പൂക്കോട്ടൂര്‍ കലാപം: സാമ്രാജ്യത്വ - ജന്മിത്വവിരുദ്ധ പോരാട്ടം

ഹാഫിസ് മുഹമ്മദ് സഈദ് സി. പി   (കെ.കെ.എച്ച്.എം. ഇസ്‌ലാം ആര്‍ട്‌സ് കോളെജ്, മര്‍കസ് വളാഞ്ചേരി)

ന്ത്യയില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ഒരു പ്രധാന അധ്യായമാണ് 1921 ല്‍ മലബാറില്‍ നടന്ന കാലപം, മലബാര്‍ കലാപം ഖിലാഫത്ത് ലഹള, കാര്‍ഷിക കുടിയാന്‍ പ്രക്ഷോഭം തുടങ്ങി വ്യത്യസ്ത നാമങ്ങളില്‍ പ്രശസ്തി നേടിയ കലാപത്തിലെ മുഖ്യ അംശം പൂക്കോട്ടൂര്‍ പ്രദേശവും അവിടെവെച്ചു നടന്ന കലാപവുമായിരുന്നു. ടോട്ടോഹാം തന്റെ മാപ്പിള റിബല്യന്‍ എന്ന ഗ്രന്ഥത്തില്‍ പൂക്കോട്ടൂര്‍ ബാറ്റില്‍ (Pookkottoor Battle) എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.
കോഴിക്കോട് മലപ്പുറം റൂട്ടില്‍ 26 ഉം 27 ഉം മൈലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് പൂക്കോട്ടൂര്‍ പ്രദേശം. 1921 ലെ ഗ്രാമീണ സ്ഥിതി വിവര സെന്‍സസ് പ്രകാരം പൂക്കോട്ടൂര്‍ ദേശം ഉള്‍പ്പെടെ പൂക്കോട്ടൂര്‍ അംശങ്ങളിലെ ജനസംഖ്യ ഇപ്രകാരമായിരുന്നു. 1. അറവങ്കര ദേശം: ഹിന്ദുക്കള്‍-141, മാപ്പിളമാര്‍-540 2. പൂക്കോട്ടൂര്‍ ദേശം: ഹിന്ദുക്കള്‍- 437, മാപ്പിളമാര്‍- 852, 3. വെള്ളൂര്‍ ദേശം: ഹിന്ദുക്കള്‍-415, മാപ്പിളമാര്‍-778. ആകെ: പൂക്കോട്ടൂര്‍ അംശം: ഹിന്ദുക്കള്‍-993, മാപ്പിളമാര്‍-2170. ആകെ. 3163(സെന്‍സസ് 1921, ഏറനാട് താലൂക്ക്, മലബാര്‍ ജില്ല. ഗവ. പ്രസ് 1921) പൂക്കോട്ടൂര്‍ വില്ലേജിന്റെ ഭൂവിസ്തൃതി 768.80 ഏക്കറാണ്. 1921ല്‍ ഈ ഭൂമി 96 ആധാരങ്ങളിലായി വീതിക്കപ്പെട്ടിരുന്നു. ആധാരം ഉടമകളില്‍ 26 മേല്‍ജാതി ഹിന്ദുക്കളും 10 താഴ്ജാതി ഹിന്ദുക്കളും ഉണ്ടായിരുന്നു. 58 മാപ്പിളമാര്‍ക്കും 2 ക്ഷേത്രങ്ങള്‍ക്കുമായിരുന്നു ബാക്കിയുള്ള ഭൂമി.

സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റം
സാമ്രാജ്യത്വ ജന്മിത്വ അധിനിവേശങ്ങള്‍ക്കെതിരെ 1920 മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യത്തിലുമാണ് പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മിറ്റി നിലവില്‍ വരുന്നത്. കറുത്തേടത്ത് പള്ളിയാലി ഉണ്ണിമൊയ്തു പ്രസിഡന്റ്, കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജി വൈസ് പ്രസിഡന്റ്, കറുത്തേടത്ത് കോടാംപറമ്പില്‍ അലവി സെക്രട്ടറി, പാറാഞ്ചേരി കുഞ്ഞറമുട്ടി അസിസ്റ്റന്റ് സെക്രട്ടറി, മന്നേത്തൊടി ചെറിയ കുഞ്ഞാലന്‍ ഖജാന്‍ജി, വടക്കുവീട്ടില്‍ മമ്മുദു മാനേജര്‍ എന്നിവരായിരുന്നു കമ്മിറ്റി ഭാരവാഹികള്‍.
കമ്മിറ്റി നിലവില്‍ വന്ന ശേഷം സാമ്രാജ്യത്വ ജന്മിത്വ ശക്തികള്‍ക്കെതിരില്‍ പ്രതിഷേധങ്ങളിലൂടെയും മറ്റും തങ്ങളുടെ നിലയുറപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിപുലമായ ഒരു സമ്മേളനം നടന്നത് 1921 ജനുവരി 23 പൂക്കോട്ടൂരില്‍ വെച്ചായിരുന്നു. ദേശീയ തലത്തില്‍ വികസിച്ചു വരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അജണ്ടകളും പുറമെ പ്രാദേശികമായ കുടിയാന്‍ പ്രശ്‌നങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അന്യായമായ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് സാധാരണക്കാരായ ധാരാളം കര്‍ഷകര്‍ വിധേയരാക്കപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. മഞ്ചേരിയിലെ ഒരു പരദേശി ബ്രാഹ്മണനെ കുടിയൊഴിപ്പിച്ച വിഷയത്തില്‍ പൂക്കോട്ടൂര്‍ കോവിലകത്തെ പ്രധാന കാര്യസ്ഥനായിരുന്ന വടക്കെ വീട്ടില്‍ മമ്മുദുവിന്റെ നേതൃത്വത്തില്‍ കുടിയാന്‍മാരും ജന്മിമാരും തമ്മിലുണ്ടായ പരസ്പര വടംവലി കുടിയാന്മാര്‍ക്കെതിരെ പ്രമാണിമാരുടെ തോല്‍വിയായാണ് ജനങ്ങള്‍ വിലയിരുത്തിയത്. പരിമിതമായുണ്ടായിരുന്ന ഭൂസ്വത്ത് കൂടി തട്ടിയെടുക്കാന്‍ നാടുവാഴിത്ത ശക്തികള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെ പൂക്കോട്ടൂരിലെ സാധാരണ കര്‍ഷകരില്‍ പ്രധിഷേധം രൂപപ്പെട്ടത് സ്വാഭാവികമായിരുന്നു.
1700 കളില്‍ മാപ്പിള പിന്നോക്ക ജനവിഭാഗവും നമ്പിമാരുടെ നായര്‍പടയും തമ്മില്‍ പുല്ലാരയില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിന്റെ സ്മരണക്കായി നടന്നു വന്നിരുന്ന നേര്‍ച്ച ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. തക്ബീര്‍ ധ്വനികളോടെയും ഖിലാഫത്ത് കൊടികളുടെയും അകമ്പടിയോടെ പെട്ടിവരവ് നടത്തിയ പൂക്കോട്ടൂര്‍ മാപ്പിളമാരുടെ അധികാരി വര്‍ഗം പ്രതിഷേധത്തിലേര്‍പ്പെട്ടത് ഖിലാഫത്ത് നിഷേധ സ്വാധീനമായിരുന്നെന്ന് പറയുന്നതില്‍ തെറ്റില്ല.
