കലാ സാഹിത്യങ്ങള്‍ക്ക് ചരിത്രമെഴുതാനുള്ള അടിത്തറ ഏതാണ്. ജര്‍മ്മന്‍ സാഹിത്യ ഗവേഷകനായ ഹാന്‍സ് ഹാര്‍ഡര്‍ അല്‍പം ചരിത്രം പറയുന്നുണ്ട്: ''ഭാഷ, സാഹിത്യം, രാഷ്ട്രം എന്നീ ത്രിമൂര്‍ത്തികളാണ് സാഹിത്യ ചരിത്രത്തിന്റെ അടിത്തട്ടിലുള്ളത്....''1 എന്നാല്‍ തോമസ് ട്രോട്മാന്‍ ആധുനിക ദേശീയതക്ക് മുമ്പ് തന്നെ ദേശത്തിന്റെ ചരിത്രമായി സാഹിത്യത്തെ കാണാനുള്ള ശ്രമമുണ്ടായിരുന്നതായി സൂചിപ്പിക്കുന്നുണ്ട്.2 സൗത്തിന്ത്യയുടെ ചരിത്രത്തെ എടുത്താണ് ട്രോട്മാന്‍ ഇത് വികസിപ്പിക്കുന്നത്. എന്നാല്‍ ലിപിയില്ലാത്ത ഗോത്ര വര്‍ഗ ഭാഷകളെ ചുറ്റിയാണ് തന്റെ ആശയം വികസിപ്പിക്കുന്നത്. ''സാക്ഷരത (ലിറ്ററസി), ലിറ്റററി ചരിത്രം, ദേശീയത എന്നിവയുമായുള്ള കെട്ടുപാടുകള്‍ എന്നെ എഴുത്ത് ഇല്ലാത്ത ജനതയെ പറ്റി ആലോചിക്കുന്നതിലേക്ക് നയിക്കുന്നു. എന്ത് സ്ഥാനമാണ് ഈ ലിപിയില്ലാത്ത ജനതകള്‍ക്ക് ഇന്ത്യയുടെ സാഹിത്യ ചരിത്രത്തിലും രാഷ്ട്രത്തിന്റെ മറ്റ് നരേഷനിലും ഉള്ളത്. ''മാത്രമല്ല വളരെ പ്രധാനപ്പെട്ട നിരീക്ഷണം ഇദ്ദേഹം തുടര്‍ന്ന് നടത്തുന്നുമുണ്ട്. ''ഇന്ത്യയില്‍ ഭൂതകാലത്തെ സങ്കല്‍പിച്ചത് സാഹിത്യചരിത്രമായാണ്..... പ്രമുഖരായ ദേശീയ നേതാക്കളെല്ലാം തന്നെ സാഹിത്യകാരന്‍മാരുമായിരുന്നു എന്നത് രബീന്ദ്രനാഥടാഗോര്‍, സുബ്രഹ്മണ്യ ഭാരതി തുടങ്ങിയ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ സാഹിത്യ ചരിത്രങ്ങളില്‍ കാണാതിരിക്കുക എന്നാല്‍ രാഷ്ട്രത്തിന്റെ മറ്റു ചരിത്രങ്ങളില്‍ കാണാതിരിക്കുക എന്നാണര്‍ത്ഥം.''3
ഇവിടെ ബ്ലാക്ക്‌ബേണ്‍ ഉണ്ടാക്കുന്ന സമവാക്യം രാഷ്ട്രം സമം സാഹിത്യം എന്നതാണ്. സാഹിത്യവുമായി മാത്രം ബന്ധപ്പെടുത്തി ദേശത്തെ കാണുന്ന സ്വഭാവത്തിനെ പുനപരിശോധിക്കാനുള്ള ശ്രമമാണീ ലേഖനം. രണ്ടു പ്രധാന കാര്യങ്ങളാണ് ഇവിടെ ഞാന്‍ ചാര്‍ട്ട് ചെയ്യാന്‍ തുനിയുന്നത്. ആധുനിക കേരള സാഹിത്യം എന്നതിനെ തന്നെ പല ഗ്രൂപ്പുകളായി നിലനിന്നതായി കാണിക്കുക. രണ്ട് അങ്ങനെ ഈ ഗ്രൂപ്പുകളെ പോലെ തന്നെ നിലനിന്നിരുന്നതായി മാപ്പിള ആവിഷ്‌ക്കാരങ്ങളെ പോലെയുള്ളവയെ വെളിപ്പെടുത്തും. അതിനാല്‍ മുഖ്യധാര മലയാള സാഹിത്യം, അതിന്റെ മാര്‍ജിനില്‍ നില്‍ക്കുന്ന മറ്റു സാഹിത്യങ്ങള്‍ എന്ന ഇരട്ട കളം തിരിവുകളെ അപ്രസക്തമാക്കുക. ഇതാണ് ഈ പഠനത്തിലെ ലക്ഷ്യം. എന്നാല്‍ മുഖ്യധാരമലയാള സാഹിത്യം എഴുതിയവര്‍ മാത്രമല്ല മാപ്പിള ബുദ്ധിജീവികളും കേരള സാഹിത്യത്തെ ഏക സ്വഭാവമുള്ളതായാണ് കരുതാനിഷ്ടപ്പെട്ടത്. ഇത് തോമസ് ട്രോട്മാനെ പിന്തുടര്‍ന്ന് പറഞ്ഞാല്‍, മുഖ്യധാരാ മലയാള സാഹിത്യ ചരിത്രത്തെ തിരുത്താനുള്ള ശ്രമമാണ് എന്ന് വിലയിരുത്താവുന്നതാണ്. കല്‍ക്കത്ത കേന്ദ്രമായുള്ള ബംഗാളി ഓറിയന്റല്‍ പഠനത്തെ തിരുത്താനാണ് മദ്രാസ് കേന്ദ്രീകരിച്ചുള്ള തെക്കേയിന്ത്യന്‍ ഓറിയന്റല്‍ പഠനം ശ്രമിച്ചതെന്നാണ് ട്രോട്മാന്‍ വിശദീകരിച്ചത്.4 ഈ പാത പിന്തുടര്‍ന്ന് മലയാള സാഹിത്യലോകവും മാപ്പിള ആവിഷ്‌ക്കാരലോകവും തമ്മില്‍ എങ്ങനെ ബന്ധപ്പെടുന്നു, അതിന്റെ സ്വഭാവമെന്ത് എന്നിവയാണ് വളരെ ചെറിയ വിധത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിനായി പൊന്നാനി എന്ന സ്ഥലത്തിന്റെ ചരിത്രത്തെയാണ് അടിസ്ഥാനമാക്കുന്നത്. ഒരു സ്ഥലത്തെ പറ്റിയുള്ള ചില കൃതികളെ പരിശോധിച്ച് ''സാഹിത്യ''ത്തെയും ''സ്ഥലത്തെ''യും പുനപരിശോധിക്കാനാകുമെന്നും ഈ ലേഖനം സ്വപ്നം കാണുന്നു.
സാധാരണയായി കരുതപ്പെടുന്ന പോലെ മലയാള മുഖ്യധാരയും മാപ്പിള ലോകവും രണ്ട് കോണുകളിലല്ല. മറിച്ച് ഒരേ സ്‌പെയ്‌സ് തന്നെയാണ് പങ്കിടുന്നത്. കേരളത്തിന്റെ സാഹിത്യം എന്നതാണ് ഈ സ്‌പെയ്‌സില്‍ നിന്ന് കാണുന്ന സ്വപ്നം. സ്വഭാവ വ്യത്യാസങ്ങളുണ്ട് ഇവക്ക്. പൊന്നാനിയെ കുറിച്ചുള്ള വിവിധ വിഭാഗങ്ങളുടെ പഠനത്തിലൂടെ ഇത് വിശദമാക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ''നേരിനെ മറയ്ക്കാത്ത കണ്ണുമായി ഭൂമിയിലേക്ക് ഉറ്റുനോക്കിയ പ്രദേശമായിരുന്നു പൊന്നാനി- ഉറൂബിന്റെയും ഇടശ്ശേരിയുടെയും ദേശം.'' എന്നാണ് ഉമ്മര്‍ തറമേല്‍ എഴുതുന്നത്.5 ആധുനികമായ കേരള സാഹിത്യത്തിലെ രണ്ട് ബിംബങ്ങളെ തന്നെയാണ് തറമേല്‍ ആരാധ്യമായി കാണുന്നത്. ഇത് ഒരു പരിമിതിയാണെന്ന് വാദിക്കലല്ല ലക്ഷ്യം. മറിച്ച് സവര്‍ണമായ കേരളവും പൊന്നാനിയും തന്നെയാണ് മാപ്പിള ബുദ്ധിജീവികള്‍ പോലും കൊതിക്കുന്നത് എന്ന് കാട്ടിത്തരികയാണ്. അതിന്റെ ഭാഗവും വാലുമാകാനാണ് ഇവര്‍ മോഹിക്കുന്നത്. പൊന്നാനിയെ കുറിച്ചെഴുതുന്ന ഉമര്‍ തറമേലിന്റെ ഈ ലേഖനം പരിശോധിക്കുന്ന ഭാഗത്ത് ഇത് കൂടുതല്‍ വിശദമാക്കുന്നുണ്ട്.
