മലബാര്‍ സമരവും വ്യത്യസ്ത പ്രദേശങ്ങളും

മുംതാസ് നാഫില എം എന്‍   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

1921 ആഗസ്റ്റ് മാസത്തില്‍ തെക്കേ മലബാറില്‍ നടന്ന വിപ്ലവത്തെ ഗവണ്‍മെന്റും അനുകൂലികളും മാപ്പിള ലഹളായായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ഈ അഭിപ്രായം തന്നെയാണ് പലരും പ്രകടിപ്പിച്ചിരുന്നത്. അറുപതുകൊല്ലത്തിനു ശേഷമാണ് സ്വാതന്ത്ര്യ സമരമായി ഇന്ത്യാ ഗവണ്‍മെന്റ് മലബാര്‍ സമരത്തെ പ്രഖ്യാപിച്ചത്.
1921 ആഗസ്റ്റ് 20ാം തിയ്യതിയാണ് മലബാര്‍ സമരം ആരംഭിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമായ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മലബാര്‍ സമരം. ഖിലാഫത്ത് എന്ന ശബ്ദം മലബാറില്‍ പൊതുജനങ്ങള്‍ അധികമായി അറിയാന്‍ തുടങ്ങിയത് മഞ്ചേരിയില്‍ വെച്ച് 1920 ഏപ്രില്‍ മാസത്തില്‍ നടന്ന കോണ്‍ഫറന്‍സ് മുതല്‍ക്കാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നടപ്പിലാക്കിയ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒത്തുചേര്‍ന്ന് 1920, 21 കളില്‍ മലബാറിലെങ്ങും ദേശീയ പ്രസ്ഥാനത്തിനു പുതിയൊരു ചൈതന്യം നല്‍കി.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അദ്ഭുതപൂര്‍ണ്ണമായ ജനപിന്തുണയില്‍ ആധിപൂണ്ടതിനാല്‍ അതിശക്തമായ അടിച്ചമര്‍ത്തല്‍ സമീപനമാണ് ഭരണകൂടം കൈകൊണ്ടത്. മലബാറിന്റെ ഖിലാഫത്ത് പ്രവര്‍ത്തകന്‍മാര്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദന മുറകളാണ് സ്വീകരിച്ചത്. നേതാക്കന്‍മാരെ അറസ്റ്റ് ചെയ്തും പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടും വര്‍ത്തമാനപ്പത്രങ്ങള്‍ക്കുമേല്‍ പിഴ ചുമത്തിയും ഖിലാഫത്ത് ഓഫീസുകളില്‍ റെയിഡ് നടത്തിയും അവര്‍ മുന്നോട്ടുപോയി. ഈ അടിച്ചമര്‍ത്തല്‍ സത്യത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ കൂടുതല്‍ ജനകീയവും തീവ്രവുമാക്കി മാറ്റുകയാണ് ചെയ്തത്.
സമാധാനപരമായി ആരംഭിച്ച ഖിലാഫത്ത് സമരങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരുതിക്കൂട്ടിയുള്ള പ്രകോപനപരമായ നടപടികളിലൂടെ സായുധ പ്രതികരണങ്ങളിലേക്ക് നീങ്ങി. കോപം കൊണ്ട ജനക്കൂട്ടം ചില സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്‌റ്റേഷനുകളും ആക്രമിച്ചു. ആശയ വിനിമയോപാധികള്‍ നശിപ്പിക്കപ്പെട്ടു. ടെലഗ്രാഫ് വയറുകള്‍ മുറിച്ചു മാറ്റുകയും കല്‍വര്‍ട്ടുകളും പാലങ്ങളും നശിപ്പിക്കുകയും റോഡുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. പട്ടാളക്കാരുടെ ലോറികള്‍ തടഞ്ഞ് ആയുധം പിടിച്ചെടുത്തു. ചില പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സേവകരേയും വധിച്ചു. പോലീസ് സേന കോഴിക്കോട്ടേക്ക് പിന്‍വാങ്ങി. ഭരണം പൂര്‍ണ്ണമായും സ്തംഭിക്കപ്പെട്ടു. മലബാറില്‍ സമരം പടര്‍ന്നു പിടിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, താലൂക്കുകളിലായി 250 ല്‍ പരം അംശങ്ങള്‍ പോരാട്ടക്കാരുടെ നിയന്ത്രണത്തിലായി. തിരൂരങ്ങാടി, പൂക്കോട്ടൂര്‍, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ പാണ്ടിക്കാട്, കരുവാരകുണ്ട്, തിരൂര്‍ എന്നിവിടങ്ങള്‍  മുഖ്യ സമര കേന്ദ്രങ്ങളായി.