ഈ ഘട്ടത്തില്‍ പൂക്കോട്ടൂര്‍ കോവിലകത്തെ ഒരു പത്തായപ്പുര പൊളിച്ചു മാറ്റാന്‍ കാര്യസ്ഥന്‍ കൂടിയായ വടക്കുവീട്ടില്‍ മമ്മദു കരാറെടുത്തിരുന്നു. കരാറ് വെച്ചതിലും വേഗം പണി പൂര്‍ത്തീകരിച്ചെങ്കിലും ചിന്നനുണ്ണി തമ്പുരാന്‍ കരാറനുസരിച്ചുള്ള പണം കൊടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് കാര്യസ്ഥനും തമ്പുരാനും തമ്മിലുണ്ടായ തര്‍ക്കം മമ്മദുവിനെ കാര്യസ്ഥന്‍ സ്ഥാനത്ത് നിന്ന് പിരിച്ചുവിടുന്നതിലാണ് കലാശിച്ചത്.
പിരിച്ചു വിട്ടപ്പോള്‍ കിട്ടാനുണ്ടായിരുന്ന 350 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരുമുല്‍പാട് നല്‍കാന്‍ തയ്യാറായില്ല. പ്രതികാര ദാഹത്താല്‍ കോവിലകത്ത് നിന്ന് തോക്ക് മോഷ്ടിച്ചുവെന്ന് കള്ള കേസ് നല്‍കിയിരുന്നെങ്കിലും തൊണ്ടിയും തെളിവൊന്നും കിട്ടിയില്ല. മമ്മദുവും ചെറുതല്ലാത്ത ഒരു സംഘവും വീണ്ടും കോവിലകത്തെത്തിലെത്തിയതോടെ ഗത്യന്തരമില്ലാതെ ആവശ്യപ്പെട്ടത് കൊടുക്കേണ്ടി വന്ന തമ്പുരാന്‍ തുടര്‍ന്ന് വധ ഭീഷണിയുണ്ടെന്ന് കാണിച്ചായിരുന്നു കേസ് കൊടുത്തത്.
അധികാരി വര്‍ഗത്തിന് ഓശാന പാടുന്ന ഭരണകൂടം എന്നും ചോദ്യം ചെയ്യപ്പെട്ട പാരമ്പര്യമേ ലോകത്തിനുണ്ടായിട്ടുള്ളൂ. ഇന്‍സ്‌പെക്ടര്‍ നാരായണ മേനോന്‍ മമ്മദുവിനെതിരില്‍ കേസ്സ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ലെന്ന് മമ്പുറം തങ്ങളുടെ പേരില്‍ സത്യം ചെയ്യേണ്ടി വന്നത് ഇതിന്റെ സ്വാഭാവിക പരിണതിയായിരുന്നു.
നാരായണമേനോന് പുറമെ കലക്ടര്‍ തോമസിനും പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കിനും ഇത് വലിയ അപമാനമായിട്ടാണ് അനുഭവപ്പെട്ടത്. പൂക്കോട്ടൂര്‍ സംഭവവും മറ്റു സംഭവങ്ങളും ചേര്‍ത്ത് അതിനെ ഒതുക്കാന്‍ സൈന്യത്തെ ആവശ്യപ്പെട്ട് കലക്ടര്‍ തോമസ്സ് മദ്രാസ് ഗവണ്‍മെന്റിന് അയച്ച കത്തും തദടിസ്ഥാനത്തില്‍ സ്ഥിതിവിവരമന്വേഷിക്കാനായി അയക്കപ്പെട്ട കമ്മീഷണറായിരുന്ന നേപില്‍ അറസ്റ്റ് വാറണ്ടിനായി ചെലുത്തിയ സമ്മര്‍ദ്ദവും ഇതിന് തെളിവായി നിരത്തുന്നതില്‍ തെറ്റുണ്ടാവില്ലെന്ന് മനസ്സിലാക്കുന്നു. മലബാറില്‍ കേവലം പ്രാദേശിക തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നതെന്നും തോമസും ഹിച്ചകോക്കും എടുത്തുചാട്ടം നടത്തുകയാണെന്നുമുള്ള നേപ്പിന്റെ കണ്ടെത്തല്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നായിരുന്നു ഇരുവരുടെയും വാദം. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നതായിരുന്നു ആഗസ്റ്റ് 17 വരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ തോമസിനു കഴിയാതിരുന്നത്.