നമുക്കറിയാം കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി വെണ്‍മണി പ്രസ്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ അവ ആധുനിക മലയാള സാഹിത്യ ചരിത്രത്തില്‍ നേരമ്പോക്ക് പ്രസ്ഥാനമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് മാത്രമല്ല അതിനുശേഷവും എഴുതപ്പെടുന്ന ആധുനിക കേരളസാഹിത്യം എന്ന ഭാവനാ സങ്കല്‍പത്തിന് പുറത്തായി പല കളരികളും സാഹിത്യ പ്രസ്ഥാനങ്ങളും നിലനിന്നിരുന്നു. അപ്പന്‍ തമ്പുരാനെ പറ്റിയുള്ള ജീവചരിത്രം തുടങ്ങുന്നതു തന്നെ ''ആധുനിക തൃശൂരിന്റെ ശില്‍പി എന്നറിയപ്പെടുന്ന രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍'' എന്ന് വിശേഷിപ്പിച്ചാണ്.6 അടുത്ത അധ്യായങ്ങളില്‍ കൊടുങ്ങല്ലൂര്‍ കവികളുമായുള്ള തന്റെ തൃപ്പൂണിത്തുറ കോവിലകബന്ധം സൂചിപ്പിക്കുന്ന തരത്തില്‍ തന്നെയാണ് ഇരുപതാം നൂറ്റാണ്ടിലെ തൃശൂരിലെ തന്റെ ഭവനത്തെയും സാഹിത്യ പ്രവര്‍ത്തനത്തെയും അവതരിപ്പിക്കുന്നത്. ''തൃശൂരിലുള്ള അയ്യന്തോളില്‍ കുമാരമന്ദിരം എന്ന കോവിലകം പണി കഴിപ്പിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ എഴുതി.''7 കേരളത്തിന്റെ എഴുത്തുകാരന്‍ എന്നതിനേക്കാള്‍ ആധുനിക തൃശൂരിന്റെ ചരിത്രത്തിലെ ഭാഗമായാണ് അപ്പന്‍ തമ്പുരാനെ ലേഖിക അവതരിപ്പിക്കുന്നത്. ഇതേ സ്വഭാവത്തില്‍ തന്നെയാണ് കാരശ്ശേരി കോഴിക്കോടിനെ കുറിച്ചെഴുതുന്ന സമയത്തും കാണുക. ഖാളി മുഹമ്മദിനെ കോഴിക്കോടന്‍ ചരിത്രത്തിന്റെ ഭാഗമായാണ് കാണുന്നത്.8 എന്നാല്‍ അത്തരത്തില്‍ സാഹിത്യം എന്ന വലിയ പ്രസ്ഥാനത്തിന് പുറത്തു നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കണെന്നാണ് ഈ ലേഖനത്തിന്റെ പക്ഷം. ഉദാഹരണത്തിന് വൈലാലില്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട ബഷീറിന്റെയും ആരാധകരുടെയും ഇടപാടിന്റെ ചരിത്രം ഇനിയും അന്വേഷിക്കേണ്ടതാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഴിഞ്ഞ ഒരു ദശകമായി നടക്കുന്ന അനുസ്മരണ സമ്മേളനങ്ങള്‍ക്കുള്ള ദര്‍ഗാ സിയാറത്തിന്റെ സ്വഭാവം അന്വേഷിക്കേണ്ടതുണ്ട്. വലേരി റിട്ടര്‍ ഇത്തരത്തില്‍ സാഹിത്യത്തിന്റെ ചരിത്രം അന്വേഷിക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. ''(കവികള്‍ക്കിടയിലുള്ള) വ്യക്തിപരമായ നെറ്റ്‌വര്‍ക്കിനെ ഇപ്പോഴും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. കവികളുടെ വ്യത്യസ്തരായ പേട്രണ്‍സിനെ പറ്റിയും കൂടുതല്‍ സൂക്ഷ്മായ അന്വേഷണം നടക്കേണ്ടതുണ്ട്.''9 കവികളെ കുറിച്ചാണ് റിട്ടര്‍ സൂചിപ്പിക്കുന്നതെങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ തന്നെ സാഹിത്യകാരെയും അവരുടെ മറ്റു നെറ്റ്‌വര്‍ക്കുകളെ കുറിച്ചും അന്വേഷിക്കണമെന്ന് തന്നെയാണ് റിട്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ആകെ ഒറ്റ അച്ചുതണ്ടിലേക്കും (രാഷ്ട്രം അല്ലെങ്കില്‍ അതിന്റെ ഉപകേന്ദ്രങ്ങള്‍) ഒറ്റ വിഷയത്തിലേക്കും (അച്ചടി സാഹിത്യം) മാത്രമായി കാര്യങ്ങള്‍ ചുരുക്കി.
എന്നാല്‍ സാഹിത്യ ചരിത്രത്തെ ചെറിയ പ്രദേശത്തിന് വേണ്ടി തിരിച്ച് ഉപയോഗപ്പെടുത്തുന്നതെങ്ങിനെ എന്നാണ് ഇവിടെ പരിശോധിക്കുന്നത്. അതായത് സാഹിത്യ ചരിത്രങ്ങള്‍ രാഷ്ട്രത്തിന് അടിത്തറ ഉണ്ടാക്കാന്‍ മാത്രമല്ല മറ്റ് ലൊക്കേഷനുകളെയും അന്വേഷിച്ചിരുന്നു, പ്രകടിപ്പിച്ചിരുന്നു. ഈവിധത്തിലുള്ള ചില അന്വേഷണങ്ങള്‍ ഇപ്പോള്‍ കാണാനുണ്ട്. ഉദാഹരണത്തിന് ദിലീപ് മേനോന്‍ കേസരിയെ കുറിച്ചെഴുതുന്നത്. കേസരി ബാലകൃഷ്ണപിള്ള എങ്ങനെയാണ് 1930-കളില്‍ അന്നു നിലവില്‍ നിന്നിരുന്ന ദേശീയമായ അജണ്ടകളെ തള്ളി ആഗോളമായ ആശയങ്ങളെയും മറ്റും കേരളത്തിന് പരിചയപ്പെടുത്തിയത് എന്നാണ് മേനോന്‍ എഴുതുന്നത്. കേസരിയുടെ ഈ രീതിയെ ലോക്കല്‍ കൊസ്‌മോപൊളിറ്റാനിസം എന്നാണ് മേനോന്‍ പേരിടുന്നത്. ''കൊളോണിയലിസവും നാഷണലിസവും മുന്നോട്ടു വെച്ച സ്ഥല സങ്കല്‍പങ്ങളെ മറികടക്കുന്നതും എല്ലായ്‌പ്പോഴും ബന്ധപ്പെട്ടു കിടക്കുന്നതുമായ ഒരു ലോകത്തെയാണ് കേസരി സങ്കല്‍പിച്ചത്.''10
ഒന്ന്
നമ്മുടെ ചോദ്യം ഇതാണ്. പൊന്നാനി എങ്ങനെ സാഹിത്യ ചരിത്രവുമായി ബന്ധപ്പെടുന്നു? ഒന്നു മാറ്റി പറഞ്ഞാല്‍ പൊന്നാനി പോലെയുള്ള 'ചെറിയ' പ്രദേശത്തിലേക്ക് സാഹിത്യ ചരിത്രത്തെ എങ്ങനെ കൊണ്ടുവരുന്നു? ദേശരാഷ്ട്രം (നാഷന്‍ സ്റ്റേറ്റ് എന്ന് സോഷ്യോളജിയില്‍ പറയുന്ന വലിയ സത്വം) എന്ന ആശയത്തിന് വേണ്ടിയാണ് സാഹിത്യ ചരിത്രം ഉണ്ടാക്കുന്നത് എന്നാണല്ലോ ബ്ലാക്ക്‌ബേണ്‍ വ്യക്തമാക്കിത്തരുന്ന കാര്യം. അപ്പോള്‍ കേരളത്തിന്റെ സാഹിത്യ ചരിത്രം എന്നതും വിട്ട് പൊന്നാനിയുടെ സാഹിത്യ ചരിത്രം എന്ന മട്ടില്‍ കാര്യങ്ങളെ കാണുകയാണ് പൊന്നാനിക്കളരി,13 നിളയുടെ തീരങ്ങളിലൂടെ14 എന്നീ കൃതികള്‍. വലിയ ദേശത്തിന് വേണ്ടി സാഹിത്യത്തെ സങ്കല്‍പിക്കുക എന്നതിന്റെ എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന പ്രവണതയാണിത്. ഈ ചര്‍ച്ചയില്‍ നമ്മള്‍ പരിഗണിക്കേണ്ട മറ്റൊരു കാര്യമുണ്ട്. അത് പഠനവിഷയത്തിന്റെ മേഖല നിശ്ചയിക്കലുമായി ബന്ധപ്പെട്ടതാണ്. ചരിത്രം എഴുതുന്നത് ദേശീയ സ്‌കെയിലിലാണെങ്കില്‍ അതിന്റെ അടിസ്ഥാന യൂണിറ്റ് ഇന്ത്യ ആയിരിക്കും. ഇന്ത്യക്കാരന്റെ സാഹിത്യം, ഇന്ത്യക്കാരന്റെ സ്‌പോര്‍ട്‌സ്, എന്നിങ്ങനെ പോകും അത്. ബ്രിട്ടീഷ് കാലയളവില്‍ തനതായ ഒരു സംസ്‌ക്കാരം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള അജണ്ട വളരെ ശക്തമായിരുന്നപ്പോള്‍ പ്രത്യേകിച്ചും. ''ഇന്ത്യ എന്ന പുതിയ രാഷ്ട്രത്തിന് ഭൂതകാലത്ത് വലിയ സാഹിത്യ കലാപാരമ്പര്യമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനായി'' ഇന്ത്യയിലെ ദേശീയ ചരിത്രകാര്‍ അതിനുമുമ്പുള്ള ഓറിയന്റലിസ്റ്റുകളെ പോലെ ശ്രമിച്ചു എന്നാണ് മിലിന്ദ് വാക്കങ്കര്‍15 എഴുതുന്നത്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം (അക്കാദമിക ചിന്തകരുടെ ഭാഷയില്‍ പറഞ്ഞാല്‍ പോസ്റ്റ്‌കൊളോണിയല്‍ കാലത്ത്) മറ്റൊരു യൂണിറ്റും കൂടി പോപുലറായി. പ്രാദേശിക ഭാഷകളെ അടിസ്ഥാനമാക്കിയതായിരുന്നു ഇത്. മലയാളത്തിന്റെ, തമിഴിന്റെ, ബംഗാളിന്റെ എന്നിങ്ങനെ ആയി അപ്പോള്‍ ചരിത്രമെഴുത്ത്. ഇന്ത്യന്‍ സാഹിത്യം എന്നാല്‍ പ്രാദേശിക സാഹിത്യമാണെന്ന്, ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന പ്രശസ്തമായ ഗാന്ധിയന്‍ പരസ്യവാചകത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയിലെ മുസ്‌ലീങ്ങളും ഹിന്ദുക്കളും ഒരേ സംസ്‌കാര പായയിലാണ് ഉറങ്ങുന്നതും ഉണ്ണുന്നതുമെന്ന് കാണിക്കുന്ന ചരിത്രകാരും പ്രചരണത്തിനിറങ്ങി. യു.