അന്തമാന്‍ നാടുകടത്തലും കൊളോണിയല്‍ ആഖ്യാനങ്ങളും

അനീസുദ്ദീന്‍ അഹ്മദ് വി   (റിസര്‍ച്ച് സ്‌കോളര്‍, സംസ്‌കൃത സര്‍വകലാശാല, കാലടി)

Exile is strangely compelling to think about but terrible to experience. It is the unhealablerift forced between a human being and a native place; between the self and it’s true home. It’s essential sadness never can be surmounted.
Edward w.said
‘Refiections on Exile’

കോളനിവാഴ്ച്ചക്കും ജന്മിത്തത്തിനും എതിരെ മലബാറില്‍ നടന്ന സമരങ്ങള്‍ അതിലെ ഉള്ളടക്കത്തിന്റെ ബഹുത്വം കാരണം സമാന ലക്ഷ്യത്തോടെയുള്ള ഇതര സമരങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. മലബാര്‍ കലാപം,  മാപ്പിള ലഹള, കര്‍ഷക കലാപം, ഖിലാഫത്ത് ലഹള, മതഭ്രാന്തിന്റെ പ്രകടനം, സ്വാതന്ത്ര്യ സമരം എന്നൊക്കെ പേര്‍ വിളിക്കപ്പെട്ട ഈ സമരങ്ങളുടെ പ്രത്യാഘാതമായാണ് അന്തമാന്‍ ദ്വീപുകളിലേക്ക് മാപ്പിളമാര്‍ നാടുകടത്തപ്പെടുന്നത്. എന്നാല്‍ നമ്മുടെ മുഖ്യധാരാ ചരിത്ര കൃതികളോ മലബാര്‍കലാപ സംബന്ധമായ മറ്റാഖ്യാനങ്ങളോ  ഈ ചരിത്ര യാഥാര്‍ഥ്യത്തെ വേണ്ടത്ര അഭിമുഖീകരിച്ചിട്ടില്ല. മലബാര്‍ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടായ നാടുകടത്തലുകളുടെ (Deportations) ചേരുവയും പ്രേരകങ്ങളും കണ്ടു പിടിക്കുകയാണിവിടെ. മാപ്പിള പ്രവാസനവുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ നടത്തിയ കത്തിടപാടുകള്‍ കൊളോണിയല്‍ ഭരണകൂടത്തിന്റെ ബഹുവിധമായ അധീശ തന്ത്രങ്ങളും  അതിനോട് പോരടിച്ചും ഒരു വേള   ചേര്‍ന്നും നിന്ന ഒരു ജനസമൂഹത്തിന്റെ ചിത്രവും തെളിച്ച് കാട്ടുന്നുണ്ട്.
കലാപങ്ങളില്‍ പിടിക്കപ്പെടുന്നവരെ ജന്മനാട്ടില്‍ നിന്നും മാറ്റിനിറുത്തുക എന്നത് ബ്രിട്ടീഷ് അധികാരികള്‍ സ്വീകരിച്ച ഒരു ശിക്ഷാരീതിയാണ്. ഒരര്‍ഥത്തില്‍ 18-ാം ശതകത്തില്‍ തന്നെ ഇതാരംഭിക്കുന്നുണ്ട്. ഇംഗ്ലീഷ് ഫ്രഞ്ച് സംഘര്‍ഷത്തെപ്പറ്റി പരാമര്‍ശിക്കുന്നതിനിടെ ഇത്തരത്തില്‍ ഒരു സംഭവം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ വിവരിക്കുന്നു. ശിപായികളുടെ കമാണ്ടറായ ഒരു മൂര്‍ ( മാപ്പിള?)  മുന്‍ മദിരാശി ഗവര്‍ണറുടെ ദ്വിഭാഷിയായി പ്രവര്‍ത്തിച്ച ഒരാളുടെ വിശ്വസ്തനായിരുന്നു. പുതുശ്ശേരിയിലെ  ഫ്രഞ്ച് ഗവര്‍ണറുടെ ഭാര്യ മദാം ഡ്യൂപ്ലക്‌സിന് ഈ ദ്വിഭാഷി ഇംഗ്ലീഷുകാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്നു. ഏറ്റുമുട്ടലുണ്ടായാല്‍ ആദ്യത്തെ അവസരം ഉപയോഗിച്ച് മൂര്‍കമാണ്ടര്‍ ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങണമെന്ന ഗൂഢാലോചന കണ്ടു പിടിച്ചതിനെ തുടര്‍ന്ന് കമാണ്ടറെയും അയാളുടെ പത്ത് ഓഫീസര്‍മാരെയും സെന്റ് ഹെലന ദ്വീപിലേക്ക് നാടു കടത്തി.  അവരില്‍ പലരും അവിടെ കിടന്ന് മരിച്ചു. ഏകാന്തമായ ദ്വീപില്‍ തടവുകാരായി കഴിയുന്നതിന്ന് പകരം അവര്‍ മരിക്കാന്‍ അന്യോന്യം സഹായിക്കുകയാണുണ്ടായതെന്ന് പറയുന്നു. (ലോഗന്‍: 1995; 381). ഈ നാടു കടത്തല്‍ പക്ഷേ, മലബാര്‍ മേഖലയിലെ മാപ്പിള ജന്മിസംഘര്‍ഷങ്ങള്‍ തുടങ്ങുന്നതിനെത്രയോ മുന്‍പാണ്.  അതു തന്നെയും ഫ്രാന്‍സിന് സമീപമുള്ള സെന്റ് ഹെലന ദ്വീപിലേക്കാണു താനും. അതേ സമയം അന്തമാന്‍, ആസ്‌ത്രേലിയ, ബോട്ടണിബേ എന്നിവിടങ്ങളിലേക്ക് നാടു കടത്തുകയുണ്ടായി. (മില്ലര്‍ : 1995; 114)
മലബാര്‍ പ്രദേശത്ത്  'മതാവേശത്തില്‍ അധിഷ്ഠിതമായ' ഹിന്ദു വിരോധ ലഹളകള്‍ രൂപം കൊണ്ടതും വ്യാപിച്ചതും മമ്പുറത്തെ സയ്യിദ് ഫസല്‍ തങ്ങളുടെ ആസ്ഥാനം  കേന്ദ്രീകരിച്ചാണെന്ന വിശ്വാസം അധികാരികള്‍ക്കുണ്ടായിരുന്നു.  അതു കൊണ്ട് തന്നെ തങ്ങളെ ഔപചാരികമായ വിചാരണക്ക് കൊണ്ടുവരികയോ ഗവണ്‍മെന്റിന്റെ തടവുകാരനായി എടുക്കുകയോ ഒച്ചപ്പാടില്ലാതെ ജില്ലയില്‍ നിന്നും പുറത്താക്കുകയോ  ചെയ്യണമെന്നായിരുന്നു അധികാരികളുടെ ഉദ്ദേശ്യം.  മാപ്പിള അസ്വസ്തകളെയും അവയുടെ കാരണങ്ങളെയും പരിഹാരങ്ങളേയും കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ കമ്മീഷണറായി  നിയോഗിക്കപ്പെട്ട സദര്‍  അദാലത്ത് കോടതിയുടെ ഒരു ജഡ്ജിയായ തോമസ് ലാമ്‌സണ്‍ സ്ട്രാങ്ങിന് കൊടുത്ത നിര്‍ദേശങ്ങളില്‍  ഇതുമുണ്ട്. അതിനിടെ കലക്ടറായിരുന്ന കൊണോലി തുടര്‍നടപടികളുമായി മുന്നോട്ടു പോയി. 1852 മാര്‍ച്ച് 19 ന് സയ്യിദ് ഫസല്‍ തങ്ങള്‍ കുടുംബ സമേതം ബന്ധുമിത്രാദികളെയും പരിചാരകരെയും കൂട്ടി (മൊത്തം 57 പേര്‍) അറേബ്യയിലേക്ക് കപ്പല്‍ കയറി. (ലോഗന്‍ 1995; 568) ഗവണ്‍മെന്റിന് അലോസരമുണ്ടാവാതിരിക്കാന്‍ അറ്യേബ്യയില്‍ പോയി സ്ഥിര താമസമാക്കാന്‍ താന്‍ തയ്യാറാണെന്ന്  'സന്തോഷപൂര്‍വ്വം'സയ്യിദ് ഫസല്‍ അറിയിച്ചുവെന്നാണ് ലോഗന്‍ രേഖപ്പെടുത്തിയിട്ടുള്ളത്  (1995 ; 624). പോയത് സ്വമേധയാ ആണെങ്കിലും അധികാരികളുടെ പ്രേരണ ഇതിനു പിന്നിലുള്ളതിനാല്‍ 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ മലബാറിലുണ്ടായ അസ്വസ്ഥതകളുടെ ഭാഗമായ പ്രഥമ നാടുകടത്തല്‍ സംരംഭം ഇതാണെന്ന് പറയാം.
