മാപ്പിളമാരുടെ ആവിര്‍ഭാവവും മുത്അ വിവാഹവും

അസ്മ എം.പി  

ക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഇസ്‌ലാമിക സമൂഹമായ മാപ്പിളമാരുടെ ആവിര്‍ഭാവത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അറബികള്‍ തദ്ദേശവാസികളുമായി നടത്തിയ വിവാഹബന്ധങ്ങള്‍ അഥവാ മുത്അ വിവാഹങ്ങള്‍ ആണ്. അറബിക്കടലിന്റെ ഇരുതീരങ്ങളിലായി സ്ഥിതി ചെയ്യുന്ന അറേബ്യയും കേരളവും തമ്മിലുള്ള ബന്ധം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നുവെങ്കിലും കൂടുതല്‍ ശക്തമായി മാറിയത് ഇസ്‌ലാമിന്റെ ഉയര്‍ച്ചയോടുകൂടിയാണ്. അറബ് കേരള സങ്കര സംസ്‌കാരത്തിന്റെ ഉടമകളായ മാപ്പിള സമൂഹത്തിന്റെ വളര്‍ച്ചക്ക് സാധ്യമാക്കിയത് കേരളത്തിലെയും അറേബ്യയിലേയും സാമൂഹ്യ ചുറ്റുപാടുകളുടെയും ഗോത്രജീവിതത്തിന്റെയും സമാനതകളാണ്. ഇവിടെ മുത്അ വിവാഹങ്ങളിലൂടെ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടത് രണ്ട് വ്യക്തികള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ മാത്രമായിരുന്നില്ല. മറിച്ച് വിവാഹമെന്നത് രണ്ട് വ്യത്യസ്ത സമൂഹങ്ങളുടെ സാംസ്‌കാരിക വിനിമയ സ്വാംശീകരണങ്ങളുടെ ഉപാധിയായി മാറുകയാണ് ഉണ്ടായത്.
ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഇസ്‌ലാമിന്റെ വ്യാപനം നടന്നത് പ്രധാനമായും തുര്‍ക്കി അഫ്ഗാന്‍ ആക്രമണങ്ങളിലൂടെയാണ്. എന്നാല്‍ കേരളത്തില്‍ ഇസ്‌ലാം കടന്നുവന്നത് 'ബഹുമാന്യനായ അതിഥി' ആയിട്ടായിരുന്നു. സമാധാനപരമായ വാണിജ്യ വൈവാഹിക ബന്ധങ്ങള്‍ ഒരുക്കിയ അനുകൂല സാഹചര്യത്തില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കേരളത്തില്‍ ഇസ്‌ലാമിനുണ്ടായത്. ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാന്‍ കഴിയാത്ത രീതിയിലുള്ള ദീര്‍ഘകാലം നിലനിന്ന ഒരു പാരസ്പര്യ ബന്ധം തദ്ദേശവാസികളുമായി സ്ഥാപിക്കാന്‍ അറബികള്‍ക്ക് കഴിഞ്ഞത് അന്ന് മലബാറില്‍ നിലവിലുണ്ടായിരുന്ന സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ചുറ്റുപാടുകള്‍ അനുകൂലമായിരുന്നത്കൊണ്ടു കൂടിയാണ്. ഈ ബന്ധത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന ചില ശേഷിപ്പുകള്‍ മലബാറിലെ മാപ്പിള ജീവിതത്തില്‍ ഇന്നും വ്യക്തമായി കാണാവുന്നതാണ്. ആദ്യഘട്ടത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം നടന്ന തീരപ്രദേശങ്ങളിലെ മുസ്‌ലിം കുടുംബങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂര്‍, തലശ്ശേരി, മാഹി, കോഴിക്കോട്, പൊന്നാനി (മലബാര്‍) ഇടവ (തിരുവനന്തപുരം) എന്നീ പ്രദേശങ്ങളില്‍ ഇന്നും തുടരുന്ന മരുമക്കത്തായവും നായര്‍ സംബന്ധവുമായി സാമ്യമുള്ള പുതിയാപ്പിള സമ്പ്രദായവും എല്ലാം തന്നെ ഈ പരസ്പര ബന്ധത്തിന്റെ തെളിവുകളാണ്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് മലബാറിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഇസ്‌ലാം വ്യാപിപ്പിച്ചത്.