പിയിലെ ഔദിനെ പറ്റി മുഷീറുല്‍ ഹസന്‍ എഴുതിയ പഠനം ഇത്തരത്തിലുള്ളതാണ്. നാട്ടുരാജ്യമായിരുന്ന കാലത്തും ബ്രിട്ടീഷ്‌വാഴ്ചക്ക് ശേഷവും ഉള്ള ഔദിന്റെ ഗംഭീരമായ ഉര്‍ദു സംസ്‌ക്കാരത്തെ ഹിന്ദു മുസ്‌ലീം സംസ്‌ക്കാരങ്ങളുടെ ഐക്യത്തിനുള്ള സര്‍ട്ടിഫിക്കറ്റായാണ് മുഷീറുല്‍ ഹസന്‍ കരുതുന്നത്.16 എന്നാല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ഗവേഷകര്‍ക്കിടയില്‍ വേറെ തരം യൂണിറ്റും സജീവമാണ്. ഷെല്‍ഡണ്‍ പൊള്ളോക്കിലും റോണിത് റിച്ചിയിലും മറ്റും ഇതാണ് കാണുന്നത്. ഏരിയാ സ്റ്റഡീസിന്റെ സ്വഭാവമാണ് അതിനുള്ളത്. സൗത്തേഷ്യ എന്നതിനെ അടിസ്ഥാനമാക്കി മുസ്‌ലീം കള്‍ച്ചറിനെ പഠിക്കുക. അല്ലെങ്കില്‍ ഏതൊരു കള്‍ച്ചറിനെയും വിലയിരുത്തുക. ''സ്‌പെഷ്യല്‍ എഡിഷന്‍ ഫോര്‍ സെയ്ല്‍ ഇന്‍ സൗത്തേഷ്യ ഒണ്‍ലി'' എന്ന് ചില പുസ്തകങ്ങളില്‍ പ്രസാധകര്‍ അതിര്‍ത്തി തിരിച്ച് കാണിക്കാറുള്ളത് പോലെ. സയ്യിദ് അക്ബര്‍ ഹൈദര്‍, ജാവീദ് മജീദ്, ബാര്‍ബറ മെറ്റ്കാഫ്, പൗള റിച്ച്മാന്‍ തുടങ്ങിയവരൊക്കെ അവരുടെ പഠന സ്ഥലത്തിന്റെ അടിസ്ഥാന യൂണിറ്റായി കണക്കാക്കുന്നത് സൗത്തേഷ്യ ആണ്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകമായപ്പോഴേക്കും ചിന്തകരും അത്രയൊന്നും ചിന്തിക്കാത്തവര്‍ പോലും പറയാനും ചിന്തിക്കാനും തുടങ്ങിയത് ലോകം ആഗോളമായി തുടങ്ങിയെന്നാണ്. അങ്ങനെ വേറൊരു തരം യൂണിറ്റും പോപുലറായിത്തുടങ്ങിയിട്ടുണ്ട്. സാഹിത്യ പഠനത്തില്‍ ഇനി വേള്‍ഡ് ലിറ്ററേച്ചര്‍ എന്ന വിധത്തില്‍ വേണം കാര്യങ്ങളെ വിലയിരുത്താന്‍ എന്ന് ഫ്രാങ്കൊ മൊറേറ്റിയെ പോലെയുളള ഗവേഷകര്‍ വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവാന്‍ സൊഹറിനെ പോലെയുള്ള സാഹിത്യ പഠിതാക്കള്‍ പോളിസിസ്റ്റം തിയറി എന്ന ആശയം സാഹിത്യ പഠനത്തില്‍ വരണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. എന്തിനും മുന്നില്‍ പോസ്റ്റ് എന്ന് ഒട്ടിക്കാന്‍ കൊതിക്കുന്ന ഉത്തരാധുനിക ചിന്തകരുടെ കൂട്ടത്തില്‍ പെടുന്ന ഗായത്രി സ്പിവാക്ക് പ്ലാനറ്ററി എന്ന വാക്ക് തന്നെ പ്രചരിപ്പിക്കാന്‍ തുടങ്ങി. ജനങ്ങള്‍ കൂട്ടത്തോടെ അതിരുകള്‍ കടക്കാന്‍ തുടങ്ങിയതോടെ താരതമ്യ സാഹിത്യ പഠനം തന്നെ ഏരിയാ സ്റ്റഡീസിന്റെ സ്വഭാവം സ്വീകരിച്ചു. അതിനാല്‍ ഇനി നമ്മള്‍ പ്ലാനറ്ററി എന്ന് സ്വയം വിശേഷിപ്പിക്കണമെന്നാണ് ഗായത്രി ആഹ്വാനം ചെയ്യുന്നത്. ''പരമ്പരാഗതമായ അമേരിക്കന്‍ താരതമ്യ സാഹിത്യം പലമാതിരി പരിമിതികള്‍ നിറഞ്ഞതാണ്........എന്നാല്‍ പുതിയ പ്ലാനറ്ററി ആയ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ ഇപ്പറഞ്ഞതില്‍ നിന്നും മാറുന്ന ഒന്നായിരിക്കും.''17 കാരണമായി സ്പിവാക്ക് പറയുന്നത് ഇതാണ്. ''യു.എസിലെ പരമ്പരാഗത താരതമ്യ സാഹിത്യം പഠിപ്പിക്കുന്നത് ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, കാല്‍പനികവും ആധുനികവുമായ കവിതയും സാഹിത്യ വിമര്‍ശനവുമാണ്.''18 മാത്രമല്ല ആഫ്രിക്ക, ഏഷ്യ, ഹിസ്പാനിക് തുടങ്ങിയ പഴയ മൈനോറിറ്റികളെ കൂടി ഉള്‍പ്പെടുത്തുന്ന ഒന്നായിരിക്കും പുതിയ കമ്പാരറ്റീവ് ലിറ്ററേച്ചര്‍ എന്നും ഗായത്രിക്ക് പ്രതീക്ഷയുണ്ട്. പഠന മേഖല മാറുന്നതിനെ പറ്റി മാപ്പിള ഗവേഷകനായ എം. എച്ച്. ഇല്യാസ് ഇങ്ങനെ സൂചിപ്പിക്കുന്നു. ''ചര്‍ച്ചയുടെ മേഖല സ്റ്റേറ്റുകള്‍ക്ക് പകരം സിവിലൈസേഷന്‍ എന്നാക്കി മാറ്റി (സാമുവല്‍) ഹണ്ടിങ്ടണിന്റെ ക്ലാഷ് ഓഫ് സിവിലൈസേഷന്‍. മാത്രമല്ല ആഗോളമായ പലായനത്തിന്റെയും കൂടിവരുന്ന നെറ്റ്‌വര്‍ക്കിങ്ങിന്റെയും കാലത്ത് ആഗോള സാംസ്‌ക്കാരിക സംവേദനം സ്റ്റേറ്റിന്റെ തലത്തില്‍ മാത്രം പരിമിതിപ്പെടുത്താനാവില്ല.''19
എന്നാലും മാപ്പിള മുസ്‌ലിം പഠനത്തില്‍ ചില പതിവ് വിഭജനങ്ങള്‍ കാണാം. സൗത്തിന്ത്യയുടെ കള്‍ച്ചറും രീതികളും നോര്‍ത്തിന്ത്യയില്‍ നിന്നും വ്യത്യസ്തമാണെന്ന് പലരും ഇതിനകം ഉന്നയിച്ചു പോപുലറാക്കിയ കാര്യമാണ്. എം. എച്ച് ഇല്യാസ് ഇത് ഇങ്ങനെ അവതരിപ്പിക്കുന്നു. ''ഇന്തോ-പേര്‍ഷ്യന്‍ ഇസ്‌ലാമില്‍ നിന്ന് നിര്‍ണ്ണായകമായ പലതരത്തിലും മാപ്പിള മുസ്‌ലിംകളുടെ സാംസ്‌ക്കാരിക ഐഡന്റിറ്റി മാറി നില്‍ക്കുന്നു.''20 ഇന്ത്യാ-വെസ്റ്റേഷ്യ ബന്ധങ്ങള്‍ എന്ന തലക്കെട്ടിന് കീഴില്‍ ഏരിയാ സ്റ്റഡീസിന്റെ സ്വഭാവത്തിലാണ് ഇല്യാസ് മാപ്പിള മുസ്‌ലിംകളെ പഠിക്കുന്നത്. ഇതേ കാര്യം ആര്‍കിടെക്ചറല്‍ വ്യത്യാസങ്ങളുടെ തെളിവുകള്‍ വെച്ച് റോണിത് റിച്ചിയും മെഹര്‍ദാദ് ഷൊക്കൂഹിയും പങ്കുവെക്കുന്നുണ്ട്. മലബാര്‍ തീരങ്ങളിലെ പള്ളികള്‍ക്കും മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും പള്ളികള്‍ക്കും തമ്മിലുള്ള സാമ്യങ്ങള്‍ ആണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.21 ഇങ്ങനെ ഏതെങ്കിലും ചില ലൊക്കേഷനുകളിലേക്ക് ഉറവിടം തേടി പോകുന്ന രീതികളേക്കാള്‍ നല്ലത് ഓരോ പ്രാദേശിക എക്‌സ്പ്രഷനുകളുടെയും യുണീക്ക്‌നെസ് തിരിച്ചറിയുക എന്നതാണ് പ്രധാനമെന്ന് തോന്നുന്നു. ഫ്രാന്‍സിസ്‌ക ഒര്‍സിനി തന്റെ പഠനത്തില്‍ കാട്ടിത്തരുന്നതിനെ നമുക്ക് അല്‍പം മാറ്റി ഉപയോഗിക്കാമെങ്കില്‍ ''സമുദായങ്ങളുടെ എക്‌സ്പ്രഷനുകള്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്. അതില്‍ പുറമെ നിന്നുള്ളവയുടെ ചേര്‍ക്കലും (അക്കൊമഡേഷന്‍) അവയുമായുള്ള വിലപേശലും (നെഗോഷിയേഷന്‍) മല്‍സരവും (കോമ്പറ്റീഷന്‍) എല്ലാം ഉള്‍പ്പെട്ടിരിക്കും.''22 പ്രത്യേകിച്ചും പൊന്നാനിയെ പോലെ ഒരു സ്ഥലത്തെ പറ്റിയുള്ള പഠനം ഇത്തരം വിഭജനങ്ങള്‍ അപ്രസക്തമാക്കുന്നതായി കാണാം. ഖവാലിയും ഗസലും പോലെയുള്ളവ (അതെത്ര മാത്രം നാടന്‍ രൂപത്തിലാണെങ്കിലും) പൊന്നാനിയില്‍ കാണാനാകും. പേര്‍ഷ്യന്‍ പാരമ്പര്യത്തിന്റെ അംശങ്ങളാണിവ. അതേസമയം അറബ് പാരമ്പര്യത്തിന്റെ നേരിട്ടുള്ള തെളിവ് പോലെ അറബി-മലയാളം ആവിഷ്‌ക്കാരങ്ങളും പള്ളി നിര്‍മ്മാണത്തിലെ ശൈലികളും (ഷൊക്കൂഹി ചൂണ്ടിക്കാട്ടിയപോലെ) കാണാവുന്നതുമാണ്.
ദേശീയ ചരിത്രം, പ്രാദേശിക ചരിത്രം, ഏരിയാ സ്റ്റഡീസ്, പ്ലാനറ്ററി താരതമ്യം എന്നിങ്ങനെ വിവിധങ്ങളായ കാറ്റഗറികളില്‍ പെടുത്തി മാപ്പിള എക്‌സ്പ്രഷനെ മനസ്സിലാക്കാനാകുമോ എന്നത് സംശയമാണ്. കൃത്യമായ അറബിപാരമ്പര്യമാണ് എന്നോ ഇന്തോ-പേര്‍ഷ്യന്‍ സ്വാധീനം തീരെ ഇല്ല എന്നൊക്കെയുള്ള തരംതിരിവുകള്‍ ഏരിയാസ്റ്റഡീസിന് ഉപകരിക്കുമെങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. ഇത്രയും പശ്ചാത്തലമായി വെച്ചുവേണം പൊന്നാനി എന്ന ദേശത്തിന്റെ കഥ മനസ്സിലാക്കാന്‍.
അല്ലെങ്കിലും സാഹിത്യത്തെയും രാഷ്ട്രത്തെയും ഒരുമിച്ച് കാണുന്നതിന്റെ പ്രശ്‌നങ്ങളെ പറ്റി ദിലീപ് മേനോന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍പെട്ട പ്രധാനമായ പതിവിനെയാണ് മേനോന്‍ ചോദ്യം ചെയ്യുന്നത്, ആന്‍ഡേഴ്‌സണ്‍ പ്രശസ്തമാക്കിയ നാഷനും നോവലും തമ്മിലുള്ള ഇണപിരിയാത്ത ബന്ധത്തെ ചോദ്യം ചെയ്യണമെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. ''നോവല്‍ എഴുത്തും നാഷന്‍ രൂപപ്പെടുന്നതും ഒരേ കാലത്തു സംഭവിച്ചു എന്നതിനാല്‍ ഒന്ന് മറ്റൊന്നിനു കാരണമായി എന്നര്‍ത്ഥമില്ല.''23 നോവലിനെ നാഷന്റെ കള്ളിയിലേക്ക് മാത്രമായി ചുരുക്കുന്ന ഫ്രെഡറിക് ജയിംസണിന്റെ വാദത്തെയും മേനോന്‍ ചോദ്യം ചെയ്യുന്നുണ്ട്.