തിരൂരങ്ങാടി
മലബാര്‍ സമരത്തിന്റെ പ്രോല്‍ഘാടന പ്രദേശമെന്ന നിലയില്‍ തിരൂരങ്ങാടിക്ക് അതി പ്രധാനമായ സ്ഥാനമുണ്ട്. ലഹളയെക്കുറിച്ച് ഹിച്ച് കോക്ക്, ടോട്ടര്‍ ഹോം മുതലായവര്‍ രചിച്ച ഗ്രന്ഥങ്ങളിലും ചില കേരള ചരിത്ര ഗ്രന്ഥങ്ങളിലും ഖിലാഫത്ത് സമരം വ്യത്യസ്ത വീക്ഷണങ്ങളിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളതെങ്കിലും തിരൂരങ്ങാടിയെ സംബന്ധിച്ച വിവരണം ഇന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ട ഖിലാഫത്ത് സമര ചരിത്രങ്ങളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്.
മാപ്പിള സമുദായത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ബ്രിട്ടീഷ് ഭരണ സംവിധാനത്തെ പിടിച്ചു കുലുക്കാന്‍ പര്യാപ്തമാണെന്ന് ദേശീയ നേതാക്കള്‍ മനസ്സിലാക്കിയിരുന്നു. തിരൂരങ്ങാടിയിലെ എട്ടോളം മുസ്‌ലിം വീട്ടുകാരൊഴികെ ഒന്നടങ്കം ഖിലാഫത്ത് ആദര്‍ശക്കാരായി ഉറച്ചുനിന്നു. ഈ പ്രതിരോധ നിരയെ തകര്‍ക്കാന്‍ ഇംഗ്ലീഷുകാരും നാടന്‍ സില്‍ബന്ധികളും ഗൂഢ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള സാമൂഹ്യ ബഹിഷ്‌കരണവും നിസ്സഹകരണവും അധികാരി വര്‍ഗത്തെ വീര്‍പ്പുമുട്ടിക്കുക തന്നെ ചെയ്തു. ഖിലാഫത്തിന്റെ പ്രാദേശിക നേതാക്കന്‍മാരെയും വളണ്ടിയര്‍മാരെയും രണ്ടുതവണകളായി അറസ്റ്റുചെയ്തു.  ഈ അറസ്റ്റുകളാണ് തിരൂരങ്ങാടിയില്‍ രണ്ട് ഘോര സമരങ്ങള്‍ക്ക് വഴിതെളിയിച്ചത്. ഈ സമരങ്ങള്‍ നിമിത്തം നാട്ടുകാര്‍ക്ക് കനത്തതും കടുത്തതുമായ അഗ്നി പരീക്ഷണങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. പലരും ഇംഗ്ലീഷുകാരുടെ തോക്കിനിരയായി രക്തസാക്ഷികളായി. നിരവധി പേര്‍ അംഗവിഹീനരായി. അസംഖ്യമാളുകളെ ആന്തമാനിലെ ഘോര വനങ്ങളിലേക്ക് നാടുകടത്തി. ബല്ലാരി, രാജമന്ത്രി, കണ്ണൂര്‍, വെല്ലൂര്‍, മുതലായ ജയിലുകളിലേക്ക് ദീര്‍ഘകാലം ശിക്ഷിക്കപ്പെട്ടവര്‍ ആയിരക്കണക്കായിരുന്നു. തൂക്കു മരത്തിലേറേണ്ടിവന്നവര്‍  നൂറുകണക്കിനായിരുന്നു. വിധവകളുടെയും യത്തീമുകളുടെയും എണ്ണം പെരുകി. നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. കനത്ത കൂട്ടപിഴ കാരണം ഈ പ്രദേശം സാമ്പത്തികമായും തളര്‍ന്നു. 