ആഗസ്റ്റ് 20 ന് മാപ്പിളമാരെ അറസ്റ്റ് ചെയ്യാനായി പൂക്കോട്ടൂരിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനു പകരം തിരൂരങ്ങാടിയിലേക്കുള്ള സൈനിക നീക്കം തോമസ്സിന്റെ എടുത്തുചാട്ടത്തിനുള്ള മികച്ച ഉദാഹരണമായിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി, ആലിമുസ്‌ലിയാര്‍ തുടങ്ങിയ ഖിലാഫത്ത് നേതാക്കളുടെ ഒരു രഹസ്യ യോഗം തിരൂരങ്ങാടിയില്‍ വെച്ച് ചേരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഒന്നിച്ച് അറസ്റ്റ് ചെയ്യാമെന്ന തോമസ്സിന്റെയും സംഘത്തിന്റെയും തീരുമാനത്തെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചോദ്യം ചെയ്തിരുന്നു. മാപ്പിള സിരാ കേന്ദ്രങ്ങളിലൊന്നായ തിരൂരങ്ങാടിയിലെ നീക്കം മാപ്പിള വികാരത്തെ സാരമായി ബാധിക്കുമെന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. കോട്ടക്കല്‍, താനൂര്‍, പരപ്പനങ്ങാടി, മലപ്പുറം, പൂക്കോട്ടൂര്‍ തുടങ്ങിയവിടങ്ങളില്‍ നിന്നും ഞൊടിയിടയില്‍ തിരൂരങ്ങാടി ലക്ഷ്യമാക്കി മാപ്പിളമാര്‍ ഒഴുകിയതിന്റെ സാംഗത്യവും മറ്റൊന്നല്ല.
പൂക്കോട്ടൂരില്‍ നിന്നും 200 ഓളം വരുന്ന മാപ്പിളമാര്‍ ആയുധധാരികളായി ഇതിനോട് പങ്ക് ചേരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആലിമുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ സാഹിബ്, എം.പി നാരായണ മേനോന്‍ തുടങ്ങിയ കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളുടെ സാഹചര്യത്തിനിണങ്ങിയ ഇടപെടലുകള്‍ മൂലം വേണ്ടെന്ന് വെക്കുകയായിരുന്നു.
കത്തിച്ചു വിടാന്‍ വെമ്പല്‍കൊള്ളുന്ന മാപ്പിള വീര്യം നിലമ്പൂരിലേക്ക് തിരിഞ്ഞ് സാമ്രാജ്യത്വ ജന്മിത്വത്തിനെതിരെയുള്ള മാപ്പിള കുടിയാന്മാരുടെ ഒതുക്കാന്‍ കഴിയാത്ത പ്രതിഷേധമായി മാറിയിരുന്നു. എന്നാല്‍ ഇതിലെ പാരസ്പര്യത്തിന്റെ സ്വാധീനം പരിശോധിക്കുന്നേടത്താണ് പൂക്കോട്ടൂര്‍ ഖിലാഫത്ത് മറ്റുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്.
2000ത്തോളം വരുന്ന മാപ്പിളമാരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൃതിയടഞ്ഞ കോവിലകത്തെ 17 കാവല്‍ക്കാര്‍ തമ്പുരാന്റെ മുന്‍കൂര്‍ പ്രതിരോധമായിരുന്നു. അവകാശ നിഷേധികളാണെന്ന പൂര്‍ണ്ണ ബോധമുണ്ടായപ്പോഴും തിരുത്തുന്നതിന് പകരം ശക്തിയുപയോഗിച്ച് സ്ഥാപിക്കാനായിരുന്നു ജന്മിത്വ നാടുവാഴി പ്രമാണിമാരുടെ ശ്രമം. എന്നാല്‍ അനുഭവ സാഹചര്യങ്ങളെ അനുഭാവ പൂര്‍വ്വം നേരിടുന്നതില്‍ മാപ്പിളമാരുടെ വ്യക്തി പ്രഭാവം പ്രകടമായതിന്റെ ഉദാഹരണങ്ങളായിരുന്നു തങ്ങളുടെ ഭൂമി കണങ്ങള്‍ കൂടി സൂക്ഷിച്ചു വെച്ചിരുന്ന കള്ള ആധാരങ്ങള്‍ നശിപ്പിച്ചതും ധൈര്യപൂര്‍വം വിപ്ലവകാരികളുടെ മുന്നിലേക്കിറങ്ങി വന്ന തമ്പുരാനെ വാഴ്ത്തി തിരിച്ചു പോയതും.