മമ്പുറം തങ്ങള്‍ നാടുവിട്ടതോടെ അതിന് കാരണക്കാരനായ കൊണോലി കലക്ടറോടുള്ള എതിര്‍പ്പ് മാപ്പിളമാര്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതാണ് പിന്നീട് കൊണോലിയുടെ കൊലപാതകത്തിലേക്കുനയിച്ചത്. കൃത്യം നിര്‍വ്വഹിച്ച മൂന്നു പേരെ വെടിവെച്ച് കൊന്നു. കുറ്റകൃത്യത്തില്‍ പലനിലക്കും ബന്ധമുണ്ട് എന്നു കണ്ട 33 പേര്‍ക്ക് പ്രവാസനം വിധിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റ് ചീഫ് സെക്രട്ടറിയായിരുന്ന ടി. പൈക്രോഫ്റ്റ് മലബാര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച എഴുത്തിലുണ്ട്. കൊറൊമാണ്ടല്‍  തീരത്തിന് ചുറ്റുമുള്ള വിവിധ ജയിലുകളിലേക്കാണ്  ഇവരെ കൊണ്ട് പോയത്3. .ഈയാവശ്യാര്‍ത്ഥം മദ്രാസ് സര്‍ക്കാറിന്റെ അപേക്ഷയനുസരിച്ച് ബോംബെ ഗവണ്‍മെന്റ് ഒരു ആവിക്കപ്പല്‍ നല്‍കുകയും തടവുകാരോരോരുത്തര്‍ക്കും പുതിയ വസ്ത്രങ്ങള്‍, കമ്പിളികള്‍, പായ, പാത്രങ്ങള്‍ എന്നിവ നല്‍കുകയും ചെയ്തു. ഇക്കൂട്ടത്തില്‍പെട്ട ചോലപ്പറമ്പത്ത് ഉണ്ണിമോയി കപ്പലില്‍ വെച്ചാണ് മരണപ്പെടുന്നത്. മമ്പ്രത്ത് ബീബിയെന്ന സ്ത്രീയും അവരുടെ കുഞ്ഞും ഉള്‍പെട്ട ഈ സംഘത്തെ 1856 ഏപ്രില്‍ ഒടുവിലാണ്  കോറൊമാണ്ടല്‍ തീരത്തേക്ക് മാറ്റുന്നത്.
മലബാര്‍ പോലീസ് കോറില്‍ നിന്നും ചാടിപ്പോയ രണ്ട് മാപ്പിളമാരെയും അവര്‍ക്ക് കൊണോലിയുടെ കൊലയാളികളുമായി സമ്പര്‍ക്കമുണ്ടായിരുന്നു എന്ന സംശയത്തിന്‍മേല്‍ നല്ല നടപ്പിന് പിടി കൂടുകയും പിന്നീട് നാടുവിട്ട് പോവാന്‍  നിര്‍ദേശിക്കുകയും ചെയ്തു. (ലോഗണ്‍ 1995; 632)  നാടുകടത്തലിലേക്ക് എത്തിച്ച മൂന്ന് സംഭവങ്ങള്‍ കൂടി ലോഗണ്‍ പരാമര്‍ശിക്കുന്നുണ്ട്. 1857 അവസാനത്തില്‍ മുസ്ലിമായ ഒരു നായര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ച് പോയതില്‍ പ്രതികാരം  ചെയ്യാനും കാഫിറുകളില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാനും വേണ്ടി പൊന്‍മളക്കാരനായ  പൂവാടന്‍ കുഞ്ഞാപ്പ ഹാജിയും വേറെ ഏഴു മാപ്പിളമാരും   ചേര്‍ന്ന്  ശ്രമിച്ചതിന്റെ പേരില്‍ അവരെ മാപ്പിള ഔട്ടറേജസ് ആക്ട് പ്രകാരം നാടു കടത്തി. അതേ വര്‍ഷം സെപ്റ്റംബറില്‍ കോട്ടയം തങ്ങളുടെ ബന്ധുവായ വഞ്ചികൂടോരത്ത് കുഞ്ഞിമായന്‍ എന്ന മാപ്പിളയെ തലശ്ശേരിയില്‍ നിരത്തിലിറങ്ങി രാജ്യദ്രോഹകരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ച് വെള്ളക്കാരില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്ന് വിളിച്ച് പറഞ്ഞ കുറ്റം ചുമത്തി നാടുകടത്തി. ഇദ്ദേഹം തിരുച്ചിറപ്പള്ളി ജയിലില്‍ കിടന്ന് മരിക്കുകയും ചെയ്തു.
ഇങ്ങനെ 1836 മുതല്‍ 1921 വരേക്കുമുള്ള അധിക നാടുകടത്തലുകളും കൊറൊമാണ്ടല്‍ തീരത്തേക്കായിരുന്നുവെന്നൂഹിക്കാം. ലോഗന്‍ തന്നെയും ചിലരെ നാടു കടത്തി എന്നതല്ലാതെ എവിടേക്ക് എന്ന് വ്യക്തമാക്കുന്നില്ല. അദ്ദേഹം രേഖപ്പെടുത്തുന്ന ഒടുവിലെ പ്രവാസനം 1884 മാര്‍ച്ചിലാണ് നടക്കുന്നത്. വള്ളുവനാട് താലൂക്കില്‍പെട്ട മേലാറ്റൂര്‍ അംശത്തിലെ ജന്മി അപ്പാദുരപ്പട്ടരെ വധിക്കാനും സ്വയം രക്തസാക്ഷികളാവാനും രഹസ്യാലോചനകള്‍ നടത്തിയതായി സംശയിക്കുന്ന രണ്ട് പേരെ നാട്കടത്തുകയാണ് ചെയ്തത്. അതേ സമയം 1894 ലെ കലാപത്തോടനുബന്ധിച്ച് ചിലരെ  അന്തമാനിലേക്കയക്കുകയുണ്ടായി.
1836 മുതല്‍ മലബാറില്‍ പടര്‍ന്നുപിടിച്ച കലാപങ്ങളെക്കുറിച്ചന്വേഷിക്കാന്‍ 1857 ഫെബ്രു 17ന് സ്‌പെഷ്യല്‍ കമ്മീഷ്ണറായി നിയോഗിക്കപ്പെട്ട  ടി. എല്‍ സ്ട്രാങ്, ലഹളകളുടെ യഥാര്‍ഥ ഹേതു ഭ്രാന്താണെന്ന് 'കണ്ടെത്തുകയും' പ്രശ്‌ന പരിഹാരത്തിന്  നിര്‍ദ്ദശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. അവയില്‍ കൂട്ടപ്പിഴ, സ്വത്തു കണ്ടു കെട്ടല്‍, നാടു കടത്തല്‍ എന്നിവ  സര്‍ക്കാര്‍ അംഗീഗരിച്ചു. (ലോഗന്‍ :1995 ;1857) 1859 ലെ മാപ്പിള ഔട്ടറേജസ് ആക്ടും കലാപകാരികളെ നാടുകടത്തല്‍  വ്യവസ്ഥ ചെയ്തു. ഈ ആക്ടുകളാണ് പിന്നീടുള്ള പ്രവാസനങ്ങള്‍ക്കടിസ്ഥാനമായത്. പല ആക്ടുകള്‍ക്കും ഓരോ കാലങ്ങളില്‍ മാറ്റങ്ങള്‍ വന്നെങ്കിലും ഒരു ശിക്ഷാ രീതിയെന്ന നിലയില്‍ നാടുകടത്തല്‍ കോളനി ഭരണത്തിന്റെ അന്ത്യം വരെ തുടര്‍ന്നു. സ്വദേശത്തുനിന്നുള്ള ഈ 'പറിച്ചുനടല്‍' അവര്‍ 'നല്ലനടപ്പ്' ശീലിക്കാനിടയാക്കുമെന്നും അത് മലബാര്‍ പ്രദേശത്ത് നല്ല പ്രവണത സൃഷ്ടിക്കുമെന്നും  അധികാരികള്‍ കരുതി.5
                       