പൂക്കോട്ടൂര്‍
 ആഗസ്റ്റ് 20 ന് പൂക്കോട്ടൂരില്‍ ഒരു തുറന്ന യുദ്ധമുണ്ടായി. കോഴിക്കേട് നിന്ന് വന്ന വെള്ളപ്പട്ടാള വ്യൂഹത്തെ പൂക്കോട്ടൂരിലെ ജനങ്ങള്‍ ധീരതയോടെ നേരിട്ടു. പട്ടാളവുമായുള്ള പോരാട്ടത്തില്‍ 300 ഓളം മാപ്പിളമാര്‍ മരിച്ചുവീണു. പട്ടാളക്കാരില്‍ ചിലര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പൂക്കോട്ടൂര്‍ യുദ്ധത്തിന് ശേഷം മലപ്പുറത്തുള്ള ഖിലാഫത്ത് പ്രവര്‍ത്തകന്മാരില്‍ പലരും ഒളിവില്‍ പോയി. അവരെ പോലീസും സില്‍ബന്ധികളും നാടുനീളെ പരതി. കണ്ടുമുട്ടിയവരെ പ്രലോഭിപ്പിച്ച് തുക്കിടി കച്ചേരയില്‍ ഹാജരാവാന്‍ പ്രേരിപ്പിച്ചു. എങ്കിലും നിരപരാധികളായ അവര്‍ പട്ടാള നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ടു. തുടര്‍ന്ന് ഉണ്ണീന്‍ മുസ്‌ല്യാര്‍, അഹമ്മദ്കുട്ടി, മൊയ്തീന്‍ കുട്ടി എന്നിവരെ വെടിവെച്ചു കൊല്ലാന്‍ വിധിച്ചു. പിറ്റേന്ന് രാവിലെ മലപ്പുറത്തെ കോട്ടക്കുന്നിന്റെ വടക്കു പടിഞ്ഞാറെ ചെരുവില്‍ വെച്ചു ആ 3 ദേശാഭിമാനികളെയും വെടിവെച്ചുകൊന്നു. ബാക്കിയുള്ള വളണ്ടിയര്‍മാരെ 7 വര്‍ഷത്തെ തടവു ശിക്ഷക്ക് വിധിച്ച് ബെല്ലാരിക്കയച്ചു.
ആഗസ്റ്റ് 20 ലെ സമ്മര്‍ദ്ധത്തിനു ശേഷം ആഗസ്റ്റ് 28 ന് ബ്രിട്ടീഷ് ഗൂര്‍ഖാ സൈന്യങ്ങള്‍ പൂക്കോട്ടൂര്‍ എത്തിചേര്‍ന്നു. അവിടെ വച്ച് ബ്രിട്ടീഷ് പട്ടാളവും പോരാളികളും നേരിട്ട് ഏറ്റുമുട്ടി. രണ്ടു ഭാഗത്തും നിരവധി ആള്‍ നാശമുണ്ടായി. സൈന്യം തോറ്റു പിന്‍മാറി.

