതത്തിലെ വിശാല മനസ്‌കതയും സമഭാവനാ സമീപനവുമെല്ലാം സ്വാഭാവികമായും അവരെ ആകര്‍ഷിച്ചു. ആ മതം സ്വീകരിക്കാന്‍ ജാതീയതയുടെയും തൊട്ടുകൂടായ്മയുടെയും വിലങ്ങു തടികളിലെന്നത് കൂട്ടത്തോടെ ആ മതം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഉയര്‍ന്ന ജാതിയിലെ ഹിന്ദു മതാനുയായികളും ഇസ്‌ലാം മതം സ്വീകരിച്ചവരില്‍ ഉണ്ട്. ഇസ്‌ലാമികാശയങ്ങളുടെ ദൈവീകത മനസ്സുകളില്‍ ചലനമുണ്ടാക്കാന്‍ മാത്രം പര്യാപ്തമാണെന്നതിന് കേരള ചരിത്രവും സാക്ഷിയായി. അടിയന്തര ഘട്ടങ്ങളില്‍ താഴ്ന്ന ജാതിക്കാരെ സഹായിക്കേണ്ടി വരുമ്പോള്‍ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും കൂച്ചുവിലങ്ങളുകളാല്‍ ഹിന്ദു സമൂഹം ബന്ധിതരായി നിസ്സംഗരായപ്പോള്‍ മുസ്‌ലിം സമൂഹം അവരെ വേണ്ട വിധം പരിചരിച്ചു.

ഇസ്‌ലാം പ്രബോധന പ്രവര്‍ത്തനങ്ങള്‍
16ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിന്റെ തീര പ്രദേശങ്ങള്‍ പോര്‍ച്ചുഗീസ് ആക്രമണത്തിന്റെ ഇരകളായിത്തുടങ്ങിയിരുന്നു. പോര്‍ച്ചുഗീസ് സൈന്യത്തിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അതിരുവിട്ടു തുടങ്ങിയത് സഹിക്കവയ്യാതെ തീരപ്രദേശത്തെ മുസ്‌ലിം വ്യാപാരികള്‍ ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിത്തുടങ്ങി. പോര്‍ച്ചുഗീസുകാര്‍ അധികാരികളായി സ്വയം അവരോധിതരായി. ഇവരെ നേരിടാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ മുസ്‌ലിംകള്‍ അല്‍പ്പാല്‍പ്പമായി ഈ പ്രദേശങ്ങള്‍ വിട്ടുപോവാന്‍ തുടങ്ങി എന്ന് ബര്‍ബോസ രേഖപ്പെടുത്തിയിട്ടുണ്ട്. ഹളര്‍മൗത്തില്‍ നിന്നും വന്ന മതപ്രബോധകരാണ്  ഉള്‍പ്രദേശങ്ങളിലെ മുസ്‌ലിം സമൂഹത്തെ നയിച്ചിരുന്നത് എന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. താഴ്ന്ന ജാതിയിലെ ഹിന്ദു അവാന്തര വിഭാഗങ്ങളും ഉയര്‍ന്ന ജാതിയിലെ ഹിന്ദുക്കളും ഇസ്‌ലാമിന്റെ മഹിതാശയത്തില്‍ ആകൃഷ്ടരായി ഇസ്‌ലാം മതം സ്വീകരിക്കാന്‍ തുടങ്ങി. സൈനുദ്ദീന്‍ മഖ്ദൂം അന്നത്തെ ഹിന്ദുമതത്തിലെ അതിവിചിത്രമായ സാമൂഹികാചാരങ്ങളെക്കുറിച്ച് തന്റെ പ്രസിദ്ധ ഗ്രന്ഥമായ തുഹ്ഫത്ത് അല്‍ മുജാഹിദീനില്‍ വിവരിക്കുന്നുണ്ട്. ലോക സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയുടെ യാത്രാ വിവരണങ്ങളിലും ഇത്തരം വിചിത്രാചാരങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്നും വലിയ അളവില്‍ മതപരിത്യാഗം നടന്നത് എങ്ങനെയെന്ന് മനസ്സിലാവും. ഹിന്ദു മതത്തില്‍നിന്നും ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയവര്‍ക്കും മുസ്‌ലിംകള്‍ക്ക് ലഭിച്ചിരുന്ന അതേ ആദരവും പരിഗണനയും ലഭിച്ചു. മുന്‍ കാലങ്ങളില്‍ അനുഭവിച്ചിട്ടില്ലാത്ത ഇത്തരം സമീപനങ്ങള്‍ മുസ്‌ലിംകളില്‍നിന്നു അനുഭവിച്ചപ്പോള്‍ ഹിന്ദുമതത്തില്‍ നിന്നു വന്നവര്‍ക്ക് അത് പുതിയൊരു അനുഭവവും ആശ്വാസവുമായി.