തിരൂരങ്ങാടി, പൂക്കോട്ടൂര്‍ തിരിച്ചടിയിലൂടെ പോലീസുകാര്‍ ഏകദേശം പിന്മാറിയിരുന്നു. മലബാറില്‍ ഖിലാഫത്ത് ഭരണത്തിന്റെ അനുരണനങ്ങള്‍ വ്യക്തമാവുകയും ചെയ്തിരുന്നു.
എന്നാല്‍ പട്ടാളക്കാരുടെ പിന്മാറ്റം വലിയ ഒരു തിരിച്ചടിക്കു വേണ്ടിയുള്ള ഒരുക്കമായിരുന്നു. ലിന്‍സ്റ്റീന്‍ റെജിമെന്റിലെ മുപ്പതു പട്ടാളക്കാരെയും മലപ്പുറം ഹെഡ്‌കോട്ടേഴസ്സിലെ താമസക്കാരെയും രക്ഷിക്കാനായി മലപ്പുറം മജിസ്‌ട്രേറ്റ് ഒസ്റ്റിനും കൂട്ടരും ശ്രമമാരംഭിച്ചതിലൂടെയാണ് പൂക്കോട്ടൂര്‍ ഭാഗത്തേക്കുള്ള സൈനിക നീക്കത്തിന് കളമൊരുങ്ങുന്നത്. ഫറോക്കില്‍ ചാര്‍ജുണ്ടായിരുന്ന ലങ്കാസ്റ്ററിനും മക്കന്‍ റോയിക്കും ഇവരുടെ കൂടെ കൂടുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. റെയില്‍വേ ലൈന്‍ തകര്‍ത്തും പാലങ്ങള്‍ പൊളിച്ചും ടെലഗ്രാഫ് കമ്പികള്‍ തകര്‍ത്തും മരങ്ങള്‍ മുറിച്ച് റോഡ് തടസ്സപ്പെടുത്തിയും എല്ലാ വിനിമയ ബന്ധങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തടസ്സം സൃഷ്ടിച്ചതിലൂടെ മാപ്പിളമാര്‍ തങ്ങളുടെ യുദ്ധവുമാരംഭിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കുള്ള താമസം മുന്നൊരുക്കത്തിനുള്ള അവസരമായി ഉപയോഗിക്കാാനായിരുന്നു മാപ്പിള നീക്കം.
പൂക്കോട്ടൂരിലെ തന്ത്രപ്രധാന കേന്ദ്രമായ പിലാക്കലാണ് യുദ്ധഭൂമിയായി ഖിലാഫത്ത് കമ്മിറ്റി തിരഞ്ഞെടുത്തത്. തെക്ക് വടക്കായി കിടക്കുന്ന ഈ പ്രദേശം ഇരു വശവും നെല്‍വയല്‍ നിറഞ്ഞതായിരുന്നു. റോഡിന് സമാന്തരമായി പോകുന്ന തോടും ചിങ്ങമാസത്തില്‍ കതിരു വരുന്ന നെല്‍ച്ചെടികളും മാപ്പിള യോദ്ധാക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യം ഒരുക്കി. പട്ടാള വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങിയാല്‍ മുന്നിലെയും ഏറ്റവും പിന്നാലെയും വണ്ടികള്‍ വെടിവെച്ചിടാനും വണ്ടികള്‍ നില്‍ക്കുന്നതോടെ പട്ടാളക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പെ അവരെ വളഞ്ഞ് വെട്ടിക്കൊല്ലാനുമായിരുന്നു യുദ്ധതന്ത്രം.