പറഞ്ഞുവരുന്നത് പൊന്നാനിക്കളരി, നിളയുടെ തീരങ്ങിലൂടെ എന്നീ കൃതികള്‍ മലയാള സാഹിത്യത്തെ ഭാവന ചെയ്യുന്നത് രാഷ്ട്രത്തിനോ അതിന്റെ കൊച്ചുപതിപ്പായ കേരളത്തിനോ വേണ്ടി അല്ല. പൊന്നാനി എന്ന ചെറുപ്രദേശത്തിന് വേണ്ടിയാണ്. ഇതു വഴി എന്താണ് സംഭവിക്കുന്നത്? ഇത് ഇങ്ങനെ വിഭാവന ചെയ്യുന്നത് ആര്‍ക്കു വേണ്ടിയാണ്. ഇതില്‍ ആരെല്ലാം വരുന്നു? എങ്ങിനെ വരുന്നു എന്നീ ചോദ്യങ്ങളാണ് എനിക്ക് ഇന്നയിക്കാനുള്ളത്. അതുവഴി വലിയ പ്രൊജക്റ്റുകള്‍ക്ക് (രാഷ്ട്രം, ഭാഷാ സംസ്ഥാനം) വേണ്ടിയാണ് സാഹിത്യത്തെ സങ്കല്‍പിക്കുന്നത് എന്ന അക്കാദമിക സങ്കല്‍പത്തെ ചോദ്യം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെറിയ പ്രേദശത്തിന്റെ ഭാവനയായി സാഹിത്യത്തെ സങ്കല്‍പിക്കുമ്പോള്‍ മറ്റു ചില പ്രശ്‌നങ്ങളും ഒഴിവാക്കലും കടന്നുവരികയും ചെയ്യും. മലയാളത്തിന്റെ ഭാവി എന്ന ചര്‍ച്ച വീണ്ടും സജീവമാകുന്ന നേരത്ത് പ്രദേശത്തിന്റെ തന്നെ ചെറിയചെറിയ ഭാഗങ്ങളെ സങ്കല്‍പിക്കുന്നതിനെ വെളിവാക്കുയാണ് ഈ ലേഖനം.
പൊന്നാനിക്കളരി, നിളയുടെ തീരങ്ങളിലൂടെ എന്നീ പുസ്തകങ്ങളെ പരമ്പരാഗതമായ അര്‍ത്ഥത്തില്‍ സാഹിത്യചരിത്രഗ്രന്ഥം എന്ന് വിളിക്കുവാന്‍ പ്രയാസമാണ്. എന്നിട്ടും അങ്ങനെ ഈ പുസ്തകങ്ങളെ കരുതേണ്ടി വരുന്നത് ഈ പുസ്തകങ്ങളിലുള്ള മോഹങ്ങളാണ്. മലയാളത്തിന്റെ ആത്മകഥ ആകാന്‍ മോഹിക്കുന്ന പുസ്തകമാണിത്.
''പൂന്താനവും കുഞ്ചന്‍ നമ്പ്യാരും ഉപയോഗിച്ചു വളര്‍ത്തിയ ആ ഭാഷ ഇപ്പോള്‍ ഒളപ്പമണ്ണയിലെത്തി നില്‍ക്കുകയാണ്.''24 ''ഈ പശ്ചാതലത്തിലാണ് ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ തുടക്കത്തില്‍ 'പൊന്നാനിക്കളരി' എന്നൊരു വസ്തുത രൂപം കൊള്ളാന്‍ തുടങ്ങിയത്.''25 അതില്‍ കടന്നു വരുന്ന സാഹിത്യകാരന്‍മാരുടെ പേരുകള്‍ തന്നെ നോക്കുക. ''കുട്ടികൃഷ്ണ മാരാര്‍, ഇ.പി സുമിത്രന്‍, ഇ.നാരായണന്‍, എം.ആര്‍.ബി, പ്രേംജി, കുമാര്‍, എന്‍. പി. ദാമോദരന്‍, വി.ടി ഭട്ടതിരിപ്പാട്, ഇടശ്ശരി.''26
എന്നിങ്ങനെയാണ് ഈ കൃതി അതിന്റെ മോഹം അവതരിപ്പിക്കുന്നത്. ഇടശ്ശേരി, ഉറൂബ്, വി.ടി, നാലപ്പാടന്‍ തുടങ്ങിയവരെ പറ്റിയാണ് ഇതില്‍ ''ഓര്‍മ്മി''ച്ചെടുക്കുന്നത്. ''ശരിക്കു പറഞ്ഞാല്‍ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി/ ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ എന്ന തുഞ്ചത്തെഴുത്തച്ഛന്റെ വരികളാവാം ഈ കളരിക്ക് എന്നും പ്രചോദനമായി വര്‍ത്തിച്ചത്.''27 എന്നാണ് അക്കിത്തം തന്റെ കളരിയുടെ താക്കോല്‍ വാക്യം പ്രഖ്യാപിക്കുന്നത്. കേരളത്തിന്റെ പിതൃദേശമാകാനുള്ള കൊതിയാണ് ഈ കൃതികളില്‍. കാരണം എഴുത്തച്ഛന്‍ എന്ന പിതാവ് വാഴുന്ന സ്ഥലമാണിത് എന്നതാണ് പ്രധാന കാരണം. കേരളം സമം പൊന്നാനി. റെട്ടറീഷ്യന്‍ മാര്‍ പറയുന്ന മൊറ്റോണമി ആണ് ഈ പേരിടലില്‍ പ്രവര്‍ത്തിക്കുന്നത്. അംശം പൂര്‍ണ്ണത്തെ സൂചിപ്പിക്കുന്നു എന്നതാണല്ലോ മെറ്റോണമി. പൊന്നാനി എന്നത് മെറ്റോണമിക്കലി സവര്‍ണ കേരളീയതയെ സൂചിപ്പിക്കുന്നു എന്ന് പൊന്നാനിയിലെ സാഹിത്യം ഉറപ്പിക്കുന്നു.
ആധുനിക കേരളത്തിന്റെ പിതൃഭൂമി ആകാന്‍ കൊതിക്കുമ്പോഴും സത്യത്തില്‍ അതിന് അടിസ്ഥാനമാക്കുന്ന മാതൃക ആധുനിക പൂര്‍വമായ ഒന്നാണ്. ''നാലപ്പാടനെന്ന ഋഷികവി'' ''ശങ്കരനും നാരായണനും ശേഷം വന്ന രാമന്‍'', ''ലക്ഷ്മണന്റെ വിഷാദം''എന്നീ അധ്യായപ്പേരുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഇത് വളരെ പ്രത്യക്ഷത്തില്‍ തോന്നാവുന്ന കാര്യമാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ മറ്റൊരു കാര്യം വ്യക്തമാകും. പൊന്നാനിക്കളരി എന്ന കൃതിയില്‍ ബഷീറിനെ തീരെ പരാമര്‍ശിക്കുന്നില്ല എന്നത് കൗതുകകരമാണ്.
പൊന്നാനിക്കാരോ അയല്‍ പ്രദേശത്തുകാരോ അല്ലാത്ത മലയാള സാഹിത്യത്തിലെ പ്രമുഖരായ സി.ജെ തോമസ്, എസ്. കെ പൊറ്റെക്കാട്, കെ.ടി മുഹമ്മദ് എന്‍, പി. മുഹമ്മദ് എന്നീ പേരുകള്‍ വരുമ്പോഴും ബഷീര്‍ ഈ സാഹിത്യ ഭൂപടത്തില്‍ ഇല്ല. ഏതൊരു ചരിത്രമെഴുത്തിലും നടക്കാറുള്ള പോലെ ചില ഒഴിവാക്കലുകള്‍ ഈ കൃതിയിലും കാണാം. എന്ത്‌കൊണ്ട് ബഷീര്‍ വരുന്നില്ല. രണ്ട് കാരണമാകാം. മെറ്റൊണമിക്കലി ബഷീര്‍ തിരുവിതാംകൂറിനെ പ്രതിനിധീകരിക്കുന്നു എന്നതിനാലാകാം. കാരണം ഈ സ്ഥലചരിത്രം സാങ്കല്‍പികവും കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പുമുള്ള മലബാറിനെയാണ് കൊതിക്കുന്നതുമാണ് എന്നാണ്. അതിനാലാണ് പൊന്നാനിക്കാരനായ മുസ്‌ലീം ടി.വി അബ്ദുറഹിമാന്‍ എഴുതുന്ന മാപ്പിള ചരിത്രത്തിനും എടുക്കുന്ന മാതൃക പൊന്നാനിക്കളരി അവതരിപ്പിച്ച മാപ്പ് ആകുന്നത്. ഈ കൃതിക്ക് അവതാരിക എഴുതി പവനന്‍ പറയുന്നത് ഇതാണ്.
''ശുദ്ധമായ മലയാളം മദ്ധ്യകേരളത്തിലാണെന്നു പരക്കെ പറയാറുണ്ട്. മദ്ധ്യകേരളത്തില്‍ത്തന്നെ അതെവിടെയാണെന്നു ചോദിച്ചാല്‍ പലരും പറയുക വള്ളുവനാട്ടില്‍ എന്നാണ്....നല്ല 'മാപ്പിള മലയാളം' വളര്‍ന്നതും വള്ളുവനാടിന്റെ തുടര്‍ച്ചയായ ഏറനാട്ടിലല്ലേ?''28
ഇവിടെ വ്യക്തമാകുന്ന കാര്യം 1998-ല്‍ പോലും കേരളത്തിന്റെ ഭാഷായാഥാര്‍ത്ഥ്യം പ്രാദേശികമാണ് എന്നത് തന്നെയാണെന്നാണ്. മാത്രമല്ല പൊന്നാനിയെ പവനന്‍ സങ്കല്‍പിക്കുന്നത് കാണുക. '' ഈ മലയാളമുപയോഗിച്ച് സാഹിത്യരചന നടത്തിയവരില്‍ അനേകം പ്രമുഖര്‍ വള്ളുവനാടിന് പുറത്താണ്. പഴയ കൊച്ചിരാജ്യത്തോളം വരുന്ന പഴയ പൊന്നാനിത്താലൂക്കിലാണ്. അവരില്‍തന്നെ ഏറിയ പങ്കും നിളാനദിയുടെ തീരത്തായിരുന്നു.''29 നമ്മള്‍ മലയാള സാഹിത്യം എന്ന ഏകസ്വഭാവത്തിലുള്ള ഒരു സങ്കല്‍പത്തെ പറ്റിയാണ് പതിവായി പറയാറുള്ളതെങ്കിലും. അതിനാലാണ് പവനന്റെയും പൊന്നാനിക്കളരിയുടെയും സ്ഥലസങ്കല്‍പങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുന്നത്. പ്രത്യേകിച്ച് ഈ പുസ്തകത്തെകുറിച്ച് പറയുന്ന കാര്യം. ''ഈ പുസ്തകത്തില്‍ നിന്ന് ഗ്രന്ഥകര്‍ത്താവിന് കിട്ടുന്ന വരുമാനമത്രയും ഇടശ്ശേരി സ്മാരകമന്ദിരത്തിനുള്ളതാണ്.''30 ഇവിടെ ഈ പുസ്തകം കാമ്പയിനിന്റെ സ്വഭാവം മാത്രമല്ല, വളരെ വൈകാരികമായ അടുപ്പം കൂടിയാണ് കാട്ടുന്നത്. ''പൊന്നാനിക്കാരല്ലെങ്കിലും പൊന്നാനി സാഹിത്യ മന്ദിരത്തിന്റെയും അതിന്റെ ആശാനായ ഇടശ്ശേരിയുടെയും സന്ദേശമുള്‍ക്കൊണ്ട കുറെ എഴുത്തുകാര്‍ അവര്‍ക്കു ചുറ്റും അണി നിരക്കുന്നു എന്നാണ്'' പവനന്‍ വ്യക്തമാക്കുന്നത്.31 ഈ പൊന്നാനി ചരിതത്തിലെ ലോകത്തുള്ളവര്‍ പൊന്നാനിക്കാര്‍ മാത്രമല്ല. അല്ലെങ്കില്‍ പൊന്നാനി എന്നത് തന്നെ കൃത്യമായ അതിര്‍ത്തികള്‍ ഇല്ലാത്ത ഭാവനാ സ്ഥലമാണെന്ന് വരുന്നു. ആവശ്യക്കാരുടെ ആവശ്യത്തിന് അനുസരിച്ച് വികസിപ്പിക്കാവുന്ന സഥലം. കാരണം നിളയുടെ തീരങ്ങളിലൂടെ എന്ന കൃതിയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വിശദമായ മാപ്പ് തന്നെ വരച്ചു നല്‍കുന്നുണ്ട്. അതില്‍ അറബിക്കടല്‍ മുതല്‍ പശ്ചിമഘട്ടം വരെയുള്ള വീതി കൂടിയ സ്ഥലമാണ് പൊന്നാനി.