അന്തമാനും സെല്ലുലാര്‍ ജയിലും
ബംഗാള്‍ ഉള്‍ക്കടലില്‍  തെക്കുകിഴക്കായി കിടക്കുന്ന ദ്വീപസമൂഹമായ അന്തമാനില്‍ നെഗ്രിറ്റോ വംശത്തില്‍ പെട്ടവരും മലയക്കാരായ സെമാങ്ങുകളും ഫിലിപ്പെന്‍സിലെ പിഗ്മികളുമാണ് വസിച്ചിരുന്നത്.  പുറം ലോകവുമായി അന്ന് ദ്വീപുകാര്‍ക്ക് ബന്ധം കുറവായിരുന്നു. 1789 ല്‍ ക്യാപ്റ്റന്‍ ആര്‍ച്ചിബാള്‍ഡ് ബ്ലെയര്‍ അന്തമാന്‍ ദ്വീപസമൂഹത്തില്‍ ബംഗാള്‍ ഗവര്‍ണറുടെ  നിര്‍ദ്ദേശ പ്രകാരം  കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള ഒരു  കോളനിയുണ്ടാക്കി.  ഇന്ന് പോര്‍ട്ട് ബ്ലെയര്‍ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തായിരുന്നു കോളനി 6

1796 ല്‍ ഈ കുറ്റവാളി  കേന്ദ്രം ഒഴിവാക്കിയെങ്കിലും 1858 ജനുവരിയില്‍ തന്നെ പുന:സ്ഥാപിച്ചു. ഇന്ത്യയുടെ  (പ്രത്യേകിച്ചും ഉത്തരേന്ത്യയുടെ) വിവിധ ഭാഗങ്ങളില്‍, ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് പുകള്‍പെറ്റ കോളനി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം  നല്‍കിയ  പലര്‍ക്കും ഭരണകൂടം  പാര്‍പ്പു വിധിച്ചത് 'കാലാപാനി' എന്ന് പിന്നീട് അപരാഭിധാനം കൊണ്ട ഈ ദ്വീപുകളിലാണ് . മലബാര്‍ ഭാഗത്ത് 1894 ല്‍ ഉണ്ടായ സംഘര്‍ഷങ്ങളോട് ബന്ധപ്പെട്ട് ചക്കിപ്പറമ്പത്ത് വാരിയന്‍കുന്നത്ത് മൊയ്തീന്‍ ഹാജിയേയും മറ്റു ചിലരെയും അന്തമാനിലയക്കുകയുണ്ടായി. (ഗംഗാധരന്‍ : 1989 ; 384) ഇങ്ങനെ എത്തിച്ചേരുന്ന കുറ്റവാളികളുടെ അവസ്ഥ പഠിക്കാന്‍ 1890 ല്‍ നിയോഗിക്കപ്പെട്ട ഒരു സമിതി അന്തമാനില്‍ എത്തുന്നവരെ ചുരുങ്ങിയത് ആറ് മാസമെങ്കിലും വെവ്വേറെ തടവുകളിലിേടണ്ടതാണെന്ന നിര്‍ദ്ദേശം ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. അങ്ങനെയാണ് കലാപകാരികള്‍ക്ക് ഏകാന്ത തടവിന് പറ്റിയ തരത്തില്‍ 698 സെല്ലുകളോട്കൂടിയ സെല്ലുലാര്‍ ജയില്‍ നിര്‍മ്മിക്കപ്പെടുന്നത്. 1896 ല്‍ ആരംഭിച്ച  ജയില്‍ നിര്‍മ്മാണം 1906 ലാണ്  പൂര്‍ത്തിയാവുന്നത്. (റാശിദ; 15)

കലാപകാരികള്‍ക്കുള്ള ശിക്ഷാവിധികള്‍
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ശക്തവും സംഘടിതവുമായ സ്വാതന്ത്ര്യ പ്രക്ഷോഭമായി 1921 ല്‍ മലബാറില്‍ നടന്ന അധിനിവേശ - ജന്മിവിരുദ്ധ പോരാട്ടങ്ങള്‍ മനസ്സിലാക്കപ്പെടുന്നുണ്ട്. സമരത്തെ തുടര്‍ന്ന് ധാരാളം പേര്‍ അറസ്റ്റിലായി. ആലി മുസ്‌ല്യാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്  ഹാജി  തുടങ്ങി സമരത്തിന് നേതൃത്വം കൊടുത്തവരെ കൊലക്കുറ്റം ചുമത്തിയും 'രാജാവി' നെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്ന കുറ്റത്തിനും തൂക്കിലേറ്റി. കലാപം തുടങ്ങി ഒരു മാസം പിന്നിട്ടതോടെത്തന്നെ കേസുകള്‍ തീര്‍പ്പാക്കാനായി പ്രത്യേക കോടതികള്‍ സ്ഥാപിതമായി. രാജാവിനെതിരെ യുദ്ധം പ്രഖ്യാപിക്കുക. കൂട്ടക്കവര്‍ച്ച,  കൊലപാതകം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെടുന്നവരുടെ കേസുകള്‍ കൈകാര്യം  ചെയ്യാന്‍ ഒരു സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ നിലവില്‍ വന്നു. ഹൈകോടതി ജഡ്ജി പ്രസിഡണ്ടും രണ്ട് സെഷന്‍സ് ജഡ്ജിമാര്‍ അംഗങ്ങളുമായ ഈ ട്രിബ്യൂണലിന്റെ പ്രഥമ സിറ്റിംഗ് 1921 സെപ്റ്റംബര്‍ 23 നായിരുന്നു. (ഹിച്ച്‌കോക്ക് :1983;141) 1921ലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് നാടു കടത്തലിന് ശിക്ഷിച്ചു കൊണ്ടുള്ള ആദ്യവിധിയുണ്ടാകുന്നത് ആ വര്‍ഷം നവംബര്‍ 2 നാണ്.  കലാപത്തിന് നേതൃപരമായ പങ്ക് വഹിച്ച ആലിമുസ്ല്യാ ര്‍ക്കും 12 പേര്‍ക്കും വധശിക്ഷയും ബാക്കി 25 പേര്‍ക്ക് ജീവപര്യന്തം നാടുകടത്തലുമാണ്  വിധിച്ചത്.7

'പ്രശ്‌നക്കാരെ' നാടുകടത്തുന്നു
160'കുറ്റവാളി'കള്‍  ഉള്‍ക്കൊള്ളുന്ന ആദ്യസംഘം 1922 ഏപ്രില്‍ 22 ന് പോര്‍ട്ട് ബ്ലയറില്‍ എത്തി. (അബ്ദുല്ല :1995; 326).  1921 നവംബറില്‍ തന്നെ അന്തമാന്‍ ദ്വീപുകളിലേക്ക് മാപ്പിളമാരെ മാറ്റിപ്പാര്‍പ്പിക്കുന്നതു സംബന്ധിച്ച നടപടികള്‍ ഗവണ്‍മെന്റ് ആരംഭിച്ചിരുന്നു8.ഇക്കാര്യം ആഭ്യന്തര വകുപ്പിന്റെ ഒരു ടെലഗ്രാമില്‍ സൂചിപ്പിക്കുന്നുണ്ട്. മദ്രാസ് പ്രസിഡന്‍സിയിലെ സെന്‍ട്രല്‍ ജയിലുകളും ബെല്ലാരി ക്യാമ്പ് ജയിലും തടവുകാരെക്കൊണ്ട് നിറഞ്ഞതും കൂടുതല്‍പേരെ അന്തമാനിലേക്കയക്കാന്‍ ഗവണ്‍മെന്റിനെ നിര്‍ബന്ധിതരാക്കി. മാപ്പിളമാരല്ലാത്തവരും നാടുകടത്തപ്പെട്ടവരിലുണ്ട്. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതി തകര്‍ത്ത് രേഖകള്‍ നശിപ്പിച്ച കേസില്‍ പറമ്പോട്ട് അച്ചുതന്‍കുട്ടി മേനോന്‍, അരിപ്ര ഉണ്ണികൃഷ്ണന്‍ തമ്പുരാന്‍ എന്നിവരതില്‍ പെടുന്നു. (ഹിച്ച്‌കോക്ക് :1983; 305) ജീവപര്യന്തം നാടുകടത്തല്‍ വിധിക്കപ്പെട്ടവരായിരുന്നു ആദ്യഘട്ടത്തില്‍ പോയവരധികവും. ഇന്ത്യയിലെ ബ്രിട്ടീഷ് നിയമമനുസരിച്ച് ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവരെ 14 കൊല്ലത്തിന് ശേഷം വിട്ടയക്കും. പക്ഷേ, അന്തമാനില്‍ 20 കൊല്ലം കഴിഞ്ഞാലേ വിട്ടയക്കൂ. ചിലപ്പോള്‍ കാലാവധി കഴിഞ്ഞിട്ടും കാര്യമില്ല. ഇന്ത്യയിലെ സംസ്ഥാന ഗവണ്‍മെന്റുകള്‍ തടവുകാരെ സ്വീകരിക്കാന്‍ തയ്യാറാവണം. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ കാരണം തടവുകാരില്‍ ധാരാളം പേര്‍ അന്തമാനില്‍ തന്നെ സ്ഥിര താമസമാക്കാന്‍ നിര്‍ബന്ധിതരായി. (അബ്ദുല്ല 1995 ; പേ327) മലബാര്‍ സ്‌പെഷ്യല്‍ കമ്മീഷ്ണറായിരുന്ന എ. ആര്‍ നാപ്പ് (A.R.knapp) ഇന്ത്യാഗവണ്‍മെന്റ് സെക്രട്ടറിക്ക് അയച്ച എഴുത്തില്‍ ഇങ്ങനെ നാട് കടത്തപ്പെടുന്നവരെ അന്തമാനില്‍ വനവികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. (ടോട്ടന്‍ഹാം :  1992; 402)
 