താനൂര്‍;
മലബാറില്‍ ഖിലാഫത്തന്റെ ആരംഭം തൊട്ടുതന്നെ താനൂരിലും ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞിരുന്നു. അക്കാലത്ത് ഖിലാഫത്തിന്റെ ഏറ്റവും ശക്തമായൊരു കോട്ടയെന്ന നിലക്കാണ് താനൂര്‍ അറിയപ്പെട്ടിരുന്നത്. താനൂരിലെ സുപ്രസിദ്ധ മത പണ്ഡിതനായിരുന്ന എ.എന്‍ പരീക്കുട്ടി മുസ്‌ലിയാരുടെയും കുഞ്ഞിക്കാദര്‍ സാഹിബിന്റെയും നേതൃത്വത്തിലാണ് പ്രധാനമായും അവിടെ ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. ബ്രിട്ടീഷുകാരുടെ കറന്‍സിയും കോടതിയും ഖിലാഫത്ത് പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. ബ്രിട്ടീഷ് കോടതികള്‍ക്കെതിരെ സമാന്തര ഖിലാഫത്ത് കോടതികള്‍ നിലവില്‍ വന്നു. പരാതി നല്‍കലും വിധി പ്രഖ്യാപനവും ശിക്ഷയുമെല്ലാം ആ കോടതികള്‍ മുഖേനയായി. ബ്രിട്ടീഷ് കറന്‍സികള്‍ ആരും ഉപയോഗിച്ചില്ല. പകരം ക്രയ വിക്രയങ്ങളെല്ലാം ഖിലാഫത്ത് കറന്‍സികളിലൂടെയായി. താനൂരില്‍ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില രണ്ട് ശ്രദ്ധേയമായ സംഭവങ്ങളായിരുന്നു അത്. ബ്രിട്ടീഷുകരെ നാട്ടില്‍ നിന്ന് കെട്ടുകെട്ടിക്കാനും ഖിലാഫത്ത് പ്രസ്ഥാനത്തെ പ്രോല്‍സാഹിപ്പിക്കാനും ഖിലാഫത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന പരീക്കുട്ടി മുസ്‌ലിയാര്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചു പോന്നു. അതിന്‍ന്റെ ആവശ്യകത വിവരിച്ചുകൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥമെഴുതി. 1920 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ എന്ന ആ ഗ്രന്ഥം തല്‍ക്ഷണം ഗവണ്‍മെന്റെ് കണ്ടുകെട്ടി.
1921 ആഗസ്റ്റ് 19ന് രാത്രി പോലീസും പട്ടാളവും തിരൂരങ്ങാടി പള്ളി നശിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയുമായി രണ്ടു ചെറുപ്പക്കാര്‍ താനൂരില്‍ വെന്ന് കുഞ്ഞിക്കാദര്‍ സാഹിബിനെ വിവരം ധരിപ്പിച്ചു. പോലീസും പട്ടാളവും പള്ളി നശിപ്പിച്ചെന്ന് ഇതിനിടക്ക് പ്രചരിപ്പിച്ചിരുന്നു. ഉടനെത്തന്നെ ഖിലാഫത്തിന്‍ന്റെ ഒരടിയന്തിര യോഗം വിളിപ്പിച്ച് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്തു. പിറ്റേന്നു കാലത്ത് 1921 ആഗസ്റ്റ് 20 ന് കിട്ടാവുന്ന ആളുകളേയും കൂട്ടി കുഞ്ഞിക്കാദര്‍ സാഹിബും പരീക്കുട്ടി മുസ്‌ലിയാരും തിരൂരങ്ങാടി പള്ളി ലക്ഷ്യം വെച്ചു പുറപ്പെട്ടു.
താനൂരില്‍നിന്നൊരു സംഘം വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അവരെ നേരിടാനായി ഒരു പ്രബല സൈനിക വ്യൂഹം അങ്ങോട്ടു നീങ്ങി. തിരൂരങ്ങാടിയില്‍ നിന്ന് ഒരു നാഴിക അകലെ പോലീസും താനൂര്‍ സംഘവും ഏറ്റുമുട്ടി. പള്ളിപൊളിച്ചിട്ടാണ് സൈന്യം വരുന്നതെന്ന് താനൂര്‍ സംഘവും തങ്ങളെ ആക്രമിക്കാനാണ് താനൂര്‍ സംഘം വരുന്നതെന്ന് സൈന്യവും ധരിച്ചു. അതോടെ ഇരുവിഭാഗവും തമ്മിലവിടെവച്ച് പൊരിഞ്ഞ പോരാട്ടം നടന്നു. ചിലര്‍ മരിച്ചുവീണു. നാല്‍പ്പത് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പലര്‍ക്കും അംഗഭംഗം നേരിട്ടു.