കേരളത്തില്‍ അറബികള്‍ കൂടുതലായി എത്തിച്ചേര്‍ന്നത് 'സത്യത്തിന്റെ നഗരമായ'  കോഴിക്കോടാണ്. ഇതിനുകാരണം സാമൂതിരി രാജാവില്‍ നിന്ന് ലഭിച്ച നിരന്തരമായ പ്രോല്‍സാഹനങ്ങളായിരുന്നു. അറബ് കച്ചവടക്കാരെ പ്രോല്‍സാഹിപ്പിക്കാനായി സാമൂതിരി സകലവിധ കയറ്റിറക്ക് കച്ചവടവും നടത്താനുള്ള പൂര്‍ണ്ണാവകാശവും പള്ളി പണിയാനും മതാനുഷ്ഠാന സ്വാതന്ത്ര്യവും നാട്ടുകാരെ ഇഷ്ടമുണ്ടെങ്കില്‍ മതത്തില്‍ ചേര്‍ക്കാനുള്ള അവകാശവും നാട്ടു സ്ത്രീകളെ വിവാഹം ചെയ്യുവാനുള്ള അനുവാദവും അവര്‍ക്ക് കല്‍പ്പിച്ചുകൊടുത്തു. കൂടാതെ കോഴിക്കോട്ടെ അമ്പാടി കോവിലകം, വലിയകോവിലകം, ചെറിയ കോവിലകം, ഏറാമ്പില്‍ കോവിലകം, അയമ്പാടി കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കെ കോവിലകം, കുറ്റിച്ചിറ തമ്പുരാട്ടി, തുടങ്ങിയ എട്ടോളം കോവിലകങ്ങളില്‍ നിന്ന് നാനൂറോളം സ്ത്രീകളെ മുസ്‌ലീങ്ങളുടെ ഭാര്യമാരാവാന്‍ അനുവദിച്ചിരുന്നു. ഇത്തരത്തിലുള്ള നിരുപാധിക പിന്തുണ അറബികളുമായുള്ള വിവാഹ ബന്ധങ്ങള്‍ക്ക് സാമൂതിരി നല്‍കിയതില്‍ ചില സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരള തീരവും വിദേശരാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ ഇടനിലക്കാരായിരുന്നത് അറബികളായിരുന്നു. കേരളത്തിലെ സമ്പദ് വ്യവസ്ഥ പ്രധാനമായും നിലനിന്നിരുന്നത് സമുദ്രാന്തര വ്യാപാരത്തെ ആശ്രയിച്ചാണ്. കേരളത്തിലെ പ്രധാന സുഗന്ധദ്രവ്യങ്ങളായ കുരുമുളക്, ഇഞ്ചി, ഏലം, കറുവപ്പട്ട തുടങ്ങിയവ തേടിയാണ് അറബ് കപ്പലുകളും പത്തേമാരികളും കേരളതീരത്തെത്തിച്ചേര്‍ന്നത്. ലോകമെങ്ങും ആവശ്യക്കാരുണ്ടായിരുന്ന സുഗന്ധദ്രവ്യങ്ങള്‍ ഉല്‍പാദിപ്പിച്ച മലബാറിലെ ജനങ്ങള്‍ ജാതിപരമായും മതപരമായും ഉള്ള വിലക്കുകാരണം കടല്‍ കടന്ന് എങ്ങോട്ടും പോയിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുണ്ടായിരുന്ന 'വൈശ്യ' സമുദായത്തെപ്പോലുള്ള ഒരു സംഘടിത വ്യാപാരി വര്‍ഗ്ഗം കേരളത്തിലുണ്ടായിരുന്നില്ല. ഈ കുറവ് നികത്തിയത് അറബ് വ്യാപാരികളായിരുന്നു. അതിനാല്‍ ഈ ബന്ധം സാമ്പത്തികമായി ഒരു അത്യാവശ്യമായി മാറുകയായിരുന്നു.