കൃത്യമായ ധാരണകളോടെ മുന്നോട്ടു പോയിരുന്ന യുദ്ധം കേവലം ഒരു ആശയ വിനിമയ വിടവിലാണ് പിണഞ്ഞത്. യുദ്ധ നായകരിലൊരാളും പൂക്കോട്ടൂര്‍ ഖിലാഫത്ത് നേതാവുമായിരുന്ന പാറാഞ്ചേരി കുഞ്ഞറമുട്ടിയും ഉള്ളാട്ട് അയമുവും 26 ന് പുലര്‍ച്ചെയായിരുന്നു പൂക്കോട്ടൂരിലെത്തിയത്. തലേ ദിവസം നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ യുദ്ധതന്ത്രം ഏതുരീരിതിയിലാണെന്നതും വശമുണ്ടായിരുന്നില്ല. കാര്യങ്ങള്‍ ധരിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചതുമില്ല. മണല്‍ കൂനക്ക് പിന്നില്‍ ഒളിച്ചിരുന്ന രണ്ട് പേരും രണ്ടോ മൂന്നോ സൈനിക ലോറി പാടത്തെത്തിയപ്പോഴേക്കും നാടന്‍ തോക്കുകൊണ്ട് വെടിയുതിര്‍ത്തതിലൂടെ അപകടം മണത്ത പട്ടാളം ലോറികള്‍ പിറകോട്ടെടുത്ത് പൂക്കോട്ടൂര്‍ അങ്ങാടിയില്‍ കൊണ്ട് പോയി നിറുത്തിയ ശേഷം പാടത്തേക്ക് പുക ബോംബെറിയുകയായിരുന്നു. പുകയുടെ മറവില്‍ നിര്‍ണ്ണായക സ്ഥലങ്ങളില്‍ യന്ത്രത്തോക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. പുകയടങ്ങിയ നേരം വെടിവെച്ച ഭാഗത്തേക്ക് ഏതാനും പട്ടാളക്കാര്‍ നിര്‍ഭയരായി നടന്നു നീങ്ങി. ഇതു കണ്ട പ്രക്ഷോപകാരികള്‍ അവരെ ലക്ഷ്യമാക്കി കുതിച്ചപ്പോള്‍ പെട്ടെന്നവര്‍ പിന്‍വാങ്ങി. നേരത്തെ സ്ഥാപിച്ച യന്ത്രത്തോക്കുകള്‍ കൊണ്ട് കുതിച്ചുവരുന്നവര്‍ക്കെതിരെ തുരുതുരാ വെടി വെച്ചു. കത്തിയും വാളും കുന്തവുമായി യന്ത്രത്തോക്കുകളുടെ മുന്നിലേക്ക് ചീറിയടുത്ത് നെഞ്ചില്‍ വെടിയേറ്റ് ഓരോരുത്തരായി മരിച്ച് വീണു. മരിച്ച 258 പേരും നെഞ്ചിനു തന്നെ വെടിയേറ്റും മൃതദേഹം കമിഴ്ന്ന് കിടക്കുന്ന രൂപത്തിലായിരുന്നതും മാപ്പിളമാരുടെ ചങ്കൂറ്റത്തെ ചിത്രീകരിക്കുന്നതാണ്.  ശേഷിക്കുന്ന പോരാളികളെ വകവരുത്താനായി ആഗസ്ത് 30 ന് മലപ്പുറത്തെത്തിയ ബ്രിട്ടീഷ് പട്ടാളം കിട്ടിയവരെയെല്ലാം അറസ്റ്റ് ചെയ്ത് മറ്റൊരു പട്ടാള യൂണിറ്റിനോട് കൂടി തിരൂരങ്ങാടിക്കു പുറപ്പെടുകയായിരുന്നു.