ഭരണകൂട നടപടികള്‍
1925 മാര്‍ച്ച് ആയപ്പോള്‍ 1200 മാപ്പിളമാര്‍ അന്തമാനിലുണ്ടായിരുന്നു. കുറ്റവാളി കുടിയിരുത്തല്‍ പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗവണ്‍മെന്റ് മാപ്പിളത്തടവുകാരോട് ഒന്നുകില്‍ ജയില്‍ കുറ്റവാളിയായി ജീവപര്യന്തമോ ശിക്ഷാകാലാവധി കഴിയും വരെയോ കഴിയുക, അല്ലെങ്കില്‍ കുടുംബത്തെക്കൂടി കൊണ്ട് വന്ന് അന്തമാനില്‍ സ്വാതന്ത്ര ജീവിതം നയിക്കുക എന്നീ രണ്ടിലൊന്ന് തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്9 . ചിലര്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തെങ്കിലും മാപ്പിളമാരില്‍ നിന്ന് ശക്തമായ എതിര്‍പ്പും ഈ നിര്‍ദ്ദേശത്തിനെതിരെയുണ്ടായി. ജന്മനാട്ടിലേക്ക് എത്രയും വേഗം തിരിച്ചെത്താനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നവര്‍ ശഠിക്കുകയും പ്രക്ഷോഭം കൂട്ടുകയും ചെയ്തു.
ഇതിനിടെ  കുടുംബത്തെക്കൂടി കൊണ്ട് പോവാന്‍ മാപ്പിളമാരെ പ്രേരിപ്പിക്കാനും അവിടത്തെ വനംവകുപ്പിന്റെ കീഴില്‍ അവര്‍ക്ക് തൊഴില്‍ ഏര്‍പ്പാടാക്കാനും വേണ്ടി കോഴിക്കോട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ഇ. എച്ച്. അബ്രഹാമിനെ ഡെപ്യൂട്ടേഷനില്‍ ഗവണ്‍മെന്റ് അന്തമാനിലയച്ചിരുന്നു10 . 1922 ഡിസംബര്‍ ഒടുവില്‍ മദ്രാസ് ഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ ഓഫീസറെന്ന നിലയില്‍ അന്തമാനിലെത്തിയ അബ്രഹാം നാടുകടത്തലിന്റെ വിവധ കാലയളവുകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്ന 'മാപ്പിളമാരും ഹിന്ദുക്കളുമടങ്ങുന്ന' മുഴുവന്‍ തടവുകാരെയും കണ്ടതായി ഏ.ആര്‍ നാപ്പിനയച്ച കത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. കുടുംബത്തെക്കൂടി കൊണ്ട് പോകുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 'സെല്‍ഫ്‌ സപ്പോര്‍ട്ടേഴ്‌സ് ടിക്കറ്റു'കള്‍ (എസ്.എസ് ടിക്കറ്റു കള്‍) സ്വീകരിക്കാന്‍ ഭൂരിപക്ഷം മാപ്പിളമാരും വിമുഖത പ്രകടിപ്പിച്ചതായി അബ്രഹാം പറയുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നു.
1. അന്തമാനിലെ തങ്ങളുടെ വാസം വളരെ കുറച്ച് കാലത്തേക്കേ ഉണ്ടാകൂ എന്നും രണ്ടോ മൂന്നോ മാസത്തിനകം തങ്ങളെ മോചിപ്പിച്ചു കൊണ്ട് ഉത്തരവ് വരുമെന്നും അവര്‍ പ്രതീക്ഷിച്ചു.
2. മോചന ഉത്തരവ് വന്നു കഴിഞ്ഞാല്‍ എസ് എസ് ടിക്കറ്റുകള്‍ എടുത്തവര്‍ പോര്‍ട്ട് ബ്ലെയറില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകും എന്നവര്‍ തെറ്റിദ്ധരിക്കുന്നു.
3. അവര്‍ ഗവണ്‍മെന്റിനെതിരെ വിരോധം വെച്ച് പുലര്‍ത്തുന്നു. തങ്ങള്‍ നിരപരാധികളാണെന്നും തങ്ങള്‍ക്കെതിരായ കുറ്റം  കെട്ടിച്ചമച്ചതാണെന്നും നാടു കടത്തിയത്  തികഞ്ഞ അനീതിയാണെന്നും അവര്‍ ധരിക്കുന്നു.
4. (അവ്യക്തം)11
5. മാപ്പിളമാരില്‍പെട്ട കരുത്തരും ബുദ്ധിശാലികളുമായ ഒന്നോ രണ്ടോ ആളുകള്‍ എന്തെങ്കിലും പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ കുഞ്ഞാടുകളെപ്പോലെ അനുസരിക്കുന്നു.
6. ഗവണ്‍മെന്റ് നടപ്പാക്കുന്ന പദ്ധതികളെ പരാജയപ്പെടുത്താന്‍ വേണ്ടി അവര്‍ക്ക് വളരെ വേഗത്തില്‍ സംഘടിക്കാന്‍ കഴിയുന്നു.
നാടു കടത്തപ്പെട്ട മാപ്പിളയുടെ മാനസികാവസ്ഥ അബ്രഹാം എഴുതുന്നതിങ്ങനെ: 'സാധാരണ വിവക്ഷിക്കുന്ന അര്‍ത്ഥത്തിലുള്ള കുറ്റവാളി' അല്ല താന്‍ എന്നവന്‍ ധരിക്കുന്നു. ഒരു കാര്യത്തില്‍ സ്വന്തമായി നിലപാടെടുക്കാന്‍ ഓരോരുത്തര്‍ക്കും കഴിയാറില്ല. ഒരുത്തന്‍ ടിക്കറ്റ് വേണ്ടെന്ന് പറഞ്ഞാല്‍ മറ്റെല്ലാവരും അതനുകരിക്കുന്നു. 'മാപ്പിളമാര്‍ അടിസ്ഥാനപരമായി മതത്തില്‍ വിശ്വസിക്കുന്നവരാണ്. അതുമായി ബന്ധപ്പെട്ട് ഒരു ദുഃഖം അന്തമാനിലെ ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്നുണ്ട്. വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനക്കുള്ള ഒത്തുകൂടല്‍ നടത്താന്‍ വഴികളില്ലെന്നതാണ്. അതിനാല്‍ വെള്ളിയാഴ്ച പകുതി ദിനം അവര്‍ക്ക് അവധി നല്‍കി ഞായറാഴ്ച പകുതി ജോലി സമയം ആക്കിയാല്‍ മതിയാകും.'
മറ്റു രണ്ടു നിര്‍ദ്ദേങ്ങശള്‍ കൂടി അബ്രഹാം മുന്നോട്ടു വെച്ചു.
1. മാപ്പിളമാര്‍ കൂടിത്താമസിക്കുന്ന ചിലയിടങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ 'മുല്ല'മാരില്ല. പ്രസ്തുത കേന്ദ്രങ്ങളില്‍ ഇത്തരം ആളുകളെ നിയോഗിക്കണം. മാപ്പിളമാരോട് ഇങ്ങനെയൊരു ഔദാര്യം കാണിച്ചാല്‍ അവര്‍ സന്തോഷിക്കുകയും ഗവണ്‍മെന്റിനോട് അങ്ങേയറ്റം കൂറുള്ളവരായിത്തീരുകയും ചെയ്യും. അതുപോലെ  മാപ്പിളമാര്‍ക്കും ജയില്‍ ഓഫീസര്‍മാര്‍ക്കും ഇടയിലെ ഭാഷാ പ്രശ്‌നം പരിഹരിക്കണം. ഇതിനായി മാപ്പിളമാരില്‍ നിന്നു തന്നെ 'നല്ല സ്വഭാവ'മുള്ള ഹിന്ദുസ്ഥാനിയില്‍ സംസാരഭാഷ വശമുള്ള കുറ്റവാളികളെ, പെറ്റി ഓഫീസര്‍മാരോ ജമേദര്‍മാരോ ആയി നിയമിക്കണം. തങ്ങളുടെ കീഴിലുള്ളവരുടെ സ്വഭാവ പെരുമാറ്റത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും ഉത്തരവാദിത്വം ഇവര്‍ക്കാവും. 'സെല്‍ഫ്‌ സപ്പോര്‍ട്ടര്‍' ആവാന്‍ തയ്യാറുള്ളവരെ കാട്ടു പ്രദേശമല്ലാത്തിടങ്ങളില്‍ കുടിയിരുത്തണം. ആദ്യമേ ഇങ്ങനെ ചെയ്താല്‍  കൂടുതല്‍ പേര്‍ കുടുംബങ്ങളൊന്നിച്ചു വരാന്‍ തയ്യാറായേക്കും. അല്ലാത്ത പക്ഷം അത് നിരാശക്കിടവരുത്തും. അന്തമാനിലെ വനവികസന വകുപ്പിനു കീഴില്‍ തൊഴിലാളികളായി മാപ്പിളമാരെ നിയമിക്കണം. ഫോറസ്റ്റ് ഓഫീസറെ സഹായിക്കാന്‍ മലയാളം അറിയുന്ന റേഞ്ചറെയും നിയോഗിക്കേണ്ടതുണ്ട്.
പിന്നീട് ഗവര്‍ണറുടെ കൗണ്‍സിലംഗമായ നാപ്പിനയച്ച റിപ്പോര്‍ട്ടില്‍12 മാപ്പിളമാര്‍ കുടുംബത്തെ കൊണ്ടു വരാന്‍ തയ്യാറാവാത്തതിന്റെ രണ്ട് കാരണങ്ങള്‍ കൂടി പറയുന്നു.
1. ഹൈക്കോടതിയില്‍ അപ്പീല്‍ പോയതിന്റെ ഫലമായി ചില മാപ്പിളമാരെങ്കിലും ഈ അടുത്ത്  മോചിതരായി ജന്മനാട്ടിലേക്ക് തിരിച്ചു പോയി എന്നത് ബാക്കിയുള്ളവരിലും പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്.
2. ചിലര്‍ക്ക് മലബാറില്‍നിന്നു കത്തുകള്‍ വന്നിട്ടുണ്ട്. അതില്‍ മദ്രാസ് ജയിലുകളില്‍ നിന്നു മോചിതരാകുന്നത് സംബന്ധിച്ച വിവരമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ശിക്ഷാവിധി പൂര്‍ത്തിയാകും വരെ അന്തമാനില്‍ തന്നെ കഴിയേണ്ടിവരുമെന്ന് കമ്മീഷണര്‍ മാപ്പിളമാരോട് പറയുന്നു. സമാധാന ഭംഗമുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്താല്‍ അതങ്ങേയറ്റം ശിക്ഷാര്‍ഹമായിത്തീരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. 123 പേര്‍ തങ്ങളുടെ വിലാസവും ചിലര്‍ ഭാര്യമാരുടെ വിലാസവും കമ്മീഷ്ണറെ ഏല്‍പ്പിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
              