പന്താരങ്ങാടി
ഖിലാഫത്ത് പ്രവര്‍ത്തകരുടെ അകാരണമായ അറസ്റ്റും തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞിരിക്കുന്നുവെന്ന് പോലീസുകാര്‍ തന്നെ പ്രചരിപ്പിച്ച കിംവദന്തിയും കേട്ടാണ് പരിസര പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ തിരൂരങ്ങാടിയിലേക്കൊഴുകിയത്. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്ന സമയത്ത് ആമോ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പട്ടാളം കരിമ്പറമ്പിനും പന്താരങ്ങാടിക്കുമിടയില്‍ പള്ളിയുടെ ഏതാനും വാര കിഴക്കുവച്ച് ഖിലാഫത്ത് പ്രവര്‍ത്തകരെ തടഞ്ഞു. കിഴക്കോട്ടുതന്നെ നീങ്ങാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനിടയിലേക്ക് വെടിവെക്കാന്‍ കല്‍പന നല്‍കിയത് ആമൂ സൂപ്രണ്ടായിരുന്നു. വെടിവെപ്പില്‍ അഞ്ചിലധികം പേര്‍ മരിക്കുകയും വളരെയധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം പട്ടാളക്കാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യാനും നിരപരാധികളായ മുസ്‌ലിം സഹോദരന്‍മാരുടെ പേരില്‍ കള്ളക്കേസുകള്‍ ചുമത്താനുമായി രംഗത്തുവന്നു. ഇതിനിരയായി ജയില്‍ വാസം വരിക്കുകയും സ്വത്തുക്കള്‍ നഷ്ടപ്പെടുകയും ചെയ്ത അനവധി ആളുകളുടെ കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ള ഭൂരിപക്ഷം മുസ്‌ലിംകളും.

പെരിന്തല്‍മണ്ണ
വള്ളുവനാട് താലൂക്കിന്റെ തലസ്ഥാനമായ പെരിന്തല്‍മണ്ണയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് ഒരുവിധം നല്ല ശക്തിയുണ്ടായിരുന്നു. ഖിലാഫത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉല്‍സാഹികളായ പലരും പെരിന്തല്‍മണ്ണയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും നാരായണ മേനോനും വള്ളുവനാട്ടുകാരനായതുകൊണ്ട് അവര്‍ക്ക് ആ പ്രദേശങ്ങളില്‍ വലിയ സ്വാധീന ശക്തിയുണ്ടായിരുന്നു. 1921 ആഗസ്റ്റ് 22ാം തിയ്യതി ഏകദേശം ഉച്ചയോടുകൂടി പോരാളികള്‍ കൂട്ട ബാങ്കു കൊടുത്തു. ഒന്നാമതായി ഖജനാവ് കൊള്ളയടിച്ചു. പല റിക്കാര്‍ഡുകളും ചുട്ടു നശിപ്പിച്ചു. പിന്നെ മുന്‍സിഫ് കോടതിയിലേക്ക് ഇറങ്ങി അവിടത്തെ റിക്കാര്‍ഡുകളും നശിപ്പിച്ചു. അതിന് ശേഷം 28ാം തിയ്യതി വരെ അവിടെ വിശേഷിച്ചും തകരാറുകളൊന്നുമുണ്ടായിരുന്നില്ല. 28ാം തിയ്യതി കരുവാരകുണ്ട് പ്രദേശങ്ങളില്‍ നിന്ന് കുറേ സമരക്കാര്‍ വന്ന് താലൂക്കോഫീസുകള്‍ തീവച്ചു നശിപ്പിച്ചു.

പൊന്നാനി