മരുഭൂമിയായ അറേബ്യയില്‍ മറ്റു തൊഴിലുകള്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ അറബികളുടെ മുഖ്യജീവനോപാധി വ്യാപാരമായിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും അവര്‍ ചെലവഴിച്ചത് കടലിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള തുറമുഖ നഗരങ്ങളിലുമാണ്. ഓരോ സമൂഹത്തിന്റെയും ജീവിതരീതികളും സംസ്‌കാരവും തൊഴിലും അധിവസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
കാറ്റിന്റെയും മഴയുടെയും ചക്രഗതികളാണ് അറബികളുടെ മലബാറിലേക്കുള്ള സീസണ്‍ നിശ്ചയിച്ചത്. ജൂലൈ - ആഗസ്ത് മാസങ്ങളില്‍ എത്തിച്ചേര്‍ന്ന അറബികള്‍ നാലുമാസം ഇവിടെ ചെലവഴിച്ചതിന് ശേഷം ഡിസംബറിലോ ജനവരിയിലോ ആണ് അറേബ്യയിലേക്ക് തിരിച്ചുപോയത്. ഈ യാത്രക്ക് അന്നത്തെ സാഹചര്യത്തില്‍ മുപ്പതോ നാല്‍പ്പതോ ദിവസങ്ങള്‍ ആവശ്യമായിരുന്നു. ഉപജീവനത്തിനായുള്ള ഈ യാത്രകളില്‍ സ്ത്രീകള്‍ അവരെ അനുഗമിച്ചിരുന്നില്ല. ഇത് എത്തിച്ചേര്‍ന്ന തുറമുഖ നഗരങ്ങളില്‍ അറബികള്‍ വിവാഹബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് കാരണമായി. ബഹുഭാര്യത്വവും താല്‍ക്കാലിക വിവാഹവും സാധാരണമായിട്ടുള്ള ഒരു സമൂഹത്തില്‍ നിന്നും കേരളത്തിലെത്തിച്ചേര്‍ന്ന അറബികള്‍, ഇവിടെ ലഭ്യമായ അനുകൂല സാഹചര്യത്തില്‍ വ്യാപകമായ രീതിയില്‍ നാട്ടുസ്ത്രീകളുമായി വൈവാഹിക ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടാവാം എന്ന് അനുമാനിക്കപ്പെടുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും സമുദ്രയാത്രകളിലും അന്യദേശങ്ങളിലും ചെലവഴിക്കേണ്ടി വന്ന അറബികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ബന്ധങ്ങള്‍ അവരുടെ ജീവിത രീതിക്ക് അനുയോജ്യമായതായിരുന്നു. അന്ന് താല്‍ക്കാലിക വിവാഹം(മുത്അ) പ്രധാനമായും നിലനിന്നിരുന്നത് ദക്ഷിണ അറേബ്യയിലെ യമനില്‍ ആണ്. അവിടെ നിന്നുതന്നെയാണ് പ്രധാനമായും അറബികള്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നതും. ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യ കാലഘട്ടത്തില്‍ മുത്അ വിവാഹം അറേബ്യന്‍ ഗോത്രജീവിതത്തിലെ പരസ്പരമുള്ള കടമകളോ ഉത്തരവാദിത്തങ്ങളോ അവകാശങ്ങളോ ഇല്ലാത്ത സ്ത്രീ പുരുഷ ബന്ധങ്ങളുടെ അടിസ്ഥാനമായി പ്രവര്‍ത്തിച്ചു. സ്വന്തം കൂടാരങ്ങളില്‍ സ്വതന്ത്രമായ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ നിശ്ചിത തുക നല്‍കിയായിരുന്നു ബന്ധം സ്ഥാപിച്ചത്. എന്നാല്‍ പുരുഷനോ സ്ത്രീക്കോ ബന്ധം ഉപേക്ഷിക്കണമെന്ന് തോന്നുന്ന സാഹചര്യത്തില്‍ അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അതില്‍ സ്ത്രീ പുരുഷ ഭേദമുണ്ടായിരുന്നില്ല. ഈ ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ അവകാശവും സ്ത്രീകള്‍ക്കായിരുന്നു. ഇങ്ങനെയുള്ള ബന്ധങ്ങളാണ് പിന്നീട് പുരുഷന്‍ നല്‍കുന്ന പ്രതിഫലത്തുകയുടെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത കാലയളവിലേക്കുള്ള ബന്ധമായി മാറിയതും മുത്അ വിവാഹം എന്നറിയപ്പെട്ടതും. 'മുത്അ' എന്ന വാക്കിന്റെ അര്‍ത്ഥം 'പ്രതിഫലം' എന്നാണ്. ഇസ്‌ലാമിന് മുമ്പേയുള്ള ഈ സമ്പ്രദായം ഇസ്‌ലാം നിരോധിച്ചുവെങ്കിലും അറബികള്‍ നടത്തിയ നിരന്തര യാത്രകളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷവും 'മുത്അ' വിവാഹ ബന്ധങ്ങള്‍ ഏറെക്കാലം നിലനിന്നു. ഒരു സ്ഥലത്ത് നിന്ന് വിവാഹം കഴിക്കുകയും അവിടെനിന്ന് പോവുമ്പോള്‍ വിവാഹമോചനം നടത്തുകയും വീണ്ടും പുതിയ സ്ഥലത്ത് എത്തുമ്പോള്‍ പുതിയ ഭാര്യമാരെ സ്വീകരിക്കുകയും ചെയ്യുന്ന പതിവ് ഒരു അറബ് ആയിരുന്നില്ലെങ്കില്‍ കൂടി ഇന്ത്യ, സിലോണ്‍, മാലിദ്വീപ് അനുഭവങ്ങളുടെ ഇബ്‌നുബത്തൂത്തയുടെ വിവരങ്ങളില്‍ കാണാവുന്നതാണ്.
ഇസ്‌ലാമിലെ എല്ലാ വിഭാഗങ്ങളും (സുന്നി/ശിയ) ഈ രീതിയിലുള്ള വിവാഹം നിരോധിച്ചിട്ടുണ്ട്. ഷിയാക്കളിലെ ഇഥ്‌ന അസ്ഹരി വിഭാഗം മാത്രമാണ് മുത്അയെ അനുകൂലിക്കുന്നത്. ദക്ഷിണ അറേബ്യയിലെ സുനാന്‍ എന്ന സ്ഥലത്ത് ഇന്നും ഈ രീതിയിലുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ വര്‍ഷം തോറും എത്തിച്ചേരുന്ന മക്കയിലും ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ഈ രീതിയിലുള്ള താല്‍ക്കാലിക വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതായി കാണപ്പെടുന്നു. അറബികള്‍ക്ക് വളരെ പരിചിതമായ ഈ ഒരു സാമൂഹ്യ പരിസരമാണ് അവര്‍ക്ക് മലബാറിലും കാണാന്‍ കഴിഞ്ഞത്. അഥവാ ഇത്തരത്തിലുള്ള താല്‍ക്കാലിക ബന്ധങ്ങള്‍ സാധ്യമാക്കുന്ന അറേബ്യന്‍ ഗോത്രജീവിതത്തോട് സാമ്യമുള്ള ഒരു വ്യവസ്ഥിതിയാണ് മലബാറിലും നിലനിന്നിരുന്നത്.