കാട്ടിലും കൊള്ളാത്തവനെ 
     നല്ല 'നാട്ടുപൗരനാ'ക്കാന്‍
മാപ്പിളമാരെ കാടു വെട്ടിത്തെളിക്കുന്ന ജോലികളില്‍ നിയമിക്കുന്നത്  സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അബ്രഹാം ചീഫ് ഫോറസ്റ്റ് ഓഫീസറെ സന്ദര്‍ശിച്ചെങ്കിലും അദ്ദേഹം അനുകൂലമായല്ല പ്രതികരിച്ചത്. അവര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ കാരണങ്ങള്‍ നിരത്തുന്നതിങ്ങനെയാണ്.
1. ലഹളയുണ്ടാക്കിയവര്‍ എന്ന അപഖ്യാതിയോടെയാണ് മാപ്പിളമാര്‍ വന്നിട്ടുള്ളത്. തുടര്‍ന്നുള്ള അവരുടെ മോശമായ സ്വഭാവം കാരണം അവര്‍ എല്ലാ വിഭാഗം ജനങ്ങളുടെയും അനുകമ്പയില്‍ നിന്നകന്നു.
2. കാട്ടിലെ ജോലിക്ക് മാപ്പിളമാരെ കിട്ടില്ല.
3. വടക്കേ അന്തമാനില്‍ മാപ്പിളമാര്‍ നിര്‍ബന്ധ മത പരിവര്‍ത്തനത്തിന് ശ്രമിക്കും. അങ്ങനെ ബുദ്ധിമുട്ട് സൃഷ്ടിക്കാനിടയുണ്ട്.
4. തന്റെ വിഭാഗത്തില്‍ ജോലിയെടുപ്പിക്കാന്‍ ബര്‍മയില്‍ നിന്നും ഒരു വിഭാഗത്തെ ഭാര്യാ സമേതരായി കൊണ്ടുവരുന്നുണ്ട്. അവര്‍ സ്വതന്ത്രരാണ്. നിയമം അനുസരിക്കുന്ന ശീലമുള്ള അവര്‍ മാപ്പിളമാരുടെ കീഴെ ജോലിയെടുക്കാന്‍ തയ്യാറാകില്ല.
5. മാപ്പിളമാര്‍ക്ക് കുടുംബത്തോടെ താമസിക്കാനാവശ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയില്ല.
6. സാമ്പത്തികമായ ഒരു വീക്ഷണത്തില്‍ മാപ്പിള പരദേശവാസികളേയും കുടുംബങ്ങളെയും കൊണ്ടുവരുന്നത് ഗവണ്‍മെന്റിന് വലിയ നഷ്ടമായിരിക്കും.
ഈ വാദഗതികളുടെ വെളിച്ചത്തിലാണ് അബ്രഹാം അന്തമാന്‍ ചീഫ് കമ്മീഷ്ണറെ കാണുന്നത്. ഇന്ത്യാ ഗവണ്‍മെന്റുമായി ആലോചിച്ച് ഇക്കാര്യത്തില്‍ വേണ്ടത്  ചെയ്യാമെന്ന് കമ്മീഷ്ണര്‍ ഉറപ്പു നല്‍കുകയും ചെയ്തു. അതോടൊപ്പം ഒരു നിര്‍ദ്ദേശം അബ്രഹാം മുന്നില്‍ വെച്ചു. ഇനിയും അന്തമാനിലേക്ക് മാപ്പിളമാരെ കൊണ്ടുവരുമ്പോള്‍ അവരെ പോര്‍ട്ട് ബ്ലെയറില്‍ ഇറക്കാതെ ഉത്തര അന്തമാനിലോ മധ്യ ഭാഗത്തോ ഇറക്കണം. കാരണം പോര്‍ട്ട്‌ബ്ലെയറിലെ അവരുടെ സഹോദര കുറ്റവാളികളുടെ കൂടെ ഇടകലരാനിട വന്നാല്‍ ബാക്കിയുള്ളവരുടെ മനസ്സ് വിഷലിപ്തമാവാനും അവര്‍കൂടി ഗവണ്‍മെന്റിനെതിരെ തിരിയാനും കാരണമാവും.
'സെല്‍ഫ്‌ സപ്പോര്‍ട്ടേഴ്‌സ്' ആവാന്‍ തയ്യാറുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അന്തമാന്‍ ചീഫ് കമ്മീഷ്ണര്‍ പ്രഖ്യാപിക്കുന്നുണ്ട്. കുറ്റവാളികളുടെ കുടുംബത്തിന് മദ്രാസില്‍നിന്നു പോര്‍ട്ട്‌ബ്ലെയറിലേക്ക് യാത്ര സൗജന്യമായിരിക്കും. അനുയോജ്യമായ ഭൂമി ഗവണ്‍മെന്റ് നല്‍കും. പണമായും കാലികളായും ആനുകൂല്യങ്ങള്‍ കൂടാതെ ശിക്ഷിക്കപ്പെട്ടവരുടെ ഭാര്യമാര്‍ക്ക് 50 രൂപ വീതം നല്‍കും. വീട് നിര്‍മ്മാണത്തിനാവശ്യമായ ഭൗതികവിഭവങ്ങള്‍, നല്ല ധാന്യങ്ങള്‍ കൊയ്‌തെടുക്കുന്നത് വരെ സൗജന്യമായ റേഷന്‍ എന്നിവയും പ്രഖ്യാപിച്ചു. കുടുംബത്തെ കൊണ്ട് വരുന്ന കുറേയധികം പേരെ ഒന്നിച്ച് ഒരു സ്ഥലത്ത് കുടിയിരുത്തുക. പ്രാര്‍ഥനക്ക്പള്ളി നിര്‍മ്മിക്കുകയും ഒരു മൊല്ലയെ നിയോഗിക്കുകയും ചെയ്യുക, ചെറു കച്ചവടം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് 50 രൂപ വീതം സമ്മാനം എന്നിങ്ങനെ മാപ്പിളമാര്‍ക്ക് മുന്നില്‍ ഒട്ടനവധി 'പ്രലോഭനങ്ങളാ'ണ് ഭരണകൂടം വെച്ചു നീട്ടിയത്. ഇതൊക്കെയായിട്ടും മാപ്പിളമാര്‍ എതിര്‍പ്പും കലഹവും തുടര്‍ന്നു. സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ എഴുത്തില്‍ അതിന്റെ സൂചനയുണ്ട്. 'മൊത്തത്തില്‍ മാപ്പിളമാര്‍ കലഹം കൂട്ടുന്നുവെങ്കിലും മിക്കവരും അവരുടെ വിധിയോട് മാനസികമായി കീഴടങ്ങിക്കഴിഞ്ഞു. എങ്കിലും എല്ലാവരും ഗൃഹ വിരഹദു:ഖിതരാണ്'(Home sicked).
1923 മാര്‍ച്ചില്‍ ബന്ധുക്കളെ കൊണ്ടു പോവാനുള്ള നടപടികള്‍ ആരംഭിച്ചു. പോകാന്‍ തയ്യാറുള്ള കുടുംബങ്ങള്‍ക്ക് യാത്രാ സൗജന്യം അറിയിച്ച് കൊണ്ടുള്ള അറിയിപ്പ് അന്തമാന്‍ ചീഫ് കമ്മീഷ്ണറായിരുന്ന ലഫ്:കേണല്‍ എച് സി ബേഡന്‍ ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്തമാന്‍ ജീവിതം ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ച് മദ്രാസിലേക്ക് തന്നെ വരുവാനും 'സൗജന്യം' നല്‍കി. അങ്ങനെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ കൊടിയ ദാരിദ്ര്യമനുഭവിക്കുന്ന മാപ്പിളമാരെ13 അന്തമാന്‍ ദ്വീപുകളിലെ സുഭിക്ഷത കാണിച്ചു പ്രലോഭിപ്പിച്ച് ഘട്ടം ഘട്ടമായി കൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുന്നത്. സ്വന്തമായ ഗ്രാമങ്ങള്‍,14 ആരാധനാലയം, വിദ്യാലയം എന്നിങ്ങനെയുള്ള ഗവണ്‍മെന്റിന്റെ ഉദാരത മാപ്പിളമാരെ ഉപയോഗിച്ചുള്ള അന്തമാന്‍ കോളനീകരണപദ്ധതിയേ ചെറിയൊരളവിലെങ്കിലും മുന്നോട്ട് കൊണ്ട് പോയി.