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനവുമായി സജീവമായ ബന്ധം പുലര്‍ത്തിയിരുന്ന നിരവധി മഹാന്‍മാര്‍ അക്കാലത്ത് പൊന്നാനിയിലുണ്ടായിരുന്നു. 1921 ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് പലയിടത്തുനിന്നും അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുവെങ്കിലും മുസ്‌ലിം കേന്ദ്രമായ പൊന്നാനി നഗരം ശാന്തമായിരുന്നു. ആഗസ്റ്റ് 21 ന് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുമായി രാത്രിയോടുകൂടി ഒരു വലിയ സംഘം സമരക്കാര്‍ പൊന്നാനിയിലെ ഗവണ്‍മെന്റ് ഖജനാവ് കൊള്ളയടിക്കുന്നതിനും സര്‍ക്കാര്‍ ഓഫീസുകള്‍ തകര്‍ക്കുന്നതിനും വേണ്ടി തെക്കോടു നീങ്ങി. ഉദ്യോഗസ്ഥന്മാര്‍ ഭയചകിതരാവുകയും ഖിലാഫത്ത് പ്രവര്‍ത്തകരുടെ മേല്‍ മര്‍ദ്ദനമഴിച്ചുവിട്ട പോലീസുകാര്‍ ഓടിയൊളിക്കുകയും ചെയ്തു. തിരൂര്‍ വെട്ടം, പള്ളിപ്പുറം, ഭാഗങ്ങളിലെ 500 ഓളം പേരടങ്ങിയതായിരുന്നു പോരാട്ടക്കാരുടെ സംഘം. ചമ്രവട്ടം മുതല്‍ പൊന്നാനി വരെയുള്ള കമ്പികള്‍ മുറിച്ചിട്ടു. കമ്പിക്കാലുകള്‍ പുഴക്കിയെറിഞ്ഞു. സമരക്കാര്‍ അങ്ങാടിക്ക് സമീപത്തെത്തിയപ്പോഴേക്കും ഖിലാഫത്ത് നേതാക്കളും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അവിടെ ഓടിയെത്തി. സമാധാനത്തോടെ പിരിഞ്ഞുപോകാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക കേന്ദ്രമായി അറിയപ്പെടുന്ന പൊന്നാനിക്ക് ആ പേര് നിലനിര്‍ത്തുവാന്‍ കഴിയണമെങ്കില്‍ അവിടെ യാതൊരു വിധ അക്രമണത്തിനും വഴിയൊരുക്കരുതെന്ന് ഉപദേശിച്ച് സമാധാനത്തോടെ പിരിച്ചുവിട്ടു.


പാണ്ടിക്കാട്
1921 നവംബര് 13 ന് ഖിലാഫത്ത് നേതാക്കളില്‍ അതുല്യനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും ചെമ്പ്രശ്ശേരി തങ്ങളും അനുയായികളും അര്‍ദ്ധരാത്രി പാണ്ടിക്കാട് എത്തിച്ചേര്‍ന്നു. സ്ഥലത്തെ പഴയ ചന്തക്കെട്ടിടത്തില്‍ ക്യാപ്റ്റന്‍ ആര്‍സനന്റെയും ഗൂര്‍ഖാ പട്ടാളക്കാരും വിശ്രമിക്കുകയായിരുന്നു. സമരക്കാര്‍ ചന്ത മതില്‍ പട്ടാളക്കാരുടെ ദേഹത്തിലേക്ക് ഉന്തിവീഴ്ത്തി. അവിടെ വച്ച് ഘോര സമരം നടന്നു. രണ്ടുമണിക്കൂറിലധികം നീണ്ടുനിന്ന യുദ്ധത്തില്‍ ക്യാപ്റ്റന്‍ ആന്‍സനന്ററെയും നിരവധി ഗൂര്‍ക്കകളും മരിച്ചു. 234 മാപ്പിള യോദ്ധാക്കളും രക്തസാക്ഷികളായി. ഹാജി സാഹിബും കൂട്ടരും എളങ്കൂര്‍, ചാത്തങ്ങോട്ടുപുരം, കല്ലാമൂല മുതലായ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. അതിനിടയില്‍ ഹാജി സാഹിബ് സ്വദേശത്തുപോയി പട്ടാളക്കാരുടെ സഞ്ചാരം തടയാന്‍ വേണ്ടി നെല്ലിക്കുത്ത് പാലം പൊളിച്ചു. ഏതാനും മാസത്തോളം അദ്ദേഹം പൊട്ടിക്കല്ല്, കല്ലാമൂല പ്രദേശങ്ങളിലും പര്യടനം നടത്തി. കല്ലാമൂലയില്‍ വെച്ച് പട്ടാളക്കാരുമായി പൊരിഞ്ഞ യുദ്ധം നടന്നു. 1921 ഡിസംബര്‍ ആരംഭത്തില്‍ നടന്ന ആ പോരാട്ടത്തില്‍ 35 ഖിലാഫത്ത് പോരാളികള്‍ രക്തസാക്ഷികളായി.

മഞ്ചേരി
1921 ആഗസ്റ്റ് 22ന് മഞ്ചേരി ഖജാന ആക്രമിച്ച് പോരാട്ടക്കാര്‍ പണം പിടിച്ചെടുത്തു. കോടതികളിലെ റിക്കോര്‍ഡുകള്‍ നശിപ്പിച്ചു. ലോക്കപ്പില്‍ കിടന്ന പ്രതികളെ മോചിപ്പിച്ചു. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്തു.