പോര്‍ച്ചുഗീസ് ആക്രമണങ്ങളെ ശക്തമായി ചെറുത്തുനില്‍ക്കാന്‍ മുസ്‌ലിംകള്‍ വഹിച്ച നേതൃത്വവും പങ്കും ആ കാലഘട്ടത്തിലെ അനിവാര്യതയായിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ട നാവിക പരമ്പരയായിരുന്നു സാമൂതിരിയുടെ കപ്പല്‍ പടയെ നയിച്ചിരുന്നത്. മുസ്‌ലിംകള്‍ നാവിക മേഖലകളില്‍ അഗ്രഗണ്യരായിരുന്ന ആ സാഹചര്യത്തില്‍ സാമൂതിരിക്ക് കപ്പല്‍ പടയില്‍ ഇനിയും പടയാളികളെ ആവശ്യമായി വന്നു. മുക്കുവ കുടുംബത്തിലെ ഹിന്ദു പ്രതിനിധികളോട് ഇസ്‌ലാം മതം സ്വീകരിക്കാന്‍ പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ചരിത്ര രേഖയാണ്. തിയ്യ, ചെറുമ സമുദായത്തില്‍ നിന്നും മറ്റു ഹിന്ദു അവാന്തര വിഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തുടങ്ങി. ഈ നാടിനെ സ്വന്തം നാടായിക്കണ്ടു മുസ്‌ലിംകള്‍ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സാമൂതിരിയുടെ കീഴില്‍ ഒറ്റക്കെട്ടായി പൊരുതി. അറേബ്യയില്‍ നിന്നും കച്ചവടാവശ്യാര്‍ത്ഥം വന്ന അറബികള്‍ ആണ് കേരളത്തിലേക്ക് ഇസ്‌ലാമിന്റെ ബീജാവാപം നടത്തിയത്. കപ്പല്‍ യാത്രയിലെ ദുരിതങ്ങളും കഷ്ടതകളും ദൈര്‍ഘ്യവും കാരണം അവര്‍ സ്ത്രീകളെ യാത്രയില്‍ കൂടെക്കൂട്ടാറുണ്ടായിരുന്നില്ല. സ്വാഭാവികമായും സാഹചര്യങ്ങളും തിരിച്ചുപോക്കിനുള്ള ദൈര്‍ഘ്യവും കാരണം തദ്ദേശീയ സ്ത്രീകളുമായി അവര്‍ വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അറേബ്യയില്‍ നിലവിലുണ്ടായിരുന്ന ഇത്തരം വിവാഹ രീതികള്‍ മുത്അ എന്ന പേരില്‍ അറിയപ്പെടുന്നു. അതുകൂടാതെ ഹിന്ദു നായര്‍ വിഭാഗങ്ങളിലെ കടുത്ത ചില ആചാരങ്ങള്‍ തദ്ദേശ സ്ത്രീകള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് കാരണമായി. നായര്‍ സ്ത്രീകള്‍ അവരുടെ ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായി വല്ലതും ചെയ്താല്‍ ജാതിയില്‍ നിന്നും പുറത്തുപോവേണ്ട അവസ്ഥയുണ്ടായിരുന്നു. അത്തരം സാഹചര്യത്തില്‍ മുസ്‌ലിമോ ക്രിസ്ത്യനോ ആവാനേ ഗത്യന്തരമുണ്ടായിരുന്നുള്ളൂ. മൊത്തത്തില്‍ ഇസ്‌ലാമിന്റെ കേരളത്തിലെ വളര്‍ച്ചക്കും വികാസത്തിനും പ്രധാനമായും കാരണമായത് ഇസ്‌ലാമിന്റെ പ്രബോധന സ്വഭാവവും തദ്ദേശീയരുടെ വിപുലമായ മതപരിവര്‍ത്തനവും, വൈവാഹിക ബന്ധങ്ങളും സാമൂതിരിയുടെ സഹകരണവും പ്രോത്സാഹനവും സര്‍വോപരി ഇസ്ലാമിന്റെ മഹിതാശയവും സംസ്കാരവുമാണ്.