അന്തമാന്‍ സ്‌കീമും അബ്ദുറഹ്മാന്‍ സാഹിബും
അന്തമാനില്‍ ഭരണകൂട പദ്ധതികള്‍ ഇങ്ങനെ മുന്നോട്ടു പോകെ, മലബാര്‍സമരം ഏതാണ്ട് അടിച്ചമര്‍ത്തപ്പെട്ടിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞും കഴിയാതെയും പലരെയും മോചിപ്പിച്ചുവെങ്കിലും മലബാറിലേക്ക് 'പ്രശ്‌നകാരികള്‍' തിരിച്ചുവരുന്നതിനെ സംബന്ധിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ആശങ്കയുണ്ടായിരുന്നു. പുതിയ അറസ്റ്റുകളും വിചാരണവിധികളും അതിനിടക്ക് നടന്നു കഴിയുകയും ചെയ്തു. 1924 സെപ്റ്റംബര്‍ 6ന് മലബാര്‍ കലക്ടറായിരുന്ന തോറന്‍ 'അന്തമാന്‍ കോളനൈസേഷന്‍ സ്‌കീം' പ്രഖ്യാപിച്ചു. (മാപ്പിള കോളനൈസേഷന്‍ സ്‌കീം എന്നും അന്തമാന്‍ കോളണൈസേഷന്‍ സ്‌കീം എന്നുമൊക്കെ ഇതറിയപ്പെട്ടു.) കലക്ടര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മാപ്പിളമാരെ ഉദാരമായി സഹായിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും അത് കൊണ്ടാണവരെ അന്തമാനിലേക്കയക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ സ്‌കീമിനെതിരെ പ്രക്ഷോഭം തുടങ്ങി 1925 സെപ്റ്റംബറില്‍ പഞ്ചാബിലെ അമൃത്‌സറില്‍  ചേര്‍ന്ന സര്‍വ്വകക്ഷി മുസ്‌ലിം സമ്മേളനത്തില്‍  അന്തമാന്‍ സ്‌കീം റദ്ദ്  ചെയ്യാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോടാവശ്യപ്പെടുന്ന  ഒരു പ്രമേയം അബ്ദുറഹ്മാന്‍ സാഹിബ് അവതരിപ്പിച്ചു. ബ്രിട്ടീഷനുകൂലികളായ ഭൂവുടമകള്‍ എതിര്‍ത്തെങ്കിലും ആദ്യം ഇംഗ്ലീഷിലും പിന്നീട് ഉറുദുവിലുമായി അബ്ദുറഹ്മാന്‍ നടത്തിയ പ്രസംഗത്തിനു ശേഷം പ്രമേയം            ഐക്യകണഠ്യേന പാസാക്കി. ഈ സമ്മേളനത്തിന് ശേഷം മുഹമ്മദ് അഹ്ദുറഹ്മാന്‍ വടക്കേ ഇന്ത്യയിലുടനീളം സഞ്ചരിച്ച് അന്തമാന്‍ സ്‌കീമിനെതിരെ പ്രചാരണം നടത്തി. പല പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ച് ഈ നീക്കത്തെ തടയാന്‍ അദ്ദേഹം പിന്തുണയഭ്യര്‍ഥിച്ചു. ഇതിന്റെ ഫലമായി ബോംബെയില്‍ സെന്‍ട്രല്‍ അസംബ്ലിയിലെ പ്രതിപക്ഷ നേതാവായ വിത്തല്‍ഭായ് പട്ടേല്‍ അസംബ്ലി സമ്മേളിച്ചപ്പോള്‍ സ്‌കീമിനെതിരില്‍ ശബ്ദമുയര്‍ത്തി. കേരളത്തിലേക്ക് മടങ്ങുംവഴി അബ്ദുറഹ്മാന്‍സാഹിബ് മദ്രാസിലിറങ്ങി. അന്തമാനിലേക്ക് കുടിയേറി പാര്‍പ്പിക്കാന്‍ കൊണ്ട് വന്ന ഇരുന്നൂറോളം പേരെ കണ്ട്, അവരകപ്പെട്ടിരിക്കുന്ന ചതിയെക്കുറിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥര്‍ ഇത് ശ്രദ്ധിക്കുകയും അദ്ദേഹത്തെ അവിടെ നിന്നൊഴിവാക്കുകയും ചെയ്തു. (റഷീദ് :1994; 50, 51)
ഇതിനിടെ അന്തമാനിലെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടറിഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഗവണ്‍മെന്റ് ഒരു സമിതിയെ ഏര്‍പ്പാടാക്കി. മുഹമ്മദ് ഷംനാട് (എം എല്‍ എ), സയ്യിദ് മുര്‍തസാസാഹിബ് (എം എല്‍ എ), മിര്‍ അബ്ബാസ്അലി (എം എല്‍ സി), ഡോ കെ. സി മുഗാസേട്ട് എന്നിവരായിരുന്നു അംഗങ്ങള്‍. 1925 ഡിസംബര്‍ ഒന്നിന് സംഘം പോര്‍ട്ട്‌ബ്ലെയറിലേക്ക് തിരിച്ചു. സെറ്റില്‍മെന്റിലെ വ്യത്യസ്ത മാപ്പിള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച സംഘം സെപ്റ്റംബര്‍ 9ന് തിരിച്ചെത്തുകയും  ചെയ്തു. റിപ്പോര്‍ട്ട് പക്ഷേ, രണ്ടെണ്ണമായിരുന്നു; മുഗാസേട്ടിന്റേതൊന്നും മറ്റു മൂവരും ചേര്‍ന്നത് വേറൊന്നും. ഗവണ്‍മെന്റ് നടപടികള്‍ക്ക് തീര്‍ത്തും അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു മുഗാസേട്ടിന്റേത്. മറ്റു മൂന്നു പേര്‍  ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് നാടു കടത്തപ്പെട്ട മാപ്പിളമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരത്തിയതായിരുന്നു. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കമ്മി, സ്ത്രീകളുടെ കഷ്ടസ്ഥിതികള്‍, കുറ്റവാളികള്‍ക്ക് കൃഷിഭൂമി ലഭ്യമാകാത്ത അവസ്ഥ, ആര്യോഗ്യ ശുചിത്വകാര്യങ്ങളിലെ ദയനീയാവസ്ഥ, ശുദ്ധജലത്തിന്റെ അഭാവം, മോശമായ സദാചാരനില തുടങ്ങിയ കാര്യങ്ങള്‍  അതില്‍ വിശദമാക്കപ്പെട്ടു. അന്തമാന്‍ സ്‌കീം  ഉപേക്ഷിക്കണമെന്നും കുറ്റവാളികളായ മാപ്പിള പുരുഷന്മാരെ ഇന്ത്യന്‍ ജയിലുകളിലേക്കും സ്ത്രീകളെയും കുട്ടികളെയും സ്വദേശങ്ങളിലേക്കും തിരിച്ചയക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടാണ് പ്രസ്തുത റിപ്പോര്‍ട്ട് അവസാനിക്കുന്നത് 15.
എന്നാല്‍ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ട് അവഗണിക്കുകയും തങ്ങള്‍ക്കനുകൂലമായ മുഗാസേട്ടിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും  ചെയ്തു. പദ്ധതിയുമായി ഭരണകൂടം മുന്നോട്ട് പോയി. എതിര്‍പ്പിനും ശക്തി കൂടി. കോളണൈസേഷന്‍ സ്‌കീമില്‍ ചില ക്രമീകണങ്ങള്‍ വരുത്തിയതായി ഗവര്‍ണര്‍ ജനറല്‍ വിജ്ഞാപനമിറക്കി. കോളനീകരണ പദ്ധതി ഇതുപോലെ തുടരും. പക്ഷേ സ്വാഭീഷ്ട പ്രകാരമായിരിക്കും. നിലവില്‍ ഇന്ത്യന്‍ ജയിലുകളിലേക്ക് തിരിച്ച് പോകാനും കുടുംബങ്ങളെ  നാട്ടിലേക്ക് തിരിച്ച് പറഞ്ഞയക്കാനും ആഗ്രഹിക്കുന്നവരെ അതിനനുവദിക്കും. ഇപ്പോള്‍ അന്തമാന്‍ ജയിലുകളില്‍ ദീര്‍ഘ കാലം കഴിയേണ്ടി വരുന്ന തടവുകാരോട് ജയിലില്‍ തുടരാനോ കുടുംബമൊന്നിച്ച് അന്തമാനില്‍ സ്വതന്ത്ര ജീവിതം നയിക്കാനോ ആവശ്യപ്പെടും. ഇങ്ങനെ പോകാന്‍ തയ്യാറുള്ളവര്‍ക്ക് അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കും. ഇതായിരുന്നു വിജ്ഞാപനത്തിന്റെ ഉള്ളടക്കം16. 
അതിനിടെ 1926 നവംബര്‍ 13 ന് 31 പുരുഷന്മാരും 7 സ്ത്രീകളും 2 കുട്ടികളുമടങ്ങുന്ന ഒരു സംഘത്തെ അന്തമാനില്‍നിന്നും മലബാറിലേക്കയച്ചു. നേരത്തെ നാടു കടത്തപ്പെട്ടവരില്‍ പെട്ട ഇവരുടെ ദൗത്യം, അന്തമാനിലേക്ക് പോകാനുള്ള സന്നദ്ധത ആരായാന്‍ കുടുംബവുമായി കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു. ജയിലുകളില്‍ കഴിയുന്ന മററുള്ളവരെക്കൂടി അന്തമാന്‍ ദ്വീപുകളില്‍ താമസിച്ചാലുള്ള പ്രയോജനത്തെപറ്റി ബോധ്യപ്പെടുത്തി അങ്ങോട്ടു പോവാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു മറ്റൊരുദ്ദേശ്യം. ഏറനാട്, വള്ളുവനാട്, കോഴിക്കോട് താലൂക്കുകള്‍ക്ക് പ്രാതിനിധ്യം കൊടുത്തു കൊണ്ടുള്ള ഈ സംഘത്തില്‍ പെട്ട ഓരോരുത്തരെയും അവരവരുടെ ഗ്രാമത്തിനേറ്റവും അടുത്തുള്ള പോലീസ്‌റ്റേഷനുകളില്‍ എത്തിക്കുകയും അവിടെ വെച്ച് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയുമാണ്  ചെയ്തത്. 'അന്തമാനില്‍ കൊണ്ട് പോയവരില്‍ ചിലരെ ഭംഗിയേറിയ റങ്കൂണ്‍ അരപ്പട്ടയും സില്‍ക്ക് ലുങ്കിയും പട്ടുകുപ്പായവും ധരിപ്പിച്ച് മാപ്പിള നാടുകളിലുടനീളം പോലീസിന്റെ പിണിയാളുകള്‍ കൊണ്ട് നടന്നിരുന്നു. അന്തമാന്‍ സ്വര്‍ഗമാണെന്നു തെറ്റിദ്ധരിപ്പിച്ച്  മാപ്പിളമാരെ അങ്ങോട്ടാകര്‍ഷിക്കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം' (റഷീദ് :1994;50)
ഈ സമയത്തും മലബാറില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ടായിരുന്നു. ദ്വീപുകളില്‍ നിന്നെത്തിയവരെ കണ്ട് അവസ്ഥകള്‍ ചോദിച്ചറിയാന്‍ അനുമതി തേടിക്കെണ്ട് അബ്ദുറഹ്മാന്‍ സാഹിബ് കലക്ടര്‍ക്ക് കത്തെഴുതി. അതു പക്ഷേ അനുവദിക്കപ്പെട്ടില്ല. അല്‍അമീന്‍ പത്രം വക, പ്രതിഷേധ യോഗം കൂടാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ലഘുലേഖകള്‍ വ്യാപകമായി വിതരണം  ചെയ്യപ്പെട്ടു. ഇങ്ങനെ ഒന്ന് ശ്രദ്ധയില്‍പെട്ട അന്തമാന്‍ തഹസില്‍ദാര്‍ ഗോവിന്ദന്‍ തത്സംബന്ധമായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അന്തമാനിലേക്ക് പോകണമോ വേണ്ടയോ എന്നവസ്ഥയില്‍ നില്‍ക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം നോട്ടീസുകള്‍ അപകടം  ചെയ്യുമെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ അദ്ദേഹം സൂചിപ്പിച്ചു17.
അന്തമാന്‍ തടവുകാരുടെ വാപകമായി അങ്ങോട്ട് പോകുന്നത് പ്രതിഷേധത്തിലൂടെ തടയാനായെങ്കിലും പല കുടുംബങ്ങളും അങ്ങോട്ട് പറിച്ചുനടപ്പെട്ടു. സെല്ലുലാര്‍ജയിലിലെ രാഷ്ട്രീയ തടവുകാരുടെ അവസാന സംഘത്തെ 1938 ജനുവരി 18 നാണ് മോചിപ്പിച്ചതെങ്കിലും  മാപ്പിളകോളണൈസേഷന്‍ സ്‌കീം അതിനെത്രയോ മുമ്പ് അവസാനിക്കുകയായിരുന്നു. 1926ല്‍ 1133 മാപ്പിളമാരാണ് അന്തമാനിലുണ്ടായിരുന്നതെങ്കില്‍ 1932 ആയപ്പോള്‍ 1885 പേരുണ്ടായിരുന്നു. ഇവരുടെ പിന്‍മുറക്കാരും പിന്നീട് ജോലിയാവശ്യാര്‍ഥവും മറ്റും വന്നു താമസമാക്കിയവരുമാണ് ഇന്ന് അന്തമാന്‍ മലയാളികളില്‍ വലിയൊരു ശതമാനം. അന്തമാന്‍ മാപ്പിള സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ 1996ല്‍ സംഘടിച്ച സര്‍വ്വേ പ്രകാരം മാപ്പിള ജനസംഖ്യ അന്തമാനില്‍ ഇപ്പോള്‍ 15000ത്തിലധികം വരും.