മാത്രമല്ല തിരൂര്‍ തുഞ്ചന്‍ പറമ്പ്, കേരള കലാമണ്ഡലം, ആഴ്‌വാഞ്ചേരി മന, കല്‍പാത്തി വിശ്വനാഥക്ഷേത്രം, പുഴക്കരെ മല്ലൂര്‍ ശിവക്ഷേത്രം, തിരുവില്വാമല പുനര്‍ജനി ഗുഹ, തിരുനാവായ നിലപാടുതറ, പൊന്നാനിയിലെ ജുമാഅത്ത് പള്ളി, നാറാണത്തുഭ്രാന്തന്റെ രായിരനെല്ലൂര്‍ മല, ചെറുതുരുത്തി വള്ളത്തോള്‍ ഭവനം,പൂമുള്ളി മന എന്നിവയാണ് ലീലാകൃഷ്ണന്റെ പൊന്നാനിയിലുള്ളത്. ഇപ്പറഞ്ഞ സ്ഥലങ്ങളുടെ ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. അക്കിത്തത്തിന്റെ കളരിയില്‍ നിന്ന് ലീലാകൃഷ്ണന്‍ അധികമായി ചേര്‍ക്കുന്ന പുതിയ സ്ഥലങ്ങള്‍ ശ്രദ്ധിക്കുക. ഇതില്‍ പൊന്നാനിയിലെ ജമാഅത്ത് പള്ളി വരുന്നു. സൈനുദ്ദീന്‍ മഖ്ദൂമും മാപ്പിളപ്പാട്ടുകളും വരുന്നു. ''നിളാതീരത്തിന്റെ അയല്‍നാടെന്നു പറയാവുന്ന ഏറനാട്ടിലാണ് അറബി മലയാള സാഹിത്യം പ്രചുരപ്രചാരം നേടിയത്. മാപ്പിള മഹാകവി എന്നു പ്രസിദ്ധനായ മോയിന്‍കുട്ടി വൈദ്യരായിരുന്നു ഏറനാട്ടില്‍ അറബി മലയാളത്തിന്റെ വസന്തം വിടര്‍ത്തിയത്.''32
എന്നതിനെ പോലുമല്ല സങ്കല്‍പിക്കുന്നത്. ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍ ഇങ്ങനെ കവിത്രയങ്ങളെ ആധുനിക കേരളത്തിന് പാകമായ രീതിയില്‍ ഉണ്ടാക്കിയെടുക്കുകയാണ് നിരൂപകര്‍ ചെയ്തത്. ഈ മൂവരുടെയും തെരഞ്ഞെടുപ്പില്‍ തന്നെ കേരളമാകുന്നതിന് മുമ്പുള്ള പഴയ സ്ഥലസങ്കല്‍പമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണാനാകും. തിരു-കൊച്ചിയില്‍ നിന്ന് രണ്ടുപേര്‍. ഉള്ളൂരും ആശാനും. മലബാറില്‍ നിന്ന് ഒരാള്‍. വള്ളത്തോള്‍. എന്നാല്‍ പൊന്നാനിയെ സാഹിത്യത്തിന്റെ കേന്ദ്രമാക്കുന്ന ലോകമാതൃകയാണ് പൊന്നാനിക്കളരിയില്‍ കാണുന്നത്. ഇത് മറ്റ് മാതൃകകളെ ഇതുപോലെ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ''തിരുവനന്തപുരത്തും കൊടുങ്ങല്ലൂരും മാത്രമേ ഈ രീതിയില്‍ സാഹിത്യ കളരികള്‍ സ്വയം രൂപപ്പെട്ടു വന്നതായി കേട്ടിട്ടുള്ളൂ.''33 എന്നും ''തുടര്‍ന്ന് കെ. ടി മുഹമ്മദ്, വി. അബ്ദുള്ള, തിക്കോടിയന്‍, എന്‍. പി മുഹമ്മദ്, മുതലായവരുടെ സഹകരണത്തോടെ കോഴിക്കോട്ട് മലബാര്‍ കേന്ദ്രകലാ സമിതിയായി ആ നവോന്മേഷം വളരുകയും ചെയ്തു.''34 ഇത് ദേശീയമായ സാഹിത്യത്തെ കുറിച്ചുള്ള വായനക്കും കേരളീയമായ സാഹിത്യചരിത്രത്തിനും പുറമെ പോകുന്ന സമീപനമാണ്. ഇതുപോലെ തന്നെ മറ്റൊരു പ്രസിദ്ധ കളരിയെ പറ്റി ഗുപ്തന്‍ നായര്‍ സൂചിപ്പിക്കുന്നുണ്ട്. 1930-കളില്‍ തിരുവനന്തപുരത്ത് നിലനിന്നിരുന്ന 'കേസരി സദസ്സ്' ആണിത്.35
പുലിക്കോട്ടില്‍ ഹൈദറുടെ കൃതികള്‍ അച്ചടിക്കുന്നതില്‍ വണ്ടൂര്‍ മാപ്പിള കലാസാഹിത്യ വേദിയുടെ പങ്ക് അന്നത്തെ സാഹിത്യ അക്കാദമിയുടെ സെക്രട്ടറി എ. വി ദാസ് വ്യക്തമാക്കുന്നുണ്ട്. ''ഹൈദറിനെ കുറിച്ച് അറിയുന്നതിലൂടെ മാപ്പിള സാഹിത്യത്തെയും ജീവിത സംസ്‌ക്കാരത്തെയും കാലത്തെയും അറിയാനുള്ള വലിയ അവസരം ഒരുക്കുകയാണ് വണ്ടൂര്‍ മാപ്പിള കലാ സാഹിത്യ വേദി പ്രവര്‍ത്തകര്‍ നിര്‍വഹിച്ചത്.''37 ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍ പേര് വച്ചെഴുതിയ പ്രസാധകകുറിപ്പും തുടര്‍ന്ന് ചേര്‍ത്തിട്ടുണ്ട്.'38 വണ്ടൂരിന്റെ സാംസ്‌ക്കാരികമായ പ്രത്യേകതകള്‍ ഈ കൃതികളെ ഉണ്ടാക്കുന്നതിലും ആസ്വദിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു എന്നാണ് അവ വ്യക്തമാക്കുന്നത്. പൊന്നാനിക്കളരി, കേസരി സദസ്സ് എന്നിവയുടെ മട്ടില്‍ വണ്ടൂരിന്റെ സാംസ്‌കാരിക മാപ്പില്‍ നില്‍ക്കുന്നു പുലിക്കോട്ടില്‍ കൃതികള്‍ എന്ന് സാഹിത്യ അക്കാദമി സെക്രട്ടറിയും വ്യക്തമാക്കുന്നു. അതായത് 'മുഖ്യധാര' മലയാള സാഹിത്യവും 'മാപ്പിള' ആവിഷ്‌ക്കാരങ്ങളും ഒരു യൂണിവേഴ്‌സല്‍ കേരളത്തെ അല്ല ആവിഷ്‌ക്കരിക്കുന്നത്. ഇവ കേരളത്തിന്റെ ഭാഗഭാക്കാന്‍ കൊതിക്കുന്നത് പല വിധത്തിലാണ്. എന്നാല്‍ മലയാള സാഹിത്യം (ഇ. എം. എസ്സിന്റെ പ്രശസ്തമായ കൃതിയുടെ പേര് പിന്തുടര്‍ന്ന് ) നാഷണല്‍ ക്വസ്റ്റന്‍ ഓഫ് കേരള ഉണ്ടാക്കാനാണ് 'മാപ്പിള' സാഹിത്യകാരും 'മലയാള' സാഹിത്യകാരും ശ്രമിക്കുന്നത്.