പൂക്കോട്ടൂര്‍കാരുടെ പോരാട്ട വീര്യം ഇതുകൊണ്ടൊന്നും അവസാനിച്ചിരുന്നില്ല. ഒക്ടോബര്‍ 20 ന് അതീവ പരിശീലനം സിദ്ധിച്ച ഗൂര്‍ഖാ പട്ടാളവുമായും ഒക്ടോബര്‍ 25 ന് മേല്‍മുറി കാട്ടിലും ഒളിയുദ്ധം നടത്തി. തുടര്‍ന്ന് 1922 ജനുവരിയില്‍ കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ മൊറയൂരില്‍ വെച്ചും ബ്രിട്ടീഷുകാരുമായി അവര്‍ ഏറ്റുമുട്ടി.

സമരത്തിലെ പാരസ്പര്യത
പൂക്കോട്ടൂര്‍ കലാപത്തിന്റെ പ്രധാന ഊര്‍ജം പരസ്പര ഐക്യമായിരുന്നു. അത് വരെ സംഘടനയോ സംഘാടനമോ പരിചയിച്ചിട്ടില്ലാത്ത പൂക്കോട്ടൂര്‍ മാപ്പിളമാരില്‍ ഐക്യം രൂപപ്പെട്ടതായിരുന്നു ഇത്തരം പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ വിജയം. ആനിബസന്റ് സ്ഥാപിച്ച ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥം ഒറ്റപ്പാലത്ത് സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഏറനാട്, വള്ളുവനാട് അംശങ്ങളില്‍ നിന്ന് ഒരാളുപോലും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചതിന് ശേഷം ഒറ്റപ്പാലത്ത് വെച്ച് നടന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ 25000 ആളുകളും പങ്കെടുത്തതിലുള്ള ഐക്യബോധം വിശകലനം ചെയ്യത്തക്ക വിധം പ്രാധാന്യമര്‍ഹിക്കുന്നു. അഥവാ ദേശ ഭക്തിയിലൂന്നിയതും മതബോധത്തില്‍ നിന്ന് ഊര്‍ജ്ജം കൈകൊള്ളുന്നതുമായ ഒരുതരം രാഷ്ട്രീയ സംഘബോധം മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ സംവിധാനിക്കാന്‍ പൂക്കോട്ടൂര്‍ യുദ്ധത്തിനു കഴിഞ്ഞു. ഒരേ സമയം സാമ്രാജ്യത്വത്തോടും ആഭ്യന്തര നാടുവാഴിത്തത്തോടുമുള്ള കലാപവുമായിരുന്നു ഈ കൂട്ടായ്മയുടെ ഊര്‍ജം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനേകം പ്രാദേശിക സമര ചരിത്രത്തില്‍ ഇത്തരം നിരവധി സവിശേഷതകളാല്‍ സമ്പന്നമാണ് പൂക്കോട്ടൂര്‍ കലാപത്തിന്റെ സാമൂഹ്യ ഉള്ളറകള്‍.
ഒന്നാം ലോക യുദ്ധത്തിന്റെ അവസാനം മുസ്‌ലിംകളുടെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയത് വിശ്വാസപരമായ ഒരു തിരിച്ചടിയായാണ് മുസ്‌ലിം സമൂഹം നോക്കിക്കണ്ടത്. ഇതിന് കാരണക്കാരും തങ്ങളുടെ ഭരണാധികാരികളുമായ ബ്രിട്ടീഷുകാര്‍ മാപ്പിളമാരുടെ കണ്ണിലെ കരടായത് ഇതിന്റെ പരിണിതിയായിരുന്നു. ബ്രാഹ്മണാധിപത്യത്തില്‍ തലതാഴ്ത്തി നടക്കേണ്ടിയിരുന്ന താഴ്ന്ന സമൂഹത്തിന് കൂട്ട് തങ്ങളുടെ കൂടെ പണിയെടുക്കുകയും അന്തിയുറങ്ങുകയും ചെയ്തിരുന്ന മുസ്‌ലിം സമൂഹമായിരുന്നു. തങ്ങള്‍ക്കു സഹായകമാവുന്ന രൂപത്തില്‍ സാമ്രാജ്യത്വത്തിനെതിരില്‍ തന്റെ അയല്‍വാസി തയ്യാറെടുക്കുന്നത് കണ്ട അമുസ്‌ലിം താഴ്ന്ന വിഭാഗം (കുടിയാന്‍മാര്‍) മാപ്പിളമാരുടെ കൂടെ കൂടിയതില്‍ അത്ഭുതമില്ല.