കൊളോണിയല്‍ യുക്തികള്‍  
ബ്രിട്ടീഷ്  ഭരണകൂടത്തിന്റെ ബഹുമുഖ താല്‍പര്യങ്ങളാണ് അന്തമാന്‍ നാടു കടത്തല്‍ പദ്ധതിക്ക് പിന്നിലുണ്ടായിരുന്നത്. ഭൂമിശാസ്ത്രപരമായ കിടപ്പും വിഭവങ്ങളുടെ ധാരാളിത്തവും കാരണം തന്ത്രപരമായ ദ്വീപുകള്‍ ജനവാസകേന്ദ്രമാക്കുക, ഇന്ത്യന്‍ ജയിലുകളില്‍ തടവുകാരുടെ വര്‍ധന മൂലമുണ്ടായ അസൗകര്യം പരിഹരിക്കുക എന്നിവ അതിന്റെ ഒരു വശം. മറുവശത്ത് 'മതഭ്രാന്തരും' 'പ്രശ്‌നക്കാരു'മായ ഒരു കൂട്ടരെ 'നല്ലനടപ്പ്' ശീലിപ്പിക്കേണ്ടതുണ്ടായിരുന്നു. കോളനി ഭരണത്തിന് എതിര് നില്‍ക്കുന്നവന്‍ ഭരണകൂട ദൃഷ്ടിയില്‍ ചീത്ത സ്വഭാവക്കാരാണ്. ഇംഗ്ലണ്ടില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ഒരാളുടെ 'സ്വഭാവം' (character)  നിര്‍ണ്ണയിച്ചിരുന്നത് അധികാരവൃന്ദത്തോടുള്ള അയാളുടെ രാഷ്ട്രീയബന്ധം കൂടി മുന്‍നിറുത്തിയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (സെന്‍ :40 ; 2000)
നാടു കടത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥരുടെ കത്തിടപാടുകളില്‍ തന്നെ കൊളോണിയല്‍ മനോഘടനയില്‍ രൂപപ്പെട്ട മാപ്പിളച്ചിത്രം തെളിയുന്നു. തങ്ങളുടെ വാഴ്ചയില്‍ സന്തുഷ്ടരായ ഒരു വിഭാഗം മാപ്പിളമാരില്‍ തന്നെയുണ്ട് എന്ന് അവര്‍ക്ക് സ്ഥാപിക്കേണ്ടതുമുണ്ടായിരുന്നു. 384 മാപ്പിളമാരെയും കൊണ്ട് അന്തമാനില്‍ പോകവേ, 1927 ജനുവരി 4ന് കപ്പലില്‍ വെച്ച് തഹസില്‍ദാര്‍ പി.പി ഗോവിന്ദന്‍ ജില്ലാ മജിസ്‌ട്രേട്ടിന് തയ്യാറാക്കിയ എഴുത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍കൊള്ളുന്ന യാത്രക്കാര്‍ മിക്കവരും സന്തോഷത്തിലാണെന്നും ചിലരൊക്കെ  മാപ്പിളപ്പാട്ടുകള്‍ പാടുന്നുണ്ടെന്നും കുറിക്കുന്നുണ്ട്.
നാട്ടില്‍ നിന്നും പറിച്ചു മാറ്റിയ തങ്ങളെ അന്തമാന്‍ ദ്വീപുകളില്‍ കുടിയിരുത്താനുള്ള നീക്കത്തെ മാപ്പിളമാര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ മലബാറില്‍ തങ്ങള്‍ കഴിഞ്ഞു വന്ന'അവസ്ഥ' പലരെ സംബന്ധിച്ചും തിരിച്ചു പോക്കിന് ആഗ്രഹം ജനിപ്പിക്കാത്ത ഒന്നായിരുന്നു. ജന്മ  നാട്ടിലേക്കാള്‍ സുഖകരമായ ഒരു ജീവിതം അവര്‍ അന്തമാനില്‍ കണ്ടു. നാട്ടില്‍ പാവപ്പെട്ട കുടിയാന്‍മാരായി കഴിഞ്ഞ് പോന്ന് ഈ മാപ്പിളമാരില്‍ പലരും തങ്ങള്‍ കൊയ്‌തെടുക്കുന്ന വിളവിന്റെ സിംഹഭാഗവും ജന്‍മിക്ക് /ഭൂപ്രഭുവിന് കൊടുക്കേണ്ടതുണ്ടായിരുന്നു. അന്തമാനിലാവുമ്പോള്‍ സര്‍ക്കാറിന് കൊടുക്കുന്ന തുഛമായ നികുതിക്കപ്പുറം ഒന്നുമില്ല. ഭൂമിയായും കാലികളായും പണമായും ജോലിയായും ഗവണ്‍മെന്റിന്റെ 'ഔദാര്യങ്ങള്‍' വേറെയും. പലര്‍ക്കും ഇത് സ്വീകരിക്കേണ്ടി വന്നു. (ഒരു വശത്ത് മലബറിലെ കുടിയാന്‍മാരായ മാപ്പിളമാര്‍ക്കെതിരെ ജന്മിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക. മറുവശത്ത് തങ്ങളുടെ കോളണീകരണ പദ്ധതി വിജയിപ്പിച്ചെടുക്കാന്‍ തങ്ങള്‍ തന്നെ ചുമത്തിയ നികുതി മൂലവും ജന്മി/ ഭൂപ്രഭുക്കള്‍ മൂലവും കഷ്ട സ്ഥിതിയിലായ ഒരു വിഭാഗത്തെ നാടുവിട്ടു പോവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഭൗതിക സാഹചര്യങ്ങള്‍/പ്രലോഭനങ്ങള്‍ ഒരുക്കുക എന്ന ദ്വിമുഖ തന്ത്രമാണ് ഇവിടെ കോളനി ശക്തികള്‍ നടപ്പാക്കിയത്). കുറേ വര്‍ഷത്തിലെ ജയില്‍വാസം കഴിഞ്ഞു  ചെന്നപ്പോഴേക്കും ജന്മനാട്ടില്‍ തങ്ങള്‍ പാര്‍ത്തിരുന്ന ഇടങ്ങള്‍ നഷ്ടപ്പെട്ട് അന്തമാന്‍വാസം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായവരും നിരവധിയുണ്ട്.
ചുരുക്കത്തില്‍, ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് നാടുകടത്തിയ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള എതിര്‍പ്പ്, ജനിച്ച നാട്ടില്‍ തങ്ങള്‍ ജീവിച്ചതിനെക്കാള്‍ 'നല്ല' ഒരു ജീവിതം വെച്ചുനീട്ടുന്ന പ്രലോഭനത്തിന്റെ ഉറപ്പ് - ഇതിനിടയില്‍ സന്ദിഗ്ധതകളിലും സംഘര്‍ഷങ്ങളിലും ഉഴലേണ്ടി വന്ന ഒരു ജനതയുടെ പ്രതികരണങ്ങളാണ് നാടുകടത്തല്‍ സംബന്ധിച്ച വ്യവഹാരങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