മുത്അ വിവാഹങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം മലബാറില്‍ നിലനിന്നിരുന്നു. മാതൃദായക്രമം പുലര്‍ത്തിവന്നിരുന്ന കേരളത്തിലെ നായര്‍, തിയ്യ, മുക്കുവ, എന്നീ പ്രധാന സമുദായങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ സ്വന്തം തറവാട്ടില്‍ നിന്നുകൊണ്ടുതന്നെ ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായുള്ള ബന്ധങ്ങള്‍ ബഹുഭര്‍തൃത്വവും സംബന്ധവും സാധാരണമായിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള കുടുംബ വ്യവസ്ഥിതിയില്‍ ഭര്‍ത്താവ് ഭാര്യാകുടുംബത്തില്‍ ഇടയ്ക്കിടെയുള്ള ഒരു സന്ദര്‍ശകന്‍ മാത്രമായിരുന്നു. ഇന്ന് നമ്മള്‍ അംഗീകരിച്ചിട്ടുള്ള പുരുഷ കേന്ദ്രീകൃമായ കുടുംബ വ്യവസ്ഥക്കും ദായക്രമത്തിനും വിവാഹബന്ധങ്ങള്‍ക്കും വിപരീതമായിട്ടുള്ള ഈ വ്യവസ്ഥിതി മനുഷ്യന്റെ സാമൂഹിക വളര്‍ച്ചയിലെ ഒരു ഘട്ടം തന്നെയാണ്. പ്രാകൃത സമൂഹത്തില്‍ നിലനിന്നിരുന്നത് നിബന്ധനകളൊന്നും തന്നെയില്ലാത്ത സ്ത്രീ പുരുഷ ബന്ധങ്ങളാണ്. പിന്നീട് അത് ബഹുഭര്‍തൃത്വത്തിലേക്കും അടുത്ത ഘട്ടത്തില്‍ ബഹുഭാര്യത്വത്തിലേക്കും പിന്നീട് ഇന്നത്തെ രീതിയിലുള്ള ഏകഭാര്യ സമ്പ്രദായത്തിലേക്കും എത്തിച്ചേര്‍ന്നു എന്നതാണ് പ്രശസ്ത ചരിത്രകാരനായ മക്‌ലനന്‍ വിവാഹബന്ധ പരിണാമത്തിന്റെ വിവധ ഘട്ടങ്ങളെ കുറിച്ച് പറയുന്നത്. ജാതി മത പരിഗണനകള്‍ക്കതീതമായി ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന മലബാറിലെ വിവിധ മാതൃദായക്രമ സമൂഹങ്ങളെക്കുറിച്ച് മലബാര്‍ മാര്യേജ് കമ്മീഷനും പരാമര്‍ശിക്കുന്നുണ്ട്.

മലബാറിലും അറേബ്യയിലും നിലനിന്നിരുന്ന സ്ത്രീ പുരുഷ ബന്ധങ്ങളുടെ സമാനതകള്‍ക്ക് പുറമേ മുത്അ വിവാഹത്തിന് അനുകൂലമായ മറ്റൊരു ഘടകം 'മഹര്‍' ആയിരുന്നു. അറബികളെ സംബന്ധിച്ചിടത്തോളം അറബ് സ്ത്രീകള്‍ക്ക് വമ്പിച്ച തുക മഹര്‍ ആയി കൊടുക്കണമായിരുന്നു. എന്നാല്‍ ഇവിടെ താരതമ്യേന ചെറിയ തുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഇവിടുത്തുകാര്‍ക്ക് മഹറിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം വളരെ ആകര്‍ഷകമായിരുന്നു. ഇരു വിഭാഗങ്ങളുടെയും സാമ്പത്തിക താല്‍പര്യങ്ങള്‍ മുത്അ വിവാഹത്തിനുള്ള പ്രധാന ഘടകമായി മാറി. സാമൂഹ്യമായ ചലനാത്മകത ഇല്ലാതിരുന്ന അന്നത്തെ ജാതിവ്യവസ്ഥാധിഷ്ഠിത സമൂഹത്തില്‍ മുത്അ വിവാഹങ്ങള്‍ സാമൂഹ്യ ഉന്നതിയിലേക്കുള്ള ചലനാത്മകത (upward mobiltiy) പ്രദാനം ചെയ്തു. അന്നത്തെ കേരളീയ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്ന അറബികളുമായുള്ള വിവാഹബന്ധങ്ങള്‍ മലബാറിലെ അധഃസ്ഥാപിത വിഭാഗങ്ങള്‍ക്ക് സാമൂഹ്യമായ അന്തസ്സ് നേടിയെടുക്കാനുള്ള മാര്‍ഗ്ഗമായിരുന്ന.