സമാപനം
സമകാലിക വായനയില്‍ പൂക്കോട്ടൂര്‍ കലാപം മാപ്പിള പോരാട്ടമെന്നതിനപ്പുറം മത ബോധവും ദേശസ്‌നേഹവും സമന്വയിപ്പിച്ച മലബാര്‍ മാപ്പിളമാരുടെ സാമൂഹിക ക്രിയാത്മകതയാണ്. കേവലം മതമെന്ന മതിലിനപ്പുറം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ മാനുഷികമായ സമത്വം സൂക്ഷിക്കുക എന്നതാണ് ഇത് ഉദ്‌ഘോഷിക്കുന്നത്. സാമൂഹ്യ ജീവിത സംബന്ധിയായ പ്രശ്‌നങ്ങളില്‍ ഐക്യ ബോധത്തിന്റെയും ചങ്കുറപ്പിന്റെയും മഹിത മാതൃകയാണ് പൂക്കോട്ടൂര്‍ രക്തസാക്ഷികള്‍.

Reference

1. എ.കെ. കോടൂര്‍. ആംഗ്ലോ മാപ്പിള യുദ്ധം. പുറം 88
2. പ്രൊഫ. എം.പി.എസ്. മേനോന്‍. മലബാര്‍ സമരം. പുറം 79
3. എ.കെ. കോടൂര്‍ . ആഗ്ലോ-മാപ്പിള യുദ്ധം. പുറം 90
4. പ്രൊഫ. എം.പി.എസ് മേനോന്‍. മലബാര്‍ സമരം. പുറം 79
5. Letter from the district magistrate calicut dist 10 August 1921
6. കേരള മുസ്‌ലിം ഡയറക്ടറി. സി.കെ കരീം. 1997 പുറം 465
7. കലക്ടര്‍ മദ്രാസ് ഗവര്‍ണ്ണര്‍ക്ക് അയക്കുന്ന കത്ത്. ആഗസ്റ്റ് 2 1921
8. മദ്രാസ് മെയില്‍ 10 08 1921, മലബാര്‍ റിബല്യന്‍. പുറം 13
9. മദ്രാസ് മെയില്‍ 10 08 1921, മലബാര്‍ റിബല്യന്‍. പുറം 13
10. കേരള മുസ്‌ലിം ഡയറക്ടറി. സി.കെ കരീം 1997 പുറം 461
11. കേരള മുസ്‌ലിം ഡയറക്ടറി. സി.കെ കരീം 1997 പുറം 464
12 കെ. മാധവന്‍ നായര്‍. മലബാര്‍ കലാപം പുറം 139
13. അതുതന്നെ
14. കാരാടന്‍ മുഹമ്മദ്. ഖിലാഫത്ത് പ്രസ്ഥാനവും പൂക്കോട്ടൂരും ലേഖനം മലബാര്‍ കലാപം 60ാം വാര്‍ഷിക പതിപ്പ് തിരൂരങ്ങാടി പുറം 208 209
15. അതുതന്നെ
16. Stephan fedrich dale the Mappilas of Malabar Islamic society on the south Asian frontier Oxford university press new York P 186
17. ബാരിസ്റ്റന്‍ എ.കെ. പിള്ള കോണ്‍ഗ്രസ്സും കേരളവും പുറം 54
18. കെ. മാധവന്‍ നായര്‍ മലബാര്‍ കലാപം പുറം 14

author image
AUTHOR: ഹാഫിസ് മുഹമ്മദ് സഈദ് സി. പി
   (കെ.കെ.എച്ച്.എം. ഇസ്‌ലാം ആര്‍ട്‌സ് കോളെജ്, മര്‍കസ് വളാഞ്ചേരി)