സൂചനകള്‍
1. തമിഴ്‌നാട് ആര്‍ക്കൈവ്‌സ്, റീജ്യണല്‍ ആര്‍ക്കൈവ്‌സ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് കത്തുകള്‍ ശേഖരിച്ചത്.
2. correspondence on moplah outbreaks in Malabar[cmom],1849-50(1863, p.342
3. നെല്ലൂര്‍, മസൂലിപ്പട്ടണം, കടപ്പ, ഗണ്ടൂര്‍, രാജമന്ത്രി, ചിക്കാകോള്‍ എന്നിവിടങ്ങളില്‍.
4. cmom p.155
5. lbid, p.155
6. സുമാത്ര, മലാക്ക, പെനാങ്, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രിട്ടീഷ് ‘ഭരണാധികാരികള്‍ കുറ്റവാളി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
7. ഈ വിധികളുടെ വിശദാംശങ്ങള്‍ R.H.Hitchock ന്റെ, A History of malabar rebellion എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്തുണ്ട്.
8. ഇന്ത്യന്‍ ജയില്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 1921 മാര്‍ച്ചില്‍ അന്തമാനിലെ കുറ്റവാളി കുടിയിരുത്തല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. പിന്നീട് മാപ്പിളതടവുകാര്‍ക്ക് വേണ്ടിയാണ് ഇത് പുനരാരംഭിച്ചത്.
9. Note for the finance committe, File of  G.O.No. 1099-1100 dated 28th march 1925, Law(Gen)Dept. T.N.Archives
10. File of G.O. No 346, 3 1st January 1923 Law (Gen)Dept.T.N.Archives.
11. രേഖയിലെ ഈ ഭാഗം വ്യക്തമല്ല.
12. File of G.O. No.346 T.N.A
13. Innes Writes: The mappila Outbreak may be attributed to 3 main couses : poverty,agrian discountent &Fanaticism, of which the last is probably cfief. poverty is still extreme in the fanatic Zone…..(innes : 1997;84)
14. അന്തമാനില്‍ സ്ഥിര താമസമാക്കേണ്ടി വന്ന മാപ്പിളമാര്‍ മലബാറിലെ തങ്ങളുടെ സ്ഥല പ്പേരുകള്‍ അവിടേയും നല്‍കി.മലപ്പുറം, മഞ്ചേരി,വണ്ടൂര്‍,തിരൂര്‍,മണ്ണാര്‍ക്കാട്,കാലിക്കറ്റ് എന്നിങ്ങനെ ആ സ്ഥലപ്പേരുകള്‍ ഇന്നും അവിടെ നില നില്‍ക്കുന്നു.
15. എസ്.കെ പൊറ്റെക്കാട് തുടങ്ങി ഒരു സംഘം ലേഖകര്‍ ചേര്‍ന്നു തയ്യാറാക്കി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റി പ്രസിദ്ധീകരിച്ച 'മുഹമ്മദ് അബ്ദുറഹിമാന്‍'എന്ന പുസ്തകത്തില്‍ (1985)ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.
16. GOI Home dept.Resolution No.F 188-24Jails dated 4th Oct.1926 Files of And. col. Vol.I K.S.R.A;CLT.
17. Letter by p.p Govindhan(Thehasildhar,Andhamans)To the Dt.Magte; Malabar dated 24.11.1926 FAC Vol.I K.S.R.

Reference

മൂലരേഖകള്‍
1. Files of Andaman Colonization; Vol.No. 2,3 Regional Archives,Calicut.
2. Government of madras ; File of G.O.No 346 3 1st January 1923, Law(Gen)Department Tamilnadu Archives
3. Govt of Madras; File of G.O.No 1099-1100,28th march 1925 Law(Gen)Dept.T.N.A
4. Correspondence on moplah outrages in Malabar,1849-50(1863),T.N.A Library Madras
മറ്റുള്ളവ 1. Bonington.M.C 2001 Census of india 1931 vol.2
2. Gangadharan.M 1989 The Malabar Rebelion Vohra Publication, NewDelhi
3. Hitchock.R.H. 1983peasant revolt in Malabar:A History of Malabar Rebelion 1921 usha publication,NewDelhi
4. Innes.C.A 1997 Malabar Gazatteer,GOvt of kerala
5. Logan, villiam 1995 Malabar Vol.2, Asia Educational service
6. Majumdar.R.C. 1975 panal settlement in the Andamans,Govt of Indian
7. Miller,R.E; 1995Mappila Muslims of kerala : Astudy in Islamic Trends, Orient longman.
8. Rashidha Iqbal(ED 2000 Unsung heroes of freedom strggle in Andamans who is who A&N Administration
9. said,Edward W. 2001 Reflections On Exile,penguin Books
10. Sen,satadru 2000Disciplining Punishment : Colonialism and Convict society in the Andhaman islands, oups
11. Tottenham, G.R.F 1922 The Mappila Rebellion 1921-1922,Govt of Madras
12. അബ്ദുള്ള, ടി. കെ (എഡി.) 1995 ഇസ്ലാമിക വിജ്ഞാന കോശം വാള്യം 4 ഐ.പി.എച്ച് 13.
13. നാരായണ മേനോന്‍, എം പി 1992 മലബാര്‍ സമരം, ഐ.പി.എച്ച്
14. റഷീദ്, എം 1994 മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഐ. പി. എച്ച്‌

author image
AUTHOR: അനീസുദ്ദീന്‍ അഹ്മദ് വി
   (റിസര്‍ച്ച് സ്‌കോളര്‍, സംസ്‌കൃത സര്‍വകലാശാല, കാലടി)