രണ്ട്
അക്കിത്തത്തിന്റെ പൊന്നാനിയിലേക്ക് വരാം. അക്കിത്തത്തിന്റെ കളരിയുടെ ലോകത്തിന് പുരാണ സ്വഭാവമാണുള്ളത്. എന്നാല്‍ ഇത് ആധുനിക ലോകത്തിന് വേണ്ടി പുനര്‍നിര്‍മ്മിച്ചതായ ഒരു കാലത്തെയും സ്ഥലത്തെയുമാണ് സങ്കല്‍പിക്കുന്നത്. വി. ടിയെ സങ്കല്‍പിക്കുന്നതിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ ഉപമിക്കുന്നതിനും വേണ്ടി വിശാലമായ പാന്‍ ഇന്ത്യന്‍ ഹിന്ദുമതത്തെയാണ് പലപ്പോഴും അക്കിത്തം കൂട്ട് പിടിക്കുന്നത്. '' 'സത്യമെന്നത് ഇവിടെ മനുഷ്യനാണ്' എന്ന് വി. ടി പറയുമ്പോള്‍ 'ജീവോ ബ്രഹമൈവ നാ പര' എന്നാണ് ശ്രീശങ്കരന്‍ പറഞ്ഞത്.''39 ഇവിടെ വിവേകനാന്ദനെ പോലെയുള്ളവരുടെ മാതൃകയാണ് അക്കിത്തം സ്വീകരിക്കുന്നത്. വിവേകാനന്ദന്‍ ഹിന്ദുമതത്തെ ആധുനികാവശ്യങ്ങള്‍ക്ക് വേണ്ടി പുതുക്കി പണിതതാണെന്ന് വാന്‍ഡര്‍ വീര്‍ മുതല്‍ സുമിത് സര്‍ക്കാര്‍ വരെ എഴുതിയിട്ടുണ്ട്. ഈ ഹിന്ദുമതം ചരിത്രാതീതമായ ഒന്നല്ല. തികച്ചും പുതുതായി ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കണ്ടെത്തുന്നതാണ്. ഇതിന്റെ വംശാവലി പീറ്റര്‍ വാന്‍ഡര്‍ വീര്‍ വിവരിക്കുന്നുണ്ട്. അതിലെ പ്രത്യകത സ്പിരിച്വാലിറ്റി എന്ന ആശയമാണ്: ''സ്പിരിച്വല്‍ എന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായി വന്നതാണ്.''എന്ന് പറഞ്ഞ് തുടങ്ങുന്ന വീര്‍ ഇതിന്റെ ഇന്ത്യന്‍ പശ്ചാതലവും കൊളോണിയല്‍ കഥയും കൂടി വ്യക്തമാക്കുന്നുണ്ട്. :''പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാം പകുതിയില്‍ ക്രിസ്തുമതം ജനങ്ങളെ തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ മാത്രമല്ല ശ്രമിക്കുന്നത്, മറ്റു മതങ്ങളില്‍ യൂണിവേഴ്‌സലായ സ്പിരിച്വാലിറ്റിയെ കണ്ടെത്താനും ശ്രമിച്ചു.''40 ഇതിന്റെ തെളിവാണ് 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക മതസമ്മേളനം. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം വളരെ പ്രസിദ്ധമാണല്ലോ. 'ലോകമതം' എന്ന പുതിയ കാറ്റഗറി ഇതിലൂടെ രൂപപ്പെട്ടു എന്നാണ് വീര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഈ സ്ഥലസങ്കല്‍പത്തില്‍ ലീലാകൃഷ്ണന്‍ പുതിയ മലയാള സാഹിത്യത്തിലെ പേരുകളും ചേര്‍ക്കുന്നു. ഒ. വി. വിജയനും എം. സുകുമാരനും വി. കെ എന്നും വരുന്നു. വെറുതെ ചേര്‍ക്കുക മാത്രമല്ല ചെയ്യുന്നത്. ഉദാഹരണത്തിന് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നു. : ''കല്‍ക്കത്തയിലും വന്നേരിയിലും ജീവിച്ച രണ്ടു മനസ്സുകളും രണ്ടു ജീവിതങ്ങളുമായി അവര്‍ 'കമലാദാസും' 'മാധവിക്കുട്ടി'യുമാകുന്നു. ഹുഗ്ലിയും നിളയും ഒന്നാണെന്നറിയുന്ന വലിയൊരു തിരിച്ചറിവ് കൂടിയാണിത്.''41 ഇങ്ങിനെ മേല്‍കാണിച്ച അക്കിത്തത്തിന്റെ പരമ്പരാഗത മാപ്പിനെ ലീലാകൃഷ്ണന്‍ ഒന്നു കൂടി പരിഷ്‌ക്കരിക്കുന്നു. ഇത്തരത്തില്‍ പരിഷ്‌ക്കരിക്കുകയാണ് ടി. വി അബ്ദുറഹിമാന്‍കുട്ടിയും ചെയ്യുന്നത്. ''പൂര്‍വകാലത്തേക്ക് ഒരു എത്തിനോട്ടം നടത്തിയാല്‍ മനസ്സില്‍ പെട്ടെന്ന് തെളിയുന്നത് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ ജനകീയ അംഗീകാരം നേടിയ രവിവര്‍മ്മ ചിത്രങ്ങളാണ്.''42 പൊന്നാനിയുടെയോ അതിന് ചുറ്റുമോ ഉള്ള സ്ഥലത്ത് അല്ലാതിരുന്നിട്ടും രവിവര്‍മയെ പൊന്നാനിപെരുമ എന്ന രൂപകത്തിലേക്ക് ചേര്‍ക്കുകയാണ് ഇവിടെ. അപ്പോഴും മലയാള സാഹിത്യം എന്ന വിശാല ഭൂപ്രദേശത്തെ അക്കിത്തം അവതരിപ്പിച്ച മാപ്പിലേക്ക് കൊണ്ടുപോകുക തന്നെയാണ് ഇവിടെയും.
ഒപ്പം അക്കിത്തത്തിന്റെയും ലീലാകൃഷ്ണന്റെയും ചരിത്രം പറച്ചിലിന് ഒരു സാമ്യമുണ്ട്. അത് അവ വ്യക്തിപരമായ ഓര്‍മ്മകളെ രേഖപ്പെടുത്തുകയാണ് എന്ന മട്ടിലാണ് എഴുതുന്നത്. വി. ടിയോടും ഇടശ്ശേരിയുമായും നാലപ്പാടനുമായുമുള്ള പരിചയകാലത്തെയാണ് അക്കിത്തം എഴുതുന്നത്. എന്നാല്‍ പുഴയുടെ കൂടെയുള്ള സഞ്ചാരത്തിന്റെ സ്വഭാവമാണ് നിളക്കുള്ളത്. ''ഈ പുഴ മലയാളത്തിന്റെ അമ്മയാകുന്നു. അച്ഛനോ തുഞ്ചത്ത് നാട്ടെഴുത്തഛനും.''43 ഇതില്‍ വര്‍ഷങ്ങളെ കൃത്യമായി ഉദ്ധരിക്കുന്നില്ല. അതിനാല്‍ ഫോക്ക്‌ലോറിന്റെ പ്രതീതി ഉണ്ടാക്കുന്ന ചരിത്രമെഴുത്താണ് ഈ കൃതിയില്‍ ഓളമിടുന്നത്.44 അനുഭവങ്ങളുടെ സ്വഭാവത്തിലാണ് പൊന്നാനിക്കളരി എങ്കില്‍ നാടന്‍ ഫോക്ക് ലോറിന്റെയും കേട്ട്കേള്‍വിയുടെയും സ്വഭാവമാണ് നിളക്ക്.45
ഇത് തന്നെ ഇവയെ ഏകീകൃതമായി വിലയിരുത്തുന്നതില്‍ നിന്ന് നമ്മെ തടയുന്നു. മേലാളമെന്നോ സവര്‍ണമെന്നോ വിലയിരുത്തുന്നതില്‍ നിന്നും, അവയുടെയെല്ലാം അംശങ്ങള്‍ പേറുന്നുണ്ടെങ്കിലും. പൊന്നാനിയിലെ മുസ്‌ലീങ്ങള്‍ എങ്ങനെയാണ് ഈ മാപ്പിനെ ഉപയോഗപ്പെടുത്തിയത് എന്ന് കാണുമ്പോഴാണ് നമ്മുടെ ചര്‍ച്ച പൂര്‍ണമാകുക.46
പൊന്നാനിക്കാരനായ മാപ്പിളയും അറബി അധ്യാപകനുമായ അബ്ദുറഹിമാന്‍കുട്ടിയും പിന്‍പറ്റുന്നത് അക്കിത്തം അവതരിപ്പിച്ച സവര്‍ണ സാഹിത്യമാപ്പിനെ തന്നെയാണ്. എന്നാല്‍ അതില്‍ ചില അഡീഷനുകള്‍ വരുന്നുണ്ട്. കുഞ്ചന്‍, കുഞ്ഞാലി എന്നിങ്ങനെ ചേര്‍ത്തു വരുന്നത് വെറുതെ റൈമിങ് മാത്രമല്ല എന്ന് ശ്രദ്ധിക്കണം. കുഞ്ചന്‍ കവിയാണെങ്കില്‍ കുഞ്ഞാലി പോരാളി ആണ്. പൊന്നാനിക്കളരിയിലും നിളയിലും കാണാത്ത കോമ്പിനേഷനാണ് അബ്ദുറഹിമാന്‍ കുട്ടിയുടെ പൊന്നാനി. ''എന്നാല്‍ നിളാ തീരത്തെ ഹിന്ദുസ്ഥാനി സംഗീത പാരമ്പര്യത്തിന് മറാഠേയ്ക്കും മുമ്പുള്ളൊരു ചരിത്രമുണ്ട്. ജീവിതം മുഴുവനായും സംഗീതത്തിന് സമര്‍പ്പിച്ച കുറെ അവധൂതരായ സംഗീതജ്ഞര്‍ ജന്മങ്ങള്‍ ബലിയര്‍പ്പിച്ചു കൊണ്ടു വളര്‍ത്തിക്കൊണ്ടു വന്ന ഒരു സമാന്തര സംഗീതസംസ്‌ക്കാരമാണത്. നിളാതീരത്തെ സാംസ്‌ക്കാരിക ചരിത്രത്തില്‍ പ്രകാശപൂര്‍ണമായ ഒരു വിപ്ലവം തുന്നിച്ചേര്‍ത്ത ആ സംഗീത സംസ്‌കൃതിയെക്കൂടി അറിയാതെ നിളയുടെ സംഗീതോത്സവം പൂര്‍ത്തിയാകുന്നില്ല''എന്ന് പറഞ്ഞ് അക്കിത്തത്തിന്റെ കളരിയില്‍ നിന്ന് ലീലാകൃഷ്ണന്റെ കളരി മാറി നില്‍ക്കുന്നുണ്ട്. നിളാതീരത്തിന്റെ പരമ്പരാഗത മാപ്പിലേക്കാണ് ലീലാകൃഷ്ണന്‍ ഇവയെ ചേര്‍ക്കുന്നത്.47
മുഖ്യധാരയുടെ ലേബലില്‍ പെടുത്തി മാത്രമേ ഇവയെ സ്വീകരിക്കാന്‍ ഇദ്ദേഹം തയ്യാറാകുന്നുള്ളൂ. ''കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം നിളാതീരത്തു നടന്ന സുപ്രധാനമായ ഈ സാംസ്‌ക്കാരിക വിപ്ലവം എന്തുകൊണ്ടോ സാമൂഹികമായി വേണ്ടത്ര പ്രസക്തി നേടിയില്ല. പൊന്നാനിയിലെയും തിരൂരിലെയുമൊക്കെ ക്ലബുകള്‍ വളര്‍ത്തിയെടുത്ത പ്രഗത്ഭരായ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ മിക്കവരും മാപ്പിളപ്പാട്ടുകാരെന്ന ലേബലില്‍ അവഗണിക്കപ്പെട്ടു പോവുകയാണുണ്ടായത്. അന്നത്തെ സാമൂഹികമായ ഉച്ഛനീചത്വങ്ങള്‍ തന്നെയായിരുന്നു അതിനു കാരണം. ഇവിടുത്തെ ഇസ്‌ലാം ജീവിത സംസ്‌ക്കാരവുമായി ബന്ധപ്പെട്ടാണ് മിക്കപ്പോഴും ഹിന്ദുസ്ഥാനി സംഗീതത്തിന് ആതിഥ്യം ലഭിച്ചത്. മാപ്പിളപ്പാട്ടുകള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതവുമായി അടുത്ത ബന്ധമുണ്ടല്ലോ. ....പൊന്നാനിയിലെ അസീസ്, ഹംസ, മായിന്‍ തുടങ്ങിയ പ്രശസ്തരായ സംഗീതജ്ഞരെല്ലാം ഈവിധം മാപ്പിളപ്പാട്ടുകാരായി ലേബല്‍ ചെയ്യപ്പെട്ടരാണ്.''48 മികച്ച രീതിയില്‍ തന്നെ ലീലാകൃഷ്ണന്‍ കാര്യങ്ങളെ അവതരിപ്പിക്കുമ്പോഴും ചില പരിമിതികള്‍ ഇതില്‍ മുഴച്ചു നില്‍ക്കുന്നു. മാപ്പിളപ്പാട്ടിന് മീതെ എന്തോ ഒന്നാണ് ഹിന്ദുസ്ഥാനി എന്ന ബോധം. അതിന് കാരണം തൊട്ടുമുമ്പുള്ള ഭാഗത്ത് കാണാം. ''രാമപ്ഫന്റെ സംഗീതക്കമ്പമറിഞ്ഞ ആറാം തമ്പുരാന്‍ ലോക പ്രശസ്തരായ സംഗീതജ്ഞരെയെല്ലാം പൂമുള്ളിയിലേക്ക് ക്ഷണിച്ച് കൊണ്ടു വന്നു. പൂമുള്ളിയുടെ രാവുകളും പകലുകളും സംഗീതഭരിതമായി. പൂക്കുന്നത്ത് ഗോപാലന്‍ നായരുടെ കീഴില്‍ കര്‍ണ്ണാടകസംഗീതം പഠിച്ച് തുടങ്ങിയ രാമപ്ഫന്‍ പിന്നെ ഹിന്ദുസ്ഥാനി സംഗീതത്തിലേക്കും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിലേക്ക് തിരിഞ്ഞു.''49 നോക്കൂ എവിടെയാണ് ഈ സംഗീതത്തിന് വംശാവലി കിടക്കുന്നത് എന്ന്. ആറാം തമ്പുരാന്റെ പൂമുള്ളി മനയില്‍. അതിനാല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന് കിട്ടുന്ന അത്ര സ്ഥാനം മാപ്പിളപ്പാട്ടിന് നല്‍കാന്‍ നിളയുടെ തീരങ്ങളിലൂടെ സമ്മതിക്കുന്നില്ല. കുഞ്ചന്‍നമ്പ്യാരും രാമപ്ഫനും വരുന്ന ഒരു പാരമ്പര്യത്തിലാണ് ഹിന്ദുസ്ഥാനിക്കും മാപ്പിളപ്പാട്ടിനും സ്ഥാനം. കാരണം ''വള്ളുവനാടന്‍ നാടോടിപ്പാട്ടുകളുടെ ശേഖരണവും ഗവേഷണവും അതോടൊപ്പം കമ്പമായി'' എന്നാണ് ലീലാകൃഷ്ണന്‍ സൂചിപ്പിക്കുന്നത്.50 ആ അര്‍ത്ഥത്തിലാണ് മാപ്പിളപ്പാട്ടും ഇതില്‍ കടന്നു വരുന്നത്. വള്ളുവനാടന്‍ നാടോടിപ്പാട്ടുകളെ പോലെ. രാമപ്ഫന്റെ പല കമ്പങ്ങളിലൊന്ന്. അവിടെ നാടന്‍ പാട്ടും ചേര്‍ന്നാലെ കര്‍ണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും അടങ്ങുന്ന സംഗീതത്തിന് പൂര്‍ണത വരൂ.