ആഗസ്റ്റ് 24ാം തിയ്യതി 70 കാരനായ ആലിമുസ്‌ലിയാരില്‍ നിന്ന് സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കയ്യേറി അവിടെ പണയം വെച്ചിരുന്ന ഉരുപ്പടികള്‍ അതിന്റെ ഉടമസ്ഥരെ വിളിച്ചുവരുത്തി തിരികെ നല്‍കി. മഞ്ചേരി കവലയില്‍ വെച്ച് കുഞ്ഞഹമ്മദ് ഹാജി ചെയ്ത പ്രഖ്യാപനത്തില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടാവുകയിലെ്ലന്ന് ഉറപ്പുനല്കി. മഞ്ചേരിയിലേതുപോലെ മലബാറിലെ മറ്റു പ്രദേശങ്ങളിലെയും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.

മണ്ണാര്‍ക്കാട്
മറ്റു പല പ്രദേശങ്ങളിലും നടന്ന പോലെ കൊള്ളയും കമ്പി മുറിക്കലും പാലം പൊളിക്കലും എല്ലാം മണ്ണാര്‍ക്കാട്ടും നടന്നു. ആഗസ്റ്റ് ഇരുപത്തിനാലാം തിയ്യതിയാണ് തുപ്പനാട് പാലം സമരക്കാര്‍ പൊളിച്ചത്. ആഗസ്റ്റ് 30 ാം തിയ്യതി വരെ സാധാരണ ഗതിയില്‍ കവിഞ്ഞ സംഭവങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചായിരുന്നു പാലം പൊളിക്കാനും സ്റ്റേഷന്‍ ആക്രമിക്കാനും പോയത്
പിന്നീട് പല സ്ഥലങ്ങളിലും വെച്ച് ഏറ്റുമുട്ടലുകള്‍ നടന്നു. മാസങ്ങളോളം പട്ടാളം മലബാറില്‍ അഴിഞ്ഞാടി. 1920 നവംബര്‍ 10 ാം തിയ്യതി അടച്ചുപൂട്ടിയ റെയില്‍വേ വാഗണില്‍ തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ 90 ല്‍ പരം ഖിലാഫത്ത് പോരാളികളില്‍ 60 ഓളം പേര്‍ ശ്വാസംമുട്ടി മരിച്ചു. മലബാര്‍ കലാപത്തെക്കുറിച്ച് ചരിത്ര പഠനത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ഈ സംഭവമാണ് വാഗണ്‍ ട്രാജഡി എന്ന പേരില്‍ വിളിക്കപ്പെടുന്നത്. സ്ത്രീകളെയും കുട്ടികളെയും വരെ കൊന്നൊടുക്കിക്കൊണ്ട് പട്ടാളം തേര്‍വാഴ്ച്ച നടത്തിയെങ്കിലും എളുപ്പത്തില്‍ സമരം അടിച്ചമര്‍ത്താനായില്ല. അധികാരികള്‍ ഹിന്ദു ജന്മികളെയും മുസ്‌ലിം പ്രമാണിമാരെയും വശത്താക്കി സമരത്തെ ഹിന്ദു മുസ്‌ലിം ലഹളയാക്കി മാറ്റി. മുസ്‌ലിം സമരക്കാരെ പിടിക്കാന്‍ പട്ടാളം ഉപയോഗിച്ചത് നാട്ടുകാരായ ഹിന്ദുക്കളെയായിരുന്നു. എതിര്‍ത്തവരെ ഖിലാഫത്ത് അനുയായികളായി മുദ്രകുത്തി അറസ്റ്റ് ചെയ്തും അല്ലാതെയും പീഡിപ്പിച്ചു. തങ്ങളെ പിടിച്ചുകൊടുക്കാന്‍ സഹായിക്കുന്നത് ഹിന്ദുക്കളാണെന്നറിഞ്ഞ സമരക്കാര്‍ ഹിന്ദു വിരോധികളായി. അങ്ങനെ ജനത്തെ ഭിന്നിപ്പിക്കാനായി. സമരം പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെട്ടു.

author image
AUTHOR: മുംതാസ് നാഫില എം എന്‍
   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)