ഒരേ ഭൂമിക, രണ്ടു മതങ്ങള്‍
അറേബ്യന്‍ മുസ്‌ലിംകളുടെ ആഗമനവും തദ്ദേശീയരോടൊത്ത് ഉണ്ടായ ഇടപാടുകളും തദ്ദേശീയരില്‍ നിന്നും കിട്ടിയ ആദരവും പരിഗണനയും കാലക്രമേണ അധിനിവേശ ശക്തികള്‍ക്കെതിരെ പടനയിക്കുന്നതില്‍ മുസ്‌ലിംകള്‍ കാണിച്ച ആത്മാര്‍ത്ഥതയും ധീരതയും, ഒത്തൊരുമക്ക് കേളികേട്ട സാമൂഹിക ജീവിതവും കേരള ചരിത്രത്തെ സമ്പല്‍ സമൃദ്ധവും സാംസ്‌കാരിക സമ്പുഷ്ടവുമാക്കുന്നു. ബര്‍ബോസ പറഞ്ഞതുപോലെ പോര്‍ച്ചുഗീസ് ശക്തികള്‍ ഇവിടെ വരുന്നതിന് മുമ്പും ഒട്ടനേകം മുസ്‌ലിംകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ആ മുസ്‌ലിംകളോട് ഇന്നാട്ടുകാര്‍ ഒരു തരത്തിലുമുള്ള വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടില്ല. ഒരേ മണ്ണില്‍ രണ്ട് പ്രബല മതങ്ങള്‍ കാലങ്ങളോളം ഒരുമിച്ച് ജീവിച്ചതിന്റെ ലോക മാതൃകയായി കേരളം. തൊട്ടുകൂടായ്മ അതിന്റെ ചരിത്ര ഗതിയില്‍ ഉച്ചിയിലായിരുന്ന സാഹചര്യത്തില്‍ പോലും ഒരു മുസ്‌ലിം ഹിന്ദു വഴിയില്‍ കണ്ടുമുട്ടിയാല്‍ ആദരസൂചകമായി ഹിന്ദു മുസ്‌ലിമിനു വഴിമാറിക്കൊടുത്തു. ഇസ്‌ലാമിന്റെ ഏകദൈവത്വ സിദ്ധാന്തം ഹിന്ദു ആശയങ്ങളിലും പ്രകടമായ വ്യതിയാനങ്ങള്‍ വരുത്തി. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ശ്രീ ശങ്കരാചാര്യര്‍ ഇസ്‌ലാമിന്റെ ഏക ദൈവത്വ സിദ്ധാന്തത്തില്‍ ആകൃഷ്ടനായതായി എ. ശ്രീധര മേനോന്‍ തന്റെ കേരള സംസ്‌കാരം എന്ന പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. അമ്പലങ്ങളും പള്ളികളും ഒരേ പറമ്പില്‍ നിലകൊള്ളുന്നതിന്റെ തെളിവുകള്‍ ഇന്നും കേരളത്തിലുണ്ട്. യാതൊരുവിധ സ്പര്‍ദ്ധയോ തര്‍ക്കമോ കൂടാതെ പല ഉത്സവങ്ങളും ആഘോഷങ്ങളും കേരളത്തില്‍ നടന്നുവരുന്നു. ഇങ്ങനെ ഒത്തുചേര്‍ന്നുള്ള ജീവിത രീതികളുടെ ഫലമായി ഒരു സമന്വയ സംസ്‌കാരത്തിന് കേരളം വേദിയായി. അമ്മ വഴിക്കുള്ള കേരള സംസ്‌കാരവും പിതാവ് വഴിഅറേബ്യന്‍ സംസ്‌കാരവും കേരളീയര്‍ അനന്തരമായെടുത്തു. ആ സമന്വയത്തില്‍ സംസ്‌കാരവും ആചാരങ്ങളും കലയും നിര്‍മാണ വൈദഗ്ധ്യവും സ്ഥാപനങ്ങളും, കുടുംബഘടനയും ആഘോഷങ്ങളും ഭാഷയും സാഹിത്യവും സംഗീതവുമെല്ലാം ഉള്‍ചേരുന്നു.