എന്നാല്‍ റഹ്മാന്‍ ഈ ലീലാകൃഷ്ണന്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ മാപ്പിലാണ് മായിന്‍, അസീസ് തുടങ്ങിയ പാട്ടുകാരെ അവതരിപ്പിക്കുന്നത്. അതില്‍ നിളയില്ല. ''വടക്കേയിന്ത്യയില്‍ നിന്നും കൊച്ചി, കോഴിക്കോട് നിന്നും സംഗീതജ്ഞന്മാരായ ഉസ്താദുമാരും ഖവാലി, ഗസലുകാരും ഇവിടെ താമസിച്ചിരുന്നു.''51 റമസാന്‍ മാസത്തിലെ മുപ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളെ പറ്റിയാണ് തന്റെ ലേഖനത്തില്‍ എഴുതുന്നത്. റമളാന്‍ മാസപ്പിറവി കാണുന്നതിന്റെ ചടങ്ങുകളും തറാവീഹ് നമസ്‌ക്കാരത്തിന് ശേഷം ക്ലബുകളില്‍ നടക്കുന്ന സംഗീതരാവുകളും എല്ലാമാണ് ഈ മുപ്പതു ദിനങ്ങളില്‍.52
പൊന്നാനിയെ വലിയ മാപ്പിള സാഹിത്യ കേന്ദ്രമായി അവതരിപ്പിക്കുകയാണ് റഹ്മാന്‍. ''മാപ്പിള കലാ-സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ഈറ്റില്ലമായിരുന്നു പൊന്നാനി.''53
തുടര്‍ന്ന് പൊന്നാനിയിലെ പ്രധാനികളുടെ പേരുകളും കൃതികളും ഇദ്ദേഹം നല്‍കുന്നു.54 ഇത്രയും ദീര്‍ഘമായ ഒരു ലിസ്റ്റ് കൊടുത്തത് പൊന്നാനിയിലെ സാഹിത്യ പാരമ്പര്യത്തിന്റെ റിച്ച്‌നെസ് വ്യക്തമാക്കാനാണ്. മാത്രമല്ല നോവല്‍, പാട്ടുകള്‍, കഥാപ്രസംഗം തുടങ്ങിയ നിരവധി ഷാനറുകള്‍ ഒരേ നിലയില്‍ നിലകൊള്ളുന്നത് കാണാം. 20-ാം നൂറ്റാണ്ടില്‍ കാണുന്ന പോലെ നോവലിനോ ചെറുകഥക്കോ മാത്രം പ്രാധാന്യം നല്‍കുകയും കഥാപ്രസംഗം പോലെയുള്ളവ പ്രീമോഡേണ്‍ ആണെന്ന് കരുതി തള്ളി ഒഴിവാക്കുകയുമല്ല ഇവിടെ കാണുക. കൃത്യമായ രേഖയില്‍ വരാത്ത ഒരുപാടുപേര്‍ വേറെയുമുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ''പൊള്ള മൊയ്തീന്‍കാക്ക, സുറുമക്കാരന്‍ സൈദാലി മിസ്‌കീന്‍ തുടങ്ങിയവരുടെ ഇമ്പവും രസകരവും ഖേദവും നിറഞ്ഞ പാട്ടുകള്‍ ഒരുപാട്. അങ്ങനെ രേഖയില്‍ പെടാതെ അറിയപ്പെടാതെ കിടക്കുന്ന ഒരുപാട് വേറെ.''55 ഇപ്പറഞ്ഞതില്‍ നിന്നും മാപ്പിള സാഹിത്യം ആണുങ്ങള്‍ മാത്രം വാണ കളരിയാണെന്ന് തെറ്റിധരിക്കണ്ട.56
സമാപനം
മേല്‍കാണിച്ച ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിയുന്ന കാര്യങ്ങള്‍ ഇത്രയുമാണ്. സാധാരണ ഗതിയില്‍ നമ്മള്‍ മുഖ്യധാരയെയും സവര്‍ണതയെയും പര്യായങ്ങളായാണ് കാണുക. രാഷ്ട്രത്തിന്റെ പുറമ്പോക്കായും സവര്‍ണതയുടെ ബദ്ധശത്രുവായും മാത്രം മാപ്പിളയെ പരിഗണിക്കുന്ന ചര്‍ച്ചകള്‍ മുഖ്യധാരയുടെ സങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം അവയെ താലോലിക്കുകയാണ് ചെയ്യുക. ഇവിടെയുള്ള ചര്‍ച്ച വ്യക്തമാക്കുന്നത് ഒരേ മാതൃക തന്നെ വ്യത്യസ്തമായ വിഭാഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഉള്‍ക്കൊള്ളുന്നു എന്ന് കാട്ടിത്തരാനാണ്. എന്നാല്‍ വിഭാഗം എന്ന് പറയുന്നതും ഏകസ്വഭാവമുള്ളവയല്ല. പ്രത്യക്ഷത്തില്‍ ഹിന്ദു എന്ന് തോന്നാവുന്ന ലീലാകൃഷ്ണന്റെയും അക്കിത്തത്തിന്റെയും പൊന്നാനി മാതൃക വിഭിന്നമാണ്. ടി. വി. അബ്ദുറഹിമാന് കൂടുതല്‍ സാമ്യം അക്കിത്തത്തിന്റെ മാതൃകയോടാണ്. ''....പരശുരാമന്‍ പുറമെ നിന്ന് കൊണ്ടു വന്നെന്ന് ഐതിഹ്യമുള്ള 64 ബ്രാഹ്മണ വിഭാഗങ്ങളില്‍ പ്രമുഖരായ പന്നിയൂര്‍ ശുകപുരം ഗ്രാമക്കാര്‍ പാര്‍ത്തിരുന്ന പ്രദേശവും തെക്ക് ചേര്‍ത്തല മുതല്‍ വടക്ക് പൂക്കൈതപ്പുഴ വരെയുള്ള കൊച്ചി രാജ്യത്തിന്റെ മൂലസ്ഥാനമായ പെരുമ്പടപ്പ് ദേശത്തിന് അരികെയുള്ള പട്ടണവും പൊന്നാനിയാണെന്ന് രേഖകളുടെ പിന്‍ബലത്തോടെ കഴിഞ്ഞലക്കങ്ങളില്‍ നാം ഗ്രഹിച്ചു.''57
ഇത് സംസ്‌കൃത വിധേയത്വമെന്ന് പറയുന്നതിനേക്കാള്‍ ആ പാരമ്പര്യത്തിന്റെ വൈജ്ഞാനിക സ്വഭാവത്തെ തങ്ങളുടെതാക്കാനുള്ള മോഹമാണെന്ന് കാണാം. പൊന്നാനിക്കാരനല്ലാത്ത മാപ്പിള ഗവേഷകന്‍ ഉമ്മര്‍ തറമേല്‍ പറയുന്നതില്‍ നിന്നും ഇത് വ്യക്തമാകും. ''പൊന്നാനി കേരളീയ ജീവിതത്തിന്റെ ഒരു സാംസ്‌ക്കാരിക രൂപകമാണ്. അതുകൊണ്ടാണ് സാഹിത്യത്തില്‍ പൊന്നാനിക്കളരി എന്ന ഒരു പ്രയോഗം തന്നെയുണ്ടായത്. നവോത്ഥാന കേരളത്തിന്റെ ആഖ്യാനങ്ങളെ ഇത്രമേല്‍ ധന്യമാക്കിയ ഒരു പ്രദേശം കേരളത്തില്‍ വിരളമാണ്.''58 'മാപ്പിളവസന്തം ചരിത്രവും വര്‍ത്തമാനവും' എന്ന കൃതിയിലാണ് പൊന്നാനിയെ കുറിച്ച് ഇങ്ങനെ വാഴ്ത്തുന്നത്. അദ്ദേഹം തുടര്‍ന്ന് എഴുതുന്നത് കൂടി വായിക്കുക.''കേരളത്തിലെ മത-ജാതി-വര്‍ഗങ്ങള്‍ ഒരു നാടോടി-കാര്‍ഷിക പ്രധാനമായ കൂട്ടുജീവിത പ്രക്രിയയിലേര്‍പ്പെടുന്നതിനോടൊപ്പം തന്നെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ അതിലേക്കു വന്നു ചേരുന്ന അറബി സംസ്‌ക്കാരത്തിന്റെ ഒരു കൈവഴി 'പൊന്നാനിക്കളരി' സങ്കല്‍പത്തിന്റെ ചരിത്രത്തോടൊപ്പമുണ്ട്.''59 എന്നാണ് തറമേല്‍ എഴുതുന്നത്. ഇത് മലയാള സാഹിത്യത്തെ തന്നെ പലപല പോക്കറ്റുകളില്‍ സ്ഥിതി ചെയ്യുന്ന ഒന്നായി കാണാമെന്ന് കരുതുന്നതില്‍ നിന്ന് വിപരീതമാണ്. ഏകീകൃതമായ കേരള സാഹിത്യത്തെയുംഅതിനു വേണ്ടി പൊന്നാനിയെയും വ്യാഖ്യാനിക്കാനുള്ള ശ്രമമാണിത്. പൊന്നാനിക്കളരി പങ്കിടുന്ന സ്വപ്നമാണ് മാപ്പിള ബുദ്ധിജീവികളും പങ്കു കൊള്ളുന്നത്. ഇത് മുഖ്യധാര മാപ്പിള ചിന്തകള്‍ മുഖ്യധാര മലയാള ലോകത്തെ തന്നെയാണ് മാതൃകയാക്കുന്നത്, കൊതിക്കുന്നത് എന്ന് വ്യക്തമാകും. മാപ്പിളയെ സവര്‍ണ പൊന്നാനിക്കളരിയുടെ ഭാഗമാക്കി അതിന് സാധുത നല്‍കാനുള്ള ശ്രമം കൂടി കാണാം. അങ്ങനെ മാത്രമേ സാധുത കിട്ടൂ എന്നതും ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ പൊന്നാനിക്കളരിയുടെ മാതൃക ഉപയോഗിച്ചാണ് അതിനും നൂറ്റാണ്ടുകള്‍ മുന്നേയുള്ള മാപ്പിള ചരിത്രസംഭവങ്ങളെ പ്രതിഷ്ഠിക്കാനുള്ള പശ്ചാത്തലം കണ്ടെത്തുന്നത്.60