മലബാറില്‍ നിലനിന്നിരുന്ന വിവാഹ ബന്ധങ്ങളെയും 'മുത്അ' യെയും കുറിച്ചുള്ള പഠനങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഘടകം, മധ്യകാല ഗോത്രസമൂഹത്തില്‍ സ്ത്രീക്കുണ്ടായിരുന്ന സ്വതന്ത്രമായ സ്ഥാനത്തെക്കുറിച്ചും വിവാഹത്തിനുശേഷവും സ്വന്തം കുടുംബങ്ങളിലെ അവകാശങ്ങളൊന്നും നഷ്ടമാവാതെ അവിടെത്തന്നെ നില്‍ക്കുവാനുള്ള സാഹചര്യം സാധ്യമാക്കിയ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുമുള്ള പഠനങ്ങളാണ്.

സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഘടകങ്ങള്‍ പ്രദാനം ചെയ്ത അനുകൂല ചുറ്റുപാടുകളില്‍ വ്യാപകമായി നടത്തപ്പെട്ട മുത്അ വിവാഹങ്ങളാണ് ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെ മുസ്‌ലിംങ്ങളില്‍ നിന്നും വ്യത്യസ്തമായ സാംസ്‌കാരിക സവിശേഷതകളുള്ള, ഇസ്‌ലാമിലെ പിതൃദായ ക്രമത്തില്‍ നിന്നും വ്യത്യസ്തമായി മാതൃദായ ക്രമം പുലര്‍ത്തിയിരുന്ന, ഈ അടുത്ത കാലഘട്ടം വരെ വ്യാപകമായ രീതിയില്‍ അറബി മലയാളം ഉപയോഗിച്ചിരുന്ന, അറബ് സംസ്കാരവുമായും ഒപ്പം കേരളീയ സംസ്‌കാരവുമായും ബന്ധപ്പെട്ടുകിടക്കുന്ന വ്യതിരിക്തമായ മാപ്പിള പാരമ്പര്യത്തിന്റെ രൂപീകരണം സാധ്യമാക്കിയത്. അഥവാ അറബ് കേരള ബന്ധങ്ങളില്‍ സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളുടെയും സാംസ്‌കാരിക വിനിമയ സ്വാംശീകരണങ്ങളുടെയും പ്രധാന ഉപാധിയായി പ്രവര്‍ത്തിക്കാന്‍ മുത്അ വിവാഹങ്ങള്‍ക്ക് കഴിഞ്ഞു.

Reference

1. P.C Manavikramanraja, Mappila review, 1942, p.p 16-17
2. Hakkim Sayyad Shamsulla Qudiri, Malabar, Muslim Universtiy Press, Aligarh, p. 25, quoted in S.M Muhammed Koya P. 17
3. Mehadi Hussain, The Rehla of Ibn Batuta, Baroda, 1953, pp. 193, 214, 216
4. C.A Barton, Semitic and Hemitic origins, Philadelphia, 1934, p. 02