ഉപസംഹാരം
ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യാപാര ബന്ധം മുഖേനയാണ് ഇസ്‌ലാം കേരളത്തിലെത്തിയത് എന്ന കാര്യം സുവ്യക്തമാണ്. വ്യാപാരികളില്‍ പലരും മുഹമ്മദ് നബിയുമായി നേരിട്ട് ബന്ധമുള്ളവരായിരുന്നു. മുഹമ്മദ് നബിയുടെ നിര്‍ദ്ദേശങ്ങളും ജീവിത ചര്യകളും സ്വഹാബികള്‍ എന്ന നിലക്ക് അവരും പാലിച്ചു പോന്നു. അവരുടെ സ്വഭാവ വൈശിഷ്ട്യങ്ങളില്‍ ആകൃഷ്ടരായ കേരള ജനതക്ക് അവരിലുണ്ടായ വിശ്വാസവും പ്രതീക്ഷയും വ്യാപാര മേഖലയെയും ഊഷ്മളമാക്കി. മുമ്പു വിവരിച്ചപോലെ പല കാരണങ്ങളാല്‍ മത പരിവര്‍ത്തനം നടന്നു. മതം മാറി വന്നവരില്‍ വലിയൊരു വിഭാഗം ഇസ്‌ലാമിന്റെ പരിപൂര്‍ണ്ണ വശങ്ങള്‍ മനസ്സിലാക്കിയവര്‍ ആയിരുന്നില്ല. മത പരിവര്‍ത്തനത്തിനു ശേഷവും മുമ്പ് കൊണ്ടുനടന്നിരുന്ന പല സംസ്‌കാരങ്ങളും വിശ്വാസങ്ങളും രീതികളുമൊക്കെ അവര്‍ കാത്തുസൂക്ഷിച്ചു. അവ പൂര്‍ണ്ണമായും വെടിയാനാവാത്ത മാനസികാവസ്ഥ ചെറിയ ചില മാറ്റത്തിരുത്തലുകളിലൂടെ ആവര്‍ത്തിച്ചുവരാന്‍ അവരെ നിര്‍ബന്ധിതരാക്കി. അങ്ങനെ കേരളത്തിന്റെ കലയും സാഹിത്യവും ഭാഷയും സംസ്‌കാരവും പാരമ്പര്യ രീതികളുമൊക്കെ ഒരു സഞ്ചിത സംസ്‌കാരത്തിന്റെ മകുടോദാഹരണമായി, ഹിന്ദു മുസ്‌ലിം സംസ്‌കാരങ്ങളുടെ ഒരു സമന്വയ രൂപമായി ഇന്നും നിലനില്‍ക്കുന്നു.