ഇതിനായി വലിയ ചിരിത്ര പശ്ചാതലവും ഇദ്ദേഹം നിരത്തുന്നുണ്ട്. ''കേരളത്തില്‍ അറബികളും യൂറോപ്യരും തമ്മിലുള്ള വാണിജ്യ സംഘര്‍ഷം ശക്തിമത്താകുന്ന ചരിത്രത്തിലെ നിര്‍ണായകഘട്ടം കൂടിയാണിത്. കുടിലന്മാരും രാഷ്ട്രീയ ഉപജാപകരുമായ യൂറോപ്യന്മാരുടെ കോളണി വല്‍ക്കരണത്തിനെതിരെ തദ്ദേശീയരെ സമരമുഖത്തേക്ക് ആനയിക്കുന്നതില്‍ ഈ സയ്യിദുമാര്‍ക്കുള്ള പങ്ക് ചരിത്രം പല രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.''61 പൊന്നാനിക്കളരിക്കോ നിളയുടെ തീരങ്ങള്‍ക്കോ ഒരിക്കലും ഇത്തരത്തിലൊരു ന്യായീകരണം ആവശ്യം വരുന്നില്ല എന്നു കൂടി ഓര്‍ക്കുക. ഇത്തരം സമന്വയവാദങ്ങളെ സിങ്ക്രെറ്റിസിസം എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ സിങ്ക്രെറ്റിസിസത്തിന്റെ പ്രശ്‌നങ്ങളെ പറ്റി വളരെ വിശദമായി സംസാരിക്കുന്നുണ്ട് ഡി ബ്രൂയിന്‍. ഇവിടെ തോമസ് ഡി ബ്രൂയിന്റെ വിമര്‍ശനത്തിന് സാധ്യതയുണ്ട്. എന്താണ് ബ്രൂയിന്റെ വിമര്‍ശനം? മേലാള പാരമ്പര്യം മറ്റ് പാരമ്പര്യങ്ങളെ അതിന്റെ ആവശ്യത്തിനനുസരിച്ച് ചേര്‍ക്കുന്നു. മറ്റു പാരമ്പര്യങ്ങളെ ഹൈന്ദവ ഇന്ത്യന്‍ പാരമ്പര്യം അതിന്റെ ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് സിന്‍ക്രെറ്റിസിസം എന്നാണ് ബ്രൂയിന്‍ പറയുന്നത്. ഇത് വണ്‍വെ ആണെന്നാണ് ഡി ബ്രൂയിന്‍ വാദിക്കുന്നത്.62 എന്നാല്‍ ഡി ബ്രൂയിന്റെ വാദത്തിന് ചില പോരായ്മകള്‍ ഉണ്ട്. അത് ഇന്ത്യന്‍ വേഴ്‌സസ് മുസ്‌ലീം എന്ന ട്രാപ്പില്‍ വീണു പോകുന്നു. മാത്രമല്ല ഹിന്ദി സാഹിത്യത്തെ കുറിച്ചും ഇന്ത്യന്‍ അവസ്ഥയെ കുറിച്ചുമുള്ള ബൃഹദ് വിചാരങ്ങളില്‍ കുടുങ്ങി പോകുന്നുമുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി വേണം പ്രാദേശിക സാഹിത്യങ്ങളെ കാണാന്‍.
മാപ്പിളയായ അബ്ദുറഹിമാന്‍ പൊന്നാനിയെ അവതരിപ്പിക്കുന്നതിലെ വ്യത്യാസം കുറെകൂടി വ്യക്തമാകുന്നതിന് മറ്റൊരു ഉദാഹരണം കാണാം. ''മലബാറിലെ തീരപ്രദേശത്ത് കോഴിക്കോട്ട് നിന്ന് തെക്കുഭാഗത്തായി പൊന്നാനി എന്നുപേരായ ഒരു നഗരമുണ്ട്. അത് നൂറ്റാണ്ടുകളായിട്ട് മലബാര്‍ മുസ്‌ലിംകളുടെ വിജ്ഞാനീയവും മതപരവുമായ കേന്ദ്രമാണ്. ഹിജ്‌റ 9-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു പണ്ഡിത കുടുംബം അവിടെ അധിവാസമുറപ്പിച്ചു'' എന്നാണ് ശംസുല്ലാ ഖാദിരി എഴുതുന്നത്.63 ഇതില്‍ നിന്ന് മാറി അക്കിത്തം അവതരിപ്പിച്ച പരശുരാമ മാപ്പിലേക്കാണ് മഖ്ദൂമിനെയും പൊന്നാനിയെയും അബ്ദുറഹിമാന്‍ കുട്ടി തിരുകുന്നത്. ഡി ബ്രൂയിന്‍ മേലാള പാരമ്പര്യം ചെറു പാരമ്പര്യങ്ങളെ ഉപയോഗിക്കുന്നതിലെ സിങ്ക്രെറ്റിസിസത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ഉദാഹരണം കാട്ടിത്തരുന്നത് മേലാള പാരമ്പര്യത്തെ തിരിച്ച് ഉപയോഗിക്കുന്നതിനെയാണ്.
മാത്രമല്ല കേരളത്തിന്റെ എന്ന ബൃഹദ് ചരിത്രം ആയി മാത്രം കാര്യങ്ങളെ മനസ്സിലാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി സാഹിത്യത്തെയും കലകളെയും കാണണം. കേരളത്തിന് വേണ്ടി പൊന്നാനിയെ വീണ്ടെടുക്കുകയാണ് പൊന്നാനിക്കളരിയും (അക്കിത്തം), മാപ്പിള മുസ്‌ലീമും (ടി. വി അബ്ദുറഹിമാന്‍കുട്ടി) ചെയ്യുന്നത്. അത് ഒരേസമയം ഏകീകൃതമായ മാപ്പിള ഇസ്‌ലാമിനെയും ആഢ്യമായ കേരള സാഹിത്യത്തെയും ചോദ്യം ചെയ്യുന്നു. എന്നാലും കാതലായ വ്യത്യാസം മാപ്പിളധാരയും സവര്‍ണ മുഖ്യധാരയും തമ്മില്‍ കാണാം. മാപ്പിള ബുദ്ധിജീവികള്‍ തങ്ങളുടെ ആവിഷ്‌ക്കാരങ്ങളെ സാധൂകരിക്കാനുള്ള ഒന്നായാണ് സവര്‍ണതയെ കാണുന്നത്. മാപ്പിള ചിന്തകര്‍ സവര്‍ണതയുടെ ഇരയാണെന്ന് പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മനസ്സിലാക്കണം ഇതിനെ. മാപ്പിള ആവിഷ്‌ക്കാരങ്ങള്‍ക്ക് സവര്‍ണപശ്ചാത്തലം കൂടി കൂട്ടിന് വന്നാല്‍ മാത്രമേ ഒരു അടിത്തറ കിട്ടൂ എന്നതാണ് ഇതിനര്‍ഥം. എന്നാലും കേസരി സദസ്സ്, കോലായ, എം. ഗോവിന്ദന്റെ മദ്രാസ് കളരി എന്നിവ കേരള സാഹിത്യം എന്ന ഒന്നിനെ തന്നെ പലതാക്കി മാറ്റുന്നുണ്ട്. അങ്ങനെയാണ് 'മുഖ്യധാര' എന്ന് പറയപ്പെടുന്നത് തന്നെ നിലനില്‍ക്കുന്നത്. പക്ഷെ അവര്‍ക്ക് മാപ്പിള ബുദ്ധിജീവികളുടെ ആധി ഇല്ല. അങ്ങിനെ മുഖ്യധാരയെ മനസ്സിലാക്കിയാല്‍ മാത്രമേ മലയാള സാഹിത്യത്തിലേക്ക് 'മാപ്പിള' ആവിഷ്‌ക്കാരങ്ങളെ ഉള്‍പ്പെടുത്തണമെന്ന വാദത്തിനേക്കാള്‍ അവയുമായി ഇവ എങ്ങനെയാണ് ഇടപെട്ടത് എന്ന് മനസ്സിലാക്കണമെന്നാണ് ഈ ലേഖനം കരുതുന്നത്. അതായത് പൊന്നാനിക്കളരി, കേസരി സദസ്സ് എന്നിവ മാതിരി തന്നെ ചില ഗ്രൂപ്പുകളാണ് മൊഗ്രാല്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍, വടകര എന്നിവിടങ്ങളിലെ മാപ്പിള ആവിഷ്‌ക്കാരങ്ങള്‍ എന്ന് തിരിച്ചറിയാനാകും.
എന്നാല്‍ മറിച്ചാണ് മാപ്പിള ബുദ്ധിജീവികളുടെയും മുഖ്യധാര മലയാള സാഹിത്യത്തിന്റെയും മോഹം. അവര്‍ക്ക് ഏകീകൃതമായ കേരള സാഹിത്യം ആയാല്‍ മതി. എന്നാല്‍ ഈ കേരളത്തിലൊന്ന് പ്രവേശനം കിട്ടിയാല്‍ മതി മാപ്പിളമാര്‍ക്ക്. മലയാള സാഹിത്യത്തിനോ ലോകസാഹിത്യമായി അംഗീകരിച്ചാല്‍ ആണ് മോക്ഷം. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തെ പറ്റിയും മലയാളം ക്ലാസിക്കല്‍ ഭാഷ ആകാനുള്ള ശ്രമത്തെ പറ്റിയും ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്. അത് മറ്റൊരു ചര്‍ച്ചയാണ്.