Reference

1. A Sreedara Menon, Kerala Samskaram(Malayalam), P. 242, DC Books
2. Ibid
3. Tuhfat al Mujahideen, p. 29,30,31. Translalated by Muhammed Husayn Nainar S and P A SAaid Muhammed Kerala Muslim charithram, P. 45
4. Dr. Asgar Ali Engineer was prolific Indian social activist and historian
5. Tara Chand, Influence of Islam on India Culture, Allahabad, 1936, P.35
6. It has been highligheted by Muslim travelers like Masudi, Abdul Fida and Ibn Batuta. Sheikh Zainudin the Arabic scholar and philosopher of 16 th century made a graphic description of the condition of Muslims and their interactions with the rulers of Kerala
7. Tuhfat al Mujahideen, p. 44,45 Translated by Muhammed Husayn Nainar S
8. P.A Said Muhammed kerala Muslim Charithram P. 64,65
9. C.A Innes, I.C.S Edited by F.B Evans, IC.S Malabar Gazatteer, Vol. I and II, Reprinted by The State Editor kerala gazatteers Tiruvananthapuram 1997. P. 186
10. Mehrdad Shokoohy, Muslim Muslim Architecture of South India, The sultanate of Malabar And the traditions of maritime settlers on the Malabar and Coromandel coasts(Tamil Nadu, kerala And Goa)P. Routledge Curzon
11. Dr. Paravoor B Lathika Nair, P. 188,Bharathasthreekal Nootttanduk aliloode, Mathrubhumi Books
12. M.G.S Narayanan, Tuhfatul Mujahideen Vazhiyum Vayanayum. P. 20
13. Muhammed Kasim Ferista describes it as a European Mahomedan, Monzayde(MeenZeid), who speak Spanish and bicomes Vasco De Gama’s interpreter.(in the book History of the Rise of Mohamedan Power in india, till the year AD 1612, Translated from the original persian book of Mohammed Kasim Ferishta by John Briggs M.R. A.S, Vol. III, P. 503, University of California at Los Angeles)
14. Duarte Barbosa was a portuguese writer who stayed in Kerala during the first decades of 16 th century.
15. Portuguese addressed Muslims by the name “Moors”
16. Durte Barbos, A description of the Coasts of East Africa and Malabar, P. 146, The University of California Library.
17. Contributed to Jaihoon.com by Hussein Randathani. Posted on December 16, 2005
18. CA. Innes, I.C.S Edited by F.B Evans, I.C.S, Malabar Gazatteer, Vol I and II, Peprinted by the State Editor Kerala Gazttteers Tiruvananthapuram 1997. P. 186
19. Even in the 19 th century it was this abhorrent system wich compelled Swami vivekanantha to call Kerala a “Mad House”. (Ref. Vivekanantha Sahitya Sarvaswam, Vol, III, P 186-187), Bhaskaranunni, Pathompatham Nuttandile Keralam, Kerala Sahitya Academy, Truchur, 1988.P. 159
20. Thomas Arnold, Preaching of Islam Mal. Tras. Kalim, Islam Prabhodanavum Pracharanavum Quoted by Hussain Randathani, Jaihoon.ocm. Posted on December 16, 2005
21. Durte Barbos, A description of the Coasts of East Africa and Malabar, P. 147, The University of California Library.
22. Tuhfat al Mujahideen, Translalated by Muhammed Husayn Nainar P. 44
23. I Meeran Kutty, Hazrat Muhammed Shah Tangal,.(malayalam) P. 7 Quoted by Dr. Ibrahim Kunju. A.P. Mappila Muslims of Kerala Their History and culture
24. A Sreedara Menon, Kerala Samskaram(Mal) P. 31 DC Books
25. Ashin Das Gupta, Malabar in Asian Trade, Cambridge, 1967, P.5, Quated by Dr. K K N Kurupp and Prof. E Ismail, Emergence of Islam in Kerala In 20th century
26. A type ofmarriage in which both the husband and wife agree upon to live totether in the houseof the women for a stipulated period in the basis on bride price or Mahr. Refer “Mut’a Marriage in Mapilas of Malabar” by S.M Muhammed Koya, Calicut 1983 P. 17-18.
27. Durte Barbos, A description of the Coasts of East Africa and Malabar, P. 120, The University of California Library.(Durte Barbosa was a Portuguese writer who stayed in keraladuring the first decades of 16th century)
28. Velayudhan Panikkassery, Ibnu Batuta Kanda India, P. 221

author image
AUTHOR: മുഹമ്മദ് അജ്മല്‍ മമ്പാട്
   (റിസര്‍ച്ച് സ്‌കോളര്‍, ജാമിഅ ഹംദര്‍ദ്‌)